- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
1906ൽ ലണ്ടനിലെ ഇന്ത്യാഹൗസ്. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ അവിടെക്കുടിയ വിപ്ലവകാരികളുടെ ഇടയിലേക്ക് സാക്ഷാൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയെത്തുന്നു. സസ്യാഹാരിയായ ഗാന്ധി അവിടെ, ചിദ്ഭവൻ ബ്രാഹ്മണനായ ഒരു വിപ്ലവകാരി കൊഞ്ച് കറി പാചകം ചെയ്യുന്നത് കണ്ട് സ്തബ്ധനായിപ്പോയി! അയാളായിരുന്നു വിനായക് ദാമോദർ സവർക്കർ എന്ന വി ഡി സവർക്കർ. ഗാന്ധിജിയുടെ അമ്പരപ്പ് കണ്ട് സവർക്കർ പറഞ്ഞു. '' ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ പോവുന്നത്. ഇത് വെറുമൊരു പുഴുങ്ങിയ മത്സ്യമാണ്. നമുക്ക് വേണ്ടത് ബ്രിട്ടീഷുകാരെ ജീവനോടെ തിന്നാൻ കഴിയുന്നവരെയാണ്''.- അതായിരുന്നു സവർക്കരുടെ ഒരു ലൈൻ. സസ്യാഹാരത്തിൽ കടിച്ച് തൂങ്ങാതെ, മാംസാഹാരം തിന്ന് കരുത്തരാവണം. അങ്ങനെയാണ് നമുക്ക് വൈദേശിക ശക്തികളെ തുരത്താൻ കഴിയുക എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
പശു ഒരു പാവം മൃഗമാണെന്നും, അതിനെ ആരാധിക്കരുതെന്നും പറഞ്ഞ സവർക്കർ, ഭാരതത്തിന്റെ ആരാധനാ മുർത്തിയായി ഉയർത്തിക്കാട്ടിയത് നരസിംഹത്തെ ആയിരുന്നു. ജാതി വേണ്ട, തൊട്ടുകൂടായ്മയും തീണ്ടിക്കാടായ്മയും പാടില്ല, എല്ലാവർക്കും വിദ്യാഭ്യാസംവേണം, ഇഷ്ടമുള്ള തൊഴിലൊടുക്കാനുള്ള സ്വാതന്ത്ര്യം വേണം എന്നൊക്കെ എഴുതി സ്വ സമുദായത്തിൽനിന്നുപോലും അദ്ദേഹം വലിയ എതിർപ്പ് സമ്പാദിച്ചു. ജാതി നിർമ്മാർജന പ്രവർത്തനങ്ങളിലും ദലിതരുടെ അവസ്ഥ ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിതുകൊണ്ട് അംബേദ്്ക്കർ, ബുദ്ധന് തുല്യനായാണ് ഒരു ലേഖനത്തിൽ സവർക്കറെ വിശേഷിപ്പിക്കുന്നത്.
ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച ആദ്യ ദേശീയ സമര നായകൻ, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന്റെ പേരിൽ സർവ്വകലാശാല ബിരുദം പിൻവലിച്ച ആദ്യ സ്വാതന്ത്യ സമര നായകൻ, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇരട്ട ജീവപര്യന്തവും ഏറ്റവും കൂടുതൽ ശിക്ഷയും ലഭിച്ച വ്യക്തി.... അങ്ങനെ പറയുകയാണെങ്കിൽ ഒരുപാട് വിശേഷണങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ അതൊന്നും ആരും അറിയില്ല. 'ഷൂ നക്കി' എന്നാണ് സവർക്കർക്ക് പൊതുവേ കേരളത്തിൽ പറയുക. സോഷ്യൽ മീഡിയയിൽ ഇസ്ലാമോ- ലെഫ്റ്റ് സൈബർവിങ്ങിന്റെ സ്ഥിരം വാക്കാണിത്. സവർക്കർ ആൻഡമാൻ ജയിലിൽ അടക്കപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടു എന്നതിന്റെ പേരിലാണ് ഈ അധിക്ഷേപ പദം, ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പര്യായം പോലെ കേരളത്തിൽ ഉറച്ചുപോയത്. ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു, ' മാപ്പെഴുതിക്കൊടുക്കാൻ തന്റെ പേര് സവർക്കർ എന്നല്ല ഗാന്ധിയെന്നാണെന്ന്''. ഇതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കയാണ്. തങ്ങളുടെ ദൈവമാണ് സവർക്കർ എന്നാണ് ഉദ്ധവ് താക്കറേ പറയുന്നുത്.
നിഷ്പക്ഷമായി ചരിത്രം പരിശോധിക്കുമ്പോൾ, കൃത്യമായ രണ്ടുഘട്ടങ്ങൾ വീർ സവർക്കറുടെ ജീവിതത്തിൽ കാണാം. ദേശീയ സ്വതന്ത്ര്യസമരത്തിൽ പ്രചോദിതമായ വിപ്ലവകാരിയായ കൗമാരം. ഇക്കാലത്ത് അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി വാദിച്ച നേതാവ് ആയിരുന്നു. എന്നാൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കഴിഞ്ഞശേഷം, അദ്ദേഹം തിരിച്ചുവരുന്നത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്ത് നിർത്തുന്ന ഹിന്ദുത്വവാദിയായിട്ടാണ്. അതിനുശേഷം ഹിന്ദുമഹാസഭയിലുടെ സാംസ്കാരിക ദേശീയതയുടെയും ഹിന്ദുത്വയുടെയും വക്താവായി. ഒടുവിൽ ഗാന്ധി വധത്തിൽ ആരോപിതനായി. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന്റെ പാപക്കറയിൽനിന്ന് അദ്ദേഹത്തിന് പുർണ്ണമായും മോചിതനാവൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് പട്ടിണി കിടന്നാണ് അദ്ദേഹം ഋഷിതുല്യമായി മരണത്തെ സ്വയംവരിച്ചത്.
16ാം വയസ്സിൽ വിപ്ലവകാരി
1883 ൽ മഹാരാഷ്ട്ര സംസ്ഥാനത്തെ നാസിക് ജില്ലയിലെ ഭാഗൂരിലെ ഒരു പുരാതന ബ്രാഹ്മണ കുടുംബത്തിലാണ് സവർക്കർ ജനിച്ചത്. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേശ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയുമാണ് ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. 1899ൽ പിതാവും മരിച്ചതോടെ, ജ്യേഷ്ഠസഹോദരനായ ഗണേശാണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.
സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായക് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർ പഠനത്തിനായി നാസിക്കിലേക്കു പോയി. 1901 ൽ മെട്രിക്കുലേഷൻ പാസ്സായതോടെ, തുടർ പഠനത്തിനായി പൂണെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ഈ കാലഘട്ടത്തലാണ് ബാലഗംഗാധര തിലകനെ പരിചയപ്പെടുന്നത്. ഈ ബന്ധം തന്നിൽ ദേശസ്നേഹം ആളിക്കത്തിച്ചുവെന്ന് തന്റെ ആത്മകഥയിൽ സവർക്കർ പറയുന്നുണ്ട്.
16ാം വയസ്സിൽ വിപ്ലവ പ്രവർത്തനം തുടങ്ങിയ ആളാണ് സവർക്കർ. രാജ്യത്തിന്റെ പൂർണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി വി ഡി സവർക്കറും ,ഗണേശ് സവർക്കറും സ്ഥാപിച്ച വിപ്ലവ സംഘടന ആയിരുന്നു 'മിത്ര മേള'. ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത്.
ഫെർഗൂസൻകാലത്തുതന്നെ തിലകന്റേയും ബിപിൻ ചന്ദ്രപാലിന്റേയും ലജ്പത് റോയിയുടേയും ആവേശം ഉൾകൊണ്ട് ബംഗാൾ വിഭജന വിരുദ്ധ പ്രക്ഷോഭത്തിന്റേയും സ്വദേശി പ്രക്ഷോഭത്തിന്റേയും മുന്നണി പോരാളിയായി സവർക്കർ മാറി. 1905 ൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശ സാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ അദ്ദേഹം ഭാഗഭാക്കായി. അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂണെയിൽ വച്ച് വിദേശ വസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു.
ലണ്ടനിലെ കലാപകാരികൾ
ഛത്രപതി ശിവജി, ഇറ്റാലിയൻ നേതാവ് ജോസഫ് മസീനി, ബാലഗംഗാധര തിലകൻ... ഈ മൂന്നുപേർ ആയിരുന്നു സവർക്കറുടെ ഹീറോകൾ. അക്കാലത്ത് കോൺഗ്രസിലും, സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളിൽ, രണ്ടാമത്തേതിനൊപ്പമായിരുന്നു സവർക്കർ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സവർക്കർ ആഗ്രഹിച്ചത്.
1906 ജൂൺ 9ന് ഡിഗ്രി പൂർത്തിയാക്കിയ സവർക്കർ, ശ്യാംജി കൃഷ്ണവർമ്മയുടെ സഹായത്താൽ ഇംഗ്ലണ്ടിൽ നിയമം പഠനത്തിന് ചേർന്നു. തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. ദേശ സ്നേഹികളായ നിർവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരിൽ ലണ്ടനിൽ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു. പ്രസിദ്ധമായ '1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം' എന്ന പുസ്തകം അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്. ശിപായി ലഹളയെന്ന് ആക്ഷേപിച്ച വിപ്ലവത്തെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരമെന്ന് പ്രഖ്യാപിച്ച ആദ്യ നേതാവായും സവർക്കർ അറിയപ്പെടുന്നു.
1909 ജൂലൈ 1 നു മദൻ ലാൽ ഡിങ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പൊലീസ് തീരുമാനിച്ചു. അതിനിടെ കപ്പലിൽവെച്ച് സവർക്കറെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കയും അദ്ദേഹം കടലിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ഫ്രാൻസിൽവെച്ച് പിടിയിലായി. തുടർന്ന് അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിച്ചു. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 63 കൊല്ലത്തെ തടവു ശിക്ഷയാണ് സവർക്കർക്ക് കിട്ടിയത്. ഇതുതന്നെ ബ്രിട്ടീഷുകാർക്ക് സവർക്കർ എന്തുമാത്രം തലവേദന ആയിരുന്നുവെന്നതിന്റെ തെളിവാണ്. സ്വാതന്ത്ര്യ സമര കാലഘടത്തിൽ ഒരു ഇന്ത്യക്കാരന് കിട്ടുന്ന ഏറ്റവും ഉയർന്ന ശിക്ഷയാണിത്.
കാലാപാനിയിലെ ക്രുരതകൾ
ബ്രീട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ അറിയപ്പെട്ടത് കാലാപാനി എന്ന പേരിലായിരുന്നു. ക്രൂരതകൾക്ക് പേരുകേട്ട ഈ ദ്വീപിലെ ജയിൽ ജീവിതമാണ് 'കാലപാനി' എന്ന മോഹൻലാൽ സിനിമയുടെ ഉള്ളടക്കം. ഇവിടുത്തെ സെല്ലുലാർ ജയിലിലാണ് സവർക്കറെ അടച്ചത്. നേരെ നിവർന്നു കിടക്കാനോ നിൽക്കാനോ സാധിക്കാത്ത സൂര്യപ്രകാശം കടക്കാത്ത ജയിലറ. ദ്വീപിലെ പുല്ല് പുഴുങ്ങിതാണത്രേ ഭക്ഷണം. എന്നിട്ടും സവർക്കർ പിടിച്ചു നിന്നു. ജയിലിലെ ഭിത്തിയിൽ സ്പൂണുകൾ കൊണ്ട് 'ജയോസ്തുതേ, ജയോസ്തുതേ...' എന്നത് അടക്കമുള്ള ദേശീയത ജ്വലിപ്പിക്കുന്ന നിരവധി കീർത്തനങ്ങൾ അദ്ദേഹം എഴുതി.
ആദ്യം ആറുമാസമായിരുന്നു ഏകാന്ത തടവ്. അത് അവിടുത്തെ പതിവായിരുന്നു. അതിനു ശേഷം കൂടെയുള്ള തടവുകാർക്ക് എഴുത്തെഴുതി എന്ന കുറ്റം ചുമത്തി ഒരു മാസം വീണ്ടും എകാന്ത തടവ്. വീണ്ടും കത്തെഴുതി. വീണ്ടും പിടിക്കപ്പെട്ടു. ഇക്കുറി ഏഴുദിവസം നിൽക്കാനായിരുന്നു ശിക്ഷ, വെറുതെ നിൽക്കാനല്ല കൈ ഉയർത്തി ഒരു ചട്ടത്തിൽ ബന്ധിച്ചിട്ടുള്ള വിലങ്ങിൽ ബന്ധിപ്പിക്കും. ഭക്ഷണത്തിനും പ്രാഥമിക കൃത്യത്തിനും മാത്രം മോചനം. വീണ്ടും അതുപോലെ തന്നെ.
മറ്റൊരാൾ എഴുതിയ കുറിപ്പ് കയ്യിൽ സൂക്ഷിച്ചതിന് പിന്നെയും കിട്ടി ഒരുമാസം ഏകാന്ത തടവ്. പുറത്തിറങ്ങി അടിമ ജോലി ചെയ്യാൻ വിസമ്മതിച്ചതിനു വീണ്ടും ഏകാന്ത തടവിലായി. 1914 ജൂൺ എട്ടിനു പിന്നെയും കൈവിലങ്ങിട്ട് നിർത്തി. ജൂൺ 15 ന് ശിക്ഷ കഴിഞ്ഞു.ജൂൺ 16 മുതൽ അടുത്ത ശിക്ഷ, നാലു മാസം ചങ്ങലക്കിടാൻ. തൊട്ടടുത്ത ദിവസം ക്രോസ്സ് ബാർ ഫെറ്റേഴ്സ് ഇട്ടു നിൽക്കാൻ ശിക്ഷ. പത്തു ദിവസം കഴിഞ്ഞപ്പോഴ് ക്രോസ്സ് ബാർ മാറ്റി. ചങ്ങലയ്ക്കിടൽ നാലുമാസം കൂടി നീണ്ടു നിന്നു.
അതിനിടയിൽ എണ്ണച്ചക്കാട്ടലും, തൊണ്ട് തല്ലലും ഒക്കെ. അസുഖം വന്നപ്പോൾ നേരായ രീതിയിൽ മരുന്ന് പോയിട്ട് ഭക്ഷണം പോലും കിട്ടിയില്ല. അതേ ജയിലിലുള്ള സ്വന്തം സഹോദരൻ ബാബാറാവു സവർക്കറെ കാണാൻ അനുവദിച്ചത് 9 വർഷം കഴിഞ്ഞ്. ഭാര്യയെ കണ്ടത് പത്തുവർഷത്തിനു ശേഷമാണ്.
ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹരജികൾ നൽകുകയുണ്ടായി. നാലാമത്തെ ദയഹർജിയാണ് അംഗീകരിക്കപ്പെട്ടത്. ഈ ദയാഹരജിയിൽ അദ്ദേഹം ഇനി ബ്രിട്ടീഷുകാർക്ക് എതിരെ സമരത്തിന് ഇറങ്ങില്ലെന്ന് എഴുതി നൽകിതാണ് വിവാദമാകാറുള്ളത്. അതേസമയം, സവർക്കറുടെ ദയാഹരജി എന്ന് പറഞ്ഞു സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത് ഒക്കെയും വ്യാജമാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് സവർക്കർ എവിടെയും പറഞ്ഞിട്ടില്ല. സവർക്കറുടെ നാല് ഹരജിയും തള്ളപ്പെടുകയാണ് ഉണ്ടായത്. അതിനാൽ തന്നെ മാപ്പെഴൂതിയാണ് സവർക്കർ പുറത്തുവരുന്നത് എന്ന് ശരിയല്ല എന്നുമാണ് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നത്.
ബ്രിട്ടീഷ് ഭരണസംവിധാനത്തിന് കത്തെഴുതുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ഉപചാരവാക്കുകൾ ചൂണ്ടിക്കാട്ടിയാണ് സവർക്കറെ അപമാനിക്കുന്നത് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. കോൺഗ്രസുകാരും, കമ്യൂണിസ്ററുകാരും അടക്കമുള്ള നിരവധി സ്വാതന്ത്രസമര സേനാനികൾ ഇതുപോലെ മാപ്പ് എഴുതിയിട്ടുണ്ട്. പക്ഷേ ഷൂ നക്കിപ്പട്ടം അവർ സവർക്കാർക്ക് മാത്രമാണ് കൊടുക്കുന്നത്. പക്ഷേ നോക്കുക, ആൻഡമാൻ തടവറയിലെ, തലനിവർത്താൻ പോലും കഴിയാതെ കുനിഞ്ഞ് ഒറ്റ സെല്ലിലുള്ള ഏകാന്തവാസം എത്രമാത്രം അസഹനീയമായിരിക്കും. ഇതിൽനിന്ന് പുറത്തുചാടാൻ ആരാണ് ആഗ്രഹിക്കാതിരിക്കുക. മാനസിക നിലതെറ്റിപ്പോയവർ സെല്ലുലാർ ജയിലിൽ നിരവധിയാണ്. സഹിക്കാൻ കഴിയാതെ പലരും ആത്മഹത്യ ചെയ്തു. ഈ നരകത്തിലനിന്ന് രക്ഷപ്പെടാനായി ആരും മാപ്പ് എഴുതിപ്പോകും. പൊലീസ് തല്ലിച്ചതച്ച് കുറ്റം സമ്മതിക്കുന്നതുപോലെയാണ് ഇതെന്നാണ്, സവർക്കറുടെ ജീവിതം പഠിച്ച വിക്രം സമ്പത്ത് എഴുതുന്നത്.
സ്വാതന്ത്യത്തിന് ശേഷം സെല്ലലാർ ജയിൽ ഇടിച്ചു നിർത്തി ഹോസ്പിറ്റൽ നിർമ്മിക്കാൻ നെഹ്റു തീരുമാനിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. പിന്നീട് മൊറാർജി ദേശായി പ്രധാനമന്ത്രിയായ കാലത്താണ് സവർക്കർ കിടന്ന സെല്ലും ജയിലും സ്മാരകമാക്കി നിലനിർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇന്ന് ആർക്കിയോളിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമാണിത്.
ജാതി വേണ്ട, വ്യവസായം വേണം
അന്നത്തെ ഇന്ത്യൻ നേതാക്കളുടെ നിലവാരം അനുസരിച്ച് ശരിക്കും ഒരു സാമൂഹിക പരിഷ്ക്കർത്താവായിരുന്നു സവർക്കർ. ആധുനികതയോടും യന്ത്ര സംസ്ക്കാരത്തോടും അദ്ദേഹം ഒരിക്കലും പുറം തിരിഞ്ഞ് നിന്നില്ല. മാനവനെ അതിമാനവനാക്കുന്ന ശാസ്ത്രത്തിന്റെ വരമാണ് യന്ത്രം എന്നാണ് സവർക്കറിന്റെ പക്ഷം. യന്ത്രങ്ങളും പുരോഗതിയും സാങ്കേതികവിദ്യയും വ്യവസായവും വേണമെന്ന് സവർക്കർ കരുതി. 'സ്പിന്നിങ്ങ് വീൽസ് കൊണ്ട് കറക്കിക്കൊണ്ടിരുന്നാൽ മാത്രം രാജ്യത്ത് പുരോഗതിയുണ്ടാവില്ല' എന്ന് പരസ്യമായി എഴുതി ഗാന്ധിജിയോട് വിയോജിച്ചു.
ജാതിയും ഉച്ചനീചത്വങ്ങളും ഹിന്ദുമതത്തെ നശിപ്പിക്കുന്നതിനെതിരെ സവർക്കർ ശബ്ദമുയർത്തി. ഹിന്ദു സമൂഹത്തെ കാർന്നു തിന്നുന്ന ഏഴ് വിലക്കുകളെ ചൂണ്ടിക്കാട്ടി. ഓത്തുവിലക്ക്, പണിവിലക്ക്, തൊടുവിലക്ക്, കടൽവിലക്ക്, മതവിലക്ക്, തീൻവിലക്ക്, പെൺവിലക്ക് എന്നിങ്ങനെ. വിദ്യഎല്ലാവർക്കും കൊടുക്കണം, ജോലിയിൽ വിവേചനം പാടില്ല, അയിത്തം പാടില്ല, കടൽ കടന്ന് പോകാൻ പാടില്ല എന്നത് ശരിയല്ല, മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല, എല്ലാ ജാതിക്കാരും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കണം, പെൺകുട്ടികളോട് വിവേചനം പാടില്ല എന്ന് ഒരു നുറ്റാണ്ടുമുമ്പേ അദ്ദേഹം പറഞ്ഞു. രത്നഗിരിയിൽ 'പതിത പാവനക്ഷേത്രം' എന്നൊരു ക്ഷേത്രം നിർമ്മിച്ച് ജാതിമത ഭേദമന്യേ ഏവർക്കുമായി തുറന്നുകൊടുത്തു. വിദ്യാലയങ്ങളിലെ സവർണ്ണാവർണ്ണ ഭേദത്തിനെതിരെ അദ്ധ്യാപകരെ ബോധവാന്മാരാക്കി. ജാതിക്കും തൊട്ടുകൂടായ്മക്കും, തീണ്ടലും എതിരെ അദ്ദേഹം നിരവധി പ്രസംഗങ്ങളും എഴുത്തുകളും നടത്തി. അതുകൊണ്ടാണ് അംബേദ്ക്കർ സവർക്കറെ ബുദ്ധനോട് ഉപമിച്ചത്.
പശുവിനെക്കുറിച്ചുള്ള സവർക്കറുടെ നിരീക്ഷണം നോക്കുക. ''പശു സുന്ദരമായ മൃഗമാണ്, അതിനെ സംരക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ ആരാധിക്കരുത്. പുല്ലുതിന്നുന്ന സ്വന്തം ചാണകത്തിനമേൽ കിടന്ന് മെഴുകുന്ന ഒരു ജീവിയെ, ഒരു ദേവതയാക്കി മാറ്റുകയും, എന്നാൽ ഒന്നാന്തരം ചിന്തകരായ അംബേദ്ക്കറെയും ചൊക്കമേലെ പോലുള്ളവരെ താണജാതിയായി കാണുകയും ചെയ്യുന്നത് മനുഷ്യനോടുള്ള ഏറ്റവും കുറ്റകരമായ കാര്യമാണ്. മനുഷ്യനെയും ദൈവത്തെയും അപമാനിക്കുന്നത് തുല്യമാണ്''. ( ചൊക്കേമേല എന്നത് അംബേദ്ക്കർക്ക് സമകാലികനായ മറ്റൊരു ദലിത് ചിന്തകനാണ്) അതായത് ഇന്ന് നാം കാണുന്ന പശുരാഷ്ട്രീയത്തിന്റെ ഉറവിടം സവർക്കർ അല്ല. പക്ഷേ ഗോഹത്യ കൊലകൾ ഉണ്ടാവുമ്പോൾ സവർക്കറുടെ പടംവെച്ചുപോലും പ്രതിഷേധം ഉണ്ടാവാറുണ്ട്. പശുവല്ല നരസിംഹമാണ് നമ്മുടെ ദേശീയ മൃഗം എന്നാണ് സവർക്കർ പറയുന്നത്.
ഹിന്ദുത്വയും ഗാന്ധി വധവും
സെല്ലുലാർ ജയിലിൽനിന്ന് പുറത്തവരുമ്പോൾ സവർക്കറിന്റെ ജീവിത ദർശനങ്ങളും മാറകയാണ്. ശിപായി ലഹളയെക്കുറിച്ച് പുസ്തകം എഴുതിയ സമയത്തെ ഹിന്ദു മുസ്ലിം മൈത്രിയൊക്കെ അദ്ദേഹം കളയുന്നു. സവർക്കറുടെ ആശയധാരയുടെ എതിർപക്ഷത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരികയാണ്. ആൻഡമാനിലെ മുസ്ലീങ്ങളായ സെക്യൂരിറ്റി ഓഫീസർമാരും, ഗാർഡുമാരും അദ്ദേഹത്തോടെ വളരെ ക്രുരമായാണ് പെരുമാറിയത് എന്നും എസ് എസ് ദത്തയെപ്പോലുള്ള ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. നാട്ടിലെത്തിയ സവർക്കർ ഹിന്ദുത്വ എന്നും ഹിന്ദുരാഷ്ട്രം എന്ന ആശയത്തിലേക്ക് പൂർണ്ണമായും മാറുന്നു. സാംസ്കാരിക ദേശീയതയുടെ ശക്തനായ ഒരു വക്താവായി മാറുന്നു.
1937 മുതൽ അഞ്ച് വർഷം, അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന സവർക്കർ. ആർഎസ്എസുമായി നല്ല ബന്ധം പുലർത്തിയിരുന്നു. പക്ഷേ പലപ്പൊഴും ആർസ്എസിന്റെ നയങ്ങളെ ശക്തി യുക്തം സവർക്കർ എതിർത്തു. സംഘത്തിന് തീവ്രത പോരാ എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചതും സവർക്കറാണെന്നതിന് ചരിത്ര രേഖകൾ ഉണ്ട്. മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരു രാജ്യമായി കഴിയാൻ സാധിക്കില്ല എന്ന അപകടമായ വാദം ആയിരുന്നു അത്. ഒരു ശരീരത്തിലെ സാമ്യമില്ലാത്ത രണ്ട് അവയവങ്ങളാണ് ഹിന്ദുക്കളും മുസ്ലീങ്ങളും എന്നായിരുന്നു അദ്ദേഹത്തിന്റെ മാറിയ വീക്ഷണം. ഇതിന്റെ സമാനമായ വാദമാണ് ജിന്നയും ഉന്നയിച്ചത്.
ക്വിറ്റ് ഇന്ത്യാസമരത്തിലും, രണ്ടാം ലോക മഹായുദ്ധത്തിലും ബ്രിട്ടീഷ് അനുകൂല നിലപാടാണ് ഹിന്ദുമഹാസഭ സ്വീകരിച്ചത്. 1941ൽ ഭഗൽപ്പൂരിൽ നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ സവർക്കർ ഇങ്ങനെ പറഞ്ഞു. ''ഹിന്ദുതാൽപ്പര്യം സംരക്ഷിക്കാൻ നമ്മൾ യുദ്ധമുഖത്ത് ബ്രിട്ടീഷ് സർക്കാറിനെ സഹായിക്കേണ്ടത് അനിവാര്യമാണ്. ഒരു നിമിഷം പാഴാക്കാതെ രാജ്യത്തെ ഹിന്ദുക്കൾ, പ്രത്യേകിച്ച് ബംഗാൾ അസം പ്രവിശ്യകളിൽ ഉള്ളവർ, സൈന്യത്തിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ചേരണം''.
പക്ഷേ സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിൽ ഉണ്ടായപോലെ മതത്തിന് പ്രത്യക്ഷ ഭരണകൂട സ്വാധീനം ഇന്ത്യയിൽ ഉണ്ടായില്ല. പക്ഷേ ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ അപ്പോഴും നിലനിന്നു. അത് വളർന്നാണ് ഗാന്ധി വധത്തിലേക്ക്വരെ എത്തുന്നത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങൾ സവർക്കറേയും സംശയത്തിന്റെ നിഴലിൽ ആക്കി. ഇതുസംബന്ധിച്ച് സർദാർ വല്ലഭായി പട്ടേൽ അയച്ച ഒരുകത്തിൽ വി ഡി സവർക്കറുടെ പേര് എടുത്തുപറയുന്നുണ്ട്. ഗോഡ്സെയുടെ ആത്മീയ ഗുരുകൂടിയായിരുന്നു സവർക്കർ. അവർ തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നുപോലും ആരോപണം ഉണ്ടായിരുന്നു. പക്ഷേ ഗാന്ധിവധത്തിൽ അന്വേഷണ ഏജൻസികൾ കുറ്റവിമുക്തൻ ആക്കിയെങ്കിലും അദ്ദേഹത്തിന് പിന്നെ പഴയപോലെ സ്വീകാര്യത കിട്ടിയില്ല.
സവർക്കർ നാസ്തികനോ?
ജാതിക്കും മതത്തിലും വിശ്വസിച്ചില്ലെങ്കിലും സവർക്കർ നാസ്തികൻ ഒന്നുമായിരുന്നില്ല. ഇന്ന് സവർക്കറൈറ്റ് നാസ്തിക എന്ന് ഇസ്ലാമോ ഇടതുപക്ഷം ഫേസ്ബുക്കിൽ വ്യാപകമായ തള്ളുന്ന പ്രയോഗംപോലും കല്ലൂവെച്ച നുണയാണ്. ശരിക്കും ദൈവവിശ്വാസി തന്നെയാണ് സവർക്കർ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ തെളിയിക്കുന്നു.
എല്ലാവർക്കും വരാൻ കഴിയുന്ന ക്ഷേത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഭഗവത്്ഗീതയുടെ വലിയ ഒരു ആരാധകൻ ആയിരുന്നു സവർക്കർ. ഗീത അദ്ദേഹത്തിന് ആവേശവും ആശ്വാസവുമായിരുന്നു. ഗീതയുടെ ഉദ്ധരിണികൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും പതിവായി കാണാം. മാത്രമല്ല ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടിന് ഭിന്നമായി പിതൃഭൂമി, മാതൃഭൂമി, പുണ്യഭൂമി തുടങ്ങിയ സാംസ്കാരിക ദേശീയതാ കാഴ്ചപ്പാട് ആയിരുന്നു സവർക്കറുടേത്.
സംസ്കൃതം ദേവഭാഷയാണെന്നും, രാമായണം ചരിത്രമാണെന്നും, സവർക്കർ വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നു. മാത്രമല്ല വാനരസാമ്രാജ്യം യാഥർത്ഥത്തിൽ ഉള്ളതാണെന്നുമായിരുന്നു സവർക്കർ പറഞ്ഞിരുന്നത്. അദ്ദേഹം രണ്ടുരണ്ടര മണിക്കുറൊക്കെ പൂജചെയ്യുന്നത് കണ്ടതിന് സാക്ഷികൾ ഉണ്ട്. അതുപോലെ ഇന്നത്തെ ഘർവാപ്പസി പോലെ, ഹിന്ദുമതത്തിൽവിന്ന് വിട്ടുപോയവരെ ശുദ്ധിക്രിയ ചെയ്ത തിരിച്ചുകൊണ്ടുവരികയായിരുന്നു, ഒരു കാലത്ത് സവർക്കറുടേ പ്രധാന പരിപാടി. ഇങ്ങനെയൊക്കെയുള്ള ഒരാൾ എങ്ങനെയാണ് നാസ്തികൻ ആവുന്നത്. ജാതിയിലും ഉപജാതിയിലും എല്ലാവിധ അന്ധവിശ്വാസത്തിലും അഭിരമിക്കുന്ന, ആധുനികതയോടെ പുറം തിരിഞ്ഞ് നിൽക്കുന്ന ഇന്ത്യൻ നേതാക്കളിൽനിന്ന് ഏറെ ഭേദമായിരുന്നു വീർ സവർക്കർ. പക്ഷേ അദ്ദേഹം ഒന്നാന്തരം വിശ്വാസി തന്നെ ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോൾ മനസ്സിലാവുക.
പട്ടിണി കിടന്ന് മരിക്കുന്നു
സവർക്കറുടെ കടുംബവും അതി ദയനീയമായ ജീവിത സാഹചര്യങ്ങളിലുടെയാണ് കടന്നുപോയത്. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സവർക്കറുടെ ഭാര്യ യമുനഭായി ആരാലും തുണയില്ലാതെ, പലപ്പോഴും ഭക്ഷണം പോലും ലഭിക്കാതെ അലയേണ്ടി വന്നു. 1905 ലാണ് സവർക്കർ -യമുനഭായി ദമ്പതികൾക്ക് ആദ്യപുത്രനായ പ്രഭാകർ ജനിക്കുന്നത്. കുടുംബം സദാസമയം ബ്രിട്ടീഷ് സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഈ സമയത്താണ് പ്രഭാകറിന് വസൂരി പിടിപെടുന്നത്. ഭക്ഷണമോ മരുന്നോ യഥാസമയത്തു ലഭിക്കാതെ മകൻ മരണത്തെ പുൽകുന്നത് അവർക്ക് കണ്ടുനിൽക്കേണ്ടി വന്നു. 15 ദിവസത്തിനകം സവർക്കറുടെ സഹോദരനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു ആൻഡമാൻ ജയിലിലേക്കയച്ചു. ആകെയുള്ള അത്താണിയായിരുന്ന ഗണേശ് സവർക്കറുടെ അറസ്റ് ആ കുടുംബത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തി.
സവർക്കറെ മാത്രമല്ല, അദ്ദേഹത്തിന്റെ അനുജനെയും ജ്യേഷ്ഠനേയും ബ്രിട്ടീഷുകാർ ആൻഡമാൻ ജയിലിൽ അടച്ചിരുന്നു. മൂത്തയാളുടെ ഭാര്യയും ഭർത്താവിനെ ഒരു നോക്ക് കാണാതെയാണ് മരിച്ചത്. സവർക്കർ ഒരു ദളിത് ബാലികയെ ദത്തെടുത്ത് വീട്ടിൽ കൊണ്ട് വന്നു സ്വന്തം മക്കളോടൊപ്പം വളർത്തിയിരുന്നു. അവരെയും യുമുനഭായി വളർത്തി. സവർക്കറുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയാണ് അവർ നൽകിയത്. 1956 ൽ യമുനാഭായി രോഗബാധിതയായി. 1963 നവംബർ 8 നാണ് അവർ മരിക്കുന്നത്.
ആൻഡമാനിലെ സെല്ലുലാർ ജയിലിലെ കഠിനജീവിതം സവർക്കറെയും രോഗിയാക്കിയിരുന്നു. സ്വാതന്ത്ര്യനന്തര ഭാരതത്തിന്റെ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ അധികാര രാഷ്ട്രീയത്തിന്റെ പിറകെ അദ്ദേഹം പോയില്ല. അവസാനകാലത്ത് പലപ്പോഴും സവർക്കർ നിർവികാരനായാണ് കാണപ്പെട്ടത്. 1966 ഫെബ്രുവരി മാസത്തിൽ അദ്ദേഹം മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു. ഇതിനെക്കുറിച്ച് അണികൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണത്തിന് മുൻപ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'ആത്മഹത്യ കെ ആത്മാർപ്പൺ' എന്നായിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ, ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്''.
ഒടുവിൽ 1966 ഫെബ്രുവരി 26-ന് തന്റെ 83ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരിച്ചു എന്ന് പറയുന്നതിനോക്കാൾ നല്ലത് ബോധപൂർവം ആത്മഹത്യ ചെയ്തു എന്നു തന്നെ ആയിരുന്നു.
മരണസമയമടുത്തപ്പോഴുള്ള കുറിപ്പിൽ അദ്ദേഹം ശവസംസ്കാരം മാത്രമേ ചെയ്യാവൂ എന്ന് എഴുതിയിരുന്നു. അതിനുശേഷം 10-ാം ദിനവും 13-ാം ദിനവും ഉള്ള ചടങ്ങുകളൊന്നും ചെയ്യരുത്. തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മകൻ വിശ്വാസ് അദ്ദേഹത്തിന്റെ മൃതദേഹം മുംബൈ സോനാപൂരിനടുത്തുള്ള ഒരു ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു. മറ്റ് ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. അങ്ങനെ സ്വന്തം മരണം കൊണ്ടും സവർക്കർ ശരിക്കും സാമൂഹിക പരിഷ്ക്കരണത്തിന് കൂട്ടുനിന്നു.
കമ്യുണിസ്ററുകളും അംഗീകരിച്ചു
ആദ്യകാലത്ത് കമ്യുണിസത്തിന്റെ ആരാധകനായിരുന്നു സവർക്കർ. ലണ്ടനിലെ ഇന്ത്യാഹൗസിൽവെച്ച് ലെനിനുമായി അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. സാറിസ്റ്റ് റഷ്യയിൽ ലെനിൻ നടത്തിയ മാറ്റങ്ങളെ സവർക്കർ പകീർത്തിക്കുന്നുണ്ട്. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ സവർക്കറിനുവേണ്ടി ഹാജരായത് കാൾ മാർക്സിന്റെ ചെറുമകനായ ലോഗെസ്റ്റ് ആയിരുന്നു. ഇതിൽ നിന്ന് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സവർക്കറിന് ഉണ്ടായിരുന്ന ബന്ധം വ്യക്തമാണ്.
ഈ തിരിച്ചറിവ് മൂലമാണ് എം.എൻ. റോയിയെയും ഇഎം.എസ്സിനെയും പോലുള്ളവർ സവർക്കറിന്റെ സംഭാവനകളെ കുറിച്ച് എഴുതിയത്. ഇഎംഎസ് എഴുതിയ 'ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫ്രീഡം സ്ട്രഗിൾ' എന്ന പുസ്തകം സവർക്കറിന്റെ സേവനങ്ങൾ എടുത്തുപയറുന്നുണ്ട്. സവർക്കർ, ജയിൽ മോചിതനായപ്പോൾ സ്വീകരിക്കാൻ പോയത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എംഎൻ റോയ് അടക്കം ഉള്ളവർ ആണ്.
സവർക്കറിനെ ആദ്യമായി 'ധീര ദേശാഭിമാനി ' എന്ന് വിളിച്ചത് ഗാന്ധിജിയാണ്. 1921 ൽ പുറത്തിറങ്ങിയ യങ്ങ് ഇന്ത്യ പത്രത്തിൽ, ഗാന്ധിജി എഴുതിയ ലേഖനത്തിൽ അദ്ദേഹം സവർക്കറിനെ ധീരനായ ദേശാഭിമാനി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ്, 1970 ജൂൺ 28 ന് സവർക്കറെ ആദരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്. 2005 ൽ ആൻഡമാനിൽ ആദ്യമായി നിർമ്മിച്ചവിമാനത്താവളത്തിന് സവർക്കറിന്റെ പേരിട്ടതും സംഘ പരിവാറുകാർ അല്ലായിരുന്നു.
ഈ പശ്ചാത്തലമൊക്കെ മറന്നാണ്, ഇന്ന് പലരും സവർക്കറെ വെറുമൊരു ഷൂ നക്കിയെന്ന് വിശേഷിപ്പിക്കുന്നത്. സവർക്കറുടെ ഹിന്ദുത്വ ആശയത്തോട് വിയോജിക്കാം. പക്ഷേ അയാൾ സ്വാതന്ത്ര്യസമരത്തിൽ യാതൊരു റോളും വഹിച്ചിട്ടില്ലെന്നതും, ബ്രിട്ടീഷുകാരുടെ വെറുമൊരു ഷൂ നക്കി മാത്രമാണെന്നുതും, കൃത്യമായ ചരിത്ര നിഷേധമാണ്. വ്യക്തിപരമായ സവർക്കറോളം ത്യാഗം സഹിച്ചവരെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അധികമൊന്നും കാണാൻ കഴിയില്ല.
വാൽക്കഷ്ണം: ശരിക്കും, സവർക്കർ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയാണ് ജയിൽ മോചിതനായത് എന്നുവരെ സോഷ്യൽ മീഡിയിൽ തള്ളിവിടുന്ന സൈബർ അന്തംസിനെ കാണാം. ഈ കഥയും സവർക്കറുമായി ഒരു ബന്ധവുമില്ല. മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ കാലപാനി സിനിമയിലെ ഒരു സാങ്കൽപ്പിക രംഗം, ഒരു നേതാവിന്റെ പേരുപോലും മാറ്റിയിരിക്കുന്നു!
വിവരങ്ങൾക്ക് കടപ്പാട്- വൈ ജി ഭാവെ. - വിനായക് ദാമോദർ സവർക്കർ, എ ജി നൂറാനി - സവർക്കർ ആൻഡ് ഗാന്ധി, രാജേഷ് രാമചന്ദ്രൻ - ദ മാസ്റ്റർമൈന്റ് -ഔട്ട്ലുക്ക് മാഗസിൻ, വിക്രം സമ്പത്ത് -ലേഖനം- ദ പ്രിന്റ്, അയ്യപ്പനും സവർക്കറും- പ്രഭാഷണം- സി രവിചന്ദ്രൻ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ