- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒറ്റച്ചവിട്ടിൽ പിണറായിയെ വീഴ്ത്തി അടിച്ചോടിച്ച ബ്രണ്ണൻകാലം; മാർക്സിസ്റ്റുകാരുടെ തല്ലുകൊണ്ട് ശീലിച്ച കോൺഗ്രസിനെ തിരിച്ചടിക്കാൻ പഠിപ്പിച്ച നേതാവ്; വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് മൂന്ന് തവണ; ഇപ്പോൾ മോൺസൻ കേസിൽ കുരുക്കി പകതീർക്കൽ; അരനൂറ്റാണ്ടായി സിപിഎമ്മുകാർ മരണം കൊതിക്കുന്ന വ്യക്തി; കണ്ണൂരിലെ കരുത്തൻ കെ സുധാകരന്റെ അതിജീവനകഥ
'കെ സുധാകരന്റെ ജീവൻ സിപിഎമ്മിന്റെ കാരണ്യത്തിലാണെന്നാണ് മറക്കരുത്'- കഴിഞ്ഞ വർഷം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ഒരു രക്തസാക്ഷി വിവാദത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞത് വാർത്തയായിരുന്നു. സത്യത്തിൽ ഈ പ്രസ്താവന ആരെയും ഞെട്ടിക്കുന്നില്ല. കഴിഞ്ഞ അരനൂറ്റാണ്ടായി സിപിഎമ്മുകാർ, ആത്മാർത്ഥമായി മരിച്ചുകാണണം എന്ന് ആഗ്രഹിക്കുന്ന ഏക കോൺഗ്രസ്് നേതാവാണ് കെപിസിസി പ്രസിഡന്റ് കൂടിയായ കെ സുധാകരൻ. അദ്ദേഹത്തിന്റെ ജീവിതം തങ്ങളുടെ ഭിക്ഷയാണെന്നൊക്കെ, സിപിഎം നേതാക്കൾ പല പൊതുയോഗങ്ങളിലും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. മറ്റ് കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധങ്ങൾ ഉള്ളവരും, വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് പോകുന്നവരുമാണ് സിപിഎമ്മിലെ പല നേതാക്കളും. പക്ഷേ അവർ തിൽനിന്നെല്ലാം ഒഴിവാക്കുന്നത് സുധാകരനെയാണ്. കൊലപാതകി, ഗുണ്ട, അഴിമതിക്കാരൻ...അവർ സുധാകരന് നൽകാത്ത വിശേഷണങ്ങൾ ഒന്നുമില്ല.
പക്ഷേ കണ്ണുർപോലുള്ള ഒരു സ്ഥലത്ത്, പിണറായി വിജയൻ അടക്കമുള്ള നേതാക്കള്ളോട് നേർക്കുനേർ മുട്ടയിട്ടും, അയാൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. തലനാരിഴക്കാണ് മൂന്ന് വധശ്രമങ്ങളിൽ നിന്ന് സുധാകരൻ രക്ഷപ്പെട്ടത്. സിംഹത്തെ അവരുടെ മടയിൽ കയറി നേരിട്ടവനാണ് സുധാകരൻ. അടിക്ക് അടി, കണ്ണിന് കണ്ണ്, പല്ലിന് പല്ല്, എന്നതാണ് ശൈലി. സിപിഎം അക്രമം പേടിച്ച് മാളത്തിൽ ഒളിച്ചവർക്കെല്ലാം, രാഷ്ട്രീയ അഭയം നൽകിയത് സുധാകരനാണ്. എം വി രാഘവൻ തൊട്ട് എ പി അബ്ദുല്ലക്കുട്ടിവരെയുള്ള നിരവധി ഉദാഹരണങ്ങൾ ( റിപ്പോർട്ടർ ടീവി തനിക്കെതിരെ വാർത്ത കൊടുത്തപ്പോൾ സുധാകരൻ നികേഷ് കുമാറിനോട് പറഞ്ഞ മാസ് ഡയലോഗ്, സിപിഎമ്മിന്റെ കൊലക്കത്തിയിൽനന്ന് രക്ഷിച്ച് അദ്ദേഹത്തിന്റെ പിതാവിന് രാഷ്ട്രീയ അഭയം കൊടുത്ത കഥയായിരുന്നു)
കെ സുധാകരൻ ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ മുഖമാണ്. പ്രവർത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന അപൂർവ്വം കോൺഗ്രസ് നേതാക്കന്മാരിൽ ഒരാൾ. അതുകൊണ്ടുതന്നെയാണ് പ്രവർത്തകർ അദ്ദേഹത്തെ കണ്ണുർ സിംഹമെന്നൊക്കെ ആവേശത്തോടെ വിളിക്കുന്നത്. 75 വയസ്സായ, രാഷ്ട്രീയ ജീവിതം അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ സുധാകരൻ ഇപ്പോൾ അസാധാരണമായ വെല്ലുവിളിയാണ് നേരിടുന്നത്. മോൺസൽ മാവുങ്കൽ കേസിൽ സുധാകരനെ അറസ്റ്റ് ചെയ്ത്, പൊലീസ് ജാമ്യത്തിൽ വിട്ടിരിക്കയാണ്. വെള്ളപുതച്ച് കിടക്കയോ, ഇരുമ്പഴിക്കുള്ളിൽ കിടക്കയോ ചെയ്യുന്ന സുധാകരൻ എന്നത് സിപിഎമ്മുകാരുടെ ചിരകാല സ്വപ്നമാണ്. പക്ഷേ അവിടെയും സുധാകരൻ ഇളകാതെ തല ഉയർത്തി നിൽക്കുന്നു. ഇത് കള്ളക്കേസാണെന്നും ഇതിനേക്കാൾ വലിയ കാറ്റും കോളും താൻ അതിജീവിച്ചവനാണെന്നും അദ്ദേഹം പറയുന്നു.
പട്ടാളക്കാരനാവാൻ കൊതിച്ച ബാല്യം
1948ൽ കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും, മാധവിയുടെയും മകനായി ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദംമെടുത്തു. പിന്നീട് പിന്നീട് നിയമബിരുദവമെടുത്തു. പട്ടാളത്തിൽ ചേരാൻ ഏറെ കൊതിച്ച സുധാകരനു മൂന്നാമത്തെ ശ്രമത്തിൽ സിലക്ഷൻ ലഭിച്ചെങ്കിലും രാഷ്ട്രീയ കേസിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടു. 1975 ൽ അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ സംഘടനാ കോൺഗ്രസുകാരനായ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ആർമി പ്രവേശനത്തിന് വിലങ്ങ് തടിയായത്.
പട്ടാളക്കാരനായ മൂത്ത സഹോദരൻ അവധിക്ക് വരുമ്പോൾ പറയുന്ന കഥകളൊക്കെ അന്ന് സെുധാകരന്റെ ചോരയെ ചൂടു പിടിപ്പിച്ചിരുന്നു, ദേശസ്നേഹത്തെ ആളിക്കത്തിച്ചിരുന്നു. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുക എന്നതായിരുന്നു പട്ടാളത്തിൽ ചേരാൻ സുധാകരന്റെ പ്രേരണ. രാജ്യത്തിന് വേണ്ടി മരിക്കാനും മടിയില്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു താൻ അന്നെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ എറയുന്നുണ്ട്. എന്നാൽ പട്ടാളത്തിൽ ചേരാൻ കഴിഞ്ഞില്ലെങ്കിലും ദിനംപ്രതി യുദ്ധം നടക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ യുദ്ധഭൂമിയിൽ പോരാട്ടം നയിക്കാനായിരുന്നു സുധാകരന്റെ നിയോഗം. അപ്പുറവും ഇപ്പുറം നിൽക്കുന്ന പടയാളികൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കേണ്ടി വന്ന സേനാനായകന്റെ നിസഹായതയും വാശിയുമാണ് സുധാകരനെന്ന പൊളിറ്റിക്കൽ ഫൈറ്ററെ സൃഷ്ടിച്ചതും രാഷ്ട്രീയ എതീരാളികളോട് നോ കോംപ്രമൈസ് എന്ന് പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുന്നതും. കണ്ണൂരിൽ സുധാകരയുഗം തുടങ്ങുന്നതുവരെ സിപിഎമ്മുകാരുടെ അടി നിന്ന് കൊള്ളാനായിരുന്നു കോൺഗ്രസുകാരുടെ യോഗം.
ഒരു ബ്രണ്ണൻ തല്ലുകേസ്
ഊരിപ്പിടിച്ച വാളുകൾക്കിടയിലുടെ നടന്നുപോയെന്നും, പ്രത്യേക ഏക്ഷൻ എടുത്തുവെന്നൊക്കെപ്പറയുന്ന പിണറായി ഇടതു സർക്കിളികൾക്ക് ഹീറോയാണ്. എന്നാൽ അതേ പണി തന്നെ എടുത്തുവെന്ന് പറയുന്ന കെ സുധാകരൻ ഗുണ്ടയും. തലശ്ശേരി ബ്രണ്ണൻ കോളജിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയിട്ടുണ്ടെന്നും എ കെ ബാലനെയടക്കം തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരൻ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വൻ വിവാദമായിരുന്നു.
ഫപിണറായി വിജയനെ നേരിട്ടത് സുധാകരൻ വിശദീകരിക്കുന്നത് ഇങ്ങനെ- ''എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്റെ പ്ലാൻ. രണ്ടാം വർഷ വിദ്യാർത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ കെ ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു വന്നു. ഞാൻ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിൽക്കുകയായിരുന്നു. ബാലൻ ഉൾപ്പെടെ എല്ലാവരേയും കെ എസ് യുക്കാർ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയൻ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാൻ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവർ ആർപ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.''
ക്യാമ്പസിൽ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാൻസിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരൻ പറയുന്നുണ്ട്. ''ഒരിക്കൽ എസ് എഫ് ഐ പ്രവർത്തകരെ ഫ്രാൻസിസ് മർദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാൻസിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞു. പേരാമ്പ്രയിൽ നിന്ന് വന്ന് വിലസി നടക്കുന്ന ഒരു കെ എസ് യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടുപോലും -പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാൻസിസ് ചീടിയെഴുന്നേറ്റ്, മുണ്ട് മടത്തിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ പിണറായിയുടെ തല പിളർന്നുപോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും കൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്ന് പതിവാണ്. ''- കെ സുധാകരൻ അക്കാലം അനുസ്മരിച്ചു. എന്നാൽ സുധാകരന്റെ വാദം ശുദ്ധ പുളുവാണെന്നാണ് എ കെ ബാലൻ അടക്കമുള്ളവർ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായിക്കും അതേ അഭിപ്രയാമായിരുന്നു.
വിവാദമായ എടക്കാട് മത്സരം
സത്യത്തിൽ അന്ന് ബ്രണ്ണനിൽ തുടങ്ങിയ പിണറായി- സുധാകരൻ തല്ല് ഇന്നും തുടരുകയാണ്. ബ്രണ്ണൻ കാലഘട്ടത്തിനുശേഷം അദ്ദേഹം ജനതാ പാർട്ടിയിൽ ചേർന്നു. 1980ലും 82ലും ജനത പാർട്ടി ടിക്കറ്റിൽ എടക്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ചു തോറ്റു. 1984 ൽ ഇടതു പാളയം വിട്ടു കോൺഗ്രസിൽ തിരിച്ചെത്തി. വൻ ഭൂരിപക്ഷത്തിൽ എൽഡിഫ് ജയിക്കുന്ന മണ്ഡലത്തിൽ കെ.സുധാകരന്റെ വരവോടെ സിപിഎമ്മിന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.
1991ൽ എടക്കാട് മണ്ഡലത്തിൽ സിപിഎമ്മിലെ ഒ ഭരതനും സുധാകരനും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമായിരുന്നു. എന്തു വിലകൊടുത്തും ജയിച്ചേ തീരുവെന്ന വാശിയിൽ സുധാകനും സംഘവും, എന്തു സംഭവിച്ചാലും വിജയം വിട്ടു കൊടുക്കരുതെന്ന വീറിൽ സിപിഎമ്മും.ഒടുവിൽ ഒ.ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.ഈ തിരഞ്ഞെടുപ്പിൽ 5000 ലേറെ കള്ളവോട്ടുകൾ സിപിഎം ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു. 3000 വോട്ടുകൾ കള്ളവോട്ടാണെന്ന് കെ.സുധാകരൻ കോടതിയിൽ തെളിയച്ചതോടെ സിപിഎം സ്ഥാനാർത്ഥി ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി.എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ.ഭരതൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയും, 1996-ൽ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
അവിടുന്നങ്ങോട്ട് സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു കണ്ണൂരിൽ. കൊണ്ടും കൊടുത്തും എത്രയെത്ര സംഭവങ്ങൾ. നാൽപ്പാടി വാസു വധം, സേവറി ഹോട്ടലിലെ ബോംബെറ്, ഇ പി ജയരാജന് നേരെയുള്ള വെടിവെയ്‌പ്പ്, എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്. സുധാകരൻ നേരിട്ട് നയിച്ച രാഷ്ട്രീയ യുദ്ധങ്ങൾ. അതും സംസ്ഥാന നേതാക്കളുടെ യാതൊരു പിന്തുണയുമില്ലാതെ. സുധാകരനൊപ്പം എം വി രാഘവനും കൂടി ചേർന്നപ്പോൾ രക്തരൂക്ഷിത സംഘർഷമാണ് 1991-1995 കാലയളവിൽ കണ്ണൂരിൽ നടന്നത്. ആ ചൂടിലും ചൂരിലും കത്തിയാളിയത് പറശ്ശിനിക്കടവ് സ്‌നേക് പാർക്കിലെ മിണ്ടാപ്രാണികളും കൂടിയായിരുന്നു. അവസാനം ആ പോര് കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ കലാശിച്ചാണ് അടങ്ങിയത്
1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി കെ.സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടുകരുണാകരന്റെ വലംകൈ ആയിരുന്ന എൻ രാമകൃഷ്ണനിൽ നിന്നും കണ്ണൂർ ഡിസിസി പിടിച്ചെടുത്തതോടെ കണ്ണൂർ കോൺഗ്രസിന്റെ ശക്തിദുർഗ്ഗമായി. 1991 മുതൽ പത്ത് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡറായിരുനനുസുധാകരൻ. 2001 ലെ എ കെ ആന്റണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്‌സഭാംഗം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകൾ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി. 2014ലെ ലോക്‌സഭ തിരെഞ്ഞെടുപ്പിൽ കണ്ണൂരിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലും തോറ്റ ചരിത്രവുമുണ്ട് കെ.സുധാകരന്. 2021ൽ കെപിസിസി അധ്യക്ഷനായി.
വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടത് മൂന്ന്തവണ
സിപിഎം പ്രവർത്തകർ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ.സുധാകരൻ. ഒരുതവണ ബോംബാക്രമണത്തിൽ സുധാകരൻ കൊല്ലപ്പെടുന്നുവെന്നുപോലും വാർത്ത വന്നു. സുധാകന്റെ കാർ എന്ന് കരുതി ആളുമാറി ആക്രമിച്ച സംഭവവും ഉണ്ടായി.
അക്കൂട്ടത്തിൽ ഒരു ആക്രമണത്തെ പറ്റി സുധാകരന്റെ വിദ്യാർത്ഥി കാലഘട്ടം മുതലുള്ള സന്തത സഹചാരിയും കണ്ണൂർ ഡിസിസി ഉപാധ്യക്ഷനുമായ വിവി പുരുഷോത്തമൻ ഓർക്കുന്നതിങ്ങനെ.'' അതൊരു വൈകുന്നേര സമയമായിരുന്നു. കണ്ണൂരിൽ നിരന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന കാലം. സുധാകരൻ വീട്ടിൽ നിന്നും കാറിൽ പുറത്തേയ്ക്ക് വരുന്നെന്ന് എതിരാളികൾക്ക് വിവരം ലഭിച്ചു. കാറ് മേലെ ചൊവ്വ എത്തിയപ്പോൾ അവർ റെയിൽവേ ക്രോസിങ് ഗേറ്റ് അടച്ചു.
എന്നിട്ട് കാറിന് നേരെ ചറപറാ ബോംബെറിഞ്ഞു. എന്നാൽ കാറിൽ സുധാകരൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അവർ ഇറങ്ങി ഓടി. നിരവധി ബോംബുകൾ വീണതിന്റെ ശക്തിയിൽ കാറ് മുഴുവൻ കത്തി നശിച്ചു. ഇതറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്ക് വാശിയായി. അവർ തിരിച്ചടിക്കാൻ ഒന്നും പോയില്ല. നാട്ടിലിറങ്ങി പിരിച്ച് പുതിയൊരു കാറ് വാങ്ങി. മേലേ ചൊവ്വയിൽ വലിയൊരു സമ്മേളനം സംഘടിപ്പിച്ച് അവിടെ വച്ചുതന്നെ ലീഡർ കരുണാകരനെ കൊണ്ട് സുധാകരന് കാറിന്റെ താക്കോൽ കൈമാറി.
കണ്ണൂരിൽ മാർക്സിസ്റ്റുകാരുടെ തല്ലുകൊണ്ട് മാത്രം ശീലിച്ച കോൺഗ്രസിനെ തിരിച്ചടിക്കാൻ പഠിപ്പിച്ചത് എൻ. രാമകൃഷ്ണനാണ്. തിരിച്ചടിക്കാൻ മുന്നിൽ നിന്നത് സുധകരനും എൻആറിന്റെ നിരന്തരമായ നിർബന്ധം മൂലമാണ് സംഘടനാ കോൺഗ്രസ് വഴി ജനതാപാർട്ടിയിൽ പോയ സുധാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുവരുന്നത്. എൻആറിന്റെ കാലത്തും എൻആറിന് ശേഷവും കണ്ണൂരിലെ പാർട്ടിപ്രവർത്തകരുടെ ആവേശമായി നിലകൊണ്ടു. സുധാകരൻ ഗുണ്ടയാണെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പ്രസംഗിച്ചു. ഉടൻതന്നെ സുധാകരൻ അദ്ദേഹത്തെ നേരിൽ കാണാൻ പോയി. താൻ ഗുണ്ടയല്ല എന്നു തെളിയിക്കാനല്ല സുധാകരൻ അഴീക്കോടിനെ സന്ദർശിച്ചത്.
'എന്റെ പ്രവർത്തകരുടെ സുരക്ഷിതത്വം അങ്ങ് ഉറപ്പാക്കിയാൽ അങ്ങ് പറയും പ്രകാരം ഞാൻ പ്രവർത്തിക്കാം' എന്നായിരുന്നു സുധാകരന്റെ വിശദീകരണം. ആ സംഭാഷണം ഏതാണ്ടൊരു മണിക്കൂർ നീണ്ടു നിന്നു. സുധാകരൻ പോയിക്കഴിഞ്ഞപ്പോൾ അഴീക്കോട് പറഞ്ഞത് 'ആ പോയത് ആത്മാഭിമാനത്തിന്റെയും ധൈര്യത്തിന്റെയും ആൾ രൂപമാണ് ' എന്നായിരുന്നു. ആ കാലഘട്ടങ്ങളിൽ കണ്ണൂരിൽ മാത്രം കെ.സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സിപിഎം പ്രവർത്തകരുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്! അതായത് പുറമേ നിന്ന് നോക്കുന്നതുപോലെയല്ല കണ്ണൂരിലെ രാഷ്ട്രീയം. അവിടെ ശരിക്കും ജീവൻ കൊടുത്താണ് കോൺഗ്രസുകാർ നിലനിന്ന് പോവുന്നത്. തന്റെ പ്രവർത്തകരുടെ ആത്മാർത്ഥതയും, കാവലും ഒന്നുകൊണ്ട് മാത്രമാണ് താൻ ജീവിച്ച് പോവുന്നത് എന്ന് സുധാകരൻ പലതവണ പറഞ്ഞിട്ടുണ്ട്.
വെറും ഗുണ്ടയുമെന്ന് സിപിഎമ്മുകാർ
പക്ഷേ സുധാകരനെ വെറും കൊലപാതികയും ഗുണ്ടയുമായാണ് സിപിഎമ്മുകാർ പലപ്പോഴും ചിത്രീകരിക്കാറുള്ളത്. ബ്രണ്ണൻ കാലത്തുതന്നെ സുധാകരന്റെ നേതൃത്വത്തിൽ കൊല നടന്നിട്ടുണ്ടെന്ന് അവർ ആരോപിക്കാറുണ്ട്. അന്നത്തെ ഒരു അടിപിടിയിൽ, എസ്എഫ്.ഐ നേതാവ് എ.കെ ബാലനെ വധശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത് പിന്നീട് വീക്ഷണം ബ്യൂറോചീഫായിരുന്ന എടക്കാട് ലക്ഷ്മണനായിരുന്നു. ബ്രണ്ണനിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ അഷ്റഫ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടത് അന്നത്തെ കെ. എസ്.യു നേതാവായ മമ്പറം ദിവാകരനാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഷ്റഫ് മരണമടയുന്നത്. സംസ്ഥാനത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ആദ്യരക്തസാക്ഷിയായാണ് എസ്. എഫ്. ഐ അഷ്റഫിനെ വിശേഷിപ്പിക്കുന്നത്. ഈ സംഭവങ്ങളിലൊക്കെ സുധാകരന് പങ്കുണ്ടെന്നാണ് ആരോപണം.
പിന്നീട് കണ്ണുർ ജില്ലയിൽ എന്ത് നടന്നാലും അത് സുധാകരന്റെ തലയിലാവും. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നാൽപ്പാടി വാസു വധം, സിപിഐഎം നേതാവ് ഇപി ജയരാജനെ ട്രെയിനിൽ വെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം, കണ്ണൂർ സേവറി ഹോട്ടൽ ബോംബാക്രമണം, അങ്ങനെ അങ്ങനെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള അക്രമസംഭവങ്ങളിൽ പലതിലും സിപിഐഎം പ്രതിസ്ഥാനത്ത് നിർത്തുന്നു. തന്റെ സഹോദരിയെ ജോലി വാഗ്ദാനം ചെയ്ത് സുധാകരൻ 'തട്ടിക്കൊണ്ട് പോയതായി കോൺഗ്രസ് പ്രവർത്തകൻ പുഷ്പരാജൻ പരാതി പറഞ്ഞിരുന്നു. അവരെ ആദ്യം കർണാടകയിലും, പിന്നീട് ചെന്നൈയിലും താമസിപ്പിച്ചത് സുധാകരനാണെന്നാണ് ആക്ഷേപം ഉയർന്നത്. പിന്നീട് പുഷ്പരാജിന്റെ കാല് തല്ലിയൊടിക്കപ്പെട്ടതും വാർത്തയായി. പക്ഷേ തനിക്കെതിരെ സിപിഎമ്മുകാർ ഉയർത്തിയ ആക്ഷേപങ്ങൾ മാത്രമാണിതെന്നും, ഒരു കേസും തെളിയിക്കപ്പെട്ടില്ല എന്നുമാണ് സുധാകരൻ തിരിച്ചടിക്കാറുള്ളത്.
പിണറായിക്കെതിരെ പറയുമ്പോൾ സുധാകന്റെ വാക്കുകൾ പലപ്പോഴും അതിരുവിടും. കെപിസിസി വർക്കിങ് പ്രസിഡന്റായിരിക്കെ, ഐശ്വര്യകേരള യാത്രയുടെ തലശേരിയിലെ സ്വീകരണത്തിൽ. 'പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം' എന്നായിരുന്നു സുധാകരന്റെ രാമർശം. 'ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി... എന്നിങ്ങനെയായിരുന്നു അന്ന് പ്രസംഗം. പിന്നീട് അദ്ദേഹം ചെത്തുകാരൻ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ചു. തൊഴിലിനല്ല സ്വത്ത് സമ്പാദനത്തെയാണ് താൻ വിമർശിച്ചതെന്ന് നിലപാട് വ്യക്തമാക്കി.
ഞാൻ കൊലപാതകിയെങ്കിൽ പിണറായി ആര്?
തന്നെ കൊലപാതകിയെന്ന് അധിക്ഷേപിക്കുന്ന സിപിഎംകാരോട്, പിന്നെ പിണറായി വിജയൻ ആരാണെന്നാണ് വെണ്ടുട്ടായി ബാബു കൊലക്കേസും വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസുമൊക്കെ എടുത്തിട്ട് സുധാകരൻ തിരിച്ചടിക്കാറുള്ളത്. കണ്ണൂരിലെ ആദ്യരാഷ്ട്രീയ കൊലപാതകമെന്നു വിശേഷിപ്പിക്കുന്ന വാടിക്കൽ രാമകൃഷ്ണന്റെ വധക്കേസിൽ പ്രതിയാകുന്നത്് പിണറായി ആണെന്നുള്ള സുധാകരൻ പലപ്പോഴും ഓർമ്മിപ്പിക്കാറുള്ളതാണ്. അന്നത്തെ വിദ്യാർത്ഥി യൂനിയൻ പ്രവർത്തകനായ കോടിയേരി ബാലകൃഷ്ണനെ സ്‌കൂൾ വിട്ടു വരും വഴി സംഘ്പരിവാർ പ്രവർത്തകർ അക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിലാണ് തിരിച്ചടിയുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ കോടിയേരി ഏറെനാൾ ആശുപത്രിയിൽ കിടന്നിരുന്നു. ഇതിന് പ്രത്യാക്രമണം നടത്താൻ സി.പി. എം തീരുമാനിക്കുകയായിരുന്നു. മുകുന്ദ് മല്ലാർ റോഡിൽ ആർ. എസ്. എസ് ശാഖ തുടങ്ങിയത് വാടിക്കൽ രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. തലശേരിയിൽ ആർ. എസ്.എസ് വേരുറപ്പിച്ചു വന്നിരുന്നത് തയ്യൽ തൊഴഴിലാളിയായ രാമകൃഷ്ണന്റെ സംഘാടനാ മികവിലായിരുന്നു. ഇതോടെയാണ് വാടിക്കൽ രാമകൃഷ്ണനെ തെരഞ്ഞുപിടിച്ചു കൊല്ലാൻ തന്നെ തീരുമാനിച്ചത്. കൊടുവാളും കൈമഴുവും ഉപയോഗിച്ചു വെട്ടിയും കുത്തിയുമായിരുന്നു ആ കൊലപാതകം. തലശ്ശേരി താലൂക്കിൽ കൊലപാതക രാഷട്രീയത്തിന് വിത്തിട്ട ഈ കൊലപാതകത്തിന് ശേഷം കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായത് മുന്നൂറിലേറെപ്പേരാണ്. ഇതിൽ വാടിക്കൽ രാമകൃഷ്നെ മഴുകൊണ്ട് വെട്ടിയത് പിണറായി ആണെന്ന് സുധാകരൻ പച്ചക്ക് പറയും. അതാണ് അദ്ദേഹത്തോട് സിപിഎം പ്രവർത്തകർക്ക് ഇത്രയേറെ വിദ്വേഷം.
കോൺഗ്രസിലും എതിരാളികൾ ഒട്ടേറെ
വെട്ടൊന്ന് മറു രണ്ട് ശൈലിക്ക് കോൺഗ്രസിലും എതിരാളികൾ ഏറെയായിരുന്നു. എന്തും ഗ്രൂപ്പിന്റെ ബലത്തിൽ നേടിയവർക്ക്, ഗ്രൂപ്പില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പറയുന്ന സുധാകരൻ അനഭിമതനായി. പാർട്ടിയിൽ കെ കരുണാകരനും എ കെ ആന്റണിയും പടവെട്ടുന്ന കാലത്ത്. വിദ്യാർത്ഥി-യുവജന നേതാവായി കണ്ണൂരിൽ പേരെടുത്ത സുധാകരനെ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഐയോ എയോ തയ്യാറായില്ല. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി കെ പി നുറൂദ്ദീനും കെ കരുണാകരന് വേണ്ടി എൻ രാമകൃഷ്ണനും കണ്ണൂരിൽ ഗ്രൂപ്പ് പോര് നയിച്ച് കൊണ്ടിരിക്കുന്ന കാലത്ത്, ഇരുഗ്രൂപ്പുകാരും സുധാകരനെ അകറ്റിനിർത്തുന്നതിൽ തന്ത്രപരമായ ഐക്യം പുലർത്തി.ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിലനിൽപ്പില്ലെന്ന് ബോധ്യമായ സുധാകരൻ പലതവണ കെ കരുണാകനെ കണ്ട് തന്നെ ഐ ഗ്രൂപ്പിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. എന്നാൽ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായി തീരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി സുധാകരൻ ശബ്ദിച്ചു കൊണ്ടിരുന്നു ഈയവസരത്തിലും. ഇന്നും കണ്ണൂരിൽ ഐ ഗ്രൂപ്പ് എന്നതിനേക്കാളേറെ സുധാകരന്റെ ഗ്രൂപ്പ് എന്നു പറയുന്നതായിരിക്കും രാഷ്ട്രീയ ശരി.
കണ്ണൂർ കോൺഗ്രസിലെ സമുന്നത നേതാവായിരുന്ന എൻ രാമകൃഷ്ണും അവസാനകാലത്ത് സുധാകരനെതിരെ രംഗത്തെതി. ക്രിമിനലിസത്തിലൂടെ കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും സുധാകരന്റെ ശൈലി പാർട്ടിക്ക് ദോഷകരമാണെന്നും രാമകൃഷ്ണൻ വെട്ടിത്തുറന്ന് പറഞ്ഞു. കണ്ണൂർ സീറ്റ് കെ സുധാകരന് നൽകിയതിൽ പ്രതിഷേധിച്ചാണ് 96ൽ യുഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിക്കാൻ രാമകൃഷ്ണൻ നിർബന്ധിതനായത്. അതുപോലെ മുൻ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന് എതിരായിരുന്നു. രക്തസാക്ഷികളെ സൃഷ്ടിച്ചത് സുധാകരന്റെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി മാത്രമാണെന്നും രക്തസാക്ഷി ഫണ്ടുകൾ വെട്ടിച്ചെന്നും രാമകൃഷ്ണൻ വെളിപ്പെടുത്തി.
സുധാകരനിൽനിന്ന് തനിക്കുണ്ടായ തിക്താനുഭവങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു. ഒടുവിൽ നേതാക്കളുടെ ക്രൂരതയിൽ മനംനൊന്ത് നെഞ്ചുപൊട്ടിയാണ് പി രാമകൃഷ്ണൻ മരിച്ചതെന്ന് പറഞ്ഞതും കോൺഗ്രസുകാരാണ്. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷ് അധമ രാഷ്ട്രീയ നേതാവെന്നാണ് സുധാകരനെ വിശേഷിപ്പിച്ചത്. പക്ഷേ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് എല്ലാമെല്ലാമായിരുന്നു സുധാകരൻ. അവർ അദ്ദേഹത്തിന് പിന്നിൽ അന്നും ഇന്നും അടിയുറച്ച് നിൽക്കയാണ്. ഇന്നും കോൺഗ്രസിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് സുധാകരൻ.
പ്രസിഡന്റ് സ്ഥാനം ഒഴിയമോ?
കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ സുധാകരന് ഒരു സ്വപ്നമുണ്ടായിരുന്ന സെമി കേഡർ ശൈലിയിൽ പാർട്ടിയെ വളർത്തിയെടുക്കയായിരുന്നു.' സംസ്ഥാന രാഷ്ട്രീയത്തിലെയോ ദേശീയ രാഷ്ട്രീയത്തിലെയോ ആരോടെങ്കിലും ഈ സ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. പക്ഷേ, മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ കാലഘട്ടത്തിൽ ആ സ്ഥാനം ആഗ്രഹിച്ചിരുന്നു. ഒരുതവണയെങ്കിലും കെപിസിസി അധ്യക്ഷനായി, പാർട്ടിയെ കൊണ്ടുനടന്ന്, ഉജ്വല വിജയത്തിലെത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്. സെമി കേഡർ, ഗ്രൂപ്പില്ലാ പാർട്ടി തുടങ്ങി ഒട്ടേറെ ആഗ്രഹങ്ങളുണ്ടായിരുന്നു. പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല.''- മനോരമക്ക് നൽകിയ അഭിമുഖത്തിൽ സുധാകരൻ തുറന്നടിക്കുന്നു. സുധാകരന്റെ നാശം ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം നേതാക്കാൾ കോൺഗ്രസിലുമുണ്ട്. അവർ മോൺസൻ കേസിന്റെ പശ്ചാത്തലത്തിൽ സുധാകരനെ മാറ്റാനുള്ള നീക്കം നടത്തുന്നതായും വാർത്തകളുണ്ട്. പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള ഭൂരിപക്ഷം നേതാക്കളും കെ സുധാകരന് പിന്നിൽ ഉറച്ച് നിൽക്കയാണ്.
എന്നാൽ താൻ ഒരിടത്തും കിടിച്ച് തൂങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന ആളല്ലെന്നും, കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മാറിനിൽക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താൻ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചർച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്.കോടതിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ജീവിതമെടുത്താൽ തനിക്കുനേരെ വന്ന ആരോപണങ്ങളെ, അതിജീവിച്ച ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെയാണ് തീയിൽ കരുത്ത തങ്ങളുടെ നേതാവ് വെയിലത്ത് വാടില്ലെന്ന്, കോൺഗ്രസ് പ്രവർത്തകർ ആത്മാർഥമായി വിശ്വസിക്കുന്നതും.
വാൽക്കഷ്ണം: കെ സുധാകരനെ അപമാനിക്കാനായി ഇടക്കിടെ വരുന്ന വാർത്തയാണ് ഉടനെ അദ്ദേഹം ബിജെപിയിൽ ചേരുമെന്നത്. ഇത്തവണയും അതേ പ്രചാരണം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പക്ഷേ കോൺഗ്രസ് എന്നത് അദ്ദേഹത്തിന്റെ ജീവശ്വാസവും, വികാരവുമാണെന്നാണ്, സുധാകരനെ സ്നേഹിക്കുന്നവർ പറയുന്നത്. ജീവൻ പണയംവെച്ച് പാർട്ടി പ്രവർത്തനം നടത്തയവരുടെ ആത്മാർത്ഥതയെ തൂക്കിനോക്കരുതെന്നും അവർ പറയുന്നു.