- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ക്രിമിനല്‍ 'സൂപ്പര്‍ സ്റ്റാറായി' രോഹിത് ഗോദാര; സല്‍മാന്‍ഖാന്‍ തൊട്ട് കനേഡിയന്‍ നേതാക്കളെവരെ വിറപ്പിക്കുന്ന സംഘം; ഗായകന്‍ തേജി കഹ്ലോണിനും വെടിയുണ്ട; മനുഷ്യക്കടത്ത് മുതല്‍ തീവ്രവാദംവരെ; കലയും കൊലയും ഒന്നിച്ച്! പഞ്ചാബില്‍ സംഗീതലോകത്ത് വീണ്ടും ചോരപ്പുഴ
കലയും കൊലയും ഒന്നിച്ച്! ഗ്യാങ്്സ്റ്റര്‍ റാപ്പിസ്റ്റുകള്‍ എന്ന് വിളിക്കുന്ന പഞ്ചാബിലെ റാപ്പ് ഗായകരെ കുറിച്ചുള്ള ഒരു ലേഖനത്തിന്, ഹിന്ദുസ്ഥാന്‍ ടൈംസ് തലക്കെട്ടിട്ടത് അങ്ങനെയാണ്. ഇപ്പോഴിതാ ഒരു പഞ്ചാബി ഗായകന്‍ കൂടി വെടിയേറ്റ് മരിച്ചതിന്റെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുന്നതാണ്. അതാണ്, തേജി കഹ് ലോണ്‍ എന്ന പാഞ്ചാബി ഗായകന്‍. കഴിഞ്ഞ ദിവസം കാനഡയില്‍വെച്ച് ഇദ്ദേഹം വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത ഇന്ത്യ ഞെട്ടലോടെയാണ് കേട്ടത്. കുപ്രസിദ്ധ ഗുണ്ടാസംഘമായ, ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ ഉണ്ടായിരുന്ന ക്രമിനല്‍ രോഹിത് ഗോദാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് ഗുണ്ടാസംഘം വ്യക്തമാക്കിയത്. ഇവരുടെ ശത്രുക്കളെ സഹായിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നും പോസ്റ്റില്‍ പറയുന്നു.
സംഭവ സമയത്ത് കഹ് ലോണിനൊപ്പം ഉണ്ടായിരുന്ന മഹേന്ദര്‍ സരണ്‍ ദിലാന, രാഹുല്‍ റിനൗ, വിക്കി ഫാല്‍വാന്‍ എന്നിവര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. തേജി കഹ് ലോണിന്റെ വയറ്റിലാണ് വെടിയേറ്റത്. തങ്ങളുടെ എതിരാളികള്‍ക്ക് കഹ് ലോണ്‍, ആയുധങ്ങള്‍ വിതരണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതായി രോഹിത് ഗോദാര സംഘം ആരോപിക്കുന്നു. തങ്ങളുടെ എതിരാളികളെ സഹായിക്കുന്ന എല്ലാവര്‍ക്കും ഈ ഗതിയായിരിക്കും ഉണ്ടാവുകയെന്നും അവര്‍ മുന്നറിയിപ്പും നല്‍കുന്നു. ബിസിനസുകാര്‍, സാമ്പത്തിക ഇടനിലക്കാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാണെന്നും ശത്രുക്കളെ സഹായിച്ചാല്‍ സമാനമായ അനുഭവം നേരിടേണ്ടിവരുമെന്നുമാണ് മുന്നിറിയിപ്പ്. ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായി ഹരി ബോക്‌സര്‍ അമേരിക്കയില്‍ വെടിയേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണിത്. രോഹിത് ഗോദാരയുടെ ഗോഡ് ഫാദറാറണ് ലോറന്‍സ് ബിഷ്ണോയി. ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന തന്റെ 'ഗുരുനാഥന്' ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ്, ഗോദാര ഈ പണി ചെയ്തത് എന്നാണ് പറയുന്നത്. ഇതോടെ ഗോദാര ആശാനെ കടത്തിവെട്ടുന്ന ശിഷ്യനായി മാറി.
പക്ഷേ പഞ്ചാബില്‍ സംഗീതലോകത്ത് ചോരപ്പുഴ ഒഴുകുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. 96-ല്‍ ദില്‍ഷാദ് അക്ത്തര്‍ എന്ന ഗായകന്റെ കൊലപാതകത്തോടെയാണ് അത് തുടങ്ങുന്നത്. അമര്‍സിങ്ങ് ചെങ്കീല എന്ന ഗായകനെ വെറും 28 വയസ്സള്ളപ്പോഴാണ് വെടിവെച്ച് കൊന്നത്. അതിനുശേഷമാണ് ഇന്ത്യയെ നടുക്കിയ റാപ്പറും പൊളിറ്റീഷ്യനുമായ സിദ്ദു മൂസെവാലയുടെ കൊലയുണ്ടായത്. ഇതും ഗ്യാങ്ങ്സ്റ്റര്‍ റാപ്പിസ്റ്റുകളുടെ കുടിപ്പക മൂലം ഉണ്ടായതാണെന്നാണ് പൊലീസ് വിലയിരുത്തല്‍. നേരത്തെ ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള വിക്രംജിത്ത് സിങ്ങ് എന്ന പ്രാദേശിക ഡോണ്‍ കൊല്ലപ്പെട്ടിരുന്നു. ഈ മരണത്തില്‍ മൂസൈവാലയുടെ മാനേജര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുണ്ടായ പകയാണ് സിദ്ദുമൂസെവാലയുടെ കൊലയില്‍ കലാശിച്ചത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ കേസിലും പ്രതിയാണ് ഗോദാര.
ഇപ്പോഴിതാ തേജി കഹ് ലോണ്‍ എന്ന ഗായകനും പരലോകത്ത് എത്തിക്കഴിഞ്ഞു. കാനഡയില്‍വെച്ചാണ് ഈ സംഭവം എന്നോര്‍ക്കണം. ഇന്ത്യയില്‍ മുളച്ച ഈ ക്രിമിനലുകള്‍ ഇന്ന് കാനഡയിലും വലിയ ഭീഷണിയാവുകയാണ്. പഞ്ചാബികള്‍ ഏറെയുള്ള ആ നാട്ടില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ഉയരുന്നതും, അത് വലിയ ക്രമസമാധാന പ്രശ്നമായി ഉയര്‍ന്നതും, ചില കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളുള്ള തീവ്രവാദികള്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടതും, അതിന്റെ പേരില്‍ ഇന്ത്യാ- കാനഡ നയതന്ത്രബന്ധംവരെ വഷളായതും നാം നേരത്തെ കണ്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്രമിനല്‍ സംഘങ്ങളും കാനഡയില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയാണ്.
എന്തുകൊണ്ടാണ് പഞ്ചാബില്‍നിന്ന് ഇത്രയധികം ക്രമിനല്‍ സംഘങ്ങള്‍ ഉയരുന്നത്? ആരാണ് രോഹിത് ഗോദാര എന്ന ക്രമിനലുകളിലെ പുതിയ 'താരോദയം'?
റാപ്പ്,ഡ്രഗ്,സെക്സ്....
90 കള്‍ക്കുശഷം പഞ്ചാബിലെ പുതിയ തലമുറ ഒരു പ്രത്യേക രീതിയിലാണ് വളര്‍ന്നുവരുന്നത് എന്ന് എന്നത് നേരത്തെ തന്നെ പഠനങ്ങള്‍ ഉണ്ടായിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദത്തിന്റെ കാലം അവസാനിക്കുകയും, പഞ്ചാബിന് വലിയ തോതില്‍ സാമ്പത്തിക പുരോഗതിയും ഉണ്ടായതോടെ, തീര്‍ത്തും പാശ്ചാത്യകേന്ദ്രീകൃതമായ ആയ ഒരു ജീവിതശൈലി അവിടുത്തെ പുതിയ തലമുറയില്‍ ഉടലെടുക്കുകയായിരുന്നു. അതുപോലെ തന്നെ ഇന്ന് ഡ്രഗ്സിന്റെ ഉപയോഗത്തിലും രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത പഞ്ചാബ് ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി പഞ്ചാബിലെ പത്തില്‍ ഒന്‍പത് പുരുഷന്‍മാരും മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പക്ഷേ പഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗം ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നനിരക്കിലാണ്. മനോരോഗാശുപത്രികളിലും ലഹരിമുക്ത കേന്ദ്രങ്ങളിലും അക്രമാസക്തരാവുന്ന യുവാക്കള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് പഞ്ചാബിലുള്ളത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇവിടേക്ക് വന്‍തോതില്‍ മയക്കുമരുന്ന് തള്ളുന്നത് പാക്ക് സംഘങ്ങളുമാണ്.
90കളുടെ മധ്യത്തേടെ, പഞ്ചാബിലെ ചെറുപ്പക്കാര്‍ പരമ്പരാഗത സംഗീതത്തില്‍നിന്ന് റാപ്പ് സംഗീതത്തിലേക്ക് മാറി. ഈ ഒരു തരംഗത്തിന് തുടക്കമിട്ടത്, ഡാലര്‍ മെഹന്ദി എന്ന വിഖ്യാത ഗായകനാണ്. 'ബോലത്താരാരാരാ' പോലുള്ള ഡാലര്‍ മെഹന്ദിയുടെ ഗാനങ്ങള്‍ രാജ്യമെമ്പാടും ഹിറ്റായി. ഇതേതുടര്‍ന്ന് ഒരു പറ്റം പ്രതിഭകള്‍ പഞ്ചാബില്‍ റാപ്പ് സംഗീതത്തിലേക്ക് കടന്നുവന്നു. വിദേശ റാപ്പിസ്റ്റുകളെ അനുകരിച്ച് കൊണ്ട്, ഇന്ത്യയുടെ പരമ്പാരഗത രീതികള്‍ ലംഘിച്ച് കൊണ്ട്, തോക്കിനെ ചുംബിക്കുന്നതും, ഗണ്‍കള്‍ച്ചറിനെയും അക്രമങ്ങളെയും വല്ലാതെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ഇവരുടെ ആല്‍ബങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്ക് വലിയ രീതിയിലുള്ള ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് ഇവരില്‍ പലരും കോടീശ്വരന്‍മ്മാര്‍ ആയത്. ഇന്ന് പഞ്ചാബിലെ റാപ്പ് ഗായകരില്‍ ഭൂരിഭാഗവും മില്യണ്‍ കണക്കിന് ഫോളോവേഴ്സ് ഉള്ളവര്‍ ആണ്.
ഇത്തരം റാപ്പ്ഗായകര്‍ ഒരു കള്‍ട്ട്പോലെ ആയതോടെ അവര്‍ പല ക്രമിനില്‍ ആക്റ്റിവിറ്റികളിലും ഇടപെടാന്‍ തുടങ്ങി. ഡ്രഗ് പാര്‍ട്ടികള്‍ ആയിരുന്നു ഇതില്‍ പ്രധാനം. സെക്സും, ഡ്രഗും, സംഗീതവുമാണ് ജീവിത്തിന്റെ ആന്ത്യന്തിക ലക്ഷ്യമെന്ന തെറ്റായ ധാരണകള്‍ പോലും ഇവര്‍ യുവാക്കളില്‍ അടിച്ചേല്‍പ്പിച്ചു. ഡ്രഗ് പാര്‍ട്ടികളിലൂടെ ഇവരുടെ അനുയായികള്‍ പലരും ഡ്രഗ് ഡീലര്‍മ്മാരുമായി. അങ്ങനെയും വന്നു ലക്ഷങ്ങളുടെ പണം. പിന്നെ ഈ ഗ്യാങ്ങുകള്‍ തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കലായി. അങ്ങനെ അവരുടെ പ്രവര്‍ത്തനം ഗുണ്ടാ സംഘങ്ങള്‍ പോലെയായി. ഇന്ന് പഞ്ചാബിലെ ഒരു റാപ്പ ഗായകന്‍ വരുന്നത് കണ്ടാല്‍ നാം അമ്പരന്ന് പോകും. മുന്നിലും പിന്നിലും തോക്കുധാരികളുടെ വലിയ സെക്യൂരിറ്റിയാണ്. 'ഉഡ്ത്താ പഞ്ചാബ്' പോലെയുള്ള സിനിമകള്‍ ഈ ഗ്യാങ്്സ്റ്റര്‍ റാപ്പിസ്റ്റുകളുടെ രീതികള്‍ തുറന്ന് കാണിക്കുന്നുണ്ട്.
കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള മനുഷ്യക്കടത്താണ് ഈ പോപ്പ് ഗായകരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗം. പഞ്ചാബികള്‍ ഏറെയുള്ള കാനഡയിലും മറ്റും ഇവര്‍ക്ക് സ്ഥിരമായ പ്രോഗ്രം ഉണ്ടാവാറുണ്ട്. അതുവഴി കിട്ടുന്ന വിസിറ്റിങ്ങ് വിസ ഉപയോഗിച്ചാണ് മനുഷ്യക്കടത്ത്. അങ്ങനെ ഇതിനെല്ലാം തുടക്കക്കാരനായ ഡാലര്‍ മെഹന്ദി ഇത്തരം ഒരു കേസില്‍ കുടങ്ങി. 15 വര്‍ഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസില്‍, 2018ല്‍ ഡാലറിന് രണ്ട് വര്‍ഷം ശിക്ഷയാണ് കിട്ടിയത്. അനധികൃതമായി യുഎസിലേക്ക് കുടിയേറാന്‍ തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് ഒരാളെ പണം വാങ്ങി വഞ്ചിച്ചതിനാണ് ശിക്ഷകിട്ടിയത്. ഇപ്പോള്‍ ഡാലര്‍ ജാമ്യത്തിലാണ്. പക്ഷേ, കേസ് മേല്‍ക്കോടതിയില്‍ പുരോഗമിക്കുന്നു.
അതായത് നമ്മുടെ നാട്ടിലെ ഗായകരെപ്പോലെയല്ല പഞ്ചാബിലെ റാപ്പിസ്റ്റുകള്‍. റാപ്പ് സംഗീതത്തിന്റെ പ്രഭാവം വര്‍ധിക്കുന്നതിന് അനുസരിച്ച് ക്രമിനലിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണവും വര്‍ധിക്കയാണ്.
ഗോഡ്ഫാദര്‍ ബിഷ്ണോയി
പക്ഷേ പഞ്ചാബിലെ സംഘടിയ കുറ്റകൃത്യങ്ങളുടെ തലതൊട്ടപ്പനെന്ന് വിളിക്കാന്‍ കഴിയുക, ലോറന്‍സ് ബിഷ്ണോയിയെയാണ്. ശതകോടികള്‍ ആസ്തികയുള്ള നടന്‍ സല്‍മാന്‍ഖാന്‍ പോലും ബിഷ്ണോയി സംഘത്തെ പേടിച്ച്, ഹൃദയമിടിപ്പോടെയാണ് ജീവിക്കുന്നത്. ബിഷ്ണോയി സമുദായക്കാര്‍ പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയായാടിയ കേസില്‍ സല്‍മാന് വധശിക്ഷയാണ് ലോറന്‍സ് ബിഷ്ണോയി വിധിച്ചിരിക്കുന്നത്! ഇതിന്റെ പേരില്‍ പല തവണ സല്‍മാന്‍ഖാന്റെ വീട് ആക്രമിക്കപ്പെട്ടു. അയാളുമായി ബന്ധമുള്ള ഒരു രാഷ്ട്രീയനേതാവ് കൊല്ലപ്പെട്ടു. ഇന്നും വീടുകള്‍ മാറിമാറിയാണ് ഈ ഹീറോ ജീവിക്കുന്നത്. മനുഷ്യനെ വാഹനമിടിച്ച് കൊന്നകേസില്‍ രക്ഷപ്പെട്ട സല്‍മാന്‍ ഒരു മൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ശരിക്കുംപെട്ടിരിക്കയാണ്! ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. എന്നിട്ടും സല്‍മാന് ചങ്കിടിപ്പ് തീരുന്നില്ല.
പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയില്‍ ധട്ടറണ്‍വാലിയിലെ ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു ലോറന്‍സ് ബിഷ്‌ണോയിയുടെ ജനനം. പോലീസ് കോണ്‍സ്റ്റബിള്‍ ലാവിന്‍ഡര്‍ സിംഗ് ബിഷ്‌ണോയിയുടെയും സുനിത ബിഷ്‌ണോയിയുടെയും മൂത്ത മകനായി ജനിച്ച ലോറന്‍സാണ്, രാജ്യത്തെ നോട്ടോറിയസ് ക്രിമിനലായി വളര്‍ന്നത്. ഭഗത് സിങിന്റെ വലിയ ആരാധകനായിരുന്നു ബിഷ്‌ണോയി. 2011 ലാണ് ഇയാള്‍ തന്റെ പൊളിറ്റിക്കല്‍ യാത്ര ആരംഭിക്കുന്നത്. ചണ്ഡീഗഡിലെ ഡി എ വി കോളേജില്‍ പഠിക്കുന്ന കാലത്താണ് പൊളിറ്റിക്‌സില്‍ ഇറങ്ങുകയും, സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ തോറ്റ ബിഷ്‌ണോയി ചെയ്തത് തോക്ക് എടുത്ത് ആകാശത്തേക്ക് ഫയര്‍ ചെയ്യുകയാണ്. ഇതായിരുന്നു അയാള്‍ ലൈം ലൈറ്റില്‍ വന്ന ആദ്യ വിഷയം. പിന്നീട് തുടര്‍ച്ചയായി എതിര്‍ പാര്‍ട്ടികളുമായി ബിഷ്‌ണോയി തല്ലുണ്ടാക്കി കൊണ്ടിരുന്നു, അങ്ങനെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
2010 ല്‍ കൊലപാതക ശ്രമത്തിന്റെ പേരില്‍ ബിഷ്‌ണോയിക്കെതിരെ എതിര്‍ പാര്‍ട്ടികള്‍ കേസ് നല്‍കി. അങ്ങനെ അടുത്ത വൃത്തങ്ങള്‍ക്കിടയില്‍ ബിഷ്‌ണോയി അറിയപ്പെട്ടു. അതിനു ശേഷം അയാള്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്ത വര്‍ഷം തന്നെ ഗുണ്ടാ കേസുകളില്‍ പ്രതിയായി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ ബിഷ്‌ണോയി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടന്നു കളഞ്ഞു. തന്റെ ഗാങ് ശക്തമാക്കാനും ആയുധങ്ങള്‍ വാങ്ങിക്കാനും ബിഷ്‌ണോയി നേപ്പാളില്‍ കുറച്ച് കാലം നിന്നു. ഈ സമയത്താണ് പഞ്ഞാബിലെ ഗ്യാങ്്സ്റ്റര്‍ റാപ്പിസ്റ്റുകളുമായി ബന്ധപ്പെടുന്നത്. അവരുടെ സംരക്ഷണം ബിഷ്ണോയി ഏറ്റെടുത്തു.
ക്രിമിനലില്‍ നിന്നും പൊളിറ്റീഷന്‍ ആയി മാറിയ ജസ്വിന്‍ഡര്‍ സിംങ്ങുമായി അടുത്ത ബന്ധം ഉയാള്‍ക്കുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും നോട്ടോറിയസ്സ് ആയ ഗ്യാങിലെ ഒരാളാണ് ബിഷ്‌ണോയി. 700 ഓളം ഷാര്‍പ് ഷൂട്ടേര്‍സ് ഉള്ള ഇന്റര്‍നാഷണല്‍ ക്രൈം സിന്‍ഡിക്കേറ്റ് ആയി പ്രവര്‍ത്തിയ്ക്കുന്ന റിങ് ലീഡര്‍ ആണ് ബിഷ്‌ണോയി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനും പിന്നിലും അവര്‍ തന്നെയാണ്.
കാര്‍ട്ടലിനെ വളര്‍ത്തിയ ബ്രാര്‍
പഞ്ചാബില്‍ എന്തു നടന്നാലും അത് കാനഡയിലും പ്രതിധ്വനിക്കുമെന്നാണ് പറയുക. അങ്ങനെ പഞ്ചാബിലെ ഗുണ്ടാ സംഘങ്ങള്‍ കാനഡയിലുമെത്തി. ബിഷ്ണോയിക്ക് ഒരുപാട് അനുചരന്‍മ്മാരും സുഹൃത്തുക്കളുമുണ്ടായി. അതില്‍ ഏറ്റവും പ്രധാനിയാണ്, ഗോള്‍ഡി ബ്രാര്‍ എന്ന കൊടുംക്രിമിനല്‍. കൊലപാതകം, പണംതട്ടല്‍, ഗുണ്ടാആക്രമണം ഉള്‍പ്പെട്ട ഒട്ടേറെ കേസുകള്‍, ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന പഞ്ചാബ് സ്വദേശി സതീന്ദര്‍ സിങിന്റെ പേരിലുണ്ട്. കാനഡ പോലീസിന്റെയും കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഇയാളുണ്ട്. ഒരു പൊലീസുകാരന്റെ മകനായി ജയിച്ച്, 18-ാം വയസ്സില്‍ തോക്കെടുത്ത കഥയാണ് ബ്രാറിന്റെത്.
1994 മാര്‍ച്ച് 11 ന് പഞ്ചാബിലെ ശ്രീ മുക്തര്‍ സാഹിബ് ജില്ലയിലാണ് സതീന്ദര്‍ജീത് സിംഗ് ജനിച്ചത്. പിതാവ് ഷംഷേര്‍ സിംഗ് പഞ്ചാബ് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്നു. ബ്രാര്‍ ഒരു കനേഡിയന്‍ സ്റ്റുഡന്റ് വിസ നേടി 2017 ല്‍ കാനഡയിലേക്ക് പോയി. അവിടെവെച്ചാണ് അയാള്‍ ബിഷ്ണോയ് സംഘവുമായി പരിചയപ്പെടുന്നതും ഗുണ്ടാ സംഘത്തിലേക്ക് തിരിയുന്നതും. സാധാരണ കാനഡയില്‍ പഠിക്കാന്‍ പോയവര്‍ ഉന്നത ബിരുദവുമായാണ് തിരിച്ചുവരിക. പക്ഷേ ഇയാള്‍ തിരിച്ചുവന്നത് ഡോണ്‍ ആയിട്ടാണ്!
2022 മെയ് മാസത്തില്‍, ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍ലാല്‍ സിംഗ് പെഹല്‍വാനെ കൊലപ്പെടുത്തിയതിന് ബ്രാറിനെതിരെ ഫരീദ്‌കോട്ട് കോടതി ജാമ്യമില്ലാ അറസ്റ്റും വാറണ്ടും പുറപ്പെടുവിച്ചു. 2022 മെയ് 29 ന്, ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അയാള്‍ പോസ്റ്റിട്ടിരുന്നു. 2022 ജൂണില്‍ ഇന്ത്യ ബ്രാറിനെതിരെ ഒരു റെഡ് നോട്ടീസ് പുറപ്പെടുവിച്ചു, അതായത് ഇന്റര്‍പോളില്‍ അംഗമായ ഏതൊരു രാജ്യത്തുനിന്നും അയാളെ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ കഴിയും. നിയമവിരുദ്ധമായ തോക്കുകള്‍ സ്വന്തമാക്കാനും വിതരണം ചെയ്യാനും മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നും, ആ തോക്കുകള്‍ ഉപയോഗിച്ച് കൊലപാതകവും കൊലപാതകശ്രമവും നടത്തിയെന്നും ബ്രാറിനെതിരെ ആരോപിക്കപ്പെടുന്നു.
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ബ്രാറിനെ യുഎപിഎ പ്രകാരം ഭീകരനായി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായുള്ള (ലിസ്റ്റഡ് തീവ്രവാദ സംഘടന) ബന്ധം, കൊലപാതകങ്ങള്‍, അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍, ആയുധക്കടത്ത്, ഭീഷണി കോളുകള്‍ എന്നിവയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യ തിരയുന്ന 25 കുറ്റവാളികളില്‍ ഒരാളായി ഈ ഭീകരന്‍ മാറി. ബ്രാറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രാര്‍ ഇപ്പോള്‍ ഒളിവിലാണ്. 2024 ഏപ്രില്‍ 30 ന് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ വെച്ച് അയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ അത് വ്യാജവാര്‍ത്തയാണ്. ഇപ്പോഴും അയാള്‍ ഒല്‍ിലിരുന്ന് പ്രവര്‍ത്തിക്കയാണ്. അതിനുശേഷമാണ് രോഹിത് ഗോദാര എന്ന പുതിയ താരം ഉദയം ചെയ്യുന്നത്.
ഗോദാരയുടെ കൊള്ളയടിക്കല്‍ റാക്കറ്റ്
ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ തുടങ്ങി പതുക്കെ സ്വന്തമായി അസ്തിത്വം നേടിയ രോഹിത് ഗോദാരയാണ്, പഞ്ചാബി ഗായകന്‍ തേജി കഹ്ലോനെ കാനഡയില്‍വെച്ച് തീര്‍ത്തത് എന്നാണ് പൊലീസ് പറയുന്നത്. ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകം, പഞ്ചാബി ഗായകനും റാപ്പറുമായ എ പി ധില്ലണ്‍, നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവരുടെ വീടുകള്‍ക്ക് പുറത്ത് വെടിവയ്പ്പ് തുടങ്ങിയ ഉന്നത കേസുകളില്‍ നേരത്തെ രോഹിത് ഗോദാരയുടെ പേര് ഉയര്‍ത്തുവന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ എങ്ങനെ ക്രിമിനല്‍വത്ക്കരണം നടക്കുന്നുവെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണ് ഗോദാരയുടെ ജീവിതം.
റാവുതറാം സ്വാമി എന്നറിയപ്പെട്ടിരുന്ന രോഹിത് ഗോദാര ഒരു മൊബൈല്‍ ടെക്നീഷ്യനായിരുന്നു. പിന്നീട് ഒരു ഭീകര ഗുണ്ടാസംഘമായി മാറി. ബിക്കാനീറിലെ ലുനാകരന്‍ നിവാസിയായ ഇയാള്‍ കൊലപാതകം, പിടിച്ചുപറി എന്നിവയുള്‍പ്പെടെ 35 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാട്ടില്‍ ചെറിയ കുറ്റകൃത്യങ്ങളുമായി ജീവിച്ചിരുന്ന ഇയാള്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ എത്തിയതോടെയാണ് വലിയ മാഫിയാ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്. ഷാര്‍പ്പ് ഷൂട്ടറായാണ് ഗോദാര അറിയപ്പെടുന്നത്. ഒപ്പം അതിവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ മിടുക്കനും. ഒരുത്തനെ വെടിവെച്ചിട്ട് നിമിഷങ്ങള്‍ക്കകം അയാളുടെ പൂടപോലും പുറത്തുകാണില്ല. അതാണ് അയാളെ ബിഷ്ണോയി ഗ്യാങ്ങിലെ താരമാക്കിയത്. മനുഷ്യക്കടത്ത്, ഡ്രഗ് പാര്‍ട്ടികള്‍, തട്ടിക്കൊണ്ടുപോവല്‍ ഇങ്ങനെയുള്ള ആസൂത്രിത കുറ്റകൃത്യങ്ങളിലേക്കാണ് പിന്നെ അയാള്‍ കടന്നത്.
2022 ജൂണ്‍ 13-ന് 'പവന്‍ കുമാര്‍' എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ഗോദാര ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളം നിരവധി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ള ഗോദാര, തന്റെ കൂട്ടാളികള്‍ വഴിയാണ് തന്റെ ക്രിമിനല്‍ സാമ്രാജ്യം നിയന്ത്രിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജയിലിലുള്ള ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദ്ദേശപ്രകാരമാണ് അയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല (2022), രാഷ്ട്രീയ രജപുത്ര കര്‍ണി സേന തലവന്‍ സുഖ്‌ദേവ് സിംഗ് ഗൊഗമേദി (2023) എന്നിവരുടെ കൊലപാതകങ്ങളില്‍ പങ്കാളിയാണെന്ന് ഗോദാരയ്‌ക്കെതിരെ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്.
ലോറന്‍സ് സംഘത്തിനുവേണ്ടി കൊള്ളയടിക്കല്‍ റാക്കറ്റിന് നേതൃത്വം നല്‍കുന്നയാളാണ് ഇയാള്‍ എന്ന് പറയപ്പെടുന്നു. 5 കോടി മുതല്‍ 17 കോടി രൂപ വരെ തട്ടിയെടുക്കുമെന്ന് ബിസിനസുകാരെയും വാതുവെപ്പുകാരെയും കരാറുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ഇയാള്‍ വഴി കോടിക്കണക്കിന് രൂപയാണ് ബിഷ്ണോയി സംഘത്തിലേക്ക് എത്തുന്നത്. പഞ്ചാബ്-ഹരിയാന മേഖലയിലുള്ളവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയേക്കാള്‍ നന്നായി വിളയാടന്‍ കഴിയുന്ന രാജ്യമാണ് കാനഡ്. അവിടെ എത്തിയതോടെയാണ് ഗോദാരയുടെ ജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. കാനഡയിലെ ഗുണ്ടാ സംഘങ്ങളുമായിപ്പോലും, നല്ല രീതിയില്‍ ബന്ധമുണ്ട് ബിഷ്ണോയി ഗ്യാങ്ങിന്. അതുകൊണ്ടുതന്നെ അവിടെ അവര്‍ വലിയ രീതിയിലുള്ള ക്രമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ധില്ലന്‍ മുതല്‍ സല്‍മാന്‍വരെ
കാനഡയിലെ വാന്‍കൂവറിലെ എ പി ധില്ലന്റെ വീടിന് പുറത്ത് 2024-ല്‍ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് രോഹിത് ഗോദാര നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് ലോറന്‍സ് ബിഷ്ണോയിക്ക് കീഴിലായിരുന്നു ഇവര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗോദാര ഏറ്റെടുക്കുകയും ധില്ലണിന് വധഭീഷണി മുഴക്കുകയും ചെയ്തു.'എല്ലാ സഹോദരങ്ങള്‍ക്കും ആശംസകള്‍. സെപ്റ്റംബര്‍ 1 ന് രാത്രി, കാനഡയിലെ രണ്ട് സ്ഥലങ്ങളില്‍ - വിക്ടോറിയ ഐലന്‍ഡ്, ടൊറന്റോയിലെ വുഡ്ബ്രിഡ്ജ് എന്നിവിടങ്ങളില്‍ - ഞങ്ങള്‍ വെടിവയ്പ്പ് നടത്തി. രോഹിത് ഗോദാര (ലോറന്‍സ് ബിഷ്‌ണോയി ഗ്രൂപ്പ്) എന്ന ഞാന്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'' എന്ന് പരസ്യമായി ഗോദാര പോസ്റ്റിട്ടു. വെറുതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതി അവര്‍ക്കില്ല.
'വിക്ടോറിയ ദ്വീപിലെ വീട് എ.പി. ധില്ലന്റേതാണ്. ഇതൊരു വലിയ പ്രശ്നമായി മാറുകയാണ്. നിങ്ങളുടെ പാട്ടുകളില്‍ സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികള്‍ പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ അനുകരിക്കുന്ന അധോലോക ജീവിതം തന്നെയാണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളുടെ സ്ഥാനത്ത് തന്നെ തുടരുക, അല്ലെങ്കില്‍ നിങ്ങള്‍ ഒരു നായയുടെ മരണത്തെ നേരിടേണ്ടിവരും' എന്ന് പോസ്റ്റ് തുടരുന്നു. സല്‍മാന്‍ ഖാനുമായി സഹകരിച്ചതിനാലാണ് ധില്ലന്റെ വീട് ലക്ഷ്യമിട്ടതെന്ന് ബിഷ്ണോയി സംഘം പറയുന്നുണ്ടെങ്കിലും, മനുഷ്യക്കടത്തും, റിയല്‍ എസ്റ്റേറ്റും അടക്കമുള്ള തകര്‍ക്കങ്ങള്‍ വേറെയുമുണ്ടെന്ന് വ്യക്തമാണ്.
നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവയ്പ്പ് ആസൂത്രണം ചെയ്തതിനും രോഹിത് ഗോദാരയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര പ്രദേശത്തുള്ള ഗാലക്സി അപ്പാര്‍ട്‌മെന്റിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്താണ് വെടിവയ്പ്പ് നടന്നത്. തുടര്‍ന്നുള്ള അറസ്റ്റുകളില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടു. ഇത് വെടിവയ്പ്പില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) ചുമത്താന്‍ മുംബൈ പോലീസിനെ പ്രേരിപ്പിച്ചു.
ഒളിച്ചിരുന്ന് വെടിവെക്കുന്ന രീതിയല്ല ബിഷ്ണോയി സംഘത്തിന്റെത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം അവര്‍ ഏറ്റെടുക്കും. ജയ്പൂരിലെ ശ്യാം നഗര്‍ പ്രദേശത്ത് കര്‍ണി സേനാ മേധാവി സുഖ്‌ദേവ് സിംഗ് ഗൊഗാമേദി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴും, ഗോദാര, ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ''ഞാന്‍ ഗോള്‍ഡി ബ്രാറിന്റെ സഹോദരന്‍ രോഹിത് ഗോദാര കപുര്‍സാരി ആണ്. ഇന്ന് സുഖ്‌ദേവ് ഗോഗാമേദിയുടെ കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. അദ്ദേഹം (മിസ്റ്റര്‍ ഗോഗാമേദി) നമ്മുടെ ശത്രുക്കളെ പിന്തുണച്ചിരുന്നു,'' അദ്ദേഹം എഴുതി.2022 മെയ് 29 ന് പഞ്ചാബിലെ മന്‍സ ജില്ലയില്‍ 28 വയസ്സുള്ളപ്പോള്‍ വെടിയേറ്റ് മരിച്ച റാപ്പര്‍ സിദ്ദു മൂസ് വാലയുടെ ഉന്നത കൊലപാതക കേസിലെ പ്രതികളില്‍ ഒരാളാമാണ് രോഹിത് ഗോദാര. ഒരു ഹീറോയുടെ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്-'' നിങ്ങള്‍ പകര്‍ത്തുന്ന അധോലോക ജീവിതം, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ജീവിക്കുകയാണ്' എന്നൊക്കെയുള്ള പഞ്ച് ഡയലോഗുകള്‍ ഇയാള്‍ കുറിക്കാറുണ്ട്. ഇത്രയോക്കെ ചെയ്്തിട്ടും ഈ ക്രമിനിനലിനെ ഇനിയും പിടകൂടിയിട്ടില്ല എന്നതാണ് ഇന്ത്യക്കും കാനഡക്കും ഒരുപോലെ നാണക്കേടാണ്.
ഇപ്പോള്‍ രോഹിത് ഗോദാര-ഗോള്‍ഡി ബ്രാര്‍-വീരേന്ദര്‍ ചരണ്‍ എന്നിവരുടെ സംഘങ്ങള്‍ ഒന്നിച്ച് നീങ്ങുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തന്നെയുള്ള ഒരു ക്രമിനല്‍ സംഘമാണ് വീരേന്ദര്‍ ചരണ്‍ ഗ്യാങ്ങ്. ഇവര്‍ ഒരുമിച്ച് നീങ്ങുന്നുവെന്നതിന്റെ സൂചന കിട്ടിയത് ഇക്കഴിഞ്ഞ ഒക്ടോബറില്‍, ബിഗ് ബോസ് ജേതാവിനെ വധിക്കാനുള്ള ക്വട്ടേഷന്‍ ഡല്‍ഹി പൊലീസ് പൊളിച്ചപ്പോഴാണ്. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും 2024-ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവര്‍ ഫാറൂഖിയെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്ന രണ്ട് പേരെയാണ് ഒക്ടോബര്‍-2ന് ഡല്‍ഹി പൊലീസ് വെടിവച്ച് വീഴ്ത്തിയത്. അന്നും ആസൂത്രണം നീണ്ടത് രോഹിത് ഗോദാര-ഗോള്‍ഡി ബ്രാര്‍-വീരേന്ദര്‍ ചരണ്‍ സംഘത്തിനുനേരെയാണ്. ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുല്‍, സാഹില്‍ എന്നിവരാണ് അറസ്റ്റിലായത്. ഫാറൂഖിയെ വധിക്കാന്‍, ഗോള്‍ഡി ബ്രാര്‍, വീരേന്ദര്‍ ചരണ്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവന്‍ രോഹിത് ഗോദാരയില്‍ നിന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാല്‍ക്കഷ്ണം: ചുരുക്കിപ്പറഞ്ഞാല്‍ പഞ്ചാബ് ക്രമിനല്‍ സംഘങ്ങള്‍ ഒരു ചെറിയ മീനല്ല. ശക്തമായ തിരിച്ചടികള്‍ ഉണ്ടായില്ലെങ്കില്‍ ഇവര്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷിയായവും. കാരണം ഖലിസ്ഥാന്‍ തീവ്രവാദസംഘങ്ങളുമായും ഇവര്‍ക്ക് ബന്ധം സംശയിക്കപ്പെടുന്നുണ്ട്.




