- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്വന്തം പിതാവിന്റെ മരണ വിവരം അറിയിക്കാൻ വിളിച്ചാൽപോലും ഫോൺ എടുക്കാത്തവർ; ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്നു പോലും ഓർമ്മയില്ലാത്തവർ; ഇന്നലെ വന്നവർക്കും ഒരു കോടി പ്രതിഫലം; ഡേറ്റുകൾ മറിച്ച് വിൽക്കുന്ന മാഫിയയും; കഞ്ചാവ്-കാരവൻ- കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ!
'മറ്റുള്ളവർ ഉറങ്ങുമ്പോൾ അവർ ഉണർന്നിരിക്കും, ഉണരുമ്പോൾ അവർ ഉറക്കമാവും. സ്വന്തം പിതാവിന്റെ മരണവിവരം അറിയിക്കാൻ വിളച്ചാൽ പോലും അവരെ കിട്ടില്ല. സെറ്റിൽ എന്നും വൈകിയേ എത്തൂ. എപ്പോഴാണ് തെറ്റിപ്പോകുന്നത് എന്ന് യാതൊരു പിടിയുമില്ല. ചില ദിവസങ്ങളിൽ ഷൂട്ടിങ്ങ് മുടങ്ങാൻ പ്രത്യേകിച്ച് ഒരു കാരണവും വേണ്ട്. മൂഡില്ല എന്നായിരിക്കും മറുപടി. എന്തിനോടും പുഛവും പരിഹാസവുമാണ് മുഖമുദ്ര. ലക്ഷങ്ങൾ എണ്ണി പോക്കറ്റിലിട്ടിട്ടാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം''- മലയാളത്തിലെ ചില ന്യൂജൻ താരങ്ങളെക്കുറിച്ച് ഒരു പ്രൊഡ്യുസർ തുറന്നടിച്ച വാക്കുകൾ ആണിത്. അരാജകവാദിയായി കള്ളിനെയും കഞ്ചാവിനെയുമൊക്കെ ഉപാസിച്ചിരുന്നു ജോൺ എബ്രാഹാം കൾട്ടിനൊക്കെ കണ്ടതാണ് മലയാള സിനിമ. പക്ഷേ അവർക്കൊക്കെ വ്യക്തി ജീവിതത്തിൽ എന്തൊക്കെയായാലും ഒരു പ്രൊഫഷണൽ എത്തിക്സ് ഉണ്ടായിരുന്നു. ജോൺ എബ്രഹാം ഒക്കെ പിരിവിട്ട് സിനിമയെടുക്കുക എന്നല്ലാതെ ഒരു നിർമ്മാതാവിനെയും കുത്തുപാള എടുപ്പിച്ചിട്ടില്ല. വാണിജ്യ സിനിമയുടെ പളപ്പിലേക്ക് അവർ വന്നിട്ടുമില്ല. പക്ഷേ ഇവിടെ ഒറ്റപ്പടത്തിന് 50 മുതൽ 75ലക്ഷംവരെ പ്രതിഫലം വാങ്ങിയിട്ട്, ആ പണിയെടുക്കാതെ ലഹരിക്കുള്ളിൽ ഊളിയിട്ട് നടക്കുന്നവരെ എന്ത് പേരിൽ വിളിക്കണം.
ഇപ്പോൾ ഗത്യന്തരമില്ലാതെ ഷെയിൻനിഗം, ശ്രീനാഥ് ഭാസിയെന്ന രണ്ട് യുവ താരങ്ങളെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയിരിക്കയാണ്. അതോടൊപ്പം തൊണ്ണൂറുവർഷം പിന്നിട്ട മലയാളസിനിമാ ചരിത്രത്തിൽ ഒരിക്കൽപോലും പരസ്യമായി പറയാത്ത ചില കാര്യങ്ങളും നിർമ്മാതാക്കൾ പറയുന്നു. മലയാള സിനിമയിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചാണത്. ലഹരി ഉപയോഗിച്ച് സെറ്റിലെത്തുന്ന താരങ്ങളുടെ വിവരങ്ങൾ ഇനി പൊലീസിന് കൈമാറുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് തങ്ങൾ കടക്കുമെന്നാണ് പ്രൊഡ്യുസർമാർ പറയുന്നത്.
ഇത് കേട്ട് പൊതുജനം ഞെട്ടുമെങ്കിലും, ന്യൂജൻ സിനിമയെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്ക് ഞെട്ടാനുള്ള സാധ്യത കുറവാണ്. കഞ്ചാവ്, കാരവൻ, കൃത്യനിഷ്ഠയില്ലായ്മ, ഈഗോ, ന്യൂജൻ താരങ്ങളൊക്കൊണ്ട് മലയാള സിനിമ അക്ഷരാത്ഥത്തിൽ മുടിയുകയാണെന്നാണ് പറയുന്നത്. പക്ഷേ കേട്ടത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും എത്രയോ പുറത്തുവരാനുണ്ടെന്നുമാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
ഷെയിൻ നിഗം എന്ന പ്രശ്നക്കാരൻ
പേണ്ട മലയാള സിനിമയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു നടിമാരുടെ കുടെ എത്തുന്ന അമ്മമാർ. ഇപ്പോൾ നടന്മാരുടെ കുടെയും ഇതേ അമ്മമാർ എത്തുന്നു. മലയാള സിനിമയിലെ സ്ഥിരം പ്രശ്നക്കാരനായ യുവ നടൻ നടൻ ഷെയിൻ നിഗത്തിന്റെ പേരിലാണ് ഈ ആരോപണം. ഒരു സംവിധായകൻ കഷ്ടപ്പെട്ട് എടുക്കുന്ന ഷോട്ടുകൾ ഷെയിൻ നിഗത്തിന് ബോധ്യപ്പെട്ടാൽ മാത്രംപോരാ, അദ്ദേഹത്തിന്റെ അമ്മയും അപ്രൂവ് ചെയ്യണം എന്നതാണ് യാഥാർത്ഥ്യം.
പ്രശസ്ത നിർമ്മാതാണ് സോഫിയ പോളിന്റെ പുതിയ ചിത്രമാണ് ആർഡിഎക്സിൽ സംഭവിച്ചത് അതാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഈ സിനിമയിലെ സഹനടൻ ആയിരുന്ന ആന്റണി പെപ്പെയുടെ കൈ ഒടിഞ്ഞിരുന്നു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും ഷെയിൻ ഉടക്കുമായി രംഗത്തുവന്നു. പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യം വരെ ഉന്നയിച്ചു.
പ്രിയദർശൻ ചിത്രമായ കൊറോണ പേപ്പേഴ്സിൽ അഭിനയിച്ചതോടെ താരമൂല്യം ഉയർന്നു എന്നു പറഞ്ഞായിരുന്നു നടന്റെ വിലപേശൽ. ചിത്രീകരണ സമയത്ത് മറ്റു നടന്മാരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്ന് പറഞ്ഞ് സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങൾ വഷളായി. ഷൂട്ടിങ് നടന്നിരുന്നത് മുളന്തുരുത്തിയിൽ വച്ചാണ്. മൂന്ന് നടന്മാർ ഒരുമിച്ച് നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പിന്നിലായേ മറ്റു നടന്മാർ നിൽക്കാൻ പാടുള്ളൂ എന്നു പറഞ്ഞാണ് ഷെയിൻ പ്രശ്‌നം ഉണ്ടാക്കിയത്.
സംസാരമായപ്പോൾ ഇനി അഭിനയിക്കണമെങ്കിൽ, ഇതുവരെ ഷൂട്ടു ചെയ്ത ഭാഗങ്ങൾ കാണണം എന്നായി നടന്റെ പിടിവാശി. തുടർന്ന് മറ്റു മാർഗ്ഗങ്ങളില്ലാതെ സംവിധായകൻ ഷൂട്ട് ചെയ്ത ഭാഗം മുഴുവൻ നടനെയും ഉമ്മയെയും കാണിക്കുകയും ചെയ്തു. ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടതോടെ ഷെയിനും മാതാവും ചേർന്ന് പരിഹസിക്കുകയാണ് ഉണ്ടായത്. തുടർന്ന് സംവിധായകൻ നഹാസിന്റെ വാക്കുകൾ കേൾക്കാതെ വന്നതോടെ ഫെഫ്ക നേതാവ് ബി ഉണ്ണികൃഷ്ണന്റെ മുന്നിൽ വിഷയം എത്തി.
കൊച്ചിയിൽ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ പ്രശ്‌നം പരിഹരിക്കാൻ വേണ്ടി ഷൂട്ടിങ് സൈറ്റിൽ എത്തുകയും ചെയ്തു. എന്നാൽ, ഉണ്ണിക്കൃഷ്ണൻ പറഞ്ഞതും കേൾക്കാതെ കയർത്തു സംസാരിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. ഒടുവിൽ ശക്തമായ ഭാഷയിൽ ഉണ്ണിക്കൃഷ്ണൻ മുന്നറിയിപ്പു നൽകിയതോടെയാണ് ഷെയിൻ സിനിമയിൽ അഭിനയിക്കമെന്ന് വഴങ്ങിയത്. എന്നാൽ, ഷൂട്ടിങ് തുടരുമ്പോഴും നടനും ഉമ്മച്ചിയും സംവിധായകനെ പരിഹസിക്കുക പതിവാക്കി. ഇതെല്ലാം ഷെയിനെതിരെ സിനിമാ പ്രവർത്തകരുടെ രോഷം വർധിപ്പിച്ചു.
ഇന്നലെ വന്നവനും ഒരുകോടി
മലയാള സിനിമയിൽ പ്രതിഭ കൊണ്ട് വളരെ മുന്നിലാണ് ഷെയിൻ നിഗം എന്ന നടൻ. അഭിനേതാവായ അഭിയുടെ മകനെന്ന നിലയിൽ മലയാളം സിനിമാ ലോകത്ത് കാര്യമായ പിന്തുണയും ഷെയിന് കിട്ടി. എന്നാൽ, വളർന്ന് തുടങ്ങിയതോടെ ഈ യുവ നടന്റെ സ്വഭാവവും മാറിത്തുടങ്ങി. ഷൂട്ടിങ് സെറ്റിൽ കൃത്യമായി എത്താതിരിക്കുന്നത് അടക്കമുള്ള നിലപാട് സ്വീകരിച്ചതോടെ ഷെയിൻ നിഗമിനെതിരെ നിർമ്മാതാക്കൾ പരാതികളുമായി രംഗത്തു വന്നു. വെയിൻ എന്ന സിനിമയിൽ അഭിനയിക്കവേ പ്രകൃതി അനുവദിക്കുന്നില്ല എന്നൊക്കെപ്പറഞ്ഞ്, മാറിനിൽക്കയായിരുന്നു ഈ യുവ നടൻ. അതോടെയാണ് ആദ്യ വിലക്ക് ഉണ്ടായത്. ഒരു കാരണവുമില്ലായെ 'ഇന്ന് അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല' എന്നൊക്കെയാണ് ഷെയിൻ പറയുക.ഇത് ഒരുവിധത്തിലാണ് പറഞ്ഞ് തീർത്തത്.
അടുത്തിടെ ഷെയിൻ നിഗമിനെയും വെച്ചു പ്ലാൻ ചെയ്ത മറ്റൊരു സിനിമയും തർക്കങ്ങളെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു. സാജിത് യഹിയ ഷെയിനിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം താരത്തിന്റെ പിടിവാശിയിൽ നടന്നില്ല.ഒരു കോടി പ്രതിഫലം വേണമെന്നും രശ്മിക മന്ദാനയെ നായികയായി വേണമെന്നും ഷെയിൻ ആവശ്യപ്പെട്ടതോടെ ഖൽബ് എന്ന സിനിമയിൽ നിന്നും ഷെയിനിനെ മാറ്റേണ്ടി വന്നിരുന്നു. പ്രിയദർശൻ സിനിമയിലെ നായകനായതോടെയാണ് ഷെയിൻ നിഗമിന്റെ സ്വാഭാവം വീണ്ടും മാറിയത് എന്നാണ് പറയുന്നത്.
കരിയർ നന്നായി പോകുന്നതിനിടെയാണ് അഹങ്കാരം തലയ്ക്ക് പിടിച്ചു ഷെയിൻ സ്വയം കുഴിതോണ്ടിയത്. വെയിൽ സിനിമക്ക്ശേഷം ഫീൽഡിൽ നിന്നും മങ്ങിയ ഷെയിൻ വീണ്ടും പ്രിയദർശന്റ കൊറോണ പേപ്പേഴ്സിലൂടെ തിരികെ എത്തി. ഇതിന് ശേഷം പ്രതിഫലം അടക്കം ഉയർത്തുകയും ചെയ്തു താരം. ഒരു കോടി പ്രതിഫലമായി വേണമെന്ന് പറഞ്ഞതു കൊണ്ട് മറ്റ് സിനിമകളിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥയും ഉണ്ടായി. നോക്കുക, ഇന്നലെ വന്ന കാര്യമായ മെഗാഹിറ്റുകൾ ഒന്നും ഉണ്ടാക്കാൻ കഴിയാത്ത നടന്മാർക്ക് വരെ ഒരുകോടിക്കടുത്ത് പ്രതിഫലം വാങ്ങുന്നു.
ശ്രീനാഥിനൊപ്പം ഷറഫുദ്ദീനും ആസിഫും
ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്ന കാര്യം പോലും ഈ നടന് ഓർമ്മയുണ്ടാവില്ല എന്നാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാർ ന്യൂജൻ ഹീറോ ശ്രീനാഥ് ഭാസിയെക്കുറിച്ച് പറയുന്നത്. നിർമ്മാതാവും പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുമായ ഷിബു സുശീലൻ ഈയിടെ 'ഹോം' എന്ന സിനിമയുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ചിരുന്നു. ഇന്ദ്രൻസിനെപ്പോലെയുള്ള സീനിയർ ആയ നടന്മാർ രാവിലെ തന്നെ വന്നാലും മണിക്കൂറുകൾ വൈകിയാണ് ശ്രീനാഥ് ഭാസി എത്തുക. നേരത്തെ ഒരു ഡിജിറ്റൽ മീഡിയയുടെ അവതാരികയോട്, അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയതും വലിയ വാർത്തയായിരുന്നു. വിളിച്ചാൽ ഫോൺ എടുക്കില്ല എന്നത് ന്യൂജൻ താരങ്ങളുടെ സവിശേഷ സ്വഭാവം ആണ്. സ്വന്തം പിതാവിന്റെ മരണം വിവരം അറിയിക്കാൻ വിളിച്ചാൽപോലും ഫോൺ എടുക്കാത്തവർ എന്നാണ് ന്യൂജൻ നടന്മാരെക്കുറിച്ചുള്ള ആക്ഷേപം.
അതേസമയം ആസഫിലി അടക്കമുള്ളവർക്ക് നേരെയും ആരോപണങ്ങളുണ്ട്. ഒരു മുതിർന്ന സംവിധായകന് വാക്കു നൽകിയ ശേഷം ഡേറ്റ് കൊടുക്കാതെ കബളിപ്പിച്ചു എന്ന ആരോപണം ആസിഫിനെതിരെ ഉണ്ട്. ഈ സിനിമയിൽ അഡ്വാൻസും നായകൻ കൈപ്പറ്റിയിരുന്നു. യുവ നടൻ ഷറഫുദ്ദീനെ നേരയും സമാനമായ പരാതികൾ ഉണ്ട്. ഷറഫുദ്ദീനും ഷൂട്ടിങ് സൈറ്റിൽ എത്തുന്നത് തോന്നിയതു പോലെയാണെന്നാണ് ആരോപണം. ഒരേ സമയം കൂടുതൽ സിനിമകൾ ചെയ്യുന്നതിനാൽ എല്ലായിടത്തും ഓടിയെത്താൻ സാധിക്കുന്നില്ല. ഒരു പ്രൊഡ്യുസറുമായി കൃത്യമായി കരാർ ഉണ്ടാക്കി, അഡ്വാൻസ് വാങ്ങിയ ശേഷമാണ് ഈ ചെറ്റത്തരം എന്നോർക്കണം.
ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നു, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയാറാക്കിയ, അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല തുടങ്ങിയ പരാതികളും ഈ ന്യൂജൻതാരങ്ങൾക്കെതിരെയുണ്ട്. പലരും അമ്മയിൽ അംഗങ്ങൾ അല്ലാത്തതുകൊണ്ട് സംഘടനക്കും ഇവരെ ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴിതാ ഇത്തരം താരങ്ങളെ വരച്ച വരയിൽ നിർത്താനുള്ള പ്രൊഡ്യൂഴേസ്സ് അസോസിയേഷന്റെ തീരുമാനത്തിന് ഒപ്പം നൽക്കുകയാണ് ഫെഫ്ക അടക്കമുള്ള സംഘടനകൾ.
ഫെഫ്ക ജനറൻ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ ഇങ്ങനെ പറയുന്നു. ''പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പമാണ ഫെഫ്ക. പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകും. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുടെ മുന്നിൽ തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല.'' - അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും സിനിമയെന്ന മായിക സ്വപ്നത്തിന്റെ പിറകേ പോയി ഇല്ലാത്ത പണം വെച്ച് പടം പിടിക്കുന്നവർ ആണ് മലയാളത്തിലെ ഭൂരിഭാഗം നിർമ്മാതാക്കളും. ഇവരിൽ ശതകോടീശ്വരന്മാരൊക്കെ വളരെ കുറവാണ്. ഇങ്ങനെ കടം വാങ്ങിയും പലിശക്കെടുത്തും സിനിമയെടുക്കുമ്പോഴാണ് താരങ്ങളുടെ ജാട മൂലം ഷൂട്ടിങ്ങ് മുടങ്ങുന്നത്. സമ്മർദ്ദം താങ്ങാൻ സാധിക്കാതെ പണം മുടക്കിയ നിർമ്മാതാക്കൾ ആശുപത്രിയിലായ അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.
നീലച്ചടയനിൽനിന്ന് എംഡിഎംഎയിലേക്ക്
എന്തുകൊണ്ട് ഈ ന്യൂജൻ താരങ്ങളിൽ ചിലർ യാതൊരു അന്തവും കുന്തവുമില്ലാതെ പെരുമാറുന്നു എന്ന് ചോദിക്കുമ്പോൾ, വർഷങ്ങളായി സിനിമാമേഖലയിലുള്ളവർക്ക് പറയാനുള്ളത് ലഹരിയുടെ അമിത ഉപയോഗം എന്നുതന്നെയാണ്. പുറത്തുപറയാൻ പറ്റാത്ത നിരവധി അനുഭവങ്ങളാണ് ഇവർക്ക് പറയാനുള്ളത്.
ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ അനുഭവം ഇങ്ങനെ. മുമ്പൊക്കെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് തങ്ങൾക്ക് പരിഹരിക്കാൻ എറെ ഉണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാവിലെ 'നീലച്ചടയൻ' തേടി നടക്കേണ്ട അവസ്ഥയായി. അല്ലാതെ ഈ നടന്മാർ സൈറ്റിലേക്ക് എത്തില്ല. ഇപ്പോഴത് എംഡിഎംഎയും എൽഎസ്ഡിയും പോലുള്ള സിന്തറ്റിക്ക് ഡ്രഗുകളായി. 'എം അടിക്കണ്ടേവർ എം അടിക്കും അത് നമുക്ക് ഒന്ന് ചെയ്യാൻ കഴിയില്ല' എന്ന് പറഞ്ഞത് ബിഗ്‌ബോസ് ഫെയിമായ നടി ആഞ്ചലീനയാണ്. ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമക്കെതിരെ ഇതിന്റെയടക്കം പേരിൽ കേസും ഉണ്ടായി.
ചാലക്കുടിയിൽനിന്ന് കൊച്ചി ലുലുമാളിലേക്ക് ഒരു പറ്റം യുവനടന്മാരോട് കഥ പറയാനായി നടത്തിയ കാർ യാത്ര ഒരിക്കലും മറക്കില്ലെന്നാണ് ആ യുവ സംവിധായകൻ പറയുന്നത്. 'ഓൺ ദ വേ' കഥ പറയാം എന്ന നടന്റെ വാക്ക് വിശ്വസിച്ച് ആഡംബര കാറിൽ കയറിയതാണ് സംവിധായകൻ. യാത്ര തുടങ്ങി അൽപ്പം കഴിഞ്ഞതോടെ വണ്ടി മുഴുവൻ കഞ്ചാവിന്റെ ഗന്ധം. നടനും ശിങ്കിടികളും പറയുന്നതൊക്കെ പരസ്പര ബന്ധമില്ലാതെ. എങ്ങനെയോ കൊച്ചിയിൽ എത്തി എന്നേയുള്ളൂ. കാറിൽനിന്ന് പുറത്തിറങ്ങിയതും സംവിധായകൻ ഛർദിച്ചതും ഒന്നിച്ച്!
മലയാളത്തിൽ സീരിയൽ നടി അശ്വതിബാബു തൊട്ട് നമ്മുടെ ഷൈൻ ടോം ചാക്കേയും ഷെയിൻനിഗവും വരെ ഈ വിഷയത്തിൽ ആരോപിതരാണ്. കുറച്ചുവർഷം മുമ്പാണ് കൊച്ചിയിൽ സീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കേസിൽ പിടിയിലായത്. നടി താമസിച്ചിരുന്ന കൊച്ചി പാലച്ചുവടിലെ ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുപോലെ എത്രയെത്ര കേസുകൾ. 'നീലകാശം പച്ചക്കടൽ ചുവന്ന സൂര്യൻ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ലഹരിയിൽ തുണിയില്ലാതെ ഓടി അടുത്ത ഫ്‌ളാറ്റിലെ വീട്ടമ്മയെ കയറിപ്പിടിച്ചതും കേസായിരുന്നു. ഒരു പകർച്ചവ്യാധിപോലെ മലയാള സിനിമയെയും ലഹരി വിഴുങ്ങുകയാണ്.
കാരവൻ സംസ്‌ക്കാരം വന്നതോടെയാണ് മലയാള സിനിമയിൽ ഈ രീതിയിൽ ലഹരി വ്യാപനം വന്നത് എന്നാണ് പൊതുവെയുള്ള പരാതി.''ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുന്നില്ല. മുമ്പൊക്കെ വർക്ക് ഇല്ലാത്ത സമയത്തും എല്ലാവരും ചേർന്ന് സെറ്റിൽ സംസാരിച്ചിരക്കായയിരുന്നു പതിവ്. ഇപ്പോൾ ന്യൂജൻകാർ കാരവാനിന് അകത്താണ്. സിനിമാ സെറ്റുകളിൽ ലഹരിയുടെ ഉപയോഗം കർശനമായി തടയണം. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം.'- പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനിലെ ഒരു പ്രമുഖൻ പ്രതികരിക്കുന്നു.
തീരെ പ്രാഫഷണൽ കമ്മിറ്റ്‌മെന്റ് ഇല്ലാത്ത രീതിയിലാണ് പുതുതലമുറ പെരുമാറുന്നത്. സ്വന്തം പിതാവ് ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവൻ ഈ കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. പാതിരാവരെ നീളുന്ന ഡിജെ പാർട്ടികൾ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ നിരവധിയാണ്. ന്യൂജൻ സംവിധായകരുടെ കാര്യവും പറയാനില്ല. തിരക്കഥാ ഡിസ്‌ക്കഷൻ എന്നു പറഞ്ഞ് നിർമ്മാതാവിന്റെ ചെലവിൽ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ കുടിയും വലിയുമായി കഴിഞ്ഞ ഒരു യുവ സംവിധായകനും കൂട്ടരും ഇത് ചോദ്യം ചെയ്ത നിർമ്മാതാവിനോട് പറഞ്ഞത് 'തന്റെ മോന്ത കണ്ടാൽ സിനിമ വരില്ലെന്നാണ്'.
അടുത്തിടെയാണ് ന്യൂജൻ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റർവ്യൂ ചെയ്യാൻ കൊച്ചിയിലെ ഒരു മാധ്യമപ്രവർത്തകൻ താരത്തിന്റെ ഫ്‌ളാറ്റിലെത്തിയത്. വൃത്തികേടായി കിടക്കുന്ന റൂമിൽ പാതിയടഞ്ഞ കണ്ണുമായി യുവനടൻ ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളിൽനിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റർവ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവർത്തകൻ തിരിച്ചുപോയി. ഇപ്പോൾ ഈ ലഹരി പരാതികളെ തുടർന്ന് സിനിമയ്ക്ക് ആണെന്ന് പറഞ്ഞാൽ കൊച്ചിയിൽ ഫ്‌ളാറ്റോ വീടോ കിട്ടാത്ത അവസ്ഥ വന്നി
ലഹരി ചലഞ്ചിന് ധൈര്യമുണ്ടോ!
2020ൽ ബോളിവുഡിൽ ഡ്രഗ് മാഫിയ ഏറെ ചർച്ചയായ കാലം. നടൻ സുശാന്ത്‌സിങ് രജ്പുത്തിന്റെ മരണം ആ കാമ്പയിന് ആക്കം കൂട്ടി. ആ സമയത്ത് നടി കങ്കണ റണൗത്ത് ഒരു വെല്ലുവിളിവെച്ചു. 'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു'- കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ ഒരു ചലഞ്ച് ഏറ്റെടുത്ത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് മാതൃകയാകാൻ ധൈര്യമുണ്ടോ എന്നും കങ്കണ വെല്ലുവിളിച്ചു.
ഇത് ആരും ഏറ്റെടുത്തില്ല. കാരണം വ്യക്തം. ഹിന്ദി സിനിമാലോകത്തെ വിക്ടറി പാർട്ടികൾ പലതും ഡ്രഗ് പാർട്ടികളാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. രക്ത പരിശോധന നടത്തയാൽ പണി പാളുമെന്ന് അവർക്ക് പലരും അറിയാം. ഇപ്പോൾ സമാനമായ അവസ്ഥ വന്ന് ചേർന്നിരിക്കുന്നത്, ഈ കൊച്ചു മലയാള സിനിമയിലാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരായ നടന്മാർ ഉണ്ട് എന്നും അവരുടെ വിവരങ്ങൾ പൊലീസിന് കൈമാറും എന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നത്. ഈ സാഹചര്യത്തിൽ കങ്കണ ചോദിച്ചപോലെ സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിക്കാൻ നമ്മുടെ മലയാളത്തിലെ ന്യൂജൻ നടന്മാർ തയ്യാറുണ്ടോ. അത് ചോദിക്കാൻ കങ്കണയെപ്പോലെ തന്റേടമുള്ള ഒരു നടി ഇല്ലാതെ പോയി.
മലയാളത്തിലെ താരങ്ങൾ മാത്രമല്ല, സംവിധായകരും തിരക്കഥാ കൃത്തുക്കളും വരെ ഈ ലഹരിവലയിൽ ഉണ്ടെന്നാണ് വിവരം. ഈയിടെ ഒരു യുവ നടി ഭ്രാന്തിന് ചികിത്സയെടുത്ത കാര്യവും ഏവർക്കും അറിയാം. രണ്ടുപ്രാവശ്യം ലഹരിമുക്തിക്കായി ചികിൽസതേടിയ ആ ചെറുപ്പക്കാരിക്ക് ഇന്ന് സിനിമ അന്യം. ഒരുവലിയ സ്വപ്നത്തിനുപുറകെ സഞ്ചരിച്ചവൾ തിരക്കഥാകൃത്തിനൊപ്പം ബീഡിതെറുത്തു, സംവിധായകനൊപ്പം വലിച്ചു. ഒടുവിൽ ആശുപത്രിയിലുമായി. സിനിമയിലെ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന്റെ പിന്നിിലെ വില്ലനും മറ്റാരുമല്ല.
എന്തുകൊണ്ടാണ് ഈ താരങ്ങൾ ഇങ്ങനെ ഭ്രാന്തെടുത്ത പോലെ പെരുമാറുന്നത്. മമ്മൂട്ടിയും, മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾപോലും, സെറ്റിൽ പൂർണ്ണമായും അച്ചടക്കത്തോടെ പെരുമാറുമ്പോൾ, ഇവർ ലക്ഷങ്ങൾ വാങ്ങി നിർമ്മാതാവിനെ കുത്തുപാള എടുപ്പിക്കയാണ്്. 50നും 75 ലക്ഷത്തിനും ഇടയിൽ പ്രതിഫലം വാങ്ങിയാണ്, അവർ ഇങ്ങനെ പെരുമാറുന്നത് എന്നോർക്കണം. അതുകൊണ്ടുതന്നെ ഇപ്പോൾ ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും വിലക്കിക്കൊണ്ടുള്ള മൂന്ന് സിനിമാ സംഘടനകളുടെ തീരുമാനത്തെ എതിർക്കാനും കഴിയില്ല.
ഡേറ്റുകൾ മറിച്ച് വിൽക്കുന്ന മാഫിയ
ഇപ്പോൾ മറ്റൊരു പുതിയ മാഫിയക്കെുറിച്ചും മലയാള സിനിമയിൽനിന്ന് ആശങ്കാജനകമായ വാർത്തകൾ വരുന്നുണ്ട്. അതാണ് നടന്മാരുടെ ഡേറ്റുകൾ മരിച്ച് വിൽക്കുന്നവർ. ദീർഘകാലം സിനിമാ മാധ്യമ പ്രവർത്തകനും, പിന്നീട് അസിസ്റ്റന്റ് ഡയറക്ടറും, ഡയറക്ടറുമൊക്കെയായ ശാന്തിവിള ദിനേശ്, അടക്കമുള്ളവർ ഇക്കാര്യത്തെക്കുറിച്ച് തുറന്നടിക്കുന്നുണ്ട്. അതായത് ഒരു സംഘം പ്രമുഖ നടന്മാരുടെയൊക്കെ ഡേറ്റുകൾ ബ്ലോക്ക് ചെയ്ത് വെക്കുന്നു. ഒരു നിർമ്മാതാവ്് ഈ നടന്മാരുടെ അടുത്ത് ഡേറ്റിനായി സമീപിക്കുമ്പോൾ കിട്ടുന്ന മറുപടി, തന്റെ ഡേറ്റ് ഇന്നയാളുടെ കൈയിൽ ആണെന്നാണ്. പിന്നെ അയാളിൽനിന്ന് സാധാരണ റേറ്റിന്റെ 30 ശതമാനം വരെ അധികം കൊടുത്തുവേണം നടന്റെ ഡേറ്റ് വാങ്ങാൻ. അടുത്തകാലത്ത് ഒരുപാട് പ്രൊജക്ററുകളുടെ ഭാഗമായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമ്മതാവുമായ ബാദുഷയുടെ പേരിലാണ് ഈ ആരോപണം സജീവമായിട്ടുള്ളത് എന്ന് ശാന്തവിള ദിനേശ് ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞതിന് ബാദുഷയുടെ ആളുകൾ തന്നെ വ്യക്തിഹത്യ നടത്തിയതായും അദ്ദേഹം പറയുന്നു.
ജോജുജോർജ് അടക്കമുള്ള പ്രമുഖ നടന്മാരുടെ ഡേറ്റുകൾ നേരത്തെ തന്നെ ബാദുഷ ബ്ലോക്ക് ചെയ്യുകയാണെന്നും, പിന്നീട് ഇയാളിൽനിന്ന് കൂടുതൽ പണം നൽകിവേണം, ഡേറ്റ് കിട്ടാനെന്നും ചില നിർമ്മാതാക്കളുടെ അനുഭവങ്ങങൾ ചൂണ്ടിക്കാട്ടി ശാന്തിവിള പറയുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ പങ്കെടുത്ത് ഇങ്ങനെ പറയുന്നുണ്ട്. ' സിനിമയിൽ സകലതിനും കമ്മീഷനാണ്. യഥാർത്ഥവിലയുടെ പകുതിയോളം അവർ കൂട്ടും. നമുക്ക് കണ്ടുനിൽക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല'. ഇപ്പോഴിതാ ഡേറ്റുകളും മറിച്ച് വിൽക്കുന്ന ഒരു മാഫിയ പ്രവർത്തിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
90 ശതമാനവും പരാജയം
മലയാള സിനിമയുടെ മൊത്തം പ്രൊഡക്ഷൻ കോസ്റ്റിന്റെ 80 ശതമാനവും ഇന്ന് താരങ്ങൾക്കുള്ള പ്രതിഫലം ആയാണ് പോവുന്നത്. പ്രേം നസീറിന്റെ കാലത്ത് ഉള്ളതുപോലെ ഒരു സിനിമ പൊളിഞ്ഞാൽ, അടുത്ത പടം നൽകി നിർമ്മാതാക്കളെ സഹായിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. സിനിമയിൽ ചില താരങ്ങൾ അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്ന് നിർമ്മാതാവും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സുരേഷ് കുമാർ ഈയിടെ തുറന്നടിച്ചിരുന്നു.
സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ- ''സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങൾ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. ഇനി അത്തരക്കാരെ ഒഴിവാക്കിയായിരിക്കും മലയാള സിനിമ എടുക്കുന്നത്. ഇത്ര ബജറ്റിൽ കൂടുതൽ ചോദിക്കുന്നവർ വേണ്ട എന്ന തന്നെയാണ് തീരുമാനം. ന്യായമായ പ്രതിഫലം വാങ്ങിക്കാം. തിയേറ്ററിലെ വരുമാനം കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ തിയേറ്ററിൽ ആളില്ല. ഒരു ഷോ നടത്താൻ പതിനഞ്ച് പേരേ നോക്കിനിൽക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം. നിർമ്മാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്. അതും കൂടി മനസ്സിലാക്കണം. ഒരു നടനും സിനിമയിൽ ഒഴിച്ചുകൂടാത്തവല്ല. ഉള്ളടക്കമാണ് പ്രധാനം. അത് നല്ലതാണെങ്കിൽ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കട്ടെ. അതൊരു മുന്നറിയിപ്പാണ്.നിർമ്മാതാവിന്റെ കൂടെ നിൽക്കുന്ന സംവിധായകനും അഭിനേതാവും മാത്രം മതി- സുരേഷ് കുമാർ പറയുന്നു.
ഈ വർഷത്തെയടക്കമുള്ള മലയാള സിനിമയുടെ അവസ്ഥ നോക്കുക. രോമാഞ്ചം എന്ന ഒരൊറ്റ സിനിമാമത്രമാണ് ഹിറ്റ് ചാർട്ടിൽ ഉൾപ്പെടുത്താൻ പറ്റുക. മമ്മൂട്ടിയുടെ ക്രിസ്റ്റഫറും, മോഹൻലാലിന്റെ എലോൺ തൊട്ട് തങ്കം, ഇരട്ട എന്നീ നല്ല ചിത്രങ്ങൾ പോലും പരാജയപ്പെട്ടു. ഈ വർഷം ജനുവരി മുതൽ എപ്രിൽവരെയുള്ള നാലുമാസം കൊണ്ട് 77 ഓളം സിനിമകളാണ് ഇറങ്ങിയത്. ഇതിൽ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നത് വിരലിൽ എണ്ണാവുന്നവയാണ്്. പ്രണയവിലാസം, കൊറോണ പേപ്പേഴ്സ്, മദനോത്സവം, അൽവാശി, സുലൈഖാമൽസിൽ തുടങ്ങിയ ചിത്രങ്ങളാണ് അവ. സാറ്റലെറ്റും ഒടിടിയും കൂടി നോക്കുമ്പോൾ എതാനും ചില ചിത്രങ്ങൾ കൂടി മുടക്കുമുതൽ തിരിച്ചുപിടിക്കും. അതായത് 92 ശതമാനവം പരാജയം. ഈ സമയത്താണ് യാതൊരു ഉത്തരവാദിത്തവുമില്ലാതെ, അടിക്കടി പ്രതിഫലം ഉയർത്തി യുവതാരങ്ങൾ മലയാള സിനിമാ വ്യവസായത്തെ തന്നെ വെല്ലുവിളിക്കുന്നത്.
വാൽക്കഷ്ണം: ഇതുകൊണ്ട് ഒന്നും തീരുന്നതല്ല മലയാള സിനിമിലെയും ലഹരി മാഫിയ. ശരിക്കും നടി കങ്കണ ബോളിവുഡിൽ ഉയർത്തിവിട്ടതുപോലുള്ള ഒരു കാമ്പയിൽ ആണ് കേരളത്തിലും ഉണ്ടാവേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് യുവ നടന്മാർ സ്വയം രക്തപരിശോധനക്ക് വിധേയമാവുക. എന്നിട്ട് തങ്ങൾ ലഹരിക്ക് അടിമകൾ അല്ലെന്ന് ബോധ്യപ്പെടുത്തുക. എത്രപേർക്ക് ഉണ്ടാവും അതിനുള്ള ധൈര്യം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ