ര്‍വസംഗപരിത്യാഗികളായ സന്യാസിമാര്‍പോലും തോക്കെടുക്കുന്ന കാലം! അഹിംസ അടിസ്ഥാനമാക്കി രൂപം കൊണ്ട ബുദ്ധമതത്തില്‍ പോലും നിരവധി തീവ്രവാദി സംഘങ്ങളെ, കണ്ട കാലമാണ് കഴിഞ്ഞുപോയത്. ശ്രീലങ്കയില്‍ എല്‍ടിടിഇക്കും സിംഹള തീവ്രവാദികള്‍ക്കും ഒപ്പം, ബുദ്ധമത ഭീകരവാദവും ഉണ്ടായിരുന്നു. ഇപ്പോള്‍ അതുപോലെ വീണ്ടും ബുദ്ധമതക്കാര്‍ തോക്കെടുക്കുന്നതിന്റെ വാര്‍ത്തയാണ് മ്യാന്‍മറില്‍ നിന്ന് വരുന്നത്.

മ്യാന്‍മറിലെ പീഡനം സഹിക്ക വയ്യാതെ, പ്രതിരോധമെന്നോണം ബുദ്ധിസ്റ്റുകള്‍ രൂപകൊടുത്ത ഒരു സേന ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കയാണ്. മ്യാന്‍മറിലെ വിമത സൈനികവിഭാഗമായ അരാക്കന്‍ ആര്‍മിയായി വളര്‍ന്ന, നാല്‍പ്പതിനായിരത്തോളം പേരുള്ള ഈ സൈന്യം, ബംഗ്ലാദേശ് അതിര്‍ത്തിയിലെ മ്യാന്‍മറിന്റെ 271 കിലോമീറ്റര്‍ വരുന്ന പ്രദേശം പിടിച്ചെടുത്തു കഴിഞ്ഞു. അതിനുശേഷം ഇവര്‍ ബംഗ്ലാദേശിലെ തന്ത്ര പ്രധാനമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചിരിക്കയാണ്. ഏറ്റുമുട്ടലില്‍ ഭയന്ന് ഇവിടെ നിന്ന് ബംഗ്ലാദേശ് സേന ഓടിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. അരാക്കന്‍ ആര്‍മിയിലെ 2000 സൈനികര്‍ സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍ സ്വതന്ത്രരായി വിലസുകയാണ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ ഇവര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ പട്ടണമായ മൗങ്‌ഡോ, മ്യാന്‍മര്‍ പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്ന് പിടിച്ചെടുത്തതും വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ അരാക്കന്‍ ആര്‍മി ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ പീഡനം നടക്കുന്ന ചിറ്റഗോങിലേക്ക്, മാര്‍ച്ച് ചെയ്യുമെന്നാണ് അറിയുന്നത്. മതപീഡനം നേരിടുന്ന ബുദ്ധരെയും ഹിന്ദുക്കളെയും രക്ഷിക്കാന്‍ വരുന്ന സൈന്യമായാണ് ഇവരെ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ റോഹീങ്ക്യന്‍ മുസ്ലീങ്ങളെയൊക്കെ കൊന്നൊടുക്കിയ, ഒരു ടെററിസ്റ്റ് ഗ്രൂപ്പായിട്ടാണ്, ബംഗ്ലാദേശും, മ്യാന്‍മാറും ഇവരെ ചിത്രീകരിക്കുന്നത്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാറിനെ നോക്കുകുത്തിയാക്കി, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികള്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും, ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

അരാക്കാന്‍ സേനക്ക് പിന്നില്‍ ഇന്ത്യയാണെന്നും, എതിരാളികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യ ഇന്ത്യ ശക്തമായി നിഷേധിക്കായാണ്. ചൈനക്കും ഈ ജിയോപൊളിറ്റിക്സില്‍ ഏറെ താല്‍പ്പര്യമുണ്ട്. മണിപ്പുര്‍ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമായ, ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് അറിയപ്പെടുന്ന ഏരിയ കൂടിയാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയാണ്, ഈ നാലുരാജ്യങ്ങളും അരാക്കന്‍ മുന്നേറ്റത്തെ വീക്ഷിക്കുന്നത്.




ഹിന്ദുവല്ല, ഇത് തേരവാദ ബുദ്ധര്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കാര്യമാണ്, അരാക്കന്‍ ആര്‍മി ഒരു ഹിന്ദു സൈനിക സംഘടനയാണെന്നത്. എന്നാല്‍ ഇത് തെറ്റാണ്. പണ്ട് ബര്‍മ്മയെന്ന് അറിയപ്പെട്ടിരുന്ന, മ്യാന്‍മാറിലെ, റാഖൈന്‍ സംസ്ഥാനത്ത് താമസിക്കുന്ന ഏകദേശം 2 ദശലക്ഷം ആളുകള്‍ അടങ്ങുന്ന ഒരു ഗോത്രമാണ് അരക്കനീസ് വിഭാഗമെന്നും, ഇവരില്‍ ചിലര്‍ രൂപീകരിച്ചതാണ് അരാക്കന്‍ ആര്‍മിയെന്നുമാണ് ഇന്ത്യാടുഡെ ഫാ്ക്റ്റ് ചെക്ക് സംഘം പറയുന്നത്. റാഖൈനിലെ അരക്കാനീസ് ജനതയുടെ സുരക്ഷ ഉറപ്പ് വരുത്താനായി മേഖലയുടെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. യൂണൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന സംഘടനയുടെ വെബ്സൈറ്റില്‍ അരാക്കന്‍ ആര്‍മിയെ കുറിച്ച് 2020 നവംബര്‍ 2ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്‍മിയെ ഒരു ബുദ്ധ റാഖൈന്‍ ഗോത്ര ന്യൂനപക്ഷ വിമത സംഘമായിട്ടാണ് ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.


റാഖൈനിലെ തേരാവാദ ബുദ്ധമതക്കാരാണ് ഈ സംഘടനയിലുള്ളത്. ശ്രീലങ്ക, കംബോഡിയ, തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലാണ് തേരവാദ ബുദ്ധമതം ശക്തമായി നിലനില്‍ക്കുന്നത്. ഇതിനെ 'ദക്ഷിണ ബുദ്ധമതം' എന്നും വിളിക്കാറുണ്ട്. പേരിന്റെ അര്‍ത്ഥം 'മുതിര്‍ന്നവരുടെ സിദ്ധാന്തം' എന്നാണ്. ബുദ്ധന്റെ യഥാര്‍ത്ഥ പഠിപ്പിക്കലുകളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് തങ്ങളാണ് എന്നാണ് ഇവര്‍ പറയുന്നത്. ( ബുദ്ധന്‍ എപ്പോഴാണ്, അഹിംസവെടിഞ്ഞ് ആയുധമെടുക്കാന്‍ പറഞ്ഞത് എന്നുമാത്രം, ആര്‍ക്കും അറിയില്ല)

സ്വന്തം പ്രയത്നത്തിലൂടെ സ്വയം വിമോചനം നേടുന്നതിനാണ് തേരവാദ ബുദ്ധമതം ഊന്നല്‍ നല്‍കുന്നത്. ധ്യാനവും ഏകാഗ്രതയും പ്രബുദ്ധതയിലേക്കുള്ള വഴിയുടെ സുപ്രധാന ഘടകങ്ങളാണ്. മുഴുവന്‍ സമയ സന്യാസ ജീവിതത്തിനായി സ്വയം സമര്‍പ്പിക്കുക എന്നതാണ് അനുയോജ്യമായ പാത.



എല്ലാത്തരം തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നല്ലതെല്ലാം ശേഖരിക്കാനും അവരുടെ മനസ്സിനെ ശുദ്ധീകരിക്കാനും ഇവര്‍ അനുയായികളെ പഠിപ്പിക്കുന്നു. ഒരു തേരാവാദ ബുദ്ധന്‍ സ്വയം രൂപാന്തരപ്പെടുന്ന പ്രധാന ഉപകരണങ്ങളിലൊന്നാണ് ധ്യാനം. അതിനാല്‍ ഒരു സന്യാസി ധ്യാനത്തില്‍ ധാരാളം സമയം ചെലവഴിക്കുന്നു. സന്യാസത്തിന് ഊന്നല്‍ ഉണ്ടായിരുന്നിട്ടും, തേരവാദ ബുദ്ധമതത്തില്‍ കൂടുതലും ഗൃഹസ്ഥാശ്രമികളായ സാധാരണക്കാരാണ്. അത്തരക്കാരാണ് മ്യാന്‍മാറിനെതിരെ ആയുധം എടുത്തത്. പക്ഷേ കൃത്യമായ മതപരമായ ഏകോപനം ഉള്ളതുകൊണ്ട്, അച്ചടക്കവും ഉത്സാഹവുമുള്ള പോരാളികളുടെ സംഘമായി ഇത് മാറി.

രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം!

എന്നും സംഘര്‍ഷഭരിതവും കലാപകലുഷിതവുമായിരുന്നു മ്യാന്‍മാറിന്റെ ചരിത്രവും. അവിടെ ബുദ്ധമതക്കാര്‍ എക്കാലവും രണ്ടാം തരം പൗരന്‍മ്മാര്‍ ആയിരുഞ്ഞു. ഇസ്ലാമിക തീവ്രവാദിസംഘടനകള്‍ പലതവണ അവരെ ടാര്‍ജറ്റ് ചെയ്തിട്ടുണ്ട്. റാഖൈന്‍ പ്രവിശ്യയിലെ ദാരിദ്ര്യവും ഒറ്റപ്പെടലും, ഭരണകൂടത്തിന്റെ അവഗണനയും കാരണം വലിയ ജനരോഷമുണ്ടായി. ഇതെല്ലാം സൈനിക നീക്കത്തിന് വളം വെച്ചു. അങ്ങനെ 2009-ലാണ് എഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അരാക്കന്‍ ആര്‍മി രൂപം കൊള്ളുന്നത്. തൊഴില്‍ തേടി ചൈനീസ് അതിര്‍ത്തി കടന്ന റാഖൈന്‍ ചെറുപ്പക്കാരായിരുന്നു സേനക്ക് തുക്കം കുറിച്ചത്. ചൈനയില്‍ നിന്ന് മ്യാന്‍മാറിലെ വിമത ഗ്രൂപ്പുകളില്‍ നിന്നുമായിരുന്നു അവര്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നത്. കാച്ചിന്‍ സ്റ്റേറ്റിലെ ജേഡ് ഖനികളില്‍ ജോലി ചെയ്യുന്ന റാഖൈന്‍ പുരുഷന്‍മാരായിരുന്നു അരാക്കന്‍ ആര്‍മിയിലെ ആദ്യ അംഗങ്ങള്‍. 2014 മുതല്‍ റാഖൈന്‍ സംസ്ഥാനം പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ച അരാക്കന്‍ ആര്‍മി, അതിന് മുമ്പ് മറ്റ് വിമത സേനയ്ക്കുമൊപ് മ്യാന്‍മര്‍ സൈന്യത്തോട് പോരാടിയിട്ടുണ്ട്. സ്വയംഭരണമാണ് അവരുടെ ലക്ഷ്യം.

ഏതാണ്ട് മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്ക്കാണ് അരാക്കന്‍ സേനയുടെ അംഗസംഖ്യ. മ്യാന്‍മാറും ചൈനയും തമ്മിലെ അതിര്‍ത്തിയിലെ വിമതസേനകളുമായി ബന്ധമുണ്ടായിരുന്നവരാണ് എ.എയ്ക്ക് നേതൃത്വം നല്‍കുന്നവരില്‍ പലരും. അതേ ബന്ധം തന്നെയാണ് അവര്‍ക്ക് ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കാന്‍ സഹായിച്ചിട്ടുള്ളത്. ഗറില്ലാ യുദ്ധതന്ത്രത്തിലും സമര്‍ത്ഥരാണ് അരാക്കനീസ് ഭടന്‍മാര്‍. ഭൂപ്രകൃതി നന്നായി ഉപയോഗപ്പെടുത്തുന്നതിനാല്‍ അവരെ കീഴ്‌പ്പെടുത്തുന്നത് സൈന്യത്തിന് എളുപ്പമല്ല. മ്യാന്‍മര്‍ പട്ടാളത്തിന്റെ വ്യോമാക്രമണങ്ങളെയും മെച്ചപ്പെട്ട ആയുധ സജ്ജീകരണങ്ങളെയും കടുത്ത പ്രഹരശേഷിയുള്ള പീരങ്കികളെയും മറികടന്നാണ് മൗംഗ്‌ഡോ പട്ടണം പിടിച്ചെടുത്തത്.

ഇപ്പോള്‍ തന്നെ റാഖൈന്‍ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ അധീനതയിലാണ്, അത് ഒരു പ്രത്യേകരാജ്യം പോലെ ഭരിക്കുകയുമാണ്. 2021-ല്‍ ജനകീയസര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചതിനെ തുടര്‍ന്ന് നടന്ന ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ അവരുടെ വളര്‍ച്ചക്ക് കരുത്തു പകര്‍ന്നു. തിരഞ്ഞെടുക്കപ്പെട്ട പുതിയ പാര്‍ലമെന്റ് ചാര്‍ജെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തിരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും ആരോപിച്ചുള്ള പട്ടാള അട്ടിമറി. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയ ഓംഗ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) നേതാക്കളൊക്കെ ജയിലിലായി. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധങ്ങള്‍ പടര്‍ന്നു, വ്യത്യസ്ത വംശീയ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവര്‍ ഒരുമിച്ച് തെരുവിലിറങ്ങി.




സൈനിക സര്‍ക്കാര്‍ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി. ആയിരക്കണക്കിന് പ്രതിഷേധക്കാരും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ ജയിലിലായി, ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. ദശകങ്ങളായി മ്യാന്‍മാര്‍ സൈന്യത്തിനെതിരെ പോരാടി വന്ന അരാക്കാന്‍ ആര്‍മി അടക്കമുള്ള വിമതസേനകള്‍ക്ക് ഇത് സുവര്‍ണാവസരമായി. അവ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമരം ചെയ്യുന്ന സംഘടനകളുമായി കൈകോര്‍ത്തു. ഇവരൊരുമിച്ച് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സസ് (പി.ഡി.എഫ്) എന്ന സഖ്യം ഉണ്ടാക്കി. യന്ത്രത്തോക്കുകളും വ്യോമാക്രമണങ്ങളുമായി സൈന്യം 'ശത്രുക്കളെ' നേരിട്ടതോടെ രാജ്യം സമ്പൂര്‍ണമായ ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മ്യാന്‍മാറിന്റെ പകുതിയിലധികം ഇന്ന് വിമതസേനകളുടെ നിയന്ത്രണത്തിലാണ്.

റോഹീങ്ക്യകളുടെ അന്തകര്‍?

അരാക്കന്‍ സൈന്യം റോഹിംങ്ക്യന്‍ മുസ്ലിങ്ങളുമായി കടുത്ത ശത്രുത നിലനില്‍കകയാണ്. എന്നാല്‍ തങ്ങള്‍ക്ക് റോഹീങ്ക്യകളോട് പ്രശ്നമമൊന്നുംമില്ലെന്നും ആക്രമണത്തിന് തിരിച്ചടിയാണ് നടത്തിയത് എന്നുമാണ് ഇപ്പോള്‍ അരാക്കാന്‍ ആര്‍മി നേതൃത്വം പറയുന്നത്. എന്നാല്‍ ഇവര്‍ റോഹീങ്ക്യകളെ ക്രൂരമായി ആക്രമിച്ച് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് വകുപ്പില്ലെങ്കിലും റോഹീങ്ക്യകളുടെ കൈയിലും, കൃത്യമായി ആയുധങ്ങള്‍ എത്തുന്നുണ്ട്. ഇത് വരുന്നതും പാക്കിസ്ഥാനില്‍നിന്നും, ബംഗ്ലാദേശില്‍നിന്നുമാണ്. ഇതുംവെച്ച് റോഹീങ്ക്യന്‍ തീവ്രവാദികള്‍ ഹിന്ദുക്കളെയും ബുദ്ധരെയും ആക്രമിച്ചപ്പോഴാണ്, തങ്ങളും അതേ നാണയത്തില്‍ തിരിച്ചടിച്ചത് എന്നാണ്, അരാക്കാന്‍ ആര്‍മിയുടെ വക്താക്കള്‍ പറയുന്നത്.

പട്ടാളത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടക്കൊലകളെയും അക്രമത്തെയും തുടര്‍ന്ന് 2017-ഓടെ റാഖൈനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ജീവനും കൊണ്ടോടിയത് ആറു ലക്ഷത്തോളം റോഹിങ്ക്യകളാണ്. റാഖൈന്‍ സംസ്ഥാനത്ത് ഇനിയും ഏഴു ലക്ഷത്തോളം പേര്‍ അവശേഷിക്കുന്നുണ്ട്. തങ്ങള്‍ റോഹിങ്ക്യകള്‍ക്ക് എതിരല്ലെന്നും ,നാട്ടിലെ എല്ലാവര്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്നും എ.എ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് റോഹീങ്ക്യാകളെ അരാക്കാന്‍ ആര്‍മി പുറത്താക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ അരാക്കാന്‍ സേനയ്‌ക്കെതിരേ സൈനികനീക്കം നടക്കുമ്പോള്‍ റോഹീങ്ക്യകള്‍ മ്യാന്‍മേര്‍ സേനക്കൊപ്പമാണ് നിന്നത്.




റോഹീങ്ക്യകളോട്, തങ്ങളുടെ മനോഭാവം സൂചിപ്പിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം അരാക്കാന്‍ സേന പുറത്തുവിട്ടത്. മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജിഹാദി സംഘങ്ങള്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ ക്രൂരതകള്‍ അഴിച്ചു വിടുന്നതായി സേന ആരോപിച്ചു. അതിര്‍ത്തിയിലെ റോഹീങ്ക്യന്‍ സംഘടനകള്‍ നിരവധിയായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും കാരണക്കാരാണെന്നും ഇവയില്‍ ചിലതിന് ജമാഅത്തെ ഇസ്ലാമിയും അല്‍ഖ്വയിദയുമായി ബന്ധമുണ്ടെന്നും അമുസ്ലിങ്ങളെ ആക്രമിക്കാന്‍ മൗംഗ്‌ഡോ പട്ടണത്തിലെ മുസ്ലിങ്ങളെ ഇളക്കിവിടുന്നതായും അവര്‍ ആരോപിച്ചു.

മ്യാന്‍മറിലെ സൈനിക ജുണ്ടയും ഈ ജിഹാദി ഗ്രൂപ്പുകളില്‍ ചിലരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും അരാക്കാന്‍സ് അവകാശപ്പെടുന്നു.

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഏകദേശം 11 തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അതില്‍ റോഹിങ്ക്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ (ആര്‍എസ്ഒ), അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്ഇ), അരാകന്‍ റോഹിങ്ക്യ ആര്‍മി (എആര്‍എ) എന്നിവയുണ്ട്. അവരുടെ അതിക്രമങ്ങള്‍ കാരണം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കൊാലപാതകങ്ങള്‍, ബലത്സംഗങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ ഇവ ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ നടക്കുന്നവെന്ന് അരാക്കന്‍ സൈന്യം പറയുന്നു.

അല്‍ഖ്വയ്ദയുമായും ജമാഅത്തെ ഇസ്ലാമിയുമായും റോഹിങ്ക്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന എര്‍എസ്ഒയ്ക്ക് പങ്കാളിത്തമുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഗ്ലോബല്‍ അരാക്കന്‍ നെറ്റ്വര്‍ക്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്, ഇസ്ലാമിസ്റ്റുകള്‍ മൗംഗ്‌ഡോയിലെ മുസ്ലിം ജനസംഖ്യയെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ്. ബുദ്ധരും ഹിന്ദുക്കളും ഉള്‍പ്പെടുന്ന അമുസ്ലിം ജനസംഖ്യയുമായി പോരാടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

റാഡിക്കല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ നിന്ന് ആറ് വയസ്സ് വരെ പ്രായമുള്ള അനാഥരായ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുമ്ട്. ന്നിട്ട് കൗമാരക്കാരാകുമ്പോള്‍ പോരാടാന്‍ അവരെ പരിശീലിപ്പിക്കുന്നു.

തങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ഈ ഗ്രൂപ്പുകളെ ബംഗ്ലാദേശ് സഹായിക്കുന്നു എന്ന് അരാക്കന്‍ സൈന്യം ആരോപിക്കുന്നു. ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ഇനിയും പറയാന്‍ ആവുന്നില്ല.

കുറുക്കന്‍ തന്ത്രവുമായി ചൈന

ഈ പ്രശ്നം ഇത്രയേറെ പെരുപ്പിച്ചതിന് പിന്നില്‍ ചൈനയാണെന്നും വിമര്‍ശനമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏതൊരു പ്രശ്നം എടുത്താലും അതിനുപിന്നില്‍ കമ്യൂണിസ്റ്റ് ചീനയുടെ കരങ്ങള്‍ കാണാം. കാരെന്‍, ഷാന്‍, തുടങ്ങിയ നേരത്തെയുള്ള വിമതവിഭാഗങ്ങള്‍ക്കും വന്ന ആയുധം മെയ്ഡ് ഇന്‍ ചൈനയായിരുന്നു. ഇത്തരം വിമതര്‍ക്ക് രാഷ്ട്രീയ അഭയവും ചൈന നല്‍കി.

ചൈനക്ക് കോടികളുടെ നിക്ഷേപമുള്ള രാജ്യമാണ് മ്യാന്‍മാര്‍. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയടക്കമുള്ള ഒരുപാട് പദ്ധതികള്‍ ചൈനീസ് നേതൃത്വത്തില്‍ നടക്കുന്നുണ്ട്. റാഖൈന്‍ പ്രദേശത്തെ തുറമുഖങ്ങളിലും അവര്‍ക്ക് കണ്ണുണ്ട്. നേരത്തെ കടംകൊടുത്ത് കൊടുത്ത് ശ്രീലങ്കയിലെ ഹബ്ബന്‍തോട്ട എന്ന തുറമുഖം ചൈന അടിച്ചുമാറ്റിയിരുന്നു. അതുപോലെ, തങ്ങളിലുള്ള മ്യന്‍മാറിന്റെ ആശ്രിതത്വം വര്‍ധിപ്പിച്ച്, സമ്പത്ത് അടിച്ചുമാറ്റാനുള്ള കുറുക്കന്‍ ബുദ്ധിയാണ് ചൈനയുടേത് എന്നാണ് വിമര്‍ശനം.

2009-ല്‍ അരാക്കന്‍ സൈന്യം ഉണ്ടാക്കിയവര്‍ ചൈനയില്‍ തൊഴിലുപോയി മടങ്ങിയെത്തിയവര്‍ ആണ്. അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് രാഷ്ട്രീയ സംരക്ഷണവും ആയുധവും കിട്ടുമെന്നതായിരുന്നു അവരുടെ ധൈര്യം. എന്നിട്ട് ഒന്നുമറിയാത്തുപോലെ ചൈന നില്‍ക്കുകയും ചെയ്യും. ഒരേ സമയം മ്യാന്‍മാര്‍ ഭരണകൂടത്തിറെയും വിമതരുടെയും ആളുകളായി അവര്‍ ഡബിള്‍ ഗെയം കളിക്കായാണ്.

ഇപ്പോഴും മുട്ടനാടിനെ അടിപ്പിച്ച് ചോരകുടിപ്പിക്കുന്ന അതേനയം ചൈന തുടരുകയാണ്. ഇപ്പോള്‍, മ്യാന്‍മറില്‍ സമാധാനപ്രക്രിയക്ക് മുന്‍കൈയെടുക്കുമെന്നാണ് ചൈന പറയുന്നത്. ചൈനീസ് ബോര്‍ഡറിലുള്ള കാരൈന്‍, ഷാന്‍ വംശീയസേനകള്‍ വെടിനിര്‍ത്തലിന് ഏറെക്കുറെ സമ്മതിച്ചുകഴിഞ്ഞു. പക്ഷേ അരാക്കന്‍സ് വഴങ്ങുന്നില്ല.


അതിനേക്കാള്‍ വിചിത്രം ഇപ്പോള്‍ ചൈന അടിക്കുന്ന പ്രൊപ്പഗന്‍ഡയാണ്. അരാക്കന്‍ ആര്‍മിക്ക് പിന്നില്‍ ഇന്ത്യയാണെന്ന്, ചൈനീസ്- ബംഗ്ലാദേശ് അനുകൂല മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്ത്യ ഇത് ശക്തമായി നിഷേധിക്കയാണ്. ഒരു രാജ്യത്തിന്റെയും ആഭ്യന്തര പ്രശ്നങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി വൈകാതെ ചൈന സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ലെ ഗാല്‍വന്‍ ഏറ്റുമുട്ടലിനുശേഷം മേഖലയില്‍ സമാധാനമുണ്ട്. അതിനുശേഷം ഇത് ആദ്യമാണ ഡോവല്‍ ചൈനയുടെ വിദേശമന്ത്രി വാങ് യീയെ കാണുന്നത്. ചൈനീസ് അതിര്‍ത്തി മാത്രമല്ല, ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയും ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്.

ലക്ഷ്യം ചിറ്റഗോങ്ങിന്റെ മോചനം?

അതിനിടെ അരാക്കന്‍ ആര്‍മി ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നും, അവിടം 71-ലെ വിമോചനക്കാലത്ത് കണ്ടപോലുള്ള രക്തരൂക്ഷിതമായ മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷെയ്ഖ് സഹീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാറിന്റെ പതനത്തിനുശേഷം, ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും, സിഖുകാരും, ക്രിസ്ത്യാനികളും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടത് ഈ പ്രദേശത്താണ്. നിലവില്‍ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഈ രാഷ്ട്രീയ സ്ഥിരത മുതലെടുത്ത് ഒരു സൈനിക നീക്കത്തിന് അരാക്കന്‍സ് തയ്യാറാവുമോ എന്നാനണ് അറിയേണ്ടത്. ചിറ്റഗോങിലെ പീഡിത ന്യുനപക്ഷങ്ങളാവട്ടെ അരാക്കന്‍സിലെ രക്ഷകരായിട്ടാണ് കാണുന്നത്. പക്ഷേ സുശക്തമായ ബംഗ്ലാദേശ് സേനയോട് മുട്ടിനില്‍ക്കാനുള്ള കഴിവൊന്നും ഇവര്‍ക്കില്ലെന്നും വിലയിരുത്തലുണ്ട്.

പക്ഷേ ഇന്ത്യ അതിനേക്കാള്‍ ഭയക്കേണ്ട മറ്റൊരുകാര്യമുണ്ടെന്നാണ്, എന്‍ഡിടിവി ചൂണ്ടിക്കാട്ടുന്നത്. അതാണ് ഡ്രഗ്സ് വാര്‍. ലോകത്ത് വലിയ തോതില്‍ കറുപ്പിന്റെ ഉല്‍പ്പാദനം നടക്കുന്ന ഗോള്‍ഡന്‍ ട്രായംഗിള്‍ എന്ന് അറിയപ്പെടുന്ന പ്രദേശമാണ് കലുഷിതമാവുന്നത്. മ്യാന്‍മ്മാറിലെയും ബംഗ്ലാദേശിലെയും മിക്ക വിമതസേനകളും, ഡ്രഗ് ഡീലില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. അങ്ങനെ കിട്ടുന്ന പണമാണ്, ആധുനിക ആയുധമായി മാറുന്നത് എന്നാണ് പറയുന്നത്. ഇതില്‍ ഇവര്‍ ലക്ഷ്യമിടുന്ന മയക്കുമരുന്നിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. അതിര്‍ത്തി കടത്തി ഇന്ത്യയില്‍ ഡ്രഗ്സ് എത്തിക്കുന്ന സംഘങ്ങളുമായി തീവ്രവാദ ഗ്രൂപ്പുകള്‍ ധാരണയുണ്ടാക്കിയാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെതന്നെ ബാധിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കൈയും കെട്ടിനോക്കിനില്‍ക്കാവുന്ന വിഷയമല്ല ഇത്. ഇപ്പോള്‍, ഇന്ത്യാവിരുദ്ധ വികാരം മുതലെടുത്ത് ബംഗ്ലാദേശ്, പാക്കിസ്ഥാനുമായും ചൈനയുമായും കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്ന സമയമാണ്. മാത്രമല്ല, അരാക്കന്‍സ് ആര്‍മിയും ബംഗ്ലാ ആര്‍മിയും തമ്മില്‍ നേരിട്ട് ഒരു യുദ്ധമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാവുക, ഇന്ത്യയിലേക്ക് തന്നെയാണ്. ഒരുകോടിയിലേറെയുള്ള ബംഗ്ലാദേശ് ഹിന്ദുക്കളുടെ കാര്യവും ഇതോടെ കട്ടപ്പൊകയാവും.



പക്ഷേ ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ത്യന്‍ ടെക്സ്റ്റെല്‍ വിപണിക്ക് ഗുണം ചെയ്തിട്ടുണ്ട്. വിദേശ കമ്പനികള്‍ പലതും ബംഗ്ലാദേശിനെ വിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നുണ്ട്. മതമൗലികവാദികള്‍ക്ക് മേധാവിത്വം ലഭിക്കുന്ന രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നത് ബുദ്ധിയല്ലെന്ന തോന്നല്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കുണ്ട്. ംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ സിംഹഭാഗവും വന്നിരുന്നത് ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ നിന്നായിരുന്നു. ഈ വരുമാനവും തൊഴിലവസരങ്ങളും വന്‍തോതില്‍ കുറയുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അയല്‍ രാജ്യത്തെ അസ്വസ്ഥതകള്‍ ഇന്ത്യയ്ക്ക് പ്രശ്‌നമാണെങ്കിലും ടെക്‌സ്റ്റൈല്‍ വ്യവസായത്തെ ഇന്ത്യയിലേക്ക് പറിച്ചുകൊണ്ടുവരാന്‍, ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്താനാകും. തിരുപ്പൂരിലെയും സൂറത്തിലെയും ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഈ വര്‍ഷം റിക്കാര്‍ഡ് ഓര്‍ഡറാണ് ലഭിക്കുന്നത്. പുതുവല്‍സരത്തെ ഓര്‍ഡറുകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുപ്പൂരിലെ മില്ലുകാര്‍.

ഈ വസ്തുത മുന്‍നിര്‍ത്തിയാണ്, ഇസ്ലാമിക മതമൗലികവാദികളും ചൈനീസ് പ്രോപ്പഗന്‍ഡാ മെഷിനറികളും, ബംഗ്ലാദേശ് തകര്‍ന്നാല്‍ ഗുണം ഇന്ത്യക്കാണെന്നും അതുകൊണ്ടുതന്നെ അരാക്കന്‍ സേനക്ക് പിന്നില്‍ ഇന്ത്യയാണെന്നും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈനികള്‍ ജീവന്‍ കൊടുത്ത് ഉണ്ടായ രാജ്യമാണ് ബംഗ്ലാദേശ് എന്നും, ഈ അവസരത്തിലും അമ്പതിനായിരം ടണ്‍ അരിയാണ്, ഇന്ത്യ ബംഗ്ലാദേശിന് കൊടുത്തതെന്നും ഇവര്‍ മനസ്സിലാക്കുന്നില്ല.

വാല്‍ക്കഷ്ണം: ഒരുപാട് ചോര ഒഴുകിയ മണ്ണാണ്, ബംഗ്ലാദേശും മ്യാന്‍മാറും. ഇനിയും ഒരു യുദ്ധം ഉണ്ടായാല്‍, ഈ മേഖലയുടെ സ്ഥിതിയെന്താവും. ഒരുകാലത്തും രക്ഷപ്പെടാത്ത ഭാഗ്യം കെട്ട ജനതയെ കാണേണ്ടവര്‍ ഈ രാജ്യങ്ങളാണ് സന്ദര്‍ശിക്കേണ്ടത്.