- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
എന്നെന്നും പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യരായ ജനത. എന്താണ് പാക്കിസ്ഥാൻ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഇങ്ങനെയാണ് ഉത്തരം പറയാൻ കഴിയുക. ആദ്യം നവാസ് ഷെരീഫ് കുറേ കട്ടുമുടിച്ച് കോടികൾ സമ്പാദിച്ചുകൂട്ടും. പക്ഷേ പട്ടാളത്തെ എതിർക്കുന്നതോടെ അയാൾ ജയിലാവും. പിന്നെ ഇമ്രാൻഖാൻ വരും. അയാളും കോടികൾ കട്ടുമുടിച്ച് അർമാദിക്കും. പക്ഷേ അയാളുടെ ആഹ്ലാദം, സൈന്യവുമായി തെറ്റുന്ന അതുവരെ മാത്രമേയുള്ളു. അതോടെ അയാളം ജയിലിലാവും. പിന്നെ പഴയ നേതാവ് ഷെരീഫ് തിരിച്ചുവരും. പട്ടാളത്തിന്റെ പിന്തുണയുള്ളതുകൊണ്ട് അയാൾ ജയിച്ചുകയറും. ഇലക്ഷനാവട്ടെ അടിമുടി കൃത്രിമവും. ഇപ്പോഴും പാക്കിസ്ഥാനിൽ നടക്കുന്നത് അതാണ്. ജനാധിപത്യമെന്ന പേരിലുള്ള പട്ടാള ഭരണം.
പുതിയ പൊതുതെരഞ്ഞെുടപ്പ് കഴിഞ്ഞപ്പോൾ ആർക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 266 സീറ്റുകളിൽ നിലവിൽ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതിൽ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 91 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ പാർട്ടിക്ക് 71-ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്. പക്ഷേ പട്ടാളത്തിന്റെ പിന്തുണയുള്ള മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിയാവുമെന്നാണ് പൊതുവെ പറയുന്നത്. സഖ്യസർക്കാർ രൂപീകരണത്തിന് നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്ലിം ലീഗും ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും സർക്കാർ രൂപീകരണത്തിനായി ചർച്ച നടത്തി.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയിക്കുന്ന പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് ഉറപ്പിച്ചതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാർട്ടികൾ ഒന്നിക്കാൻ തീരുമാനിച്ചത്.നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎൽ-എൻ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവൽ ഭൂട്ടോയും നടത്തിയ ചർച്ചയിൽ സഖ്യസർക്കാർ രൂപീകരിക്കാൻ ധാരണയായി. മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും കൂടിക്കാഴ്ചയിൽ പങ്കാളിയായി.
നവാസ് ഷരീഫിന്റെ സന്ദേശം ഷഹബാസ് വഴി പിപിപി നേതൃത്വത്തിന് കൈമാറിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാനിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയ്ക്കായി പിഎംഎല്ലിനൊപ്പം നിൽക്കാൻ പിപിപി നേതൃത്വത്തോട് ഷഹബാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനൊപ്പം പഞ്ചാബിലും ഇരുപാർട്ടികളും തമ്മിൽ സഖ്യസർക്കാർ രൂപീകരണത്തിന് തീരുമാനമായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, മറുഭാഗത്ത് സ്വതന്ത്രരുടെയും മറ്റുപാർട്ടികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് ഇമ്രാൻ ഖാന്റെ പാർട്ടിയും ശ്രമം നടത്തുന്നുണ്ട്. അരാജക രാഷ്ട്രീയത്തിൽ നിന്നും ധ്രുവീകരണത്തിൽ നിന്നും മോചിതമായി മുന്നോട്ടുപോകാൻ രാജ്യത്തിന് സ്ഥിരത ആവശ്യമാണെന്ന് പാക്കിസ്ഥാൻ സൈനിക മേധാവിയുടെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. ഇത് കൃത്യമായി ഷെരീഫിന് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. കാരണം ഇമ്രാൻ ജയിലിലാണ്. അതുപോലെ അഴിമതിക്കേസിൽ പിടിവീഴുമെന്ന് കരുതി നാടുവിട്ട ആളാണ് ഷെരീഫ് എന്ന് ഓർക്കണം.
എല്ലാം പട്ടാളം തീരുമാനിക്കും
ഒരേ ദിവസം സ്വാതന്ത്ര്യം കിട്ടിയ രണ്ടുരാഷ്ട്രങ്ങൾ. ഇന്ത്യ ജനാധിപത്യത്തിലേക്കും പുരോഗതിയിലേക്കും പോയപ്പോൾ, മതത്തിന്റെ പേരിലുണ്ടായ ജിന്നയുടെ വിശുദ്ധനാട് പട്ടാള ആധിപത്യത്തിലേക്കും പട്ടിണിയിലേക്കുമാണ് പോയത്. ഇപ്പോഴും, ചായ കുടിക്കാൻ ചായപ്പൊടി ഇറക്കുമതി ചെയ്യാൻ പോലും പണമില്ലാതെ ഗതികെട്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ. ശ്രീലങ്കക്ക് സമാനമാണ് അവിടുത്തെ കാര്യങ്ങൾ. പക്ഷേ മതവർഗീയതയക്കും, അഴിമതിക്കും, അക്രമത്തിനും യാതൊരു കുഴപ്പവുമില്ല. തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ മാത്രം, അമ്പതുപേരാണ് കൊല്ലപ്പെട്ടത്.
34 വർഷം സൈന്യം ഭരിച്ച രാജ്യമാണ് പാക്കിസ്ഥാൻ. പക്ഷേ ഇപ്പോൾ അവർ ജനാധിപത്യത്തിന്റെ പേരിൽ പരോക്ഷഭരണം നടത്തുന്നു. ഏക പാർട്ടി ഭരണമുള്ള ചൈനയെയോ വടക്കൻ കൊറിയയെയോ, സിങ്കപ്പൂരിനെയോ പോലുള്ള രാജ്യമല്ല പാക്കിസ്ഥാൻ. നിരവധി പാർട്ടികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് നടക്കും. പക്ഷേ ജനാധിപത്യം മാത്രം വാഴില്ല. വ്യവസ്ഥാപരമായി പാർലമെന്ററി ജനാധിപത്യമാണ്. പാർലമെന്റിനാണ് അധികാരം. എന്നാൽ അതിനും മുകളിൽ ഒരു ശക്തിയുണ്ട് . അതാണ് പട്ടാളം. സൈന്യം പ്രത്യക്ഷമായും പരോക്ഷമായും ഇടപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തും. തങ്ങൾക്ക് താത്പര്യമുള്ളവരെ വാഴിക്കും, ഇല്ലെങ്കിൽ അസ്ഥിരപ്പെടുത്തും. അത്തരമൊരു പ്രക്രിയ ഇന്ന് പാക്കിസ്ഥാനിൽ വീണ്ടും നടക്കുകയാണ്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനാണ് സൈന്യത്തിന്റെ ശത്രു. കാര്യം തരികിടയാണെങ്കിലും ഇമ്രാൻ ജനകീയനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജയിലിൽ ആയതും. നിരവധി കേസുകളാണ് ഇദ്ദേഹത്തിനെതിരരെയുള്ളത്. മുൻ പ്രധാനമന്ത്രി ശിക്ഷിക്കപ്പെട്ട കേസുകളിൽ രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ പരസ്യപ്പെടുത്തിയത് മുതൽ അനിസ്ലാമികപരമായി കല്യാണം കഴിച്ച കുറ്റം വരെയുണ്ട്.
2018ലെ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പ്രിയങ്കരനായിരുന്നു ഇമ്രാൻ ഖാൻ. പിന്നീട് ഭരണത്തിലിരിക്കെയാണ് തമ്മിൽ അകലുന്നതും ഇമ്രാൻ ഖാൻ സൈന്യത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നതും. ജനപ്രീതി ഏറെയുണ്ടായിട്ടും സൈന്യമെന്ന പാക്കിസ്ഥാൻ 'സർവാധികാരി'യെ ചോദ്യം ചെയ്തപ്പോൾ മുൻഗാമികളുടെ അവസ്ഥ ഇമ്രാനുമുണ്ടായി. അങ്ങനെ 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ സർക്കാർ പുറത്തായി.
2018ൽ സൈന്യത്തിന്റെ എതിരാളിയായിരുന്ന നവാസ് ഷെരീഫാണ് നിലവിൽ അവരുടെ പ്രിയങ്കരൻ. അതിന്റെ ഭാഗമാണ് മുൻപ് രാഷ്ട്രീയത്തിൽനിന്നുവരെ വിലക്കുണ്ടായിരുന്ന നവാസിനെ നീണ്ട വർഷങ്ങളുടെ 'വനവാസത്തിന്' ശേഷം ലണ്ടനിൽ നിന്ന് മാസങ്ങൾക്ക് മുൻപ് തിരികെയെത്തിച്ചത്. ഒരുഭാഗത്ത് തനിക്കെതിരായ കേസുകളിൽനിന്ന് നവാസ് ശരീഫ് വളരെ എളുപ്പത്തിൽ രക്ഷപ്പെടുമ്പോൾ മറുഭാഗത്ത് ഇമ്രാൻ ഖാന്റെ കുരുക്ക് വർധിക്കുകയാണ്.
നേരത്തെ വിധി നിശ്ചയിക്കപ്പെട്ടു
പാക്കിസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സൈനിക സംവിധാനത്തിന്റെ കൈകടത്തൽ എന്നുമുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ അത്ര മോശപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ സാഹിദ് ഹുസൈൻ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം നേരത്തെ തീരുമാനിക്കപ്പെട്ടതാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നത്. വളരെ കൃത്യമായിരുന്നു സൈനിക നേതൃത്വത്തിന്റെ അജണ്ട. ഇമ്രാൻ ഖാനെ കേസുകളിൽനിന്ന് കേസുകളിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുക. ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കും അതിന്റെ പ്രവർത്തകർക്കുമെതിരെ തിരിയുക. ഏകദേശം 60 ശതമാനം മാത്രം സാക്ഷരതയുള്ള പാക്കിസ്ഥാനിൽ ചിഹ്നം പ്രധാനമാണ്്. പി ടി ഐയുടെ ഏറ്റവും വലിയ വോട്ട് ബാങ്കും നിരക്ഷരരായ ജനങ്ങളാണ്. ഈ തിരിച്ചറിവിന്റെ പുറത്താണ് തെഹ്രീക് ഇ ഇൻസാഫിന്റെ ചിഹ്നമായ 'ബാറ്റ്' തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനമുണ്ടാകുന്നത്. ഇതിനുപിന്നിലും സൈന്യത്തിന്റെ ഇടപെടൽ ഉണ്ടായി എന്നത് പകൽ പോലെ വ്യക്താണ്.
പി ടി ഐയുടെ ഓരോ സാധ്യതകളെയും സൈന്യം അതിരൂക്ഷമായാണ് അടിച്ചമർത്തുന്നത്. പി ടി ഐയുടെ കീഴിൽ മത്സരിക്കാൻ അനുവദിക്കാതിരുന്നതിനാൽ നേതാക്കൾ സ്വതന്ത്രരായാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. അതിലും ഒരുപാട് തടസങ്ങൾ സ്ഥാനാർത്ഥികൾ നേരിടുന്നുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ നേതാക്കളെ തടഞ്ഞുവയ്ക്കുക, പത്രിക തട്ടിയെടുക്കുക എന്നിവയിൽ തുടങ്ങി പല പരിപാടികളും അരങ്ങേറി. നിയമപ്രകാരം സ്ഥാനാർത്ഥിയാകണമെങ്കിൽ രണ്ടുപേരുടെ പിന്തുണ ആവശ്യമാണ്. അങ്ങനെയെത്തുന്നവരെ പോലും തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പലയിടത്തും ഇമ്രാന്റെ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു.
അതെല്ലാം അതിജീവിച്ച് എത്തുന്നവർക്കും രക്ഷയില്ലെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പി ടി ഐയുടെ സ്ഥാനാർത്ഥികൾ നടത്തുന്ന പ്രചാരണ റാലികൾ തടയുക, അവരെ ആക്രമിക്കുക തുടങ്ങിയ ജനാധിപത്യത്തെ ഹത്യകളും സൈനിക മേധാവി ആസിം മുനീറിന്റെ നിർദ്ദേശത്തിൽ നടന്നുവരികയാണ്. ഇമ്രാൻ ഖാന്റെ പേര് മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് സൈന്യം വിലക്കിയതിനാൽ യാതൊരു വിധ ജനാധിപത്യപ്രക്രിയയും സാധ്യമാകുന്നില്ലെന്നാണ് പി ടി ഐ പറയുന്നത്.ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ഡസൻ കണക്കിന് നേതാക്കൾ നിർബന്ധിത രാജിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് നിയോജകമണ്ഡലത്തിന്റെ അതിർത്തിരേഖകൾ പുനഃക്രമീകരിച്ച് പി ടി ഐയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കിയിരിക്കുന്നത്.
മാൻ ഓഫ് ദ മാച്ച് ഇമ്രാൻ തന്നെ
എന്തൊക്കെയാലും ഈ തെരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച്, പാക്കിസ്ഥാന് ലോകകപ്പ് കീരീടം നേടിക്കൊടുത്ത, ഇമ്രാൻ ഖാൻ തന്നെയാണ്. ജയിലിൽ കിടന്ന് മത്സരിച്ചും, അയാളുടെ പാർട്ടി വലിയ ഒറ്റക്കക്ഷിയായി. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കിൽ ഇമ്രാൻ തന്നെയാവുമായിരുന്നു പാക് പ്രധാനമന്ത്രി. പാക്കിസ്ഥാനിൽ നടത്തിയ അഭിപ്രായ സർവേകളിൽ പിടിഐക്ക് 60 മുതൽ 80 ശതമാനം വരെ പിന്തുണയുണ്ടായിരുന്നു. അ ഘട്ടത്തിൽനിന്നാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്.
ഇപ്പോൾ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹം കഴിച്ചത് അടക്കമുള്ള 180ഓളം കേസുകളാണ് ഇമ്രാൻ ഖാനെതിരെയുള്ളത്. തെരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പാണ്, ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ഏഴുവർഷം കൂടി തടവ് കിട്ടിയത്. 2018ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷാവിധി. രണ്ട് വിവാഹങ്ങൾക്കിടയിലെ നിർബന്ധിത ഇടവേള ഇദ്ദ, ലംഘിച്ചാണ് ബുഷ്റ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാണിച്ച് മുൻഭർത്താവ് ഖവാർ മനേകയാണ് പരാതി നൽകിയത്. സൈഫർ കേസിൽ പത്തുവർഷവും, തോഷാഖാന കേസിൽ ഭാര്യയ്ക്കൊപ്പം 14 വർഷം തടവുശിക്ഷയും ഇമ്രാന് ലഭിച്ചിരുന്നു.
വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ച സമ്മാനങ്ങൾ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള തോഷാഖാന കേസ്. സൈഫർ കേസിൽ ഇമ്രാൻ ഖാനൊപ്പം പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.അതിനു മുൻപ്, ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും സൈഫർ കേസിൽ പ്രത്യേക കോടതി പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ കുറ്റപത്രപ്രകാരം ഇമ്രാൻ ഖാൻ തിരികെ നൽകാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്.
എന്നാൽ തിരഞ്ഞെടുപ്പിൽ നിന്ന് തന്നെ മാറ്റിനിർത്താനാണ് ഇത്രയും കേസുകൾ കെട്ടിചമച്ചത് എന്നാണ് ഇമ്രാൻ ആരോപിക്കുന്നത്. ഇത് സത്യം തന്നെയാണ്. ഇമ്രാൻ എല്ലാ പാക് പ്രധാനമന്ത്രിമാരും ഒരു അവകാശംപോലെ നടത്തിയ അഴിമതി തന്നെയാണ് ചെയ്തത്. അഴിമതിയും, അക്രവവും നടത്താത്ത പാക ഭരണാധികാരികൾ ഇല്ല. ലിയാഖത്ത് അലിഖാനും, പർവേസ് മുഷ്റഫും, സിയാ ഉൾഹഖും, ബേനസീർ ഭൂട്ടോയുമൊക്കെ പിന്തുടർന്ന അതേ പാത തന്നെയാണ് ഇമ്രാനും സ്വീകരിച്ചത്. ഇവരെക്കെയും സൈന്യത്തിന്റെ പിന്തുണ ഇല്ലാതായതോടെ പുറത്തായവരുമാണ്.
ഷെരീഫ് തിരിച്ചുവരുമ്പോൾ
പാക്കിസ്ഥാന് പുതിയ ഒരു ലോകം വാഗ്ധാനം ചെയ്താണ് ഷെരീഫ് തിരിച്ചുവരുന്നത്. ഷെരീഫിനോട് ഏറെ പകയുള്ള മൂൻ പ്രധാനമന്ത്രി ഇമ്രാൻഖാനാണ് അദ്ദേഹത്തെ ജയിലിൽ അടപ്പിച്ചത്്. ഇമ്രാൻഖാൻ തെറിച്ച്, നവാസിന്റെ സഹോദരൻ ഷഹബാസ് പ്രധാനമന്ത്രിയായതോടെ, കാര്യങ്ങൾ മാറി. പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് വിജയം സമ്മാനിച്ച നായകൻ അകത്തായി. ഷെരീഫ് നാട്ടിലുമെത്തി.
ലാഹോറിലെ ഉയർന്ന ബിസിനസ് കുടുംബത്തിൽ ജനിച്ച നവാസ്, ഇത്തിഫാഖ് ,ഷെരീഫ് ഗ്രൂപ്പുകളുടെ സ്ഥാപകനായ മിയാൻ ഷെരീഫിന്റെ മകനാണ് . പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, ആ രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് നവാസ്. കുറഞ്ഞത് 100 കോടി രൂപയുടെ ആസ്തിയുണ്ട് .സമ്പത്തിന്റെ ഭൂരിഭാഗവും ഉരുക്ക് നിർമ്മാണത്തിലെ ബിസിനസ്സിൽ നിന്നാണ്. ഇനിയുള്ളകാലം ബിസിനസ് പച്ചപിടക്കണമെങ്കിൽ ഒപ്പം രാഷ്ട്രീയ സ്വാധീനവും വേണം എന്ന് നന്നായി അറിയാവുന്ന പിതാവ് തന്നെയാണ് മകനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിച്ചത്.
സ്വേച്ഛാധിപതി ജനറൽ സിയയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം നവാസ് ഷെരീഫിന് ഗുണമായി. നവാസ് പൊതുവേദികളിൽ 'മകൻ' എന്നാണ് സിയ വിളിച്ചത്. 1985 ഏപ്രിൽ 9ന് നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇന്ത്യക്ക് യുപിപോലെയാണ് പാക്കിസ്ഥാന് പഞ്ചാബ്. പഞ്ചാബിലെ മുഖ്യമന്ത്രിയെന്നാൽ ഭാവി പ്രധാനമന്ത്രി തന്നെതാണ്. ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ (1988) നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. പിന്നീട് പ്രധാനമന്ത്രിയും. പക്ഷേ ഷെരീഫിന്റെ കാലം പാക്കിസ്ഥാനിലെ അഴിമതിക്കാലം കൂടിയായിരുന്നു.
അഴിമതികളുടെ രാജാവ് എന്നാണ് നവാസ് ഷെരീഫിനെ പ്രതിപക്ഷം വിശേഷിപ്പിക്കാറുള്ളത്. ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായ കാലം തൊട്ട് അഴിമതികൾ അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്. ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയിലാണ് നവാസിന് രാഷ്ട്രീയ പിന്തുണ നഷ്ടപ്പെട്ടത്. നമ്മുടെ കരുവന്നുർ ബാങ്ക് പോലുള്ള ഈ വായ്പ്പാ തട്ടിപ്പ് 1992-ൽ ദശലക്ഷക്കണക്കിന് പാക്കിസ്ഥാനികളെ ബാധിച്ച ഒരു തകർച്ചയിലേക്ക് നയിച്ചു. പഞ്ചാബിലും കശ്മീരിലും ഏകദേശം 7,00,000 ആളുകൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടു, ഇതിനിടെ നവാസിന്റെ ഇത്തെഫാഖ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് കോടിക്കണക്കിന് രൂപ അനുവദിച്ചതായും കണ്ടെത്തി. ഈ വായ്പകൾ തിടുക്കത്തിൽ തിരിച്ചടച്ചെങ്കിലും നവാസിന്റെ സൽപ്പേരിന് വലിയ കോട്ടം സംഭവിച്ചു.
2016 ചോർന്ന പനാമ പേപ്പറുകളും നവാസിന്റെ അഴിമതികളുടെ നേർ ചിത്രമായി. നിയമ സ്ഥാപനമായ മൊസാക്ക് ഫൊൻസെക്കയിൽ നിന്ന് ചോർന്ന രേഖകൾ പ്രകാരം, നവാസിന്റെ കുടുംബത്തിന് യുകെയിലടക്കം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സ്വത്തുക്കളും കമ്പനികളും ഉണ്ട്. നവാസ് ഷെരീഫിന്റെയോ ഷെഹ്ബാസ് ഷെരീഫിന്റെയോ പേര് പറയുന്നില്ലിങ്കെിലും മക്കളുടെയും മരുമക്കളുടെയും പേരുകൾ ഇതിലുണ്ട്. അങ്ങനെ വിദേശത്തേക്ക് മുങ്ങിയ ഷെരീഫാണ് ഇപ്പോൾ പാക്കിസ്ഥാന്റ രക്ഷകനായി തിരിച്ചുവരുന്നത്.
ഇന്ത്യയും അമേരിക്കയും നിരീക്ഷിക്കുന്നു
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തന്നെ, അതിൽ വ്യാപകമായി ക്രമേക്കേട് നടന്നുവെന്ന് യുറോപ്യൻ യൂണിയൻ ആരോപിച്ചിരുന്നു. പക്ഷേ അവർ പാക്കിസ്ഥാനുമോൽ ഒരു സമ്മർദം ചെലുത്തിയില്ല. അമേരിക്കപോലും നോക്കുകുത്തിയാണ്. ഇടക്ക് ഇമ്രാനുമായ യുഎസ് ഉടക്കിയിരുന്നു. പുതിയ സാഹചര്യങ്ങളെ അവർ നിരീക്ഷിക്കയാണ്. പാക് സൈന്യത്തെ വെറുപ്പിക്കാൻ അമേരിക്കയ്ക്കും താൽപ്പര്യമില്ല. ആര് അധികാരത്തിലെത്തിയാലും ഭരണത്തിന്റെ ചരട് സൈന്യത്തിനാണെന്ന ബോധ്യം അമേരിക്കയിലെ ഭരണകർത്താക്കൾക്ക് എല്ലാകാലത്തുമുണ്ട്. ഒരാവശ്യമുള്ളപ്പോൾ അവർ വിളിക്കുന്നതും സൈനിക മേധാവിയെയാണെന്ന് ഇസ്ലാമാബാദിലെ യു എസ് മുൻ നയതന്ത്രജ്ഞൻ തന്നെ തുറന്നു പറഞ്ഞിരുന്നു.
കൂടാതെ ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാനപ്പെട്ട സുഹൃത്തായ ഇന്ത്യയുമായി ഇമ്രാൻ ഖാൻ പുലർത്തുന്ന അകൽച്ചയും അവർക്ക് പ്രശ്നമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 'വംശീയവാദി' ആണെന്നൊക്കെ ഇമ്രാൻ മുൻപ് പറഞ്ഞിരുന്നു. അമേരിക്കയോടും അത്ര നല്ല ബന്ധത്തിലല്ല ഇമ്രാൻ ഖാൻ. തന്നെ പുറത്താക്കിയതിനുപിന്നിൽ അമേരിക്കയാണെന്ന ആരോപണവും ഇമ്രാൻ ഖാൻ തന്നെ മുൻപ് ഉയർത്തിയിരുന്നു. കൂടാതെ മേഖലയിലെ ഇമ്രാന്റെ പ്രധാന സുഹൃത്ത് ഷി ജിൻ പിങ്ങും വ്ളാദിമിർ പുടിനുമാണ് എന്നതും അമേരിക്കയ്ക്ക് ഇമ്രാനൊടുള്ള താത്പര്യക്കുറവിന്റെ കാരണങ്ങളാണ്.
പുതിയ സാഹചര്യങ്ങളെ ഇന്ത്യയും, സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. മോദി സർക്കാറിനോട് ഇമ്രാനെ താൽപ്പര്യമില്ല എന്നത് പരസ്യമായ രഹസ്യമാണ്. നവാസ് ഷെരീഫ് തമ്മിൽ ഭേദമാണെന്ന നിലപാടും മോദി സർക്കാറിനുണ്ട്. പക്ഷേ പാക്കിസ്ഥാനിൽ എന്നും ചെലവാകുന്ന ഒന്നാണ് ഇന്ത്യ വിരുദ്ധ വികാരം. ഈ പട്ടിണിയും അഴിമതിയുമൊക്കെ ജനം മറക്കണമെങ്കിൽ, അൽപ്പം വർഗീയതയും, ഇന്ത്യാവിരുദ്ധതയും ചേർത്തുകൊടുത്താൽ മതി എന്ന് പാക് ഭരണാധികാരികൾക്ക് നന്നായി അറിയാം.
പക്ഷേ ഒരുകാര്യം വ്യക്തമാണ്. പാക് ജനതയുടെ ദുരിതം അടുത്തകാലത്തൊന്നും തീരില്ല. കാരണം ഇപ്പോൾ രാജ്യത്തിനുവേണ്ടത് സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കഴിയുന്ന ഒരു ഉറച്ച നേതൃത്വത്തെയാണ്. പാക്കിസ്ഥാനിൽ ഇല്ലാത്തതും അതുതന്നെ.
വാൽക്കഷ്ണം: മുഗൾ രാജാക്കന്മാരുടെ അവസ്ഥയാണ്, പാക്ക് പ്രധാനമന്ത്രിമാർക്കെന്നാണ് പൊതുവെ പറയാറുള്ളത്. അടുത്ത ചക്രവർത്തിയായി വരുന്ന മകൻ വിധിച്ച തടവറയിലാണ് അവർ മിക്കവരും ഒടുങ്ങാറുള്ളത്. പാക്കിസ്ഥാനിലാവട്ടെ ഒരു പ്രധാനമന്ത്രി സ്ഥാനഭ്രഷ്ടനായിക്കഴിഞ്ഞാൽ, അടുത്തുവരുന്നവർ ആദ്യം ചെയ്യുക പഴയ പ്രധാനമന്ത്രിക്കെതിരെ കേസുകൾ കുത്തിപ്പൊക്കി ജയിലിൽ ആക്കുക എന്നതാണ്! സുൽഫിക്കർ അലി ഭൂട്ടോ തൊട്ട് ഇപ്പോൾ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാൻ വരെ ഉദാഹരണം.