- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയുടെ അർധവാർഷിക കണക്കറിയാം
ഉത്തരേന്ത്യയിലെ കർഷകന്റെ അവസ്ഥയാണ് മലയാള സിനിമയുടെ വാർഷിക- അർധവാർഷിക കണക്കെടുക്കുമ്പോൾ സാധാരണ ഉണ്ടാവാറുള്ളത്്. അധ്വാനിച്ച് വിത്തിറക്കി, കണ്ണിമവെട്ടാതെ കാത്തിരുന്ന് വിളവെടുപ്പ് കഴിഞ്ഞ് കണക്കുകൂട്ടുമ്പോൾ, നഷ്ടത്തിന്റെ കഥ മാത്രം പറയാനുണ്ടായിരുന്ന കർഷകരെപ്പോലെയായിരുന്നൂ, കഴിഞ്ഞ ഒരുപാട് നാളായി മലയാള ഫിലിം പ്രൊഡ്യൂസർമാരും. കോടികളുടെ നഷ്ടക്കണക്ക് മാത്രം കേട്ടിരുന്ന മല്ലുവുഡിന്, പക്ഷേ ഇത്തവണ ലോട്ടറിയടിച്ചു. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്‌ബസ്റ്റർ വർഷമാണ്. ആദ്യ ആറു മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 1000 കോടിക്ക് മുകളിലെത്തി. ഒരു ചിത്രം ഇരുനൂറ് കോടി പിന്നിട്ടു. മൂന്ന് ചിത്രങ്ങൾ 100 കോടിക്ക് മുകളിൽ നേടി. നാലുചിത്രങ്ങൾ 50 കോടിക്ക് മുകളിലും!
തീയേറ്ററുകാർ ഈച്ചയാട്ടിയിരുന്ന, 2023-മായി താരതമ്യംചെയ്യുമ്പോഴാണ് ഈ വർഷത്തെ നേട്ടം ഒന്നുകൂടി വ്യക്തമാവുക. കഴിഞ്ഞ വർഷം 220 ചിത്രങ്ങൾ ഇറങ്ങിയിട്ട് വിജയിച്ചത് 16 എണ്ണം മാത്രം. ഹിറ്റായത് അഞ്ച് എണ്ണം. 2023-ലെ മൊത്തം തിയേറ്റർ ബിസിനസ് ഈ വർഷത്തെ നാല് മാസത്തെ കളക്ഷനിലേക്ക് എത്തിയില്ല. 2023- ൽ 500 കോടി രൂപയാണ് മലയാള സിനിമയുടെ ആകെ കളക്ഷൻ. 2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്സ്, നേര്, രോമാഞ്ചം എന്ന സിനിമകളാണ് 2023 ൽ പണം വാരിയത്.
ഇപ്പോൾ, കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇൻഡസ്ട്രിയായി മലയാളം മാറിയിരിക്കയാണ്. ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ആറു മാസങ്ങളിൽ ഇന്ത്യയിൽ നാലിരത്തോളം കോടി രൂപയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ വന്നത്. അതിൽ അതിൽ നാലിലൊന്ന് അയായത് 25 ശതമാനത്തോളം മലയാളം സിനിമകളുടേതാണ്! ചരിത്രത്തിൽ ആദ്യമാണ് ഇതുപോലെ ഒരു വിജയം. 2024 രണ്ടാംപാദത്തിൽ തമിഴിലും തെലുങ്കിലും വലിയ ചിത്രങ്ങളാണ് എത്തുന്നത് എന്നതിനാൽ, ആദ്യത്തെ ആറുമാസം മലയാളം നിലനിർത്തിയ ആധിപത്യം തുടരാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. പക്ഷെ കണ്ടന്റ് കേന്ദ്രീകൃത സിനിമ കാഴ്ചയിലേക്ക് പ്രേക്ഷകർ എത്തിയെന്ന നിഗമനത്തിൽ മലയാളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്.
മുമ്പ് അന്യഭാഷാചിത്രങ്ങൾ മലയാളത്തിൽനിന്ന് പണം വാരിപ്പോവുകയായിരുന്നെങ്കിൽ, ഇപ്പോൾ കാര്യങ്ങൾ തിരിച്ചാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിനുശേഷം മലയാള സിനിമകൾക്ക് മറ്റ് സ്ഥലങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാത്രം മഞ്ഞുമ്മൽ ബോയ്സ് 75 കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ട്. ഹിന്ദിയും തമിഴും ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ ദുർബലമായ ചിത്രങ്ങൾ വരുമ്പോൾ വൈവിധ്യമാർന്ന ഉള്ളടക്കങ്ങളാണ് മലയാള സിനിമകളുടെ വിജയത്തിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കേരളത്തിലേയും യുഎഇയിലേയും പരമ്പരാഗത വിപണികൾക്കും അപ്പുറം, യൂറോപ്പ് അടക്കമുള്ള പുതിയ ഓവർസീസ് വിപണികളിലേക്കും മലയാള സിനിമ പടർന്ന കാലമാണിത്.
ഒരോ ഒന്നര ദിവസംകൂടുമ്പോളും ഒരു പടം റിലീസ് ചെയ്യത്തക രീതിയിൽ മലയാള സിനിമ വളരുന്നു. ആർക്കും സിനിമയെടുക്കാവുന്ന സാഹചര്യം വരുന്നു. ആട്ടം, ഉള്ളുരുക്കം, ഗോളം തുടങ്ങിയ കലാമുല്യമുള്ള ചിത്രങ്ങളും വിജയിക്കുന്നു. ഗഗനചാരിയെന്ന സിനിമ പറയുന്നത് സയൻസ ഫിക്ഷൻ കോമഡിയാണ്. മുമ്പൊക്കെ മലയാള സിനിമക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സബ്ജക്റ്റാണ് ഇത്. പക്ഷേ സിനിമകളുടെ എണ്ണവും വിജയശതമാനവുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴും കാര്യങ്ങൾ പഴയ പടിയാണ്. 2024 ജനുവരി മുതൽ ജൂൺവരെ ആകെ 117 സിനിമകൾ ഇറങ്ങിയപ്പോൾ അതിൽ 20 എണ്ണത്തിന് മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിക്കാനായത്. ബാക്കിയുള്ള നൂറോളം ചിത്രങ്ങളിൽ പകുതിയും തീയേറ്ററിൽ ഒരാഴ്ച തികച്ചില്ല!
മഞ്ഞുമ്മലിൽ തുടങ്ങിയ സൂപ്പറുകൾ
2024 ഫെബ്രുവരി 22 -ന് റിലീസായ മഞ്ഞുമ്മൽ ബോയ്സിലുടെയാണ് കേരളത്തിന്റെ ചലച്ചിത്ര വ്യവസായം അടിമുടി മാറുന്നത്. ഗുണ കേവിൽ വീണ യുവാക്കളുടെ അതിജീവനം പറഞ്ഞ ചിത്രം, തമിഴ്‌നാട്ടിലും ചിത്രം സൂപ്പർ ഹിറ്റായി. 200 കോടിയിലധികം കളക്ഷൻ നേടുന്ന മലയാള ചലച്ചിത്ര വ്യവസായത്തിലെ ആദ്യ ചിത്രമായി ഇത് മാറി. തുടർന്നങ്ങോട്ട് മലയാളത്തിൽ തുടരെ തുടരെ ബ്ലോക്ക് ബസ്റ്ററുകളായിരുന്നു. പൃഥിയുടെ ആടുജീവിതം കാണാൻ, ന്യൂയോർക്കിലും, ലണ്ടനിലും അയർലണ്ടിലുംവരെ ആളുണ്ടായി. ആവേശത്തിലെ രംഗണ്ണനായി ഫഹ്ദ് സൗത്ത് ഇന്ത്യ കീഴടക്കി. രാജമൗലിപോലും പുകഴ്‌ത്തിയ പ്രേമലു, തെലുഗിലടക്കം തരംഗമായി.
ഈ അർധവർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ്ചെയ്ത ചിത്രങ്ങൾ ഇവയാണ്.
1 മഞ്ഞുമ്മൽ ബോയ്‌സ് - 242.5 കോടി
2 ആടുജീവിതം - 158.5 കോടി
3 ആവേശം - 156 കോടി
4 പ്രേമലു - 136.25 കോടി
5 ഗുരുവായൂരമ്പലനടയിൽ -85 കോടി
6 വർഷങ്ങൾക്കു ശേഷം - 80 കോടി
7 ടർബോ- 70 കോടി
8 ഭ്രമയുഗം -65 കോടി
9 എബ്രഹാം ഓസ്ലർ - 40.85 കോടി
10 മലൈക്കോട്ടെ വാലിബൻ- 30 കോടി
11 തലവൻ- 25 കോടി
12 അന്വേഷിപ്പിൻ കണ്ടെത്തും -20 കോടി
വിതരണക്കാർ നൽകിയ കണക്കുകളാണ് ഇത്. പക്ഷേ ഈ കണക്കുകളിൽ വല്ലാതെ പെരുപ്പിക്കലുകൾ നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അതിന്റെ പേരിൽ ഇഡി അന്വേഷണമടക്കം നടക്കുന്നുണ്ട്. ഇതിൽ വമ്പൻ പ്രൊഡക്ഷൻ കോസ്റ്റ് ഉള്ളതിനാൽ 30 കോടി നേടിയിട്ടും, മലൈക്കോട്ടെ വാലിബനെ വിജയചിത്രമായി കണക്കാക്കാൻ കഴിയില്ല. അതുപോലെ മമ്മൂട്ടിയുടെ ടർബോയും പ്രൊഡക്ഷൻ കോസ്റ്റ് നോക്കുമ്പോൾ, മുടക്കുമുതൽ തിരിച്ചുപിടിച്ചു എന്നേ പറയാൻ കഴിയൂ. ഇവകൂടാതെ 19 കോടി നേടിയ മലയാളി ഫ്രം ഇന്ത്യ, ആട്ടം, ഗോളം, മന്ദാകിനി, ഗഗനചാരി, ഉള്ളരുക്കം, തുണ്ട്, അഞ്ചക്കള്ളക്കോക്കാൻ, ലിറ്റൽ ഹാർട്ട്സ്, സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ, നടന്ന സംഭവം എന്നിവയും മുടക്കുമുതൽ തിരിച്ചുപിടിച്ചതായി വിതരണക്കാർ പറയുന്നു.
പൃഥിയുടെയും ഫഹദിന്റെയും കാലം
പരമ്പരാഗത സൂപ്പർതാര സങ്കൽപ്പങ്ങൾ മാറിമറിയുന്നതിനും ഈ അർധവർഷം സാക്ഷിയായി. പ്രേമലു എന്ന ഒറ്റചിത്രത്തിലൂടെ, ഇപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സോഷ്യൽ മീഡിയ കൊടുത്തിരിക്കുന്നത് നടി മമിത ബൈജുവിനാണ്. ഒരു ഓൺലൈൻ മീഡിയ നടത്തിയ സർവേയിൽ മഞ്ജുവാര്യരെ പിന്തള്ളിയാണ് മമിത മുന്നിലെത്തിയിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിപ്പേരുള്ള മഞ്ജുവാര്യർക്കാകട്ടെ, കഴിഞ്ഞ കുറേക്കാലമായി വലിയ വിജയങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
അതുപോലെ ഷെയിൻ നിഗം തൊട്ട് ഉണ്ണിമുകന്ദൻവരെയുള്ള ഒരുപാട് യുവതാരങ്ങളെ ഒറ്റയിടക്ക് തള്ളിമാറ്റി യങ്് സുപ്പർസ്റ്റാർ എന്ന പേര് വാങ്ങിയത് നസ്ലൻ കെ ഗഫൂർ എന്ന 23കാരനാണ്. പ്രേമലു നായകന് ഇപ്പോൾ ആരാധകർ കാരണം മൂത്രമൊഴിക്കാൻപോലും പറ്റാത്ത അവസ്ഥയാണെന്നാണ് ട്രോളുകൾ. 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാലിനും, 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബനും, 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജിന്റെയും നിരയിലേക്ക്, 21ാം-വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനായ നസ്ലനും കടുന്നുവന്നിരക്കയാണ്.
അതുപോലെ ആവേശത്തിലെ അമ്പാന്റെ റോൾ ചെയ്ത സജിൻ ഗോപുവിനെപ്പോലെ ജനപ്രീതി ഇപ്പോൾ ഒരു നടനുമില്ല. എവിടെ നോക്കിയാലും അമ്പാൻ. പരമ്പരാഗത താരങ്ങളുടെ സ്ഥാനത്ത് പുതിയവർ കയറിവരികയാണെന്ന് വ്യക്തം. അതുപോലെ ബേസിൽ ജോസഫ്. അയാളെ കാണിക്കുമ്പോൾ തന്നെ തീയേറ്ററിൽ കൈയടിയാണ്. പരമ്പരാഗത താരങ്ങളെ കടത്തിവെട്ടി, ഇന്റവ്യൂവിലുടെ സൂപ്പർ സ്റ്റാറായ ധ്യാൻ ശ്രീനിവാസന്, അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഒരു ഹിറ്റ് കിട്ടിയതും ഈ അർധവർഷത്തിലാണ്. മഞ്ഞുമ്മലിലൂടെ സൗബിനും, തലവനിലുടെ ബിജുമേനോനും, തങ്ങളുടെ മിനിമം ഗ്യാരണ്ടി നിലനിർത്തി. എബ്രഹാം ഓസ്ലറിലൂടെ ഫീൽഡ് ഔട്ട് ആകുന്നതിന്റെ വക്കിൽനിന്ന് ജയറാമും തിരിച്ചുവന്നു. 'ഒറ്റക്ക് വഴിവെട്ടിവന്നവനെ കളിയാക്കുന്നോടാ പട്ടികളെ' എന്ന ഒറ്റ ഡയലോഗിലുടെ നിവിൻ വർഷങ്ങൾക്ക് ശേഷം സിനിമയിലെ ഗസ്റ്ററോൾ തൂക്കി. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ടൊവീനോയ്ക്കും നേട്ടമായി.
പക്ഷേ 2024-ലെ ആദ്യ അർധവർഷത്തിന്റെ മാൻ ഓഫ് ദി മാച്ച് ഇവർ ആരുമല്ല. അത് പാൻ ഇന്ത്യൻ താരങ്ങളായി വളരുന്ന, പൃഥിരാജും ഫഹദ് ഫാസിലുമാണ്. മലയാളസിനിമ മറ്റുഭാഷകളിലും ഇന്ത്യക്ക് പുറത്തും, അറിയപ്പെടുക ഇവരുടെ പേരിലായിരിക്കും. ഇവർ രണ്ടുപേരം എണ്ണം പറഞ്ഞ നിർമ്മാതാക്കളുമാണ്. പ്രേമലു നിർമ്മിച്ചതും ഫഹദാണ്.
ആടുജീവിതത്തിലെ പൃഥിയെടുത്ത റിസ്‌ക്കുകൾ ഇനിയും കൂടുതൽ എഴുതേണ്ടതില്ല. തൊട്ടുപിന്നാലെ എത്തിയ ഹിറ്റ് ചിത്രമായ 'ഗുരുവായൂരമ്പല നടയിലെ' ആനന്ദേട്ടനുമായി, നജീബിനെ തട്ടിച്ചുനോക്കുമ്പോൾ അറിയാം പൃഥിയുടെ റേഞ്ച്. അതുപോലെ ആവേശത്തിലെ നട്ടപ്രാന്തൻ പ്രകടനം, ഫഫ എന്ന ബ്രാൻഡിനെ ചിത്രത്തിന്റെ അണിയറക്കാർ അവകാശപ്പെട്ടതുപോലെ ശരിക്കും റീലോഞ്ച് ചെയ്തു. ഇനി അല്ലു അർജുന്റെ, പുഷ്പ കൂടി ഇറങ്ങുന്നതോടെ, സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞ നടനായി ഫഹദ് മാറും.
നൂറുകോടി സ്വപ്നം പൂവണിയാതെ മമ്മുക്ക
'മെസ്സിക്ക് ഒരു ലോകകപ്പ് ' എന്ന പേരിൽ ആരാധകർ കൊണ്ട് പിടിച്ച് പ്രചാരണം നടത്തിയതുപോലെയാണ്, 'ഇക്കാക്ക് ഒരു നൂറുകോടി' എന്ന പേരിൽ മമ്മൂട്ടി ഫാൻസ് സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചാരണം. മെസ്സിക്ക് ആ സ്വപ്നം പൂവണിക്കാൻ കഴിഞ്ഞെങ്കിലും, മമ്മൂട്ടിക്ക് ഇതുവരെ നൂറുകോടി ക്ലബിൽ കയാറാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന് അടുത്ത് എത്താനായി എന്നത് ആരാധകർക്ക് ആവേശമായിട്ടുണ്ട്.
ഈ അർധവർഷം ഓസ്ലറിലെ ഗസ്റ്റ് റോൾ അടക്കം, മുന്ന് ചിത്രങ്ങളിലാണ് മമ്മൂട്ടി വേഷമിട്ടത്. ഇതിൽ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി, മലയാളത്തിന്റെ മഹാനടൻ ശരിക്കും കത്തിക്കയറി. രാഹുൽ സദാശിവ് സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പോറ്റിയൂടെ അലറിച്ചിരയും, പകിട കളിയും തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടും. 65 കോടിയോളം നേടി വൻ വിജയവുമായി ചിത്രം. അതിനുശേഷം വന്ന ടർബോയെന്ന, പുലിമുരുകൻ വൈശാവ് സംവിധാനം ചെയ്ത, മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം മമ്മൂട്ടി ഫാൻസിന്റെ നുറുകോടി പ്രതീക്ഷയായിരുന്നു. എന്നാൽ ആദ്യ ദിനങ്ങളിൽ വമ്പൻ കളക്ഷനും, റിവ്യൂകളും വന്ന ചിത്രം, ഒരാഴ്ചയായതോടെ സൈഡായി. ചില തെലുഗ് -തമിഴ് സിനിമകളെ നാണിപ്പിക്കുന്ന രീതിയിൽ, പത്തമ്പതുപേരെ മമ്മൂട്ടി അടിച്ചിടുന്ന പെരും കത്തിയായും നിരൂപകർ ചിത്രത്തെ വിമർശിച്ചു. പക്ഷേ ചിത്രം 75 കോടി നേടിയെന്നാണ് പറയുന്നത്. പക്ഷേ വലിയ മുടക്കുമുതൽ നോക്കുമ്പോൾ ചിത്രത്തിന് കാര്യമായ ലാഭം ഉണ്ടാവാൻ സാധ്യതയില്ല. ഇനി അറബിയിലടക്കം മൊഴിമാറ്റി റിലീസ് ചെയ്യുന്നത് നിർമ്മാതാക്കൾക്ക് ഗുണം ചെയ്യും.
പക്ഷേ ഇപ്പോൾ മമ്മൂട്ടി ഫാൻസ് നൂറുകോടി മാറ്റി, നാല് ചിത്രങ്ങൾ 50 കോടിയിലെത്തിച്ച നടൻ എന്ന ടാഗാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടി നായകനായി 2023ൽ റിലീസ് ചെയ്ത കണ്ണൂർ സ്‌ക്വാഡും, 2022ൽ റിലീസ് ചെയ്ത ഭീഷ്മ പർവ്വവും 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇതും ഭ്രമയുഗവും, ടർബോയും കൂട്ടുമ്പോൾ നാല് 50 കോടി ചേർന്ന് 200 കോടിയായി! നേരത്തെ ഭീഷ്മപർവം നൂറുകോടി നേടി എന്ന് തള്ളിമറച്ചതും ഇതേ ഫാൻസും ഓണലൈൻ സൈറ്റുകളും ആയിരുന്നു. പക്ഷേ തള്ളല്ലാത്ത ഒരു യഥാർത്ഥ റെക്കോർഡ്് ഈ വർഷം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ 50 കോടി നേടിയ കളക്ഷൻ നേടിയ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന അപൂർവത ഭ്രമയുഗത്തിനുണ്ട്. അത് ഇനി ആർക്കും മറികടക്കാൻ കഴിയമെന്നും തോനുന്നില്ല.
മോഹൻലാലിനും ദിലീപിനും ഫ്ളോപ്പുകൾ
സൂപ്പർസ്റ്റാർ മോഹൻലാലിനും ഇത് ഫ്ളോപ്പുകളെ കാലമാണ്. ഏറെ പ്രതീക്ഷയുണർത്തിയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബാൻ, ആദ്യ ദിവസം തന്നെ 'മലങ്കൾട്ട്' എന്ന പേരുദോഷമാണ് ഉണ്ടാക്കിയത്. സാധാരണ ഏത് പടത്തെയും പൊക്കിയടിക്കാറുള്ള ഫാൻസ് തന്നെയാണ്, ആദ്യ ദിവസം തൊട്ട് ചിത്രത്തിനെതിരെ തിരിഞ്ഞത്. പക്ഷേ ആദ്യ മൂന്ന് ദിവസത്തെ കടുത്ത നെഗറ്റീവ് അഭിപ്രായത്തിനുശേഷം ചിത്രത്തിന് പോസറ്റീവ് റിവ്യുകളും വന്നുതുടങ്ങി. ഇപ്പോഴും മലൈക്കോട്ടെ വാലിബനെ ചൊല്ലി സോഷ്യൽ മീഡിയിൽ സംവാദം നടക്കുന്നുണ്ട്. പക്ഷേ വമ്പൻ ഇനീഷ്യൻ കളക്ഷനാണ് വാലിബൻ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരി ചെയ്ത ഏറ്റവും മോശം ചിത്രം എന്ന റിവ്യൂകൾക്കിടയിലും, ചിത്രം 30 കോടി നേടി. ലാൽ എന്ന താരത്തിന്റെ ജനപ്രീതിക്ക് ഒട്ടും ഇടിവ് വന്നിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. ബറോസും, എമ്പൂരാനും അടക്കമുള്ള, മോഹൻലാലിന്റെ വലിയ പ്രോജക്റ്റുകൾക്കായി പ്രതീക്ഷതോടെ കാത്തിരിക്കയാണ് ആരാധകർ. 2023 ഡിസംബർ റിലീസായ, ജീത്തുജോസഫ് ചിത്രം നേര്, 50 കോടി കടന്നത് ഈ അർധവർഷത്തിലാണ്.
നമ്മുടെ ജനപ്രിയ നായകൻ ദിലീപും ഫീൽഡ് ഔട്ടാകുന്നതിന് സമാനമായ ഫ്ളോപ്പുകൾക്കിടയിലുടെയാണ് കടന്നുപോവുന്നത്. തങ്കമണി, പവി കെയർ ടേക്കർ എന്ന ദിലീപിന്റെ രണ്ടു ചിത്രങ്ങളും പൊളഞ്ഞു. നെഗറ്റീവ് അഭിപ്രായങ്ങൾക്കിടയിലും, പവി കെയർ ടേക്കർ 12 കോടി നേടിയത്, ദിലീപിന് ഇപ്പോഴും ഒരുവിഭാഗം പ്രേക്ഷകർക്കിടയിൽ സ്വാധീനമുണ്ടെന്നതിന്റെ സൂചനയാണ്. നടിയെ ആക്രമിച്ച കേസിലെ ജയിൽവാസത്തിനുശേഷം, 2017-ൽ റിലീസായ രാമലീലക്കുശേഷംഹിറ്റുകൾ ഉണ്ടാക്കാൻ ദിലീപിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇറങ്ങിയ ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ മുടക്കുമുതൽ തിരിച്ചുപിടിച്ചപ്പോൾ, ബാന്ദ്ര എന്ന കോടികൾ വാരിയെറിഞ്ഞ ചിത്രം വൻ പരാജയമായിരുന്നു.
ജയറാം, കുഞ്ചാക്കോബോബൻ തുടങ്ങിയവരുടെയും അവസ്ഥ സമാനമാണ്. ഓസ്ലർ വിജയചിത്രമായതാണ് തുടർച്ചയായ പരാജയങ്ങൾക്കിടയിൽ ജയറാമിന് ആശ്വാസം. കുഞ്ചാക്കോ ബോബന്റെ 'ഗ്ര്ർർർ' എന്ന ചിത്രം പരാജയമായി. ജയസൂര്യയുടേതായി കഴിഞ്ഞ കുറച്ചുകാലമായി സിനിമകൾ റിലീസായിട്ടില്ല. കിങ്് ഓഫ് കൊത്ത എന്ന ദുരന്തത്തിനുശേഷം ദുൽഖറിനെയും കാണാനില്ല.
ഏറെക്കാലത്തെ ഫ്ളോപ്പുകൾക്കുശേഷം 'തലവൻ', ആസിഫലിക്കും ആശ്വാസമായി. പോയ വർഷങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഷൈൻ ടോം ചാക്കോയുടെ കമലിന്റെ 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രവും അത് അർഹിക്കുന്ന നിലയിൽ എട്ടുനിലയിൽ പൊട്ടി. ടൊവീനോയുടെ നടികർ, ഉണ്ണിമുകുന്ദന്റെ ജയ്ഗണേശ്, തുടങ്ങിയ ചിത്രങ്ങളും, വലിയ പ്രതീക്ഷയോടെ വന്നെങ്കിലും, ബോക്സോഫീസിൽ ഒന്നുമായില്ല.
പുതിയ പ്രതിഭകൾ പുതിയ കാലം
ഏറ്റവും സന്തോഷിപ്പിക്കുന്നത് ഈ ബഹളങ്ങൾക്കിടയിലും മലയാളത്തിൽ കലാമുല്യമുള്ള കൊച്ചു ചിത്രങ്ങളും വിജയിക്കുന്നു എന്നതാണ്. ആട്ടം, ഗോളം, മന്ദാകിനി, ഗഗനചാരി, ഉള്ളരുക്കം, തുണ്ട്, അഞ്ചക്കള്ളക്കോക്കാൻ, ലിറ്റൽ ഹാർട്ട്സ്, സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്നീ സിനിമകളൊയാക്കെ ഈ ഗണത്തിൽ പെടുത്താം. ഒരുപാട് പ്രതിഭയുള്ള പുതുമുഖങ്ങൾ മലയാള സിനിമയിലേക്ക് വരുന്നു എന്നതിന്റെ എറ്റവും നല്ല തെളിവാണ് ആട്ടം സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി. ഒരേ സമയം ത്രില്ലറും പൊളിറ്റിക്കലുമാണ് ഈ സിനിമ. ഓരോ കഥാപാത്രത്തിന്റെയും വീക്ഷണകോണിലൂടെ കുറ്റകൃത്യത്തെ വിശകലനം ചെയ്യുമ്പോൾ സിനിമ കൂടുതൽ ഉദ്വേഗഭരിതമാകുന്നു. ഈ പടവും നിറഞ്ഞ സദസ്സിലാണ് പ്രദർശിക്കപ്പെട്ടത്.
ഈ മഴക്കാലത്ത് ഒട്ടും പബ്ലിസിറ്റിയില്ലാതെ, ഇറങ്ങിയ ഗോളം എന്ന സിനിമയെയും പ്രേക്ഷകർ കൈവിട്ടല്ല. സംവിധായകൻ പുതുമുഖം, നായകനടക്കം ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് അപ്രശസ്തരായ അഭിനേതാക്കൾ. മിക്കവാറും രംഗങ്ങളും ഇൻഡോർ. വലിയ പരസ്യമില്ല സോഷ്യൽ മീഡിയയിലെ തള്ളുകളില്ല, ഇന്റവ്യൂ ബഹളങ്ങളില്ല. എന്നിട്ടും ഗോളം എന്ന കൊച്ചു ചിത്രം വിജയിച്ചു. ഒരു ബ്രില്ലന്റ് മർഡർ മിസ്റ്ററി സിനിമയെടുക്കാൻ, കോടികളുടെ സെറ്റപ്പും, മാസ് ആക്ഷൻ സീനുകളുടെയോ, ബിൽഡപ്പുകളുടെയോ ഒന്നും പിന്തുണ വേണ്ടെന്നും, നല്ല തലച്ചോർ മാത്രം മതിയെന്നും ഈ ചിത്രം തെളിയിക്കുന്നു. ഈ പടത്തിന്റെ സംവിധായകൻ സംജാദ് ഭാവിയുള്ള പ്രതിഭയാണ്.
ഞെട്ടിച്ച മറ്റൊരു സിനിമയാണ് ഗഗനചാരി. മലയാളത്തിന്റെ മിനിമം ബജറ്റ്‌വെച്ച് ഒരു കോമിക്ക് സയൻസ് ഫിക്ഷനോ, പോസ്റ്റ് അപ്പോകാലിപ്റ്റിക് സിനിമയോ ചെയ്യാൻ കഴിയമെന്ന് ഈ ലേഖകനൊക്കെ സ്വപ്നത്തിൽപോലും കരുതിയതല്ല. അരുൺ ചന്തുവെന്ന യുവ സംവിധായകൻ ഗഗനചാരിയെന്ന ഗംഭീരമായ ഒരു ചിത്രത്തിലൂടെ, സയൻസ് കോമിക്ക് വിഭാഗത്തിലേക്കുള്ള മലയാളത്തിന്റെ പ്രവേശനവും ഉദ്ഘാടനം ചെയ്തിരിക്കയാണ്. ഗോകുൽ സുരേഷ്് എന്ന പുതിയ താരോദയത്തിനും ഈ ചിത്രം കാരണഭൂതനായി.
ഈ പെരുമഴക്കാലത്തുപോലും തീയേറ്ററുകൾ നിറയുന്ന മറ്റൊരു ചിത്രമാണ്, ഉർവശിയും പാർവതി തിരുവോത്തും തമ്മിലുള്ള അഭിനയ മത്സരമെന്ന് തോന്നിപ്പിക്കുന്ന ഉള്ളൊഴുക്ക്. നെറ്റ്ഫ്ലിക്സിന്റെ ഇറങ്ങിയ, കൂടത്തായി ജോളിയുടെ കഥ പറയുന്ന 'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലുടെ ഞെട്ടിച്ച ക്രിസ്റ്റോ ടോമിയാണ് ഈ പടത്തിന്റെ സംവിധായകൻ. മുംബൈ ആസ്ഥാനമായ സിനിസ്ഥാൻ ഫിലിം കമ്പനി നടത്തിയ അഖിലേന്ത്യ തിരക്കഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടി 25 ലക്ഷംരൂപയുടെ പ്രൈസ് മണി സ്വന്തമാക്കി 'ദ ഫ്യൂണറൽ' എന്ന തന്റെ തിരക്കഥയാണ് ക്രിസ്റ്റോ ഉള്ളൊഴുക്കാക്കിയത്. ഇതുപോലെ മലയാള സിനിമയുടെ ഭാവി നിർണ്ണയിക്കാൻ കഴിയുന്ന ഒരുപാട് പ്രതിഭാധനരും ഈ അർധവർഷത്തിൽ റിലീസായി.
അഭിമാനകരമായ ഈ നേട്ടങ്ങൾക്കിടയിൽ അപമാനകരമായ ഒരു വാർത്തയുമായാണ് ഈ അർധവർഷം അവസാനിക്കുന്നത്. മലയാള സിനിമയിലേക്കും ഇ ഡി എത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തിക്കളയുന്ന രീതിയിലായിപ്പോയി, നടൻ സൗബിൻഷാഹിർ അടക്കമുള്ള നിർമ്മാതാക്കളുടെ തർക്കവും കേസും. ഇപ്പോൾ ഇതിന്റെ ചുവടുപിടിച്ച്, സമാനമായ രീതിയിൽ തരികിടകളും, ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ചിത്രത്തെ നൂറുകോടി ക്ലബിൽ എത്തിക്കുന്ന വ്യാജ പി ആർ വർക്കുമൊക്കെ ഇ ഡി അന്വേഷിക്കുമെന്നാണ് അറിയുന്നത്. സാമ്പത്തിക സുതാര്യതയിൽ മലയാള സിനിമ ഇനിയും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണ്, 2024 ആദ്യ അർധവർഷത്തെ മുഖ്യ പാഠം.
വാൽക്കഷ്ണം: പണ്ടൊക്കെ റിവ്യൂ ബോംബിങ് എന്നായിരുന്നു എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. നല്ല സിനിമയെ വലിച്ചുകീറി നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് അശ്വന്ത് കോക്കിനെപ്പോലുള്ള വ്ളോഗർമാർക്കെതിരെ കേസും വന്നു. പക്ഷേ ഇപ്പോൾ അതും തിരിഞ്ഞു. വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്കുശേഷം' ഒടിടിയിൽ വന്നതോടെ, റിവ്യൂവർമാർ ഒരു ആവറേജ് സിനിമയെ പറഞ്ഞുപൊക്കി ഹിറ്റാക്കിച്ചുവെന്നായി പരാതി!