- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മയക്കുമരുന്ന് കൊടുത്ത് യുവതിയെ റേപ്പ് ചെയ്ത കേസിൽ ആദ്യം ശിക്ഷ; പിന്നെ 50 ലക്ഷം നഷ്ടപരിഹാരമായി തിരിച്ച് കിട്ടി; അടിപിടിക്കേസ് തൊട്ട് ഭുമി കുംഭംകോണം വരെ; രജനീകാന്തിനെപ്പോലും ആക്ഷേപിക്കുന്ന സൈക്കോ; സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ! നടൻ മൻസൂർ അലിഖാന്റെ ജീവിത കഥ
സിനിമയിൽ നായികയെ ബലാത്സഗം ചെയ്യുകയും, സകല തൊട്ടിത്തരങ്ങളം ചെയ്യുന്ന ബാലൻ കെ നായരും ടി ജി രവിയും തൊട്ട്, നമ്മുടെ ന്യൂജൻ വില്ലന്മാരെവരെ നോക്കിയാൽ അറിയാം, വ്യക്തി ജീവിതത്തിൽ അവർ പഞ്ച പാവങ്ങളായിരിക്കും. തെന്നിന്ത്യൻ സിനിമയെ വിറപ്പിച്ച എം എൻ നമ്പ്യാർ, അയ്യപ്പഭക്തനായ സാത്വികനായിരുന്നു. പൊതുവെ വെള്ളിത്തിരയിലെ നായകർക്കാണ് ജീവിതത്തിൽ വില്ലന്റെ സ്വഭാവം കിട്ടുക എന്നാണ് പറയുക. എന്നാൽ ഇവിടെയിതാ ഒരാൾ സിനിമയിലും ജീവിതത്തിലും വില്ലനാവുന്നു. അതാണ് മൻസൂർ അലിഖാൻ എന്ന തമിഴ് നടൻ. ( ലോഹിതാദാസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ സൂത്രധാരനിലെ വില്ലനെ ഓർമ്മയില്ലേ)
ബലാത്സംഗക്കേസ്, അടിപിടിക്കേസ്, ഭുമി കുംഭംകോണം തൊട്ട്, മൻസൂർ അലിഖാനുനേരെ വന്നിട്ടുള്ള ആരോപണങ്ങൾക്ക് കണക്കില്ല. കോവിഡ് കാലത്ത് വ്യാജ വാർത്തകൾ പരത്തിയതിനും, സ്ത്രീവിരുദ്ധമായ സെക്സ് ജോക്കുകൾ പൊതുസ്ഥലത്ത് ഉന്നയലിച്ചതിനെതിരെയും അയാൾ പലതവണ വിമർശിക്കപ്പെട്ടു. എന്നാൽ മൻസൂർ അതിൽനിന്ന് ഒന്നും പഠിക്കുന്നില്ല. ഇപ്പോൾ വീണ്ടും അയാൾ തമിഴകത്തെ പിടിച്ചു കുലുക്കുന്ന വൻ വിവാദത്തിൽ പെട്ടിരിക്കയാണ്. ഇതിന്റെ പേരിൽ വിലക്ക്വരെ ഉണ്ടാവുമെന്നാണ് അറിയുന്നത്.
വിജയിയുടെ ബ്രഹ്മാണ്ഡചിത്രമായ ലിയോയിലെ സഹനടിയായ തൃഷയ്‌ക്കെതിരെ ഞെട്ടിക്കുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഇയാൾ പൊതുവേദിയിൽ നടത്തിയത്. ''എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണും. ഖുശ്‌ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ ഇത്''- എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്.
ഇത് നവമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദമായി. മൻസൂറിനെതിരെ ആഞ്ഞടിച്ച് തൃഷയും രംഗത്ത് എത്തിയിട്ടുണ്ട്. ''മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക ചുവ, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്''- തൃഷ എക്‌സിൽ കുറിച്ചു.
താൻ പറഞ്ഞത് ഒരു തമാശയാണെന്ന് പറഞ്ഞ് മൻസൂർ അലി ഖാൻ തടിയൂരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അത് വിജയിച്ചിട്ടില്ല. പക്ഷേ മുമ്പൊങ്ങുമില്ലാത്തപോലെ തമിഴ് സിനിമാ ലോകം ഒറ്റക്കെട്ടായി ഇയാൾക്കെതിരെ തിരിഞ്ഞിരിക്കയാണ്. ഇതോടെ ഈ ഔട്ട്സ്പോക്കൺ പ്രതിനായകന്റെ നിലനിൽപ്പും, കട്ടപ്പൊകയാവാൻ ഇടയുണ്ട്. പക്ഷേ കേസുകളും വിവാദങ്ങളും ഒന്നും അയാൾക്ക് പുത്തരിയല്ല. ഒരു സോഷ്യൽ സൈക്കോയെപ്പോലെ ഒരു വിവാദത്തിൽനിന്ന് മറ്റൊരു വിവാദത്തിലേക്ക് സഞ്ചരിക്കയാണ് അയാൾ ചെയ്യുന്നത്.
ക്യാപ്റ്റൻ പ്രഭാകറിലെ വില്ലൻ
നടൻ മാത്രമല്ല ഒരു സംഗീത സംവിധായകൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ അങ്ങനെ ബഹുവിധി വേഷമിട്ടിയാളാണ് ഇദ്ദേഹം. പക്ഷേ മൻസൂറിന്റെ പേരുകേട്ടാൽ ഓർമ്മവരിക വില്ലനെയാണ്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് ജനിച്ചത്. മീശക്കര അബ്ദുൽ സലാം റാവുത്തരാണ് പിതാവ്. നാടകത്തിലുടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. നാടകവും സംഗീതവുമായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള ലഹരികൾ. അക്കാലം തൊട്ടേ അടിപിടിയും, വിവാദങ്ങളും കൂടെയുണ്ട്. മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്‌കൂളിൽ അഭിനയ കോഴ്‌സ് പഠിച്ചാണ് സിനിമയിൽ എത്തുന്നത്.
ഒരുപാട് ചെറിയ വില്ലൻ വേഷങ്ങൾ ചെയ്തെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല. പക്ഷേ ആർ കെ സെൽവമണി സംവിധാനം ചെയ്ത ക്യാപ്റ്റൻ പ്രഭാകരൻ (1991) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ വ്യവസായത്തിലെ പ്രതിനായകനായി അദ്ദേഹത്തിന് ഒരു മികച്ച വേഷം ലഭിച്ചു. അത് ബ്ലോക്ക്‌ബസ്റ്ററായി. വിജയകാന്തിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം, മൻസൂറിനും ഭാഗ്യങ്ങൾ കൊണ്ടുവന്നു. ഈ സിനിമയുടെ വിജയത്തിന് ശേഷം നിരവധി അഭിനയ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. എല്ലാ ഭാഷകളിലുമായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലും അദ്ദേഹം വേഷമിട്ടു.
പക്ഷേ ഇങ്ങനെ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും എന്നും വിവാദ നായകനായിരുന്നു അദ്ദേഹം. വെട്ടൊന്നു മുറി രണ്ട് എന്ന സംഭാഷണ ശൈലി തന്നെയാണ് പ്രധാന പ്രശ്നം. തന്റെ ശത്രു തന്റെ നാക്കുതന്നെയാണെന്നും, എത്ര, ശ്രദ്ധിച്ചാലും അറിയാതെ തനിക്ക് പറയാനുള്ളത് പറഞ്ഞുപോവുമെന്നും, അത് പ്രശ്നമാവുമെന്നും ഒരു അഭിമുഖത്തിൽ മൻസുർ അലി ഖാൻ തന്നെ പറയുന്നുണ്ട്്.
റേപ്പ് കേസിൽ ആദ്യം ശിക്ഷ, പിന്നെ രക്ഷ
ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിലെ തന്നെ അത്യപൂർവ്വമായ ഒരു ബലാത്സഗക്കേസിലെ പ്രതിയാണ് ഈ നടൻ. 23-കാരിയായ ഒരു യുവതിയുടെ പരാതിയിൽ
ഖാനെ ബലാത്സംഗ കുറ്റം ചുമത്തി 2001 മാർച്ച് 27 ന് സെഷൻസ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട്, 2012-ൽ, മദ്രാസ് ഹൈക്കോടതി, ഈ ശിക്ഷ റദ്ദാക്കുകുകയും നടന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യുവതിയോട് ഉത്തരവിടുകയും ചെയ്തു. ഒരു റേപ്പ് കേസിൽ ഇരക്ക് നഷ്ടപരിഹാരം വിധിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു.
1996 നവംബറിൽ, ഖാൻ തന്റെ കാറിൽ തന്നെ ഒരു ഹോട്ടലിൽ കൊണ്ടുപോയി, മയക്കമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുന്നെന്നാണ് പരാതി. തുടർന്ന് ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി. 1998 മെയ് മാസത്തിൽ അവൾ ഒരു പെൺകുട്ടിക്ക് ജന്മം നൽകി.യുവതിയുടെ പരാതിയിൽ 1998 ഡിസംബർ 11-ന് ഖാനെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2001 മാർച്ച് 27-ന് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി അദ്ദേഹത്തിന് ഏഴ് വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ മദ്രാസ് ഹൈക്കോടതി ഇയാളുടെ ജയിൽ ശിക്ഷ റദ്ദാക്കിയെങ്കിലും യുവതിക്ക് 3.25 ലക്ഷം രൂപയും കുട്ടിക്ക് 7 ലക്ഷം രൂപയും നൽകാൻ ആവശ്യപ്പെട്ടു.
ഇതിനെതിരെ വന്ന അപ്പീലിലാണ് ശിക്ഷ റദ്ദാക്കപ്പെട്ടത്. മൻസൂർ അലിഖാന്റെ ഓഫീസിൽ സെക്രട്ടറിയായി ജോലി ചെയ്യാൻ വന്ന സ്ത്രീയാണ് പരാതിക്കാരി.
തന്റെ കന്യകാത്വം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഖാന് ആണെന്നും, യുവതി വിചാരണക്കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ യുവതി നേരത്തെ വിവാഹിതായിരുന്നു. 1994 ഓഗസ്റ്റിലാണ് അവർ വിവാഹിതയായതിന്റെയും പിന്നീട് ഭർത്താവുമായി പിരിഞ്ഞതിന്റെയും രേഖകൾ ഖാൻ കോടതിയിൽ ഹാജരാക്കി. അങ്ങനെയാണ് കേസ് പൊളിഞ്ഞത്. ഈ സ്ത്രീ സഹായത്തിനായി ആദ്യം തന്നെയാണ് സമീപിച്ചതെന്നും, മുഹമ്മദൻ നിയമം അനുസരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിതനായതിനാൽ താൻ അവൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഖാൻ കോടതിയിൽ പറഞ്ഞു. അവളെ സഹായിക്കുന്നത് നിർത്തുമെന്ന് ഭയന്നാണ് ബലാത്സംഗ കുറ്റം ചുമത്തിയതെന്നും നടൻ കോടതിയിൽ വാദിച്ചു. ഈ വഞ്ചന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കയായിരുന്നു.
നിരവധി കേസുകൾ; ജയിൽ വാസം
ആക്റ്റീവിസ്റ്റ് എന്ന നിലയിലും മൻസൂർ അലി ഖാൻ പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് സിനിമയുടെ ശാപമായ പൈറസിക്കെതിരെ ഏറ്റവും ശക്തമായി പ്രക്ഷോഭം നടത്തിയ നടനാണ് അദ്ദേഹം. 1998ൽ 'വെട്ടു ഒന്ന് തുണ്ടു രണ്ട്' എന്ന പടം തമിഴ്‌നാട്ടിലെ കേബിൾ ടെലിവിഷനിൽ പ്രദർശിപ്പിച്ചതിനെതിരെ അദ്ദേഹം റോഡ് തടസ്സം സൃഷ്ടിച്ച് സമരം ചെയ്തു. ഇതിന്റെ പേരിൽ അറസ്റ്റിലും ആയി. പക്ഷേ അത് തമിഴ് വിതരണക്കാരെ ഉണർത്തി. ഡിസ്ട്രിബ്യൂട്ടേഴ്സ് നേതാവ് ചിന്താമണി മുരുകേശൻ ടെലിവിഷന്റെ നടപടികളെ അപലപിച്ചുകൊണ്ട് ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചു. പോണ്ടിച്ചേരിയിൽ സിനിമാശാലകൾ ഒരു ദിവസത്തേക്ക് അടച്ചിട്ട് സമരവും നടത്തി.
2012 ജനുവരിയിൽ അരുമ്പാക്കത്ത് 16 നിലകളുള്ള വസ്തു അനധികൃതമായി നിർമ്മിച്ചുവെന്നാരോപിച്ച് ഭൂമി കൈയേറ്റ കുറ്റത്തിന് ഖാനെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ തന്റെ പേപ്പറുകൾ എല്ലാം കൃത്യമാണെന്നും ചിലർ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് നടന്റെ വാദം. ചില റിയൽ എസ്റ്റേറ്റ് ഫിനാൻസിങ്് ഇടപാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതൊക്കെ പലപ്പോഴും വിവാദമായി.
സേലത്തെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട 270 കിലോമീറ്റർ സൂപ്പർഹൈവേയ്‌ക്കെതിരെ ഖാൻ പ്രതിഷേധിച്ചു. 2018 ജൂൺ 17 ന് പരിസ്ഥിതി പ്രവർത്തകൻ പിയൂഷ് മാനുഷിനൊപ്പം ഖാനെ അറസ്റ്റ് ചെയ്തു. ഇതൊക്കെ വെച്ച് ഒരു വിഭാഗം ആളുകൾ പരിസ്ഥിതി പ്രവർത്തകനായ ഒരു ആക്റ്റീവിസ്റ്റിന്റെ ഇമേജ് അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം വെറുമൊരു മറയാണെന്നും, റിയൽ എസ്റ്റേറ്റ് അടക്കമുള്ള നിരവധി ബിസിനസുകൾ അദ്ദേഹത്തിന് ഉണ്ടെന്നും, സിനിമക്കുള്ള ഫിനാൻസ് എന്നതിന്റെ മറവിൽ വട്ടിപ്പലിശക്ക് കൊടുക്കുന്നുണ്ടെന്ന് വരെ ആരോപണം ഉയരുന്നുണ്ട്.
പി എം കെ വഴി രാഷ്ട്രീയത്തിൽ
രാഷ്ട്രീയത്തിലും മൻസൂർ അലി ഖാൻ അരക്കൈ നോക്കിയിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ, പട്ടാളി മക്കൾ പാർട്ടിയെ (പിഎംകെ) പിന്തുണച്ചുകൊണ്ട് മൻസൂർ അലി ഖാൻ രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചു. 1999 ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ പെരിയകുളത്ത് നിന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചു. തീ തുപ്പുന്ന പ്രസംഗങ്ങളുമായി കാശിറക്കി, കാടിളക്കിയായിരുന്നു പ്രചാരണം. പക്ഷേ റിസൾട്ട് വന്നപ്പോൾ എല്ലാവരും ഞെട്ടി. ഒരു ലക്ഷത്തോളം വോട്ടുകൾ നേടി അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. പി എം കെക്ക് കാര്യമായ വേരില്ലാത്ത ആ മണ്ഡലത്തിൽ ഇത്രയും വോട്ടുകൾ ആരും പ്രതീക്ഷിച്ചതല്ല. പലരും കോമഡിയായാണ് മൻസൂറിന്റെ പ്രചാരണത്തെ കണ്ടത്. പക്ഷേ അത് ശരിയല്ല എന്ന് ആ ഒരു ഒറ്റ തെരഞ്ഞെടുപ്പ് തെളിയിച്ചു.
പക്ഷേ മൻസൂറിന്റെ ധാർഷ്ട്യവും താൻ പോരിമയും അവിടെയും വില്ലനായി. വൈകാതെ അയാൾ പാട്ടാളി മക്കൾ കക്ഷിയും വിട്ടു. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്. എന്നാൽ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചരണ ബാനറുമായി വാഹനത്തിൽ സഞ്ചരിച്ചതിന് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടു. ഇതും കേസായി. പിന്നീട് ജന്മാനാടയ ദിണ്ടിഗലിൽനിന്ന് നാം തമിഴർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. പക്ഷേ നാട്ടുകാർ നിഷ്‌ക്കരുണം തള്ളി. പിന്നീട് അദ്ദേഹം ആ പാർട്ടി വിട്ടു, 'തമിഴ് ദേശിയ പുളിഗൽ' എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. അത് ഇപ്പോൾ ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കും എന്ന മട്ടിൽ തുടരുന്നുണ്ട്. പക്ഷേ ഇപ്പോൾ രാഷ്ട്രീയത്തിലുള്ള കമ്പം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കയാണ്. അല്ലെങ്കിൽ രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് ഖാൻ തിരിച്ചറിയുന്നുവെന്ന് ചുരുക്കം.
'വിവേകിനെ കൊന്നത് കോവിഡ് വാക്സിൻ'
പക്ഷേ ഈ നടൻ ശരിക്കും പെട്ടുപോയത് കോവിഡിനെതിരെ ഭീതിവ്യാപാരം നടത്തിയതിനാണ്. 2021 ഏപ്രിലിൽ കോവിഡ് വാക്സിനേഷനെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിന് ഖാനെ അറസ്റ്റ് ചെയ്യുക മാത്രമല്ല, 2 ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ആ പിഴയടച്ചാണ് ഒരു വിധത്തിൽ നടൻ തടിയൂരിയത്.
തമിഴ് നടൻ വിവേകിന്റെ അകാലത്തിലുള്ള വിയോഗം സിനിമാലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു വിവേകിന്റെ മരണം. എന്നാൽ വാക്സിൻ നൽകിയതുകൊണ്ടാണ് വിവേകിന് പെട്ടെന്ന് മരണം സംഭവിച്ചതെന്നാണ്് നടൻ മൻസൂർ അലിഖാൻ ആരോപിച്ചത്. -''ഇവിടെ ചോദിക്കാനും പറയാനും ആളില്ല. നടൻ വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം കുഴപ്പത്തിലാക്കിയത് കോവിഡ് വാക്‌സിൻ ആണ്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു, ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. ഞാൻ മാസ്‌ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പവും തെരുവ് നായകൾക്കൊപ്പവും, ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോകുന്നത്? ശ്വാസകോശത്തിന് കുഴപ്പമുണ്ടാക്കും. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കോവിഡ് വാക്‌സിൻ കുഴപ്പമില്ലെന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. 100 കോടി ഇൻഷുറൻസ് തരൂ, കോവിഡ് വാക്‌സിൻ എടുക്കുന്നവർക്ക്''- ഇങ്ങനെയായിരുന്നു രോഷത്തോടെയുള്ള ഖാന്റെ പ്രതികരണം.
എന്നാൽ വിവേകിന്റെ മരണവും വാക്സിനുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് വിശദമായ അന്വേഷണത്തിൽ വെളിപ്പെട്ടു. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നും ആധുനിക ചികിത്സക്ക് എതിരായിരുന്നു ഖാൻ തനിക്ക് അസുഖം വന്നപ്പോൾ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയൽ ചികിത്സ നേടിയതും ട്രോൾ ആയി. ( അലോപ്പതി മരുന്നുകൾ കടലിൽ എറിയണം എന്ന് പറഞ്ഞ നമ്മുടെ നടൻ ശ്രീനിവാസന്റെ അതേ അവസ്ഥ). വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ഖാനെ ചെന്നൈയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രവേശിപ്പിച്ചത്. വൃക്കയിലെ കല്ല് മാറ്റാനായി ശസ്ത്രക്രിയ നടത്തിയശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി തമിഴ് സോഷ്യൽ മീഡിയയിൽ ഈ ആശുപത്രിവാസവും വിവാദമായിരുന്നു.
തന്നെ തല്ലിയെന്ന് ഹരിശ്രീ അശോകൻ
ഇപ്പോൾ തൃഷ വിവാദത്തെത്തതുടർന്ന് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരികയാണ്. ഇയാളുടെ സൈക്കോ സ്വാഭാവം വെളിപ്പെടുത്തുന്നതായിരുന്നു നടൻ ഹരിശ്രീ അശോകന്റെ വെളിപ്പെടുത്തൽ. സത്യം ശിവം സുന്ദരം ലൊക്കേഷനിൽ വെച്ച് മൻസൂർ അലി ഖാനിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്നു എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. കൂടാതെ ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ എന്നും ഹരിശ്രീ അശോകൻ പറയുന്നു.
''സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധന്മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.
രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു. 'നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന്' ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്.'' സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ മൻസൂർ അലി ഖാനെ പറ്റി സംസാരിച്ചത്.
ലിയോയുടെ വിജയാഘോഷ വേദിയിൽ താരം പറഞ്ഞ മഡോണയെക്കുറിച്ചുള്ള പരാമർശവും ചർച്ചയാവുന്നുണ്ട്. ചിത്രത്തിൽ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മൻസൂറിന്റെ വാക്കുകൾ. അർജുൻ, തൃഷ, മഡോണ എന്നിവരെക്കുറിച്ചാണ് നടൻ പറഞ്ഞത്. ''ആക്ഷൻ കിങ് അർജുൻ. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ അത്തരം ഒരു സീൻ പോലും ലിയോയിൽ ഉണ്ടായില്ല. ആക്ഷൻ കിംഗിന്റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിനൊപ്പം ആക്ഷൻ ചെയ്താൽ 8- 10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവർ തൃഷയെ ഫ്ലൈറ്റിൽ കൊണ്ടുവന്ന് ഫ്ലൈറ്റിൽ കയറ്റിവിട്ടു.
അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റിൽ വന്നപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങൾ കഥാപാത്രം ആയിരുന്നു''- ഇങ്ങനെയാണ് മൻസൂർ പറഞ്ഞത്. എന്നാൽ മൻസൂറിന്റെ വാക്കുകൾ കേട്ട് മഡോണയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള കമന്റുകളും ഈ വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. മൻസൂറിന്റെ വാക്കുകളോടുള്ള അതൃപ്തിയും വിയോജിപ്പും മഡോണയുടെ മുഖത്ത് പ്രകടമാണെന്നാണ് എക്സിൽ വരുന്ന പല കമന്റുകളും.
തമന്നക്കും രജനിക്കുമെതിരെ
നേരത്തെ നടി തമന്നക്കെതിരെയും ഇയാൾ ലൈംഗിക അധിക്ഷേപം നടത്തിയിരുന്നു. മൻസൂർ അലിഖാൻ അഭിനയിച്ച സരകു എന്ന സിനിമയിലെ ഗാനരംഗത്തിന് സെൻസർ ബോർഡ് കത്തിവെച്ചിരുന്നു. ഇതിനെതിരെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് നടൻ ജയിലറിലെ തമന്നയുടെ നൃത്തരംഗത്തിനെതിരെ രംഗത്ത് എത്തിയത്. കാവാല ഗാനരംഗത്തിൽ കാണിച്ചിടത്തോളം സെക്‌സിയായും മോശമായും താൻ തന്റെ ഗാനരംഗത്ത് കാണിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് സെൻസർ കട്ട് ചെയ്തതെന്നുമാണ് മൻസൂർ അലിഖാൻ ചോദിച്ചത്. ചില അധിക്ഷേപ പരാമർശങ്ങളും നടൻ നടത്തി. വാർത്താസമ്മേളനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപകവിമർശനമാണ് നടനെതിരെ ഉണ്ടായത്.
നടൻ രജനീകാന്തിനെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ട ഏക സെലിബ്രിറ്റിയാണ് അദ്ദേഹം. നഗരം എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രസംഗം ആ രീതിയിൽ ആയിരുന്നു. സൂപ്പർസ്റ്റാർ രജനികാന്തിനെയും അദ്ദേഹത്തിന്റെ പ്രായത്തെയും അദ്ദേഹം ആക്രമിച്ചു.
'മുമ്പ് ഇവിടെ സംസാരിച്ച ആളുകൾക്ക് തന്റെ പേര് പറയാൻ ഭയമായിരുന്നു, പക്ഷേ അത് പറയേണ്ടതുണ്ട്. എന്തുകൊണ്ട് നമുക്ക് ധൈര്യമായി അത് രജനികാന്ത് ആണെന്ന് പറയാൻ കഴിയുന്നില്ല? അക്ഷരാർത്ഥത്തിൽ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം, പക്ഷേ ഇപ്പോഴും തുടർച്ചയായി ഒന്നിന് പുറകെ ഒന്നായി സിനിമകളിൽ അഭിനയിക്കുന്നു. സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയാണ്. ചെറിയ ബജറ്റ് ചിത്രങ്ങൾ തിയേറ്ററുകളിൽ വേണ്ടത്ര ഓടാത്തതിൽ ഇവിടെ പ്രസംഗകർ പരാതിപ്പെടുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
താരതമ്യേന പുതുമുഖങ്ങളുള്ള ഒരു ചെറിയ സിനിമ കാണാൻ ആരാണ് തയ്യാറെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു? ആരാണ് ഒരു ചെറിയ സിനിമ കാണാൻ തിയേറ്ററിൽ വരുന്നത്? വലിയ താരചിത്രങ്ങൾക്ക് വേണ്ടി മാത്രമാണ് അവർ പണം ചിലവഴിക്കുന്നത്, അതിനാൽ ആ ചിത്രങ്ങൾ മാത്രമേ വിജയിക്കുകയുള്ളൂ''- ഇങ്ങനെയാണ് മൻസൂർ പറഞ്ഞത്. രജനിയെപ്പോലുള്ള താരങ്ങൾ ഇപ്പോഴും അരങ്ങൊഴിയാതെ നിൽക്കുന്നതിനാലാണ് ചെറിയ പടങ്ങൾ വിജയിക്കാത്തത് എന്നായിരുന്നു ഇതിലെ പരോക്ഷ വിമർശനം. ഇതും വലിയ വിവാദമായി. രജനി ഫാൻസ് ഖാനെതിരെ കൂട്ടമായി രംഗത്തെത്തി.
പറഞ്ഞത് തമാശയെന്ന്
അതിനിടെ തൃഷക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ പ്രതികരണവുമായി മൻസൂർ അലിഖാൻ രംഗത്തെത്തി.-'മനുഷ്യനെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. എന്റെ വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടതില്ല. എനിക്കെതിരെയുള്ള അപകീർത്തിപ്രചാരണമല്ലാതെ ഇതിൽ മറ്റൊന്നുമില്ല. മനുഷ്യരാശിക്ക് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. തമിഴ് ജനതയ്ക്ക് എന്നെ അറിയാം. ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. തമാശയായാണ് ഞാൻ അങ്ങനെ പറഞ്ഞത്. എഡിറ്റ് ചെയ്ത വീഡിയോ ആയിരിക്കാം തൃഷ കണ്ടത്. അതാണ് അവർക്ക് അങ്ങനെയൊരു തെറ്റിധാരണ വന്നത്. എന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്''- മൻസൂർ അലിഖാൻ പറഞ്ഞു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നിയെന്ന് ലിയോ സംവിധായകൻ ലോകേഷ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ലോകേഷിന്റെ കുറിപ്പ്. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.
മൻസൂർ അലി ഖാന്റെ വാക്കുകൾ അത്രമേൽ വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. പരസ്യമായും പ്രത്യാഘാതങ്ങളേക്കുറിച്ച് ആശങ്കപോലുമില്ലാതെയാണി അദ്ദേഹം സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്നും ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണെന്നും മാളവിക കൂട്ടിച്ചേർത്തു.
ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം രംഗത്തെത്തി. പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരിഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. പക്ഷേ എന്നിട്ടും ഖാന് വലിയ കുലുക്കുമൊന്നും കാണുന്നില്ല.
വാൽക്കഷ്ണം: 'കൈ വിട്ട വാക്കും വാ വിട്ട ആയുധവും' തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഇനി എപ്പോഴാണ് ഈ നടൻ പഠിക്കുക. മൻസൂറിന്റെ ഒരോ കോപ്രായങ്ങൾ കാണുമ്പോൾ സത്യത്തിൽ പിണറായിക്ക് മുന്നിൽ എഴുനേറ്റ് നിന്ന ഭീമൻ രഘുവിനെയാണ് ഓർമ്മവരുന്നത്. അല്ലെങ്കിലും പഴയകാല വില്ലന്മാർ കൊമേഡിയന്മാർ ആവുന്നതാണെല്ലോ, ഇപ്പോഴത്തെ ട്രെൻഡ്!