- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടുടുത്ത മോദിയെപ്പോലെ ഇവിടെ പൈജാമയിട്ട മോദി!
ലൂസിഫർ സിനിമയിൽ, പി കെ രാംദാസ് എന്ന വന്മരം വീഴുമ്പോൾ, അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കച്ചകെട്ടിവരുന്ന മകൻ ജിതിൻ രാംദാസ് എന്ന ടോവീനോ തോമസ് ചെയ്ത കഥാപാത്രത്തെ ഓർമ്മയില്ലേ? വിദേശത്തെ അടിപൊളി ജീവിതം ഉപേക്ഷിച്ച്, ഖദറിട്ട് ഒരു സുപ്രഭാതത്തിൽ മലയാളംപോലും ശരിക്കറിയാത്ത ആ യുവാവ് രാഷ്ട്രീയത്തിലേക്ക് കടക്കയാണ്. ശരിക്കും ഇത് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ജനപ്രിയൻ എന്ന് പറയപ്പെടുന്ന, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജീവിതമാണ്! യാത്രയും, എഴുത്തും, സംഗീതവും, ബിസിനസുമായി ഒരു ക്രോണിക്ക് ബാച്ചിലറായി ജീവിതം ആഘോഷിക്കുമ്പോഴാണ്, നവീൻ പട്നായിക്കിന് പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് വരേണ്ടിവന്നത്.
പിതാവും ഒറിയ രാഷ്ട്രീയത്തിലെ അതികായനുമായ ബിജു പട്്നായിക്കിന്റെ മരണം സൃഷ്ടിച്ച ശുന്യത പരിഹരിക്കാൻ, മകൻ പാർട്ടിക്ക് നിർബന്ധമായിരുന്നു. അന്ന് ഒഡിയ ഭാഷപോലും ഡൽഹിയിൽ വളർന്ന നവീന് അറിയില്ലായിരുന്നു. ഒഡിയ ഇംഗ്ലീഷിൽ എഴുതിയെടുത്ത് കാണാതെ പഠിച്ച് തപ്പിത്തടഞ്ഞാണ് അദ്ദേഹം ആദ്യകാലത്ത് സംസാരിച്ചിരുന്നത്. പാർട്ടിയിലെ ഗ്രൂപ്പിസം അതി ശക്തമായകാലം. പ്രകൃതി ദുരന്തങ്ങളും, പട്ടിണിയുമായി ഒഡീഷ തകർന്നിരക്കുന്ന കാലം. അതുകൊണ്ടുതന്നെ കക്ഷി രാഷ്ട്രീയത്തിന്റെ കടവിറങ്ങിയിട്ടില്ലാത്ത നവീന് അധികം രാഷ്ട്രീയ ആയുസില്ല എന്ന് എല്ലാവരും വിധിയെഴുതി.
പക്ഷേ അവിടെയാണ് അയാൾ എല്ലാവരെയും ഞെട്ടിച്ചത്. ഒന്നും രണ്ടും വർഷമല്ല, തുടർച്ചയായി 24 വർഷമാണ് നവീൻ പട്നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രിയായയത്. ഭരണവിരുദ്ധ വികാരം ഏശാത്ത ഇന്ത്യയിലെ ഏക നേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തവണയും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കയാണ്. ബിഹാറിലെ നിതീഷ് കുമാറിനെപോലെയൊന്നും, തങ്ങൾക്ക് വഴങ്ങാത്ത നവീൻ പട്നായിക്കിനെയും, ബിജു ജനതാദൾ എന്ന രാഷ്ട്രീയ പാർട്ടിയെയും തറപറ്റിക്കുക എന്ന ലക്ഷ്യവുമായാണ്, ബിജെപി കച്ചമുറുക്കുന്നത്്. മണ്ണിന്റെ മക്കൾ വാദവും, ഹിന്ദുത്വവികാരവും ആളിക്കത്തിച്ച് മോദി- അമിത് ഷാ ടീം കാടിളക്കി പ്രചാരണം നടത്തുമ്പോൾ, നവീൻ പട്നായിക്ക് എന്ന 78കാരനായ രാഷ്ട്രീയ നേതാവും അതേ നാണയത്തിൽ തിരിച്ചടിക്കയാണ്. ബിജെപിയുടെ വാട്ടർലൂവാകും ഇതെന്നാണ് നവീൻ പറയുന്നത്.
പക്ഷേ നവീൻ പട്നായിക്ക് ഇപ്പോൾ കടുത്ത അനാരോഗ്യമുണ്ട്. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായിയും മുൻ തമിഴ്‌നാട് കേഡൻ ഐഎഎസ് ഓഫീസറും, ഇപ്പോൾ പാർട്ടിയിൽ രണ്ടാമനുമായ വി കെ പാണ്ഡ്യന്റെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറുന്ന പട്നായിക്കിന്റെ ചിത്രങ്ങളാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. പട്നായിക്കിന്റെ അനാരോഗ്യം കാരണം ഈ തമിഴനാണ് സംസ്ഥാനം ഭരിക്കുന്നത് എന്നും അവർ ആരോപിക്കുന്നു. ബിജെപി അധികാരത്തിലേറിയാൽ, ഒഡിയ ഭാഷ സംസാരിക്കുന്ന നേതാവിൻെ മുഖ്യമന്ത്രിയാക്കുമെന്നും പറയുന്നത്, പ്രാദേശിക നേതാക്കളല്ല, മോദിയും, അമിത് ഷായുമൊക്കെയാണ്. പട്നായിക്കിനെ ആരോഗ്യതകർച്ചക്ക് പിന്നിൽ പാണ്ഡ്യനാണെന്നും അവർ ആരോപിക്കുന്നു. 'ഒഡിയ അസ്മിത' (ഒഡിയ പ്രൈഡ്) വിഷയം ഉയർത്തിക്കാട്ടിാ മണ്ണിന്റെ മക്കൾ വാദം ഉയർത്തിയാണ് ബിജെപിയുടെ പ്രചാരണം.
പക്ഷേ ഇതും അതിന്റെ അപ്പുറവും, കണ്ടതാണ് നവീൻ പട്നായിക്ക് എന്നും, ഈ കാമ്പയിനെയും അദ്ദേഹം അതിജീവിക്കുമെന്ന് കരുതുന്നവരുമുണ്ട്. തീർത്തും അസാധാരണമായ ഒരു ജീവിതം തന്നെയാണ്, അദ്ദേഹത്തിന്റെത്.
ആഘോഷത്തിമർപ്പിന്റെ യൗവനം
ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെയും ഭാര്യ ഗ്യാൻ ദേവിയുടെയും മകനായി 1946 ഒക്ടോബർ 16 ന് ഒഡീഷയിലെ കട്ടക്കിലാണ് നവീൻ ജനിച്ചത്. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്‌കൂളിലും, പിന്നീട് ദ ഡൂൺ സ്‌കൂളിലുമാണ് വിദ്യാഭ്യാസം നേടിയത്. ഡൂണിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയും രാജീവ് ഗാന്ധിയുടെ ജൂനിയറുമായിരുന്നു. സ്‌കൂളിനുശേഷം, അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൽ കോളേജിൽനിന്ന് ബി എ ബിരുദം നേടി.
സാംസ്‌കാരിക സദസ്സുകളും, ഫാഷനും, വായനയും എഴുത്തുമായി അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന യൗവനകാലമായിരുന്നു നവീനിന്റേത്. ദർബാർ എന്ന പുസ്തകത്തിൽ പത്രപ്രവർത്തകയും നവീന്റെ സുഹൃത്തുമായ തവ്ലീൻ സിങ് നവീനുമൊരുമിച്ച് സ്ഥിരമായി കറങ്ങാൻ പോകുന്നതും പാർട്ടികൾക്ക് പോകുന്നതും ഓർമിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് തന്റെ അച്ഛനെ ജയിലിലടച്ച ഇന്ദിരാഗാന്ധിയുടെ മകൻ രാജീവിന്റെ പാർട്ടിയിൽ പോകാൻ നവീൻ മടിച്ചതും പിന്നീട് പോയപ്പോൾ സോണിയയോട് കുശലം ചോദിച്ചതും തവ്ലീൻ സിങ് എഴുതിയിട്ടുണ്ട്.
ഒരു ദിവസം നവീന്റെ വീട്ടിലെ ഡ്രോയിങ് മുറിയിൽ തവ്ലീൻ കണ്ടത് സൽമാൻ റുഷ്ദിയെയാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വലിൻ ലീ കെന്നഡി, ഇംഗ്ലീഷ് സംഗീതജ്ഞൻ മൈക്ക് ജാഗ്ഗർ, ഇംഗ്ലീഷ് എഴുത്തുകാരൻ ബ്രൂസ് ചാറ്റ്‌വിൻ, നടിയും ആൻഡ്ര്യൂ രാജകുമാരന്റെ കാമുകിയുമായിരുന്ന കൂ സ്റ്റാർക്ക്, ഓസ്‌കർ പുരസ്‌കാര ജേതാവായ നടൻ റോബർട്ട് ഡി നിറോ എന്നിവരെല്ലാം ഇന്ത്യ കാണാൻ എത്തുമ്പോൾ ആതിഥേയനായത് നവീനായിരുന്നു.
പുത്തൻ ഫാഷനുകളെ യുവാവായ നവീൻ ഒരുപാട് പ്രണയിച്ചിരുന്നു. സൈക്കേ ഡൽഹി എന്ന പേരിൽ സ്വന്തമായൊരു ബൊട്ടീക്ക് തുടങ്ങി, അതും ഡൽഹിയിലെ ഒബ്രോയ് ഹോട്ടലിൽ. വിശ്വവിഖ്യാതരായ ബീറ്റിൽസ് വരെ നവീന്റെ കടയിലെ ഇടപാടുകാരായി. ലണ്ടനിലെ ഷോറൂമുകളിലേക്ക് ഇവിടെനിന്ന് വസ്ത്രങ്ങളയച്ചുതുടങ്ങി. ലണ്ടനിൽ നവീൻ ഇടക്കിടെ സന്ദർശനം നടത്തി. എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനായി.
അങ്ങനെ 50 വയസ്സായിട്ടും ക്രോണിക്ക് ബാച്ചിലറായി അർമാദിച്ച് ജീവിക്കുന്നതിനിടെയാണ് പിതാവ് ബിജു പട്നായിക്കിന്റെ മരണവാർത്ത എത്തുന്നത്.
പിതാവിന്റെ പാത പിന്തുടരുന്നു
മക്കളെ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറക്കാൻ താൽപ്പര്യപ്പെടാത്ത നേതാവയിരുന്നു ബിജു പട്നായിക്ക്. കലിംഗപുത്രൻ എന്നറിയപ്പെടുന്ന ബിജു പട്‌നായിക് ബ്രിട്ടന് കീഴിലുണ്ടായിരുന്ന റോയൽ ഇന്ത്യൻ എയർഫോഴ്‌സിൽ പൈലറ്റായിരരുന്നു. അവിടെവെച്ച് ദേശീയ സമരത്തിൽ പങ്കെടുക്കുകയും, ബ്രിട്ടന്റെ വിമാനങ്ങളുപയോഗിച്ച് തന്നെ ദേശീയ പ്രസ്ഥാനത്തിന് സഹായം ചെയ്തു. അതിന് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ജയിലിലടച്ചു. ഭാര്യ ജ്ഞാൻവതി പട്‌നായിക്കും പൈലറ്റായിരുന്നു. ഇന്ത്യയിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ വനിതയാണവർ.
പിന്നുട് കോൺഗ്രസിന്റെ കരുത്തനായ നേതാവായി വളർന്ന ബിജു ഒഡീഷയുടെ മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നെങ്കിലും 1969-ൽ അവർ ഇടഞ്ഞു. അതിന്റെ പേരിൽ അദ്ദേഹം സ്വന്തം പാർട്ടിയുണ്ടാക്കി. അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസത്തിനുശേഷം ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലും അദ്ദേഹം തലമുതിർന്ന നേതാവായി. മൊറാർജി ദേശായിയുടെയും ചരൺ സിങ്ങിന്റെയും മന്ത്രിസഭകളിൽ അംഗമായി. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രിയായി.
ആരെയും കൂസാത്തയാളായിരുന്നു ബിജു പട്‌നായിക്. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ ആവശ്യപ്രകാരം പൈലറ്റായ ബിജു പട്‌നായിക് ഭാര്യ ജ്ഞാനവതിക്കൊപ്പം ഇൻഡൊനീഷ്യയിലേക്ക് വിമാനം പറത്തിയ ചരിത്രമുണ്ട്. ഡച്ച് പട്ടാളക്കാരുടെ തോക്കുകളെ വകവെക്കാതെ ഇൻഡൊനീഷ്യയിലെ സ്വാതന്ത്ര്യസമര പോരാളികളെ വിമാനത്തിൽ കയറ്റി ഇന്ത്യയിലെത്തിച്ചു. ഹോണററി പൗരത്വവും ഭൂമി പുത്ര എന്ന ഉന്നത ബഹുമതിയും നൽകിയാണ്് ഇൻഡൊനീഷ്യ അവരുടെ ആദരവ് അർപ്പിച്ചത്. ഹിറ്റ്‌ലറുടെ പട്ടാളത്തോട് എതിരിടാൻ സഹായിച്ചതിന് സോവിയറ്റ് യൂണിയന്റെ വക ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതിയും ബിജു പട്‌നായിക്കിന് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. കലിംഗ എയർവേസ് എന്ന പേരിൽ സ്വന്തമായി വിമാനക്കമ്പനി അദ്ദേഹം സ്ഥാപിച്ചു. കലിംഗ എന്ന പേരിൽ പത്രം, അയേൺ വർക്ക്, വ്യവസായ ശാലകൾ എന്നിവയെല്ലാം അദ്ദേഹം സ്വന്തമായി തുടങ്ങി. ശാസ്ത്രപ്രചാരകർക്ക് യുനസ്‌കോ ഇപ്പോഴും നൽകിവരുന്ന കലിംഗ പ്രൈസ് ബിജു പട്‌നായിക് നൽകിയ തുകയിൽ നിന്ന് ആരംഭിച്ചതാണ്. ഒഡിഷയിൽ ഇന്ന് കാണുന്ന പല വ്യവസായശാലകളും ബിജു പട്‌നായിക് മുഖ്യമന്ത്രിയായപ്പോഴാണ് തുടങ്ങിയതെന്ന് പറയുമ്പോൾ മനസ്സിലായല്ലോ അദ്ദേഹത്തോട് ജനങ്ങൾക്കുള്ള സ്‌നേഹത്തിന്റെ കാരണം.
1997 ഏപ്രിലിൽ ഡൽഹിയിൽ വച്ചാണ് ബിജു പട്‌നായിക് മരിച്ചത്. അന്നദ്ദേഹം ലോക്‌സഭാംഗമായിരുന്നു. ഇന്ത്യയുടെയും ഇൻഡൊനീഷ്യയുടെയും റഷ്യയുടെയും ദേശീയപതാകകൾ പുതപ്പിച്ച മൃതദേഹം ഒഡിഷയിൽ ജനസഹസ്രങ്ങൾക്കിടയിലേക്കാണ് കൊണ്ടുപോയത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ അഞ്ച് ലക്ഷത്തിലേറെപ്പേർ പുരിയിൽ തടിച്ചുകൂടി. ജനങ്ങൾ വാവിട്ടുകരഞ്ഞു.
ബിജുപട്നായിക്കിന്റെ കുടുംബത്തിൽനിന്ന് ഒരാളെങ്കിലും മത്സരിക്കണമെന്ന്, പ്രധാനമന്ത്രി ഐ കെ ഗുജ്റാൾ പറഞ്ഞതാണ് സത്യത്തിന്റെ നവീന്റെ മനസ്സുമാറ്റിയത്. ഡൽഹിയിൽ ബിസിനസ് നടത്തുന്ന, ജ്യേഷ്ഠൻ പ്രേം പട്‌നായിക് ആദ്യം തന്നെ ഒഴിഞ്ഞു. എഴുത്തുകാരിയായ സഹേദരി ഗീത മേഹ്ത ഭർത്താവ് സോണി മേഹ്തക്കൊപ്പം അമേരിക്കയിൽ സ്ഥിരതാമസവുമാണ്. ഇതോടെയാണ് നവീന് നറുക്കുവീണത്. അങ്ങനെയാണ് അയാൾ രാഷ്ട്രീയ ഗോദയിൽ ഇറങ്ങുന്നത്. ടീ ഷർട്ടും ജീൻസും ഒഴിവാക്കി രണ്ടേ രണ്ട് സെറ്റ് വെള്ള കുർത്തയും പൈജാമയുമായി അദ്ദേഹം പിന്നീട് ജീവിച്ചു.
സ്വന്തമായി പാർട്ടിയുണ്ടാക്കുന്നു
സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് തീർത്തും അപരിചിതനായ നവീൻ പട്‌നായിക്, ആസ്‌ക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തു. 56 ശതമാനം വോട്ടോടെ വിജയിക്കുകയും ചെയ്തു. ഹിന്ദിയും, ഫ്രഞ്ചും, ഇംഗ്ഗീഷും, പഞ്ചാബിയും ഒഴുക്കോടെ സംസാരിക്കുന്ന എന്നാൽ ഒഡിയ മാത്രം അറിയാത്ത നീവൻ അങ്ങനെ ഒഡീഷയുടെ നേതാവായി.പക്ഷേ പിന്നീട് അങ്ങോട്ട് നവീനിന് കടുത്ത കാലമായിരുന്നു. ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പിസവും പരിഹരിക്കയായിരുന്ന് ഏറെ ശ്രമം പിടിച്ചത്. മുമ്പേ ദളിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. നവീനിന്റെ പിതാവ് ബിജു പട്നായിക്കിനായിരുന്നു, നേരത്തെ പ്രധാനമന്ത്രി സ്ഥാനം കിട്ടേണ്ടിയിരുന്നത്. പക്ഷേ പാർട്ടിയിലെ ഗ്രൂപ്പിസംമൂലം അത് ദേവഗൗഡക്ക് പോയി. ബിജു പട്നായിക്കിനെപ്പോലുള്ള ഒരു കരുത്തനാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ ഗതിതന്നെ മാറുമായിരുന്നെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ആ ഗ്രൂപ്പിസവും പ്രാദേശിക പ്രശ്നങ്ങളും രൂക്ഷമായതോടെ നവീനിനെ അനുകൂലിക്കുന്നവർ സ്വന്തമായി പാർട്ടിയുണ്ടാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നവീൻ പട്‌നായിക്കിനെ പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ട് ബിജു ജനതാദൾ എന്ന പാർട്ടി 1997 ഡിസംബറിൽ രൂപവത്കരിക്കുന്നത്. പുരി ജഗന്നാഥന്റെ അടയാളങ്ങളിലേതെങ്കിലും ചിഹ്നമായി സ്വീകരിക്കാമെന്ന തീരുമാനത്തിലെത്തി. ഗദയും താമരയും ചക്രവും ശംഖുമൊക്കെയാണ് പുരിയുടെ സാംസ്‌കാരിക അടയാളങ്ങൾ. താമര ബിജെപിയുടെയും ചക്രം ജനതാദളിന്റെയും ചിഹ്നങ്ങൾ. ഗദ ആർക്കും പിടിച്ചില്ല. അങ്ങനെ അവസാനം ശംഖ് പുതിയ പാർട്ടിയുടെ ചിഹ്നമായി മാറി.
പിന്നെ കാണുന്നത് പാർട്ടിയിലെ വിമതരെയും തന്നോട് കുറുപുലർത്താത്തവരെയും നിഷ്‌ക്കരണുണം ഒതുക്ക നീവൻ പട്നായിക്കിനെയാണ്. കൊട്ടാര വിപ്ലവക്കാരിൽ പലരും ഇരുട്ടിവെളുക്കും മുമ്പ് പുറത്തായി. വാജ്പേയിയുമായി അടുത്ത ബന്ധമുള്ള നവീൻ എൻഡിഎയുമായി സഖ്യമുണ്ടാക്കി. അങ്ങനെ 2000ത്തിലെ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട അദ്ദേഹത്തിന് പിടിച്ചില്ല. ഒഡീഷയിലെ കാണ്ഡമാലിൽ അടക്കം ബിജെപി ക്രൈസ്തവർക്കെതിരെ നടത്തിയ ആക്രമണങ്ങളായിരുന്നു സഖ്യം ഉപേക്ഷിക്കാനുള്ള കാരണം. 2009-ൽ ബിജെപിയുമായി സഖ്യം പിരിഞ്ഞിട്ടും ബിജെഡി ഒഡീഷയിൽ ജയിച്ചുകയറി.
2014-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിലും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും പട്‌നായിക് വൻ വിജയം നേടി. ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിൽ 20 ഉം, 147 നിയസമഭാ സീറ്റുകളിൽ 117ഉം പട്‌നായിക്കിന്റെ ബിജു ജനതാദൾ നേടി. 2019-ൽ രാജ്യത്തുടനീളം ശക്തമായ ബിജെപി തരംഗമുണ്ടായിട്ടും, ഒഡീഷയിലെ നിയമസഭയിലെ 146ൽ 112 സീറ്റുകളിലും, 21 അംഗ ലോക്‌സഭയിൽ 12 സീറ്റുകളിലും നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാദൾ വിജയിച്ചു. ഒരു തരംഗത്തിനും അദ്ദേഹത്തെ പിടിച്ചുകെട്ടാനായില്ല.
ഈ ജനപ്രീതി എന്തുകൊണ്ട്?
24 വർഷവും 166 ദിവസവും സിക്കിമിലെ മുഖ്യമന്ത്രി കസേരയിലിരുന്ന പവൻ കുമാർ ചാംലിങാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നു വ്യക്തി. അതിന്റെ തൊട്ടടുത്താണ് ഇപ്പോൾ നവീൻ പട്നായിക്കുള്ളത്. എന്തുകൊണ്ട് ഇത്രയും കാലം യാതൊരു ഭരണവിരുദ്ധ വികാരവും ഏശാതെ നീവീൻ പിടിച്ചു നിന്നും എന്ന കാര്യത്തിൽ പല പഠനങ്ങളും നടന്നിട്ടുണ്ട്.
നവീൻ ഭരണമേൽക്കുമ്പോൾ ഒഡിഷ അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലായിരുന്നു. കൊടുങ്കാറ്റ് സംസ്ഥാനത്തിന്റെ പകുതിയോളം ഭാഗത്തെയും അവിടുത്തെ ജീവിതങ്ങളെയും കശക്കിയെറിഞ്ഞിരുന്നു. ദാരിദ്ര്യം കൊണ്ട് കുട്ടികളെ വിൽക്കുന്ന കാലാഹണ്ടി പോലുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാത്രമാണ് ഒഡിഷയിൽ നിന്ന് അക്കാലത്ത് വന്നുകൊണ്ടിരുന്നത്. ഒഡിഷയിലെ ഏത് മരണവും പട്ടിണിമരണമായി വ്യാഖ്യാനിക്കപ്പെടുന്ന കാലം. നവീൻ സർക്കാരുകൾ പ്രകൃതിദുരന്തങ്ങളെയും ദാരിദ്ര്യത്തെയും ധീരമായി നേരിട്ടു. തങ്ങൾക്കൊരു നാഥനുണ്ടെന്ന തോന്നലുണ്ടാക്കാൻ നവീൻ ബാബുവിന് കഴിഞ്ഞു എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം എന്നാണ് ഈ പഠനങ്ങളിൽ പറയുന്നത്.
പൊതുവിതരണ സമ്പ്രദായത്തിലെ ചോർച്ചകൾ പരിഹരിച്ചുകൊണ്ട് അവതരിപ്പിച്ച ഒരു രൂപയ്ക്ക് ഒരു കിലോ അരിയും അഞ്ച് രൂപയ്ക്ക് ആഹാരം കിട്ടുന്ന ആഹാർ പദ്ധതിയും പട്ടിണിയെ പരിഹരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. പ്ലാസ്റ്റിക്കിന് പകരം ഭക്ഷണം എന്ന പദ്ധതി ദാരിദ്ര്യനിർമ്മാർജനത്തെയും മാലിന്യനിർമ്മാർജനത്തെയും കൂട്ടിക്കെട്ടി. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി സഹകരിച്ചായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്. ജഗ മിഷൻ ചേരിനിവാസികളുടെ ഭൂഅവകാശങ്ങളെ ലക്ഷ്യം വെച്ചപ്പോൾ കാലിയ (കൃഷക് അസിസ്റ്റൻസ് ഫോർ ലിവ്‌ലിഹുഡ് ആൻഡ് ഇൻകം ആർഗ്യുമെന്റേഷൻ) പദ്ധതി ചെറുകിട കർഷകർക്ക് വേണ്ടിയുള്ളതായിരുന്നു. ബിജു സ്വാസ്ഥ്യ കല്യാണ യോജന പോലുള്ള ആരോഗ്യപദ്ധതികൾ, പുതിയ ആദിവാസി നിയമങ്ങൾ, വയോജനങ്ങൾക്കായുള്ള മധു ബാബു പെൻഷൻ പദ്ധതി തുടങ്ങിയ നൂറുകണക്കിന് പദ്ധതികൾ നവീൻ പട്‌നായിക് ഭരണത്തിന്റെ മികവിന്റെ ഉദാഹരണങ്ങളായി ജനം കണ്ടു.
നവീൻ പട്‌നായിക് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തുപറയാവുന്നത് ദുരന്തനിവാരണ രംഗത്തെ ഇടപെടലുകളാണ്. എല്ലാക്കാലത്തും കൊടുങ്കാറ്റും പ്രളയവും കൊണ്ട് കഷ്ടപ്പെടുന്ന ഒഡിഷയിൽ 2013-ൽ ഫൈലിനും 2019-ൽ ഫാനിയും വീശിയപ്പോൾ ലക്ഷക്കണക്കിന് ജനങ്ങളെ നിമിഷനേരം കൊണ്ട് അപകടം പറ്റാതെ രക്ഷിക്കാൻ സർക്കാരിനായി. കാര്യക്ഷമമായ ഒഡിഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റിയും ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ആധുനിക കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുമെല്ലാം ഒഡിഷയെന്ന ദുരന്തഭൂമിയുടെ തലവര മാറ്റി.
ജനങ്ങൾക്ക് നവീൻ ബാബുവിനോടുള്ള ഇഷ്ടത്തിന് മറ്റൊരു കാരണം അദ്ദേഹം അഴിമതി ചെയ്യില്ലെന്ന കടുത്ത വിശ്വാസമാണ് എന്ന് പല മാധ്യമ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്." നവീൻ ബാബു എന്തിന് അഴിമതി ചെയ്യണം, അദ്ദേഹത്തിന് ധാരാളം സ്വത്തുണ്ടല്ലോ, ഭാര്യയോ മക്കളോ ഇല്ലാത്ത അദ്ദേഹം അഴിമതി കാണിക്കില്ല, അദ്ദേഹത്തിന്റെ പാർട്ടിക്കാർ തെറ്റുചെയ്‌തേക്കാം അദ്ദേഹമത് ചെയ്യില്ല, സ്വന്തം മന്ത്രിമാർ അഴിമതി കാണിച്ചാൽ പോലും അദ്ദേഹം അവരെ ശിക്ഷിക്കും -" ഇങ്ങനെ നവീൻ പട്‌നായിക് എന്ന മുഖ്യമന്ത്രിയെ അന്ധമായി ആരാധിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതികരണം അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സുഹൃത്തും പത്രപ്രവർത്തകനുമായ റൂബൻ ബാനർജി തന്റെ പുസ്തകത്തിൽ എടുത്തുകാണിച്ചിട്ടുണ്ട്.
നവീൻ പട്‌നായിക്കിന്റെ ആരാധകരിലേറെയും സ്ത്രീകളാണ്. ഒഡിഷ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതികൾ പരിശോധിച്ചാൽ സ്ത്രീ വോട്ടർമാർ ഭൂരിഭാഗവും എപ്പോഴും ബിജു ജനതാദളിനെ പിന്തുണയ്ക്കുന്നതായി കാണാം. നവീൻ പട്‌നായിക്കിനും ഇക്കാര്യം അറിയാം. അതുകൊണ്ടാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വാശിയേറിയ മത്സരമായിട്ടുപോലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ സീറ്റുകളിൽ 33 ശതമാനവും സ്ത്രീകൾക്കായി നവീൻ മാറ്റിവെച്ചത്. വിജയിച്ച 12 ബി.ജെ.ഡി എംപിമാരിൽ അഞ്ചുപേർ സ്ത്രീകളാണ്. .
മറ്റ് നേതാക്കളെപ്പോലെ വിദേശയാത്രകളിലോ പത്രാസിലോ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലോ ഒന്നും നവീൻ പട്‌നായിക്കിന് കമ്പമില്ല.
മുഖ്യമന്ത്രിയായതിനുശേഷം 12 വർഷത്തിനുശേഷം 2012-ൽ മാത്രമാണ് നവീൻ ആദ്യമായി വിദേശപര്യടനം നടത്തുന്നത്. യു.കെയിലേക്കുള്ള യാത്ര തികച്ചും ഔദ്യോഗികമായിരുന്നു താനും. മാധ്യമങ്ങൾക്ക് പരമാവധി പിടികൊടുക്കാതെ കടന്നുകളയാനാണ് നവീൻ പട്നായിക്ക് ശ്രമിക്കുക.
പൈജാമയിട്ട മോദി
ഇങ്ങനെ ഒരുപാട് നല്ല വശങ്ങൾ ഉണ്ടെങ്കിലും വിമർശനങ്ങളും നവീൻ പട്നായിക്കിനുനേരെ ഒരുപാട് ഉണ്ട്. എതിരാളികളെ അടിച്ചൊടുക്കുന്ന കാര്യത്തിൽ അദ്ദേഹം ഫാസിസ്റ്റാണ്. പിണറായിയെ മുണ്ടുടുത്ത മോദി എന്ന് പറയുന്നതുപോലെ, പൈജാമയിട്ട മോദി എന്നാണ് ഈയിടെ എഴുത്തുകാരൻ രാമചന്ദ്രഗുഹ നവീനിനെ വിശേഷിപ്പിച്ചത്. വൻകിട കോർപ്പറേറ്റ് കമ്പനികളുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തവം വിവാദമായി. വേദാന്ത അലുമിനിയം കമ്പനിയുടെ ഒഡിഷയിലെ ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കടുത്ത ആരോപണങ്ങളും ജനകീയ സമരങ്ങളും നവീന് ഏശുന്നില്ല. ഖോണ്ട് ഗോത്രവിഭാഗക്കാർ ഖനനത്തിനെതിരെ നടത്തുന്ന ചെറുത്തുനിൽപ്പുകളെ നവീൻ കാര്യമാക്കുന്നേയില്ല.
നവീനെതിരെയുള്ള മറ്റൊരു പ്രധാന ആരോപണം ബ്യൂറോക്രസിക്ക് അദ്ദേഹം നൽകുന്ന അമിതപ്രാധാന്യമാണ്. പഴയ ഉദ്യോഗസ്ഥനായ പ്യാരി മൊഹാപത്ര ആയിരുന്നു ഒരുകാലത്ത് നവീന്റെ വിശ്വസ്തൻ. പിന്നീട് ധാരാളം ഐ.എ.എസ്. ഉദ്യോഗസ്ഥർ നവീന് വേണ്ടി ഭരണം നടത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. പാണ്ഡ്യനാണ് വലംകൈയായി കൂടെയുള്ളത്.
തമിഴ്‌നാട്ടുകാരനായ പാണ്ഡ്യൻ 2000 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ഇപ്പോഴത്തെ മിഷൻ ശക്തി സെക്രട്ടറിയും ഒഡിഷക്കാരിയുമായ സുജാത റൗതാണ് അദ്ദേഹത്തിന്റെ ഭാര്യ. നവീന് വേണ്ടി പാർട്ടിപരിപാടികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോലും സംഘടിപ്പിക്കുന്നത് പാണ്ഡ്യനാണെന്നാണ് ബി.ജെ.ഡിക്കാർ പോലും അടക്കിപ്പിടിച്ച് സംസാരിക്കുന്നത്. ഇപ്പോൾ പാണ്ഡ്യൻ ഐഎഎസ് രാജിവെച്ച് നവീൻ പട്നായിക്കിന് പിന്നിൽ അണിനിരക്കയാണ്.
പാർട്ടിയുടെ ഉന്നത നേതാക്കൾക്കുവരെ നവീൻ പട്‌നായിക്കുമായുള്ള ബന്ധം പാണ്ഡ്യൻ വഴി മാത്രമായി ചുരുങ്ങിയിട്ടുണ്ട്. ബിജു ജനതാദളിൽ ഒരു രണ്ടാം നിര നേതൃനിര വളർത്താൻ താത്പര്യപ്പെടാത്ത നവീൻ തന്റെ പിൻഗാമിയായി കാണുന്നതുപോലും പാണ്ഡ്യനെയാണെന്നാണ് ആരോപണം. നവീന്റെ ജ്യേഷ്ഠൻ പ്രേമിന്റെ മകൻ അരുൺ പട്‌നായിക്കിന്റെ പേര് പിൻഗാമിയായി പറഞ്ഞുകേൾക്കുമെങ്കിലും രാഷ്ട്രീയത്തിൽ അരുണിന് അത്ര താത്പര്യമില്ല. അതുകൊണ്ടുതന്നെ ഇനി ഒഡീഷയിൽ തമിഴന്റെ ഭരണം വരും എന്നാണ് ബിജെപി കൊണ്ടുപിടിച്ച് പ്രചരിപ്പിക്ുകന്നത്.
കഴിഞ്ഞ ദിവസം ഒഡീഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തിട്ടത് ഇതേ വിഷയമാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "ഈയിടെയായി നവീൻ ബാബുവിന്റെ അഭ്യുദയകാംക്ഷികൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എത്രത്തോളം വഷളായതാണെന്ന് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ കാണുമ്പോഴെല്ലാം നവീൻ ബാബുവിന്റെ ആരോഗ്യത്തെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. പലരും വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്," മോദി പറഞ്ഞു.
അതായത് വി കെ പാണ്ഡ്യൻ ഒഡീഷ മുഖ്യമന്ത്രിക്ക് സ്ലോ പോയിസൺ വരെ നൽകുകയാണെന്നാണ് പ്രധാനമന്ത്രിയടക്കമുള്ളവർ പറയാതെ പറയുന്നത്. വികെ പാണ്ഡ്യനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആക്രമണം ശക്തമാക്കി. ഒഡീഷയിൽ മുഖ്യമന്ത്രിക്കു പുറകിൽ നിന്ന് ഒരു തമിഴനാണോ സർക്കാരിനെ നയിക്കേണ്ടതെന്നതാണ് അമിത് ഷാ ചോദിക്കുന്നത്. ഒഡീഷയിൽ ബിജെപി സർക്കാർ ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
"ഒഡീഷയിലെ ജനങ്ങൾ തങ്ങളുടെ അഭിമാനത്തിനായി അശോക ചക്രവർത്തിക്കെതിരെ ധീരമായി പോരാടി, നിരവധി ജീവൻ ബലിയർപ്പിച്ചു, എന്നിട്ടും അവർ ഒരിക്കലും തലകുനിച്ചില്ല. എന്നാൽ, ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രി തമിഴ് മുഖ്യമന്ത്രിയെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ വളരെയധികം സഹിച്ചു, പക്ഷേ നിങ്ങളുടെ പേരിൽ ഈ ഉദ്യോഗസ്ഥനെ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല, "ഭദ്രക് ലോക്‌സഭാ മണ്ഡലത്തിലെ ചാന്ദ്ബലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു. അതായത് ബിജെപി പതിനെട്ട് അടവുകളും പയറ്റുകയാണ്.ഇത്തവണ നവീൻ ബാബു നേരിടുന്നത് ശരിക്കും അഗ്നിപരീക്ഷയാണെന്ന് ചരുക്കം.
വാൽക്കഷ്ണം: ഒഡീഷക്കാർക്ക് രാമക്ഷേത്രത്തിന് സമാനമായ വികാരമുള്ള ക്ഷേത്രമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഇത്തവണ അവിടെ നടന്ന അഴിമതികളും നവീൻ പട്നായിക്ക് സർക്കാറിന് വലിയ വിമർശനം ഉണ്ടാക്കുന്നുണ്ട്. ക്ഷേത്രത്തിലെ രത്നഭണ്ഡാരം ബിജെഡി കൊള്ളയടിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നാൽ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തുമെന്നും ബിജെഡി സർക്കാർ ഒളിപ്പിച്ചവെക്കാൻ ശ്രമിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു കൊണ്ടുവരുമെന്നും എല്ലാ റാലികളിലും മോദിയും- അമിത് ഷായും പറയുന്നുണ്ട്.