- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇസ്രയേൽ ഒരു അധിനിവേശ ശക്തിയാണോ? ഫലസ്തീനികളെ മുഴുവൻ ഓടിച്ചാണോ അവർ രാജ്യം സ്ഥാപിച്ചത്? ചതിയിലൂടെയാണോ യഹൂദ രാഷ്ട്രം ഉണ്ടായത്? പ്രശ്നത്തിൽ മതപരമായ കാരണമില്ലേ? ഹമാസ് ഭീകരരോ പോരാളികളോ? കേരളത്തിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന അഞ്ച് നുണകളുടെ യാഥാർത്ഥ്യം!
ഹമാസ്- ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി കേരളത്തിലും വലിയ പൊട്ടിത്തെറികൾ ഉണ്ടാവുകയാണ്. നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും, ഫേസ്ബുക്കിലും, നേതാക്കളുടെ പ്രസംഗങ്ങളിലുമൊക്കെയായി പ്രചരിക്കപ്പെടുന്നവയിൽ ഏറെയും നുണബോംബുകളാണ്. ഈ സങ്കീർണ്ണമായ പ്രശ്നത്തിന്റെ പ്രരിഹാരത്തെ കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ചരിത്രം ചികഞ്ഞ് കൊണ്ടുള്ള വ്യാജ പ്രചാരണങ്ങളും, ഏകപക്ഷീയവാദങ്ങളുമാണ് കേരളത്തിൽ നടക്കുന്നത്. വർത്തമാന കാലത്തിൽ നടക്കുന്ന ഒരു പ്രശ്നത്തിന് ഭൂതകാലത്തുനിന്ന് പരിഹാരം ചികഞ്ഞുകൊണ്ട്, രക്തം തിളപ്പിക്കുന്ന പരിപാടിയാണ് കേരളത്തിൽ, ഇടതു-വലത് ഭേദമന്യേ നേതാക്കൾ നടത്തുന്നത്.
ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ മറവിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകളിൽ എത്രമാത്രം വസ്തുതയുണ്ടെന്നാണ് ഇവിടെ പരിശോധിക്കുന്നത്. കേരളത്തിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന അഞ്ച് നുണകളുടെ യാഥാത്ഥ്യം പരിശോധിക്കയാണ് ഇവിടെ.
ഇസ്രയേൽ അധിനിവേശ ശക്തിയാണോ?
കേരളത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു കാര്യമാണ് ഇസ്രയേൽ അധിനിവേശ ശക്തിയാണെന്നും ഫലസ്തീനികളെ മുഴുവൻ ഓടിച്ചാണ് അവർ രാജ്യം സ്ഥാപിച്ചത് എന്നും. എന്നാൽ ചരിത്രം പിരിശോധിക്കുമ്പോൾ ഇത് വെറുമൊരു കെട്ടുകഥ മാത്രമാണെന്ന് മനസ്സിലാവും. ആധുനിക കാലഘട്ടത്തിൽ ഒരു രാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമോ ഭരണസംവിധാനമോ ഒരിക്കലും ഫലസ്തീൻ എന്ന പേരിൽ ഉണ്ടായിരുന്നില്ല. ഫലസ്തീൻ എന്ന പ്രദേശം മുഴുവൻ മുസ്ലീങ്ങൾ ആയിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന് പറയുന്നതുപോലെ ഒരു തെറ്റാണ് ഫലസ്തീൻ ഇസ്ലാമിക രാജ്യമാണ് എന്ന് പറയുന്നത്. അവിടെ ഉണ്ടായിരുന്നത് ഫലസ്തീൻ അറബികളായിരുന്നു. അവരിൽ ഇസ്ലാം, ഡ്രൂസ്, യഹൂദ, ക്രിസ്ത്യൻ, സമരിറ്റൻ... അങ്ങനെ പലരും ഉണ്ടായിരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ജനയാണ് ജൂതന്മാർ. ക്രിസ്തുഘാതകർ എന്ന പേരിൽ അവർ നൂറ്റാണ്ടുകൾ വേട്ടയാടപ്പെട്ടു. ബ്രിട്ടൻ പോലുള്ള രാഷ്ട്രങ്ങൾ പോലും ജൂതന് പൗരത്വം കൊടുത്തില്ല. എവിടെ മോഷണമോ എന്ത് അക്രമമോ ഉണ്ടായാൽപ്പോലും ജൂതൻ പ്രതിയായി. സാക്ഷാൽ ഷേക്സ്പിയർ പോലും വെനീസിലെ വ്യാപാരിയിലെ ഷൈലോക്കിനെ ഉണ്ടാക്കി യഹൂദ വെറിക്ക് ആക്കം കൂട്ടിയെന്ന് പഠനങ്ങൾ ഉണ്ടായി. പക്ഷേ പിന്നീട് ക്രിസ്റ്റ്യാനിറ്റി ഏറെ നവീകരിക്കപ്പെട്ടു. അവർ മത കഥകളെ മാനവികത വെച്ച് ഇല്ലാതാക്കി. പക്ഷേ ഇസ്ലാമിൽ ആ രീതിയിലുള്ള മാറ്റം വന്നില്ല. അവിടെ ജൂതനോടുള്ള മതപരമായ വെറുപ്പ് തുടരുന്നുണ്ട്.
ഫലസ്തീൻ മേഖലയിലേക്ക് ജൂത കൂടിയേറ്റങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രമുഖമായ മൂന്ന് മതങ്ങളുടെ പുണ്യഭൂമിയാണ് ഈ മേഖല. ജൂതർക്ക് ഇത് തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്ന മതപരമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു. 1882 ലായിരുന്നു ഒന്നാം ആലിയ എന്ന പേരിൽ ഒരു സംഘടിത കുടിയേറ്റം ആദ്യം നടക്കുന്നത്. 25000 മുതൽ 35,000 വരെ ആളുകൾ ഇക്കാലയളവിൽ ഈ പ്രദേശത്തേക്ക് കടന്നുവന്നു. ക്രിസ്തുവിന്റെ ഘാതകർ എന്ന പേരിൽ ഒരു വംശത്തിലുള്ള മുഴുവൻ ആളുകളെയും ലോകത്തിൽ ആർക്കും വേണ്ടാതെ ആട്ടിപ്പായിച്ചപ്പോൾ അവർ ജീവിക്കുവാൻ വേണ്ടി ഒരു മരുഭൂമിയിലേക്ക് പോവുകയായിരുന്നു. അന്ന് ജനവാസം തീരെയില്ലാത്ത മരുഭൂമി ആയിരുന്നു ഈ പ്രദേശം. 1904 മുതൽ 1914 വരെ രണ്ടാം ആലിയ പ്രത്യേകിച്ചും റഷ്യയിൽ നിന്നും പോളണ്ടിൽ നിന്നും യഹൂദ ജനങ്ങൾ ഓടിവരുന്നു. കിബുട്ട്സിം എന്ന പേരിൽ അവർ അതിനു വേണ്ടി ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്തിയിരുന്നു. 1919 മുതൽ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ ജൂതന്മാർ ജീവൻ മാത്രം അവശേഷിപ്പിച്ച് ഓടിപ്പോന്നതാണ് മൂന്നാം ആലിയ. 1924 മുതൽ 29 വരെ നാലാം ആലിയ.
ജർമ്മനിയിൽ നാസികളുടെ കൂട്ട വേട്ട തുടങ്ങിയ കാലം. ഈ നാസികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടി പോന്നവരായിരുന്നു അഞ്ചാം അലിയ, 1939 വരെ ആയിരുന്നു അഞ്ചാം ആലിയ. ഇവിടെയൊക്കെ ഓടി രക്ഷപ്പെട്ട് ഇവിടെ എത്തിച്ചേർന്ന ആളുകളുടെ കണക്കുകൾ മാത്രമേ ഉള്ളൂ. വഴിയിൽ വച്ച് തടയപ്പെട്ടവരും അതിനിടയിൽ കൊല്ലപ്പെട്ടവരും ഇതിന്റെ പതിന്മടങ്ങ് വരും. കൺമുൻപിൽ വച്ച് യഹൂദന്മാർ കൊലക്കത്തിക്കിരയാകേണ്ടി വരുന്നത് കാണേണ്ടി വന്ന സാഹചര്യത്തിൽ അവർക്ക് പലായന അനുമതി കൊടുക്കുവാൻ വേണ്ടി രാവും പകലും തുടർച്ചയായി പണിയെടുത്ത സൗസ മെൻഡെസ് രക്ഷപ്പെടുത്തിയത് 30,000 ജൂതന്മാരെ ആയിരുന്നു. അതിന്റെ പേരിൽ അദ്ദേഹം ശിക്ഷാനടപടികൾക്ക് വിധേയനാകപ്പെടുക പോലും ഉണ്ടായി എന്നത് അക്കാലത്തു നിലനിന്നിരുന്ന ജൂത വേട്ടയുടെ ക്രൗര്യം വ്യക്തമാക്കുന്നു.
ഇങ്ങനെ ഓടിയെത്തിയവർ മിക്കവരും വില കൊടുത്ത് വാങ്ങിയതാണ് ആ സ്ഥലങ്ങൾ. എന്നാൽ അതുവരെ അവിടെ ഉണ്ടായിരുന്ന ഫലസ്തീനികളെ പുറത്താക്കി യഹൂദർ ആ സ്ഥലം പിടിച്ചെടുത്തു എന്നു പറയുന്നത് ശരിയല്ല. കാരണം ഫലസ്തീനികൾക്ക് അതിനു മുമ്പും അവിടെ ഭൂമി ഉണ്ടായിരുന്നില്ല. ആടുകളെ മേയിച്ചു നടന്നിരുന്ന ബദൂവിയൽ ഗോത്രക്കാരായിരുന്നു അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും. അവർക്ക് ഭൂമി ഉണ്ടായിരുന്നില്ല. ഭൂമിയുടെ അവകാശം ഒട്ടോമൻ, അറബ് ഭൂപ്രഭുക്കൾക്കായിരുന്നു. അവരിൽ നിന്നാണ് ഇസ്രയേലികൾ ഭൂമി വാങ്ങിയത്.
എന്നാൽ വിദേശികളായ ജൂതന്മാർക്ക് സ്ഥലം വിൽക്കാൻ പാടില്ല എന്ന് യെരുശലേം മുഫ്തി ഒരു ഫത്വ പുറപ്പെടുവിക്കുന്നു. അതുകൊണ്ട് സ്വദേശികളായ ജൂതന്മാർ സ്ഥലം വാങ്ങി ആ സ്ഥലം അവർ വിദേശികളായ ജൂതന്മാർക്ക് വിൽക്കാൻ തുടങ്ങി. വീണ്ടും ജൂതന്മാർക്ക് സ്ഥലം വിൽക്കാനേ പാടില്ല എന്ന് വീണ്ടും കൽപ്പന പുറപ്പെടുവിച്ചു. അതിനുശേഷവും ജൂതന്മാർ സ്ഥലം വാങ്ങി കൂട്ടി. വിറ്റത് ഇത് ഗ്രാൻഡ് മുഫ്തിയുടെ ബന്ധുക്കൾ തന്നെ. അതായത് അതിനു മുമ്പുണ്ടായിരുന്ന വിലയെക്കാൾ പതിന്മടങ്ങ് വില കൊടുത്താണ് സ്ഥലം വാങ്ങിയത്. കണക്ക് നോക്കുകയാണെങ്കിൽ അന്ന് അമേരിക്കയിൽ ഉണ്ടായതിന്റെ അഞ്ചും പത്തും ഇരട്ടി വിലയ്ക്കാണ് ജൂതർ ഇവിടെ ഭൂമി വാങ്ങിയത്.
പക്ഷേ ഭീതി കാരണം അവർ ജോലി സ്ഥലങ്ങളിൽ സ്വന്തം ജോലിക്കാരെയാണ് വെച്ചത്. ഇങ്ങനെ പിരിഞ്ഞുപോയ തദ്ദേശീയർക്കുപോലും അവർ 17 ഡോളർ വെച്ച് കൊടുത്തു. അതായത് നിങ്ങൾ ഒരു അടക്കാതോട്ടം വാങ്ങിയെന്ന് വെക്കുക. അതിന്റെ ഉടമക്ക് പണം കൊടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്തം തീർന്നു. എന്നാൽ അവിടെ അടക്ക പറിക്കാൻ ജോലിക്ക് വന്നവനും പണം കൊടുക്കേണ്ട കാര്യമില്ല. പക്ഷേ എന്നിട്ടും പ്രശ്നങ്ങൾ ഒഴിവാക്കാൻ യഹൂദർ അതും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കുടിയേറ്റങ്ങളുണ്ടായി. സ്വന്തമായി രാജ്യം ഇല്ലാത്ത ആർക്കും വേണ്ടാത്ത മനുഷ്യർ എങ്ങോട്ട് പോകാൻ?! അവരുടെ കുടിയേറ്റത്തിന് ബ്രിട്ടൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 1948 ൽ ജൂത രാഷ്ട്രം ഉണ്ടായതിനുശേഷം ഇവിടേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എവിടെ നിന്നാണ് എന്നതുകൂടി പ്രസക്തമാണ്. ഇറാക്ക്, യമൻ മൊറോക്കോ എന്നീ ഇസ്ലാമിക് രാജ്യങ്ങളിൽ നിന്നും ആയിരുന്നു ആ കുടിയേറ്റങ്ങൾ. അതായത് ഇസ്ലാമിക രാജ്യങ്ങളിൽ ജീവിക്കാൻ വയ്യാതെ ഓടിപ്പോന്ന മനുഷ്യരെപ്പോലും കയ്യേറ്റക്കാരായിട്ട് കേരളത്തിൽ കാണുന്നത്.
ചതിയിലൂടെയാണോ യഹൂദ രാഷ്ട്രം ഉണ്ടായത്?
ചതിയിലൂടെ ഉണ്ടായ ഭീകരാജ്യം എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ ഇസ്രയേലിനെ വിശേഷിപ്പിക്കുന്നത്. പക്ഷേ സത്യം അങ്ങനെയല്ല. ഐക്യരാഷ്ട്ര സഭയാണ് ഇസ്രയേലിന്റെ പിറവിക്ക് കാരണം.
ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടണും ഓട്ടോമൻ സാമ്രാജ്യവും എതിർ ചേരികൾ ആയിരുന്നു. ഒട്ടോമനെ പരാജയപ്പെടുത്താൻ സഹായിച്ചാൽ നിങ്ങൾക്ക് സ്വതന്ത്ര രാജ്യം ഉണ്ടാക്കാൻ സഹായിക്കാം എന്ന് ഒരു ഓഫർ ബ്രിട്ടൺ മുന്നോട്ടുവയ്ക്കുന്നു. അങ്ങനെ ഫലസ്തീൻ അറബികളും, ഫലസ്തീൻ ജൂതന്മാരും ബ്രിട്ടനെ സഹായിക്കുന്നു. യുദ്ധത്തിൽ ബ്രിട്ടൺ ആ പ്രദേശങ്ങൾ കൈക്കലാക്കുന്നു. അന്ന് ഈ പറയുന്ന രാജ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.പ്രദേശങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നുള്ള പല രാജ്യങ്ങളും ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ്.അതായത് തങ്ങളുടെ രാജ്യമാണ് അവർ അവകാശപ്പെടുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വസ്തുതാപരമായി ശരിയല്ല. കാരണം അന്ന് രാജ്യങ്ങൾ ഉണ്ടായിരുന്നില്ല.
ബ്രിട്ടൻ പറഞ്ഞതുപോലെ ആ പ്രദേശങ്ങൾ രണ്ടായി വിഭജിക്കാൻ തീരുമാനിക്കുന്നു. ഇതിനെ ബാൽഫോർ ഉടമ്പടി എന്ന് വിളിക്കുന്നു. 1917-ലെ ഈ ഉടമ്പടി അനുസരിച്ച് ജോർദാൻ നദിയുടെ കിഴക്കുഭാഗം ഫലസ്തീൻ അറബികൾക്കും, പടിഞ്ഞാറുഭാഗം ജൂതന്മാർക്കും ആയി വിഭജിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ജോർദാൻ നദിയുടെ കിഴക്കുഭാഗം ട്രാൻസ് ജോർദ്ദാൻ എന്ന പേരിൽ 1921 തന്നെ ഒരു രാജ്യമായി മാറി. അതേസമയം ജൂതന്മാർക്ക് ആയി വിഭജിച്ച മറ്റേ ഭാഗം ഒരു രാജ്യമായി മാറിയില്ല. ബാൽഫോർ ഉടമ്പടി പ്രകാരം ജൂതന്മാർക്ക് ലഭിച്ച ഇസ്രയേൽ എന്ന രാജ്യത്തേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളെപ്പോലെ അല്ലെങ്കിൽ അതിലും മോശമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ജൂതന്മാർ വന്നെത്തി താമസം ആരംഭിക്കുന്നു.
ഇതേസമയം യൂറോപ്പിൽ ജൂതന്മാർ കടുത്ത പീഡനങ്ങൾക്ക് വിധേയമാവുകയായിരുന്നു. നാസി ജർമ്മനിയിൽ ഏകദേശം 65 ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. ജർമനിയുടെ അധികാരത്തിൽ ഉണ്ടായിരുന്ന പോളണ്ട് ഉക്രൈൻ എന്നിവിടങ്ങളിലും ജൂത കൂട്ടക്കൊലകൾ അരങ്ങേറി. അങ്ങനെ പലരും ജീവനും കൊണ്ട് ഓടി വരാൻ അവർക്ക് പ്രചോദനമായത് ബാൽഫോർ കരാർ പ്രകാരം നിശ്ചയിച്ച ഈ പ്രദേശമാണ്. അതിനു മുമ്പേ തന്നെ ജൂതന്മാർക്ക് ഒരു രാഷ്ട്രം എന്ന ഒരു സങ്കൽപം ഉടലെടുത്തിരുന്നു. സയണിസം എന്നായിരുന്നു അതിന്റെ പേര്.
ഫലസ്തീൻ അറബികൾക്കായി നീക്കിവെച്ചിരുന്ന സ്ഥലം ഒരു രാജ്യമായി മാറിയെങ്കിലും, യഹൂദന്മാർക്ക് വേണ്ടി പറഞ്ഞിരുന്ന സ്ഥലം രാജ്യമായി മാറിയില്ല. 1930കളിൽ രക്തരൂക്ഷിതമായ അക്രമങ്ങളും കലാപങ്ങളും ജൂതന്മാർക്ക് നേരെ ഉണ്ടായി. ജർമ്മനിയിൽ ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കുന്നു എന്നറിഞ്ഞ യെരുശലേം മുഫ്തി, ഞങ്ങളുടെ നാട്ടിൽ ഉള്ള ജൂതന്മാരെ കൂടി കൊല്ലാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിറ്റ്ലറെ കാണുക പോലുമുണ്ടായി. ഇതിനിടയിൽ സയണിസ്റ്റ് വിഭാഗവും ബ്രിട്ടണും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും ജൂത കുടിയേറ്റത്തിനും ഭൂമി വാങ്ങുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ട് 1939 ൽ ബ്രിട്ടൻ ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതിരെ സയണിസ്റ്റുകൾ നടത്തിയ ആക്രമണത്തിലും നിരവധിപേർ കൊല്ലപ്പെട്ടു.
രണ്ടാം ലോക മഹായുന്ധത്തിന്റെ കണ്ണീരായിരുന്നു ജൂതന്മാർ. ഹിറ്റ്ലർ നടത്തിയ നരനായാട്ടിന്റെ വാർത്തകൾ പുറത്തായതോടെ ഇവരെ ലോകത്ത് എവിടെയങ്കിലും സെറ്റിൽ ചെയ്യിക്കണമെന്ന് ആവശ്യം ഉയർന്നു. ഇതോടെ ഐക്യ രാഷ്ട്രസഭ ഇടപെടുകയും, പ്രശ്നപരിഹാരത്തിനായി ഇസ്രയേലിനു ലഭിച്ച പ്രദേശത്തെ വീണ്ടും വിഭജിച്ച് രണ്ടുകൂട്ടർക്കും ആയി വീതിച്ചു നൽകാനും തീരുമാനിച്ചു. ഇക്കാര്യം ആദ്യഘട്ടത്തിൽ രണ്ടുകൂട്ടർക്കും സ്വീകാര്യമായില്ല. കാരണം ഇതിനോടകം ജൂതന്മാർ പല പ്രദേശത്തും സ്ഥലം വാങ്ങി കൃഷി ചെയ്തും വ്യാപാരസ്ഥാപനങ്ങൾ ഉണ്ടാക്കിയും സെറ്റിൽ ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും മധ്യസ്ഥ ശ്രമങ്ങൾക്ക് യഹൂദന്മാർ തയ്യാറാവുകയും ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച പ്രകാരം അവർക്കു ലഭിച്ച 56 ശതമാനം പ്രദേശത്തേക്ക് അവർ മാറി ഒരു രാഷ്ട്രം സ്ഥാപിക്കാൻ തീരുമാനിച്ചു.
എന്നാൽ അറബികൾ ഇത് സമ്മതിച്ചില്ല. അവരുടെ മത പുസ്തകം പറയുന്നതുപോലെ, അറേബ്യൻ ഉപദ്വീപിൽ യഹൂദന്മാരെ അനുവദിക്കില്ല എന്നതായിരുന്നു നിലപാട്. ഒത്തുതീർപ്പുകൾ ഒന്നും വേണ്ട നമുക്ക് അടിച്ചു തീരുമാനിക്കാം എന്ന നിലപാടാണ് അറബ് രാജ്യങ്ങൾ കൈക്കൊണ്ടത്. അങ്ങനെയാണ് 1948 മെയ് 14 ാം തീയതി ഇസ്രയേൽ ഒരു രാജ്യമായതിന്റെ പിറ്റേദിവസം ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചത്. പക്ഷേ ഓരോ ആക്രമണം കഴിയുമ്പോഴും ഇസ്രയേലിന് കുടുതൽ ഭൂമി കിട്ടി. അവർ എല്ലാറ്റിനെയും ഇഛാശക്തികൊണ്ടും, ശാസ്ത്ര-സാങ്കേതിക വിദ്യകൾകൊണ്ടും അതിജീവിച്ചു.
3 ഫലസ്തീൻ മാപ്പുകൾ ശരിയോ?
ഫലസ്തീന്റെ ഭൂമിശോഷണം പേരിൽ പ്രചരിക്കുന്ന ഭൂപടങ്ങളും പൂർണ്ണമായും വ്യാജമാണ്. 1946ൽ നിറയെ പച്ചയായി, ഒരു വലിയ രാജ്യമായി ഭൂപടത്തിൽ കാണുന്ന ഫലസ്തീൻ 2012ൽ എത്തുമ്പോഴേക്കും ഭൂമി നഷ്ടമായി എല്ലും തോലുമായ നിലയിലാണ്. പക്ഷേ ഈ മാപ്പുകൾ അടിസ്ഥാന രഹിതമാണെന്ന് സ്ഥാപിച്ചത്, എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രനാണ്. തന്റെ ആന്റി വൈറസ് എന്ന യുട്യൂബ് ചാനലിലെ വീഡിയോയിൽ സി രവിചന്ദ്രൻ ഇങ്ങനെ പറയുന്നു. - 'ഇത് ചരിത്രവുമായി പൊരുത്തപ്പെടുന്ന ഒരു സംഗതിയേ അല്ല. നോക്കുക, മാപിൽ 1946 എന്ന് പറഞ്ഞ് ഇത്രയും പച്ച കൊടുത്തിരിക്കുന്നു. സത്യത്തിൽ, 1946ൽ ഫലസ്തീൻ എന്ന രാജ്യമേ ഇല്ല. പിന്നെ എങ്ങനെയാണ് ഈ പച്ച കാണിക്കാൻ കഴിയുക. ഇവിടെ വെള്ളയായി കാണിച്ചിരിക്കുന്നത് ജൂത സെറ്റിൽമെന്റുകൾ ആണ്. ഇത് ജൂതന്മാർ വിലകൊടുത്ത് വാങ്ങിച്ച അല്ലെങ്കിൽ അവർ സ്വന്തമാക്കിയ പ്രദേശങ്ങൾ ആണ്. മാത്രമല്ല അക്കാലത്ത് ജൂതന്മാർക്ക് ഭൂമി രജിസ്റ്റർ ചെയ്യാൻ അടക്കം പ്രശ്നം ഉണ്ടായിരുന്നു. അവർ വാങ്ങിയ തോട്ടങ്ങളും കൃഷിയിടങ്ങളുമൊന്നും ഈ കണക്കിൽ വന്നിട്ടില്ല.
ബാക്കിയുള്ള പച്ച കൊടുത്തിരിക്കുന്ന സ്ഥലങ്ങൾ എല്ലാം ഫലസ്തീനികൾ ആണെന്നാണ് മാപ് കണ്ടാൽ തോന്നുക. ഇത് നൂറുശതമാനവും തെറ്റാണ്. ഒന്നാമതായി 1946ൽ ഈ ഭൂമിയെല്ലാം ഇരിക്കുന്നത് ബ്രിട്ടീഷുകാരുടെ കൈയിലാണ്. ഇത് ഗവൺമെന്റിന്റെ ഭൂമിയാണ്. ഈ വെള്ള കാണുന്ന ഭാഗത്ത് ജൂതന്മാർ ഉള്ളതുപോലെ, അതിന്റെ തൊട്ടടുത്ത് അറബ് ആളുകളും ഉണ്ടായിരിക്കും. അവരുടെ കൈയിൽ അൽപ്പം കൂടി ഭൂമി ഉണ്ടായിരിക്കും. കുറച്ചുകൂടി പൊട്ടുകൾ വേണമെങ്കിൽ മാപ്പിൽ ഇടാം. പക്ഷേ മുഴുവൻ ഭൂമി ഫലസ്തീന്റെ ആണെന്ന് പറയുന്നത്, വമ്പൻ തെറ്റാണ്, കള്ളമാണ്. ഇങ്ങനെ അല്ല അവസ്ഥ. ആദ്യത്തെ മാപ് തന്നെ തെറ്റാണ്. ഇത്രയും കുറച്ച് ജൂയിഷ് സെറ്റിൽമെന്റ് അല്ല ഉള്ളത്.
ഇനി രണ്ടാമത്തെ മാപിൽ 47ലെ യുഎൻ പ്ലാൻ അനുസരിച്ചുള്ള സെറ്റിൽ മെന്റ് ആണ്. ഇതിൽ ഏകദേശം ഭൂമി 56-44 ശതമാനം ആണ്. അതായത് ഇസ്രയേലിന് 56ഉം ഫലസ്തീന് 44 ഉം. പക്ഷേ ഈ മാപ് കാണിക്കുന്നതിലും പ്രശ്നമുണ്ട്. ഇങ്ങനെ ഒരു സെറ്റിൽമെന്റ് അറബികൾ അംഗീകരിച്ചിട്ടില്ല. കടലാസിലുള്ള ഒരു സാധനം മാത്രമാണിത്. ഇങ്ങനെ ഒരു ഡിവിഷൻ കൊടുക്കുമ്പോൾ അറബികൾ അത് അംഗീകരിക്കാതെ യുദ്ധം ചെയ്യുകയാണ്. ഇസ്രയേൽ ഉണ്ടായതിന്റെ അടുത്ത ദിവസം യുദ്ധമാണ്. യഹൂദന്മാരുടെ കൂട്ടക്കൊലയാണ്. അപ്പോൾ പിന്നെ ഈ മാപ് കാണിക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇങ്ങനെ ഒരു രാജ്യം ഉണ്ടായിട്ടില്ലല്ലോ. കടലാസിൽ അങ്ങനെ ആയിരുന്നെന്ന് പറയാം. അപ്പോൾ തന്നെ അത് വലിച്ച്കീറി കളഞ്ഞിട്ട് യുദ്ധമാണ്. ''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
'1949 മുതൽ 67വരെയുള്ളതാണ് മൂന്നാമത്തെ മാപ്. 48ൽ യുദ്ധം നടക്കയാണ്. അങ്ങനെ യുദ്ധം നടക്കുമ്പോൾ, ജോർദാൻ വന്ന് വെസ്റ്റ് ബാങ്ക് കീഴടക്കുന്നു. ഈജിപ്ത് ഗസ്സയും കീഴടക്കുന്നു. അവിടെ രണ്ടിടത്തും പച്ചയാണ് കൊടുത്തിരിക്കുന്നത്. അതായത് ഫലസ്തീന്റെത് എന്ന്. എന്നാൽ അത് യഥാക്രമം ജോർദാനിന്റെയും ഈജിപിറ്റിന്റെയുമാണ്. അങ്ങനെ നോക്കുമ്പോൾ മൂന്നാമത്തെ മാപും തെറ്റാണ്.
നാലാമത്തെ മാപ് 2012ലേതാണ്. ഈ മാപിൽ വെസ്റ്റ് ബാങ്കിൽ കുറേ ഫലസ്തീൻ സെറ്റിൽമെന്റ് കാണിക്കുന്നുണ്ട്. ഇവിടെ ഗസ്സയും കാണിക്കുന്നുണ്ട്. ഇത് എങ്ങനെയാണ് വന്നത്. ഈ ഫലസ്തീൻകാർക്ക് എങ്ങനെയാണ് വെസ്റ്റ്ബാങ്കും ഗസ്സയും കിട്ടിയത്. ഇത് 67ലെ യുദ്ധത്തിൽ ഇസ്രയേൽ കഷ്ടപ്പെട്ട് പണം ചെലവാക്കി, ചോരചിന്തി ഈജിപ്തും ജോർദാനുമായി യുദ്ധം ചെയ്ത് പിടിച്ചെടുത്തതാണ്. അതായത് ഫലസ്തീനികൾക്ക് ആദ്യമായി ഭൂമി കിട്ടുന്നത് ഇസ്രയേൽ യുദ്ധം ചെയ്ത്, നേടിയ ഭൂമിയാണ്. ഇസ്രയേൽ ആണ് ഫലസ്തീനികൾക്ക് ഭൂമി കൊടുത്തത്. ഇത് കേൾക്കുമ്പോൾ നമുക്ക് അങ്ങനെ ഒന്നും അല്ലല്ലോ എന്ന് പ്രതികരണം തോന്നും. പക്ഷേ ഇതാണ് സത്യം. ഈ നാല് മാപുകളും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് ഉണ്ടാക്കിയതാണ്.
ഇന്റന്റെ്റിൽ സേർച്ച് ചെയ്താൽ നമുക്ക് ഇത്തരത്തിലുള്ള ഒരുപാട് മാപ്പുകൾ കിട്ടും. അതിൽ ഒരു മാപ് നോക്കുക. 67ലെ യുദ്ധത്തിനുശേഷമുള്ള മാപ്. ഗോലൻകുന്നുകളും, സിനായ് പെനിസുലയും, ഗസ്സയും, വെസ്റ്റുബാങ്കും എല്ലാം ചേർന്ന വലിയ രാഷ്ട്രമായിരുന്നു ഇസ്രയേൽ. അവിടെ നിന്ന് ഗോലൻ കുന്നുകൾ സിറിയക്കും, സിയാന് പെനിസുല ഈജിപ്തിനും സമാധാന സന്ധിയുടെ ഭാഗമായി തിരിച്ചുകൊടുത്തു. ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നും 2005ൽ ഇസ്രയേൽ പിന്മാറി. അപ്പോൾ 67വെച്ച് നോക്കുമ്പോൾ ഇസ്രയേലിന്റെയും ഭൂമി കുറയുകയാണ്. ''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
4. പ്രശ്നത്തിന്റെ പ്രധാന കാരണം മതമല്ലേ?
സ്വതന്ത്രചിന്തകർ എന്ന് അവകാശപ്പെടുന്ന വ്യക്തികൾ പോലും പറയുന്ന ഒരു നറേറ്റീവാണ്, ഇവിടെ പ്രശ്നം മതമല്ല വിഭവങ്ങൾ പങ്കുവെക്കലാണെന്ന്. പക്ഷേ ചരിത്രം പരിശോധിച്ചാൽ ഇത് പുർണ്ണമായും തെറ്റാണെന്ന് കാണാം. കാരണം പങ്കുവെക്കാൻ കാര്യമായ വിഭവങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. മതപരമായ വെറുപ്പും അസഹിഷ്ണുതയും, എന്നും ഇസ്ലാം ജൂതനോട് പ്രകടിപ്പിച്ചിരുന്നു. അവരുടെ മത പുസ്തകത്തിൽ അക്കാര്യം എഴുതിയിട്ടുണ്ട് (സ്വഹീഹ് മുസ്ലിം 1767, മുസ്ലിം 3967, 3724, സ്വഹീഹുൽ ബുഖാരി 2170, 392). കേരളത്തിൽ ഒരു ജൂതനെ കാണാത്തവരുടെ മനസ്സിൽപോലമുണ്ട് ഈ ജൂത വെറിയെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എന്താവും.
യഹൂദർക്ക് സൂചികുത്താനുള്ള ഇടംപോലും ഈ മണ്ണിൽ കൊടുക്കില്ല എന്നായിരുന്നു അറബ് രാഷ്ട്രങ്ങളുടെ നിലപാട്. ആദ്യം 80 ശതമാനം ഫലസ്തീന് വിട്ടുകൊടുത്ത്, 20 ഇസ്രയേലിന് മാത്രമുള്ള പാക്കേജ് ബ്രിട്ടീഷുകാർ മുന്നോട്ട് വെച്ചിരുന്നു. അറബ് രാഷ്ട്രങ്ങൾ അത് അംഗീകരിച്ചില്ല. 90-10 എന്നതും, അറബികൾ അംഗീകരിച്ചില്ല. പക്ഷേ ഇസ്രയേലികൾക്ക് ആ വെറും പത്തുശതമാനം പോലും അംഗീകരിക്കാൻ കഴിയുമായിരുന്നു. അവർക്ക് എവിടെയെങ്കിലും സമാധാനമായി ഒന്ന് ഉറങ്ങിയാൽ മതി എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
അന്ന് അറബ് പക്ഷം പറഞ്ഞത് തങ്ങൾക്ക് കിട്ടിയ സ്ഥലത്തിന്റെ ഏറെയും മരുഭുമിയാണെന്നാണ്. പുല്ലുപോലും മുളക്കാത്ത നെഗേവ് എന്ന മരുഭൂമി. പിന്നീട് 56 ശതമാനം സ്ഥലം, ഇസ്രയേലനും, 44 ശതമാനം ഫലസ്തീനും കൊടുത്താണ് ബ്രിട്ടീഷ് സെറ്റിൽമെന്റ് ഉണ്ടാവുന്നത്. അപ്പോൾ നെഗേവ് മരുഭൂമി കിട്ടിയത് ഇസ്രയേലിനാണ്. അതായത് ഇസ്രയേലിന് കിട്ടിയ മൊത്തം ഭൂമിയുടെ 60 ശതമാനവും മരുഭൂമിയായിരുന്നു. എന്നാൽ നിർദിഷ്ട ഫലസ്തീന് കിട്ടിയത്, സാധാരണ ഭൂമിയുമാണ്.
ഇവിടെ കാര്യമായ വിഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ മരുഭൂമിയിലടക്കം യഹൂദർ കഠിനാധ്വാനം ചെയ്ത് പൊന്നുവിളിയിച്ചപ്പോഴാണ് അവിടെ വിഭവങ്ങൾ ഉണ്ടാവുന്നത്. ഇപ്പോഴും നെഗേവ് മരുഭൂമിയുടെ 60 ശതമാനത്തിലേറെ ഊഷരമായി വെറുതെ കിടക്കയാണ്. അതുകൊണ്ടുതന്നെ ഭൂമി വീതംവെക്കുന്നതിലെ അസന്തലിതാവസ്ഥയാണ്, പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് കാരണം എന്ന് പറയുന്നതും ശരിയല്ല. കാരണം, 80 ശതമാനം ഭൂമി കൊടുക്കാമെന്ന് പറഞ്ഞിട്ടും അറബ് രാജ്യങ്ങൾ അത് അംഗീകരിച്ചില്ല.
ജൂതന്മാർക്ക് ഇവിടെ ഒരു രാജ്യം ഉണ്ടാക്കാൻ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു എക്കാലവും അറബ് രാജ്യങ്ങൾ. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബുദ്ൽ നാസർ പറഞ്ഞത് 'യഹൂദ രാഷ്ട്രത്തെ ഞങ്ങൾ മെഡിറ്ററേനിയൻ കടലിൽ മുക്കിക്കൊല്ലും' എന്നായിരുന്നു. 1945-ൽ തന്നെ അറബ് ലീഗ് എന്ന പേരിൽ ഒരു സഖ്യം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്നലെ ഉണ്ടായ ഒരു കുഞ്ഞിനെ ആക്രമിക്കാൻ ആറു മുട്ടാളന്മാർ വന്നാൽ എങ്ങനെ ഉണ്ടാവും? ഏതാണ്ട് അതേ പോലെ ആയിരുന്നു ആദ്യ യുദ്ധത്തിൽ ഇസ്രയേലിന്റെ അവസ്ഥ. എന്തായാലും യുദ്ധത്തിൽ അറബ് രാജ്യങ്ങൾ അമ്പേ തോറ്റു. യുദ്ധത്തിൽ തോറ്റ് തിരിച്ചോടുന്ന വഴി സഹായിക്കാൻ വന്നവർ ഫലസ്തീൻ ഭാഗങ്ങൾ കയ്യടക്കി. ഗസ്സ ഈജിപ്തും, വെസ്റ്റ്ബാങ്ക് ജോർദാനും കൈയടിക്കി. ഇത് 67ലെ യുന്ധത്തിൽ, രക്തം ചിന്തി ഇസ്രയേലാണ് തിരിച്ച് പിടിച്ചത്. ഇസ്രയേൽ വിട്ടുകൊടുത്ത ഭൂമിയാണ് ഇന്നും ഫലസ്തീനിന് ഉള്ളത്. 1948ലെ യുദ്ധത്തിൽ ഏകദേശം ഏഴ് ലക്ഷം അഭയാർത്ഥികളാണ് അന്ന് പലായനം ചെയ്തത്. യുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ ഈ പലയാനത്തിന്റെ തോതും കുറയ്ക്കാമായിരുന്നു.
ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രം ഒരിക്കലും, ആദ്യം അങ്ങോട്ട് യുദ്ധത്തിന് പോയിട്ടില്ല. പക്ഷേ തങ്ങളെ ആക്രമിച്ചാൽ അതി ശക്തമായി അവർ തിരിച്ചടിക്കും. ചുറ്റമുള്ള 11ഓളം അറബ് രാഷ്ട്രങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും, ചെറുതും വലതുമായ 20ഓളം യുദ്ധങ്ങൾ നാളിതുവരെ അവർ ജയിച്ചു.
5. ഹമാസ് പോരാളികളാണോ?
ലോകത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ഹമാസ് ആരാധകരുള്ള പ്രദേശം ഒരുപക്ഷേ കേരളം ആയിരിക്കും. ഒരു ഹമാസ് നേതാവ് ഓൺലൈനിൽ കേരളത്തിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നതും വൻ വിവാദമായി. എലിലെപിടിക്കുന്നപോലെ, ആളുകളെ മുടിക്ക് കുത്തിപ്പിച്ച് വണ്ടിയിലേക്ക് ഇട്ട് വെടിവെച്ച് കൊല്ലുകയും ശവശരീത്തിൽപോലും തുപ്പുകയും ചെയ്തതിന്റെ വിഷ്വലുകൾ പുറത്തായിട്ടും ഹമാസ് നമുക്ക് പോരാളികൾ മാത്രമാണ്. വെസ്റ്റബാങ്കിലെ ഫലസ്തീൻ അതോരിറ്റിപോലും ഹമാസിനെ അംഗീകരിക്കുന്നില്ല. ഹമാസും ഇവിടുത്തെ ഫത്ത പാർട്ടിയുമായുള്ള പോരാട്ടത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലും ഇപ്പോൾ അൺപോപ്പുലർ ആണ് ഹമാസ്. അടുത്ത കാലത്ത് നടന്ന ഒരു സർവേയിൽ ഗസ്സയിൽ വെറും 20 ശതമാനം പേരുടെ പിന്തുണമാത്രമാണ് ഹമാസിന് കിട്ടുന്നത്. പക്ഷേ കേരളത്തിൽ നമുക്ക ഹമാസിശന ഭീകരവാദികൾ എന്ന് വിളിക്കാൻ പോലും കഴിയില്ല.
ചരിത്രം പരിശോധിച്ചാൽ ഹമാസ് ലക്ഷണമൊത്ത ഒരു ഇസ്ലാമിക ഭീകരവാദ സംഘടനയാണെന്ന് കാണാം. ഐസിസിനും അൽഖൈ്വദക്കുമൊക്കെ സമാനമായി ഇസ്ലാമിക ജിഹാദ് ലക്ഷ്യമിട്ടുള്ള സംഘടനയാണെന്ന് വ്യക്തമാണ്. നിരവധി പുസ്തകങ്ങളും, ഹമാസിൽനിന്ന് രക്ഷപ്പെട്ടവരുടെ അനുഭവ സാക്ഷ്യവുമൊക്കെ ഇപ്പോൾ ലോകത്തിന് മുന്നിലുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് ലോകത്ത് കാണുന്ന എല്ലാ മുസ്ലിം തീവ്രവാദത്തതിന്റെയും, അടിസ്ഥാന ഘടകമായി പലരും വിലയിരുത്തപ്പെടുന്നത് മുസ്ലിം ബ്രദർഹുഡിനെയാണ്. അതുകൊണ്ടുതന്നെ ഭീകരത എന്നത് ഹമാസിന്റെ രക്തത്തിൽ അലിഞ്ഞതാണ്.
1988ൽ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം ഫലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.
ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീൻ എന്ന ഭൂപ്രദേശം 'അന്തിമവിധിനാൾ' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു.അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരവാദി പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഖത്തർ ഒഴികേയുള്ള ഗൾഫ് രാജ്യങ്ങളും ഹമാസിനെ അംഗീകരിക്കുന്നില്ല.
കുട്ടികളെ കൊണ്ട് പ്രതിരോധ മതിൽ തീർക്കുക, സ്ത്രീകളെ കവചങ്ങളായി ഉപയോഗിക്കുക തുടങ്ങിയ പരിപാടികളാണ് പണ്ടേ ഹമാസ് നടത്താറുള്ളത്. ഇടക്കിടെ ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിട്ട് പ്രകോപനം ഉണ്ടാക്കും. എന്നിട്ട് ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും നിരത്തി കവചം തീർക്കും. അങ്ങനെ മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ജാഥയായി കൊണ്ടുപോവും. ആ ചിത്രങ്ങൾവെച്ച് ലോകവ്യാപകമായി, പണം പിരിക്കും. ഇതാണ് ഹമാസിന്റെ പതിവ് രീതി. ഇസ്രയേൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരയിക്ക് വിധേയമാക്കി കൊന്നതും, സ്ത്രീകളെ
ബലാൽസംഗം ചെയ്തത് അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങൾ ഹമാസിന്റെ പേരിലുണ്ട്.
ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷേക്ക് ഹസൻ യൂസഫിന്റെ മകനും, ഇന്ന് ലോകത്തിൽ ഹമാസിന്റെ ഏറ്റവും വലിയ വിമർശകനായി അറിയപ്പെടുന്ന മൊസാബ് ഹസൻ യൂസഫ് ഇങ്ങനെ പറയുന്നു. 'ഗസ്സയിലെ മദ്രസകളിലുടെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിലേക്ക് ശക്തമായ ഇസ്രയേൽ വിരോധം അടിച്ചേൽപ്പിക്കയാണ് ഹമാസ് ചെയ്യുന്നത്. അങ്ങനെ കൗമാരം ആവുമ്പോഴേക്കും അവർക്ക് ചാവേർ ബോംബ് ആവാനുള്ള മാനസികാവസ്ഥയുണ്ടാവും. ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിർമ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല'- ക്രിസ്തുമതത്തിലേക്ക് മതം മാറി, അമേരിക്കയിൽ ജീവിക്കുന്ന മൊസാബ് പറയുന്നത് ഫലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം ഹമാസിന്റെ സമ്പുർണ്ണ നാശമാണെന്നാണ്.
എന്നാൽ ഹമാസ് നേതാക്കൾ ആവട്ടെ മക്കളെ ഖത്തറിലെയും സൗദിയിലെയും മുന്തിയ സ്കുളുകളിൽ പഠിപ്പിച്ച്, വിദേശത്ത് സുഖ ജീവിതം നയിക്കുകയുമാണ്. ഇത്തരം ഒരു സംഘടനയെ എങ്ങനെയാണ് പോരാളികൾ എന്ന് വിളിക്കാൻ കഴിയുക?
വാൽക്കഷ്ണം: ഇപ്പോൾ നടക്കുന്നതിനെ ഇസ്രയേൽ- ഫലസ്തീൻ യുദ്ധം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതുപോലും ശരിയല്ല. ഫലസ്തീൻ അതോരിറ്റിയുടെ ഭരണമുള്ള വെസ്റ്റ് ബാങ്കിൽ ഇപ്പോൾ താരതമ്യേന പ്രശ്നമില്ല. യുദ്ധം ഉള്ളത് ഫലസ്തീൻ അതോരിറ്റിയെയും, ഇസ്രയേലിനെയും ഒരു രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, ഇസ്രയേലും തമ്മിലാണ്. പക്ഷേ ആവേശത്തള്ളിച്ചയിൽ നമ്മുടെ മാധ്യമങ്ങൾ അതുപോലും മറക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്
ദ സൺ ഓഫ് ഹമാസ്- പുസ്തകം- മൊസാബ് ഹസൻ യൂസഫ് , ദ ഗ്രേറ്റ് പാർട്ടീഷ്യൻ- ആർട്ടിക്കിൾ ന്യൂയോർക്ക് ടൈംസ്, സി രവിചന്ദ്രൻ- വിവിധ ലേഖനങ്ങൾ വീഡിയോകൾ, ടോമി സെബാസ്റ്റ്യൻ- വിവിധ ലേഖനങ്ങൾ വീഡിയോകൾ, ആരിഫ്ഹുസൈൻ തെരുവത്ത് വീഡിയോ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ