- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപനിഷത്ത് പരിഭാഷപ്പെടുത്തിയ സഹോദരനെയടക്കം തുണ്ടമാക്കി; സംഗീതവും നൃത്തവും നിരോധിച്ചു; കൊട്ടാരത്തില്‍ ഖുര്‍ആന്‍ പാരായണം മാത്രം; 'മതംമാറുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം; ഗോവധം നിരോധിച്ച സസ്യബുക്ക്; ഔറംഗസേബ് എന്ന 'സൈക്കോ താലിബാന്‍ ചക്രവര്‍ത്തി' വീണ്ടും വാര്‍ത്തകളില്‍
ഔറംഗസേബ് എന്ന 'സൈക്കോ താലിബാന്‍ ചക്രവര്‍ത്തി' വീണ്ടും വാര്‍ത്തകളില്‍
''ഔറംഗസീബ് വേറൊരു ലെവലാണ്. 49 വര്‍ഷം ഭരിച്ച ഈ ചക്രവര്‍ത്തിയാണ് വിവാദ നായകന്‍. മത ഭ്രാന്തനായും ക്രൂരനായും ഇയാള്‍ വിമര്‍ശിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണത്തില്‍ കയ്യിടാതെ, സ്വകാര്യാവശ്യങ്ങള്‍ക്കായി ഖുറാന്‍ പകര്‍ത്തിയെഴുതിയും തൊപ്പി തുന്നിയും അദ്ദേഹം പണം കണ്ടെത്തി. ആ പണത്തില്‍ നിന്നും ഒരുഭാഗം തന്റെ മരണാനന്തര ചെലവുകള്‍ക്കായി അരപ്പട്ടയില്‍ ബാക്കി വെച്ചിരുന്നു. പക്ഷേ ഔറംഗസേബിനെ പോലെ മതഭ്രാന്തനായ വേറൊരു ഭരണാധികാരിയെ ലോക ചരിത്രത്തില്‍ മുങ്ങിത്തപ്പിയാലും കിട്ടില്ല! ഗോവധം നിരോധിച്ചിരുന്ന ഔറംഗസേബ് ഒരു സസ്യബുക്കായിരുന്നു എന്നതാണ് കൗതുകകരം! ''- എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തിയെകുറിച്ച് നടത്തിയ വിലയിരുത്തലാണിത്.
കാലം എത്ര കഴിഞ്ഞിട്ടും ഈ സൈക്കോ ചക്രവര്‍ത്തി ഇടക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈയിടെ 'ഛാവ' എന്ന ഹിന്ദി ചിത്രത്തിലെ റിലീസിനുശേഷം സോഷ്യല്‍ മീഡിയയിലും വലിയ യുദ്ധം നടക്കയാണ്. ശിവാജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജും, ക്രൂരനായ ഔറംഗസീബ് ചക്രവര്‍ത്തിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണിത്. ഇതില്‍ കണ്ണില്‍ച്ചോരയില്ലാത്ത ഔറംഗസീബ് ചക്രവര്‍ത്തിയായി വരുന്നത് നടന്‍ അക്ഷയ് ഖന്നയാണ്. എന്നാല്‍ ചിത്രത്തോടൊപ്പം വിവാദവും സജീവമാണ്. ചരിത്രം വളച്ചൊടിച്ച സിനിമയാണ് ഇതെന്നും, ഔറംഗസേബ് ഒരിക്കലും ഒരു മതഭ്രാന്തനായിരുന്നില്ലെന്നും, സമൂഹത്തിന് ഒരുപാട് നേട്ടങ്ങള്‍ നല്‍കിയ, ലളിത ജീവിതം നയിച്ച ചക്രവര്‍ത്തിയാണെന്നും, പറഞ്ഞ് സമാജ്വാദി പാര്‍ട്ടിയിലെ ചിലര്‍ രംഗത്തെത്തിയിരിക്കയാണ്. ബിജെപി ഇവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചതോടെ വിവാദം കൊഴുക്കുകയാണ്.
സത്യത്തില്‍ ആരായിരുന്നു ഔറംഗസേബ്. വെറുമൊരു മതഭ്രാന്തന്‍ മാത്രമായിരുന്നോ? അതോ ലളിത ജീവിതം നയിച്ച ഒരു ചക്രവര്‍ത്തിയാണോ?
സ്വന്തം സഹോദങ്ങളെ കൊന്നുതള്ളുന്നു
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനും കൊലയാളിയുമായി ഒരുവിഭാഗം ചരിത്രകാന്‍ന്മാര്‍ വിലയിരുത്തുന്ന, ഔറംഗസേബിന്റെ യഥാര്‍ത്ഥപേര്,അബു മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീര്‍ എന്നായിരുന്നു. 1618 ഒക്ടോബര്‍ 14-ന് ഗുജറാത്തിലെ ദാഹോദില്‍ ഷാജഹാന്‍ ചക്രവര്‍ത്തിക്കും ഭാര്യ മുംതാസ് മഹലിനും മകനായി ഔറംഗസേബ് ജനിച്ചു. ഷാജഹാന്റെ മൂന്നാമത്തെ മകനും സഹോദരന്മാരില്‍ ഏറ്റവും ഇളയവനുമായിരുന്നു അദ്ദേഹം. ദാരാഷുക്കോവ്, ശുജാ, ഔറംഗസീബ്, മുറാദ് എന്നിവരായിരുന്നു മറ്റ് സഹോദരങ്ങള്‍. അന്നത്തെ ദായക്രമ രീതിവെച്ചുനോക്കിയാല്‍ അയാള്‍ക്ക് ഒരിക്കലും അധികാരം കിട്ടില്ലായിരുന്നു.
ഔറംഗസീബിന് 20 വയസ്സായപ്പോള്‍ തന്നെ സുപ്രധാനമായ വകുപ്പുകള്‍ ഷാജഹാന്‍ മകനെ ഏല്‍പ്പിച്ചിരുന്നു. അവയെല്ലാം വളരെ ഭംഗിയായി കൃത്യനിര്‍വഹണം നടത്തി.പക്ഷേ ചെറുപ്പത്തിലെ അവന്‍ അധികാരമോഹിയായിരുന്നു. അതിന് കൂട്ടുപിടിച്ചതാവട്ടെ മതത്തെതും. 1657 സെപ്തംബര്‍ ആറിന് ഷാജഹാന്‍ വളരെ ഗുരുതര രോഗത്തിലായി. രോഗമുക്തിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം തന്റെ മകനായ ദാരയെ പിന്‍ഗാമിയാക്കി. അതോടെ ഔറംഗസേബിന് കലിയിളകി. അയാള്‍ കൊട്ടാരവിപ്ലവം നടത്തി പിതാവിനെ തടവിലാക്കി. അനാവശ്യ പദ്ധതികളുടെ പേരില്‍ ധൂര്‍ത്ത് നടത്തി മുഗള്‍ സാമ്രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ അട്ടിമറി. ഷാജഹാനെ ആഗ്രയിലെ കോട്ടയില്‍ ശിഷ്ടകാലം വീട്ട് തടങ്കലിലാക്കി. താന്‍ നിര്‍മ്മിച്ച താജ്മഹല്‍ എന്ന പ്രണയ സ്മാരകം ജനലിലൂടെ നോക്കി കണ്ട് ദയനീയമായി ആ ചക്രവര്‍ത്തി മരിച്ചു.
ഔറംഗസേബും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ദാരാ ഷുക്കോവും തമ്മില്‍ നിലനിന്നിരുന്ന എന്ന് പറയപ്പെടുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ മതവും മതേതരത്വവും തമ്മിലായിരുന്നു. ചെറുപ്പത്തിലേ ഇസ്ലാമിക കാര്‍ക്കശ്യമായിരുന്നു ഔറഗസേബിന്റെ തലയില്‍. മുഗള്‍ ഭരണാധികാരികളില്‍ ഏറ്റവും വിദ്യാസമ്പന്നന്‍ ഔറംഗസേബായിരുന്നു. ചെറുപ്പത്തില്‍തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹത്തിന് ഹദീസ്, ഫിഖ്ഹ്, തഫ്‌സീര്‍ തുടങ്ങി മറ്റു ഇസ്ലാമിക വിഷയങ്ങളില്‍ വലിയ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തെ എറെ സ്വാധീനിച്ച് ഗ്രന്ഥം ഇസ്ലാമിക വൈജ്ഞാനിക ലോകത്തെ മുന്‍നിരയിലുള്ള ഇഹ്യാ ഉലൂമുദ്ദീനായിരുന്നു. സദാ അത് വായിച്ചിരുന്നുവത്രെ. എന്നാല്‍ ദാരാ ഷികോഹ് അങ്ങനെ ആയിരുന്നില്ല. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പ്രതിഭയായിരുന്നു ദാരാഷിക്കോവ്. ഇതും അദ്ദേഹത്തെ ശത്രുവായി പ്രഖ്യാപിക്കാന്‍ ഔറംഗസേബിന് ഒരുകാരണമായി.
യുദ്ധത്തില്‍ ദാരാ ഷികോഹ് അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങള്‍ ഔറംഗസേബിന്റെ സൈന്യത്താല്‍ കൊല്ലപ്പെട്ടു. ഒരു സഹോദരനെ കത്തയച്ച് 'നീ രാജാവായിക്കോളൂ' എന്ന് പറഞ്ഞ് വരുത്തി ചതിയില്‍ കൊല്ലിക്കയായിരുന്നു.
ജീവനുവേണ്ടി കേണപേക്ഷിച്ച ദാരാ ഷികോഹിനെ നഗ്നനാക്കി ആനപ്പുറത്ത് എഴുന്നള്ളിച്ച് അപമാനിച്ച ശേഷമാണ് കൊന്നുകളഞ്ഞത്! ദാരയുടെ മക്കള്‍ക്ക് സ്വന്തം കൈകൊണ്ടാണ് ഔറംഗസേബ് വിഷം കൊടുത്തത്. എല്ലാറ്റിനും ന്യായീകകണമുണ്ടായിരുന്നു. ഖജനാവിലെ പണം ഉപയോഗിച്ച് നാടുനീളെ സ്തംഭങ്ങളും കെട്ടിടങ്ങളും പണിതെന്നായിരുന്നു പിതാവിനെരായ ആരോപണം. മദ്യപാനം തൊട്ട് അന്യമത ആരാധനവരെ സഹോദരങ്ങള്‍ക്കുനേരെ അയാള്‍ കുറ്റമാക്കി.
എല്ലാവരെയും ഒതുക്കിയശേഷം, 1659- ല്‍ രണ്ടാമതും കിരീടധാരണ നടത്തി, ഔറംഗസേബ് ആലംഗീര്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. എന്തൊക്കെ പറഞ്ഞാലും തന്റെ സഹോദരങ്ങളേക്കാന്‍ നല്ല യോദ്ധാവായിരുന്നു, ഔറംഗസേബ്. അയാള്‍ക്ക് ഒരു വൃത്തിക്ക് അറിയാവുന്ന ഏക ജോലിയും ആളുകളെ കൊല്ലുക എന്നതായിരുന്നു. ഇടതു-ഇസ്ലാമികചരിത്രകാരന്‍മ്മാര്‍ ഈ യുദ്ധ കഥ പറഞ്ഞാണ്, ഔറംഗസേബിനെ ന്യായീകരിക്കാറുള്ളത്. അന്നത്തെകാലത്ത് യുദ്ധവീരനായാണ് ആളാണ് രാജാവ് ആവുക എന്നും ദാരാ ഷിക്കോവിനെക്കാളുമൊക്കെ നല്ല യുദ്ധവീരനും, രാജ്യതന്ത്രഞ്ജനും ഔറംഗസേബ് ആയതുകൊണ്ട് കീരീടം അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും. സ്വന്തം പിതാവിനെ തടവിലിട്ട് സഹോദരങ്ങളെ ക്രൂരമായി കൊന്നെടുക്കിയതിനെയാണ് ഇങ്ങനെ ന്യായീകരിക്കുന്നത് എന്നോര്‍ക്കണം.
പിതാവായ ഷാജഹാന്റെ ഭരണകാലത്ത് വടക്കന്‍ അഫ്ഗാനിലെ, സൈനികനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഔറംഗസേബ് ആയിരുന്നു. ഇക്കാലത്ത് ഹിന്ദുകുഷിന് വടക്കുള്ള ഉസ്ബെക്കുകളെ തോല്‍പ്പിച്ച് വടക്കന്‍ അഫ്ഗാനിസ്താനില്‍ മുഗളര്‍ നിയന്ത്രണം കൈയടക്കിയെങ്കിലും ഇത് ഏറെനാള്‍ നിലനിര്‍ത്താനായില്ല. കാണ്ഡഹാറില്‍ സഫവികള്‍ക്കെതിരെയുള്ള പോരാട്ടത്തിലും തന്റെ പിതാവിന്റെ കാലത്ത് ഔറംഗസേബ് കാര്യമായ പങ്കുവഹിച്ചിരുന്നു.
ഔറംഗസേബ് തന്റെ ഭരണകാലത്ത് 1663-ല്‍ വടക്കു കിഴക്കുള്ള അഹോമുകളെ പരാജയപ്പെടുത്തിയെങ്കിലും 1680-ല്‍ അവര്‍ ശക്തിപ്രാപിച്ച് തിരിച്ചടിച്ചു. സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് (ഇന്നത്തെ അഫ്ഗാനിസ്താന്‍) പഷ്തൂണുകളുമായി ഔറംഗസേബിന് നിരവധി തവണ ഏറ്റുമുട്ടേണ്ടി വന്നു. 1667-ല്‍ പെഷവാറിന് വടക്കുള്ള യൂസഫ്സായ് പഷ്റ്റൂണുകളുടെ ഒരു കലാപം അടിച്ചമര്‍ത്തി. 1672-ല്‍ നഗരത്തിന് തെക്കുപടിഞ്ഞാറായി അഫ്രീദികളുടെ ഒരു കലാപവും ഉടലെടുത്തു. ഇതിനെത്തുടര്‍ന്ന് ഖൈബര്‍ ചുരത്തിനും കാരപ്പ ചുരത്തിനും അടുത്തുവച്ച് വന്‍ നാശനഷ്ടങ്ങള്‍ ഇവര്‍ മുഗള്‍ സൈന്യത്തിന് വരുത്തി. ഔറംഗസേബ് ഇവിടെ നേരിട്ടെത്തിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.
സിഖുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി ഫലം കണ്ടു. മാര്‍വാഡിലെ രാത്തോഡ് രജപുത്രരുടെ ആന്തരിക രാഷ്ട്രീയകാര്യങ്ങളിലും പിന്തുടര്‍ച്ചാവകാളങ്ങളിലും മുഗളരുടെ ഇടപെടല്‍ അവരെ മുഗളര്‍ക്കെതിരെത്തിരിച്ചു. മറാഠ നേതാവ് ശിവജിക്കെതിരെയുള്ള നീക്കങ്ങള്‍ ആദ്യം വിജയം കണ്ടു. സഖ്യസംഭാഷണത്തിനു വന്ന ശിവജിയെ ഔറംഗസേബ് ആഗ്ര കോട്ടയില്‍ തടവിലാക്കി. തടവറയില്‍ നിന്നും രക്ഷപ്പെട്ട ശിവജി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുഗളര്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു.
രാജകുമാരന്‍ അക്ബര്‍ ഔറംഗസേബിനെതിരെ തിരിയുകയും അതിന് മറാഠയില്‍ നിന്നും ഡെക്കാന്‍ സുല്‍ത്താനേറ്റില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. ഒടുവില്‍ ഔറംഗസേബിന് ഇറാനിലെ സഫാവിദുകളോടെ സഹായം തേടേണ്ടി വന്നു.അക്ബറുടെ ഈ നടപടിക്കു ശേഷം ഔറംഗസേബ് ഡെക്കാന്‍ സുല്‍ത്താനേറ്റിലേക്ക് സൈന്യത്തെ അയച്ചു. 1685-ല്‍ ബീജാപ്പൂരും, 1687-ല്‍ ഗോല്‍ക്കൊണ്ടയും പിടിച്ചടക്കി. 1698 മുതല്‍ ഔറംഗസേബ് നേരിട്ടായിരുന്നു ഡെക്കാനില്‍ ഗറില്ലാ മുറയില്‍ ആക്രമണം നടത്തിയിരുന്ന മറാഠകള്‍ക്കെതിരെ പടനയിച്ചിരുന്നത്. ഉത്തരേന്ത്യയില്‍ സിഖുകള്‍, ജാട്ടുകള്‍, സത്നാമികള്‍ എന്നിവരില്‍ നിന്നും വടക്കു കിഴക്ക് അഹോമുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അതായത് ഈ പറയുന്നതുപോലെ ഒരു രാഷ്ട്രതന്ത്രജ്ഞതയോ, എല്ലാ സൈനിക നീക്കങ്ങളിലും വിജയമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
സംഗീതവും നൃത്തവും നിരോധിച്ചകാലം
ലോകത്തിലെ ആദ്യത്തെ താലിബാന്‍ ഭരണമായിരുന്നു ഫലത്തില്‍ ഔറംഗസീബിന്റെ കാലത്തുണ്ടായത് എന്ന് പില്‍ക്കലാത്ത് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഹോളി അടക്കമുള്ള ആഘോഷങ്ങള്‍ നിരോധിക്കപ്പെട്ടു. സംഗീതം നിരോധിച്ചതിനെ തുടര്‍ന്ന് അക്കാലത്തെ സംഗീതപ്രേമികള്‍, ഔറംഗസീബിന്റെ കൊട്ടാരത്തിനുമുന്നില്‍ ഒരു 'വിലാപ യാത്ര' നടത്തിയിരുന്നു. സംഗീതം മരിച്ചുവെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് നുറുകണക്കിന് കലാകാരന്‍മ്മാര്‍ ആ പ്രകടനത്തില്‍ പങ്കെടുത്തു. പക്ഷേ അത് അറിഞ്ഞ് ഔറംഗസീബ് പറഞ്ഞത്, ഇനി ആ മരിച്ചവന്റെ കബറില്‍നിന്ന് ഒരു ശബ്ദം പോലും കേള്‍ക്കരുത് എന്നായിരുന്നു.
അക്ബറും ഷാജഹാനുമടക്കമുള്ള മുഗള്‍ ഭരണാധികാരികളില്‍ മതസൗഹാര്‍ദം പുലര്‍ത്തിയിരന്നവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഒരു തരം സൈക്കോ സ്വഭാവുമുള്ള ഔറംഗസീബ് വന്നതോടെ കാര്യങ്ങള്‍ മാറി. കൊട്ടാരത്തിലെ നൃത്തസദസും ഫലിതസദസും അദ്ദേഹം നിര്‍ത്തലാക്കി. എവിടെയും ഖുര്‍ആന്‍ പരായണം മാത്രംമായി! അക്കാലത്ത് ഇസ്ലാമികേതര ആഘോഷങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ആയിരിക്കണക്കിന് ഹിന്ദുക്കളും സിഖുകാരുമാണ് മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. തന്റെ ഭരണമേഖലയിലെ ഹിന്ദുക്കള്‍ക്കുമേല്‍ 'ജസിയ' എന്ന മതനികുതി ചുമത്തി. പക്ഷേ ഇതിനെയും ചില ചരിത്രകാരന്‍മ്മാര്‍ ന്യായീകരിക്കുന്നുണ്ട്.
അവുടെ ന്യായീകരണം ഇങ്ങനെയാണ്-''ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകള്‍ കൊടുക്കേണ്ടതായ നികുതിയാണ് ജസിയ. ആരോഗ്യമുള്ളതും സൈനിക സേവനത്തിന് യോജിച്ച പ്രായമുള്ളതുമായ പുരുഷന്മാര്‍ മാത്രമാണ് നികുതി കൊടുക്കേണ്ടിയിരുന്നത്. ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകള്‍ക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളില്‍ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അനുഭവിക്കുകയും ചെയ്യാനാകുമായിരുന്നു''. പക്ഷേ ഈ ന്യായീകരണങ്ങള്‍ ചരിത്രവിരുദ്ധമാണെന്നാണ്, മാത്യു വൈറ്റിനെപ്പോലുള്ള ചരിത്രകാരന്‍മ്മാര്‍ പറയുന്നത്. പുറമെനിന്നുള്ള ഒരു ആക്രമണത്തിലും മറ്റ് മതസ്ഥര്‍ക്ക് ജസിയ മൂലം സംരക്ഷണം കിട്ടില്ല. കൃത്യമായി നിങ്ങള്‍ രണ്ടാം തരം പൗരന്‍മ്മാര്‍ ആണെന്ന ഓര്‍മ്മപ്പെടുത്തലാണ് അത്. എന്ന് ഇസ്ലാമിലേക്ക് നിങ്ങള്‍ മാറുന്നോ അന്ന് നികുതി അവസാനിക്കുകയും ചെയ്യും. മറ്റ് മുഗള്‍ ഭരണാധികാരികള്‍ ആരും തന്നെ ജസിയ കൊണ്ടുവരാഞ്ഞത്, അത് രാജ്യത്ത് പച്ചയായ വിഭജനം ഉണ്ടാക്കുമെന്നതുകൊണ്ടാണ്. എന്നാല്‍ ഔറംഗസേബിനെപ്പോലെ ഒരാള്‍ക്ക് അതൊന്നും പ്രശ്നമല്ല.
ഹിന്ദുക്ഷേത്രങ്ങള്‍ പലതും തകര്‍ക്കുകയും ചെയ്തു.സുവര്‍ണ ക്ഷേത്ര പരിസരത്ത് വച്ച് ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി ഒരുങ്ങിയ ഭായ് മണി സിങ്ങിനെ ശരീരത്തിലെ ഓരോ അവയവങ്ങളും മുറിച്ചു മുറിച്ചു ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന ക്രൂര ശിക്ഷക്ക് വിധേയനാക്കിയെന്നാണ് ചരിത്രം പറയുന്നത്. താന്‍ മരണപ്പെട്ടാല്‍ എനിക്കുവേണ്ടണ്ടി സമയം കളയരുത്, ഖബറിടത്തില്‍ ആര്‍ഭാടമോ, രാജകീയമുദ്രയോ പതിക്കരുത് എന്നും അദ്ദേഹം കര്‍ശനനിര്‍ദ്ദേശം വച്ചിരുന്നു. തന്റെ ചിത്രം വരക്കരുത് എന്നു നിര്‍ദ്ദേശിച്ചു. ഇതെല്ലാം തനി താലിബാന്‍ നയങ്ങളാണ്. കൃത്യമായ മതശാസന അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. പക്ഷേ ഒരേഒരുകാര്യത്തില്‍ മാത്രം ഇന്നത്തെ താലിബാനികളില്‍നിന്ന് അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായിരുന്നു. ഔറംഗസേബിന് ഒരു ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ മരണശേഷം മാത്രമാണ് മറ്റൊരാളെ വിവാഹം ചെയ്തത്!
മതംമാറുക അല്ലെങ്കില്‍ മരിക്കുക
1675-ലാണ് 'ഒന്നുകില്‍ മതംമാറുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക' എന്ന ഔറംഗസീബിന്റെ അന്ത്യശാസനം പല സമൂഹങ്ങള്‍ക്ക് നേരെയും ഉണ്ടാവുന്നത്. അതിനെതിരെ പോരാടി കൊല്ലപ്പെട്ട ധീരനായിരുന്നു ഗുരു തേജ് ബഹാദൂര്‍. കശ്മീരിലെ പണ്ഡിറ്റുകള്‍ ഔറംഗസീബിന്റെ ക്രൂരതയും നിര്‍ബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേജ് ബഹാദൂറിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശ്യം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗുരു നാനാക്ക് നല്‍കി വന്ന സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് തേജ് ബഹാദൂര്‍ തീരുമാനം എടുത്തത്.
ഡല്‍ഹിയിലെ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് നേരിട്ട് കടന്നുചെന്ന് തേജ് ബഹാദൂര്‍ വെല്ലുവിളിച്ചു. കശ്മീര്‍ പണ്ഡിറ്റുകളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീതും നല്‍കി. കരുത്തുണ്ടെങ്കില്‍ തന്നെ മുസല്‍മാനാക്കാന്‍ പരിശ്രമിക്കൂ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗുരുവിനേയും സഹായികളേയും ഔറംഗസീബ് പലതരം മര്‍ദ്ദനത്തിനിരയാക്കിയെങ്കിലും ആരും മതംമാറാന്‍ തയ്യാറാകാതെ ഉറച്ചുനിന്നു. അതിനിഷ്ഠൂരമായ ക്രൂരതയാണ് പിന്നെ മുഗളപ്പട ചെയ്തത്. തേജ് ബഹാദൂറിനെ ഒരു ഇരുമ്പുകൂട്ടിലിട്ട് അഞ്ചു ദിവസം മര്‍ദ്ദിച്ചു. കണ്‍മുന്നിലിട്ട് ശിഷ്യന്മാരായ ഭായി മതി ദാസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിച്ചു. മറ്റൊരു ശിഷ്യനായ ഭായി ദയാല്‍ ദാസിനെ വലിയ വാര്‍പ്പിലിട്ട് തിളപ്പിച്ചാണ് വധിച്ചത്!
മൂന്നാമനായ സതീ ദാസിനെ ഗുരുവിന് മുന്നിലിട്ട് ചുട്ടുകൊന്നാണ് ഔറംഗസീബ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. അവസാനം പൊതു സമൂഹമദ്ധ്യത്തില്‍ ചാന്ദ്നീ ചൗക്കില്‍, ഗുരുവിന്റെ തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്. ആരേയും മതംമാറ്റാനാകാതെ ഔറംഗസീബിന് തോല്‍വി സമ്മതിക്കേണ്ടിവരികയായിരുന്നു. ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂറിന്റെ മരണം ഇന്നും സിഖ്-മുസ്ലിം വംശീയ വിദ്വേഷത്തിന് കാരണമായി നിലനില്‍ക്കുന്നു.
ഇങ്ങനെ എത്രയോ സിഖുകാരെ ഔറംഗസേബ് കശാപ്പു ചെയ്തു. മതം മറാന്‍ സമയം നല്‍കി കൂട്ടാക്കത്തിന്, ദേഹമാസകലം ചടുകട്ട നിരത്തി തീയിട്ടാണ് പലരെയും കൊന്നത്. അങ്ങനെ തീയിടുമ്പോഴും അവര്‍ സിഖ് മതത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കി! അക്കാലത്തുള്ള മതപീഡനങ്ങള്‍ തന്നെയാണ് പില്‍ക്കാലത്ത് ഖല്‍സകള്‍ തുടങ്ങുന്നതിലേക്ക് സിഖ് കമ്യൂണിറ്റിയെ കൊണ്ട് എത്തിക്കുന്നത്. അവര്‍ ഒരു വലിയ സായുധ പ്രതിരോധ സംഘമായി മാറി.ശാന്തമായ സിഖ് കമ്യൂണിറ്റിയിലേക്ക്, ഗോത്രീയതയുടെ കനലുകള്‍ ആളിക്കത്തിച്ച് കൊടുത്തതിലും അവരെ സായുധരാക്കിമാറ്റിയതിലുമൊക്കെ വലിയ പങ്ക് ഔറംഗസേബിനുണ്ട്. ആ സിഖ് ഗോത്രീയത വളര്‍ന്ന് ഫലത്തില്‍ ഖലിസ്ഥാന്‍ വാദത്തിവരെ എത്തിനില്‍ക്കുന്നു.
തകര്‍ത്തത് നിരവധിക്ഷേത്രങ്ങള്‍
ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. തകര്‍ത്ത വര്‍ഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. കാശി വിശ്വനാഥക്ഷേത്രം ആക്രമിച്ചു നശിപ്പിക്കാനുള്ള ഔറംഗസീബിന്റെ 1664 ലെ ആദ്യ ശ്രമം പരാജയപ്പെട്ടത് നാഗസ്സന്ന്യാസിമാരുടെ പ്രതിരോധം മൂലമാണെന്ന് പറയുന്നുണ്ട്.
ജെയിംസ് ജെ. ലോക്ടെഫീല്‍ഡ് തന്റെ 'ഇല്ലസ്‌ട്രേറ്റഡ് എന്‍സൈക്ലോപീഡിയ ഓഫ് ഹിന്ദുയിസ'ത്തിന്റെ ഒന്നാം വോള്യത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ജദുനാഥ് സര്‍ക്കാരിന്റെ 'ദശനാമി നാഗസ്സന്ന്യാസിമാരുടെ ചരിത്രം' എന്ന പുസ്തകത്തിലും നാഗസ്സന്ന്യാസിമാരുടെ പോരാട്ടം വിവരിക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ 40,000 നാഗസ്സന്ന്യാസിമാര്‍ മരിച്ചുവെന്നാണ് പറയുന്നത്. അതുപോലെ മഥുരയിലെ ഔറംഗസീബിന്റെ ആക്രമണമുണ്ടായി.
ചരിത്രകാരനായ കെ.എസ്.ലാല്‍ തന്റെ 'തിയറി ആന്‍ഡ് പ്രാക്ട്രീസ് ഓഫ് മുസ്ലിം സ്റ്റേറ്റ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ എ.ഡി 1000 ല്‍ ഇന്ത്യയിലെ ജനസംഖ്യ 200 ദശലക്ഷം ആയിരുന്നത് എ.ഡി. 1500 ആയപ്പോള്‍ 170 ദശലക്ഷമായി കുറഞ്ഞു എന്നു പറയുന്നത് ഇവിടെ ഓര്‍മിക്കാം. ഇതുകൊണ്ടാണ് ചരിത്രകാരനായ വില്‍ ഡ്യൂറന്റ് ''ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ കഥ''യെന്ന് ഇസ്ലാമിക കടന്നാക്രമണങ്ങളെ വിശേഷിപ്പിച്ചത്. ഔറംഗസീബിന്റെ ഭരണകാലത്ത് ഈ ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. മാത്യു വൈറ്റ് എന്ന ചരിത്രകാരന്‍ തന്റെ 'ആട്രോസിറ്റോളജി ഓഫ് ഹ്യുമാനിറ്റീസ്: 100 ഡെഡ്‌ലിയസ്റ്റ് അച്ചീവ്‌മെന്റ്‌സ്' എന്ന പുസ്തകത്തില്‍ മനുഷ്യ ചരിത്രത്തിലെ 100 പൈശാചിക സംഭവങ്ങളില്‍ 23 എണ്ണവും മുഗള്‍ ഭരണകാലത്തെ ഇന്ത്യയില്‍ നടന്നതാണെന്ന് പറയുന്നു. ഇതില്‍ ഏറെയും ഔറംഗസീബിന്റെ കാലത്തായിരുന്നു.
ഔറംഗസീബ് ഒരു ഡസനിലധികം ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന കാര്യം ചരിത്രകാരന്മാരാരും നിഷേധിക്കുന്നില്ല. പക്ഷേ, കാതറിന്‍ ബി. ആഷര്‍, ഓഡ്രി ട്രെഷ്‌കെ തുടങ്ങിയ ചരിത്രപണ്ഡിതര്‍ ഔറംഗസീബിന്റെ ക്ഷേത്രധ്വംസനം സമ്മതിക്കുന്നു. പക്ഷേ അത് മിക്കവാറും രാഷ്ട്രീയകാരണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതേ ഔറംഗസീബുതന്നെ, ബ്രാഹ്‌മണരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും അവര്‍ക്ക് ഭൂദാനം നല്‍കാനും ഫര്‍മാനുകള്‍ പുറപ്പെടുവിക്കുന്നുമുണ്ട്. 1650-കളില്‍ എല്ലോറ ക്ഷേത്രസമുച്ചയം ഔറംഗസീബ് സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹം അതിനെ വര്‍ണിച്ചതിങ്ങനെ: 'സാക്ഷാല്‍ അതിശയിപ്പിക്കുന്ന കരവിരുതോടെ നിര്‍മിക്കപ്പെട്ട (ദൈവം) അതിസുന്ദരമായ അത്യാശ്ചര്യമാണിത്.' ഔറംഗസീബിന്റെ രക്ഷാകര്‍ത്തൃത്വത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളോടും മുഗള്‍ സാമ്രാജ്യശത്രുക്കളുടെ ഇടങ്ങളിലുണ്ടായിരുന്ന ക്ഷേത്രങ്ങളോടുമുള്ള ഇടപെടല്‍ വ്യത്യസ്തവും വിരുദ്ധവുമായിരുന്നുവെന്ന് റിച്ചാഡ് ഈറ്റണും പറയുന്നുണ്ട്.
കൃഷ്ണജന്മസ്ഥാനിലെ ക്ഷേത്രം പൊളിച്ചത് പോലുള്ള ചില ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഇതിന് മറുവാദവുമുണ്ട്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവന്‍ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂര്‍ണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉള്‍പ്പെടെയുള്ള മുഗള്‍രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നത്. അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്ക് നിസ്സീമമായ ഭൂസ്വത്തുക്കള്‍ നല്‍കിയിട്ടുണ്ടെന്നതിന് വൃന്ദാവന്‍ റിസര്‍ച്ച്‌സെന്ററിലെ രേഖകള്‍ തെളിവാണ്. ഇതിനും കാരണം റോബര്‍ട്ട് ഫ്രേസിയറെപ്പോലെയുള്ള ചിന്തകര്‍ പറഞ്ഞിട്ടുണ്ട്. എക്കാലവും എല്ലാവരെയും വെറുപ്പിച്ച് ജീവിക്കാന്‍ കഴിയില്ല. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ശാന്തരാക്കാനുള്ള പൊടിക്കെകള്‍ എക്കാലവും ഭരണാധികാരികള്‍ സ്വീകരിക്കാറുണ്ട്. അതിനെ ഒരു ഇസ്ലാമിക തക്കിയ ആയി മാത്രമേ കാണാന്‍ കഴിയൂ.
പക്ഷേ ചില ഇസ്ലാമോ- ലെഫ്റ്റ് ചരിത്രകാരന്‍മ്മാര്‍, ഔറംഗസേബിന്റെ പ്രവര്‍ത്തനങ്ങള്‍ അമുസ്ലിംകളോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടല്ല ഒരു രാജ്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് വെളുപ്പിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം മൊത്തത്തില്‍ എടുത്തുനോക്കിയാല്‍ ഇന്ന് താലിബാന്‍ ചെയ്യുന്നതുപോലെയുള്ള മതപ്പണി തന്നെയാണ് ചെയ്യുന്നത് എന്ന് വ്യക്തമാണ്. വ്യക്തിപരമായി ആരോടെങ്കിലും എന്തെങ്കിലും വിരോധം ഉള്ളതുകൊണ്ടല്ല, ഇസ്ലാമികവത്ക്കരണം എന്ന കൃത്യമായ അജണ്ട വെച്ചാണ്, താലിബാന്‍ നീങ്ങിയത്. ഔറംഗസേബും അങ്ങനെതന്നെ ആയിരുന്നു.
അവസാനകാലത്ത് തനിയാവര്‍ത്തനം
അവസാനകാലത്ത് ഔറംഗസേബിന്റെ ജീവിത്തിലും ഭീതിമാത്രമാണ് ബാക്കിയുണ്ടായിരുന്നു. മക്കള്‍ കൊട്ടാരവിപ്ലവം നടത്തി, തന്നെ സ്ഥാനഭ്രഷ്ടനാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. 1707- ല്‍ അഹമ്മദാബാദില്‍ വച്ച് ഔറംഗസീബ് മരണപ്പെട്ടു. ദൗലത്താബാദിലെ പ്രസിദ്ധനായ ബുര്‍ഹാനുദ്ദീന്റെ ശവകുടീരത്തിനടുത്ത് അനാര്‍ഭാടമായി ഇസ് ലാമിക ചിട്ടയോടെയായിരുന്നു സംസ്‌കക്കാരം. അദ്ദേഹത്തിന്റെ അഭീഷ്ട പ്രകാരം സൂഫി സന്യാസി സൈന്‍ ഉദ്ദിന്‍ ഷിറാസി യുടെ ദര്‍ഗ്ഗക്കക്കരികില്‍ ലളിതമായി കല്ലറയൊരുക്കി. ആലംഗീര്‍ ദര്‍ഗ്ഗ എന്ന പേരിലാണിവിടം അറിയപ്പെടുന്നത്.
ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാര്‍ തമ്മിലുള്ള അവകാശത്തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് പുത്രന്‍ ഷാ ആലം ബഹദൂര്‍ഷാ എന്ന സ്ഥാനപ്പേരില്‍ അധികാരത്തിലേറി. പക്ഷേ മുഗള്‍ സാമ്രാജ്യം കൂടുതല്‍ ദുര്‍ബലമായി. വൈകാതെ ആ സാമ്രാജ്യം അസ്തമിച്ചു. ഔറംഗസേബിന്റെ മതപരമായ അസഹിഷ്ണുതയും പീഡനവും മുഗള്‍ സാമ്രാജ്യത്തിന്റെ വിജയത്തിലും ദീര്‍ഘായുസ്സിലും നിര്‍ണായകമായ തിരിച്ചടി നേരിടുന്നതിന് കാരണമായി എന്ന് കരുതുന്നവരും നിരവധിയാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ മതപരമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കുകയും അമുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ നീരസത്തിന് കാരണമാവുകയും ചെയ്തു. അതിന്പകരം സൗഹാര്‍ദത്തിലൂന്നിയ ഒരു അന്തരീക്ഷമാണ് അദ്ദേഹം ഉണ്ടാക്കിയെതെങ്കില്‍ മുഗള്‍ സാമ്രാജ്യം കുറേക്കൂടി കാലം നിലനില്‍ക്കുമായിരുന്നുവെന്ന് പല വിദേശ ചരിത്രകാരന്‍മ്മാരും നിരീക്ഷിച്ചിട്ടുണ്ട്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മതവും അധികാരവും കൂടിക്കുഴഞ്ഞ ഒരു ഭ്രാന്തന്‍ ഭരണാധികാരിയായിട്ടേ ഇദ്ദേഹത്തെ വിലയിരുത്താല്‍ കഴിയൂ. ഔറംഗസേബ്, സ്വന്തമായി എഴുതിയ ഖുര്‍ആന്റെ പ്രതികള്‍ ഇന്നും ഡല്‍ഹി ലൈബ്രറിയില്‍ കാണാം. സ്വയം തൊപ്പി തുന്നി ധരിക്കുമായിരുന്നു. അദ്ദേഹം മരണപ്പെടുമ്പോള്‍ ഉറ്റവരോട് രണ്ടു വസ്വിയ്യത്ത് ചെയ്തിരുന്നു. തൊപ്പി തുന്നി കിട്ടിയ നാലരഉറുപ്പിക തന്റെ കൈയിലുണ്ടെന്നും അതു കൊണ്ട് മയ്യിത്ത് പരിപാലനം നടത്തണം, ഖുര്‍ആന്‍ പകര്‍ത്തിയെഴുതി സമ്പാദിച്ച 800 ഉറുപ്പിക പാവങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നായിരുന്നു അവ. വെള്ളിയാഴ്ച ഖുതുബക്കും നിസ്‌കാരത്തിനും ഔറംഗസീബ് തന്നെയായിരുന്നു നേതൃത്വം കൊടുത്തത്. അവസാനകാലത്ത് അദ്ദേഹം മൃഗത്തോലിലാണ് ഉറങ്ങിയത്. സ്വര്‍ണം, വെള്ളി പാത്രങ്ങള്‍ വിലക്കി. പക്ഷേ ഇതെല്ലാം പ്രധാനകാരണം ലാളിത്യത്തോടുള്ള താല്‍പ്പര്യത്തേക്കാള്‍ മതബോധം തന്നെയായിരുന്നു. ഉറപ്പായുള്ള ഒരു ഇസ്ലാമിക സ്വര്‍ഗം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വന്തം സഹോദരങ്ങള്‍ അടക്കം ആയിരിക്കണക്കിന് ആളുകളെ കൊന്നൊടുക്കുമ്പോള്‍ ഒരു കുറ്റബോധവും, ഇന്ന് മനുഷ്യസ്നേഹിയായി ചിലര്‍ അവതരിപ്പിക്കുന്ന ഈ ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്നില്ല.
ഒരു മൗലവി ചക്രവര്‍ത്തിയായാല്‍ എങ്ങനെയിരിക്കും എന്ന രീതിയിലാണ്, ഔറംഗസേബ് പലപ്പോഴും പ്രവര്‍ത്തിച്ചത്. കര്‍മശാസ്ത്ര വിശാരദരുടെ സഹായത്തോടെ ഹനഫീ നിയമങ്ങള്‍ ക്രോഡീകരിച്ചു. പ്രസ്തുത ഗ്രന്ഥം 'ഫതാവാ ആലംഗീരി' എന്ന പേരില്‍ അറിയപ്പെടുന്നു. വിശുദ്ധ റമദാനില്‍ കൂടുതല്‍ ദാനം ചെയ്തിരുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രത്യേക അഗതിമന്ദിരങ്ങളും സ്ഥാപനങ്ങളും പണിതു. ഈ പാവപ്പെട്ടവരില്‍ അമുസ്ലീങ്ങള്‍ ഇല്ല എന്നതോര്‍ക്കണം!പല ഭാഷകളിലായി നിരവധി ഗദ്യങ്ങളും കത്തുകളും ഇന്നും അദ്ദേഹത്തിന്റെതായി സൂക്ഷിച്ചുവച്ചിരിക്കുന്നു.
യമുനയുടെ മറുകരയില്‍ താജ് മഹലിനെ പോലെ മറ്റൊരു ശവകുടീരം കൂടി നിര്‍മിക്കാന്‍ ഷാജഹാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ നിര്‍മാണവേളയിലായിരുന്നു പിതാവ് രോഗശയ്യയിലായത്. ഔറംഗസീബ് പൊതുധനം നിഷ്ഫല കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് തടയാന്‍ വേണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. മൂല്യമേറിയ മാര്‍ബിളുകള്‍ പറിച്ചെടുത്ത് നാണയങ്ങള്‍ അടിക്കാനും റോഡുകള്‍ നിര്‍മിക്കാനും കല്‍പ്പിച്ചു. ഇത് ചില ചരിത്രകാരന്‍മ്മാര്‍ ചക്രവര്‍ത്തിയുടെ മഹത്വം പറയാന്‍ എടുത്ത് ഉപയോഗിക്കുന്നതാണ്. ചിത്രങ്ങളോടും, പാട്ടിനോടും, പ്രതിമകളോടുമൊക്കെയുള്ള മതപരമായ വെറുപ്പാണ് ഔറംഗസേബ് വെച്ചുപലുര്‍ത്തിയതെന്നും പിന്നീട് പഠനങ്ങള്‍ വന്നു. നിരവധി അനാവശ്യയുദ്ധങ്ങളിലുടെ ശതകോടികള്‍ ഖജനാവിന് നഷ്ടം വരുത്തിയ വ്യക്തിയാണ്, താജ്മഹല്‍ പോലുള്ളവ വെറും നഷ്മാണെന്ന് കണ്ടെത്തുന്നു. എന്നാല്‍ രാജ്യത്തുടനീളം ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് പള്ളികള്‍ പണിയാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ലാഹോറിലെ പ്രശസ്തമായ ഷാഹീ മസ്ജിദ് അടക്കം എത്രയെത്ര പള്ളികള്‍.
മദ്യപാനം, ചൂതാട്ടം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ നിര്‍ത്തലാക്കാന്‍ ഔറംഗസേബിനെ പ്രേരിപ്പതും ഇതേ അന്ധമായ മതബോധമാണ്. ഔറംഗസേബിന്റെ ആകെയുള്ള ഒരു നേട്ടമായി പറയുന്നത്, പുതിയ ഒരു കോടതി കൊണ്ടുവന്നു എന്നതു. തനിക്കെതിരേ പരാതിയുള്ളവര്‍ പോലും കോടതിയെ സമീപിക്കട്ടെയെന്ന് രാജ്യത്ത് വിളംബരം ചെയ്തുവെന്നതുമാണ്. പക്ഷേ ഈ വിളംബരത്തിനും തെളിവുകള്‍ ഒന്നുമില്ല. മിണ്ടിയാല്‍ തലപോവുന്ന ഒരു രാജ്യത്ത് ആരാണ് ചക്രവര്‍ത്തിക്കെതിരെ പരാതി പറയുക!
വാല്‍ക്ഷഷ്ണം: നമുക്ക് ഇഷ്ടമുള്ളയിടംവരെ ചരിത്രം കുഴിക്കുക, ഇഷ്ടമുള്ള വസ്തുകള്‍ മാത്രം ഗവേഷണം എന്ന് അവതരിപ്പിക്കുന്ന എന്നതാണ് സമകാലീന രാഷ്ട്രീയം. ഒരുകാലത്തുണ്ടായ ക്രൂരതകള്‍ മുഴുവന്‍ രാഷ്ട്രീയ കാരണം കൊണ്ടാണെന്ന് പറഞ്ഞ് വെള്ളപൂശുന്നവര്‍, ഫലത്തില്‍ ചരിത്രവിരോധികളും, നിഷേധികളുമാണ്. കേരളത്തില്‍ വാരിയന്‍കുന്നനെയും, ഇതുപോലെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഇനിനൊപ്പം ചേര്‍ത്തുവായിക്കണം.