കഥകളി പഠിച്ചതിന് ഒരു മുസ്ലീം ചെറുപ്പക്കാരനെ ഊരുവിലക്കി എന്ന് പറഞ്ഞാല്‍ ഇന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ 90കളുടെ അവസാനത്തത്തില്‍ വടക്കെ മലബാറില്‍ എന്‍ഡിഎഫ് എന്ന ഇസ്ലാമിക മതമൗലികവാദ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മലപ്പുറം പടിഞ്ഞാറ്റും മുറിയില്‍ രണ്ട് സ്ത്രീകളെ വേശ്യവൃത്തി ആരോപിച്ച് പരസ്യമായി തലമൊട്ടയിടിച്ചു. അങ്ങാടിപ്പുറത്ത് നോമ്പിന് അസുഖം ബാധിച്ച ഒരു കുട്ടി ഭക്ഷണം കൊണ്ടുവന്നതിന് ആ കുട്ടിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം. വാര്‍ത്തയാവാത്ത എത്രയോ സദാചാര പീഡനങ്ങള്‍!

ഒരു മുസ്ലീം പെണ്‍കുട്ടിയും ആണ്‍കുട്ടിയും സംസാരിക്കുന്നുവെന്ന് കണ്ടാല്‍ അപ്പോള്‍ സദാചാര ആങ്ങളമാരായി എന്‍ഡിഎഫുകാര്‍ എത്തും. ആ ആണ്‍കുട്ടി മറ്റ് സമുദായത്തില്‍പെട്ട ആളാണെങ്കില്‍ പറയുകയും വേണ്ട. പല ചെറുപ്പക്കാരും ഇങ്ങനെ ഗുരുതരമായി മര്‍ദിക്കപ്പെട്ടു. മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം താഴുന്നുണ്ടോ എന്ന് നോക്കലും, അവര്‍ സംസാരിക്കുന്നത് പരിശോധിക്കലും, വീട്ടുകാരെ അറിയിക്കലമൊക്കെയായി എന്‍ഡിഎഫ് എന്ന വിധ്വംസക സംഘടന ഉത്തര മലബാറിലും, വിശിഷ്യാ മലപ്പുറം ജില്ലയിലും പിടിമുറുക്കിയ കാലമായിരുന്നു അത്. മലപ്പുറം ജില്ലയിലെ ചില തീയേറ്റുകള്‍ക്ക് തീയിട്ടതും, പൈപ്പ് ബോംബ് കേസുമൊക്കെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക്ശേഷമുള്ള, മുസ്ലീം ചെറുപ്പക്കാരിലെ രാഷ്ട്രീയ അസ്വസ്ഥതയും എന്‍ഡിഎഫ് നന്നായി മുതലെടുത്തു. മുമ്പ് സിമി ഉയര്‍ത്തിയ തീവ്രവാദ രാഷ്ട്രീയം സത്യത്തില്‍ പ്രായോഗികമാക്കിയത്, നാഷണല്‍ ഡെമോക്രാറ്റിക്ക് ഫ്രന്റ് എന്ന സെക്യുലര്‍ പേരുണ്ടായിരുന്നു എന്‍ഡിഎഫ് ആയിരുന്നു. നേരത്തെ നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ തുടങ്ങിയ സംഘടനയും, അബ്ദുല്‍ നാസര്‍ മദനിയുടെ ഐഎസ്എസും എന്‍ഡിഎഫിന്റെ ചെറു പതിപ്പുകള്‍ മാത്രമായിരുന്നു. ( മദനി പിന്നീട് തീവ്രവാദത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടിയായ പിഡിപിയിലേക്ക് മാറി. അത്രയും നല്ലത്)

മലപ്പുറത്ത് തുടര്‍ച്ചയായി ആക്രമണപരമ്പരകള്‍ നടത്തി എന്‍ഡിഎഫ് മുന്നേറുന്ന 90-കളിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ലീഗ് ഫലത്തില്‍ അതിനെതിരെ ഒന്നും ചെയ്തില്ല. മാത്രമല്ല, തീവ്രവാദികള്‍ക്ക് വേണ്ട ഒത്താശയും അവര്‍ രഹസ്യമായി ചെയ്തു കൊടുത്തു. ഇതേ നിലപാടുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രമായ മാധ്യമവും ചെയ്തത്. എന്‍ഡിഎഫിനെതിരെ എന്തെങ്കിലും നടപടികള്‍ വരുമ്പോഴേക്കും, ഇതാ മലപ്പുറം ജില്ലയെ അപമാനിക്കുന്നേ, മുസ്ലീം സമുദായത്തെ അപമാനിക്കുന്നേ എന്ന നിലവിളികളും ഇരവാദവുമായി അവര്‍ എത്തും.




അതേ രാഷ്ട്രീയ നാടകം, കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും അരങ്ങേറുകയാണ്. ജമാഅത്തെ ഇസ്ലാമി പരമാധികാര സഭയായ 'ശൂറ കൗണ്‍സില്‍' അംഗവും മീഡിയ വണ്‍ മാനേജിങ് എഡിറ്ററുമായ സി ദാവൂദ്, മീഡിയ വണ്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ സിപിഎം നേതാവും വണ്ടൂര്‍ മുന്‍ എം എല്‍ എ യും ആയിരുന്ന എന്‍ കണ്ണന്‍, അന്നത്തെ സംഭവങ്ങള്‍ പറഞ്ഞ്, എന്‍ഡിഎഫിനെതിരെ ഉന്നയിച്ച സബ്മിഷനെ തെറ്റായ രീതിയില്‍ വ്യഖാനിച്ച് സംസാരിച്ചത് വന്‍ വിവാദമായിരിക്കയാണ്. അതോടെ 90കളിലെ എന്‍ഡിഎഫ് കാലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

കണ്ണന്റെ സബ്മിഷനില്‍ പറയുന്നതെന്ത്?

സി ദാവൂദിന്റെ വിവാദ വീഡിയോയില്‍ ഇങ്ങനെ പറയുന്നു-''1996 മുതല്‍ 2001 വരെ എന്‍ കണ്ണന്‍ എന്ന സിപിഎം നേതാവാണ് വണ്ടൂര്‍ മണ്ഡലത്തെ അസംബ്ലിയില്‍ പ്രതിനിധീകരിച്ചത്. 1993 മാര്‍ച്ച് 23 ന് അദ്ദേഹം കേരള അസംബ്ലിയില്‍ മലപ്പുറം ജില്ലയിലെ താലിബാന്‍വത്കരണത്തെക്കുറിച്ച് ഒരു സബ്മിഷമന്‍ ഉന്നയിക്കുകയുണ്ടായി. ആ സബ്മിഷനില്‍ പറഞ്ഞ ഒരു കാര്യം ഇതാണ്. 'ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകള്‍, മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയായിരുന്നു ഇത്. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പച്ചവെള്ളം കിട്ടില്ല എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വന്നത് 2025 -ല്‍ മാത്രമാണെന്ന് നാം ഓര്‍ക്കണം. കെ സുരേന്ദ്രനും മുന്നേ പറന്ന പക്ഷിയാണ് എന്‍ കണ്ണന്‍''-ഇങ്ങനെ സിപിഎമ്മിനെ വലിയ രീതിയില്‍ വിമര്‍ശിച്ചുകൊണ്ടാണ് വീഡിയോയില്‍ ഉടനീളം സി ദാവൂദ് സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്‍ കണ്ണന്റെ ആ സബ്മിഷന്‍ 'ന്യൂനപക്ഷ തീവ്രവാദ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ആയിരുന്നു. അതില്‍ തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അത് മലപ്പുറം ജില്ലക്കോ, മുസ്ലീം സമുദായത്തിനോ എതിരായിരുന്നില്ല.

സബ്മിഷന്‍ ഇങ്ങനെയാണ്. ശ്രീ എന്‍ കണ്ണന്‍: ''സര്‍, മലപ്പുറം ജില്ലയില്‍ അടുത്ത കാലത്തായി വളര്‍ന്നുവന്ന തീവ്രവാദ വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സഭയുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ കുറച്ചുകാലമായി ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തന ഫലമായി പതിറ്റാണ്ടുകളായി സൗഹാര്‍ദമായി ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി നാസറും തസ്നി ബാനുവുമായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം സംബന്ധിച്ച് സാക്ഷി പറഞ്ഞ ജബ്ബാര്‍, ഫൗസിയ എന്നീ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് തീവ്രവാദി സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. എന്‍ഡിഎഫ് എന്ന തീവ്രവാദി സംഘടനയാണ് ഇതിന്റെ പിറകില്‍ എന്നാണ് പറയുന്നത്. അടുത്ത കാലത്തായി മലപ്പുറം ജില്ലയില്‍ തന്നെ അനാശ്യാസ പ്രവര്‍ത്തനം നടത്തി എന്നുപറയുന്ന രണ്ട് സ്ത്രീകളെ പിടിച്ച് മൊട്ടയടിപ്പിച്ച് അവര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.




ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകള്‍ മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആ രൂപത്തില്‍ സൗഹാര്‍ദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരിശ്രമമാണ് അവരുടെ ഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഹിന്ദു വര്‍ഗീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കഴിഞ്ഞ കാലത്ത് നിന്നും വ്യത്യസ്തമായിക്കൊണ്ട് വളരെ വ്യാപകമായി ആ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നു.'' ഇതായിരുന്നു സബ്മിഷന്റെ ചുരുക്കം.

ഇതേ സബ്മിഷനില്‍ തന്നെ ഹിന്ദു വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും എന്‍ കണ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ദാവൂദ് മറച്ചുവെച്ചു. മാത്രമല്ല മലപ്പുറം ജില്ലക്കോ, കേരളത്തിലെ മത ന്യുനപക്ഷങ്ങള്‍ക്കോ എതിരായിരുന്നില്ല ആ സബ്മിഷന്‍. അത് എന്‍ഡിഎഫിന് എതിരെയായിരുന്നു. മനഃപൂര്‍വം എന്‍ഡിഎഫ് എന്ന ഭാഗം മറച്ചുവെച്ചുകൊണ്ട് എന്‍ കണ്ണന്റെ സബ്മിഷനെ വ്യാഖ്യാനിക്കുകയായിരുന്നു എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാവും.

ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമം പത്രത്തില്‍ പോലും വന്ന എന്‍ കണ്ണന്റെ ഈ സബ്മിഷന് പിറ്റേ ദിവസം വന്ന വാര്‍ത്ത പരിശോധിച്ചാല്‍ നമുക്കിത് മനസിലാവും.'മലപ്പുറം ജില്ലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍: നടപടിയെടുക്കും-മന്ത്രി' എന്ന വാര്‍ത്തയില്‍ ഈ കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അയ്യപ്പന്‍മ്മാരുടെ കറുത്ത മുണ്ട് അടക്കം വില്‍ക്കരുതെന്ന് എന്‍ഡിഎഫിന്റെ ഭീഷണിയും സത്യമാണെന്ന് അക്കാലത്തെ പല പൊതുപ്രവര്‍ത്തകരും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പല പത്ര വാര്‍ത്തകളും വന്നിട്ടുണ്ട്.

ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമാണ് സി കണ്ണന്‍ സബ്മിഷനില്‍ പരാമര്‍ശിച്ചിട്ടുള്ള എന്‍ഡിഎഫ്. 90-കളില്‍ എന്‍ഡിഎഫ് കത്തിക്കയറി വരുന്ന സമയത്ത്, മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും അടക്കം അവര്‍ക്ക് പരോക്ഷ പ്രതിരോധം തീര്‍ക്കുകയായിരുന്നു. പക്ഷേ ഇന്നത്തെപ്പോലെ അവര്‍ അന്നും കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടപ്പെട്ടു.

മലബാറില്‍ എന്‍ഡിഎഫിന് ഏറ്റവും വലിയ ഷോക്ക് കൊടുത്തത് തസ്നിബാനുവെന്ന വെറും 20 വയസ്സുമാത്രമുള്ള ഒരു കോളജ് പെണ്‍കുട്ടിയായിരുന്നു. എന്‍ കണ്ണന്റെ സബ്മിഷനിലും എടുത്തുപറയുന്ന പേരാണ് തസ്നിബാനുവിന്റെത് അവളുടെ വീട്ടുതടങ്കലും, വിവാഹവുമെല്ലാം എന്‍ഡിഎഫിന് ഏറ്റ കനത്ത പ്രഹരമായിരുന്നു. 'ആദിത്യന്റെ സ്വന്തം രാധ' എന്ന പേരില്‍ അവളെക്കുറിച്ച് കവര്‍ സ്റ്റാറികള്‍ വന്നു. സുകുമാര്‍ അഴീക്കോടും, ഒഎന്‍വിയും, ആനന്ദുമടക്കമുള്ള സാഹിത്യകാരന്‍മ്മാര്‍ അവള്‍ക്കുവേണ്ടി പ്രസ്താവനകള്‍ ഇറക്കി. തസ്നിബാനുകേസിന്റെ വെളിച്ചതിലാണ് എന്‍ഡിഎഫിന്റെ തനിനിറം, മുസ്ലീം സമുദായത്തിനുപോലും പിടികിട്ടിയത്. അതോടെ അവര്‍ ഒറ്റപ്പെട്ടു. സാദാചാര ഗുണ്ടാപ്പണി നിര്‍ത്തി. മതേതര കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത തസ്നിബാനുവിന്റെ പേര്, സി ദാവൂദ് തുറന്നുവിട്ട വിവാദത്തിലൂടെ വീണ്ടും ചര്‍ച്ചയാവുകയാണ്.

തുടക്കം മഞ്ചേരി യൂണിറ്റി കോളജില്‍




അന്ന് ഈ സംഭവങ്ങളിലെല്ലാം സജീവമായിരുന്ന, യുക്തിവാദി സംഘം നേതാവും, റിട്ടയേഡ് അധ്യാപകനും, പ്രഭാഷകനുമായ ഇ എ ജബ്ബാര്‍ എന്ന ജബ്ബാര്‍ മാഷ് ഈ സംഭവങ്ങളെല്ലാം കൃത്യമായി ഓര്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ജബ്ബാര്‍മാഷ് ഈ സംഭവം തുടക്കം മുതല്‍ വിശദമായി പറയുന്നുണ്ട്. ''പല മാധ്യമങ്ങളും ചിത്രീകരിച്ചപോലെ തസ്നിബാനു- നാസര്‍ കേസ് രണ്ട്പേര്‍ തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും മാത്രം പ്രശ്നമല്ല. അവയെല്ലാം പിന്നീട് വന്നതാണ്. നിയമവ്യവസ്ഥയുടെ പരിമിതി മറികടക്കാന്‍ ഉണ്ടാക്കിയതായിരുന്നു''- ഇ എ ജബ്ബാര്‍ തുറന്നു പറയുന്നു.

1998-99 കാലഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട സംഭവ പരമ്പര നടക്കുന്നത്. മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളജില്‍നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളജില്‍, ഇസ്ലാമിക ചിട്ട അനുസരിച്ചായിരുന്നു വിദ്യാഭ്യാസം. ഈ കോളജില്‍ കക്ഷി രാഷ്ട്രീയമില്ല. കുട്ടികള്‍ വ്യക്തികള്‍ എന്ന നിലയില്‍ മത്സരിച്ചു ജയിച്ചാണ് കോളജ് യൂണിയന്‍ ഭാരവാഹികള്‍ ആവുന്നത്. അത്തരത്തില്‍ ജയിച്ച് 98-ലെ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന തസ്നി. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനി. അന്ന് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട് മെന്റിലെ ചില അധ്യാപകര്‍ പുരോഗമനവാദികള്‍ ആയിരുന്നു. അവരുടെ സാധീനം ഈ കുട്ടികളില്‍ ഉണ്ടായിരുന്നു.

കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന്, ഹമീദ് ചേന്ദഗംഗല്ലൂര്‍, കെഇഎന്‍ എന്നിരെക്ഷണിക്കാനാണ് യൂണിയന്‍ തീരുമാനിച്ചത്. അവര്‍ അത് മാനേജ്മെന്റിനെ അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പലും കോളജ് അധികൃതരും അത് സമ്മതിച്ചില്ല. തുടര്‍ന്നാണ് കുട്ടികള്‍ ഞെരളത്ത് ഹരിഗോവിന്ദന്‍, യു കലാനാഥന്‍ എന്നിവരുടെ പേര് നിര്‍ദേശിച്ചത്. ഇവര്‍ ആരാണെന്ന് മനസ്സിലാവാത്തത് കൊണ്ടാവണം മാനേജ്മെന്റ് അവരെ അംഗീകരിച്ചു. കുട്ടികള്‍ ഇവരെ ക്ഷണിക്കയും ചെയ്തു. പക്ഷേ പിന്നീടാണ് കോളജ് അധികൃതര്‍ക്ക്, യു കലാനാഥന്‍ യുക്തിവാദി നേതാവാണെന്നും, ഹരിഗോവിന്ദന്‍ ക്ഷ്രേത്രകലകളുടെ ഉപാസകന്‍ ആണെന്നും അറിയുന്നത്. അതോടെ അവര്‍ ഉടക്കി. ഇവരെ കോളജില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നായി നിലപാട്. നോട്ടീസ്വരെ അടിച്ചതിശേഷമുണ്ടായ അവഹേളനം മൂലം കുട്ടികള്‍ യുണിയന്‍ നേതൃത്വം രാജിവെക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ഒത്തുതീര്‍പ്പ് എന്ന നിലയില്‍, പ്രിന്‍സിപ്പാളിന്റെ സമ്മതതോടെ യൂനിയന്‍ ഉദ്ഘാടന ചടങ്ങിനുശേഷം രാജിവെക്കാമെന്നായി.

എം എം സജീന്ദ്രന്‍, പി ആര്‍ നാഥന്‍ എന്നിവരെയാണ് പുതുതായി യുണിയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. ചെയര്‍ പേഴ്സന്‍ ദീപ്തിയുടെ അധ്യക്ഷ പ്രസംഗത്തം തന്നെ പ്രശ്നമുണ്ടായി. തങ്ങള്‍ എന്തുകൊണ്ടാണ് രാജിവെക്കുന്നത് എന്ന് കുട്ടി വിശദീകരിക്കെ, പ്രന്‍സിപ്പല്‍ അത് തടസപ്പെടുത്തി. വസ്ത്രം പിടിച്ചുവലിച്ചും മൈക്ക് ഓഫാക്കിയും പ്രസംഗം തടസ്സപ്പെടുത്തി. വേദി നിയന്ത്രിക്കേണ്ടത് അധ്യക്ഷനാണ് എന്ന് പി ആര്‍ നാഥനും, സജീന്ദ്രനും പറഞ്ഞിട്ടും അവര്‍ കേട്ടില്ല.

ഈ സംഭവം ചില പത്രങ്ങളില്‍ വാര്‍ത്തയായി. ഇതുവായിച്ചാണ് മലപ്പുറത്തെ യുക്തിവാദികള്‍ കുട്ടികളെ ബന്ധപ്പെടുന്നത്. മഞ്ചേരിയിലും ഇത്രയും പുരോഗമനപരമയി ചിന്തിക്കുന്ന കുട്ടികള്‍ ഉണ്ടെന്നത് തന്നെ അവര്‍ക്ക് പുതിയ അറിവായിരുന്നു.

തസ്നിയുടെ 'കസ്തൂരിമാന്‍'

പത്ര വാര്‍ത്ത വന്നതോടെ കോളജ് മാനേജ്മെന്റ്, കുട്ടികള്‍ക്കുനേരെ പ്രതികാര നടപടി തുടങ്ങി. കോളജില്‍ നടപ്പാക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ രക്ഷിതാക്കളെകൊണ്ട് അംഗീകരിപ്പിച്ചു. മാഗസിന്‍ എഡിറ്റര്‍ തസ്നി ഇസ്ലാമിക വസ്ത്രം ധരിച്ചേവരാവൂ എന്ന് അവര്‍ തിട്ടൂരമിറക്കി. മറ്റു കുട്ടികളുമായി സംസാരിക്കരുത്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരോട് സംസാരിക്കാന്‍ വിലക്കുണ്ടായിരുന്നു. സ്വന്തം അധ്യാപകരോട് സംസാരിക്കുന്നത്, കോളജ് തന്നെ വിലക്കുന്നു! ശരിക്കും താലിബാന്‍ മോഡലാണ് മഞ്ചേരി യൂണിറ്റി കോളജില്‍ നടന്നത്.




താന്‍ ഇസ്ലാമിക വസ്ത്രം ധരിക്കണം എന്ന നിര്‍ദേശത്തിനെതിരെ തസ്നി നടത്തിയ കുസൃതിയാണ്, പില്‍ക്കാലത്ത് ലോഹിതാദാസിന്റെ 'കസ്തൂരിമാന്‍' എന്ന സിനിമയില്‍ മീരാജാസ്മിന്റെതായി വന്നത് എന്ന് ഇ എ ജബ്ബാര്‍ പറയുന്നു. ഈ സിനിമയില്‍ കോളജ് അധികൃതര്‍ തന്റെ വസ്ത്രധാരണ രീതിയെ ചോദ്യം ചെയ്തപ്പോള്‍, ചട്ടയും മുണ്ടും ധരിച്ച് പരമ്പരാഗത ക്രിസ്ത്യന്‍ രീതിയില്‍ കോളജില്‍ എത്തുന്ന മീരയുടെ കഥാപാത്രം മലയാളികളെ ചിരിപ്പിച്ചതാണ്. സമാനമായ ഒരു കുസൃതിയാണ് ഇവിടെ തസ്നിയും ചെയ്തത്. കണ്ണും മുഖവും പൂര്‍ണ്ണമായി മറച്ച കറുത്ത ബുര്‍ഖ ധരിച്ചാണ് പിറ്റേന്ന് അവള്‍ കോളജില്‍ എത്തിയത്. ഇത് അധികൃതരെ ചൊടിപ്പിച്ചു. അവര്‍ കുട്ടിയെ പുറത്താക്കി. ചെയര്‍ പോഴ്സണ്‍ ദീപ്തിയെ കൂട്ടുകാരിയുമായി സംസാരിച്ചുവെന്നതിന്റെ പേരില്‍ പുറത്താക്കി.

ഇതോടെ സംഭവം എന്‍ഡിഎഫ് ഏറ്റെടുത്തു. അവര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. കുട്ടികളെ ഫോളോ ചെയ്യുക, വീട് എത്തുന്നതുവരെ പലയിടത്തും കാത്ത് നില്‍ക്കുക, ഹരാസ് ചെയ്യുക എന്നിവ പതിവാക്കി. മഞ്ചേരിയിലെ ഒരു ടെലിഫോണ്‍ ബൂത്തില്‍ ഒരു സുഹൃത്തുമായി സംസാരിക്കവേ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തസ്നിയോടെ അസഭ്യം പറയുകയും, കൈക്ക് പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസില്‍ പരാതി പറയാന്‍ അവള്‍ ശ്രമിച്ചു. അപ്പോള്‍ വീട്ടുകാരടക്കം എന്‍ഡിഎഫിന്റെ ഭാഗത്തായിരുന്നു. അവര്‍ തസ്നിയെ മുറിയില്‍ അടച്ച് വീട്ടുതടങ്കലിലാക്കി. ഇതോടെയാണ് തസ്നി യുക്തിവാദി സംഘം പ്രവര്‍ത്തകയായ ഫൗസിയ ടീച്ചറെ വിളിക്കുന്നത്. മലപ്പുറത്തെ അധ്യാപക ദമ്പതികളുമായ ജബ്ബാര്‍ മാഷും ഫൗസിയ ടീച്ചറും, അക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

എന്നാല്‍ തസ്നി സംസാരിക്കുന്നത്, ബന്ധുക്കള്‍ ഒരു പാരലല്‍ ഫോണ്‍ വഴി കേട്ടിരുന്നു. അപ്പോഴേക്കും, നൂറുകണക്കിന് എന്‍ഡിഎഫുകാര്‍ ആ വീട് രഹസ്യമായി വളഞ്ഞിരുന്നു. അങ്ങാടിയിലും എല്ലായിടത്തും എന്‍ഡിഎഫിന്റെ സൈന്യമുണ്ടായിരുന്നുവെന്നും ജബ്ബാര്‍ മാഷ് പറയുന്നു.

പാളിപ്പോയ വധശ്രമം

തസ്നിബാനുവിനെ സഹായിക്കുന്നവരെയൊക്കെ ആക്രമിച്ച് തീര്‍ക്കാനായിരുന്നുഎന്‍ഡിഎഫിന്റെ തീരുമാനം. മഞ്ചേരി യൂണിറ്റി കോളജിലെ ഇംഗ്ലീഷ് അധ്യാപകരായ മുഹമ്മദ്, ബാബു എന്നിവരെ ആക്രമിക്കാന്‍ എത്തിയെങ്കിലും അവര്‍ ലീവായതിനാല്‍ രക്ഷപ്പെട്ടു. തസ്നിയുടെ സഹപാഠിയുടെ സഹോദരനായ സതീഷ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടു. അയാള്‍ പെങ്ങളെ തസ്നിയുടെ വീട്ടിലേക്ക് വിട്ടു. കുട്ടിയില്‍നിന്ന് ഒരു പരാതി എഴുതിവാങ്ങി എസ്എഫ്ഐക്ക് കൊടുക്കാനായിരുന്നു സതീഷ് ഉദ്ദേശിച്ചിരുന്നത്. സതീഷ് മഞ്ചേരി നെല്ലിപ്പറമ്പിലെ അങ്ങാടിയില്‍ നിന്നു. പെങ്ങളെ എന്‍ഡിഎഫുകാര്‍ വിരട്ടി വിട്ടു. തുടര്‍ന്ന് അങ്ങാടിയില്‍ നില്‍ക്കയായിരുന്ന സതീഷിനെ അവര്‍ പൊക്കി. ഒരു കടയുടെ ഉള്ളിലേക്ക് തള്ളി ഷട്ടറിട്ടശേഷം പത്തിരുപത് പേര്‍ ചേര്‍ന്ന് സതീഷിനെ അതിക്രൂരമായി മര്‍ദിച്ച് അവശനാക്കി. എന്നിട്ട് അതേ സതീഷിനെയും ജീപ്പിലിട്ട് അവര്‍ തിരിച്ചു. മലപ്പുറം കോട്ടപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന, ജബ്ബാര്‍മാഷേയും ഫൗസിയ ടീച്ചറെയും തീര്‍ക്കാന്‍!




അതേക്കുറിച്ച് ജബ്ബാര്‍മാഷ് തന്റെ വീഡിയോയില്‍ ഇങ്ങനെ പറയുന്നു-'' അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അവര്‍ക്ക് ചെറിയ പാളിച്ച പറ്റിയതുകൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഒരു വലിയ വീടിന്റെ ഔട്ട് ഹൗസിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ ഫോണ്‍ കേബിള്‍ ആണെന്ന ധാരണയില്‍ അവര്‍ വിഛേദിച്ചത്, പ്രധാന വീടിന്റെ കേബിള്‍ ആയിരുന്നു. അവര്‍ വാതില്‍ കുത്തിപ്പൊളിക്കുന്നതിനിടെ എനിക്ക് പൊലീസിന് ഫോണ്‍ ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു പൊലീസ് സ്റ്റേഷന്‍. പൊലീസ് എത്തിയപ്പോഴേക്കും ചിലര്‍ അകത്തു കടന്നിരുന്നു. പൊലീസ് ജീപ്പിന്റെ ശബ്ദം കേട്ട് ഇവര്‍ ഓടി. പക്ഷേ വണ്ടി പിടിച്ചു, ചിലര്‍ ഓടിപ്പോയി. ചിലരെ പിടികിട്ടി. മഞ്ചേരിയില്‍നിന്ന് പിടിച്ച് മര്‍ദിച്ച സതീഷിനെ അവര്‍ എന്റെ വീടിന്മുന്നില്‍ ഉപേക്ഷിച്ചിരുന്നു''. അന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായി ഉത്തരേന്ത്യയിലെ ഏതോ ജയിലുകളില്‍ കഴിയുന്നുവെന്നും ജബ്ബാര്‍ മാഷ് പറയുന്നു.

ഈ സംഭവം വാര്‍ത്തയായി. അതോടെ എന്‍ഡിഎഫിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു. പക്ഷേ ആ കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയെടുക്കാന്‍ എന്‍ഡിഎഫിന് കഴിഞ്ഞുവെന്നും ജബ്ബാര്‍ മാസ്റ്റര്‍ പറയുന്നു. സംഭവം കഴിഞ്ഞതോടെ അവര്‍ പ്രതികളെ മാറ്റി. തസ്നിയുടെ ബന്ധുക്കള്‍ അടക്കമുള്ള ഏതാനും പേരാണ് പ്രതികളായത്. അന്ന് പ്രതികളെ രക്ഷിക്കാനും മുസ്ലീം ലീഗിന്റെ ഒത്താശയുണ്ടായിരുന്നു. മാധ്യമവും ജമാഅത്തെ ഇസ്ലാമിയുമൊക്കെ പ്രതികള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്.

മോചനത്തിനായി ഒരു പ്രണയം

അപ്പോഴും പ്രശ്നം തസ്നിബാനുവിനെ എങ്ങനെ വീട്ട് തടങ്കലില്‍നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു. കുട്ടിയുടെ വിദ്യഭ്യാസം തുടരാനും മറ്റുമായി നിയമപരമായി എന്തുചെയ്യാന്‍ കഴിയും എന്നായിരുന്നു പിന്നെ ആലോചന. ഇനിനായി ജബ്ബാര്‍മാഷും കൂട്ടരും, നിയമസഹായം തേടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചു. അപ്പോഴാണ് ഒരു മുസ്ലീം പെണ്‍കുട്ടിക്ക് ഒരു വ്യക്തിയെന്ന നിലയില്‍, നമ്മുടെ നാട്ടിലെ നിയമം സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം താന്‍ അറിഞ്ഞത് എന്നാണ് ജബ്ബാര്‍ മാഷ് പറയുന്നത്. ഒരു മുസ്ലീം പെണ്‍കുട്ടിക്ക് നിയമപരമായി വീട്ടില്‍നിന്ന് മോചനം നേടാന്‍ ഒരു ഒറ്റ മാര്‍ഗമേയുള്ളു. ആ പെണ്‍കുട്ടിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും ആ കാമുകന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തെളിവുകള്‍ സഹിതം ഒരു ഹേബിയസ് കോര്‍പ്പസ് ഹരജി കൊടുക്കുക. അങ്ങനെയായിരുന്നു അവര്‍ക്ക് കിട്ടിയ നിയമോപദേശം.

അതുവരെ വെറും സൗഹൃദം മാത്രമുള്ള നാസറും തസ്നിയും കാമുകീ കാമുകന്‍മ്മാരായി അഭിനയിക്കാന്‍ നിര്‍ബന്ധിതരായത് ഇതുകൊണ്ടാണെന്ന് ജബ്ബാര്‍ മാഷ് തന്റെ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. മലപ്പുറത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകന്‍ കൂടിയായിരുന്ന നാസര്‍. ''നാസറിന്റെയും തസ്നിയുടെയും സൗഹൃദം കുറച്ച് ഇന്റിമേറ്റായുള്ള സൗഹൃദമായിരുന്നു. നാസറും തസ്നിയും തമ്മില്‍ നടത്തിയ കത്തിടപാടുകളായിരുന്നു തെളിവ്. കത്തുകളൊക്കെ കുറച്ചുകൂടി മോഡിഫൈ ചെയ്തിട്ട്, പ്രേമലേഖനംപോലെയൊക്കെയാക്കി അത് തെല്‍വായി അവതരിപ്പിച്ചു.''- ജബ്ബാര്‍ മാഷ് ഓര്‍ക്കുന്നു. തസ്നി ബാനുവിനെ ഹാജരാക്കണമെന്ന് ഹേബിയസ് കോര്‍പ്പസ് ഹരജി എത്തിയത് ജസ്റ്റിസ് ജെ ബി കോശിക്ക് മുന്നിലായിരുന്നു.

ആരോടടൊപ്പം പോവണം, ബാപ്പക്ക് ഒപ്പം പോവണോ, നാസറിന് ഒപ്പം പോവണോ? കോടതി ചോദിച്ചപ്പോള്‍ തസ്നി പറഞ്ഞു. ''എനിക്ക് 20 വയസ്സായി. ഒരു സ്വതന്ത്രവ്യക്തിയായി എന്നെ അംഗീകരിക്കണം. എനിക്ക് ഇഷ്ടമുള്ളിടത്തേക്ക് സ്വതന്ത്രമായി പോകാന്‍ എന്നെ അനുവദിക്കണം''.അപ്പോഴാണ് ജഡ്ജിയും ആ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഒരു മുസ്ലീം പെണ്‍കുട്ടിക്ക് ഒന്നുകില്‍ പിതാവിന്റെ സംരക്ഷണത്തിലോ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കൂടെയോ പോവാനല്ലാതെ സ്വതന്ത്രമായി പോകാന്‍ അനുവാദമില്ല. അങ്ങനെ നിയമമില്ല.

അപ്പോള്‍ പിന്നെ രണ്ടാമത്തെ ഓപഷ്ന്‍ മാത്രമെയുള്ളു. ബാപ്പക്ക് ഒപ്പം പോവണോ നാസറിന് ഒപ്പം പോവണോ എന്നായി. അതിന് നാസറിനൊപ്പം എന്നായിരുന്നു തസ്നിയുടെ മറുപടി. നാസര്‍ ആരാണ് എന്ന ചോദ്യത്തിന്, 'ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാള്‍' എന്നായിരുന്നു തസ്നിയുടെ മറുപടി. അപ്പോള്‍ ജഡ്ജി അടുത്ത നിയമ പ്രശ്നം എടുത്തിട്ടു. ഒരു മുസ്ലീം പെണ്‍കുട്ടിയെ കാമുകന്റെ കൂടെ വിടാനും നിയമമില്ല. കല്യാണം കഴിച്ച് ഭര്‍ത്താവിന്റെ കൂടെ വിടാനെ നിയമമുള്ളു.

തുടര്‍ന്ന് ജസ്റ്റിസ് ജെ ബി കോശി, തസ്നിയുടെ ബാപ്പയോട ചോദിച്ചു. ഇരുവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരല്ലേ. നിങ്ങള്‍ക്ക് നിക്കാഹ് കഴിപ്പിച്ചുകൊടുത്തുകൂടെ. ജഡ്ജിയുടെ ചോദ്യത്തിന് തസ്നിയാണ് ഉത്തരം പറഞ്ഞത്. ''എനിക്ക് നിക്കാഹ് വേണ്ട്. ഞാന്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്''. അതുകേട്ടപ്പോള്‍ ജഡ്ജി കുറച്ചുനേരെ ആലോചിച്ച് പറഞ്ഞു. അങ്ങനെയാണെങ്കില്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റിന് അപേക്ഷ കൊടുക്കാം. എന്നാല്‍ ഒരു മാസം കഴിഞ്ഞേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ആ ഒരുമാസം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ഹോസ്റ്റലില്‍ തസ്നി താമസിക്കണം. എന്നിട്ട് ഒരു മാസം കഴിഞ്ഞിട്ട് രജിസ്ററര്‍ മാരേജിനുശേഷം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പോവാം.

കേരളം ആഘോഷിച്ച വിവാഹം

അങ്ങനെ തസ്നി എസ്എന്‍ഡിപിയുടെ ഒരു ഹോസ്റ്റലില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് സംരക്ഷണയില്‍ ഒരു മാസം താമസിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. കോടതി അവളെ നാസറിന് ഒപ്പം വിട്ടു. അപ്പോഴേക്കും പത്രങ്ങള്‍ വഴി ഈ സംഭവത്തിന് വലിയ വാര്‍ത്താ പ്രധാന്യം കിട്ടിയിരുന്നു. എല്ലാറ്റിനും സാക്ഷിയായ ജബ്ബാര്‍ മാഷ് ഇങ്ങനെ പറയുന്നു-'' കോടതിയില്‍നിന്ന് വലിയൊരു പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് നാസറും, തസ്നിയും മഞ്ചേരിയിലേക്ക് യാത്ര തിരിച്ചത്. അവര്‍ മഞ്ചേരി സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തിയപ്പോഴേക്കും, വന്‍ മാധ്യമപ്പടയാണ് കാത്തിരുന്നത്. അവിടെ വെച്ച് നൂറുകണക്കിന് ക്യാമറകള്‍ക്ക് മുന്നില്‍ അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഞാന്‍ സാക്ഷിയായി ഒപ്പിടുന്നത് അടക്കമുള്ള പടം പത്രങ്ങളില്‍ വന്നു''.




പക്ഷേ പല റിപ്പോര്‍ട്ടുകളിലും, ഒരുപാട് പൈങ്കിളിവത്ക്കരണം നടന്നുവെന്ന് ജബ്ബാര്‍ മാഷ് ചൂണ്ടിക്കാട്ടുന്നു. പ്രണയിച്ച രണ്ട് യുക്തിവാദികള്‍ക്ക് മതപരമായ ആചാരപ്രകാരം വിവാഹം കഴിക്കാന്‍ കഴിയാത്തതിന്റെ പ്രശ്നമായി ചിലര്‍ ഇതിനെ ചുരുക്കി. പക്ഷേ കേരളശബ്ദം, മലയാളം, ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍, സൂര്യടിവി എന്നിയിലെല്ലാം പോസറ്റീവായി വാര്‍ത്ത വന്നു. ഈ പ്രശ്നത്തിന്റെ പേരില്‍ പല ടോക്ക് ഷോകളുമുണ്ടായി.

''മലപ്പുറം മേല്‍മുറി യുപി സ്‌കൂളിലെ അധ്യാപകരായിരുന്നു ഞാനും ഭാര്യയും. നാട്ടിലെ ആളുകള്‍ അതോടെയാണ് ഞങ്ങളെ തിരിച്ചറിഞ്ഞത്. കാരണം ഞങ്ങള്‍ ക്ലാസിലൊന്നും യുക്തിവാദം പറയാറില്ലായിരുന്നു. അതിന്റെ ആവശ്യവും ഇല്ലായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ ആരാണെന്ന് മനസ്സിലായത്. അതോടെ എന്‍ഡിഎഫുകാര്‍ ഇളകി. ഈ പ്രശ്നങ്ങളെല്ലാമുണ്ടായതിനാല്‍ ഞങ്ങള്‍ കുറച്ചുദിവസം അവധിയിലായിരുന്നു. അവധി കഴിഞ്ഞ് സ്‌കൂളില്‍വന്നപ്പോള്‍ നൂറുകണക്കിന് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഞങ്ങളെ തടയാനെത്തിയത്. പക്ഷേ വിവരം പൊലീസ് അറിഞ്ഞിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ക്ക് പൊലീസ് അകമ്പടിയുണ്ടായിരുന്നു. വീട്ടിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തസ്നിയും നാസറും ഞങ്ങളുടെ വീട്ടില്‍ താമസമാക്കി. അങ്ങനെ നാലഞ്ചുമാസം പൊലീസ് പ്രൊട്ടക്ഷനില്‍ കഴിഞ്ഞു. ഞങ്ങള്‍ എങ്ങോട്ട്പോയാലും പൊലീസ് സംരക്ഷണമുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ കുറച്ചുകൂടി സുരക്ഷിതമായ സ്ഥലത്തേക്ക് സ്ഥലം മാറിപ്പോയി'- ഇ എ ജബ്ബാര്‍ പറയുന്നു.

പക്ഷേ നാസറിന്റെയും തസ്നിബാനുവിന്റെയും വിവാഹം, മതേതര കേരളം ശരിക്കും ആഘോഷിച്ചു. കേരള പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ഇവര്‍ക്ക് കിട്ടി. നൂറുകണക്കിന് സ്വീകരണയോഗങ്ങളിലാണ് ഇവര്‍ പങ്കെടുത്തത്. സാഹിത്യകാരന്‍മ്മാരും, സാംസ്്്ക്കാരിക പ്രവര്‍ത്തകരുടെയും, മതേതര പാര്‍ട്ടികളുടെയും പിന്തുണ തസ്നിക്കും നാസറിനുമുണ്ടായി. സാഹിത്യകാരന്‍മ്മാര്‍ സംയുക്ത പ്രസ്താവന ഇറക്കി. സുകുമാര്‍ അഴീക്കോട്, ആനന്ദ്, ഒഎന്‍വി കുറപ്പ് എന്നിവരൊക്കെ, ആദിത്യന്റെ സ്വന്തം രാധയായി ആഘോഷിക്കപ്പെട്ട, ഈ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ''ഇതോടെ മൗദൂദികളും, മുസ്ലീം ലീഗുകാരും, എന്‍ഡിഎഫുകാരും ഷോക്കഡ് ആയിപ്പോയി. അത് ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിച്ചത് മൗദൂദികളെയാണ്. അതിന്റെ നിലവിളി അവര്‍ ഇന്നും തുടരുന്നു. കാരണം മൗദൂദികളുടെ മാനസ പുത്രനായിരുന്നു എന്‍ഡിഎഫ്''- ഇ എ ജബ്ബാര്‍ പറയുന്നു.

വാല്‍ക്കഷ്ണം: മതേതര കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു കേസ് തന്നെയായിരുന്നു തസ്നി ബാനു സംഭവം. പ്രണയവും വിവാഹവുമായിരുന്നില്ല വിഷയം. ഒരു മുസ്ലീം പെണ്‍കുട്ടിയുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശമായിരുന്നു.