- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്‍വിന്‍സിങ്ങ് സ്റ്റാറായി ബേസില്‍; പാന്‍ ഇന്ത്യനായി ഫഹദും, പൃഥിയും, ടൊവീനോയും; ആദ്യ നൂറുകോടി പൂവണിയാതെ മമ്മുക്ക; ലാലേട്ടന് പ്രതീക്ഷ ബറോസില്‍; ഔട്ടായി ദിലീപ്; ഇഡിയും ഹേമയും കലുഷിതമാക്കിയ കാലം; ചരിത്രത്തില്‍ ഏറ്റവും പണം വാരിയ വര്‍ഷം; എന്നിട്ടും ഒരാഴ്ച തികയ്ക്കാതെ 175 ചിത്രങ്ങള്‍!
മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും പണം വാരിയ വര്‍ഷം
ലോകത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഓഡിറ്ററും തലകറങ്ങിപ്പോവും, മലയാള സിനിമയുടെ 2024ലെ കണക്കുകള്‍ ഒന്ന് ഓഡിറ്റ് ചെയ്താല്‍. ഒന്നാമത് ഇത് മൊത്തം കള്ളക്കണക്കാണ്. തള്ളേതാണ് യഥാര്‍ത്ഥ്യമേതാണ് ഇന്ന് ഇവര്‍ ഇഡി വന്നാലേ പറയൂ എന്നതാണ് അവസ്ഥ. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ ലാഭവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഇ ഡി പരിശോധിച്ചപ്പോഴുണ്ടായ പുകിലും പുക്കാറും, ഇനിയും അവസാനിച്ചിട്ടില്ല. ഈ വര്‍ഷം ഇറങ്ങിയ 207 സിനിമകളില്‍ 25 എണ്ണംമാത്രമാണ് സാമ്പത്തിക ലാഭമായത്. ബാക്കിയുള്ള, 182 സിനിമകളില്‍ 175 എണ്ണവും ഒരാഴ്ചപോയും തീയേറ്ററില്‍ ഓടിയില്ല! 90 ശതമാനം സിനിമകളും പരാജയപ്പെട്ടിട്ടും നിലനില്‍ക്കുന്ന ഒരു വ്യവസായം. ഇന്നു മാത്രമല്ല, കഴിഞ്ഞ എത്രയോ വര്‍ഷമായി മലയാള സിനിമ അങ്ങനെയാണ്!
എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ മലയാളസിനിമ കളക്ഷനില്‍ റെക്കോര്‍ഡിട്ട വര്‍ഷമാണിത്. ഒരു സിനിമ 200 കോടി ക്ലബ് കഴിഞ്ഞു. മറ്റ് നാല് സിനിമകള്‍ നൂറുകോടി പിന്നിട്ടു. 50 കോടി പിന്നിട്ടവയുണ്ട് ആറ് ചിത്രങ്ങള്‍. 40 കോടിക്കടത്ത് കളക്ഷന്‍ വന്നതുമായി നിരവധി ചിത്രങ്ങളുണ്ട്. അതുവെച്ച് നോക്കുമ്പോള്‍ കരുത്താജിക്കുന്ന മലയാള സിനിമയെയാണ് ഒരു വശത്ത് കാണുന്നത്. നമ്മുടെ ചിത്രങ്ങള്‍ ഇന്ന് ഇന്ത്യ മുഴുവന്‍ എത്തുന്നു. ഫഹദും, പ്രഥിയും, ദുല്‍ഖറും, ടൊവീനോയുമടക്കമുള്ള താരങ്ങള്‍ പാന്‍ ഇന്ത്യന്‍ താരങ്ങളാവുന്നു. സാറ്റലൈറ്റ് ഒടിടി എന്നിവയും, പ്രീ ബുക്കിങ്ങുമൊക്കെയായി കോടികളുടെ പണം വരുന്നു. അതായത് ശ്രദ്ധിച്ച് മുതല്‍ മുടക്കിയാല്‍ കോടികള്‍ വരാവുന്ന മേഖല തന്നെയാണ് മല്ലുവുഡും.
പക്ഷേ ഓവറോള്‍ നോക്കുമ്പോള്‍ നഷ്ടക്കണക്ക് തന്നെയാണ് ഈ വര്‍ഷവും പറയാനുള്ളത്. 2000 കോടിയിലേറെ മുടങ്ങിയ മലയാള സിനിമക്ക് മൊത്തം 1500 കോടി തിരിച്ചുകിട്ടിയെന്ന് പറയാം. 500 കോടി സ്വാഹാ! പക്ഷേ ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം മലയാള സിനിമയുടെ സുവര്‍ണ്ണകാലമായിരുന്നു. ആ സമയത്ത് മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിക്ക് മുകളിലെത്തി. ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആദ്യ ആറുമാസത്തിനിടെ, ഇന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍ഡസ്ട്രിയായി മലയാളം മാറിയിരിക്കയാണ്. ഓര്‍മാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്, ഈ സമയത്ത് ഇന്ത്യയില്‍ നാലിരത്തോളം കോടി രൂപയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ വന്നത്. അതില്‍ അതില്‍ നാലിലൊന്ന് അയായത് 25 ശതമാനത്തോളം മലയാളം സിനിമകളുടേതാണ്! ചരിത്രത്തില്‍ ആദ്യമായിരുന്നു ഇതുപോലെ ഒരു നേട്ടം.
പക്ഷേ, 2024 രണ്ടാംപാദത്തില്‍ കളി മാറി. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളത്തിലെ താരങ്ങള്‍, മുണ്ടുരിഞ്ഞെന്നപോലെ നില്‍ക്കേണ്ടി വന്നു.
ജയസൂര്യയും, മുകേഷും, സിദ്ദീഖും, മണിയന്‍പിള്ള രാജുവും, സംവിധായകന്‍ രഞ്ജിത്തു അടക്കുള്ളവര്‍ ജാമ്യത്തിനായി നെട്ടോട്ടമോടേണ്ടി വന്നു.
അതുപോലെ തന്നെ മഞ്ഞുമ്മല്‍ ബോയ്സ് പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഇ ഡി പരിശോധനയും മലയാള സിനിമക്ക് ക്ഷീണമായി. ഇതിനിടയിലും കിഷ്‌ക്കിന്ധാകാണ്ഡവും, വാഴയും, സുക്ഷ്മദര്‍ശനിയും പോലുള്ള ഹിറ്റ് സിനിമകള്‍ രണ്ടാം പകുതിയിലുമുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആവറേജായി നില്‍ക്കുമ്പോള്‍, യുവതാരങ്ങളും സംവിധായകരും കത്തിക്കയറുന്നതാണ് 2024-ല്‍ കണ്ടത്.
നൂറുകോടി കടന്ന 5 ചലച്ചിത്രങ്ങള്‍
നിര്‍മ്മാതാക്കള്‍ തരുന്ന കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍, നൂറുകോടി കളക്ഷന്‍ നേടിയ, സൂപ്പര്‍ ഹിറ്റുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു ചിത്രങ്ങളാണ്, 2024-ല്‍ മലയാളത്തില്‍ ഉണ്ടായത്. അവ താഴെ പറയുന്നവയാണ്.
1 മഞ്ഞുമ്മല്‍ ബോയ്‌സ് - 242.5 കോടി
2 ആടുജീവിതം - 160 കോടി
3 ആവേശം - 156 കോടി
4 പ്രേമലു - 136.25 കോടി
5 എ ആര്‍ എം- 106 കോടി
ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ്, മലയാളത്തിലെ ഓള്‍ടൈം ഹിറ്റാണ്. 2024 ഫെബ്രുവരി 22 -ന് റിലീസായ മഞ്ഞുമ്മല്‍ ബോയ്സിലുടെയാണ് കേരളത്തിന്റെ ചലച്ചിത്ര വ്യവസായം അടിമുടി മാറുന്നത്. ഗുണ കേവില്‍ വീണ യുവാക്കളുടെ അതിജീവനം പറഞ്ഞ ചിത്രം, തമിഴ്നാട്ടിലും ചിത്രം സൂപ്പര്‍ ഹിറ്റായി.
200 കോടിയിലധികം കളക്ഷന്‍ നേടുന്ന മലയാള ചലച്ചിത്ര വ്യവസായത്തിലെ ആദ്യ ചിത്രമായി ഇത് മാറി. തുടര്‍ന്നങ്ങോട്ട് മലയാളത്തില്‍ തുടരെ തുടരെ ബ്ലോക്ക് ബസ്റ്ററുകളായിരുന്നു.
പൃഥിയുടെ ആടുജീവിതം കാണാന്‍, ന്യൂയോര്‍ക്കിലും, ലണ്ടനിലും അയര്‍ലണ്ടിലുംവരെ ആളുണ്ടായി.
ആവേശത്തിലെ രംഗണ്ണനായി ഫഫ സൗത്ത് ഇന്ത്യ കീഴടക്കി. രാജമൗലിപോലും പുകഴ്ത്തിയ പ്രേമലു, തെലുഗിലടക്കം തരംഗമായി. പിന്നാലെ ഓണം റിലീസായി എത്തിയ ടോവീനോയുടെ, അജയന്റെ രണ്ടാം മോഷണം എന്ന എ ആര്‍ എമ്മും നൂറുകോടി ക്ലബില്‍ എത്തിയെന്നാണ് നിര്‍മ്മാതാക്കാള്‍ പറയുന്നത്. ക്രിസ്മസിന് ഇറങ്ങിയ റൈഫില്‍ ക്ലബ്ബും, ഉണ്ണിമുകന്ദന്റെ മാര്‍ക്കോയും നല്ല അഭിപ്രായം നേടി മുന്നേറുന്നുണ്ട്.
യുവ സംവിധായകരുടെ കാലമാണ് മലയാളത്തിലിപ്പോള്‍. മഞ്ഞുമ്മല്‍ ബോയ്സ് എടുത്ത ചിദംബരം തന്നെയാണ് ഇതില്‍ എടുത്ത പറയേണ്ട പ്രതിഭ. പ്രേമലുവിലുടെ ഗിരീഷ് എ ഡിയും സൂപ്പര്‍ ഡയക്ടേഴസിന്റെ പട്ടികയിലേക്ക് ഉയരുകയാണ്. പഴയ തലമറുയില്‍ ആടുജീവിതമെടുത്ത ബ്ലെസിയെ മാത്രമേ, ഹിറ്റ് ഡയറക്്ടേഴ്സ് ലിസ്റ്റില്‍ കാണാന്‍ കഴിയൂ.
50 കോടിയില്‍ ആറ്
നിര്‍മ്മാതാക്കാള്‍ അവകാശപ്പെടുന്ന കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 50 കോടി കടന്ന ആറു ചിത്രങ്ങളുണ്ട്. അവ താഴെപ്പറയുന്നു.
1 ഗുരുവായൂരമ്പലനടയില്‍ -90 കോടി
2 ഭ്രമയുഗം -85 കോടി
3 വര്‍ഷങ്ങള്‍ക്കു ശേഷം - 80 കോടി
4 കിഷ്‌ക്കിന്ധാ കാണ്ഡം- 75കോടി
5 ടര്‍ബോ- 70 കോടി
6 അന്വേഷിപ്പിന്‍ കണ്ടെത്തും- 50 കോടി
ഇതില്‍ പ്രൃഥിരാജ്- ബേസില്‍ ചിത്രം, ഗുരുവായൂരമ്പല നടയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് 15 കോടിയാണ്. ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ നെഗറ്റീവ് റിവ്യൂകളും വന്നിരുന്നു. വെറും 8 കോടിക്കാണ് ടൊവീനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' തീര്‍ത്തത്. ചുരുങ്ങിയ ചെലവില്‍ എടുത്ത ആസിഫിന്റെ കിഷ്‌ക്കിന്ധാ കാണ്ഡം 70 കോടിക്ക് മുകളിലാണ് നേടിയത്. പക്ഷേ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന് 28 കോടിയാണ് പ്രൊഡക്ഷന്‍ കോസ്റ്റ് പറയുന്നത്. അതുപോലെ ടര്‍ബോയും ബിഗ്ബജറ്റ് ചിത്രമാണ്.
പക്ഷേ, 2024 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ലാഭകരമായ ചിത്രം, യുവതാരം നസ്ലനും മമിത ബൈജുവും ഒന്നിച്ച പ്രേമലു ആണ്. വെറും ഒമ്പത് കോടി ബജറ്റില്‍ ഒരുങ്ങിയ പ്രേമലു ലോകത്ത് എല്ലായിടത്ത് നിന്നും കളക്ട് ചെയ്തത് 136 കോടി രൂപയാണ്. അതായത് ബോക്സ് ഓഫീസില്‍ 745.5% ലാഭമാണ് പ്രേമലു നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 76.10 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സാണ്. 20 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം 610 ശതമാനം ലാഭം നേടി. കിഷ്‌കിന്ധ കാണ്ഡം 493.5% ലാഭം നേടിയപ്പോള്‍, അജയന്റെ രണ്ടാം മോഷണം എന്ന എ ആര്‍ എം 113.33% നേടിയെന്നാണ്, പറയുന്നത്.
മുമ്പ് അന്യഭാഷാചിത്രങ്ങള്‍ മലയാളത്തില്‍നിന്ന് പണം വാരിപ്പോവുകയായിരുന്നെങ്കില്‍, ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയത്തിനുശേഷം മലയാള സിനിമകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ വലിയ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍. കേരളത്തിലേയും യുഎഇയിലേയും പരമ്പരാഗത വിപണികള്‍ക്കും അപ്പുറം, യൂറോപ്പ് അടക്കമുള്ള പുതിയ ഓവര്‍സീസ് വിപണികളിലേക്കും മലയാള സിനിമ പടര്‍ന്ന കാലമാണിത്.
വാഴ മുതല്‍ സുക്ഷ്മ ദര്‍ശനി വരെ
40 കോടിക്കടുത്ത കളക്റ്റ് ചെയ്ത വാഴയെന്ന് കൊച്ചു ചിത്രം തൊട്ട് 50 കോടി ക്ലബില്‍ കയറുമെന്ന് പറയുന്ന സൂക്ഷ്മദര്‍ശനിയും, അടക്കം ഒരുപാട് കൊച്ചു ചിത്രങ്ങളുടെ വിജയം 2024-ല്‍ കണ്ടു.
വാഴ- 369.2%, സൂക്ഷ്മദര്‍ശിനി- 179.2%, തലവന്‍- 135%, എബ്രഹാം ഓസ്ലര്‍ 110% എന്നിങ്ങനെ ലാഭം നേടിയെന്നാണ് പറയുന്നത്. നടന്‍ ജയറാമിന്റെ എബ്രഹാം ഓസ്ലറും 40 കോടിയോളം നേടി. വെടി തീര്‍ന്നുനില്‍ക്കുന്ന ജയാറം എന്ന നടന്റെ തിരിച്ചുവരവായിരുന്നു ഈ മിഥുന്‍ മാനുവല്‍ തോമസ് ചിത്രം.
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയും, തീയേറ്ററുകളില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അന്തിമ കണക്കുകള്‍ നോക്കുമ്പോള്‍ ഇതും 50 കോടിക്കടുത്ത് എത്തുമെന്നാണ് പറയുന്നത്. ഹിറ്റ്മേക്കര്‍ ജീത്തുജോസഫ് ബേസിലിനെ നായകനാക്കി എടുത്ത നുണക്കുഴി, ഷറഫുദ്ദീന്‍ നായകനായ ഹലോ മമ്മി, എന്നിവയും ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങളാണ്. ബിജുമോനോന്‍- ആസിഫലി കോമ്പോയില്‍ പിറന്ന, ജിസ് ജോയ് ചിത്രം തലവനും നേടി 25 കോടിയിലേറെ. വര്‍ഷാന്ത്യത്തിലിറങ്ങിയ ഉണ്ണിമുകന്ദന്‍ ചിത്രം മാര്‍ക്കോക്കും നല്ല കളക്ഷന്‍ വരുന്നുണ്ട്. ആട്ടം, മുറ, ബൊഗേയ്വില്ല, ഉള്ളൊഴുക്ക്, ഗോളം, അഞ്ചക്കള്ളകോക്കാന്‍, എന്നിവയും 2024-ലെ വിജയ ചിത്രങ്ങളാണ്. മന്ദാകിനി, ഗഗന ചാരി, ലിറ്റില്‍ ഹാര്‍ടസ് തുടങ്ങിയ ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.
ഏറ്റവും സന്തോഷിപ്പിക്കുന്നത് ഈ ബഹളങ്ങള്‍ക്കിടയിലും മലയാളത്തില്‍ കലാമുല്യമുള്ള കൊച്ചു ചിത്രങ്ങളും വിജയിക്കുന്നു എന്നതാണ്. ആട്ടം, ഗോളം, മന്ദാകിനി, ഗഗനചാരി, ഉള്ളരുക്കം, മുറ, അഞ്ചക്കള്ളക്കോക്കാന്‍, ലിറ്റല്‍ ഹാര്‍ട്ട്സ്, സൂക്ഷ്മദര്‍ശനി തുടങ്ങിയവ ഉദാഹരണം. ഒരുപാട് പ്രതിഭയുള്ള പുതുമുഖങ്ങള്‍ മലയാള സിനിമയിലേക്ക് വരുന്നു എന്നതിന്റെ എറ്റവും നല്ല തെളിവാണ് ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. ഒരേ സമയം ത്രില്ലറും പൊളിറ്റിക്കലുമാണ് ഈ സിനിമ. അതുപോലെ സുക്ഷ്മ ദര്‍ശിനിയൂടെ സംവിധയാകന്‍ എം സി നിധിനും ഭാവിയുള്ള ചലച്ചിത്രകാരനാണ്.
ഞെട്ടിച്ച മറ്റൊരു സിനിമയാണ് ഗഗനചാരി. മലയാളത്തിന്റെ മിനിമം ബജറ്റ്വെച്ച് ഒരു കോമിക്ക് സയന്‍സ് ഫിക്ഷനോ, പോസ്റ്റ് അപ്പോകാലിപ്റ്റിക് സിനിമയോ ചെയ്യാന്‍ കഴിയമെന്ന് ഈ ലേഖകനൊക്കെ സ്വപ്നത്തില്‍പോലും കരുതിയതല്ല. അരുണ്‍ ചന്തുവെന്ന യുവ സംവിധായകന്‍ ഗഗനചാരിയെന്ന ഗംഭീരമായ ഒരു ചിത്രത്തിലൂടെ, സയന്‍സ് കോമിക്ക് വിഭാഗത്തിലേക്കുള്ള മലയാളത്തിന്റെ പ്രവേശനവും ഉദ്ഘാടനം ചെയ്തിരിക്കയാണ്. ഗോകുല്‍ സുരേഷിന്‍െ അഭിനയവും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പെരുമഴക്കാലത്തുപോലും തീയേറ്ററുകള്‍ നിറച്ച മറ്റൊരു ചിത്രമാണ്, ഉര്‍വശിയും പാര്‍വതി തിരുവോത്തും തമ്മിലുള്ള അഭിനയ മത്സരമെന്ന് തോന്നിപ്പിക്കുന്ന ഉള്ളൊഴുക്ക്.
കൊറിയന്‍ വെബ്‌സീരീസിനെയൊക്കെപ്പോലെ മലയാള സിനിമ ഒരു വയലന്റ് ഴോണറിലേക്ക് പോയതും 2024ലാണ്. നടന്‍ മുസ്തഫയുടെ സംവിധാനത്തില്‍ ഇറങ്ങിയ മുറ, നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്നീ സിനിമകളിലൊക്കെ വയലന്‍സ് നന്നായി ഉണ്ട്. പക്ഷേ അതിന്റെയൊക്കെ അപ്പുറത്താണ് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണിമുകന്ദന്റെ മാര്‍ക്കോ. എ സര്‍ട്ടിഫിക്കേറ്റുള്ള ഈ ചിത്രം, കണ്ടുതീര്‍ത്താന്‍ ദുര്‍ബല മനസ്‌ക്കര്‍ക്ക് കഴിയില്ല. അത്രയും വലിയ വയലന്‍സാണ്!
പഴയ പ്രതാപമില്ലാതെ മമ്മൂട്ടിയും ലാലും
നസ്ലന്‍ അബ്ദുല്‍ ഗഫൂര്‍ എന്ന കൊച്ചു പയ്യന്റെ ചിത്രം നൂറുകോടി കടക്കുന്ന കാലമാണിത്. 'മെസ്സിക്ക് ഒരു ലോകകപ്പ് ' എന്ന പേരില്‍ ആരാധകര്‍ പ്രചാരണം നടത്തിയപോലെ, 'ഇക്കാക്ക് ഒരു നൂറുകോടി' എന്ന പേരില്‍ മമ്മൂട്ടി ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ തള്ളുന്ന കാഴ്ചയും 2024-ല്‍ കണ്ടു. മെസ്സിക്ക് ആ സ്വപ്നം പൂവണിക്കാന്‍ കഴിഞ്ഞെങ്കിലും, മമ്മൂട്ടിക്ക് ഇതുവരെ നൂറുകോടി ക്ലബില്‍ കയാറാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന് അടുത്ത് എത്താനായി എന്നത് ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്.
ഈ അര്‍ധവര്‍ഷം ഓസ്ലറിലെ ഗസ്റ്റ് റോള്‍ അടക്കം, മുന്ന് ചിത്രങ്ങളിലാണ് മമ്മൂട്ടി വേഷമിട്ടത്. ഇതില്‍ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി, മലയാളത്തിന്റെ മഹാനടന്‍ ശരിക്കും കത്തിക്കയറി. രാഹുല്‍ സദാശിവ് സംവിധാനം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ പോറ്റിയൂടെ അലറിച്ചിരയും, പകിട കളിയും തീയേറ്റര്‍ വിട്ടാലും നിങ്ങളെ വേട്ടയാടും. 85 കോടിയോളം നേടി വന്‍ വിജയവുമായി ചിത്രം. പക്ഷേ ടര്‍ബോയെന്ന, പുലിമുരുകന്‍ വൈശാവ് സംവിധാനം ചെയ്ത, മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രം മമ്മൂട്ടി ഫാന്‍സിന്റെ നുറുകോടി പ്രതീക്ഷയായിരുന്നു. എന്നാല്‍ ആദ്യ ദിനങ്ങളില്‍ വമ്പന്‍ കളക്ഷനും, റിവ്യൂകളും വന്ന ചിത്രം, ഒരാഴ്ചയായതോടെ ഡൗണായി. പക്ഷേ ചിത്രം 70 കോടി നേടിയെന്നാണ് പറയുന്നത്. ചിത്രം അറബിയിലടക്കം മൊഴിമാറ്റി റിലീസ് ചെയ്യുന്നത് നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യും. ഇനി ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടി ഫാന്‍സ് കാത്തിരിക്കുന്നത്.
ക്രിസ്മസിന് ഇറങ്ങുന്ന ബറോസിലാണ് ലാല്‍ ഫാന്‍സിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. നൂറുകോടിയിലേറെ ബജറ്റില്‍, ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്തെല്ലാം മാജിക്കുകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന് കാത്തിരുന്നത് കാണാം. 2023 അവസാനം ഇറങ്ങിയ ജീത്തുജോസഫിന്റെ നേര്, ഓടിയത് മുഴുവന്‍ 2024ലാണ്. ചിത്രത്തിന് 50 കോടി കടന്ന് കളക്ഷന്‍ വന്നത് ലാല്‍ ആരാധകരില്‍ ആവേശം സൃഷ്ടിച്ചിരുന്നു. പക്ഷേ അതിനുശേഷം വന്ന, ലിജോജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബാന്‍, ആദ്യ ദിവസം തന്നെ 'മലങ്കള്‍ട്ട്' എന്ന പേരുദോഷമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. പക്ഷേ മോശം റിവ്യൂകള്‍ക്കിടയിലും, ചിത്രം 30 കോടിയുടെ ഇനീഷ്യ കളക്ഷന്‍ നേടി. ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിക്ക് ഒട്ടും ഇടിവ് വന്നിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. ബറോസും, എമ്പൂരാനും അടക്കമുള്ള, മോഹന്‍ലാലിന്റെ വലിയ പ്രോജക്റ്റുകള്‍ക്കായി പ്രതീക്ഷതോടെ കാത്തിരിക്കയാണ് ആരാധകര്‍.
ബേസിലും നസ്നലും പിന്നെ..
പരമ്പരാഗത സൂപ്പര്‍താര സങ്കല്‍പ്പങ്ങള്‍ മാറിമറിയുന്നതിനും ഈ വര്‍ഷം സാക്ഷിയായി. 2024-ലെ മലയാള സിനിമയിലെ മാന്‍ ഓഫ് ദി മാച്ച് ആരാണെന്ന് ചോദിച്ചാല്‍, ഒറ്റവ്യക്തിയെ പറയാന്‍ കഴിയില്ല. ഫഹദ് ഫാസില്‍, പ്രൃഥിരാജ്, ടൊവീനോ, ബേസില്‍ ജോസഫ്, നസ്ലന്‍, ആസിഫലി എന്നിവരെ പറയേണ്ടിവരും. ദിലീപൊക്കെ ഏതാണ്ട് ഫീല്‍ഡ് ഔട്ട് ആയതോടെ ആ ഗ്യാപ്പിലേക്ക് , അയല്‍വീട്ടിലെ പയ്യന്‍ എന്ന ഇമേജുമായി കയറി എത്തുന്നത്, മിന്നല്‍ മുരളി എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ സംവിധായകന്‍ കൂടിയായ ബേസില്‍ ജോസഫാണ്. ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി, സൂക്ഷ്മ ദര്‍ശനി എന്നിങ്ങനെ ഹിറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇപ്പോള്‍ കണ്‍വിന്‍സിങ്് സ്റ്റാര്‍ എന്ന പോരാണ്, സോഷ്യല്‍ മീഡിയ ബേസിലിന് കൊടുക്കുന്നത്. ബേസിലിനെ കാണിക്കുമ്പോള്‍ തന്നെ തീയേറ്ററില്‍ കൈയടിയാണ്.
ആവേശത്തിലെ രംഗണ്ണന്‍ മാത്രമല്ല, പുഷ്പയിലെ ഷെഖാവത്തും, വേട്ടയ്യനില്‍ രജനിക്കൊപ്പമുള്ള കഥാപാത്രവും ഫഹദിനെ ശരിക്കും പാന്‍ ഇന്ത്യന്‍ താരമാക്കിയിരിക്കയാണ്. അതുപോലെയുള്ള ഒരു കീര്‍ത്തി ആടുജീവിതത്തിലുടെ പ്രൃഥിരാജിനും കിട്ടി. നൂറുകോടി ക്ലബിലെത്തിയ എ ആര്‍ എം ടൊവീനോ എന്ന നടനെയും ഉയരങ്ങളില്‍ എത്തിച്ചു. കിഷ്‌ക്കിന്ധാകാണ്ഡം എന്ന ഒറ്റ സിനിമ ആസിഫലിയുടെ കരിയര്‍ മാറ്റിമറിച്ചിരിക്കയാണ്.
ഒരുപാട് യുവതാരങ്ങളെ ഒറ്റയിടക്ക് തള്ളിമാറ്റി യങ് സുപ്പര്‍സ്റ്റാര്‍ എന്ന പേര് വാങ്ങിയത് നസ്ലന്‍ കെ ഗഫൂര്‍ എന്ന 23കാരനാണ്. പ്രേമലു നായകന് ഇപ്പോള്‍ ആരാധകര്‍ കാരണം മൂത്രമൊഴിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്നാണ് ട്രോളുകള്‍. പ്രേമലു എന്ന ഒറ്റചിത്രത്തിലൂടെ, ഇപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സോഷ്യല്‍ മീഡിയ കൊടുത്തിരിക്കുന്നത് നടി മമിത ബൈജുവിനാണ്.
ഒരു ഓണ്‍ലൈന്‍ മീഡിയ നടത്തിയ സര്‍വേയില്‍ മഞ്ജുവാര്യരെ പിന്തള്ളിയാണ് മമിത മുന്നിലെത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള മഞ്ജുവാര്യര്‍ക്കാകട്ടെ, കഴിഞ്ഞ കുറേക്കാലമായി വലിയ വിജയങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതുപോലെ ആവേശത്തിലെ അമ്പാന്റെ റോള്‍ ചെയ്ത സജിന്‍ ഗോപുവിനെപ്പോലെ ജനപ്രീതി ഇപ്പോള്‍ ഒരു നടനുമില്ല. എവിടെ നോക്കിയാലും അമ്പാന്‍. പഴയ താരങ്ങളുടെ സ്ഥാനത്ത് പുതിയവര്‍ കയറിവരികയാണെന്ന് വ്യക്തം. പരമ്പരാഗത താരങ്ങളെ കടത്തിവെട്ടി, ഇന്റവ്യൂവിലുടെ സൂപ്പര്‍ സ്റ്റാറായ ധ്യാന്‍ ശ്രീനിവാസന്, അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹിറ്റ് കിട്ടിയതും ഈ വര്‍ഷത്തിലാണ്. 'ഒറ്റക്ക് വഴിവെട്ടിവന്നവനെ കളിയാക്കുന്നോടാ പട്ടികളെ' എന്ന ഒറ്റ ഡയലോഗിലുടെ നിവിന്‍, 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയിലെ ഗസ്റ്ററോള്‍ തൂക്കി. മഞ്ഞുമ്മലിലൂടെ സൗബിനും, തലവനിലുടെ ബിജുമേനോനും, തങ്ങളുടെ മിനിമം ഗ്യാരണ്ടി നിലനിര്‍ത്തി. എബ്രഹാം ഓസ്ലറിലൂടെ ഫീല്‍ഡ് ഔട്ട് ആകുന്നതിന്റെ വക്കില്‍നിന്ന് ജയറാമും തിരിച്ചുവന്നു.
നമ്മുടെ ജനപ്രിയ നായകന്‍ ദിലീപും ഫ്ളോപ്പുകള്‍ക്കിടയിലുടെയാണ് കടന്നുപോവുന്നത്. തങ്കമണി, പവി കെയര്‍ ടേക്കര്‍ എന്ന ദിലീപിന്റെ രണ്ടു ചിത്രങ്ങളും പൊല്‍ു. നടിയെ ആക്രമിച്ച കേസിലെ ജയില്‍വാസത്തിനുശേഷം, 2017-ല്‍ റിലീസായ രാമലീലക്കുശേഷം ഹിറ്റുകള്‍ ഉണ്ടാക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മികച്ചു നിന്ന, കുഞ്ചാക്കോബോബനും ഇത് അത്ര നല്ല കാലമല്ല. മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ അമല്‍ നീരദിന്റെ ബൊഗെയ്ന്‍ വില്ലയില്‍ കുഞ്ചോക്കോ നന്നായി അഭിനയിച്ചെങ്കിലും, ചിത്രം പ്രതീക്ഷിച്ചപോലെ സൂപ്പര്‍ ഹിറ്റായില്ല. ബൊഗേയ്വില്ലയിലൂടെ നടി ജോതിര്‍മയിയുടെ തിരിച്ചുവരവും, തിരമലയാളം ആഘോഷിച്ചിരുന്നു.
ജയസൂര്യയുടേതായി കഴിഞ്ഞ കുറച്ചുകാലമായി സിനിമകള്‍ റിലീസായിട്ടില്ല. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ ജാമ്യത്തിനായി ഓടുന്ന താരത്തിന്റെ മുഖമാണ് പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടത്. പക്ഷേ ജയസൂര്യയുടെ വലിയ ചില പടങ്ങള്‍ ഈ വര്‍ഷം റിലീസാവാനുണ്ട്.കിങ് ഓഫ് കൊത്ത എന്ന ദുരന്തത്തിനുശേഷം ദുല്‍ഖറിനെ മലയാളത്തില്‍ കാണാനില്ല. പക്ഷേ ദൂല്‍ഖറിന്റെ ലക്കി ഭാസ്‌ക്കര്‍ തെലുങ്കിലെന്നപോലെ കേരളത്തിലും ഹിറ്റായി. ഇപ്പോഴും തമിഴിലും തെലുങ്കിലും മമ്മൂട്ടിയേക്കാള്‍ ഫാന്‍ബേസുള്ള നടനാണ് ദൂല്‍ഖര്‍. വലിയ പ്രതീക്ഷയോടെ വന്ന ഉണ്ണിമുകുന്ദന്റെ ജയ്ഗണേഷ്, ശരാശരിയില്‍ ഒതുങ്ങിയെങ്കിലും മാര്‍ക്കോ തകര്‍ക്കുന്നത് ഈ യുവ നടന് പ്രതീക്ഷ നല്‍കുന്നുണ്ട്.
വാല്‍ക്കഷ്ണം: വ്യാജ പിആര്‍ വര്‍ക്കുകളിലുടെയും കള്ളക്കണക്കുകളുടെയും കാലം കൂടിയാണ് മലയാള സിനിമയിലിപ്പോള്‍. അതുകൊണ്ടുതന്നെ ഇന്‍ഡസ്ട്രിയുടെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ മറച്ചുപിടിക്കപ്പെടുകയാണ്. കൃത്യമായി നികുതിയടച്ച്, സാമ്പത്തിക സുതാര്യത കൈവരിക്കേണ്ടതിന്റെയും, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷയുടെയും വലിയ പാഠങ്ങള്‍ തന്ന ചലച്ചിത്ര വര്‍ഷമാണ് കടന്നുപോവുന്നത്.