'കുതിക്കുന്ന അദാനി വിശക്കുന്ന ഇന്ത്യ'... സോഷ്യൽ മീഡിയിൽ സൈബർ സഖാക്കളും കോൺഗ്രസ് അനുഭാവികളും വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണിത്്. അദാനിയുടെ സ്വത്ത് കോടികളിൽനിന്ന് കോടികളിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും കൂടിക്കുടി വരികയാണെന്നാണ്, ഇവരുടെ പ്രചാരണം. എം വി ഗോവിന്ദൻ മാസ്റ്ററും ഡോ തോമസ് ഐസക്കും തൊട്ട്, രാഹുൽ ഗാന്ധി മുതൽ, കബിൽ സിബൽ വരെ ഇതേ പ്രചാരണം വാചകം മാറ്റി ഉപയോഗിക്കാറുണ്ട്. ഇതിൽ അവർക്ക് വീണു കിട്ടിയ ഒരു വടിയായിരുന്നു, ലോക പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ട് പോയത്. അതോടെ നൈജീരിയയേക്കാൾ പട്ടിണിയുള്ള രാജ്യമായി ഇന്ത്യ എന്നായി പ്രചാരണം. പക്ഷേ വേൾഡ് ഹങ്കർ ഇൻഡക്‌സിന്റെ കണക്കുകൾ പെരുപ്പിച്ചതാണെന്നും, ശതമാനക്കണക്ക് നോക്കുമ്പോൾ ഈ പ്രശ്‌നമില്ലെന്നുമുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ആരും ശ്രദ്ധിച്ചതുമില്ല.

പക്ഷേ ഇപ്പോൾ ഭാരതം ശരിക്കും തിളങ്ങുകയാണ് എന്ന് ഉറപ്പുവരുത്തുന്ന രണ്ട് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്. ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതിൽ ഇന്ത്യയെ അഭിനന്ദിച്ചിരിക്കുന്നത് സാക്ഷാൽ ഐക്യരാഷ്ട്ര സഭ തന്നെയാണ്. ം 2075ഓടെ ഇന്ത്യ, അമേരിക്കയെപ്പോലും പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി ആകും എന്ന് വിലയിരുത്തിയ, അമേരിക്കൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ധനകാര്യ സേവന ദാതാവുമായ ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.  പക്ഷേ അപ്പോഴും അരിയുടെ വില കൂട്ടി, പഞ്ചസാര വില കൂട്ടി എന്നൊക്കെ പറഞ്ഞ്, വർഷങ്ങൾ കൊണ്ട് രാജ്യം നേടിയ സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങളെ അപഹസിക്കുകയാണ് ചില രാഷ്ട്രീയ മത ജീവികൾ ചെയ്യുന്നത്.

ദാരിദ്രനിർമ്മാർജനത്തിലെ ലോകമഹാത്ഭുതം

സത്യത്തിൽ, ദാരിദ്ര്യ നിർമ്മാർജനത്തിന്റെ കാര്യത്തിൽ ഒരു ലോകമഹാത്ഭുതം തന്നെയാണ് ഇന്ത്യ. സ്വാതന്ത്ര്യം കിട്ടുമ്പോൾ ലോകത്തിലെ ഏറ്റവും കുറവ് ആയുർ ദൈർഘ്യമുള്ള രാജ്യമായിരുന്നു നാം. വെറും 32 വയസ്സായിരുന്നു അത്. ലോകത്ത് ഏറ്റവും കൂടുതൽ ശിശുമരണ നിരക്കുള്ള രാജ്യം, ലോകത്ത് ഏറ്റവു കൂടുതൽ പട്ടിണിക്കാർ ഉള്ള രാജ്യം, ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള രാജ്യം. പക്ഷേ ജാതീയമായ ഉച്ച നീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും യാതൊരു കുറവുമില്ല. പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യനെ നടക്കാൻ അനുവദിക്കാത്ത നാട്. ചെറുതും വലുതുമായ മത കലാപങ്ങൾ നിരന്തരം വേട്ടയാടുന്ന നാട്. ബംഗാൾ ക്ഷാമത്തിലടക്കം ലക്ഷങ്ങളാണ് മരിച്ചത്. ബ്രിട്ടീഷുകാർ ആവട്ടെ, കൊണോളിയലിസത്തിലുടെ ഈ നാടിന്റെ സമ്പത്തുകൊള്ളയടിച്ച് ചണ്ടിയാക്കിയശേഷമാണ് സ്വാതന്ത്ര്യം നൽകിയത്. സർ വിറ്റ്‌സൺ ചർച്ചിലിനെപ്പോലുള്ള പട്ടിണിയും തമ്മിലടിയും മൂലം ഇന്ത്യ അവസാനിക്കുമെന്നാണ് വിലയിരുത്തിയത്.

75 വർഷം കഴിഞ്ഞ് പിന്തിരിഞ്ഞ് നോക്കുമ്പോൾ, ഭാരതം എന്ന വിശാലമായ മണ്ണ്, ഏറെ മാറിയിരിക്കുന്നു. തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വികസനത്തിലേക്ക് കുതിക്കയാണ്. വെറും 32 വയസ്സിൽനിന്ന് നമ്മുടെ ശരാശരി ആയുർദൈർഘ്യം 72ലേക്ക് കുതിച്ചു. പാശ്ചാത്യ ബുദ്ധിജീവികൾ വിഭാവനം ചെയ്തപോലെ പട്ടിണികിടത്ത് മരിക്കയല്ല, ഗോഡൗണുകൾ ഭക്ഷ്യധാന്യങ്ങളാൽ നിറഞ്ഞ് കവിഞ്ഞ്, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി നാം മാറി. അമേരിക്കയും, റഷ്യയും, ചൈനയും കഴിഞ്ഞാൽ നാലാമത്തെ സൈനിക ശക്തി. കോവിഡ് കാലത്ത്‌പോലും വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്ത് ലോകത്തിന്റെ ഔഷധ ഫാക്ടറിയായി നാം. ദേശീയ ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കായ ജിഡിപി നിരക്ക് വെച്ചുനോക്കുമ്പോൾ, ഇന്ത്യ ലോക രാഷ്ട്രങ്ങളിൽ അഞ്ചാമതാണ്.

അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇന്ത്യ എന്നിങ്ങനെ പോവുന്ന ആ ലിസ്റ്റ്. നമ്മെ നൂറ്റാണ്ടുകൾ അടിമകളാക്കിവെച്ച ബ്രിട്ടൻ ഈ പട്ടികയിൽ ഇന്ത്യക്ക് തൊട്ടു പിറകിലാണ്. ഒരു ചായകുടിക്കാൻപോലും ഗതിയില്ലാതെ തൊട്ടടുത്ത രാജ്യമായ പാക്കിസ്ഥാൻ അടക്കം സാമ്പത്തികമായി തകരുമ്പോൾ ഇന്ത്യ തലയുയർത്തി നിൽക്കയാണ്. തൊട്ടയൽ രാജ്യങ്ങളായ, നേപ്പാളിലും, ശ്രീലങ്കയിലും, ബംഗ്ലാദേശിലും നടക്കുന്ന സാമ്പത്തിക കുഴപ്പങ്ങൾ നമ്മെ ബാധിച്ചിട്ടില്ല.

പട്ടിണി കുറച്ചതിൽ അഭിനന്ദിച്ച് യുഎൻ

ഇപ്പോഴിതാ, ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരിക്കയാണ്. 200506നും 201921നും ഇടയിൽ രാജ്യത്ത് 41.5 കോടി ആളുകൾ ദാരിദ്ര്യരേഖ മറികടന്നെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എൻ.ഡി.പി.), ഓക്‌സ്ഫഡ് പുവർറ്റി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ.) എന്നിവ ചേർന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയിൽ പറയുന്നു.

ഇതുസംബന്ധിച്ച് വാർത്താക്കുറിപ്പിൽ ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തിൽ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു. 2022ലെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക അനുസരിച്ച് 2005 2021 കാലയളവിൽ 41.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നാണ് യുഎൻ റിപ്പോർട്ട്. 201516 വർഷങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ 36.6 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. 201921 ആയപ്പോഴേക്കും 21.2 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യ നിരക്ക് 9.0 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 'ചരിത്രപരമായ നേട്ടം' എന്നാണ് യുഎൻ ഇതിനെ വിശേഷിപ്പിച്ചത്.

ദാരിദ്ര്യ നിർമ്മാർജനത്തിൽ ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയെങ്കിലും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ഇന്ത്യ ഇപ്പോഴും കരകയറിയിട്ടില്ല. ജനസംഖ്യാ വർധനയും വിലക്കയറ്റവും, ഊർജ പ്രതിസന്ധിയുമെല്ലാം ഒരുപാട് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കുന്ന തരത്തിലുള്ള നയങ്ങൾ രൂപീകരിച്ചാൽ മാത്രമേ ഇതിൽ നിന്നെല്ലാം കരകയറാൻ സാധിക്കുകയുള്ളൂവെന്നും പഠനത്തിൽ നിർദേശിക്കുന്നുണ്ട്.

2075ലെ രണ്ടാമത്തെ സാമ്പത്തിക ശക്തി

ലോക പ്രശസ്തമായ ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പുറത്തുവന്നതും ഇന്ത്യക്ക് നേട്ടമായി. മാനവ വിഭവശേഷിയും മികച്ച ജിഡിപിയും ഇന്ത്യയെ ലോകത്തെ മികച്ച രണ്ടാമത്തെ സാമ്പത്തിക ശക്തിയാക്കി ഭാവിയിൽ മാറ്റുമെന്ന് ഗോൾഡ്മാൻ സാക്‌സ് പറയുന്നു. 2075 ഓടെ യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ രണ്ടാം സ്ഥാനത്തെത്തും. ചൈനയാകും ഒന്നാമത്. 52.02 ട്രില്യൺ ഡോളറിന്റെ ഇക്കോണമിയായി ഇന്ത്യ 2075 ൽ മാറുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

പ്രാദേശിക സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് അടുത്ത രണ്ട് ദശാബ്ദക്കാലത്തേക്ക് ഇന്ത്യയുടെ ആശ്രയത്വ അനുപാതം വളരെ കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്നാണ് ഗോൾഡ്മാൻ സാക്‌സ് റിസർചിന്റെ ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ശാന്തനു സെൻഗുപ്ത പറയുന്നത്. ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണവും സംബന്ധിച്ച അനുപാതം ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി ഉൽപാദന ക്ഷമത, സേവന രംഗത്തെ വളർച്ച ,അടിസ്ഥാന സൗകര്യ വളർച്ച എന്നിവ നിലനിർത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൃത്യമായി ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവീനമായ കണ്ടുപിടിത്തങ്ങളിലും സാങ്കേതിക വിദ്യയിലും ഇന്ത്യ മികച്ച പുരോഗതിയാണ് നേടുന്നതെന്നും തൊഴിൽ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അതുപോലെ തന്നെ മൂലധ നിക്ഷേപം ഇന്ത്യൻ വളർച്ചയിൽ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും വരുമാന വർധനവും ധനകാര്യ മേഖലയിലെ വളർച്ചയും ഇതിൽ പ്രധാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞാൽ 2075 ൽ ഈ നേട്ടം കൈവരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ ശക്തി കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ രംഗത്തെ സാന്നിധ്യം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ കുതിപ്പ് അതിവേഗത്തിലോ?

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച റെക്കോർഡ് വേഗതയിലാണെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വമ്പിച്ച കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട് . അതുമൂലം റാങ്കിംഗിലും പുരോഗതി ഉണ്ടായിട്ടുണ്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 202223 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനം ആണ്, ഇത് ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗാണ് .ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് . ഇന്ത്യയുടെ ജിഡിപി 2023ൽ 3.75 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് .

ഇന്ത്യയുടെ കഴിവും തൊഴിൽ ശക്തിയും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശക്തി പകരുമെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട് പറഞ്ഞു. ജിഡിപി ചാർട്ടിൽ ഇന്ത്യക്ക് വൻ കുതിച്ചു കയറ്റമുണ്ടാകും.2075ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 52.5 ട്രില്യൺ ഡോളറിലെത്തുമെന്നും ഇത് യുഎസ് ജിഡിപിയെ പിന്നിലാക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 57 ട്രില്യൺ ഡോളർ വരും. അതേസമയം അമേരിക്കയുടെ ജിഡിപി 51.5 ട്രില്യൺ ഡോളറായിരിക്കും.

ജനസംഖ്യ അവസരമാവുമ്പോൾ

ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയുടെ അനുപാതം മികച്ചതാണ്. സാങ്കേതികവിദ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുരോഗതി കൈവരിച്ചു. ജനസംഖ്യാ വളർച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളർച്ച ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ കണക്കിൽ ജോലി ചെയ്യാൻ സാധിക്കുന്ന പ്രായമുള്ളവരുടെ വളർച്ചയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമായ ഘടകം.

ഇന്ത്യയിലെ സ്വകാര്യ കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകൾ പരിശോധിക്കുമ്പോൾ സ്വകാര്യ മേഖലയിൽ വലിയ മൂലധന ചെലവുകൾക്ക് അനുയോജ്യമായ സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ വലിയ ജനസംഖ്യ അവസരമാണ്. എന്നിരുന്നാലും തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് വർധിപ്പിച്ചുകൊണ്ട് ജനസംഖ്യയെ ഉൽപ്പാദനപരമായി ഉപയോഗിക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു. ഇന്ത്യയിൽ ജനസംഖ്യാപരമായ മാറ്റം ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമായി സംഭവിക്കുന്നു.

ഇന്ത്യയിൽ മരണനിരക്കിലും ജനനനിരക്കിലും ക്രമാനുഗതമായ കുറവുണ്ടായതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, തൊഴിൽ പങ്കാളിത്തം വർധിപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ വലിയ അവസരം നഷ്ടമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്തുന്നതിലൂടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് തന്നെയാണ് പറായാൻ കഴിയുക. ഇന്ത്യ പട്ടിണിയിൽനിന്ന് പിട്ടിണിയേലേക്ക് പോവുകയാണ് എന്നതൊക്കെ വെറും കപട വാദങ്ങൾ മാത്രമാണ്.

ഹങ്കർ ഇൻഡക്‌സ് കണക്കിലെ കളിമാത്രം

പക്ഷേ ഇന്ത്യ വളരുകയാണെന്നത് അംഗീകരിക്കാതെ ലെഫ്റ്റ് പ്രൊഫൈലുകളിനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാധനം ഉത്തരേന്ത്യയിലെ ദാരിദ്ര്യമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അതിന് പറ്റിയ ക്യാപ്‌സ്യൂൾ ഇറക്കാൻ കഴിയുന്ന, കാര്യങ്ങളും അവർക്ക് കിട്ടി. നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്ന ലോക ഹങ്കർ ഇൻഡക്‌സിന്റെ വാർത്തായിരുന്നു. മാധ്യമ പ്രവർത്തകനും, അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കമുള്ള ഇടതുപക്ഷ അനുഭാവികൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഡോ അരുൺകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്. 'കുതിക്കുന്ന അദാനി, വിശക്കുന്ന ഇന്ത്യ! 121.7 ബില്യൻ ഡോളർ ആസ്തിയുള്ള വാറൻ ബുഫെയെ പിന്തള്ളി 123.7 ബില്യൻ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഫോബ്‌സ് പട്ടികയിൽ ലോകത്തെ നാലാമത്തെ ധനികനായി.അതേ സമയം നൈജീരിയയെ പിന്തള്ളി 8.30 കോടി ദരിദ്ര മനുഷ്യരുമായി ഇന്ത്യ ലോക പട്ടിണി തലസ്ഥാനമായി''.

പക്ഷേ ഈ വാദം എത്രകണ്ട് ശരിയാണ് എന്നതാണ് ചോദ്യം ഉയരുന്നത്. വെറും 20 കോടി ജനസംഖ്യയുള്ള നൈജീരിയയെയും, 137 കോടി ജനസംഖ്യയുള്ള ഇന്ത്യയെയും താരതമ്യം ചെയ്ത് വ്യാജമായി ഉണ്ടാക്കിയ കണക്കാണിത്. നൈജീരിയയിൽ 33 ശതമാനം പേരും പട്ടിണിയിലാണ്. എന്നാൽ ഇന്ത്യയിൽ ആവട്ടെ വെറും ആറുശതമാനം മാത്രമാണ് ദരിദ്രർ ഉള്ളത്. ഇന്ത്യയെ ഒരു വളരുന്ന സാമ്പത്തിക ശക്തിയായി ലോക ബാങ്ക് വരെ വിലയിരുത്തുമ്പോൾ, വ്യാജ കണക്കുകളുമായി ഒരു വിഭാഗം രംഗത്ത് ഇറങ്ങുകയാണ്. വർധിച്ച ജനസംഖ്യ വെച്ചുനോക്കിയാൽ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും, കൊലപാതകങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ അത് കൂടുതൽ ആയിരിക്കും. അതുവെച്ച് ഇന്ത്യ കൊലപാതകികളുടെ രാജ്യമായി എന്ന് വിലയിരുത്താൽ പറ്റുമോ എന്നാണ് ചോദ്യം.

അതേസമയം ബംഗ്ലാദേശ് യുദ്ധകാലത്തൊക്ക് 60 ശതമാനത്തിലേറെ ആയിരുന്നു ഇന്ത്യയുടെ ദാരിദ്ര്യം. സാമ്പത്തിക ഉദാരീകരണം വന്ന 91ശേഷം എതാണ്ട് 30 കോടി ജനങ്ങളെ ഇന്ത്യക്ക് ദാരിദ്ര്യത്തിൽനിന്ന് കരയറ്റാൻ ആയി എന്നാണ് കണക്ക്. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ഇന്ത്യ ഒരു പട്ടിണി രാജ്യമാണെന്ന ചിത്രമാണ് കമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത്.

ഇന്ത്യക്ക് വിശക്കുന്നുണ്ടോ?

സ്വതന്ത്രചിന്തകനും പ്രഭാഷകനും ബ്ലോഗറുമായ പ്രവീൺ രവിയാണ് ഈ വിഷയത്തിൽ അരുൺകുമാറിന് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രവീൺ രവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ഏറ്റവും വലിയ ദുരവസ്ഥ എന്തെന്നാൽ, വസ്തുതകൾ പറഞ്ഞോ, യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇവർക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നതാണ്. പകരം കുറച്ച് അധികം സാമ്പത്തിക അന്ധവിശ്വാസങ്ങളും, നുണകളും, വെറുപ്പിന്റെ രാഷ്ട്രീയത്തിൽ കൂടി പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് ഇന്ത്യക്കോ ഇന്ത്യക്കാർക്കോ യാതൊരു ഗുണവുമില്ല എന്ന് മാത്രമല്ല ബിജെപിയെ ഒന്ന് സ്പർശിക്കാൻ പോലും ആകുന്നുമില്ല. നല്ലൊരു പ്രതിപക്ഷമില്ലാതെ വരുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് അപകടമാണ് എന്ന വസ്തുത നമ്മൾ മറക്കരുത്.'

ഡോക്ടർ അരുൺ കുമാറിന്റെ പരാമർശം നമുക്കൊന്നു നോക്കാം. വിശക്കുന്ന ഇന്ത്യ. സത്യത്തിൽ ഇന്ത്യയിൽ പഴയതുപോലെ വിശപ്പുണ്ടോ? ഇല്ല എന്നതാണ് വാസ്തവം? ഇന്ത്യയിൽ ഉള്ളത് പോഷകാഹാര കുറവാണ്. ഒരു 20 കൊല്ലം മുമ്പ് കോവിഡ് പോലെ ഒരു മഹാമാരി വന്നു വിപണി മുഴുവൻ അടച്ചിട്ടിരുന്നുവെങ്കിൽ കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടന്ന് മരിച്ചു പോയേനെ. എന്നാൽ കോവിഡ് കാലത്ത് അത് ഉണ്ടായില്ല. കാരണം നമ്മൾ ഉണ്ടാക്കിയ വെൽത്ത് നമുക്ക് കാര്യക്ഷമമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ സാധിച്ചു. എല്ലാവർക്കും സുഭിക്ഷമായി കൊടുക്കാൻ സാധിച്ചില്ല എങ്കിലും പട്ടിണി കിടന്ന് മരിക്കാതെ രക്ഷിക്കാൻ നമുക്കായി. അതിനു സാധിച്ചത് 1990 കളിൽ നമ്മുടെ വിപണി തുറന്നു കൊടുത്തതും ലൈസൻസ് രാജ് അവസാനിപ്പിച്ചതും നമ്മുടെ സാമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയതും ആണ്.'

'നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്ര്യമുള്ള രാജ്യമായി, അതാണ് അടുത്ത പ്രസ്താവന. ഇന്ത്യയിൽ 137 കോടി ജനമുണ്ട് അതിന്റെ 6 ശതമാനം ആണ് ഈ പറഞ്ഞ 8 കോടി ജനം. അതേസമയം 7 കോടി ദരിദ്രർ ഉള്ള നൈജീരിയയിൽ അവരുടെ ജനസംഖ്യയുടെ 33 ശതമാനം ആണ് അവിടുത്തെ പട്ടിണി പാവങ്ങൾ. അതായത് 20 കോടി ജനങ്ങളിൽ 7 കോടി ജനവും ദരിദ്രരാണ് എന്നതാണ് വാസ്തവം. ഇന്ത്യയിലെ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ ഉള്ള ക്രിമിനലുകളുടെ എണ്ണം എടുത്താലും ഒക്കെ തന്നെ നമ്മൾ കൂടുതലായിരിക്കും കാരണം നമ്മുടെ ജനസംഖ്യാ അത്രത്തോളം വലുതാണ്. അതിനാണ് നമ്മൾ ശതമാനം നോക്കുന്നത്. അപ്പോഴാണ് നമ്മക്ക് ഒരു ഫെയർ കമ്പാരിസൻ സാധിക്കുക. ഇവിടെ അരുൺ കുമാറിനെ പോലെ ഒരു സ്വതന്ത്ര ചിന്തകൻ ഇത്തരം നുണപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തതുകൊണ്ടാണ്.'' പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.

അദാനി വളർന്നത് എങ്ങനെ?

അദാനിയുടെ വളർച്ചയെക്കുറിച്ചും പ്രവീൺ രവി വിശദമായി എഴുതുന്നു. 'ഇനിയും അദാനിയുടെ വളർച്ച നമുക്ക് നോക്കാം. അദാനി എന്റർെ്രെപസസിന്റെ കീഴിൽ നിരവധി സബ്‌സിഡറി കമ്പനികൾ ആരംഭിച്ച് കമ്പനികളെ ഓരോന്നും സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ വാങ്ങിച്ചും അതിന്റെ വില ഉയർത്തിയും മാർക്കറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും ഇതേ ഷെയറുകൾ ബാങ്കിൽ സെക്യൂരിറ്റിയായി നൽകിയും ലഭിക്കുന്ന ലോണിന്റെ ബലത്തിൽ ആണ് അദാനി വളർന്നത്.

ഇവിടെ അദാനിയുടെ വളർച്ചയ്ക്ക് രണ്ടുകാര്യങ്ങൾ സഹായകരമായിട്ടുണ്ട്. ഒന്ന് വളരെ അഗ്രസീവ് ആയ വെൽത്ത് മാനേജ്‌മെന്റ്. രണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ അദാനിക്കുള്ള ആക്‌സസ്. അദാനിക്ക് ആക്‌സസ് കൊടുക്കരുത് എന്നല്ല അദാനിക്ക് ലഭിക്കുന്നതുപോലെ ബാക്കി എല്ലാവർക്കും ആക്‌സസ് ലഭിക്കണം എന്നതായിരിക്കണം നമ്മൾ പറയേണ്ടത്. പകരം ഒരുത്തനും കൊടുക്കരുത് എന്ന നിലപാടാണ് ഇവിടെയുള്ള ഇടതന്മാരുടെ സ്ഥിരം നിലപാട്.

ഇന്ത്യയിലെ ബാങ്കുകൾ ഇൻഡസ്ട്രിയൽ ലോൺ കൊടുക്കുന്നതിൽ ചൈനയെക്കാളും വിയറ്റ്‌നാമിനേക്കാളും എന്ന് വേണ്ട പല എമർജിങ് കൺട്രികളെക്കാളും വളരെ പിന്നിലാണ്. നമ്മുടെ ലോണുകളിൽ ഭൂരിഭാഗവും പേഴ്‌സണൽ ലോണും കാർഷിക ലോണുമാണ്. ഒരു സ്ഥാപനം തുടങ്ങിയാൽ അതിന് വേണ്ട മൂലധനം സ്വരൂപിക്കാൻ വേണ്ടി ഈ നാട്ടിലെ സാധാരണ ജനങ്ങൾ ബ്ലേഡ് പലിശയ്ക്ക് വായ്പയെടുത്താണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്, നമ്മുടെ നാട്ടിലെ സാധാരണ സംരംഭകർക്കും വളരെ എളുപ്പം ക്രെഡിറ്റ് ലഭിക്കുന്ന രീതിയിൽ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ കൂടുതൽ സുതാര്യമായി കൊണ്ട് പോകുന്നതിന് വേണ്ടി ശ്രമിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിൽ കൂടി മാത്രം ബാങ്കുകളിൽ നിന്ന് ലോൺ കിട്ടുന്ന ഈ അവസ്ഥക്ക് എതിരെ ആണ് സംസാരിക്കേണ്ടത്.

അദനിക്കും അംബാനിക്കും ഒക്കെ വളരെ എളുപ്പം ലോൺ കിട്ടുന്നത് അവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ്, ഇതേ കാരണങ്ങൾ കൊണ്ടാണ് സഹകരണ ബാങ്കിൽ നിന്ന് പലപ്പോഴും പാർട്ടി അനുഭാവികൾക്ക് വളരെ എളുപ്പം ലോൺ കിട്ടുന്നത്. എന്നാൽ സാധാരണക്കാരൻ ലോണിന് വേണ്ടി ചെന്നാൽ അവന്റെ മുമ്പിൽ കൈ മലർത്തി കാണിക്കുകയാണ് പലപ്പോഴും പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ ചെയ്തിരുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന് പറയാൻ ഉള്ള സാമ്പത്തിക സാക്ഷരത ഇല്ലാത്ത ആളുകൾ ആണ് കോർപ്പറേറ്റുകൾക്ക് കൊടുക്കരുത് എന്ന് പറഞ്ഞു നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കിട്ടാകടം പെരുകി കിടക്കുന്നത് പൊതുമേഖല ബാങ്കുകളിലാണ്, ഇതേ ആളുകൾ തന്നെ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രംഗത്തുവരുന്നു. അതായത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ സിൽബന്ധികൾക്കും മാത്രം ആക്‌സസ് ഉള്ള ഒരു ക്രെഡിറ്റ് മേഖല ഇതാണ് ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ ഉണ്ടായത്. ഇതിനെയാണ് അംബാനിയും അദാനിയും വിജയ് മല്യയും ഒക്കെ സൗകര്യപൂർവ്വം ഉപയോഗിച്ച് കൊണ്ടുപോകുന്നത്.

നിങ്ങൾക്ക് ഇപ്പോഴും ഈ രാജ്യത്തെ പ്രശ്‌നങ്ങൾ എന്തെന്നും അതിനെ പരിഹരിക്കേണ്ടത് എങ്ങനെ ഒന്നും യാതൊരു ബോധവുമില്ല, ആകെ അറിയാവുന്നത് ഇതുപോലെ കുറെ ചപ്പടാച്ചികൾ അടിച്ചു വിടാനാണ്.'' പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.

പട്ടിണി സൂചികക്കെതിരെ കേന്ദ്രവും

അതിനിടെ പട്ടിണി സൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറും രംഗത്ത് എത്തി. .പട്ടികയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്നും, അടിസ്ഥാനപരമായ വസ്തുതകൾ സൂചിക തയ്യാറാക്കുന്നതിന് കണക്കിലെടുത്തിട്ടില്ലെന്നുമാണ് കേന്ദ്രം പറയുന്നത്.

ഗ്ലോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാറിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവേ ആണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. കൂടാതെ സർവേ നടത്തിയത്. ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയമായ രീതിയല്ല.

ആളോഹരി ഭക്ഷധാന്യ ലഭ്യത പോലുള്ള, പോഷകാഹാരക്കുറവ് കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികൾ ഇതിനായി സ്വീകരിച്ചില്ല. പോഷകാഹാരക്കുറവ് ശാസ്ത്രീയമായി വിലയിരുത്തുന്നതിന് വ്യക്തികളുടെ ശരീരഭാരവും ഉയരവും അറിയേണ്ടതുണ്ട്. സർക്കാരിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും ഈ സർവേയിൽ ഉൾപ്പെട്ടിരുന്നില്ല.

സർവേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്. കോവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പൂർണമായും അപകീർത്തിപ്പെടുത്തുന്നവയാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു.

ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് ജി.എച്ച്.ഐ. റിപ്പോർട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഈ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളുമെല്ലാം പട്ടികയിൽ 'ഗുരുതരം' എന്ന വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.

പക്ഷേ പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിൽ റൊട്ടിക്കുവേണ്ടി കടിപിടികൂടുന്ന ജനത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലാണ്. നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാൾക്കും, ഇന്ത്യയുടെ വളർച്ച കാണാൻ കഴിയുമെന്നായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവൾ പറഞ്ഞിരുന്നത്.

ക്രെഡിറ്റ് ബിജെപിക്ക് മാത്രമോ?

ചുരുക്കിപ്പറഞ്ഞാൽ ഒരു സംശയവും വേണ്ട ഇന്ത്യ വളർന്നുകൊണ്ടിരിക്കയാണ്. ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയും അഞ്ചാമത്തെ സാമ്പത്തിക ശക്തിയുമാണ് ഇന്ത്യ. ബ്രസീലും ആർജന്റീനയം, അടക്കമുള്ള ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളും, സിംബാബ്‌വേ അടക്കമുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങളും, തകർന്ന് കൂപ്പ് കുത്തുമ്പോഴാണ് ഇന്ത്യ വളരുന്നത് എന്നോർക്കണം.

പക്ഷേ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണെന്ന് പ്രചരിപ്പിക്കേണ്ടത് ഇവിടെയുള്ള ചിലരുടെ രാഷ്ട്രീയ ആവശ്യമാണ്. അതിനാണ് പഞ്ചസാരയുടെ വില കൂടി പെട്രോളിന്റെ വില കൂടി എന്നുപറഞ്ഞുകൊണ്ട് ഈ നേട്ടങ്ങളെ എല്ലാം അപഹസിക്കുന്നത്. സത്യത്തിൽ എല്ലാ പരിമതികൾക്ക് ഇടതിൽനിന്നും ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. സ്വതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി മരണങ്ങൾ പ്രവചിക്കപ്പെട്ട, രാജ്യമാണ് ഇന്ത്യ എന്നോർക്കണം.

പക്ഷേ ഇന്ത്യ വളരുന്നുവെന്ന് പറഞ്ഞാൽ അത് ബിജെപിയുടെയും മോദിയുടെയും നേട്ടമായി മാറുമോ എന്നാണ് ഇടതുപക്ഷത്തിനുള്ള ആശങ്ക. ഇതിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രമല്ല. 1990 മുതൽ നമ്മൾ സ്വീകരിച്ച നവ ഉദാരവൽക്കരണ നയങ്ങൾ മൂലം സംഭവിച്ച മാറ്റം ആണ്. ബിജെപി വന്നതിനുശേഷം നമ്മുടെ ഇൻഫ്രസ്ട്രക്ച്ചർ വളർച്ചയ്ക്ക് വേഗത കൂടിയിട്ടുണ്ട് എന്നത് വാസ്തവം ആണ്. പക്ഷേ യുപിഎ സർക്കാർ ഒന്നും ചെയ്തില്ല എന്നും, ഇന്ത്യ ഉണ്ടായത് തന്നെ 2014 ന് ശേഷം ആണ് എന്നും ഉള്ള നിരീക്ഷണം രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തത് ആണ്. രാജീവ് ഗാന്ധി മുതൽ തുടങ്ങിയ ഈ പ്രവർത്തനം പിന്നീട് വന്ന റാവു സർക്കർ ,വാജ്‌പേയി സർക്കാരിലൂടെ മന്മോഹൻ സിംഗിലൂടെ ശേഷം വീണ്ടും മോദി സർക്കാരിലൂടെ തുടരുന്നു. പക്ഷേ നമ്മുടെ പുരോഗതിക്ക് എന്നും അള്ളുവച്ച ഒരൊറ്റ രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിലുള്ളൂ അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കാരണം കമ്യൂണിസ്റ്റുകളുടെ അടഞ്ഞ സിദ്ധാന്തങ്ങളും, തുറന്ന വിപണിയോടുള്ള വിയേജിപ്പുമൊക്കെ കേരത്തെയും, ബംഗാൾ അടക്കമുള്ള രാജ്യങ്ങളെയും വർഷങ്ങളാണ് പിറകോട്ട് അടിപ്പിച്ചത്.

വാൽക്കഷ്ണം: ചൈനയുടെ വികസനത്തിൽപോലും കമ്യുണിസത്തിന് യാതൊരു റോളുമില്ലെന്നതാണ് വാസ്തവം. മാവോയുടെ കാലത്തൊക്കെ ജനലക്ഷങ്ങൾ പട്ടിണി കിടന്ന് മരിക്കയായിരുന്നു. പിന്നീട് ഡെങ്ങ് സിയാവോ പിങ്് നടപ്പാക്കിയ റെഡ് ക്യാപിറ്റലിസമാണ്് ചൈനയെ രക്ഷിച്ചത്. വിപണി തുറന്ന് രാജ്യത്തെ വ്യവസായ സൗഹൃദമാക്കിയശേഷം ഡെങ്ങ് അതിന് ഇട്ടപേരാണ് ചൈനീസ് സോഷ്യലിസം എന്ന്. ചൈനയിൽ എന്നല്ല ലോകത്തിൽ ഒരിടത്തും, കമ്യൂണിസം കൊണ്ടോ മാർക്‌സിസം കൊണ്ടോ യാതൊരു ഗുണവും ഉണ്ടായിട്ടില്ല.