''നിങ്ങളിൽ എത്ര പേർ പട്ടിണി കിടന്നിട്ടുണ്ട്. ഒരു നേരത്തെ ആഹാരത്തിന്റെ വില അറിയുന്നവർ എത്രപേരുണ്ട്. പക്ഷേ എനിക്കത് നന്നായിട്ടറിയാം''- മുമ്പ് ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിലെ, ആഡംബര വേദിയിൽവെച്ച് ഷാരൂഖ് ഖാൻ ഇഅത് പറയുമ്പോൾ സദസ് നിശബ്ദമായിരുന്നു. താരകുടുംബങ്ങൾ അരങ്ങു വാഴുന്ന ബോളിവുഡിന്റെ നെഞ്ചകത്തിലേക്കാണ്, യാതൊരു കുടുംബ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഡൽഹിക്കാരനായ ആ വെളുത്തു കൊലുന്നനെയുള്ള പയ്യൻ 'കോയി നാ കോയി ചാഹിയേ, പ്യാർ കർനേ വാല' എന്ന എന്ന് പാട്ടുപാടി ബൈക്ക് ഓടിച്ചു കയറി വന്നത്! ദീവാനയിലെ ആ ഗാനം കേരളത്തിന്റെ ഉൾനാടുകളിൽപോലു സൂപ്പർ ഹിറ്റായി.

കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടായി ഷാരൂഖ് ഖാനോളം, ഇന്ത്യൻ ജനതയെ സ്വാധീനിച്ച താരങ്ങൾ വിരലിൽ എണ്ണാവുന്നവരാണ്. 2015ൽ ബിബിസി നടത്തിയ സർവേയിൽ ലോക സിനിമയിലെ ഏറ്റവും പ്രശസ്തനായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ഇന്ത്യൻ താരമായിരുന്നു. ഏകദേശം 400 കോടി ജനങ്ങൾക്കറിയാവുന്ന നടൻ. അന്നത്തെ ലോക ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ വരുന്ന പ്രശസ്തി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും, ജാക്കിചാനെക്കാളുമാണ് ഷാരുഖിന്റെ ആരാധകർ. ഒരു സുപ്രഭാതത്തിൽ നേടിയെടുത്തതല്ല അദ്ദേഹം ഇത്.

പക്ഷേ 2015നുശേഷമുള്ളകാലം ഷാരൂഖിന് തിരിച്ചടികളുടേത് ആയിരുന്നു. തുടർച്ചയായി പടങ്ങൾ പരാജയപ്പെട്ടു. മകൻ മയക്കുമരുന്നിൽ കേസിൽപെട്ടത് അപമാനമായി. 2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഈ താരരാജാവ്. പക്ഷേ ഈ നാല് കൊല്ലത്തിൽ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തിൽ ഇടിവു വന്നിട്ടില്ല. ഇടയ്ക്ക് ചില സിനിമകളിൽ അഞ്ച് മിനുറ്റ് മാത്രമുള്ള അതിഥി വേഷങ്ങളിൽ മാത്രം അഭിനയിച്ച് ആ സിനിമകളിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറാനും ഷാരൂഖിന് സാധിച്ചു. മാധവന്റെ റോക്കട്രി, ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ, രൺബീർ-ആലിയ ചിത്രം ബ്രഹ്മാസ്ത്ര എന്നിവയിൽ അതിഥി വേഷങ്ങളിൽ കിങ് ഖാൻ എത്തിയിരുന്നു.

ഇപ്പോൾ കിങ്ങ് ഖാന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന പത്താനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. സംഘപരിവാർ ഉയർത്തിയ കാവി ബിക്കിനി വിവാദം ഫലത്തിൽ പത്താൻ സിനിമയുടെ പ്രമോഷനും വൻ രീതിയിൽ ഗുണമായിരിക്കയാണ്.

വെറുപ്പാളികൾ പ്രചരിപ്പിക്കുന്നതുപോലെ, ഒന്നുമല്ല ഷാറൂഖിന്റെ വ്യക്തിജീവിതം.
ഖാൻ ത്രയങ്ങളിലെ ഏറ്റവും ലവബിൾ ആയ, സിമ്പിൾ ഹമ്പിൾ എന്ന് പേരുകേട്ട മനുഷ്യൻ. കറകളഞ്ഞ മതേതര വാദിയാണ് ഷാറൂഖ്. മിശ്രവിവാഹിതനായ അയാൾ ഭാര്യയെ ഒരിക്കലും സ്വന്തം മതത്തിലേക്ക് കൂട്ടാൻ ശ്രമിച്ചിട്ടില്ല. മക്കളെയും അങ്ങനെ തന്നെ. സൽമാൻഖാനെപ്പോലെ മദ്യപിച്ച് തല്ലുണ്ടാക്കിയ കഥയോ, കൃഷ്ണമൃഗത്തെ വേട്ടയാടിയതോ, എന്തിന് സഹനടിമാവുമായുള്ള ഗോസിപ്പുകളോ ഒന്നും ഷാറൂഖിന്നേരെ ഉയർന്നിട്ടില്ല. പട്ടിണിയിൽനിന്ന് വളർന്നുവന്ന അയാൾ ഇപ്പോഴും തന്റെ എളിമ കാക്കുന്നു.

സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ

ഇന്ന് ഷാറൂഖിനെതിരെ വാളെടുക്കുന്നവർ മറുന്നുപോകുന്നത് അദ്ദേഹം ബ്രിട്ടനെതിരെ പൊരുതിയ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ ആണെന്നത് കൂടിയാണ്.
ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനിൽ) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ആ കുടുംബം ഡൽഹിയിലേക്ക് മാറി.

താജ് മുഹമ്മദ് ഖാൻ ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു പണ്ഡിതനാതായിരുന്നു. പേർഷ്യൻ, സംസ്‌കൃതം, പുഷ്തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകൾ സ്വായത്തമാക്കിയിരുന്നു. പക്ഷേ പാണ്ഡിത്യം കൊണ്ട് ജീവിക്കാൻ കഴിയില്ലല്ലോ. തന്റെ ബാല്യകാലത്ത് കുടുംബത്തിൽ ദാരിദ്ര്യമായിരുന്നെന്ന് ഷാറൂഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

''എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴിൽ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതൽ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തരാൻ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാൽ കൈവശമുള്ള പഴയ വസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞ് പിറന്നാൾ സമ്മാനമായി എനിക്കദ്ദേഹം നൽകുമായിരുന്നു. പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകിയത്. എന്റെ പിതാവ് സമ്മാനിച്ചതിൽ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റർ നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് കൂർമ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവൻ ജോലിയും ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടി വരും. ഇതും പഴയത് തട്ടിക്കൂട്ടി ശരിയാക്കി എടുത്തതാണ്.

പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാൽ, അത് പ്രവർത്തനക്ഷമമായിരുന്നില്ല. അതിനാൽ ഒരു ഫോട്ടോ പോലുമെടുത്തില്ല! എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കിൽ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിക്കു മുന്നിൽ നിഷ്പ്രഭമാവും. അത് നിങ്ങൾക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.''- കരൺ ജോഹറുമായുള്ള ഒരു അഭിമുഖത്തിൽ ഇത് പറയുമ്പോൾ ഷാറുഖിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
എന്നാൽ, പിതാവിന്റെ സംരക്ഷണത്തിൽ അധികനാൾ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല.ക്യാൻസർ ബാധിച്ച് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം.

മുബൈ മഹാനഗരത്തിലെ പട്ടിണിക്കാലം

ഷാരൂഖ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡൽഹിയിലെ സെന്റ് കൊളമ്പസ് സ്‌കൂളിലാണ്. മികച്ച വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലും. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു അദ്ദേഹം. നടനാകണമെന്ന് ആഗ്രഹവുമായി മുംബൈയിൽ എത്തുമ്പോൾ അദ്ദേഹത്തിന് ആ നഗരത്തിൽ കാര്യമായ സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നില്ല.

വെറും കൈയോടെ മുബൈയിലെത്തിയ പുതുമുഖത്തിന് ആര് എന്ത് വേഷം തരാൻ. അങ്ങനെയാണ് അയാൾ ഒരു തീയേറ്ററിലെ ടിക്കറ്റ് മുറിക്കുന്ന ജോലിയിൽ കയറി. സിനിമയുമായി ബന്ധമുള്ള ജോലി എന്നാണ് ഷാറൂഖ് തമാശപറയുന്നത്. 50 രൂപ ആയിരുന്നു ആദ്യ ശമ്പളം. പിന്നെ ഒരു സീരിയൽ നടിയുടെ ഡ്രൈവറായി ജോലി നോക്കി. ഈ സമയത്തും അഭിനയമോഹം തുടർന്നു. അങ്ങനെ ലൊക്കേഷൻ തെരഞ്ഞ് പോകുന്നതിനാൽ ജോലിക്ക് പോകാൻ കഴിയാതെ അത്താഴപ്പട്ടിണി കിടന്നു. പെപ്പുവെള്ളം കുടിച്ച് വിശപ്പടക്കിയ ദിവസങ്ങൾ ഷാരൂഖിന്റെ ആത്മകഥയിൽ പറയുന്നുണ്ട്.

അങ്ങനെ നടിയുടെ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്താണ് ഭാഗ്യം ഷാറുഖിനെ തേടിയെത്തിയത്. ഒരിക്കൽ ഒരു നടൻ സമയത്ത് ലൊക്കേഷനിൽ എത്തിച്ചേരാത്തതിനാൽ സംവിധായകൻ ഷാരൂഖിനെ അഭിനയിക്കാൻ ക്ഷണിച്ചു. അങ്ങനെ ലോക സിനിമയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ എസ്ആർകെയുടെ അഭിനയ ജീവിതം അവിടെ തുടങ്ങി.

ഇന്ത്യയിൽ ടെലിവിഷൻ വിപ്ലവം നടക്കുന്ന 80കളുടെ അവസാനഘട്ടമായിരുന്നു അത്. ചറപറാ ടീവി സീരിയലുകൾ വരുന്ന കാലം. അതിന്റെ ഗുണം ഈ യുവ നടനും കിട്ടി. 1988ൽ ദിൽ ദരിയ എന്ന ഒരു സീരിയലിൽ അദ്ദേഹം അഭിനയിച്ചു. പക്ഷെ പ്രൊഡക്ഷൻ താമസം കാരണം അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്നത് 1988ൽ തന്നെ ഫൗജി എന്ന സീരിയൽ ആണ്. തുടർന്ന് 1989-1990 സർക്കസ്, 1991 ഇഡിയറ്റ് എന്നീ പരമ്പരകൾ ഷാരൂഖിനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി. 1989ൽ തന്നെ ഷാറുഖിന്റേതായി ഒരു ഇംഗ്ലീഷ് ടെലി ഫിലിം കൂടി പുറത്തിറങ്ങി. ബുക്കർ ജേതാവ് അരുന്ധതി റോയ് തിരക്കഥ എഴുതിയ ആ ടെലിഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു. പതുക്കെ ഒരു ടെലിവിഷൻ താരം എന്ന നിലയിൽ അയാൾ അറിയപ്പെടാൻ തുടങ്ങി. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. മകൻ ലോകം അറിയുന്ന നടനായി വളരുന്നത് കാണാൻ ആ അമ്മക്ക് ഉണ്ടായിരുന്നില്ല.

ബാദ്ഷായിൽ നിന്ന് കിങ് ഖാനിലേക്ക്

1991ൽ അമ്മയുടെ മരണ ശേഷം ഡിപ്രഷനിൽ ആയ മൂത്ത സഹോദരിയോടൊപ്പം ഖാൻ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി. അതേ വർഷം തന്നെ ഗൗരി ചിബ്ബർ എന്ന ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച് ജീവിത സഖിയാക്കി. 1991ൽ തെന്നെ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ദിൽ ആഷിയാന എന്ന ചിത്രത്തിലേക്ക് ഖാൻ കരാർ ഒപ്പ് വച്ചു. പക്ഷെ 1992 ജൂണിൽ പുറത്തിറങ്ങിയ ദീവാന ആണ് ഷാരൂഖിന്റെ റിലീസാകുന്ന ആദ്യ സിനിമ. ദീവാനയിൽ സിനിമയുടെ രണ്ടാം പകുതിയിൽ ''കോയിനാ കോയി ചാഹിയെ'' എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാ റുഖ് ഓടിക്കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് ആണ്. ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡും മറ്റാർക്കും ആയിരുന്നില്ല.

92ൽ ഷാരൂഖിന്റേതായി പുറത്തിറങ്ങിയത് നാല് സിനിമകൾ ആണ്. അദ്ദേഹത്തിന്റെ തലവര മാറ്റിയ വർഷം ആയിരുന്നു 1993. പുറത്തിറങ്ങിയ 5 ചിത്രങ്ങളിൽ ഒന്നിൽ ഗസ്റ്റ് റോൾ 2എണ്ണം വില്ലൻ എന്ന രീതിയിൽ ഉള്ള വേഷങ്ങൾ. ബോളിവുഡിന്റെ പതിവ് ചേരുവയായ പ്രതികാര കഥ അബ്ബാസ് മസ്താന്മാർ ഷാരുഖിനെ വച്ച് എടുത്തപ്പോൾ ആ പ്രകടനം ഒന്ന് കൊണ്ട് മാത്രം ബാസിഗർ എന്ന സിനിമ ഏറ്റവും മികച്ചതായി മാറുകയായിരുന്നു. ആ വർഷത്തെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി പയ്യൻ. ബാസിഗറിന് പിന്നാലെ വന്നത് യാഷ് ചോപ്രയുടെ 'ഡർ' എന്ന ചിത്രം. കിരൺ എന്ന പെൺകുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്ന രാഹുൽ എന്ന കഥാപാത്രം നായകനായ സണ്ണി ഡിയോളിനെപോലും നിഷ്പ്രഭമാക്കി കളഞ്ഞു. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത ആ രണ്ട് സൈക്കിക് വേഷങ്ങൾ (ബാസിഗർ, ഡർ) അദ്ദേഹത്തിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തു.

പക്ഷെ തൊട്ടടുത്ത വർഷം 1994ൽ ഇറങ്ങിയ അൻജാം എന്ന ചിത്രത്തിലെ വിജയ് അഗ്നിഹോത്രി ഇന്നും കടുത്ത ഷാരൂഖ് ഫാൻസിനു പോലും വെറുപ്പുണ്ടാക്കുന്ന വില്ലൻ വേഷം ആയിരുന്നു. ആ ചിത്രത്തിലൂടെ അദ്ദേഹം ഏറ്റവും മികച്ച വില്ലനുള്ള അവാർഡും, 'കഭി ഹാ കഭി നാ' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡും അദ്ദേഹം സ്വന്തമാക്കി. മൂന്നു വർഷം വിവിധ കാറ്റഗറിയിൽ നാല് അവാർഡുകൾ. ഇന്ത്യയിൽ മറ്റൊരു നടനും ഇല്ലാത്ത റെക്കോർഡ് ആണത്.

1995 ൽ ആദ്യമായി ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന സിനിമ 'ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ' എന്ന ലോക സിനിമയിൽ ചരിത്രമായ ഡിഡിഎൽജെ ഇറങ്ങുന്നതാണ്. ഇതിലെ നായകനാവാൻ സംവിധായകൻ ആദിത്യ ചോപ്ര മനസ്സിൽ ഉറപ്പിച്ചത് സാക്ഷാൽ ടോം ക്രൂസിനെ. പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ. പക്ഷെ ഇവ രണ്ടും നടക്കാതെ വന്നപ്പോൾ യാഷ് ചോപ്ര നിർദ്ദേശിച്ചത് അനുസരിച്ചു ഷാരൂഖിന് നറുക്ക് വീഴുന്നത്. അത് ചരിത്രമായി. ഷാറൂഖ്- കാജോൾ ജോടികൾ ഹിന്ദി സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ ജോടികളായി. ലോകമെമ്പാടും ഈ സിനിമ ഹിറ്റായി. മുബൈയിൽ തുടർച്ചയായ ഇരുപതുവർഷം പ്രദർശിപ്പിച്ച ഡിഡിഎൽജെയുടെ ലോക റെക്കാർഡ് ആർക്കും തിരുത്താൽ കഴിയില്ല. ഈ നിത്യ ഹരിത പ്രണയ സിനിമ ഷാറൂഖിനെ സൂപ്പർ സ്റ്റാറായി ഉയർത്തി. 1998ൽ ഇറങ്ങിയ 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന സിനിമയിലൂടെ അദ്ദേഹം ബോളിവുഡ് ബാദ്ഷായിൽ നിന്ന് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ. പിന്നീടുള്ള ഷാറൂഖിന്റെ ജീവിതം തുറന്ന പുസ്തകമാണ്. എഴുതേണ്ട കാര്യം തന്നെയില്ല.


ലൗ ജിഹാദല്ല; ഭാര്യ ഇപ്പോഴും ഹിന്ദുതന്നെ

പൊതുവെ സ്ത്രീലമ്പടന്മാർ ആയിട്ടാണ് ബോളിവുഡിലെ സിനിമാ താരങ്ങൾ അറിയപ്പെടുന്നത്. ഐശ്വര്യ റായും, കത്രീന കൈഫുമുൾപ്പടെ രണ്ടു ഡസനോളം എക്സ് കാമുകിമാരുടെ നീണ്ട ലിസ്റ്റാണ് സൽമാൻ ഖാനൊക്കെയുള്ളത്. എന്നാൽ ഇതിൽനിന്ന് തീർത്തും ഭിന്നനാണ് ഷാരുഖ്. ശരിക്കും ഒരു ഫാമിലി മാൻ. ഷാരൂഖ് ഒന്നുമല്ലാതിരിക്കുന്ന സമയത്താണ്, ഗൗരിയെന്ന ബ്രാഹ്മണ യുവതിയെ പ്രണയിക്കുന്നതു വിവാഹം കഴിക്കുന്നത്. ഇന്ന് ബോളിവുഡിലെ സൂപ്പർ താരജോഡിയാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഗൗരിയുടെ പിന്തുണയാണ് തന്നെ ഇന്നത്തെ കിങ് ഖാൻ ആക്കിയതെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്.പല വേദികളിലും അഭിമുഖങ്ങളിലും ഗൗരിയെക്കുറിച്ച് പ്രണയാർദ്രമായി ഇദ്ദേഹം സംസാരിക്കുക.

1984ൽ ഒരു പൊതു സുഹൃത്തിന്റെ പാർട്ടിയിൽ വച്ചായിരുന്നു ഗൗരിയെ ഷാരൂഖ് ഖാൻ കാണുന്നത്. തനിക്ക് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. ''പിന്നാലെ താൻ ഡാൻസ് ചെയ്യാൻ ഗൗരിയെ ക്ഷണിച്ചു. പക്ഷേ അവൾ തയ്യാറായില്ല. താൻ തന്റെ കാമുകനെ കാത്തു നിൽക്കുകയാണെന്നായിരുന്നു ഗൗരി നൽകിയ മറുപടി. പക്ഷെ സത്യത്തിൽ ഗൗരി കാമുകന് വേണ്ടി കാത്തു നിൽക്കുകയായിരുന്നില്ല. അവൾ പാർട്ടിക്ക് വന്നത് സഹോദരന്റെ കൂടെയായിരുന്നു. ഇത് മനസിലായ ഞാൻ ഗൗരിക്കൊപ്പം ഡാൻസ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ എന്നേയും സഹോദരനെ പോലെ കണ്ടോളൂവെന്ന് പറയുകയായിരുന്നു. ആ ക്ഷണം അവൾ സ്വീകരിച്ചു. ഞങ്ങൾ നൃത്തം ചെയ്തു.''- ഷാരൂഖ് പറയുന്നു.

തന്റെ ആദ്യത്തേയും അവസാനത്തേയും കാമുകിയാണ് ഗൗരി എന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. തന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീയും ഉണ്ടായിട്ടില്ല. തന്നെ സംബന്ധിച്ച് റിലേഷൻഷിപ്പ് എന്നാൽ ദീർഘകാലത്തേക്കുള്ളതാണ്. ഓൺ-ഓഫ് ചെയ്യുന്ന ബന്ധങ്ങളോട് താൽപര്യമില്ലെന്നും കിങ് ഖാൻ പറയുന്നു.

ഡൽഹിക്കാരിയാണ് ഗൗരി ഖാൻ. അച്ഛൻ കേണൽ ആയിരുന്നു. അതുകൊണ്ട് തന്നെ പട്ടാള ചിട്ടയിലായിരുന്നു കുട്ടിക്കാലം. ഷാരൂഖ് ഖാനുമായുള്ള വിവാഹത്തിന് കുടുംബം എതിരായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ഷാരൂഖുമായുള്ള വിവാഹത്തിനെ കുടുംബത്തെക്കൊണ്ട് ഗൗരി സമ്മതം മൂളിക്കുന്നത്. ഷാരൂഖ് ഖാന്റെ അഭിനയ ശേഷിയിൽ തുടക്കത്തിൽ ഗൗരിക്ക് വിശ്വാസം ഇല്ലായിരുന്നു. അദ്ദേഹം നടൻ എന്ന നിലയിൽ വിജയിക്കില്ലെന്നായിരുന്നു ഗൗരി കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ സിനിമകൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു കാണാൻ ആഗ്രഹിച്ചിരുന്നു ഗൗരി. സിനിമകൾ പരാജയപ്പെടുന്നതോടെ ഷാരൂഖിനേയും കൂട്ടി ഡൽഹിയിലേക്ക് മടങ്ങാനും സാധാരണ ജീവിതം നയിക്കാനുമായിരുന്നു ഗൗരി ആഗ്രഹിച്ചിരുന്നത്. എന്നാൽ പിന്നീട് ഷാരൂഖിന്റെ പാഷൻ മനസിലാക്കിയ ഗൗരി താരത്തിന്റെ കരുത്തായി മാറുകയായിരുന്നു.

ഹിന്ദു മതവിശ്വാസികളാണ് പഞ്ചാബി ബ്രാഹ്മണരാണ് ഗൗരിയുടെ കുടുംബം. സാമ്പത്തികപരമായും ഇരുവരുടേയും കുടുംബങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. വിവാഹം കഴിക്കുമ്പോൾ ബോളിവുഡിൽ അരങ്ങേറിയിട്ടുണ്ടായിരുന്നില്ല ഷാരൂഖ് ഖാൻ. അതുകൊണ്ട് തന്നെ എറെ പണിപെട്ടാണ് ഗൗരി വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം നേടുന്നത്. ഗൗരിയുടെ സഹോദരൻ വിക്രാന്ത് ഷാരൂഖ് ഖാനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.

ഇന്ന് ഷാരൂഖിന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല അവർ അറിയപ്പെടുന്നത്. തിരക്കുപിടിച്ച നിർമ്മാതാവും ഇന്റീരിയർ ഡിസൈനറുമാണ്. മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈന്മെന്റിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും സഹ സ്ഥാപികയും സഹ ചെയർപേഴ്സണുമാണ്. 2018 ൽ ഫോർച്യൂൺ മാസികയുടെ 'ഏറ്റവും ശക്തരായ 50 സ്ത്രീകളിൽ' ഒരാളായി ഗൗരി ഖാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

്ഇന്നും പലരും ആരോപിക്കുന്നതുപോലെ ലൗജിഹാദിന്റെയൊന്നും ലാഞ്ചനപോലുമില്ലാത്ത ജീവിതമാണ് അവരുടേത്. ഷാരൂഖ് ഭാര്യയെ ഒരിക്കലും മതംമാറ്റാൻ ശ്രമിച്ചിട്ടില്ല. ഷാരൂഖിന്റെ വീട്ടിൽ ഹിന്ദു ദൈവങ്ങളുടെ പൂജാമുറിയുണ്ട്. അയാൾ നിസ്‌ക്കരിക്കുമ്പോൾ അവൾ അവിടെ പ്രാർത്ഥിക്കയായിരിക്കും. മക്കളെയും ആ രീതിയിലാണ് വളർത്തിയത്. മതമല്ല മനുഷ്യത്വമാണ് വലുത് എന്നാണ് ഷാറൂഖ് എപ്പോഴും പറയാറുള്ളത്.

ആര്യൻഖാന്റെ ലഹരിപ്പാർട്ടി

2021 ഒക്ടോബർ രണ്ട് എന്നത് ഷാറൂഖ് ഖാന്റെ ജീവതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസം ആയിരുന്നു. അന്നാണ് മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ഖാനുൾപ്പടെയുള്ള 20 പേരെയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ഷാറുഖ് തകർന്നുപോയ സമയം. മകൻ ജയിലിലായ ദിവസങ്ങളൊക്കെ അദ്ദേഹത്തിന് കണ്ണീരിന്റെതായിരുന്നു. ലഹരിക്കെതിരെ ശക്തമായ കാമ്പയിൻ നടത്തുന്ന നടന്റെ മകൻ തന്നെ ഇങ്ങനെ പിടിയിലായത് മാധ്യമങ്ങളും ആഘോഷിച്ചു. തന്റെ മകൻ അങ്ങനെ ചെയ്യില്ല എന്ന ഷാറൂഖിന്റെ വാക്കുകൾ വനരോദനങ്ങളായി. പക്ഷേ മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചു.

പക്ഷേ കേസ് പിന്നീട് ഒന്നുമല്ലാതായി. കഴിഞ്ഞ മേയിൽ കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകിയ എൻ.സി.ബി, അറസ്റ്റിലായ മറ്റ് റു പേർക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ഏറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. എൻസിബിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടായരുന്നു അത്. 24കാരനായ ആര്യൻ ഖാനെതിരെയുള്ള മയക്കുമരുന്ന് കേസിൽ ഉദ്യോഗസ്ഥർ നിലവിട്ട് പെരുമാറിയെന്നാണ് ആ റിപ്പോർട്ട് പറയുന്നത്.

എട്ട് ഉദ്യോഗസ്ഥർ സംശയകരമായ പെരുമാറ്റം നടത്തിയെന്ന് റിപ്പോർട്ടിലുണ്ട്. എൻ സി ബി തന്നെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴിയെടുത്തു. ഇതിൽ പലരും മൊഴികൾ ഒന്നിലധികം തവണ മാറ്റി പറഞ്ഞു. മറ്റു കേസുകളിലും വീഴ്ചയുണ്ടാതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു-എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംശയനിഴലിലുള്ളത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാറുഖിനെ തകർക്കാനുള്ള നീക്കങ്ങളിൽ മകനെ കരുവാക്കുകയാണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. എന്തായാലും ആ കറുത്തകാലം കടന്ന് ഷാറുഖിന്റെ മകൻ ഇപ്പോൾ, ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ലതാജിയുടെ മൃതദേഹത്തിൽ തുപ്പിയെന്ന്

ഷാറൂഖ് എന്ത് ചെയ്താലും അത് വിവാദമാക്കാൻ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. അതിലൊന്നാണ് ലതാമങ്കേഷ്‌ക്കർ വിവാദം. മുംബൈ ശിവാജി പാർക്കിൽ ലതാജിക്ക് അന്തിമോപചാരമർപ്പിച്ച ഷാരൂഖ് ഖാൻ ദുആ (മുസ്ലിം ആചാരപ്രകാരമുള്ള പ്രാർത്ഥന) അർപ്പിക്കുകയും അതിന്റെ ഭാഗമായി ഭൗതിക ശരീരത്തിലേക്ക് ഊതുകയും ചെയ്തിനു പിന്നാലെയാണ് വിവാദമുണ്ടായത്. ഷാരൂഖ് ഭൗതിക ശരീരത്തിലേക്ക് തുപ്പിയെന്നായി ഒരു വിഭാഗം. എന്നാൽ, ദുആ അർപ്പിച്ച ശേഷം ഷാരൂഖ് ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിലേക്ക് ഊതുകയാണെന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ലതയുടെ ഭൗതികദേഹത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും അവരുടെ പാദങ്ങളിൽ തൊട്ട് നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്.

സംഭവം വിവാദമായതോടെ ഷാരൂഖ് ഖാന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേർ രംഗത്തെത്തി. മാനേജർ പൂജ ദദ്‌ലാനിക്കൊപ്പം ലതാ മങ്കേഷ്‌കറിന് അന്തിമോപചാരമർപ്പിക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഷാരൂഖ് ദുആ അർപ്പിക്കുമ്പോൾ തൊട്ടടുത്ത് പൂജ കൈ കൂപ്പി നിൽക്കുന്നതാണ് യഥാർഥ മതേതര ഇന്ത്യയുടെ ചിത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം. അതോടെ ആ വിവാദവും ആവിയായി.

തിരിച്ചുവരുമെന്ന് ആരാധകർ

സിനിമയിലൂടെ മാത്രമല്ല ഇന്ത്യ ഷാറൂഖിനെ സ്നേഹിക്കാൻ തുടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മനുഷ്യസ്നേഹിയാണ് അദ്ദേഹം. എപ്പോഴും ഒരു കുസൃതിക്കുട്ടിയെപ്പോലെ പെരുമാറാൻ, ഈ 57ാംമത്തെ വയസ്സിലും അദ്ദേഹത്തിന് കഴിയുന്നു. ഒരു വേദിയിൽ നമ്മുടെ റിമിടോമിയെ എടുത്തുപൊക്കിയ രീതി നോക്കുക. അതുപോലെ എവിടെപോയാലും ഓളമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിയും,. ഈ പ്രായത്തിലും സിക്സ് പാക്കിന്റെ എനർജി സൂക്ഷിക്കുന്നു വ്യക്തി. വിവാദമായ പത്താൻ പടത്തിലും ഷാരൂഖിന്റെ സിക്സ്പാക്ക് പ്രദശനമുണ്ട്.

ദീപിക പദുക്കോണിന്റെ കാവി ബിക്കിനി വിവാദമായതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് പത്താൻ സിനമയെക്കുറിച്ച് ചർച്ചചെയ്തത്. അതോടെ ഈയടുത്തകാലത്ത് ഒരു സിനിമക്ക് കിട്ടാത്ത പ്രമോഷനാണ് ഷാരൂഖ് ചിത്രത്തിന് കിട്ടിയത്. ഹിന്ദി സിനിമയിൽ ബിക്കിനി സീനുകളും കാവി നിറവും വർഷങ്ങൾക്ക് മുന്നേയുള്ളതാണ്. 1973ലെ 'ബോബി'സിനിമയിലെ സീനുകളാണ് 'പത്താൻ' വിവാദത്തിന് മറുപടിയായി ഇപ്പോൾ പ്രചരിക്കുന്നത്. വിവാദത്തോടെ ഗാനം കണ്ടവരുടെ എണ്ണം എട്ടുകോടി കഴിഞ്ഞു.

ജനുവരി 25ന് റിലീസ് ചെയ്യുന്ന ഷാറൂഖ് ചിത്രത്തിന് ലോകവേദിയിൽ തന്നെ പ്രചാരണത്തിനുള്ള അവസരവും ലഭിച്ചു. ഫൈനലിന് മുമ്പുള്ള ടി.വി.ഷോയിൽ ഇംഗ്ലണ്ട് ഫുട്ബോൾ താരം വെയ്ൻ റൂണിക്കൊപ്പം ഷാറൂഖ് പങ്കെടുത്തു. റൂണിയെ തന്റെ സിഗ്നേച്ചർ പോസ് പഠിപ്പിക്കാനും താരം മറന്നില്ല. പത്താനിലെ നായിക ദീപികയ്ക്ക് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനുള്ള അപൂർവ അവസരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരിക്ക് ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ അവസരം ലഭിക്കുന്നത്. ഒരേസമയം പത്താനിലെ നായികയും നായകനും ഫുട്ബോൾ ലോകകപ്പിന്റെ വേദിയിൽ അവസരം ലഭിച്ചതോടെ ഇനി ചിത്രത്തിനായി കൂടുതൽ പരസ്യത്തിന്റെ ആവശ്യമില്ലെന്ന് ഷാറൂഖിന്റെയും ദീപകയുടെയും ആരാധകർ പറയുന്നത്.

പത്താനിലുടെ ഷാറൂഖിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പിന്നാലെ ആറ്റ്‌ലിയുടെ ജവാൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നീ സിനിമകളും ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്. പത്താന് നൂറുകോടി രുപയാണ് ഷാറൂഖ് പ്രതിഫലം വാങ്ങിയത്. ഉർവശീശാപം ഉപകാരം എന്ന നിലയിൽ ഈ താരം വീണ്ടും ഉയർന്നുവരുന്നത് ഇന്ത്യൻ സിനിമാലോകത്തിന് നന്നായി ഗുണം ചെയ്യും.

വാൽക്കഷ്ണം: തന്റെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഷാറൂഖ് ഒരു കാര്യത്തിലാണ് ഖേദം പ്രകടിപ്പിക്കുന്നത്. ഒരുകാലത്ത് തന്റെ സുഹൃത്തായ സൽമാൻ ഖാനുനേരെ ഒരു പാർട്ടിയിൽ പരസ്യമായി കൈയോങ്ങിയതിന്. സൽമാൻ തന്നെ കളിയാക്കിയപ്പോൾ അയാളുടെ മുൻകാമുകി ഐശ്വര്യറായിയുടെ പേരെടുത്ത് അധിക്ഷേപിച്ചതും, വേണ്ടാത്ത കാര്യമായിപ്പോയി എന്ന് താരം പിന്നീട് സമ്മതിച്ചിട്ടുണ്ട്. ഇന്ന് കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണ് ഷാറൂഖും സൽമാനും. പക്ഷേ പിന്നിൽ ഒരു ഖാൻ ഉള്ളതുകൊണ്ട് പലരും ഇവരെ കൂട്ടിക്കെട്ടുന്നുവെന്ന് മാത്രം.