- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇരുട്ടിവെളുക്കുമ്പോഴേ സംഘിയായ ജയസര്യ; നടന് വിനയായത് കർഷകർക്ക് വേണ്ടി പ്രതികരിച്ചത്; മിത്ത് വിവാദത്തിൽ ഇടപെട്ട ഉണ്ണി മുകുന്ദനും, അനുശ്രീക്കും വിദ്വേഷ പ്രതികരണം; ഇ ഡിയുടെ റഡാറിലായ നടി നവ്യാ നായർ; 89ാം വയസ്സിൽ വംശീയ അധിക്ഷേപ ആരോപണത്തിൽ പെട്ട നടൻ മധു; മലയാള സിനിമയിൽ അടിമുടി വിവാദ പർവം!
'ശത്രുവാൽ അക്രമിക്കപ്പെടുന്നത് ഒരു ചീത്ത കാര്യമല്ല, മറിച്ച് അതൊരു നല്ല കാര്യമാണ്'- മാവോ സേതുങ്ങ് പറഞ്ഞ ഈ ക്വാട്ടുകൾ ഇപ്പോൾ മലയാള സിനിമാ താരങ്ങൾക്കും ബാധകമായിക്കയാണോ? സമാനതകൾ ഇല്ലാത്ത രീതിയിൽ മലയാള സിനിമാ താരങ്ങൾ സൈബർ ആക്രമണം നേരിടുകയും, വിവാദങ്ങളിൽ പെടുകയും ചെയ്ത ഒരുകാലം വേറെയുണ്ടായിട്ടില്ല. പണ്ടൊക്കെ സാഹിത്യലോകമായിരുന്നു, വിവാദങ്ങളുടെ ഉറവിടം. ഇഎംഎസ് ഒരു അഭിപ്രായം പറയുന്നു, സുകുമാർ അഴീക്കോട് അത് ഖണ്ഡിക്കുന്നു, മറ്റുള്ളവർ ഏറ്റുപിടിക്കുന്നു.. അല്ലെങ്കിൽ സക്കറിയ ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം എന്ന് തുറന്നടിക്കുന്നു... പത്രമാധ്യമങ്ങൾ അത് ചർച്ചചെയ്യുന്നു. എന്നാൽ ഇന്ന് ആ കാലമൊക്കെ മാറിക്കഴിഞ്ഞു.
കേരളത്തിൽ കത്തിനിൽക്കുന്ന ഒരു വിഷയത്തിലും വാ തുറന്ന് പ്രതികരിക്കാൻ പോലും നമ്മുടെ സാംസ്കാരിക നായകർക്ക് കഴിയാറില്ല. പകരം, നടനും സംവിധായകനുമായ ജോയ് മാത്യൂ, നടൻ ഹരീഷ് പേരടി, തുടങ്ങിയവരാണ് പല സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവർ രണ്ടുപേർക്കും സംഘി ചാപ്പ ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കർഷകർക്കുവേണ്ടി പ്രതികരിച്ച നടൻ ജയസൂര്യക്കും കിട്ടി സംഘിപ്പട്ടം. മിത്ത് വിവാദത്തിൽ പ്രതികരിച്ച ഉണ്ണിമുകന്ദനും, അനുശ്രീക്കും കിട്ടി പൊങ്കാല.
പക്ഷേ ഇതോ പൊങ്കാല വീരന്മാർ ഇ ഡി ചോദ്യം ചെയ്ത നടി നവ്യാനായരെ ന്യായീകരിക്കുന്നതും കാണാം. അവസാനമായി 89ാം വയസ്സിൽ നമ്മുടെ പ്രിയ നടൻ മധു വംശീയ അധിക്ഷേപ ആരോപണത്തിലും പെട്ടിരിക്കയാണ്. അതായത് മലയാള സിനിമയിൽ ഇത് അടിമുടി വിവാദകാലമാണെന്ന് പറയാം.
മിത്തിൽ ഉണ്ണി മുകുന്ദനും അനുശ്രീയും
സ്പീക്കർ എ എൻ ഷംസീർ തുടങ്ങിവെച്ച ഗണിപതി മിത്ത്വിവാദത്തിൽ തലവെച്ചതാണ്, നടൻ ഉണ്ണിമുകന്ദും, നടി അനുശ്രീക്കും പൊങ്കൊല കിട്ടാൻ ഇടയാക്കിയത്. '' ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണനാണ്, മറ്റന്നാൾ ശിവൻ. ഇതൊക്കെ കഴിഞ്ഞാൽ നിങ്ങളും മിഥ്യയാണെന്ന് പറയും''- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെ ഉണ്ണി പറഞ്ഞ വാക്കുകൾ ആണ് വിവാദമായത്.
'മറ്റു മതസ്ഥരെ കണ്ടു പഠിക്കണം. അവരുടെ ആചാരങ്ങളെക്കുറിച്ചോ ദൈവങ്ങളെക്കുറിച്ചോ പറയാൻ ആരും ധൈര്യപ്പെടുന്നില്ല. കുറഞ്ഞത് അങ്ങനെയെങ്കിലും നമ്മൾ മുന്നോട്ട് പോകണം, ഇന്ത്യ ആർക്കും എന്തും പറയാൻ കഴിയുന്ന രാജ്യമാണ്, അതാണ് ഇന്ത്യയുടെ സൗന്ദര്യം. കുറഞ്ഞത് ഇത്തരം വിഷയങ്ങളിൽ നിങ്ങൾ പ്രതികരിക്കണം. ഗണപതി ഇല്ല എന്ന് ആരെങ്കിലും പറയുമ്പോൾ നമ്മൾ ഗണപതിക്ക് വേണ്ടിയെങ്കിലും സംസാരിക്കണം. പല സാഹചര്യങ്ങളിലും പലരും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. ദൈവം ഇവിടെ ഉണ്ടോ എന്ന് ചോദിച്ചാൽ നമുക്കറിയില്ല. ടെക്‌നോളജിയുടെ ഈ കാലത്ത് തുണിയിലും തുരുമ്പിലും ഹനുമാൻ സ്വാമി ഉണ്ടെന്ന് പറഞ്ഞാൽ പലരും ചിരിക്കും എന്നതാണ് യാഥാർത്ഥ്യം. ജീവിതത്തിൽ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ സഹായിക്കാൻ ആരെങ്കിലും വരും, നിങ്ങൾക്ക് പുറത്തുകടക്കാം എന്ന സങ്കൽപ്പമാണ് ദൈവം. ആ ബോധം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ആചാരങ്ങളെയും ദൈവങ്ങളെയും കുറിച്ച് പറയാൻ മടിക്കരുത്. അതിന് ബഹളമൊന്നും ആവശ്യമില്ല.' -ഉണ്ണി മുകുന്ദൻ പറഞ്ഞു
ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കില്ലെന്നാണ് നടി അനുശ്രീ പറഞ്ഞത്. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. 'അമ്പലത്തിന്റെ മുറ്റത്ത് വളർന്ന, അത്രയും വിശ്വാസികളായ ആളുകളാണ് നമ്മൾ. ആ നമ്മളോട് ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കുമോ? ഇല്ല. അതുകൊണ്ട് തന്നെ ആ പരാമർശത്തിൽ പ്രതിഷേധമറിയിക്കാൻ ഈ സദസ്സ് ഉപയോഗിക്കുകയാണ്. അത് ഗണപതി അനുഗ്രഹിച്ച് തന്ന സദസ്സ് തന്നെയായാണ് കരുതുന്നത്. എന്നെയും കൂടി ക്ഷണിക്കുമോ എന്ന് ഞാൻ തന്നെ ചോദിച്ചു വാങ്ങിയ സദസ്സ് കൂടിയാണിത്. ആദ്യമായാണ് അങ്ങനെ അങ്ങോട്ട് ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതും''- അനുശ്രീ പറഞ്ഞു. ഇതോടെയാണ് സൈബർ ലോകത്തെ 'പുരോഗനമാവാദികൾ' എന്ന് പറയുന്നവർ ഇളകിമറിഞ്ഞത്. നേരത്തെ തന്നെ സംഘിപ്പട്ടം കിട്ടിയ ഉണ്ണിമുകന്ദനൊപ്പം അനുശ്രീയും ഇതോടെ സംഘിയായി.
ജയസൂര്യയും സംഘിയായപ്പോൾ
നെൽകർഷകരുടെ വിഷയം മന്ത്രിമാരടക്കമുള്ള പൊതുവേദിയിൽ പറഞ്ഞതിന് പിന്നാലെ നടൻ ജയസൂര്യക്കെതിരെ സൈബറിടത്തിൽ ആക്രമണം കൊഴുക്കുകയാണ്. നേരത്തെ സിപിഎമ്മിന്റെ അടക്കം വേദികൾ പങ്കിടുകയും മുഖ്യമന്ത്രിയെക്കുറിച്ച് നല്ലത് എഴുതുകയും ചെത്ത ഈ നടനും ഇതോടെ സംഘിയായി. അതിനിടെ ജയസൂര്യ മാപ്പു പറഞ്ഞെന്ന വ്യാജ വാർത്ത സൈബർ സഖാക്കൾ പ്രചരിപ്പിച്ചു. എന്നാൽ നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ജയസൂര്യ ആവർത്തിക്കയാണ്.
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷകപക്ഷത്താണ് താൻ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറയുന്നു.
എന്നാൽ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്നായിരുന്നു കൃഷി മന്ത്രി പി.പ്രസാദിന്റെ ആരോപണം. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഏതു പൗരനും വിമർശനമുന്നയിക്കാമെന്നും പറയുന്ന കാര്യത്തെ ഉത്തരവാദിത്തത്തോടെ നോക്കിക്കാണാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമർശനം.
''എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടൻ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയിൽനിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ''- ഇങ്ങനെയാണ് ജയസൂര്യ അവിടെ പറഞ്ഞത്. ഉതിന് മറുപടിയായി നടൻ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്ന് വ്യാജ വാർത്തയാണ് സിപിഎം കേന്ദ്രങ്ങൾ തള്ളിയത്. പക്ഷേ ഇത് നെല്ലിന്റെ പണമല്ല ബാങ്ക് വായ്‌പ്പയാണെന്നാതാണ് യാഥാർത്ഥ്യം. ചുരുക്കിപ്പറഞ്ഞാൽ കർഷന്റെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. ജയസൂര്യക്കുനേരെ സൈബർ ആക്രമണം നടന്നത് മാത്രം മിച്ചം.
നേരത്തെ ചിറാപ്പൂഞ്ചി വിവാദം
പക്ഷേ നേരത്തെയും തനിക്ക് ശരിയെന്ന് തോനുന്ന കാര്യങ്ങൾ കക്ഷിരാഷ്ട്രീയം നോക്കാതെ ജയസൂര്യ തുറന്നടിച്ചിരുന്നു. എതാനും വർഷങ്ങൾക്കുമുമ്പ് സ്വന്തം വീട്ടിലേക്കുള്ള തകർന്ന് കിടക്കുന്ന വഴി കൈയിൽനിന്ന് പണം മുടക്കി നന്നാക്കിയ ജയസൂര്യക്ക് പിഡബ്ലിയുഡി വകുപ്പ് നോട്ടീസ് അയക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്താണ് ജയസൂര്യ. പക്ഷേ എന്നിട്ടും മഴക്കാലത്ത് റോഡ് തകർന്നതിനെതിരെ അദ്ദേഹം പ്രതികരിച്ചിരുന്നു.
മഴക്കാലത്ത് റോഡ് നന്നാക്കാനാകില്ലെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലല്ലോ എന്ന അദ്ദഹത്തിന്റ വിമർശനം വലിയ വാർത്തയായിരുന്നു. ഇതോടെ ജയസുര്യ ഇങ്ങനെ പ്രതികരിച്ചു. ''ജീവിതത്തിന്റെ നല്ല ഒരു ശതമാനം സമയത്തും റോഡിൽ യാത്ര ചെയ്യുന്ന ഒരു പൗരൻ എന്ന നിലയിൽ മാത്രമാണ് താൻ പ്രതികരിച്ചത്. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൽ തനിക്ക് പ്രതീക്ഷയുണ്ട്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് മുഹമ്മദ് റിയാസ്. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്. പ്രവർത്തനങ്ങളിൽ അഭിമാനവും പ്രതീക്ഷയുമുണ്ട് ''-ഇങ്ങനെയാണ് ജയസൂര്യ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
പക്ഷേ കളമശേരിയിലെ പൊതുപരിപാടിയിയോടെ ജയസൂര്യ സർക്കാറിന്റെ കണ്ണിലെ കരടായി കഴിഞ്ഞു. ജയസൂര്യയുടെ സ്ഥലം അളക്കാൻ ആളുവരുമെന്നാണ് കോൺഗ്രസ് നേതാക്കൾ പരിഹാസ രൂപേണ പറഞ്ഞത്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ തല്ക്കാലം ജയസൂര്യയുടെ വീട് അളക്കാൻ ആള് വരാൻ സാധ്യത കുറവാണ്. പകരം നടനെ സംഘപരിവാറുകാരനാക്കിയുള്ള ക്യാപ്‌സ്യൂളാണ് ഇടതു സൈബറിടത്തിൽ പ്രചരിക്കുന്നത്. സംവിധായകൻ കൂടിയായ എം എ നിഷാദാണ് ജയസൂര്യയെ സംഘപരിവാറുകാരനാക്കി ആദ്യം രംഗത്തു വന്നത്. ഈ പോസ്റ്റ് സൈബർ സഖാക്കൾ ആവേശത്തോടെ ഷെയർ ചെയ്യുകയും ചെയ്യുന്നു. പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്, ധ്വജ പ്രണാമം... എന്നാണ് നിഷാദ് ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്. ഇത് കണ്ട് ഒരു പാട് സൈബർ സഖാക്കളാണ് ജയസൂര്യയെ സംഘിയാക്കുന്നത്.
നവ്യയും സച്ചിൻ സാവന്തുമായി ബന്ധമെന്ത്?
എന്നാൽ ഈ നടന്മാരെയൊക്കെ സംഘിയാക്കാൻ മത്സരിക്കുന്നവർ ഈയിടെ ഇ ഡി ചോദ്യം ചെത്ത നടി നവ്യാനായർക്കെതിരെ ഒന്നും പറയുന്നില്ല എന്നുകാണാം. കാരണം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ഏറെ വേണ്ടപ്പെട്ടയാളാണ് നവ്യ. ഏവരും കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ നടി നവ്യാ നായർ വിശേഷിപ്പിച്ചത് മനുഷ്യസ്നേഹി എന്നാണ്. 'ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ', എന്ന വയലാറിന്റെ വരികളാണ് പാടിയാണ് മുമ്പ് കൈരളി ടീവിയിൽ നവ്യ പിണറായിയെ ഇന്റവ്യൂ ചെയ്തത്. നവ്യയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട് പിണറായി. 2018ൽ സിപിഎം ഗുരുവായൂർ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നവ്യ പങ്കെടുത്തതും വാർത്തായിരുന്നു. ''കമ്മ്യൂണിസവും മാർക്‌സിസവും എനിക്കറിയില്ല.. പക്ഷേ ചെങ്കൊടി ഒരു ആവേശമാണ്'' എന്ന നവ്യയുടെ അന്നത്തെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതായിരിക്കും ഒരു പരിധിവരെ സൈബർ പൊങ്കാല തടയുന്നത്.
അതിനിടെ ഈകഴിഞ്ഞ ഏപ്രിലിൽ നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ബിജെപി നടത്തിയ യുവം വേദിയിൽ നവ്യ എത്തിയതും ഏവരെയും ഞെട്ടിച്ചിരുന്നു. ഡാൻസ് കളിക്കുക മാത്രമല്ല, വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുകയും ചെയ്തു നവ്യ. വിജയ് യേശുദാസും ഉണ്ണി മുകുന്ദനും ഹരിശങ്കർ, അപർണ്ണാ ബാലമുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇടതുപക്ഷ അനുഭാവി എന്ന് അറിയപ്പെട്ടിരുന്ന നവ്യ മോദിയുടെ പരിപാടിക്ക് എത്തിയത് വൻ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഇപ്പോൾ ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നവ്യയെ ഇ.ഡി ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും വാങ്ങി നൽകിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് .ഈ വർഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സച്ചിൻ സാവന്ത് അറസ്റ്റിലായത്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സിബിഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി. അന്വേഷിക്കുന്നത്.
കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യാ നായർ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. അടുത്ത വസതികളിൽ താമസിച്ചപ്പോൾ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായർ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂർ ദർശനത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. താൻ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ടെന്നും നവ്യ പ്രതികരിക്കുന്നു.
നടൻ മധുവും വംശീയ അധിക്ഷേപത്തിൽ
എറ്റവും വിചിത്രം മലയാള സിനിമയിലെ കാരണവരായ നടൻ മധുവും വിവാദത്തിൽപെട്ടുവെന്നതാണ്. 89 വയസ്സുള്ള വന്ദ്യവയോധികനായ ഈ നടൻ, മലയാള സിനിമയുടെ സൗമ്യ മുഖമായാണ് അറിയപ്പെടാറ്. 60 വർഷത്തിലേറെ നീണ്ട അഭിനയ ജീവിതമുള്ള ഈ നടന് പൊതുവെ ക്ലീൻ ഇമേജാണ്. മറ്റുള്ളരെപ്പോലെ, ഗോസിപ്പുകളും അപവാദങ്ങളും ഒന്നും തന്നെ, മുൻ കോളജ് ലക്ച്ചറർ കൂടിയായ മാധവൻ നായർ എന്ന മധുവിനുനേരെ ഉണ്ടായിട്ടില്ല. നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലുക്കെ പ്രശസ്തനാണ് മധു.
ഇത്രകാലം വിവാദങ്ങളിൽനിന്ന് മാറി നിന്ന മധു ഈ വാർധക്യകാലത്ത് വൻ വിവാദത്തിൽപ്പെട്ടിരിക്കയാണ്. അതും വംശീയ അധിക്ഷേപം. ഈയിടെ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ മധു, നാടാർ സമുദായത്തെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം. നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ നാടാർ ഇത് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിട്ടുണ്ട്.
മലയാള സിനിമയുടെ പിതാവ് ജെ. സി ഡാനിയേലിന്റെയും, മലയാളത്തിന്റെ മഹാനടൻ സത്യൻ മാഷിന്റെയും, വംശത്തെ അപമാനിച്ച മധു ചരിത്ര ബോധമില്ലാത്ത വ്യക്തി എന്ന് തെളിയിക്കുന്ന പരാമർശങ്ങളോ, ബോധപൂർവമായ വർഗീയ വിദ്വേഷമോ ആണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നാടാർ സർവീസ് ഫെഡറേഷൻ ആരോപിച്ചു. ''പണ്ട് പനയിൽ കയറാൻ മലയാളിക്ക് കഴിവില്ലാത്തതു കൊണ്ട് തിരുന്നൽവേലിയിൽ നിന്ന് വന്ന നാടാന്മാരാണ് ഇന്ന് കന്യാകുമാരി ഭരിക്കുന്നത്. നാളെ ബംഗാളികൾ കേരളം ഭരിക്കും. അവർ ഇവിടെ സെറ്റിലാകുകയാണ്. കന്യാകുമാരിയിലെ നാടാന്മാരെ പോലെയാണ് കേരളത്തിൽ ബംഗാളികളും''-ഇന്ത്യൻ എക്സ്‌പ്രസ് അഭിമുഖത്തിൽ നടൻ മധു ഇങ്ങനെ പരാമർശം നടത്തിയെന്ന് പറഞ്ഞാണ് നാടാർ സർവീസ് ഫെഡറേഷൻ രംഗത്ത് എത്തിയത്.
അവരുടെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു. ചേര, ചോള, പാണ്ഡ്യ രാജവംശങ്ങളിൽപെട്ട നാടാർ സമുദായം ഒരു രാജകീയ വംശം ആണ്. തിരുവിതാകൂറിൽ നിലനിന്നിരുന്ന കൊടിയ ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ സമുദായം ആയതുകൊണ്ട് തന്നെ നിഷേധ നിലപാട് സ്വീകരിച്ചു ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. തിരുവിതാംകൂറും ഇന്നത്തെ കേരളവും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. ഭാഷ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടത് ഇന്നത്തെ കേരളത്തിന്റെ പല ചരിത്ര വസ്തുതകളും അന്യമാകാൻ കാരണമായി എന്നത് ചരിത്രം പഠിക്കുന്നവർക്ക് മനസിലാകും. കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകൻ അയ്യാവൈകുണ്ഡ സ്വാമികളെ ജന്മം നൽകിയ സമുദായമാണ് നാടാർ സമുദായം. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം രാജ വംശങ്ങളുടെ തകർച്ചയെ തുടർന്നുള്ള കാര്യങ്ങൾ മറയാക്കി സമുദായത്തെ അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമാണെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ പറഞ്ഞു.
യുവ രാജാവ് മാർത്താണ്ഡ വർമ്മയെ കൊല്ലാൻ എട്ടു വീട്ടിൽ പിള്ളമാർ പദ്ധതിയിട്ടപ്പോൾ നൂറ്റി എട്ടു കളരികൾക്ക് അധിപൻ ആയിരുന്ന അനന്തൻ നാടാർ ആയിരുന്നു നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഇന്നും ഉള്ള അമ്മച്ചി പ്ലാവിന്റെ പൊത്തിൽ മാർത്താണ്ട വർമ്മയെ ഒളിപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പോരാട്ടം നടത്തുകയും ഇന്നത്തെ തമിഴ് നാട്ടിലെ തച്ചൻവിളയിൽ ആയിരുന്നു മാർത്താണ്ഡ വർമ്മയെ സംരക്ഷിച്ചിരുന്നത്. ഒടുവിൽ മാർത്താണ്ഡ വർമ്മ രാജഭരണം ഏറ്റെടുത്തപ്പോൾ കുളച്ചൽ യുദ്ധത്തിൽ ഡച്ച് പടയെ പരാജയപ്പെടുത്തിയ അനന്ത പത്മനാഭൻ നാടാർ ആയിരുന്നു സർവ്വ സൈന്യാധിപൻ. മാർത്താണ്ഡ വർമ്മ തന്നെയാണ് അനന്തന് അനന്ത പത്മനാഭൻ എന്ന് പേര് നൽകിയതും-കൊണ്ണിയൂർ സനൽ കുമാർ നാടാർ പറയുന്നു.
പനകയറ്റമോ തെങ്ങു കയറ്റമോ മോശപ്പെട്ട ഒരു തൊഴിലല്ല. പനയോലയിലാണ് ( താളിയോല ) ദ്രാവിഡ സംസ്‌കൃതിയുടെ സർവ്വ വൈജ്ഞാനിക രേഖപ്പെടുത്തലുകളും നിർവഹിക്കപ്പെട്ടിരിക്കു ന്നത് .ജ്യോതിഷം, ആയോധനകലകൾ ,വൈദ്യം , തമിഴ് ഭാഷാവ്യാകരണം, സാഹിത്യം ,ചരിത്രം തുടങ്ങി സർവ്വ വിജ്ഞാന ശാഖകളിലും നിപുണരായ നാടാർ വിഭാഗം പനയിൽ കയറുക മാത്രമല്ല, പനയോല പാകപ്പെടുത്തി എടുത്ത് നാരായം കൊണ്ട് ആദ്യമായി താളിയോലയിൽ തമിഴ് അക്ഷരം എഴുതിയവരും പ്രസ്തുത വൈജ്ഞാനിക ശാഖകളിൽ പ്രാവീണ്യം നേടിയവരും ആണ് . ആ അക്ഷരങ്ങളാണ് ആധുനിക ലോകത്തിന്റെ മഹത്തായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഈടു വൈപ്പുകൾ-കൊണ്ണിയൂർ സനൽ കുമാർ നാടാർ പറയുന്നു.
ഇന്നത്തെ തമിഴ്‌നാടും ആന്ധ്രാപ്രദേശും കേരളവും കർണാടകയും ഉൾപ്പെടുന്ന തമിഴകത്തിന്റെ 'ഭരണകർത്താക്കൾ ആരായിരുന്നു എന്നും മധു വായിച്ചു പഠിക്കണം. ഈ പ്രദേശത്തെ ഭാഷയും സംസ്‌കൃതിയും എന്തായിരുന്നു എന്നും പഠിക്കണം. ആരായിരുന്നു ഇവിടത്തെ പൂർവികർ എന്നും പഠിക്കണം. എന്തിനേറെ. തിരുവിതാംകൂർ രാജ്യം എങ്ങനെ ഉണ്ടായി എന്നെങ്കിലും പഠിക്കാൻ ശ്രമിക്കണം. നാടാർ തമിഴകത്തിന്റെ സ്വന്തം ജനതയാണ്. തെക്കോട്ടോ വടക്കോട്ടോ പടിഞ്ഞാറോട്ടോ കിഴക്കോട്ടോ സഞ്ചരിക്കാൻ ആർക്കും കപ്പം കൊടുക്കേണ്ടി വന്നിട്ടില്ല. തമിഴകം ഇന്നത്തെ കോട്ടയം ജില്ല വരെ ഉണ്ടായിരുന്നു. മഹാനായ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ വായിച്ച് പഠിക്കാൻ മധു തയ്യാറാകണം. നായർ സമുദായ അംഗങ്ങൾ പൊതുവെ മാന്യന്മാരാണ്. കഠിനമായ യാതനകൾ സഹിച്ച മധുവിന്റെ പൂർവികരെയും മധു തന്റെ വാക്കുകളിലൂടെ അപമാനിച്ചുവെന്നാണ് ആരോപണം.
മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയേൽ നാടാരെയും , സഹപ്രവർത്തകൻ ആയിരുന്ന അനശ്വര നടൻ അഭിനയ സമ്രാട്ട് സത്യനെയും ( സത്യനേശൻ നാടാർ ) മധു അപമാനിച്ചിരിക്കുകയാണ്. മധു മാപ്പ് പറയുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാടാർ സർവീസ് ഫെഡറേഷൻ നേതാവ് അറിയിച്ചു. സംഭവം സോഷ്യൽ മീഡിയയിലും വൻ വിവാദമാണ്. എന്നാൽ മധുവാകട്ടെ വിവാദത്തിൽ പ്രതികരിച്ചിട്ടുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ഇന്ത്യൻ എക്പ്രസ് അഭിമുഖത്തിൽനിന്ന് ഈ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
രക്ഷപ്പെട്ടത് ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും
ഈ വിവാദ പർവത്തിനിടെ സ്ഥിരം വിവാദമുണ്ടാക്കുന്ന രണ്ടുപേർ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെട്ടതും വാർത്തയായി. നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരിക്കയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി രണ്ട് സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഷെയ്ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ ഇളവ് വരുത്തുകയും ചെയ്യും.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്ന് താരങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമ്മാതാക്കളുടെ സംഘടന പറഞ്ഞത്. ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ ഇരുവർക്ക് പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമ്മാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വെച്ച് ചെയ്യാമെന്നും സിനിമ സംഘടനകൾ മുന്മ്പ് പറഞ്ഞിരുന്നു.
ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന ആർഡിഎക്സ് എന്ന സിനിമുടെ ചിത്രീകരണ സമയത്ത് ഷെയ്ൻ നിഗം ഉണ്ടാക്കിയ പ്രശ്നങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തനിക്ക് പ്രാധാന്യം കുറയുന്നുണ്ടോ എന്ന് അറിയാൻ ഓരോ ഷൂട്ടിനുശേഷവും ഷെയിൻനിഗത്തിന്റെ അമ്മയും സഹോദരിയും എഡിറ്റ് കാണുകയും, സംവിധായനെ പരിഹസിക്കുന്ന രീതിയിൽ കമന്റുകൾ പറഞ്ഞുവെന്നതും വിവാദമായിരുന്നു. ഇതിനെതിരെ ഫെഫ്ക പരസ്യമായി രംഗത്ത് എത്തുകയും ബി ഉണ്ണിക്കൃഷ്ണൻ വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിലക്ക് വന്നത്.
ഇപ്പോൾ അതേ ആർഡിഎക്സ് വൻ ഹിറ്റായി ഓണം തുക്കിയതോടെ വ്യാവസായിക സിനിമക്ക് അത്യാവശ്യം വേണ്ട നടൻ തന്നെയാണ് താൻ എന്ന് തെളിയിക്കാനും ഷെയ്നിന് ആയി.
വാൽക്കഷ്ണം: തങ്ങൾക്ക് അപ്രിയമായ കാര്യങ്ങൾ പറയുന്നവരൊയൊക്കെ സംഘിയാക്കി ചാപ്പയിടക്കുന്ന ആ കലാപരിപാടി ചലച്ചിത്ര താരങ്ങളുടെ കാര്യത്തിലും അവർത്തിക്കയാണ്. ഒരു കണക്കിന് ചിന്തിച്ചാൽ ബിജെപിക്കാർ എത്ര ഭാഗ്യവാന്മാരാണ്. അവർ ഒരു പണിയും എടുക്കേണ്ട. എതിരാളികൾ ചാപ്പയടിച്ച് ആ പാർട്ടിയിലേക്ക് ആളെക്കുട്ടിത്തരും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ