- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'മിസോറാമിനെ ബോംബ് ചെയ്യാൻ ഇന്ദിരാഗാന്ധി ഉപയോഗിച്ചത് രാജേഷ് പൈലറ്റിനെയും സുരേഷ് കൽമാഡിയെയും; കച്ചിത്തീവ് വെറുതെ ലങ്കയ്ക്ക് വിട്ടുനൽകി; നെഹ്റു അസമിനെ കൈവിട്ടു'; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോദി അടക്കമുള്ള ബിജെപി നേതാക്കൾ; സ്വന്തം ജനതയെ ഇന്ത്യ ബോംബ് ചെയ്തത് എന്തിനായിരുന്നു!
സ്വന്തം ജനതക്കുമേൽ ആ രാജ്യത്തിന്റെ തന്നെ സൈന്യം ബോംബാക്രമണം നടത്തുക. ലോക ചരിത്രത്തിൽ തന്നെ അത്യപൂർവമായ ഒരു ആക്രമണത്തിനാണ്, 1966ൽ ഇന്ത്യ സാക്ഷിയായത്. ഇന്നും അതിന്റെ അലയോലികൾ പാർലിമെന്റിൽ അടക്കം മുഴങ്ങുകയാണ്. ഇപ്പോൾ മണിപ്പൂരിനെ, മിസോറാമിനെ ഉയർത്തി പ്രതിരോധിക്കാനാണ് ബിജെപി നീക്കം. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നടത്തിയ മറുപടി പ്രസംഗത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനത്തെ കുറിച്ച് കാര്യമായി ഒന്നും പറയാതെ, കോൺഗ്രസിനെ ചരിത്രത്തിന്റെ കൂട്ടുപിടിച്ച് രാഷ്ട്രീയമായി ആക്രമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തുനിഞ്ഞത്.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരും മോദിയുടെ പ്രസംഗത്തിൽ വിമർശന വിധേയരായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും വിവിധ കോൺഗ്രസ് സർക്കാറുകൾ മേഖലയോട് ചെയ്തത് വഞ്ചനയാണെന്നും മോദി ആരോപിക്കുന്നു. മോദി തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. 'മിസോറാമിലെ ജനം രാജ്യത്തെ പൗരന്മാരായിരുന്നില്ലേ എന്ന് കോൺഗ്രസ് ഉത്തരം പറയണം. അത് ഇന്ത്യൻ വ്യോമ സേന ആയിരുന്നില്ലേ? ഇന്നും മിസോറാമിലെ ജനം മാർച്ച് അഞ്ചിന് ദുഃഖമാചരിക്കുന്നു. കോൺഗ്രസ് ഇത് രാജ്യത്തു നിന്ന് മറച്ചുവച്ചു. അന്ന് ആരായിരുന്നു പ്രധാനമന്ത്രി. ഇന്ദിരാഗാന്ധിയായിരുന്നു.'
മറ്റൊരിടത്ത് മോദി ഇങ്ങനെ പറയുന്നു. ' ഈയാളുകൾ ഭാരതമാതാവിനെ രാഷ്ട്രീയത്തിനു വേണ്ടി മൂന്നു ഭാഗമാക്കി വിഭജിച്ചു. തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ദ്വീപാണ് കച്ചത്തീവ്. ചിലർ അത് മറ്റൊരു രാഷ്ട്രത്തിനു നൽകി. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിലാണ് അതു നടന്നത്. അത് ഭാരതമാതാവിന്റെ ഭാഗമായിരുന്നില്ലേ?'
തുടർന്ന് മോദി ഇങ്ങനെ പറയുന്നു.'1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ, ഗവൺമെന്റ് തങ്ങളെ രക്ഷിക്കുമെന്ന് ജനം കരുതി. എന്നാൽ ആൾ ഇന്ത്യാ റേഡിയോ വഴി നടത്തിയ ഭയാനകമായ പ്രക്ഷേപണം കോൺഗ്രസിലെ ആളുകളെ ഇപ്പോഴും വേട്ടയാടുന്നു. പണ്ഡിറ്റ് നെഹ്റു റേഡിയോയിലൂടെ, എന്റെ ഹൃദയം അസമിലെ ജനങ്ങൾക്ക് മുമ്പിൽ അണഞ്ഞു പോകുന്നു എന്നാണ് പറഞ്ഞത്. നെഹ്റു എങ്ങനെയാണ് അവരെ ഒഴിവാക്കിയത് എന്ന് അസമിലെ ജനത്തിനറിയാം'- മോദി പാർലമെന്റിൽ പറഞ്ഞു. പക്ഷേ മോദിയുടെ ഈ മൂന്ന് ഉദാഹരണങ്ങളും ശരിയല്ല എന്നാണ് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്. അതിനായി ഓരോയിടത്തും എന്താണ് സംഭവിച്ചതെന്ന് നോക്കാം.
എലി സമരത്തിൽ രൂപം കൊണ്ട പാർട്ടി
മീസോറാമിലെ ഇന്ദിരാഗാന്ധിയുടെ ബോംബാക്രമണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം പഠിക്കേണ്ടത്, മിസോ നാഷണൽ ഫ്രണ്ട് എന്ന ഇന്നും മിസോറാം ഭരിക്കുന്ന പാർട്ടിയെ കുറിച്ചാണ്. എലിയെ കൊല്ലാനായി ആരും ഇല്ലം ചുടില്ല എന്നൊക്കെ നാം പറയാറുണ്ട്. പക്ഷേ എലിയെ കൊല്ലാനായി ഒരു രാഷ്ട്രീയ പാർട്ടി തന്നെ ഉണ്ടായതാണ്, മീസോറാമിൽ ഇന്നും പ്രധാന കക്ഷിയായ, എംഎൻഎഫ് അഥവാ മിസോ നാഷണൽ ഫ്രണ്ടിന്റെ അനുഭവം. 1959ലാണ് തുടക്കം. അന്ന് മീസോറാം അസം സംസ്ഥാനത്തിന്റെ ഭാഗമാണ്.
മിസോറാമിൽ വനത്തിന്റെ അധികവും മുളങ്കാടുകളാണ്. 50 വർഷത്തിലൊരിക്കൽ പൂവിട്ട് ഉണങ്ങി നശിക്കുന്ന മെലോകന ബാസിഫെറ എന്നയിനം മുള (ബാംബു ഡെത്ത് അഥവാ മോട്ടം) ഉണങ്ങി തുടങ്ങുമ്പോൾ അതിന്റെ കായ്കൾ തിന്നാൻ എലികൾ കൂട്ടമായി എത്തും. ഇവ പെറ്റു പെരുകി കൃഷിഭൂമികൾ കയ്യടക്കും. ഇതോടെ സകല കൃഷിയും നശിക്കും. സ്വതന്ത്ര ഭാരതത്തിൽ ആദ്യ മോട്ടം നേരിട്ടത് 1959 ൽ ആണ്.
എലികൾ കൂട്ടമായി എത്തി വിളവ്് നശിപ്പിച്ചു. പ്ലേഗും പട്ടിണിയും മൂലം നിരവധി ആളുകൾ മരിച്ചു. ഈ നാശത്തിനിടയിൽ, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ഒരു സാംസ്കാരിക സംഘടന അവസരത്തിനൊത്തുയർന്നു. 1955-ൽ രൂപീകരിക്കപ്പെട്ട മിസോ കൾച്ചറൽ സൊസൈറ്റി. 1960-ഓടെ മലനിരകളിലെ ക്ഷാമകാലത്ത് അവരുടെ പങ്ക് കണക്കിലെടുത്ത് അതിനെ മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് (എംഎൻഎഫ്എഫ്) എന്ന് പുനർനാമകരണം ചെയ്തു. തങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ഗവണ്മെന്റിനെതിരെ കർഷകർ സംഘടിച്ചു. മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട സംഘടനയായി. ഇവരാണ് ക്രമേണ തീവ്രവാദത്തിലേക്ക് നീങ്ങിയ മിസോ നാഷണൽ ഫ്രണ്ടിന് അടിത്തറയിട്ടത്.
എലികൾ മൂലം പ്ലേഗും പട്ടിണി മരണവും നടന്നിട്ടും അന്ന് അസംഭവിക്കുന്ന കോൺഗ്രസ് സർക്കാർ കാര്യമായി ഇടപെടാഞ്ഞത് അവിടെ കാര്യമായ അതൃപ്തി പരത്തി. 1961-ഓടെ, മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് വിഘടനവാദത്തിലേക്ക് തിരിഞ്ഞു. മിസോ കുന്നുകൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഒരു വിമത സംഘടനയായി ഇത് മാറി. 1961 ഒക്ടോബർ 22 ന് ലാൽദെങ്ക പ്രസിഡന്റായി മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) രൂപീകരിച്ചു. ഇന്ത്യൻ സേനയിലെ ഹവിൽദാറായിരുന്ന ലാൽദെങ്ക. പിന്നീട് സമ്പൂർണ വിഘടനവാദിയായി മാറി. ഇതോടെയാണ് മീസോ കുന്നുകളിൽ ചോര വീഴാൻ തുടങ്ങിയത്. അതേസമയം സർക്കാർ തങ്ങളുടെ കഴിവിന് അനുസരിച്ച് ശ്രമിച്ചിരുന്നുവെന്നും അതിനെല്ലാം അപ്പുറത്തായിരുന്നു, ക്ഷാമത്തിന്റെയും, പകർച്ചവ്യാധിയുടെയും കാഠിന്യമെന്നുമാണ് കോൺഗ്രസ് പറയുന്നത്.
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
സത്യത്തിൽ തീവ്രവാദം ലക്ഷ്യമിട്ടുണ്ടാക്കിയ സംഘടന ആയിരുന്നില്ല ഇത്. പക്ഷേ ആസാം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സ്ഥിതിഗതികൾ പൂർണ്ണമായും തെറ്റായി കൈകാര്യം ചെയ്തു. ആ സമയത്ത് രണ്ടിടത്തും അധികാരത്തിൽ കോൺഗ്രസ് ആയിരുന്നു. പട്ടിണിക്കാലത്ത് തിരിഞ്ഞുനോക്കാതായതോടെ, മിസോസിന്റെ മനസ്സിൽ ഇന്ത്യയോടുള്ള അകൽച്ച വർധിക്കാൻ തുടങ്ങി. ഇതോടെ ഒരു സ്വതന്ത്രരാജ്യം എന്ന ആഗ്രഹം അവരുടെ മനസ്സിൽ മൊട്ടിട്ടു.
ഭാരതത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന ബാഹ്യ ശത്രുക്കൾക്ക് ഇത് ഏറ്റവും ലാഭകരമായ സാഹചര്യമായിരുന്നു. ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞാൽ എംഎൻഎഫിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനും ചൈനയും രഹസ്യമായി രംഗത്ത് എത്തി. ലാൽദെങ്കയ്ക്ക് ചൈനയുമായി നല്ല ബന്ധമായിരുന്നു. ഈസ്റ്റ് പാക്കിസ്ഥാനിൽനിന്നും സഹായം ലഭിച്ചു. മിസോ നാഷണൽ ഫ്രണ്ട് 1966 ഫെബ്രുവരി 28ന് മിസോറാമിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തി. മാർച്ച് ഒന്നിന് ഗ്രേറ്റർ മിസോറാം എന്ന രാഷ്ട്രമുണ്ടാക്കി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെ അന്ന് കറാച്ചിയിലായിരുന്നു ലാൽദെങ്കയുടെ താമസം.
പക്ഷേ പാക്കിസ്ഥാനേക്കാൾ എല്ലാറ്റിലും സജീവമായി ഇടപെട്ടത് ചൈനയായിരുന്നു. ചൈനയിൽ നിന്ന് പണവും, ആയുധങ്ങളുമെല്ലാം കലാപകാരികൾക്ക് ഒഴുകി. പാക് ഐസ്ഐയുടെ പണവും ഇവർക്ക് എത്തിയതായി പിന്നീട് വെളിപ്പെടുത്തൽ ഉണ്ടായി. അത്യാധുനിക തോക്കുളും, മോട്ടോറുകളും, ഗ്രേനേഡുകളുമെല്ലാം ഈ സേനക്ക് കിട്ടി. ചൈനയിൽ നിന്ന് പരിശീലനം കിട്ടിയ ചിലർ മിസോറാമിൽ വന്ന് യുവാക്കൾക്ക് പരിശീലനം കൊടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. 62-ലെ ചൈനായുദ്ധത്തിലേറ്റ തിരിച്ചടിയെ തുടർന്ന് ഇന്ത്യൻ സൈന്യം മാനസികമായി തകർന്ന് നിൽക്കുന്ന സമയം കൂടിയായിരുന്നു അത്.
1966 മാർച്ച് 1 ന് എംഎൽഎഫ് ഭാരതത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച വാർത്ത വന്നതോടെ സ്ഥിതി ഗതികൾ വഷളായി. ഈ പ്രഖ്യാപനത്തെത്തുടർന്ന്, എംഎൽഎഫ് വിമതർ ലുഷായി കുന്നുകളിൽനിന്ന്, സൈന്യത്തിനും അർദ്ധസൈനിക സ്ഥാപനങ്ങൾക്കും നേരെ ഏകോപിത ആക്രമണങ്ങൾ ആരംഭിച്ചു. ശരിക്കും ഒരു ആഭ്യന്തര യുദ്ധം തന്നെ. രാജ്യത്തിനുള്ളിലെ ഒരു അർധ സേന, രാജ്യത്തിന്റെ സൈന്യത്തെ ആക്രമിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത സംഭവമാണ് അന്ന് മീസോ കുന്നുകളിൽ സംഭവിച്ചത്.
ഇന്ദിരാഗാന്ധിയുടെ ബോംബാക്രമണം
ഈ വിഷയത്തിൽ ശക്തമായ ഇന്റലിജൻസ് വീഴ്ചയും പ്രകടമായിരുന്നു. കലാപകാരികൾ ഈ രീതിയിൽ സായുധമായി സംഘടിക്കുന്നതും, അതിർത്തിക്കപ്പുറത്തുപോയി പരിശീലനം നേടുന്നതുമെല്ലാം, കണ്ടെത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനകൾക്ക് കഴിഞ്ഞില്ല. എംഎൽഎഫ് വിമതർ ലുഷായി കുന്നുകളിൽനിന്ന് മാർച്ച് നടത്തി, ഇന്നത്തെ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ എത്തി. അവർ ചുറ്റുമുള്ള പ്രദേശങ്ങൾ ആക്രമിച്ചു. പൊലീസ് സ്റ്റേഷൻ തീവെച്ചു. എന്തിന് ആകാശത്തുകൂടി പോവകുയായിരുന്നു ഒരു സൈനിക കോപറ്റർ വെടിവെച്ചിടുകയും ചെയ്തു.
അതോടെയാണ് ഇനി ഇത് പൊറുപ്പിച്ചുകൂടാ എന്ന ശക്തമായ നിലപാടിലേക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നീങ്ങിയത്. സാധാരണ മിലട്ടിറി സ്വന്തം പൗരന്മാർക്കുനേരെ തിരിയാറില്ല. പക്ഷേ ഇത് രാജ്യത്തിന് അകത്തെ ശത്രുക്കളാണെന്നും കൃത്യമായ വിഘടന വാദമാണെന്നുമാണ് ഇന്ദിര നിലപാട് എടുത്തത്. അവർ ഇന്ത്യൻ വ്യോമസേനയെ തന്നെ എംഎൽഎഫ് വിമതരെ നേടിടാൻ പറഞ്ഞയച്ചു.
മാർച്ച് അഞ്ചിന് എംഎൻഎഫിന് മേധാവിത്വമുള്ള ഇടങ്ങളിൽ ഇന്ത്യൻ വ്യോമസേന ബോംബിട്ടു. നൂറോളം ബോംബുകളാണ് ഇവിടെ വീണത്. വീടുകൾ, സ്കൂളുകൾ, പള്ളികൾ, സർക്കാർ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവതൊക്കെ തകർന്നു. 25000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. എത്രപേർ മരിച്ചുവെന്നതിന് കൃത്യമായ കണക്കില്ല. ഐസ്വാൾ അടങ്ങുന്ന മിസോകൾക്ക് ആധിപത്യമുള്ള ലുഷായി ഹിൽസ് മേഖലയിൽ വ്യോമാക്രമണം കനത്ത നാശം വിതച്ചു. മേഖല സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു .വ്യോമസേനാ ആക്രമണത്തിന്റെ ഓർമയ്ക്കായി ഇപ്പോഴും മിസോറാമിൽ മാർച്ച് അഞ്ചിന് സോറം നി (സോറം ഡേ) ആചരിക്കാറുണ്ട്. ഈ വർഷവും ഇതുമായി ബന്ധപ്പെട്ട് പരിപാടികൾ നടന്നിരുന്നു.
1960 കളിൽ മിസോ വിഘടനവാദം കത്തി നിൽക്കുന്ന വേളയിലാണ് ചൈന അസം, അരുണാചൽ അടക്കമുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസിയിൽ ആക്രമണം നടത്തുന്നത്. ഇത് പിന്നീട് ഇന്ത്യയും ചൈനയും തമ്മിലുള്ള മുഴുയുദ്ധമായി മാറി. ഇന്ത്യൻ മണ്ണിൽ നിന്ന് ചൈന ഏകപക്ഷീയമായി പിന്മാറിയെങ്കിലും അക്സായി ചിൻ അടക്കമുള്ള ചില പ്രദേശങ്ങൾ ചൈന കൈവശം വച്ചു. അതുപോലെയുള്ള ചൈനയുടെ മറ്റൊരു നീക്കവും ഇവിടെ ഉണ്ടാകുമെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടും മുളയിലേ നുള്ളാൻ ഇന്ത്യക്ക് ആയി.
തീവ്രവാദവും ഗോത്രീയതയും തുടരുന്നു
ഇന്ദിരാഗാന്ധിയുടെ ശക്തമായ നടപടിയോടെ വിഘടനവാദികളുടെ സൈനിക നീക്കം തകർന്നെങ്കിലും തീവ്രവാദത്തിന്റെ വേരുകൾ ഇപ്പോഴും അവിടെയുണ്ട്. എംഎൻഎഫ് തീവ്രാദം ഉപേക്ഷിച്ച് ഒരു രാഷ്ട്രീയ പാർട്ടിയായി. പക്ഷേ മീസോകൾക്ക് ഇന്ത്യയുമായുള്ള അകൽച്ച ഇനിയും മാറിയിട്ടില്ല. ഇപ്പോഴും ദേശീയ പതാക പോലും ഉയർത്താൻ കഴിയത്ത മേഖലകൾ മീസോറമിലുണ്ട്. ലുഷായി കുന്നുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അസമീസ് നിർബന്ധിത ഒന്നാം ഭാഷയാക്കിമാറ്റിയതും എരി തീയിൽ എണ്ണ പകർന്നു.
1971ൽ, മിസോ കുന്നുകളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ സർക്കാർ സമ്മതിച്ചു. അത് 1972-ൽ മിസോറാമായി മാറി.1986 ജൂണിൽ എംഎൻഎഫും ഇന്ത്യാ ഗവൺമെന്റും തമ്മിൽ മിസോറം സമാധാന ഉടമ്പടി ഒപ്പുവച്ചതും നിർണ്ണായകമാണ്. ഈ കരാർ പ്രകാരം ഈ പ്രദേശത്തിന് സംസ്ഥാന പദവി നൽകുകയും, 1987 ഫെബ്രുവരിയിൽ മിസോറാം എന്ന പ്രത്യേക സംസ്ഥാനം പിറവിയെടുക്കുകയും ചെയ്തു. അസാമീസ് നിർബന്ധമായ ഒന്നാം ഭാഷയാക്കിയത് അടക്കമുള്ള കാര്യങ്ങൾ അതോടെ പരിഹരിക്കപ്പെട്ടു.
1998 ലും 2003 ലും എംഎൻഎഫ് സംസ്ഥാനത്ത് ഭൂരിപക്ഷം നേടി, ഈ കാലയളവിന്റെ ഭൂരിഭാഗവും സോറാംതംഗ മുഖ്യമന്ത്രിയായി. ഇപ്പോഴും എംഎൻഎഫ് തന്നെയാണ് അധികാരത്തിൽ. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത്, സിവിൽ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഭ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണത്തിൽ പാർട്ടിക്ക് എതിരായ ഒരു പ്രധാന ഘടകം സംസ്ഥാനത്ത് സമ്പൂർണ നിരോധനം നീക്കി മിതമായ അളവിൽ മദ്യം കഴിക്കാൻ അനുവദിച്ചതാണ്. സഭാ വിരുദ്ധമായി കണ്ട നീക്കം ഈ തിരഞ്ഞെടുപ്പ് സീസണിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. അധികാരത്തിലെത്തിയാൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് വാഗ്ദാനം നൽകിയാണ് എംഎൻഎഫ് ആ നിമിഷം മുതലാക്കിയത്. അതിന് ഫലമുണ്ടായി. അവർ ജയിക്കുകയും ചെയ്തു.
അതിനിടെ പല സംഖ്യങ്ങളും മാറി എംഎൻഎഫ് പലപ്പോഴും ബിജെപിയോട് അടുത്തു. അതോടെ അവരെ ന്യായീകരിക്കേണത് ബിജെപിയുടെയും ആവശ്യമായി മാറി. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവ സ്വന്തം ജനതക്ക്മേൽ ബോംബിട്ടവർ എന്ന ആരോപണം കോൺഗ്രസിനുനേരെ ഉന്നയിക്കുന്നത്. പക്ഷേ വസ്തുതകൾ പരിശോധിക്കുമ്പോൾ, ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവാനുള്ള സംഭവവികാസങ്ങളിൽ പലതിനും കോൺഗ്രസിന് ഉത്തരവാദിത്വം ഉണ്ടെങ്കിലും, മിസോറോം ബോംബിങ്ങിനെ ഒരു പൈശാചിക പ്രവർത്തിയെന്ന് പറയാൻ കഴിയില്ല. കാരണം അവിടുത്തെ സ്ഥിതിഗതികൾ അത്രമേൽ കൈവിട്ടിരുന്നു. യഥാർത്ഥത്തിൽ വിഘടനവാദികൾക്കെതിരെയുള്ള യുദ്ധമാണ് 1966ൽ ഇന്ദിരാ ഗാന്ധി നടത്തിയത്. അത് മിസോറാമിലെ ജനങ്ങൾക്കെതിരെ ആയിരുന്നില്ല.
ഇപ്പോൾ ബിജെപിയുണ്ടാക്കുന്ന നരേറ്റീവ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ കോൺഗ്രസ് വഷളാക്കിയത് ആണെന്നും, മണിപ്പൂർ വയലൻസ് ക്ഷമയോടെ കൈകാര്യം ചെയ്യുന്ന മോദിജിയുടെ നയതന്ത്രം കണ്ടില്ലേ എന്നുമാണ്.
കച്ചിത്തീവ് എങ്ങനെ ലങ്കയുടെ ഭാഗമായി?
അതുപോലെ മോദി പറഞ കച്ചിത്തീവിന്റെ കാര്യമെടുക്കാം. ബംഗാൾ ഉൾക്കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പാൾക്ക് സ്ട്രൈറ്റിലെ ചെറിയ ദ്വീപാണ് കച്ചത്തീവ്. 1974 വരെ ഇന്ത്യയും ശ്രീലങ്കയും അവകാശവാദം ഉന്നയിച്ച ദ്വീപായിരുന്നു ഇത്. ലങ്കൻ മീൻപിടിത്തക്കാരും തമിഴ്നാട്ടിലെ മത്സ്യബന്ധനത്തൊഴിലാളികളും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ദ്വീപാണിത്. 1974ലെ ഇൻഡോ-ശ്രീലങ്കൻ മാരിടൈം അഗ്രിമെന്റ് പ്രകാരമാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കച്ചത്തീവിനെ ലങ്കൻ പ്രദേശമായി അംഗീകരിച്ചത്.
പണ്ടു കാലത്ത് രാംനന്ദ് (രാമനാഥപുരം) രാജാവായിരുന്നു കച്ചത്തീവിന്റെ ഉടമസ്ഥൻ. പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. 1921ൽ ഇന്ത്യയും ലങ്കയും (സിലോൺ) ദ്വീപിനായി അവകാശവാദമുന്നയിച്ചിരുന്നു. ദീർഘകാലത്തെ തർക്കത്തിന് ശേഷമാണ് ലങ്കയുമായി ഇന്ത്യാ ഗവൺമെന്റ് കരാർ ഒപ്പുവച്ചത്.ലങ്കയുമായുള്ള കച്ചത്തീവ് കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുന്മുഖ്യമന്ത്രി 2008ൽ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടപെട്ടിരുന്നില്ല. എൽടിടിഇയുമായുള്ള യുദ്ധ ശേഷം 2009 മുതൽ കച്ചത്തീവിൽ ലങ്കൻ ഗവൺമെന്റ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതിർത്തി കടന്നാൽ മത്സ്യത്തൊഴിലാളികളെ ലങ്കൻ നേവി അറസ്റ്റു ചെയ്യുന്നതും പതിവായി.കച്ചത്തീവിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ട് പഴക്കമുള്ള സെന്റ് ആന്റണി ചർച്ചുമായി വൈകാരിക ബന്ധവും തമിഴ്നാടിനുണ്ട്. രാമേശ്വരത്തു നിന്നുള്ള ഭക്തർ എല്ലാ ഫെബ്രുവരിയിലും ഈ ചർച്ചിൽ സന്ദർശനത്തിനെത്താറുണ്ട്.
അതായത് മോദി പറഞ്ഞപോലെ കച്ചിത്തീവ് ലങ്കക്ക് ഇന്ദിരാഗാന്ധി എഴുതി കൊടുക്കയായിരുന്നല്ല. ഇന്ത്യയും ശ്രീലങ്കയും ഒരുപോലെ അവകാശവാദം ഉന്നയിച്ച ദ്വീപായിരുന്നു അത്. അത് ഒരു കരാറിന്റെ ഭാഗമായി കൊടുക്കയാണ് ചെയ്തത്. ആ കരാറിന്റെ ഭാഗമായി ഇന്ത്യക്കും ഗുണം ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഇന്ത്യയുടേതാണെന്ന് പൂർണ്ണമായും സ്ഥിരീകരിക്കാത്ത ഒരു ഭാഗമായിരുന്നു ഇത്. എങ്കിലും അത് വിലപേശി ഇന്ത്യയുടെ ഭാഗത്താക്കാനുള്ള നയതന്ത്രം ഇന്ദിര സ്വീകരിച്ചില്ല. ആ അർത്ഥത്തിൽ ബിജെപി വിമർശനത്തിൽ കഴമ്പുണ്ട്.
അസമിനെ നെഹ്റു ഉപേക്ഷിച്ചോ?
മോദി പാർലമെന്റിൽ പറഞ്ഞ മറ്റൊരു പ്രധാന കാര്യം നെഹ്റു അസമിനെ ഉപേക്ഷിച്ചു എന്നതായിരുന്നു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസിയുടെ ഭാഗമായ ബോംഡിലയിൽ ചൈന നടത്തിയ കൈയേറ്റത്തിന് പിന്നാലെ 1962 നവംബർ 20നാണ് നെഹ്റു റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. 'മൈ ഹാർട്ട് ഗോവ്വ് ഔട്ട് ടു ദ പീപ്പിൾ ഓഫ് അസം അറ്റ് ദിസ് ഹവർ' എന്നത് പ്രസംഗത്തിലെ ഒരു പരാമർശമായിരുന്നു. പല തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത വാക്കായിരുന്നു ഇത്. ചൈനയുടെ ദയാവായ്പിനായി അസമിനെ നെഹ്റു ഉപേക്ഷിച്ചു എന്ന തരത്തിലാണ് പരാമർശം ദുർവ്യാഖാനം ചെയ്യപ്പെട്ടത്.
യുദ്ധത്തിൽ ഇന്ത്യയ്ക്കേറ്റ ആദ്യത്തെ തിരിച്ചടികൾക്ക് ശേഷം, വിദേശ കൈയേറ്റം വച്ചുപൊറുപ്പിക്കാൻ ആകില്ലെന്ന് നെഹ്റു അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.- 'ഏതു വിദേശരാജ്യത്തിന്റെയും ഇത്തരത്തിലുള്ള അധിനവേശം വച്ചുപൊറുപ്പിക്കാൻ ആകില്ല. സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ യുദ്ധമാണിത്. ഈ യുദ്ധത്തിൽ ഇന്ത്യ തോൽക്കില്ല. അതെത്ര നീണ്ടാലും എത്ര നഷ്ടങ്ങൾ ഉണ്ടായാലും. ഇന്ന് തിരിച്ചടിയുടെ വാർത്ത കൊണ്ടുവരുന്ന ദുഃഖകരമായ ദിനമാണ്. നോർത്ത് ഈസ്റ്റ് ഫ്രണ്ട് ഏജൻസിയിലെ ജനങ്ങൾക്ക്, വിശിഷ്യാ അസമുകാർക്ക് ഞാനെന്റെ അഭിവാദ്യം അറിയിക്കുന്നു... അധിനിവേശം നടത്തിയവരെ പുറന്തള്ളുന്നതു വരെ, അവർ പുറത്തു പോകുന്നതു വരെ നമ്മൾ തൃപ്തരാകില്ല. മുമ്പിൽ വയ്ക്കുന്ന ഒരു ഓഫറും നമ്മൾ അംഗീകരിക്കില്ല. നമ്മൾക്ക് ചില തിരിച്ചടികൾ കിട്ടിയതു കൊണ്ട് നമ്മൾ ഭയന്നു കാണും എന്നവർ ആലോചിക്കുന്നുണ്ടാകും. എല്ലാവരോടും, ഈ നിമിഷം നമ്മുടെ ഹൃദയം തുളുമ്പുന്ന അസമിലെ ജനങ്ങളോട് പ്രത്യേകിച്ചും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു.'ഇതായിരുന്നു നെഹ്റുവിന്റെ പ്രസംഗം.
അധിനിവേശ ശക്തികളെ ഇന്ത്യയിൽനിന്ന് പുറത്താക്കും എന്ന സ്വരം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വ്യക്തമാണ്. എതിർ രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒപ്പം ആക്രമണം നടന്ന നാടിനോടുള്ള അനുഭാവവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയായിരുന്നു നെഹ്റു. ഏതെങ്കിലും തരത്തിൽ കീഴടങ്ങുന്നതിന്റെയോ ഒഴിവാക്കുന്നതിന്റെയോ സ്വരം പ്രസംഗത്തിലുണ്ടായിരുന്നില്ല. പക്ഷേ ഇത് വളച്ചൊടിച്ചാണ്, മോദിയക്കമുള്ളവർ ഇന്നും പ്രചരിപ്പിക്കുന്നത്.
ചുട്ട മറുപടി നൽകി സച്ചിൻ പൈലറ്റ്
മീസോറാം ആക്രമണവുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകിയത് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സച്ചിൽ പൈലറ്റാണ്. മിസോറം തലസ്ഥാനമായ ഐസ്വാളിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ നേതൃത്വത്തിൽ ബോംബിട്ടിരുന്നുവെന്ന ബിജെപിയുടെ ആരോപണം തള്ളി കോൺഗ്രസ് നേതാവും മകനുമായ സച്ചിൻ പൈലറ്റ് പൊളിച്ചടുക്കി. ബിജെപിയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും കഴിഞ്ഞ ദിവസം സച്ചിൻ പുറത്തുവിട്ടു.
1966 മാർച്ച് 5ന് ഐസ്വാളിൽ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബുകൾ ഇട്ടുവെന്നാണ് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ട്വിറ്ററിൽ ( എക്സ്) ആരോപിച്ചത്.അമിത് മാളവ്യയുടെ ആരോപണങ്ങൾക്ക് മറുപടിയായി, താങ്കളുടെ പക്കലുള്ളത് തെറ്റായ വിവരങ്ങളും തീയതികളുമാണെന്ന് സച്ചിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 'വ്യോമസേനാ പൈലറ്റെന്ന നിലയിൽ എന്റെ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാൽ അത് മിസോറമിൽ അല്ല. മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു.
മിസോറമിൽ 1966 മാർച്ച് അഞ്ചിന് ബോംബിട്ടു എന്നു പറയുന്നതും തെറ്റാണ്. എന്റെ പിതാവ് രാജേഷ് പൈലറ്റ് 1966 ഒക്ടോബർ 29 നാണ് വ്യോമസേനയിൽ ചേർന്നതെന്നും' സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റും സച്ചിൻ പൈലറ്റ് പുറത്തുവിട്ടു.വടക്കുകിഴക്കൻ ഇന്ത്യയിലെ സ്വന്തം ജനങ്ങൾക്ക് മേൽ ബോംബ് വർഷിച്ച രാജേഷ് പൈലറ്റിനേയും സുരേഷ് കൽമാഡിയേയും, നന്ദി സൂചകമായി ഇന്ദിരാഗാന്ധി പിന്നീട് രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരികയും, കോൺഗ്രസ് ഇവരെ കേന്ദ്രമന്ത്രിമാരായി ആദരിക്കുകയും ചെയ്തുവെന്നാണ് അമിത് മാളവ്യ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നത്.
.@amitmalviya - You have the wrong dates, wrong facts…
- Sachin Pilot (@SachinPilot) August 15, 2023
Yes, as an Indian Air Force pilot, my late father did drop bombs. But that was on erstwhile East Pakistan during the 1971 Indo-Pak war and not as you claim, on Mizoram on the 5th of March 1966.
He was commissioned into the… https://t.co/JfexDbczfk pic.twitter.com/Lpe1GL1NLB
മാളവ്യയുടെ കള്ളം പൊളിച്ചു കൊണ്ടുള്ള സച്ചിന്റെ മറുപടി വന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. 1966ൽ വ്യോമസേന മിസോറാമിൽ ബോംബിട്ടതിനെ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണ് മോദിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരയുടെ തീരുമാനത്തെ നേരത്തെ വിമർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരുടെ അന്നത്തെ തീരുമാനത്തിലെടുത്ത സാഹചര്യങ്ങൾ, ചർച്ചയിൽ ജയിക്കാനായി വളച്ചൊടിച്ചാണ് മോദി ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ചരിത്രം പരിശോധിക്കുമ്പോൾ ഇവിടെ സത്യം കോൺഗ്രസിന്റെ ഭാഗത്താണെന്ന് കാണാം.
വാൽക്കഷ്ണം: ഈ വിവാദങ്ങൾ കൊണ്ട് ആകെ ഗുണമുണ്ടായത് രാജസ്ഥാൻ കോൺഗ്രസിനാണ്. ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റും, മുഖ്യമന്ത്രി അശോക് ഗലോട്ടും ആദ്യമായി ഒന്നിച്ചിരിക്കയാണ്. രാജേഷ് പൈലറ്റിനെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അവമതിക്കുന്നതെന്ന് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു. സച്ചിനും ഗെലോട്ടും തമ്മിലുള്ള പോര് അവസാനിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന് പിന്തുണയുമായി ഗെലോട്ട് രംഗത്തെത്തുന്നത്. രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകിയെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ