- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒറ്റഅംഗം മാത്രമുള്ള ഈ പാർട്ടിയുടെ പ്രതിനിധി സംസാരിക്കുമ്പോൾ ലോക്സഭ നിശബ്ദമാവും; കണ്ടുപഠിക്കാൻ പറഞ്ഞത് സാക്ഷാൽ മോദി; തീപ്പൊരി പാർലിമെന്റേറിയൻ; പ്രധാനമന്ത്രിയുടെ വിരുന്നിലുടെ വീണ്ടും വിവാദത്തിൽ; 'പരനാറി'യിൽനിന്ന് 'സംഘി'യിലേക്ക്; എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
അയാളുടെ പാർട്ടിക്ക് ലോക്സഭയിൽ വെറും ഒരു അംഗം മാത്രമാണ് ഉള്ളത്. പക്ഷേ ആ മലയാളി എം പി എഴുനേറ്റുനിൽക്കുമ്പോൾ സഭ നിശബ്ദമാവും. മോദിയും, അമിത്ഷായും, രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർ, വാക്കുകൾകൊണ്ട് അമ്മാനമാടുന്ന ആ നേതാവിനായി ചെവികൂർപ്പിക്കും. അതാണ് എൻ കെ പ്രേമചന്ദ്രൻ എന്ന നമ്മുടെ കൊല്ലം എം പിയുടെ മികവ്. പൂരം വെടിക്കെട്ടുപോലെയുള്ള പ്രസംഗം. ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിലാണ് കേൾക്കേണ്ടത്. പാർലിമെന്റിൽ ഉറങ്ങുകയും, മൊബൈൽ നോക്കിക്കളിക്കയും, സമയം കിട്ടുമ്പോൾ മുങ്ങുകയും ചെയ്യുന്ന ഒരു സാധാ എം പിയല്ല അദ്ദേഹം. കഴിഞ്ഞ പത്തുവർഷമായി മുത്തലാഖ് ബിൽ മുതൽ മുല്ലപ്പെരിയാർവരെയുള്ള വിവിധി വിഷയങ്ങൾ പഠിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ.
ഭീഷണികളെയും, അപവാദ പ്രചാരണങ്ങളെയും എന്നും ചെറുത്ത് തോൽപ്പിച്ച അനുഭവമാണ് പ്രേമചന്ദ്രന് ഉള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേരിൽ സിപിഎം സൈബർ സഖാക്കാൾ വലിയ രീതിയിൽ ആക്രമണം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിന്റെ പേരിൽ പ്രേമചന്ദ്രനെതിരെ വലിയ കുപ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. സൈബറിടത്തിലൂടെയും മറ്റും അദ്ദേഹത്തെ ബിജപിക്കാരനായി ചിത്രീകരിച്ചു കൊണ്ടാണ് പ്രചരണം കൊഴുക്കുന്നത്.
വളരെ വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയുമെന്നും പ്രേമചന്ദ്രൻ പറയുന്നു.
താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമർശിച്ചു. തനിക്കെതിരെ സിപിഎം വ്യാജ വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. -ഇങ്ങനെയാണ് പ്രേമചന്ദ്രൻ പ്രതികരിച്ചത്.
ഇത്തരം ആക്രമണങ്ങൾ ഈ ആർഎസ്‌പി നേതാവിനെ സംബന്ധിച്ച് ഒട്ടും പുതുമയുള്ളതല്ല. നേരത്തെ പരനാറിയെന്ന് സാക്ഷാൽ പിണറായി വിജയൻ വിളിച്ച കഥ ആരും മറന്നിട്ടുണ്ടാവില്ല. പക്ഷേ അതെല്ലാം അതിവജീവിച്ച് വളർന്ന വ്യക്്തിയാണ് പ്രേമചന്ദ്രൻ.
ചന്ദ്രനെ പിരിയാത്ത കുടുംബം
മക്കൾ രാഷ്ട്രീയത്തിലൂടെ കടന്നുവന്ന നേതാവല്ല പ്രേമചന്ദ്രൻ. പഞ്ചായത്ത് അംഗമായി, പാർട്ടി നേതാവായി, എംഎൽഎയായി, മന്ത്രിയായി, എം പിയായി. അങ്ങനെ ഘട്ടംഘട്ടമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.
ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എംപി ഇങ്ങനെ പറഞ്ഞിരുന്നു. ''ചന്ദ്രനെ പിരിയാത്ത കുടുംബമാണ് എൻേറത്. സ്വന്തം പേരിൽ ചന്ദ്രനുണ്ട്. രണ്ടു ജ്യേഷ്ഠന്മാരുടെ പേരുകൾ രാമചന്ദ്രനെന്നും ബാബു ചന്ദ്രനെന്നുമാണ്. രാമചന്ദ്രൻ വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു. ബാബുചന്ദ്രൻ സർക്കാർ സർവീസിൽ വിരമിച്ച് ഇപ്പോൾ ബിസിനസിലാണ്.''
സ്‌കുൾ- കോളജ് തലത്തിൽതന്നെ ഒന്നാന്തരം പ്രാസംഗികനായി അറിയപ്പെട്ടുന്നു. ആർ.എസ്‌പിയുടെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയൻ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ആർ.എസ്‌പി ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. കൊല്ലം മണ്ഡലത്തിൽനിന്ന് നാലാം തവണ ലോക്സഭയിലേക്ക്. സംസ്ഥാന ജലസേചന മന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കുറിച്ചി ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ റീഡറായ ഡോ. ഗീതയാണ് ഭാര്യ. കാർത്തിക് ഏകമകനാണ്.
പഞ്ചായത്തംഗമായി തുടക്കം
1988-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമായണ് എം കെ പ്രേമചന്ദ്രന്റെ തുടക്കം. 1991-ൽ ജില്ലാ കൗൺസിൽ അംഗവും, 1995-ൽ ജില്ലാ പഞ്ചായത്ത് അംഗവുമായി. ആ സമയത്താണ് ഒരു പ്രാസംഗികൻ എന്ന നിലയിലും, പൊതുപ്രവർത്തകൻ എന്ന നിലയിലും, പ്രേമചന്ദ്രൻ അറിയപ്പെടുന്നുവരുന്നത്.
1996-ൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഇടുതുമുന്നണി സ്ഥാനാർഥലയായി എം പിയായി. 1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2006 വരെ ഇദ്ദേഹം രാജ്യസഭ അംഗമായി പ്രവർത്തിച്ചു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർ.എസ്‌പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോൽപ്പിച്ച് വി എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്‌നത്തിലടക്കം എടുത്ത നിലപാടുകൾ പ്രേമചന്ദ്രനെ ശ്രദ്ധേയനാക്കി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ഷിബു ബേബി ജോണിനോട് പരാജയപ്പെട്ടു.
2014 മുതലാണ് പ്രേമചന്ദ്രന്റെ ജീവിതത്തിലെ രാഷ്ട്രീയ മാറ്റം തുടങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർ.എസ്‌പി കേരള ഘടകം ഇടതുമുന്നണി വിട്ടു. അവർ യുഡി.എഫിൽ ചേർന്നു. അതുവരെ ഇടതുമുന്നണിയുടെ തീപ്പൊരി പ്രാസംഗികനായ പ്രേമചന്ദ്രൻ അതോടെ യുഡിഎഫിലായി. ഏറെ വൈകാതെ തന്നെ ഷിബു ബേബി ജോണിന്റെ ആർ.എസ്‌പി (ബി)യും എ.എ. അസീസിന്റെ ആർ.എസ്‌പിയും തമ്മിൽ ലയിച്ചു ഒറ്റ പാർട്ടിയായി യു.ഡി.എഫ് ഘടകകക്ഷിയായി. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലത്ത് നിന്ന് മത്സരിച്ചു. പക്ഷേ അപ്പോൾ പ്രേമചന്ദ്രനെ അധിക്ഷേപിച്ച് തകർക്കാനാണ് സിപിഎം ശ്രമിച്ചത്.
പിണറായിയുടെ സ്വന്തം പരനാറി
2014ൽ ആരോപണ പെരുമഴയയോടെയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരിച്ചത്.
യു.ഡി.എഫിലെത്തിയതതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നൽകി. സീറ്റിനു വേണ്ടി പാർട്ടി മാറിയെന്ന ആരോപണം ഉന്നയിച്ച ഇടതുമുന്നണി അന്ന് പ്രേമചന്ദ്രനെ തറപറ്റിക്കാൻ ഇറക്കിയത് സിറ്റിങ് എംഎൽഎയും മുതിർന്ന നേതാവുമായ എം എ. ബേബിയെ ആയിരുന്നു. പ്രചാരണത്തിൽ ഇടതുനേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലത്തെ പ്രചാരണയോഗത്തിൽ പ്രേമചന്ദ്രനെ പരനാറി എന്ന് വിശേഷിപ്പിച്ചു. ഈ പ്രയോഗം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഫലം വന്നപ്പോൾ 37,649 വോട്ടിനായിരുന്നു പ്രേമചന്ദ്രന്റെ വിജയം. അതിൽ പിണറായിയുടെ പരനാറി പ്രയോഗത്തിനും വലിയ പങ്കുണ്ടായിരുന്നു. പിണറായിയുടെ കുലംകുത്തി പ്രയോഗംപോലെ പരനാറിയും ചരിത്രമായി.
എം പി എന്ന നിലയിൽ കത്തിക്കയറുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു. ഇങ്ങനെ തിളങ്ങി നിൽക്കുന്നതുകൊണ്ടുതന്നെ പ്രേമചന്ദ്രന് എതിരായ ഏത് കച്ചിത്തുരുമ്പും ഉപയോഗിക്കാൻ സിപിഎം തയ്യാറാണ്. അന്തരിച്ച ആർഎസ്‌പി നേതാവ് ആർ.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി. ഉൾപ്പെടെ നാല് പേർക്കെതിരേ കേസ് എടുത്തതും ഇങ്ങനെ ഉണ്ടായതാണ്. ആർ എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കേസിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമച്ചു ക്രമക്കേട്, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി ശക്തികുളങ്ങര പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതിക്രമിച്ചു കടക്കൽ, അസഭ്യം വിളിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്. എന്നാൽ ഇതിലൊന്നും ഒരു കഥയില്ലെന്നും, ആർ എസ്. ഉണ്ണിയുടെ സ്വത്ത് അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് കിട്ടാൽ താൻ നിരന്തരം ശ്രമിച്ചുവരികയാണെന്നുമാണ് അദ്ദേഹം പ്രേമചന്ദ്രൻ പറയുന്നത്.
2019ൽ തന്നെ സംഘി
2014ൽ വഞ്ചകനും പരനാറിയും ആയിരുന്നെങ്കിൽ, 2019ൽ സംഘിയാക്കിയാണ് സിപിഎം മണ്ഡലത്തിൽ ഉടനീളം പ്രേമചന്ദ്രനെതിരെ അധിക്ഷേപം തീർത്തത്. ബിജെപിക്കാരനാണെന്ന ധ്വനിയോടെ പ്രേമചന്ദ്രനെതിരായ ഇടതുമുന്നണി നേതാക്കളുടെ പരാമർശങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. ജയിച്ചാൽ പ്രേമചന്ദ്രൻ എൻഡിഎയുടെ ഭാഗമാകുമെന്ന് പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയായിരുന്നു. അപകീർത്തിപെടുത്താനും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാകാനുമാണ് ഈ സംഘിവൽക്കരണം എന്നാണ് പ്രേമചന്ദ്രൻ ഇതിന് മറുപടി നൽകിയത് കോടിയേരിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ആർഎസ്‌പി പരാതിയും നൽകി.
അത്തവണ കൊല്ലം തിരിച്ചുപിടിക്കാൻ രാജ്യസഭ എംപിയായിരുന്ന കെ.എൻ. ബാലഗോപാലിനെയാണ് സിപിഎം ഇറക്കിയത്. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമാണ് സിപിഎം നേതാക്കൾ തുടക്കം മുതൽ പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. 1988 മുതൽ സിപിഎം ഉൾപ്പെട്ട മുന്നണിയുമായി ചേർന്ന് പഞ്ചായത്ത് തലം മുതൽ പ്രവർത്തിച്ചപ്പോൾ സംഘിയായിരുന്നില്ലെന്നും 2019ൽ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴാണ് സംഘിയാക്കിയതുമെന്നുമാണ് പ്രേമചന്ദ്രന്റെ മറുപടി.
പക്ഷേ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി.ലോക്സഭാ സീറ്റ് എൻ.കെ. പ്രേമചന്ദ്രൻ നിലനിർത്തിയത് റെക്കോഡ് ഭൂരിപക്ഷത്തിലാണ്. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളെ കടപുഴക്കിയുള്ള തേരോട്ടത്തിൽ 1,49772 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. കൊല്ലം മണ്ഡലത്തിന്റെ ചരിത്രത്തിൽ മുമ്പ് രണ്ട് തവണയാണ് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിട്ടുള്ളത്.
ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിലെ കെ.എൻ. ബാലഗോപാലിനെ തോൽപിച്ച് പ്രേമചന്ദ്രൻ വീണ്ടും ഡൽഹിക്ക് വണ്ടികയറിയത്. ഭൂരിപക്ഷം നാലിരട്ടിയിലേറെയാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി ജയിച്ചത്. ഈ മേധാവിത്തം മറികടന്നാണ് പ്രേമചന്ദ്രന്റെ ജയം.
അതേസമയം ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു. ഇതും തന്റെ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നതായി പ്രേമചന്ദ്രൻ കൊല്ലം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയെ താനാണ് നിർത്തിയതെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എ. ബേബിക്ക് ലഭിച്ച വോട്ട് പോലും കെ.എൻ. ബാലഗോപാലിന് കിട്ടിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഭീകരമായ ഇടിവാണ് എൽ.ഡി.എഫ് വോട്ടിൽ സംഭവിച്ചത്. അപ്പോൾ ചോർന്നത് ആരുടെ വോട്ടാണെന്ന് സ്വയം പരിശോധിക്കണം.
ശബരിമല യുവതീ പ്രവേശന വിധി മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയവത്കരിച്ചത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായി. സവർണരും അവർണരും തമ്മിലെ പ്രശ്‌നങ്ങളാണ് ശബരിമലയിലേതെന്ന് പറഞ്ഞ് വിഷയം ആദ്യം വർഗീയവത്കരിച്ചത് പിണറായിയാണ്. ഈ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് ജനം നൽകിയത്. ആർ.എസ്‌പി ഇടതുമുന്നണി വിട്ടതിൽ യാതൊരു കുറ്റബോധവുമില്ലെന്നും കോൺഗ്രസിനൊപ്പം നിന്നുകൊണ്ടുള്ള ഇടതുചേരിയാണ് ആർ.എസ്‌പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യംകൂടി പ്രേമചന്ദ്രൻ എടുത്തു പറഞ്ഞു.-''സമ്പത്തും സംഘടനയും അധികാരവും ഉപയോഗിച്ച് ഒരു എംഎൽഎയുടെയും രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ വർഗീയ വിഷം ചീറ്റി വീടു വീടാന്തരവും ജമാഅത്തുകൾ കേന്ദ്രീകരിച്ചും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിലകുറഞ്ഞ പ്രചാരണമാണ് സിപിഎം നടത്തിയത്. അതെല്ലാം ജനം തള്ളിക്കളഞ്ഞു. ജനം നൽകിയ അംഗീകാരമാണ് ഈ വിജയത്തിനുള്ളത്. മതന്യൂനപക്ഷ വിഭാഗവും മതേതര രാഷ്ട്രീയ വിഭാഗവും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണ്.''- പ്രേമചന്ദ്രൻ പറഞ്ഞു.
''മോദി പറഞ്ഞു.. പ്രേമചന്ദ്രനെ കണ്ടുപഠിക്കൂ'
ലോക്സഭ നിയന്ത്രിക്കുന്ന ചെയർമാന്മാരുടെ പാനൽ സ്പീക്കർ അനൗൺസ് ചെയ്ത സമയം. ഒരേ ഒരു അംഗം മാത്രമയുള്ള പാർട്ടിയുടെ വക്താവായ തന്നെ അതിൽവച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്ന് പ്രേമചന്ദ്രന് സംശയം ഉണ്ടായിരുന്നു. അതിനാൽ സ്പീക്കർ നിർബന്ധിച്ചാണ് അദ്ദേഹത്തെ ലിസ്റ്റിൽ ഇട്ടത്. പക്ഷേ പ്രേമചന്ദ്രന്റെ പേര് പ്രഖ്യാപിച്ച സമയത്ത് ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ കൈയടികൾ ഉയർന്നു. അപ്പോൾ സ്പീക്കർ പറഞ്ഞു. ഇതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പാനൽ ഓഫ് ചെയർമാൻ പാനലിൽ ഇട്ടത്. രാഷ്ട്രീയമായി പ്രേമചന്ദ്രനെ എതിർക്കുന്നവർ പോലും, അദ്ദേഹത്തിന്റെ പരന്ന വായനയെയും, സഭാ ചട്ടങ്ങളിലുള്ള അറിവിനെയും, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവിനെയും അംഗീകരിക്കുന്നു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പ്രവർത്തനങ്ങളിലൂടെ മികച്ച പാർലമെന്റേറിയന്മാരുടെ ഗണത്തിൽ മുൻനിരയിലെത്തിയ നേതാവാണ് പ്രേമചന്ദ്രൻ. പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ പ്രേമചന്ദ്രൻ 274 ചർച്ചകളിൽ പങ്കെടുത്തു. 256 ചോദ്യങ്ങളുന്നയിച്ചു. 46 സ്പെഷൽ മെൻഷനുകൾ നടത്തി. 85 സർക്കാർ ബില്ലുകളിൽ ഇടപെട്ടു. 17 സ്വകാര്യബില്ലുകൾ അവതരിപ്പിച്ചു. മുൻപുള്ള ടേമുകളിലും സമാനമായതോ ഇതിലും മികച്ചതോ ആയ ട്രാക്ക് റെക്കോർഡാണ് പ്രേമചന്ദ്രനുള്ളത്. ഇപ്പോൾ രാസ, വളം സ്റ്റാൻഡിങ് കമ്മിറ്റി, ലോക്സഭ ജനറൽ പർപ്പസ് കമ്മിറ്റി, വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ആഭ്യന്തര വകുപ്പ് കൺസൾട്ടേറ്റിവ് കമ്മിറ്റി എന്നിവയിലും അംഗമാണ് അറുപത്തിമൂന്നുകാരനായ എംപി.
പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും അദ്ദേഹത്തെ ബിജെപിയുടെ പാർലിമെന്റ് അംഗങ്ങളുടെ യോഗങ്ങളിൽ പുകഴ്‌ത്തിയിട്ടുണ്ട്. 'പ്രേമചന്ദ്രനെ കണ്ടുപഠിക്കൂ' ആ രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കൂ എന്നാണ് ഒരിക്കൽ മോദി എൻഡിഎ അംഗങ്ങളുടെ യോഗത്തിൽ പറഞ്ഞത്. അരുൺ ജയറ്റ്ലി, വെങ്കയ്യ നായിഡു, സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെല്ലാം കക്ഷിരാഷ്ട്രീയം നോക്കാതെ പ്രേമചന്ദ്രന്റെ ഇടപെടലുകളെ പ്രകീർത്തിച്ചിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് ഒന്നും പ്രേമചന്ദ്രൻ തന്റെ നിലപാടുകൾ മയപ്പെടുത്തിയിട്ടില്ല. ബിജെപിക്കെതിരെ ഇപ്പോഴും അദ്ദേഹം ആഞ്ഞടിക്കാറുണ്ട്. കേരളത്തിന്റ കേന്ദ്രവിഹിതം കിട്ടുന്നില്ല എന്നതിന്റെ യാഥാർത്ഥ്യമടക്കമുള്ള പല കാര്യങ്ങളും പുറത്തുവന്നതും കൊല്ലം എം പിയുടെ ഇടപെടൽ മൂലമാണ്.
രാഷ്ട്രീയം വേറെ, സൗഹൃദംവേറെ
രാഷ്ട്രീയം വേറെ സൗഹൃദം വേറെ എന്ന നിലപാടാണ് എക്കാലവും പ്രേമചന്ദ്രൻ എടുക്കാറുള്ളത്. തന്നെ പരനാറി എന്ന് വിളിച്ച പിണറായിയോടുംപോലും അദ്ദേഹം ക്ഷമിച്ചിട്ടുണ്ട്. മകന്റെ വിവാഹത്തിന് ക്ഷണിക്കുകയും, അതിൽ പിണറായി പങ്കെടുക്കുകയും ചെയ്തു. പ്രേമചന്ദ്രനും പിണറായി വിജയനും രാഷ്ട്രീയ ഏറ്റമുട്ടൽ തുടരന്നതിനിടെയായിരുന്നു ഇത്. വധൂവരന്മാർക്കൊപ്പം പിണറായി വിജയനും പ്രേമചന്ദ്രനും ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
അതുപോലെ തന്നെ പ്രേമചന്ദ്രൻ ഡൽഹിയിൽ നടത്തിയ വിവാഹ റിസപഷ്നിൽ
ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളെത്തി ആശംസകൾ നേർന്നിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ, കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, മുൻ പ്രധാനമന്ത്രി ദേവഗൗഡ, എം പിമാരായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, ശരത്പവർ, മകൾ സുപ്രിയ സുലേ, എ കെ ആന്റണി, ശശി തരൂർ, രജീവ് ചന്ദ്രശേഖർ, ഗുലാംനബി ആസാദ്, ജോസ് കെ മാണി എന്നിവരും ഷിബു ബേബിജോൺ, എളമരം കരീം, അടൂർ പ്രകാശ് എന്നിവരും പങ്കെടുത്തു. അതായത് രാഷ്ട്രീയം വേറെ സൗഹൃദം വേറെ എന്നാണ് എക്കാലവും അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോൾ തന്നെ നോക്കുക, മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയിൽ സർക്കാരിനെ വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം എൻ.കെ.പ്രേമചന്ദ്രൻ എംപി പാർലമെന്റിലെ വിരുന്നിൽ പങ്കെടുത്തതിനെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും എളമരം കരീം എംപിയും രൂക്ഷമായി വിമർശിച്ചിരുന്നു. എന്ത് അന്തർധാരയുടെ ഭാഗമാണ് ഇതെന്നായിരുന്നു ഇ.പി.ജയരാജന്റെ ചോദ്യം. ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയെന്നായിരുന്നു എളമരം കരീം എംപിയുടെ വിമർശനം. ഇന്ത്യാ മുന്നണിയിലെ മറ്റൊരാളും പങ്കെടുക്കാത്ത സാഹചര്യത്തിൽ പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും എളമരം കരീം പാലക്കാട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്. പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. പക്ഷേ ഇതിനെയെല്ലാം അർഹിക്കുന്ന അവഞ്ജയോടെ അദ്ദേഹം തള്ളിക്കളയുന്നു. ''പ്രധാനമന്ത്രിയുടെ ഓഫിസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതു ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണ്. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ പിണറായി വിജയനെ മകന്റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയിൽ സർക്കാരിനെ വിമർശിച്ച് സംസാരിച്ചു. ജനത്തിന് എല്ലാം അറിയാം.'' എൻ.കെ. പ്രേമചന്ദ്രൻ പറയുന്നു. അതെ ജനത്തിന് എല്ലാമറിയാം. ആ മറുപടിയിൽ എല്ലാം ഉണ്ട്. അപവാദങ്ങൾകൊണ്ടും സൈബർ ആക്രമണം കൊണ്ടും ആർക്കും ആരെയും തളർത്താൻ കഴിയില്ലെന്ന് പ്രേമചന്ദ്രന്റെ ജീവിത വിജയം തെളിയിക്കുന്നു.
വാൽക്കഷ്ണം: ഇത്രയേറെ അപവാദ പ്രചാരണം നടത്തിയിട്ടും, പ്രേമചന്ദ്രന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. എംപിയെക്കുറിച്ച് മണ്ഡലത്തിലെ വോട്ടർമാർക്ക് അതൃപ്തിയില്ലെന്ന് മനോരമന്യൂസ്-വി എം.ആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും എംപിയെന്ന നിലയിൽ പ്രേമചന്ദ്രന്റെ പ്രകടനത്തിൽ തൃപ്തരാണ്. എംപിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് 20.44 ശതമാനവും മികച്ചതെന്ന് 31.55 ശതമാനവും അഭിപ്രായപ്പെട്ടു. ശരാശരി മാർക്ക് നൽകിയത് 29.49 പേരാണ്. എംപി തീരെ പോരെന്ന നിലപാടുള്ളത് 1.65 ശതമാനം പേർക്ക് മാത്രമാണ്. ഇതും കൃത്യമായ ഒരു സൂചനയാണ്.