- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജെഎൻയുവിൽ മൊട്ടിട്ട പ്രണയവും തുടർന്ന് വിവാഹവും; ഭർത്താവിന്റെ വഴിയേ ബിജെപിയിലേക്ക്; അദ്ദേഹം മറുകണ്ടം ചാടിയിട്ടും പാർട്ടിയിൽ ഉറച്ചുനിന്നു; പ്രതിരോധ മന്ത്രിയായും ധനമന്ത്രിയായും തിളങ്ങിയപ്പോൾ ഭർത്താവ് കടുത്ത വിമർശകൻ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ ദാമ്പത്യം; നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!
ബന്ധുക്കൾ ഉന്നതങ്ങളിൽ എത്തിയാൽ ആ ബലംവെച്ച് കളിക്കുന്നവരെ മാത്രമേ നാം ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടിട്ടുള്ളു. മോദിക്കും, അമിത്ഷാക്കും പിന്നാലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂന്നാമനായി നിൽക്കുന്ന, നിർമ്മലാ സീതാരാമൻ എന്ന കേന്ദ്ര ധനകാര്യമന്ത്രിയുടെ ഭർത്താവ് ഡോ. പരകാല പ്രഭാകർ പക്ഷേ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തനാണ്. അധികാരത്തിന്റെ ശീതളഛായയിൽ അഭിരമിക്കാൻ കഴിയുന്ന ഒരു ഭർത്താവായി അദ്ദേഹം ഒരിക്കലും മാറിയില്ല. മാത്രമല്ല, മോദി സർക്കാറിനെയും, തന്റെ ഭാര്യയുടെ സാമ്പത്തിക നയങ്ങളുടെയും ശക്തനായ ഒരു വിമർശകൻ കൂടിയായി അദ്ദേഹം. ജെഎൻയു, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ, സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ പ്രഭാകർ, ഈയിടെ പറഞ്ഞത്, ഇനി മോദി സർക്കാറിന് ഒരു അവസരം കൂടി കൊടുത്താൽ അത് വൻ ദുരന്തം ആവുമെന്നാണ്!
അദ്ദേഹം രചിച്ച, 'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്' എന്ന പുതിയ പുസ്തകം കഴിഞ്ഞ ആഴ്ചയാണ് പുറത്തറിങ്ങിയത്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെയും സാമ്പത്തിക രംഗത്തെ പൊട്ടത്തരങ്ങളെയും രൂക്ഷമായി വിമർശിക്കുന്നതാണ് ഗ്രന്ഥം. ഇതേക്കുറിച്ച് 'ദ വയറി'ന് നൽകിയ അഭിമുഖത്തിൽ, പരകാല പ്രഭാകർ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത് ദേശീയ രാഷ്ട്രീയത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്.
ഭരണത്തിൽ മോദിക്ക് കാര്യക്ഷമതയില്ലെന്നും, എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. 2024ൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകുമെന്നും കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ ഡോ. പ്രഭാകർ പറഞ്ഞു. ധനമന്ത്രിയുടെ ഭർത്താവ് തന്നെ മോദി സർക്കാറിനെ തള്ളിയത് കിട്ടാവുന്നിടത്തൊക്കെ പ്രതിപക്ഷം ആയുധമാക്കുകയാണ്. കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയിൽ എറ്റവും കൂടുതൽ സേർച്ച് വന്നതും ആരാണ് ഡോ പരകാല പ്രഭാകർ എന്നതിനെ കുറിച്ചാണ്. പക്ഷേ പ്രഭാകറിനെയും നിർമ്മലയെയം അറിയുന്നവർ പറയും. അവർ തുടക്കത്തിലേ അങ്ങനെയാണ്. ആശയ ഭിന്നതകൾക്കിടയിലുടെയാണ് അവർ പ്രണയിച്ചതും വിവാഹിതർ ആയതുമൊക്കെ.
ജെഎൻയുവിൽ മൊട്ടിട്ട പ്രണയം
ആന്ധ്രാപ്രദേശിലെ നർസാപുരത്ത് ഒരു പ്രശസ്ത തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തിൽ 1959 ജനുവരി 2 നാണ് പരകാല പ്രഭാകർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, പരകാല ശേഷാവതാരം, 1970 കളിലും 1980 കളുടെ തുടക്കത്തിലും ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് മന്ത്രിസഭകളിൽ സേവനമനുഷ്ഠിച്ച ദീർഘകാല നിയമസഭാംഗമായിരുന്നു. അമ്മ പരകല കാളികാംബയും ആന്ധ്രപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു. പഠിക്കാൻ മിടുക്കയായിരുന്നു പ്രഭാകർ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനനന്തരബിരുദത്തിന് പഠിക്കവെയാണ് നിർമ്മല സീതാരാമനെ കണ്ടുമുട്ടുന്നത്. അവർ പ്രണയത്തിലായി. 86ൽ വിവാഹിതരുമായി.
തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമല സീതാരാമന്റെ ജനനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായ നാരായൺ സീതാറാമിന്റെയും വീട്ടമ്മയായ സാവിത്രിയുടെയും മകളായി ജനനം. വളരെ കണിശ സ്വഭാവക്കാരനായിരുന്നു നിർമലയുടെ അച്ഛൻ. സാഹിത്യകുതുകിയായ അമ്മയാണ് പുസ്തങ്ങൾ അടക്കം നൽകി കുട്ടികൾക്ക് കൂട്ടായത്. റെയിൽവേയിലെ അച്ഛന്റ ജോലി കാരണം അടിക്കടിയുള്ള സ്ഥലംമാറ്റം നിർമ്മലയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ ജീവിതാനുഭവങ്ങളാണ്.
തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ മികവ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിർമ്മലയെ എത്തിച്ചു. അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഎഫിലും നേടി. ഇടതു ബുദ്ധിജീവികളുട പഠനക്കളരിയായ ജെഎൻയുവിലെ കാമ്പസിൽ പോലും രാഷ്ട്രീയ മോഹങ്ങൾ ഒന്നും നിർമ്മലയ്ക്ക് ഉണ്ടായിരുന്നില്ല. 80 കളിൽ ജെ.എൻ.യു വിദ്യാർത്ഥിയായ, സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ തമിഴ് ബ്രാഹ്‌മൺ യുവതിയായിരുന്നു നിർമ്മല സീതാരാമൻ എന്നാണ് ഒരു സുഹൃത്ത് എഴുതിയത്. 'ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ- യൂറോപ് വസ്ത്ര വിപണിയിൽ' എന്ന വിഷയത്തിലായിരുന്നു ജെഎൻയുവിൽ ഗവേഷണം. പക്ഷേ പിഎച്ച്ഡി പൂർത്തിയാക്കിയിരുന്നില്ല.
തികഞ്ഞ വിശ്വാസിയും കൃഷ്ണഭക്തയമായ നിർമ്മലയും, കോൺഗ്രസ് നേതാവും, ആധുനിക ജീവിതശൈലിയിൽ വിശ്വസിച്ച നെഹ്റുവിയൻ കാഴച്ചപാടുണ്ടായിരുന്ന പ്രഭാകറും തമ്മിൽ അന്നുതന്നെ ആശയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എൻഎസ്‌യുവിന്റെ ജെഎൻയു യൂണിറ്റ് പ്രസിഡന്റ് എന്ന നിലയിൽ തിളങ്ങി നിൽക്കയായിരുന്നു പ്രഭാകർ അന്ന്. കേന്ദ്രമന്ത്രിയായിരുന്നു പി വി നരസിംഹറാവുമായി അടുത്ത വ്യക്തിബന്ധം ആ വിദ്യാർത്ഥി കാലഘട്ടത്തിൽനന്നെ പ്രഭാകറിന് ഉണ്ടായിരുന്നു. പലകാര്യങ്ങളിലും റാവു അദ്ദേഹത്തോട് ഉപദേശവും തേടി. പക്ഷേ പ്രഭാകറിന്റെ ലാളിത്യവും പാണ്ഡിത്യവുമാണ് തന്നെ ആകർഷിച്ചതെന്ന് നിർമ്മല ഒരിക്കൽ പറിഞ്ഞിരുന്നു. പരമ്പരാഗത തമിഴ് ബ്രാഹ്‌മണ രീതികൾവെച്ച് പുലർത്തുന്നവർ ആയതുകൊണ്ട്, വിവാഹത്തിന് ആദ്യം വീട്ടുകാർക്ക് വലിയ താൽപ്പര്യം ഇല്ലായിരുന്നു. പ്രഭാകറിന്റെ കുടുബം തെലുങ്ക് ബ്രാഹ്‌മണർ ആയിരുന്നെങ്കിലും തമിഴ് -തെലുങ്ക് ഭാഷാ ദേശീയത ഒരു പ്രശ്നമായിരുന്നു. പക്ഷേ നിർമ്മലയുടെ ദൃഢനിശ്ചയം അവരുടെ മനസ്സുമാറ്റി. ഈ ജാതിപ്പൊരുത്തം അറിയാതെ വന്നുപെട്ടതാണെന്നാണ്, ഇവരുടെ സുഹൃത്തുക്കൾ പറയുന്നത്.
ഗവേഷണത്തിന് ലണ്ടനിൽ
പിന്നീട് പ്രഭാകർ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ ഗവേഷണത്തിന് ചേർന്നു. അപ്പോൾ നിർമ്മലയും അദ്ദേഹത്തെ അനുഗമിച്ചു. കുറച്ചു കാലം മാധ്യമപ്രവർത്തനം നടത്തിയ ചരിത്രവും നിർമ്മലയ്ക്കുണ്ട്. പഠനത്തിനു ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിലും ബിബിസിയിലും ജോലി ചെയ്തുകൊണ്ടാണ് നിർമല തന്റെ കരിയർ ആരംഭിക്കുന്നത്. (മാധ്യമരംഗത്ത ജോലി നൽകിയ പരിചയം മൂലം പത്രക്കുറിപ്പുകൾ സ്വന്തമായി തയ്യാറാക്കുന്ന പതിവ് ഇപ്പോഴും നിർമ്മലയ്ക്കുണ്ട്. നേരത്തെ ബിജെപി വക്താവ് ആയിരിക്കുമ്പോഴും ഈ കഴിവ് ഗുണം ചെയ്തിരുന്നു.) ഭർത്താവിന്റ ഗവേഷണ പഠനത്തിനായി ലണ്ടനിലേക്ക് പറിച്ചു നട്ട ജീവിതം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത് 1991ലാണ്. കോർപ്പറേറ്റ് മേഖലയിൽ വിദഗ്ദ്ധനായി അറിയപ്പെട്ട, ഭർത്താവിനൊപ്പം ആന്ധ്രയിലെ നർസാപുരത്താണ് അവർ സ്ഥിരതാമസമാക്കിയത്.
അതിനിടെ അവർ ഗർഭിണിയായി. ആന്ധ്രയിലെ ഭീകരമായ ചൂട് സഹിക്കാനാവാതെ ചെന്നൈയിലേക്ക് പ്രസവത്തിനായി വന്നപ്പോൾ വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടായത്. 91ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ലോക്‌സഭാ പ്രചാരണം നടക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി പെരുമ്പത്തൂരിൽ കൊല്ലപ്പെട്ടു. തുടർന്ന് ചൈന്നെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിർമ്മലാ സീതാരാമൻ മൂന്നു ദിവസമാണ് ചെന്നെയിലെ ആശുപത്രിയിൽ കുട്ടിയുമായി കുടുങ്ങിയത്. തുടർന്ന് സമാധാനത്തിന്റെ വെള്ളക്കൊടി കെട്ടിയ കാറിൽ ഡോക്ടറാണ് നിർമ്മലയെ വീട്ടിലെത്തിക്കുന്നത്.
ഭർത്താവിന്റെ തട്ടകമായ ഹൈദരബാദ് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് നിർമ്മലയുടെ ജീവിതം. ഹൈദരബാദിലെ പ്രണവ സ്‌ക്കൂളിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായി ഇവർ മാറി. വിദ്യാഭ്യാസ മേഖലയിലെ ഈ പ്രവർത്തനങ്ങൾ പിൽക്കാല രാഷ്ട്രീയത്തിൽ ഏറെ ഗുണം ചെയ്തതായി അവർ തന്നെ പറഞ്ഞിട്ടുണ്ട്.
ഭർത്താവിന്റെ വഴിയെ ബിജെപിയിലേക്ക്
ഇന്ന് ബിജെപിയെ നഖശിഖാന്തം വിമർശിക്കുന്ന പരകാല പ്രഭാകറാണ് ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതും, ഭാര്യയെ ആ പാർട്ടിയിലേക്ക് കൊണ്ടുവന്നതും.
വാജ്പേയ് സർക്കാറിന്റെ കാലത്താണ് പ്രഭാകർ ബിജെപി രാഷ്ട്രീയത്തിൽ സജീവമായത്. ആവർത്തിക്കുന്ന അഴിമതി കഥകളുമായി കോൺഗ്രസിൽ അപ്പോഴേക്കും തനിക്ക് വിശ്വാസം നഷ്ടപ്പെട്ടപോലെ ആയി എന്നാണ് പ്രഭാകർ ഇതേക്കുറിച്ച് പറയുന്നത്. മാത്രമല്ല, മോദിയുടെ തീവ്ര ഹിന്ദുത്വമായിരുന്നില്ല, വികസനം ആയിരുന്നു വാജ്പേയിയുടെ കാമ്പയിൻ. ആ അർത്ഥത്തിൽ ഒരു പുതിയ തുടക്കം എന്ന നിലയിലാണ് പ്രഭാകർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. പക്ഷേ അത് തനിക്ക് പറ്റിയ അബദ്ധമാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.
2000ത്തിൽ ആന്ധ്ര പ്രദേശ് ബിജെപി വക്താവായി, പരകാല പ്രഭാകർ മാറി. ഇതോടെ പതുക്കെ പതുക്കെ നിർമ്മലയും ബിജെപിയോട് അടുത്തൂ. അതിന് ഭർത്താവിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. തെലുങ്കുദേശം എൻഡിഎയിൽ ചേർന്നപ്പോൾ, ആന്ധ്രയിൽ ബിജെപിയും സമാന്തരമായി വളർന്നുവന്നു. സാമൂഹിക പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ, ദേശീയ വനിതാ കമ്മിഷനിലേയ്ക്ക് നിർമ്മല 2003ൽ എത്തി. അങ്ങിനെ സുഷമാ സ്വരാജ് അടക്കമുള്ളവരുമായി അടുക്കുന്നത്.
ഇതിന് ശേഷം, 2006ലാണ് നിർമ്മല ബിജെപി അംഗത്വം സ്വീകരിക്കുന്നത്. പക്ഷേ പരകാല പ്രഭാകർക്ക് അപ്പോഴേക്കും ബിജെപി മടുത്തിരുന്നു. 2007-ൽ സാക്ഷാൽ ചിരഞ്ജീവി പ്രജാരാജ്യം പാർട്ടി ഉണ്ടാക്കിയപ്പോൾ മനമിളകി പ്രഭാകർ ആ വഴിക്ക് പോയി. പക്ഷേ നിർമ്മല ബിജെപിയിൽ ഉറച്ച് നിന്നു. പഠിപ്പും വിവരവും വ്യക്തിത്വവുമുള്ളവളാണ് തന്റെ ഭാര്യയെന്നും, താൻ പറയുന്നത് കേൾക്കേണ്ട അടിമയല്ല എന്ന ധാരണ പ്രഭാകറിന് ഉണ്ടായിരുന്നു. അന്നുതൊട്ട് രണ്ടു പാർട്ടികളിലാണ് അവർ പ്രവർത്തിക്കുന്നു. അന്നേ ഈ ആശയ വൈരുദ്ധ്യവും ഉണ്ട്. പക്ഷേ അവർ അത് പരസ്പര ബഹുമാനത്തോടെ കൊണ്ടുപോവുന്നുവെന്ന് മാത്രം.
അതിനിടെ തെരഞ്ഞെടുപ്പുകളിൽ പ്രഭാകർ തുടർച്ചയായി തോൽക്കുകയും ചെയ്തു. പ്രായോഗിക രാഷ്ട്രീയത്തിൽ അദ്ദേഹം ഒന്നുമായിരുന്നില്ല. 94ലും 96ലും ആന്ധ്ര നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം തോറ്റു. 97ൽ ബിജെപിയിൽ ചേർന്നശേഷം, 98ൽ നരസിപ്പുര മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക്, ഡോ പ്രഭാകർ മത്സരിച്ചു. അവിടെയും തോൽവിയായിരുന്നു ഫലം. ഈ അടിക്കടിയുള്ള തോൽവികളും അദ്ദേഹത്തിന്റെ മനം മടുപ്പിച്ചിരിക്കണം.
പിന്നീട് പ്രഭാകർ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായും എഴുത്തുകാരനായും സാമ്പത്തിക ഉപദേഷ്ടാവായും നിറഞ്ഞുനിന്നു. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു ഡോ പ്രഭാകർ. പക്ഷേ ഭാര്യ നിർമലയാകട്ടെ ബിജെപിയിൽ ഉറച്ച് നിൽക്കുകയും വെച്ചടി വെച്ചടി കയറുകയും ചെയ്തു.
ഗഡ്ക്കരി ടീമിലുടെ വളർന്നു
പക്ഷേ 2009-ലെ തോൽവി ബിജെപിക്ക് വൻ പ്രഹരമായിരുന്നു. പാർട്ടി ആസ്ഥാനം പോലും ശോകമൂകമായി, പഴയ താരങ്ങൾ അപ്രസക്തരായി. ഇനിയാര് പാർട്ടി നയിക്കും എന്ന് ബിജെപി അമ്പരന്ന് നിൽക്കുമ്പോൾ ആർഎസഎസ് നിതിൻ ഗഡ്കരിയെ കൊണ്ടുവന്നു. ഗഡ്കരി ഒരു പുതു ടീമിനേയും. ആ ടീമിലെ അംഗമായി 2010ലാണ് നിർമല സീതാരാമൻ, ജെ.എൻ.യു കാലശേഷം, ഡൽഹിയിൽ സ്ഥിരവാസത്തിന് എത്തുന്നത്.
പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ വക്താവായി അവർ മാറി. കോട്ടൺ സാരിയും സൗമ്യതയും വടിവൊത്ത ഇംഗ്ലീഷും മുറി ഹിന്ദിയുമായി നിർമല സീതാരാമൻ പെട്ടന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്റ്റേജിൽ ഇടിച്ച് കയറിയില്ല, മറ്റ് വക്താക്കൾ സംസാരിക്കുമ്പോൾ കേൾവിക്കാരിയായിരുന്നു. പാർട്ടിയുടെ സമ്മർദ്ദ ഘട്ടങ്ങളിലെല്ലാം നിർമ്മലയുടെ വാക്ക് പ്രതിരോധ കവചം തീർത്തു. നരേന്ദ്ര മോദിയെ ദേശീയ നേതാവെന്ന പ്രതിഛായയിലേക്കുയർത്താൻ നിർമല വഹിച്ച പങ്ക് ചെറുതല്ല.
പക്ഷേ, രവിശങ്കർ പ്രസാദ് എന്ന, ധാർഷ്ട്യത്തിന്റെ ആൾ രൂപം നയിക്കുന്ന ദേശീയ വക്താക്കൾ ടീമിലെ ജൂനിയർ അംഗം മാത്രമായിരുന്നു അവർ. അതുകൊണ്ടുതന്നെ പലതവണ അവഗണന ഒരുപാട് ഉണ്ടായി. സുഷമ സ്വരാജ് ആയുള്ള സൗഹൃദമായിരുന്നു അക്കാലത്ത് അവരുടെ ആശ്വാസം. നിർമലയേക്കാൾ ജൂനിയറായി ദേശീയ വക്താവായി എത്തിയ മീനാക്ഷി ലേഖിയും മറ്റും വളരെപെട്ടെന്ന് ബിജെപിയുടെ താരമായി മാറി. 2014 തിരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിക്കടക്കം സീറ്റ് ലഭിച്ചപ്പോൾ നിർമല സീതാരാമൻ തഴയപ്പെട്ടു.
പ്രതിരോധ മന്ത്രിയിലേക്ക്
പക്ഷേ, തുടർന്നുവന്ന നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായത് പ്രശ്നമായി. അതോടെ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യു ഇക്ണോമിക്സ് പഠനം ഈ സമയത്ത് അവർക്ക് ഗുണം ചെയ്തു. സൗമ്യവും ദീപ്തവുമായ ഇടപെടലുകളെ തുടർന്ന്, നിർമ്മല വളരെ പെട്ടെന്ന് ശ്രദ്ധേയായി. വനിതാ നേതാക്കളുടെ ദൗർലഭ്യമുള്ള ബിജെപിയിൽ, മോദി അടക്കം അവരുടെ പ്രവർത്തനം ശ്രദ്ധിച്ചു.
വെറും മൂന്നേ മൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്കും അവർ പ്രതിരോധ മന്ത്രിയായി. ഇന്ത്യയിൽ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ പ്രതിരോധമന്ത്രി എന്ന കീർത്തിയും ഇതോടൊപ്പം നിർമ്മല സീതാരാമന് വന്നുചേർന്നു. നേരത്തെ പ്രധാനമന്ത്രി പദത്തിനൊപ്പം ഇന്ദിരാഗാന്ധി ഈ വകുപ്പു കൈകാര്യം ചെയ്തിരുന്നു. പ്രതിരോധം പോലെ ഒരു സുപ്രധാന വകുപ്പ് ഒരു തുടക്കക്കാരിയെ എൽപ്പിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഒട്ടേറെ. പക്ഷേ അവിടെയും അവർ ശരിക്കും തിളങ്ങി. പ്രോട്ടോകോൾ അനുസരിച്ച് ബിജെപി മുൻ അധ്യക്ഷൻ നിതിൻ ഗഡ്കരിയും വക്താക്കളെ നിയന്ത്രിച്ചിരുന്ന രവിശങ്കർ പ്രസാദും കേന്ദ്ര മന്ത്രിസഭയിൽ നിർമല സീതാരാമന് കീഴിലായി.
പ്രധാന മന്ത്രിയുടെ ഇടതും വലതും കാക്കുന്ന സൗത്ത് - നോർത്ത് ബ്ലോക്ക് വരേണ്യ നാൽവർ സംഘത്തിലെ ഒരാളായിട്ടും അവർ വിനയം കൈയൊഴിഞ്ഞില്ല. ഓഖി ദുരന്തം ഉണ്ടായപ്പോൾ തിരുവനന്തപുരത്തെത്തി രണ്ടുമിനിട്ട് സംസാരം കൊണ്ട് അവർ കടലിന്റെ മക്കളെ കൈയിലെടുത്തത് നാം കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്പോലും കൂവൽ കിട്ടിയ സമയത്തായിരുന്നു അതെന്ന് ഓർക്കണം. അക്ഷരങ്ങളെ സ്നേഹിക്കുന്ന പുസ്തകപ്രേമി, കർണ്ണാടക സംഗീതത്തെുയും കൃഷ്ണ ആരാധനയും ഇഷ്്ടപ്പടുന്ന ദക്ഷിണേന്ത്യക്കാരി, സർവ്വോപരി കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന കുടുംബിനി. ഇങ്ങനെയൊക്കെ മാധ്യമങ്ങൾ അവരെ വാഴ്‌ത്തി. നിർമ്മല ഉടുക്കുന്ന സാരിപോലും ട്രെൻഡിങ്ങ് ആയി!
രൂക്ഷ വിമർശനവുമായി ഭർത്താവ്
പക്ഷേ ഭാര്യ വളർന്ന് പന്തലിച്ചിട്ടും തന്റെ ആശയങ്ങൾ മാറ്റാൻ പ്രഭാകർ കൂട്ടാക്കിയില്ല. ഇതൊരു വ്യക്തിപരമായ കാര്യമല്ല ആശയപരമായ വിഷയമാണെന്നാണ് അദ്ദേഹം പറയുക. താൻ പറയുന്നത് ഭാര്യ കേൾക്കണം എന്ന കാഴ്ചപ്പാടും അദ്ദേഹത്തിനില്ല. വിവാഹം കഴിഞ്ഞപ്പോൾ നിർമ്മല സീതാരാമൻ എന്ന പേര് നിർമ്മല പ്രഭാകർ എന്നാക്കി മാറ്റാൻ അവർ ഒരുങ്ങിയതാണ്. പക്ഷേ അത് വേണ്ടെന്ന് പറഞ്ഞ് തടഞ്ഞത് പ്രഭാകർ തന്നെയാണ്.
ഭാര്യ പ്രതിരോധമന്ത്രിയായിരിക്കെയാണ് പ്രഭാകർ 'ദ ഹിന്ദു'വിൽ മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് ലേഖനമെഴുതുന്നത്. എറ്റവും രസകരം ഈ ദമ്പതികൾക്കുള്ള ഏക മകൾ, വാങ്്മയി ആ സമയത്ത് ഹിന്ദുവിൽ ജേർണലിസ്റ്റ് ആയിരുന്നുവെന്നതാണ്. ഇത് സ്വാഭാവികമായും വലിയ വാർത്തയായി. ബിജെപിയുടെ സാമ്പത്തിക നയം പൂർണപരാജയമാണെന്നും പ്രക്ഷുബ്ധമായ ഇന്ത്യൻ സാമ്പത്തിക രംഗത്തെ പൂർവസ്ഥിതിയിൽ എത്തിക്കാൻ നരസിംഹ റാവു മന്മോഹൻ സിങ് ദ്വയത്തിന്റെ സാമ്പത്തിക മാതൃക നടപ്പാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. നരസിംഹറാവുവും മന്മോഹൻ സിങ്ങും നടപ്പാക്കിയ പ്രവർത്തന രീതി കഴിഞ്ഞ കാൽനൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബിജെപിയുടെ രാഷ്ട്രീയ പദ്ധതിക്ക് സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗപ്പെടുത്തിയപോലെ നരസിംഹറാവുവിന്റെ സാമ്പത്തിക നയം ശക്തമായ അടിത്തറ നൽകും. ഇത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും സമ്പദ്വ്യവസ്ഥയെ നിലവിലെ അവസ്ഥയിൽ നിന്ന് കരകയറ്റാൻ ഒരു മാർഗ്ഗം പ്രദാനം ചെയ്യും. പാർട്ടി നിലവിലെ സാമ്പത്തിക ചിന്താഗതി മാറ്റുക. അല്ലാത്തപക്ഷം, ടെലിവിഷനിലും വാട്ട്‌സാപ്പ് ഫോർവേഡുകളിലും അലറിവിളിക്കുന്ന അനലിസ്റ്റുകൾ മാക്രോ ഇക്കണോമിക് ചിന്തഗതി ബിജെപിക്ക് നൽകുന്നത് തുടരും' -അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ 'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകവും രചിച്ചിരിക്കുന്നത്.
മോദി ഒരു ദുരന്തമെന്ന് തുറന്നടിക്കുന്നു
ഡോ. പരകാല പ്രഭാകർ പക്ഷേ തന്റെ വിമർശനം നിർത്തിയില്ല. കഴിഞ്ഞ മെയ് 14ന് പുറത്തിറങ്ങിയ 'ദ് ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്' എന്ന പുസ്തകം സത്യത്തിൽ മോദി സർക്കാറിനെ തൊലിയുരിക്കുകയാണ്. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുച്ചൂടും തകർത്ത ഭരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നും,
വികസനത്തിന്റെ പേരിൽ ഹിന്ദുരാഷ്ട്രമെന്ന അജൻഡ ഒളിച്ചു കടത്തുകയായിരുന്നു നരേന്ദ്ര മോദിയും ബിജെപിയുമെന്നും ഈ ലേഖനസമാഹാരത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു. ''വ്യാജപ്രചാരണങ്ങൾകൊണ്ട് ഓട്ടയടയ്ക്കുകയാണ് ഭരണകൂടവും അണികളും. 1990കൾക്കുശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതൽപ്പേരെ തള്ളിവിട്ട ഭരണമാണിത്. വിവിധ സൂചികകളിൽ ഇന്ത്യ പിന്നാക്കം പോയതു മറച്ചുവയ്ക്കുന്നു. 2016 മുതൽ രാജ്യത്തെ തൊഴില്ലായ്മയെക്കുറിച്ചു സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല. വികസന വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഗൂഢഅജൻഡകൾ നടപ്പാക്കുന്നു. പുതിയ യുഗം കൊണ്ടുവന്നെന്നു നേതാവിനെ അന്ധമായി ആരാധിക്കുന്ന അണികൾ വിശ്വസിക്കുന്നു. സർക്കാരിനെ ഉപദേശകർ നോട്ടുനിരോധനം പോലെ സമ്പദ്വ്യവസ്ഥയെ തകർത്ത തീരുമാനങ്ങളിലേക്കു നയിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പണം വാരിയെറിഞ്ഞ് അട്ടിമറിക്കുന്നു. തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുന്നു. സ്വച്ഛഭാരത് പോലെ പല മുദ്രാവാക്യങ്ങളുണ്ടാക്കി പ്രചണ്ഡമായ പ്രചാരണങ്ങൾ നടത്തുന്നു. അത്തരം പദ്ധതികളിൽ ഒന്നും നടക്കുന്നില്ല.
ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയിൽ 79% ചെലവിട്ടത് പരസ്യത്തിനായിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നിട്ടും ആ രീതിക്കു മാറ്റമില്ല. യുവതലമുറയിൽ അന്ധമായ ആരാധനയും സൈനികവാദവും ആക്രമണോത്സുകമായ മതചിന്തയും കുത്തിവക്കുന്നു. പരമോന്നത നേതാവു പറയുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്നവരെ വളർത്തിയെടുത്തു. അന്വേഷണഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുന്നു. മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു, ഭീഷണിപ്പെടുത്തുന്നു. പൊതുസമൂഹത്തോട് യുദ്ധം ചെയ്യാൻ ജുഡീഷ്യറിയെയും കൂട്ടുപിടിക്കുന്നു. സ്വന്തം ജനങ്ങളോടു യുദ്ധം ചെയ്യുന്ന സർക്കാർ അതിർത്തിയിൽ ചൈന നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ചു മിണ്ടുന്നില്ല. ആസൂത്രണ ബോർഡിനു പകരം കൊണ്ടുവന്ന നിതി ആയോഗ് ഒരു ക്രിയാത്മകനിർദ്ദേശവും മുന്നോട്ടു വയ്ക്കുന്നില്ല.'' - ഇങ്ങനെ അതിരൂക്ഷമായ വിമർശനമാണ് തന്റെ ഭാര്യകൂടി അംഗമായ കാബിനറ്റിനെതിരെ പരകാല പ്രഭാകർ നടത്തുന്നത്.
2024-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
'സാമ്പത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്വ്യവസ്ഥ പൂർണ തകർച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമർശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ അവരോടെല്ലാം പറയുന്നു, ബദൽ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കും' -ഡോ. പ്രഭാകർ പറയുന്നു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് സർക്കാർ പ്രതിനിധികളും മന്ത്രിമാരും തെറ്റായ വിവരങ്ങളാണ് ജനങ്ങളോട് പറയുന്നതെന്ന് പ്രഭാകർ പറഞ്ഞു. 'കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മൾ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാർട്ടിക്ക് തുടക്കം മുതലേ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിർത്തു. ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല.''- പ്രഭാകർ തുറന്നടിക്കുന്നു.
അവർ വഴിപിരിഞ്ഞോ?
നമ്മുടെ പരമ്പാരഗതമായ ഒരു ധാരണയും നടപ്പുശീലങ്ങളുമൊക്കെ ഭർത്താവ് പറയുന്നത് ഭാര്യ വിനീതയായി അനുസരിക്കുന്നതാണ്. അല്ലെങ്കിൽ ഉയർന്ന പൊസിഷനിൽ ഇരിക്കുന്ന പങ്കാളിയെ ഏത് രീതിയിലും പിന്തുണക്കുന്നവരെയാണ് നമുക്ക് കണ്ടുപരിചയം. പക്ഷേ ഒരേ കൂരക്ക് കീഴിൽ കഴിഞ്ഞുകൊണ്ട് രാജ്യത്തിന്റെ അതിനിർണ്ണയകമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ച്, വ്യത്യസത അഭിപ്രായം പറയാൻ കഴിയുന്നവരെ നമുക്ക് കേട്ടുകൾവിയില്ല. അതാണ് ഈ ബന്ധത്തിൽ സംഭവിക്കുന്നത്. ഏറ്റവും വിചിത്രം പ്രഭാകറിന്റെ വിമർശനങ്ങളെ മീഡിയ ആഘോഷിക്കുമ്പോൾ, ഒരിക്കൽപോലും അതേക്കുറിച്ച് ബിജെപി പ്രതികരിക്കയോ, നിർമ്മലയോട് വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. വാർത്താ സമ്മേളനങ്ങളിൽ ഇത് സംബന്ധിച്ച ചോദ്യ വരുമ്പോൾ ബിജെപി നേതാക്കാൾ ഒഴിച്ച് മാറുകയാണ് ചെയ്യാറുള്ളത്.
എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും, കേരളത്തിലെ സൈബർ സഖാക്കളും ഇസ്ലാമിസ്റ്റുകളുമൊക്കെ ധനമന്ത്രിയുടെ ഭർത്താവിനുപോലും, ഭാര്യയെ വിശ്വാസമില്ല എന്ന രീതിയിലും, ട്രോളുണ്ടാക്കിയും ഈ വിഷയം ആഘോഷിക്കാറുണ്ട്. പരകാല പ്രഭാകറും ഒരിക്കലും നിർമ്മലാ സീതാരാമനെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ചാനൽ ചർച്ചകളിലും ടോക്ക് ഷോകളിലുമൊക്കെ ചർച്ച വ്യക്തിപരമായ രീതിയിലേക്ക് പോകുമെന്ന് തോനുമ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറുകയാണ് പതിവ്.
പക്ഷേ ഇപ്പോൾ ചില ഇംഗ്ലീഷ് പത്രങ്ങൾ നൽകുന്ന സൂചനകൾ ഈ ദമ്പതികൾ തമ്മിൽ മാനസികമായി പിരിഞ്ഞു എന്നതാണ്. ഔദ്യോഗികമായി ഡിവോഴ്സ് ആയിട്ടില്ലെങ്കിലും, കഴിഞ്ഞ കുറേക്കാലമായി ഇവർ വേർപിരിഞ്ഞാണ് താമസം. മന്ത്രിയെന്ന നിലയിൽ നിർമ്മല ഡൽഹിയിലും, പ്രഭാകർ തന്റെ എഴുത്തും വായനയുമായി ഹൈദരബാദിലുമാണ് താമസം. മാധ്യമ പ്രവർത്തകനായ എക മകൾ വാങ്്മയിയും ജോലിത്തിക്കിലാണ്. 2014ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹൈദരബാദിലെ ഒരു പോളിങ്ങ് ബൂത്തിൽനിന്ന് ഒരുമിച്ച് വോട്ട് ചെയ്ത് ഇറങ്ങിവരുന്നതാണ് ഈ ദമ്പതികൾ തമ്മിൽ ഒന്നിച്ചുള്ള അവസാനത്തെ ഫോട്ടാ. പക്ഷേ വ്യക്തിപരമായി ഇവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും കുടുംബ സുഹൃത്തുക്കൾ പറയുന്നുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഭാര്യക്ക് വിഷമം ആവും എന്ന് കരുതി, ഈ ഭർത്താവ് വിമർശനം കുറക്കില്ല. ഭർത്താവ് പറയുന്നത് കേട്ട് താൻ ശരിയെന്ന് വിശ്വസിക്കുന്ന ആശയങ്ങളിൽ അണുവിട മാറ്റം വരുത്താൻ ഭാര്യയും തയ്യാറാവില്ല. എന്നാലും ഇരുവർക്കും ഇടയിൽ വ്യക്തിപരമായ ഈഗോകൾ ഒന്നുമില്ല താനും. അപുർവങ്ങളിൽ അപൂർവമായ കോമ്പോ എന്നേ പറയാനുള്ളൂ.
വാൽക്കഷ്ണം: നിർമ്മലാ സീതാരാമൻ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്. 'സമചിത്തതയോടെ എല്ലാകാര്യങ്ങളേയും സമീപിക്കുക എന്നതാണ് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉപദേശം. ഞാൻ എപ്പോഴും അങ്ങിനെയാണ്. സമവായത്തിന്റ വഴിയാണ് തെരഞ്ഞെടുക്കുക. അതിരൂക്ഷമായ പ്രതികരണം ഒരിക്കലും എന്നിൽ നിന്നുണ്ടാവില്ല.' - ഈ ജീവിത വീക്ഷണം തന്നെയാവണം ഒരുപക്ഷേ ഇത്രയും, വൈരുധ്യങ്ങൾക്കിടയിലും അവരുടെ ദാമ്പത്ത്യത്തെ, നിലനിർത്തിക്കൊണ്ടുപോകുന്നതും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ