- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആറാമത്തെ വയസ്സിൽ മരിച്ച അച്ഛന്റെ ഖദറിട്ട് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം; കെ എസ് യു തൊട്ട് പടിപടിയായി വളർച്ച; തല്ലാൻ വെല്ലുവിളിച്ച എസ് എഫ്ഐക്കാർക്ക് മുന്നിൽ നെഞ്ചുവിരിച്ച് കൈയും കെട്ടിനിന്ന് താരമായി; ചാനൽ ചർച്ചകളിലെ തീപ്പന്തം; ഉത്തരം മുട്ടിയതോടെ അപവാദ പ്രചരണവും അറസ്റ്റും; പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
'എതിർപാർട്ടിയിലെ നേതാക്കന്മാരുടെ കൂട്ടത്തിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഉയർന്നു വരുന്നുണ്ട്. ആളുകൾക്ക് അവരോട് വല്യ മതിപ്പാണ്. ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകെസിലോ ഗർഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്. ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന പരിതസ്ഥിതിയിൽ എത്തിച്ചാൽ നമ്മൾ ജയിച്ചു'- എന്ന സന്ദേശം സിനിമയിലെ ശങ്കരാടിയുടെ കുമാരപ്പിള്ള സാറിന്റെ പ്രശസ്തമായ പാർട്ടി ക്ലാസിലെ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ് കേരളത്തിലിപ്പോൾ.
എതിർപാർട്ടിക്കാരെ കള്ളക്കേസിൽ കുടുക്കി ജയിലടയ്ക്കുക, അപവാദങ്ങൾ പറഞ്ഞ് നാറ്റിക്കുക തുടങ്ങിയത് ഒക്കെയാണ്, കേരളത്തിലെ ഇപ്പോഴത്തെയും രാഷ്ട്രീയ കലാപരിപാടികൾ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, 'എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ആയിരം' എന്ന രീതിയിൽ സംസാരിക്കാൻ കഴിയുന്ന, ചാനൽ ചർച്ചകളിലെ പ്രതിപക്ഷത്തിന്റെ ഫയർബ്രാൻഡ് മുഖമായ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത്.
സമരത്തിന്റെ പേരിൽ കുറ്റവാളിയെ പോലെ ഒരു നേതാവിനെ പിടിക്കുന്നത് സമകാലീന കേരള ചരിത്രത്തിൽ ആദ്യമാണ്. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കുന്ന വ്യഗ്രതയോടെ അർധരാത്രി വീടുവളഞ്ഞ്, അമ്മയുടെ മുന്നിലിട്ട് അറസ്റ്റ് ചെയ്യുന്നതും, ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി ജയിലാക്കുന്നതും. രാഹുൽ എന്ന നാക്കിൽ തീപ്പന്തം നിറച്ച, ഉരുളക്ക് ഉപ്പേരിപോലെ മറുപടിപറഞ്ഞ് ചർച്ചകളിൽ സിപിഎം നേതാക്കളെ ഇളിഭ്യരാക്കുന്ന ആ യുവനേതാവിനെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അത്രമേൽ പേടിക്കുന്നുവെന്ന് ചുരുക്കം. പക്ഷേ എന്നിട്ടും എന്താണ് സംഭവിച്ചത്. അക്ഷോഭ്യനായി ജയിലിൽ പോയി അവിടുത്തെ ലൈബ്രറിയിലും മറ്റും വായനയുമായി കൂടി രാഹുൽ ജയിലിലും പേരെടുത്തു.
ഒൻപതുദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വൻ വരവേൽപ്പാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. പുഷ്പ വൃഷ്ടിയും വെടിക്കെട്ടുമായാണ് ജയിലിന് മുന്നിൽ പ്രവർത്തകർ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വരവേറ്റത്. ഒരു കേസിൽ അറസ്റ്റ്ചെയ്യുക. എന്നിട്ട് കൂടുതൽ കേസുകൾ തലയിൽവെച്ച് ജയിലടക്കുക എന്നതായിരുന്നു സംസ്ഥാന പൊലീസിന്റെ തന്ത്രം. പക്ഷേ അതും കോടതിയിൽ പൊളിഞ്ഞു. ജയിൽമോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമാണ്് രാഹുൽ നടത്തിയത്. കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ 'രാജാവ്' ഓർക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇപ്പോൾ കേരളം ഏറ്റവും ശ്രദ്ധിക്കുന്ന, യുവനേതാവായി രാഹുൽ മാറിക്കഴിഞ്ഞു. പക്ഷേ അദ്ദേഹത്തെ മൂക്കാതെ പഴുത്ത നേതാവ് എന്നുമൊക്കെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ഇപ്പോഴും ചെയ്യുന്നത്. പക്ഷേ ഗ്രാസ് റൂട്ടിൽ വർക്ക് ചെയ്ത് പടിപടിയായി ഉയർന്നതാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം. ഇന്നലത്തെ മഴയിൽ തിളർത്ത ഒരു കൂൺ അല്ല ഈ കരിസ്മാറ്റിക്ക് യൂത്ത് ലീഡർ!
അച്ഛന്റെ ഖദറിട്ട് തുടങ്ങിയ പ്രവർത്തനം
1989 നവംബർ 12ന് പത്തനംതിട്ട അടൂരിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജനിച്ചത്. ആറാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ട രാഹുലിനെ വളർത്തിയത് കേന്ദ്ര ഗവർമെന്റ് ഉദ്യോഗസ്ഥയായ അമ്മ ബീനയാണ്. അച്ഛനും ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിലും ഖദറിട്ട് നടക്കുന്ന, നാട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. മനോരമ ന്യൂസിന്റെ ഒരു അഭിമുഖത്തിൽ രാഹുൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. -'ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട എന്നെ വളർത്തിയത് അമ്മയാണ്. വായിക്കാനുള്ള പുസ്തകങ്ങളൊക്കെ അമ്മ ധാരാളം വാങ്ങിത്തന്നു. പക്ഷേ അമ്മയും ഉദ്യോഗസ്ഥയാണ്. അതിനാൽ സകൂളിൽ പാരൻസ് മീറ്റിങ്ങ് വിളിക്കുമ്പോൾ ഒന്നും വരാൻ കഴിയില്ല. അക്കാലത്ത് അത് വിഷമമായിരുന്നു. മെലിഞ്ഞ പ്രകൃതമായിരുന്നു അച്ഛന്റത്. കൂട്ടിക്കാലത്ത് ഞാൻ ഒരിക്കൽ അച്ചന്റെ ഖദർ ഇട്ടുനോക്കി. അന്ന് അനുഭവിച്ച വൈകാരിക സുരക്ഷിതത്വം ഏറെയാണ്. അങ്ങനെ ഉറച്ചുപോയ മോഹമാണ് രാഷ്ട്രീയക്കാരൻ ആവുക എന്നത്. ഇന്ന് ഞാൻ ഖദർ അധികം ഉപയോഗിക്കാറില്ലെങ്കിലും ആ വൈകാരിക അടുപ്പം ഇപ്പോഴുമുണ്ട്''- രാഹുൽ പറയുന്നു.
മാങ്കൂട്ടത്തിൽ എന്നത് ശരിക്കും അദ്ദേഹത്തിന്റെ വീട്ടുപേരാണ്. എന്നാൽ എതിരാളികൾ പലപ്പോഴും അത് വ്യാജപ്പേരാണെന്ന് പറഞ്ഞ് ട്രോളാൻ ഉപയോഗിക്കുന്നുണ്ട്. രാഹുലിന്റെ വീടിന് പത്തുകിലോമീറ്റർ അടുത്ത് മാങ്കൂട്ടത്തിൽ എന്ന ഒരു സ്ഥലവും ഉണ്ട്. അവിടെയുള്ള ഒരു ബംഗ്ലാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടാണെന്ന് പറഞ്ഞും എതിരാളികൾ പ്രചരിപ്പിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ കെഎസ്യു പ്രവർത്തകനായി. അവിടെനിന്ന് പടിപടിയായി കയറിയാണ്, ഇന്ന് കാണുന്ന നിലയിലെത്തിയത്. അല്ലാതെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതുപോലെ, കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഇറക്കുമതിയൊന്നുമല്ല. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിലുടെ ഘട്ടംഘട്ടമായി കടന്നാണ് അദ്ദേഹം ഇവിടെ എത്തിനിൽക്കുന്നത്. കെഎസ്യു തോൽക്കുന്ന സമയത്താണ് രാഹുൽ സർവകലാശാലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായാണ് നാട്ടിൽ പ്രവർത്തനം തുടങ്ങിയത്. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു.
രാഹുലിന്റെ ആദ്യത്തെ ജയിൽ വാസമെന്നുമല്ല. കോളജിൽ പഠിക്കുമ്പോൾ തന്നെ വിദ്യാർത്ഥി സമരത്തിൽപെട്ട് അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അങ്ങനെ കടന്നുവന്നാണ് അദ്ദേഹം കെപിസിസി മെമ്പറും 2023 യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായത്.
നെഞ്ചുവിരിച്ച് കൈയും കെട്ടി താരമായി
രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവിനെ കേരളം മുഴുവൻ ഫാൻസിനെ ഉണ്ടാക്കി തീർത്തത് ചാനൽ ചർച്ചകളാണ്. കടിച്ചുകീറുന്ന സ്വഭാവത്തിൽ പ്രതികരിക്കുന്ന സിപിഎം നേതാക്കളെ, നിറപുഞ്ചിരിയോടെ നേരിട്ട് കുറിക്കുകൊള്ളുന്ന അടി മർമ്മത്തിൽ കൊടുക്കുന്ന യുവാവിനെ വളരെ പെട്ടെന്ന് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, കോൺഗ്രസിന്റെ പ്രമുഖരായ ഡിബേറ്റർമാർ സ്ഥാനാർത്ഥികളായി തിരിക്കിലായപ്പോൾ പാർട്ടിയുടെ മുഖമായി ചാനലുകളിൽ നിറഞ്ഞത് ഈ യുവാവാണ്. തഗ്ഗ് മറുപടികളും ട്രോളുകളമായി അയാൾ പൊളിച്ചടുക്കി. അക്കാലത്ത് സാക്ഷാൽ ഉമ്മൻ ചാണ്ടി രാഹുലിന്റെ ഒരു ചാനൽ ചർച്ച നിന്ന് കാണുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കെ റെയിൽ വിവാദം കൊടുമ്പിരികൊള്ളമ്പോൾ മനോരമ ന്യൂസ് സംഘടിപ്പിച്ച ഒരു ചർച്ചയാണ്, രാഹുലിന് വലിയ രീതിയിൽ അംഗീകാരം നേടിക്കൊടുത്തത്. 'കെ റെയിൽ ജംഗ്ഷൻ' എന്ന പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. രാഹുലിനെ കൂടാതെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്, ബിജെപി നേതാവ് ലിജിൻലാൽ, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഒപ്പം നാട്ടുകാരും വിവിധ പാർട്ടി പ്രവർത്തകരും സദസ്സിലുണ്ടായിരുന്നു.
കെ റെയിലിനെ അനുകൂലിച്ച് പോണ്ടിച്ചേരി സർവകലാശാലയിലെ ഒരു എസ്എഫ്ഐ വിദ്യാർത്ഥിനി പറഞ്ഞതിനെ രാഹുൽ പൊളിച്ചടുക്കിയതോടെയാണ് ബഹളം ഉണ്ടായത്. പഠനത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്നും എറണാകുളത്ത് വീട് വാടകക്കെടുത്ത് നിൽക്കാൻ പണമില്ലെന്നുമായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. സിൽവർലൈൻ വന്നാൽ ദിവസവും വീട്ടിൽ പോയി വരാം എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ ചോദ്യത്തിന് രാഹുൽ കണക്ക് നിരത്തി മറുപടി പറഞ്ഞു.-'ഈ പദ്ധതി സർക്കാർ നിശ്ചയിച്ചതു പ്രകാരമാണെങ്കിൽ 64,000 കോടിയാണ് ചെലവ്. അപ്പോൾ പദ്ധതി ബാധിക്കുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താൽ പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപ. അങ്ങനെയെങ്കിൽ ഒരു കിലോമീറ്ററിന് വെറും പത്തു രൂപ. 60 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ 600 രൂപ. തിരിച്ചു യാത്ര ചെയ്യണമെങ്കിൽ 600 രൂപ. മൊത്തം ഒരു 1200 രൂപ. 24,000 രൂപ മുടക്കി കെ റെയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് 5,000 രൂപയ്ക്ക് ഹോസ്റ്റൽ കിട്ടും. അത് എസ്എഫ്ഐ അറേഞ്ച് ചെയ്തില്ലെങ്കിൽ ഞങ്ങൾ അറേഞ്ച് ചെയ്യാം.' -എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഇതോടെ ഉത്തരംമുട്ടിയ സിപിഎമ്മുകാർ ആകെ അസ്വസ്ഥരായി. അവർ രാഹുലിന് നേരെ കൊലവിളിയുമായി തിരിഞ്ഞു. ചിലർ 'ഇറങ്ങിവന്നാൽ കാണിച്ച് തരാമെന്ന്' വെല്ലുവിളിച്ചത്. പിന്നാലെ, രാഹുൽ വേദിയിൽ നിന്ന് ഇറങ്ങി, ഭീഷണി മുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച് നിൽക്കയായിരുന്നു. ഇതോടെ വെല്ലുവിളിച്ചവർ നിശ്ശബ്ദരായി. കൈയും കെട്ടി, തല്ലിക്കോ എന്ന് പറഞ്ഞുള്ള ആ നിൽപ്പ് ഒരു ഒന്നൊന്നര നിൽപ്പായിരുന്നു. സംഭവം വൈറലായതോടെ ഒരു പുതിയ സോഷ്യമീഡിയ സെലിബ്രിറ്റി കൂടി ജനിക്കയായിരുന്നു.
ചിന്തയെ പൊളിച്ചടുക്കിയ ചർച്ച
കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച്, സിപിഎം യുവനേതാവ് ചിന്ത ജെറോമിന്റെ പഴയ ഒരു ചാനൽ ചർച്ച ഇടക്കിടെ സോഷ്യൽ മീഡിയയിൽ പൊന്തി വരാറുണ്ട്. ഇവിടെയും മാങ്കൂട്ടത്തിൽ കൊടുത്ത കിടിലൻ മറുപടി വൈറലായി. എസ് എഫ് ഐക്കാരുടെ അതിക്രമത്തെക്കുറിച്ചുള്ള ചർച്ചയിൽ, അച്ചടിഭാഷയിൽ ത്വാതിക അവലോകനം നടത്താനാണ് ചിന്ത ശ്രമിച്ചത്. അക്രമത്തിന്റെ കേന്ദ്രങ്ങളല്ല കാമ്പസ് എന്നും, സഹോദരൻ അയ്യപ്പൻ പറയുന്ന മിശ്രഭോജനത്തിന്റെ ഇടം ഇന്ന് കാമ്പസുകളാണ് എന്നുമുള്ള ചിന്ത ജെറോമിന്റെ വാദങ്ങൾ കേൾക്കുമ്പോൾ ചർച്ചയിൽ പങ്കെടുക്കുന്ന അഡ്വ. എ. ജയശങ്കർ ഉൾപ്പടെയുള്ളവർ ചിരിച്ചുപോയി. 'കാമ്പസുകളുടെ രാഷ്ട്രീയം എന്നാൽ പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും ഉമ്മയും അമ്മയുമൊക്കെ പൊതിഞ്ഞുവിടുന്ന പൊതിച്ചോറ്, അത് ഉച്ചയ്ക്ക് ഒരുമിച്ച് കഴിക്കാൻ ഇരിക്കുന്ന സൗഹൃദത്തിന്റെ ഇടങ്ങളാണ് നമ്മുടെ ക്ലാസ് മുറികൾ''- ചിന്ത പറയുന്നു.
എന്നാൽ ഇന്ന് കാമ്പസിൽ നിന്ന് പുറത്തിറങ്ങുന്നത് നസീമിനെയും ശിവരഞ്ജിത്തിനെയും പോലുള്ള ക്രിമിനലുകളാണെന്നായിരുന്നു ഇതിന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപുടി. ആദിവാസി മേഖലയിൽ നിന്നും കേരളത്തിന്റെ ആകെ അഭിമാനമായി വളർന്ന് വന്ന ശ്രീധന്യയും കാമ്പസ് രാഷ്ട്രീയത്തിൽ നിന്നും വന്നതാണെന്നായിരുന്നെന്നാണ് രാഹുൽ മാങ്കുട്ടത്തിന് ചിന്ത നൽകിയ മറുപടി. പക്ഷേ ശ്രീധന്യ എസ്എഫ്ഐക്കാരിയല്ല, കെഎസ്യു ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചടിച്ചപ്പോൾ ചിന്തയ്ക്ക് മറുപടിയില്ലായിരുന്നു. ആദിവാസിമേഖലയിൽ നിന്നും കടന്നുവന്ന സിവിൽ സർവ്വീസുകാരി ശ്രീധന്യയെ ഒരു ദിവസം മുഴുവൻ ഒരു മുറിയിൽ എസ് എഫ് ഐക്കാർ പൂട്ടിയിട്ട ചരിത്രമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞപ്പോഴും ചിന്ത അന്തം വിട്ടിരുന്നു. ഇതെല്ലാമാണ് ട്രോളന്മാർക്ക് വിരുന്നായത്.
അനിൽ കുമാറിന്റെ കള്ളം പൊളിച്ചു
ഒരു വിഷയം ഏതറ്റം വരെയും പോയി പഠിച്ച്, ന്യൂജൻ സോഷ്യൽ മീഡിയക്കാർ പറയുന്നതുപോലെ, അണ്ണാക്കിലടിച്ച് മറുപടികൊടുക്കാൻ രാഹുലിന് കഴിയും. ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാറിനെ, രാഹുൽ വെല്ലുവിളിച്ചത് സൈബർ ലോകത്ത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് ബിജെപി വനിതാ കൗൺസിലറുടെ ചിത്രത്തിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു കെ അനിൽകുമാർ അപവാദ പ്രചരണം തുടങ്ങിയത്. എന്നാൽ ഇത് ക്രോപ്പ്ഡ് ഫോട്ടോയാണെന്നും ശുദ്ധ അസംബന്ധമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മൻ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്ന ഭാഗം ഒഴിവാക്കി, ക്ഷേത്രനടയിൽ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ആശാനാഥിന് ഒപ്പം നിൽക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു അനിൽകുമാറിന്റെ പോസ്റ്റ്. എന്നാൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനിൽകുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ഈ കള്ളം പൊളിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത്. എന്നിട്ടു പിന്മാറാതെ അനിൽകുമാർ നുണപ്രചരണം തുടരുമ്പോൾ അതിനും മറുപടിയുമായി രാഹുൽ രംഗത്തെത്തി.
'കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്''-രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
'അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു. ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ? ''- രാഹുൽ ചോദിച്ചു. കള്ളിവെളിച്ചത്തായതോടെ ഈ വിവാദത്തിൽ നിന്ന് അനിൽകുമാർ സ്കൂട്ടാവുകയായിന്നു. ഇതുപോലെ സിപിഎം നേതാക്കൾ കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന എത്രയോ വാർത്തകളാണ് രാഹുൽ പൊളിച്ചടുക്കിയത്.
സോഷ്യൽ മീഡിയയിലും താരം
സോഷ്യൽ മീഡിയയിൽ എപ്പോഴും കോൺഗ്രസിനുവേണ്ടി യുദ്ധ സന്നദ്ധനാണ് രാഹുൽ. വാർത്താ ചാനലുകളിൽ മുങ്ങിപ്പോകുന്ന പല കാര്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയിൽ എടുത്തിടും. സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ 'സാമ്രാജ്യത്വം നീണാൾ വാഴട്ടെ' എന്ന് എ എൻ ഷംസീർ മുദ്രാവാക്യം വിളിച്ചതിനെ രാഹുൽ കണക്കിന് പരിഹസിച്ചിരുന്നു. ഇങ്ങനെ ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തംകമ്മികൾ' എന്ന് വിളിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മോൻസൺമാവുങ്കൽ കേസിലെ അതിജീവിത മൊഴി നൽകിയെന്ന് താൻ പറഞ്ഞത്, ദേശാഭിമാനി വാർത്ത വിശ്വസിച്ചാണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഇതിനെതിരെയാണ് രാഹുൽ മാങ്കുട്ടത്തിൽ രംഗത്തുവന്നു. 'രാത്രിയിൽ ദേശാഭിമാനിക്ക് വ്യാജ വാർത്ത എഴുതി കൊടുക്കുക, രാവിലെ ആ വ്യാജ വാർത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക. നാണമില്ലെ ഗോവിന്ദൻ എന്ന് ചോദിക്കുന്നില്ല. കാരണം അതുണ്ടെങ്കിൽ സിപിഎം സെക്രട്ടറി ആകില്ലല്ലോ' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വിമർശിച്ചത്.
ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിച്ച് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തുകയും ഓഫിസ് അടിച്ചു തകർത്തപ്പോൾ രാഹുലിന്റെ പ്രതികരണം ഇങ്ങനെ.''പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു.''
അതുപോലെ ഈയിടെ ഗവർണർ വിഷയത്തിലെ ഒരു പോസ്റ്റ് ഇങ്ങനെ. 'ഗവർണർ കാർ തുറന്നപ്പോൾ ഓടിപ്പോയ എസ് എഫ് ഐകാർ തിരിച്ചുവരണം; ആവശ്യമായ കായിക പരിശീലനം നൽകും; ഒളിംമ്പിക്സിൽ മത്സരിപ്പിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാണ്'. ചാണ്ടി ഉമ്മൻ ജയിച്ചപ്പോഴുള്ള കുറിപ്പ് ഇങ്ങനെ-''ഭൂരിപക്ഷം കണ്ട് എതെങ്കിലും സിപിഎം. നേതാക്കന്മാർക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. മുഹമ്മദ് റിയാസിന്റെ റോഡുകളല്ല, പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും കോൺഗ്രസുമായുള്ള റോഡ്. വളരെ സ്മൂത്താണ്'- രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
പരീക്ഷാവിവാദത്തിലും രാഹുലിന്റെ പോസ്റ്റുകൾ ഓൺലൈൻ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. ''സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത... ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ'' രാഹുൽ ഫസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിക്കെതിരെ രാഹുൽ നിരന്തരം ആഞ്ഞടിച്ചു. ''വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്' ഡയലോഗ് കൊള്ളാം, പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇങ്ങനെ പേടിക്കാതെ സീയെമ്മെ.''. അതുപോലെ ഇപ്പോൾ ജയിലിൽ കിടന്നാണ് അദ്ദേഹം എം വി ഗോവിന്ദനെതിരെ വക്കീൽനോട്ടീസ് അയച്ചത്. തന്റെ മെഡിക്കൽ സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് നടപടി.
ഇതിനൊക്കെ പകരമായി നിരന്തരമായി പണി രാഹുലിനും കിട്ടുന്നുണ്ട്. മുഹമ്മദ് റിയാസിനെയും, മുഖ്യമന്ത്രിയെയും വിമർശിച്ചപ്പോഴാണ് തനിക്കുനേരെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം ഉണ്ടായതെന്ന് രാഹുൽ പറയുന്നു. കിരൺ എസ് ദേവ് എന്ന പൊലീസുകാരൻ പൊലീസ് ഡ്യൂട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ, തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇതിന്റെതൊക്കെ ഒന്നിച്ചുള്ള പ്രതികാരം എന്ന നിലയിലാണ് അവസാനം അറസ്റ്റ് വരുന്നത്.
സമാനകൾ ഇല്ലാത്ത പൊലീസ് ഭീകരതയാണ്, രാഹുലിന് നേരെ ഉണ്ടായത്. വീടിന്റെ നാലു വശവും വളഞ്ഞാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാഹുലിന്റെ അമ്മ പറയുന്നു. ''ഞാൻ 20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ബെഡ്റൂമിൽ മുട്ടി എന്റെ അമ്മയുടെ മുമ്പിൽനിന്നും അറസ്റ്റ് ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമാണ്, അത് നടക്കട്ടെ''- രാഹുൽ വ്യക്തമാക്കി.
28 ലക്ഷത്തിന്റെ കാറും കൂറ്റൻ ബംഗ്ലാവും
വീണ്ടും സന്ദേശം സിനിമയിലെ കുമാരപ്പിള്ള സാറിലേക്ക് മടങ്ങിവന്നാൽ, ഇപ്പോൾ അതുപോലുള്ള പ്രചാരണങ്ങളാണ് രാഹുലിന് നേരെ ഉയരുന്നത്. 28ലക്ഷത്തിന്റെ കാറുവാങ്ങിയെന്നും, കുറ്റൻ ബംഗ്ലാവ് വാങ്ങിയെന്നുമൊക്കെയാണ് പ്രചാരണം. രാഹുലിന്റെ വീട് എന്ന് പ്രചരിക്കുന്നത് അദ്ദേഹത്തിന്റെതല്ല. തന്റെ കാർ 28 ലക്ഷത്തിന്റെതല്ല, വെറും 14 ലക്ഷത്തിന്റെത് ആണെന്നും രാഹുൽ പറയുന്നു. '' ഇതിനുള്ള വരുമാനവും എനിക്കുണ്ട്. ഞാൻ രാഷ്ട്രീയം തൊഴിലാക്കാൻ ഉദ്ദേശിച്ചയാളല്ല. ഞാൻ പാർട്ണറായുള്ള മൂന്ന് ബിസിസനസ് സംരംഭങ്ങൾ ഉണ്ട്. രാഷ്ട്രീയ പ്രവർത്തകർ സ്വയം പര്യാപ്തരായാൽ അത്രക്ക് അഴിമതി കുറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല ഇപ്പോൾ ന്യൂജൻ ബാങ്കുകൾ അങ്ങോട്ട് വിളിച്ച് ലോൺ കൊടുക്കുന സമയമാണ്. എന്റെ ലോണിൽ സെക്യൂരിറ്റിയായി ഒപ്പിട്ടിരിക്കുന്നത് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരിയായ ഒരു ലക്ഷത്തോളം രൂപ ശമ്പളം പറ്റുന്ന അമ്മ ബീനയാണ്. ''- മനോരമ ന്യൂസ് അനുവദിച്ച അഭിമുഖത്തിൽ രാഹുൽ പറയുന്നു.
അമേരിക്കയിൽ അടക്കം രാഷ്ട്രീയക്കാർക്ക് ഉപജീവനമാർഗത്തിനായുള്ള തൊഴിൽ കാണും. പക്ഷേ ഇന്ത്യയിൽ അങ്ങനെ ഒരുപരിപാടിയില്ല. അവിടെയും മാതൃകയാവുകയാണ് രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ള ചെറുപ്പക്കാർ. അതുപോലെ തന്നെ കോൺഗ്രസിലും ഒരു ഗ്രൂപ്പിസത്തിലും പെടാത്ത വ്യക്തിയാണ് രാഹുൽ. എ ഗ്രൂപ്പിന്റെ വക്താവായി അറിയപ്പെടുന്നുണ്ടെങ്കിലും പാർട്ടിയിൽ ഏവർക്കും സ്വീകാര്യനാണ് ഈ ചെറുപ്പക്കാരൻ. വി ടി ബൽറാമിനെപ്പോലെ, ഷാഫി പറമ്പിലിനെപ്പോലെ, അനിൽ അക്കരെയെപ്പോലെ, മാത്യുകുഴൽനാടനെപ്പോലെ അഴിമതിക്കും അനീതിക്കും എതിരെ പ്രതികരിക്കാൻ കഴിയുന്ന ഒരു പുതിയ തലമുറ കോൺഗ്രസിൽ ഉയരുന്നുവെന്നത്, നല്ല കാര്യമാണ്.
ഇപ്പോഴിതാ ജയിലിൽ അടക്കപ്പെട്ട് തിരിച്ചുവന്നതോടെ, അസാധാരണമായ ഹീറോ പരിവേഷമാണ് രാഹുലിന് കിട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്ന കേരളത്തിന്റെ 'ചക്രവർത്തിയോട്' മുഖാംമുഖം നിന്ന് ഏറ്റമുട്ടുകയാണ് ഈ ചെറുപ്പക്കാരൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാഹുലിന്റെ വളർച്ചക്ക് പിണറായി വല്ലാതെ സംഭാവന ചെയ്തു കഴിഞ്ഞു, ഈ പാതിരാ അറസ്റ്റിലുടെയും തുടർന്നുള്ള ജയിൽവാസത്തിലുടെയും.
വാൽക്ക്ഷണം: രാഹുൽ അവിവാഹിതനാണ്. അക്കാര്യത്തിലും രാഹുൽഗാന്ധിയെ അനുകരിക്കയാണോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, 'സമയം കഴിഞ്ഞിട്ടില്ലല്ലോ' എന്ന മറുപടിയാണ് രാഹുൽ കൊടുക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ