''ഇന്ത്യന്‍ സൈന്യത്തെ നോക്കൂ, അവര്‍ ജനാധിപത്യത്തിന് കീഴില്‍ അടങ്ങി ഒതുങ്ങി കഴിയുകയാണ്. ഒരിക്കലും ഇന്ത്യന്‍ സൈന്യം അധികാരത്തിനായി മത്സരിച്ചിട്ടില്ല. എന്നാല്‍ ഇവിടെ എന്താണ് സ്ഥിതി. സ്വാതന്ത്ര്യം കിട്ടി, 75 വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ത്യ നമ്മേക്കാള്‍ എത്ര മുന്നേറി. അതിന്റെ പ്രധാനകാരണം അവിടെ ജനാധിപത്യം ഉണ്ടെന്നാണ്. എന്നാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരും, പട്ടാളവും പാക്കിസ്ഥാനില്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ല. എന്തിന് ബംഗ്ലാദേശ് പോലും ഇന്ന് പാക്കിസ്ഥാനേക്കാള്‍ സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു''- ഇത് പറഞ്ഞത് പാക്കിസ്ഥാന്റ മൂന്‍ പ്രധാനമന്ത്രി സാക്ഷാല്‍ ഇമ്രാന്‍ ഖാനാണ്. 2022 ജനുവരിയില്‍ ഇസ്ലാമബാദിലെ പൊതുയോഗത്തില്‍ പറഞ്ഞ വാക്കുകള്‍ ആണിത്. അതിന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇമ്രാന്‍ സ്ഥാനഭ്രഷ്ടനായി. തുടര്‍ന്ന് ജയിലുമായി. ഇപ്പോള്‍ ഇമ്രാന്‍ തടവറയില്‍ കിടന്ന് മരിച്ചുവെന്നൊക്കെവാര്‍ത്തകള്‍ പുറത്തുവരുന്നു.

പക്ഷേ ഏറ്റവും ഒടുവില്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. അപ്പോഴും ഇമ്രാന്റെ പാര്‍ട്ടിക്കാര്‍ പറയുന്നത് തങ്ങളുടെ നേതാവിന് എന്തെങ്കിലും പറ്റിയാല്‍ അതിനുപിന്നില്‍ പാക് പട്ടാള മേധാവി അസിം മുനീര്‍ ആണെന്നാണ്. അസിമിനെ സത്യത്തില്‍ പാക്കിസ്ഥാനിലെ എല്ലാ നേതാക്കള്‍ക്കും ഭയമാണ്. ഇമ്രാന്റെ കടുത്ത എതിരാളികൂടിയായ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും, ഇതേ പ്രശ്നമുണ്ട്്. ഇമ്രാന്‍ പറഞ്ഞതുപോലെ എന്നും സൈന്യത്തിന് വലിയ മേല്‍കൈയുള്ള രാജ്യമാണിത്. നിരവധി പട്ടാള അട്ടിമറികള്‍ കണ്ട, ലോകത്തിലെ ഏറ്റവും ഭാഗ്യംകെട്ട നാടുകളിലൊന്ന്.

സ്വാതന്ത്ര്യത്തിനശേഷം മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ദശാബ്ദത്തിലേറെക്കാലം, 'ജിന്നയുടെ വിശുദ്ധനാട്' സൈനിക ഭരണത്തില്‍ കീഴിലായിരുന്നു. ഭരണതലസ്ഥാനം ഇസ്ലാമബാദ് ആണെങ്കിലും അധികാരത്തിലേക്കുള്ള കറുക്കുവഴി എപ്പോഴും പാക്കിസ്ഥാനെ സൈനിക തലസ്ഥാനമായ റാവല്‍പിണ്ടിയിലുടെയാണ്. ഇവിടം ഒരു ബദല്‍ അധികാരകേന്ദ്രമാണ്. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനേക്കാള്‍ സ്ഥാനം അസിം മുനീറിനായിരുന്നു. പ്രത്യേകമായി വൈറ്റ് ഹൗസില്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ ട്രംപിന് അപൂര്‍വ ധാതുക്കള്‍ സമ്മാനിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു.

അസിം മുനീറാവട്ടെ സിയാവുള്‍ഹഖ് രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. മതത്തെയും സൈന്യത്തെയും സമ്മേളിപ്പിക്കാന്‍ അദ്ദേഹത്തിന് അറിയാം. കടുത്ത ഇന്ത്യാവിരുദ്ധന്‍ കൂടിയായ ഇദ്ദേഹത്തിന്റെ വിദേഷം നിറഞ്ഞ സംസാരങ്ങളാണ് പഹഗല്‍ഗാം ഭീകരാക്രമണത്തിന് വളമായതെന്ന് വിമര്‍ശിക്കപ്പെട്ടതാണ്. വലിയ രീതിയിലുള്ള ഏകാധിപത്യ പ്രവണതയുള്ള ഈ മനുഷ്യനെ സൈന്യത്തിന്റെ സംയുക്ത പ്രതിരോധ സേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎഫ്) എന്ന, പാക് ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രാറ്റജി കമാന്‍ഡിന്റെ നിയന്ത്രണംവരെ നല്‍കുന്ന പദവി കൊടുത്താല്‍ എന്തു സംഭവിക്കും. അത് നിശ്ശബ്ദമായ ഒരു പട്ടാള അട്ടിമറിയാണെന്നാണ്, ദ ഗാര്‍ഡിയന്‍പോലുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഷഹബാസ് ഷരീഫിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും, വൈകാതെ അസിം പുര്‍ണ്ണമായി അധികാരം പിടിക്കുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇപ്പോള്‍ അസിമിന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനമേല്‍ക്കല്‍ വൈകിക്കാനായി പ്രധാനമന്ത്രി ഷഹബാസ് നാടുവിട്ടുവെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരികയാണ്. വല്ലാത്ത നാണക്കേടുതന്നെ!

അസിമിന് സര്‍വാധികാരം

കടുത്ത ഇന്ത്യാവിരുദ്ധനും മതഭ്രാന്തനുമായി അറിയപ്പെടുന്ന അസിം മുനീര്‍ പാക് സൈന്യത്തിന്റെ സര്‍വാധികാരിയാവുന്നത് ഭീതിയോടെയാണ് അയല്‍ രാജ്യങ്ങളും നോക്കിക്കാണുന്നത്. ഭരണഘടനാ ദേദഗതി നടത്തിയാണ്, പാക് സൈന്യത്തിന്റെ സംയുക്ത പ്രതിരോധ സേനാ മേധാവി പദവി അസിമില്‍ വന്നുചേര്‍ന്നത്. ഒപ്പം പാക് ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രാറ്റജി കമാന്‍ഡിന്റെ നിയന്ത്രണവും. ഫീല്‍ഡ് മാര്‍ഷല്‍ എന്ന നിലയില്‍ അദ്ദേഹം ആജീവനാന്തം യൂണിഫോമില്‍ ഉണ്ടാവുകയും ചെയ്യും.




പാക് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്സി) ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ വിരമിക്കുന്ന ദിവസമാണ് അസിം മുനീര്‍ സിഡിഎഫ് സ്ഥാനത്തേക്ക് നിയമിതനായത്. മാത്രമല്ല, സിജെസിഎസ്സി എന്ന പദവി പാക്കിസ്ഥാനില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്തു. അടുത്ത അഞ്ചുവര്‍ഷക്കാലം സംയുക്ത സേനകളുടെ -കരസേന, വ്യോമസേന, നാവികസേന- സര്‍വാധികാരി ഇനി അസിം മുനീര്‍ ആയിരിക്കും. പാക്കിസ്ഥാന്‍ ഭരണഘടന അനുസരിച്ച്, ഫെഡറല്‍ സര്‍ക്കാരിനാണ് സായുധ സേനയുടെ നിയന്ത്രണവും കമാന്‍ഡും ഉണ്ടായിരിക്കേണ്ടത്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 243 പരിഷ്‌ക്കരിച്ചതോടെ സൈന്യത്തിന്റെ സ്വാധീനം കൂടുതല്‍ വര്‍ദ്ധിച്ചു. സി ഡി എഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ പോലും നിയമവിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. 27 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി ഡി എഫ് പദവി അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് നല്‍കാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സര്‍ക്കാരിനേക്കാള്‍ അധികാരം ലഭിക്കും. ഇതുപേടിച്ചാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ 'തന്ത്രപരമായ അഭാവം' എന്നാണ് പറയുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ കനത്ത നഷ്ടം സംഭവിച്ചതിന് ആഴ്ചകള്‍ക്ക് ശേഷം മുനീറിനെ പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷലായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് നിലവില്‍ പാക്കിസ്ഥാന്‍ ഭരണഘടനയില്‍ നിയമപരമായ സ്ഥാനമില്ല. ഔദ്യോഗികമായി, 2025 നവംബര്‍ 28-ന് മുനീര്‍ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍, പുതിയ ഭേദഗതിയോടെ അസിം മുനീറിന്റെ സ്ഥാനം ഒന്നുകൂടി ഭദ്രമാക്കിയിരിക്കുകയാണ്. 2030 വരെയാണ് അസിം മുനീറിന്റെ സിഡിഎഫ് കാലാവധി.

നിലവിലെ സൂചനകള്‍ അസീം മുനീറിന് സര്‍വാധികാരം നല്‍കിക്കൊണ്ടുള്ളതാണ് ഭരണഘടനാ ഭേദഗതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങള്‍ രാജ്യത്തെ പ്രസിഡന്റിന് തുല്യമായ നിയമപരിരക്ഷയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. പ്രസിഡന്റിനെപ്പോലെ ഫീല്‍ഡ് മാര്‍ഷലിനും കുറ്റവിചാരണയില്‍നിന്ന് ആജീവനാന്തം പരിരക്ഷ ലഭിക്കും.

അതിനിടെ ജനറല്‍ അസീം മുനീര്‍ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതും വലിയ വാര്‍ത്തയായി. അസിം മുനീര്‍ സൈന്യത്തിലെ 'പരമാധികാരി' ആകുന്ന നീക്കം തടയാനാണ് ഷെഹ്ബാസ് രാജ്യം വിട്ടതെന്ന് സൂചനയുണ്ട്. അസീം മുനീര്‍, സി ഡി എഫ് പദവി നവംബര്‍ 29 ന് വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ അംഗം തിലക് ദേവാഷര്‍ വെളിപ്പെടുത്തിയതായി എ എന്‍ ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസീം മുനീര്‍ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂര്‍വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇതോടെ അപുര്‍വ സാഹചര്യമാണ് പാക്കിസ്ഥാനില്‍ ഉണ്ടായിരിക്കുന്നത്.

അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബര്‍ 29 ന് അവസാനിച്ചതോടെ പാക്കിസ്ഥാന് ഇപ്പോള്‍ ഔദ്യോഗിക സൈനിക മേധാവിയില്ല. 240 ദശലക്ഷം ജനങ്ങളുള്ള ആണവശക്തിയായ രാജ്യമാണ് പാക്കിസ്ഥാന്‍. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണല്‍ കമാന്‍ഡ് അതോറിറ്റിയും നേതൃത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന അപൂര്‍വ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ - സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം സിയാവുല്‍ഹഖ് ജനിക്കുന്നു




പാക്കിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ഒരു പ്രധാനമന്ത്രിക്കും കാലാവധി പുര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ല മരണം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ക്ക് കിട്ടാറില്ല എന്നാണ് അവിടുത്തെ പ്രമുഖ പത്രമായ ഡോണിലെ ഒരു ലേഖനം പറയുന്നത്. ആര്‍മിയെ വെല്ലുവിളിച്ച ചെയ്ത ഒരാളും പാക്കിസ്ഥാനില്‍ വാണിട്ടില്ല. ഡെമോക്രസിക്കുപകരം പ്ലൂട്ടോക്രസി അഥവാ അടിമകളേപ്പോലെ വോട്ട് ചെയ്യുക എന്നതാണ് പലപ്പോഴും പാക്കിസ്ഥാനില്‍ നടക്കാറുള്ളത്. 58 മുതല്‍ 71വരെയും, 79- 88വരെയും, 98-2008 വരെയുമുള്ള 34വര്‍ഷത്തോളം ആര്‍മിയാണ് രാജ്യം ഭരിച്ചിരുന്നത്. ഏറ്റവും വിചിത്രം നിലവിലുണ്ടായിരുന്നു ഭരണാധികാരികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ആര്‍മി ചീഫുമാരാണ് അവര്‍ക്ക് പണികൊടുത്തത് എന്നതാണ്.

തന്നെ പ്രധാനമന്ത്രിയാക്കിയ സിക്കന്തര്‍ മര്‍സയെ നാടുകടത്തി, നിര്‍ധനനാക്കി കൊല്ലിച്ചാണ് 58-ല്‍ പട്ടാളമേധാവി അയൂബ്ഖാന്‍ അധികാരം പിടിച്ചത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വിശ്വസ്ഥന്‍ ആയിരുന്നു പട്ടാള മേധാവി സിയാവുള്‍ ഹഖ്. ഹഖിനേക്കാള്‍ സീനിയര്‍ ആയ മൂന്നുപേരെ തഴഞ്ഞാണ് ഭൂട്ടോ അയാളെ സൈനിക മേധാവി സ്ഥാനത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. എന്നിട്ടും തന്റെ മുന്‍ഗാമിയെപ്പോലെ തന്നെ പാലുകൊടുത്ത കൈക്ക് കൊത്താന്‍ അദ്ദേഹവും മടിച്ചില്ല. ഭൂട്ടോയെ വീട്ടു തടങ്കലിലാക്കി സിയാവുല്‍ ഹഖ് അധികാരം പിടിച്ചു. അവിടെ തീര്‍ന്നില്ല, തന്റെ ഗോഡ്ഫാദര്‍ ആയിരുന്ന ഭൂട്ടോയെ വിവിധ കാരണങ്ങള്‍ പറഞ്ഞ് സിയാവുല്‍ ഹഖ് 1979-ല്‍ തൂക്കിക്കൊന്നു.

ക്രൂരനും കടുത്ത മത തീവ്രാവാദിയും ആയിരുന്നു സിയാവുല്‍ ഹഖ്. പാക്കിസ്ഥാനിലെ ഔറംഗസീബ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പാക്കിസ്ഥാനിലെ അവശേഷിക്കുന്ന മതേതരത്വം കൂടി വെട്ടിക്കകളഞ്ഞ് പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യമാക്കിയത് 'പുഞ്ചിരിക്കുന്ന വില്ലന്‍' എന്ന വിശേഷപ്പിക്കപ്പെടുന്ന ഹഖിന്റെ കാലത്താണ്. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, ഷിയാക്കളും, അഹമ്മദീയാക്കളും ഇക്കാലത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അഹമ്മദീയാക്കാള്‍ മുസ്ലീങ്ങള്‍ അല്ല എന്ന പ്രഖ്യാപനം ഹഖ് നടത്തി. പാക്കിസ്ഥാന് ആദ്യമായി നൊബേല്‍ സമ്മാനം നേടിക്കൊടുത്ത, അബു സലാം എന്ന വിശ്രുതനായ ശാസ്ത്രഞ്ജന്റെ ഖബറിടത്തിലെ പലകപോലും അക്കാലത്ത് മാറ്റപ്പെട്ടു. ആദ്യത്തെ മുസ്ലീം നൊബേല്‍ സമ്മാന ജേതാവ് എന്ന ഫലകത്തിലെ വാക്യത്തിലെ മുസ്ലീം എന്നത് മായ്ച്ച് കളഞ്ഞു. കാരണം അദ്ദേഹം ഒരു അഹമ്മദീയ മുസ്ലും ആയിരുന്നു എന്നതുതന്നെ!

ഇതെല്ലാം ചെയ്യിച്ചിട്ട് ഒന്നുമറിയാത്ത പോലെയാണ് ഹഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. ശാന്തമായും സൗമ്യമായും സംസാരിച്ച് ക്രൂരമായ കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു സിയാവുല്‍ ഹഖിന്റെ രീതി. ഒടുവില്‍ ഒരു വിമാന അപകടത്തില്‍ പെട്ട് അദ്ദേഹം കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍, പാക്കിസ്ഥാന്‍ ഇന്ന് സ്യൂട്ടും കോട്ടുമിട്ട് നടക്കുന്ന താലിബാനികളുടെ നാട് ആവുമായിരുന്നു. ഇവിടെ അസീം മുനീറിലേക്കും വന്നുചേരുന്ന അമിത അധികാരത്തെ സിയാ ഉള്‍ഹഖിനോടാണ് ഉപമിക്കപ്പെടുന്നത്. കാരണം മതഭ്രാന്തിന്റെ കാര്യത്തില്‍, ഇരുവരും ഒരുപോലെയാണ്. രണ്ടാം സിയാവുല്‍ ഹഖ് എന്നാണ് അസിം അറിയപ്പെടുന്നത്. സാമ്പത്തികമായി തകര്‍ന്ന് പാക്കിസ്ഥാന്‍ പട്ടിണി രാഷ്ട്രമായയോടെ അവര്‍ നിര്‍ത്തിവെച്ചതായിരുന്നു, ഭീകരയക്കുള്ള ഐഎസ്ഐ ഫണ്ടിങ്. പക്ഷേ നമ്മുടെ അസിം മുനീര്‍ അത് വീണ്ടും കൊണ്ടുവന്നു. ഇപ്പോള്‍ ജെയ്ഷേ മുഹമ്മദിന്റെ പുനരുജ്ജീവനത്തിന് പിന്നിലും പാക് പട്ടാളത്തിന് വലിയ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ സൈനിക മേധാവി തന്നെ നേരിട്ട് ഭീകരതക്ക് നേതൃത്വം കൊടുത്താല്‍ ആ രാജ്യത്തെ ആര്‍ക്കാണ് രക്ഷിക്കാന്‍ കഴിയുക?

ഒരു കവലച്ചട്ടമ്പിയെപ്പോലെയാണ് പലപ്പോഴും അസിം സംസാരിക്കുക. ''ഇന്ത്യ ഒരു ആഡംബര മെഴ്സിഡസ് കാറാണെങ്കില്‍, പാക്കിസ്ഥാന്‍ ചരക്ക് നിറച്ച ഒരുട്രക്കാണ്. ട്രക്ക് കാറിലിടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക?''- ഫ്ളോറിഡയില്‍, അമേരിക്കയിലെ പാക്കിസ്ഥാന്‍ വ്യവസായികള്‍ നടത്തിയ അത്താഴവിരുന്നില്‍ സംസാരിക്കവേ അസിം മുനീര്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചു. -''കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഡിയാണ്, സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല, അവിടെ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും. ഞങ്ങള്‍ ഒരു ആണവശക്തിയാണ്. ഞങ്ങളുടെ അസ്തിത്വം അപകടത്തിലായാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം ഇല്ലാതാക്കും,''- ഇങ്ങനെപോവുകയാണ് അയാളുടെ പ്രകോപനപരമായ വാക്കുകള്‍. ഇനി അയാള്‍ക്ക് സമ്പൂണ്ണ അധികാരം കിട്ടിയാലുള്ള അവസ്ഥയെന്താവും. സ്വതവേ കുരങ്ങന്‍, കണ്ണും കുടിച്ചു, വാലിന് തേളും കുത്തി എന്നു പറയുന്ന അവസ്ഥയാവും.

ഷരീഫിനും ഇമ്രാനും പറ്റിയത്


ചരിത്രം എന്നും പ്രഹസനമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. മൂന്ന് പട്ടാള അട്ടിമറികളില്‍നിന്നും അവര്‍ ഒരു പാഠവും പഠിച്ചില്ല. ഒരിക്കലും സൈന്യത്തെ വിശ്വസിക്കാന്‍ പാടില്ല എന്നും, തിരഞ്ഞെടുക്കപ്പെട്ട ഭരണകര്‍ത്താക്കളും സൈന്യവും തമ്മില്‍ ഒരു അകലം വേണമെന്നും എക്കാലവും പാക് ഭരണാധികാരികള്‍ മറന്നുപോവുന്നു. 99ലാണ് പാക്കിസ്ഥാനില്‍ അവസാനത്തെ പട്ടാള അട്ടിമറിയുണ്ടായത്. അന്ന് നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് പട്ടാള മേധാവി പര്‍വേഷ് മുഷ്റഫ് അധികാരം പിടിച്ചത്.





അഴിമതിയുടെ കൂത്തരങ്ങ് ആയിരുന്നെങ്കിലും നവാസ് ഷെരീഫിന്റെ ഭരണകാലത്ത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചെപ്പെട്ടിരുന്നു. പക്ഷേ മറ്റുളളവര്‍ക്ക് പറ്റിയ ഒരു അബദ്ധം അദ്ദേഹത്തിനും പറ്റി. അതായത് സൈനിക മേധാവി പര്‍വേശ് മുഷറഫിനെ അമിതമായി വിശ്വസിച്ചു. മുഷറഫിന്റെ ഗോഡ് ഫാദര്‍ കൂടിയായിരുന്നു ഷെരീഫ്. ജഹാംഗീര്‍ കരമാത്ത് എന്ന പട്ടാള മേധാവിയെ നിര്‍ബന്ധിതമായി വിരമിപ്പിച്ചാണ്, മുഷറഫിനെ ഷെരീഫ് കയറ്റുന്നത്. പക്ഷേ അധികാരം കിട്ടിയപ്പോള്‍ മുഷറഫ് പണിയാന്‍ തുടങ്ങി. മുഷറഫിന്റെ നോട്ടം പാക്കിസ്ഥാന്റെ സമ്പൂര്‍ണ്ണ ആധിപത്യത്തിലാണെന്ന് വൈകിയാണ് ഷെരീഫ് മനസ്സിലാക്കിയത്. അങ്ങനെ ശ്രീലങ്കയിലേക്ക് മുഷറഫ് ഒരു ഔദ്യോഗികകാര്യത്തിന് പോയപ്പോള്‍ ഷെരീഫ് പണിഞ്ഞു. മുഷറഫിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തിന്റെയും കൊണ്ടുള്ള വിമാനത്തെ പാക്കിസ്ഥാനില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. കാരണം മുഷറഫ് രാജ്യത്തിന്റെ ശത്രവും കുറ്റവാളിയും ആണെന്നാണ് ഷെരീഫിന്റെ നിലപാട്.

പക്ഷേ നവാസ് ഷെരീഫ് ഒരിക്കലും വിചാരിക്കാത്ത സംഭവമാണ് പിന്നീട് ഉണ്ടായത്. മുഷറഫ് ശ്രീലങ്കയില്‍ ഇരുന്ന് നിര്‍ദേശം നല്‍കിയതോടെ പട്ടാള ടാങ്കുകള്‍ ഷെരീഫിന്റെ വസതിയില്‍ എത്തി. അയാള്‍ സൈന്യത്തിന്റെ വീട്ടുതടങ്കലില്‍ ആയി. വീണ്ടും പട്ടാളം അധികാരം പിടിച്ചു. ( നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഇന്ത്യന്‍ പട്ടാളടാങ്കുകള്‍ നീങ്ങുന്ന കാലം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. അതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും! )

മുഷ്‌റഫ് പാക്കിസ്ഥാന്റെ പ്രസിഡന്റായി. തുടര്‍ന്ന് അങ്ങോട്ട് ഷെരീഫിന്റെ കഷ്ടകാലമായിരുന്നു. സഹതാപ തരംഗം പേടിച്ച് അയാള്‍ ഷെരീഫിനെ കൊന്നില്ല എന്നെയുള്ളൂ. എല്ലാ അഴിമതിക്കേസുകളും കുത്തിപ്പൊക്കി. ഷെരീഫിനും കൂടുംബത്തിനും കേസില്‍നിന്ന് ഊരാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി. അതിനുപിന്നാലെ പനാമ പേപ്പേഴസ് എന്ന അഴിമതി റിപ്പോര്‍ട്ട് പുറത്തായത്. അതിലും ഷെരീഫ് കുടുംബം എക്പോസ്ഡ് ആയി. പിന്നീട് ഇപ്പോള്‍ നവാസിന്റെ സഹോദരന്‍ ഷഹബാസിന്റെ കൈകളില്‍ അധികാരം എത്തിയപ്പോള്‍ മാത്രമാണ്, അവര്‍ക്കുനേരെയുള്ള ഭീഷണി മാറിയത്.

ഏതാണ്ട് സമാനമായ അവസ്ഥയാണ് ഇമ്രാന്‍ഖാനുമുണ്ടായത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയത് വളരെയേറെ പ്രതീക്ഷകളോടെയാണ്. അദ്ദേഹത്തിന് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ പാക്കിസ്ഥാന്‍ ജനതയ്ക്ക് ഉണ്ടായിരുന്നു. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും അഴിമതിയായിരുന്നു അതിനു കാരണം. മറ്റൊന്ന് കുടുംബാധിപത്യം. അത് പാക്കിസ്ഥാന്റെ അടിത്തറ തകര്‍ത്തിരുന്നു. അതിനിടെയാണ് തെഹ്രികെ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം. നവാസിനെയും ഭൂട്ടോയെയും തകര്‍ക്കാന്‍ സൈന്യം ആസൂത്രണം ചെയ്ത പാര്‍ട്ടിയായിരുന്നു ഇത്.

എന്നാല്‍ ആ മധുവിധു അധികാലം നീണ്ടില്ല. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കുന്നതാണ് പാക്കിസ്ഥാന്റെ വളര്‍ച്ചയ്ക്കു ഗുണകരമെന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാല്‍ ചൈന അനുകൂല നിലപാടാണ് ഇമ്രാന്‍ ഖാനുണ്ടായിരുന്നത്. യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തിനെ അപലപിക്കുന്ന നിലപാടാണ് സൈനിക മേധാവി ജനറല്‍ ബജ്വ സ്വീകരിച്ചത്. രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ തലവന്റെ നിയമനത്തിലും സേനാമേധാവിയുടെ താല്‍പര്യത്തിന് വിരുദ്ധമായ ഇമ്രാന്റെ നിലപാടും സൈന്യത്തെ ചൊടിപ്പിച്ചു. അങ്ങനെയാണ് ഇമ്രാന്‍ സൈന്യവുമായി ഉടക്കുന്നത്. അതോടെ അയാളുടെ കഷ്ടകാലം തുടങ്ങി. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ, ഈ മൂന്‍ക്രിക്കറ്റര്‍ ജയിലിലായി.

അസിം മുനീര്‍ സൈനിക മേധാവിയായതോടെ കാര്യങ്ങള്‍ കുറേക്കൂടി ശക്തമായി. ജയിലിലുള്ള ഇമ്രാനെ കാണാന്‍ പോലും ആര്‍ക്കുമായില്ല.കഴിഞ്ഞ മൂന്ന് മാസമായി ഇമ്രാന്‍ ഖാനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം പാക്കിസ്ഥാന്‍ അധികൃതര്‍ അനുവദിക്കാത്തതോടെ് ഇമ്രാന്‍ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായി. തങ്ങളുടെ നേതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പിടിഐ തൊഴിലാളികള്‍ അഡിയാല ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. അഫ്ഗാന്‍ ടൈംസ് ഉള്‍പ്പെടെ അഫ്ഗാനിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു.

മരിച്ച നിലയില്‍ കിടക്കുന്ന ഇമ്രാന്‍ ഖാന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇമ്രാന്‍ ഖാനെ അസിം മുനീര്‍ വധിച്ചുവെന്ന ആരോപണം ഇമ്രാന്‍ഖാന്റെ സഹോദരിമാരും പാര്‍ട്ടി നേതാക്കളും ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത് കലാപ സമാനമായ അന്തരീക്ഷമാണ് ഉണ്ടാക്കിയത്. ജയില്‍ അധികൃതര്‍ മരണവാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഒടുവില്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇത്തരം വാര്‍ത്തകള്‍ അഫ്ഗാന്റെ ഗൂഢാലോചനയാണെന്നാണ്, പാക്കിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. 900 ദിവസത്തോളമായി ഇമ്രാന്‍ഖാന്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇപ്പോള്‍ ഏകാന്തതടവിലാണ്. രാജ്യംവിട്ടുപോകാനുള്ള അസിം മുനീറിന്റെ ഭീഷണിക്ക് ഇമ്രാന്‍ ഇതുവരെ വഴങ്ങിയിട്ടില്ല.

ക്രിപ്റ്റോയിലുടെ കോടികള്‍

ഇനി ഇങ്ങനെയൊക്കെയാണെങ്കിലും അസിം മുനീര്‍ അഴിമതിയില്‍നിന്ന് മുക്തനുമല്ല. പാക്ക് സൈന്യത്തില്‍ തന്നെ കോടികളുടെ അഴിമതി അയാള്‍ നടത്തിയിട്ടുണ്ടെന്ന് ഇമ്രാന്‍ അനുകുലികള്‍ ആരോപിക്കുന്നുണ്ട്. അസിമിനുവേണ്ടി സൈന്യത്തിനുള്ളില്‍ ഒരു സൈന്യമുണ്ട് എന്നാണ് വിമര്‍ശനം. ആ കോര്‍ ഗ്രൂപ്പാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും, തീര്‍ക്കേണ്ടവരെ തീര്‍ക്കുന്നതും.

അസിമടക്കം പാക് സൈന്യത്തിലെ പലര്‍ക്കും ക്രിപ്റ്റോ കമ്പനികളില്‍ നിക്ഷേപമുണ്ട് എന്നും ട്രംപിനെവരെ ആകര്‍ഷിച്ചത് അക്കാര്യമാണെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ട്രംപ് കുടുംബത്തിന് ഭൂരിപക്ഷം ഓഹരികളുള്ള വേള്‍ഡ് ലിബേര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്റ്റോ കറന്‍സി സ്ഥാപനത്തില്‍ പാക് സൈന്യം പണം മുടക്കിയിരിക്കയാണ്്. ഇത് വിവാദമായതോടെ അമേരിക്കന്‍ സെനറ്റ് അന്വേഷിക്കുന്നുണ്ട്.

വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഏപ്രില്‍ 26-നാണ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അന്ന് പാക് ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല എന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ നേതൃനിരയില്‍ ട്രംപിനെയും മക്കളായ ഡോണാള്‍ഡ് ജൂനിയര്‍, എറിക്, കൊച്ചുമകന്‍ ബാരണ്‍ എന്നിവരാണ്. ലാസ് വെഗാസില്‍ നടന്ന ആഗോള ക്രിപ്റ്റോ ഉച്ചകോടിയില്‍, പാക്കിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ സ്ഥാപക സി.ഇ.ഒ. ബിലാല്‍ ബിന്‍ സാഖിബ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. പാകിസ്ഥാനും ബിറ്റ്കോയിനും 'മോശം പി.ആറിന്റെ ഇരകളാണെന്ന്' അദ്ദേഹം പറഞ്ഞു. 'ഞങ്ങളെ അപകടകാരികളും, റിസ്‌കുള്ളവരും, അസ്ഥിരരുമായാണ് കാണുന്നത്. പക്ഷേ, ഇവിടെ കഴിവും സാധ്യതയുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഒരു 'തന്ത്രപരമായ ബിറ്റ്കോയിന്‍ റിസര്‍വ്' സ്ഥാപിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പിറകിലും അസിം മുനീറാണ്. ഇതെല്ലാം കൊണ്ടാണ് ട്രംപ് ഇപ്പോള്‍ അസിം മുനീറുമായി കൂടുതല്‍ അടുത്തതും, പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനുപോലും കൊടുക്കാത്ത പ്രധാന്യം അയാള്‍ക്ക് കൊടുക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപും അസിംമുനീറും തമ്മില്‍ ബിസ്നസ് ബന്ധമുണ്ട്്. അതുകൊണ്ടുതന്നെ അയാള്‍ പാക്കിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അമേരിക്ക ഒന്നും ചെയ്യില്ലയെന്നും ഉറപ്പാണ്്.

ഇതുതന്നെയാണ് ആദ്യം മുനീറിന്റെ വാലാട്ടിയായിനിന്ന ഷഹബാസിനെയും രണ്ടുവട്ടം ചിന്തിപ്പിക്കുന്നത്. അസിമിന്റെ സ്ഥാനാരോഹണം വൈകിപ്പിച്ച് അയാള്‍ വിദേശത്തേക്ക് മുങ്ങിയതും അതുകൊണ്ട് തന്നെയാവണം. ഭരണതലസ്ഥാനം ഇസ്ലാമബാദ് ആണെങ്കിലും, പാക്കിസ്ഥാനിലെ അധികാരത്തിലേക്കുള്ള കറുക്കുവഴി എപ്പോഴും സൈനിക തലസ്ഥാനമായ റാവല്‍പിണ്ടിയിലുടെയാണ്. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍, പാക്കിസ്ഥാന് താരതമ്യേന കുറച്ച് സ്ഥലവും ജനസംഖ്യയുമാണ് ഉണ്ടായിരുന്നത്. അവിഭക്ത ഇന്ത്യയുടെ 17 ശതമാനും റവന്യൂവും, 19 ശതമാനം ജനസംഖ്യയുമുള്ള രാജ്യമായിരുന്നു, മതത്തിന്റെപേരില്‍ ജിന്ന കണ്ണുരുട്ടി വാങ്ങിയ ആ രാഷ്ട്രം. പക്ഷേ അവര്‍ക്ക് ്എല്ലാ ശതമാന കണക്കിനേക്കാളും കൂടുതല്‍ വരുന്ന മറ്റൊരു സാധനം കിട്ടി. അതാണ് 33 ശതമാനം വരുന്ന ആര്‍മി. അവിഭക്ത ഇന്ത്യയുടെ സൈന്യത്തിന്റെ 33 ശതമാനം പോയത് പാക്കിസ്ഥാനിലേക്കാണ്. ഇത് ഒരു ചെറിയ രാജ്യത്തെ സംബന്ധിച്ച് വലിയൊരു സംഖ്യയാണ്. അതാണ് പ്രശ്‌നമായതും.




അക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് കീഴിലുള്ള ഇന്ത്യന്‍ ആര്‍മിയില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ തുല്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായിരുന്നു സൈന്യത്തില്‍ ആധിപത്യം. 'ദക്ഷിണേന്ത്യക്കാര്‍, ഭക്ഷണം കഴിക്കുകയും ഉത്തര ഇന്ത്യക്കാര്‍ യുദ്ധം ചെയ്യുകയും ആയിരുന്നു അന്നത്തെ രീതിയെന്നായിരുന്നു', ആദ്യ പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ ഇതേക്കുറിച്ച് തമാശ പറഞ്ഞത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി റെജിമെന്റ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഇന്ന് പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ളവര്‍ ആയിരുന്നു ഇന്ത്യന്‍ സേനയുടെ വലിയൊരു വിഭാഗവും. അങ്ങനെയാണ് ഇന്ത്യന്‍ സേനയെ വിഭജിച്ചപ്പോള്‍ അതിന്റെ 33 ശതമാനം പാക്കിസ്ഥാന് പോകുന്നത്. അത് വലിയൊരു ശക്തിയാണ്.

പാക്കിസ്ഥാനിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ ആസിഫ് ഫാറൂഖിയുടെ വാക്കുകള്‍ എടുത്താല്‍ 'തലക്ക് മാത്രം അസാധാരണ വലിപ്പമുള്ള' കുഞ്ഞിനെപ്പോലെ ആയിരുന്നു' ആര്‍മിയുടെ ഘടനവെച്ച് പാക്കിസ്ഥാന്‍. മറ്റെല്ലാം താരതമ്യേന ചെറുതും സൈന്യം മാത്രം വലുതും. അതുകൊണ്ടുതന്നെ സൈന്യം അവിടെ നിര്‍ണ്ണായക ശക്തിയായി. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് സൈന്യത്തിന്റെ അംഗബലം ആനുപാതികമായി തന്നെ ആയിരുന്നു. ഇപ്പോള്‍ റാവല്‍ പിണ്ടിയില്‍നിന്ന് പുതിയ തിരിയിളക്കങ്ങള്‍ അതുകൊണ്ടുതന്നെ പാക് ഭരണകൂടത്തെ പേടിപ്പെടുത്തുന്നുണ്ട്. പട്ടാളം ഇടഞ്ഞാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഷഹബാസ് കൃത്യമായ നടപടിയെടുത്തില്ലെങ്കില്‍, വീണ്ടും ഒരു പട്ടാള അട്ടിമറിയുണ്ടാവുമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.




വാല്‍ക്കഷ്ണം: ഇപ്പോള്‍ സാമ്പത്തികമായി പൊളിഞ്ഞ് ദീപാളികുളിച്ചിരിക്കുന്ന സമയമായിട്ടും, റവന്യൂവരുമാനത്തിന്റെ പകുതിയോളം സൈനിക ചെലവുകള്‍ക്ക് നീക്കി വെക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇനി അസിം മുനീര്‍കൂടി അധികാരത്തിലെത്തിയാന്‍ സാധാരണക്കാരുടെ അവസ്ഥയെന്താവും!