ദുരൂഹതയുടെ ദല്ലാൾ! പത്തുവർഷം മുമ്പ് ഇന്ത്യാ ടുഡെയുടെ ഒരു കവർ സ്റ്റോറിയിൽ, ടി ജെ നന്ദകുമാർ എന്ന ഉന്നതവിദ്യാഭ്യാസങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടനാട്ടുകാരനിൽനിന്ന്, കേരള രാഷ്ട്രീയത്തിലെ പവർ ബ്രോക്കറായി വളർന്ന ആ മനുഷ്യനെ ഇങ്ങനെയാണ് വിശേഷിക്കുന്നത്. 2007വരെയും ഒരു സാധാരണക്കാരൻ മാത്രമായിരുന്ന നന്ദകുമാർ എങ്ങനെയാണ്, അംബാനിയുടെയും അദാനിയുടെയും വിഎസിന്റെയും, സുപ്രീകോടതി ജഡ്ജിമാരുടെയും, സിബിഐ ഉദ്യോഗസ്ഥരുടെയുമൊക്കെ അടുത്ത സുഹൃത്തായി മാറിയത് എന്നത് അമ്പരപ്പിക്കുന്നതാണ്.

ഉന്നത കോർപ്പറേറ്റ- വ്യവഹാര-രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന, ഈ വിവാദപുരുഷൻ സംസ്ഥാനത്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ പ്രകമ്പനം സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണെന്നാണ്, ഇന്ത്യാടുഡേ ചോദിക്കുന്നത്. അന്ന് ലാവലിൻ കേസിൽ പിണറായി വിജയനെ കുടുക്കാനായി, വി എസ് നടത്തിയ ചരടുവലികളിൽ ടി ജി നന്ദകുമാറിന് പങ്കുണ്ടെന്ന സിപിഎം അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന സമയമായിരുന്നു. അതിനുശേഷം വർഷം പത്ത് കടന്നുപോയി. പലയിടത്തും അതിനിടെ ടി ജിയുടെ പേര് വീണ്ടും വീണ്ടും ഉയർന്നുകേട്ടു.

ഇപ്പോഴിതാ അതിഗുരുതരമായ ആരോപണത്തിലൂടെ ടി ജി നന്ദുകുമാർ കടന്ന്പോവുകയാണ്. സോളാർ കേസിൽ മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ടിൽ നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. സോളാർ കേസിൽ പരാതിക്കാരിയെ തള്ളിയ സിബിഐ, പീഡനം സാധൂകരിക്കുന്ന തെളിവില്ലെന്നും ആരോപണമുയർന്ന ദിവസം പരാതിക്കാരിയെ ക്ലിഫ് ഹൗസിൽ കണ്ടിട്ടില്ല എന്ന് ദൃക്‌സാക്ഷികൾ പറയുന്നതും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. തെളിവായി ഹാജരാക്കിയ സാരി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടും തെളിവ് ലഭിച്ചില്ല.

സോളർ പരാതിക്കാരിയുടെ കത്തും ഒരുകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതാണ്. 19 പേജുള്ള കത്ത് പക്ഷേ ചാനലുകളിൽ എത്തിയപ്പോൾ 25 പേജായി വർധിച്ചു. വിവാദ ദല്ലാൾ നന്ദകുമാറാണ് കത്തിൽ കൃത്രിമം നടത്തിയതെന്നും സിബിഐ. പറയുന്നു. ഉമ്മൻ ചാണ്ടിയെ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരി സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പരാതി 30 പേജുണ്ടെന്ന് പറയുന്നു. എന്നാൽ എറണാകുളം എസിജെഎം കോടതിയിൽ എത്തിയപ്പോൾ ആകെ നാല് പേജ് മാത്രമായി ചുരുങ്ങി. പ്രമുഖ ചാനലിന് നൽകാനായി കൊടുത്ത 25 പേജുള്ള കത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത്. അത്തരമൊരു ഗൂഢാലോചന പണം വാങ്ങി നടപ്പിലാക്കിയതാണ്. 50 ലക്ഷം രൂപ ദല്ലാൾ നന്ദകുമാർ ഇതിനായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ആർക്കുവേണ്ടിയാണ് താൻ ഈ പണി ചെയ്തതെന്ന് നന്ദകുമാർ വെളിപ്പെടുത്തിയിട്ടില്ല. അതു കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കും.

അപ്പോഴും അടിമുടി പ്രഹേളികയായി നിൽക്കുന്നത്, ടി ജി നന്ദകുമാറിന്റെ ജീവിതമാണ്. ഇടതുമുന്നിയുടെ ആളാണോ, ഐക്യമുന്നണിയാണോ, അതോ ബിജെപിയാണോ. എന്താണ് ഇയാളുടെ ബിസിനസ്. എവിടെനിന്നാണ് ഇയാൾക്ക് ഇത്രയും പണം. ആരുടെയെങ്കിലും ബിനാമിയാണോ. എല്ലാം ദുരൂഹമാണ്.

കംപ്ലയിന്റ് കുമാറായി തുടക്കം

ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാർ എന്ന ദല്ലാൾ നന്ദകുമാറിന്റെ ജനനം. 90കളുടെ അവസാനംവരെ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേരളം കേട്ടിട്ടില്ല. പക്ഷേ സിപിഎം വിഭാഗീയത മൂർധന്യത്തിൽ എത്തിയ, 2000ത്തിനുശേഷമുള്ള കാലത്താണ് വിഎസിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ അയാൾ അറിയപ്പെടുന്നത്. അതിന്മുമ്പുതന്നെ കൊച്ചിയിൽ ചിലർ കംപ്ലയിന്റ് കുമാർ എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്നു. ഇതിന് കാരണം, അഭിഭാഷകരും ജഡ്ജിമാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരുന്നു. ഒരു കേസ് വന്നാൽ അതിൽ ഏത് അഭിഭാഷകനെ കാണണം എന്നത് അടക്കമുള്ള കൃത്യമായ ഉപദേശം നന്ദകുമാറിന്റെ ഭാഗത്തുനിന്ന് കിട്ടും. ഇവിടെ മാത്രമല്ല, അങ്ങ് സുപ്രീംകോടതിയിൽ വരെയുണ്ട് പിടി.

അങ്ങനെയാണ് കംപ്ലയിന്റ് കുമാർ എന്ന പേരുവീണത്്. എന്നാൽ ഏഷ്യാനെറ്റ്ന്യൂസിലെ ജിമ്മി ജെയിംസിന് അനുവദിച്ച അഭിമുഖത്തിൽ നന്ദകുമാർ ഇതെല്ലാം നിഷേധിക്കയാണ്. കംപ്ലയിന്റ് കുമാർ എന്ന ഇരട്ടപ്പേര് തനിക്കുണ്ടെന്ന്, ആദ്യമായിട്ടാണ് കേൾക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്. നന്ദകുമാറിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്, വലിയ സംരംഭങ്ങളുടെ കൺസൾട്ടന്റ് ആവാനുള്ള പ്രവർത്തി പരിചയം എന്താണ് എന്നൊക്കെയുള്ള ജിമ്മി ജെയിംസിന്റെ ചോദ്യത്തിന് നന്ദകുമാർ സമർത്ഥമായി ഒഴിഞ്ഞ് മാറുകയാണ്. പക്ഷേ വ്യവഹാര ലോകത്തെ ഈ സ്വാധീനം തന്നെയാണ് നന്ദകുമാറിന്റെ പിടിയെന്ന് വ്യക്തമാണ്.

ഹൈക്കോടതി ചീഫ്ജസ്റ്റിസും, സുപ്രീംകോടതി ജഡ്ജിമാരും അഭിഭാഷകരും തൊട്ട് വക്കീൽ ഓഫീസിലെ ഗുമസ്തന്മാർവരെ നന്ദകുമാറിന്റെ സുഹൃത്തുക്കൾ ആണ്. എങ്ങനെയാണ്, നെടുമുടിയിലെ ഒരു സാധാരണക്കാരന് ഇത്രയും ബന്ധങ്ങൾ ഉണ്ടായത് എന്നതും അത്ഭുതമാണ്. നിരന്തരമായ വിമാന യാത്രകളിലുടെയാണ് നന്ദകുമാർ ഈ രീതിയിൽ സുഹൃത്തുക്കളെ ഉണ്ടാക്കിയത് എന്നാണ് പ്രചരിക്കപ്പെട്ട ഒരു കഥ. രാവിലെ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കുന്ന നന്ദകുമാർ ഉച്ചയാവുമ്പോൾ ബോംബെയിൽ ആയരിക്കും. വൈകീട്ട് തിരിച്ച് കൊച്ചിയോ തിരുവനന്തപുരമോ. എല്ലായിടത്തും ബിസിനസ് ക്ലാസിലാണ് യാത്ര. ഈ യാത്രക്കിടയിലാണ് ജഡ്ജിമാരെ അടക്കം പരിചയപ്പെടുന്നത് എന്നാണ് പറയുന്നത്.

ഈ ചോദ്യം 'പോയിന്റ് ബ്ലാങ്ക്' പരിപാടിക്കിടെ ജിമ്മി ജെയിംസ് വെട്ടിത്തുറന്ന് ചോദിക്കുന്നുണ്ട്. എന്നാൽ നന്ദകുമാർ അത് നിഷേധിക്കയാണ്. താൻ നിരവധി തവണ ബിസിനസ് ക്ലാസുകളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്ന നന്ദകുമാർ അവിടെയെല്ലാം താൻ ഏറ്റവും പിറകിലാണ് ഇരുന്നത് എന്നാണ് പറയുന്നത്. എന്നാൽ വിഐപികൾ ഒക്കെ ഏറ്റവും മുന്നിലാണ് ഇരിക്കുക. അവിടെ വെച്ച് തനിക്ക് ഒരാളെയും പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല, എന്നാൽ നന്ദകുമാർ പറയുന്നത്.

വിഭാഗീയതയിൽ ദല്ലാൾ ആവുന്നു

കംപ്ലയിന്റ് കുമാർ ദല്ലാൾ നന്ദകുമാർ ആയി മാറുന്നത് സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചത്. ലാവ്‌ലിൻ കേസിലും, ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. പിണറായി വിജയനെ കുടുക്കാൻ വി എസ് നന്ദകുമാറിന്റെ സഹായം തേടിയതായി ആരോപിക്കുന്ന സിപിഎം അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് വലിയ വിവാദമാണ് ഉണ്ടാക്കിയത്. അങ്ങനെ പിണറായി പക്ഷം ഇട്ടപേരാണ് ദല്ലാൾ എന്നത്.

ലാവ്ലിൻ കേസ് സിബിഐക്ക് വിടാനുള്ള അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ ബാലിയുടെ ഉത്തരവിന് പിന്നിൽ നന്ദകുമാറിന്റെ സ്വാധീനമാണ് പണറായി പക്ഷം ആരോപിക്കുന്നത്. പക്ഷേ ജസ്റ്റിസ് ബാലിയെ അറിയാമെന്നത് നന്ദുകുമാർ നിഷേധിക്കുന്നില്ല. ബാലിയുടെ മകൻ പുനീത് ബാലിയുടെ സുഹൃത്തിന്റെ സുഹൃത്ത് വഴിയാണ് ഈ ബന്ധം എന്നും അദ്ദേഹം ഏഷ്യനെറ്റ് അഭിമുഖത്തിൽ പറയുന്നു. പക്ഷേ ഒരു സാധാരണക്കാരന് എങ്ങനെയാണ് ഇത്തരം ബന്ധങ്ങൾ ഉണ്ടാവുക, എന്ന ജിമ്മി ജെയിംസിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് നന്ദകുമാറിന് മറുപടിയില്ല.

വി എസ് അച്യുതാനന്ദനും താനും ആലപ്പുഴക്കാർ ആയതുകൊണ്ടുള്ള പരിചയം ആണെന്നാണ് നന്ദകുമാർ പറയുന്നത്. വി എസ് അങ്ങേയറ്റം ജനകീയൻ ആണെന്നും, പിണറായിയും വിഎസും തമ്മിൽ ഒരു ഹിതപരിശോധന നടത്തട്ടെ എന്നുമൊക്കെ പത്തുവർഷം മുമ്പുള്ള ആ അഭിമുഖത്തിൽ നന്ദകുമാർ പറയുന്നുണ്ട്. ഒപ്പം അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ തന്നെ, ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നും അത് തെളിയാക്കാൻ കഴിയമെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. ഇപ്പോൾ സോളർ വിവാദത്തിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകിയ മറുപടിയിൽ, 'നിങ്ങളെപ്പോലെയല്ല ഞാൻ, ദല്ലാൾ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണെന്നാണ്' പിണറായി മറുപടി നൽകുന്നത്.

അംബാനിയുടെയും അദാനിയുടെയും സുഹൃത്ത്

അമ്പരിപ്പിക്കുന്നതാണ് നന്ദകുമാറിന്റെ ബന്ധങ്ങൾ. കടുത്ത കോർപ്പറേറ്റ് വിരുദ്ധത പുലർത്തുന്ന വിഎസിന്റെയും, ശതകോടീശ്വരനായ അംബാനിയുടെയും, അദാനിയുടെയും ഒരുപോലെ സുഹൃത്താണ് അയാൾ. ആദ്യമായി നന്ദകുമാർ കൺസൾട്ടന്റ് ജോലി ചെയ്തത് റിലയൻസിനുവേണ്ടിയാണ്. റിലയൻസ് ഫ്രഷിന്റെ ഔട്ട് ലെറ്റുകൾ കേരളത്തിൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ, അതിനുള്ള പൊളിറ്റിക്കൽ തടസ്സങ്ങൾ നീക്കാൻ അംബാനി ഗ്രൂപ്പ് കൺസൾട്ടന്ററായി വെച്ചത് നന്ദകുമാറിനെയാണ്. അത് വിജയമായി. പലരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നന്ദകുമാർ പുഷ്പം പോലെ നടത്തി. ചെറുകിട വ്യാപരികളുടെയും വ്യവസായികളുടെയും എതിർപ്പ് അവഗണിച്ച്, റിലയൻസ് കേരളത്തിൽ എമ്പാടും ഔട്ട്ലെറ്റുകൾ തുറന്നു. സിപിഎമ്മിന്റെ കുത്തക വിരുദ്ധ ബഹളങ്ങളെല്ലാം, നന്ദകുമാറിന് മുന്നിൽ മുങ്ങിപ്പോയി.

ഇതോടെ നന്ദകുമാർ, കോർപറേറ്റ് ദല്ലാൾ പിന്നീട് അറിയപ്പെട്ടു. റിലയൻസിന് വേണ്ടി ഇയാൾ നടത്തിയ ഇടപെടലുകൾ അന്നത്തെ ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.വി എസ് സർക്കാരിന്റെ കാലത്ത് കേരള സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്റർ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാൾ നന്ദകുമാറിന് വില്ലൻ വേഷം വന്നുചേരുന്നത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റർ റിലയൻസിന് നൽകിയതിന് പിന്നിൽ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേർന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളിൽ നന്ദകുമാറിന്റെ പേര് ഉയർന്ന് വന്നിരുന്നു.

അതിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നത്. ഇയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയർന്ന് കേട്ടിരുന്നു. അദാനിയെ അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്നു വിഎസിന്റെ വീട്ടിൽ എത്തിച്ചത് നന്ദകുമാർ ആയിരുന്നു. അദാനി കാറിൽനിന്ന് ഇറങ്ങിയപ്പോൾ, ആലിംഗനം ചെയ്താണ് നന്ദകുമാർ സ്വീകരിച്ചത്.

വിഎസിന്റെ ജനകീയ മുഖമാണ് തന്നെ ആകർഷിച്ചത് എന്ന നന്ദുകുമാർ പറയുക. ''അദാനി ഗ്രൂപ്പിന്റെ ചീമേനി പദ്ധതിയുമായി വിഎസിനെ സമീപിച്ചപ്പോൾ. കോർപ്പറേറ്റുകൾക്കുള്ള ചാരിറ്റി ഫണ്ട് എൻഡോസൾഫാൻ വിക്റ്റിമുകൾക്ക് ഉപയോഗിക്കണം. അവിടെ ഒരു മോഡേൺ ഹോസ്പിറ്റൽ പണിയണം എന്നാണ് വി എസ് പറഞ്ഞത്. ഇതുപോലെ പറയാൻ വിഎസിന് മാത്രമേ. കഴിയൂ. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത''- നന്ദകുമാർ പറയുന്നു. ബാലകൃഷ്ണപ്പിള്ളക്കെതിരായ കേസിൽ സുപ്രീകോടതിയിൽവരെ പോയി പോരടിക്കാൻ വിഎസിനെ സഹായിച്ചത്, ഈ ദല്ലാൾ ആണെന്നുമാണ് ഉപശാലാ സംസാരം.


'ഐസ്‌ക്രീമിലും' ഇടപെടൽ

പക്ഷേ താൻ ആർക്കുവേണ്ടിയും ലോബീയിങ്് നടത്തിയിട്ടില്ലെന്നും, വെറും കൺസെൽട്ടന്റ് മാത്രമാണെന്നുമാണ്, നന്ദകുമാർ പറയുന്നത്. ആളുകളെ ബന്ധപ്പെടുത്തിക്കൊടുക്കുന്ന എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഇത് നോക്കിയ ഫോണിന്റെ പരസ്യപോലെ കണക്റ്റിങ്ങ് കേരളം ആണോ എന്ന് ജിമ്മിജെയിംസ് തുറന്നടിച്ച് ചോദിക്കുമ്പോൾ ചിരിക്കുകമാത്രമാണ് നന്ദകുമാർ ചെയ്യുന്നത്.

നേരത്തെ ഐസ്‌ക്രീം കേസിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ ഊരിയെടുക്കാനായും നന്ദകുമാർ ഇടപെട്ടതായി ആക്ഷേപമുണ്ട്. 2003-2004 കാലത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ, കുഞ്ഞാലിക്കുട്ടിക്കും, ഒരു വ്യവസായിക്കും ഒപ്പം ബാംഗ്ലൂരിൽപോയിപോയി കണ്ടുവെന്ന ആരോപണം നന്ദുകമാറിന് നേരെയുണ്ട്. ഈ ചോദ്യം ചോദിക്കുന്ന ജിമ്മി ജെയിംസിനോട് ചീഫ് ജസ്റ്റിസ് കണ്ടകാര്യം നന്ദകുമാർ സമ്മതിക്കുന്നു. ചീഫ്ജസ്റ്റിസ് അത് നിഷേധിച്ചു. അതിനുപ്പറത്ത് ഒന്നും നടന്നിട്ടിലെന്നാണ് നന്ദകുമാർ പറയുന്നത്. അതിനുശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. ആ ബെഞ്ച് കുഞ്ഞാലിക്കുട്ടിയെ സഹായിച്ചില്ല എന്നും അഭിമുഖത്തിൽ നന്ദകുമാർ പറയുന്നു. ഹൈദരബാദിലെ ചീഫ് ജസ്റ്റിസിന്റെ സുഹൃത്തുക്കൾ തന്റെയും സഹൃത്തുക്കളാണെന്നും അങ്ങനെയുള്ള പരിചയമാണ് ഇതെന്നും അദ്ദേഹം പറയുന്നു. അപ്പോഴും കുട്ടനാട്ടിലെ ഒരു ഗ്രാമീണന്, ഈ മേഖലയിൽ മുൻ പരിചയങ്ങൾ ഒന്നുമില്ലാത്തയാൾക്ക്, ഇത്തരം ബന്ധങ്ങൾ എങ്ങനെ ഉണ്ടാവുന്നുവെന്ന് കൃത്യമായി നന്ദകുമാർ മറുപടി പറയുന്നില്ല.

നേരത്തെ വലിയ കോടതി വ്യവഹാരങ്ങൾ നടത്തിയുള്ള പരിചയവും തനിക്കില്ല എന്ന് നന്ദകുമാർ തുറന്ന് സമ്മതിക്കുന്നുണ്ട്. ഇപ്പോൾ താമസിക്കുന്ന, കൊച്ചിയിലെ വെണ്ണല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചില കേസുകൾ മാത്രമാണ് നടത്തി പരിചയം. ഒരു തവണ നന്ദകുമാറിന്റെ ഫോണിന്റെ ഐഡി പ്രൂഫ് ജസ്റ്റിസ് സിറിയക്ക് ജോസഫ് ഡൽഹിയിലെ ഓഫീസിന്റെ വിലാസമായതും വിമർശിക്കപ്പെട്ടു. എന്നാൽ ജസ്റ്റിസിന്റെ പ്യൂണുമായുള്ള തന്റെ അടുത്ത ബന്ധം വഴിയാണ് അവിടെ എത്തിയതെന്നും, ദീർഘനാൾ ഡൽഹിയിലെ അവരുടെ ഔട്ട്ഹൗസിലുമാണ് താമസം എന്നും അപ്പോൾ ആ വിലാസം കൊടുത്തതാണെന്നുമാണ് നന്ദകുമാർ പറയുന്നത്.

നിരവധി രാഷ്ട്രീയ ഇടപെടലുകളിലും ഇയാളുടെ പേര് പറയുന്നുണ്ട്. നേരത്തെ
പി സി തോമസുമായി ചേർന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസിന്റെ വീട്ടിൽപോയി കണ്ടതടക്കമുള്ള ഒരുപാട് കാര്യങ്ങൾ ഇതിനിടെ നടന്നു.

ലാലിന്റെ ആനക്കൊമ്പ് കേസിലും

സിനിമയിൽ എല്ലാവരെയും അടിച്ച് പരത്തി രക്ഷിക്കുന്ന സൂപ്പർ ഹീറോയാണ് ലാലേട്ടൻ. പക്ഷേ ജീവിതത്തിൽ ഒരു കേസ് വന്നപ്പോൾ മോഹൻലാലിനുപോലെ സാക്ഷാൽ ദല്ലാൾ നന്ദകുമാറിനെ ആശ്രയിക്കേണ്ടി വന്നുവെന്ന ആരോപണം, സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് വഴിവെച്ചു. ലാലിനുനേരെ വന്ന ആനക്കൊമ്പ് കേസിലും സഹായിച്ചത് നന്ദകുമാർ ആണെന്നാണ് പറയുന്നത്.

ആനക്കൊമ്പു കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിന് വേണ്ടി 2019ൽ ഹൈക്കോടതിയിൽ ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മകൾ രശ്മി ഗൊഗോയ് ആയിരുന്നു. ചീഫ് ജസ്റ്റിസിന്റെ മകൾ മോഹൻലാലിന് വേണ്ടി കേസു വാദിക്കാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യത്തിനും ഇടയാക്കി. എങ്ങനെയാണ് മോഹൻലാൽ രശ്മി ഗൊഗോയിയിലേക്ക് എത്തിയതെന്ന ചോദ്യമായിരുന്നു ഉയർന്നത്. അപ്പോഴാണ് ടി ജി നന്ദകുമാറാണ് രശ്മി ഗൊഗോയി കൊച്ചിയിൽ എത്തിച്ചതെന്ന് അറിയുന്നത്. നന്ദകുമാർ ട്രസ്റ്റിയായ കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തിൽ അഡ്വ. രശ്മി ദർശനത്തിനായി എത്തിയപ്പോൾ ടി ജി നന്ദകുമാറും ഒപ്പമുണ്ടായിരുന്നു.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ എ പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് താരത്തിന് വിനയായത്. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി സമർപ്പിച്ചത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് മൂന്നുവർഷം വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്. ഈ നിയമയുദ്ധത്തിൽ, ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ ഇറക്കി ലാലട്ടേനെ സഹായിക്കുന്നതു നന്ദകുമാർ ആണെന്നാണ് പറയുന്നത്.


തെരഞ്ഞെടുപ്പിലും കോടികൾ പൊടിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടിനന്ദകുമാർ സ്ഥാനാർത്ഥികളെ നിർത്തിയെന്ന ആരോപണവുമുണ്ടായി. ഇതിലും ലക്ഷങ്ങളാണ് മറിഞ്ഞത്. സിനിമാ നടി പ്രിയങ്കയൊക്കെ ഒടുവിൽ ദല്ലാളിനെതിരെ ആരോപണവുമായി എത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ സിപിഎം നേതാവും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കാൻ നന്ദകുമാർ കളിച്ചുവെന്ന ആരോപണം ശക്തമാണ്. കുണ്ടറിയിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ഷിജു വർഗീസിന്റെ പേരിലും വലിയ ആരോപണം ഉയർന്നു. സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോൾ ബോംബ് എറിച്ച് അത് മേഴ്സിക്കുട്ടിയമ്മയുടെ ആളുകളുടെ പിരിടിക്കിടാനാണ് ഇയാൾ ശ്രമിച്ചത്. ഈ സേിൽ ചോദ്യം ചെയ്തപ്പോളാണ്, മറ്റൊരു സ്ഥാനാർത്ഥിയായ നടി പ്രിയങ്ക കാര്യങ്ങൾ തുറന്നു പറഞ്ഞത്. ദല്ലാൾ നന്ദകുമാർ നൽകിയ വാഗ്ദാനങ്ങളെ തുടർന്നാണ് താൻ മത്സരിക്കാൻ തയ്യാറായതെന്നും പക്ഷേ അതെന്നും ലഭിച്ചില്ലെന്നാണ് ഇവർ മൊഴി നൽകിയത്. പ്രചാരണത്തിനായി ഹെലികോപ്ടർ, ചെലവിനായി ഒരു കോടിയിലേറെ രൂപ എന്നീ വാഗ്ദാനങ്ങളാണ് തനിക്ക് നൽകിയതെന്നു, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കാം എന്ന് ഉറപ്പ് നൽകിയതായും പ്രിയങ്ക പറയുന്നു. അതേസമയം ഒന്നരരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ഇട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു. മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്ത അനന്യകുമാരി അലക്സ് എന്ന ട്രാൻസ് ജെൻഡറും വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിച്ച് നന്ദകുമാർ തന്നെ പറ്റിച്ചതായി പറഞ്ഞിട്ടുണ്ട്.

പെരുച്ചാഴി മോഡൽ രാഷ്ട്രീയമോ?

കഴിഞ്ഞവർഷം തന്നെ, ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചതിന്റെ പേരിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദത്തിലായി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ വി തോമസും ഇ പിക്ക് ഒപ്പമുണ്ടായിരുന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാതെ, എന്തിന് ഇ പി ഇവിടെയെത്തി എന്ന ചോദ്യങ്ങളെല്ലാം വിവാദമായി.

പക്ഷേ രോഗബാധിതനായ ഒരു സിപിഎം പ്രവർത്തകനെ കാണാനാണ് കൊച്ചിയിൽ എത്തിയത് എന്നായിരുന്നു ഇപിയുടെ വിശദീകരണം. കൊച്ചിയിലെത്തിയപ്പോൾ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു.അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജൻ പറയുന്നത്. പക്ഷേ ഇതെല്ലാം വ്യാജമാണെന്ന് എല്ലാവർക്കും അറിയാം. കാരണം അത്രയേറെ പിടിപാടുണ്ട് കേരള രാഷ്ട്രീയത്തിൽ ഈ ദല്ലാളിന്. അതുകൊണ്ടുതന്നെ സിബിഐയുടെ കണ്ടെത്തൽ ഉണ്ടായാലും അത്ര എളുപ്പത്തിലൊന്നും നന്ദകുമാറിനെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അയാൾ പലരുടെയും ദല്ലാളാണ്. ഒരുപാട് രഹസ്യങ്ങളുടെ വാഹകനാണ്. തന്ത്രങ്ങളുടെ കുതന്ത്രങ്ങളുടെ സൂത്രധാരനാണ്! ആർക്കുവേണ്ടിയാണ് ദല്ലാർ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചതെന്ന് അയാൾ വെളിപ്പെടുത്തിലും ഒരുപാട് പേരുടെ മുഖം മൂടിയാവും അഴിഞ്ഞ് വീഴുക.

എങ്ങനെയാണ് ഒരു സാധാരണക്കാരനായ നിങ്ങൾ ഇത്രയേറ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് എന്ന ചോദ്യത്തിന്, 'അൽപ്പം ബുദ്ധിയും അധികം ഭാഗ്യവുമുള്ള ആർക്കും എവിടെയും എത്തിപ്പെടാം' എന്നാണ് ജിമ്മി ജെയിംസിന് നന്ദകുമാർ നൽകുന്ന മറുപടി. ഇതൊരു പൊളിറ്റിക്കൽ പിമ്പിങ്ങ് അല്ലേ എന്ന ജിമ്മിയുടെ മുഖമടച്ചുള്ള ചോദ്യത്തിന്, ഞാൻ പൊളിറ്റീഷ്യനല്ല എന്ന മറുപടിയാണ് നന്ദകുമാർ നൽകുന്നത്. അതിനിടെ അമേരിക്കൽ തെരഞ്ഞെടുപ്പ് പഠിക്കാൻ നന്ദകുമാർ അമേരിക്കയിലുംപോയി. ശരിക്കു പെരുച്ചാഴി എന്ന മോഹൻലാൽ സിനിമയെ ഓർമ്മിപ്പിക്കുന്ന കാര്യങ്ങൾ. '' അമേരിക്കയിലെ ഡെൻവറിൽ പോയത് ഇലക്ഷൻ ഡിബേറ്റ് എന്താണെന്ന് അറിയാനാണ്. ഇനി ഞാൻ വിദേശ കോർപ്പറേറ്റിലേക്ക് മാറും. അതാണ് എന്റെ ആഗ്രഹം''- നന്ദകുമാർ പറയുന്നു.

പക്ഷേ പത്തുവർഷം കഴിഞ്ഞിട്ടും അയാൾ വിദേശത്തൊന്നും പോയിട്ടില്ല. കൊച്ചി വെണ്ണലയിൽ നന്ദകുമാർ ട്രസ്റ്റിയായ തൈക്കാട്ട് ക്ഷേത്രത്തതിൽ ഇപ്പോഴും സെലിബ്രിറ്റികൾ എത്തിക്കൊണ്ടിരിക്കയാണ്. വിഴിഞ്ഞം തുറമുഖത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് പന്നിലും നന്ദകുമാറിന്റെ പേര് പറഞ്ഞുകേട്ടു. നന്ദകുമാറിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരിൽ കത്തെഴുതിയ കേസിൽ ക്രൈംബ്രാഞ്ചും സിബിഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഒന്നും കിട്ടിയില്ല. ആ അർത്ഥത്തിലൊക്കെ വല്ലാത്ത പ്രഹേളിക തന്നെയാണ് അയാൾ. ഒരു സാധാരണ കുടുംബത്തിൽ നാട്ടിൻ പുറത്ത് ജനിച്ച്, പ്രത്യേകിച്ച് യാതൊരു മൂൻപരിചയവും ഇല്ലാതെ അയാൾ എങ്ങനെ അധികാരത്തിന്റെ ഇടനാഴികളിൽ എത്തുന്നുവെന്നത് ശരിക്കും അതിശയം തന്നെയാണ്!

വാൽക്കഷ്ണം: പ്രാഞ്ചിയേട്ടൻ സിനിമയിൽ നടൻ ബാലചന്ദ്രൻ ചുള്ളിക്കാട് അവതരിപ്പിച്ച, ഇടനിലക്കാരന്റെ വേഷം പോലെയുള്ള ഒരു ചിത്രമാണ് നന്ദകുമാറിനെ മൊത്തം വിലയിരുത്തുമ്പോൾ കിട്ടുക. ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസന്റെ ഗുരുവായൂരിലെ തുലാഭാരവും, ശ്രീലങ്കൻ മന്ത്രിയുടെ കോട്ടക്കലിലെ ആയുർവേദ ചികിത്സയുമൊക്കെ വല്ലാത്ത സാദൃശ്യങ്ങളാണ്!