- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം തിരുത്തി; കാളി ഉപാസകന്റെ അനുഗ്രഹം തേടിയത് തൊട്ട് റോഡ് വാടകക്ക് കൊടുത്തതു വരെയുള്ള പ്രശ്ന പരമ്പരകൾ; സെലിബ്രിറ്റി വിവാഹത്തിലും വിദ്വേഷ ചർച്ചകൾ; ഇപ്പോൾ കത്ത് വിവാദവും; പ്രതി പാർട്ടിയാണ് എന്ന് പറയാൻ ആരുമില്ല; ബേബി മേയറിൽനിന്ന് പ്രോബ്ലം മേയറിലേക്ക്! ആര്യാ രാജേന്ദ്രന്റെ ജീവിതകഥ
ഓർമ്മയുണ്ടോ, എസ് ശിവരാമൻ എന്ന കേരളം ആഘോഷിച്ച ആ വിദ്യാർത്ഥി നേതാവിനെ. 1993ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം രാജ്യത്ത് ആദ്യമായി വോട്ടെടുപ്പ് നടക്കുന്ന സമയം. രാഷ്ട്രപതിയാവൻ വേണ്ടി കെ ആർ നാരായണൻ സ്ഥാനമൊഴിഞ്ഞ സീറ്റിലേക്ക് സിപിഎം നിയോഗിച്ചത,് ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ എംകോം വിദ്യാർത്ഥി എസ് ശിവരാമൻ എന്ന 26കാരനെ ആയിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും വഴിയിലൂടെ ശിവരാമൻ നടന്നുവന്നതിനെ പറ്റി എഴുതാത്ത പത്രങ്ങൾ ഇല്ല. അതിന്റെയൊക്കെ ഫലമായെന്നോണം 1.32 ലക്ഷം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനാണ് ശിവരാമൻ കോൺഗ്രസിന്റെ കെ കെ ബാലകൃഷ്ണനെ മലർത്തിയടിച്ചത്. ആ വിജയം ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ആഘോഷിക്കപ്പെട്ടു. കേരള യുവത്വത്തിന്റെ ആശയും അഭിലാഷവുമായി ഈ ചെറുപ്പക്കാരൻ വാഴ്‌ത്തപ്പെട്ടു.
എന്നാൽ വെറും ഒരു കൊല്ലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വന്നപ്പോൾ ശിവരാമൻ ചിത്രത്തിൽ ഇല്ലായിരുന്നു. ഒരു കൊള്ളിയാൻ പോലെ അയാൾ മിന്നിമറഞ്ഞുപോയി. അധികാരം തലക്ക് പിടിച്ച ഒരു അഹങ്കാരിയുടെ ചിത്രമാണ് പാർട്ടിക്ക് ഉള്ളിൽ പോലും പ്രചരിച്ചത്. വയോധികനായ നടൻ തിക്കുറിശ്ശി സുകുമാരൻ നായരെ ഗസ്റ്റ് ഹൗസിൽനിന്ന് ഇറക്കിവിട്ടത് തൊട്ട്, കയ്യൂർ സമരത്തിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ സ്മാരകം ഉദ്ഘാടനം ചെയ്തത്വരെയുള്ള വിവിധ വിഷയങ്ങളിൽ വിവാദം വേട്ടയാടി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ എസ് അജോയ്കുമാർ ഒറ്റപ്പാലത്ത് സിപിഎം സ്ഥാനാർത്ഥിയായി. വൈകാതെ പാർട്ടി വിട്ട ശിവരമാൻ കോൺഗ്രസിലെത്തി. കുറച്ചുകാലത്തിനുശേഷം കോൺഗ്രസ് വിട്ട് സിപിഎമ്മിൽ തിരിച്ചെത്തി. ഇപ്പോൾ ഒറ്റപ്പാലത്തെ ഒരു പ്രാദേശിക നേതാവ് മാത്രമാണ് ഇദ്ദേഹം.
അതുപോലെ ഒരു കാലത്ത് അദ്ഭുദക്കുട്ടിയെന്ന് ഇടത് അണികൾ ആവേശത്തോടെ വിളിച്ചിരുന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ സിപിഎമ്മും കോൺഗ്രസും വിട്ട് ബിജെപിയിലാണ്. സിന്ധുജോയ് അടക്കം എത്രയെത്ര വീണുപോയ ചെന്താരകങ്ങൾ! ഒരുകാലത്ത് ഇവർക്കൊക്കെ വേണ്ടിയുണ്ടായ കൈയടികളും, ആവേശ ലേഖനങ്ങളും കാണുമ്പോൾ നാം ഇന്ന് ചിരിച്ചുപോകും.
ആ പാതയിലേക്ക് നടന്ന് അടുക്കുകയാണോ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തിലുടെ, ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മേയർ ആര്യാ രാജേന്ദ്രനുമെന്ന് സിപിഎമ്മിന് അകത്തുനിന്നുതന്നെ വിമർശനം ഉയരുകയാണ്. ഭരണപരിചയമില്ലാത്തവരെ, എതിരാളികളുടെ ഭാഷയിൽ പറഞ്ഞാൽ മുലകുടി മാറാത്തവരെ പിടിച്ച്, താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തുന്നത് തിരിച്ചടിയാവുന്നുണ്ടെന്ന ആരോപണം പാർട്ടിക്കകത്തും ശക്തമാണ്. ഇപ്പോൾ താൽക്കാലിക ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ആര്യ രാജേന്ദ്രൻ, പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയത് കേരളത്തിൽ കൊടുമ്പിരി കൊള്ളുന്ന വിവാദമായിരിക്കയാണ്. ഈ കത്ത് വ്യാജമാണെന്ന് പറഞ്ഞ അന്വേഷണവും നടക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി വിവാദങ്ങളാണ്, മേയർ ഉണ്ടാക്കിക്കൊണ്ടിരിരിക്കുന്നത്. കത്ത് വിവാദത്തിന്റെ സത്യാവസ്ഥ എന്തായാലും അത് പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ചോർന്നതുകൊണ്ടുതന്നെ അന്വേഷണം വന്നാൽ, പാർട്ടിക്കാർ തന്നെയാവും കുടുങ്ങുക. മേയറെ പാർട്ടി പൂർണമായി പിന്തുണച്ചെങ്കിലും, രണ്ടുവർഷത്തിനിടയുണ്ടായ വിവാദങ്ങൾ ചില്ലറയല്ല.
ദ ആക്സിഡൻഷ്യൽ മേയർ
ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ.ഐ.സി. ഏജന്റായ ശ്രീലതയുടെയും മകളായി ഒരു ഇടത്തരം കുടുംബത്തിൽ, 1999 ജനുവരി 12നാണ് ആര്യ രാജേന്ദ്രൻ ജനിക്കുന്നത്. തിരുവനന്തപുരത്തെ കാർമൽ ഗേൾസ് ഹയർ സെക്കൻഡറിയിലാണ് സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ രണ്ടാം വർഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാർത്ഥിനിയായിരിക്കെയാണ് ചരിത്രം തിരുത്തി മേയർ ആവുന്നത്. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മുടവന്മുകൾ വാർഡിൽ നിന്ന് കൗൺസിലറായി ആര്യ വിജയിച്ചു. സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ചാല ഏരിയ കമ്മിറ്റിയംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച, ആര്യ എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയാണ്.
അടിമുടി പാർട്ടി കുടുംബത്തിലാണ് ആര്യ വളർന്നത്. ചേട്ടൻ അരവിന്ദ് ആർ.എസ്. ഉൾപ്പെടെ കുടുംബത്തിലെ നാല് അംഗങ്ങളും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ. എൻജിനീയറിങ് പഠനത്തിന് ശേഷം അരവിന്ദ് അബുദാബിയിലാണ്. ''പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുകയെന്നു പറഞ്ഞാണ് അച്ഛൻ വളർത്തിയത്. പ്രായം കുറഞ്ഞയാൾ എന്നതിനപ്പുറം സംഘടനാഭാരവാഹി എന്ന വലിയ ഉത്തരവാദിത്തമുണ്ട്. എല്ലാം പാർട്ടിക്ക് വിടുന്നു''- ഇതായിരുന്നു സ്ഥാനമേറ്റപ്പോൾ ആര്യ മാധ്യമങ്ങളാടേ് പറഞ്ഞത്.
ശരിക്കും ഇലക്ഷന കാമ്പയിൽ സമയത്ത് ആര്യയെ മേയർ ആക്കാനുള്ള ഒരു ചർച്ചയും ഉണ്ടായിരുന്നില്ല. ശരിക്കും ആക്സിഡൻഷ്യൽ മേയർ തന്നെയാണ് അവർ. തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്കു സിപിഎം പരിഗണിച്ച കോളജ് അദ്ധ്യാപക സംഘടനാ നേതാവു കൂടിയായ പ്രഫ.എ.ജി.ഒലീന കുന്നുകുഴി വാർഡിലും ജില്ലാ കമ്മിറ്റി അംഗം എസ്.പുഷ്പലത നെടുങ്കാട് വാർഡിലും പരാജയപ്പെടുകയായിരുന്നു. നിലവിലെ മേയർ കെ.ശ്രീകുമാർ കരിക്കകം വാർഡിൽ പരാജയപ്പെട്ടു. ഇതോടെയാണ് ഒരു പുതുമുഖത്തെ പരീക്ഷിക്കുക എന്ന നീക്കത്തിലേക്ക് സിപിഎം എത്തിയത്. ഇതാകട്ടെ വ്യാപകമായി അഭിനന്ദനങ്ങൾ നേടുകയും ചെയ്തു.
പ്രകീർത്തിച്ച് കമൽ മുതൽ അദാനി വരെ
നടൻ കമൽഹാസനും വ്യവസായ പ്രമുഖൻ ഗൗതം അദാനിയും അടക്കം എത്രയോ സെലിബ്രിറ്റികൾ ആര്യക്ക് അഭിനന്ദനവുമായി രംഗത്ത് എത്തി. ''ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം. 21 വയസാണ്, എസ്എഫ്ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.' ചിത്രം പങ്കുവച്ച് ഫേസ്‌ബുക്കിൽ വന്ന അഭിനന്ദന കുറിപ്പുകൾ നജരവധിയാണ്.
സാമൂഹിക പ്രവർത്തകനായ അഡ്വ.ഹരീഷ് വാസുദേവൻ ഇങ്ങനെ കുറിച്ചു.
'അധികാരത്തിന്റെ സ്ഥാനങ്ങളോട്, തെറ്റായ കീഴ്‌വഴക്കങ്ങളോട് കോമ്പ്രോമൈസ് ചെയ്യാൻ സാധ്യത ഏറ്റവും കുറവ് 30 വയസിനു മുൻപാണ്. ശരിയെന്നു തോന്നുന്ന തീരുമാനങ്ങൾ ചടുലമായി നടപ്പാക്കാൻ കഴിയുന്ന പ്രായമാണ് അത്. അഴിമതിയും സ്ഥാനമോഹവും ഒക്കെ മനസിൽ പോലും വളരാത്ത പ്രായമാണ് 21.'-അഡ്വ.ഹരീഷ് വാസുദേവന്റെ ഈ കുറിപ്പിലെ പ്രതീക്ഷ തന്നെയായിരുന്നു മലയാളികൾക്ക്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ റെക്കോഡ് തകർത്തുകൊണ്ടാണ് ആര്യ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്. ഫഡ്നാവിസ് നാഗ്പുർ കോർപ്പറേഷൻ മേയറായി ഇരുപത്തിയേഴാം വയസ്സിലാണ് സ്ഥാനമേറ്റത്.
എന്നാൽ, കൊട്ടിഘോഷിച്ചുള്ള സ്ഥാനാരോഹണത്തിന് ശേഷം രണ്ടുവർഷം തികയും മുമ്പേ തന്നെ സിപിഎമ്മിനെ വരെ മുൾമുനയിൽ നിർത്തുന്ന വിവാദങ്ങൾക്കും ഇടവരുത്തി ആര്യ രാജേന്ദ്രന്റെ ഭരണം. 'കോർപ്പറേഷനിലെ നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് എൽഡിഎിൽൽ പാർട്ടിയും മുന്നണിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളൂ. അതിനാൽ ഭരണപരിചയമില്ലായ്മ ഒരു കുഴപ്പമാവില്ല. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടിറങ്ങി കണ്ടറിഞ്ഞു തീരുമാനങ്ങൾ എടുക്കാനുള്ള നേതൃപാടവവും തുറന്ന മനസും ധൈര്യവും ഒക്കെയാണ് മേയർക്ക് വേണ്ടത്. ഊർജ്ജസ്വലതയും.'- അഡ്വ ഹരീഷ് വാസുദേവന്റെ പഴയ കുറിപ്പിലെ ചില കാര്യങ്ങൾ അച്ചട്ടായി. നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് ഇടതുമുന്നണിയും പാർട്ടിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളു. അതോടെ വിവാദങ്ങളുടെ പെരുമഴയുമായി.
ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടിയോ ?
ഭൗതികവാദികളാണെന്ന് പറയുന്ന പല കമ്യൂണിസ്റ്റുകാരും, രഹസ്യമായി ഒന്നാന്തരം അന്ധവിശ്വാസികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.
കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു. കോവിഡ് കാലത്ത് ജനം മരണത്തോട് മല്ലടിക്കുമ്പോൾ, തിരുവനന്തപുരത്ത് നല്ല ശ്മാശനം ഉണ്ടാക്കിയത് പോസ്റ്റിട്ടത്, ഒരു കറുത്തഹാസ്യമായി ഇന്നും അവശേഷിക്കുന്നു. ഇവിടെയൊക്കെ മേയറുടെ പരിചയക്കുറവ് പ്രശനമായിരുന്നു.
റോഡ് വാടകക്ക് കൊടുത്തു!
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിങ് അനുവദിച്ച വിവാദം മാസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്ക്ക് നൽകിയത്. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തുവെന്നാണ് ആരോപണം.
ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ഞെട്ടിച്ച പൊങ്കാല അഴിമതി
കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തത് വലിയ അഴിമതിയാണ് ഭരണസമിതി നടത്തിയത് എന്ന് ആരോപണം ഉയർന്നു. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. ഇതേ ദിവസം ശുചീകരണ തൊഴിലാളികൾക്ക് പൊറോട്ടയും ചിക്കനും വാങ്ങി നൽകിയെന്ന പേരിലും അര ലക്ഷത്തോളം രൂപയുടെ ബില്ലുണ്ടാക്കി. വിവാദമായതോടെ ബില്ലുകൾ പാസാക്കുന്നത് കോർപറേഷൻ തടഞ്ഞു വച്ചു.
പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്തുവെന്നും, ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്ന് മേയർ ന്യായീകരിച്ചു. ക്ഷേത്രവളപ്പിൽ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതുകൊണ്ടാണ് 21 ലോറികൾക്ക് വാടക മുൻകൂർ അനുവദിച്ചതെന്നും ഏറ്റവും ഒടുവിലാണ് വീടുകളിൽ പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും മേയർ വിശദീകരിച്ചു. പൊങ്കാല മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചുവെന്നും മേയർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ, വിദ്യാഭ്യാസ പദ്ധതികൾക്കായി അനുവദിച്ച തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനൽകി തട്ടിയെടുത്തു എന്നതായിരുന്നു അടുത്ത രോപണം. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണത്തിൽ 1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാൽ ഇതിലുമധികം തുകയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 പദ്ധതികൾക്കുള്ള ആനുകൂല്യങ്ങളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടുതൽ തട്ടിപ്പ് നടന്നത് പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ്. അപേക്ഷകളില്ലാതെയും, വ്യാജ അപേക്ഷ വഴിയും, തട്ടിപ്പ് നടത്തുന്നവരുടെ സ്വന്തം അക്കൗണ്ട് നമ്പർ വഴിയുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
35 പേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള അന്വേഷണം നടന്നില്ല. തട്ടിപ്പ് നടത്താൻ പ്രതി ഉപയോഗിച്ച ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവ കണ്ടെത്താൻ സാധിക്കാത്തതും തിരിച്ചടിയായി. കൂടാതെ ഡിവൈഎഫ്ഐ, സിപിഎം ബന്ധമുള്ളവർ കൂടി പ്രതിപ്പട്ടികയിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണത്തിന് രാഷ്ട്രീയ സമ്മർദ്ദവും ഏറെയായിരുന്നു.11 പേർക്കെതിരേ പൊലീസെടുത്ത കേസിൽ അറസ്റ്റ് കഴിഞ്ഞ് വിജിലൻസിന് കൈമാറിയെങ്കിലും തുടരന്വേഷണം നിലച്ചു. സസ്പെൻഷനിലായവർ തിരികെ സർവീസിൽ കയറി.
കെട്ടിട നമ്പറിലും ഭവനപദ്ധതിയിലും തട്ടിപ്പ്
ഇഎംഎസ് ഭവനപദ്ധതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിന് 2011 ൽ സംസ്ഥാനസർക്കാർ നൽകിയ എട്ട് കോടി രൂപ കാണാനില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. ഭവനരഹിതർക്ക് വീടുവച്ചുനൽകുന്നതിനുള്ള ആ പണം പാളയത്തുള്ള ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്നു. ആ പണം അക്കൗണ്ടിൽ ഇല്ല എന്ന ആരോപണവുമായി നെടുങ്കാട് കൗൺസിലറും ബിജെപി നേതാവുമായ കരമന അജിത്ത് രംഗത്തെത്തിയിരിന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കരമന അജിത്തിന്റെ ആരോപണം. ആ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയതിന്റെയോ ആർക്കെങ്കിലും വീട് വച്ച് നൽകിയതിന്റെയോ രേഖകളുമില്ല. ആ പണം മുക്കിയത് മുൻ മേയർമാരാണോ ഇപ്പോഴത്തെ മേയർ ആര്യാ രാജേന്ദ്രനാണോ എന്നാണ് കരമന അജിത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.
അതിനിടെ നഗരസഭയിലെകെട്ടിട നമ്പർ തട്ടിപ്പും വൻ വിവാദമായി. ഉദ്യോഗസ്ഥരുടെ പാസ്വേഡും യൂസർ നെയിമും ഉപയോഗിച്ച് കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്.സഞ്ചയ സോഫ്‌റ്റ്‌വെയറിൽ കെട്ടിടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താനും പരിശോധിക്കാനും ഏത് കമ്പ്യൂട്ടറിൽ നിന്നും കഴിയും. ഇതിന് ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ്വേഡും മാത്രം മതിയാകും. എന്നാൽ അനുമതി നൽകാനുള്ള ഡിജിറ്റൽ ഒപ്പ് കോർപ്പറേഷനിലെ കമ്പ്യൂട്ടറിൽ നിന്ന് മാത്രമേ നൽകാനാകൂ. എന്നാൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി അനുമതി നൽകിയത് റവന്യു ഓഫീസറുടെ യൂസർനെയിമും പാസ്വേഡും അറിയാവുന്ന കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന് കോർപ്പറേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ചതിന് ചില താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. പൊലീസിന് അന്വേഷണം കൈമാറിയെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമല്ലാതെ കാര്യമൊന്നുമുണ്ടായില്ല.
സെലിബ്രിറ്റി വിവാഹത്തിലും വിവാദം
അതിനിടെ മേയറും യുവ എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹവും സോഷ്യൽ മീഡിയയിൽ വിവാദമായി. അതും കുടുംബങ്ങളും പാർട്ടിയും ചേർന്ന് തീരുമാനിക്കും എന്ന ആര്യയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഫെമിനിസ്റ്റുകൾ ചോദ്യം ചെയ്തു.
പ്രണയത്തേക്കാൾ ഉപരി തങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആണെന്ന് സച്ചിൻദേവും സമ്മതിക്കുന്നു. ഇരവരും ചേർച്ച മീഡിയാവണ്ണിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാണ്. ആദ്യം ഇരുവീട്ടുകാരെയും അറിയിക്കാമെന്നാണ് സച്ചിൻ പറഞ്ഞത്. അങ്ങനെ ആദ്യം സച്ചിന്റെ വീട്ടിൽ അറിയിക്കുകയും പിന്നീട് ആര്യയുടെ വീട്ടുകാരോട് കാര്യം അവതരിപ്പിക്കുകയുമായിരുന്നു. മുതിർന്നയാളുടെ പക്വതയോടെയാണ് സച്ചിൻ ഇക്കാര്യങ്ങൾ ചെയ്തതെന്നും ആര്യ പറയുന്നു.
വീട്ടിൽ അറിയിച്ച ശേഷമാണ് യഥാർഥത്തിൽ പ്രണയിച്ചു തുടങ്ങിയതെന്ന് സച്ചിനും പറഞ്ഞു. ''അതുവരെ നല്ല ആഴത്തിലുള്ള സൗഹൃദമായിരുന്നു. എന്തും തുറന്നുപറയുന്ന സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമാണ് പ്രണയത്തിന്റേതായ ചില പ്രത്യേകതകളിലേക്ക് മാറുന്നത്. വീട്ടുകാരോട് അവതരിപ്പിച്ച ശേഷമാണ് ഞങ്ങൾ കൂടുതൽ തിരക്കുകളിലേക്ക് വീണത്. ആര്യ മേയറായി. പിന്നീട് താൻ എംഎൽഎയായി. അധികം വൈകാതെ തന്നെ വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു''- സച്ചിൻ പറയുന്നു. ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്ന ചോദ്യത്തിന്, അത് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നായിരുന്നു ചിരിയോടെ സച്ചിൻദേവ് പറഞ്ഞത്. രണ്ടുപേർക്കും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യമേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക സമയത്താണ് രണ്ടുപേരും പ്രണയം പറയുന്നത് -സച്ചിൻ പറഞ്ഞു.
ഈ അഭിമുഖം വൈറലായപ്പോൾ തന്നെ ആര്യയുമായി അഞ്ചുവർഷം പ്രേമത്തിലായിരുന്നു സഖാവിന്റെ കഥയും സോഷ്യൽമീഡിയയിൽ പരന്നു. അയാൾ തന്നെ ചില പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. ഈയിടെ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലക്കി കാമുകനെ കൊന്ന സംഭവം ഉണ്ടായ സമയത്ത്, അന്ന് ജ്യൂസ് കുടിക്കാഞ്ഞത് നന്നായി എന്ന് പോസ്റ്റിട്ട് ഈ കാമുകൻ രംഗത്ത് എത്തിയിരുന്നു. ഈ സമയത്തും ആര്യക്കെതിരെ ഹേറ്റ് കമന്റുകൾ ധാരാളം ഉണ്ടായി.
പ്രതി ആര്യയല്ല പാർട്ടിയാണ്
സിപിഎമ്മിനെ സംബന്ധിച്ച് മേയർ ഒരു ഡമ്മി മാത്രമാണ്. ശരിക്കും പാർട്ടിയുടെ സെൽ ഭരണമാണ് അവിടെ നടക്കുന്നത്. ഇങ്ങനെയുള്ള തിരുകിക്കയറ്റലുകൾ ഒരു പതിവ് കമ്യുണിസ്റ്റ് രീതിയാണ്. സർവകാലാശാലകളിൽ മുതൽ തൂപ്പുകാരെ വരെ അവർ പാർട്ടി ലിസ്റ്റ് അനുസരിച്ച് തിരുകിക്കയറ്റുന്നു. അപ്പോൾ പിന്നെ വ്യക്തിപരമായി ആര്യ രാജേന്ദ്രനെ പഴിച്ചിട്ട് എന്ത് കാര്യമാണ്.
സിപിഎമ്മിനെ സംബന്ധിച്ച് നേരത്തെ വി കെ പ്രശാന്ത് എന്ന ചെറുപ്പക്കാരൻ മേയറായി മാറിയതോടെ വൻ ഓളമാണ് ഉണ്ടാക്കിയത്. 2015 ൽ കഴക്കൂട്ടം വാർഡിൽ നിന്ന് കോർപറേഷനിൽ ഏറ്റവും ഭൂരിപക്ഷം നേടി വിജയിച്ച വി.കെ.പ്രശാന്തിനെ മേയർ പദവിയിലേക്ക് ഉയർത്തിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിലെ നഗരമേഖലയിൽ ഗുണകരമായെന്ന വിലയിരുത്തലാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റേത്.പ്രളയദുരിതാശ്വാസത്തിൽ തിരുവനന്തപുരം നഗരത്തിലെ സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിലൂടെ സിപിഎമ്മിന്റെ പ്രതിച്ഛായ സംസ്ഥാനമുടനീളം ഉയർത്തിയ വി.കെ.പ്രശാന്ത്, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപിയായതോടെ ഉപതിരഞ്ഞെടുപ്പ് വന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ 14,465 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെ എംഎൽഎയായതും ചരിത്രം.
നഗരസഭയുെട ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി.കെ.പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44ാമത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യക്ക് കിട്ടയിയത്. ിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടായി. ഈ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായില്ലെങ്കിൽ നിയമസഭാ സീറ്റും ആര്യക്ക് കിട്ടിയേനെ.
മേയറുടെ പ്രവർത്തനങ്ങളിൽ മുൻപരിചയമില്ലായ്മ പ്രശ്നമാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പിഎ തന്നെ പാർട്ടിക്ക് വേണ്ടി മേയറെ കൂടുതൽ കുഴികളിൽ ചാടിക്കുകയാണെന്നാണ് മേയറുമായി ബന്ധപ്പെട്ട വൃത്തങ്ങളം ഉയർത്തുന്നുണ്ട്. ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടതിൽ ര്യയെ പാർട്ടി ശാസിച്ചിരുന്നു. നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെയൊക്കെ പ്രതിഫലമാണ് ഇപ്പോൾ, 'ലിസ്റ്റുണ്ടോ സഖാവേ ഒരു ജോലിയെടുക്കാൻ' എന്ന രീതിയിൽ ട്രോൾ ആയി മാറിയിരിക്കുന്നത്.
ആര്യാ ാജേന്ദ്രനെ അനുകൂലിക്കുന്ന ഒരുപാട് നിഷ്പക്ഷമതികളും ഉണ്ട്. യാതൊരു പ്രവർത്തന സ്വതന്ത്ര്യവുമില്ലായെ ഒരു വനിതയെ ഡമ്മിയാക്കിവെക്കുക. എന്നിട്ട് പാർട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്കൊക്കെ മേയറെ ബലിയാടാക്കുക. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ അബുദുല്ലക്കുട്ടിയെയും, ശിവരാമനെയും, സിന്ധുജോയിയെയും പോലെയല്ല ഈ യുവതിയെന്നും ആര്യയെ അനുകൂലിക്കുന്നവർ പറയുന്നു. എന്തായാലും തിരുവനന്തപുരം നഗരസഭയിൽ അടുത്തകാലത്തൊന്നും വിവാദം അവസാനിക്കില്ലെന്ന് വ്യക്തം.
വാൽക്കഷ്ണം: സ്വജനപക്ഷപാതിത്വം എന്നത് ലോകവ്യാപകമായി കമ്യുണിസ്റ്റ് സർക്കാറുകളുടെ കുടെപ്പിറപ്പാണ്. 57ലെ ഇഎംഎസ് സർക്കാർ തൊട്ട് കേരളത്തിലും അതുണ്ട്. ഇ കെ ഇമ്പിച്ചിബാവ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കുമ്പോൾ സിഗരറ്റ് കൂടിന് പുറത്ത് എഴുതിക്കൊടുത്ത് ഒരുപാട് കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നിയമിച്ച കഥ ലോക പ്രശസ്തമാണ്. നമ്മുടെ സുനിൽ പി ഇളയിടം തൊട്ട് സിപിഎം നേതാക്കളുടെ ഭാര്യമാർ വരെ സർവകലാശാലകളിൽ കയറിക്കൂടുന്നത് ഇങ്ങനെയാണ്. പിന്നെ നാം എന്തിന് ആര്യയെ മാത്രം പഴിക്കുന്നു!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ