- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പടം കൊണ്ട് ഓള്‍ കേരളാ ക്രഷായ ഡെലൂലു; ലേഡി സൂപ്പര്‍സ്റ്റാറായ കല്യാണി; 2025-ലെ വില്ലന്‍ ഓഫ് ദ ഇയറായി പ്രകാശ് വര്‍മ്മ; ക്യാമറയുടെയും സ്ക്രിപിറ്റിന്റെയും അപൂര്‍വ കോമ്പോയുമായി ബാഹുല്‍; അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്; ഇവര്‍ മലയാളസിനിമയിലെ പുതിയ താരോദയങ്ങള്‍!
ഇവര്‍ മലയാളസിനിമയിലെ പുതിയ താരോദയങ്ങള്‍
മാറ്റം എന്ന വാക്കിനൊഴികെ സകലതിനും മാറ്റമുണ്ടാവുമെന്നാണെല്ലോ ആചാര്യ വചനം. മലയാള സിനിമയെ സംബന്ധിച്ച് നോക്കുമ്പോള്‍, അത് വലിയ രീതിയില്‍ മാറ്റം പ്രകടിപ്പിച്ച വര്‍ഷമായിരുന്നു 2025. മുന്നുറ് കോടിക്ക് മുകളിലെത്തി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ഒരു ചിത്രവും, ഇരുനൂറ് കോടിക്ക് മുകളിലെത്തിയ രണ്ടു ചിത്രങ്ങളും, 75കോടി കടന്ന മൂന്ന് ചിത്രങ്ങളും, 50 കോടി കടന്ന പത്തോളം ചിത്രങ്ങളുമായി മല്ലുവുഡിന്റെ ബോക്സോഫീസ് വിശാലമായ കാലമാണ് 2025. പക്ഷേ ഇതില്‍ എത്ര നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇരുനൂറിലേറെ ചിത്രങ്ങള്‍ ഇറങ്ങിയ പോയ വര്‍ഷത്തില്‍, അതില്‍ പകുതിയില്‍ ഏറെയും, തീയേറ്ററില്‍ ഒരാഴ്ച പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവയായിരുന്നു!
അതിനിടയിലും ചില തിളക്കങ്ങള്‍ മലയാള സിനിമയിലുമുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും ഒഴികെയുള്ള 90കളില്‍ നിറഞ്ഞു നിന്ന താരങ്ങളും അഭിനേതാക്കളും സംവിധായകരുമൊക്കെ കളമൊഴിഞ്ഞു കഴിഞ്ഞു. സത്യന്‍ അന്തിക്കാാട് മാത്രമാണ് സംവിധായകരുടെ കൂട്ടത്തില്‍ ഫീല്‍ഡ് ഔട്ടാവാതെ നില്‍ക്കുന്നത്. ജോഷി, കമല്‍, സിബിമലയില്‍ തുടങ്ങി ഒരുപാട് നല്ല സിനിമകള്‍ എടുത്ത ഡയറക്ടര്‍മാരെയൊന്നും ഇപ്പോള്‍ 'പൊടിപോലുമില്ല കണ്ടുപിടിക്കാന്‍' എന്ന അവസ്ഥയിലായിരിക്കുന്നു. ആ സ്ഥാനത്ത് പുതിയ താരോദയങ്ങള്‍ ഉണ്ടാവുകയാണ്.
കേരളം കീഴടക്കിയ രണ്ട് പ്രേതങ്ങള്‍!
മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെയെന്ന് നിരൂപകര്‍, വിലപിച്ച ഒരുകാലമുണ്ടായിരുന്നു. പക്ഷേ 2025-ലെ മലയാള സിനിമ ഞെട്ടിക്കുന്നത് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെകൊണ്ടാണ്. അതി രണ്ടും രണ്ട് പ്രേതങ്ങളായിരുന്നു താനും. ലോകയിലെ നീലിയായ കല്യാണി പ്രിയദര്‍ശനും, വര്‍ഷവസാനമിറങ്ങിയ സര്‍വംമായയിലെ ഡെലുലൂ എന്ന പ്രേതമായ റിയ ഷിബും.
300 കോടിയിലേറെ നേടി കളക്ഷനില്‍ റെക്കോര്‍ഡിട്ട 'ലോക' ഒരു ലേഡിസൂപ്പര്‍സ്റ്റാറിന്റെ താരോദയത്തിനും കാരണമാക്കി. അതുവരെ ക്യൂട്ട്നെസ് വാരിവിതറുന്ന വേഷങ്ങളില്‍ മാത്രം കണ്ട കല്യാണി പ്രിയദര്‍ശന്‍, 'മലയാളത്തിന്റെ ആന്‍ജലീന ജോളി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ന്നു. ആക്ഷന്‍രംഗങ്ങളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്ത കല്യാണി ഒരു ഹോളിവുഡ് നടിയുടെ ഫിസിക്ക് ആര്‍ജിച്ച് കേരളത്തെ ഞെട്ടിക്കുകയായിരുന്നു.
വൈഡ്യൂരക്കണ്ണുകളും, വജ്രം തിളങ്ങുന്ന നോട്ടങ്ങളുമുള്ള ആ സുന്ദരി. ഒരേ സമയത്ത് പ്രണയവും പേടിയും തോന്നുന്ന സൗന്ദര്യധാമം! നോട്ടം ഷാര്‍പ്പാക്കിയാല്‍ യക്ഷി, ലൈറ്റാക്കിയാല്‍ കാമിനി. അപരമായ റേഞ്ച് വേണം ഇതുപോലെ ഒരു കഥാപാത്രത്തെ ചെയ്യാന്‍. മലയാളത്തിലെ ആദ്യസൂപ്പര്‍ വുമണ്‍ സിനിമയിലുടെ കല്യാണി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നിരിക്കയാണ്.
വര്‍ഷാവസാന മറ്റൊരു പ്രേതവും ഓള്‍ കേരളാ ക്രഷായി മാറിയിരിക്കയാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വ്വം മായയില്‍', ഡെലൂലു എന്ന പ്രേതമായ റിയ ഷിബുവാണ് ഇപ്പോള്‍ റീലുകളിലടക്കം നിറയുന്നത്. ഒരു അയഞ്ഞ ടീ ഷര്‍ട്ടുമിട്ട്, ജെന്‍ സി തലമുറയെ പ്രതിനിധീകരിച്ച് എത്തിയ ആ കഥാപാത്രത്തെ, ക്യൂട്ട്നെസ് വാരി വിതറി ഓവറാക്കാതെ റിയ കറക്റ്റ് മീറ്ററില്‍ പിടിച്ചു കൊണ്ട് ഗംഭീരമാക്കി. പ്രശസ്ത നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ (എബിസിഡി, പുലി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ്) മകളാണ് 20 വയസ്സുകാരിയായ റിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറാണ്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ തഗ്‌സ്, മുറ, വീര ധീര സൂരന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായി പേര് വെച്ചിട്ടുള്ളത് റിയയയുടെതാണ്. ആര്‍ആര്‍ആര്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നതിലും ഇവരുടെ കമ്പനിയാണ്. 2024- ല്‍ പുറത്തിറങ്ങിയ കപ്പ് എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ, മേനേ പ്യാര്‍ കിയാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണ്‍ റിയയുടെ സഹോദരനാണ്.
അതുപോലെ ശ്രദ്ധേയമായ ഒരു പ്രകടനമായിരുന്നു, എക്കോ സിനിമയിലെ ബ്ലാത്തി ചേടത്തിയുടെ വേഷം ചെയ്ത മേഘാലയ നടി, ബിയാന മോമിന്റെത്. 'രേഖാചിത്രത്തില്‍' അനശ്വര രാജന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. കളങ്കാവലില്‍ ഒരുപാട് നായികമാര്‍ ഉണ്ടെങ്കിലും, നടി ശ്രുതി ചെയ്ത ഏതാനും സീനുകളിലെ വേഷം ഉള്ളില്‍ തട്ടിനില്‍ക്കുന്നുണ്ട്. പക്ഷേ പഴയകാല താരങ്ങള്‍ക്ക് ഒന്നും എവിടെയും എത്താന്‍ കഴിയുന്നില്ല. തുടരും സിനിമയിലുടെ വിന്റേജ് ശോഭന തിരിച്ചുവന്നെങ്കിലും പഴയ പ്രതാപത്തിന്റെ അടുത്തെത്താനായില്ല. എമ്പുരാനിലെ മഞ്ജുവാര്യര്‍ക്കും അതേ അസ്ഥയാണ്.
അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്
2025 ഒരുപാട് മികച്ച നടന്‍മാരെകൂടി സമ്മാനിച്ച വര്‍ഷമാണ്. ദിലീഷ് പോത്തന്‍ എന്ന മലയാള സിനിമയുടെ ഭാവുകത്വം തിരുത്തിയ ന്യൂജെന്‍ സംവിധായകന്റെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള സിനിമയായിരുന്നു, ഷാഫി കബീറിന്റെ 'റോന്ത്'. 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' എന്ന് ആരാധകര്‍ പറയുന്ന സംവിധാനത്തിലെ മികവ് ശരിക്കും ദിലീഷിന്റെ അഭിനയത്തിലും വരുന്നുണ്ട്്. അത്രയും ഗംഭീരമായിട്ടാണ് യോഹന്നാന്‍ എന്ന ആ പൊലീസുകാരന്റെ ഹര്‍ഷ സംഘര്‍ഷങ്ങള്‍ ദിലീഷ് കൈകാര്യം ചെയ്യുന്നത്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് കേരളത്തിന്റെ എന്‍ട്രിയാണ്, ദിലീഷിന്റെ യോഹന്നാന്‍ എന്ന് നിസ്സംശയം പറയാം.
പിന്നെയുള്ളത് നമ്മുടെ നസ്ലന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന വെറും 24 വയസ്സ് പ്രായമുള്ള പയ്യനാണ്. ഖാലിദ് ഉസ്മാന്‍ ഡയറക്ട് ചെയ്ത് നസ്ലന്‍ നായകനായ ആലപ്പുഴ ജിംഖാനയെന്ന കൊച്ചു ചിത്രം വാരിയത് 70.6 കോടി രൂപയാണ്. പയ്യന് ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പോര് വന്നതും ഇതോടെയാണ്. അതിനുശേഷം വന്ന ബ്ലോക്ക് ബസ്റ്റര്‍ ലോകയും നസ്ലിന്റെ പേര് ഉറപ്പിച്ചു. ചില ഭാവങ്ങള്‍ വച്ചുനോക്കുമ്പോള്‍ ന്യൂജന്‍ ലാലേട്ടനാണ് ഈ പയ്യന്‍. ലോകയിലെ ടെന്‍ഷന്‍ പിടിച്ച സീനുകള്‍ക്കിടയില്‍ നസ്ലന്റെ ചില ഭാവങ്ങളുണ്ട്. ചിരിച്ചുപോവും. അതുപോലെ നസ്ലന്റെ 'ലോക' ടീമായ ചന്തു സലീം കുമാറും, അരുണ്‍ കുര്യനുമൊക്കെ ഭാവിയുള്ള നടന്‍മ്മാരാണ്.
അതുപോലെ കയറിവരുന്ന ഒരു യുവതാരമാണ് സന്ദീപ് പ്രദീപ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും നല്ലപടം എന്ന് പേരെടുത്ത 'എക്കോ'യിലെ അഭിനയത്തോടെ ഒരു ന്യുജന്‍ സ്റ്റാറായി മാറുകയാണ്. നേരത്തെ 'പടക്കളം' എന്ന സിനിമയിലും കിടിലന്‍ വേഷമായിരുന്നു സന്ദീപിന്.
മരണമാസിലും, വ്യസനസമേതം ബന്ധുമിത്രാദികളിലും വേഷമിട്ട, രോമാഞ്ചം ഫെയിം സിജു സണ്ണിയും ഭാവിയുടെ വാഗ്ദാനമാണ്. ഡീയസ് ഈറെ പ്രണവ് മോഹന്‍ലാലിന്റെ താരപദവി ഉറപ്പിക്കുന്നതായിരുന്നു. ഇതുവരെ കാണാത്ത അര്‍ബന്‍ മല്ലുവേഷത്തിലാണ് താരപുത്രന്‍ ചിത്രത്തിലെത്തിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രം ചെയ്യുന്ന രീതിയൊക്കെ വിട്ട്, മലകയറ്റത്തിനും യാത്രകള്‍ക്കും അവധികൊടുത്ത് സിനിമയില്‍ ശ്രദ്ധിച്ചാല്‍ പ്രണവ് ശരിക്കും രാജാവിന്റെ മകന്‍ തന്നെയാവും. അതുപോലെ പെറ്റ്ഡിറ്റക്റ്റീവിലെ ഷറഫുദ്ദീനും, ഹൃദയപൂര്‍വത്തിലെ സംഗീതും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
അതുപോലെ 'തുടരും' എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരു നടന്‍ എന്ന നിലയിലും മോഹന്‍ലാലിന്റെ തിരിച്ചുവരവായി. കണ്ണുകൊണ്ടും പുരികംകൊണ്ടും ഉള്ളം കാലുമൊണ്ടൊക്കെ അഭിനയിക്കാന്‍ കഴിയുന്ന നടനവിസ്മയം മോഹന്‍ലാലിലെ തിരിച്ചുതരാന്‍, തരുണ്‍ മുര്‍ത്തി എന്ന സംവിധായകനായി.
അതുപോലെ 'കളങ്കാവല്‍' മമ്മൂട്ടിയുടെയും തിരിച്ചുവരവായി. സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറെ അനുസ്മരിപ്പിക്കുന്ന, 22 സ്ത്രീകളുടെ ജീവനെടുത്ത സൈക്കോയായി മമ്മൂട്ടി അഴിഞ്ഞാടുകയാണ്. 74കാരനായ മമ്മൂട്ടിയും 65കാരനായ മോഹന്‍ലാലും തന്നെയാണ് ഇപ്പോഴും മലയാള വിപണിയെ നിയന്ത്രിക്കുന്നത് എന്നത് അമ്പരപ്പിക്കുന്നതാണ്.
ജോര്‍ജ് സാറും നാച്ചിയപ്പയും!
വില്ലന്‍മാരുടെ വേഷത്തില്‍ മലയാളസിനിമ റെക്കോര്‍ഡിട്ട വര്‍ഷംകൂടിയാണ് കടുന്നുപോയത്. അതില്‍ എറ്റവും ഭയങ്കരം നമ്മുടെ മമ്മൂട്ടി തന്നെയാണ്. കളങ്കാവല്‍ സിനിമയില്‍ ഒരു പക്കാ വില്ലനായി അദ്ദേഹം നടത്തിയ പകര്‍ന്നാട്ടം, എല്ലാ ഇമേജുകള്‍ക്ക് അപ്പുറമാണ്. മലയാള സിനിമയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭാവുകത്വപരമായ മാറ്റത്തിന് ഉദാഹരണമാണ് ഈ ചിത്രം. ഒരു അഞ്ചുകൊല്ലം മുമ്പുവരെ ആയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ആരാധകര്‍ തീയേറ്ററിന് തീയിട്ടേനെ!
പക്ഷേ 2025-ലെ വില്ലന്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം കിട്ടേണ്ടത് തുടരും സിനിമയിലെ ജോര്‍ജ് സാറായി വന്ന പ്രകാശ് വര്‍മ്മക്കാണ്. 'ഇതെന്റെ കഥയാടാ, ഇതില്‍ ഞാനാ നായകന്‍' എന്ന് ലാലേട്ടനോട് പറഞ്ഞ് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍. സുന്ദരമായ മുഖത്തോടെയും പുഞ്ചിരിയോടെയുമെത്തി പിന്നീടങ്ങോട്ട് കൊടൂം ക്രൂരവില്ലനായി തകര്‍ത്താടുകയായിരുന്നു ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം. എന്‍ എഫ് വര്‍ഗീസും, മുരളിയും ഒഴിച്ചിട്ട് സിംഹാസനത്തിലേക്ക്, ഇരിക്കാന്‍ കഴിയുന്നയാളാണ് പ്രകാശ് വര്‍മ്മ എന്ന ഈ പുതുമുഖ നടന്‍. നിസ്സംശയം പറയാം, മലയാള സിനിമ അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ ഡിസ്‌ക്കവറിയാണ് ഈ നടന്‍.
ഗൂഗിളിലടക്കം ഇ വര്‍ഷം ഏറ്റവും കൂടുതല്‍ സേര്‍ച്ചുകള്‍ വന്നത്, ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ 'വെറുപ്പിക്കുന്ന' സിഐ ജോര്‍ജ് മാത്തനെകുറിച്ചാണ്. ബിഗ് സ്‌ക്രീനില്‍ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ ഇദ്ദേഹം, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. ലോകമറിയുന്ന ഒരുപാട് വര്‍ക്കുകളിലുടെ അഡ്വര്‍ട്ടെസിങ്ങ് രംഗത്തെ രാജാവാണ് അയാള്‍. നടന്‍ ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകനാണ്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ട നടനാണ് പ്രകാശ് വര്‍മ്മ.
അതുപോലെ നാച്ചിയപ്പ എന്ന ഡെവിളിഷ് വില്ലനായി, 'ലോക'യില്‍ അഴിഞ്ഞാടിയ ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡിയുടെ 'ഘടോല്‍ക്കചന്‍' പെര്‍ഫോമന്‍സും മറക്കാന്‍ കഴിയില്ല. നോട്ടവും നടത്തവും പോലും കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തി. ലിയോ എന്ന സിനിമയിലൂടെയാണ് സാന്‍ഡി മാസ്റ്റര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച ക്രൂരനായ വില്ലന്‍ കഥാപാത്രം ഏറെ കയ്യടികള്‍ വാങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോകയില്‍ നാച്ചിയപ്പ എന്ന വേഷത്തില്‍ അദ്ദേഹം ഞെട്ടിച്ചത്. ലിയോ സിനിമ കണ്ടിട്ടാണ് അദ്ദേഹത്തെ ലോകയിലേക്ക് കാസ്റ്റ് ചെയ്ത്. കൈനിറയെ സിനിമകളാണ് ഇപ്പോള്‍ അദ്ദേഹത്തിനെ തേടി എത്തുന്നത്. എക്കോ സിനിമയിലെ കുര്യച്ചന്റെ വേഷം ചെയ്ത ഹിന്ദി നടന്‍ സൗരഭ് സച്ച്ദേവയും കിടിലനായിരുന്നു.
ക്യാമറയും തിരക്കഥയുമായി ബാഹുല്‍
സംവിധാന രംഗത്തും മലയാള സിനിമയുടെ ഭാവി ഭദ്രമാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുന്ന ഒരുപാട് പ്രതിഭകളെ 2025 അടയാളപ്പെടുത്തി. അതില്‍ ഡയറക്ടര്‍ ഓഫ് ദ ഇയര്‍ എന്ന് പറയാവുന്നത്, തുടരും സിനിമയുടെ സംവിധാകന്‍ തരൂണ്‍മൂര്‍ത്തി തന്നെയാണ്. ഓപ്പറേഷന്‍ ജാവ, സൗദിവെള്ളക്ക തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ എടുത്ത തുരണ്‍ മൂര്‍ത്തി, തുടരും സിനിമയിലുടെ അതുക്കും മേലെപോയി. അതുപോലെയാണ് എക്കേ സിനിമയുടെ സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍. മുന്‍ ചിത്രമായ കിഷ്‌ക്കിന്ധാകാണ്ഡത്തിനും മുകളിലെത്തി എക്കോ.
പക്ഷേ 2005ന്റെ യഥാര്‍ത്ഥ ടെക്കിനിക്കല്‍ താരം എന്ന് പറയുന്നത്, എക്കോയ്്ക്ക് തിരക്കഥ ഒരുക്കി ക്യാമറ ചലിപ്പിച്ച, ബാഹുല്‍ രമേശാണ്. മികച്ച സ്‌ക്രിപ്റ്റ് റൈറ്റര്‍മാര്‍ മികച്ച സംവിധായകരായി മാറുന്നത് കണ്ടിട്ടുണ്ട്. മികച്ച സിനിമാട്ടോഗ്രാഫര്‍മാര്‍ മികച്ച സംവിധായകര്‍ ആയി മാറാറുമുണ്ട്. പക്ഷേ ബാഹുല്‍ രമേശിന്റേത് ഇതുവരെ അധികം കണ്ടിട്ടില്ലാത്ത ഒരു അപൂര്‍വ ബ്ലെന്‍ഡിംഗ് ആണ് മികച്ച സ്‌ക്രിപ്റ്റ്‌റൈറ്ററായ ഒരാള്‍ മികച്ച ഛായാഗ്രാഹകന്‍ ആവുന്നത് ഞെട്ടിക്കയാണ്. ഒരേ സമയം തിരക്കഥയും ക്യമാറയുമെന്ന അപൂര്‍വ കോമ്പോ ബാഹുല്‍ ഭംഗിയാക്കി. ക്യാമറാ സെന്‍സ് ഉള്ളത്, തനിക്ക് എഴുത്തില്‍ ഒരുപാട് ഗുണം ചെയ്തുവെന്ന് ബാഹുല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
ലോകയുടെ ഡയറക്ടര്‍ ഡൊമനിക്ക് അരൂണ്‍ തൂക്കിയ വര്‍ഷമാണ് 2025. പക്ഷേ പോയ വര്‍ഷത്തെ ഏറ്റവും നല്ല നവാഗത പ്രതിഭയാണ്, മമ്മൂട്ടിയുടെ കളങ്കാവലിന്റെ ഡയറക്ടര്‍ ജിതിന്‍ ജോസ്. കുറുപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ജിതിനില്‍നിന്ന് മലയാള സിനിമക്ക് ഒരുപാട് കിട്ടാനുണ്ട്. ന്യൂജന്‍ ലോഹിതദാസ് എന്ന് വിശേഷിപ്പിക്കപ്പെട്ട, എഴുത്തുകാരന്‍കൂടിയ സംവിധായകനാണ് ഷാഫി കബീര്‍. റോന്ത് എന്ന സിനിമ അദ്ദേഹത്തിന്റെ പ്രതിഭ കാട്ടിത്തരുന്നുണ്ട്. അതുപോലെ ഭൂതകാലം, ഭ്രമയുഗം എന്നീ വ്യത്യസ്തമായ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ രാഹുല്‍ സദാശിവന്‍, ഡീയസ് ഈറെയിലുടെ പേര് കാത്തു. പകല്‍വെളിച്ചത്തില്‍ പോലും ഭീതിയുണ്ടാക്കാന്‍ കഴിയുന്ന പ്രതിഭയാണ് ഇദ്ദേഹം. ഡീയസ് ഈറെയുടെ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത കാലംകൂടിയാണ് കടന്നുപോയത്. അതുപോലെ രേഖാചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും മലയാള സിനിമയുടെ ഭാവിയില്‍ അടയാളപ്പെടുത്തേണ്ട ഡയറക്ടറാണ്. വര്‍ഷവസാനം ഇറങ്ങിയ നിവിന്‍പോളിയുടെ സര്‍വം മായ എന്ന ചിത്രത്തിലുടെ ഹിറ്റടിച്ച അഖില്‍ സത്യനും, 2025-ന്റെ കണ്ടെത്തലാണ്.
പഴയകാല പുലികളായ ഡയറക്ടര്‍മാര്‍ മുഴവന്‍ കട്ടയും പടവും മടക്കിക്കഴിഞ്ഞിട്ടും, അഖില്‍ സത്യന്റെ പിതാവ് സത്യന്‍ അന്തിക്കാട് മാത്രമാണ് പിടിച്ചു നില്‍ക്കുന്നത്. സത്യന്‍- മോഹന്‍ലാല്‍ കോമ്പേയിലറിങ്ങിയ 'ഹൃദയപൂര്‍വം' എന്ന ചിത്രം 75 കോടിയാണ് നേടിയത്. പക്ഷേ സത്യന്റെ മൂന്‍കാല ചിത്രങ്ങളുടെ എവിടെയുമെത്താന്‍ ഈ പടത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ മോഹന്‍ലാലിവെച്ച് പൃഥ്വിരാജ് ചെയ്ത എമ്പുരാന്‍, 200 കോടിയലധികം നേടിയെങ്കിലും, ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അഭിമാനിക്കാന്‍ കാര്യമായി ഉണ്ടായിരുന്നില്ല.
മിന്നല്‍വളയും, നിലാകായും വെളിച്ചവും
പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ട് പറയുമ്പോള്‍, ജേക്സ് ബിജോയ്, ദീപക് ദേവ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ നിറഞ്ഞുനിന്ന സമയമായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ നിലവാരത്തില്‍ മലയാള സിനിമ ഏറെ മുന്നിലെത്തി. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ചലച്ചിത്രഗാനങ്ങള്‍, റാപ്പുകളിലേക്ക് വഴിമാറുന്ന ഒരു പ്രവണത മലയാള സിനിമയിലുണ്ട്. റാപ്പര്‍ വേടനെപ്പോലുള്ളവരുടെ ഗാനങ്ങളിലേക്കാണ് പുതുതലമുറ ആകര്‍ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി മാറിയിരിക്കയാണ് മലയാള സിനിമയിലെ ഗാനങ്ങള്‍. പഴയപോലെ മുഴുനീള ഗാനങ്ങള്‍ കുറയുന്നത് കാലത്തിന്റെ മാറ്റമായിരിക്കാം.
പക്ഷേ അപ്പോഴും, ഒറ്റ കേള്‍വിയില്‍ തന്നെ ഹൃദയത്തില്‍ തൊടുന്ന ചില ഗാനങ്ങള്‍ 2025ലുമുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തിലെ ഗാനമായ മിന്നല്‍വള. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഗാനം, റിലുകളില്‍ നിറഞ്ഞു നിന്നു. സിദ്ധ് ശ്രീരാമും സിതാര കൃഷ്ണ കുമാറും അതിമനോഹരമായാണ് പാടിയത്. അതുപോലെ 'കിളിയേ കിളിയേ' എന്ന ലോകയിലെ റീമിക്സും സോഷ്യല്‍ മീഡിയയെ കുലുക്കി. പൂവച്ചല്‍ ഖാദര്‍ എഴുതിയ വരികള്‍ക്ക് ഇളയരാജ ഈണം നല്‍കി എസ് ജാനകി ആലപിച്ച 'കിളിയേ കിളിയേ...' എന്ന ഗാനം വീണ്ടുമെത്തിയപ്പോള്‍ അത്, ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ 'തുടരും' എന്ന ചിത്രത്തിലെ കണ്‍മണി പൂവേ എന്ന ഗാനവും മെലഡികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. എം ജി ശ്രീകുമാര്‍ പാടിയ ഗാനത്തിന്റെ സംഗീത സംവിധായകന്‍, ജേക്‌സ് ബിജോയാണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയ പൂര്‍വത്തിലെ വെണ്‍മതി എന്ന ഗാനവും ശ്രദ്ധേയമായി. മനു മഞ്ജിത് വരികളെഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. സിദ്ധ് ശ്രീരാം ആണ് ഗായകന്‍. ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തിയ ബള്‍ട്ടിയിലെ ഗാനമായ ജാലക്കാരിയും ട്രെന്‍ഡിങ്ങിലെത്തി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സായ് അഭ്യങ്കര്‍ ഈണം നല്‍കി സായിയും സുഭാഷിണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
പക്ഷേ ഈ വര്‍ഷത്തെ ഗാനം എന്നത് ഇതൊന്നുമല്ല. അത് കളങ്കാവിലെ നിലാകായും വെളിച്ചമാണ്. 45 കാരിയായ സിന്ധുവാണ് ഈ ഗാനം ആലപിച്ചിരിന്നത്. ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദിയാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഈ വര്‍ഷത്തെ മാന്‍ ഓഫ് മലയാള മ്യസീഷന്‍ എന്ന വിളിക്കാവുന്നത് മുജീബ് മജീദിനെയാണ്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സര്‍വം മായ എന്ന ചിത്രത്തിലെ ഗാനമാണ് ഒടുവില്‍ ട്രെന്‍ഡിങ്ങില്‍ എത്തിയിരിക്കുന്നത്. ഗാനം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. പക്ഷേ പഴയ ഗാനങ്ങളുടെ ഭംഗി പുതു ചിത്രങ്ങള്‍ക്ക് ഒരിക്കലും കിട്ടുന്നില്ല എന്നും, വരികള്‍ക്കടക്കം നിലവാരമില്ലെന്നുമുള്ള പൊതു വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
വാല്‍ക്കഷ്ണം: മമ്മൂട്ടിയും മോഹന്‍ലാലുമൊഴികെയുള്ള പഴയ സംവിധായകരും നടന്‍മാരും ഫീല്‍ഡ് ഔട്ടാവുകയാണ്. പുതിയ താരങ്ങളും പുതിയ ചലച്ചിത്രകാരന്‍മാരും കടന്നുവരികയാണ്. വളരെ പോസിറ്റീവായ ഒരു വര്‍ഷം തന്നെയായിരുന്നു, മലയാള സിനിമയെ സംബന്ധിച്ച് 2025.




