'വാളെടുത്തവന്‍ വാളാല്‍' എന്ന പ്രയോഗം എത്രകണ്ട് ശരിയാണെന്ന് അറിയണമെങ്കില്‍, നാം മസുദ് അസ്ഹര്‍ എന്ന ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെടുന്ന കൊടുംഭീകരന്റെ ജീവിതമറിയണം. 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഈ 57കാരന്‍, ഒരുകാലത്ത് തീവ്രവാദ ഫണ്ട് പുട്ടടിച്ച് ശതകോടീശ്വരനായി വാണ ഭീകരനാണ്. എന്നാല്‍ മോദി-അമിത്ഷാ- അജിത് ഡോവല്‍ സഖ്യത്തിന്റെ ചിറകിലേറി, ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയപ്പോള്‍, ഈ ഭീകരന്‍ ആകെ തകര്‍ന്ന് പുല്ലുതിന്നുന്ന പുലിയുടെ ഗതികെട്ട അവസ്ഥയിലേക്കെത്തിയിരിക്കയാണ്.

എവിടെയാണ് മസുദ് അസ്ഹര്‍ എന്ന അന്വേഷണമാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയിരിക്കയാണ്. പാക്കിസ്ഥാനില്‍ നിന്ന് മുങ്ങി, അഫ്ഗാന്‍ താലിബാന്റെ സംരക്ഷണത്തില്‍, മലമടക്കുകളിലെ ഗുഹകളില്‍ എവിടെയോ ഇയാള്‍ താമസിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അമിതമായ വണ്ണവും, പ്രമേഹം മൂലമുള്ള കാഴ്ചക്കുറവും, ഒരുകാലിന്റെ സ്വാധീനക്കുറവുമെല്ലാം മൂലം ദുരിത ജീവിതത്തിലാണ്, ആയിരക്കണക്കിന് നിരപരാധികളുടെ ജീവനെടുത്ത ഈ കൊടും ഭീകരന്‍! സകല ബന്ധുക്കളെയും ഇന്ത്യ കൊന്നുതീര്‍ത്തു. തീവ്രവാദ ഫണ്ടിങ്ങ് നിലച്ചതോടെ ദാരിദ്ര്യവും. അതി ദയനീയമായ അവസ്ഥയിലൂടെയാണ് മസുദ് അസ്ഹര്‍ എന്ന ജയ്ഷേ മുഹമ്മദ് സ്ഥാപകന്‍ കടന്നുപോവുന്നത്.

മദ്രസയിലൂടെ തീവ്രവാദത്തിലേക്ക്

1968-ല്‍ പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍, എട്ടാം ക്ലാസ് പഠനത്തിന് ശേഷം കറാച്ചിയിലെ ജിഹാദി ബന്ധമുള്ള മദ്രസയില്‍ പഠനത്തിന് ചേര്‍ന്നു. അവിടെ നിന്നാണ് അയാളുടെ മനസ്സിലേക്ക് തീവ്രവാദം കയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് കറാച്ചി സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക പഠനത്തില്‍ ബിരുദം നേടി. നല്ല വായനയുള്ള ഇയാള്‍ക്ക് ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലീഷ് എന്നീ അഞ്ചുഭാഷകള്‍ അറിയാം. 1989-ല്‍ ബിരുദവുമായി കറാച്ചിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മസൂദ് ലക്ഷണമൊത്ത ഒരു തീവ്രവാദിയായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്റെ ഭാഗമായി പേരാടാനുള്ള പരീശീലനത്തില്‍ പങ്കാളിയായി. എന്നാല്‍ മോശം ശാരീരിക ആരോഗ്യം കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ അസ്ഹറിന് സാധിച്ചില്ല. പക്ഷേ ഈ സമയത്താണ് അയാള്‍ താലിബാനുമായും ബിന്‍ലാദനുമായൊക്കെ ബന്ധം സ്ഥാപിക്കുന്നത്.




പിന്നീടുള്ള മസൂദിന്റെ പ്രവര്‍ത്തനം കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. 1990കളില്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ജിഹാദി ഗ്രൂപ്പുകളായ ഹര്‍ക്കത്ത്-ഉല്‍-ജിഹാദ് ഇസ്ലാമി, ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്നിവയെ ഹര്‍ക്കത്ത്-ഉല്‍-അന്‍സാറില്‍ ലയിപ്പിക്കാന്‍ മൂസൂദ് നിയോഗിക്കപ്പെട്ടു. ആ ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറിയായി മസൂദ് മാറി. അവര്‍ക്കുള്ള ഫണ്ട് എത്തിക്കലും പുതിയ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുകയുമൊക്കെ അയാളുടെ നേതൃത്വത്തിലായിരുന്നു.

ഇതിനായി മസൂദ് 6 വര്‍ഷം സൗദി അറേബ്യയില്‍ താമസിച്ചു. അന്ന് സൗദിയില്‍ നിന്ന് വലിയതോതില്‍ തീവ്രവാദ ഫണ്ട് വരുന്നുണ്ടായിരുന്നു. അന്നൊക്കെ ലക്ഷ്വറി കാറുകളും മറ്റുമായി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഈ കാലത്താണ് മസൂദ് ഇന്ത്യയില്‍ ഡി കമ്പനിയുമായി ബന്ധം വെക്കുന്നത്. ദാവൂദ് ഇബ്രാഹീം തൊട്ട് ബിന്‍ലാദന്‍ വരെ മസൂദിന്റെ സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നുവെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പിന്നീട് മസൂദ് ഇംഗ്ലണ്ടിലേക്കു കടന്നു. ധന സമാഹരണവും കശ്മീര്‍ റിക്രൂട്ട്മെന്റുമായിരുന്നു ലക്ഷ്യം. അവിടെയിരിക്കുമ്പോഴാണ് കശ്മീരില്‍ നേരിട്ടെത്തി തന്റെ കേഡര്‍മാരെ കാണണം എന്ന ആഗ്രഹം മസൂദിന് ഉണ്ടാവുന്നത്. അത് പാളുകയും അയാള്‍ പിടിക്കപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ജയിലിലാവുന്നു

ലണ്ടനില്‍ നിന്ന് വ്യാജ പാസ്പേര്‍ട്ടില്‍ ബംഗ്ലാദേശില്‍ എത്തിയാണ് മസൂദ് ഇന്ത്യയിലേക്ക് കടന്നത്. 1994-ലാണ് സംഭവം. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടിലെ പേര് വാലി ആദം ഈസ എന്നായിരുന്നു. ഡല്‍ഹിയില്‍ അശോക ഹോട്ടലിലും ജന്‍പഥ് ഹോട്ടലിലും ഈ ഭീകരന്‍ ഇതേ പേരില്‍ താമസിക്കുകയം ചെയ്തു. തുടര്‍ന്നാണ് ജമ്മു കശ്മീരിലേക്ക് പോവുന്നത്. കാശ്മീരില്‍ എത്തിയ അസ്ഹറിനെ അനന്ത്നാഗില്‍ വെച്ച് ഇന്ത്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. യാദൃശ്ചികമായിരുന്നു അറസ്റ്റ്. ഐഡന്റി കാര്‍ഡിലെ സംശയം തുടര്‍ അന്വേഷണത്തില്‍ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. കശ്മീരില്‍ ഭീകരവാദം കത്തിനിന്ന ആ കാലത്ത് ദിനേനെ എന്നോണം അറസ്റ്റും സ്ഫോടനങ്ങളും ഉണ്ടായിരുന്നു.

ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അസ്ഹറിനെ പിന്നീട് ജമ്മുവിലെ കോട് ബല്‍വാള്‍ ജയിലിലേക്ക് മാറ്റി. ആ സമയത്താണ് ഇയാള്‍ ഇത്ര വലിയ ഭീകരനാണ് എന്ന് അറിയുന്നത്. അസദിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ഭീകരാക്രമണമുണ്ടായി. ജയിലില്‍ 10 മാസം പിന്നിട്ടപ്പോള്‍ മസൂദിന്റെ അനുയായി ഒമര്‍ ഷെയ്ഖ് ഡല്‍ഹിയില്‍നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. മസൂദിനെ വിട്ടയയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലില്‍ അടച്ചു. പിന്നീട് അങ്ങോട്ട് അതിസുരക്ഷ ജയിലിലാണ് അയാളെ പാര്‍പ്പിച്ചത്. 1999 -ല്‍ ജയിലില്‍നിന്ന് ഒരു തുരങ്കം നിര്‍മിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും മസൂദിന് അമിതവണ്ണവും കുടവയറുമായതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല! ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ അസ്ഹറിന്റെ മോചനത്തിന് വഴിയൊരുക്കിയത് കാണ്ഡഹാര്‍ വിമാന റാഞ്ചലാണ്.



ഞെട്ടിച്ച കാണ്ടഹാര്‍ റാഞ്ചല്‍

1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീനിലെ അഞ്ച് അംഗങ്ങള്‍ റാഞ്ചുകയായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 814 ഹൈജാക്ക് ചെയ്ത സംഘം ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മസുദിന്റെ മോചനം സാധ്യമാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ഹൈജാക്ക് ചെയ്ത വിമാനം പിന്നീട് പാക്കിസ്ഥാനിലേയ്ക്ക് തിരിച്ചു വിടാനായിരുന്നു ഭീകരരുടെ ആവശ്യം. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം അമൃത്സറില്‍ ഇറക്കിയിരുന്നു. അമൃത്സറില്‍ ആവശ്യത്തിന് സമയം ലഭിച്ചെങ്കിലും ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം ഉണ്ടാകാത്തത് ഇപ്പോഴും വിവാദമാണ്. അന്ന് അമൃത്സറില്‍ നിന്ന് പുറപ്പെടുന്നത് തടയാന്‍ പരാജയപ്പെട്ടതിനെ 'വിഡ്ഢിത്തം' എന്നായിരുന്നു റോയുടെ അന്നത്തെ തലവനായിരുന്ന എഎസ് ദുലത്ത് പിന്നീട് വിശേഷിപ്പിച്ചത്. പിന്നീട് ബന്ദികളുടെ ആവശ്യപ്രകാരം പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രമിച്ചെങ്കിലും ആദ്യം അനുമതി ലഭിച്ചില്ല. പിന്നീട് ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാല്‍ അടിയന്തരമായി വിമാനം ലാഹോറില്‍ ഇറക്കി. പിന്നീട് ഇന്ധനം നിറച്ച വിമാനം കാബൂളിലേയ്ക്ക് വിടാനായിരുന്നു റാഞ്ചികളായ ഭീകരരുടെ ആവശ്യം. എന്നാല്‍ രാത്രി ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല.



ഒടുവില്‍ യുഎഇയിലെ അല്‍ മിന്‍ഹാദ് എയര്‍ ബേസില്‍ വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും, ഹൈജാക്കര്‍മാരില്‍ ഒരാളായ സഹൂര്‍ മിസ്ത്രി കൊലപ്പെടുത്തിയ രൂപിന്‍ കത്യാലിന്റെ മൃതദേഹവും റാഞ്ചികള്‍ അധികൃതര്‍ക്ക് കൈമാറി. ഇതിനിടയില്‍ ബന്ദികളെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കമാന്‍ഡോ സംഘത്തിന് ഓപ്പറേഷന്‍ നടത്താന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതര്‍ നിരസിച്ചു. പിന്നാലെ താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാര്‍ റാഞ്ചികളുടെ തോക്കിന്‍ മുനയിലാണ് ചെലവഴിച്ചത്. വിമാന റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യയില്‍ തടവിലായിരുന്ന മസൂദ് അസ്ഹര്‍ അടക്കമുള്ള മൂന്ന് ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്. അന്ന് അജിത് ഡോവല്‍ അടക്കമുള്ളവരാണ് ഈ ചര്‍ച്ചക്ക് നേതൃത്വം കൊടുത്തത്. പക്ഷേ മൂസൂദ് വളര്‍ന്ന് ഇത്രയും വലിയ ഭീകരനാവുമെന്ന് ആരും കരുതിയില്ല.

ലാദന്റെ വിരുന്ന്

ഇന്ത്യന്‍ ജയിലില്‍നിന്ന് മസൂദ് മോചിതനായ ദിവസം ഒസാമ ബിന്‍ ലാദന്‍ വിരുന്നു നടത്തിയാണ് ആഘോഷിച്ചത് ലാദന്റെ ജീവചരിത്രം എഴുതിയവര്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലും ഇക്കാര്യം ശരിവെക്കുന്നു. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ലാദനെ സഹായിച്ചത് മസൂദിന്റെ കൂട്ടാളികള്‍ ആയിരുന്നു. തുടര്‍ന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തില്‍ 10 വര്‍ഷത്തോളം ലാദന്‍ ഒളിവില്‍ കഴിഞ്ഞു. ഒടുവില്‍ യുഎസ് കമാന്‍ഡോകള്‍ 2011 മെയ് രണ്ടിന് ലാദനെ തീര്‍ത്തതും ചരിത്രം. ഇന്ത്യയില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ടതിന് പിന്നാലെയാണ് മസൂദ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. അല്‍ഖായിദയില്‍നിന്നും, ഇന്ത്യയിലെ ഡി കമ്പനിയില്‍നിന്നും ഖത്തറില്‍നിന്നും വരെ മസൂദിനുവേണ്ടി പണം ഒഴുകി. അങ്ങനെ ആ ഭീകരന്‍ ശതകോടീശ്വരുമായി. കുപ്രസിദ്ധമായ ഹഖാനി നെറ്റ്വര്‍ക്ക് വഴിയും പണം വന്നു.

9/11 ഭീകരാക്രമണത്തിലൂടെ അല്‍ ഖായിദ യുഎസിനെ ഞെട്ടിച്ച 2001ല്‍ തന്നെയാണു ജയ്ഷെ ഭീകരര്‍ ഇന്ത്യയില്‍ രണ്ടു വന്‍ആക്രമണങ്ങള്‍ നടത്തിയത്. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കു ശേഷം 2001 ഒക്ടോബര്‍ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലായിരുന്നു. അന്ന് നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 38 പേര്‍ മരിച്ചു. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷമാണ് ഇന്ത്യ തലകുനിച്ചുപോയ പാര്‍ലിമെന്റ് ആക്രമണം ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചതിന് ശേഷം അവര്‍ നടത്തിയ ആദ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ 2002ല്‍ ജെയ്ഷെ മുഹമ്മദിനെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി നിരോധിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിരുന്നു ഈ നീക്കം. പാക്കിസ്ഥാനാണ് ജയ്ഷേക്ക് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്്. പാക്കിസ്ഥാന്റെ മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ജെയ്ഷെ മുഹമ്മദില്‍ നിന്നും വേര്‍പിരിഞ്ഞ ഒരു വിഭാഗം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2003 മുതല്‍ മസൂദിന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് നിയന്ത്രണമുണ്ടായിരുന്നു.

പക്ഷേ ഐഎസ്ഐയുടെ മാനസപുത്രനായ അയാള്‍ നിരന്തരം ഇന്ത്യക്കെതിരെ ആക്രമണം നടത്തി. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ എകെ 47, ഗ്രനേഡ്, ഐഇഡികള്‍ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം, 2016 സെപ്റ്റംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് ആക്രമണം, 2016 നവംബര്‍ 29ന് ജമ്മു നഗ്രോത കരസേനാ ക്യാമ്പില്‍ നടന്ന ആക്രമണം, 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേര്‍ സ്ഫോടനം....മസൂദിന്റെ അക്രമത്തിന്റെ ലിസ്റ്റ് നീളുകയാണ്.




കുടുംബത്തെയടക്കം തീര്‍ത്ത് ഇന്ത്യ

പക്ഷേ 2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരികയും, അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആവുകയും ചെയ്തതോടെ കളിമാറി. മോദി- അമിതാ ഷാ- ഡോവല്‍ സഖ്യം ഭീകരതയുടെ വേര് അറക്കുന്ന ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോയി. കശ്മീരിന്റെ പ്രത്യേക പദവിയടക്കം എടുത്ത കളഞ്ഞു. താഴ്വര ശാന്തമാവാന്‍ തുടങ്ങി. ഇന്ത്യയൂടെ ശത്രുക്കളായ ഭീകരര്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് ഒന്നൊന്നായി കൊല്ലപ്പെടാന്‍ തുടങ്ങി. അതോടെ പേടികാരണം മസൂദും മാളത്തില്‍ ഒളിച്ചു.

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് അക്ഷരാര്‍ത്ഥത്തില്‍ ഈ കൊടുംഭീകരന്റെ ചിറകരിഞ്ഞത്. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവല്‍പൂരില്‍ നടന്ന ആക്രമണത്തില്‍ അസറിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരടക്കം പത്തുബന്ധുക്കളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അസറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു. ഈ സഹായികളാണ് പ്രമേഹരോഗികൂടിയാണ് അസറിന്റെ ഊന്നുവടികള്‍. ഇവര്‍ മരിച്ചതോടെ അയാള്‍ ആകെ നടുങ്ങി ചകിതനായിപ്പോയി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്.




പഞ്ചാബ് പ്രവിശ്യയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന ബഹാവല്‍പൂര്‍. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ്. 2009-ലാണ് ജെയ്ഷെ മുഹമ്മദ് ബഹാവല്‍പൂരില്‍ ആസ്ഥാനം സ്ഥാപിക്കുന്നത്. 18 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ ഒരു പള്ളി, മദ്രസ, ഭീകരപ്രവര്‍ത്തനത്തിനുള്ള കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കനത്ത മതില്‍ക്കെട്ടിനകത്തുള്ള കേന്ദ്രം എന്നിവയുണ്ട്. ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്നറിയപ്പെടുന്ന ഈ സമുച്ചയം ഉസ്മാന്‍-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നുണ്ട്.

പാകിസ്ഥാന്‍ ആദ്യം ഈ സംഭവം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസ് ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടതോടെ പാക് വാദങ്ങള്‍ പൊളിയുകയായിരുന്നു.മെയ് മാസത്തില്‍ അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായി ദൃക്സാക്ഷികളും വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുസ്ഥലങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അസര്‍, സംസ്‌കാര ചടങ്ങില്‍ എത്തുകയും ചെയ്തിരുന്നു. അന്നാണ് അസറിനെ അവസാനമായി പുറംലോകത്തുവെച്ച് കണ്ടത്.

ആക്രമണത്തിന്റെ വിവരം ആദ്യം അത് ജെയ്‌ഷെ മുഹമ്മദും പാക്കിസ്ഥാനും നിഷേധിക്കയായിരുന്നെങ്കിലും, ഇപ്പോള്‍ ജെയ്ഷ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി അത് സ്ഥിരീകരിച്ചു. മെയ് ഏഴിന് ബഹാവല്‍പൂരിലെ ജമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്ന ജെയ്ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസറിന്റെ കുടുംബം 'ചിതറിപ്പോയി' എന്ന് കശ്മീരി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പ്രിയപ്പെട്ട മൂത്ത സഹോദരി സാഹിബയും അവരുടെ ഭര്‍ത്താവും സഹോദരന്‍ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും അനന്തരവന്‍ അലിം ഫാസിലും ഭാര്യയും മരുമകള്‍ ആലം ഫാസിലയും മറ്റൊരു അനന്തരവനും ഭാര്യയും കുട്ടികളും അടക്കം പത്തോളം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് മസൂദിനെ വല്ലാതെയങ്ങ് ഭയപ്പെടുത്തിയും കളഞ്ഞു. ഭാഗ്യത്തിനാണ് മസൂദ് രക്ഷപ്പെട്ടതാണ്. സാധാരണ അവിടേ ഉണ്ടാവേണ്ട അയാള്‍, അന്ന് മറ്റൊരിടത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനം കൂടിയായ ബഹാവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹറോ, ജെയ്‌ഷെ മുഹമ്മദോ സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിച്ചിരിക്കില്ല. ബഹാവല്‍പൂരില്‍ ഒരു രഹസ്യ ആണവ കേന്ദ്രം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ പഞ്ചാബിലെയും വടക്കന്‍ സിന്ധ് പ്രദേശങ്ങളിലെയും സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന കന്റോണ്‍മെന്റിന്റെ സമീപത്ത് ഒരുക്കിയ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹര്‍ കരുതിയിരുന്നില്ല. ഇതോടെയാണ് പാക്കിസ്ഥാന്‍ വിടണം എന്ന ആഗ്രഹം മസൂദില്‍ ഉണ്ടാവുന്നത്. അതിനുപിന്നില്‍ ചില രാഷ്ട്രീയകാരണങ്ങള്‍ കൂടി ഉണ്ടായിരുന്നു.

ഒടുവില്‍ ലാദനെപ്പോലെ ഗുഹയില്‍

പാക് ചാരസംഘടനയാണ് ഐഎസ്ഐ തന്നെയാണ് ലഷ്‌ക്കറെ ത്വയ്യിബയും, ജയ്ഷേ മുഹമ്മദും അടങ്ങുന്ന, ഭീകരരെ തീറ്റിപ്പോറ്റിയത് എന്നും ഫണ്ട് കൊടുത്തത് എന്നും എല്ലാവര്‍ക്കും അറിയം. പക്ഷേ ഇപ്പോള്‍ പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് കടന്നുപോവുന്നത്. മരുന്നും, തേയിലും, പഞ്ചസാരയൊന്നുമില്ലാതെ നരകിക്കയാണ് ജനം. ഇന്ധനവിലയും കുത്തനെ ഉയരുന്നു. ഈ സാഹചര്യത്തില്‍ തീവ്രവാദ ഫണ്ട് പാക്കിസ്ഥാന്‍ ഗണ്യമായി കുറച്ചിരുന്നു. ഐഎസ്ഐക്ക് നല്‍കിയ രഹസ്യഫണ്ട് എന്ന് നിലയിലാണ് പാക്കിസ്ഥാന്‍ ഈ തീവ്രവാദ ഫണ്ട് അക്കൗണ്ട് ചെയ്തിരുന്നത്. ഇത് വെട്ടിക്കുറച്ചതോടെ ജെയ്ഷെയും, മസൂദും പ്രതിസന്ധിയിലായി. ഒരുവേള തീവ്രവാദം ഉപേക്ഷിച്ച് പണിയെടുത്ത് ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അംഗങ്ങള്‍ പിരഞ്ഞുപോവാന്‍ തുടങ്ങി.

പക്ഷേ, അസീം മുനീര്‍ പാക് പട്ടാള മേധാവിയായി വന്നതോടെ തീവ്രവാദ ഫണ്ടിനും ജീവന്‍വെച്ചു. ജനം പട്ടിണി കിടന്ന് മരിച്ചാലും ഭീകരതയില്‍ പിന്നോട്ടില്ല എന്നതായിരുന്നു, അസീം മുനീറിന്റെ ലൈന്‍. പക്ഷേ അങ്ങനെയിരിക്കുമ്പോഴും അസീം മുനീറും, മസൂദ് അസ്ഹറും തമ്മില്‍ വീണ്ടും തെറ്റിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. കാരണം മസൂദ് പാക താലിബാനെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പാക സൈന്യത്തിന് സംശയം വന്നു. സംശയമല്ല അത് ശരിയാണ് താനും. പാക്കിസ്ഥാന്റെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ചില ഗ്രാമങ്ങള്‍വരെ അവര്‍ പിടിച്ചെടുത്തു. ഇതിന്റെയും മാസ്റ്റര്‍ ബ്രയിനായി മസൂദ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമാണ്, പാക് സൈന്യത്തെ അയാള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നു.




ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, ബഹാവല്‍പൂര്‍ വിട്ട മസൂദ് അസ്ഹര്‍പാക് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബഹാവല്‍പൂരില്‍ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള സ്‌കര്‍ദുവിലാണ് ഇയാളെ കണ്ടത് എന്ന് പറയുന്നു. അതിനിടെ ഇന്ത്യയുടെ ശത്രുക്കളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിട്ട് ചില അജ്ഞാതര്‍ തീര്‍ക്കുന്നതും ലോകം കണ്ടു. പാക്കിസ്ഥാനിലും നിരവധി ഭീകരര്‍ വെടിയേറ്റു മരിച്ചു. ഒരു ദിവസം അവര്‍ തന്റെ അടുത്ത് എത്തുമെന്നും അയാള്‍ ഭയക്കുന്നു. അങ്ങനെയാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍നിന്നും പലായനം ഉണ്ടാവുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ന്യയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്, മസൂദ് അഫ്ഗാനിലാണെന്നാണ്. അവിടെ താലിബാന്റെ നിയന്ത്രണത്തില്‍ തീര്‍ത്തും രഹസ്യമായാണ് ഇയാള്‍ ജീവിക്കുന്നത് എന്നും, കഠിനായ പ്രമേഹം ഇയാളെ ബാധിച്ചുവെന്നും, ഒരുകാലിന് സ്വാധീനമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

മസൂദ് അസ്ഹന്‍ എവിടെയാണെന്ന് പാക്കിസ്ഥാന് അറിയില്ലെന്ന് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും പറഞ്ഞിരുന്നു. പാക് മണ്ണില്‍ മസൂദ് അസര്‍ ഉണ്ട് എന്നതിന്റെ വിവരം ഇന്ത്യ കൈമാറാന്‍ തയ്യാറാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബിലാവല്‍ പറഞ്ഞിരുന്നു.

മസുദ് അഫ്ഗാനിസ്ഥാനിലാവാനുള്ള സാധ്യതയും, ബിലാവല്‍ തള്ളുന്നില്ല. -'അയാള്‍ അഫ്ഗാനിലാണെങ്കില്‍, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഒരുകാലത്ത് ഭീകരവാദികളെന്ന് വിളിച്ചിരുന്നവര്‍ക്ക് തന്നെ ഇപ്പോള്‍ അധികാരം കൈമാറി. നാറ്റോയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ചെയ്യാന്‍ കളിയാത്തത് പാക്കിസ്ഥാന് അവിടെ ചെയ്യാനാകില്ല''-പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ബിലാവല്‍ ഭൂട്ടോ പറയുന്നു. എന്തായാലും, തന്റെ സുഹൃത്തായ ബിന്‍ലാന്റെ അതേ അനുഭവമാണ് മസൂദ് അസ്ഹറിനും ഉണ്ടായിരിക്കുന്നത്. ലാദന്‍ അഫ്ഗാനിലെ തോറാബോറ മലകളില്‍ ഒളിച്ചിരുന്ന പോലെ, തല ഉയര്‍ത്താന്‍ കഴിയാതെ താലിബാന്‍ കേന്ദ്രങ്ങളില്‍ ഒളിച്ചിരിക്കയാണ് രോഗിയായ ഈ ഭീകരനും.

വാല്‍ക്കഷ്ണം: 2024 നവംബറിലാണ് മസൂദ് അസ്ഹറിന്റെ പ്രസംഗം അവസാനമായി പുറത്തുവന്നത്. 'പുതിയ ഇസ്ലാമിക ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യയ്ക്കും ഇസ്രയേലിനും എതിരെ ഭീകരാക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്നായിരുന്നു പ്രസംഗത്തില്‍ മസൂദ് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദുര്‍ബലന്‍' എന്ന് വിളിച്ച മസൂദ് അസ്ഹറിന്റെ പ്രസംഗത്തില്‍ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ സായുധരായ പേരാളികളെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ തീര്‍ത്തും ദുര്‍ബലനായി ഗുഹയില്‍ ഒളിക്കേണ്ട ഗതികേടാണ് മസൂദിന് വന്നിരിക്കുന്നത്!