- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എഡിറ്റോറിയൽ പേജ് ഉൾപ്പെടെ ദേശാഭിമാനി നീക്കിവെച്ചത് അഞ്ചുപേജും 30 പടവും; ക്ഷമചോദിച്ച് എൻ മാധവൻകുട്ടി അടക്കമുള്ള മാധ്യമ പ്രവർത്തകർ; വിഴിഞ്ഞം തൊട്ട് കൊച്ചിമെട്രോയുടെ വരെ ശിൽപ്പിയായ നേതാവിന് ജീവിച്ചിരുന്നപ്പോൾ കുറ്റം മാത്രം; കുടുംബത്തിനുനേരെ നടന്നതും ഹീനമായ ആക്രമണം; ഇപ്പോൾ ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
സിപിഎം മുഖപത്രമായ ദേശാഭിമാനിപോലും ഞെട്ടിച്ച ഒരു ദിവസമാണ് കടന്നുപോയത്. എഡിറ്റോറിയൽ പേജ് ഉൾപ്പെടെ അവർ, ഉമ്മൻ ചാണ്ടിക്കായി നീക്കിവെച്ചത് അഞ്ചുപേജ് ! മുഖ്യമന്ത്രി പിണറായി വിജയൻ, എ. കെ. ആന്റണി, വി. എം. സുധീരൻ, കെ. സി ജോസഫ്, വൈക്കം വിശ്വൻ എന്നിവരുടെ ലേഖനങ്ങൾ, മുഖപ്രസംഗം, 30 ഓളം ചിത്രങ്ങൾ..... ചുരുക്കത്തിൽ ഒരു സിപിഎമ്മിന്റെ പ്രമുഖനായ നേതാവ് മരിച്ചതുപോലെയുള്ള കവറേജ്. ഇത് മാറിയ മാധ്യമ സംസ്ക്കാരത്തിന്റെയും, പ്രൊഫഷണലിസത്തിന്റെയും മാത്രം ഭാഗമല്ല, വലിയൊരു കുറ്റബോധത്തിന്റെയും, പശ്ചാത്താപത്തിന്റെയും പ്രതിഫലനം കൂടിയാണെന്ന് പല സോഷ്യൽ മീഡീയ ആക്റ്റീവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം കേരളത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടക്ക് ഇരയായത് ഉമ്മൻ ചാണ്ടി തന്നെയാണ്. അതിന്റെ കുറ്റബോധം ഇന്നും പ്രതിപക്ഷത്തുപോലും അലയടിക്കുന്നുണ്ട്.
പതിനായിരക്കണക്കിന് ആളുകൾ വിതുമ്പിക്കൊണ്ട്, കേരളം കണ്ട ഏറ്റവും വലിയ ജനകീയനായ നേതാവിന്റെ യാത്രയാക്കുമ്പോൾ അവരിൽ പലരും പറയുന്ന ഒരു വാക്കുണ്ട്, ഉമ്മൻചാണ്ടീ മാപ്പ്. കാരണം തന്റെ വ്യക്തിപരമായ കാര്യങ്ങളെയും, കുടുംബത്തെയും, എടുത്തിട്ടുള്ള ഹീനമായ ആരോപണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. സോളാറും, സരിതയുമായി കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ട നേരിട്ട നേതാവ് അദ്ദേഹമായിരുന്നു. എന്നിട്ടും അദ്ദേഹം ഇന്ന് സംഭവിക്കുന്നതുപോലെ ഒരു മാധ്യമ പ്രവർത്തകനെതിരെയും കള്ളക്കേസ് എടുത്തില്ല. ആരോടും കടക്ക് പുറത്ത് പറഞ്ഞില്ല. സെക്രട്ടറിയേറ്റിന്റെയും കിഫ്ഹൗസിന്റെയും വാതിലുകൾ സാധാരണക്കാരന് മുന്നിൽ തുറന്നുവെച്ചു. 42 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ സ്വന്തം ഗ്രാമത്തിലേക്ക് യാത്രചെയ്യുന്ന പിണറായി വിജയനെയും, ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ഉമ്മൻ ചാണ്ടിയെയും താരതമ്യം ചെയ്യാൻ പറ്റില്ല. മുഖ്യമന്ത്രിയായിക്കേ തന്റെ തലക്ക് കല്ലെറിഞ്ഞവരോട് പോലും ക്ഷമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത്തരം ഒരു സംഭവം ഇന്ന് സംഭവിച്ചതായി സങ്കൽപ്പിച്ചുനോക്കു. എത്രപേർ ആയിരിക്കും യുഎപിഎ ചുമത്തി അകത്ത് കിടക്കേണ്ടി വരിക.
എന്നിട്ടും ആരോടും പകയും പ്രതികാരവും ഉമ്മൻ ചാണ്ടി മനസ്സിൽവെച്ചില്ല. എല്ലാവരോടും ക്ഷമിച്ചു. പകയുടെയും വെറുപ്പിന്റെയും രാഷ്ട്രീയക്കാർക്കിടയിൽ പുതിയ ഒരു ശൈലി കാണിച്ചുതന്നാണ് ഉമ്മൻ ചാണ്ടി മടങ്ങുന്നത്.
മാധവൻകുട്ടി മാപ്പ് സുചിപ്പിക്കുന്നത്
സോളാർ വിവാദത്തിന്റെ പേരിൽ ഇടതുപക്ഷം ഏറ്റവും അധികം വേട്ടയാടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഇതിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണത്തിൽ മൗനത്തിലൂടെ എങ്കിലും അധാർമ്മിക പിന്തുണ നൽകിയതിലാണ് ദേശാഭിമാനിയുടെ മുൻ കൺസൾട്ടിങ് എഡിറ്ററും ഇടതു സഹയാത്രികനുമായ എൻ മാധവൻ കുട്ടി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നവേളയിലാണ് മാധവൻ കുട്ടിയുടെ അഭിപ്രായപ്രകടനം. നന്തിലത്ത് മാധവൻകുട്ടി എന്ന പേരിലുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തന്റെ രണ്ടു മനസ്താപങ്ങളെ മാധവൻ കുട്ടി വെളിപ്പെടുത്തുന്നു. എൻ മാധവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു. ''സരിത വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗികാരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാൻ ഓസി യുടെ മരണംവരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു.
നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല.ക്ഷമിക്കുക. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.''കുറിപ്പിന് പിന്നാലെ ചോദ്യവുമായി വി ടി ബൽറാം രംഗത്തു വന്നു. എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ 'ദേശാഭിമാനി' തയ്യാറാവുമോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.
ഇന്ത്യൻ എക്സ്പ്രെസ്സിൽ മുതിർന്ന പത്രപ്രവർത്തകനായിരുന്ന എൻ മാധവൻ കുട്ടി പിൽക്കാലത്ത് ദേശാഭിമാനിയിൽ എത്തുകയും, പിണറായി പക്ഷത്തിന്റെ ഭാഗമായി ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതു സമൂഹത്തിന്റെ പ്രതിനിധി, പത്ര പ്രവർത്തകൻ എന്നൊക്കെയുള്ള ലേബൽ ഉപയോഗിച്ചു സിപിഎമ്മിന്റെ നയങ്ങളെ ന്യായീകരിച്ചുകൊണ്ട് ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു മാധവൻ കുട്ടിയുടെ രീതി. പക്ഷേ ഇന്ന് ആ മനുഷ്യൻ കുടി ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുകയാണ്. സമാനമായ രീതിയിൽ നിരവധിപേരാണ് പോസ്റ്റിടുന്നത്. പക്ഷേ അതുകാണാൻ ഉമ്മൻ ചാണ്ടി ഇല്ലെന്നുമാത്രം.
ശിവരാജൻ കമ്മീഷൻ എത്രകോടികൾ വാങ്ങി?
മുഖ്യമന്ത്രിയായിക്കേ ഉമ്മൻ ചാണ്ടിക്ക് ഏറ്റവും കൂടുതൽ പാരയായത് അദ്ദേഹം തന്നെ വെച്ച ശിവരാജൻ കമ്മീഷൻ ആയിരുന്നു. പക്ഷേ ആ കമ്മീഷന്റെ മുഖം മൂടികൾ അഴിഞ്ഞുവീഴുന്നത്, ഉമ്മൻ ചാണ്ടിക്ക് ജീവിച്ചുന്നപ്പോൾ തന്നെ കാണാൻ കഴിഞ്ഞു.
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്ന് മുന്മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി ദിവാകരൻ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയത് കേരളം ഏറെ ചർച്ചചെയ്തിരുന്നു.
ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തു മുന്നോട്ടു പോയത്. ഒരുവേള ബലാത്സഗക്കേസിൽ ഉമ്മൻ ചാണ്ടി അറസ്റ്റിലാവുമെന്ന് വരെ ഇടതുകേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. ഇതിന് അടിസ്ഥാനമാക്കിയ അതേ റിപ്പോർട്ടാണ് കോടികൾ വാങ്ങി തയാറാക്കിയതാണ് എന്ന ഗുരുതര ആരോപണം ദിവാകരൻ നടത്തിയത്. ഉമ്മൻ ചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാർ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സർക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്നും ദിവാകരൻ സമ്മതിച്ചിരുന്നു.
പിന്നീട് 'മറുനാടൻ മലയാളിക്ക് അനുദിച്ച പ്രത്യേക അഭിമുഖത്തിലും ദിവാകരൻ ഇങ്ങനെ പറഞ്ഞു. ''സോളാർ വിവാദവുമായി ബന്ധപ്പെട്ട് മൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ക്രൂശിച്ചത് ശരിയായ നടപടി ആയില്ലെന്നാണ് എന്റെ അഭിപ്രായം. അന്ന് തന്നെ അക്കാര്യം കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ പരാതിക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചപ്പോൾ ശക്തമായി ഇടത് മുന്നണിയിൽ അതിനെ എതിർക്കുകയും അദ്ദേഹത്തിനെതിരെ ഇത്തരമൊരു ആരോപണത്തിന്മേൽ പ്രക്ഷോഭമുണ്ടാക്കരുതെന്നും ഞാൻ ആവശ്യപ്പെട്ടു. ഇക്കാര്യം കോടിയേരിയോട് സൂചിപ്പിച്ചപ്പോൾ നമ്മുടെ എം എൽ എ മാരുടെ വായ് പൊത്താൻ ഒക്കില്ലല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു മുഖ്യമന്ത്രിയോട് ആന്ന് കാണിച്ച രാഷ്ട്രീയ അധാർമികത ഇന്നും തനിക്ക് ദുഃഖമുണ്ടാക്കുന്നു. ഉമ്മൻ ചാണ്ടി രാഷ്ട്രീയ-പൊതു ജീവിതത്തിൽ മാന്യനുമാണ്. അദ്ദേഹത്തിനെതിരെ ഈ നാണംകെട്ട ആരോപണം ഉന്നയിക്കുമ്പോൾ അത് ഏറ്റുപിടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കിയ രീതിക്ക് ഞാൻ പൂർണമായി എതിരായിരുന്നു''- സി ദിവാകരൻ പറഞ്ഞു. ഇത് ഉമ്മൻ ചാണ്ടി മരിച്ചതിനുശേഷം അദ്ദേഹത്തിനുള്ള മാസ് ജനപിന്തുണ കണ്ട് പറഞ്ഞതല്ല. ഉമ്മൻ ചാണ്ടി ജീവിച്ചിരുക്കുമ്പോൾ തന്നെ പറഞ്ഞതാണ്.
കുടുംബത്തെയും ഹീനമായി വേട്ടയാടി
ദേശാഭിമാനിയുടെയും, സൈബർ സഖാക്കളുടെയും നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പ്രചരിപ്പിക്കപ്പെട്ടു. ദേശാഭിമാനിയിൽ പി എം മനോജ്, 'ശതമന്യു' എന്ന പേരിൽ എഴുതുന്ന കോളത്തിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഡബിൾ മീനിങ്ങുള്ള പ്രയാഗങ്ങൾവരെയുണ്ടായി. ഒരു ചെറിയ കാര്യം ഇട്ടുകൊടുത്താൽ മതി, ബാക്കി സൈബർ സഖാക്കൾ ആയിക്കോളും. ഉമ്മൻ ചാണ്ടിയുടെ കാർ ഇടിച്ചപ്പോൾ അതിൽ മറ്റൊരു സ്ത്രീയുണ്ടായിരുന്നു എന്നുവരെ പ്രചാരണം കൊടുമ്പിരിക്കൊണ്ടു. നാക്കിന് ലൈസൻസില്ലാത്ത വി എസ് അച്യുതാനന്ദൻ പലപ്പോഴും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് എതിരെയും, അതിഹീനമായ പ്രചാരണം നടത്തി. ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലീരാജ് ഉൾപ്പെട്ട വിവാദകാലത്ത് 'ഗൺമോൻ' എന്ന വിഎസിന്റെ അധിക്ഷേപം മറക്കാൻ കഴിയില്ല.
പക്ഷേ ചരിത്രത്തിൽ എന്തിനും ഒരു തിരിച്ചടിയും ഉണ്ടാവമല്ലോ. ഇങ്ങനെയൊക്കെപ്പറഞ്ഞ വിഎസിനും കിട്ടി സമാനമായ തിരിച്ചടി. മകൻ അരുൺകുമാറിന്റെ മക്കാവു യാത്രയുമായി ബന്ധപ്പെട്ട വിവാദം തന്നെ ഉദാഹരണം. അന്ന് സോളാറിൽ സരിതയെ ഉയർത്തിയവർ, പിന്നീട് സ്വർണ്ണക്കത്തിൽ സ്വപ്നയിൽ പ്രതിരോധത്തിലാവുന്ന കാര്യവും കേരളം കണ്ടു. ഇന്ന് മുഖ്യമന്ത്രി പിണറായിയുടെ മകളും, മകനും മാത്രമല്ല, മകന്റെ ഭാര്യാപിതാവുപോലും വിവാദത്തിലാണ്. അവിടെയാണ് നമ്മൾ ഉമ്മൻ ചാണ്ടിയുടെ മാന്യത തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ മൂന്നുമക്കളും ഇന്ന് പിണറായുടെ മക്കൾക്ക് കേൾക്കുന്നതിന് സമാനമായ ഒരു ഗുരുതരമായ ആരോപണത്തിലും ചെന്ന് പെട്ടിട്ടില്ല.
അതുപോലെ സരിതയുടെയും ഇപ്പോഴത്തെ അവസ്ഥയെന്താണ്. സ്വന്തം കുട്ടാളികൾ തന്നെ സ്ലോ പോയിസൻ കൊടുത്തുകൊല്ലാൻ നോക്കിയും, വിവിധ അസുഖങ്ങൾ മലവും ഗുരുതരാവസ്ഥയിലാണ് സോളാർ നായിക എന്നാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരം. ഉമ്മൻ ചാണ്ടിയോട് സരിത മാപ്പുപറയണം എന്നുവരെ സോഷ്യൽ മീഡിയയിൽ പലരും എഴുതുന്നുണ്ട്. കാലത്തിന്റെ കാവ്യ നീതി അല്ലാതെ എന്തുപറയാൻ.
വിഴിഞ്ഞം തൊട്ട് കൊച്ചിമെട്രോവരെ
ഇത്രയേറെ ആക്രമണങ്ങൾ നടന്നിട്ടും, ഉമ്മൻ ചാണ്ടി തന്റെ കർമ്മ മേഖലിയിൽ ഒട്ടും പറികോട്ട് അടിച്ചില്ല. ആധുനിക,കേരളത്തിന്റെ യഥാർത്ഥ വികസന നായകനാണ് ഉമ്മൻ ചാണ്ടിയെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കിയ ദീർഘവീക്ഷണം. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തി ഉമ്മൻ ചാണ്ടി കേരളത്തെ മുന്നോട്ടു നയിച്ചത് വികസന കാലഘട്ടത്തിലേക്കായിരുന്നു. തൊഴിലില്ലായ്മ വേതനം, ശ്രവണ പരിമിതർക്കുള്ള ശ്രവണ സഹായ പദ്ധതി എന്നിങ്ങനെ കരുതൽ പദ്ധതികളും ഏറെ.
കേരളത്തിലെ പൊതു ഗതാഗത്തിലെ വിപ്ലവമായിരുന്നു കൊച്ചിമെട്രോ. 1999ൽ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് തുടക്കമിട്ടപദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004കാലത്താണ്. 2006ൽ നിർമ്മാണം തുടങ്ങി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. എന്നാൽ ആ ചടങ്ങിലേക്ക് ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചില്ല. പക്ഷേ കൊച്ചിമെട്രോ യാഥാർത്ഥ്യമാക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് ഒരാൾക്കും വിസ്മരിക്കാനാവുന്നതല്ല.
കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിലും ഉമ്മൻ ചാണ്ടിക്ക് വലിയ പങ്കുണ്ടായിരുന്നു. 1996 ജനുവരി 19ന് അന്നത്തെ വ്യോമയാനമന്ത്രി സി.എം.ഇബ്രാഹിം പ്രഖ്യാപിച്ച കണ്ണൂർവിമാനത്താവളത്തിന്റെ നിർണായകമായ പലനടപടികളും പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2016 ഏപ്രിൽ30ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യവിമാനം പറന്നിറങ്ങി. പരീക്ഷണ പറക്കൽ വിജയകരമായി നടത്താൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. എന്നാൽ കളിവിമാനം പറപ്പിച്ചെന്ന് പറഞ്ഞ് ഇടത് നേതാക്കൾ ഉമ്മൻ ചാണ്ടിയെ അപഹസിക്കുകയായിരുന്നു. ഐ.ടി.ഭൂപടത്തിൽ കേരളവും കൊച്ചിയും നേടിയെടുത്ത വിലാസമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി. പദ്ധതിയുടെ പഠനത്തിന് ദുബായ് ഇന്റർനെറ്റ് സിറ്റിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ഉമ്മൻ ചാണ്ടിയാണ്. സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് നിർവ്വഹിച്ചത്.
സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളുടെ നിർണായക ചുവടുവെപ്പുകൾ നടന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. വിവാദങ്ങളുയർന്നപ്പോഴും ഭയന്ന് ഒരു വികസന പദ്ധതിയും വേണ്ടെന്ന് വച്ചില്ല. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവില്ലെന്നും തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖം വരുമെന്നും എല്ലാവരും ഉറപ്പിച്ച് പറഞ്ഞിരുന്ന വേളയിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ ഉമ്മൻ ചാണ്ടി മുന്നിട്ടിറങ്ങിയത്. അദാനിയുമായി കരാറൊപ്പിട്ടപ്പോൾ വമ്പൻ അഴിമതി ആരോപിച്ച് രംഗത്തെത്തിയത് ഇന്നത്തെ ഭരണപക്ഷക്കാരായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് അദാനിക്ക് കരാർ നൽകിയതും നിർമ്മാണത്തിന് തുടക്കമിട്ട് തറക്കല്ലിട്ടതും ആയിരംദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഉമ്മൻ ചാണ്ടി അധികാരത്തിൽ നിന്ന് മാറി ഏഴ് വർഷമായിട്ടും പൂർത്തിയാക്കാനായില്ല. ലോട്ടറി വാങ്ങുമ്പോൾ സമ്മാനത്തിനൊപ്പം ജീവകാരുണ്യവും എന്ന കാരുണ്യ ലോട്ടറി നടപ്പാക്കിയതും ഉമ്മൻ ചാണ്ടിയുടെ കാലത്തായിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ആശയത്തിന് ഉമ്മൻ ചാണ്ടി മികച്ച പിന്തുണയാണ് നൽകിയത്. ഗുരുതരമായ പതിനൊന്നോളം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം വരെ ധനസഹായമായി നൽകുന്ന കാരുണ്യ പദ്ധതിയിൽ 1.42 ലക്ഷംപേർക്ക് 1200 കോടിയുടെ ചികിത്സാസഹായമാണ് നൽകാനായത്.
തൊഴിലില്ലായ്മ വേതനം തൊട്ട്
ഉമ്മൻ ചാണ്ടി തൊഴിൽവകുപ്പു മന്ത്രിയായിരിക്കേയാണ് തൊഴിലില്ലായ്മവേതനം നൽകാനുള്ള തീരുമാനമുണ്ടായത്.ആരോഗ്യ ഇൻഷുറൻസ്, ഒരു രൂപയ്ക്ക് അരി എല്ലാ കുടുംബങ്ങൾക്കുംറേഷൻ കാർഡ്, ജനസമ്പർക്ക പരിപാടി, വല്ലാർപാടം കണ്ടെയ്നർ തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി. പദ്ധതി, മലയോര ഹൈവേ, ശബരിമല വികസനം തുടങ്ങി നിരവധി പദ്ധതികളിൽ ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എൽ.എൻ.ജി പദ്ധതിക്ക് തുടക്കത്തിൽ ഇടങ്കോലിട്ടിരുന്ന ഇടതുപക്ഷം തന്നെ പിന്നീട് പദ്ധതി പൂർത്തിയാക്കിയതിന്റെ വമ്പ് പറയുന്നതും പിന്നീട് കേരളം കണ്ടു.
എല്ലാ മണ്ഡലത്തിലുംആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, 1970 കോടിയുടെ ബൈപാസുകൾ, 400 ദിവസംകൊണ്ട് 100 പാലം, മലയാളം സർവകലാശാല, പ്രവാസി വോട്ടവകാശം, ദേശീയ ഗെയിംസ് നടത്തിപ്പ്, 3000 കോടിയുടെ ജപ്പാൻ കുടിവെള്ള പദ്ധതി, അദ്ധ്യാപക പാക്കേജ് തുടങ്ങി നിരവധി പദ്ധതികളാണ് ഉമ്മൻ ചാണ്ടി കേരളത്തിന് സമ്മാനിച്ചത്.
കുഞ്ഞുങ്ങളിൽ ശ്രവണശേഷിയില്ലായ്മ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള നൂതനപദ്ധതിയായ കോക്ളിയർ ഇംപ്ളാന്റേഷൻ രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കിയതും ഉമ്മൻ ചാണ്ടിയായിരുന്നു. 640കുട്ടികൾക്ക് സൗജന്യമായി കോക്ളിയർ ഇംപ്ളാന്റേഷൻ നടത്തി. സർക്കാർ ആശുപത്രിയിൽ 595ഇനം മരുന്നുകൾ സൗജന്യമാക്കിയും 18വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ ആശുപത്രിയിൽ സൗജന്യചികിത്സ ഉറപ്പാക്കുന്ന ആരോഗ്യകിരണം പദ്ധതി, ഗർഭസ്ഥാവസ്ഥ മുതൽ കുഞ്ഞിന് ഒരുവയസാകുന്നതുവരെയുള്ള ചികിത്സ സൗജന്യമാക്കി കൊണ്ടുള്ള അമ്മയുംകുഞ്ഞും പദ്ധതിയും ഉമ്മൻ ചാണ്ടി സർക്കാർ ആരോഗ്യരംഗത്തുകൊണ്ടുവന്ന പ്രധാന മാറ്റങ്ങളായി. ആരോഗ്യരംഗത്ത് വന്മാറ്റങ്ങൾക്കാണ് ഉമ്മൻ ചാണ്ടി തുടക്കമിട്ടത്. എല്ലാ ജില്ലകളിലും മെഡിക്കൽകോളേജ് പദ്ധതിപ്രകാരം ഇടുക്കിയിലും മഞ്ചേരിയിലും കോന്നിയിലും മെഡിക്കൽ കോളേജിന് തുടക്കമിട്ടു.ഇതെല്ലാം കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് നൽകിയ സംഭാവനകൾ മറക്കാനാവുന്നതല്ല. അതിനാൽ കേരളത്തിന്റെ വികസനത്തിന് ഉമ്മൻ ചാണ്ടി നൽകിയത് ചരിത്രപരമായ സംഭാവനകളാണ്.
എൽഡിഎഫ് ശ്രമിച്ചത് എല്ലാം മുടക്കാൻ
ഉമ്മൻ ചാണ്ടിയുടെ വികസന പദ്ധതികൾക്ക് തടയിടാനും എൽ.ഡി.എഫ് ഏറെ ശ്രമിച്ചിട്ടുണ്ട്. വികസനത്തിനായി വായ്പയെടുക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടി ക്ഷണിച്ചുകൊണ്ടുവന്ന വേൾഡ് ബാങ്കിന്റേയും എ.ഡി.ബി.യുടേയും പ്രതിനിധികളെ കേരളത്തിൽ കായികമായി കയ്യേറ്റം ചെയ്തു. മുറിയിൽ പൂട്ടിയിട്ടു, കരി ഓയിൽ ഒഴിച്ചു.എന്നിട്ടും ഉമ്മൻ ചാണ്ടി പിന്മാറിയില്ല. പിന്നീട് അതേ ഇടതുനേതാക്കൾ ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാൻ തീവ്രശ്രമം നടത്തുന്നതും ഉമ്മൻ ചാണ്ടിക്ക് കാണാൻ ഭാഗ്യമുണ്ടായി. പ്രളയപുനരധിവാസത്തിനടക്കം ഇടതു സർക്കാർ പിന്നീട് ലോകബാങ്ക് സഹായം നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ വിദേശയാത്രയിലും ലോകബാങ്കുമായി ചർച്ച നടത്തിയിരുന്നു. നേരത്തെ സീപ്ലെയിൻ എന്ന ഒരു പദ്ധതി ഉദ്ഘാടനംചെയ്ത് ഞാൻ നാണം കെട്ടുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ടൂറിസം രംഗത്ത് ഏറെ പ്രയോജനം നൽകുന്ന ആ പദ്ധതി നടക്കാതെ പോയതും പ്രതിപക്ഷ എതിർപ്പിനെ തുടർന്നായിരുന്നു. എന്നാൽ തനിക്കിട്ട് കിട്ടുന്നിടത്തൊക്കെ പാരവെച്ചിട്ടും, പിണറായി സർക്കാർ കൊണ്ടുവരുന്ന ക്രിയാത്മക പദ്ധതികളെ പിന്തുണക്കാനാണ്, ഉമ്മൻ ചാണ്ടി ശ്രമിച്ചത്.
ഇടതുപക്ഷ നേതാക്കളുടെ നേർ വിപരീതമായ പ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. എല്ലാം ക്ഷമിക്കയും പൊറുക്കയും എന്നതായിരുന്നു അത്. മുഖ്യമന്ത്രിയായിരിക്കെ ഒരു വ്യക്തിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിക്കുകയെന്നത് കേരളസംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യസംഭവങ്ങളിലൊന്നായിരുന്നു. സോളാർ കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് കണ്ണൂർ പൊലിസ് മൈതാനിയിൽ2013- ഒക്ടോബർ 27- ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. കാറിൽ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ.സി ജോസഫും ടി.സിദ്ദിഖുമുണ്ടായിരുന്നു. കല്ല് കാറിന്റെ ചില്ലിൽ തട്ടി തെറിച്ചു മുഖ്യമന്ത്രിക്ക് നെറ്റിക്ക് മുറിവേറ്റു. മുറിവേറ്റു ചോരയൊഴുകിയ നിലയിലാണ് അദ്ദേഹം പൊലിസ് മേളയുടെ സമാപനവേദിയിലെത്തിയത്. പിന്നീട് അവിടെ നിന്നും ആശുപത്രിയിലേക്ക് തിരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തതോടെ അതിൽ നിന്നും പിൻതിരിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. ഇതോടെ കണ്ണൂരിൽ സി.പി. എം -കോൺഗ്രസ് സംഘർത്തിന്റെ മഞ്ഞുരുകി. ഈ കേസ് നടത്തുന്നതിനോട് തുടക്കത്തിലെ ഉമ്മൻ ചാണ്ടി താൽപര്യം കാണിച്ചിരുന്നില്ല. നേരിട്ടു അറിയാവുന്ന രണ്ടു നിയമസഭാ സമാജികരുടെ പേരും അദ്ദേഹം കോടതിയിൽ പറഞ്ഞില്ല. കേസിലെ പ്രതിയായി പിന്നീട് ശിക്ഷിക്കപ്പെട്ട സി.ഒ. ടി നസീറിനെ തലശേരിയിലെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോൾ വാരിപുണർന്ന് സ്നേഹം പ്രകടിപ്പിക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല. കൊന്നും കൊലവിളിച്ചും മുന്നേറിയിരുന്ന കണ്ണൂർ രാഷ്ട്രീയത്തിന് പുത്തൻ അനുഭവമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിശാലഹൃദയവും കാരുണ്യവും നിറഞ്ഞ വഴികൾ.
ഗുരുതരമായ സുരക്ഷാവീഴ്ച്ചയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് കണ്ണൂരിലെ കല്ലേറുകേസിൽ നിന്നും തന്റെ ഗൺമാനായ പേഴ്സനൽ സെക്യൂരിറ്റി ഓഫീസറുടെജോലി സംരക്ഷിച്ചതും ഉമ്മൻ ചാണ്ടിയുടെ കാരുണ്യം മാത്രമായിരുന്നു. അക്രമം നടക്കുമ്പോൾ ഗൺമാൻ പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ടി.സിദ്ദിഖായിരുന്നു മുൻവശത്തിരുന്നത്. എന്നാൽ വിവാദമുണ്ടായപ്പോൾ ഗൺമാൻ മുൻപിലിരിക്കണമെന്ന നിഷ്കർഷ തനിക്കുണ്ടായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.അതുപോലെ സെക്രട്ടറിയേറ്റിൽ തന്റെ സീറ്റിൽ കയറിയിരുന്ന മാനസിക അസ്വാസ്ഥമുള്ളയാളെ കേസിൽ പെടുത്താതെ ഒഴിവാക്കി വിട്ടത്തൊട്ട്, പുതുപ്പള്ളിയിലെ ഒരു യാചകന്റെ പരാതി കേട്ട് അവരെ പള്ളിമുറ്റത്ത് നിന്ന് മാറ്റരുത് എന്ന് നിർദ്ദേശിച്ചത് അടക്കമുള്ള നൂറായിരം അനുഭവങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ കുറിച്ച് പറയാനുണ്ട്.
ജനം പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു നേതാവിനെ യാത്രയാക്കുന്നത് ഇതിനുമുമ്പ് കേരളം അത്രയൊന്നും കണ്ടിട്ടില്ല. ശരിക്കും കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുക കൂടിയാണ്.
വാൽക്കഷ്ണം: ചരിത്രം ചിലപ്പോൾ അങ്ങനെയാണ്. ഫിറോസ്ഗാന്ധി മരിച്ചപ്പോഴുള്ള ജനപ്രവാഹം കണ്ട്, സാക്ഷാൽ നെഹ്റുപോലും അമ്പരന്ന് പോയിരുന്നു. ഫിറോസ് ഇത്രമേൽ സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് നെഹ്റുപോലും അപ്പോഴാണ് അറിയുന്നത്. അതുപോലെ ഉമ്മൻ ചാണ്ടിയും ഇത്രമേൽ സ്നേഹിക്കപ്പെട്ടിരുന്നുവെന്ന്, കോൺഗ്രസ് നേതൃത്വംപോലും അറിയുന്നത് ഇപ്പോഴാവും. നായനാർ, നടൻ ജയൻ, കലാഭവൻ മണി എന്നിവരൊക്കെ മരിച്ചപ്പോഴാണ്് നാം ഇതുപോലെ ഒരു വിലാപയാത്ര കണ്ടത്. പക്ഷേ ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടി അവരെക്കാളുമൊക്കെ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ