- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹസീനയുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട ദിവസം ഖാലിദ സിയക്ക് ആഘോഷം; ഒരാള്‍ അധികാരത്തിലെത്തുമ്പോള്‍ മറ്റെയാള്‍ ജയിലില്‍; ഒടുവില്‍ മുതലെടുത്തത് മതതീവ്രവാദികള്‍; രണ്ടു സ്ത്രീകള്‍ പരസ്പരം പോരടിച്ച് തുലച്ചത് ഒരു രാജ്യത്തെ; ബംഗ്ലാദേശില്‍ 'ബീഗം യുദ്ധത്തിന്' അന്ത്യമാവുമ്പോള്‍
''രണ്ടു സ്ത്രീകള്‍ തമ്മിലുള്ള മത്സരവും കുടിപ്പകയും മൂലം ഒരു നാട് നശിച്ചുപോവുന്നു. ഇവര്‍ക്ക് അല്‍പ്പമെങ്കിലും സാമാന്യബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നാട് ഇന്ന് ഈ നിലയില്‍ മതമൗലികവാദികളുടെ കുത്തരങ്ങായി മാറുമായിരുന്നില്ല''-1974-ല്‍, ഒരു കവിത എഴുതിയതിന്റെ പേരില്‍ ഇസ്ലാമികവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് ബംഗ്ലാദേശില്‍നിന്ന് പാലായനം ചെയ്യപ്പെട്ട, ദാവൂദ് ഹൈദര്‍ ഒരിക്കല്‍ എഴുതിയത് ഇങ്ങനെയാണ്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ, തന്റെ 79-ാമത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങൂമ്പോള്‍, സോഷോ്യളജിസ്റ്റുകള്‍ 'ബാറ്റില്‍ഓഫ് ബീഗം' എന്ന വിശേഷിപ്പിച്ച ആ പൊളിറ്റിക്കല്‍ ഫൈറ്റിനും അന്ത്യമാവുകയാണ്. കാരണം ഖാലിദ സിയയുടെ എക്കാലത്തെയും വലിയ എതിരാളിയായ മൂന്‍ പ്രധാനമന്ത്രി ബീഗം ഷേഖ് ഹസീന, ഇപ്പോള്‍ അധികാരം നഷ്ടപ്പെട്ട്, ഒരു അഭയാര്‍ത്ഥിയെപ്പോലെ രാക്കുരാമാനം ഒളിച്ചോടി ഇന്ത്യയിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദികള്‍ അഴിഞ്ഞാടുന്ന ഒരു രാജ്യത്തേക്ക് പോയാല്‍ ഷേക്ക് ഹസീനയുടെ തല പോവും. ഈ 78-ാം വയസ്സില്‍ ഇനി ഒരു രാഷ്ട്രീയ തിരിച്ചുവരവില്ലാത്ത രീതിയില്‍ അവരും ഒറ്റപ്പെട്ടുകഴിഞ്ഞു.
ബംഗ്ലാദേശില്‍ പ്രതാപത്തോടെ വാണിരുന്ന ഒരു മൂന്‍ വനിതാ പ്രധാനമന്ത്രി മരിച്ചു. മറ്റൊരാള്‍ ചത്തതിനൊക്കുമോ എന്ന നിലയില്‍ ജീവിച്ചിരിക്കുന്നു. രണ്ടുപേരും തമ്മിലുള്ള തമ്മിലടികൂടി മുതലെടുത്ത്, ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബംഗ്ലാദേശ് കണ്ടത് വിചിത്രമായ ഒരു രാഷ്ട്രീയ രീതിയാണ്. ഖാലിദ അധികാരത്തിലെത്തുമ്പോള്‍ ഹസീനയെയും അനുയായികളെയും ജയിലിലടയ്ക്കും. ഹസീന അധികാരത്തിലെത്തുമ്പോള്‍ തിരിച്ചും. ഇന്ത്യയോട് ചേര്‍ന്നുനില്‍ക്കുന്ന, സെക്യുലര്‍ ഡെമോക്രാറ്റ് എന്ന് വിളിക്കാവുന്നതായിരുന്നു, ഹസീനയുടെ രാഷ്ട്രീയം. എന്നാല്‍, പാക്കിസ്ഥാനോടും ചൈനയോടും ചേര്‍ന്ന് നില്‍ക്കുന്ന, പാന്‍ ഇസ്ലാമികതയും ബംഗ്ലാദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമായിരുന്നു, ഖാലിദ സിയയുടേത്.
ഫോബ്‌സ് മാസിക പുറത്തിറക്കുന്ന, ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരായിരുന്നു ഈ രണ്ട് മുന്‍ വനിതാ പ്രധാനമന്ത്രിമാരും. രണ്ട് സ്ത്രീകള്‍ തമ്മില്‍ ക്ലാഷുണ്ടാവുമ്പോള്‍, പൊതുവെ കരുതുക അത് ഈഗോയുടെയും അധികാരത്തര്‍ക്കത്തിന്റെ പ്രശ്നമായിരിക്കും എന്നാണ്. പക്ഷേ അങ്ങനെയല്ല. രക്തമൊഴുകിയ പോരാട്ടത്തിന്റെ കഥകൂടിയാണത്. ഷേഖ് ഹസീനയുടെ പിതാവ്, മുജീബുര്‍ റഹ്‌മാനെ വെടിവെച്ച് കൊന്നതിന് പിന്നില്‍ ഖാലിദ സിയയുടെ ഭര്‍ത്താവിനുകൂടി പങ്കുണ്ടെന്നാണ് ആരോപണം. ഖാലിദ സിയയുടെ ഭര്‍ത്താവ്, സിയാവുര്‍ റഹ്‌മാന്റെ കൊലയില്‍ ഷേഖ് ഹസീനയുടെ അനുയായികളുടെ പങ്കും സംശയിക്കുന്നു. തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികളെ ഒന്നൊന്നായി തൂക്കിക്കൊന്ന് വര്‍ഷങ്ങള്‍ക്കശേഷം, ഹസീന പ്രതികാരദാഹിയാപ്പോള്‍ ഖാലിദ സിയ ശരിക്കും അനുഭവിച്ചു. അവരുടെ മകന്‍ ചികിത്സകിട്ടാതെ മരിച്ചു! ഈ രീതിയില്‍ രക്തം ചിന്തുന്ന കുടിപ്പകയാണ് രണ്ട് വനിതകള്‍ തമ്മിലുണ്ടായത്. അതിന്റെ ഫലമായി ഒരു രാഷ്ട്രം തന്നെ വല്ലാത്ത രീതിയില്‍ പിന്നോട്ടടിച്ചു.
ബംഗ്ലാദേശിലെ രക്തചരിത്ര
ഖാലിദ സിയയും, ഷേഖ് ഹസീനയും ബന്ധുത്വംകൊണ്ട് രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പ്രധാനിയായിരുന്നു ജനറല്‍ സിയാവുര്‍ റഹ്‌മാന്റെ ഭാര്യയാണ് ഖാലിദ സിയ. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേഖ് മുജീബുര്‍ റഹ്‌മാന്റെ മകളാണ് ഹസീന. പിതാവ് കൊല്ലപ്പെട്ടപ്പോള്‍ ഹസീന രാഷ്ട്രീയത്തില്‍ ഇറങ്ങിയപോലെ, ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോഴാണ് ഖാലിദ സിയയും പൊതുരംഗത്ത് ഇറങ്ങുന്നത്.
രക്തത്തിലുടെ പിറന്ന രാഷ്ട്രമാണ് ബംഗ്ലാദേശ്. 1971-ല്‍ പാക്കിസ്ഥാന്റെ അവഗണക്കെതിരെ, ബംഗ്ലാദേശിന്റെ പ്രതിഷേധം, ഷേഖ് മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ അണപൊട്ടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് 30 ലക്ഷം ജീവനുകളാണ്. പാക് സൈന്യവുമായി സഹകരിച്ച,് സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്തത്, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് രൂപീകരിച്ച റസാക്കര്‍ സേനയാണ് ക്രൂരതകളുടെ സൂത്രധാരന്‍മ്മാര്‍. റസാക്കാര്‍മാര്‍ ബംഗ്ലാദേശികളോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ ആധിപത്യത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവര്‍ ലക്ഷ്യമിട്ടു.
കുട്ടികളെയുള്‍പ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങള്‍ക്ക് തീയിട്ടു. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം, ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്!
ഒടുവില്‍ ബംഗ്ലാദേശിന്റെ വിധി നിര്‍ണ്ണയിച്ചതും മറ്റൊരു വനിതയായിരുന്നു. ഇന്ദിരാഗാന്ധി എന്ന ഇന്ത്യയുടെ ഉരുക്കു വനിതയായ പ്രധാനമന്ത്രി. അഭയാര്‍ത്ഥി പ്രവാഹം ഇന്ത്യയിലേക്ക് നീങ്ങിയതോടെ മിസിസ് ഗാന്ധി ഇടപെട്ടു.
വെറും 13 ദിവസംത്തെ യുദ്ധംകൊണ്ട് പാക്കിസ്ഥാന്‍ സൈന്യത്തെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്ര ബംഗ്ലാദേശാക്കിയത്, നേരത്തെ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിക്കപ്പെട്ട ഇന്ദിരയായിരുന്നു. അന്ന് ഇന്ത്യയുടെ ദുര്‍ഗയെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്‌പേയി തന്നെ ഇന്ദിരയെ വിശേഷിപ്പിച്ചു. അങ്ങനെ ഇന്ത്യന്‍ സൈന്യം രക്തം ചിന്തി നേടിയെടുത്ത രാജ്യമാണ്, ഇന്ന് ഹിന്ദുക്കള്‍ അടങ്ങുന്ന ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്നത്.
കൊല ആഘോഷിച്ച ഖാലിദ സിയ
ബംഗ്ലാദേശിന്റെ കഷ്ടകാലം, സ്വന്തമായി ഒരു രാജ്യമായതുകൊണ്ട് മാത്രം അവസാനിച്ചില്ല. പാക്കിസ്ഥാന്റെ അവഗണനമൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു, ബംഗ്ലാബന്ധു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ആദ്യ പ്രസിഡന്റുകൂടിയായ ഷേഖ് മുജീബുര്‍ റഹ്‌മാന്‍. പക്ഷേ അദ്ദേഹത്തിന് എതിരാളികള്‍ ഒട്ടേറെയുണ്ടായിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദം പാക്കിസ്ഥാന്‍ അനുകൂലികള്‍ക്ക് പിടിച്ചില്ല. സൈന്യത്തിലെ ഒരു വിഭാഗവും മതമൗലികവാദികളും അദ്ദേഹത്തിന്റെ പതനത്തിന് കാതോര്‍ത്തിരിക്കയായിരുന്നു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ വസതിയില്‍ 1975 ഓഗസ്റ്റ് 15-ന് അതിരാവിലെയാണ് ഷേഖ് മുജീബുര്‍ റഹ്‌മാനും കുടുംബവും കൂട്ടക്കൊല ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ അസംതൃപ്തരായ ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വീടിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. കൊല്ലപ്പെട്ടവരില്‍ അദ്ദേഹത്തിന്റെ ഭാര്യ ബീഗം ഫാസിലതുന്നീസ, മക്കളായ ഷെയ്ഖ് കമാല്‍, ഷെയ്ഖ് ജമാല്‍, ഇളയ മകന്‍ ഷെയ്ഖ് റസ്സല്‍ നിരവധി ബന്ധുക്കളും സഹായികളും ഉള്‍പ്പെടെ ഉണ്ടായിരുന്നു. ഈ ക്രൂരമായ ആക്രമണത്തില്‍ ആകെ പതിനാറ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊലപാതകത്തെത്തുടര്‍ന്ന് സൈനിക നിയമം ഏര്‍പ്പെടുത്തി. അന്ന് വിദേശത്തായിരുന്നതുകൊണ്ടാണ് ഷെയ്ഖ് ഹസീന രക്ഷപ്പെട്ടത്. പിന്നെ അവര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങി.
ആ കൂട്ടനരഹത്യക്ക് പിന്നില്‍ ഖാലിദ സിയയുടെ ഭര്‍ത്താവായ ജനറല്‍ സിയാവുര്‍ റഹ്‌മാന്റെ മൗനാനുവാദമുണ്ടെന്ന് ഹസീന ഉറച്ചു വിശ്വസിച്ചു. അതോടെ തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള അടങ്ങാത്ത പക ഹസീനയില്‍ നിറഞ്ഞു. ഖാലിദ സിയയുടെ ഒരു ജന്മദിന ആഘോഷവം ഏറെ വിവാദമായി. ഷേഖ് ഹസീനയുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട ഓഗസ്റ്റ് 15-ന് ഖാലിദ സിയ വലിയ ആഘോഷത്തോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. യഥാര്‍ത്ഥത്തിലുള്ള ഡേറ്റ് ഓഫ് ബര്‍ത്ത് തിരുത്തിയാണ് ഖാലിദ സിയ ഇങ്ങനെ ഒരു ജന്‍മദിനം ഉണ്ടാക്കിയതെന്നും ആരോപണം വന്നു. ഹസീനയെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും സഹിക്കാന്‍ പറ്റാത്തതായിരുന്നു.
തനിക്ക് അധികാരം കിട്ടിയപ്പോള്‍ അവര്‍ ഇതിന് കണക്ക് തീര്‍ത്തു. മുജൂബുര്‍ റഹ്‌മാന്റെ വധക്കേസിലെ പ്രതികളായ ജമാഅത്തെ ഇസ്ലാമിക്കാരെ ഇക്കാലത്തെ് ഹസീന തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു. 2009-ല്‍ ഹസീനക്ക് അധികാരം ലഭിച്ചതിന് ശേഷം, ഈ ജമാഅത്തെ ഇസ്ലാമി തോക്കളെ കൂട്ടത്തോടെ വിചാരണയ്ക്ക് വിധേയമാക്കുകയും തൂക്കിലേറ്റുകയും ചെയ്തു. 45 വര്‍ഷത്തിനുശേഷമാണ് കേസിലെ ഒരു പ്രതിയെ പിടികൂടിയത്. അയാളെയും ഹസീന കഴുവേറ്റി.
സിയാവുര്‍ റഹ്‌മാനും കൊല്ലപ്പെടുന്നു
മന്‍മോഹന്‍സിങ്ങിനെ വിശേഷിപ്പിക്കുന്നതുപോലെ തീര്‍ത്തും ഒരു ആക്സിഡന്‍ഷ്യല്‍ പ്രൈം മിസ്റ്ററായിരുന്നു ഖാലിദ സിയയും. 1946 ഓഗസ്റ്റ് 15-ന് അവിഭക്ത ഇന്ത്യയിലെ കിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ വടക്കന്‍ ബംഗ്ലാദേശിന്റെ) ദിനാജ്പൂരിലാണ് ഖാലിദ ജനിച്ചത്. ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ അവരുടെ ജനനത്തീയതി വിവാദ വിഷയമായിരുന്നു.
വ്യാപാരിയായ ഇസ്‌കന്ദര്‍ മജുംദറിന്റെയും തയേബ മജുംദറിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്തെയാളായിരുന്നു ഖാലിദ. ഇസ്‌കന്ദര്‍ അലി മജുംദര്‍ഇന്നത്തെ ബംഗ്ലാദേശില്‍ ഫെനിയില്‍ നിന്നുള്ള ഒരു ബംഗാളി മുസ്ലിം കുടുംബാംഗമായിരുന്നു. തേയില കച്ചവടം നടത്തിയിരുന്ന ഇസ്‌കന്ദര്‍ 1947-ലെ ലെ ഇന്ത്യാ വിഭജനത്തിനുശേഷം കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. ഖാലിദ തന്റെ ആദ്യകാലങ്ങള്‍ ദിനാജ്പൂരിലാണ് ചെലവഴിച്ചത്. തുടക്കത്തില്‍ ദിനാജ്പൂര്‍ മിഷനറി സ്‌കൂളിലും പിന്നീട് ദിനാജ്പൂര്‍ ഗേള്‍സ് സ്‌കൂളിലും പഠിച്ചുവെന്ന് പറയുന്നു. ഇതിലും വിവാദമുണ്ട്. അവരുടെ തുടര്‍ വിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല.
1960-ല്‍, ഖാലിദ അന്ന് പാക്കിസ്ഥാന്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന സിയാ ഉര്‍ റഹ്‌മാനെ വിവാഹം കഴിച്ചു. വിവാഹം നടക്കുമ്പോള്‍ 15 വയസ് മാത്രമായിരുന്നു അവര്‍ക്ക് പ്രായം. വിവാഹശേഷം, ഭര്‍ത്താവിന്റെ പേര് സ്വീകരിച്ചു. അവര്‍ തന്റെ പേര് 'ഖാലിദ സിയ' എന്നാക്കി മാറ്റി. 1965-ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് സിയാ ഉര്‍ സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചൂ. തുടര്‍ന്ന് കുടുംബം പിന്നീട് ചിറ്റഗോങ്ങിലേക്ക് താമസം മാറി. സിയ ഉര്‍ റഹ്‌മാന്റെ പത്‌നിയെന്ന ലേബലില്‍ ജീവിച്ച ഖാലിദ പൊതുവേദികളിലേക്ക് എത്തിയതേയില്ല. മക്കളായ താരിഖിനെയും അറാഫത്തിനെയും വളര്‍ത്തി അവര്‍ വീട്ടില്‍ തന്നെ ഒതുങ്ങി. ഒരു സൈനികനെന്ന നിലയില്‍ മിടുക്കനും കരുത്തനായിരുന്നു സിയാവുര്‍ റഹ്‌മാന്‍. അയാള്‍ വളരെ പെട്ടെന്ന് ഉയരങ്ങിലേക്കെത്തി.
1971-ല്‍ പാകിസ്ഥാനെതിരായ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം റേഡിയോയിലൂടെ പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. 1975-ല്‍ ബംഗ്ലാദേശ് സ്ഥാപകന്‍ ഷേഖ് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയിലാണ് സിയാവുര്‍ റഹ്‌മാന്‍ അധികാരത്തിലേക്ക് വരുന്നത്. 1977-ല്‍ അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റു. മുജീബുര്‍ റഹ്‌മാന്റെ കൊലക്ക് പിന്നില്‍, സിയാവുര്‍ ആണെന്ന ആരോപണവും അന്നുതന്നെ വിവാദമായിരുന്നു.
1978-ല്‍ ജനറല്‍ സിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രൂപീകരിച്ചു. പാകിസ്ഥാന്‍ അനുകൂല ചിന്താഗതിയുള്ളവരെയും ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഒരു 'വലതുപക്ഷ' രാഷ്ട്രീയമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 1981-ല്‍ ചിറ്റഗോങ്ങില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിനിടെ ജനറല്‍ സിയ വധിക്കപ്പെട്ടു. ഇതിനു പിന്നില്‍ ഷേഖ് ഹസീനയുടെ പാര്‍ട്ടിക്കാരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇതോടെയാണ് ഒരു സാധാരണ വീട്ടമ്മയായിരുന്ന ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതയായത്.
ഹസീന- ഖാലിദ പോരിന്റെ വര്‍ഷങ്ങള്‍
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ, ഉരുക്ക് വനിതകളെന്ന് വിശേഷിക്കപ്പെട്ട ഇരുവരും തുടക്ക കാലം മുതല്‍ ശത്രുക്കളായിരുന്നില്ല. 80കളില്‍ ജനറല്‍ എര്‍ഷാദിന്റെ സൈനിക ഏകാധിപത്യത്തിനെതിരെ 'ബീഗംമാര്‍' കൈകോര്‍ത്തു. തെരുവില്‍ ഇരുവരും ഒന്നിച്ച് പ്രക്ഷോഭം നയിച്ചു. എന്നാല്‍ 1990-ല്‍ ജനാധിപത്യം തിരിച്ചുവന്നതോടെ ഈ സഖ്യം തകര്‍ന്നു. 1991-ല്‍ ഖാലിദ സിയ പ്രധാനമന്ത്രിയായതോടെ ബംഗ്ലാദേശ് രാഷ്ട്രീയം രണ്ടു ചേരികളായി പിളര്‍ന്നു.
ഭര്‍ത്താവിന്റെ മരണശേഷം ബി.എന്‍.പി.യുടെ നേതൃത്വം ഏറ്റെടുത്ത ഖാലിദ, പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തമാക്കി. 1982-ല്‍ പട്ടാള അട്ടിമറിയിലൂടെ സൈനിക ജനറല്‍ എര്‍ഷാദ് അധികാരം പിടിച്ചെടുത്തതിനുശേഷം 1990-ല്‍ ഇര്‍ഷാദിന്റെ ഭരണകൂടം നിലം പതിക്കുന്നതുവരെ ഖാലിദ ജനാധിപത്യത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. 1991-ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.എന്‍.പി. അധികാരത്തില്‍ വന്നതോടെ ഖാലിദ ഭരണത്തിലെത്തി. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ ചരിത്രം കുറിച്ചു. 1991ല്‍ അധികാരത്തിലെത്തിയപ്പോള്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവര്‍ മാറി. 1981-990 കാലഘട്ടത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം ഇസ്ലാമികലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ.
1996-ല്‍ കുറച്ചുകാലം മാത്രം അധികാരത്തിലുണ്ടായിരുന്ന ഭരണകൂടത്തിലും ഖാലിദ പ്രധാനമന്ത്രിയായിരുന്നു. 1996-ല്‍ രണ്ടാം വട്ട തിരഞ്ഞെടുപ്പിനുശേഷം ഷേഖ് ഹസീന അധികാരത്തില്‍ വന്നു. 2001-ല്‍ വീണ്ടും ഖാലിദ സിയ അധികാരത്തിലെത്തി. പിന്നങ്ങോട്ട് 2009 മുതലുള്ള 2024 വരെയുള്ള 15 വര്‍ഷം ഹസീനയുടെ കാലമായിരുന്നു. ഈ കാലമത്രയും ബംഗ്ലാദേശ് കണ്ടത് വിചിത്രമായ ഒരു രാഷ്ട്രീയ പകപോക്കലാണ്. ഖാലിദ അധികാരത്തിലെത്തുമ്പോള്‍ ഹസീനയെയും അനുയായികളെയും ജയിലിലടയ്ക്കും. ഹസീന അധികാരത്തിലെത്തുമ്പോള്‍ ഖാലിദയെയും അവരുടെ മക്കളെയും കോടതിയും ജയിലും ഉപയോഗിച്ച് വേട്ടയാടും. ഭരണം മാറുന്നതിനനുസരിച്ച് പ്രതിപക്ഷ നേതാക്കള്‍ രാജ്യദ്രോഹികളോ അഴിമതിക്കാരോ ആയി മുദ്രകുത്തപ്പെട്ടു. പക്ഷേ ഹസീനയുടെ അവസാന 15 വര്‍ഷത്തെ ഭരണത്തില്‍ അവര്‍ ശരിക്കും പണികൊടുത്തു. ഖാലിദ സിയയെ നിരവധി കേസുകളില്‍ കുരുക്കി പണികൊടുത്തു.
ഹസീനയുടെ 15 വര്‍ഷത്തെ ഭരണകാലത്ത് ഖാലിദ സിയ നേരിട്ടത് കടുത്ത പ്രതിസന്ധികളാണ്. 2018ല്‍, സിയ ഓര്‍ഫനേജ് ട്രസ്റ്റ് അഴിമതി കേസിലും 2018-ല്‍ സിയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴിമതി കേസിലും ഖാലിദ സിയയ്ക്ക് ആകെ 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.എന്‍.പി. ആരോപിക്കുന്നു. രോഗബാധിതയായിട്ടും അവര്‍ക്ക് മികച്ച ചികിത്സ നല്‍കാനോ വിദേശത്ത് പോകാനോ ഹസീന സര്‍ക്കാര്‍ അനുവദിച്ചില്ല. 30 വര്‍ഷം താമസിച്ച വീട്ടില്‍ നിന്ന് അവരെ ഇറക്കിവിട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. മകന്‍ താരിഖ് സിയയ്ക്ക് നാടുവിടേണ്ടി വന്നു, രണ്ടാമത്തെ മകന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇതെല്ലാം ഹസീനയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്.
2019 ഏപ്രിലില്‍ ഖാലിദ സിയയെ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 2020 മാര്‍ച്ചില്‍, മാനുഷിക കാരണങ്ങളാല്‍ അവരെ ആറ് മാസത്തേക്ക് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. പക്ഷേ കൂടാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അങ്ങനെ എല്ലാം നഷ്ടമായി അതി ദനീയമാണ്് ഖാലിദ സിയ മരിച്ചത്. പക്ഷേ ഹസീനക്ക് പണി കിട്ടുന്നത് കാണാനുള്ള ഭാഗ്യവും അവര്‍ക്കുണ്ടായി. ഖാലിദയുടെ അനുയായികളല്ല, മതമൗലികവാദികളാണ് ഹസീനക്ക് പണികൊടുത്തത്.
ഇന്ന് മതവര്‍ഗീയവാദികളുടെ സ്വര്‍ഗം
രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ വലിയ വ്യത്യാസം ഈ രണ്ട് വനിതകളും തമ്മിലുണ്ടായിരുന്നു. ഹസീന ഇന്ത്യയോട് കൂടുതല്‍ അടുപ്പം കാണിച്ചപ്പോള്‍, ഖാലിദ സിയ 'ബംഗ്ലാദേശി ദേശീയത' എന്ന ആശയത്തിലാണ് ഊന്നിയത്. ചൈനയോടും സൗദി അറേബ്യയോടും പാകിസ്ഥാനോടും കൂടുതല്‍ അടുപ്പമുള്ള വിദേശനയമാണ് അവര്‍ സ്വീകരിച്ചത്.ജമാഅത്തെ ഇസ്ലാമി പോലുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് അവരുടെ രാഷ്ട്രീയത്തെ സ്വാധീനിച്ചു. ഇത് പിന്നീട് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളരാന്‍ അവസരമുണ്ടാക്കി. ഖാലിദ സിയ ബംഗ്ലാദേശിനെ പിന്നോട്ടടിപ്പിച്ചപ്പോള്‍, ഷേഖ് ഹസീനയുടെ ഭരണത്തില്‍ രാജ്യം മുന്നേറിയെന്നത് വസ്തുതയാണ്. ഖാലിദ സിയയുടെ കാലത്ത് അഴിമതിക്കാരുടെ രാജ്യമായാണ് ബംഗ്ലാദേശ് അറിയപ്പെട്ടിരുന്നതും.
ബംഗ്ലാദേശിന്റെ ദാരിദ്ര്യം ഒരു പരിധിവരെ നിയന്ത്രിച്ച്, അതിനെ ഒരു വികസിത രാജ്യമാക്കന്‍ അതിതീവ്രം പ്രയത്‌നിച്ചുവരുന്ന നേതാവാണ് ഹസീന. ഇന്ദിരാഗാന്ധിക്കുശേഷം ലോകം കണ്ട എറ്റവും കരുത്തയായ ഏഷ്യന്‍ വനിതാ നേതാവ് എന്നും അവര്‍ പേരെടുത്തു. 71-ല്‍ സ്വതന്ത്രമായപ്പോള്‍ പട്ടിണി മരണം നടന്ന രാജ്യം ഭക്ഷ്യ സുരക്ഷിതമയത് അവരുടെ ഭരണകാലത്താണ്. ആളോഹരി വരുമാനം നാലിരട്ടിയായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിച്ചു. ഇക്കണക്കിന് പോവുകയാണെങ്കില്‍ 2041ഓടെ ബംഗ്ലാദേശ് പുര്‍ണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. ഷേക്ക് ഹസീനയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണത്തിലുടെ, വസ്ത്രവ്യവസായം, മരുന്ന് നിര്‍മ്മാണം, ക്ഷീര വികസനം എന്നീ മേഖലകളിലൂടെ ബംഗ്ലാദേശ് വളര്‍ന്നു. പക്ഷേ കോവിഡിനുശേഷം ആ സ്ഥിതി മാറി. പാക്കിസ്ഥാന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പകുത്തി.
ഇതോടെ രാജ്യത്ത് അസ്വസ്ഥതതകളും തുടങ്ങി. സംവരണത്തിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങി. വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും രാജ്യത്തെ സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതായിരുന്നു ഒരു രീതി അവിടെയുണ്ടായിരുന്നു. ഈ മാനദണ്ഡം മൂലം ജോലികള്‍ മുഴുവന്‍ കൈയടിക്കിയിരുന്നത് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ നേതാക്കളാണ്. ഇതിനെതിരെ തുടങ്ങിയ വിദ്യാത്ഥി പ്രക്ഷോഭം പടര്‍ന്നു. മതമൗലികവാദികള്‍ അഴിഞ്ഞാടി. ഒടുവില്‍ രക്ഷയില്ലായെ ഹസീനക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.
ഹസീന പുറത്താവുകയും, നൊബേല്‍ സമ്മാന ജേതാവായ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃതത്തില്‍, ഇടക്കാല സര്‍ക്കാര്‍ വരികയും ചെയ്തപ്പോള്‍, നിഷ്പക്ഷമതികളായ ആളുകള്‍ക്കെല്ലാം പ്രതീക്ഷയായിരുന്നു. എന്നാല്‍ യൂനുസ് തീര്‍ത്തും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികളുടെ ചാര്‍ച്ചക്കാരനാവുകയും, ബംഗ്ലാദേശ് സമ്പുര്‍ണ്ണ ഇസ്ലാമികവത്ക്കരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. എന്തൊക്കെ പരിമിതകള്‍ ഉണ്ടായിരുന്നുവെങ്കിലും, അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളായ, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാരുടെയും രക്ഷകയായിരുന്ന ഹസീന. അവര്‍ക്ക് അധികാരംപോയെതോടെ ഇപ്പോള്‍ പേ പിടച്ച മതഭ്രാന്തന്‍മ്മാര്‍, ഹിന്ദുക്കളെ തല്ലിക്കൊല്ലുന്ന അവസ്ഥയാണ്. ആരാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഉരുക്കുവനിതകള്‍ എന്നറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കള്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയാണെങ്കില്‍, ബംഗ്ലാദേശിന് ഈ അവസ്ഥ വരുമായിരുന്നോ? ഖാലിദ സിയ കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍, ബംഗ്ലാദേശിലെ അവശേഷിക്കുന്ന പുരോഗമവാദികള്‍ ചോദിക്കുന്നതാണിത്.
വാല്‍ക്കഷ്ണം: ഇന്ന് ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് ബംഗ്ലാദേശ് ആണെന്ന് പറയാം. 27കാരനായ ഹിന്ദുയുവാവ് ദീപുചന്ദ്രദാസിനെ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തികൊന്നത് മതനിന്ദ ആരോപിച്ചാണ്. പൊലീസ് ഈ യുവാവിനെ അക്രമികള്‍ക്ക് കൈമാറുകയാണ് ഉണ്ടായത്!




