"ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്... ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്! രാജകുമാരൻ, രാജാവിന്റെ മകൻ. യെസ് ഐ ആ എ പ്രിൻസ്, അണ്ടർ വേൾഡ് പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരൻ"- മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഇത്തരം ഡയലോഗുമായി, പിരിച്ചുവെച്ച മീശയും, മെഷീൻഗണ്ണുമായി വിൻസന്റ് ഗോമസ് ആടിത്തിമർക്കുമ്പോൾ 'രാജാവിന്റെ മകൻ' എന്ന സിനിമയിലുടെ ഒരു പുതിയ സൂപ്പർ താരം പിറക്കായിരുന്നു. അന്ന് മോഹൻലാലിന് പ്രായം വെറും 26. ഇന്ത്യൻ സിനിമയിലെ മാത്രമല്ല, ലോകസിനിമയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർ സ്റ്റാർ!

ലാലേട്ടനുശേഷം നിരവധി യുവതാരങ്ങളെ തിരമലയാളം കണ്ടു. അനിയത്തി പ്രാവ്് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ നായകനാവുമ്പോൾ കുഞ്ചാക്കോ ബോബന് വെറും 21 വയസ്സായിരുന്നു പ്രായം. 20-ാം വയസ്സിൽ നന്ദനത്തിലുടെ അരങ്ങേറി വെറും 24-ാം വയസ്സിൽ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥീരാജും, മലയാള സിനിമയുടെ അഭിമാനമായി. പക്ഷേ ഇവർക്കൊക്കെശേഷം ട്രെൻഡ് സെറ്റർമാരായ യുവ നടന്മാർ, മലയാളത്തിൽ കുറവായിരുന്നു. പക്ഷേ ഇപ്പോഴിതാ സോഷ്യൽ മീഡിയിയിലൂടെ ഒരു പുതിയ താരോദയം ഉണ്ടായിരിക്കുന്നു. അതാണ് വെറും 23-ാമത്തെ വയസ്സിൽ, 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകൻ എന്ന കീർത്തിയുള്ള നസ്ലൻ കെ ഗഫൂർ എന്ന യുവ നടൻ.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലുവെന്ന ചിത്രം, മലയാളത്തിനൊപ്പം, തമിഴിലും, തെലുങ്കിലുമൊക്കെ സൂപ്പർ ഹിറ്റാണ്. ആഗോള കളക്ഷനിൽ നൂറുകോടി പിന്നിട്ട ഈ കൊച്ചുചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് നസ്ലന് മാത്രമുള്ളതല്ല. മമിതാ ബൈജൂവെന്ന നടിയുടെ അസാധ്യമായ പെർഫോമെൻസും, തുടർച്ചയായി ഹിറ്റുകൾ എടുക്കുന്ന ഗിരീഷ് എ ഡി എന്ന സംവിധായകന്റെ ബ്രില്ല്യൻസും എല്ലാം ചേരുന്ന ടോട്ടാലിറ്റിയാണ് ആ ചിത്രത്തിന്റെ വിജയം.

പക്ഷേ, പ്രേമലു എന്ന സിനിമ വഴി സോഷ്യൽ മീഡിയയിൽ ഒരു ടീനേജ് സുപ്പർ സ്റ്റാർ പിറന്നിരിക്കയാണ്. അതാണ് നസ്ലൻ എന്ന യുവ നടൻ. ഇൻസ്റ്റഗ്രാമും ഫേസ്‌ബുക്കും തുറന്നാൽ ഇപ്പോൾ നസ്ലന്റെ നിഷ്‌ക്കളങ്കമായ തമാശകളും കൗണ്ടറുകളുമാണ്. പോകുന്നിടത്തെല്ലാം വൻ ജനാവലിയാണ്. ഈയിടെ നസ്ലൻ കൊച്ചിയിലെ ഒരു ഷോപ്പിങ്ങ് മാളിലെത്തിയപ്പോൾ, പണ്ട് സണ്ണി ലിയോൺ വന്നതിന് സമാനമായ വൻ ജനക്കൂട്ടമാണ് ഇരച്ചുകയറിയത്! എന്താണ് ഈ പയ്യന്റെ മാജിക്ക്.

തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, 'തണ്ണീർമത്തൻ ദിനങ്ങളിലെ' പപ്സ് പയ്യൻ, കുരുതിയിലെ കലിപ്പൻ, ഹോമിൽ ആർക്കും സ്നേഹം തോന്നുന്ന അനിയൻ കഥാപാത്രം. ഇപ്പോൾ പ്രേമലുവിലെ സച്ചിൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ മലയാളികളുടെ ഇഷ്ടം കവർന്നു കഴിഞ്ഞു നസ്ലൻ കെ ഗഫൂർ. 'അഭിനയമാണ് സാറേ ഇവന്റെ മെയിൻ' എന്നു തോന്നിപ്പിക്കുന്നത്ര അനായാസേനയാണ് ഓരോ കഥാപാത്രങ്ങളെയും നസ്ലൻ അവതരിപ്പിക്കുന്നത്. എത്രയോ കാലത്തിനുശേഷമാണ് മലയാള സിനിമ ഒരു കൗമാര താരോദയത്തിന് സാക്ഷ്യം വഹിക്കുന്നത്.

മമ്മൂട്ടിയെ കാണാൻ ജൂനിയർ ആർട്ടിസ്റ്റായി

തൃശൂരിലെ കൊടുങ്ങല്ലൂരാണ് നസ്ലന്റെ വീട്. 2000 ജൂൺ 11നാണ് ജനനം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നസ്ലൻ തന്റെ ജീവിതം ഇങ്ങനെ പറയുന്നു.- " വീട്ടിൽ വാപ്പ, ഉമ്മ, ഒരു ചേട്ടൻ, പിന്നെ എന്റെ ഇരട്ടസഹോദരൻ എന്നിവരാണ് ഉള്ളത്. ഇരട്ടകളാണെങ്കിലും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ലാട്ടോ. അവനും എന്നെ പോലെ തന്നെയാണ് ഇരിക്കുന്നതെങ്കിൽ ഒരു സമയം രണ്ടു പടമൊക്കെ ചെയ്യായിരുന്നു എന്നു പറയാറുണ്ട് ഞാൻ.

ഫാമിലി എല്ലാ കാര്യങ്ങളിലും നല്ല സപ്പോർട്ടാണ്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല. ഞാൻ ബിടെക് ആയിരുന്നു പഠിച്ചത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഞാൻ ബിടെക് ഡ്രോപ്പ് ചെയ്യാൻ പോവുകയാണ് എന്നു പറഞ്ഞപ്പോഴുമതെ, 'എന്താണ് അടുത്ത പ്ലാൻ? ബിടെക് വേണ്ടെങ്കിൽ വേണ്ട, പക്ഷേ സ്റ്റഡീസ് എന്തായാലും കണ്ടിന്യൂ ചെയ്യണം' എന്നു മാത്രമേ അവർ പറഞ്ഞുള്ളൂ. ആ സമയത്ത് സിനിമ പ്ലാനൊന്നുമില്ലായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലേക്ക് ഓഫർ വന്നപ്പോഴും 'നിന്റെ ഇഷ്ടം അതാണെങ്കിൽ ചെയ്യൂ' എന്നാണ് ഫാമിലി പറഞ്ഞത്. ഇപ്പോൾ തുടർച്ചയായി സിനിമകൾ വരുമ്പോൾ അവരും ഹാപ്പിയാണ്."- നസ്ലൻ പറയുന്നു.

അന്നും ഇന്നും നസ്ലന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മമ്മൂട്ടിയാണ്. മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം കൊണ്ട് മധുരരാജ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി കയറിയാണ്, നസ്ലന്റെ അരങ്ങേറ്റം. ആ സിനിമയിൽ അഭിനയിച്ച 600 ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. പക്ഷേ തന്റെ ഇഷ്ടതാരമായ മമ്മൂട്ടിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്താഷമായിരുന്നു അവന്. പിൽക്കാലത്ത് തണ്ണീർ മത്തൻ ദിനങ്ങളിലടെ നസ്ലൻ അറിയപ്പെടുന്ന നടനായപ്പോൾ, അവന്റെ സുഹൃത്ത് പഴയ ചിത്രം ചൂണ്ടിക്കാട്ടി ഹൃദയഹാരിയായ പോസ്റ്റിട്ടിരുന്നു. "അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയേറ്ററിൽ വെച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്ലി, ഇന്ന് അവന് വേണ്ടി കയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് തണ്ണീർമത്തൻ ദിനങ്ങളുടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്"- ഇങ്ങനെയായിരുന്നു ആ പോസ്റ്റ്.

തലനിറയെ ബുദ്ധിയുള്ള മെൽവിൻ

2019-ൽ 'തണ്ണീർമത്തൻ ദിനങ്ങളി'ലൂടെ സംവിധായകൻ ഗിരീഷ് എ ഡിയാണ് നസ്ലനെ പരിചയപ്പെടുത്തിയത്. തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണിമത്തൻ ജ്യൂസും, പഫ്‌സും തിന്നാൻ കൂട്ടുകാരെ ക്ലാസിൽ നിന്ന് ചാടിക്കുന്ന, ഒറ്റ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു. നായികാനായകന്മാരായ മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ, സയൻസ് പഠിക്കാനാവാതെ ഹുമാനിറ്റീസ് എടുത്ത മെൽവിനിലേക്കും പോയി. നായകന്റെ ചങ്കായി കൂടെയെത്തി നായകനേക്കാളും പേര്് അവൻ നേടി.

തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് നസ്ലൻ ഒരു ഷോർട്ട് ഫിലിമിൽ പോലും അഭിനയിച്ചിരുന്നില്ല. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോൾ അഭിനയവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ല. കോളേജിലെ സുഹൃത്തുക്കൾ വഴി ഓഡിഷനെ കുറിച്ച് അറിഞ്ഞ് ചൂമ്മാ പോയതാണ്. ഭാഗ്യം തുണച്ചു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ക്രഡിറ്റ് നസ്ലൻ കൊടുക്കുന്നത്, സംവിധായകൻ ഗരീഷിന് തന്നെയാണ്.

കൊച്ചിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഒരുപിടി പുതുമുഖങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു സിനിമ ആരംഭിച്ച് ദിവസങ്ങൾക്കമാണ് എത്തിയത്. "തുടക്കത്തിൽ അയാൾ ഞങ്ങളോട് സംസാരിക്കാൻ അൽപ്പം മടിയായിരുന്നു. എന്നാൽ അതിനു ശേഷം ഞങ്ങൾ എല്ലാവരും നല്ല സുഹൃത്തുക്കളായി. പാട്ടുകൾ പാടിയും നൃത്തം ചെയ്തും എല്ലാം ഞങ്ങൾ വളരെ രസകരമായിരുന്നു. താമസിയാതെ ഞങ്ങളെല്ലാവരും അടുത്ത സുഹൃത്തുക്കളായി. ഞങ്ങളുടെ സൗഹൃദമാണ് സിനിമയിൽ പ്രതിഫലിച്ചത്. അനശ്വരയും തുടക്കത്തിൽ അൽപ്പം നാണമുള്ളവളായിരുന്നു. എന്ാൽ ഷട്ടിങ് തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ ജോയിൻ ചെയ്തു. എന്നാൽ അധികം താമസിയാതെ അവൾ സംസാരിക്കാൻ ഞങ്ങളുടെ അടുത്തേക്ക് വന്നു, അതിനുശേഷം നിർത്തിയില്ല"- നസ്ലൻ ഒരു മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു.

ചിത്രത്തിലെ സഹനടനായിരുന്ന വിനീത് ശ്രീനിവാസനെ കുറിച്ച് നസ്ലന് ഏറെ പറയാനുണ്ടാതിരുന്നു. -"ഞങ്ങൾ വിനീത് ഏട്ടാ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഞങ്ങളോടൊപ്പം കഥകൾ പറയുകയും പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. സംവിധായകൻ ഗിരീഷും തിരക്കഥാകൃത്ത് ഡീനും അങ്ങനെയായിരുന്നു. യഥാർത്ഥത്തിൽ തിരക്കഥയിൽ ഇല്ലാതിരുന്ന നർമ്മ രംഗങ്ങളും തമാശ നിറഞ്ഞ സംഭാഷണങ്ങളും സിനിമയിലുണ്ട്. ആ ഡയലോഗുകളും സീനുകളുമെല്ലാം ആ പ്രത്യേക നിമിഷങ്ങളിൽ അവരുടെ മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു. സംവിധായകൻ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിക്കും. അങ്ങനെയാണ് ആ വിജയ ഉണ്ടായത്. മാത്യുവുമായം അനശ്വരയുമായുള്ള കോമ്പോയും വർക്കൗട്ടായി."- നസ്ലൻ പറയുന്നു.

മാത്യുവുമായുള്ള ആ സൗഹൃദം പിന്നീട് ഒരു സിനിമാ കൂട്ടുകെട്ടായി. ഈ കോമ്പോയിൽ നെയ്മർ, ജോ ആൻ്ഡ ജോ തുടങ്ങിയ ഹിറ്റ് സിനിമകളുമുണ്ടായി. തണ്ണീർമത്തനിലെ കഥയുമായി തനിക്ക് വളരെയധികം ബന്ധമുണ്ടെന്ന് നസ്ലെൻ സമ്മതിക്കുന്നു. മെൽവിൻ ചെയ്യുന്ന മിക്ക കാര്യങ്ങളും താനും ചെയ്തിട്ടുണ്ടെന്ന് അവൻ പറയുന്നു. " തണ്ണീർ മത്തൻ എന്റെ സ്വന്തം കഥ പോലെ തോന്നി. ഞാനും ചെറിയ കുസൃതികളും ക്ലാസ് കട്ടുകളും നടത്തിയിരുന്നു. അവധിക്കാലത്ത് ഞങ്ങളുടെ സ്‌കൂളിന് പുറത്തുള്ള ചെറിയ വഴിയോരക്കടയിൽ ഞാൻ പതിവായി പോകാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാവുന്ന കഥയായിരുന്നു അത്".

'ബിടെക്ക് എനിക്ക് പറ്റിയ പണിയല്ല'

താൻ സിനിമയിൽ ചയ്ത ചില കഥാപാത്രങ്ങളെപോലെ തന്നെയാണ് നസ്ലന്റെ ജീവിതവും. ബി ടെക്ക് ഡ്രോപ്പ് ഔട്ട് എന്ന് പറയാം. ഒരു അഭിമുഖത്തിൽ നസ്ലൻ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. -"ഞാൻ ശരിക്കും ഒരു ബിടെക് വിദ്യാർത്ഥിയാണോ എന്ന് പലരും ആശ്ചര്യത്തോടെ എന്നോട് ചോദിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് സയൻസ് എടുത്തു. അതു കഴിഞ്ഞപ്പോൾ എല്ലാവരുടെയും ചോദ്യമായി, ഇനിയെന്താ പ്ലാൻ ബിടെക് ആണോ മെഡിസിൻ ആണോ? കുറച്ചുകൂടി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യം ഞാൻ ചാടികയറി ചെയ്തു. ആ സമയത്തെ എന്റെ ഒരു തെറ്റായ തീരുമാനമായിരുന്നു ബിടെക്. പക്ഷേ അധികം വൈകാതെ തന്നെ ഞാനത് വേണ്ടെന്ന് വച്ചിട്ടു പോന്നുവെന്നതിൽ സമാധാനമുണ്ട്. ബിടെക് എന്നെ ഉദ്ദേശിച്ചുള്ളതല്ലെന്ന് രണ്ട് വർഷത്തിന് ശേഷമാണ് മനസ്സിലാക്കി. അത് നിർത്തി ഡിഗ്രി കോഴ്‌സിന് ചേരാൻ കാത്തിരിക്കുമ്പോഴാണ് സിനിമയിൽ എത്തിയത്. തണ്ണീർമത്തനിൽ പറയുന്നത് പോലെ ബുദ്ധിയല്ല പ്രധാനം. ഞാൻ ഒരു ശരാശരി വിദ്യാർത്ഥി മാത്രമാണ്,' -നസ്ലൻ പറയുന്നു.

പക്ഷേ ഇപ്പോൾ സിനിമ തന്നെയാണ് നസ്ലന്റെ ജീവിതം.-"സിനിമയിൽ തന്നെ ഫോക്കസ് ചെയ്യാനാണ് പ്ലാൻ. ഇപ്പോഴും ഓരോ സിനിമ ചെയ്യുമ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്ന ടെൻഷനുണ്ട്. പക്ഷേ ഞാനതിനെ ഓവർകം ചെയ്ത് തുടങ്ങുന്നു. കാരണം എനിക്ക് സിനിമ ഇഷ്ടമായി തുടങ്ങി. അതിന്റെ പ്രോസസ് ഒക്കെ രസമാണ്. സിനിമയിൽ തന്നെ നിൽക്കണം എന്നാണ് ആഗ്രഹം.
ചെയ്ത കഥാപാത്രങ്ങൾ ആളുകൾ ശ്രദ്ധിച്ചുവെന്നത് ഞാനൊരു ഭാഗ്യമായി കരുതുന്നു. ഒരു പരിധിവരെ എന്നെ അതാത് കഥാപാത്രങ്ങൾക്കായി സമീപിച്ച, എന്നിൽ അങ്ങനെയൊരു കഥാപാത്രത്തെ കണ്ടവർക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. പിന്നെ നമ്മളെ കൊണ്ട് ആ കഥാപാത്രത്തെ ചെയ്യിപ്പിച്ചെടുത്ത സംവിധായകർക്കും. നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ് വലിയ ഭാഗ്യം.


ഹോമിലും കുരുതിയിലും തിളക്കം

നിഷ്‌ക്കളങ്കമായ അഭിനയവും, പൊടുന്നനെയുള്ള കൗണ്ടറുകളെുമൊക്കെ ചെയ്ത നസ്ലനിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു, 2021-ൽ, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'കുരുതി' എന്ന സിനിമയിലെ വേഷം. മനുഷ്യമനസ്സിൽ ഉറങ്ങിക്കിടക്കുന്ന വർഗീയതയുടെ വിഷം പ്രകടമാക്കുന്ന ആ പടത്തിൽ, വില്ലൻ ടച്ചുള്ള കൗമാരക്കാരനായി നസ്ലന്റെ വേഷപ്പകർച്ച കാണേണ്ടതാണ്. ഏത് വേഷത്തിനും പറ്റുന്ന നടനാണ് ഇയാൾ എന്ന് ചലച്ചിത്ര നിരൂപകർ ഉറപ്പിക്കുന്നത് അന്നാണ്.

പൃഥിരാജും പ്രതിനായക വേഷം ചെയ്ത കരുതി സിനിമയെക്കുറിച്ച് നസ്ലൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -"ഞാനിതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റിൽ ചലഞ്ചിങ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് കുരുതിയാണ്. ബാക്കി ഞാൻ ചെയ്തതിൽ കൂടുതലും കോമഡിയാണ്, കുരുതി പക്ഷേ ഇമോഷണൽ സ്വീകൻസ് ഒക്കെ ഉണ്ടായിരുന്നു.കുരുതിയിൽ വരും മുൻപ് രാജുവേട്ടനൊക്കെ ഭയങ്കര സീരിയസ് ആണെന്നാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ ആ സിനിമയിൽ എന്നെ ഏറ്റവും കംഫർട്ടബിൾ ആക്കിയത് രാജുവേട്ടനാണ്. പട്ടാളം സിനിമയിൽ പറയുന്നതു പോലെ, പിന്നെയങ്ങോട്ട് ഞാനായിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം. തമാശകളും കളിയാക്കലുകളുമൊക്കെയായി രസമായിരുന്നു ലൊക്കേഷൻ. സീരിയസ് കഥാപാത്രമായി അഭിനയിക്കാനൊക്കെ രാജുവേട്ടൻ എന്നെ കുറേ ഹെൽപ്പ് ചെയ്തിട്ടുണ്ട്."

അതേ വർഷം തന്നെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ ചാൾസ് ഒലിവർ ട്വിസ്റ്റിന്റെ വേഷവും നെസ്ലനെ ഫാമിലി ഓഡിയൻസിന്റെ പ്രിയപ്പെട്ടാവനാക്കി. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ഇളയ മകനായിട്ടാണ് നസ്ലൻ വേഷമിട്ടത്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യയ്തത്. സ്മാർട്ട്‌ഫോൺ അഡിക്ഷൻ അടക്കമുള്ള പ്രശ്നങ്ങളും പുതിയ കാലത്തെ കുടുംബ ബന്ധങ്ങളുമൊക്കെ ചിത്രം പറയുന്നു.

ഹോം സിനിമയെക്കുറിച്ച് നസ്ലൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -"വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഭാഗമായത്. ഒരുപാട് സീനിയർ താരങ്ങളുണ്ട് ചിത്രത്തിൽ. ഇന്ദ്രൻസ് ചേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യുന്നു എന്നത് ഏറെ ആവേശമുണർത്തിയ കാര്യമായിരുന്നു. വളരെ സിമ്പിളായ അടിപൊളി മനുഷ്യനാണ് ഇന്ദ്രൻസേട്ടൻ. പടത്തിന്റെ പേര് പോലെ തന്നെ വീട്ടിലെ അന്തരീക്ഷമായിരുന്നു ഷൂട്ടിങ്ങ് സെറ്റിലും. അച്ഛന്റെ സ്ഥാനത്ത് ഇന്ദ്രൻസേട്ടൻ, അമ്മയുടെ സ്ഥാനത്ത് മഞ്ജു ചേച്ചി, സഹോദരങ്ങളായി ഭാസി ചേട്ടൻ, ദീപ അതുപോലെ തന്നെ സംവിധായകൻ റോജിൻ ചേട്ടൻ, സംഗീത സംവിധായകൻ രാഹുലേട്ടൻ, ഛായഗ്രാഹകൻ നീൽ ചേട്ടൻ എല്ലാവരും ചേർന്ന് അടിപൊളി അന്തരീക്ഷമായിരുന്നു. ഒട്ടും സമ്മർദമില്ലാതെയാണ് അഭിനയിച്ചത്. വളരെ വലിയ അനുഭവമായിരുന്നു.

തണ്ണീർമത്തൻ ദിനങ്ങളിലെ മെൽവിനായാണ് നേരത്തെ ആളുകൾ എന്നെ കൂടുതലും തിരിച്ചറിയുന്നത്. ദേ, നമ്മടെ പഫ്സ് പയ്യൻ എന്നൊക്കെ പറഞ്ഞ് സംസാരിക്കും. ഹോം ഇറങ്ങിക്കഴിഞ്ഞപ്പോൾ പ്രായമായ അമ്മമാർകൂടി തിരിച്ചറിയാൻ തുടങ്ങി, നീ ആ ഹോമിലെ ചാൾസല്ലേ എന്നൊക്കെ ചോദിച്ച് വിശേഷം തിരക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്"- നസ്ലൻ പറയുന്നു.

സൂപ്പർ ശരണ്യയിലും സൂപ്പർ

ശ്രദ്ധിക്കപ്പെടാതെ പോകുന്ന സിനിമകളിലും ഒരു നോട്ടം കൊണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന നടനാണ് നസ്ലൻ. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തെക്കുറിച്ച് പൊതുവെ മോശം അഭിപ്രായമാണ് വന്നത്. എനനാൽ നെസ്ലന്റെ ചെറിയ വേഷം അതിലും ശ്രദ്ധിക്കപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ ഇങ്ങനെ എഴുതി.-" യുവൻ നടൻ നസ്ലൻ, പതിവുപോലെ, ഒരു ചെറിയ വേഷത്തിൽ പോലും, വേറിട്ടുനിൽക്കുകയും ്നേഹിക്കപ്പെടുകയും ചെയ്യുന്നു".

ഈ ചിത്രത്തെക്കുറിച്ച് മനോരമക്ക് നൽകിയ അഭിമുഖത്തിൽ നസ്ലൻ ഇങ്ങനെ പറയുന്നു.-"ഞാൻ ജനിക്കുന്നതിനു മുൻപെ അഭിനയം തുടങ്ങിയ ആളുകളാണ് ഉർവശി ചേച്ചിയും ദിലീപേട്ടനുമൊക്കെ. കേശുവിലേക്ക് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു, ഒപ്പം നല്ല പേടിയും, അവർക്കൊപ്പമൊക്കെ ഞാൻ അഭിനയിച്ചാൽ ശരിയാവുമോ?. പക്ഷേ ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരുമായി നല്ല അടുപ്പമായി. ഉർവശി ചേച്ചിയൊക്കെ ഒരു മകനെ കൊണ്ടുനടക്കുന്നതു പോലെയാണ് എന്നെ കൊണ്ടു നടന്നത്."

അതിനുശേഷ ഇറങ്ങിയ ഗരിഷ് എ ഡിയുടെ രണ്ടാം ചിത്രം സൂപ്പർ ശരണ്യയിലും, നസ്ലൻ സൂപ്പറായി. തണ്ണീർമത്തനിലെപ്പോലെ നായകൻ അല്ലെങ്കിലും നായകനെപ്പോലെ കസറുന്ന കഥാപാത്രം. തണ്ണീർമത്തനിൽ സ്‌കുൾ കാലമാണെങ്കിൽ സൂപ്പർ ശരണ്യയിൽ അത് കോളജ് കാലമായി. തണ്ണീർമത്തൻ ദിനങ്ങളിൽ ഉഴപ്പനായിരുന്നെങ്കിൽ, സൂപ്പർ ശരണ്യയിൽ സംഗീത് എന്ന പഠിപ്പിസ്റ്റിന്റെ വേഷമാണ് നസ്ലൻ ചെയ്തത്. അനശ്വര അവതരിപ്പിക്കുന്ന ശരണ്യയെന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് സംഗീത്. ഒരു ഫ്രണ്ട് ബെഞ്ച് പഠിപ്പിസ്റ്റ് പയ്യൻ. തണ്ണീർമത്തനിൽ ക്ലാസിൽ കയറാൻ മടിയുള്ള നസ്ലനെ ഇത്തവണ കുറേദിവസം ക്ലാസ്റൂമിലിരുത്തി സംവിധായകൻ.

തറവാട്ടിലേക്ക് തിരിച്ചെത്തിയതുപോലൊരു ഫീൽ എന്നാണ് 'സൂപ്പർ ശരണ്യ' ടീമിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെ നസ്ലൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ എക്പ്രസിനോട് അദ്ദേഹം ഇങ്ങനെ പറയുന്നു. -"സൂപ്പർ ശരണ്യയിലേക്ക് വിളിച്ചപ്പോൾ മുതൽ ഞാൻ എക്സൈറ്റഡാണ്. മറ്റുള്ള ഏതു സെറ്റിനേക്കാളും എനിക്ക് കംഫർട്ടബിൾ ആയി അഭിനയിക്കാൻ പറ്റുന്നയിടമാണ് ഗിരീഷേട്ടന്റെ സെറ്റ്. ഒരു ഫ്രണ്ട്സ് ഗ്യാങ്ങ് പോലെയാണ് അവിടെ. എല്ലാവരും അടുത്തറിയുന്ന ആളുകൾ. തമാശയും ചിരിയുമൊക്കെയായി ലൊക്കേഷനിൽ പോവാൻ തന്നെ രസമാണ്. ഒരുപാട് ഫ്രീഡമുള്ള സെറ്റ്. കാവിഡ് സമയമായതിനാൽ, ക്ലാസുകൾ ഓൺലൈനായപ്പോൾ ക്യാമ്പസ് ജീവിതം മിസ്സ് ചെയ്തിരിക്കുമ്പോഴാണ് സൂപ്പർ ശരണ്യയുടെ ഷൂട്ട് വരുന്നത്. അത് ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു. ക്യാമ്പസിലേക്കു പോവുന്ന ഒരു ഫീലായിരുന്നു. ആ ഒരു വൈബ് ചിത്രത്തിലുമുണ്ട്.പഠിപ്പിസ്റ്റാണെങ്കിലും സംഗീത് കുറച്ച് കണ്ണിങ്ങാണ്. പക്ഷെ, തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഗീരീഷേട്ടൻ നല്ല ഒരു ആക്ടർ കൂടിയാണ്. പുള്ളിക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി അഭിനയിച്ച് കാണിച്ചുതരും. എന്തെങ്കിലും തെറ്റായി ചെയ്താൽ, എടാ ഇത്രേം ഓവറാക്കണ്ട എന്ന് പറഞ്ഞ് തരും. അതുകൊണ്ടുതന്നെ, ചെയ്യുന്ന കഥാപാത്രങ്ങൾ ക്ലിക്കാവുന്നത് സംവിധായകർക്ക് അവകാശപ്പെട്ടതാണ്."- നസ്ലൻ പറയുന്നു.

ഫേക്കിറക്കി വിവാദം

അതിനിടയിൽ ഈ യുവ നടൻ താൻ മനസാവാചാ കർമ്മണാ അറിയാത്ത പ്രശ്നത്തിന്റെ പേരിലും വിവാദത്തിൽപെട്ടു. നസ്ലന്റെ പേരിലുള്ള ഒരു വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം കമന്റുകൾ വന്നതാണ് പ്രശ്നമായത്. അതു തന്റെ അക്കൗണ്ടല്ലെന്ന് നസ്ലൻ പറഞ്ഞിട്ടും വിവാദം അവസാനിച്ചില്ല. കാക്കനാട് സൈബർ സെല്ലിൽ നെസ്ലൻ പരാതിയും നൽകിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിലൂടെയാണ് നസ്ലൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. -"പലർക്കും അത് ഒരു വ്യാജ അക്കൗണ്ടാണെന്നു മനസ്സിലായില്ല. ഞാനാണ് അതു ചെയ്തതെന്നു വിശ്വസിച്ച് വിവിധ സംഘടനകൾ എനിക്കെതിരെ തിരിഞ്ഞു. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തി അസഭ്യം പറയാനും തുടങ്ങി. തനിക്കു ഫേസ്‌ബുക്ക് അക്കൗണ്ടില്ലെന്നും, നസ്ലൻ എന്നു പേരുള്ള ഫേസ്‌ബുക്ക് പേജാണ് ഉള്ളത്"- താരം പറയുന്നു.
ഇനി മുതൽ താൻ അഭിനയിക്കുന്ന ചിത്രങ്ങൾ കാണുകയില്ലെന്നു പലരും പറഞ്ഞതിൽ വിഷമമുണ്ട്, സ്വയം ചെയ്യാത്ത കാര്യത്തിനു പഴി കേൾക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും നസ്ലൻ പറഞ്ഞു. വീഡിയോയ്‌ക്കൊപ്പം പരാതിയുടെ രസീതും നസ്ലൻ ഷെയർ ചെയ്തൂ. അതോടെയാണ് വിവാദം അവസാനിച്ചത്.

ഇവനാണ് ഞങ്ങ പറഞ്ഞ നടൻ

അതിനുശേഷം മാത്യുവുമൊത്ത് ചെയ്ത ജോ ആൻഡ ജോ, നെയ്മർ എന്നീ ചിത്രങ്ങളും ഹിറ്റായപ്പോൾ ഒരു പുതിയ താരോദയത്തിന്റെ മണമടിച്ച് തുടങ്ങിയിരുന്നു. മാധ്യമങ്ങളും മലയാള സിനിമയിൽ നടക്കുന്ന ഒരു വലിയ മാറ്റത്തെക്കുറിച്ച് എഴുതാൻ തുടങ്ങി. സൂപ്പർ താര ചിത്രങ്ങൾവരെ പൊളിയുന്ന സമയത്താണ് ചുരുങ്ങിയ ബജറ്റിൽ എടുക്കുന്ന ഈ കുട്ടിച്ചിത്രങ്ങൾ തീയേറ്റർ ഭരിക്കുന്നത്. മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രം പരാജയപ്പെട്ടുവെങ്കിലും അതിലും നസ്ലന്റെ പ്രണയം തലക്കുപിടിച്ച പയ്യൻ ശ്രദ്ധിക്കപ്പെട്ടു. അയൽവാശി, പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതാണ് നെസ്ലന്റെ ഒരു വിജയം. എത്ര മോശം ചിത്രമായാലും അയാൾക്ക് അതിൽ തൻേറതായ ഒരു സ്റ്റാമ്പ് പതിക്കാൻ ഉണ്ടാവും. ജഗതി ശ്രീകുമാറിനെപ്പോലുള്ള അപുർവം പേർക്ക് കഴിയുന്ന സിദ്ധിയാണത്.

പക്ഷേ നസ്ലന്റെ യാഥാർത്ഥ ഫയർ വരാനിരിക്കുന്നതെയുള്ളൂ. നസ്ലനെ കണ്ടെത്തിയ സംവിധായകൻ ഗിരീഷ് എ ഡിയുടെ മൂന്നാമത്തെ ചിത്രം, പ്രേമലുവാണ്, ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിന് ഒപ്പം സൗത്ത് ഇന്ത്യ കീഴടക്കുന്നത്. മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പ്രേമലുവിനെ
സാക്ഷാൽ രാജമൗലി പോലും പുകഴ്‌ത്തി. ശ്യാം മോഹനും, മമ്തയും ചേർന്ന് നൃത്തം ചെയ്യുമ്പോൾ നസ്ലന്റെ റിയാക്ഷൻ മറക്കാൻ കഴിയില്ല എന്നാണ്, മൗലി പറഞത്. ദേവരാഗം 2.0 എന്ന പേരിൽ ഈ നൃത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിലും വൈറലണ്.

പ്രേമലു ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഗായകൻ ജി വേണുഗോപാൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. 'ഇന്നലെ പ്രേമലു കണ്ടു. മൊത്തം ഘനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയിറ്റ് സിനിമകൾക്ക് ( വാലിബൻ, ഭ്രമയുഗം) ശേഷമാണ് പ്രേമലു സംഭവിക്കുന്നത്. മൊസാർട്ടിന്റെ നാൽപതാമത്തെ സിംഫണി ഇൻ ജി മൈനറിനു ശേഷം എൽവിസ് ദ പെൽ വിസിന്റെ ജെയിൽഹൗസ് റോക്ക് പോലെ, ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ! സിനിമയുടെ വിധി നിർണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ. മൂന്ന് പേരെക്കുറിച്ച് പറയാനാണ്. സമകാലീന നടിമാരിൽ എന്റെ ഫേവറിറ്റ് മമിത ബൈജു, നസ്ലൻ, പിന്നെ എന്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ. മമിത ബബ്ലിയാണ്. അപാരമായ ഊർജം ആ എക്സ്പ്രസീവ് കണ്ണുകളിൽ കാണാം. അനായാസ അഭിനയത്തിന്റെ മറ്റൊരു മുഖം. ദ നോട്ടി ട്രാംപ് വിത്ത് ആൻ എംറ്റി ഹെഡ് ആൻഡ് ഹാർട്ട ഓഫ് ഗോൾഡ്. അതാണ് നസ്ലൻ. കഥയറിയാതെ നമുക്ക് അവന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം. ഇഷ്ടം കവരുന്ന കഥാപാത്രം."- വേണുഗോപാൽ ചൂണ്ടിക്കാട്ടി.

നസ്ലാവട്ടെ ഈ വിജയങ്ങളുടെ ക്രെഡിറ്റ് എല്ലാം എല്ലാവർക്കും വീതിച്ചുകൊടുത്ത് വിനായാന്വിതനാവുകയാണ്. നസ്ലനെക്കാളും ചിത്രത്തിൽ പേരെടുത്തത് മമിതതാണെന്നും പലരും എഴുതിയിട്ടുണ്ട്. ഇതും ശരിയാണ്. വന്ദനത്തിലൂടെ ഗിരിജാ ഷെട്ടാറും, പ്രേമത്തിലുടെ സായി പല്ലവിയും ആഘോഷിക്കപ്പെട്ടപോലെ പ്രേമലുവിലൂടെ മമിതയും ഇപ്പോൾ കൊണ്ടാടപ്പെടുകയാണ്. അതുപോലെ നസ്ലനും. ജരു നടൻ എന്ന നിലയിൽ നസ്ലന്റെ ഉയർച്ചയും പക്വതയും പ്രേമലുവിൽ കാണാം. പ്രൊപ്പോസൽ നിരസിക്കുന്ന മമിതയുടെ കഥാപാത്രത്തോട്, 'ഇതിനേക്കാൾ നല്ല പെണ്ണിനെ നിനക്ക് കിട്ടുമെന്ന് പറയാത്തത് എന്ത്' എന്ന് ചോദിക്കുന്ന ആ ഡയലോഗ് ഡെലിവറിയൊക്കെ ഒന്ന് കാണേണ്ടതാണ്!

ഇതുതന്നെയാണ് സോഷ്യൽ മീഡിയയിൽ യുവാക്കൾ ആഘോഷിക്കുന്നത്.
'ഇവനാണ് ഞങ്ങ പറഞ്ഞ നടൻ', 'സിനിമ പിന്നിൽ നിന്നവനെ മുന്നിലും, മുന്നിൽ നിന്നവനെ പിന്നിലും എത്തിക്കുന്ന പ്രതിഭാസമാണ്. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമങ്ങളാൽ മുന്നേറിയാൽ എന്നും മുന്നിൽ തന്നെ സ്ഥാനം പിടിക്കാം, പകരക്കാരനില്ലാതെ നസ്ലെൻ...' എന്നിങ്ങനെയുള്ള കമന്റുകളാൽ താരത്തെ അനുമോദിക്കുകയാണ് പ്രേക്ഷകർ.

തനിക്ക് കിട്ടിയ ഈ സ്റ്റാർഡം ഏൽപ്പിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും നസ്ലന് ഇപ്പോൾ ബോധ്യമുണ്ട്. -"എനിക്ക് വ്യക്തിപരമായി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ സിനിമയോടുള്ള കാഴ്‌ച്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട്. കുറച്ച് കൂടി സീരിയസായി കണ്ട് തുടങ്ങി. ഒരുപാട് പേര് ഇന്ന് നമ്മളെ ഇഷ്ടപെടുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ സന്തോഷമാണ്. ഞാനിതൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. ഇന്ന് നമ്മളെ കാണുമ്പോൾ ആളുകൾ അടുത്തേക്ക് വരുന്നു വിശേഷങ്ങൾ തിരക്കുന്നു, ഫോട്ടോയെടുക്കുന്നു. ഇതെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്."- നസ്ലൻ പറയുന്നു. ഒരു കാര്യം ഉറപ്പാണ്. ടൈപ്പ് വേഷങ്ങളിൽ തളച്ചിടപ്പെട്ടില്ലെങ്കിൽ ഈ നടൻ, വളർന്ന് പന്തലിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.

വാൽക്ക്ഷണം: മമ്മൂട്ടിയെ കാണാനായി ജൂനിയർ ആർട്ടിസ്റ്റായി പോക്കിരിരാജയിൽ കയറിക്കൂടിയ നെസ്ലന്റെ ചിത്രവും, മമ്മൂട്ടിച്ചിത്രം ഭ്രമയുഗവും ഒരേ സമയാത്താണ് തീയേറ്ററിൽ എത്തിയത്. കൂടുതൽ കളക്ഷൻ കിട്ടിയത് ആവട്ടെ നസ്ലന്റെ പ്രേമലുവിനും! കാലം പലപ്പോഴും അങ്ങനെയാണ്.