മേരിക്കയിൽ പെർമനന്റ് റസിഡൻസി സ്റ്റാറ്റസ് ലഭിക്കണമെങ്കിൽ പൂരിപ്പിച്ചുകൊടുക്കേണ്ട ഫോമിൽ 56ാമതായി ഒരു ചോദ്യമുണ്ട്്. നിങ്ങൾക്ക് എപ്പോഴേങ്കിലും യുഎസിലോ പുറത്തോ ഉള്ള കമ്യൂണിസ്റ്റുപാർട്ടിയിലോ, അതുപോലെത്തെ സമഗ്രാധിപത്യ പ്രസ്ഥാനങ്ങളുമായി, അംഗത്വമോ, അഫിലിഷനോ ഉണ്ടായിരുന്നോ എന്നാണ് ചോദ്യം. അതിന് ഉത്തരമായി 'നോ' എന്ന് കൃത്യമായി എഴുതിക്കൊടുത്ത്, അമേരിക്കയിൽ താമസിക്കുന്നവരാണ് മലയാളികൾ അടക്കമുള്ളവരിൽ ഏറെയും. കാരണം അമേരിക്ക കമ്യൂണിസം എന്ന സമഗ്രാധിപത്യ പ്രസ്ഥാനത്തെ അത്രമേൽ, ഭയക്കുന്നുണ്ട്. പക്ഷേ എന്നിട്ടും, കേരളാ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിൽ സ്വീകീരണം ഒരുക്കുന്നതിനോ, ഈ ഫോമിൽ കമ്യുണിസ്റ്റ് അല്ല എന്ന് പറഞ്ഞ ഡിക്ലറേഷൻ നടത്തിയതിനുശേഷം പിണറായിക്ക് സിന്ദാബാദ് വിളിക്കാൻ പോയ മലയാളികൾക്കും, ആ രാജ്യം യാതൊരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല.

പക്ഷേ തിരിച്ച് ചിന്തിച്ചുനോക്കുക. മനുഷ്യരാശി ഇന്ന് ഉണ്ടാക്കിയ ഭൗതിക സുഖങ്ങൾക്കെല്ലാം, യഥാർത്ഥ 'കാരണഭൂതനായ' യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയെന്ന രാജ്യം ഇപ്പോഴും കേരളീയരുടെ മനസ്സിൽ, കൊടിയ വില്ലനും വിഷവുമാണ്. യുഎസ പ്രസിഡന്റ് ജോ ബൈഡൻ കണ്ണൂർ സന്ദർശിച്ചാൽ, കരിങ്കൊടിയും കൂവലും, സാമ്രാജ്വത്വത്തിനെതിരായ ഘോര മുദ്രാവാക്യവുമാണ് ഉയർന്ന് കേൾക്കുക! ബൂർഷ്വാരാജ്യം, മുതാലാളിത്ത- സാമ്രാജ്വത്വ കഴുകൻ എന്നെല്ലാം പറഞ്ഞ്, പൈപ്പിൽ മൂട്ടിൽ ഇരുന്ന് പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ സഖാവ് തൊട്ട്, ഡൽഹിയിൽ എ സി റൂമിലിരുന്നെ് വൈരുദ്ധ്യതിഷ്ഠിത ഭൗതികവാദത്തിന് പുതിയ ശങ്കരഭാഷ്യം ചമയ്ക്കുന്ന എം എ ബേബിവരെ ഇടക്കിടെ അമേരിക്കയെ പുഛിക്കും. ഇസ്ലാമോ- ലെഫ്റ്റ് എന്ന് വിളിക്കുന്ന വിഭാഗത്തിന് കുളിരേകാൻ പറ്റുന്ന നുണക്കഥകൾ യുഎസിനെതിരെ ഇട്ടുകൊടുക്കും. എന്നിട്ട് ഗുരുതര അസുഖം വന്നാൽ, നേരെ യുഎസിലേക്ക് പറക്കുകയും ചെയ്യും.

ഈ വൈരുധ്യാതിഷ്ഠിത വരട്ടുവാദത്തിന്റെ പ്രായോഗിക വശമാണ് ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തിലും തുടർന്നുള്ള ക്യൂബ സന്ദർശനത്തിലും കാണുന്നത്. ഈ മാസം 10ന് തുടങ്ങിയ അമേരിക്കൻ സന്ദർശത്തിനുശേഷം, 14ന് മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിച്ചിരിക്കയാണ്. ജൂൺ 15 ,16 തീയതികളിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ക്യൂബയിലേക്കുള്ള യാത്രയിൽ ആരോഗ്യമന്ത്രി വീണ ജോർജും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ക്യൂബയുമായി ടൂറിസം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്താനും, കേരളത്തിലെ സ്വകാര്യ നിക്ഷേപകരെ ക്യൂബയിലേക്ക് ക്ഷണിക്കാനുമെല്ലാം മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ടെന്നാണ്, റിപ്പോർട്ടുകൾ.

അതായത് അമേരിക്ക കഴിഞ്ഞാൽ നേര ക്യൂബയിലേക്ക് പോകുന്നുതന്നെ കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ ഉയർത്താനുള്ള വൈകാരിക തന്ത്രം മാത്രമാണ്. എന്തെല്ലാം പ്രശ്നങ്ങളും, പരാതികളും ഉണ്ടെങ്കിലും, അമേരിക്ക ഇന്ന് ലോകത്തിലെ നമ്പർ വൺ രാഷ്ട്രം തന്നെയാണ്. എന്നാൽ ക്യൂബയോ, പട്ടിണിയും പരിവട്ടവും കാരണം തകരുന്ന രാജ്യവും. ഈ തകർച്ചക്ക് ഇടയാക്കിയതിൽ കമ്യൂണിസം എന്ന തെറ്റായ ആശയത്തിനും വലിയ പങ്കുണ്ട്.

അമേരിക്ക എന്ന ലോക തലസ്ഥാനം

'ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ഉണ്ടാക്കി തന്ന ഒരു ജനത. വെറും 35 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ലോക ജനതയെ അപ്പാടെ ഉയർത്തി എടുത്തത്. മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൂടുതൽ സുന്ദരമാക്കിയതിൽ അമേരിക്കയുടെ പങ്ക് കുറച്ചുകാണാൻ കഴിയില്ല'- ലോക പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സാം ഹാരീസ് ഈയിടെ എഴുതിയത് ഇങ്ങനെയാണ്. നോം ചോംസ്‌ക്കിയടക്കമുള്ള ചിന്തകർ, അമേരിക്കയെ നിശിതമായ വിമർശിക്കുന്ന സമയത്താണ്, അമേരിക്ക തകർന്നാൽ ലോകക്രമം എങ്ങനെയാവും, ലോകം ഇതിലും എത്ര മോശമാവും എന്ന ചോദ്യം സാം ഹാരീസ് ഉയർത്തിയത്.

അസാധാരണ പ്രതിഭകളെ നിരന്തരം ഉരുത്തിരിയിപ്പിക്കുന്ന ഒരു സമൂഹംകൂടിയാണ് സത്യത്തിൽ യുഎസ്എ. ആധുനിക ജീവിത സൗകര്യങ്ങളുടെ ഏത് മേഖലയിൽ തൊട്ടാലും അതിനു പുറകിൽ ഒരു അമേരിക്കൻ ശ്രമം ഉണ്ടാകും. മരുന്നുകളുടെ ലോകമാകട്ടെ, മെഡിക്കൽ ഉപകരണങ്ങളുടെ മേഖല ആകട്ടെ, പെട്രോൾ, വ്യോമ, ഗതാഗത മേഖലയാകട്ടെ. അവരുടെ ധിഷണ ഇതിനൊക്കെ പുറകിൽ കാണാം. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്ന നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ടെക്നൊളജിയുടെ മേഖലയിലെ ഏതാണ്ട് മുഴുവൻ ബുദ്ധിയും ശ്രമവും അവരുടേതാണ്. അവരുടെ യുവാക്കളും ശാസ്ത്രകാരന്മാരും രാപ്പകലില്ലാതെ ആത്മസമർപ്പണം ചെയ്യുതതിന്റെ സൗകര്യങ്ങളാണ് ലോകം അനുഭവിക്കുന്നത്. ഫെയിസ്ബുക്ക്, ഇ ബേ, ഗൂഗിൾ, വാട്ട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഇന്റ്‌റൽ, ഓറക്കിൾ,കെ. എഫ്. സി. മക്ക്ഡോണാൾഡ, ആംവേ, ഡിസ്‌കവറി ചാനൽ, നാഷണൽ ജ്യോഗ്രഫിക്ക്, ഹോളിവുഡ്, നാസാ, ജെനെറൽ മോട്ടോഴ്സ്, ബോയിങ്ങ് വിമാന കമ്പനി... അമേരിക്കയുടെ സേവനങ്ങളുടെ ലിസ്റ്റ് നീളുകയാണ്.

അതുകൊണ്ടാണ് കോവിഡ് കാലത്ത് ഇന്ത്യയെപ്പോലെ സമ്പൂർണ്ണമായി അമേരിക്ക അടച്ചിടാൻ കഴിയാതിരുന്നതും. അമേരിക്ക ഷട്ട്ഡൗൺ ആയാൽ നാം വാട്സാപ്പിലും ഫേസ്‌ബുക്കിലും കുത്തില്ല. യൂ ട്യൂബും സൂമും പ്രവർത്തിക്കില്ല. ലോകമെമ്പാടുമെള്ള എയ്റോനോട്ടിക്ക് സംവിധാനങ്ങളുടെ, ടെലി മെഡിസിന്റെ എല്ലാം താളം തെറ്റും. അങ്ങനെ ലോകത്തിന്റെ താളവും തെറ്റും. അപ്പോൾ നമ്മൾ അറിയാതെ സമ്മതിക്കുന്ന കാര്യമുണ്ട്, എത്ര ചൂഷകരെന്നും ബൂർഷ്വകൾ എന്നും ചാപ്പയടിച്ചാലും ലോകത്തിന്റെ താളം തന്നെതാണ് അമേരിക്ക.

സത്യത്തിൽ കേരളത്തിൽ ഒട്ടും ജനപ്രിയമല്ലാത്ത വിഷയമാണ് അമേരിക്ക ലോകത്തിന് നൽകിയ സംഭാവനകളുടെ പോസറ്റീവായ ചർച്ച. ഏതൊരു രാജ്യത്തിനുമെന്നപോലെ ഒരുപാട് പ്രശ്നങ്ങൾ ഉള്ള രാജ്യം തന്നെയാണ് അമേരിക്കയും. പക്ഷേ അവരുടെ നേട്ടങ്ങൾ കാണാതെ ഈ ലോകത്തിന്റെ മുഴവൻ ശാപവും അമേരിക്കയെ കൊണ്ടാണെന്ന് വരുത്തി തീർക്കുകയാണ് കേരളത്തിലടക്കം കമ്യുണിസ്റ്റുകൾ ചെയ്യുന്നത്.

ടൈം സ്‌ക്വയർ എന്ന അത്ഭുതത്തെരുവ്

മുഖ്യമന്ത്രി പിണറായി വിജയൻ, കോട്ടും സ്യൂട്ടുമിട്ട് ഇരുമ്പകസേരയിൽ ഇരുന്നതിലുടെ വിവാദമായ ടൈം സ്‌ക്വയർ ആണെല്ലോ കേരളത്തിലെ സോഷ്യൽ മീഡിയിൽ ഇപ്പോഴും സജീവ ചർച്ചാവിഷയം. മൂന്നരലക്ഷംപേർ ദിവസവും നടന്നുപോകുന്ന തെരുവാണിത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന കാൽനടക്കാർക്ക് മാത്രം പ്രവേശനമുള്ള തെരുവ്്. ലോകപ്രശസ്തമായ ന്യൂയോർക്കിലെ ബ്രോഡ് വേ തീയേറ്ററുകൾ ടൈം സ്‌ക്വയറിൽ നിന്ന് നടന്ന് എത്താവുന്ന ദൂരത്താണ്. ലോങ് ഏക്കർ സ്‌ക്വയർ എന്ന് അറിയപ്പെട്ടിരുന്ന ടൈം സ്‌ക്വയർ, ന്യൂയോർക്ക് ടൈംസ് ആസ്ഥാനം അവിടേക്ക് എത്തിയതുമുതലാണ് ഈ പേരിൽ അറിയാൻ തുടങ്ങുന്നത്. പ്രശസ്തമായ എബിസി ന്യൂസിന്റെ സ്റ്റുഡിയൊയും ഇവിടെയാണ്്. എബിസി ന്യൂസിന്റെ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ സ്‌ക്രീനിലൂടെ 24 മണിക്കൂറും ലൈവ് ന്യൂസ് ഒഴുകിക്കൊണ്ടിരിക്കുന്നത് ടൈം സ്‌ക്വയറിന്റെ പ്രത്യേകതയാണ്.

ടൈം സ്‌ക്വയർ നിത്യജീവിതം ജീവിക്കാൻ ഒരു മാർഗ്ഗം തേടിയെത്തുന്ന നിരവധി ആളുകളുടെതുമാണ് . ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും അനുദിനം ഒഴുകി എത്തുന്ന ലക്ഷകണക്കിനു ജനങ്ങൾക്കുമുന്നിൽ തങ്ങളുടെ കലാ, കായിക പ്രകടനങ്ങൾ നടത്തി കൈയടിയും, നിത്യജീവിതം ജീവിക്കാനുള്ള വരുമാനവും കണ്ടെത്തുന്ന നിരവധി കലാകാരന്മാരുടെ സങ്കേതവും ആശ്രയകേന്ദ്രവുമാണ് ഇവിടം. അമേരിക്കയുടെ പുതുവത്സരാഘോഷങ്ങൾ നടക്കുന്നതും മറ്റെവിടെയുമല്ല.

ടൈം സ്‌ക്വയറിനെ ആകർഷണിയമാക്കുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി വേഷം കെട്ടി ആടുന്ന ഒരു കൂട്ടം മനുഷ്യരും കൂടിയാണ്. ടൂറിസ്റ്റുകളായി വരുന്നവരുടെ മുന്നിൽ കുട്ടികളുടെ കാർട്ടൂൺ കഥാപാത്രങ്ങളായി കൊടും തണുപ്പിലും കൊടും ചൂടിലും ഒരു ഫോട്ടൊയ്ക്ക് ശേഷം കിട്ടാൻ സാധ്യതയുള്ള ടിപ്പിനായി കൈ നീട്ടുന്നവർ മാരിയൊ, ലൂയിജി, മിക്കി മൗസ്, എല്മൊ, എൽസാ, സ്റ്റാറ്റിയൂ ഓഫ് ലിബർട്ടിയുടെ വേഷം കെട്ടിയവർ, സൂപ്പർമാന്റെയും ബാറ്റ്മാന്റെയും വേഷം കെട്ടിയവർ, ക്യാപ്റ്റൻ അമേരിക്കയുടെ വേഷം കെട്ടിയ വനിത അങ്ങനെ ജീവിക്കാൻ വേണ്ടി അക്ഷരാർത്ഥത്തിൽ വേഷംകെട്ടുന്നവരുടെ ഒരു വലിയ നിരകൂടെ ചേരുന്നതാണ് സമ്പന്നതയുടെ നടുവിൽ കിടക്കുന്ന ആ ചെറിയ ചത്വരം. ഇവിടെ ജസ്റ്റിസ് കെമാൽപാഷ ആരോപിച്ചതുപോലെ, നഗ്നതകാണാൻ വേണ്ടിമാത്രം ആളുകൾ വരുന്ന സ്ഥലവുമല്ല.

സ്ത്രീകൾക്കും നഗ്ത പ്രദർശിപ്പിക്കാൻ അവകാശം

അനധികൃത കുടിയേറ്റക്കാരൻ, ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വന്ന് തട്ടുകട നടത്തുന്നവർ, ടൂറിസ്റ്റുകൾക്ക് ബസ് ടിക്കറ്റുകൾ വിൽക്കുന്നവർ, സിഡിയും ഡിവിഡിയും വിൽക്കുന്നവർ അങ്ങനെ കറുത്തവനും, ഇരുനിറക്കാരനും, സ്ത്രികൾക്കും, നിർധനർക്കും, കുടിയേറ്റക്കാരനും, പ്രവാസിക്കും, നിയമവിരുദ്ധമായി കടന്നുവരുന്നവർക്കുമൊക്കെ അന്നം കണ്ടെത്താനുള്ള ഒരു വഴികൂടെയാണ് ടൈം സ്‌ക്വയർ. ന്യൂയോർക്ക് സിറ്റിയുടെ 0.1 ഒരു ശതമാനം ഏരിയയാണ് ടൈം സ്‌ക്വയർ എന്ന് അറിയപ്പെടുന്ന പ്രദേശം എന്നാൽ നഗരത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 15 ശതാമനം ടൈം സ്‌ക്വയറിൽ നിന്നാണ് വരുന്നത്.

അവിടെ കൗ ബോയുടെ വേഷം കെട്ടിയ പുരുഷനുണ്ട്, തലയിൽ കൗബോയ് ഹാറ്റും കാലിൽ നീണ്ട ഷൂവും ഇട്ട് നഗ്നത മാത്രം മറച്ച് കൊടും തണുപ്പിലും ചൂടിലും സഞ്ചാരികൾക്ക് ഒപ്പം ഫോട്ടൊയ്ക്ക് പോസുചെയ്യുന്ന കഥാപാത്രങ്ങളുണ്ട്. ജീവിക്കാൻ വേണ്ടിയുള്ള നഗ്നതാ പ്രദർശനം നടത്തുന്നവരുമുണ്ട്. ദീർഘകാലം പുരുഷ നഗ്നത മാത്രം കണ്ടിരുന്ന ടൈം സ്‌ക്വയറിലേക്ക് പിന്നീട് സ്ത്രീകളും കൗബോയ് വേഷം കെട്ടി കടന്നുവന്നു. അവർ തങ്ങളുടെ മാറിടത്തിൽ അമേരിക്കൻ പതാക വരച്ചു പുരുഷനെപ്പോലെ നഗ്നത മാത്രം മറച്ച് ഫോട്ടൊയ്ക്ക് പോസ് ചെയ്ത് ടിപ്പു വാങ്ങുവാൻ തുടങ്ങിയതോടുകൂടെ ന്യൂയോർക്കിലെ സദാചാര വാദികൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. സ്ത്രീയുടെ തുറന്ന മാറിടം അശ്ലീലമാണെന്ന വാദവുമായി എത്തിയവർക്ക് ന്യൂയോർക്ക് ഗവർണറും, ന്യൂയോർക്ക് മേയറുമടങ്ങുന്ന വലിയ ഒരു കൂട്ടം ഉന്നതരുടെ തുറന്ന പിന്തുണയാണ് ലഭിച്ചത്. അവരുടെ എല്ലാം എതിർപ്പുകളെ തള്ളിക്കൊണ്ടാണ് ആ സ്ത്രീകൾ പുരുഷനെപോലതന്നെ തങ്ങൾക്കും ടൈം സ്‌ക്വയറിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ എത്തുവാനും തങ്ങൾക്ക് ഇഷ്ടപ്പെട്ടതു ചെയ്യുവാനുമുള്ള അവകാശം നേടിയെടുത്തത് എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.

പിണറായിക്ക് ഇരുമ്പ് കസേരയോ?

ഇതുപോലെയുള്ള ഒരു വൈവിധ്യങ്ങളുടെ തെരുവിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകിച്ച് പ്രിവിലേജുകൾ ഒന്നും കിട്ടില്ല. ന്യൂയോർക്ക് സിറ്റി മേയറും സെനറ്ററുമൊക്കെ സൈക്കിളിൽ പോകുന്ന രാജ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൂന്നരലക്ഷം പേർ കടന്നുപോവുന്ന ഒരു തെരുവിൽ, ലോകത്തിലെ ഒരു കൊച്ചു രാജ്യത്തിന്റെ മൂലയിലുള്ള ഒരു മുഖ്യമന്ത്രിയെ ആരാണ് മൈൻഡ് ചെയ്യുക. പത്തുമുപ്പതും കാറുകളുടെ അകമ്പടിയോടെ, ചീറിപ്പായുന്ന കേരളാ ചക്രവർത്തിയെപ്പോലെയുള്ള പിണറായി വിജയന്, അധികാരത്തിന്റെ നിസ്സാരതയും, ഈ ലോകത്തിന്റെ വലിപ്പവും പഠിപ്പിക്കാൻ ഒരുപക്ഷേ ടൈം സ്‌ക്വയർ യോഗം ഉപകാരപ്പെട്ടിരിക്കാം.

ന്യൂയോർക്കിൽ 85,000 മലയാളികൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ ഒരു അയ്യായിരം പേരെ പോലും ഇവിടെ എത്തിക്കാൻ സംഘാടകർക്ക് ആയിട്ടില്ല. മാത്രമല്ല, പിണറായി വിജയന് നിർബന്ധമുള്ള കാര്യമാണ്, തന്റെ യോഗങ്ങളിലെ യാന്ത്രികമായ അച്ചടക്കം. തിരുവായ്ക്ക് എതിർവായില്ലെന്ന രീതിയിൽ താൻ മൊഴിയുന്ന മുത്തുകൾ, കേട്ടിരിക്കുന്നതിനിടെ ഒരു മൈക്ക് കേടാകലോ, കറുത്ത തുണി വീശലോ, ആളുകൾ ചിരിക്കയോ ചെയ്യുന്നത് അദ്ദേഹത്തിന് അത്രയൊന്നും ഇഷ്ടമല്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ടൈം സ്വക്വയറിലെ യോഗത്തിന്റെ ഫുട്ടേജുകൾ നോക്കുക. അവിടെ ആളുകൾ ചിരിക്കുന്നുണ്ട്, ഭക്ഷണം കഴിക്കുന്നുണ്ട്, മദ്യപിച്ച് ഉഷാഉതുപ്പിന്റെ ഗാനമേള കേൾക്കാനെന്ന ഭാവത്തിൽ എത്തിയവരുണ്ട്. എന്ത് ചെയ്യാൻ കഴിയും. ഇത് അമേരിക്കയല്ലേ.
അവിടെവെച്ച് മലയാളത്തിൽ കെ റെയിൽ വരുന്നതിനെ കുറിച്ച് പ്രസംഗിച്ചാൽ ആര് കേൾക്കാനാണ്. പക്ഷേ ഒരു കാര്യത്തിൽ സംഘാടകരെ സമ്മതിക്കണം. ലോകം ഇത്രയോ ഉള്ളൂവെന്നും ഞാൻ അതിൽ നിസ്സാരനായ ഒരു പുഴു മാത്രമാണെന്നുമുള്ള അറിവ് അദ്ദേഹത്തിന് കിട്ടിയാൽ അത് കേരള ജനതക്ക് ഗുണം ചെയ്തേനെ.

2019 നരേന്ദ്ര മോദി ഹൂസറ്റ്ണിൽ നടത്തിയതുപോലുള്ള ഒരു വലിയ പരിപാടിയായിരുന്നു സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. അന്ന് മോദി വന്നപ്പോൾ അമ്പതിനായിരത്തിലേറെ വരുന്ന വലിയ ഒരു ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപും പരിപാടിയിൽ പങ്കെടുത്തു. അമേരിക്കയുടെ ചരിത്രത്തിൽ, മറ്റൊരു രാഷ്ട്രത്തലവൻ പങ്കെടുത്ത ഇത്രയും വലിയ പരിപാടി നടന്നിട്ടില്ല. അതുപോലെ ഒരു പരിപാടി നടത്തിക്കാനുള്ള ശ്രമമാണ്, ഇരുമ്പുകസേരിയിൽ ഇരിക്കുന്ന കോട്ടിട്ട പിണറായിയുടെ രൂപത്തിൽ ട്രോൾ ആയത്. സത്യത്തിൽ ഇത് ട്രോൾ ആയതുതന്നെയാണ് നമ്മുടെ പരാജയം. സൈക്കിളിലം, മെട്രോയിലും സഞ്ചരിക്കുന്ന പ്രധാനമന്ത്രിമാർ വരെ യൂറോപ്പിലൊക്കെയുണ്ട്. അവർ തടിക്കസേരയിലും, ഇരുമ്പു കസേരയിലും ഇരിക്കും. ഏതെങ്കിലും ഒരു പൊതുപരിപാടിയിൽ അവർക്ക് ഒപ്പം ഇരിക്കാൻ 82ലക്ഷം രൂപപോയിട്ട് നയാപ്പെസ കൊടുക്കേണ്ടിവരില്ല. നമ്മുടെ കേരളത്തിലെ പൊതുയോഗങ്ങളിലെന്നപോലെ സിംഹാസനങ്ങൾ അവർക്ക് ഉണ്ടാവില്ല. എന്നാൽ പിണറായി ഇരുമ്പു കേസരയിൽ ഇരിക്കുമ്പോൾ നമുക്ക് അസ്വാഭാവികത തോന്നുന്നു. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയവും.

ഇനി അമേരിക്ക കഴിഞ്ഞ് മുഖ്യമന്ത്രി നേരെ പോകുന്നത് ക്യൂബയിലേക്കാണ്. എന്തെല്ലാം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും, അമേരിക്ക ഇന്നും ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായി ഉയർന്നു നിൽക്കയാണ്. എന്നാൽ ക്യൂബയോ. ഇന്ന് ചക്രശ്വാസം വലിക്കയാണ് കൊച്ചു ക്യൂബ. പക്ഷേ ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മനസ്സിലാക്കാൻ, ഈ സന്ദർശനം അദ്ദേഹത്തിന് ഉപകരിച്ചേക്കും.

ക്യൂബയിലുള്ളത് നൊസ്റ്റാൾജിയ മാത്രം

ക്യൂബാ മുകന്ദനെ ഓർമ്മയില്ലേ, അറബിക്കഥയെന്ന ലാൽജോസ് ചിത്രത്തിൽ ശ്രീനിവാസൻ അനശ്വരമാക്കിയ കഥാപാത്രം സത്യത്തിൽ ഒരു കാലത്തെ കേരളത്തിന്റെ യുവാക്കളുടെ നേർചിത്രം ആയിരുന്ന. കേരളത്തിന്റെ ഇടതുഭാവനയിൽ ഇത്രത്തോളം വേരുകളാഴ്‌ത്തിയ മറ്റൊരു രാജ്യം ഉണ്ടാവില്ല. മതങ്ങൾക്ക് സ്വർഗ്ഗമെന്നപോലൊരു മിത്തിലേക്ക് മാറ്റിപ്പണിയപ്പെടുകയായിരുന്നു ഇവിടെ കരീബിയിലെ ഈ കൊച്ചു ദ്വീപ്. മുതലാളിത്തത്തിന്റെയും വിപണിയുടെയും ചൂഷണങ്ങളിൽ നിന്ന് സ്വതന്ത്രമായ, അസമത്വങ്ങളുടെ നിഴൽ പരക്കാത്ത രാജ്യം. അമേരിക്കയെന്ന വലിയ കാട്ടാളന്റെ ചൊൽപ്പടിക്ക് വഴങ്ങാതെ, പൊരുതി അതിജീവിക്കുന്ന കൊച്ചു കമ്യുണിസ്റ്റ് രാജ്യം. ഫിദൽ കാസ്‌ട്രോയും ചെഗുവേരയുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ ചുമരുകളിലും ടീ ഷർട്ടുകളിലും മാത്രമല്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ചെറുപ്പക്കാരുടെ ഹൃദയത്തിലുമാണ് ജീവിച്ചത്. ക്യൂബക്ക് വേണ്ടി കഥയും കവിതയും ഇവിടെ രചിക്കപ്പെട്ടു. ക്യൂബാ മുകന്ദന്മാർ, അറബിക്കഥ സിനിമയിലെ സാങ്കൽപ്പിക സൃഷ്ടി മാത്രമായിരുന്നില്ല. അവർ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നു.

പക്ഷേ പിണറായി ക്യൂബയിൽ എത്തുമ്പോൾ, അമേരിക്കയിൽ കിട്ടിയതുപോലെ സ്വീകരിക്കാൻ ക്യൂബ മുകന്ദന്മാർ ആരും അവിടെയില്ല. ആ നാട്ടുകാർ പോലും എങ്ങനെ അമേരിക്കയ്ക്ക് കുടിയേറാം എന്ന് ആലോചിച്ച് കഴിയുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് അക്ഷരാർത്ഥത്തിൽ പട്ടിണി രാജ്യമായിരിക്കയാണ് ഈ നാട്. മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് പോലും ഇത്തവണ റദ്ദാക്കി. രൂക്ഷമായ ഇന്ധനക്ഷാമമാണ് ഇതിനു പ്രത്യക്ഷ കാരണമായത്.

കഴിഞ്ഞ കുറേ മാസങ്ങളായി വിതരണ രാജ്യങ്ങൾ ഇന്ധനം നൽകാത്തിനാൽ രാജ്യത്തുടനീളം ഇന്ധനക്ഷാമം നേരിടേണ്ടി വരിയയാണ്.ഇതോടെ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്താണ്. കടകളിൽ സാധനങ്ങളില്ല. മരുന്നുകൾക്കും ക്ഷാമമുണ്ട്. ഇതോടെ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. കമ്യൂണിസ്റ്റ് ഭരണകുടത്തിന് എതിരെയും യുവാക്കളുടെ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. തെരുവിലെത്തി പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നും വാർത്തകൾ വരുന്നുണ്ട്.

യുവാക്കൾ അമേരിക്കയിലേക്ക്

തങ്ങളെ ഞെക്കിക്കൊല്ലുന്ന് എന്ന് ക്യൂബ ആരോപിക്കുന്ന അതേ യുഎസിലേക്കാണ് ആ രാജ്യത്തെ ചെറുപ്പക്കാർ വ്യാപകമായി കുടിയേറുന്നത്. ഇക്കാര്യത്തിൽ കേരളവും ക്യൂബയും ഒരു തട്ടിലാണ്! അമേരിക്കക്കും ഇത് വലിയ ഭീഷണിയായി മാറുന്നുണ്ട്. ക്യൂബയുടെ ജനസംഖ്യയിൽ രണ്ടു ശതമാനം ഒരു വർഷത്തിൽ ഇങ്ങനെ പലായനം ചെയ്യുന്നുവെന്നാണ് കണക്ക്. ബോട്ടുകളിലും, യാനങ്ങളിലുമൊക്കെയായി ഇങ്ങനെ അതിർത്തി കടക്കാൻ ശ്രമിച്ച നിരവധിപേരാണ് യുഎസ് നേവിയുടെ വെടിയേറ്റ് മരിച്ചത്.


കമാൻഡ് ഇക്കോണമി എന്ന സർക്കാർ നിയന്ത്രിത സാമ്പത്തിക ക്രമമാണ് അടുത്തകാലംവരെ ക്യൂബ പിന്തുടർന്നിരുന്നത്. അതാണ് കമ്യുണിസ്റ്റ് രീതി. കേന്ദ്ര നിയന്ത്രിത സാമ്പത്തിക ക്രമമാണിതിൽ. ഉൽപന്നങ്ങളുടെ വിലയും വിപണിയും എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. അരിക്ക് ഇത്ര രൂപ, ഗോതമ്പിന് ഇത്ര രൂപ എന്നിങ്ങനെ. വിപ്ലവം നടത്തി ഫിഡൽ അധികാരം പിടിക്കും മുൻപ് ക്യൂബയിൽ ഭൂമി ഏതാനും ജന്മിമാരുടെ അധീനതയിൽ ആയിരുന്നു. വിപ്ലവാനന്തരം ഭൂമി സർക്കാർ ഏറ്റെടുത്തു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്യും. വിളവ് ഒരു വില നിശ്ചയിച്ച് ജനങ്ങൾക്കു നൽകും.

ക്യൂബയിൽ അത് ഇത്രകാലം ഒരു പ്രശ്നമായിരുന്നില്ല. ജനങ്ങൾക്ക് ന്യായവിലയ്ക്കു തന്നെ ജീവിക്കാനുള്ളതെന്തും കിട്ടും. രാജ്യത്തെ വരിഞ്ഞുമുറുക്കി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടും ക്യൂബ ഇളകിയില്ല. സ്വന്തമായി വേണ്ടതെല്ലാം ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. മരുന്നിനു പോലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതുകൊണ്ടാണ് ക്യൂബ ആരോഗ്യ ഗവേഷണ രംഗത്ത് ലോകത്തെ തന്നെ മുൻനിരയിൽ എത്തിയത്. മരുന്നെല്ലാം സ്വന്തമായി വികസിപ്പിച്ച് പേറ്റന്റ് നേടി. ജനങ്ങൾക്കു ന്യായവിലയ്ക്ക് അത് എത്തിക്കുകയും ചെയ്തു.പക്ഷേ കോവിഡിൽ എല്ലാം കൈവിട്ടു. 2021ൽ ജനം തെരുവിൽ ഇറങ്ങിയതോടെ റൗൾ കാസ്ട്രാ സ്വതന്ത്ര വിപണി നയം സ്വീകരിച്ചത്.

ക്യൂബ ഇനി മുതലാളിത്തത്തിലേക്ക്

സോവിയറ്റ് യൂണിയനു ശേഷം കുറേക്കാലം ക്യൂബയെ താങ്ങി നിർത്തിയിരുന്ന വെനസ്വേലയും തകർന്ന് പാപ്പരായി. 2021ൽ ക്യൂബയിൽ കമ്യൂണിസത്തിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടായി. ഇതോടെയാണ് ക്യൂബ, കമ്യണിസ്റ്റുകൾ മുതലാളിത്തം എന്ന് വിളിച്ച് പരിഹസിക്കുന്ന ക്യാപിറ്റലിസത്തിന്റെ സാധ്യതകൾ പൂർണ്ണമായും ഉപയോഗിക്കാനും വിപണി തുറക്കാനും തീരുമാനിച്ചത്.

എല്ലാം സർക്കാർ നിയന്ത്രിച്ചിരുന്ന ക്യൂബയിൽ സ്വകാര്യവിൽപനയ്ക്ക് അനുമതി നൽകി. സ്വന്തമായി കട തുറക്കാനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും ആദ്യമായി ജനത്തിന് അനുമതി ലഭിച്ചു! അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ വൻതോതിൽ സ്വകാര്യവത്കരണ നടപടികൾ പ്രഖ്യാപിച്ച് ക്യൂബ പ്രഖ്യാപിച്ചു. സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വകാര്യ ബിസിനസുകൾക്കായി തുറക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ തീരുമാനിച്ചത്.

ക്യൂബൻ കറൻസിയായ പെസോയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കുന്ന ഇരട്ട കറൻസി സമ്പ്രദായം റദ്ദാക്കി. വളത്തിനും വിളവിനും ഒരുപോലെ സബ്സിഡി നൽകിയിരുന്നു രാജ്യമാണ് ക്യൂബ. നിരവധി വ്യാവസായിക ഉൽപന്നങ്ങൾക്കും സർക്കാർ ഗ്രാൻഡ് നൽകി. ഖജനാവ് കാലിയായതോടെ അതെല്ലാം പിൻവലിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ചില കമ്പനികൾക്കുള്ള സബ്സിഡി അവസാനിപ്പിച്ചു. രണ്ടായിരത്തിലധികം തൊഴിൽമേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. പൊതുമേഖല എന്ന വെള്ളാനയെ ക്യൂബയും ഒടുവിൽ തള്ളിപ്പറഞ്ഞു. ഈ മാറ്റങ്ങളുടെ ഗുണഫലം തുടക്കത്തിൽ ഉണ്ടായിരുന്നു. പക്ഷേ കോവിഡിൽ അത ഒലിച്ചുപോയി. കോവിഡ് വാക്സിൽ സ്വന്തമായി ഉണ്ടാക്കാനായി ലക്ഷക്കണക്കിന് ഡോളർ ചെവലിട്ടതും ക്യൂബക്ക് തിരിച്ചടിയായി. അവസാനം ഉണ്ടാക്കിയ വാക്സിനുകൾക്ക് ഗുണ നിലവാരവും ഇല്ലാതായി. കോവിഡന്റെ തുടക്കത്തിൽ കേരളത്തിലടക്കം വന്ന കമ്യൂണിസ്റ്റ് തള്ളുകൾ, വെറുതെയായി.

നോക്കുക, പട്ടിണിയും പരിവട്ടവുമായി ആകെ തകർന്നു കിടക്കുന്ന ഈ രാജ്യത്തേക്കാണ് നമ്മുടെ മുഖ്യമന്ത്രി, ആരോഗ്യമേഖലയിലെ അടക്കം പ്രശ്‌നങ്ങൾ പഠിക്കാനായി പോവുന്നത്. സത്യത്തിൽ വിപണി തുറക്കാതെ, കമ്യൂണിസ്റ്റ് ആശയങ്ങൾ കൊണ്ട് മുന്നോട്ടുപോയാലുള്ള പ്രശ്‌നങ്ങൾ മനസ്സിലാക്കാനായിരിക്കണം, ശരിക്കും ഒരു ട്രൂ ക്യാപിറ്റലിസ്റ്റായ പിണറായി അവിടം സന്ദർശിക്കുന്നത് എന്നാണ്് സോഷ്യൽ മീഡിയുടെ ട്രോൾ. ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിക്ക് കുറച്ച് കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ അയവിറക്കാം എന്നല്ലാതെ, കേരളത്തിന് പത്തുപൈസയുടെ ഗുണം ഇതുകൊണ്ട് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ അപകടം മനസ്സിലാക്കാനും, കൂടുതൽ കൂടുതൽ ക്യാപിറ്റലിസത്തിലേക്ക് നീങ്ങാനും ഈ സന്ദർശനം പിണറായിക്ക് ഉപകരിക്കട്ടെ.

വാൽക്കഷ്ണം: ഐംഎംഎഫ് പ്രതിനിധികളെ കരിഓയിൽ ഒഴിച്ചവരാണ്, ഇവിടുത്തെ മന്ത്രിമാർ അടക്കമുള്ള സിപിഎം നേതാക്കൾ. ഇന്ന് ലോകബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ പിണറായിക്ക് യാതൊരു മടിയുമില്ല. ഐഎംഎഫിന്റെ പ്രധാന ഉദ്യോഗസ്ഥയായ, കണ്ണൂർ ജില്ലക്കാരിയായ ഗീതാഗോപിനാഥ് സൗജന്യമായി മുഖ്യമന്ത്രിക്ക് ഉപദേശം നൽകാൻ വന്നപ്പോൾ, ഓടിച്ചതും ആരും മറന്നിട്ടില്ല. വൈരുധ്യതിഷ്ഠിത ഭൗതികവാദം എന്നാൽ ശരിക്കും ഇതായിരിക്കണം. പറയുന്നതിലും പ്രവർത്തിക്കുന്നതിലും അടിമുടി വൈരുധ്യങ്ങൾ!