- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നൂറ്റമ്പത് നിലയുള്ള കെട്ടിടങ്ങളുടെ അറ്റത്തേക്കുവരെ വലിഞ്ഞ് കയറും; യാതൊരു സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെ തലകുത്തി മറിയലും, സ്കേറ്റിങ്ങും; ക്രെയിനുകൾ, പാലങ്ങൾ എന്നിവയുടെ മുകളിൽ കയറി വീഡിയോ ചെയ്യും; ഒടുവിൽ 68ാം നിലയിൽനിന്ന് വീണ് മരണം; സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
നൂറും, നൂറ്റമ്പതും നിലയുള്ള അംബര ചുംബികളായ കെട്ടിടങ്ങളിൽ വലിഞ്ഞ് കയറുക. എന്നിട്ട് അതിന്റെ അഗ്രത്തുപോയി അതിസാഹസികമായി വീഡിയോകൾ ചെയ്യുക. താഴേക്ക് നോക്കിയാൽ ഭീതിയാവുന്ന അത്ര ഉയരത്തിൽനിന്ന് സ്കേറ്റിങ്ങ് നടത്തുക, തലകുത്തി മറിയുക, നൃത്തം ചെയ്യുക, ചെറിയ സൺഷേഡുകളിൽ തൂങ്ങിക്കിടക്കുക.... മരണത്തോട് മല്ലിടുന്ന സാഹസികതയായിരുന്നു ഈ 30കാരന്റെ ഹോബി. അതുകൊണ്ടുതന്നെ ലോകമെമ്പാടും ആരാധകർ ഉണ്ടായിരുന്നു, റെമി ലൂസിഡി എന്ന ഫ്രഞ്ച് യുവാവിന്. പക്ഷേ ഒരു തവണ അയാൾക്ക് പറ്റിയ പിഴവ് എന്നേക്കുമുള്ള പിഴവായി. ഹോങ്കോങിലെ ടഗണ്ടർ ടവർ കോംപ്ലക്സിലെ 68ാം നിലയിൽനിന്ന് അയാൾ വീണുമരിച്ച വാർത്ത കേട്ട് ലോകം നടുങ്ങുകയാണ്.
ഏത് പാതാളത്തിലും പോയി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ, തന്നേക്കാൾ വലിപ്പമുള്ള മുതലകളെയും പാമ്പുകളെയുമൊക്കെ പിടിച്ചുകൊണ്ടുവരുന്ന സ്റ്റീഫൻ റോബർട്ട് ഇർവിൻ എന്ന സ്റ്റീവ് ഇർവിനെ ഓർമ്മയില്ലേ. 2006 സെപ്റ്റംബർ 4ന് ഓസ്േ്രടലിയൻ പ്രാദേശിക സമയം 11 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ, സ്റ്റിങ്റേ എന്ന തിരണ്ടി മീനിന്റെ വാൽക്കുത്തേറ്റ് സ്റ്റീവ് മരിച്ചപ്പോൾ ലോകം നടുങ്ങി. പക്ഷേ ഇപ്പോൾ അതുപോലെ ഒരു മരണത്തിലൂടെ ലോകം കടന്നുപോവുകയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. സ്റ്റീവിനെപ്പോലെ തന്നെ കൗമാരക്കാരുടെയും, കുട്ടികളുടെയും ഹരമായിരുന്നു, റെമി ലൂസിഡി. വലിയ ഉയരങ്ങളിൽ നിന്നുള്ള ഹൃദയസ്പർശിയായ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് റെമി ആയിരക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയിരുന്നു. റെമിയുടെ മരണത്തോടെ അവരും കേഴുകയാണ്.
സ്കൈയിലിങ്ങ് എന്ന മരണക്കളി
ഏത് വലിയ ഉയരമുള്ള കെട്ടിടം കണ്ടാലും അത് കീഴടക്കും എന്നാണത്രേ റെമി പറയുക. ഫ്രാൻസിലെ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഇയാളുടെ ഹോബി, കൂറ്റൻ കെട്ടിടങ്ങളിൽ ലിഫ്റ്റ് ഉപയോഗിക്കാതെ വലിഞ്ഞു കയറി, അതിന്റെ അറ്റത്ത് ചെന്ന് അതിസാഹസികമായി വീഡിയോ എടുക്കയായിരുന്നു. കൂറ്റൻ കെട്ടിടങ്ങളുടെ തലപ്പത്തുകയറി ഇയാൾ നടത്തുന്ന അഭ്യാസങ്ങൾ കണ്ടാൽ തല പെരുത്തുപോവും.
കെട്ടിടങ്ങൾ, ക്രെയിനുകൾ, പാലങ്ങൾ എന്നിവയുടെ മുകളിലൂടെ വലിഞ്ഞുകയറി ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി വീഡിയോ ചെയ്യുകയാണ് റെമി ലൂസിഡിയുടെ രീതി. വിദേശമാധ്യമങ്ങൾ ഡെയർ ഡെവിൾ എന്നാണ് ലൂസിഡിയെ വിശേഷിപ്പിക്കുന്നത്. ഫ്രാൻസിലെ മോണ്ട്പെല്ലിയറിലാണ് താമസിച്ചിരുന്നത്. 2016-ൽ അദ്ദേഹം കെട്ടിടം കയറലും സാഹസിക വിനോദങ്ങളും ശീലമാക്കിയെന്നാണ് ഫ്രഞ്ച് പത്രങ്ങൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ 'റെമി എനിഗ്മ' എന്ന പേരാണ് ഇദ്ദേഹം ഉപയോഗിച്ചത്.
'ആകാശത്തിന് മുകളിൽ, 425 മീറ്റർ' എന്നതുപോലുള്ള ഉയരം വ്യക്തമാക്കുന്ന അടിക്കുറിപ്പുകൾ ഇട്ട്, ലോകമെമ്പാടുമുള്ള വിവിധ ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നുള്ള സെൽഫികൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ദുബൈയുടെ ലൊക്കേഷൻ ടാഗ് ചെയ്യുന്ന നിരവധി വീഡിയോകൾ ഉണ്ട്. ബൾഗേറിയയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള ചിത്രങ്ങൾ ലൂസിഡി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ ചിമ്മിനിയിൽ കയറുന്ന വീഡിയോ ഞെട്ടിക്കുന്നതായിരുന്നു. 300 മീറ്റർ ഉയരമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡിലൂടെ നടന്നുപോവുന്നതും അമ്പരിപ്പിക്കും. സ്കൈയിലിങ്ങ് എന്നാണ് ഈ പരിപാടിക്ക് പൊതുവേ പറയുക. നമുക്ക് ഒറ്റനോട്ടത്തിൽ ഇത് വറ്റുകുത്തലായി തോന്നും. പക്ഷേ യൂറോപ്പിൽ നിരവധി ആളുകൾ ഇതുപോലെ സ്കൈയിലിങ്ങ് നടത്തുന്നുണ്ട്. അവർക്ക് വലിയ ആരാധകരുമുണ്ട്.
റെമിയുടെ ഇൻസ്റ്റാഗ്രാം ഫീഡ് അതിശയിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു ഗാലറിയായിരുന്നു. ലോകമെമ്പാടുമുള്ള അംബരചുംബികളുടെ ശിഖരങ്ങളിൽ നിർഭയനായി ഒരു പൂമ്പാറ്റയെപ്പോലെ പറ്റിനിൽക്കുന്ന റെമിയെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക. അങ്ങനെ യൂറോപ്പിലെ കെട്ടിടങ്ങളെ ഒരു പരിധിവരെ കീഴടക്കിക്കഴിഞ്ഞ ശേഷമാണ് അയാൾ ഹോങ്കോങ്ങിലേക്ക് തിരിക്കുന്നത്.
'എന്നായാലും മരണം വരും'
താൻ എവിടെയാണെന്നും, ഇന്ന് എത് കെട്ടിടത്തിൽ കയറുമെന്നും മൂൻകൂട്ടി പറയുന്ന രീതി ലൂസിഡിക്കില്ല. ഒരു ബാക്ക് പാക്കുമായി ഒറ്റ ഇറക്കം ഇറങ്ങും. മാത്രമല്ല മൂൻകൂട്ടി ഇന്ന നഗരത്തിൽ ഉണ്ട് എന്ന് പറഞ്ഞാൽ, കെട്ടിടത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയായിരുന്നു, റെമി ലൂസിഡിയുടെ പ്രവർത്തനം.
അദ്ദേഹം അവസാനമായി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത് ഹോങ്കോങ്ങിന്റെ രാത്രി കാഴ്ചയുടെ ഫോട്ടോ ആയിരുന്നു. ഷോപ്പിങ് ഡിസ്ട്രിക്റ്റ് കോസ്വേ ബേയിലെ ടൈംസ് സ്ക്വയർ എന്ന് ടാഗ് ചെയ്യുകയും ചെയ്തു. ജൂലൈ 17 ന് ലൂസിഡി ഒരു ഹോങ്കോംഗ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. സിം ഷാ സൂയിയിലെ ചങ്കിങ് മാൻഷനിലെ അശോക ഹോസ്റ്റലിലെ ജീവനക്കാർ ലൂസിഡി ഹോട്ടലിൽ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചുണ്ട്.
'എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ മല ചവിട്ടാൻ പോവുകയാണെന്ന് പറഞ്ഞു. ഇവിടെ ഒരുപാട് കാൽനടയാത്ര നടത്തണമെന്നും പറഞ്ഞു,' ലൂസിഡിയുമായി ഇടപഴകിയ ഒരു തൊഴിലാളി പത്രത്തോട് പറഞ്ഞു. കെട്ടിടത്തിൽ കയറി അഭ്യാസങ്ങൾ നടത്താൻ പോവുന്നതിനും, മൗണ്ടനേറിങ്ങ് എന്നായിരുന്നു അദ്ദേഹം പറയാറുണ്ടായിരുന്നത്. ലൂസിഡി സൗഹൃദപരവും വിനയാന്വിതനും ആരോഗ്യവാനും സന്തോഷവാനുമാണെന്ന് അദ്ദേഹവുമായി ഇടപഴകിയ തൊഴിലാളികൾ പറയുന്നു.
പൊതുവെ സന്തോഷവാനായി കാണപ്പെടാറുള്ള ഇദ്ദേഹത്തിന് പക്ഷേ അടുത്ത സുഹൃത്തുക്കളും കുറവായിരുന്നുവെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ലൂസിഡിയുടെ വ്യകതിവിവരങ്ങൾ കിട്ടാനായി മാധ്യമങ്ങൾ സഹപ്രവർത്തകരോട് ബന്ധപ്പെട്ടപ്പോൾ പോലും നിരാശയായിരുന്നു ഫലം. അദ്ദേഹത്തിന്റെ ഗേൾ ഫ്രണ്ട്സുമാരെക്കുറിച്ചും അധികം വിവരമില്ല. 'ജോലി ചെയ്യുക, കാശ് സമ്പാദിക്കുക, മലകയറാൻ പോവുക' എന്നതായിരന്നു ലൂസിഡിയുടെ ശൈലി. എവിടെയും ഒറ്റക്കാണ് പോവുക. ഹെൽമറ്റോ കയറോ അടക്കമുള്ള ഒരു സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കുകയുമില്ല. 'എന്നായാലും മരിക്കും പിന്നെ ഈ പേടി എന്തിന്' എന്നായിരുന്നു അയാൾ ചോദിക്കാറുണ്ടായിരുന്നതെന്ന് ചില സുഹൃത്തുക്കൾ പറയുന്നു.
ഹോങ്കോങ്ങിൽ സംഭവിച്ചത്
ഹോങ്കോങ്ങിലെ 721 അടി ഉയരമുള്ള 68 നിലകളുള്ള ട്രെഗുണ്ടർ ടവറിലാണ് ഇയാൾ തൂങ്ങിക്കയറിയത്. ഈ കെട്ടിടത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലേക്ക് കയറുന്നതിനിടെയാണ് ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
സംഭവ ദിവസം വൈകുന്നേരം 6 മണിയോടെ നാൽപ്പതാം നിലയിലുള്ള സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് ലൂസിഡി ഉള്ളിൽ പ്രവേശിച്ചതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. എന്നാൽ സെക്യൂരിറ്റി ഫോൺ ചെയ്ത ചോദിച്ചപ്പോൾ, ലൂസിഡിയുമായി പരിചയമില്ലെന്ന് നാൽപ്പതാം നിലയിലുള്ളയാൾ അറിയിച്ചതോടെ ഗേറ്റിൽ വെച്ചുതന്നെ തടയാൻ ശ്രമം നടന്നു. പക്ഷേ ജീവനക്കാരനെ മറികടന്ന് ലൂസിഡി ലിഫ്റ്റിൽ കയറി മുകളിലെ നിലയിലേക്ക് പോവുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഒരു സ്ഥിരം നമ്പർ ആയിരുന്നു. ഇല്ലാത്ത പരിചയക്കാരുടെ പേരിലാണ് പല പ്രധാന കെട്ടിടങ്ങളിലും അയാൾ കയറിപ്പറ്റാറുള്ളത്.
ലിഫ്റ്റിൽ നാൽപ്പത്തിയൊമ്പതാം നിലയിൽ എത്തിയ ലൂസിഡി കെട്ടിടത്തിന്റെ മുകളിലേക്ക് പടികൾ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ എത്താനായി വലിഞ്ഞുകയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ഇദ്ദേഹം കുടുങ്ങിപോവുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രി 7.38ന് ഒരു അപ്പാർട്ടുമെന്റിന്റെ ജനലിൽ ആരോ തട്ടിയതായി ജോലിക്കാരി സ്ഥിരീകരിക്കുന്നുണ്ട്. ശക്തമായ രീതിയിലാണ് ജനാലയിൽ മുട്ടുന്ന ശബ്ദം കേട്ടതെന്ന് ഇവർ പറഞ്ഞു. പേടിച്ചുപോയ ഇവർ പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലൂസിഡിയെ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ലൂസിഡി തന്റെ ബാലൻസ് നഷ്ടമാവുന്നതിന് മുൻപു സഹായത്തിനായി ജനലിൽ തട്ടുകയായിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുറച്ച് സമയത്തിന് ശേഷം, ഈ കെട്ടിടത്തിൽ വാതക ചോർച്ചയെക്കുറിച്ച് പൊലീസിന് ഒരു കോൾ ലഭിച്ചു. അവിടെയെത്തിയപ്പോൾ, ലൂസിഡിയുടെ നിർജീവ ശരീരമാണ് അവർ കണ്ടത്. ആ വീഴ്ചയിലാണ് ഗ്യാസ് പൈപ്പ് പൊട്ടിയതെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ ഫ്രഞ്ച് ഐഡന്റിഫിക്കേഷൻ കാർഡും ഒരു സ്പോർട്സ് ക്യാമറയും അധികൃതർ കണ്ടെത്തി. അതിൽ നിറയെ സാഹസിക വീഡിയോകൾ ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം
ലൂസിഡി ഇത്രയേറ ജനപ്രിയനായിരുന്നുവെന്ന്, തങ്ങൾക്ക് ആർക്കും അറിയില്ലെന്നാണ് ഫ്രഞ്ച് പത്രങ്ങൾ എഴുതുന്നത്. ഇൻസ്റ്റയിലും, വാട്സാപ്പിലും, ഫേസ്ബുക്കിലും, ട്വിറ്ററിലുമായി ഈ സാഹസികന്റെ മരണത്തിലുള്ള അനുശോചനങ്ങൾ നിറയുകയാണ്. 'പര്യവേക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഉയരങ്ങളോടുള്ള സ്നേഹവും ആ ജീവിതത്തെ നിർവചിച്ചു. ദാരുണമായ അപകടം പലരുടെയും ഹൃദയങ്ങളിൽ ഒരു ശൂന്യത അവശേഷിപ്പിച്ചു.''- സാമൂഹിക മാധ്യമങ്ങളിൽ ഒരു കുറിപ്പാണിത്.
സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്ത കുറച്ച് അനുശോചനങ്ങൾ ഇങ്ങനെയാണ്. 'ഒരു സഹ പര്യവേക്ഷകനെക്കുറിച്ച് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത സങ്കടകരമായ വാർത്ത,' യെന്നാണ് ഇതുപോലുള്ള മറ്റൊരു സാഹസികൻ എഴുതുന്നത്. മറ്റൊരാൾ കൂട്ടിച്ചേർത്തു: 'അവൻ തനിക്ക് ഇഷ്ടപ്പെട്ടത് ചെയ്ത് സന്തോഷമായി കടന്നുപോയി! അവൻ തന്റെ ജീവിതം പൂർണ്ണമായും ജീവിച്ചു. പലർക്കും അങ്ങനെ പറയാൻ കഴിയില്ല.' 'എനിക്ക് ഇത് വിശ്വസിക്കാൻ താൽപ്പര്യമില്ല, റെമി, എനിക്ക് ഇത് വിശ്വസിക്കാൻ താൽപ്പര്യമില്ല,' മറ്റൊരാൾ കൂട്ടിച്ചേർത്തു. 'വിശ്രമിക്കൂ ബ്രോ ഐ ലവ് യു.' 'നിങ്ങൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല, നിങ്ങൾ അതുല്യനാണ്,'... അങ്ങനെപോവുന്ന സോഷ്യൽ മീഡിയയിലെ അനുശോചനങ്ങൾ.
പക്ഷേ ഇത്രയും സാഹസികനും, കരുത്തനും, നിർഭയനുമായ ഒരു വ്യക്തി ഈ ചെറു പ്രായത്തിൽ മരിക്കേണ്ടതാണോ എന്നുള്ള ചോദ്യങ്ങളും പലരും ഉയർത്തുന്നുണ്ട്. പൊതുവേ വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കുന്നവരാണ് യൂറോപ്യന്മാർ. അതുകൊണ്ടുതന്നെ മോറൽ പൊലീസിങ്ങായി നിന്നുകൊണ്ട്, ഇത്തരം സാഹസികരെ പിന്തിരിപ്പിക്കയോ, അതിക്രമിച്ച് കടന്നെന്ന് പറഞ്ഞ് കേസ് എടുക്കയോ ചെയ്യുന്ന രീതി അവിടെയില്ല. പക്ഷേ ഈ മരണം സ്വയം വരുത്തിയതാണെന്ന ചില വിമർശനങ്ങളും ഉയരുന്നുണ്ട്.
മരണം വിളിച്ചുവരുത്തിയതോ?
റെമി ലൂസിഡിയുടെ മരണം സാഹസിക വിനോദങ്ങളിലെ സുരക്ഷ സംബന്ധിച്ച വലിയ ചർച്ചകൾക്കും ഇടവരുത്തിയിരിക്കയാണ്. സ്കൈയിലിങ്ങിനുമുണ്ട്് ഒരുപാട് സുരക്ഷാ മാനദണ്ഡങ്ങൾ. എന്നാൽ ഇതൊന്നും ലൂസിഡി പാലിക്കാറില്ല. ഒപ്പം ഒരു സഹായി ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഉണ്ടാവില്ലെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ആയിരക്കണക്കിന് ചെറുപ്പക്കാരെ ആകർഷിച്ച വ്യക്തിയാണ് ലൂസിഡി. അദ്ദേഹം സുരക്ഷക്ക് യാതൊരു പ്രധാന്യവും നൽകുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഈ മേഖയിലെ വിദഗ്ദ്ധർ എഴുതുന്നു. കുട്ടികൾ അടക്കമുള്ളവർ ഇദ്ദേഹത്തെ അനുകരിക്കാൻ ഇടയുണ്ടെന്നും അതുകൊണ്ട് ഇതുപോലുള്ള മരണക്കളികൾ നിരോധിക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.
അകാലത്തിൽ പൊലിഞ്ഞ സ്റ്റീവ് ഇർവിനുമായിട്ടാണേല്ലോ, റെമി ലൂസിഡിയും താരതമ്യം ചെയ്യപ്പെടുന്നത്. ആനിമൽ ക്യാച്ചേഴ്സിന് ഇടയിലെ രാജാവ് എന്ന അറിയപ്പെടുന്ന സ്റ്റീവിന്റെ മരണം പക്ഷേ പാശ്ചാത്യ ലോകത്ത് വലിയ മാറ്റങ്ങൾക്കാണ് ഇടവരുത്തിയത്.
ഇത്തരക്കാർ നിർബന്ധമായും സുരക്ഷാ സംവിധാനങ്ങൾ പാലിക്കണമെന്ന് ആസ്ത്രേലിയ നിയമം കൊണ്ടുവന്നു. ഇപ്പോൾ ആന്റിവെനം അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള മൊബൈൽ ഐസിയു, ഷൂട്ടിങ്ങ് യൂണിറ്റിനൊപ്പം നിർബന്ധമാണ്. കൈകൊണ്ട് തൊടേണ്ട കാര്യം പോലുമില്ലാതെയാണ് ഇന്ന് വിദേശരാജ്യങ്ങളിലെ പാമ്പുപിടുത്തം. പ്രത്യേക ടൂൾകിറ്റുകളും പരിശീലനവും ഉണ്ട്. ടെലിവിഷൻ ഷോകളിൽ മാത്രമാണ്, ഇന്ന് മൃഗങ്ങളുടെ മാന്വൽ ഹാൻഡിലിങ്ങ് ഉള്ളത്. ഇന്ന് ലോകത്തെമ്പാടുമുള്ള വൈൽഡ് ലൈഫ് വാരിയേഴസ് പ്രവർത്തിക്കുന്നത് സുരക്ഷക്ക് ഏറെ മുൻതൂക്കം കൊടുത്താണ്.
സ്കൈയിലിങ്ങ് എന്ന് പേരിട്ട ഇത്തരം ആകാശ സാഹസങ്ങളും അതുപോലെ കൃത്യമായ സുരക്ഷാക്രമീകരണങ്ങൾക്കുള്ളിൽ കൊണ്ടുവരണം എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം നിർദ്ദേശങ്ങൾ ഉയരുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു സുരക്ഷാബെൽറ്റ് എങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ ഒരു വിലയേറിയ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. റെമി ലൂസിഡിയുടെ മരണം ആ രീതിയിലുള്ള വലിയ ചർച്ചകളും ലോകമെമ്പാടും ഉയർത്തിയിട്ടുണ്ട്.
വാൽക്കഷ്ണം: ബൈക്കുകൊണ്ട് അഭ്യാസം കാണിക്കുന്നവർ അടക്കമുള്ള നമ്മുടെ നാട്ടിലെ അളിഞ്ഞ സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസേഴ്സിനും വലിയ ഒരു പാഠമാണ് ഈ മരണം നൽകുന്നത്. സുരക്ഷാ മുൻകരുതൽ എന്നത് ഏത് കാര്യത്തിലും പ്രധാനമാണ്. പക്ഷേ ശാസ്ത്രം എത്രയോ പുരോഗമിച്ചിട്ടും നമ്മുടെ വാവാ സുരേഷിനുപോലും, മാന്വലായി പാമ്പുപിടിക്കാനാണ് താൽപ്പര്യം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ