- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നക്‌സൽ അനുഭാവിയിൽ നിന്ന് ആർ എസ് എസിലേക്ക്; 50 കോടി ആസ്തിയുള്ള സംരംഭകൻ; ബിജെപിയെ സാമ്പത്തിക അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിച്ച നേതാവ്; കേരള ദേശീയപാത വികസനത്തിലെ മാസ്റ്റർ ബ്രയിൻ; ആശയങ്ങളുടെ രാജാവായിട്ടും പാർട്ടിയിൽ അനഭിമതൻ; ഇന്ത്യയുടെ റോഡ് മാൻ! നിതിൻ ഗഡ്ക്കരി വീണ്ടും വാർത്തകളിൽ
''ഞാൻ നക്‌സൽ അനുഭാവിയായിട്ടാണ് തുടങ്ങിയത്. പിന്നെയാണ് ബിജെപിയിൽ എത്തിയത്. ഇങ്ങനെപോയാൽ നിങ്ങളുടെയൊക്കെ മുകളിലൂടെ ബുൾഡോസർ കയറ്റാൻ മടിക്കില്ല.' -ഇത് പറഞ്ഞത് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ്. 2019ൽ കേരളത്തിൽ ദേശീയപാത വികസനം നടപ്പാക്കാത്തതിൽ ക്ഷുഭിതനായ ഗഡ്കരി തന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഇങ്ങനെ പരസ്യമായി ശാസിച്ചത് വാർത്തയായിരുന്നു!
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കാര്യപ്രാപ്തിയുള്ള, ദീർഘവീക്ഷണമുള്ള, നേതാവ് ആര് എന്ന ചോദ്യം ചോദിച്ചാൽ ഓരോരുത്തരും മറുപടി പറയുക, അവനവന്റെ രാഷ്ട്രീയ താൽപ്പര്യം അനുസരിച്ചാണ്. പക്ഷേ നിഷ്പക്ഷമായി ചിന്തിക്കുന്ന, പ്രവർത്തന മികവിനെ വിലയിരുത്തി മാർക്കിടുന്നവരുടെ ഗ്രൂപ്പിൽ എത്തിയാൽ വോട്ട് വീഴുക, മഹാരാഷ്ട്രയിലെ ഈ നേതാവിലേക്കാണ്. അതാണ് നിതിൻ ജയറാം ഗഡ്കരി എന്ന 65കാരൻ.
ആശയങ്ങളാൽ സമ്പന്നമായ മനസ്സുള്ള വ്യക്തിയായാണു ഗഡ്കരി. ദ മാൻ ഓഫ് വിഷൻസ് എന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള പത്രങ്ങൾ വിശേഷിപ്പിക്കുന്നു. കടുത്ത ബിജെപി വിരുദ്ധ ചാനലായ എൻഡിടിവിപോലും, ഗഡ്ക്കരിയുടെ കഴിവിനെ അംഗീകരിക്കുന്നു. മഹാരാഷ്ട്രയിൽ മരാമത്തുമന്ത്രിയായിരുന്നപ്പോൾ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ അയാൾ കാട്ടിയ മാജിക്ക് മറക്കാനാവില്ല. തലയിൽ ഒരു ലോഡ് ആശയങ്ങളുമായി ജീവിക്കുന്ന നേതാവാണ് ഗഡ്ക്കരി. വാജ്പേയി സർക്കാരിന്റെ കാലത്ത് രാജ്യത്താകെ നടപ്പാക്കാവുന്ന ആശയങ്ങളുമായാണ് അയാൾ ഡൽഹിയിൽ വന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ഗഡ്കരിയുടെ മനസ്സിലാണ് പിറന്നത്. കേരളത്തിൽ ദേശീയപാത വികസനത്തിനു സ്ഥലമെടുക്കാൻ തടസ്സങ്ങളുണ്ടായപ്പോൾ ഗഡ്കരി പോംവഴികൾ നിർദ്ദേശിച്ചു. ഊർജ ഉൽപാദനത്തിൽ കേരളത്തിലെ നദികളെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ അദ്ദേഹത്തിന്റെ കൈയിൽ ആശയങ്ങളുണ്ട്.
ഇത്രയും കാലിബർ ഉള്ള ഒരു നേതാവ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് പ്രവർത്തന മികവിന്റെ പേരിലല്ല, സ്വന്തം പാർട്ടിയിൽനിന്ന് അവഗണിക്കപ്പെടുന്നതിന്റെ പേരിലാണ്. രണ്ടുമാസം മുമ്പാണ് ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയെ ഒഴിവാക്കിയത്. അതിന് അനൗദ്യോഗികമായി പറയപ്പെട്ട കാരണം പ്രായമാണ്. 65 വയസ്സ് എന്നത് ബിജെപിയിൽ ഒരു പദവിക്കും അയോഗ്യതയുണ്ടാക്കുന്ന പ്രായമല്ല. പാർട്ടിയുടെ മുൻ അധ്യക്ഷനാണ് ഗഡ്കരി എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, പ്രായവാദം ചമയ്ക്കപ്പെട്ടതായിരുന്നു എന്നു വ്യക്തം.
ഇതോടെ ഗഡ്കരിക്കു വൈകാതെ കേന്ദ്രമന്ത്രിസ്ഥാനവും നഷ്ടപ്പെടാമെന്ന വിലയിരുത്തലും ഡൽഹിയിലുണ്ടായി. അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘവുമായി ഗഡ്ക്കരി അടുപ്പത്തില്ല എന്നാണ് പൊതുവെയുള്ള പറച്ചിൽ. ആർഎസ്സ് നേതൃത്വം ഇടപെട്ടിട്ടും ഈ പ്രശ്നം സന്ധിയാവാതെ കിടക്കയാണ്. അങ്ങനെ ഗഡ്ക്കരി വീണ്ടും ദേശീയ മാധ്യമങ്ങളുടെ തലക്കെട്ട് പിടിക്കയാണ്.
ഇന്ത്യയുടെ റോഡ് മാൻ
ഇന്ത്യയുടെ റോഡ് മാൻ എന്നാണ് കടുത്ത ബിജെപി വിരുദ്ധരായ എൻഡിടിവിപോലും ഗഡ്ക്കരിയെക്കുറിച്ച് പറയുന്നത്. മഹാരാഷ്ട്ര മോഡലിൽ ഇന്ത്യയിൽ നല്ല റോഡുകൾ ഉണ്ടായത് ഗഡ്ക്കരിയുടെ കാലത്താണ്. റോഡുകളുടെ കാര്യത്തിലുള്ള പ്രത്യേക താൽപര്യത്തെക്കുറിച്ചു ചോദിച്ചാൽ, ഗഡ്കരി പറയുക യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വാക്കുകളാണ്: 'അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അമേരിക്കയിൽ നല്ല റോഡുകളുള്ളത്, അമേരിക്കയിൽ നല്ല റോഡുകളുള്ളതുകൊണ്ടാണ് അമേരിക്ക സമ്പന്നമായിരിക്കുന്നത്.'
'നല്ല ആർഎസ്എസുകാർക്കും നല്ല ഓറഞ്ചിനും പേര് കേട്ട ജില്ല' എന്നാണ് തന്റെ ജന്മനാടായ നാഗ്പ്പൂരിനെ കുറിച്ച് ഗഡ്ക്കരി തമാശ പറയുക. ആർഎസ്എസിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ നാഗ്പൂരിൽ, ഒരു ഇടത്തരം ബ്രാഹ്‌മണ കുടുംബത്തിൽ ജയറാം ഗഡ്കരിയുടേയും ഭാനുതായുടേയും മകനായി 1957 മെയ് 27നാണ് അദ്ദേഹം ജനിച്ചത്. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി. ഒരു സംരഭകൻ കൂടിയായ നിതിൻ ഗഡ്കരിയുടെ വിദ്യാഭ്യാസ യോഗ്യത എം.കോം, എൽ.എൽ.ബിയാണ്. അഭിഭാഷകൻ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. തനിക്ക് കുറച്ചുകാലം നക്സലിസത്തോട് അനുഭാവം ഉണ്ടായിരുന്നെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പക്ഷേ പിന്നീട് ആർഎസ്എസിൽ ഉറച്ചു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ കാമ്പസുകളിൽ പ്രതികരിച്ചുകൊണ്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ആശയങ്ങളിൽനിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. നാഗ്പൂരിലെ ആർഎസ്എസ് നേതൃത്വത്തിന് ആ ഊർജസ്വലനായ യുവാവിനെ അവഗണിക്കാൻ കഴിഞ്ഞില്ല. ഇന്നും ആർഎസ്എസ് തന്നെയാണ് ഗഡ്ക്കരിയുടെ ഏറ്റവും വലിയ ബലം. ഈ പിന്തുണയോടെ അദ്ദേഹം, യുവമോർച്ചയുടെയും ബിജെപിയുടെയും നേതൃത്വത്തിലെത്തി. 1989-ൽ ആദ്യമായി മഹാരാഷ്ട്ര നിയമസഭ കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടർച്ചയായി നാലു തവണ ഇതേ സ്ഥാനത്തേക്ക് ജയിച്ചുകയറി.
ആധുനിക മഹാരാഷ്ട്രയുടെ ശിൽപ്പി
നിതിൻ ഗഡ്ക്കരി ഒരു ഭരണാധികാരി എന്ന നിലയിൽ പേരെടുക്കുന്നത് അദ്ദേഹം 1995-99 കാലത്ത് മഹാരാഷ്ട്ര സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാതോടൊയണ്. ശരിക്കും ആധുനിക മറാത്തയുടെ ശിൽപ്പി എന്ന് അദ്ദേഹത്തെ വേണമെങ്കിൽ പറയാം. അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബിഒടി (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ), പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) എന്നിവ ആദ്യമായി സ്വീകരിച്ചത് ഗഡ്ക്കരിയാണ്. പിന്നീട് അത് രാജ്യം എമ്പാടും തരംഗമായി. ഇന്ത്യയിലെ ആദ്യത്തെ എക്സ്‌പ്രസ് വേയായ മുംബൈ-പൂണെ എക്സ്‌പ്രസ് വേയും, മുംബൈയിലെ 55 ഫ്‌ളൈഓവറുകളും റെക്കോർഡ് സമയത്തിൽ യാഥാർത്ഥ്യമാക്കുന്നതിൽ ഈ ആശയം നിർണായകമായിരുന്നു. ബിഒടിയും പിപിപിയും ആദ്യമായി കൊണ്ടുവരുമ്പോൾ, ബിജെപിക്ക് അകത്തുപോലും എതിർപ്പുണ്ടായിരുന്നു. എന്നാൽ ആധുനികതയുടെയും ഉദാരീകരണത്തിന്റെയുമൊക്കെ പ്രയോഗിക വക്താവ് ആയിരുന്നു ഗഡ്ക്കരി ആ എതിർപ്പുകളെ കൃത്യമായി വിശദീകരിച്ച് രോഷം ഒതുക്കി.
സത്യത്തിൽ സ്വദേശി ജാഗരൺ മഞ്ച് എന്ന പ്രസ്ഥാനവുമായി നടന്നിരുന്ന ബിജെപിയുടെ സാമ്പത്തിക അന്ധവിശ്വാസങ്ങൾ മാറ്റിയെടുത്ത് ആധുനികവത്ക്കരിച്ചത് ഗഡ്ക്കരിയാണ്. എല്ലാവരും പൊതുമേഖലക്ക് വേണ്ടി വാദിക്കുമ്പോൾ, ക്യാപറ്റിലിസത്തിന്റെ സാധ്യതകൾ കൃത്യമായി മനസ്സിലാക്കി സ്വകാര്യവത്ക്കരണത്തിനുവേണ്ടി വാദിച്ച വ്യക്തിയാണ് അദ്ദേഹം. സ്വകാര്യ നിക്ഷേപകർ, കരാറുകാർ, നിർമ്മാതാക്കൾ, വിവിധ വ്യാപാര സംഘടനകൾ എന്നിവരുമായി നിരവധി മീറ്റിംഗുകൾ നടത്തി. ബജറ്റ് പദ്ധതികൾ സ്വകാര്യ സംരംഭകരിലേക്ക്കൂടി തിരിച്ചുവിട്ടു.
അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാന സർക്കാർ ഗ്രാമീണ റോഡ് കണക്റ്റിവിറ്റിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. അടുത്ത നാല് വർഷത്തിനുള്ളിൽ, മഹാരാഷ്ട്രയിലെ റോഡ് കണക്റ്റിവിറ്റി ജനസംഖ്യയുടെ 98 ശതമാനം വരെ വ്യാപിപ്പിച്ചു. 13,736 വിദൂര ഗ്രാമങ്ങളെ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്. അമരാവതി ജില്ലയിലെ വിദൂരമായ മെൽഘട്ട്-ധർണി പ്രദേശത്തെ പോഷകാഹാരക്കുറവ് പരിഹരിക്കാനും ഇത് സഹായിച്ചു. മുമ്പ് വൈദ്യസഹായമോ റേഷനോ വിദ്യാഭ്യാസ സൗകര്യങ്ങളോ ലഭ്യമല്ലായിരുന്ന പ്രദേശങ്ങിൽ റോഡ് വന്നത് എല്ലാ അർഥത്തിലും വിപ്ലവമായി. ' നല്ല റോഡുകളുള്ളതുകൊണ്ടാണ് അമേരിക്ക സമ്പന്നമായിരിക്കുന്നത്' എന്ന തന്റെ പ്രിയ നേതാവ് കെന്നഡിയുടെ വാക്കുകൾ ഗഡ്ക്കരി അന്വർഥമാക്കി.
52-ാം വയസ്സിൽ ബിജെപി ദേശീയ പ്രസിഡന്റ്
മഹാരാഷ്ട്രയിൽ ഉണ്ടായ ഈ അടിസ്ഥാന വികസനം വലിയ വാർത്തയായി. അതോടെയാണ് നിതിൻ ഗഡ്ക്കരി ഇന്ത്യയാകമാനം ശ്രദ്ധിക്കപ്പെടുന്നത്. അതോടെ ദേശീയ ഗ്രാമീണ റോഡ് വികസന സമിതിയുടെ ചെയർമാനായി കേന്ദ്രസർക്കാർ അദ്ദേഹത്തെ നിയമിച്ചു. നിരവധി യോഗങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഗഡ്കരി തന്റെ റിപ്പോർട്ട് പ്രധാനമന്ത്രി വാജ്‌പേയിക്ക് നൽകി. അത് അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് 600 ബില്യൺ മൂല്യമുള്ള ഗ്രാമീണ റോഡ് ബന്ധിപ്പിക്കൽ പദ്ധതിയായ പ്രധാന്മന്ത്രി ഗ്രാം സഡക് യോജന ആരംഭിച്ചത്. അതും ഇന്ത്യ കണ്ട ഏറ്റവും വലിയ റോഡ് വിപ്ലവമായി മാറി.
ആ സമയത്ത് മറാത്തയിലെ ഏറ്റവും ജനപ്രിയ നേതാവായും അദ്ദേഹം മാറി. 2005ൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി. അവിടെയും അദ്ദേഹം ശോഭിച്ചു. വെറും നാലുവർഷം കൊണ്ട് 2009ൽ 52ാം വയസ്സിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ഉയർത്തപ്പെട്ടു. പക്ഷേ പാർട്ടി ദേശീയ പ്രസിഡന്റ് എന്ന നിലയിൽ ദുർഘടമായ ഒരു സമയം ആയിരുന്നു അത്. തുടർച്ചയായി രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ട ഒരു സമയമായിരുന്നു അത്.
പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഗഡ്കരി, ദീൻ ദയാൽ ഉപാധ്യയുടെ ഇന്റഗ്രൽ ഹ്യൂമനിസം എന്ന തത്വങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടത്. വിവിധ ബിജെപി സംസ്ഥാന ഗവൺമെന്റുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പതിവായി നിരീക്ഷിക്കുന്നതിനും പുതിയ നയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നതിനുമായി പാർട്ടിക്കുള്ളിൽ വിവിധ സെല്ലുകൾ രൂപീകരിച്ചു. പക്ഷേ അക്കാലത്ത് ബിജെപിയിൽ ഉൾപാർട്ടി പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒരേസമയം രാഷ്ട്രീയക്കാരനും സംരംഭകനുമായിരുന്നു ഗഡ്ക്കരി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചില കമ്പനികളുടെ വളർച്ച ബിജെപിയുമായി കൂട്ടിക്കെട്ടി ചില പ്രചാരണങ്ങളും വന്നിരുന്നു. ഇതിന്റെയൊക്കെ ഫലമായി ഗഡ്കരി 2013 ജനുവരിയിൽ പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
പക്ഷേ ഗഡ്ക്കരിയുടെ രാഷട്രീയ ജീവിതം അതോടെ കഴിഞ്ഞു എന്ന് കരുതിയവർ ഉണ്ട്. പക്ഷേ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ കുതിച്ച് ഉയരുകയാണ് ഉണ്ടായത്.
2019ലെ ബദൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി
നിസ്സാരവോട്ടിന്റെ മാർജിന് കഷ്ടിച്ച് കയറിക്കൂടുന്ന നേതാവല്ല ഗഡ്ക്കരി. മത്സരിച്ചപ്പോഴൊക്കെ ലക്ഷങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാഗ്പൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിലാസ് മുട്ടേംവാറിനെ 2,85,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2019ൽ സീറ്റ് നിലനിർത്തിയത്, 2,16,000 വോട്ടിനും.
2014 മെയ് മാസത്തിൽ അദ്ദേഹം ഗതാഗത,- ഷിപ്പിങ് മന്ത്രിയായി. രാജ്യത്തിന്റെ റോഡ് വികസനം ഇത്രയേറെ വർധിച്ച ഒരു കാലം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇമേജും കുത്തനെ ഉയർന്നു. ഒരു ഘട്ടം എത്തിയപ്പോൾ 2019ൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ, കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കേണ്ടത് ഗഡ്ക്കരിയാണെന്ന് വരെ അഭിപ്രായം ഉയർന്നു. കാരണം എൻഡിഎയിലെ ഘടകക്ഷികൾക്ക് മോദിയേക്കാൾ അടുപ്പം ഗഡ്ക്കരിയോട് ആയിരുന്നു.
രണ്ടാം മോദി മന്ത്രിസഭയുടെ കാലത്ത്, ഗഡ്കരി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിലനിർത്തി. പക്ഷേ ഷിപ്പിങ്, ജലവിഭവം, നദി വികസനം, ഗംഗാ പുനരുജ്ജീവന മന്ത്രാലയങ്ങൾ എന്നിവ അദ്ദേഹത്തിന് നഷ്ടമായി. 2019 മെയ് 31ന് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് കൊടുത്തതും പിന്നീട് തിരിച്ചുപിടിക്കപ്പെട്ടു. പാർട്ടിയിൽ അമിത്ഷാ രണ്ടാമതായി ഉയർന്നതോടെ മുതിർന്ന നേതാക്കൾ ഒതുക്കപ്പെടുകയാന്നെ ധാരണ വന്നു. ഇവിടെയും ആർഎസ്എസിന്റെ ഇടപെടലാണ് സമ്പൂർണ്ണ ഒതുക്കലിൽനിന്ന് ഗഡ്ക്കരിയെ രക്ഷിച്ചത്.
പക്ഷേ ഗതാഗതി മന്ത്രിയെന്ന നിലയിൽ അപ്പോഴും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിൽ അടക്കം ദേശീയപാതാ വികസനത്തിന് രാഷ്ട്രീയ ഭിന്നത നോക്കാതെ ഗഡ്ക്കരി നൽകിയ പിന്തുണ മറക്കാൻ ആവില്ല. ഇപ്പോൾ. ഹരിത ഇന്ധന വാഹനങ്ങൾക്കായും ഇന്ത്യൻ വാഹനങ്ങളെ വൈദ്യുതവത്ക്കരിക്കുക എന്ന മഹത്തായ ലക്ഷ്യവുമായി അദ്ദേഹം നിരന്തരം ജോലി ചെയ്യുന്നു.
കോടീശ്വരനായ സംരംഭകൻ
രാഷ്ട്രീയത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരു സംരംഭകൻ എന്ന നിലയിലും പേരെടുത്തു. ബിനാമി കമ്പനികൾ തുടങ്ങുകയും അഴിമതി നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ മാത്രമേ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഗഡ്ക്കരി പരസ്യമായാണ് വ്യവസായം നടത്തിയത്്. അതിൽ അദ്ദേഹം അഭിമാനിക്കയും ചെയ്തു. ഗഡ്ക്കരിയുടെ നേതൃത്വത്തിൽ പടുത്തുയർത്തിയ ഒരു ഡസനോളം കമ്പനികൾ ഉണ്ട്. ഇവയുടെ മൊത്തം ആസ്തി 50 കോടിയാണ്. നൂറുകണക്കിന് ആളുകൾക്ക് തൊഴിലും ഇത് വഴി കിട്ടുന്നു.
'കേതകി ഓവർസീസ് ട്രേഡിങ് കമ്പനി' എന്ന ബാനറിൽ പഴം കയറ്റുമതി ആരംഭിച്ചാണ് അദ്ദേഹം വ്യവസായ ലോകത്ത് കാലെടുത്തൂവച്ചത്. പുർതി ഗ്രൂപ്പിന്റെ ബാനറിൽ വിദർഭയിൽ 17 പഞ്ചസാര തോട്ടങ്ങളും അദ്ദേഹത്തിന്റെ കമ്പികൾക്ക് ഉണ്ട്. 2012ൽ, ആർടിഐ ആക്ടിവിസ്റ്റ് അഞ്ജലി ദമാനിയ കണ്ടെത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഈ കമ്പനികൾ മാധ്യമ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. പക്ഷേ ഗഡ്കരി മാനനഷ്ടക്കേസ് ഫയൽ ചെയ്തപ്പോൾ കെജ്രിവാൾ നിരുപാധികം മാപ്പ് പറഞ്ഞു.
ഗഡ്കരിയുടെ പിഡബ്ല്യുഡി മന്ത്രിയായ കാലത്ത് ഭീമമായ റോഡ് കരാറുകൾ നേടിയ ഐആർബി ഗ്രൂപ്പിനെകുറിച്ചും വിവാദം ഉണ്ടായി. ഗഡ്കരിയുടെ മകൻ നിഖിൽ ആ സമയത്ത് ഐആർബിയുടെ ഡയറക്ടറായിരുന്നു. പക്ഷേ രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവിയായ ഒഴിഞ്ഞ് മാറൽ അല്ല അദ്ദേഹം ഇവിടെ നടത്തിയത്. ഇത് തനിക്ക് കൂടി പങ്കാളിത്തമുള്ള കമ്പനിയാണെന്നും, തങ്ങൾ കൃത്യമായി ടെൻഡറുകളിൽ പങ്കെടുത്താണ് കരാർ നേടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി അധ്യക്ഷനായി ഗഡ്കരി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ ആരോപണങ്ങൾ പുറത്തുവന്നത്. 2012ലെ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള നിരവധി റാലികളിൽ ഗഡ്കരി പ്രസംഗിക്കാനിരിക്കയായിരുന്നു. അപ്പോഴാണ് 'ഗഡ്കരിയുടെ സാന്നിധ്യം 'ബിജെപിയുടെ അഴിമതി വിരുദ്ധ പ്രചാരണത്തെ ബാധിക്കുന്നു' എന്ന് ബിജെപി നേതാവ് ശാന്ത കുമാർ അഭിപ്രായപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്. തുടർന്ന്, ഒക്ടോബർ 30ന് ബിലാസ്പൂരിലും സോളനിലും നടത്താൻ നിശ്ചയിച്ചിരുന്ന റാലികൾ ഗഡ്കരി റദ്ദാക്കി.
2013ന്റെ തുടക്കത്തിൽ, ബിജെപി ദേശീയ അധ്യക്ഷ പദവിയിൽ ഗഡ്കരി രണ്ടാം ഇന്നിങ്‌സിന് അടുത്തിരുന്നു. പക്ഷേ വിവാദങ്ങൾ ബാധിച്ചു. അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിയുന്നത് വരെ സ്ഥാനമൊഴിയുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം രാജിവെച്ചത്. 2013 മെയിൽ ഗഡ്കരിയുടെ സ്ഥാപനങ്ങൾ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി വാർത്തവന്നു. പക്ഷേ ഗഡ്ക്കരി കേസ് കൊടുത്തപ്പോൾ, ഇത് ആരോപിച്ച കോൺഗ്രസ് കേന്ദ്രമന്ത്രി മനീഷ് തിവാരി ക്ഷമാപണം നടത്തി. ഗഡ്കരി ഈ അഴിമതിയിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. 2014 മെയ് 13 ന് മഹാരാഷ്ട്രയിലെ ആദായനികുതി വകുപ്പ് നിതിൻ ഗഡ്കരിയുടെ പേര് നീക്കം ചെയ്യുകയും നിലവിൽ അന്വേഷണമൊന്നും ഇല്ലെന്ന് പറഞ്ഞ് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
ചൈനീസ് ബഹിഷ്‌ക്കരണത്തിനെതിരെ
പരമ്പാഗത ബിജെപിക്കാരിൽനിന്ന് ഏറെ വ്യത്യസ്തനാണ് ഗഡ്ക്കരി. ചൈന എന്ന് കേൾക്കുന്നതുതന്നെ പരിവാറുകൾക്ക് ദേഷ്യമാണ്. 2020ൽ ഇന്ത്യ ചൈനീസ് ബഹിഷ്‌ക്കരണം നടത്തിയിരുന്നു. ചൈന ഉത്പാദിപ്പിച്ച വസ്തുക്കൾ ബഹിഷ്‌കരിക്കണമെന്നായിരുന്ന കേന്ദ്ര സർക്കാർ ആഹ്വാനം. ഇതേതുടർന്നാണ് ചരക്കുകൾ തുറമുഖങ്ങളിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാതെ കെട്ടിക്കിടന്നു. നിരവധി ബിജെപി നേതാക്കൾ ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. പക്ഷേ ഇങ്ങനെ പിടിച്ചുവയ്ക്കുന്നത് ദോഷംചെയ്യുമെന്ന് ഗഡ്ക്കരി നിലപാട് എടുത്തു. വ്യവസായികളും കർഷകരും നിതിൻ ഗഡ്കരിയെ ഇക്കാര്യത്തിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിൽ കൂടുതൽ ഉത്പന്നങ്ങളും ഫാർമസ്യൂട്ടിക്കൽസ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ്.
ചരക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ബാധിക്കുക ഇന്ത്യയെ തന്നെയാണെന്ന് ഗഡ്ക്കരി ചൂണ്ടിക്കാട്ടി. ഇറക്കുമതി കുറയ്ക്കുവാനാണെങ്കിൽ കൂടുതൽ നികുതി ചുമത്തുകയാണ് വേണ്ടത്. അല്ലാതെ ഇറക്കുമതി ചെയ്തത് അനാവശ്യമായി തടഞ്ഞുവയ്ക്കുകയല്ല.. ഇന്ത്യയിലെ വ്യവസായികളെ തന്നെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്ന് ഗഡ്കരി കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഈ സാമ്പത്തിക അബദ്ധം അവസാനിച്ചത്.
അതുപോലെ ഗെയിൽ പദ്ധതി, ദേശീയപാതാ വികസനം തുടങ്ങിയ കാര്യത്തിലെല്ലാം നമ്മൾ കേരളീയരും ഗഡ്ക്കരിയോട് കടപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ദേശീയപാത വികസനം നടപ്പാക്കാത്തതിൽ ക്ഷുഭിതനായ ഗഡ്കരി തന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് പരസ്യമായി ശാസിച്ചത് 2019ൽ വാർത്തയായിരുന്നു.
'കേരള മുഖ്യമന്ത്രി ഇത് നാലാം തവണയാണ് കാണാൻ വരുന്നത്. അദേഹത്തെ അഭിമുഖീകരിക്കാൻ തന്നെ മടിയാവുകയാണ്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാൻ തയ്യാറാണെന്ന് കേരളം ജൂലൈയിൽ അറിയിച്ചതാണ്. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത്രയും കാലതാമസം. എത്രയും വേഗം കേരളവുമായുള്ള കരാർ നിലവിൽ വരണം. വികസന, ഭരണകാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. ഫയലുകൾ വേഗത്തിൽ നീങ്ങണം. വീഴ്ചയുണ്ടായാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും' -ഗഡ്കരി ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. ഇതോടെ പദ്ധതികൾക്ക് ജീവൻ വെച്ചു.
ഇതും ഗഡ്ക്കരിയുടെ മറ്റൊരു പ്രത്യേകതാണ്. പിണറായിയും, യോഗിയും, മമതയുമൊക്കെ അദ്ദേഹത്തിന് ഒരുപോലെയാണ്. യുപിയുടെ ഗ്രാമീണ റോഡ് വികസനത്തിൽ ശ്രദ്ധിക്കുപോലെ അദ്ദേഹം കേരളത്തിലും ബംഗാളിനും പരിഗണന കൊടുക്കുന്നു. പിണറായി അടക്കമുള്ളവരുമായി മികച്ച വ്യക്തിബന്ധവും സൂക്ഷിക്കുന്നു.
മന്മോഹനെ പ്രശംസിച്ച് വിവാദത്തിൽ
എന്നും ഉദാരീകരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെ വക്താവായ ഗഡ്ക്കരി മന്മോഹൻ സിങിന് ആ ക്രെഡിറ്റ് കൊടുക്കാനും തയ്യാറാണ്. മന്മോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളിൽ രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്ക്കരി, ഡൽഹിയിലെ ഒരു അവാർഡ്ദാന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത് വിവാദമായി.
ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണം. 1991ൽ ധനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശയാണു കാട്ടിക്കൊടുത്തത്. ഉദാര സാമ്പത്തിക നയങ്ങൾ കർഷകർക്കും ദരിദ്രർക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1990കളുടെ മധ്യത്തിൽ മഹാരാഷ്ട്രയിലെ റോഡുകൾ നിർമ്മിക്കാൻ പണം കണ്ടെത്താൻ അന്നത്തെ ധനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ സഹായിച്ചുവെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു
.
ഉദാര സാമ്പത്തിക നയങ്ങൾ എങ്ങനെ രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദമായെങ്കിലും ബിജെപി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചില്ല. തനിക്കു ശരിയെന്നു തോന്നുന്നതു തുറന്നുപറയുകയെന്നതാണു ഗഡ്കരിയുടെ രീതിയെന്നും മന്മോഹൻ സിങ്ങിനെ പ്രശംസിച്ചതിനെയും അത്തരത്തിൽ കണ്ട് അവഗണിച്ചാൽ മതിയെന്നുമാണു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ യഥാസമയം തീരുമാനങ്ങളെടുക്കുന്നില്ലെന്നു ഗഡ്കരി നടത്തിയ പ്രസ്താവനയും പരസ്യ മറുപടിയില്ലാതെ അവഗണിക്കപ്പെട്ടിരുന്നു.
പാർലിമെന്റി ബോർഡിൽനിന്ന് പുറത്ത്
പക്ഷേ ഇതിന്റെയൊക്കെ ഫലമായി അദ്ദേഹം പാർട്ടിയിൽ ഒതുക്കൽ നേരിടുകയാണ്്. രണ്ടുമാസം മുമ്പാണ്, അദ്ദേഹം ബിജെപി പാർലിമെന്റ് ബോർഡിൽനിന്ന് പുറത്തായത്. അമിത്ഷാ നിയന്ത്രിക്കുന്ന പാർട്ടി ഇനി ഒരു ടേം ഗഡ്ക്കരിക്ക് നൽകില്ല എന്ന് ഉറപ്പാണ്.
പക്ഷേ മുതിർന്ന നേതാക്കളെ തഴയുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നടപടിയിൽ ആർഎസ്എസ് അതൃപ്തിയിലാണ്. കഴിഞ്ഞ തവണ അധികാരത്തിൽ എത്തിയപ്പോൾ വകുപ്പ് വിഭജനം ഉൾപ്പെടെ ആർ എസ് എസുമായി മോദി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം അമിത് ഷായാണ് നിയന്ത്രിച്ചത്. നിതിൻ ഗഡ്ഗരിയെ പ്രതിരോധ മന്ത്രിയാക്കാനായിരുന്നു ആർ എസ് എസിന് താൽപ്പര്യം. എന്നാൽ അമിത് ഷായെ ആഭ്യന്തരം ഏൽപ്പിച്ച് രാജ്‌നാഥ് സിംഗിന് പ്രതിരോധം നൽകി.
എന്നാൽ, ദിവസങ്ങൾക്ക്മുമ്പ് ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പം ഗഡ്കരിയുമുണ്ട്. ഇത് ആർഎസ്എസിന്റെ സമ്മർദം കൊണ്ട് തന്നെയാണ്. അതായത് ഗഡ്ക്കരിയെ എഴുതിത്ത്ത്ത്ത്തള്ളാൻ കഴിയില്ല എന്ന് വ്യക്തം. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഒരു വാക്ക് ഗഡ്ക്കരി ഉദ്ധരിക്കാറുണ്ട്. വാട്ടർഗേറ്റ് വിവാദത്തിലൂടെ അപമാനിതനായ നിക്സൻ തങ്ങളുടെ അയൽപക്കക്കാരനാകുന്നതുപോലും എതിർത്തവരുണ്ട്. അക്കാലത്തെക്കുറിച്ചു നിക്സൻ എഴുതി: 'പരാജയപ്പെടുത്തിയതുകൊണ്ട് ഒരാൾ ഇല്ലാതാവുന്നില്ല, മതിയാക്കാമെന്നു സ്വയം തീരുമാനിക്കുമ്പോഴാണ് ഇല്ലാതാവുന്നത്.' ഇതാണ് ഉണ്ടാവേണ്ട മനോഭാവമെന്നു ഗഡ്കരി പരസ്യമായി പറയാറുണ്ട്.
അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ, ശ്രദ്ധ ലഭിക്കുന്ന വികസനപദ്ധതികൾ കൈകാര്യം ചെയ്യുന്നതു ഗഡ്കരിയാണെന്നതും അദ്ദേഹത്തെ പൂർണമായി അവഗണിക്കാത്തതിനു കാരണമാണ്. 'പദ്ധതി നടപ്പാക്കൽ വിദഗ്ധനായ' മന്ത്രിയെ ഒഴിവാക്കുന്നതു പാർട്ടിക്കുള്ളിലും കാര്യമായ വിമർശനം ഉയർത്താവുന്ന കാര്യമാണ്. എന്നാൽ, അനഭിമതനായി എക്കാലവും ഗഡ്കരിക്കു തുടരാമെന്ന് അതിനർഥമില്ല. അദ്ദേഹത്തിന്റേതിനു സമാനമായ ബലമാനദണ്ഡങ്ങൾ പലതും ഒത്തുവരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഭാവിയിൽ കേന്ദ്രത്തിലേക്കു വരുമെന്നു സൂചനകളുണ്ടായതിന്റെ പശ്ചാത്തലമതാണ്.
സ്വപ്നം വൈദ്യുതി വാഹന വിപ്ലവം
ഗഡ്ക്കരിക്ക് മന്ത്രിസ്ഥാനം നഷ്ടമായാൽ അത് ഇന്ത്യയുടെ വികസനത്തിനും കനത്ത തിരിച്ചടിയാവും. വൈദ്യുതി വാഹന വിപ്ലവം എന്ന സ്വപ്നവുമായാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ട് പോവുന്നത്. 2030 ആകുമ്പോഴേക്കും 50 ദശലക്ഷം ഇവികളെങ്കിലും ഇന്ത്യൻ റോഡുകളിൽ ചീറിപ്പായണമെന്ന വലിയ സ്വപ്നമാണത്. ഗഡ്ക്കരിയുടെ ആഹ്വാനം ഓട്ടോമൊബൈൽ കമ്പനികളും ഏറ്റെടുത്തു കഴിഞ്ഞു. ടാറ്റ മോട്ടോഴ്‌സിന് പിന്നാലെ മഹീന്ദ്രയും ഇപ്പോൾ മധ്യവർഗത്തിൽപെട്ടവർക്ക് താങ്ങാവുന്ന ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. എല്ലാ ഓട്ടോഭീമന്മാരും ഒന്നല്ലെങ്കിൽ മറ്റൊരു തലത്തിൽ ഇവിയിലേക്കാണ് ശ്രദ്ധ പതിപ്പിക്കുന്നത്.
അതുപോലെ സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറച്ചാൽ, ചൂടു കൂടുന്നതു മൂലം ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാകുമെന്നുന്ന ആശയവും അദ്ദേഹത്തിന്റെതാണ് 27 ഹരിത എക്സ്പ്രസ് ഹൈവേകളുണ്ടാക്കുക എന്ന ആശയവും ഗഡ്കരി ഈയിടെ പങ്കുവെച്ചു. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്രാസമയം അരമണിക്കൂറായും ഡൽഹിയിൽ - ഋഷികേശ്, ഡൽഹി-ജയ്പൂർ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂറായും, കത്രയിലേക്ക് ആറ് മണിക്കൂറായും, അമൃത്സറിലേക്ക് നാല് മണിക്കൂറായും, ശ്രീനഗറിലേക്ക് എട്ട് മണിക്കൂറായും ഹരിതപാതകൾ കുറയ്ക്കും. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പന്ത്രണ്ട് മണിക്കൂറും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറുമായും ദൂരം കുറയും.
നിലവിൽ, ഒരു ട്രക്ക് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എത്താൻ 52 മണിക്കൂർ എടുക്കും. എന്നാൽ ഈ വർഷം അവസാനത്തോടെ ഇത് 20-22 മണിക്കൂറായി കുറയും. ഓട്ടോമൊബൈൽ വ്യവസായം രാജ്യത്തെ 4 കോടി യുവാക്കൾക്ക് തൊഴിൽ നൽകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ വ്യവസായം 50 ലക്ഷം കോടി രൂപയിലെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഗഡ്കരി പറയുന്നു. ഇത്രയധികം വിഷനുള്ള ഒരു മന്ത്രി പുറത്തുപോവുക എന്നാൽ അതിന്റെ നഷ്ടം ഇന്ത്യക്ക് തന്നെയാണ്.
വാൽക്കഷ്ണം: ബിജെപി തഴഞ്ഞാൽ ഗഡ്ക്കരിക്ക് അംബാനിക്കും അദാനിക്കും ഭീഷണിയാവുമെന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. ഇത്രയും ആശയങ്ങളുള്ള ഒരാൾ ഫുൾ ടൈം വ്യവസായി ആയാൽ ചിത്രം ആകെ മാറും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ