- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള മാധ്യമ രാജാവ് മർഡോക്കിന്റെ വിചിത്ര ജീവിതം
92-ാം വയസ്സിൽ ഒരാൾ തന്റെ അഞ്ചാമത്തെ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് പറഞ്ഞാൽ നമ്മൾ ശരാശരി മലയാളികൾ എന്താണ് പറയുക? രാമനാമം ജപിച്ച് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സമയത്താണോ വിവാഹം എന്നായിരിക്കും പരിഹാസം. പക്ഷേ ഇത് ഇന്ത്യയല്ല അമേരിക്കയാണ്. വിവാഹം കഴിക്കുന്നത് സാധാരണക്കാരനല്ല, ശതകോടീശ്വരനാണ്. പ്രണയത്തിനു കണ്ണില്ല എന്നതുപോലെ പ്രായവും ബാധകമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാധ്യമ രാജാവ് റൂപർട്ട് മർഡോക്ക്. മർഡോക്ക് 92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുകയാണ്. അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
മർഡോക്കിന്റെ മൂന്നാം ഭാര്യ വെൻഡി ഡെങ് വഴിയാണ് റുപെർട്ടും എലീനയും പരിചയപ്പെട്ടുന്നത്. നമ്മുടെ നാട്ടിൽ ചിന്തിക്കാൻ കഴിയുമോ ഇതുപോലെ ഒരുകാര്യം. എന്നാൽ വിദേശരാജ്യങ്ങളിൽ വിവാഹബന്ധം ഒഴിഞ്ഞാലും സൗഹൃദം തുടരും. 14 വർഷത്തെ വിവാഹ ബന്ധത്തിനുശേഷം 2013ലാണ് മർഡോക്കും വെൻഡി ഡെങ്ങും വേർപിരിയുന്നത്. ലോസ് ആഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കൽ റിസർച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. മർഡോക്കിന് നാലു ഭാര്യമാരിലായി ആറു മക്കളാണുള്ളത്. ഈ മക്കൾ അദ്ദേഹത്തിന്റെ മാധ്യമ സാമ്രാജ്യത്തിലെ നിർണ്ണായക സ്ഥാനങ്ങിലുണ്ട്.
വയസ്സാം കാലത്തെ വിവാഹത്തിന്റെ പരിൽ മാത്രം അറിയപ്പേടേണ്ട വ്യക്തില്ല മർഡോക്ക്. ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേർണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷന്റെ മുൻ ചെയർമാനാണ് മർഡോക്. അഞ്ച് മാസം മുൻപാണ് ഫോക്‌സ് ന്യൂസ് സ്ഥാപകനായ റുപെർട്ട് മർഡോക്ക് ഫോക്‌സിന്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിംഗുകളുടെയും തലവൻ സ്ഥാനമൊഴിഞ്ഞത്. പിന്നാലെയാണ് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായി പ്രഖ്യാപിക്കുന്നത്. സ്‌കൈ ടിവി, സൺ, ടൈംസ് ന്യുസ് പേപ്പർ, എന്നീ മാധ്യമ സംരംഭങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ സ്വദേശമായ ആസ്ട്രേലിയയിലും മർഡോക്കിന് നിർവധി സംരംഭങ്ങളുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 1,890 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് മർഡോക്കിനുള്ളത്.
ലോക ജേർണലിസത്തിലെ ഒരു ജീർണ്ണതയായിട്ടാണ് പലരും മർഡോക്കിനെ വിലയിരുത്തുന്നത്. കാരണം മർഡോക്കിനെ സംബന്ധിച്ച് പണം ഉണ്ടാക്കാനുള്ള മാർഗം മാത്രമാണ് വാർത്ത. ആരെക്കുറിച്ചും എന്ത് ഇക്കിളിക്കഥകളും കൊടുക്കും. വായനക്കാർ ഉണ്ടെന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കും. വാർത്ത കണ്ടെത്തുന്നതിനായി ഫോൺ ചോർത്തലും ചാരപ്പണിയും അടക്കമുള്ള എത് വഴിയും മർഡോക്ക് എടുക്കും. ലാഭമായവ മാത്രം നിലനിർത്തും. അല്ലാത്തത് നിഷ്‌ക്കരുണം അടച്ചുപൂട്ടും. കണ്ണിൽച്ചോരയില്ലാത്ത ഒരു ബിസിനസ് മോഡൽ തന്നെയാണ് മർഡോക്കിന്റെത്.
സെക്സും ഗോസിപ്പും പ്രധാന വാർത്ത!
ആസ്ട്രേലിയയിൽ ജനിച്ച് അമേരിക്കൻ പൗരനായി മാറി, ആഗോള മാധ്യമസ്വാതന്ത്ര്യത്തിന്റെ അധിപൻ എന്ന തലപ്പാവു ചാർത്തി നിൽക്കയാണ് മർഡോക്ക് ഈ ജീവിതസായാഹ്നത്തിൽ. ഇത് പക്ഷേ പെട്ടന്ന് ഉണ്ടായതല്ല. തട്ടിപ്പും വെട്ടിപ്പും, കോർപ്പറേറ്റ് മത്സരവുമെല്ലാം ചേർന്ന ഒരു ജീവിത കഥയാണത്. 1931, മാർച്ച് 11 ഓസ്ട്രേലിയിലെ മെൽബണിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മർഡോക്ക് ജനിച്ചത്. പ്രശസ്ത ഓസ്‌ട്രേലിയൻ യുദ്ധ ലേഖകനും പ്രസാധകനുമായ സർ കീത്ത് മർഡോക്കായിരുന്നു പിതാവ്. അമ്മ ഡെയിം എലിസബത്ത്. ചെറുപ്പത്തിലേ റൂപർട്ട് പഠിക്കാൻ മിടുക്കനായിരുന്നു. ഓക്‌സ്‌ഫോർഡിലെ വോർസെസ്റ്റർ കോളേജിൽ എംഎ പഠിച്ച അദ്ദേഹം, ലാർഡ് ബീവർബ്രൂക്കിന്റെ ലണ്ടൻ ഡെയ്‌ലി എക്സ്‌പ്രസിൽ എഡിറ്ററായി ഹ്രസ്വകാലം പ്രവർത്തിച്ചു. തുടക്കം മുതലേ സെൻസേഷണലിസത്തിലൂടെ വാർത്തയുണ്ടാക്കുക എന്ന ശൈലിയുടെ ഉടമായിരുന്നു മർഡോക്ക്.
പിതാവ് മരിച്ചതിനാൽ, 1954-ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങി. സൺഡേ മെയിൽ എന്ന പിതാവ് നടത്തിയിരുന്നു പത്രം ഏറ്റെടുത്തു. പിന്നീടുള്ള ദിവസങ്ങളിൽ അതുവരെ ആ പത്രം പിന്തുടർന്നിരുന്ന കുലീനമായ ശൈലി ന്നെ മാറി. സെക്സും ക്രൈമും ഗോസിപ്പും പ്രധാന വാർത്തയായി. അതിന്റെ ബാനർ തലക്കെട്ടുകൾ ശ്രദ്ധ പിടിച്ചുപറ്റി. അതോടെ പ്രചാരം കുതിച്ചുയർന്നു. തുടർന്ന് മർഡോക്ക് ചെയ്തത് ചെറിയ പത്രങ്ങൾ വാങ്ങുക എന്നതായിരുന്നു. സിഡ്നി, പെർത്ത് ,മെൽബൺ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയ പേപ്പറുകളിൽ സമാനമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം ശ്രമിച്ചു. പിന്നെ ബ്രിട്ടനിൽ എത്തിയ മർഡോക്ക് സൺ പത്രം വാങ്ങി. അതിൽ ലൈംഗികതയും, ഗോസിപ്പും, പ്രശസ്തരുടെ കിടപ്പറ വിശേഷങ്ങും നിറച്ച് സർക്കുഷേൻ വർധിപ്പിച്ചു.
1973-ൽ മർഡോക്ക് രണ്ട് ചെറിയ ദിനപത്രങ്ങൾ വാങ്ങി അമേരിക്കൻ പത്ര ബിസിനസിൽ പ്രവേശിച്ചൂ. പിന്നീട് അങ്ങോട്ട് മർഡോക്കിന്റെ കാലമായിരുന്നു. സെൻസേഷനൽ ജേണലിസത്തിലൂടെ കോടികൾ കൊയ്ത് അയാൾ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് എന്ന വിഖ്യാതമായ കമ്പനിപോലും സ്വന്തമാക്കി. പൂട്ടിപ്പോവുന്ന പത്രങ്ങളും മാഗസിനുകളും ഏറ്റെടുത്ത് അവയെ പൈങ്കിളിയാക്കി വിജയിപ്പിക്കുകയായിരുന്നു, മർഡോക്കിന്റെ രീതി. ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മർഡോക്ക് അവരിൽ പലർക്കുവേണ്ടിയും തന്റെ പത്രത്തെ ഉപയോഗിച്ചു. മാധ്യമങ്ങളിലൂടെ വലതുപക്ഷ ആശയങ്ങൾക്ക് മേൽക്കൈ നൽകി. ട്രംപിന്റെ അടക്കം അടുത്ത സുഹൃത്താണ് മർഡോക്ക്. തന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ന്യൂസ് എക്കാലവും പിന്തുണ നൽകിയത് ട്രംപിനാണ്.
പേജ് 3 ജേർണലിസം
ആഗോളമാധ്യമ ശൃംഖലയുടെ ശ്രേണിയിൽ നാലാമത്തെയോ, അഞ്ചാമത്തെയോ സ്ഥാനമേ മർഡോക്കിനും അദ്ദേഹത്തിന്റെ 'ന്യൂസ് കോർപറേഷൻ' എന്ന മാധ്യമസാമ്രാജ്യത്തിനുമുള്ളൂ. മർഡോക്കിന്റെ ആസ്തി രണ്ടായിരം കോടി അമേരിക്കൻ ഡോളർ പോലം വരില്ല. എക്ഷേ മാധ്യമസാമ്രാജ്യത്തിലെ ഒന്നാമനെപ്പോലെ അയാൾ വിരാജിക്കുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലും ഭരണത്തിലും ഡെമോക്രാറ്റുകൾ ഭരിച്ചാലും റിപ്പബ്ലിക്കൻ പാർട്ടി ഭരിച്ചാലും ഏറെ സ്വാധീനമുള്ളയാളാണ് മർഡോക്ക്.
മർഡോക്ക് ആദ്യം ജന്മനാടായ ആസ്ട്രേലിയയിലായിരുന്നു ന്യൂസ് കോർപറേഷന് തുടക്കമിട്ടത്. പിന്നീട് 1960 കളിൽ ഇംഗ്ലണ്ടിലേക്കു ചുവടുമാറ്റി. 1980 കളുടെ തുടക്കമായതോടെ അമേരിക്കയിൽ സാന്നിധ്യമറിയിച്ചു. ട്വന്റീയെത്ത് സെഞ്ച്വറി ഫോക്സ് എന്ന മാധ്യമസ്ഥാപനം വാങ്ങുന്നതിനു വലിയതോതിൽ സബ്സിഡി നൽകിയതിനെത്തുടർന്ന് ആദ്യം കടത്തിലായെങ്കിലും, തൊണ്ണൂറുകളുടെ മധ്യത്തോടെ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻസ് ന്യൂസ് കോർപറേഷന്റെ 13 ശതമാനം ഓഹരി സ്വന്തമാക്കുന്നതിന് 200 കോടി ഡോളർ നിക്ഷേപിച്ചതോടെ മർഡോക്ക് നഷ്ടത്തിൽ നിന്നു കരകയറി.
1970-കളോടെ ഇംഗ്ലണ്ടിൽ ദ സൺ ന്ന ടാബ്ലോയ്ഡ് പത്രം സ്വന്തമാക്കിക്കൊണ്ടാണ് മർഡോക്ക് സെൻഷേണൽ ജേർണലിസത്തിന് പുതിയ മാനങ്ങൾ സൃഷ്ടിച്ചത്. അർധനഗ്ന സ്ത്രീരൂപങ്ങളുടെ ദൃശ്യപ്പെരുമകൊണ്ടും, അസത്യഅർധസത്യ വാർത്തകളുടെ പെരുമഴകൊണ്ടും മർഡോക്ക് 'പേജ് 3 ജേർണലിസം' എന്ന് മാധ്യമ പരികൽപ്പനകളിൽ വിവക്ഷിക്കപ്പെടുന്ന പത്രപ്രവർത്തനരീതി തന്നെ നടപ്പാക്കി. സെലിബ്രിറ്റികളുടെയും, മധ്യഉപരിവർഗ ജീവിതത്തിന്റെയും അന്തസ്സാരശൂന്യവും നിറംപിടിപ്പിച്ചതുമായ വാർത്തകളും ദൃശ്യങ്ങളും കൊണ്ട് നിറയ്ക്കുന്നതാണ് പേജ് 3 ജേർണലിസം എന്ന് അറിയപ്പെടുന്ന്.
എൽട്ടൺ ജോണിനെപ്പോലുള്ള വിശ്രുത ഇംഗ്ലീഷ് സംഗീതജ്ഞരെപ്പറ്റി കല്ലുവച്ച നുണവാർത്തകൾ നൽകിയതിന്റെ പേരിൽ ഒന്നര ഡസൻ മാനനഷ്ടക്കേസുകളെങ്കിലും മർഡോക്കിനു നേരിടേണ്ടിവന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ മർഡോക്ക് കൈവശപ്പെടുത്തിയിരുന്ന ഞായറാഴ്ചപ്പത്രമായ 'ന്യൂസ് ഓഫ് ദ വേൾഡ്' ഒരു വ്യാഴവട്ടം മുമ്പ് പൂട്ടിക്കെട്ടേണ്ടി വന്നത് ദീർഘകാലം മാധ്യമചർച്ചകളിൽ സജീവമായിരുന്നു. പ്രശസ്തരുടെയടക്കം ലൈംഗിക അപവാദകഥകളും സദാചാര വിരുദ്ധ വാർത്തകളും കുത്തിനിറച്ചായിരുന്നു പത്രത്തിന്റെ ഓരോ ലക്കവും പുറത്തുവന്നിരുന്നത്.
ചലച്ചിത്രടിവി രംഗങ്ങളിലെ പ്രശസ്തരെ പലരേയും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായ ക്രിമിനലുകളായി പത്രം ചിത്രീകരിച്ചു. നടി സിയന്ന മില്ലർ, നടൻ സ്റ്റീവ് കോഗൻ, ടിവി അവതാരകൻ ക്രിസ് ടാറന്റ്, ഫുട്ബോൾ ഏജന്റ് സ്‌കൈ ആൻഡ്രൂ തുടങ്ങിയവർക്കെതിരെ ഇത്തരം വഷളൻ വാർത്തകളും ചിത്രങ്ങളും നൽകിയതിന്റെ പേരിലും മാർഡോക്കിന് കോടതി കയറേണ്ടിവന്നു.
ഒടുവിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്റെ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ കോളിളക്കത്തെത്തുടർന്ന് 2011 ജൂലൈ 10ന് ന്യൂസ് ഓഫ് ദ വേൾഡ് പൂട്ടിക്കെട്ടേണ്ടിവന്നു. അമേരിക്കയിലെത്തി 'ന്യൂയോർക്ക് പോസ്റ്റ്' എന്ന പത്രം സ്വന്തമാക്കിയ മർഡോക്ക് സെലിബ്രിറ്റികളുടെ നിറംപിടിപ്പിച്ച വാർത്തകളും ചിത്രങ്ങളും നൽകി പേജ് 6 ജേർണലിസത്തിനു രൂപംകൊടുക്കുകയും ചെയ്തു.
മകനുപോലും യോജിക്കാനാവില്ല
മർഡോക്കിന്റെ കണ്ണും മൂക്കുമില്ലാത്ത, ഈ വലതുപക്ഷ ജേണലിസം സ്വന്തം മകനുപോലും അംഗീകരിക്കാൻ പറ്റുന്നില്ല. റൂപ്പർട്ട് മർഡോക്കിന്റെ മകൻ ജെയിംസ് മർഡോക്ക് പിതാവുമായി തെറ്റിപ്പിരിഞ്ഞതും ഇടക്കാലത്ത് വലിയ ചർച്ചയായിരുന്നു. കോവിഡ് ബാധിച്ച് ചുറ്റുപാടും ആളുകൾ നരകിക്കുമ്പോഴും അതൊരു ഭീഷണിയേ അല്ലെന്ന് കുറച്ചുകാണുക, കാലാവസ്ഥാ വ്യതിയാനമോ അങ്ങനെ ഒരു സംഭവമേയില്ലെന്ന് കോർപറേറ്റ് ലാക്കോടെ പറയുക, ഇതെല്ലാം കച്ചവടക്കണ്ണുള്ള ക്രൂരന്മാർക്ക് മാത്രമേ കണ്ണടച്ച് പറയാനാകൂ. താൻ അത്തരക്കാരനല്ല എന്ന് തെളിയിക്കുകയാണ് മാധ്യമഭീമനായ റൂപ്പർട്ട് മർഡോക്കിന്റെ മകൻ ജെയിംസ് മർഡോക്ക്. താനും ഭാര്യയും ന്യൂസ് കോർപും ഫോക്‌സും വിട്ടതിന്റെ കാരണങ്ങൾ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തുമ്പോൾ ജെയിംസ് ഇക്കാര്യങ്ങൾ തുറന്നടിച്ചു.
മർഡോക്ക് കുടുംബം എല്ലായ്‌പോഴും പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന കോർപറേറ്റ് കമ്പനിയാണ്. കോവിഡിന്റെ അപകടങ്ങളെ ചെറുതാക്കി കാണിക്കുന്ന ട്രംപിനെയും ജെയിംസ് വിമർശിച്ചു. ട്രംപ് വൈറ്റ് ഹൗസിൽ എത്തിയ ശേഷം വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം വിമർശിച്ചു. ന്യൂസ് കോർപിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിന്ന് 47 കാരനായ ജെയിംസ് മർഡോക് 2020 ജൂലൈ അവസാനമാണ് പിന്മാറിയത്. കമ്പനിയുടെ വാർത്താ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ ഉള്ളടക്കത്തോട് വിയോജിച്ചുകൊണ്ടായിരുന്നു പിന്മാറ്റം.
ന്യൂസ് കോർപിന് പുറമേ ഫോക്‌സ് ന്യൂസും മർഡോക് കുടുംബത്തിന്റേതാണ്. ന്യൂസ് കോർപിൽ നിന്നുള്ള വിടവാങ്ങൽ ജെയിംസിന് അത്ര വിഷമം പിടിച്ച തീരുമാനമായിരുന്നില്ല. കാരണം ബിസിനസ് മുന്നോട്ട്‌കൊണ്ടു പോകുന്നതിനെ കുറിച്ച് പിതാവുമായും, സഹോദരൻ ലാച്ലനുമായി കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പ്രേക്ഷകരുടെ മുന്നിൽ അജണ്ടകൾ മറച്ചുവയ്ക്കുക, സംശയം വിതയ്ക്കുക, വസ്തുതകൾ അവ്യക്തമായി അവതരിപ്പിക്കുക, ഇതെല്ലാമാണ് ന്യൂസ് കോർപ് ചെയ്തുകൊണ്ടിരുന്നത്. തനിക്കെതിരെ ചില മാധ്യമസ്ഥാപനങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുകയാണെന്ന് ട്രംപ് ആരോപിച്ച സമയത്താണ് ഇതൊക്കെ സംഭവിച്ചത്. യാഥാസ്ഥിതിക നിലപാട് പിന്തുടർന്ന ഫോക്‌സ് ന്യൂസിന് ട്രംപ് അഭിനന്ദനങ്ങൾ ചൊരിയുകയും ചെയ്തു.-" ചില തീരുമാനങ്ങളെ ചൊല്ലി ബോർഡിൽ കടുത്ത ഭിന്നതകൾ രൂപപ്പെട്ടപ്പോൾ, അവിടെ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. അതുകൊണ്ട് തന്നെ പുറത്തുപോകാനുള്ള തീരുമാനം എടുക്കുക വിഷമകരമായിരുന്നില്ല. അകത്ത് നിന്ന് കൊണ്ട് കമ്പനിയെ മാറ്റിയെടുക്കുക, അസാധ്യമായതുകൊണ്ട് തന്നെ, വേർപിരിയാൻ തീരുമാനിച്ചു"- ജെയിംസ് പറയുന്നു.
പിൻഗാമി മൂത്തമകൻ
മർഡോക് കുടുംബത്തിൽ നടക്കുന്ന നാടകങ്ങളാണ് പ്രശസ്ത ടിവി ഷോയാണ് സക്‌സഷന് പ്രചോദനമായത്. കൗമാരക്കാരനായിരിക്കുമ്പോഴേ ജെയിംസ് അച്ഛൻ റൂപ്പർട്ടുമായി രാഷ്ട്രീയ കാര്യങ്ങളിൽ തർക്കിക്കുമായിരുന്നു. വ്യാജ വാർത്തകൾക്കും നുണകൾക്കും എതിരെ പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം ഇറക്കുകയാണ് ജെയിംസിന്റെ പുതിയ സംരംഭങ്ങളിൽ ഒന്ന്. കടുത്ത ട്രംപ് വിരോധിയായ ജെയിംസ്, ജോ ബൈഡനാണ് പിന്തുണ നൽകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിക്കായിരിക്കും തന്റെ വോട്ടെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചു. നേരത്തെ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സിന്റെ സിഇഒ ആയിരുന്നു ജെയിംസ്. അത് വിറ്റതോടെ പിന്മാറി. നിക്ഷേപ ഫണ്ട് ലുപ സിസ്റ്റംസിലായിരുന്നു പീന്നീട് ജോലി.
തനിക്കും മക്കൾക്കും എല്ലായ്‌പ്പോഴും നിയന്ത്രണം കൈയാളാൻ കഴിയുന്ന രീതിയിലാണ് റൂപർട്ട് മർഡോക് തന്റെ കമ്പനികൾ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ, മാധ്യമ സാമ്രാജ്യത്തിന്റെ ഭാവിക്കായുള്ള പദ്ധതി മക്കളുടെ മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. സാമ്രാജ്യത്തിന്റെ അനന്തരാവകാശി ആരായിരിക്കുമെന്നും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, മൂത്ത മകൻ ലാച്ലനോടുള്ള ഇഷ്ടക്കൂടുതൽ രഹസ്യമാക്കി വച്ചിട്ടുമില്ല. ആറ് മക്കളാണ് റൂപ്പർട്ട് മർഡോക്കിന്. അവരുടെ പ്രായം 16 മുതൽ 61 വരെ. പതിറ്റാണ്ടുകൾ അച്ഛന്റെ മാധ്യമ സാമ്രാജ്യത്തോടൊപ്പം പ്രവർത്തിച്ച ജെയിംസ് പുറത്തുപോകുമ്പോൾ അദ്ദേഹം ഫാമിലി ബിസിനസിലെ പ്രിയപ്പെട്ടവൻ ആയിരുന്നില്ല എന്ന സത്യം കൂടിയുണ്ട്.
പിന്നീട് രണ്ടുവർഷം കഴിഞ്ഞ്ഫോക്‌സ് ന്യൂസിന്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിംഗിന്റെയും തലവൻ സ്ഥാനം മർഡോക്ക് ഒഴിഞ്ഞപ്പോൾ ലക്ലാൻ മർഡോക്കാണ് ആ സ്ഥാനത്തവുന്നത്. മർഡോക്കിന് രണ്ടാമത്തെ ഭാര്യ അന്നയിലുണ്ടായ പുത്രനാണ് ലാച്ലാൻ മർഡോക്ക്. ട്വന്റി ഫസ്റ്റ് സഞ്ച്വറി ഫോക്‌സിനെ ഡിസ്‌നി ഏറ്റെടുത്തതിന് ശേഷം 2019 മുതൽ ഫോക്‌സ് കോർപ്പറേഷന്റെ സിഇഒ ആണ് ലാച്ച്‌ലാൻ. ലയനത്തിന് മുമ്പ്, 2015 മുതൽ അദ്ദേഹം ട്വന്റി ഫസ്റ്റ് സഞ്ച്വറി ഫോക്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി സേവനമനുഷ്ഠിച്ചു.
ജെയിംസ് മർഡോക്ക് ലാച്ലന്റെ ഇളയ സഹോദരനാണ്. മർഡോക്കിന്റെ രണ്ടാം വിവാഹത്തിലെ മൂത്ത കുട്ടിയാണ് എലിസബത്ത് മർഡോക്ക്. അവരും ബിസിനസിൽ സജീവമാണ്. മർഡോക്കിന്റെ ആദ്യ ഭാര്യ പട്രീഷ്യയിൽ നിന്നുള്ള ഏറ്റവും മൂത്ത കുട്ടിയാണ് പ്രൂഡൻസ് മർഡോക്ക് മക്ലിയോഡ്. അർദ്ധസഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി, കുടുംബ ബിസിനസിൽ ഉന്നതിയിലെത്താൻ പ്രുഡൻസ് താൽപ്പര്യം കാണിച്ചിട്ടില്ല. എന്നാൽ കുടുംബ ട്രസ്റ്റിൽ അവൾക്ക് ലാച്ച്ലൻ, ജെയിംസ്, എലിസബത്ത് എന്നിവരുടേതിന് തുല്യമായ പങ്കാളിത്തമുണ്ട്, കൂടാതെ തീരുമാനം എടുക്കുന്നതിൽ തുല്യ അഭിപ്രായമുണ്ട്. റൂപർട്ട് മർഡോക്കിന്റെ ഏറ്റവും ഇളയ മക്കളാണ് ഗ്രേസും, ക്ലോ മർഡോക്കും, അവർ തന്റെ മൂന്നാമത്തെ ഭാര്യ വെൻഡി ഡെംഗിൽ ഉള്ളതാണ്. ഇവർ ഇപ്പോൾ പഠിത്തം കഴിച്ചതേയുള്ളു.
ഇന്ത്യയിലും ഒട്ടനവധി നിക്ഷേപങ്ങൾ
ഉദാരീകരണത്തെ തുടർന്നുണ്ടായിരുന്ന വർഷങ്ങളിൽ മലയാളത്തിലെ മാധ്യമങ്ങൾക്കുപോലും പേടി സ്വപ്നമായിരുന്നു റൂപർട്ട് മർഡോക്ക്. അയാൾ നാളെ ഇന്ത്യയിലെത്തുമെന്നും, ഇവിടുത്തെ പരമ്പരാഗത പത്രങ്ങൾ എല്ലാം പിടിച്ചെടുക്കുമെന്നും ഭീതിപൂണ്ട് നമ്മുടെ മുത്തശ്ശി പത്രങ്ങൾവരെ എഡിറ്റോറിയലുകൾ എഴുതി. മർഡോക്കിന്റെ വരവ് തടയാൻ ഇന്ത്യൻ മാധ്യമലോകവും ഏറെ ശ്രമിച്ചിരുന്നു. പക്ഷേ ഇന്ന് സിഡ്നി, ന്യൂസ് കോർപറേഷനിലുടെ മർഡോക്കിന് ഇന്ത്യൻ മാധ്യമ രംഗത്തും നിക്ഷേപമുണ്ട്. സൺഡേ ടൈംസ്, സ്റ്റാർ ന്യൂസ് തുടങ്ങയ സ്ഥാപനങ്ങൾ വേറെയും.
ഐപിഎൽ സംപ്രേഷണം, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ പലകാര്യങ്ങിലും മർഡോക്കിന്റെ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്. ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയെ സംബന്ധിച്ച വിവാദങ്ങളിലും മർഡോക്കിന്റെ പേര് ഉയർന്നുകേട്ടു. തനിക്കതിരായ ആരോപണങ്ങൾക്ക് പിന്നിൽ മാധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് ആണെന്ന് ലളിത് മോദി ആരോപിച്ചിരുന്നു. മർഡോക്ക് പ്രതികാരം തീർക്കുകയാണെന്നും, ഇന്ത്യാ ടുഡെ ചാനലിൽ രാജ്ദ്വീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഇമെയിലുകൾ ചോർത്തിയത് മർഡോക്കാണ്. സ്വകാര്യ ഇമെയിലുകൾ പ്രസിദ്ധീകരിച്ച സൺഡേ ടൈംസ് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. മർഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഗ്രൂപ്പിനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഉണ്ടായിരുന്നത്. എന്നാൽ ഐ.പി.എൽ സംപ്രേഷണവകാശം താൻ സോണി ചാനലിന് നൽകി. ഇതിലുള്ള പ്രതികാരമാണ് മർഡോക്ക് നടത്തുന്നതെന്നും മോദി ആരോപിച്ചു. പക്ഷേ ഇതിലൊന്നും സമഗ്രമായ അന്വേഷണം ഉണ്ടായിട്ടില്ല.
ചീറ്റിപ്പോയ വിവാഹ നിശ്ചയം
മർഡോക്കിന്റെ സംരംഭങ്ങൾപോലെ തന്നെയാണ് വിവാഹവും. പലതും കൊട്ടിഘോഷിച്ച് തുടങ്ങും. വൈകാതെ പൊളിയും. കഴിഞ്ഞ എപ്രിലിൽ മർഡോക്കിന്റെ ഒരു ബന്ധം വിവാഹം നിശ്ചയം എത്തിയിട്ടും മുടങ്ങിയിരുന്നു. അറുപത്തിയാറുകാരി ആൻ ഡെസ്ലി സ്മിതുമായിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞത്. അന്ന് ഇത് തന്റെ അവസാന പ്രണയം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. "ഞാൻ വളരെയധികം പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാൻ ഞാൻ ഭയപ്പെട്ടിരുന്നു, പക്ഷേ ഇത് എന്റെ അവസാനത്തേതായിരിക്കും. അതായിരിക്കും നല്ലത്. ഞാൻ സന്തോഷവാനാണ് ' - വിവാഹ നിശ്ചയത്തിന് പിന്നാലെ മർഡോക് പറഞ്ഞു. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയിൽ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്തുകളും അന്ന് വിതരണം ചെയ്തിരുന്നു.
ലോകത്ത് ലഭ്യമായതിൽ ഏറ്റവും മനോഹരങ്ങളായ മോതിരങ്ങളിൽ ഒന്ന് എന്ന് ആഭരണ രംഗത്തെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയ മോതിരവും അണിഞ്ഞു നിൽക്കുന്ന കാമുകി ആൻ ലെസ്ലി സ്മിത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മർഡോക്ക് തന്നെ നേരിട്ട് തിരഞ്ഞെടുത്ത് ഇക്കഴിഞ്ഞ മാർച്ച് 17 ന് തന്റെ കാമുകിയുടെ വിരലിൽ അണിയിച്ചതാണത്രെ ഈ 11 കാരറ്റ് രത്ന മോതിരം. ഈ മോതിരത്തിന് 20 കോടിയോളം വിലവരുമെന്നാണ് കരുതുന്നത്. ലോസ് ഏഞ്ചലസിലെ വിമാനത്താവളത്തിൽ മർഡോക്കിനൊപ്പം ആൻ എത്തിയത് പ്രണസമ്മാനമായി ലഭിച്ച മോതിരവും അണിഞ്ഞു കൊണ്ടായിരുന്നു.
കഴിഞ്ഞ 14 വർഷമായി ഒരു വിധവയായി കഴിയുന്ന താൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു മർഡോക്കിന് കണ്ടുമുട്ടിയതെന്ന് അവർ പറഞ്ഞു. മുഡ്രോക്കിനെ പോലെ ആഗോള സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ കൂടി തന്റെ ഭർത്താവും നിരവധി പ്രാദേശിക റേഡിയോ- ടി വി ചാനലുകൾ വളർത്തിയെടുത്ത ഒരു ബിസിനസ്സുകാരനാണ്. അതുകൊണ്ടു തന്നെ മർഡോക്കിന്റെ ഭാഷ തനിക്ക് സംസാരിക്കാൻ കഴിയുമെന്നും അവർ പറയുന്നു.
ഒരു ഡെന്റിസ്റ്റ് ആയി ജീവിതം ആരംഭിച്ച ആൻ ലെസ്ലി സ്മിത്ത് പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. അതിനിടയിൽ മോഡലായും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ ഒരുമാസം പിന്നിടും മുൻപ് തന്നെ ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന വാർത്തകൾ പുറത്തുവന്നു. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് ആ വിവാഹനിശ്ചയത്തിൽനിന്ന് റൂപർട്ട് പിന്മാറാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മർഡോക്ക് നിരാശനായില്ല. ഇപ്പോഴിതാ 92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുകയാണ്.
ഓരോ ഭാര്യക്കും വൻ നഷ്ടപരിഹാരം
ഒരോബന്ധം അവസാനിക്കുമ്പോഴും കോടികളുടെ നഷ്ടപരിഹാരമാണ് മർഡോക്ക് ഭാര്യമാർക്ക് നൽകേണ്ടി വന്നത്. എന്നിട്ടും അയാൾ പുതിയ പുതിയ വിവാഹങ്ങളിലേക്ക് കടന്നു. എയർ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966-ൽ ഇരുവരും പിരിഞ്ഞു. ഇതിൽ ഒരു മകളുണ്ട്. മർഡോക്ക് രണ്ടാമത് വിവാഹം കഴിച്ചത് അന്ന മാൻ എന്ന സ
കാട്ടിഷ് പത്ര പ്രവർത്തകയെയാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആ ബന്ധം 1999-ൽ വിവാഹ മോചനത്തിൽ കലാശിച്ചു. അതിൽ നഷ്ടപരിഹാരമായി 1.5 ബില്യൺ പൗണ്ടായിരുന്നു മർഡോക്കിന് നൽകേണ്ടി വന്നത്. ഇതിൽ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെൻഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ൽ അവസാനിച്ചു. ഇതിൽ രണ്ടു കുട്ടികളുണ്ട്.
മർഡോക്കുമായി ഏറ്റവും യോജിച്ച് പോവുന്നത് എന്ന് മാധ്യമങ്ങൾ എഴുതിയത്, അദ്ദേഹത്തിന്റെ നാലംവിവാഹം ആയിരുന്നു. 82-കാരനായ മർഡോക്കിനെ 2016-ലാണ് മോഡലായ ജെറി ഹാൾ വിവാഹം കഴിക്കുന്നത്. ആറു വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിലാണ്, ഇവർ പിരിയുകയാണെന്ന വാർത്തവന്നപ്പോൾ ഉറ്റ സുഹൃത്തുക്കൾ പോല്യു അത്ഭുതം കൂറുകയാണെന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.മൈക്ക് ജഗ്ഗെറിനൊപ്പം 22 വർഷം ജീവിക്കുകയും, അതിൽ നാല് കുട്ടികൾ ജനിക്കുകയും ചെയ്തിരുന്നെങ്കിലും സാങ്കേതികമായി ഇത് ജെറി ഹാളിന്റെ ആദ്യ വിവാഹമായിരുന്നു. മുർഡോക്ക് ഹാളുമായി വിവാഹപൂർവ്വ കരാറുകൾ ഒപ്പുവച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ കേസിലും അയാൾ കോടികൾ കൊടുക്കേണ്ടി വന്നു. 2015-ൽ ആസ്ട്രേലിയിയയിൽ വച്ചായിരുന്നു ജെറി ഹാളുമായി കണ്ടുമുട്ടുന്നത്. വൈകാതെ അത് പ്രണയമായി മാറുകയായിരുന്നു.
വിവാഹമോചനത്തിനുശേഷവും ജെറി പറഞ്ഞ വാക്കുകൾ വൈറലായി.- " ഞാനിപ്പോഴും മർഡോക്കിനെ സ്നേഹിക്കുന്നു. വേർപിരിയുകയാണെന്ന് മർഡോക്ക് മെയിൽ അയച്ചപ്പോൾ എന്റെ ഹൃദയം നുറുങ്ങി. യു.കെയിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുമ്പോഴായിയിരുന്നു ആ മെയിൽ കിട്ടിയത്"- . മർഡോക്കിന്റെ കുടുംബക്കാരായ ചിലരുടെ ഇടപെടലാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ജെറി ഹാൾ പറഞ്ഞു. ജെറിഹാൾ ഫയൽ ചെയ്ത വിവാഹമോചന കേസ് പ്രകാരവും കോടികളാണ് മർഡോക്കിന് കൊടുക്കേണ്ടി വന്നത്. എന്നിട്ടും അയാൾ പുതിയ ബന്ധങ്ങളിൽ ചെന്നുപെടുന്നു. ഇപ്പോൾ മർഡോക്കിന് 92 വയസ്സായി. ഇനി ഒരു വിവാഹ മാമാങ്കത്തിന് ബാല്യമില്ല എന്ന് അദ്ദേഹത്തിനും നന്നായി അറിയാം.
വാൽക്കഷ്ണം: ഒരുപാട് പേരുടെ സ്വകാര്യ ജീവിതംവെച്ച് അലക്കിയ മർഡോക്കിന്റെ സ്വകാര്യജീവിതവും ഇപ്പോൾ ടാബ്ലോയിഡുകളും ഓൺലൈൻ മാധ്യമങ്ങളും അലക്കുകയാണ്. അതിന് മർഡോക്കിന് പരാതിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജനം എന്താണ് വായിക്കാൻ ആഗ്രഹിക്കുന്നത് അതുകൊടുക്കുന്നതാണ് പത്ര പ്രവർത്തനം. മാങ്ങയുള്ള മാവിലേ കല്ലേറുണ്ടാവൂ എന്ന് മറ്റാരെക്കോളം നന്നായി മർഡോക്കിനും അറിയാം.