- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
യുക്രെയിൻ യുദ്ധത്തിലൂടെ ലോകമെങ്ങും ദുരിതമെത്തിച്ച റഷ്യൻ പ്രസിഡന്റ്; കോട്ടിട്ട ഗുണ്ടയെന്ന വിളിപ്പേരുള്ള ഷീ; പ്രക്ഷോഭം കൂസാതെ മതകാർക്കശ്യം സംരക്ഷിക്കുന്ന ഖാമെനെയി; ഇന്റർപോൾ അന്വേഷിക്കുമ്പോഴും സ്വന്തമായി രാജ്യമുണ്ടാക്കിയ നിത്യാനന്ദ; പുടിൻ മുതൽ ശോഭ് രാജ് വരെ; ഇവർ 2022ലെ ഏറ്റവും അപകടകാരികളായ വ്യക്തികൾ!
ഓരോവർഷവും പാശ്ചാത്യ മാധ്യമങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാറുള്ള ഒരു അവലോകനമാണ്, ലോകത്തിലെ ഏറ്റവും കരുത്തരായ വ്യക്തികളെക്കുറിച്ച്. പക്ഷേ ഈ കരുത്ത് എന്നത് പലപ്പോഴും നെഗറ്റീവ് അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. ലോകം മുഴുവൻ ദുരിതം വിതച്ച മനുഷ്യനും ഈ ലിസ്റ്റിൽ കരുത്തനാവും. പക്ഷേ സമീർ ജെയിനിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ പറയുന്നത്, ഒരാളുടെ കരുത്ത് എന്ന് പറയുന്നത് അയാൾ ഈ ലോകത്തിന്റെ പുരോഗതിക്കും, മാനവികതക്കും വേണ്ടി എന്തു ചെയ്തു എന്നതാണ്. അതുകൊണ്ടുതന്നെ അപകടകാരികളായ മനുഷ്യരെയും, ഇൻഫ്ളുവൻസർമാരുടെയും പട്ടിക വേർതിരിക്കണമെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അങ്ങനെ നോക്കുമ്പോൾ, അപകടകാരികളായ നേതാക്കളെകൊണ്ട് നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. തന്റെ കീർത്തി വർധിപ്പിക്കണം എന്ന ആഗ്രഹത്തിന് അപ്പുറം, ലോകത്ത് ശാന്തിയും സമാധാനവും വരണം എന്ന ചിന്തിക്കുന്ന, ലോക നേതാക്കളുടെ എണ്ണം കുറയുകയാണ്. 2022ലെ ഏറ്റവും അപകടകാരികളായ വ്യക്്തികളുടെ കണക്ക് എടുക്കുമ്പോൾ അതിൽ രണ്ട് ഇന്ത്യൻ സാന്നിധ്യമുണ്ട്. ഒന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ജനിച്ച്, സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കിയ സ്വാമി നിത്യാനന്ദ. മറ്റേത്, പൗരത്വം ഫ്രാൻസിലാണെങ്കിലും, 'കർമ്മമേഖല'യുടെ സിംഹഭാഗവും ഇന്ത്യയിലായ സാക്ഷൽ ചാൾസ് ശോഭ്രാജും.
1. വ്ളാദിമിർ പുടിൻ
ലോകമാധ്യമങ്ങൾ എല്ലാം തന്നെ ഈ വർഷത്തെ ഏറ്റവും കരുത്തനായ മനുഷ്യനായി തെരഞ്ഞെടുക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയാണ്. ശരിയാണ,് ആയുധക്കരുത്തിൽ നോക്കുമ്പോൾ പുടിൻ കരുത്തനാണ്. പക്ഷേ ആ കരുത്തുകൊണ്ട് ഈ ലോകത്തിന് എന്താണ് കിട്ടുന്നത്. യുകൈൻ്ര യുദ്ധവും, അതുവഴി ലോക വ്യാപകമായി ഉണ്ടായ സാമ്പത്തിക മാന്ദ്യമുമൊക്കയുണ്ടായത് ഈ ഒരു മനുഷ്യൻ മൂലമാണ്. നിലക്കാത്ത ബോബ് വർഷങ്ങളുടെയും, ബലാത്സഗങ്ങളുടെയുമൊക്കെ ഓർമ്മയാണ് പുടിൻ ഇന്ന്.
പ്രെടോളും, പ്രകൃതിവാതകവും, വളവും, ഇരുമ്പുൽപ്പന്നങ്ങൾക്കുമൊക്കെ ലോകവ്യാപകമായി വിലകൂട്ടാൻ പുടിൻ കാരണക്കാരനായി. ഈ കൊച്ചുകേരളത്തെപ്പോലും അത് ബാധിച്ചു. റഷ്യയിലും കടുത്ത സാമ്പത്തിയ മാന്ദ്യമാണ് ഉണ്ടാവുന്നത്. റൂബിളിന്റെ വില കുത്തനെ ഇടിഞ്ഞു. ക്രിസ്മസ്- പുതുവത്സര ആഘാഷ സമയത്തുപോലും റഷ്യയിൽ ബിയറിനുപോലും മാന്ദ്യമാണ്. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയ ഒരു സൈക്കോ നേതാവിനെ എങ്ങനെയാണ് കരുത്തൻ എന്ന് വിളിക്കാൻ കഴിയുക. 2022ലെ മാത്രമല്ല, കഴിഞ്ഞ ദശകത്തിലെ ഏറ്റവും കുപ്രസിദ്ധനായ നേതാവാണ് പുടിൻ എന്നാണ് വാഷിങ്ങ്ടൺ പോസ്റ്റ് വിലയിരുത്തുന്നത്.
എരിതീയിൽനിന്ന് വറചട്ടിയിൽ എത്തിയ അവസ്ഥയാണ് റഷ്യൻ ജനതയുടേത്. കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൽനിന്ന് രക്ഷപ്പെട്ട് അവർ എത്തിയത് പുടിന്റെ ഏകാധിപത്യത്തിലാണ്. റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് പുടിനാകുന്ന രീതിയിലാണ് ഭരണഘടനാ ഭേദഗതികൾ വന്നത്. അഴിമതിയിലുടെയും ബിനാമി ഇടപാടിലൂടെയും
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനാണ് പുടിന് ഇന്ന്. ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളുന്ന ഭീകരൻ. പുടിനെ എതിർക്കുന്നവർ ഒക്കെ കൊല്ലപ്പെടുക റഷ്യയൽ പതിവാണ്. മികക്കവരും കെട്ടിടത്തിൽനിന്ന് വീണ് മരിക്കയാണ് ചെയ്യാറ്. തികച്ച സ്ത്രീലമ്പടൻ ഇയാൾ. ബാലപീഡകനെന്നും ആരോപണമുണ്ട്. എന്നിട്ടും ഈ മുനുഷ്യനെയാക്കെ ലോകമെമ്പാടും ആരാധർ ഉണ്ടെന്നതും അത്ഭുദമാണ്.
2 ഷീ ജിൻ പിങ്ങ്
പുടിൻ, കമ്യൂണിസ്റ്റുകളെ ഓടിച്ച് റഷ്യയെ അടക്കി ഭരിക്കയാണെങ്കിൽ, അതുപോലെ, കമ്യൂണിസ്റ്റ് ചൈനയെ അടക്കി ഭരിക്കയാണ് ഷീ എന്ന ഷീ ജിൻ പിങ്ങ്. പുടിൻ റഷ്യയുടെ ആജീവനാന്ത പ്രസിൻഡന്റാവുന്നതുപോലെ, ഷീയും തനിക്ക് ആവുന്നത്ര കാലം, നമ്മുടെ 'ചങ്കിലെ ചൈനയെ' ഭരിക്കാനുള്ള അവകാശം നേടിയെടുത്തു കഴിഞ്ഞു. പക്ഷേ ഷീ സമാനമില്ലാത്ത കെടുതിയാണ് ലോകത്തിന് സമ്മാനിച്ചത്. കോവിഡ് ലോകം മുഴവൻ എത്തിച്ചതിൽ ചൈനയുടെ പങ്ക് വിസ്മരിക്കാൻ പറ്റാത്തതാണ്. വുഹാനിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ഡോക്ടറെ തടവിലിടുകയാണ് ചൈന ചെയ്തത്. എന്നിട്ട് ഒരു കുഴപ്പുമില്ലെന്ന് പ്രചാരണം അടിച്ചു. അങ്ങനെ കോവിഡ് ലോകം മുഴുവൻ എത്തി. ഇപ്പോൾ ഇതാ കോവിഡിന്റെ പുതിയ തരംഗത്തിൽ ചൈന വിറക്കുകയാണ്. ഇതിന്റെ യഥാർഥ റിപ്പോർട്ടുകളും പുറത്തുവിടുന്നില്ല. അങ്ങനെ പുതിയ വേറിയന്റിനേയും ചൈന ലോകം മുഴുവൻ എത്തിക്കുമോ എന്നാണ് ആശങ്ക. നിലവാരമില്ലാത്ത വാക്സിനുകളാണ് ചൈനയുടേത്. അത് കയറ്റുമതി ചെയ്തും ഷീ പാവപ്പെട്ട രാജ്യങ്ങളെ പറ്റിച്ചു.
നേരത്തെ വലിയ രീതിയിലുള്ള പ്രക്ഷോഭവം കോവിഡ് നിയന്ത്രണത്തിനെതിരെ ചൈനയിൽ ഉണ്ടായി. ടിയാനമെൻ സ്‌ക്വയർ സംഭവത്തിനുശേഷം ആദ്യമായി പൊതു നിരത്തിൽ പട്ടാളടാങ്കുകൾ പ്രത്യക്ഷപ്പെട്ടു. ഇത് സീറോ കോവിഡ് പോളിസിക്ക് എതിരെ മാത്രമല്ല, സ്വാതന്ത്ര്യങ്ങൾ അടിച്ചമർത്തുന്ന ചൈനീസ് ഭരണകൂടത്തിനുമെതിരായിരുന്നു. ചൈനയുടെ സാമ്പത്തിക സ്ഥിതിയും കൊട്ടിഘോഷിക്കുന്ന അത്ര ഭദ്രമല്ല. റിയൽ എസ്റ്റേറ്റ് കമ്പനികൾ പൊളിയുകയും, ബാങ്കുകൾ പാപ്പരാവുകയും ചെയ്യുന്ന അവസ്ഥ പല തവണയുണ്ടായി. ലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വാങ്ങിക്കാൻ ആളില്ലാതെ വെറുതെ കിടക്കുന്നു. ഇതിൽനിന്നൊക്കെ ചൈനയെ പിടിച്ചു കയറ്റുക എന്ന ഭാരിച്ച ദൗത്യമാണ് ഷീക്ക് ഉള്ളത്.
തന്റെ കോട്ടിലും സ്യൂട്ടിലുമുള്ള ആധുനികത ഷീക്ക് സ്വഭാവത്തിൽ ഒട്ടുമില്ല. കോട്ടിട്ട ഗുണ്ടയെന്നാണ് ഇയാളെ വിമർശകർ വിശേഷിപ്പിക്കുന്നത്. കോടികളുടെ സ്വത്തുണ്ടായിട്ടും അത്താഴപ്പട്ടിണക്കാരനായ അയൽവാസിയുടെ അതിർത്തി മാന്തുന്ന ചില ശുംഭന്മാരെപ്പോലെയാണ് ഷീയും. ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുമായി ചൈനക്ക് അതിർത്തി പ്രശ്നമുണ്ട്. ടിബറ്റ്, തായ്വാൻ, ഹോങ്കോങ്ങ് എന്നിവടങ്ങിലെ പ്രശ്നങ്ങൾ എത്രയോ വാർത്തയായതാണ്. തായ്വാനുമായി ഇപ്പോഴും യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നു. ഇന്ത്യയുടെ അരുണാചൽ അതിർത്തിയിലും തവാങ്ങിലുമൊക്കെ സംഭവിക്കുന്നത് മറ്റൊന്നുമല്ല. അതുകൊണ്ട് തന്നെ ഷീജിൻ പിങ്ങ് കരുത്തനാവുമ്പോൾ ഇന്ത്യ കൂടുതൽ പേടിക്കേണ്ടതുണ്ട്.കാരണം അക്രമം അയാളുടെ രക്തത്തിൽ അലിഞ്ഞതാണ്.
അതുപോലെ തന്നെ കടം കൊടുത്തുകൊടുത്ത്, അവസാനം വീടും പറമ്പും തട്ടിയെടുക്കുന്ന നമ്മുടെ നാട്ടിലെ വട്ടിപ്പലിശക്കാരന്റെ തന്ത്രവും ഷീക്ക് ഉണ്ട്. പാക്കിസ്ഥാന്റെ ഗിൽജിത്ത് മേഖലയിലൊക്കെ ചൈന രാജ്യത്തിനുള്ളിൽ ഒരു സാമന്തരാഷ്ട്രം ഉണ്ടാക്കിക്കഴിഞ്ഞു. കടം തിരിച്ച് അടക്കാൻ ഗതിയില്ലാതായതോടെ ലങ്കയുടെ ഹബ്ബൻതോട്ടതുറമുഖം അടിച്ചുമാറ്റി. ഇങ്ങനെ ലോകത്ത് എവിടെയും ഭീതിയുടെയും അശാന്തിയുടെയും മേഖലകൾ സൃഷ്ടിക്കാനാണ്, ഈ കമ്യൂണിസ്റ്റ് നേതാവിന് കഴിയുന്നത്.
3 ആയത്തുല്ല അലി ഖാമെനെയി
ഇറാനെ സംബന്ധിച്ച് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് ഒന്നുമല്ല. എല്ലാം സുപ്രീം ലീഡറാണ് തീരുമാനിക്കുക. അതാണ് ആയത്തുല്ല അലി ഖാമെനെയി. ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമായ ഖാമെനെയി വിവാദത്തിലായിക്കുന്നത് ആ രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ മൂലമാണ്. സ്വന്തം നാട്ടിലെ സ്ത്രീകളിൽ വലിയൊരു വിഭാഗത്തിന്റെ കണ്ണിൽ തീർത്തും വെറുക്കപ്പെട്ടവൻ ആയിരിക്കയാണ് ഷിയാ കാർക്കശ്യങ്ങളുടെ ഈ അപ്പോസ്തലൻ. ഖാമനെയിലുടെ ബന്ധുവായ ഒരു സ്ത്രീപോലും ഹിജാബ് സമരത്തെ അനുകൂലിക്കുന്ന ഒരു വീഡിയോ വൈറൽ ആയിരുന്നു.
'സാൻ, സിന്ദഗി, ആസാദി...' ഇറാനിൽ കഴിഞ്ഞ മൂന്നുമാസമായി അലയടിക്കുന്ന മുദ്രാവാക്യമാണിത്. അർത്ഥം 'സ്ത്രീകൾ, ജീവിതം, സ്വാത്രന്ത്ര്യം'. ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ്, ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ ഇത്രയും സ്ത്രീകൾ സ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്ത് എത്തിയത്. ആയിരത്തോളം പേരെ കൊന്നിട്ടും അമ്പതിനായിരത്തോളം പേരെ തടവിലാക്കിയിട്ടും ആ രോഷം അണയുന്നില്ല. ഖാമെനെയി വിചാരിച്ചാൽ പ്രശ്നം പത്തുമിനിട്ടുകൊണ്ട് പരിഹരിക്കാം. പക്ഷേ മതം വിട്ട് ഒരുകളിയം അദ്ദേഹത്തിനില്ല.
ഇറാൻ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ് ഖാമനേയിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1981-ലേയും 1986-ലേയും പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പുകളിൽ ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1989 ജൂൺ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. പിന്നീട് തന്റെ അടിമയെന്ന് വിളിക്കാവുന്ന ഇബ്രാഹീം റെയ്സി ഇറാൻ പ്രസിഡന്റ് ആയതോടെയാണ് ഖാമനേയി കൂടുതൽ കർക്കശക്കാരനാവുന്നത്.
ഹിജാബ് നേരെ ധരിച്ചില്ലെന്ന് പറഞ്ഞ്, മഹ്സ അമിനി എന്ന 22 കാരി യുവതിയെ മതകാര്യപൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയും, തുടർന്ന് അവർ മരിക്കുകും ചെയ്തയോടെയുണ്ടായ പ്രക്ഷോഭം, ഫലത്തിൽ ഖാമനേയിക്കെതിരായ കലാപം അവുകയാണ്. ഹിജാബ് സമരത്തിന്റെ ഭാഗമായി 16നും 24നും വയസ്സിൽ ഇടയിലുള്ള അഞ്ചൂറിനെ പെൺകുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്! 25,000 സ്ത്രീകൾ അറസ്റ്റിയായി. ഇതും ലോക ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമാണ്.
ഫുട്‌ബോൾ ലോകകപ്പിൽ ദേശീയഗാനം പോലും പാടായെ ഇറാൻ ടീം മാറിനിന്നു. ഇറാൻ അമേരിക്കയോട് തോറ്റപ്പോൾ ജനങ്ങൾ ആ പരാജയം ആഘോഷിച്ച് കൊണ്ടാണ് തങ്ങളുടെ സർക്കാരിനോട് പ്രതിഷേധിച്ചത്. അതിൽ പങ്കെടുത്ത പലരെയും വധശിക്ഷക്ക് വിധേയരാക്കി. എന്റെ മൃതദേഹത്തിനരികിൽനിന്ന് ഖുർആൻപോലും വായിക്കരുതെന്ന് പറഞ്ഞ് കൊലക്കയറിലേക്ക് നടന്നു നീങ്ങുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ ലോകത്തെ ഞെട്ടിക്കയാണ്. പക്ഷേ എന്നിട്ടും ഖാമനേയിയുടെ ഹൃദയം അലിഞ്ഞു എന്ന് പറയാൻ കഴിയില്ല. അവർക്ക് തെറ്റിനുള്ള അള്ളാഹുവിന്റെ ശിക്ഷയാണ് കിട്ടിയതെന്നാണ് അയാൾ പറയുന്നത്. ഈയിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടപ്പോഴും അതിനെ ന്യായീകരിക്കുന്ന പ്രതികരണമാണ് ഖാമനേയിയുടെ ഭാഗത്തിനിന്ന് ഉണ്ടായത്. ഒടുവിൽ മതകാര്യ പൊലീസിനെ പിൻവലിക്കാൻ പോലും ഇറാൻ നിർബന്ധിതരായി. പക്ഷേ ഖാമനേയി ഇത് അംഗീകരിച്ചിട്ടില്ല എന്നാണ് വാർത്തകൾ വരുന്നത്.
4 ഗൊതബായ രാജപക്സേ
ഈ ആധുനിക കാലത്ത് ഇതുപോലെ ഒരു കൊട്ടാര വിപ്ലവം കണ്ടിട്ടുണ്ടാവില്ല.
ജനം ഇരമ്പിയെത്തി പ്രസിഡറിന്റെ കൊട്ടാരസമാനമായ വസതി കൈയേറുന്നതും, അടുക്കളയിൽനിന്ന് ഭക്ഷണം കഴിക്കുന്നതും, നീന്തൽ കുളത്തിൽ നീരാടുന്നതുമൊക്കെ ലോകം ലൈവായി കണ്ടു. ശരിക്കും ജനം വലിച്ച് താഴെയിട്ട പ്രസിഡന്റായിയുന്നു മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സേ. അഴിമതയും, കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി, ഒരു ചായക്ക് 150 രൂപ വിലവരുന്ന രീതിയിൽ ശ്രീലങ്ക സാമ്പത്തികമായി പാപ്പരായപ്പോൾ, ജനരോഷം അണപൊട്ടി ഒഴുകുകയായിരുന്നു.
രാജപക്സെ കുടുംബത്തെ അഴിമതിയാണ് രാജ്യത്തെ ഈ രീതിയിൽ എത്തിച്ചത്.
പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം അഞ്ചുപേരാണ് രാജപക്സെ കുടുംബത്തിൽനിന്ന് അന്ന് കാബിനറ്റിൽ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ മൊത്തം റവന്യൂവിന്റെ 70 ശതമാനവും ഇവരുടെ വകുപ്പുകളിലൂടെയാണ് കടന്നുപോകുന്നത്.
ഒമ്പത് സഹോദരന്മാരുള്ള രാജപക്സെ കുടംബത്തിലെ മൂന്നാമത്തെ സഹോദരനായ മുൻ പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രിയുമായ മഹീന്ദ രാജപക്സെ തന്നെയാണ് അക്കകാലത്ത് കാര്യങ്ങൾ നിയന്ത്രിച്ചത്. പാർലിമെന്റിനേക്കാൾ പ്രസിഡന്റിന് അധികാരമുള്ള രാഷ്ട്രമാണ് ലങ്ക. രണ്ടുതവണ പ്രസിഡന്റായവർ വീണ്ടും മത്സരിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതുകൊണ്ടാണ് മഹീന്ദ, തന്റെ അനിയൻ, ഗൊതബായ രാജപക്സെയെ പ്രസിഡന്റാക്കിയത്. എന്ത് പണി നടന്നാലും രാജപക്സെ കുടുംബത്തിന് മിനിമം പത്തുശതമാനം കിട്ടണം എന്നാണ് വിക്കിലികസ് രേഖകളിൽ പറയുന്നത്. വൻകിട പദ്ധതികൾ ആണെങ്കിൽ കമ്മീഷൻ ചിലപ്പോൾ 20-25 ശതമാനം ആവുമത്രേ. ഇങ്ങനെ കമ്മീഷൻ അടിക്കാനായി കടത്തിൽമ്മേൽ കടം വാങ്ങി, ഇവർ ലങ്ക മുഴുവൻ 'വികസനം' നടത്തി.
പത്തുവർഷം മുമ്പ് ഈ ദ്വീപിൽ വന്നവർ അമ്പരുന്നുപോകുന്ന നിലയിലാണ്, ചൈനയുടെ സഹായത്തോടെ വികസനം നടന്നത്. അങ്ങനെ 2000 കോടിക്ക് പണിത മഹീന്ദ രാജപക്സെയുടെ പേരിലുള്ള ഒരു വിമാനത്താവളം ഈച്ചയടിച്ച് കിടക്കയാണ്. ചൈനയിൽനിന്ന് കടംവാങ്ങിയത് തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതോടെ, ഹംബൻതോട്ടയിലെ തുറമുഖം 90വർഷത്തേക്ക് ചൈനക്ക് കൊടുക്കേണ്ടിവന്നത് രാജ്യത്തിന് തീരാത്ത നാണക്കേടായി. ഒടുവിൽ നമ്മുടെ വന്ദന ശിവയുടെ ഉപദേശം കേട്ട് രാജ്യം സമ്പൂർണ്ണമായി ജൈവകൃഷിയിലേക്ക് തരിഞ്ഞതോടെ ഉൽപ്പാദനം ഇടിഞ്ഞ് രാജ്യം പാപ്പരാവുകയും ചെയ്തു. ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്നതിന്റെ കൃത്യമായ ഉദാഹരണം കൂടിയാണ് ഗോതബായ. പുതിയ സർക്കാർ ഇവർക്കെതിരെ പ്രതികാര നടപടി എടുത്തിട്ടില്ലെങ്കിലും നിരവധി കേസുകൾ ബാക്കിയാണ്.
5 കിങ് ജോങ്ങ് ഉൻ
ഒരു രാജ്യത്തെ ജനങ്ങൾ എങ്ങനെ മുടിവെട്ടണം എന്നുപോലും ഭരണകുടം തീരുമാനിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. അവിടുത്തെ സർവാധികാരിയാണ് കമ്യുണിസ്റ്റ് നേതാവ് കിങ് ജോങ്ങ് ഉൻ എന്ന സൈക്കോ. അമേരിക്കയിൽവരെ എത്താവുന്ന ഭൂഖണ്ഡാന്തര മിസൈലുകൾ ഉണ്ടാക്കി ഈ വർഷവും കിങ് ജോങ്ങ് ലോകത്തെ ഭയപ്പെടുത്തി. ഉത്തരകൊറിയക്ക് മുകളിലുടെ ഇടക്കിടെ ഡ്രോണുകളെ വിട്ട് യുദ്ധ ഭീതി ഉയർത്തി.
പിതാവും മുൻ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയക്കാർക്ക് ചിരിക്കുന്നതിനും ജന്മദിനം ആഘോഷിക്കുന്നതിനും വിലക്കിട്ടത് വാർത്തായയിരുന്നു. 2011 ഡിസംബർ 17 നാണ് കിം ജോങ് ഇൽ അന്തരിച്ചത്. 69-മത്തെ വയസിലായിരുന്നു ഇൽ ലോകത്തോട് വിടപറഞ്ഞത്. ഇത് കിങ് ജോങ് ഉന്നിന് അധികാരത്തിലെത്താൻ വഴി ഒരുക്കി. ഡിസംബർ 17ന് ഉത്തര കൊറിയിൽ ദുഃഖദിനമാണ്. ഈ സമയം പൗരന്മാർക്ക് മദ്യപിക്കുന്നതിനും ചിരിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്നാണ് വാർത്തകൾ. മുൻകാലങ്ങളിൽ ദുഃഖാചരണ വേളയിൽ മദ്യപിച്ച നിരവധി ആളുകളെ കുറ്റവാളികളായി കണക്കാക്കി അറസ്റ്റ് ചെയ്ത കൊണ്ടുപോയിട്ടുണ്ട്. അവരെ പിന്നീട് കണ്ടിട്ടില്ല.
ഈ രീതിയിലായിരുന്നു കിമ്മിന്റെ അടിച്ചമർത്തലുകൾ. സ്വന്തം അമ്മാവനെ വെട്ടി പട്ടിക്കിട്ട് കൊടുത്തതും, അർധ സഹോദരനെ ആളെവിട്ട് കൊലപ്പെടുത്തിയതും അടക്കമുള്ള ഒരുപാട് കഥകൾ കിമ്മിന്റെ പേരിലുണ്ട്. 2022ൽ ഇദ്ദേഹം മരിച്ചുവെന്നും വാർത്തയുണ്ടായത് ലോകത്തെ ഞെട്ടിച്ചു. പക്ഷേ അത് വ്യാജ വാർത്തയായിരുന്നു. ലോകത്തിന് ക്രൂരനായ ഭരണാധികാരിയായിരിക്കാം. ഉത്തര കൊറിയയിൽ വളരെ പോപ്പുലർ ആണ് കിം. ഒരു ദൈവത്തെപോലെ ജനം ആരാധിക്കുന്നു. പക്ഷേ ഉത്തര കൊറിയയും ദക്ഷിണകൊറിയയും ഒന്ന് താരമത്യം ചെയ്യുക. ഒരു ഭാഗത്ത് ദാരിദ്രവും മറുഭാഗത്ത് സമൃദ്ധിയും. സൈക്കോ ഏകാധിപതികൾ എക്കാലവും തകർക്കുന്നത് സ്വന്തം ജനതയെ തന്നെയാണ്.
6 ഇലോൺ മസ്‌ക്
ഉന്നതങ്ങളിൽനിന്നുള്ള പതനം എന്ന മാത്രമേ ഇലോൺ മസ്‌കിന്റെ 2022ലെ തീരുമാനങ്ങളേ വിശേഷിപ്പിക്കാൻ കഴിയു. കഴിഞ്ഞതവണ ടൈം മാഗസിന്റെ കവർ ആയിരുന്നു മസ്‌ക്ക്. പക്ഷേ ഇത്തവണ ട്വിറ്റർ ഏറ്റെടുക്കലും തുടർന്നുണ്ടായ ഭ്രാന്തൻ നടപടികളും മസ്‌കിന്റെ വിലയിടിച്ചു. വിമതശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കാത്ത ഒരു ഏകാധിപതിയെന്ന ഇമേജാണ് ബിസിനസ് ലോകത്തുനിന്നും ഇപ്പോൾ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന വിശേഷണം.
ട്വിറ്റർ ഏറ്റെടുത്ത് അക്ഷരാർഥത്തിൽ ഇലോൺ മസ്‌കിന് കൈ പൊള്ളുകയായിരുന്നു. ശതകോടികളുടെ നഷ്ടമാണ് തനിക്ക് അറിയാത്ത ബിസിനസിലേക്ക് എടുത്തുചാടിയതുമൂലം ഉണ്ടായത്. ട്വിറ്റർ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നയങ്ങളിലും മാറ്റം വരുത്തി. മസ്‌ക് സിഇഒ ആയതിന് ശേഷം ട്വിറ്ററിലെ 7500 ജീവനക്കാരിൽ 5000 പേരും കമ്പനി വിട്ടു. കഴിഞ്ഞ ആഴ്ച ടെസ്ല ഓഹരികൾ തകർന്നതിനെത്തുടർന്ന് ഇലോൺ മസ്‌കിന്റെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇലോൺ മസ്‌ക്ക് എന്നാൽ ആഡംബര കാറുമുതൽ ബഹിരാകാശ ദൗത്യംവരെ വിജയിപ്പിക്കാൻ കഴിയുന്ന ഒരു വലിയ ബ്രാൻഡ് ആണെന്ന ഗുഡ്വില്ലാണ് ഇതോടെ തകർന്നുപോയത്.
ഈയിടെ താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടു. 42.5 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് മസ്‌ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. 'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും. അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ, സെർവറുകളുടെ മാത്രം ചുമതല ഏറ്റെടുക്കും', മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ടെസ്ലയുടെയും ട്വിറ്ററിന്റെയും സിഇഒ ആയി അദ്ദേഹം പ്രവർത്തിക്കുകയായിരുന്നു. അമിതമായ അത്മവിശ്വാസം ആർക്കും വിനയാകും എന്നതിന്റെ തെളിവ് കൂടിയാവുകയാണ്, മസ്‌കിന്റെ അനുഭവം.
7 ജെയർ ബോൾസനാരോ
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ നേതാവ് എന്ന വിമർശനം ഏറ്റുവാങ്ങിയ നേതാവാണ് മുൻ ബ്രസീൽ പ്രസിഡന്റ് സാവിയർ ബോൾസാനാരോ. പെലെയെയും, റോണാൾഡോവിനെയും, നെയ്മറിനെയെും പോലെ ലോകം എറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന മനുഷ്യരുള്ള ഒരു രാജ്യത്തുനിന്നാണ്, ഈ വെറുക്കപ്പെട്ട മനുഷ്യനും വരുന്നത്. അടിമുടി അഴിമതിക്കാരനാണ് ഇയാൾ. എന്തും വിറ്റ് കാശാക്കും. രാജ്യത്ത് എന്ത് പദ്ധതി നടപ്പാക്കണമെങ്കിലും പ്രസിഡന്റിന് തന്നെ കാശുകൊടുക്കേണ്ടി വരുമെന്നത് പരസ്യമായ രഹസ്യമായിരുന്നു.
ബോൾസനാരോ സ്വയം ഫാസിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ്. ബ്രസീലിലെ പട്ടാള ഏകാധിപത്യത്തിന്റെ പേരിൽ ഊറ്റം കൊള്ളുകയും, അതിൽ തനിക്കുള്ള അഭിമാനം മറച്ചുവെക്കാതിരിക്കുകയും ചെയ്ത പട്ടാള ഓഫീസറാണ്. അധികാരത്തിൽ വന്നയുടൻ പ്രതിപക്ഷത്തെയാകെ വേട്ടയാടി.ഇപ്പോൾ പ്രസിഡന്റായിരുന്ന ലുലയെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് ജയിലിലടച്ചു. ലുലയെ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ച ജഡ്ജിയെ പിന്നീട് നിയമമന്ത്രിയാക്കി പ്രതിഫലം നൽകി. ബോൾസനാരോയുടെ ഭരണത്തിന്റെ തണലിലാണ് ആമസോൺ കാടുകൾ വലിയ തോതിൽ കത്തിയത്. ആമസോൺ കാടുകൾ കത്തുന്നതിനെതിരായ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, പ്രതിഷേധക്കാരെ അടിച്ചമർത്താനാണ് ബോൾസനാരോ ശ്രമിച്ചത്. സത്യത്തിൽ ആമസോൺ കാടുകളെപ്പോലും സ്വകാര്യവ്യക്തികൾക്ക് വിൽക്കാനാണ് ഇയാൾ ശ്രമിച്ചത്. ആമസോണിന്റെ അന്തകൻ എന്നാണ് പരിസ്ഥിതി പ്രേമികൾ ബോൾസനാരോയെ വിളിക്കാറുള്ളത്.
ബ്രസീലിൽ കോവിഡ പരത്തിയതിനും ഇത്തരവാദി ഇദ്ദേഹം തെന്നയായിരുന്നു.
കോവിഡ് 19 നെ പ്രതിരോധിക്കാൻ സാമൂഹ്യമായ അകലം പാലിക്കലാണ് പോംവഴിയെന്നിരിക്കെ ജനങ്ങൾ ജോലികളിൽ തിരികെ പ്രവേശിക്കണമെന്ന വാദവുമായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോ രംഗത്ത് എത്തിയത്. . ''എന്നോട് ക്ഷമിക്കണം. ചിലർ മരിച്ചുവീഴും. അതാണ് ജീവിതം, പക്ഷേ അപകട മരണങ്ങൾ ഉണ്ടാകുന്നത് കാരണം കാർ ഫാക്ടറികൾ പൂട്ടാനാകില്ല.'' ലോകം ലോക്ഡൗണിലേക്ക് നീങ്ങുമ്പോൾ ബോൾസനാരോയുടെ പ്രതികരണം അങ്ങനെയായിരുന്നു. കോവിഡിനെ വെറും ജലദോഷപ്പനിയായിട്ടാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. മാസ്‌ക്ക് വെക്കാതെ നടന്നും ഒരു പ്രസിഡന്റ് രാജ്യത്തിന് മാതൃക കാട്ടി. ഇതിന്റെ ഫലമോ. ബ്രസീലിൽ കോവിഡ് പരന്ന് ആയിരക്കണക്കിനാളുകൾ മരിച്ചു.
തീവ്ര വലതുപക്ഷമായ ബോൾസനാരോയെ തുരത്തി ലുലയുടെ നേതൃത്വത്തിൽ ബ്രസീലിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ ഏറുന്നതിന് 2022 സാക്ഷിയായി. ഇപ്പോൾ നിരവധി കേസുകളുടെ വിചാരണ നേരിടുകയാണ് ഇയാൾ.
8 അയ്മർ സവാഹിരി
ഒരാളുടെ മരണത്തിൽ ലോകത്തിലെ സമാധാന പ്രേമികൾക്ക് സന്തോഷം തോന്നുകയാണെങ്കിൽ അയാൾ എത്രമാത്രം വലിയ ഭീകരൻ ആയിരിക്കണം. അതാണ് അയ്മൻ അൽ സവാഹിരി (71) എന്ന ഇസ്ലാമിക ഭീകരവാദ സംഘടനനായ അൽ ഖായിദയുടെ തലവൻ. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ ജൂലൈ 30ന് കാബൂളിൽ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചുവെന്ന വാർത്ത ലോകം ആശ്വാസത്തോടെയാണ് കേട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് വന്ന് ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് സവാഹരി വധം സ്ഥിരീകരിച്ചത്.
ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011ൽ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിന്മാറ്റത്തിനുപിന്നാലെ അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്.വാഷിങ്ടൻ സമയം ജൂലൈ 30 രാത്രി 9.48ന്, കാബൂളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഹെൽഫയർ മിസൈൽ ആക്രമണത്തിലൂടെയാണ് യുഎസ് ദൗത്യം പൂർത്തിയാക്കിയത്. മിസൈൽ പതിച്ചു നിമിഷങ്ങൾക്കുള്ളിൽ താലിബാന്റെ ഹഖാനി വിഭാഗം സ്ഥലത്തെത്തി സവാഹിരിയുടെ കുടുംബത്തെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അൽഖായിദക്ക് പകരം നേതൃത്വം വന്നെങ്കിലും സവാഹരിയപ്പോലെ ഒരു കരുത്തനായ നേതാവ് ഇനി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. കാരണം ലാദൻ നേരിട്ട് ഉണ്ടാക്കിയ പല രഹസ്യങ്ങളും, ഫണ്ട് നൽകുന്ന ആളുകളെയും, സംഘടനകളെയുമൊക്കെ നേരിട്ട് അറിയാവുന്നത് സവാഹിരിക്ക് മാത്രമായിരുന്നു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയിൽ തിരിച്ചടിക്കുന്ന സവാഹരിയെ, ലോകത്തിന് ഭയവും ആയിരുന്നു. ഇനി ആര് തലപ്പത്തുവന്നാലും, അൽഖായിദ ഒരിക്കലും പഴയരീതിയിൽ ആവില്ല എന്നതും ആശ്വാസകരമാണ്.
9 സ്വാമി നിത്യാനന്ദ
ഒരു വ്യക്തിക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കാൻ കഴിയുമോ! പക്ഷേ പതാകയും, കറൻസിയുമൊക്കെയായി രാജ്യം ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചിരിക്കയാണ്, ഒരു ഇന്ത്യൻ സ്വാമി. അതാണ് സ്വാമി നിത്യാനന്ദ. ഇന്റർപോൾ വരെ തിരയുന്ന കുറ്റവാളിയായിട്ടും അയാൾ സ്വന്തമായി തുടങ്ങിയ രാജ്യത്തിരുന്ന് തുടങ്ങാൻ പോകുന്ന റിസർവ് ബാങ്കിനെ പറ്റിയും, അവിടെ സ്വന്തം പടമുള്ള കറൻസിയെ പറ്റിയും ഒരു കൂസലുമില്ലാതെ ലോകത്തോട് സംസാരിക്കുന്നു. നിത്യാനന്ദ പരമശിവം എന്ന തിരുവണ്ണാമലക്കാരൻ ഒരു ലോകമഹാത്ഭുദമാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതും, പീഡനക്കേസും, തൊട്ട് വഞ്ചനാക്കേസ് വരെ സ്വാമിയുടെ പേരിലുണ്ട്. എന്നിട്ടും അയാളെ പിടികികൂടാൻ കഴിയുന്നില്ല.
ഇപ്പോൾ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിയെന്നായിരുന്നു വാർത്തകൾ വരുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമായി, രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചു. ഇംഗ്ലിഷും സംസ്‌കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ. പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ആശ്രമത്തിൽ ഭക്തർ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വർണവും കൈലാസത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന വാർത്തകളും പരന്നു.
നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയിരിക്കയാണ്. ഇതിനൊപ്പം ഇന്റർപോൾ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചു. എന്നാൽ ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് നിരന്തരം ഫേസ്‌ബുക്കിലും യൂട്യൂബിലും അടക്കം നിത്യാനന്ദയുടെ വിഡിയോകൾ എത്തുന്നു. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരിൽ നിത്യാനന്ദ മാറ്റിയതെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു. കാണാതായ പെൺകുട്ടികളും മറ്റുള്ളവരും ഇയാൾക്കൊപ്പം ഉണ്ടെന്നും കൈലാസ രാജ്യത്തിന്റെ ഭരണച്ചുമതലകൾ ഇവർ നിർവഹിക്കുന്നതായും വാർത്ത വന്നു. ഇന്റർപോൾ അടക്കം വല വിരിച്ച ഒരു വ്യക്തിയാണ് സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുനിന്ന് വെല്ലുവിളിക്കുന്നത് എന്നത് വിചിത്രമായ കാഴ്ചയാണ്. അപ്പോഴും എവിടെയാണ് നിത്യാനന്ദ എന്ന ചോദ്യത്തിന് അദ്ദേഹം 'ആത്മീയയാത്ര'യിലാണെന്നാണ് ഹൈക്കോടതിയിൽ കർണാടക പൊലീസ് വ്യക്തമാക്കിയത്.
10 ചാൾസ് ശോഭ് രാജ്
വിശേഷങ്ങൾ ഒന്നും വേണ്ടാത്ത ഈ ക്രിമിനലുകളുടെ രാജാവ് കുറ്റകൃത്യങ്ങളുടെ പേരിലല്ല, മോചനത്തിന്റെ പേരിലാണ് 2022ൽ വാർത്തകളിൽ നിറഞ്ഞത്. 2003 മുതൽ നേപ്പാളിലെ ജയിലിൽ കഴിയുന്ന ഇയാളെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഹൃദയത്തിന്റെ മോശം അവസ്ഥ, ദന്ത പ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യപരമായ കാരണങ്ങളാൽ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭ് രാജ് നേരത്തെ ഹർജി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഫ്രഞ്ച് എംബസി നേപ്പാൾ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മോചനം ഉണ്ടാവുന്നത്. ഒരുപാട് സിനിമകൾക്ക് പ്രമേയമായ ചാൾസ് ശോഭ് രാജിന്റെ ജീവിതം ശരിക്കും അവിശ്വസനീയം തന്നെയാണ്്.
നാലുവർഷംകൊണ്ട് രണ്ട് ഡസൻ ആളുകളെ കൊന്ന കൊടും ക്രിമിനലാണ് ഇയാൾ.
ബിക്കിനി കില്ലർ, സെർപ്പന്റ് എന്നുമൊക്കെ, ചാൾസ് ഗുരുമുഖ് ശോഭ് രാജിന്റെ അപരനാമധേയങ്ങൾ. ആളുകളെ മയക്കുഗുളിക കൊടുത്ത മയക്കുക പിന്നെ കൊല്ലുക. ഇതായിരുന്നു രീതി. തന്റെ കാമുകിമാരെയും തട്ടിപ്പിന് ഉപയോഗിക്കും. മൂന്നുതവണ ജയിൽ ചാടി. അവിടെയും നല്ല രീതിയിൽ പെരുമാറി അടുപ്പം കാണിച്ച് മയക്കുഗുളികകൾ നൽകി രക്ഷപ്പെടുകയായിരുന്ന ചാൾസിന്റെ രീതി.
ഏത് പാതാളത്തിൽകൊണ്ടിട്ടാലും ജയിൽചാടുന്ന മാന്ത്രികനായും, എവിടെവെച്ചും സ്ത്രീകളെ വശീകരിക്കാൻ കഴിയുന്ന കാസനോവയായുമൊക്കെ ഈ സൈക്കോ ക്രിമിനൽ വാഴ്‌ത്തപ്പെട്ടു. 80കളുടെയും 90കളുടെയും ടാബ്ലോയിഡുകൾ അയാളുടെ ചിത്രങ്ങൾ കൊണ്ടും, വീരസാഹസങ്ങൾ കൊണ്ടും നിറഞ്ഞു. ഹോളിവുഡിലും ബോളിവുഡിലും തൊട്ട് ഇങ്ങ് കൊച്ചുകേരളത്തിൽവരെ അയാളെക്കുറിച്ച് സിനിമകൾ വന്നു. ഇരുപതോളം മനുഷ്യരെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കിയവനെയാണ് ജനം ആരാധിക്കുന്നതെന്ന് ഓർക്കണം. അയാളുമായി ശാരീരീകബന്ധത്തിൽ ഏർപ്പെടാൻ തിഹാർ ജെയിലിൽപോലും സുന്ദരികൾ ക്യൂ നിന്നു. ലോകത്തിൽ ഏതു കൊലപാതകിക്ക് കിട്ടും ഇതുപോലെ ഭാഗ്യം! തിഹാർ ജെയലിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മുറയിൽ ആയിരുന്നു അയാളുടെ കാമകേളികൾ. ഇപ്പോൾ 78ാം വയസ്സിലും മോചിതനാവുമ്പോൾ ആയാളെക്കാത്ത് ഒരു സുന്ദരി പുറത്തുണ്ട്.
ശോഭ്രാജിനെ മോചിപ്പിച്ചതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. ഈ വയസു കാലത്ത്, ഹൃദ്രോഗിയായ ഒരു മനുഷ്യൻ എന്തുചെയ്യുമെന്ന് പറയാൻ വരട്ടെ. ഇത് ശോഭ്രാജാണ്. കളി നമുക്ക് കാത്തിരുന്ന് കാണാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ