സുദേവർക്ക് മുന്നിൽ കംസന്റെ കാരാഗൃഹത്തിലെ ഇരുമ്പഴി വാതിലുകൾ താനേ തുറന്നതായി പറയുന്ന, പുരാണകഥകൾപോലെയൊരു അത്ഭുദ സംഭവത്തിനാണ്, അന്ന് തിഹാർ ജയിൽ സാക്ഷിയായത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷാ സംവിധാനമുള്ള ജയിൽ പൂർണ്ണമായും തുറന്ന് കിടക്കുന്നു. അതും പട്ടാപ്പകൽ. ജീവനക്കാരെല്ലാവരും മയങ്ങി വീണുകിടക്കുന്നു. അവർക്കിടയിലുടെ അയാൾ കൂളായി ജയിലിന്റെ കവാടം കടന്ന് നടന്നുപോയി! നാളിതുവരെ ഒരു സിനിമയിൽപോലും കണ്ടിട്ടില്ലാത്ത മരണമാസ് ജയിൽ ചാട്ടമായിരുന്നു, 86ൽ തിഹാർ ജയിലിൽ നടന്നത്. അതിന് നേതൃത്വം കൊടുത്ത് ലോകം അറിയുന്ന ഒരു സെലിബ്രിറ്റി ക്രിമിനലാണ്്. ബിക്കിനി കില്ലർ, സെർപ്പന്റ് എന്നുമൊക്കെ, തന്റെ നീണ്ട ക്രിമിനൽ ജീവിതത്തിൽ അറിയപ്പെട്ട സാക്ഷാൽ ചാൾസ് ഗുരുമുഖ് ശോഭ്രാജ്.

ഏത് പാതാളത്തിൽകൊണ്ടിട്ടാലും ജയിൽചാടുന്ന മാന്ത്രികനായും, എവിടെവെച്ചും സ്ത്രീകളെ വശീകരിക്കാൻ കഴിയുന്ന കാസനോവയായുമൊക്കെ ഈ സൈക്കോ ക്രിമിനൽ വാഴ്‌ത്തപ്പെട്ടു. 80കളുടെയും 90കളുടെയും ടാബ്ലോയിഡുകൾ അയാളുടെ ചിത്രങ്ങൾ കൊണ്ടും, വീരസാഹസങ്ങൾ കൊണ്ടും നിറഞ്ഞു. ഹോളിവുഡിലും ബോളിവുഡിലും തൊട്ട് ഇങ്ങ് കൊച്ചുകേരളത്തിൽവരെ അയാളെക്കുറിച്ച് സിനിമകൾ വന്നു. (86ൽ മോഹൻലാൽ നായകനായ ശോഭ്രാജ് എന്ന സിനിമ), ഇരുപതോളം മനുഷ്യരെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കിയവനെയാണ് ജനം ആരാധിക്കുന്നതെന്ന് ഓർക്കണം. അയാളുമായി ശാരീരീകബന്ധത്തിൽ ഏർപ്പെടാൻ സുന്ദരികൾ ക്യൂ നിന്നു. ലോകത്തിൽ ഏതുകൊലപാതകിക്ക് കിട്ടും ഇതുപോലെ ഭാഗ്യം!

ഇപ്പോഴിതാ, ഈ 78ാം വയസ്സിലും ശോഭ്രാജ് വാർത്തകളിൽനിറയുകാണ്. 2003 മുതൽ ഇവിടുത്തെ ജയിലിൽ കഴിയുന്ന ഇയാളെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 15 ദിവസത്തിനകം മോചിപ്പിക്കാനും മാതൃരാജ്യമായ ഫ്രാൻസിലേക്ക് ഉടൻ നാടുകടത്താനുമാണ് ഉത്തരവ്. ഹൃദയത്തിന്റെ മോശം അവസ്ഥ, ദന്ത പ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യപരമായ കാരണങ്ങളാൽ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭ്രാജ് നേരത്തെ ഹർജി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഫ്രഞ്ച് എംബസി നേപ്പാൾ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മോചനം ഉണ്ടാവുന്നത്. ഒരുപാട് സിനിമകൾക്ക് പ്രമേയമായ ചാൾസ് ശോഭ്രാജിന്റെ ജീവിതം ശരിക്കും അവിശ്വസനീയം തന്നെയാണ്്.

അച്ഛൻ ഉപേക്ഷിച്ച മകൻ

ഇന്ത്യൻ വ്യവസായിയുടെയും ഷോപ്പ് അസിസ്റ്റന്റിന്റെയും മകനായി വിയറ്റ്നാമിലെ, അന്നത്തെ ഫ്രഞ്ച് അധിനിവേശ സൈഗോണിലാണു ശോഭ്രാജ് ജനിച്ചത്. മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. വിയറ്റ്നാംകാരനായ പിതാവ് ഒരിക്കലും പിതൃത്വം അംഗീകരിച്ചിരുന്നുമില്ല. ശരിക്കും ഒരു അവഗണയുടെ ബാല്യം തന്നെയായിരുന്നു അയാൾക്ക്.

മാതാവ്, ഒരു ഫ്രഞ്ച് സൈനികനെ വിവാഹം കഴിച്ചതോടെ ശോഭ്രാജ് ഫ്രാൻസിലേക്കു താമസം മാറി. പിതാവിനെ ഉപേക്ഷിച്ചതിൽ ശോഭ്രാജ് അമർഷം പ്രകടിപ്പിച്ചുവെന്നും അമ്മയുടെ പുതിയ കുടുംബവുമായി ഒരിക്കലും ഒത്തുപോയില്ലെന്നും ജീവചരിത്രങ്ങൾ പറയുന്നു. പുതിയ ബന്ധത്തിൽ അമ്മക്ക് കുട്ടിയുണ്ടായതോടെ, ശോഭ്രാജ് ശരിക്കും അന്യനായി. ഇതോടെ അവൻ പലതവണ തന്റെ സ്വന്തം പിതാവിനെ തേടിയെത്തി. പക്ഷേ അയാൾ ക്രൂരമായി ആട്ടിയറക്കി. ഈ വ്രണിത ബാല്യം ആയിക്കണം ശോഭ്രാജിലെ ക്രിമിനലിനെ രൂപപ്പെടുത്തിയതെന്ന്, പല മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിങ് സ്‌കൂളിൽ ചേർത്തു. പക്ഷേ അയാൾക്ക് പഠനത്തിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. സ്‌കൂളിൽ നിന്നു പുറത്തിറങ്ങിയ ശോഭ്രാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പൊലീസ് അറസ്റ്റു ചെയ്തു. പക്ഷേ ജയിലിൽ അടക്കപ്പെട്ടതോടെ കിട്ടിയ പുതിയ കൂട്ടുകെട്ടിലൂടെ ക്രിമിനൽ പ്രവർത്തികൾ വർധിക്കയാണ ഉണ്ടായത്.

നിത്യഹരിത കാമുകനും കൂടിയാണ് ചാൾസ്. എവിടെപ്പോയാലും പ്രണയത്തിലാവും. അങ്ങനെ ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായി അയാൾ പ്രണയത്തിലായി. അത് പിന്നീട് വിവാഹത്തിൽ എത്തി. വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. അടിപൊളി ജീവിത്തിന് പണം തികയാതെ വന്നപ്പോൾ മോഷണവും കള്ളക്കടത്തും തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരി ബന്ധം ഉപേക്ഷിച്ച് പോയി. അത് ശരിക്കും അയാളെ തകർത്തു കളഞ്ഞു എന്ന് ചില ജീവചരിത്രകാരന്മ്മാർ പറയുന്നുണ്ട്. അയാളെ ഒരു സൈക്കോ ക്രിമിനൽ ആക്കിയതിന് പിന്നിൽ ഈ ഘടകവും കാണാതിരുന്നുകൂടാ. തുടർന്ന് ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും ശോഭ്രാജ് അവരെ വിവാഹം കഴിക്കുകയും ചെയ്തു.


ഹിപ്പിക്കൊല, ബിക്കിനിക്കൊല!

1970കളിലാണ് ശോഭ്രാജ് മരണത്തിന്റെ ഭീതി വിതച്ചത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന അപരനാമം. ഇരകളിൽ ചിലരെ ബിക്കിനിയിൽ കണ്ടെത്തിയതിനാൽ ആ പേര് വന്നത്്. നിയമപാലകരിൽനിന്ന് വഴുതിമാറാനുള്ള കഴിവുള്ളതിനാൽ 'സർപ്പം' എന്നും വിളിക്കപ്പെട്ടു.

ലോകമെമ്പാടും സഞ്ചരിച്ച ശോഭ്രാജ് 'ഹിപ്പി' സഞ്ചാരികളെ (ബാക്ക്പാക്കുമായി ഏഷ്യയിൽ യാത്ര ചെയ്യുന്ന പാശ്ചാത്യർ) ലക്ഷ്യം വെക്കാൻ തുടങ്ങി. ഇരകളെ വിഷം നൽകി കൊല്ലുന്നതാണ് പതിവ് രീതി. പലപ്പോഴും സ്ത്രീ കൂട്ടാളികളുമായി ചേർന്നാണു കൃത്യം നടത്തിയത്. തായ്ലൻഡിലെ ലോകപ്രശ്സതമായ പട്ടായ ബീച്ചിലാണ് 'സർപ്പം' പത്തിവിടർത്തി ആടിയത്. ഇവിടെ പല ഹിപ്പികളെയും ബിക്കിനിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോഴേക്കും അവരിൽ ഒരാളുടെ പാസ്പോർട്ടിൽ ശോഭ്രാജ് രാജ്യം വിട്ടിരുന്നു.
ഇരുപതോളം കൊലപാതകങ്ങളിൽ പ്രതിയായെങ്കിലും ഉദ്ദേശ്യം ഒരിക്കലും വ്യക്തമായിട്ടില്ല. മയങ്ങിക്കടിക്കുന്നവരുടെ എല്ലാം മോഷ്ടിക്കാമെന്നിരിക്കേ കൊല്ലുന്നത് എന്തിനെന്ന് വ്യക്തമല്ല. ചില സമയങ്ങളിൽ, കൊലപ്പെടുത്തിയ ആളുകളുടെ പാസ്പോർട്ടുകൾ മോഷ്ടിച്ച ശോഭ്രാജ് അവരുടെ ഐഡന്റിറ്റി ഉപയോഗിച്ചു. പക്ഷേ താൻ കൊന്നവർ എല്ലാം കൊല്ലപ്പെടേണ്ടവർ ആയിരുന്നുവെന്നാണ് അയാൾ ഒരിക്കൽ പറഞ്ഞത്.

സൗമ്യമായ സ്വഭാവവും ആകർഷക വ്യക്തിത്വവുമാണു കുറ്റകൃത്യങ്ങൾ ചെയ്യാനും കൂട്ടാളികളെ റിക്രൂട്ട് ചെയ്യാനും ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും ശോഭ് രാജിനെ സഹായിച്ചതെന്നാണ് അദ്ദേഹവുമായി ഇടപഴകിയ മാധ്യമപ്രവർത്തകരുടെയും നിയമപാലകരുടെയും കണ്ടെത്തൽ. പല രാജ്യങ്ങളിലായി പലതവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും അയാൾ രക്ഷപ്പെട്ടു.


മുന്ന് തവണ ജയിൽ ചാടുന്നു

ഒരു സ്ഥലത്ത് എത്തിയാൽ അവിടുത്തെ തദ്ദേശീയരായി വേഷം മാറുക. എന്നിട്ട് തന്റെ കാമുകിയുമൊത്ത് ഒരു ടൂറിസ്റ്റ് ഗൈഡായി വേഷമിടുക. മയക്കുമരുന്ന് കൊടുത്ത് വിനോദ സഞ്ചാരികളെ കറക്കിയെടുക്കുക. ഇതായിരുന്നു ശോഭ്രാജിന്റെ രീതി.
മൂന്നുതവണ അറസ്റ്റിലായി. പക്ഷേ ജയിൽ ചാടി. എവിടെയും മയക്ക് ഗുളികൾ നൽകി കാവൽക്കാരെ വെട്ടിച്ചാണ് അയാൾ രക്ഷപ്പെടാറുള്ളത്.

ന്യൂഡൽഹിയിലെ അശോക ഹോട്ടലിലെ ഒരു ജുവലറിയിൽ കൊള്ള ചെയ്യാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടതിനെ തുടർന്ന് 1973-ൽ ചാൾസ് ഇന്ത്യയിൽ ജയിലിലായി. അവിടെ വെച്ച് രോഗിയായി അഭിനയിച്ചു. അതോടെ ശോഭ്രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ആശുപത്രിയിലെ കാവൽക്കാരുമായി സൗഹൃദം സ്ഥാപിച്ച് അവർക്ക് മയക്ക്ഗുളിക അടങ്ങുന്ന ഭക്ഷണം നൽകി മയക്കി അയാൾ കടന്നുകളഞ്ഞു. 1971ലും 1972ലും ശോഭ്രാജ് കാബൂൾ ജയിലിലടയ്ക്കപ്പെട്ടിരുന്നു. ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ താമസിച്ചശേഷം പണം നല്കാതെ കടന്നതിനായിരുന്നു അറസ്റ്റ്. അവിടെയും അയാൾ രോഗം നടിച്ച് ആശുപത്രിയിലെത്തി. ഗാർഡുകൾക്ക് മയക്കുമരുന്നു നൽകി രക്ഷപ്പെട്ടു. ശോഭ്രാജ് എവിടെയും ആവർത്തിക്കുന്ന ഒരു രീതിയായി ഇത് മാറി. മയക്കുമരുന്ന് നൽകിയ ശേഷമാണ് അയാൾ തന്റെ ഇരകളെ കഴുത്തറത്തും മറ്റും ക്രൂരമായി കൊന്നിരുന്നത്.

1976 ജൂലൈയിൽ ന്യൂഡൽഹിയിൽ ശോഭ്രാജും മൂന്നു സ്ത്രീ കൂട്ടാളികളും ചേർന്നു ടൂർ ഗൈഡ് എന്ന രീതിയിൽ ചില ഫ്രഞ്ച് വിദ്യാർത്ഥികളെ സമീപിച്ചു. തുടർന്ന് സംഘം പതിവുപോലെ വിനോദസഞ്ചാരികൾക്കു വിഷ ഗുളികകൾ നൽകി. എന്നാൽ എല്ലാവും മയങ്ങിയില്ല. ചില വിദ്യാർത്ഥികൾ പൊലീസ് വിളിച്ചതിനെത്തുടർന്നു ശോഭ്രാജും സംഘവും അറസ്റ്റിലായി. കേസിൽ ഇവർ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. അങ്ങനെയാണ് ആ ക്രിമിനൽ തിഹാർ ജയിലിൽ അടക്കപ്പെടുന്നത്.

ലൈംഗിക വേഴ്ചകൾക്കായി സൂപ്രണ്ടിന്റെ മുറി

കൊള്ളയിലുടെയും മയക്കുമരുന്ന് കടത്തിലുടെയും താൻ നേടിയ കോടികൾ കൊടുത്ത് ജയിൽ ഉദ്യോഗ്ഥരെ അടക്കം വിലയ്ക്കെടുത്ത് രാജാവായി വാഴുക എന്ന തന്ത്രമാണ് അയാൾ തിഹാർ ജയിലിലും പയറ്റിയത്. തിഹാർ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും പ്രസ് ഓഫീസറായും 35 വർഷം പ്രവർത്തിച്ച് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സുനിൽ ഗുപ്തയും, മാധ്യമ പ്രവർത്തകയായ സുനേത്ര ചൗധരിയും ചേർച്ച് എഴുതിയ 'ബ്ലാക്ക് വാറൻഡ്- കൺഫെഷൻ ഓഫ് എ തിഹാർ ജെയിലർ' എന്ന പുസ്തകത്തിൽ ശോഭ്രാജിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ആദ്യജയിൽ ചാട്ടത്തിന് മുമ്പ് തിഹാർ ജെയിൽ അടക്കി ഭരിച്ചിരുന്നത് ശോഭ് രാജ് ആയിരുന്നെന്നും, ജയിനുള്ളിൽവെച്ചുപോലും അയാൾ മയക്കുമരുന്ന് കച്ചവടം നിർബാധനം നടത്തിയിരുന്നുവെന്നും പുസ്തകം പറയുന്നു. തിഹാർ ജെയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മുറിയിൽവെച്ച് തന്നെ കാണാനാത്തെുന്ന സുന്ദരികളുമായി അയാൾ ലൈംഗിക വേഴ്ച നടത്താറുണ്ടെന്നും പുസ്തകം പറയുന്നു.

സുനിൽ ഗുപ്ത അക്കാലം ഇങ്ങനെ എഴുതുന്നു. ''ഞാൻ നടത്തിയ ഇടപഴകലുകളിലൂടെ ചാൾസ് ഗുരുമുഖ് ശോഭ്രാജിനെക്കുറിച്ചൊരു ചിത്രം എന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. അയാൾ ഒരിക്കലും ഒരു സെല്ലിൽ അടയ്ക്കപ്പെട്ടിരുന്നില്ല. മിക്കവാറും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിലായിരിക്കും അയാൾ ഇരിക്കുക. വളരെയധികം സ്വാധീനശക്തിയുള്ള ഒരാളാണ് അയാളെന്ന് എന്റെ സഹപ്രവർത്തകർ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അയാൾ തിഹാർ ജയിലിൽ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നു പറഞ്ഞാൽ അത് വസ്തുതകളുടെ ലളിതവത്കരണം മാത്രമാണ്. മറ്റു തടവുകാർക്കെന്നപോലെ ശോഭ്രാജിന്, ലോക്ക് ഇന്നും ലോക്ക് ഔട്ടും ഇല്ലായിരുന്നു. അയാൾക്ക് ജയിലിനുള്ളിൽ എവിടെ വേണമെങ്കിലും പോകാമായിരുന്നു. സൂപ്രണ്ടിനോടും ഡെപ്യൂട്ടി സൂപ്രണ്ടിനോടും അയാൾ തുല്യരോടെന്നപോലെ പെരുമാറി. അയാൾ എന്തു ചെയ്താലും അതാരും തടഞ്ഞിരുന്നില്ല.

1981 സെപ്റ്റംബറിൽ ഇന്ത്യൻ എക്സ്‌പ്രസ് കവർ സ്റ്റോറിയിൽ പറഞ്ഞതു സത്യമായിരുന്നു. തിഹാർ ജയിൽ ഭരിച്ചിരുന്നത് ശോഭ്രാജായിരുന്നു. അതേ വർഷം പുറത്തു വന്ന 'ദ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ്, റിപ്പോർട്ട് കൂടുതൽ വിവരങ്ങൾ നല്കിയിട്ടുണ്ട്.ശോഭ്രാജും സുഹൃത്തുക്കളും ജയിലിനുള്ളിൽ തങ്ങളുടെതായ മാളങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മയക്കുമരുന്നും മദ്യവും അവർ വിൽപ്പന നടത്തിയിരുന്നത് ആ മാളങ്ങളിൽവച്ചായിരുന്നു. ഇതിനെതിരേ ആരെങ്കിലും ഒരു ചെറുവിരൽ ഉയർത്തിയാൽ അയാളെ തല്ലിച്ചതയ്ക്കുമായിരുന്നു.

പിയുസിഎൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ശോഭ്രാജിന്റെ സുഹൃത്തുക്കൾ സുനിൽ ബത്ര, വിപിൻ ജാഗി, രവി കപൂർ എന്നിവരായിരുന്നു. ഒരു ബാങ്ക് കൊള്ള ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കാളികൾ എന്ന നിലയിലാണവർ അറസ്റ്റു ചെയ്യപ്പെട്ടത്. നല്ല നിലയിൽ ജീവിക്കാൻ സാമ്പത്തികസൗകര്യമുള്ളവരും വിദ്യാഭ്യാസം സിദ്ധിച്ചവരും നിയമവിരുദ്ധ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതിൽ ഉത്സുകരുമായിരുന്നു അവർ. ജയിൽമൈതാനത്തുകൂടി ഈ സംഘം അലഞ്ഞുതിരിഞ്ഞു നടക്കും. ആരെയെങ്കിലും കൂടെ കൂട്ടാൻ അവസരംപാർത്താണ് ആ നടപ്പ്. എവിടെ നിന്നാണോ പെട്ടെന്നു കുറെ പണം ഉണ്ടാക്കുവാൻ കഴിയുന്നത് ആ പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥതലങ്ങളിൽ തങ്ങൾക്കുള്ള സ്വാധീനം അവർ പ്രയോജനപ്പെടുത്തി. ജയിലിൽ ഒരാൾക്ക് ഒരു വക്കീലിന്റെ സഹായം ആവശ്യമായിവന്നാൽ, അതു ലഭിക്കുവാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് മുതലെടുത്ത് കോടതിയിൽ സമർപ്പിക്കേണ്ട പെറ്റീഷൻ, നല്ല തുക ഈടാക്കി ഇവർ തയ്യാറാക്കിക്കൊടുക്കും.

ഇവരുടെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായി നിലപാടു സ്വീകരിക്കുന്ന ജയിലുദ്യോഗസ്ഥർക്കെതിരേ മനുഷ്യാവകാശലംഘനങ്ങളാരോപിച്ച് കേസു കൊടുക്കും. ജയിൽപരിഷ്‌കരണങ്ങളെ സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിന്യായങ്ങളിൽ ഇവരുടെ പേരുകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുന്നതു കാണാം. ജയിലിലെ നിലവിലെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിന് ഇവർ സമർപ്പിച്ച ചില നിർദേശങ്ങൾ, ചില വിധിന്യായങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. മറ്റു ചിലതിൽ ഇവരുടെ അക്രമങ്ങളും ഇടംപിടിക്കുന്നുണ്ട്. ഡൽഹി ഹൈക്കോർട്ട് പുറപ്പെടുവിച്ച രാജേഷ് കൗഷിക് കേസിലെ വിധിയിൽ ജഡ്ജിമാർ, ചാൾസ് ശോഭ്രാജിന്റെ പേര് നേരിട്ട് പറയാതെ 'ഇന്റർപോൾ ആവശ്യപ്പെട്ടിരുന്ന വിദേശകുറ്റവാളി' എന്നുപറയുന്നുണ്ട്.സൂപ്രണ്ടിനാലും ഡെപ്യൂട്ടി സൂപ്രണ്ടിനാലും പ്രോത്സാഹിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ വിദേശി. അയാൾ മുൻപറഞ്ഞ ഉദ്യോഗസ്ഥരെ, മിക്കവാറും ദിവസങ്ങളിൽ സന്ദർശിക്കുകയും അവരുടെ വിശ്രമമുറികളിൽവെച്ച് സ്വകാര്യചർച്ചകളും ആലോചനകളും നടത്തുകയും ചെയ്യാറുണ്ട്.''- പുസ്തകം വ്യക്തമാക്കുന്നു.

ഒപ്പം സുന്ദരിമാരുമൊത്തുള്ള ലൈംഗിക വേഴ്ചകള്ൾക്കും അവിടം വേദിയാവും. അക്കാലത്തും ശോഭ്രാജിനെ ഒരു നോക്ക് കാണാനായി, സുന്ദരികളായ സ്ത്രീകൾ തിഹാർ ജെയിലിൽ എത്തുമായിരുന്നു. അവർ പണം കൊടുത്താണ്, ശോഭ്രാജുമായുള്ള വേഴ്ചക്ക് അവസരം ഒരുക്കുന്നതെന്നും ശോഭ്രാജിന്റെ സുഹൃത്ത് ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നോക്കണം, ജയിലിൽ കിടക്കുന്ന ഒരു ക്രിമിനലിനെ അങ്ങോട്ട് പോയി കണ്ട്, ജയിൽ ജീവനക്കാർക്ക് വൻ തുക കൈക്കൂലികൊടുത്ത്, ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വസതിയിൽ വേഴ്ച നടത്തിപ്പിക്കുന്ന ഈ സ്ത്രീകളുടെ മാനസികാവസ്ഥ എന്തായിരിക്കും! വില്ലന്മ്മാരോടുള്ള വീരാരാധനയുടെ ഭയാനക വേർഷനാണ് ശോഭ്രാജിന്റെ കാര്യത്തിൽ സംഭവിച്ചത്.

കുപ്രസിദ്ധമായ തിഹാർ ജയിൽ ചാട്ടം

1986 മാർച്ച് 16 ഞായറാഴ്ചയാണ് ഇന്ത്യൻ ജയിൽ ചരിത്രത്തിലെ ഏറ്റവു കുപ്രസിദ്ധമായ തിഹാർ ജയിൽ ചാട്ടം ഉണ്ടായത്്. ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെട്ടുപോയ ദിനമായിരുന്നു അത്. തന്റെ ജന്മദിനമാണ് എന്ന് വിശ്വസിപ്പച്ച് ജയിൽ ജീവനക്കാർക്ക് എല്ലാം മയക്കുഗുളിക കലർത്തിയ മധുരം നൽകിയാണ് അയാൾ കാര്യം സാധിച്ചത്. ജയിൽ ജീവനക്കാർക്കെല്ലാം, ശോഭ്രാജ് ആദ്യം അൻപതു രൂപ പാരിതോഷികം നൽകി. തുടർന്ന് മയക്കുമരുന്ന് അടങ്ങിയ മധുര പലഹാരങ്ങൾ കൊടുത്തത്.

ആ ജയിൽചാട്ടം രാജ്യമെങ്ങും, പത്രങ്ങളുടെ തലവാചകമായി. അസോസിയേറ്റഡ് പ്രസ് കൊടുത്ത ആ വാർത്ത ലോകമെമ്പാടും പരന്നു. ഡൽഹിയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജയ് അഗർവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: രണ്ടുപേർ തിഹാർ ജയിലിലേക്കു വന്നു. ജയിലിലെ ഒരു തടവുകാരന്റെ ജന്മദിനം പ്രമാണിച്ച് തടവുകാർക്ക് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്യാൻ അവർ വാർഡന്റെ അനുമതി തേടി. ശിവരാജ് യാദവ് എന്ന വാർഡൻ അനുമതി നല്കുകയും ചെയ്തു. സന്ദർശകർ ഉടൻതന്നെ ശിവരാജ് യാദവിനും അവിടെ ഉണ്ടായിരുന്ന അഞ്ചു ഗാർഡുകൾക്കും മധുരപലഹാരങ്ങൾ നല്കി. അതു കഴിച്ചവരെല്ലാം ഉടൻതന്നെ ബോധരഹിതരായി വീണു. മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണ് അവർക്ക് ബോധം വീണ്ടുകിട്ടിയത്.

അന്വേഷണത്തിൽ മറ്റൊരു കാര്യംകൂടി വ്യക്തമായി. തിഹാർ ജയിലിലെ ഒരു മുൻതടവുകാരൻ, ഡേവിഡ് ഹാൾ എന്ന ബ്രിട്ടീഷ് പൗരൻ, ആ പ്രത്യേക ദിവസം ശോഭ്രാജിനെ സന്ദർശിച്ചിരുന്നു. അയാൾ ഇതിൽ നിർണായകമായൊരു പങ്കും വഹിച്ചിട്ടുണ്ട്. അയാളുടെ മോചനം നടന്നിട്ട് അധികകാലമായിട്ടില്ല. മയക്കുമരുന്ന് ഒളിച്ചുകടത്തുന്നതിൽ ഒരു വിദഗ്ധനായിരുന്നു അയാൾ. ജയിലിൽവെച്ച് ശോഭ്രാജ് അയാൾക്ക് ഒരു ജാമ്യാപേക്ഷ തയ്യാറാക്കി കൊടുക്കുകകൂടി ചെയ്തപ്പോൾ ആ സ്‌നേഹബന്ധം ദൃഢതരമായി. കൂടുതൽ അന്വേഷണത്തിൽ മറ്റൊരു കാര്യംകൂടി കണ്ടെത്തി. ഡേവിഡ് ഹാൾ, ശോഭ്രാജിനെ കാണാനെത്തിയ ആ ദിവസം അയാൾ ശോഭ്രാജിന് എന്തോ ചില പദാർഥങ്ങൾ കൈമാറി. അത് ഉപയോഗിച്ചാണ് ജയിൽജീവനക്കാരെ മയക്കിക്കിടത്തിയ മരുന്ന് അയാൾ ഉണ്ടാക്കിയത്.

തന്റെ സെല്ലിൽ സ്വയം ആഹാരം പാകം ചെയ്തു കഴിക്കാനുള്ള അനുവാദമുണ്ടായിരുന്നു ശോഭ്രാജിന്. ജന്മദിനമാണ് എന്നു പറഞ്ഞ് പ്രചരിപ്പിച്ച്, അന്നേ ദിവസം അയാൾക്ക് ജയിലിൽനിന്ന് മധുരപലഹാരങ്ങൾ സമ്പാദിക്കാൻ കഴിഞ്ഞു. ഒരു പത്രറിപ്പോർട്ട് പ്രകാരം അവയിൽ അയാൾ ലാർപോസ് എന്ന ഉറക്കഗുളിക പൊടിച്ചുചേർത്തു. 820 ഗുളികകളാണ് അയാൾ ഈ കാര്യത്തിന് ഉപയോഗിച്ചത്! തന്റെ രക്ഷപ്പെടൽ ദൗത്യത്തിൽ അയാൾ മറ്റു പന്ത്രണ്ടു തടവുകാരെക്കൂടി ഉൾപ്പെടുത്തി. സ്വന്തം നിലയിൽ അങ്ങനെ ചെയ്യാൻ കഴിവില്ലാത്തവരായിരുന്നു അവർ. ഇവരിൽ രണ്ടുപേർ ജയിലധികാരികൾക്കുവേണ്ടി ചില്ലറ ജോലികൾ ചെയ്യുന്നവരായിരുന്നു. അങ്ങനെ ഒരേസമയം 12 പേർ തിഹാറിൽനിന്ന് ജയിൽ ചാടി. മുതിർന്ന ജീവനക്കാർ വന്നുനോക്കുമ്പോൾ, ജയിൽ ജീവനക്കാർ തലങ്ങും വിലങ്ങും തളർന്ന് വീണ് കിടക്കയായിരുന്നു.

ചങ്ങലക്കിട്ട് അടച്ചിട്ടും ലഹരിയെത്തുന്നു

ശോഭ്രാജിന്റെ ജയിൽ ചാട്ടം നാണക്കേട് ആയതോടെ പൊലീസ് വലിയ അന്വേഷണം തുടങ്ങി. കൂട്ടാളികളെ പിടിച്ചതിൽനിന്ന് അയാൾ ഗോവക്ക് പോയതായി അറിഞ്ഞു.
അവിടെവെച്ച് പൊലീസ് പിടിയിലായി. അങ്ങനെ തിഹാർ ജയിലിൽനിന്നും ചാടിപ്പോയ ശേഷം 23 ദിവസം കഴിഞ്ഞ് അയാൾ അവിടെത്തന്നെ തിരിച്ചെത്തി. രണ്ടാമതും തിഹാറിൽ എത്തിയേപ്പോൾ കർശന രീതികളാണ് ശോഭ്രാജിനുനേരെയുണ്ടായത്്. അയാളെ ഒരു മുറിയിൽ ഒറ്റക്ക് ചങ്ങലക്കിടുകയായിരുന്നു. ഒറ്റ തടവുകാരനോടും സംസാരിക്കാൻ അനുവദിച്ചില്ല. ചുറ്റും കനത്ത കാവൽ. എന്നിട്ടും അയാൾ കഴിക്കുന്ന റൊട്ടിക്കഷ്ണങ്ങൾക്കിയിൽനിന്ന് ഹാഷിസും കൊക്കേനും കണ്ടെടുത്തു! ഇത്രയൊക്കെ സെക്യൂരിറ്റി ഉണ്ടായിട്ടും അയാൾക്ക് എവിടെനിന്നാണ് മയക്കുമരുന്ന് കിട്ടുന്നതെന്ന് അജ്ഞാതമായിരുന്നു! അതിന്റെപേരിൽ ഉദ്യോസ്ഥർ പലതവണ സസ്പെൻഷനിലായി.

അന്ന് തിഹാർ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ജെ.പി. നൈതാനി ചാൾസ് ശോഭ്രാജിന് കുറിച്ച് 'ദി ഇന്ത്യൻ എക്സ്‌പ്രസി'ൽ ഇങ്ങനെയാണ് കുറിച്ചത്, ''ജയിലിനുള്ളിൽ വ്യത്യസ്ത ജീവിതരീതികളിൽ ഞാൻ അയാളെ കണ്ടിട്ടുണ്ട്: പ്രാദേശിക കോടതികളിൽ തന്റെ നിയമപോരാട്ടം, പത്രപ്രവർത്തകരുമായും അഭിഭാഷകരുമായും ആയുള്ള സൗഹൃദപരമായ ഇടപഴകൽ, സ്ത്രീ സന്ദർശകരെ ആകർഷിക്കാനുള്ള അപാരമായ കഴിവ്, എന്നിവ ചാൾസിന്റെ പ്രത്യേകതകളാണ്. അയാളോടുള്ള പ്രണയം ഏറ്റുപറഞ്ഞ് വിദേശത്ത് നിന്ന് പോലും സ്ത്രീകൾ വരുമായിരുന്നു. അവരിൽ ചിലർ അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, അതിനായുള്ള അനുമതിക്കായി കോടതികളിൽ അപേക്ഷിച്ചു. അങ്ങനെയായിരുന്നു ചാൾസ് ശോഭരാജിന്റെ വ്യക്തിത്വം.'

എന്തിനുവേണ്ടിയായിരുന്നു ഈ ജയിൽചാട്ടമെന്ന് ചോദിച്ചവരോട് ഹീറോയാകാൻ വേണ്ടി എന്നാണ് അയാൾ മറുപടി നൽകിയത്. പക്ഷേ അതല്ല ചാൾസ് ബോധപുർവം പിടികൊടുത്തതാണെന്നും റിപ്പോർട്ടുകൾ വന്നു. കാരണം ഇന്ത്യയിലെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ അയാളെ തായ്‌ലന്റിലേക്ക് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. കാരണം അവിടെ അയാളുടെ പേരിൽ അഞ്ച് കൊലപാതക കേസുകൾ ഉണ്ടായിരുന്നു. ആ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷ വരെ ലഭിച്ചേക്കാം എന്ന് ചാൾസ് ശോഭരാജിന് ഉറപ്പുണ്ടായിരുന്നു. 20 വർഷത്തെ സമയപരിധിയായിരുന്നു തായ്‌ലൻഡിൽ ഇയാളുടെ പേരിലുള്ള കേസുകൾ തെളിയിക്കപ്പെടാൻ ഉണ്ടായിരുന്നത്. ആ 20 വർഷം സമയപരിധി അവസാനിക്കും വരെ ഇന്ത്യയിലെ ജയിലിൽ കഴിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ ജയിൽ ചാട്ടം. അങ്ങനെ 1997 -ൽ അയാൾ ജയിൽ മോചിതനായപ്പോഴേക്കും ആ കാലാവധി കഴിഞ്ഞിരുന്നു.


ഒടുവിൽ നേപ്പാളിൽ അകത്താവുന്നു

ഇന്ത്യയിൽനിന്ന് മോചിതനായ ശോഭരാജ് ഫ്രാൻസിലേക്ക് മടങ്ങി. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബര ജീവിതം നയിച്ചു. അഭിമുഖങ്ങളിലൂടെയം അത്മകഥയിലൂടെയും ലക്ഷങ്ങളുടെ വരുമാനം ഇയാൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല. പതുക്കെ അയാൾ നേപ്പാളിലേക്ക് കടന്ന് പഴയ നമ്പർ ആവർത്തിക്കാൻ ശ്രമിച്ചു. പക്ഷേ പിടിയിലായി. 2003ൽ ശോഭരാജ് നേപ്പാളിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. പക്ഷേ തായ്ലൻഡിലെപ്പോലെ 20 വർഷം കഴിഞ്ഞാൽ കേസ് ആവിയാവുന്ന നിയമം നേപ്പാളിൽ ഇല്ലായിരുന്നു. ഹിസ്റ്ററി നോക്കിയപ്പോൾ പഴയ കേസുകൾ പൊങ്ങിവന്നു.

1975ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു ശോഭ്രാജ് പെട്ടത്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭാരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു.

ഈ സമയത്തും പ്രണയം നടക്കുന്നുണ്ട്. 2008 ൽ ശോഭരാജിന്റെ വിവാഹനിശ്ചയം, ഇന്ത്യൻ ടിവി ഷോയായ ബിഗ് ബോസിന്റെ സീസൺ 5 ൽ പങ്കെടുത്ത നിഹിത ബിശ്വാസ് നേപ്പാളി മോഡലുമായി നടന്നു. ജയിലിൽവെച്ചും ശോഭ്രാജ് പലപ്പോഴും തലക്കെട്ടായി. തിഹാർ ജയിലിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറുമായി സൗഹൃദം സ്ഥാപിച്ചശേഷം താലിബാന്റെ ആയുധ ഇടപാടുകാരനായി താൻ പ്രവർത്തിച്ചിരുന്നതായും സിഐഎയുമായി ബന്ധമുണ്ടായിരരുന്നതായും ശോഭ്രാജ് അവകാശവാദം വാർത്തയായി. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇതിൽ കഴമ്പില്ലെന്ന് തെളിഞ്ഞു. ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷം, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അതിനിടയിലാണ് പ്രായാധിക്യം മൂലം മോചന വാർത്ത എത്തുന്നത്.

ഈ 78ാം വയസ്സിൽ പുറത്തിറങ്ങുമ്പോളും ഈ ബോൺ ക്രിമിനലിനുവേണ്ടി, ബിഗ് ബോസിന്റെ സീസൺ 5 ൽ പങ്കെടുത്ത നിഹിത ബിശ്വാസ് പുറത്ത് കാത്തിരിപ്പുണ്ട്.പേര് വെളുപ്പെടുത്താൽ താൽപ്പര്യമില്ലാത്ത അസംഖ്യം കാമുകിമാർ േേവറയും. ഇനി എതെല്ലാം വെളിപ്പെടുത്തലാണ് ലോകം കേൾക്കാൻ പോവുന്നത് എന്ന് കണ്ടറിയണം!


വാൽക്കഷ്ണം: ശോഭ്രാജിനൊക്കൊണ്ട് ഇന്ത്യക്ക് ഉണ്ടായ ഒരേ ഒരു ഗുണം ജയിൽ പരിഷ്‌ക്കരണം സംബന്ധിച്ചാണ്. പഴയ കുത്തഴിഞ്ഞ രീതി മാറ്റി, ഇന്ത്യൻ ജയിലുകൾ സമഗ്രമായി പരിഷ്‌ക്കിക്കപ്പെടുന്നത് ആ വിഖ്യാതമായ ജയിൽ ചാട്ടത്തിന്ശേഷമാണ്. കിരൺ ബേദിയെന്ന ഉരുക്ക് വനിതയാണ് അതിന് നേതൃത്വം കൊടുത്തതും.