- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ ആരാണ്? അതിന് ഉത്തരം തെലുങ്കിലെ സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയെന്നായിരിക്കും. രജീനീകാന്തും ചിരഞ്ജീവിയും ഒന്നും ഇദ്ദേഹത്തിന് മുന്നിൽ ഒന്നുമല്ല. സിനിമയിൽ 500 പേർ വന്നാലും ആരാധകരുടെ ബാലയ്യയുടെ നായകൻ അടിച്ച് പപ്പടമാക്കും. പാഞ്ഞുവരുന്ന ട്രെയിനെ ചൂണ്ടുവിരലിൽ തിരിച്ചോടിക്കും, പറക്കുന്ന വിമാനം വരെ കൈയുയർത്തി പിടിച്ചു നിർത്തും, എങ്ങനെയൊക്കെ വില്ലൻ വെടിവച്ചാലും മരിക്കാത്ത ലോകമഹാത്ഭുദം....അങ്ങനെ പോകുന്ന ബാലയ്യക്കു നേരെയുള്ള ട്രോളുകൾ.
ഈ ട്രോളുകളൊക്കെ കേരളത്തിലേ ഉള്ളൂ. തെലുങ്കിൽ ഒറ്റപ്പടത്തിന് 25 കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂപ്പർ നായകനാണ്, ബാലയ്യ. പ്രായം 63 കഴിഞ്ഞിട്ടും നൃത്തം, സംഗീതം, മാസ്, ക്ലാസ് ആക്ഷൻ അങ്ങനെ ഒരു സൂപ്പർമാനായി തെലുങ്ക് സിനിമയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി നിറഞ്ഞ് നിൽക്കുന്നു. തെലുങ്ക് സിനിമാപ്രേമികൾക്ക് അദ്ദേഹം എൻബികെയാണ്.തൊടുന്നതെല്ലാം വിവാദമായാലും ബാലയ്യക്ക് കുലുക്കമില്ല. ( ഈയിടെ മമ്മൂട്ടിയുടെ ടർബോയിലെ കത്തി സംഘട്ടനങ്ങൾക്കെതിരെ വന്ന ട്രോളുകൾ ബാലയ്യ തോറ്റുപോകും എന്നായിരുന്നു!)
സോഷ്യൽമീഡിയയും ട്രോളുകളും സജീവമായ ശേഷമാണ് നന്ദമൂരി ബാലകൃഷ്ണ മലയാളികൾക്ക് സുപരിചിതനായത്. എപ്പോഴും വിവാദനായകനാണ് അദ്ദേഹം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഫോൺ വലിച്ചെറിയുക, ദേഷ്യപ്പെടുക, വിവാദപരമായ പ്രസ്താവനകൾ നടത്തുക എന്നിവ ചെയ്താണ് ബാലയ്യയുടെ സ്റ്റെൽ. തെലുങ്ക് സൂപ്പർ സ്റ്റാറും പിന്നീട് മുഖ്യമന്ത്രിയുമായ, എൻ ടി രാമറാവുവിന്റെ മകൻ, പിതാവിന്റെ പേര് നശിപ്പിക്കയാണെന്ന് നിരന്തരം ആരോപണം വന്നിട്ടും അയാൾ ശൈലി മാറ്റിയില്ല. തെലുങ്കുദേശം പാർട്ടിയുടെ എംഎൽഎ കൂടിയായ അദ്ദേഹം പലപ്പോഴും ആ പാർട്ടിയെക്കൂടി വിവാദ പ്രസ്തവനകളിലൂടെ വെട്ടിലാക്കി.
ഏറ്റവും ഒടുവിലായി ഒരു പൊതുപരിപാടിയിൽ സ്റ്റേജിൽ ഉണ്ടായിരുന്ന നടി അഞ്ജലിയെ തള്ളി മാറ്റുന്ന ബാലയ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.സഹപ്രവർത്തകരോട് മോശമായി പെരുമാറുന്ന ബാലയ്യയുടെ വീഡിയോക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ആദ്യമായിട്ടല്ല ബാലകൃഷണ ഇത്തരത്തിൽ വിവാദത്തിൽ പെടുന്നത്. അയാളുടെ ജീവിതം തന്നെ വിവാദ പർവമാണ്. സൈക്കോ സൂപ്പർസ്റ്റാർ എന്ന് എതിരാളികൾ വിളിക്കുന്നത് അന്വർത്ഥമാക്കുകയാണ് അയാളുടെ ജീവിതം.
വായിൽ സ്വർണ്ണക്കരണ്ടിയുമായി
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന് നാം ചിലരെ പറയാറുണ്ട്. എന്നാൽ നമ്മുടെ ബാലയ്യ ജനിച്ചത് വായിൽ സ്വർണ്ണക്കരണ്ടിയുമായിട്ടാണ്. 1960 ജൂൺ 10നാണ്, ഇതിഹാസ നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ടി. രാമറാവുവിന്റെയും, ബസവതാരകത്തിന്റെയും ആറാമത്തെ മകനായി ബാലകൃഷ്ണ ജനിക്കുന്നത്. അക്കാലത്ത് തെലുങ്ക് സിനിമാ വ്യവസായം മദ്രാസിലായിരുന്നു എന്നതിനാൽ, കുട്ടിക്കാലം അവിടെയായിരുന്നു. കൗമാരത്തിൽ, തെലുങ്ക് സിനിമാ വ്യവസായം നാട്ടിലേക്ക് മാറിയതോടെ അദ്ദേഹം ഹൈദരാബാദിലെത്തി. നിസാം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി.
സ്വാഭാവികമായും ബാലകൃഷ്ണയും പിതാവിനെപ്പോലെ അഭിനയമേഖലയിൽ ചെറുപ്പത്തിലേ എത്തി. 1974-ൽ റിലീസായ, തത്തമ്മ കാല എന്ന ചിത്രത്തിലൂടെ 14-ാം വയസ്സിലാണ് അദ്ദേഹം വെള്ളിത്തിരക്കായി ചായം പൂശിയത്. വളരെ പെട്ടന്ന് ഒരു നർത്തകൻ എന്ന നിലയിലും ആക്ഷൻ ഹീറോ എന്ന നിലയിലും ബാലകൃഷ്ണ ശ്രദ്ധിക്കപ്പെട്ടു. സാഹസമേ ജീവിതം (1984), ജനനി ജന്മഭൂമി (1984), മംഗമ്മഗരി മാനവഡു (1984), അപൂർവ സഹോദരുലു (1986), മുവ്വ ഗോപാലുഡു (1987), മുദ്ദുല മാവയ്യ (1989) തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം വാണിജ്യ വിജയം നേടി. നടുമ മുരാരി (1990), ലോറി ഡ്രൈവർ (1990), ആദിത്യ 369 (1991), റൗഡി ഇൻസ്പെക്ടർ (1992), ബംഗാരു ബുള്ളോട് (1993), ഭൈരവ ദ്വീപം (1994), പെദ്ദന്നയ്യ (1997), സമരസിംഹ നായിഡു (1999), നരസിംഹ നായിഡു ( 1999), 2001), ലക്ഷ്മി നരസിംഹ (2004), സിംഹ (2010), ലെജൻഡ് (2014), അഖണ്ഡ (2021), ഭഗവന്ത് കേസരി (2023) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. ദാന വീര ശൂര കർണയിലെ അഭിമന്യു ( 1977), അക്‌ബർ സലിം അനാർക്കലിയിലെ ജഹാംഗീർ ( 1979), ശീ തിരുപ്പതി വെങ്കിടേശ്വര കല്യാണത്തിലെ നാരദൻ ( 1979), ശ്രീമദ്വിരാട് വീരബ്രഹ്മേന്ദ്ര സ്വാമി ചരിത്രത്തിലെ സിദ്ധ (1984), ശീരാമരാജ്യത്തിലെ ( 2011 ) ശ്രീരാമനുമൊക്കെയായി പിതാവിനെപ്പോലെ പുരാണ വേഷങ്ങളും അദ്ദേഹം ധാരളമായി ചെയ്തു.
തന്റെ നൂറാമത്തെ സിനിമയിൽ, ഇതിഹാസ യുദ്ധചിത്രമായ ഗൗതമിപുത്ര ശതകർണിയിൽ (2017) രണ്ടാം നൂറ്റാണ്ടിലെ ശതവാഹന രാജവംശത്തിന്റെ ഭരണാധികാരിയായ ഗൗതമിപുത്ര ശതകർണിയായി അദ്ദേഹം അഭിനയിച്ചു. ഈ വേഷം ഒരു നടൻ എന്ന നിലയിൽ എറെ പ്രകീർത്തിക്കപ്പെട്ടു. നരസിംഹ നായിഡു (2001), സിംഹ (2010), ലെജൻഡ് (2014) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ബാലകൃഷ്ണയ്ക്ക് മികച്ച നടനുള്ള മൂന്ന് സംസ്ഥാന നന്തി അവാർഡുകൾ ലഭിച്ചു. 1982ൽ 22-ാം വയസ്സിൽ ബാലകൃഷ്ണ വസുന്ധര ദേവിയെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ട്.
പിതാവിന്റെ അതേ പാത പിന്തുടർന്ന് അദ്ദേഹ രാഷ്ട്രീയത്തിലും അരക്കെ നോക്കി. നിലവിൽ അദ്ദേഹം ടിഡിപിയുടെ എംഎൽഎയാണ്. 2014 മുതൽ ഹിന്ദുപുരം നിയോജക മണ്ഡലത്തിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ നിരന്തരമായി വിവാദത്തിൽപെടുന്നതുകൊണ്ട് ബാലയ്യ ഇപ്പോൾ പാർട്ടിക്കും ഭാരമായിരിക്കയാണ്. ടിഡിപി ചെയർമാനും അളിയനുമായ ചന്ദ്രബാബു നായിഡുവിനോട് അദ്ദേഹത്തിന് അത്ര നല്ല ബന്ധമല്ലെന്നും വാർത്തകൾ പുറത്തുവന്നു. ഒന്നാമത് ആരെയും കൂസാത്ത ധിക്കാരിയാണ് ബാലകൃഷ്ണ. നായിഡുവിന് മുന്നിൽ ഓഛാനിച്ച് നിൽക്കുന്ന തെലുങ്ക് ശൈലിയൊന്നും അദ്ദേഹത്തിന് പിടിക്കില്ല.
നിർമ്മാതാവിന് നേരെ വെടിവെപ്പ്
അഭിനയിച്ചത് ഭൂരിഭാഗവും കത്തി സിനിമകൾ ആണെങ്കിലും ഇന്നും തെലുങ്കിൽ പൊന്നും വിലയുള്ള താരമാണ് ബാലയ്യ. നൂറുകോടി ക്ലബിൽ കയറിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി ഉണ്ട്. ഈ പ്രായത്തിലും ഒരു സിനിമക്ക് 25 കോടിയാണ് അയാൾ വാങ്ങുന്നത്.
ദേഷ്യംവന്നാൽ ആരെയാണ് എന്താണ് ചെയ്യുക എന്ന ഒരു ബോധവും ബാലകൃഷ്ണക്കില്ല. അദ്ദേഹത്തെ ഏറ്റവും വിവാദനായകനാക്കിയ സംഭവമാണ് 2004-ലെ വെടിവെപ്പ്. ഹൈദരാബാദിൽ തന്റെ വസതിയിൽ എത്തിയ നിർമ്മാതാവ് ബെല്ലംകൊണ്ട സുരേഷിനെയും അസിസ്റ്റന്റ് ആയ സത്യനാരായണ ചൗധരിയെയും, തന്റെ ഭാര്യ വസുന്ധരാ ദേവിയുടെ പേരിലുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. ഇവർ തന്നെ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിച്ചെന്നും ഇതിൽ നിന്ന് രക്ഷനേടാനാണ് വെടിവെച്ചതെന്നുമായിരുന്നു ബാലകൃഷ്ണയുടെ വിശദീകരണം.
കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ബാലകൃഷ്ണ തനിക്ക് നേരെ വെടിയുതിർത്തതെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ബെല്ലംകൊണ്ട സുരേഷ് പിന്നീട് , ആരാണ് തനിക്ക് നേരെ വെടിവെച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. അതേസമയം താൻ ബാലയ്യയുടെ കടുത്ത ആരാധകൻ ആണെന്നും ഒരിക്കലും അദ്ദേഹത്തെ കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. കേസിൽ ആദ്യം ബാലകൃഷ്ണയെ അറസ്റ്റ് ചെയ്യുകയും പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്‌തെങ്കിലും പിന്നീട് തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് വെറുതെ വിട്ടു. ഈ കേസ് ലക്ഷങ്ങൾ കൊടുത്ത് കോപ്രമൈസ് ആവുകയായിരുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. ചർച്ചക്കിടെ മറ്റ് താരങ്ങളുടെ പ്രതിഫലം പറഞ്ഞതാണത്രേ പ്രകോപനം.
സെറ്റിൽവെച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്ന നടനാണ് ബാലകൃഷ്ണ. ഒരിക്കൽ ഫാൻ തിരിഞ്ഞുപോയപ്പോൾ, കാറ്റേറ്റ് ബാലകൃഷ്ണയുടെ വിഗ്ഗ് പുറത്തുകണ്ടു. ഇത് കണ്ട് ചിരിച്ചുപോയ സംവിധാന സഹായിയെ നേരെ തല്ലാൻ എണീക്കയാണ് ബാലകൃഷ്ണ ചെയ്തത്. അന്നൊന്നും മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് അയാൾ പിടിച്ചു നിന്നു. പക്ഷേ ഇപ്പോൾ എന്ത് ചെയ്താലും അത് നവമാധ്യമങ്ങളിൽ വരും. ബാലയ്യ കുടുങ്ങാറുള്ളത് അങ്ങനെയാണ്.
ഷൂ തുടയ്ക്കാൻ സഹായിക്ക് മർദനം
തെലുങ്ക് സിനിമകളിലൊക്കെ കാണുന്ന തനി മാടമ്പിമാരെപ്പോലെയാണ്, പലപ്പോഴും ബാലകൃഷ്ണയുടെ ചില പ്രകടനം. 2018- ൽ ബാലകൃഷ്ണയുടെ ഹിറ്റ് സിനിമകളിൽ ഒന്നായ ജയസിംഹയുടെ സെറ്റിൽ തന്റെ സഹായിയോട് ചൂടാവുകയും ഷൂ തുടപ്പിക്കുകയും ചെയ്തത് വിവാദമായി. ഷൂ വൃത്തിയാക്കുന്നതിനിടെ സഹായിയുടെ തലയിൽ അടിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പക്ഷേ ഷൂട്ടിങ്ങ് വൈകാതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് പിന്നീട് ബാലകൃഷ്ണ പറഞ്ഞത്. സമയത്തിന് സഹായിക്കേണ്ട വ്യക്തിയെ ആ സമയത്ത് കാണാതായതാണ് തന്റെ കൺട്രാൾ നഷ്ടമാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കേസിൽ അടിയേറ്റ സഹായി പരാതിയുമായി പോയാൽ നടൻ കുടുങ്ങുമായിരുന്നു. പക്ഷേ അയാൾ അതിന് ശ്രമിച്ചില്ല.
തന്റെ ആരാധകരെ പരസ്യമായി അടിച്ച ഒന്നിലധികം സംഭവങ്ങളാണ് ബാലകൃഷ്ണയുടെ പേരിൽ ഉള്ളത്. 2017 ൽ സെൽഫിയെടുക്കുന്നതിനിടെ വീഴാൻ പോയ ആരാധകനെ ബാലകൃഷ്ണ മുഖത്ത് അടിച്ചിരുന്നു. അതേവർഷം തന്നെ സെൽഫി എടുക്കാൻ വന്ന ആരാധകന്റെ ഫോൺ എറിഞ്ഞുടക്കുകയും മറ്റൊരു ആരാധകനെ പരസ്യമായി തെറി വിളിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ആരാധകനും ബാലയ്യക്കെതിരെ പരാതി കൊടുത്തിട്ടില്ല. മാത്രമല്ല, അവർ സ്വയം കുറ്റമേൽക്കുകയുമാണ് ഉണ്ടായത്.
നഴ്‌സുമാരെക്കുറിച്ച് നടൻ പറഞ്ഞ അശ്ലീല പരാമർശവും നേരത്തെ വിവാദമായിരുന്നു. 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന പരിപാടിയിലായിരുന്നു നടൻ വിവാദ പരാമർശം നടത്തിയത്. ഒരിക്കൽ തനിക്ക് ഒരു അപകടം പറ്റി ആശുപത്രിയിൽ കിടക്കന്ന വേളയിൽ തന്നെ പരിചരിക്കാൻ വന്ന നഴ്‌സിനേക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ അശ്ലീല പരാമർശം. എപ്പിസോഡ് റിലീസായതിന് പിന്നാലെ നഴ്‌സുമാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്നാണ് ബാലയ്യ മാപ്പ് പറഞ്ഞത്. കൈവിട്ട ആയുധം, വാവിട്ട വാക്ക് എന്ന പ്രയോഗം അന്വർത്ഥമാവുന്നത് ബാലകൃഷണയിലൂടെയാണ്.
സ്ത്രീലമ്പടനെന്നും ആക്ഷേപണം
മീടു ആരോപണങ്ങളിലൊന്നും ഇതുവരെ പെട്ടിട്ടില്ലെങ്കിലും സ്ത്രീലമ്പടനാണ് എന്ന ആക്ഷേപം, ബാലകൃഷ്ണക്കെതിരെ ആദ്യകാലത്ത് ഉണ്ടായിരുന്നു. ബാലകൃഷ്ണയുടെ അടുത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത ഈ രണ്ട് തെലുങ്ക് ചിത്രങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നെന്നായിരുന്നു രാധിക പറഞ്ഞത്.
ചിത്രീകരണത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും രാധിക പറഞ്ഞിരുന്നു.തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം അരികിലേക്ക് വന്ന നടൻ തന്റെ കാലിൽ തടവാൻ തുടങ്ങിയെന്നും എന്നാൽ താൻ എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ വെച്ച് നടനെ തട്ടിമാറ്റിയെന്നും രാധിക ഒരഭിമുഖത്തിൽ പറഞ്ഞത്. ഇത് ആരാണെന്ന് പറഞ്ഞില്ലെങ്കിലും രാധിക അഭിനയിച്ച സിനിമകളുടെ ഹിസ്റ്ററിവെച്ച അത് ബാലയ്യയാണെന്ന് എല്ലാവർക്കും മനസ്സിലായി. രജനീകാന്തിന്റെ സിനിമകളിൽനിന്നൊന്നും തനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നില്ലെന്നും അവർ പ്രതികരിക്കുന്നു. ഇതോടെ ബാലകൃഷ്ണയുടെ രാഷ്ട്രീയ എതിരാളികളും ഇത് നന്നായി പ്രചരിപ്പിച്ചു. എന്നാൽ അതൊക്കെ തന്റെ വെറും തമാശകൾ മാത്രമാണെന്നാണ്, ഒരിക്കൽ താരം പ്രതികരിച്ചത്.
സീനിയർ താരമായ നിർമലയും താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ തന്റെ റൂമിന്റെ വാതിലിന് ബാലകൃഷ്ണ തട്ടിയ സംഭവമായിരുന്നു അവർ പറഞ്ഞത്. 2001-ൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 'ഒരു വലിയ താരം' തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നും, താനിതിന് വഴങ്ങാത്തതിന് സിനിമയുടെ ഫൈറ്റ് മാസ്റ്റർ തന്നെ അപമാനിച്ചുവെന്നും നടി വിചിത്രയും ആരോപിച്ചിരുന്നു. ഇത് ബാലകൃഷ്ണയാണെന്നാണ് സോഷ്യൽ മീഡിയ ആരോപിച്ചത്.
സ്ത്രീകൾക്കെതിരെയും തന്റെ സഹപ്രവർത്തകരായ നടിമാർക്കെതിരെയും മോശം കമന്റുകൾ ബാലകൃഷ്ണ നടത്തിയതായി നിരവധി തവണ ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരു സിനിമയുടെ ലോഞ്ചിങ് ചടങ്ങിനിടെ നടത്തിയ അശ്ലീല പരാമർശമായിരുന്നു ഇതിൽ ഏറ്റവും വിവാദമായത്. 2016 ലായിരുന്നു സംഭവം. താൻ സ്‌ക്രീനിൽ സ്ത്രീകളെ വശീകരിച്ചാൽ തന്റെ ആരാധകർക്ക് സന്തോഷമാവില്ലെന്നും താൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. 'ഞാൻ പെൺകുട്ടികളെ വശീകരിക്കുകയോ ടീസ് ചെയ്യുകയോ ചെയ്താൽ അവർ സമ്മതിക്കുമോ? അവർ അംഗീകരിക്കില്ല. ഒന്നുകിൽ അവളെ ചുംബിക്കണം അല്ലെങ്കിൽ അവളെ ഗർഭിണിയാക്കണം. ഞാൻ അതിന് പ്രതിജ്ഞാബദ്ധനാകണം.' എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം.
ഇതിന് പിന്നാലെ ബാലകൃഷ്ണ കൂടി അംഗമായ തെലുഗുദേശം പാർട്ടി ബാലകൃഷ്ണയുടെ പേരിൽ ഒരു പ്രസ്താവന പുറത്തിറക്കി. തന്റെ പരാമർശം തമാശയുടെ ഭാഗമായിട്ടായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു പ്രസ്താവന. ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുകയും ചെയ്യുന്നെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആരെയും ലക്ഷ്യം വച്ചല്ല താൻ പരാമർശം നടത്തിയതെന്നും തന്റെ പിതാവായ എൻ ടി രാമറാവുവിൽ നിന്നാണ് സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം തനിക്ക് പാരമ്പര്യമായി ലഭിച്ചതെന്നും ബാലകൃഷ്ണ പറഞ്ഞത്.
ഒറ്റക്കുപ്പി മദ്യം ഒറ്റയിടക്ക്; പിറ്റേന്ന് കൂൾ
അതിനിടെ ബാലകൃഷ്ണയുടെ മദ്യപാനത്തെക്കുറിച്ച് നടൻ നന്ദുപൊതുവാൾ പറഞ്ഞ കാര്യവും, വൈറലായിരുന്നു. ഒന്നും രണ്ടു പെഗ്ഗല്ല ഒന്നും രണ്ടുകുപ്പി മദ്യമാണ് ബാലകൃഷ്ണ അകത്താക്കുക എന്നും എന്നിട്ടും അദ്ദേഹം പിറ്റേന്ന് കൂൾ ആയിരിക്കുമെന്നും രാത്രിയിലേതിന്റെ ഹാങ്്ഓവറൊന്നും പ്രകടിപ്പിക്കാതെ അതിരാവിലെ തന്നെ വ്യായാമം തുടങ്ങുമെന്നുമാണ് നന്ദു പറയുന്നത്.
ഒരു ഡിജിറ്റൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദു, പ്രിയദർശന്റെ ഒരു സിനിമക്കായി മുബൈയിൽ നടന്ന ഒരു പാർട്ടിയിലെ അനുഭവം പറഞ്ഞത്. -"നമ്മൾ ഒരുപാട് ട്രോളുന്ന നടനാണ് ബാലകൃഷ്ണ. ഒരിക്കൽ ഒരു കോക്ടെയിൽ പാർട്ടിയും അവാർഡ് വിതരണവും എല്ലാം നടക്കുകയാണ്. സാധ്യ ഡിന്നറും ഒരു വശത്ത് ബാർ സെറ്റപ്പും എല്ലാം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ആദ്യ പരിപാടി പിന്നെ ഭക്ഷണം ശേഷം ലിക്കർ എന്ന രീതിയാണ്. പക്ഷെ ബോംബെയിൽ അങ്ങനെയല്ല. പരിപാടി തുടങ്ങുമ്പോൾ മുതൽ വെള്ളമടി തുടങ്ങും. വെള്ളമടിച്ച് പൂക്കുറ്റിയായശേഷമാണ് സ്റ്റേജിൽ കയറുന്നത്. കാരണം ആർട്ടിസ്റ്റുകൾ വരാൻ രാത്രിയാകും.
അവിടെയുള്ള താരങ്ങൾ അവരുടെ ഷൂട്ടും ഉറക്കവും എല്ലാം കഴിഞ്ഞ് രാത്രിയാകുമ്പോൾ കച്ചയും കെട്ടി ഇറങ്ങും. പിന്നെ പാർട്ടിയും ക്ലബ്ബും പരിപാടികളുമായിരിക്കും. അതുകൊണ്ടാണ് അവിടെ താരങ്ങൾ ഷൂട്ടിങിന് പന്ത്രണ്ട് മണിക്കൊക്കെ എത്തുന്നത്. നമ്മൾ അങ്ങനെയല്ലല്ലോ. അങ്ങനെ പരിപാടിയിൽ പങ്കെടുക്കാൻ ബാലകൃഷ്ണ എത്തിയപ്പോൾ തന്നെ സീസർ എന്ന ബ്രാണ്ടി വേണമെന്ന് പറഞ്ഞിരുന്നു. ഉടൻ തന്നെ ഗുഡ്നൈറ്റ് മോഹൻ ചേട്ടൻ ഒരാളെ വിട്ട് നാല് കുപ്പി ബാലകൃഷ്ണയ്ക്ക് വേണ്ടി മാത്രമായി വാങ്ങി. നമ്മളിതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അസാമാന്യ കപ്പിസിറ്റിയാണ് സാധാരണ ഒരു മനുഷ്യൻ കഴിക്കുന്ന രീതിയിലല്ല അദ്ദേഹം മദ്യപിക്കുന്നത്. ഫങ്ഷൻ നടക്കുന്നതിന് ഇടയിൽ തന്നെ രണ്ടര കുപ്പിയോളം അദ്ദേഹം തന്നെ കുടിച്ച് തീർത്തു. കുറച്ച് സമയം കൂടി കഴിഞ്ഞ് അദ്ദേഹം വീണ്ടും ബാറിന്റെ അടുത്ത് വന്ന് തന്റെ ഡ്രിങ്ക് ചോദിച്ചു. ബാറിൽ സപ്ലൈക്ക് നിന്നിരുന്ന വ്യക്തി സീസർ ബ്രാണ്ടി തീർന്നുപോയെന്ന് മറുപടി പറഞ്ഞതും അദ്ദേഹം ദേഷ്യപ്പെടാൻ തുടങ്ങി. ഉടൻ ബാറിലെ മറ്റൊരു സപ്ലയർ ഓടി വന്ന് ഒളിപ്പിച്ച് വെച്ചിരുന്ന ഫുൾ ബോട്ടിൽ എടുത്തുകൊടുത്തു. ചോദിച്ചപ്പോൾ കിട്ടാത്ത ദേഷ്യം കാരണം ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് നന്ദമൂരി ബാലകൃഷ്ണ കുടിച്ച് തീർത്തു. എല്ലാവരും അന്തം വിട്ട് നിന്നു. 750 മില്ലിയും അകത്ത് പോയി.'
സമയം പന്ത്രണ്ട് മണിയൊക്കെയായിരുന്നു. കുപ്പി തീർത്തശേഷം കുറച്ച് നേരം അവിടെ ഡയലോഗ് അടിച്ച് നിന്നു. പിന്നെ ആലില വീഴുന്നത് പോലെ വീണു. ഫ്ലാറ്റായി. അദ്ദേഹം ഇഴയുകയായിരുന്നു. എല്ലാവരും ചേർന്നാണ് റൂമിൽ കൊണ്ടുപോയി കിടത്തിയത്. പിറ്റേദിവസം അദ്ദേഹത്തിന് ഫ്ലൈറ്റിൽ പോകേണ്ടതാണ്. ാവിലെ പ്രിയൻസാദിന് പേടിയായി. ബാലകൃഷ്നയെ വിളിച്ചുണർത്താൻ പ്രിയൻ സാർ എന്നെ വിട്ടു. അമിതമായി മദ്യപിച്ചാണല്ലോ അദ്ദേഹം പോയത്. അതുകൊണ്ട് പ്രിയൻ സാറിനും ടെൻഷൻ. അങ്ങനെ അദ്ദേഹത്തെ വിളിച്ചുണർത്താൻ ചെന്നപ്പോൾ കണ്ടത് ജോഗിങ് കഴിഞ്ഞ് തിരിച്ച് വരുന്ന ബാലകൃഷ്ണയേയാണ്. തലേന്നത്തെ മാരക വെള്ളമടിയുടെ യാതൊരു, പ്രശ്നങ്ങും അദ്ദേഹത്തിന് ഇല്ലായിരുന്നു- ഇങ്ങനെയാണ് നന്ദു ആ അനുഭവം പറഞ്ഞത്.
ജൂനിയർ എടിആറുമായും ഭിന്നത
താൻ അല്ലാതെ മറ്റൊരു താരത്തെയും അംഗീകരിക്കാൻ ബാലകൃഷ്ണക്ക് മടിയാണ്. തന്റെ കുടുംബത്തിലെ ഇളമുറക്കാരനായ ജൂനിയർ എൻടിആറിനെപ്പോലും അദ്ദേഹം അംഗീകരിക്കില്ല. ജൂനിയർ എൻടിആറും, ബാലയ്യയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇരു താരങ്ങളുടെയും ആരാധകർ തമ്മിലും ഇടയ്ക്ക് പോരുകൾ ഉണ്ടാവാറുണ്ട്.
എൻ.ടി രാമറാവുവിന്റെ 28ാം ചരമവാർഷിക ദിനത്തിലും ഈ പ്രശ്നം മറനീക്കിയിരുന്നു. എൻ.ടി.ആർ ഘട്ടിൽ സ്ഥാപിച്ച ഫ്ളക്സിൽ, എൻടിആറിന്റെ കൊച്ചുമകൻ ജൂനിയർ എൻടിആറിന്റെ ചിത്രം ഉൾപ്പെട്ടത് ബാലകൃഷ്ണയെ ചൊടിപ്പിച്ചു. അത് നീക്കാൻ ആവശ്യപ്പെടുന്ന ബാലകൃഷ്ണയുടെ വീഡിയോയും വൈറൽ ആയിരുന്നു. രാജമൗലി സംവിധാനം ചെയ്ത 'യമ ദൊങ്ക' എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ യമധർമന്റെ വേഷത്തിൽ ജൂനിയർ എൻ.ടി.ആർ എത്തുന്നുണ്ട്. യമധർമന്റെ ലുക്കിലുള്ള ജൂനിയർ എൻ.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എൻ.ടി.ആറിന്റെ ചിത്രവും ഒരേ ഫ്ളക്സിൽ ഉൾപ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്. ഈ ചിത്രമാണ് ബാലകൃഷ്ണയെ പ്രകോപിപ്പിച്ചത്. കാറിൽ നിന്നിറങ്ങിയ ബാലകൃഷ്ണ ഇതു കാണുകയും ഉടനടി നീക്കം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ടി.ഡി.പി പ്രവർത്തകർ ഇത് മാറ്റുകയും ചെയ്തു.
തെലുങ്കിലെ മുൻകാല സൂപ്പർസ്റ്റാർ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് ബാലകൃഷണ നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇതിനെതിരെ നടന്മാരായ നാഗചൈതന്യയും അഖിൽ അക്കിനേനിയും രംഗത്തെത്തിയത് നടന് വൻ തിരിച്ചടിയായിരുന്നു.'എന്റെ അച്ഛൻ സീനിയർ എൻടിആറിന് ചില സമകാലികർ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, തൊക്കിനേനി എന്നൊക്കെ പറഞ്ഞ്' എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരിൽ ചിലർ തന്നെ ഇതിനെതിരെ രംഗത്ത് വന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ ബാലയ്യ സാധാരണ കുടുംബസ്ഥാനാണ്. പിതാവ് അങ്ങനെ ദേഷ്യം പിടിക്കാറില്ല എന്നാണ് മകൾ ഒരു അഭിമുഖത്തിൽ പറയുന്നത്. ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമായ ബാലകൃഷ്ണയെ, സ്നേഹമുള്ള സിംഹം എന്നാണ് ആരാധകർ വിളിക്കുന്നു. ധാരാളം ജീവികാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നതും ഫാൻസസുകാർ എടുത്തുകാട്ടുന്നു. പക്ഷേ മോശം നാക്കും, ക്ഷിപ്രകോപവും അദ്ദേഹത്തിന് വിനയാവുന്നു.
വാൽക്കഷ്ണം: ചിരംഞ്ജീവി കടുംബവുമായി പക്ഷേ എന്നും നല്ല ബന്ധമാണ് ബാലകൃഷ്ണക്ക് ഉള്ളത്. സ്വന്തം കുടുംബത്തിലെ ജൂനിയർ എൻടിആറിനെ അംഗീകരിക്കാത്ത അയാൾ, തന്റെ ടോക്ക് ഷോകളിൽ ചിരംഞ്ജീവി കുടുംബത്തെക്കുറിച്ച് നല്ല വാക്ക് പറയാറുണ്ട്. ഈ സ്വാഭാവംമൂലം ഒരുപാട് അവസരങ്ങളും ബാലയ്യക്ക് നഷ്ടമായിട്ടുണ്ട്. ബാഹുബലിയിലെ പ്രതിനായകനായ ബല്ലാൾ ദേവാനാവാൻ ആദ്യം നിശ്ചയിച്ചിരുന്നത് ബാലകൃഷ്ണയെ ആണെന്ന് കേട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ ചുടൻ സ്വഭാവമാണ് രാജമൗലിയെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത് എന്നും വാർത്തകൾ വന്നിരുന്നു.