- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനും ഇസ്ലാമിക തീവ്രവാദികളും ഇനി നേർക്കുനേർ!
ആറായിരത്തോളം പേർ ഉള്ള ഒരു സംഗീതപരിപാടിക്കിടെ അഞ്ചുപേർ യന്ത്രത്തോക്കുകൾ കൊണ്ട് തുരുതുരാ നിറയൊഴിക്കുക. 62-പേർ കൊല്ലപ്പെടുകയും, ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മോസ്‌ക്കോ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. അതിനേക്കാൾ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇസ്ലാമിസ്റ്റ് സ്റ്റേറ്റ്, ഐഎസ്, ഐസിസ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ തീവ്രാവാദ സംഘടന അതിശക്തമായി തിരിച്ചുവരികയാണെന്നതാണ്! നേരത്തെ അഫ്ഗാനിലും, സിറിയയിലുമൊക്കെ നടന്ന സൈനിക നടപടികളിലുടെയും, സാമ്പത്തിക ഉപരോധത്തിലൂടെയും, തകർന്നുവെന്ന് കരുതിയ ഐസിസ് ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് അഥവാ ഐസിസ് കെ എന്ന പേരിൽ പുതിയ സംഘടനയായി പുതിയ ഊർജത്തിലാണ് എത്തുന്നത്. സിറയൻ കാലിഫേറ്റ് തകർന്നെങ്കിലും അഫ്ഗാൻ കാലിഫേറ്റിലുടെ അവർ നാശം വിതക്കുന്നു.
അതീവ സുരക്ഷയുള്ള മോസ്‌ക്കോയിൽ കതറി പൂപറിക്കുന്ന ലാഘവത്തോടെ നടത്തിയ, ആക്രമണം ഐസിസിന്റെ പ്രഹരശേഷി ഒട്ടും കുറച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. മോസ്‌കോ നഗരത്തിൽ സംഗീത പരിപാടിക്കിടെ, ക്രോക്കസ് സിറ്റി ഹാളിൽ തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവയ്‌പ്പ് നീണ്ടുനിന്നതായാണ് വിവരം. പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തിക്കിലും തിരക്കലുംപെട്ടും പലരും മരിച്ചുവീണു. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ സംഗീതനിശ നടക്കുന്നിടത്തേക്ക് കടന്നത്. വിവരമറിഞ്ഞ് റഷ്യൻ സ്പെഷ്യൽ ഫോഴ്‌സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടു. അക്രമികളുടെ വാഹനത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ക്രോക്കസ് സിറ്റി ഹാളിൽ നിന്നുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്കുകളുമേന്തി ഇവർ ഹാളിനുള്ളിലൂടെ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മരണവാർത്ത പുറത്തുവന്നതോടെ,
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസിന്റെ സന്ദേശം പുറത്ത് വന്നു. ക്രിസ്ത്യാനികളുടെ വലിയൊരു സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്നാണ് ഭീകരർ ഇതിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ അവകാശപ്പെട്ടിരുന്നു.
അതായത് ഒരു കാര്യം വ്യക്തമാണ്. തീർത്തും ആസൂത്രിതമാണ്് ഈ ആക്രമണം. ഇതുവരെ ഐസിസ് അടക്കമുള്ള സംഘടനകളുടെ പ്രധാന ശത്രു അമേരിക്കയായിരുന്നു. എന്നാൽ ഇപ്പോൾ അത് റഷ്യയും, പ്രസിഡന്റ് വ്ളാദിമിർ പുടിനുമായിരിക്കയാണ്. തങ്ങളുടെ വർഗശത്രുവെന്ന ഗണത്തിൽ പെടുത്തുന്നതിനായി നിരവധി കുറ്റങ്ങളാണ് അവർ റഷ്യക്കെതിരെ ഉന്നയിക്കുന്നത്.
ഐസിസിന്റെ പ്രതികാരം!
എന്തുകൊണ്ടാണ് ഐസിസ് റഷ്യയെ ലക്ഷ്യമിടുന്നുവെന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരം, അമേരിക്കയേക്കാൾ അവരെ ഒതുക്കാൻ മൂൻകൈ എടുത്തത് റഷ്യയും പുടിനുമാണെന്നാണ്. ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് സിറിയയിലും ഇറാഖിലും സ്ഥാപിച്ച പ്രഖ്യാപിത കാലിഫേറ്റ് പൂർണമായും തകർത്തെറിഞ്ഞുവെന്ന് അമേരിക്കയും സഖ്യകക്ഷികളും തുടർച്ചയായി അവകാശവാദമുന്നയിക്കുന്നുണ്ട്. 2014-മുതൽ ഇതിനുവേണ്ടി സിറിയയിലും, ഇറാഖിലും നടന്ന യുദ്ധങ്ങളിൽ നാറ്റോ സേനയേക്കാൾ വീറോടെ പേരാടിയത് റഷ്യൻ സൈന്യമായിരുന്നു. പുടിന്റെ ബോംബുകളും ടാങ്കുകളും മാത്രല്ല, ചെച്നിയയിൽനിന്നുള്ള ചാരന്മാർവഴി ഐസിസിന്റെ പല വിവരങ്ങൾ ചോർത്തിയെടുത്തതും, സംഘടനയെ തകർക്കുന്നതിൽ നിർണ്ണായകമായി. ഇതാണ് ഐസിസിന് റഷ്യയോടുള്ള വൈരാഗ്യം കുട്ടിയത്.
സോവിയറ്റ് കാലഘട്ടത്തിലെ അഫ്ഗാനിസ്ഥാന്റെ അധിനിവേശത്തിലും മുസ്ലിം ജനങ്ങൾക്കെതിരായ അതിക്രമങ്ങളിലും ക്രെലിനുള്ള പങ്കും ഐസിസ് നേതാക്കൾ എക്കാലവും എടുത്തു പറയാറുണ്ട്. അതിനെല്ലാം പുറമേ റഷ്യയെ ഓർത്തഡോക്സ് ക്രിസ്ത്യൻ രാജ്യമാക്കി മാറ്റുന്നു, ചെചൻ മുസ്ലീങ്ങളെ കളിപ്പാവയാക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഐസിസ് റഷ്യക്കെതിരെ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ എല്ലാം ഭാഗമായി നേരത്തെ തന്നെ ഐസിസിന്റെ നോട്ടപ്പുള്ളിയാണ് റഷ്യ.
2015-ൽ ഈജിപ്തിലെ സിനായ് മരുഭൂമിയിൽ 224 പേരുമായി ഒരു റഷ്യൻ വിമാനം പൊട്ടിത്തെറിച്ചു, അവരിൽ ഭൂരിഭാഗവും റഷ്യൻ പൗരന്മാരാണ്.
ആ ആക്രമണം തങ്ങൾ നടത്തിയതാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അത് പിന്നീട് സ്ഫോടക ഉപകരണത്തിന്റെ ഫോട്ടോവരെ അവർ പ്രസിദ്ധീകരിച്ചു. 2017-ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് മെട്രോയിൽ 15 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണവും തീവ്ര ഇസ്ലാമിസ്റ്റുകളുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനും ആളും അർഥവും ഒരുക്കിക്കൊടുത്ത് ഐസിസ് ആണ്. അതുകൊണ്ടുതന്നെ റഷ്യക്കെതിരെ ഏത് നിമിഷവും വലിയ ഭീകരാക്രമണം ഉണ്ടാവുമെന്ന് കഴിഞ്ഞ മാസവും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയുപ്പുകൊടുത്തിരുന്നു. വലിയ പരിപാടികളിൽ പ്രത്യേകം ശ്രദ്ധവേണമെന്നും നിഷ്‌ക്കർഷിച്ചിരുന്നു. പക്ഷേ റഷ്യ ആ മുന്നറിയിപ്പിന് മതിയായ വിലകൊടുത്തില്ല. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതും.
്എന്നും ഇസ്ലാമിക തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് കൂടിയാണ് റഷ്യയുടെ ഒരു ഭാഗം. രാജ്യത്തിന്റെ വടക്കൻ കോക്കസസ് മേഖലയിൽ പതിറ്റാണ്ടുകളായി റഷ്യൻ സൈന്യത്തിനെതിരെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ പോരാടുന്നുണ്ട്. 15 വർഷം മുമ്പ് ഐഎസ് രൂപീകരിച്ചപ്പോൾ ഇവരിൽ വലിയൊരു വിഭാഗം സിറിയയിലേക്ക് ഒഴുകിയെത്തി. റഷ്യയുടെ വടക്കൻ കോക്കസസിൽ പ്രവർത്തിക്കുന്ന ചില തീവ്രവാദികളിൽ നല്ലൊരു വിഭാഗവും ഐസിനോട് കൂറ് പ്രഖ്യാപിച്ചവരാണ്. എന്നാൽ ഇന്നത്തെ ആക്രമണത്തിന് അവകാശവാദമുന്നയിച്ച ഐസിസ് കെയും അതിഭീകരമായ ഒരു തീവ്രവാദ സംഘമാണ്. റഷ്യൻ പ്രസിൻഡ് പുടിൻ ഇവരുടെ ലിസ്റ്റിൽ നമ്പർ വൺ ആണ്.
താലിബാന് തീവ്രത പോരെന്ന് വാദിക്കുന്നവർ!
ഇസ്ലാമിക കാർക്കശ്യത്തിന്റെ അവസാനവാക്കായി കണക്കാക്കപ്പെടുന്ന താലിബാനുപോലും, തീവ്രത പോര എന്ന് വാദിക്കുന്ന ഒരു വിഭാഗം ലോകത്തുണ്ട്. അതാണ് ഇപ്പോൾ, റഷ്യൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത,
ഐസിസ് - കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയാണിത്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും തീവ്രവും അക്രമാസക്തവുമാണ് ഇത്.
ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. എന്നാൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന അവിടെ ഐസിസിനെ തകർന്നു. പക്ഷേ സിറിയിൽനിന്ന് ഇറാഖിൽനിന്നും ഐസിസ് പതുക്കെ താവളം അഫ്ഗാനിലേക്ക് മാറ്റി. ഇന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഇവിടേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
കൊടും ക്രൂരതകളിൽ റെക്കോർഡിട്ട സംഘടനയാണ് ഇവർ. പെൺകുട്ടികളുടെ സ്‌കൂളുകളിൽനിന്ന് വെടിവെച്ചു കൊന്നു. ഗർഭിണികളെയും നഴ്സുമാരെയും ആശുപത്രികളിൽനിന്നും വെടിവെച്ച് കൊന്നു. ഭ്രൂണഹത്യ നടത്തുന്നുവെന്ന് പറഞ്ഞ് കാന്ന പ്രസവ വാർഡ് തകർത്ത് ഡോക്ടറെ കൊന്നു. ഇങ്ങനെ സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്. ഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നു.
അഫ്ഗാന്റെ കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാക്കിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവർണ കാലത്ത് ഏകദേശം മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയും അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐസിസ്-കെക്ക് വലിയ നഷ്ടമുണ്ടായി. ആഗോള ഇസ്ലാമിക തീവ്രവാദത്തിന് പണം വരുന്ന ഹഖാനി നെറ്റ്‌വർക്കിലുടെയാണ് ഐസിസ് കെക്കും പണം വരുന്നത്. നെറ്റ്‌വർക്കിന്റെ തലവൻ കാബൂളിലെ ഖലീൽ ഹഖാനിയുടെ തലയ്ക്ക് 5 മില്യൺ ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഓർക്കണം.
അഫ്ഗാൻ താലിബാനും ഐസിസ് -കെയും തമ്മിൽ കട്ട ഉടക്കിലാണ്. ഇവർ തമ്മിലുള്ള യുദ്ധങ്ങളിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാൻ ഇസ്ലാമിക നിയമങ്ങളിൽ വെള്ളം ചേർക്കുന്നുവെന്നും, പ്രാദേശികമായ ജനസാധ്യതക്കുവേണ്ടി കോംമ്പ്രമൈസ് ചെയ്യുന്നുവെന്നുമാണ് ഐസിസ്- കെ നേതാക്കൾ ആരോപിക്കുന്നത്. താലിബാന് അഫ്ഗാന്റെ കാര്യം മാത്രമേയുള്ളു. പക്ഷേ ഐസിസ് -കെക്ക് ആഗോള മുസ്ലീങ്ങളുടെ ഉത്തരവാദിത്വമുണ്ട്. അത് അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് അവരുടെ നേതാക്കൾ പറയുന്നത്.
എന്നാൽ തങ്ങളിൽനിന്ന് തെറ്റിപ്പിരിഞ്ഞുപോയ അധികാരക്കൊതിയാന്മാരായ ഒരു വിഭാഗമാണ് ഐസിസ് -കെയിൽ ഉള്ളതെന്നാണ്, താലിബാന്റെ വാദം. തങ്ങളെ അട്ടിമറിച്ച് ഭരണം പിടിക്കാൻ ഐസിസ്-കെ ശ്രമിക്കുന്നതായും ഇവർ ആരോപിക്കാറുണ്ട്. താലിബാൻ അധികാത്തിലേറിയതിനെ തുടർന്ന് നിരവധി ഏറ്റമുട്ടലുകളും ഇവർ തമ്മിൽ നടന്നു. ഖത്തർ തലസ്ഥാനമായ ദോഹയിലെ പോഷ് ഹോട്ടലുകളിൽ ഇവർ ഒത്തുതീർപ്പ് ചർകളും നടത്തിയിട്ടുണ്ട്. ഇതേ ഐസിസ് -കെയാണ് ഇപ്പോൾ റഷ്യയിൽ ആക്രമണം നടത്തിയത്. ഇങ്ങനെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലുടെ ആഗോള ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും തങ്ങളിൽ എത്തുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
റഷ്യ ക്രിസ്ത്യൻ രാജ്യമായി മാറുന്നോ?
ഇസ്ലാമിക സംഘടനകൾ മൊത്തമായി പുടിനെതിരെ ഉന്നയിക്കുന്ന ഒരു ആരോപണം അയാൾ പരോക്ഷമായി ക്രിസ്റ്റിയാനിറ്റിക്ക് കൂട്ട് നിൽക്കുന്നവെന്നാണ്. പടിന്റെ ഭരണകാലത്താണ് റഷ്യൻ ഓർത്തഡോക്്സ് സഭ രാജ്യത്ത് ഏറ്റവും പ്രബലമായത് എന്നും ഇത് ഇസ്ലാമിന് ഭീഷണിയാണെന്നുമാണ്, മുസ്ലിം മതമൗലികവാദികളുടെ ആരോപണം. റഷ്യൻ ഓർത്തഡോക്സ് സഭയുടെ കൺകണ്ട ദൈവമാണ് പുടിൻ എന്നും അവർ ആരോപിക്കുന്നു.
ഇതിൽ വലിയ കഴമ്പൊന്നുമില്ല എന്നാണ് പുടിനെ അനുകൂലിക്കുന്നവർ പറയുന്നത്. സംഘപരിവാറിന് അഖണ്ഡഭാരതം പോലെ, ഹിസ്റ്റോറിക്കൽ റഷ്യ എന്ന, പണ്ടുകാലത്ത് യുഎസ്എസ്ആറിനൊപ്പം നിന്ന മുഴുവൻ രാജ്യങ്ങും ചേർന്നുള്ള ഒരു രാജ്യമാണ് പുടിന്റെ ലക്ഷ്യം. വ്യക്തിപരമായി അയാൾ വിശ്വാസി പോലുമല്ല. മതത്തെപ്പോലും റഷ്യൻ ദേശീയതക്ക് താഴെയയാണ് അയാൾ കാണുന്നത്.
ഈ യു.എസ്എസ്ആർ പ്രേമം പുടിന് സമത്വസുന്ദര സോഷ്യലിസ്റ്റ് ദേശത്തോടുള്ള സ്നേഹം മൂലവുമല്ല. അദ്ദേഹത്തിന് യു.എസ്എസ്ആർ എന്ന ജിയോപൊളിറ്റിക്കൽ ഐഡിയയിൽ മാത്രമേ താൽപ്പര്യമുള്ളൂ. സ്വന്തം നിലയിൽത്തന്നെ അസാമാന്യ ധനികനും, ട്രംപ് ഉൾപ്പടെ നാട്ടിലെ ധനികരുടെയെല്ലാം അഭ്യുദയകാംക്ഷിയും ഉറ്റതോഴനും പുടിന് കമ്യൂണിസത്തോടോ സോഷ്യലിസത്തോടൊ യാതൊരു അഭിമുഖ്യവുമില്ല. അതുപോലെ മതത്തോടും. അദ്ദേഹത്തിന് പണം അധികാരവും നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണ് ഇവയെല്ലാം.
മുസ്ലീങ്ങളും തീരെ ന്യുനപക്ഷമല്ല റഷ്യയിൽ. 2017-ലെ സർവേ പ്രകാരം, റഷ്യയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാണം മുസ്ലിംകളാണ്. നൂറ്റാണ്ടുകളായി വടക്കൻ കോക്കസസിന്റെ ഭാഗങ്ങൾ റഷ്യയ്ക്കു കീഴിലാണ്. ചെച്‌നിയ, ഡാഗെസ്ഥാൻ, ബാഷ്‌കോർട്ടോസ്ഥാൻ, ടാറ്റർസ്ഥാൻ എന്നീ ഈ പ്രദേശങ്ങളിലെ ഗണ്യമായ മുസ്ലിം ജനസംഖ്യ കാരണം യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യം റഷ്യയാണ്.
റഷ്യൻ ഫെഡറേഷനിൽ അംഗമായ ചെച്നിയയൊക്കെ രാജ്യത്തിനുള്ളിലെ രാജ്യം എന്ന നിലയിലാണ്. അവർക്ക് സ്വന്തമായി പതാകയും, പ്രധാനമന്ത്രിയും, പാർലിമെന്റുമൊക്കെയുണ്ട്. റഷ്യക്കുള്ളിലെ ഇസ്ലാമിക രാജ്യം എന്നാണ് അത് അറിയപ്പെടുന്നത്. ഈയിടെ ചെച്‌നിയയിലെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ 'തടങ്കൽപ്പാളയങ്ങളിൽ' കൊണ്ടുപോയി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുസ്ലിം ആധിപത്യമുള്ള മേഖലയിലെ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച അവകാശവാദങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്. ഇതിനെതിരെയും റഷ്യ ഒന്നും ചെയ്തിട്ടില്ല. കേരളത്തിൽനിന്നുള്ള മത പണ്ഡിതന്മാരെ വരെ പങ്കെടുക്കുന്ന വലിയ ഇസ്ലാമിക സമ്മേളനങ്ങൾ നടക്കുന്ന സ്ഥലം കൂടിയാണ് ച്ചെ്നിയ.
വന്നത് ചെചൻ തീവ്രവാദികളോ?
പുടിനെതിരെ ഐസിസിന്റെ ആരോപണങ്ങളിൽ ഏറ്റവുംു പ്രധാനപ്പെട്ടത് ചെച്നിയയിലെ ജനതയെ കളിപ്പാവയാക്കുന്നുവെന്നാണ്. നിലവിലെ ചെച്നിയൻ പ്രധാനമന്ത്രി റംസാൻ കാദ്യറോവ്, പുടിന്റെ ബിനാമി തന്നെയാണ്. അതുകൊണ്ടുതന്നെ യുക്രൈൻ യുദ്ധത്തിൽ ചെചെൻ സൈനികരാണ് റഷ്യക്കുവേണ്ടി വലിയ തോതിൽ പോരടിച്ചത്. പതിനായിരത്തിലേറെ ചെചൻ സൈനികർ യുക്രെയ്‌നിൽ ഉണ്ടെന്ന് പ്രധാനമന്ത്രി റംസാൻ കാദ്യറോവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ അനുകൂല ടെലഗ്രാം ഗ്രൂപ്പുകളിൽ പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടക്ക് ചെചെൻ സൈനികർ യുക്രെയ്‌നിൽ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ഉത്തര കൊകാസസ് മലനിരകളിൽ നിന്നുള്ള ആയിരക്കണക്കിന് വർഷത്തെ തനത് പാരമ്പര്യമുള്ള ഗോത്രങ്ങളിൽ ഒന്നാണ് ചെചെൻസ്. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ളപ്പോഴും ചെച്‌നിയയുടെ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾ രക്തരൂക്ഷിതമായ യുദ്ധത്തിന്റേതാണ്.
ചെച്‌നിയക്കാർ 1917-ൽ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകാതെ ഈ പ്രദേശങ്ങൾ കീഴടക്കിയ സോവിയറ്റ് യൂണിയൻ ചെചെനോ ഇൻഗുഷ് ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്ക് എന്ന പേരിലാക്കി തങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. സോവിയറ്റ് അധിനിവേശത്തിനെതിരെ പരസ്യമായും രഹസ്യമായും പിന്നീട് ചെച്‌നിയക്കാർ രംഗത്തെത്തുകയും ചെയ്തു.
ചെച്‌നിയക്കാരുടെ എതിർപ്പ് വർധിച്ചതോടെ എല്ലാ ചെച്‌നിയക്കാരേയും സൈബീരിയയിലേക്ക് നാടുകടത്തുകയാണ് ജോസഫ് സ്റ്റാലിൻ ചെയ്തത്. സ്റ്റാലിൻ നാടുകടത്തിയ ചെച്‌നിയക്കാരിൽ പകുതിയോളം പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് പിന്നീട് ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്. പിന്നീട് നികിത ക്രൂഷ്‌ചേവിന്റെ കാലത്താണ് ചെച്‌നിയക്കാർക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്താൻ അനുമതി ലഭിച്ചത്. സ്റ്റാലിന്റെ കാലത്ത് ചെച്‌നിയക്കാരെ സൈബീരിയയിലേക്ക് നാടുകടത്തിയത് വംശീയ കൂട്ടക്കൊലയായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.
1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ രാജ്യം, റിപ്പബ്ലിക് ഓഫ് ഇൻഗുഷെറ്റിയ, ചെചെൻ റിപ്പബ്ലിക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതിൽ 1994-96 കാലഘട്ടത്തിൽ നടന്ന റഷ്യയുമായുള്ള യുദ്ധ ശേഷം ചെചെൻ റിപ്പബ്ലിക്ക് ചെചെൻ റിപ്പബ്ലിക്ക് ഓഫ് ഇച്ച്‌കെരിയ എന്ന പേരിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒന്നാം ചെചെൻ യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ഏതാണ്ട് 30,000 നും ഒരു ലക്ഷത്തിനും ഇടയ്ക്ക് ചെച്‌നിയക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം 1999-ൽ വീണ്ടും റഷ്യ ചെച്‌നിയെ ആക്രമിച്ചു. ഒരു ഭാഗത്ത് റഷ്യൻ സൈന്യവും റഷ്യൻ അനുകൂല ചെച്‌നിയക്കാരും മറുഭാഗത്ത് റഷ്യൻ വിമതരായ ചെച്‌നിയക്കാരുമാണ് ഏറ്റുമുട്ടിയത്. ഒൻപത് മാസവും അഞ്ച് ദിവസവും നീണ്ട യുദ്ധത്തിനൊടുവിൽ റഷ്യ വിജയിക്കുകയും ചെച്‌നിയയിൽ റഷ്യൻ അനുകൂല സർക്കാർ സ്ഥാപിക്കുകയുമായിരുന്നു. രണ്ടാം ചെചെൻ യുദ്ധത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 14,000 ചെച്‌നിയക്കാരും അനൗദ്യോഗിക കണക്കുകൾ പ്രകാരം അരലക്ഷം വരെ ചെച്‌നിയക്കാരും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ ചെചെൻ റിപ്പബ്ലിക്ക് തലവനായ റംസാൻ കാദ്യറോവ് അറിയപ്പെടുന്ന പുടിൻ അനുകൂലിയാണ്. റഷ്യയെ വലിയ തോതിൽ എതിർത്ത ചെച്‌നിയയുടെ സൈന്യം തന്നെ യുക്രെയ്‌നിലേക്ക് എത്തുന്നത് പുടിന്റെ മനഃശാസ്ത്ര യുദ്ധതന്ത്രങ്ങളിലൊന്നായി കണക്കാക്കുന്നത്. ഇതിനെ മുസ്്ലീങ്ങൾക്കെതിരായ കുറ്റമായാണ് ഐസിസ് കാണുന്നത്. മാത്രമല്ല, ഇപ്പോഴും ചെച്നിയയിൽ ഇസ്ലാമിക തീവ്രാദികൾക്ക് വലിയ പിന്തുണയുണ്ട്. ഇവരുടെ ഒത്താശയോടെയാണോ, റഷ്യൻ ആക്രമണം നടന്നത് എന്നും സംശയമുണ്ട്.
പിന്നിൽ പുട്ടിൻ തന്നെയോ?
്മറ്റുരാജ്യങ്ങൾക്കും, സ്വന്തം ജനതയുടെ ഒരു വിഭാഗത്തിനും കാലനായിരിക്കാമെങ്കിലും ഇന്ത്യയുമായി അടുത്ത സൗഹൃദം കാക്ഷിക്കുന്നയാളാണ് പുടിൻ. മോദി സർക്കാർ അധികാരമേറ്റതോടെ ഇന്ത്യയും- റഷ്യയും നല്ല ബന്ധത്തിലാണ്. മോസ്‌ക്കോ ആക്രമണത്തിൽ റഷ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും മോദി കൂട്ടിച്ചേർത്തു. ആക്രമണത്തെ ലോക രാജ്യങ്ങളും അപലപിച്ചു. ഭീകരം എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളും അപലപിച്ചു.
പക്ഷേ അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകവ്യാപകമായി നിലനിൽക്കുന്ന ഒരു ഏർപ്പാടാണ്. ഇവിടെ റഷ്യയിലുണ്ടായ ഈ ഭീകാരാക്രമണത്തെ ചൊല്ലിയും ഗൂഢാലോലനാ സിദ്ധാന്തങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പുടിൻ തന്നെയാണ്് ഈ സ്ഫോടനങ്ങളുടെ ആസുത്രകൻ എന്നാണ്. തന്റെ ഇമേജ്് നിലനിർത്താൻ വേണ്ടി, റഷ്യയുടെ ഈ അഭിനവ ചക്രവർത്തി എന്തുവിലയും കൊടുക്കും. ഇപ്പോൾ യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി അൽപ്പം ഇടിഞ്ഞ തന്റെ പ്രതിഛായ, ഒരു പൊതുശത്രുവിനെ ഇട്ട് വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് പുടിന്റെ വിമർശകർ പറയുന്നത്.
ഇത് ഒരു വന്യമായ തിയറിയെന്ന് പറഞ്ഞ് തള്ളിക്കളയാം. പക്ഷേ പുടിന്റെ ചരിത്രം അറിയുന്നവർക്ക് ഈ വന്യമായ സിദ്ധാന്തങ്ങളിലും ശരി കണ്ടത്താൻ കഴിയും. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെൽസിന്റെ ഭരണത്തിൽ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു 1999-ൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം. യെൽസിന് പറ്റിയ ഒരു അബദ്ധമാണ് പുടിന്റെ വരവ് എന്ന് പലരും പിന്നീട് വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ അർഹരായ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. പിന്നീട് അതേ യെൽസിന് തന്നെ പുടിൻ പാര പണിതു. അന്ന് ചെച്നിയൻ യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയമായിരുന്നു. അതിന് മറുപടിയെന്നോണം മോസ്‌കോയിൽ സ്ഫോടന പരമ്പരയുണ്ടായി. ഇതിനു പിന്നിൽ ചെച്‌നിയൻ തീവ്രവാദികളാണെന്ന് പുടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ അദ്ദേഹം തന്നെ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്. യെൽസിനെ കടപുഴക്കാൻ ചെചൻ തീവ്രവാദികൾക്ക് പുടിന്റെ സഹായം അന്ന് കിട്ടിയിരുന്നുവെന്നത് പിന്നീട് പരസ്യമായി.
പക്ഷേ അന്ന് ഇക്കാര്യമെന്നും പുറത്തുവന്നിരുന്നില്ല. ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ചെച്‌നിയക്കെതിരെ നടന്ന സൈനിക നീക്കത്തിലുടെ ദേശീയത കത്തിച്ചാണ് പുടിൻ വളർന്നുവന്നത്. ചെച്നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുടിനായി. നോക്കുക, എത്ര വലിയ കുതന്ത്രം! അതേ കുതന്ത്രം പുടിന്റെ തന്റെ ജീവിതകാലത്ത് ഉടനീളം തുടർന്നു. തനിക്ക് ഭീഷണിയാവുമെന്ന് തോനുന്നവരെ കൊന്നുതള്ളി. എന്നിട്ട് കുറ്റമെല്ലാം മറ്റുള്ളവരുടെ പേർക്കിട്ടു.
ഇവിടെയും അതേ തന്ത്രമാണോ പുടിൻ എടുക്കുന്നത് എന്ന് സംശയിക്കുന്നവരില്ല. പക്ഷേ ഇപ്പോൾ ഇത്തരം കടന്ന കൈകളുടെയൊന്നും ആവശ്യം പുടിനില്ലെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ എഴുതുന്നത്. 90ശതമാനം പിന്തുണതോടെ പുടിൻ റഷ്യയിൽ വീണ്ടും അധികാരത്തിലേറിയത് ഈയിടെയാണ്. സൈന്യമടക്കമുള്ള സകല സംവിധാനങ്ങളും പുടിന്റെ കൈയിലാണ്. പിന്നെ അയാൾ എന്തിന് ഇതുപോലെ ഒരു നാടകം കളിക്കണം എന്നാണ് ചോദ്യം. മുമ്പത്തെ നാടകങ്ങളൊക്കെയും അയാൾക്ക് അധികാരത്തിലേക്ക് എത്താനുള്ള കുറുക്കുവഴികളായിരുന്നു. പക്ഷേ ഐസിസിസ് സഹായം നൽകുന്നത് യുക്രൈൻ തീവ്രവാദികൾ ആണെന്ന് പറഞ്ഞ്, ഒരു വെടിക്ക് രണ്ടുപക്ഷികളെ വീഴ്‌ത്താനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ട്. പുടിൻ ആയതുകൊണ്ട് നമുക്ക് ഒന്നും പറയാൻ കഴിയില്ല!
വാൽക്കഷ്ണം: ഇവിടെ സിറിയയിലെയും, ചെച്നിയയിലുമൊക്കെ മുസ്ലീങ്ങളെ അടിച്ചമർത്തിയതാണ് റഷ്യയെയും, പുടിനെതിരെയും ശത്രുപക്ഷത്ത് നിർത്താൻ ഐഎസിനെ പ്രേരിപ്പിച്ചത്. പക്ഷേ എന്നാൽ അതിനേക്കാൾ നൂറു മടങ്ങ് ഭീകരമായി മുസ്ലീങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് ചൈന. അവിടുത്തെ മുസ്ലിം പള്ളികൾ രാക്കുരാമാനം ഇടിച്ചു നിരത്തി മൂത്രപ്പുരയാക്കി. പക്ഷേ എന്നിട്ടും ഐസിസിനോ മറ്റ് ഇസ്ലാമിക തീവ്രവാദികൾക്കോ ചൈനയോട് പറയത്തക്ക പ്രശ്നമൊന്നുമില്ല. കാരണം വ്യക്തമാണ്. അഫ്ഗാൻ വഴി ഐസിസ്-കെയ്ക്ക് കിട്ടുന്ന ഫണ്ടിന്റെയും ആയുധങ്ങളുടെയും നല്ലൊരു വിഭാഗവും ചൈന വഴിയാണ്!