'ശില്‍പ്പാ ഷെട്ടിയെപ്പോലെ സുന്ദരിയായിരിക്കുക'! 50-ാം വയസ്സിലേക്ക് കടക്കുന്ന, കന്നഡയില്‍ നിന്ന് എത്തി ബോളിവുഡ് കീഴടക്കിയ ഈ സുന്ദരിയാണ്, കഴിഞ്ഞ വര്‍ഷവും ഫെമിന മാഗസിന്‍ ഇന്ത്യന്‍ ബ്യൂട്ടി ഐക്കണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മധ്യവയസ്സിലും സൗന്ദര്യവും ആരോഗ്യവും എങ്ങനെ സംരക്ഷിക്കാമെന്നതിന്റെ ഉദാഹരണമായാണ് ശില്‍പ്പ വിലയിരുത്തപ്പെടുന്നത്. ഇന്നും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും, ഫാഷന്‍, ഫിറ്റ്നെസ് ഐക്കണായുമൊക്കെ അവര്‍ നിറഞ്ഞു നില്‍ക്കുന്നു. 'ശില്‍പ്പാ ഷെട്ടിയെപ്പോലെ സുന്ദരിയായിരിക്കുക' എന്നത് വെറുമൊരു പരസ്യവാചകം മാത്രമല്ല.

പക്ഷേ ഇപ്പോള്‍ ശില്‍പ്പാ ഷെട്ടിയുടെ പേര് ഗൂഗിള്‍ സേര്‍ച്ചില്‍പോലും വരുന്നത്, ബാസീഗറും, മേം കില്ലാഡി തു അനാരിയും, ഹങ്കാമാ 2വും അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ പേരിലോ, ലോക പ്രശസ്തമായ റിയാലിറ്റിഷോ ബിഗ് ബ്രദറിലെ വിജയി എന്ന പേരിലൊ ഒന്നുമല്ല. ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നടത്തിയ നീലച്ചിത്ര നിര്‍മ്മാണവും, ബിറ്റ്കോയിന്‍ തട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ളവയുടെ പേരിലാണ്! നവംബര്‍ 29-ന് രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസുകളിലും കേസില്‍ ഉള്‍പ്പെട്ട ചിലരുമായി ബന്ധപ്പെട്ട് യു.പിയിലെ വിവിധ നഗരങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഇപ്പോള്‍ കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ബോളിവുഡില്‍ പുതിയ വിവാദങ്ങളും തുടങ്ങിയിരിക്കയാണ്.

കഴിഞ്ഞ കുറേ കാലങ്ങളായി, അധോലോകമെന്നാണ് ബോളിവുഡിനെ പലരും വിശേഷിപ്പിക്കുന്നത് തന്നെ. നടന്‍ സുഷാന്ത് രാജ്പുതിന്റെ മരണത്തോടെ ഉയര്‍ന്ന വന്ന മയക്കുമരുന്ന് കേസുകളായിരുന്നു ബോളിവുഡിലെ കഴിഞ്ഞ കുറേ കാലത്തെ ചര്‍ച്ചകള്‍. ഇന്‍ഡസ്ട്രിയിലെ പല പ്രമുഖരിലേക്കും അന്വേഷണങ്ങളെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നീലച്ചിത്ര വിവാദവും ബോളിവുഡില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ശില്‍പ്പാഷെട്ടി തന്റെ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടില്ല. കുന്ദ്ര വെറുമൊരു താര ഭര്‍ത്താവ് മാത്രമല്ല. നടനും നിര്‍മ്മാതാവും കൂടിയാണ്. ബോളിവുഡിലെ ഡെവിള്‍ എന്നാണ് അയാള്‍ അറിയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈ നീലച്ചിത്ര നിര്‍മ്മാണത്തിന് പിന്നില്‍ ബോളിവുഡിലെ വലിയൊരു റാക്കറ്റ് ഉണ്ടെന്നാണ് സംശയക്കപ്പെടുന്നത്. പ്രണയവും, ചതിയും, ജയില്‍വാസവും, പീഡനവിവാദവുമൊക്കെയായി സംഭവബുഹലമാണ് കുന്ദ്രയുടെ ജീവിതം.




ബ്രിട്ടീഷ്-ഇന്ത്യന്‍ അതി സമ്പന്നന്‍

നടി ശില്‍പ്പാ ഷെട്ടിയുടെ സമ്പന്നനായ ഭര്‍ത്താവ് എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ആളല്ല, രാജ് കുന്ദ്ര. ശില്‍പ്പയെ വിവാഹം കഴിക്കുമ്പോള്‍ രാജ് യുവ സമ്പന്നരായ ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരന്മാരില്‍ 108-ാമത് ആയിരുന്നു. പണത്തിനുവേണ്ടിയാണ്, നിലവില്‍ ഒരു ഭാര്യയുണ്ടായിരുന്ന കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിച്ചത് എന്ന് അന്നുതന്നെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ താനും അതുപോലെ സമ്പന്നയായിരുന്നുവെന്നും പണമല്ല മുഖ്യമെന്നുമാണ് ശില്‍പ്പ ഇതു സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

2019-ല്‍ അനില്‍ കപുറും, ശില്‍പ്പാ ഷെട്ടിയും, ഫറ അവതാരകയായ ബാക്ക്‌ബെഞ്ചേഴ്‌സ് എന്ന ടിവി പ്രോഗ്രാമില്‍ എത്തിയപ്പോള്‍ ഈ ചോദ്യം ഉയര്‍ന്നു. എന്തുകൊണ്ടാണ് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വിവാഹാഭ്യര്‍ത്ഥനയോട് യെസ് പറഞ്ഞത് എന്ന് ഫറ ചോദിച്ചപ്പോള്‍, ശില്‍പ മറുപടി പറയുന്നതിന് മുമ്പ് തന്നെ അനില്‍ കയറി ഗോളടിച്ചു. 'കാശ് വലിച്ചെറിഞ്ഞു' എന്ന അനിലിന്റെ മറുപടി കേട്ട് ശില്‍പ്പയടക്കം എല്ലാവരും പെട്ടിച്ചിരിച്ചു. കാശിന്റെ കൂടെ കൈയും നീട്ടിയെന്ന് ശില്‍പ്പ പറഞ്ഞു. ആ കയ്യില്‍ കാശായിരുന്നുവെന്ന് അനില്‍ കപൂറിന്റെ അടുത്ത കൗണ്ടര്‍. ഇതോടെ അവിടെയാകെ കൂട്ടച്ചിരിയായി.

പക്ഷേ ആ സംഭവത്തില്‍ കുറച്ചൊക്കെ സത്യവുണ്ടായിരുന്നു. രാജ് കുന്ദ്ര അഞ്ച് കാരറ്റ് ഡയമണ്ട് മോതിരം കൈയ്യില്‍ അണിയിച്ച് കൊണ്ടാണ് ശില്‍പ്പയെ പ്രൊപ്പോസ് ചെയ്തത്. ഇതേക്കുറിച്ച് ശില്‍പ്പ ഇങ്ങനെ പറയുന്നു-'ഒരിക്കല്‍ ഒരു ഷോ യ്ക്ക് വേണ്ടി പാരീസിലേക്ക് പോയപ്പോഴാണ് രാജ് അങ്ങോട്ട് വന്ന് തന്നെ പ്രൊപ്പോസ് ചെയ്യുന്നത്. അവിടെയുള്ള ഹോട്ടലിലെ വിരുന്ന് ഹാള്‍ മുഴുവന്‍ അദ്ദേഹം ഇതിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. അന്ന് ഒരു സുഹൃത്തിന്റെ പാര്‍ട്ടിയുണ്ടെന്നും നല്ല വസ്ത്രം ധരിച്ചിട്ട് അങ്ങോട്ട് വരാനുമാണ് രാജ് പറഞ്ഞത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചിട്ട് പോകാനാണ് എന്റെ സഹോദരി പറഞ്ഞത്. എന്നോട് അഭിപ്രായം ചോദിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം എന്റെ വീട്ടുകാരോട് പോയി കാര്യം അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് അവിടേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഞാന്‍ അങ്ങനൊരു വസ്ത്രം കൈയ്യില്‍ കരുതിയിരുന്നു. പക്ഷേ പ്രൊപ്പോസ് ചെയ്യുന്നതിന് വേണ്ടിയാണെന്നുള്ള ഒരു സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല.

ഞാനവിടെ എത്തുമ്പോള്‍ വയലിനിസ്റ്റുകള്‍ വയലിന്‍ വായിക്കുന്നുണ്ട്. എന്നിട്ട് കൈയ്യില്‍ കരുതിയിരുന്ന അഞ്ച് കാരറ്റ് വരുന്ന ഡയമണ്ട് മോതിരം എനിക്ക് നേരെ നീട്ടി, വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതോടെ എന്ത് പറയണമെന്ന് ഞാനാകെ കണ്‍ഫ്യൂഷനിലായി. അദ്ദേഹത്തിനോട് യെസ് പറയുന്നതിന് കുറച്ച് സമയം വേണ്ടി വന്നു''- ശില്‍പ്പ വ്യക്തമാക്കുന്നു.




എനിക്ക് ഈഫല്‍ ടവറില്‍ പോകാന്‍ എപ്പോഴും ആഗ്രഹമുള്ള കാര്യവും പുള്ളിയ്ക്ക് അറിയാമായിരുന്നു. മുമ്പ് പാരീസില്‍ സിനിമാ ചിത്രീകരണത്തിന് പോയപ്പോള്‍ ഈഫല്‍ ടവറിന് താഴെ നിന്നുമാണ് ഷൂട്ട് ചെയ്തിരുന്നത്. പക്ഷേ എന്റെ പുരുഷനായി വരുന്നതാരോ അയാളുടെ കൂടെയേ ഞാനതിന് മുകളിലേക്ക് പോവുകയുള്ളു എന്ന് അന്നേ തീരുമാനിച്ചിരുന്നു. അങ്ങനെ അവിടെയും പോയതായി ശില്‍പ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അക്ഷയ് തേച്ച ശില്‍പ്പ

കുന്ദ്രയും ശില്‍പ്പയും ഒരു അര്‍ത്ഥത്തില്‍ തുല്യ ദു:ഖിതാരാണ്. ഇരുവരുടെയും ആദ്യത്തെ ബന്ധം തകര്‍ന്നതാണ്. ഒരുകാലത്ത് ബോളിവുഡ് ആഘോഷമാക്കിയ ഹിറ്റ് ജോഡികള്‍ ആയിരുന്നു അക്ഷയ് കുമാറും ശില്‍പ്പ ഷെട്ടിയും. ഇവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി അവരുടെ ആരാധകര്‍ക്ക് വിരുന്നായിരുന്നു. ഇവര്‍ പ്രണയത്തിലാണെന്നും, ഉടന്‍ തന്നെ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഇടയ്ക്ക് വെച്ച് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാവുകയും ശില്‍പ്പയെ ഉപേക്ഷിച്ച് ട്വിങ്കിളിനെ വിവാഹം ചെയ്യുകയുമായിരുന്നു. അക്ഷയ് കുമാര്‍ തന്നെ ഉപയോഗിക്കുകയും മറ്റൊരാളെ കിട്ടിയപ്പോള്‍ തന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്തു എന്ന് ശില്‍പ്പ ആരോപിച്ചിരുന്നു. തന്നോട് ചെയ്തതിനെല്ലാം അക്ഷയ് കുമാര്‍ അനുഭവിക്കുമെന്നും ഇനി ഒരിക്കലും അയാളോടൊപ്പം അഭിനയിക്കുകയില്ലെന്നും ശില്‍പ്പ തുറന്നടിച്ചിരുന്നു.




ശില്‍പയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്റെ ബാല്യകാല സുഹൃത്തായ കവിതയെ രാജ് കുന്ദ്ര വിവാഹം കഴിച്ചിരുന്നു. പക്ഷെ അവരുടെ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. ഇരുവരും പിരിഞ്ഞു. ഒരു കുഞ്ഞും ഇവര്‍ക്കുണ്ട്. കുഞ്ഞിന്റെ സംരക്ഷണം കവിതയ്ക്കാണ് കോടതി നല്‍കിയിരിക്കുന്നത്. തന്റെ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് കവിത തന്നെ വഞ്ചിച്ചുവെന്ന് രാജ് കുന്ദ്ര ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍പറയുന്നത്. 'എന്റെ മുന്‍ ഭാര്യയേയും സഹോദരിയുടെ ഭര്‍ത്താവിനേയും എന്റെ അമ്മ പലതവണ ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത ചില സാഹചര്യങ്ങളില്‍ കണ്ടിരുന്നു.ഇവരുടെ പ്രവൃത്തി കാരണം രണ്ട് കുടുംബങ്ങള്‍ നശിച്ചു.''-രാജ് കുന്ദ്ര പറഞ്ഞു. അതേസമയം കവിത, രാജ് കുന്ദ്രയെയാണ് കുറ്റപ്പെടുത്തിയത്. എന്നെക്കാള്‍ മികച്ച മിടുക്കിയും പ്രശസ്തയുമായ ഒരാളെ രാജ് കണ്ടെത്തി. വിവാഹമോചനത്തിനായി തന്നെ പീഡിപ്പിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.

2009 നവംബര്‍ 22 ന് ശില്‍പയും രാജ് കുന്ദ്രയും വിവാഹിതരാവുന്നത്. 32-ാമത്തെ വയസില്‍ വിവാഹിതയാവുമ്പോള്‍ ശില്‍പ്പ ഹിന്ദി സിനിമയിലെ സൂപ്പര്‍ നായികയാണ്. കുറച്ച് കാലം അഭിനയത്തോട് വിട പറഞ്ഞ് കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കാമെന്നും തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് മകന് നടി ജന്മം കൊടുത്തു. ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് വാടകഗര്‍ഭപാത്രത്തിലൂടെ ശില്‍പ്പ ഒരു പെണ്‍കുട്ടിയുടെ കൂടെ അമ്മയായി. വീണ്ടും അവര്‍ അഭിനയത്തിലേക്ക് തിരിച്ചുവന്നു. ഫിറ്റ്സനില്‍ ട്രെന്‍ഡ് സെറ്ററായി. അങ്ങനെ പോസറ്റീവായി ശില്‍പ്പ വാര്‍ത്തകളില്‍ നിറയുമ്പോള്‍, ഭര്‍ത്താവിനെക്കുറിച്ച് കേള്‍ക്കാനുള്ളത് മുഴുവന്‍ നെഗറ്റീവ് കാര്യങ്ങളായിരുന്നു.

രണ്ടായിരം കോടിയുടെ നീലച്ചിത്ര നിര്‍മ്മാണം

രാജ് കുന്ദ്ര എന്ന പേര് ആദ്യമായി ഒരു വിവാദവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് ഐപിഎല്‍ വാതുവെപ്പ് കേസിലാണ്. രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ് കുന്ദ്രയ്ക്ക് അന്ന് വാതുവെപ്പുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബി.ബി. മിശ്ര വ്യക്തമാക്കിയത്. മലയാളി താരം ശ്രീശാന്ത് അടക്കം നിരവധി താരങ്ങളാണ് കുറ്റാരോപിതരായ സംഭവം ഇന്നും വിവാദമാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംങ്സ് ടീമുകളെ ഐ.പി.എല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇതില്‍ തുമ്പും വാലുമുണ്ടായില്ല. പക്ഷേ കുന്ദ്ര അപ്പോഴും ഷേഡി കാര്യക്ടറായി തുടര്‍ന്നു.

ഇന്ത്യാചരിത്രത്തില്‍ ഇന്നുവരെ പിടികുടപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ നീലച്ചിത്ര നിര്‍മ്മാണ മാഫിയയാണ്, രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടുമല്ല രണ്ടായിരം കോടിയുടെ ഇടപാടാണ് ഇതിന്റെ പേരില്‍ നടന്നത്. കോവിഡിന്റെ മറവിലാണ്, കുന്ദ്ര കോടികള്‍ സമ്പാദിച്ചത്. ലോക്ഡൗണ്‍ സമയത്ത് തീയേറ്ററുകളും മറ്റും അടച്ചുപൂട്ടിയതോടെ നേരമ്പോക്കിനായി പലരും ചെറുവീഡിയോകളെയായിരുന്നു ആശ്രയിച്ചിരുന്നത്. യൂട്യൂബിന്റെയും ഇന്‍സ്റ്റഗ്രാം റീല്‍സിന്റെയും ഉപയോഗങ്ങള്‍ കുത്തനെ ഉയര്‍ന്നതും ഈ കാലത്താണ്. 20.5 ശതമാനം വളര്‍ച്ചയാണ് ലോക്ക് ഡൗണില്‍ മാത്രം യൂട്യൂബിന്റെ വളര്‍ച്ച. മാത്രമല്ല ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉയര്‍ച്ചയുടെ കാലമായിരുന്നു ലോക്ക് ഡൗണ്‍. ഈ സാഹചര്യങ്ങളും സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടാണ് കുന്ദ്രയും ഈ പണിക്ക് ഇറങ്ങിയത്.




നീലച്ചിത്രങ്ങള്‍ക്കാതി 'ഹോട്ട്ഷോട്സ്' എന്ന ഒരു ഒ.ടി.ടി പ്ലാറ്റ് ഫോം തന്നെ അദ്ദേഹം തുടങ്ങി. ലോകത്തെ ആദ്യത്തെ 18പ്ലസ് ആപ്ലിക്കേഷന്‍ എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വിവിധ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുന്നതായിരുന്നു ആപ്ലിക്കേഷന്‍. സബ്സ്‌ക്രിപ്ഷനോടെ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരുന്നു ഇത്. സമൂഹ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യങ്ങളിലൂടെ നിരവധി പേരാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. സബ്സ്‌ക്രിപ്ഷനിലൂടെ വരുമാനം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഒരു ദിവസം 8 ലക്ഷം വരെ വരുമാനം ഇതിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പെട്ടെന്നുണ്ടായ വളര്‍ച്ചയില്‍ ആപ്ലിക്കേഷനെതിരെ അന്വേഷണമെത്തുമെന്നുറപ്പായപ്പോള്‍ ഉടമസ്ഥാവകാശം ലണ്ടനിലുള്ള തന്റെ സഹോദരി ഭര്‍ത്താവ് പ്രതീപ് ബക്ഷിയുടെ 'കെന്റീന്‍' എന്ന സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ പോണ്‍ കണ്ടന്റ്മൂലം പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും ഈ ആപ്ലിക്കേഷന്‍ തള്ളിയതാണ്.

പോണിന്റെ മറവില്‍ പീഡനവും

നിരവധി ലൈംഗിക ആരോപണങ്ങളും ഈ പോണ്‍ ഇന്‍ഡസ്ട്രിയുടെ മറവില്‍ ഉണ്ടായി. സിനിമാ മോഹികളായിട്ടുള്ള നിരവധിപേരാണ് ഇവരുടെ കെണിയിലകപ്പെട്ടിരുന്നത്. ഓഡീഷന്‍ എന്ന് പറഞ്ഞ് ആദ്യം വിളിക്കുകയും ഷൂട്ട് ചെയ്യുകയായിരുന്നു പതിവ്. പിന്നീട് വെബ് സീരിസാണെന്ന് പറഞ്ഞ് നഗ്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ക്കുന്ന സത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു.

മുംബൈയിലെ മഡ് ഐലന്‍ഡില്‍ വെച്ചാണ് ചിത്രീകരണങ്ങള്‍ നടന്നിരുന്നത്. ലോക്ക് ഡൗണിലും പല സിനിമാ, വെബ് സീരിസുകളുടെ ചിത്രീകരണ ഹബായി മാറിയ ഇടങ്ങളില്‍ ഒന്നാണ് മുംബൈയിലെ മഡ് ഐലന്‍ഡ്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു നീലച്ചിത്രം നിര്‍മ്മാണവും നടന്നിരുന്നത്. അഞ്ചോ ആറോ അടങ്ങുന്ന ടീമുകളായി എത്തിയായിരുന്നു ചിത്രീകരണമെന്നാണ് പോലീസ് പറയുന്നത്. ഇവിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ വി ട്രാന്‍സ്ഫറില്‍ കൂടി ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അവിടെന്നായിരുന്നു ചിത്രങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ് ഫോമിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്.

രാജ് കുന്ദ്രയ്‌ക്കെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര പരസ്യമായി രംഗത്ത് വന്നിരുന്നു. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചുവെന്നതാണ് കേസ്. ഭാര്യ ശില്‍പ്പാ ഷെട്ടിയ്ക്കും സഹോദരിയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും ഷെര്‍ലിന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഷെര്‍ലിന്റെ പരാതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശില്‍പ്പാ ഷെട്ടി പറഞ്ഞിരുന്നത്. ജൂഹൂ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതിന് പിന്നാലെ അഭിഭാഷകനുമൊത്തി അവര്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഷെര്‍ലിന്‍ പറയുന്നു. അനുമതിയില്ലാതെ തന്നെ രാജ് കുന്ദ്ര ചുംബിച്ചുവെന്ന് ഷെര്‍ലിന്‍ ആരോപിച്ചു. ശില്‍പ്പ ഷെട്ടിയുമായുള്ള വിവാഹ ജീവിതം സുഖകരമല്ലെന്നാണ് രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും ഷെര്‍ലിന്‍ ചോപ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ പരാതി പറയുമെന്ന് വന്നതോടെ, ജീവിതം തകര്‍ക്കുമെന്ന് രാജ് കുന്ദ്ര പറഞ്ഞു. ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടില്‍ വന്നത്. ജെഎല്‍ സ്ട്രീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ശില്‍പ്പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും. തന്നോട് ഫിറ്റ്‌നെസ് സംബന്ധമായ വീഡിയോ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ നടന്നത് പോണ്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. ഈ കേസിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല.



6,600 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ്

6,600 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് നടത്തി എന്ന കേസില്‍ ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്ര ആരോപിതനായി. ഈ കേസിലും കോടികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ഏകദേശം നൂറുകോടിയുടെ അടുത്ത് വരുന്ന സ്വത്തുക്കളാണ് താരദമ്പതിമാര്‍ക്ക് നഷ്ടപ്പെട്ടത്.2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 6,600 കോടി രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ കുന്ദ്ര സ്വന്തമാക്കി എന്ന് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്.

പരാതികളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പൊലീസും ഡല്‍ഹിപൊലീസും ചേര്‍ന്നാണ് അന്വേഷം നടത്തിയത്. ശേഷം ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായി താരകുടുംബത്തിനടക്കം നടപടി എടുക്കുകയായിരുന്നു. ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ജൂഹുവിലെ വീടും പൂനെയിലും ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും ഉള്‍പ്പെടെ 97.8 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് താരങ്ങള്‍ക്കെതിരെ നടപടി എടുത്തതെന്നും വ്യക്തമാവുന്നു. പരാതിക്കാരനായ അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്‌കോയിനുകള്‍ രാജ് കുന്ദ്ര കൈപ്പറ്റുകയായിരുന്നു. നിലവില്‍ 150 കോടി രൂപയുടെ മൂല്യം വരുന്ന ബീറ്റ്‌കോയിനുകള്‍ രാജ് കുന്ദ്രയുടെ കൈവശം ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.

2021- ലാണ് അശ്ലീല സിനിമകള്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ ശില്‍പയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ സുപ്രീം കോടതിയില്‍ നിന്നാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കുന്നത്. അന്ന് മുതല്‍ കുന്ദ്ര മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ മാസ്‌ക് ധരിച്ചിട്ടാണ് പുറത്തിറങ്ങിയത്. ഇതും മുംബൈ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതും മറ്റാരും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വളരെ വിചിത്രമായ മാസ്‌കുകളാണ് രാജ് കുന്ദ്ര എപ്പോഴും ധരിക്കാറുള്ളത്. തനിക്കെതിരെയുള്ള മാധ്യമ വിചാരണയെ തുടര്‍ന്ന് മനം നൊന്തായിരുന്നു രാജ് കുന്ദ്ര അത്തരമൊരു നീക്കം നടത്തിയത്.




എന്നാല്‍ അതെല്ലാം അവസാനിപ്പിച്ചത് 2023-ലായിരുന്നു. രാജ് ആദ്യമായി അഭിനയിക്കുന്ന സിനിമ പുറത്ത് വരുന്നതിന് മുന്നോടിയായിരുന്നു താരം മുഖംമൂടിയെടുത്തത്. തന്റെ ജയില്‍വാസം കഥയാക്കി, താന്‍ തന്നെ നായകനായി കുന്ദ്ര സിനിമയിറക്കി. യുടി 69 എന്ന ഇരുപത് കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, എട്ടുനിലയില്‍ പൊട്ടി. രാജ് കുന്ദ്രയുടെ കഥ വിക്രം ഭാട്ടിയാണ് തിരക്കഥയാക്കിയത്. ഷാനവാസ് അലി സംവിധാനവും ചെയ്തു.

ഇങ്ങനൊരു സിനിമ പൈസ മുടക്കി പോയി കാണേണ്ട ആവശ്യമില്ലെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ സംസാരം. വലിയൊരു സിനിമയാക്കാതെ ഒരു ഡോക്യുമെന്ററി ആക്കിയാല്‍ മതിയായിരുന്നു എന്ന അഭിപ്രായമാണ് ഏറെപ്പേരും ഉയര്‍ത്തിയത്. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടം പച്ചയായി ആവിഷ്‌കരിച്ചതാണെന്നാണ് സിനിമയെ കുറിച്ച് രാജ് പറഞ്ഞത്. എന്നാല്‍ സ്വന്തം പേരിലുണ്ടായ നാണക്കേട് മാറ്റാനുള്ള ശ്രമം മാത്രമാണ് ഇത്രയധികം കോടികള്‍ മുടക്കി സിനിമ നിര്‍മ്മാണം എന്നാണ് വിമര്‍ശകര്‍ പറയുന്ന്.

ശില്‍പ്പയുടെ മൗനത്തിന് പിന്നില്‍?

കുന്ദ്രയുടെ കേസുകളില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശില്‍പ്പ ഷെട്ടി പ്രതികരിച്ചത്. ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് താന്‍ ഒന്നും സംസാരിച്ചിക്കാറില്ല എന്നാണ് അവര്‍ പറയാറുള്ളത്. പക്ഷേ അപ്പോഴും അവരുടെ മൗനം സംശയാസ്പദമാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരുമിച്ച് നിന്നവരാണ് ശില്‍പ്പയും കുന്ദ്രയും. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര അകത്തായിരുന്ന, സമയത്ത് ശില്‍പ്പ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു നടി ചെയ്തത്. ഇത് എന്താനാണെന്നാണ് ചോദ്യം ഉയരുന്നത്.

അതിനിടെ കുന്ദ്രയുടെ ബിനാമിയാണ് ശില്‍പ്പയെന്നും ആരോപണമുണ്ട്്. ശില്‍പ്പയുടെയും, സഹോദരിയും നടിയുമായ സഹോദരി ഷമിത ഷെട്ടിയുടെ പേരിലും കുന്ദ്ര കോടിക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. മംഗലാപുരത്തെ ബണ്ട് സമുദായത്തില്‍പ്പെട്ട ഒരു പരമ്പരാഗത കുടുംബത്തില്‍, ഒരു ഫാര്‍മസൂട്ടീക്കല്‍ വ്യവസായിയായ സുരേന്ദ്ര ഷെട്ടിയുടെയും, സുനന്ദ യുടെയും മൂത്ത മകളായിട്ടാണ് ശില്‍പ്പ ജനിച്ചത്. മാതൃഭാഷ തുളുവായ ഇവര്‍ 1991- ല്‍ മോഡലിങ്ങിനായി മുബൈയില്‍ എത്തുമ്പോള്‍ കുടുംബത്തിന് ഒരു കാറുപോലും ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് ഈ കുടുംബം കോടികളുടെ ആസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്.




ശില്‍പ്പയുടെ പിതാവിനെതിരെയും നേരത്തെ പരാതിയുണ്ട്. മേയ് 2003-ല്‍ ശില്‍പ്പ ഷെട്ടിയുടെ പിതാവും, മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം വരുകയും മുംബൈ പോലീസ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കുകയും ചെയ്തിരുന്നു.ശില്‍പ്പയുടെ പിതാവിന്റെ ബിസിനസ് എതിരാളികളാണ് ഈ പരാതി കൊടുത്തത്. പോലീസിന്റെ അന്വേഷണത്തില്‍ ചില തെളിവുകള്‍ ഇവര്‍ക്കെതിരെ ലഭിച്ചിരുന്നു. 2023-ല്‍ ജൂണ്‍ 20 ന് സുരേന്ദ്ര ഷെട്ടി അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സമയത്ത് വിദേശത്ത് ആയിരുന്ന ശില്‍പ്പയെ തിരിച്ചു വന്ന ശേഷം പോലിസ് ചോദ്യം ചെയ്യുകയും ചെയ്തു. ഈ കേസ് ഇപ്പോഴും അവസാന വിധി പറഞ്ഞിട്ടില്ല. വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് വ്യക്തികള്‍ മാത്രമാണ് ഉത്തരവാദികള്‍. പക്ഷേ ഇവിടെ ശില്‍പ്പയുടെ പേരും സ്വാധീനവും ഉപയോഗിച്ചാണ് കുന്ദ്ര പല കേസുകളിലും തടിയൂരുന്നത്. ഈ റാക്കറ്റില്‍ കുന്ദ്ര തനിച്ചല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും. ബോളിവുഡിലെ നീലച്ചിത്ര മാഫിയയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഇതോടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വാല്‍ക്കഷ്ണം: കരുത്തുറ്റ ഇന്ത്യന്‍ വനിത എന്നായിരുന്നു ശില്‍പ്പക്ക് നേരത്തെയുള്ള വിശേഷണം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് പദവിയുള്ള ശില്‍പ്പ കായികമായും മാനസികമായും കരുത്തുള്ള ഇന്ത്യന്‍ യുവതി എന്ന പേരിലാണ് സെലിബ്രിറ്റി മാസികകളില്‍ കവര്‍ ആയത്. 2007 -ല്‍ ലണ്ടനില്‍ വച്ച് നടന്ന ബിഗ് ബ്രദര്‍ എന്ന, ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍, വംശീയ അധിക്ഷേപത്തിന് ഇരായിട്ടും അവര്‍ അത് മറികടന്ന രീതിയൊക്കെ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആ ശില്‍പ്പ എന്തുകൊണ്ടാണ് ഇത്രയും ആരോപണം ഉയര്‍ന്നിട്ടും സ്വന്തം ഭര്‍ത്താവിനെ സംരക്ഷിക്കുന്നത് എന്നാണ് ചോദ്യം?