- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
70 കളുടെ അവസാനം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ, തിങ്ങി നിറഞ്ഞ ഒരു സിപിഎം പൊതുയോഗത്തിൽ ഇഎംഎസ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയം. അപ്പോൾ അതാ വരുന്നു, അക്കാലത്തെ തീപ്പൊരി നേതാവ് എം വി രാഘവൻ. രാഘവന്റെ തല കണ്ടതോടെ, ജനം നിലക്കാത്ത കൈയടിയും, ഇൻക്വിലാബ് വിളികളും. ഇഎംഎസ് പ്രസംഗം നിർത്തി തിരിഞ്ഞുനോക്കി. അദ്ദേഹത്തിന് ആ കൈയടി ഒട്ടും പിടിച്ചില്ലെന്ന് ചുരുക്കം. അപ്പോൾ തന്നെ വേദിയിരിക്കുന്ന ഒരു മുതിർന്ന നേതാവ് തന്റെ ചെവിയിൽ പറഞ്ഞുവെന്ന് രാഘവൻ പിന്നീട് തന്റെ ആത്മകഥയിൽ എഴുതി. ' ഇഎംഎസിന് ഇഷ്ടപ്പെട്ടിട്ടില്ല. തന്റെ കാര്യം പോക്കാണെന്ന്". അന്ന് അത് വിശ്വസിച്ചില്ലെങ്കിലും പിൽക്കാലത്ത് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നാണ് രാഘവൻ പറയുന്നത്.
ഇത് ഇന്ത്യയിൽ മാത്രമല്ല, ലോക വ്യാപകമായി കമ്യൂണിസ്റ്റ് പാർട്ടികളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ആശയം എന്ത് പറഞ്ഞാലും, പാർട്ടിയെ അതാത് കാലത്ത് നിയന്ത്രിക്കുക, ഒരു ശക്തനായ നേതാവ് ആയിരിക്കും. ചൈനയിലെ മാവോ യുഗവും, സോവിയറ്റ് റഷ്യയിലെ സ്റ്റാലിൻ യുഗവുമൊക്കെ സുചിപ്പിക്കുന്നതാണ് അതാണ്. റഷ്യയിൽ സ്റ്റാലിൻ കാലത്ത് എത്ര സമയം വരെ കൈയടിക്കണം എന്നുവരെ, പാർട്ടി കൃത്യമായി കണക്കാക്കി അണികളെ അറിയിക്കുമായിരുന്നു!
്ഇപ്പോൾ ജനാധിപത്യകാലം വന്നിട്ടും, കേരളത്തിലടക്കം പാർട്ടിയിൽ പറയത്തക്ക മാറ്റങ്ങൾ വന്നിട്ടില്ല. കേരളത്തിലെ അവസ്ഥയെടുത്താൽ പാർട്ടിയിൽ സമ്പുർണ്ണ ആധിപത്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. പോളിങ്് ദിനത്തിൽപോലും അദ്ദേഹം വെടിപൊട്ടിച്ചത്, എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് നേരെയാണ്.
'പാപിയുടെ കൂടെ കൂടി ശിവനും പാപിയായി' എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ വരാൻ പോകുന്ന നടപടിയുടെ സൂചനയുണ്ട്. ഇപ്പോൾ ദല്ലാൾ നന്ദകുമാർ അടക്കമുള്ളവരുടെ കുട്ടിനെ ചൊല്ലി, ഇ പിയെ വിമർശിക്കയാണ് മുഖ്യമന്ത്രി. അയാളെ മോശക്കാരനാക്കി പാർട്ടിക്കാർക്ക് മുന്നിൽ എറിഞ്ഞ് കൊടുക്കയാണ്. പക്ഷേ ഇതേ പിണറായിക്കുതന്നെ എത്ര ഷേഡി ക്യാരക്ടേഴ്സുമായി ബന്ധമുണ്ട്. കരിമണൽ കർത്ത, ഫാരീസ് അബൂബക്കർ.. ആ ലിസ്റ്റ് നീളും. പക്ഷേ പ്രശ്നം അതല്ല. ഇവിടെ ഇ പി ചെയ്ത തെറ്റ് പിണറായി അറിയിക്കാതെ കാര്യങ്ങൾ നീക്കിയതാണ്. അല്ലായിരുന്നെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ.
കഴിഞ്ഞ കുറച്ചുകാലമായി പിണറായിയുമായി തീരെ സുഖത്തിലല്ല ഇ പി. സിപിഎമ്മിന്റെ സമീപകാല ചരിത്രം നോക്കിയാൽ അത് മനസ്സിലാവും. പാർട്ടിയിലും, ഭരണത്തിലും സമ്പൂർണ്ണമായ പിണറായിസമാണ്. പി ജയരാജനും, കെ കെ ശൈലജയും, ജി സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കൾ ഒതുക്കപ്പെട്ടതിന് പിന്നിൽ, ഒരേ ഒരുകാര്യമേയുള്ളൂ. അവർ പിണറായിയുടെ ഗുഡ് ബുക്കിലില്ല.
ഇ പി മിണ്ടിയാൽ പിണറായി അകത്താവും!
പോളിങ്ങ് ദിനത്തിലും കേരളത്തിലെ ചർച്ച ഇ പി ജയരാജനെക്കുറിച്ചായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽ നിന്ന് രക്ഷപ്പെട്ട്, 30 വർഷംമുമ്പ് കണ്ണൂരിൽ അയാൾ അർധപ്രാണനായി വന്നിറങ്ങിയപ്പോൾ അയാൾ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തിൽ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിൽ ഇ പിയുടെ ജൈത്രയാത്രയായിരുന്നു. ഒന്നാം പിണറായി സർക്കാറിൽ അദ്ദേഹം മന്ത്രിയുമായി.
പക്ഷേ പിന്നീടുള്ള കാലം ജയരാജന് അത്ര നല്ലതായിരുന്നില്ല. 2021-ൽ മറ്റ് ഒരുപാട് നേതാക്കൾക്ക് ഒപ്പം ഇ പിക്കും സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ മുതിർന്ന നേതാവ് എന്ന നിലയിൽ ഇ പി തനിക്ക് ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനമാണ് ഇ പി നടത്തിയത്. ഒരു ആറുമാസക്കാലത്തോളം അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളുമായും എന്തിന് പ്രവർത്തകരുമായിപ്പോലും മിണ്ടാതെയാണ് കഴിച്ചുകൂട്ടിയത്. കോടിയേരിയുമായി ഇ പിക്ക് ഊഷ്മള ബന്ധമായിരുന്നെങ്കിലും, കോടിയേരിയുടെ പിൻഗാമിയായി ചുമതലയേറ്റ, എം വി ഗോവിന്ദനുമായി ഇ പിക്ക് അത്ര നല്ല ബന്ധമല്ലായിരുന്നു.
എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിലും സർക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി. ഇടതുമുന്നണി കൺവീനറായ ഇ പി, എം വി ഗോവിന്ദൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദുകമാറിന്റെ അമ്മയെ പൊന്നാട അണിയിക്കാൻ പോയതും വിവാദമായിരുന്നു. പക്ഷേ ഇതിനെല്ലാം ഇടയാക്കിയത് പാർട്ടിയിൽ നിന്നുണ്ടായ തുടർച്ചയായ അവഗണയാണെന്നാണ്, ഇ പിയുമായി ചേർന്ന് നിൽക്കുന്നവർ പറയുന്നത്. ഒരുവേള പാർട്ടി വിടുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയാണെന്നാണ് ഇ പിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
പിണറായി ഭക്തിയിൽ സുഗ്രീവനാണ്, ഇ പിയെന്ന് അഡ്വ ജയശങ്കർ അടക്കമുള്ളവർ വിമർശിക്കുന്ന നേതാവായിരുന്നു ഇ പി. പക്ഷേ അടുത്തകാലത്ത് അദ്ദേഹവും പിണറായിയുമായുള്ള ബന്ധം മികച്ചതല്ല. പാർട്ടിയുടെ സാമ്പത്തിക നാഡിയാണ് ഇ പി. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്നേഹാർദ്രമായ കൈയൊപ്പു കാണാം. നായനാർ ഫുട്‌ബോളിൽ ഫാരീസ് അബൂബക്കറിൽ നിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു.
ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജർ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്പത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരിൽ സാന്റിയാഗോ മാർട്ടിനിൽനിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചർച്ചയായി. വി എസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാർട്ടിന് തിരികെ കൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജിൽ കൊടുപ്പിച്ചതിന്റെയും സുത്രധാരൻ ഇ പിയാണെന്ന് ആരോപണമുണ്ട്. എന്തായാലും യൂസഫലി മുതൽ രവിപിള്ളവരെയുള്ള വ്യവസായികൾ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നതിൽ സംശയമില്ല.
അതായത് ഇ പിക്ക് ദല്ലാൾ നന്ദകുമാർ അടക്കമുള്ളവരുമായുള്ള ബന്ധം വരുന്നത് പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ്. പക്ഷേ പിണറായി വിജയൻ ഇപ്പോൾ ഇ പിയെ വീണ്ടും ശാസിച്ചിരിക്കയാണ്. പക്ഷേ പാർട്ടിയുടെ സകല പരിപാടികളുടെ ഫിനാൻസർ ഇ പിയാണ്. കരുവന്നൂർ ബാങ്കിലെ വരെ സകലകാര്യങ്ങളുടെ രഹസ്യം അയാൾക്ക് അറിയാം. ഇ പി വായ തുറന്നാൽ പിണറായി അടക്കമുള്ളവർ അകത്താവും. അതുകൊണ്ടുതന്നെ വലിയ നടപടിയിലേക്കൊന്നും പോവാതെ, ഈ പ്രശ്നം ശാസനയിൽ തീരാനും ഇടയുണ്ട്. പക്ഷേ ഒരുകാര്യം ഉറപ്പാണ്. ഇ പിയെ പിണറായി ഒതുക്കിക്കഴിഞ്ഞു. ഇനി അയാൾക്ക് പഴതുപോലെ ഒരു സ്ഥാനവും കിട്ടില്ല
ആദ്യം ഒതുക്കിയത് പി ജയരാജനെ
ഇ പിയെപ്പോലെ തന്നെ സ്വന്തം ചോര പ്രസ്ഥാനത്തിന് കൊടുത്ത് വളർന്നുവന്ന നേതാവാണ് പി ജയരാജനും. 1999-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണനാൾ ജയരാജനെ സംബന്ധിച്ച് മറക്കാൻ കഴിയില്ല. തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ, കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു, എൽഡിഎഫ് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കൂടിയായ പി ജയരാജൻ. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബും വാളും മഴുവുമായി, ഓം കാളി വിളികളുമായി ഒരു സംഘം ആർഎസ്എസുകാർ എത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം ജയരാജന്റെ ശരീരം കൊത്തിനുറുക്കി.
ഇടത് കൈയിലെ പെരുവിരൽ അവർ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളർന്നു. നട്ടെല്ല് വെട്ടി നുറുക്കി. ചോരയിൽ കുളിച്ച് കിടന്ന ശരീരം മരിച്ചെന്നുകരുതി ഉപേക്ഷിച്ച് അക്രമികൾ മടങ്ങി. ഭാര്യ യമുനയുടെ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ്. ബെഡ്ഷീറ്റ് വാരിയെടുത്ത് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ് മുറിവെന്ന് വ്യക്തമല്ല. പിറ്റേദിവസം മുറിയിൽ നിന്നാണ് പെരുവിരൽ കിട്ടിയത്. ശരീരം ചിന്നഭിന്നമായ ജയരാജൻ അത്ഭുതാവഹമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് 13ഓളം റെയിൽവേ ക്രോസുകൾ കടന്ന് കണ്ണൂരിൽ നിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാൻ കഴിഞ്ഞത് 'കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന' പാർട്ടിപ്രവർത്തകരായിരുന്നു.
അതിനുശേഷം അയാൾ വലതുകൈ കൊണ്ട് എഴുതിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഒറ്റക്കയ്യനെന്ന് എതിരാളികൾ പരിഹസിക്കുന്നത്, സത്യത്തിൽ ജയരാജന് രാഷ്ട്രീയ ഊർജം ആവുകയായിരുന്നു. പിന്നീടങ്ങോട്ട് സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായി ജയരാജൻ ഉയർന്നു. 2010-ൽ സിപിഎം ജില്ലാ സെക്രട്ടറിയായതോടെ, ആ കീർത്തി ഉയർന്നു. വിഎസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ മുഖം എന്ന് മാധ്യമങ്ങൾ എഴുതി. ഇനി അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹമാവുമെന്നുവരെ കണക്കൂകൂട്ടലുകളുണ്ടായി.
എതിരാളികൾ കാലനെന്നും യമരാജനെന്നും വിളിക്കുമ്പോഴും, അയാൾ പാർട്ടി അണികളുടെ കൺകണ്ട ദൈവമാണ്. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ അറിയാം, നൂറുകണക്കിന് പ്രശ്നങ്ങളുമായി വരുന്ന ആളുകളുടെ തിരക്ക്. തന്നെ വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ സംഘത്തിലെ അംഗം ഉൾപ്പെടെയുള്ള നിരവധി സംഘപരിവാറുകൾ സിപിഎമ്മിലേക്ക് എത്തിക്കാൻ പിജെക്കായി. അമ്പാടിമുക്ക്പോലുള്ള ഒരു ഗ്രാമം ഒന്നടങ്കം സിപിഎമ്മിലെത്തി. അണികളുടെ പ്രശ്നങ്ങൾക്കായി മുൻപിൻ നോക്കാതെ എടുത്തുചാടുന്ന പിജെയൂടെ സ്വഭാവം വലിയ ആരാധകരെ സൃഷ്ടിച്ചു. അവർ പി ജയരാജന്റെ പേരിൽ കഥയും കവിയും എഴുതി. മഹാഭാരതത്തിലെ ശ്രീകൃഷ്ണനാക്കി ചിത്രം വരച്ചു. പാട്ടുണ്ടാക്കി. അതോടെ സിപിഎമ്മിനുതന്നെ സംശയമായി. ജയരാജൻ വിഎസിനെപോലെ പാർട്ടിക്ക് മുകളിൽ വളരുമോ? പി ജെ ആർമിയുടെ വലിയ രീതിയിലുള്ള വളർച്ചയും ഔദ്യോഗികപക്ഷത്തിന് പേടിയായി.
ഈ വ്യക്തിപുജ വിവാദം പി ജയരാജൻ എന്ന 72കാരായ നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോയത്. അദ്ദേഹത്തെ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതുതന്നെ ഒരു ട്രാപ്പ് ആയിരുന്നുവെന്നാണ് പാർട്ടിക്ക് അകത്തുനിന്ന് ഉയരുന്നവാദം. വടകരയിൽ സ്ഥാനാർത്ഥിയായതോടെ രായ്ക്കുരാമാനം പി ജയരാജന്റെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചു. രാഹുൽ- ശബരിമല തരംഗം ആഞ്ഞടിച്ച തിരിഞ്ഞെടുപ്പിൽ, വടകരയിലാവട്ടെ കെ മുരളീധരനോട് അദ്ദേഹം തോൽക്കുകയും ചെയ്തു. പക്ഷേ അപ്പോൾ പി ജയരാജന് പഴയ സ്ഥാനം തിരിച്ചുകിട്ടിയതുമില്ല.
ഇപ്പോൾ സിപിഎം സംസ്ഥാന കമ്മറ്റിയിലെ ഒരു അംഗംമാത്രമാണ് പിജെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല. ആകെയുള്ളത് ഖാദി ബോർഡിന്റെ വൈസ് ചെയർമാർ എന്ന 'ഒണക്ക' സ്ഥാനം മാത്രം. പി ജയരാജൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറിയിരുന്നെങ്കിൽ, പാർട്ടിയുടെ അവസ്ഥ തന്നെ മാറുമായിരുന്നു. പക്ഷേ പിണറായിയുടെ വിശ്വസ്തനായ എം വി ഗോവിന്ദനാണ് അതിനുള്ള യോഗം വന്നത്. നേരത്തെ ജയരാജനെതിരെ വ്യക്തിപൂജാ ആരോപണം ഉന്നയിച്ചവർക്ക്, ഇപ്പോൾ പിണറായിയെ കാരണഭൂതനാക്കി തിരുവാതിര കളിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.
ശശി അകത്ത്, ജെയിംസ് മാത്യു പുറത്ത്
ഇപ്പോൾ കണ്ണൂരിൽ എം വി ജയരാജൻ സ്ഥാനാർത്ഥിയാണ്. സുധാകരനോട് തോറ്റാൽ, എം വിയെയയും കാത്തിരിക്കുന്നത് പി ജയരാജന്റെ അതേ വിധിയാണ്. സിപിഎമ്മിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ, രണ്ടാമൻ എന്ന് പറയാൻ കഴിയുക കണ്ണൂർ ജില്ലാ സെക്രട്ടറിയെയാണ്. കണ്ണൂരിൽ നിന്നുള്ള മൂന്നാല് നേതാക്കൾ ചേർന്നാണ് സിപിഎം ആയി എന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. വിജയ- ജയരാജന്മാർ ആയിരുന്നു മനോരമ പോലും ഈ കോമ്പോയെ വിശേഷിപ്പിച്ചത്. ഇ പി, എം വി, പി എന്നീ മൂന്ന് ജയരാജന്മാരും, പിണറായി വിജയനും ചേർന്നാൽ, കേരള സിപിഎം ആയി എന്ന ഒരു ചൊല്ല് അക്കാലത്ത് ഉണ്ടായിരുന്നു. ഇതിൽ പി ജയരാജൻ നേരത്തെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇ പിയും.
പിണറായി വിജയനെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കഴുത്തിൽ തന്നെ അത് സൂക്ഷിച്ചാണ് താൻ ജീവിക്കുന്നത് എന്നാണ് ഈ നേതാവ് പറയുന്നത്. 1995 ഏപ്രിൽ 12നു ന്യൂഡൽഹി-ചെന്നൈ രാജധാനി എക്സ്‌പ്രസിൽ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢിൽ സിപിഎം പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്.
ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽ നിന്ന് ഇ പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകൾ തൊട്ടുമുന്നിൽ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. ഈ രീതിയിലുള്ള വലിയ ചരിത്രമുള്ള നേതാവിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.
നേരത്തെ ജയിംസ് മാത്യുവിനെപ്പോലെ ജനകീയരായ നേതാക്കൾ പാർട്ടിയിൽ നിന്ന് വിരമിച്ചിരുന്നു. ആന്തൂർ സാജന്റെ ആത്മഹത്യയിലടക്കം പാർട്ടി എടുത്ത നിലപാടിൽ തീർത്തും ഖിന്നനായിരുന്നു, ജെയിംസ് മാത്യു. മുതിർന്ന നേതാവ് പി കെ ശ്രീമതിക്കും, പാർട്ടിയിൽ പഴയപോലെ റോളില്ല.
അന്നാൽ അതേസമയം പി ശശിയെ നോക്കുക. പീഡന ആരോപണം അടക്കം നേരിട്ട് പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടയാൾ, ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരിക്കുന്നു. പണ്ട് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി കാണിച്ചുകൂട്ടിയതൊന്നും സിപിഎമ്മുകാർ മറന്നിട്ടില്ല. എന്നിട്ടും അയാൾക്ക് എങ്ങനെ ഉയർച്ചയുണ്ടാവുന്ന എന്ന ചോദ്യത്തിനാണ്, ഉത്തരം കിട്ടാത്തത്. സിപിഎമ്മിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരേ ഒരു വ്യക്തിമാത്രമാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
ശൈലജ ടീച്ചർ മുതൽ ജി സുധാകരൻ വരെ
വനിതാ നേതാക്കൾ പൊതുവേ കുറവുള്ള പാർട്ടിയാണ് സിപിഎം. അതിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒറ്റ വനിതയും, കേരളത്തിൽ പാർട്ടി ജില്ലാസെക്രട്ടറി പോലുമായിട്ടില്ല. ആ രീതിയിൽ പുരുഷാധിപത്യം നിൽനിൽക്കുന്ന ഒരു പാർട്ടിയിൽ, ഒരു സ്ത്രീ ജനപ്രിയമുഖമായി വളർന്നുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ കെ കെ ശൈലജ, കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളത്തിന്റെ ടീച്ചറമ്മയായി. 2021-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും ടീച്ചർക്ക് മന്ത്രിസ്ഥാനം കിട്ടിയില്ല. മെറിറ്റിനെ പരിഹസിക്കുന്ന സമീപനമായിപ്പോയി ഇതെന്ന്, ഇടതുസർക്കിളുകളിൽനിന്ന് വലിയ വിമർശനം വന്നിട്ടും, സിപിഎം വഴങ്ങിയില്ല.
ഇപ്പോഴിതാ പി ജയരാജനെ ഒതുക്കിയതുപോലുള്ള ഒരു രാഷ്ട്രീയ തന്ത്രത്തിനാണോ സിപിഎം വീണ്ടും തയ്യാടെുക്കുന്നത് എന്ന ചോദ്യം, വടകരയിലെ ടീച്ചറുടെ സ്ഥാനാർത്ഥിത്വം വഴി ചർച്ചയുണ്ടായിരുന്നു. അടുത്ത നിയസഭാ തെരഞ്ഞെടുപ്പിൽ, പിണറായി അനാരോഗ്യം മൂലം മത്സരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിവരെ പരിഗണിക്കപ്പെടുക, ശൈലജയായിരിക്കുമെന്ന് മാധ്യമങ്ങൾ പറയുന്നുണ്ട്. അതിനാൽ ശൈലജ ടീച്ചറെ ഒതുക്കാനും, പിണറായിയുടെ മരുമകൻ റിയാസിന് പാർട്ടിയിൽ എതിരാളികൾ ഇല്ലാതിരിക്കാനുമുള്ള ഒരു തന്ത്രവുമാണ്, ഇപ്പോഴത്തെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് സംശയം പാർട്ടി കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
സാംസ്കാരിക പ്രവർത്തകനും, ഇടതു സഹായാത്രികനും, സിപിഐയുടെ കലാസംഘടനായ ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ പി അഹമ്മദ് ഒരു ചാനലിൽ ഇക്കാര്യം കൃത്യമായി പറയുകയും ചെയ്തു. -'വടകര പിടിക്കാൻ കെ കെ ശൈലജ തന്നെ വേണമെന്ന് പറഞ്ഞ് പരത്തുക. അവരുടെ ഇമേജ് ഉപയോഗപ്പെടുത്തുക. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ടി പി ചന്ദ്രശേഖരന്റെ ചോര ചർച്ചക്ക് വന്നാൽ ശൈലജയല്ല, ശൈലജയേക്കാൾ കേമന്മാരായ പുണ്യവാളന്മാർ വന്നുനിന്നാലും വടകരക്കാർ തോൽപ്പിച്ച് കൈയിൽ കൊടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുവഴി കെ കെ ശൈലജയെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും കഴിയും. ചന്ദ്രശേഖരന്റെ പേരിൽ മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി നടത്താൻ കഴിയും. ഒരു തുള്ളി ചോരപോലും ചിന്താതെ"- എ പി അഹമ്മദ് വ്യക്തമാക്കി. അതേസമയം ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ടി പി കേസ് ചർച്ചയായി. വടകര ലോക്‌സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് , ടി പിയുടെ വിധവയായ കെ കെ രമ എംഎൽഎ പ്രതികരിച്ചിരുന്നു. വടകരയിൽ ഇത്തവണ തോറ്റാൽ അത് ടീച്ചറുടെ ഇമേജിന് വലിയതോതിൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്.
സമാനമായ അവസ്ഥയാണ് പാർട്ടിയുടെ മറ്റൊരു ജനകീയ മുഖമാണ് ജി സുധാകരനും നേരിട്ടത്. ഈ ലോകസ്ഭാ തിരഞ്ഞെടുപ്പിലൊക്കെ വെറും കാഴ്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. തോമസ് ഐസക്ക് അടക്കമുള്ള മുതിർന്ന നേതാക്കളും സമാനമായ അവസ്ഥയിലാണ്.
വി എസ് പക്ഷം പൊടിപോലുമില്ല
പിണറായിസത്തെ ചോദ്യം ചെയ്യാൻ തക്ക കരുത്തുള്ള ഒറ്റ നേതാവും ഇന്ന് പാർട്ടിയിൽ ഇല്ല എന്നതാണ് സിപിഎം നേരിടുന്ന വെല്ലുവിളി. പഴയ വി എസ് പക്ഷമൊക്കെ പൊടിപോലുമില്ല, കണ്ടുപിടിക്കാൻ എന്ന അവസ്ഥയിലേക്ക് മാറി. പാർട്ടിയിൽ ലഭിച്ച ഈ സമ്പൂർണ്ണ ആധിപത്യമാണ്, സ്വർണ്ണക്കടത്ത്- മാസപ്പടി വിവാദങ്ങളിലൊക്കെ പിടിച്ചുനിൽക്കാൻ പിണറായിയെ സഹായിച്ചത്. അഡ്വ. ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞപോലെ, മാസപ്പടി വിവാദത്തിന്റെ സമത്തൊക്കെ വി എസ് സജീവമായിരുന്നെങ്കിൽ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുമായിരുന്നു. പാർട്ടിക്ക് അകത്ത് ഒരു ആഭ്യന്തര അന്വേഷണത്തിന്റെ സാഹചര്യം ഉണ്ടാവുമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലായിടത്തും അധികാരം പോയതോടെ സിപിഎം കേന്ദ്ര നേതൃത്വവും ദുർബലമായിപ്പോയി. ഇന്ത്യയിലെ അവശേഷിക്കുന്ന ഏക ചുവന്ന തുരുത്തിലെ മുഖ്യമന്ത്രിയെന്ന നിലയിൽ, ഫലത്തിൽ പാർട്ടി കേന്ദ്ര നേതൃത്വവും പിണറായി തന്നെയായി മാറി.
എതാണ്ട് 20 കൊല്ലത്തോളം സിപിഎമ്മിൽ ഏത് സമ്മേളനക്കാലത്തും കേൾക്കുന്ന വാക്കായിരുന്ന വിഭാഗീയത. വി എസ്-പിണറായി പോരിന്റെ നീണ്ട ചരിത്രത്തിനൊടുവിൽ പാർട്ടിയിൽ പിണറായി വിജയന്റെ സമ്പുർണ ആധിപത്യം വന്നത്, 2016ലെ തിരഞ്ഞെടുപ്പ് വിഷയത്തോടെയാണ്. അന്ന് തനിക്ക് മകനും വേണ്ടിയുള്ള സ്ഥാനമാനങ്ങൾ കടലാസിൽ കുറിച്ച് യെച്ചൂരിക്ക് നൽകി ആകെ അപമാനിതനും, ദുർബലനുമായ വിഎസിനെയാണ് കേരളം കണ്ടത്. തൊട്ടടുത്തവർഷം 2017-ൽ, 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎമ്മിന്റെ എറ്റവും താഴെതട്ടിലുള്ള ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുമ്പോൾ വി എസ് പക്ഷം പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിലായി. വി എസിന് ഒപ്പം നിന്ന നേതാക്കൾ കൂട്ടത്തോടെ, പിണറായി പക്ഷത്തേക്ക് മാറി.
ഒരു ജില്ലാകമ്മറ്റി പോലും ഇന്ന് വി എസ് പക്ഷത്തിന്റെതായി പറയാനില്ല എന്ന് മാത്രമല്ല, വി എസ് പക്ഷത്തിനൊപ്പമാണ് എന്ന് പറയുന്ന ഒരു നേതാവും ഇന്ന് പാർട്ടിയിൽ ഇല്ല.കഴിഞ്ഞ രണ്ടു പാർട്ടി സമ്മേളനങ്ങളും വിഭാഗീയതയുടെ അതിപ്രസരംമൂലം കേന്ദ്രകമ്മറ്റി പ്രത്യേകമായി തയാറാക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് നടന്നിരുന്നത്.എന്നാൽ ഇപ്പോൾ അങ്ങിനെയാന്ന് ഇല്ല എന്നതുതന്നെ പാർട്ടിയിൽ സമ്പൂർണ്ണമായ ഐക്യം വന്നതിന്റെ സൂചനയാണ് നൽകുന്നത്. പാർട്ടിയിലും സർക്കാറിലും സമ്പുർണ ആധിപത്യം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഭരണനേട്ടങ്ങളും പോരായ്മകളുമാണ് സമ്മേളനങ്ങളിൽ സജീവ ചർച്ചയായത്. പക്ഷേ അവിടെയും പ്രശ്നമുണ്ട്. പാർട്ടിയിലും പിണറായിക്ക് സമ്പുർണ്ണ അധികാരമുള്ളതുകൊണ്ട്, കാര്യമായ വിമർശനവും സ്വയം വിമർശനവും നടക്കുന്നില്ല.
ഇനി ഭരിക്കുക മിസ്റ്റർ മരുമകൻ?
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ആരോഗ്യം പിണറായി വിജയന് ഉണ്ടാവുമെന്ന് ആരും കരുതുന്നില്ല. അപ്പോൾ പിന്നെ ആരാണ് പാർട്ടിയെ നയിക്കുക. നേതൃത്വത്തിൽ ജനപ്രിയ മുഖങ്ങളില്ലാത്തതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എം സ്വരാജ്, എം ബി രാജേഷ് എന്നീ ഒന്നുരണ്ടുപേർ മാത്രമേ, ക്രൗഡ് പുള്ളേഴസ് എന്ന പറയുന്നവരുടെ ലിസ്റ്റിൽ പെടുത്താൻ കഴിയു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊന്നും ഒട്ടും ജനപ്രിയനല്ല.
മുതിർന്ന സിപിഎം നേതാക്കളെല്ലാം, തുക്കൽ ഭീഷണിയിലുടെ കടന്നുപോവുമ്പോൾ, തിളങ്ങി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് ആണ്. ഇന്ന് മന്ത്രിസഭയിലെ രണ്ടാമനെന്ന അനൗദ്യോഗിക പദവി അദ്ദേഹം നേടിയെടുത്തു കഴിഞ്ഞു. എന്ത് കാര്യത്തിനും പാർട്ടി അണികൾ ആശ്രയിക്കുന്ന ഒരു നേതാവായും റിയാസ് വളർന്നു കഴിഞ്ഞു. കോഴിക്കോട്ടെ സീനിയർ നേതാക്കളായ, എ പ്രദീപ്കുമാർ അടക്കമുള്ളവരെ, വെട്ടിയായിരുന്നു മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ വളർച്ച.
പക്ഷേ തനിക്കും കുടുംബത്തിനും നേരെ വരുന്ന ആരോപണങ്ങളൊക്കെ റിയാസ് നിഷേധിക്കയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ പദവി താങ്കളുടെ രാഷ്ട്രീയജീവിതത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. -'വീണയുമായുള്ള വിവാഹത്തിനു ശേഷവും പിണറായിയുമായുള്ള എന്റെ ബന്ധത്തിൽ തെല്ലും മാറ്റം വന്നിട്ടില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അറിയാം അങ്ങനെ ഒരു സ്വാധീനത്തിനും വഴിപ്പെടുന്നയാളല്ല. ഞങ്ങൾ രണ്ടുപേരും ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവരല്ല. അതു തന്നെയാണ് ഞങ്ങൾക്കിടയിലുള്ള കെമിസ്ട്രി മികച്ചതാവാനുള്ള കാരണവും"- റിയാസ് പറയുന്നു.
പിണറായി വിജയൻ ധാർഷ്ട്യക്കാരനും കർക്കശക്കാരനുമാണെന്നാണല്ലോ പറയപ്പെടുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം, എന്ന ചോദ്യത്തിന് റിയാസ് ഇങ്ങനെ മറുപടി പറയുന്നു. 'പൊതുപ്രവർത്തകർക്ക് ഒരു മികച്ച മാതൃകയാണ് അദ്ദേഹം. ആര് ഉന്നയിച്ചു എന്നത് നോക്കിയിട്ടല്ല അദ്ദേഹം ഒരു വിഷയത്തോട് പ്രതികരിക്കുന്നത്. കുടുംബസ്ഥനെന്ന നിലയിലും അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്. വളരെ കരുതലുള്ള വ്യക്തിയാണ്. വ്യക്തിജീവിതത്തിൽ വളരെ അച്ചടക്കമുള്ളയാളാണ്. വീണയെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ആരോപണങ്ങൾക്കെല്ലാം മാനനഷ്ടം ഫയൽ ചെയ്യാനാണെങ്കിൽ പിണറായി വിജയൻ ഇപ്പോൾ എന്തുമാത്രം എണ്ണം ഫയൽ ചെയ്യേണ്ടി വന്നേനെ? എത്ര അടിസ്ഥാനരഹിത ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നിട്ടുള്ളത്. അവയെല്ലാം ആരോപണങ്ങൾ മാത്രമാണെന്ന് കാലം തെളിയിച്ചില്ലേ, അതെല്ലാം ജനങ്ങൾ കാണുന്നതുമല്ലേ"- റിയാസ് പറയുന്നു.
'പിണറായി വിജയനെ പോലെ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ഒരാൾ നിരന്തരം എതിരാളികളുടെ ആരോപണങ്ങൾക്ക് വിധേയനാക്കപ്പെടും. ഇപ്പോൾ പ്രതിപക്ഷത്തിന് പിണറായി വിജയൻ പ്രധാന പ്രതിയോഗി ആണ്. പക്ഷേ, ഞങ്ങൾക്ക് അദ്ദേഹമാണ് ഏറ്റവും വലിയ ശക്തി. നാളെ, അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാൾ വരുമ്പോഴും ഈ എതിരാളികൾ ഇതേ രീതി തുടരും, ആ ആളെ ലക്ഷ്യം വെക്കും." റിയാസ് പറയുന്നു.
പുറത്ത് കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അകത്ത് കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. അവിടെ പിണറായി കുടുംബത്തിന്റെ ഏകാധിപത്യം തന്നെയാണ് പാർട്ടിയിലെന്ന് രാഷ്ട്രീയം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. തിരഞ്ഞെടുപ്പു ദിനത്തിൽ തന്നെ മുഖ്യമന്ത്രി ഇ പി വിഷയം എടുത്തിട്ടതും, ഒരർത്ഥത്തിൽ മറ്റുള്ളവർക്കുള്ള താക്കീതാണ്. ഞാൻ അറിയാതെ ഒന്നും ചെയ്യരുതെന്ന താക്കീത്.
വാൽക്കഷ്ണം: സിപിഎമ്മിൽ പിണറായി വിജയന്റെ സമ്പുർണ്ണ ആധിപത്യമാണെന്നതിന് മറുനാടൻ സർവേയും നേരത്തെ വ്യക്തമാക്കിയിരുന്നു. സർവേയിൽ 28 ശതമാനം വോട്ടോടെ, മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത് എത്തിയപ്പോൾ വെറും 2 ശതമാനം വോട്ടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദന് കിട്ടിയത്. എന്നാൽ സർവേയിൽ കോൺഗ്രസ് വോട്ടുകൾ വി ഡി സതീശനിലും, ശശി തരൂരിലുമായി ഭിന്നിച്ച് പോവുകയാണ്. പക്ഷേ സിപിഎം അണികൾക്ക് പിണറായിയല്ലാതെ മറ്റൊരു ഓപ്ഷൻ പോലുമില്ലെന്ന് വ്യക്തം.