ചിലപ്പോള്‍, സത്യം സിനിമാക്കഥയേക്കാള്‍ അവിശ്വസനീയമായിരിക്കും. കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ മകനായി, ചെന്നൈയിലെ വെറും രണ്ടുമുറി വീട്ടില്‍ ജയിച്ച ഒരു പയ്യന്‍. പഠിക്കാന്‍ അവന്‍ മിടുക്കനായിരുന്നില്ല. പെണ്‍കുട്ടികളെ ആകര്‍ഷിക്കത്തക്ക പേഴ്സണാലിറ്റി ഉണ്ടായിരുന്നില്ല. എവിടെയും തേപ്പുകളും അവഗണനകളും ഏറ്റുവാങ്ങി ഒരു വലിയ തോല്‍വി എന്ന നിലയില്‍ അവന്‍ വളര്‍ന്നു. എഞ്ചിനീയറിംഗ് കഷ്ടി പാസായി പുറത്തിറങ്ങിയതോടെ, സിനിമ സ്വപ്നം കണ്ടുനടക്കുന്ന ലക്ഷക്കണക്കിന് വരുന്ന ബിരുദധാരികളില്‍ ഒരാള്‍ എന്ന് നാട്ടുകാര്‍ അവനെ എഴുതിത്തള്ളി.

പക്ഷേ ആ പയ്യന്‍സ് ഇന്ന് തമിഴ് ന്യൂജന്‍ സൂപ്പര്‍ സ്റ്റാറാണ്. അജിത്തിന്റെയും, ധുനുഷിന്റെയും ചിത്രങ്ങളെ മലര്‍ത്തിയടിച്ച് അവന്റെ സിനിമയാണ്, വെറും രണ്ടാഴ്ച കൊണ്ട് 150 കോടി ക്ലബില്‍ കയറിയത്. ആ പയ്യനാണ് പ്രദീപ് രംഗനാഥന്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം, എഡിറ്റിങ്ങ്, ഗാനരചന തുടങ്ങിയ മേഖലകളിലൊക്കെ കൈവെക്കാന്‍ കഴിയുന്ന, സകലകലാവല്ലഭന്‍. അതുകൊണ്ടുതന്നെ രണ്ടാം കമലഹാസന്‍ എന്ന പേരും പ്രദീപിന്, തമിഴക സിനിമാ മാഗസിനുകള്‍ നല്‍കിക്കഴിഞ്ഞു.

പ്രദീപിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗണ്‍' എന്ന ചിത്രം കേരളത്തിലടക്കം തരംഗമായിക്കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ കോളിവുഡില്‍ ഹിറ്റായ മൂന്നു ചിത്രങ്ങളില്‍ ഒന്നാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരന്‍, ഗൗതം വാസുദേസ് മേനോന്‍, കയതു ലോഹര്‍, കെ എസ് രവികുമാര്‍, ജോര്‍ജ് മരിയന്‍ തുടങ്ങിയവരാണ് താരങ്ങള്‍. എ ജി എസ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഡ്രാഗണ് വിദേശത്തും അപൂര്‍വ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് പ്രദീപിന്റെ കരിയറില്‍ വന്‍മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംവിധാനം ചെയ്തത് രണ്ടു ചിത്രങ്ങള്‍, നായകനായത് നാല് ചിത്രങ്ങളില്‍ അതില്‍ രണ്ടെണ്ണം സംവിധാനം ചെയ്തതും പ്രദീപ് രംഗനാഥന്‍ തന്നെ. ഒരു ചിത്രത്തിന്റെ നിര്‍മാണചുമതലയും ഏറ്റെടുത്തു. അഭിനയിച്ചതും നിര്‍മിച്ചതും സംവിധാനം ചെയ്തതുമെല്ലാം വന്‍ വിജയമായതോടെയാണ്് ഈ പയ്യന് ലക്കിസ്റ്റാര്‍ എന്ന പേര് തെളിഞ്ഞത്. അസാധാരണമായ ഒരു ജീവിതകഥയാണ് അദ്ദേഹത്തിന്റെത്.




കൂലിപ്പണിക്കാരുടെ മകന്‍

1993 ജൂലൈ 25-ന് ചെന്നൈയിലാണ് പ്രദീപ് രംഗനാഥന്‍ ജനിച്ചത്. പിതാവിന്റെ പേരാണ് രംഗനാഥന്‍. ഒരു കൂലിപ്പണിക്കാരനായിരുന്നു ഇദ്ദേഹം. ചെന്നെയിലെ ഒരു രണ്ടുമുറി വീട്ടില്‍ ജീവിക്കുമ്പോഴും ആ മാതാപിതാക്കളുടെ മനസ്സില്‍, മകന്റെ വിദ്യാഭ്യാസമായിരുന്നു. ചെന്നൈയിലെ ഡേവ് സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശ്രീ ശിവസുബ്രഹ്‌മണ്യ നാടാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം നേടി. ഇതിനുള്ള പണം കണ്ടത്താനൊക്കെ പിതാവ് ഏറെ ബുദ്ധിമുട്ടിയെന്ന് നിറകണ്ണുകളോടെയാണ് പ്രദീപ് ഒരു അഭിമുഖത്തില്‍ പറയുന്നത്. എന്നിട്ടും 'ടൈം ടേബിള്‍ ഫീസ്' എന്ന മോഡലില്‍ താന്‍ രക്ഷിതാക്കളെ പറ്റിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഡ്രാഗണ്‍ അടക്കമുള്ള പ്രദീപിന്റെ സിനിമകളില്‍ ഇത്തരം രംഗങ്ങളുണ്ട്. ആര്‍ക്കുംവേണ്ടാതായിട്ടും തന്റെ മകനെ പിതാവ് മാത്രം തള്ളിപ്പറയാത്തത്, തന്റെ ജീവിതത്തില്‍ നിന്നാണ് ചീന്തിയെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.



പഠനത്തില്‍ ആവറേജ് മാത്രമായിരുന്നു അവന്‍. മനസ്സില്‍ സിനിമയായിരുന്നു. കോളേജിലെ ആദ്യ വര്‍ഷങ്ങളില്‍ കുറച്ച് ചെറിയ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. ഇതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനായി അയാള്‍ യുട്യൂബറായി. ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അയാളുടെ ശൈലി പ്രേക്ഷകരെ പെട്ടന്ന് ആകര്‍ഷിച്ചു. ഈ വരുമാനവും, കൂട്ടുകാരില്‍നിന്ന് കടം മേടിച്ചുമൊക്കെയാണ് അവന്‍ ഷോര്‍ട്ട് ഫിലിം ചെത്തത്. അതുതന്നെയാണ് അവന്റെ കരിയറില്‍ ഗുണം ചെയ്തതും. വാട്ട്‌സ്ആപ്പ് കാതല്‍, കോളേജ് ഡയറീസ്, ടിവി കഥൈ, ആപ്പ് (എ) ലോക്ക് എന്നിവയുള്‍പ്പെടെ നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ അവന്‍ ഉണ്ടാക്കി. ക്ലച്ച് റിലീസ് പ്രോബ്ലം, പൂജൈ അട്രോസിറ്റീസ് ആയുധ, ദീപാവലി അട്രോസിറ്റീസ് തുടങ്ങിയവയൊക്കെ ശ്രദ്ധയാകര്‍ഷിച്ചു.




ആദ്യം ചെയ്ത 'വാട്സാപ് കാതല്‍', 'കോളേജ് ഡയറീസ്' എന്നീ രണ്ട് ഷോര്‍ട് ഫിലിമുകള്‍ യൂട്യൂബില്‍ നിന്നും മറ്റ് മത്സരങ്ങളില്‍ നിന്നും നേടിയ 40,000 രൂപകൊണ്ട് പ്രദീപ്, ആപ്(A) ലോക്ക്' എന്ന ഷോര്‍ട് ഫിലിം ഒരുക്കി. മറ്റ് സംവിധായകരെയും നിര്‍മ്മാതാക്കളെയും കാണിക്കാന്‍ എന്ന പ്ലാനിങ്ങോടെ തന്നെയാണ് ഇത് എടുത്തത്. ഷോര്‍ട്ട് ഫിലിമുകള്‍ക്കിടെയില്‍ രണ്ട് വര്‍ഷമെടുത്ത് സിനിമയ്ക്കായി തിരക്കഥയൊരുക്കി വച്ചു. കണ്ണാടിക്ക് മുന്നില്‍ നിന്ന് കഥ പറയാന്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു. ഐടി കമ്പനിയില്‍ ജോലി നോക്കിയിരുന്ന മറ്റ് സുഹൃത്തുക്കള്‍ കമ്പനി സിഇഒ ആകാന്‍ പ്ലാനിട്ടിരുന്നപ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ച് സിനിമചെയ്യാനായിരുന്നു പ്രദീപിന്റെ പദ്ധതി. 'എത പണ്ണാലും പ്ലാന്‍ പണ്ണി പണ്ണണോം'.. എന്നതായിരുന്നു ആ മിഡില്‍ ക്ലാസുകാരന്റെ ലൈഫ് പ്ലാന്‍ തന്നെ. ആ അലച്ചിന് ഫലമുണ്ടായി, വെറും 25ാം വയസ്സില്‍ അയാള്‍ ഡയറക്ടറായി.


25ാം വയസ്സില്‍ സംവിധായകന്‍

പ്രദീപിന് സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ല. ആരുടെ കീഴിലും അയാള്‍ അസിസ്റ്റന്റായി നിന്നിട്ടുമില്ല. ഏകലവ്യനെപ്പോലെ അയാള്‍ സ്വയം മാസ്റ്റേഴ്സിന്റെ ചിത്രങ്ങളൊക്കെ കണ്ട് മനസ്സിലാക്കി, ഷോര്‍ട്ട്ഫിലിം എടുത്ത് പഠിക്കയായിരുന്നു. തന്റെ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മാതാക്കളെയും, സംവിധായകരെയും കാണിക്കയായിരുന്നു അദ്ദേഹത്തിന്റെ ഒരുകാലത്തെ പണി. 'നോക്കു എനിക്ക് പണിയറിയാം, നിങ്ങള്‍ ഒരു അവസരം തരൂ' എന്ന് പറയാതെ പറയുകയായിരുന്നു അയാള്‍. പക്ഷേ, ഒരു എന്‍ട്രി കിട്ടുക എളുപ്പമായിരുന്നില്ല. അതിനുകാരണം, പ്രദീപിന്റെ പയ്യന്‍ ലുക്ക് തന്നെയായിരുന്നു. തൊട്ടയല്‍പക്കത്തെ വീട്ടില്‍ കാണുന്ന, ഒരു സാധാരണ പയ്യനെപ്പോലുള്ള ഇയാളെ വിശ്വസിച്ച് എങ്ങനെ കോടികള്‍ ഇറക്കും എന്നതുതന്നെ. പക്ഷേ ഒടുവില്‍ അതിനും ആളുണ്ടായി.

ഇഷാരി ഗണേഷ് എന്ന പ്രശസ്ത നിര്‍മ്മതാവ്, പ്രദീപിന് കൈകൊടുത്തു. അങ്ങനെ 2018-ല്‍ കോമാളി എന്ന ചിത്രത്തിന്റെ സംവിധായകനായി ഷൂട്ടു തുടങ്ങുമ്പോള്‍, അവന് പ്രായം വെറും 25 വയസ്സായിരുന്നു. ഈ ചെറുപ്രായത്തില്‍ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചത് 'നിങ്ങളുടെ അച്ഛനാണോ പ്രൊഡ്യൂസര്‍' എന്നാണ്. അതിനുള്ള മറുപടിയും പ്രദീപ് രംഗനാഥന്റെ കൈയ്യിലുണ്ട്. 'എന്റെ സിനിമയുടെ പ്രൊഡ്യൂസര്‍ എന്റെ അച്ഛനല്ല, പക്ഷേ എന്റെ അച്ഛനമ്മമാര്‍ക്ക് ഇല്ലാത്ത ഡിഗ്രിക്കായി അവരെന്നെ കൂലിപ്പണിയെടുത്ത് പഠിപ്പിച്ചു. ആ പഠിപ്പില്‍ നിന്ന് ലഭിച്ച അറിവുകൊണ്ടാണ് ഞാന്‍ കോമാളിയെടുത്തത്''.




2019 ആഗസ്റ്റ് 15 റിലീസ് ചെയ്ത കൊമാളിയില്‍ രവി മോഹന്‍, കാജല്‍ അഗര്‍വാള്‍, യോഗിബാബു, സംയുക്ത ഹെഗ്ഡെ, കെ എസ് രവികുമാര്‍, എന്നിവരായിരുന്നു അഭിനേതാക്കള്‍. ഹാസ്യപ്രധാനമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി. ചിത്രത്തിന്റെ ക്ലൈമാക്സില്‍ പ്രദീപ് രംഗനാഥനും അതിഥി വേഷത്തിലെത്തി കൈയടി നേടി. തൊട്ടുടുത്ത വര്‍ഷം സൈമ ഫിലിം അവാര്‍ഡ്സില്‍ നവാഗത പ്രതിഭക്കുള്ള പുരസ്‌ക്കാരം പ്രദീപിനായിരുന്നു. ആ വേദിയില്‍ അദ്ദേഹം താന്‍ കടന്നുവന്ന കഥ പറഞ്ഞത്, കണ്ണീരോപ്പിയാണ് സിനിമാലോകത്തെ പ്രമുഖര്‍ കേട്ടത്. അന്ന് പ്രദീപ് ഒരു ഉറച്ച പ്രഖ്യാപനം നടത്തി. -''ഇനി ഈ വേദിയിലേയ്ക്കുള്ള എന്റെ വരവ് മികച്ച നവാഗതനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാകും,' എന്ന്. അതും സത്യമായി.

2024-ലെ സൈമ അവാര്‍ഡ് വേദിയില്‍ തമിഴ് സിനിമയിലെ മിന്നും താരങ്ങളെല്ലാം മുന്‍ നിരയില്‍ തന്നെയുണ്ട്. ലവ് ടുഡേ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിലൂടെ മികച്ച നവാഗത നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയില്‍ കയറി നില്‍ക്കുകയാണ് പ്രദീപ് രംഗനാഥന്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ മുന്നില്‍വെച്ച് ഒരു വികാര നിര്‍ഭര പ്രസംഗം അദ്ദേഹം നടത്തി. 'ഈ സിനിമയെ വിശ്വസിച്ച നിര്‍മ്മാതാവ് അഗോരം സാറിന് നന്ദി. ആ വിശ്വാസത്തിന് കാരണമായ കോമാളിയുടെ നിര്‍മ്മാതാവ് ഇഷാരി ഗണേഷ് സാറിന് നന്ദി, ആ വിശ്വാസത്തിനും കാരണമായ എന്റെ ഷോര്‍ട്ട് ഫിലിമുകളുടെ നിര്‍മ്മാതാവിന് അതായത് ഈ എനിക്ക് തന്നെ നന്ദി.. ഐടിയില്‍ ജോലി ചെയ്തിരുന്ന പ്രദീപിന് അവന്റെ ആത്മവിശ്വാസത്തിന് നന്ദി.''- ആ വാക്കുകള്‍ കേട്ട് കമലഹാസന്‍ കെട്ടിപ്പിടിച്ചാണ് പ്രദീപിന്റെ അഭിനന്ദിച്ചത്.




ലൗവ് ടുഡെയിലുടെ ന്യൂജന്‍ നായകന്‍

കോമാളി എന്ന ആദ്യ സംവിധാന സംരംഭം തന്നെ ഏറെ ചര്‍ച്ചയായിട്ടും പ്രദീപിന്റെ സ്ട്രഗ്ളിങ് അവസാനിച്ചിരുന്നില്ല. സിനിമ വന്‍ വിജയമാകുമ്പോള്‍ സംവിധായകര്‍ക്ക് നിര്‍മാതാക്കള്‍ കാര്‍ സമ്മാനം നല്‍കുന്നത് തമിഴകത്ത് പതിവാണ്. എന്നാല്‍ പെട്രോള്‍ അടിക്കാനുള്ള പണമില്ലാത്തതിനാല്‍ കാര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സംവിധായകനാണ് പ്രദീപ് രംഗനാഥന്‍. കാറിന് പകരം പണം മതിയെന്നായിരുന്നു നിര്‍മാതാവിന്റെയടുത്ത് പ്രദീപിന്റെ മറുപടി. തന്റെ പിന്നീടുള്ള തന്റെ അതിജീവനത്തിന് പണം ഉപയോഗിച്ചതായും അദ്ദേഹം പറയുന്നുണ്ട്.

കോമാളി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ലവ് ടുഡേ 2024ലാണ് ഇറങ്ങിയത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രം റിലീസിനെത്തിച്ചത്. നായകനായതും പ്രദീപ് തന്നെയാണ്. രണ്ടാം ചിത്രത്തില്‍ താന്‍ തന്നെയാണ് നായകന്‍ എന്ന് നിര്‍മ്മാതാവിനെ അറിയിച്ചപ്പോള്‍ ആദ്യം അദ്ദേഹം സമ്മതിച്ചതേയില്ല. പക്ഷേ തിയേറ്ററില്‍ ആളെയെത്തിക്കാന്‍ തന്റെ കൈയ്യില്‍ വഴികളുണ്ടെന്ന ഉറപ്പ് നല്‍കിയതോടെ പ്രൊഡ്യൂസര്‍ വഴങ്ങുകയായിരുന്നു. മലയാളിയായ ഇവാന നായികയായ ചിത്രം തമിഴില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി. കോളജ് കാലത്ത് തനിക്ക് കാമുകിയില്‍നിന്ന് കിട്ടിയ തേപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ കഥ കെട്ടിപ്പടുത്തതെന്ന് പ്രദീപ് പിന്നീട് പറഞ്ഞു-'' കോളജില്‍ എനിക്ക് ഒരുപാട് റിജക്ഷന്‍സ് കിട്ടിയിട്ടുണ്ട്. അതില്‍ എനിക്ക് അവരോട് പരിഭവമില്ല. എന്നെ വിട്ടുപോയ കാമുകിമാര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്''- പ്രദീപിന്റെ വാക്കുകള്‍ വൈറലായി.




ലവ് ടുഡേ പ്രദീപിന്റെ ഷോര്‍ട്ട് ഫിലിമായ ആപ്പ് ലോക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വമ്പന്‍ ചിത്രങ്ങള്‍ക്കിടിയില്‍ ഒരു ലോ ബജറ്റ് ചിത്രമായാണ് ലവ് ടുഡേ തമിഴ് നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ റിലീസ് ദിവസം തന്നെ ആ ചിത്രം പ്രേക്ഷകലക്ഷം ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രദീപ് രംഗനാഥന്‍ എന്ന താരത്തിന്റെ ഉദയമായിരുന്നു അത്.

ആദ്യകാലത്ത് താന്‍ നായകനായ ചിത്രത്തില്‍ നായികയാകാന്‍ നടിമാര്‍ ഒന്നും തയാറായിട്ടില്ലെന്നും അദ്ദേഹം ഈയിടെ വെളിപ്പെടുത്തിയിരുന്നു. ആദ്യം അവരോട് പോയി 'കോമാളി' സിനിമയുടെ സംവിധായകനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോള്‍ വര്‍ക്ക് ചെയ്യാന്‍ എക്‌സൈറ്റഡ് ആണെന്ന് പറയും. പക്ഷെ താന്‍ ആണ് ഹീറോ എന്ന് കേള്‍ക്കുമ്പോള്‍ അയ്യോ ഡേറ്റ് ഇല്ല, ഞാനൊന്ന് നോക്കിയിട്ടിട്ട് അറിയിക്കാം എന്ന് പറഞ്ഞിരുന്നെന്നും പ്രദീപ് പറയുന്നു. -'ചിലര്‍ ഞങ്ങള്‍ക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാന്‍ താല്‍പര്യമെന്ന് ഓപ്പണായി പറഞ്ഞു, അവര്‍ക്ക് നന്ദി. ചിലര്‍ ഇതില്‍ ഒരുപാട് അഭിനയിക്കാന്‍ ഉണ്ട്, ഞാന്‍ പെര്‍ഫോമന്‍സ് കുറച്ച് കുറവുള്ള സിനിമയാണ് നോക്കുന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന എനിക്ക് ഈ ഡ്രാഗണില്‍ അനുപമയും കയദുവും നായികയായി വന്നു.''- പ്രദീപ് പറയുന്നു. ഇപ്പോള്‍ ഡ്രാഗണ്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ പ്രദീപിനൊപ്പം അഭിനയിക്കാന്‍ നടിമാര്‍ ക്യൂ നില്‍ക്കയാണ്.




ധനുഷിനെപ്പോലെ നെക്‌സ്റ്റ് ഡോര്‍ ബോയ്


കഥ തൊട്ട് പാട്ടെഴുത്തുവരെ ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതുകൊണ്ട്, രണ്ടാം കമലഹാസന്‍ എന്നും, നടന്‍ ധനുഷിന്റെ ഛായയുള്ളതുകൊണ്ട് ന്യൂജന്‍ ധുനഷ് എന്നുമൊക്കെ പ്രദീപിന് വിശേഷണങ്ങളുണ്ട്. ധനുഷിനെപ്പോലെ, പന്ത്രണ്ടാം ക്ലാസുകാരനോ മുതിര്‍ന്നയാളോ ആകാന്‍ അനായാസം കഴിയുന്ന ശരീരപ്രകൃതമാണ് പ്രദീപിന്റെതും. മുമ്പ് ധനുഷ് ചെയ്ത് പോന്നിരുന്ന സിനിമകളുടെ മോഡല്‍ കഥകള്‍ ഇപ്പോള്‍ പ്രദീപിന്റെ കൈയില്‍ ഭദ്രം. മനുഷ്യ ബന്ധങ്ങളുടെ ഡയനാമിക്സും കാലത്തിനൊപ്പം മാറുന്ന ഹ്യൂമന്‍ വാല്യൂസുമാണ് പ്രദീപിന്റെ ഇഷ്ടവിഷയം.

പക്ഷേ താന്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നയാളല്ലെന്നും അടുത്ത പത്ത് വര്‍ഷമാണ് ചിന്തകളിലെന്നും അതാണ് സിനിമകളില്‍ പ്രതിഫലിക്കുന്നതെന്നും പ്രദീപ് പറയുന്നത്. തലേ രാത്രി ഷൂട്ടിന്റെ 50 ശതമാനവും പ്ലാന്‍ ചെയ്യും. ഓരോ ഷോട്ടും മോണിറ്ററില്‍ നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തും. ഷോര്‍ട് ഫിലിമുകള്‍ ചെയ്ത് വന്ന തനിക്ക് പ്ലാനിങ്ങോടെ സിനിമചെയ്യുക ഇഷ്ടമുള്ള പണിയെന്നും പ്രദീപ്. 'ഇനിയുമൊരു സിനിമ എഴുതാന്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ എടുത്തെന്നുവരാം. മറ്റ് സംവിധായകരുടെ നടനാകാനും മറ്റ് താരങ്ങളുടെ സംവിധായകനാകാനും തയ്യാറാണ്...'- പ്രദീപ് പറയുന്നു.

ഇപ്പോള്‍ ധുനുഷ് സംവിധാനം ചെയ്ത 'നിലാവുക്ക് എന്‍മേല്‍ എന്നടി കോപം' എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ് ഡ്രാഗണ്‍ അടിച്ചുകയറിയത് എന്നോര്‍ക്കണം. സിനിമയില്‍ എത്തുന്നതിനുമുമ്പേ ധനുഷിനോട് പരസ്യമായി ഒരു അഭ്യര്‍ഥന നടത്തിയ ഭൂതകാലവും പ്രദീപ് രംഗനാഥനുണ്ട്. തന്റെ ഹ്രസ്വ ചിത്രം കാണുമോയെന്നാണ് ധനുഷിനോട് പ്രദീപ് രംഗനാഥന്‍ അന്ന് ചോദിച്ചത്. അവാര്‍ഡ് നേടിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്. എന്നാല്‍ ആ അഭ്യര്‍ഥന ധനുഷ് ചെവിക്കൊണ്ടില്ല. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നുണ്ട്. പക്ഷേ തിനിക്ക് ആരോടും പകയില്ലെന്നും ആരുടെയും പകരക്കാരനായി എഴുതരുതെന്നും പ്രദീപ് പറയാറുണ്ട്.




ചരിത്രം തിരുത്തിയ ഡ്രാഗണ്‍

ശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന, ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍, ആര്‍ക്കും വലിയ പ്രതീക്ഷയില്ലായിരുന്നു. 2025 ഫെബ്രുവരി 21ന് ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍, കഥയാകെ മാറി. കോമഡി, ഫാമിലി സെന്റിമെന്റ്സ്, ആക്ഷന്‍, റൊമാന്‍സ്, ത്രില്‍, അങ്ങനെ എല്ലാം ചേര്‍ന്നൊരു മുഴുനീള എന്റര്‍ടെയ്നര്‍ പാക്കേജ്. മൂന്നേ മൂന്ന് ദിവസത്തില്‍ 50 കോടി കളക്ഷന്‍ നേടി! കൂടെ മത്സരിക്കുന്ന അജിത്തിന്റെയും, ധുനഷുഇന്റെ സൂപ്പര്‍താര ചിത്രത്തെയും മറികടന്ന് കേരളത്തിലുള്‍പ്പെടെ ഡ്രാഗണ്‍ തീയേറ്ററുകള്‍ നിറച്ചു. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും യുറോപ്പിലും ഡ്രാഗണ്‍ ചരിത്രം കുറിച്ചു. നോര്‍ത്ത് അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ഡ്രാഗണ്‍ 1 മില്യണ്‍ ഡോളര്‍ കടന്നു. ഈ വര്‍ഷം ആദ്യമായാണ് നോര്‍ത്ത് അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ഒരു കോളിവുഡ് പടം ഈ നേട്ടം കൈവരിക്കുന്നത്.

സത്യത്തില്‍ മലയാളത്തിലുണ്ടായ പുതിയ കാല സിനിമകളുടെ സാധീനം പ്രകടമായി കാണുന്ന ചിത്രമാണ് ഡ്രാഗണ്‍. നമ്മുടെ 'വാഴ'യുടെയും പ്രേമത്തിന്റെയും ആവേശത്തിന്റെയും വടക്കന്‍ സെല്‍ഫിയുടെയും ഒക്കെ വേറൊരു വേര്‍ഷന്‍ ആണ്.. 'മലരേ..' 'ഇല്ലുമിനാറ്റി' സോങ്ങുകളെയും മലര്‍ മിസ്സിനെയും ഒക്കെ ഒരു റെഫറന്‍സ് എന്ന വണ്ണം ചിത്രം ഇടയ്ക്ക് ഉപയോഗിക്കുന്നുണ്ട്.




പ്രദീപ് രംഗനാഥന്‍ എന്ന നടനെ ഒരു താരമായിട്ടല്ലാതെ തങ്ങളില്‍ ഒരാളായി ജനത്തിന് റിലേറ്റ് ചെയ്യാനാവുമെന്നാണ് ചിത്രത്തിന്റെ പോസിറ്റീവ്. പ്ലസ്ടുവിന് പഠിച്ച് മിടുക്കനായി ഗോള്‍ഡ് മെഡല്‍ വാങ്ങി, അതുമായി താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ അടുത്ത എത്തിയ ഡ്രാഗണിലെ നായകന് കിട്ടുന്നത് കട്ട റിജക്ഷനാണ്. പെണ്‍കുട്ടി പറയുന്നത് തനിക്ക് ഒരു പഠിപ്പിസ്റ്റിനെയല്ല, ഒരു ഫ്രീക്കനെയാണ് ഇഷ്ടമെന്നാണ്. അതോടെ അവന്റെ ജീവിതം മാറുന്നു. ഡി രാഘവന്‍ എന്ന അവന്‍ കോളജില്‍ ഡ്രാഗണ്‍ ആയി രൂപാന്തരപ്പെടുന്നു. 45 സപ്പിമെന്ററികള്‍ ഉള്ള മഹാ ഉഴപ്പനായി, രക്ഷിതാക്കളെ പറ്റിച്ച് സുഹൃത്തുക്കളുടെ ചെലവില്‍ ജീവിക്കുന്ന ഒരു തല്ലിപ്പൊളിയായി അവന്‍ മാറുന്നു. അവിടെനിന്ന് തിരുത്താല്‍ ഒരു അവസരം കിട്ടിയപ്പോഴുള്ള നായകന്റെ മാറ്റമാണ് ചിത്രത്തിന്റെ കാതല്‍.

കഥാപരമായി നോക്കുമ്പോള്‍ ക്ലീഷേകള്‍ ഏറെയുണ്ടെങ്കിലും, നായകനെ പെട്ടെന്ന് റിലേറ്റ് ചെയ്യാനാവുമെന്നത് തന്നെ ചിത്രത്തെ വിജയിപ്പിക്കുന്നു. പ്രദീപ് ആദ്യകാല ധനുഷിനെ പോലെ തകര്‍ത്തു വാരിയിട്ടുണ്ട്. പ്ലസ് ടു, ബി ടെക് സ്റ്റുഡന്റ് ആയി മാറുവാനുള്ള കോണ്‍ഫിഡന്‍സ് അപാരം. അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍ തുടങ്ങിയ നായികമാരും തിളങ്ങിയതോടെ ചിത്രം വന്‍ ഹിറ്റായി.



ഇപ്പോള്‍ പ്രദീപ് രംഗനാഥനെന്ന ഒരുകാലത്ത് തേപ്പുമാത്രം കിട്ടിയ ആ നായകനെകാത്ത് നായികമാര്‍ ക്യൂ നില്‍ക്കയാണ്. കോടികളിലേക്ക് അയാളുടെ പ്രതിഫലം ഉയരുന്നു. ഒന്നും രണ്ടുമല്ല, പ്രമുഖ ബാനറുകളുടെ 30 ചിത്രങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, ഒരു പുതിയ സൂപ്പര്‍സ്റ്റാറിന്റെ ഉദയമെന്ന് തമിഴക മാധ്യമങ്ങള്‍ ഈ നടനെ വിശേഷിപ്പിക്കുന്നത്.പണവും ഫാന്‍സും വന്ന് നിറയുമ്പോഴും വിനീതനാവുകയാണ് ഈ നടന്‍.

പണമായിരുന്നു പ്രധാനമെങ്കില്‍ രണ്ടാം സിനിമ ചെയ്യാന്‍ ഇത്രയും വര്‍ഷമെടുക്കുമായിരുന്നില്ല. തനിക്ക് പ്രധാനം തന്റെ ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനാണെന്നാണ് പ്രദീപിന്റെ പക്ഷം. 'സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണ്. എന്റെ പാഷന്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്. കാശിന് ബുദ്ധിമുട്ടുള്ളപ്പോള്‍ പോലും സിനിമ ചെയ്യാത്തതെന്താണെന്ന് പലര്‍ക്കും മനസ്സിലായില്ല. എനിക്ക് വേണ്ടത് സംതൃപ്തിയാണ്''- പ്രദീപ് രംഗനാഥന്‍ നമ്മള്‍ ഇതുവരെ കണ്ട നടന്‍മ്മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നവനല്ല.



വാല്‍ക്കഷ്ണം: 'റിജക്ഷനുകളില്‍ നിന്നാണ് ഞാന്‍ പാഠം ഉള്‍ക്കൊണ്ടത്. ആര് തേച്ചാലും നിങ്ങള്‍ക്ക് നിങ്ങളിലുള്ള ആത്മവിശ്വാസം വിടരുത്. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ചത് അതാണ്. ഒരു ബ്രേക്ക് അപ്പ് എങ്ങനെ നേരിടണം എന്നൊക്കെ നാം ഇനിയുള്ളകാലത്ത് യുവ തലമുറയെ ശാസ്ത്രീയമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു''-പ്രദീപ് രംഗനാഥന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.