'ദ കംപ്ലീറ്റ് മാൻ'! കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം സ്വന്തം ശരീരം നോക്കിക്കൊണ്ട് പറയുന്ന റെയ്മണ്ട്‌സിന്റെ പരസ്യ വാചകമുള്ള സീൻ ഓർമ്മയില്ലേ. സത്യത്തിൽ ഒരുതലമുറയിലെ യുവാക്കൾ മനസ്സിൽ കൊണ്ടുനടന്ന പരസ്യവാചകമായിരുന്നു അത്. താൻ എല്ലാ തരത്തിലും പരിപൂർണ്ണനാണെന്ന് ബോധ്യപ്പെടുത്തന്ന പെർഫക്ഷനായിയിരുന്നു, റെയ്മണ്ട്് വസ്്ത്രങ്ങളുടെ പ്രത്യേകത. ഇന്ത്യയിലെ കോട്ടൺ ലിനൻ വസ്ത്രങ്ങൾ വിദേശികളെകൊണ്ടുപോലും അണിയാൻ പ്രേരിപ്പിച്ചത് റെയ്മണ്ട്് ആണെന്ന് പറയാം. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്ഥാപനം ഇന്നും, ഇന്ത്യൻ വസ്ത്ര വിപണിയിലെ തലയെടുപ്പുള്ള സ്ഥാപനമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളിലൊന്നും.

ഒരു കുംടുംബ ബിസിനസായി എളിയ നിലയിൽ തുടങ്ങിയ റെയ്മണ്ട്സിന് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 200-ലധികം നഗരങ്ങളിലായി 700-ലധികം റീട്ടെയിൽ ഷോപ്പുകളുടെ ശൃംഖലയുണ്ട്. കൂടാതെ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കളും ടോയ്‌ലറ്ററികളും, എഞ്ചിനീയറിങ് ഫയലുകളും ഉപകരണങ്ങളും, പ്രതിരോധ പ്രവർത്തനങ്ങൾ, എയർ ചാർട്ടർ പ്രവർത്തനങ്ങൾ എന്നിവയൊക്കെയായി ഗ്രൂപ്പ് പടർന്ന് പന്തലിച്ചു. 2019-ൽ, റെയ്മണ്ട് റിയൽറ്റിക്ക് കീഴിൽ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കുള്ള സംരംഭം റെയ്മണ്ട് പ്രഖ്യാപിച്ചു. അതും വലിയ വിജയമായി.

ഇങ്ങനെ, വളർച്ചയുടെ കഥമാത്രം പറയാനുണ്ടായിരുന്ന, 11,000 കോടിയോളം ആസ്തിയുള്ള ഈ ഗ്രൂപ്പിൽനിന്ന് ഇപ്പോൾ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തവരുന്നത്. ഗ്രൂപ്പ് മേധാവി ഗൗതം സിംഗാനിയ റെയ്മണ്ട്സിൽനിന്ന് പുറത്താവുന്ന രീതിയിലാണ് വാർത്തകൾ വരുന്നത്.

പുലിവാലായി ഒരു ഡിവോഴ്സ്

ഒരു മൾട്ടി മില്യണർ കമ്പനിയുടെ അടിത്തറ തകർക്കുന്ന രീതിയിൽ ഒരു ഡിവോഴ്സ് കേസ് വളരുക. ലോക ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ് റെയ്മണ്ടിൽ സംഭവിക്കുന്നത്. ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗൗതം സിംഗാനിയയുടെ വിവാഹമോചന തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം കമ്പനിയിൽ നിന്ന് തന്നെ അദ്ദേഹം പുറത്താകുന്ന സ്ഥിതിയാണിപ്പോൾ. കമ്പനിയുടെ ബോർഡിൽ സിംഗാനിയയെ പുനർനിയമിക്കുന്നതിന് ബോർഡ് അംഗങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം നവംബർ 13നാണ് ഭാര്യ നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ഗൗതം സിംഗാനിയ എക്‌സിലൂടെ പ്രഖ്യാപിച്ചത്. പിന്നാലെ സിംഗാനിയയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നവാസുമെത്തുമെത്തി. തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് ആരോപിച്ച അവർ കമ്പനിയുടെ 11,660 കോടി രൂപ വരുന്ന സ്വത്തുക്കളിൽ 75 ശതമാനം തനിക്കും പെൺമക്കൾക്കുമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ നവാസ് മോദി ജയിച്ചൽ റെയ്മണ്ടിന്റെ ഘടന തന്നെ മാറും.

അതിനിടെ ഗൗതം സിംഗാനിയയെ വീണ്ടും കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തിരിഞ്ഞെടുക്കുന്നതിനെതിരെ, പ്രോക്‌സി അഡൈ്വസറി സ്ഥാപനമായ ഇൻസ്റ്റിറ്റിറ്റിയൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് (എ.ഐ.എ.എസ്) രംഗത്തുവന്നു. ഓഹരിയുടമകളുടെ മീറ്റിംഗിൽ, എങ്ങനെ വോട്ട് ചെയ്യണമെന്ന് നിക്ഷേപക സ്ഥാപനങ്ങൾക്ക് ശിപാർശകൾ നൽകുന്ന റിസർച്ച് ആൻഡ് കൺസൾട്ടിങ് സ്ഥാപനങ്ങളാണ് പ്രോക്‌സി അഡൈ്വസറികൾ. കമ്പനിയുടെ പ്രമോട്ടർമാർ തമ്മിലുള്ള തർക്കത്തിൽ നിന്ന് കമ്പനിയെ സംരക്ഷിക്കേണ്ടത് ഓഹരി ഉടമകളാണെന്നാണ് ഐഐഎഎസിന്റെ അഭിപ്രായം.

ജൂൺ 27ന് നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ സിംഗാനിയയ്ക്ക് എതിരെ വോട്ട് ചെയ്യണമെന്ന് ഓഹരിയുടമകളോട് ഐഐഎഎസ് ആവശ്യപ്പെട്ടിരിക്കയാണ്. വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതു വരെ സിംഗാനിയയെയും ഭാര്യ നവാസ് മോദിയെയും മാറ്റി നിർത്തണമെന്ന് ഡയറക്ടർ ബോർഡിനോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

1990 ഏപ്രിൽ ഒന്നു മുതൽ റെയ്മണ്ടിന്റെ ബോർഡിൽ സിംഗാനിയയുണ്ട്. 2024 ജൂലൈ ഒന്നു മുതൽ 2029 ജൂൺ വരെയുള്ള അഞ്ച് വർഷത്തേക്ക് സിംഗാനിയയെ പുനർനിയമിക്കുന്നതിനും, അടുത്ത മൂന്ന് വർഷത്തേക്കുള്ള സി.എം.ഡിയുടെ ശമ്പളം അംഗീകരിക്കുന്നതിനും റെയ്മണ്ട് ഓഹരിയുടമകളുടെ അനുവാദം തേടിയിരുന്നു. ഇതിനെതിരെയാണ് ഐ.ഐ.എ.എസ് രംഗത്ത് എത്തിയിരിക്കുന്നത്.

കമ്പനിയുടെ പണം സിംഗാനിയ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി ഭാര്യ നവാസ് ആരോപിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് കമ്പനിയുടെ ബോർഡ് പ്രതികരിച്ചിരുന്നില്ല. സിംഗാനിയയുടെ പ്രതിഫലവും സമാന പദവികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണെന്ന് ഐഐഎഎസ് പറയുന്നു. 2024 സാമ്പത്തിക വർഷത്തിലെ ലാഭത്തിൽ നിന്നുള്ള പ്രതിഫലം മാത്രം 35 കോടി രൂപ വരും. ഇതിലൊരു നിയന്ത്രണം വേണമെന്നും കൂടുതൽ പണമെടുക്കാൻ അനുവദിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് ഇവർ പറയുന്നത്. ആഡംബര വാഹനങ്ങളുടെയും, കൂറ്റൻ കെട്ടിടങ്ങളുടെയുമൊക്കെ കമ്പക്കാരനായ ഗൗതം സിംഗാനിയ കമ്പനിയുടെ പണം ധൂർത്തടിച്ച് നശിപ്പിക്കുന്നുവെന്നുവരെ ആരോപണം ഉയരുന്നുണ്ട്.

ഓഹരി വില ഇടിയുന്നു

കമ്പനിയുടെ കുടുംബപ്രശ്‌നങ്ങൾ പുറത്തു വന്നത് റെയ്മണ്ട് ഓഹരികളിൽ വൻ ഇടിവുണ്ടാക്കിയിരുന്നു. രണ്ടാഴ്ച കൊണ്ട് ഓഹരി വില 19,00 രൂപയിൽ നിന്ന് 1,650 രൂപയിലേക്ക് കൂപ്പ് കുത്തി. നിക്ഷേപകർക്ക് ഇതുണ്ടാക്കിയത് 1,700 കോടി രൂപയുടെ നഷ്ടമായിരുന്നു. എന്നാൽ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ കമ്പനിയെ ബാധിക്കാതെ സംരക്ഷിക്കുമെന്നും നിക്ഷേപകർക്ക് നഷ്ടമുണ്ടാകില്ലെന്നും ഉറപ്പ് നൽകിയുള്ള ഇ-മെയിൽ സന്ദേശം ദൗതം സിംഗാനിയ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും അയക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വലിയ വീഴ്ചയിൽ നിന്ന് കരകയറാൻ റെയ്മണ്ടിന് പിന്നീട് സാധിത്

ഈ വർഷം ഇതു വരെ റെയ്മണ്ട് ഓഹരി 39.53 ശതമാനമാണ് മുന്നേറിയത്.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെയ്മണ്ടിന്റെ സംയോജിത ലാഭം 1,638 കോടി രൂപയാണ്. മുൻ വർഷത്തെ 529 കോടി രൂപയിൽ നിന്നാണ് ലാഭം ഉയർന്നത്. ഇക്കാലയളവിൽ വരുമാനം 8,337 കോടി രൂപയിൽ നിന്ന് 9,286 കോടിയുമായി. ബ്രാൻഡഡ് വസ്ത്ര ബിസിനസിൽ 350-400 പുതിയ ഷോറൂമുകളാണ് അടുത്ത രണ്ട്-മൂന്ന് വർഷത്തിൽ റെയ്മണ്ട് പദ്ധതിയിടുന്നത്. ഉപകമ്പനിയായ റെയ്മണ്ട് റിയൽറ്റിയും വൻ കുതിപ്പ് നടത്തുന്നു.

മഹാരാഷ്ട്രയിലെ താനെയിൽ 100 ഏക്കറോളം വരുന്ന സ്ഥലത്ത് 114 ലക്ഷം ചതുരശ്ര അടി നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയ്മണ്ട് റിയൽറ്റിക്ക് ് അനുമതി കിട്ടിയിട്ടുണ്ട്. ഇതിൽ 40 ഏക്കറിലാണ് നിലവിൽ നിർമ്മാണം നടക്കുന്നത്. 9,000 കോടി രൂപ മൂല്യം വരുന്ന അഞ്ച് പദ്ധതികളാണ് ഇവിടെ നടപ്പാക്കി വരുന്നത്. കൂടാതെ 16,000 കോടി രൂപ കൂടി നേടാനാകുന്ന പദ്ധതികൾ ഇവിടെ വികസിപ്പിക്കാനാകും. ഇതോടെ മൊത്തം 25,000 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതിയിൽ നിന്ന് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം വിജയം കൊയ്ത്വരെവെയാണ് ഇടിത്തീപോലെ പ്രശ്നങ്ങൾ വരുന്നത്.

6000 കോടിയുടെ ആഡംബര ഭവനം

ഇന്ത്യയിൽ ആഡംബര ജീവിതം നയിക്കുന്ന ശതകോടീശ്വരന്മാരിൽ ഒരാളാണ് ഗൗതം സിംഗാനിയ. സിംഗാനിയയുടെ ആഡംബര വീടും കാർ ശേഖരണവും ഒക്കെ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഗൗതമിന്റെ ഉടമസ്ഥതയിലുള്ള മുബൈയിലെ ജെകെ ഹൗസിന് 6000 കോടി രൂപ വിലമതിക്കുന്നത്. 16,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇത് 30 നിലകളുള്ള കെട്ടിടമാണ്. 12,000 കോടി രൂപ വിലമതിക്കുന്ന മുകേഷ് അംബാനിയുടെ ആന്റിലിയയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ഭവനമാണിത്.

സ്പാ, ഹെലിപാഡ്, കുളങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഈ കൂറ്റൻ കെട്ടിടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള റെയ്മണ്ട്സിന്റെ ഫാബ്രിക് ബിസിനസ്സ് യാത്ര പ്രദർശിപ്പിക്കുന്ന ഒരു സ്വകാര്യ മ്യൂസിയവും ഉണ്ട്. അഞ്ച് നിലകളിൽ ഗൗതമിന്റെ ആഡംബര കാറുകൾ നിരത്തിയിട്ടിരിക്കയാണ്. കുടാതെ കോടികൾ വിലയുള്ള സ്വകാര്യവിമാനങ്ങളും നൗകകളുമൊക്കെ അദ്ദേഹത്തിനുണ്ട്.

ഗൗതമാണ് ദി സൂപ്പർ കാർ ക്ലബ് സ്ഥാപകൻ. കോടികൾ വിലയുള്ള കാറുകൾ ഓടിച്ചുനോക്കി അദ്ദേഹം റിവ്യൂ ഇടാറുണ്ട്. ആഡംബര കാറായ മസെരാട്ടി എംസി 20 വാങ്ങാൻ സാധ്യതയുള്ളവരോട്, കാർ വാങ്ങുന്നതിന് മുമ്പ് തന്നോടൊന്ന് സംസാരിക്കണമെന്ന് സിംഗാനിയ നേരത്തെ ആവശ്യപ്പെട്ട പോസ്റ്റ് വൈറൽ ആയിരുന്നു. 3.69 കോടി രൂപ പ്രാരംഭ വിലയിലാണ് മിഡ് എഞ്ചിൻ സൂപ്പർകാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം മസെരാട്ടി കാറിന് 'അടിസ്ഥാന വൈകല്യങ്ങൾ' ഉണ്ടെന്ന് വെളിപ്പെടുത്തി ഗൗതം രംഗത്തെത്തി. തന്റെ ജീവിതത്തിൽ താൻ ഓടിച്ച ഏറ്റവും മോശം കാറാണ് എംസി 20യെന്ന് ഇദ്ദേഹം പറഞ്ഞു. "മസെരാട്ടി കാർ വാങ്ങുന്നവർ രണ്ടു വട്ടം ആലോചിക്കണം. അടിസ്ഥാന ഡിസൈൻ വൈകല്യങ്ങളെക്കുറിച്ച് കേൾക്കാൻ മസെരാട്ടി ഇന്ത്യ തയ്യാറാകുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. വാങ്ങുന്നവർ സൂക്ഷിക്കുക"- അദ്ദേഹം കൂട്ടിച്ചേർത്തു.

എംസി 20 അപകടകരമായ ഒരു കാർ ആണെന്നും അതിന്റെ തകരാറുകൾക്ക് ഡ്രൈവറെ കൊല്ലാൻ കഴിയുമെന്നും സിംഗാനിയ പറയുന്നു. സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ഒരു സ്വതന്ത്ര ടെസ്റ്റ് ഡ്രൈവറെ കൊണ്ടുവരാൻ കാർ നിർമ്മാതാവിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെയാണ് ലോക പ്രശ്സതമായ മസെരാട്ടി കാർ അവരുടെ നിർമ്മാണ വൈകല്യം പരിഹരിക്കാൻ തീരുമാനിച്ചത്. കോടികൾ വിലമതിക്കുന്ന സ്പോർസ് കാറുകളിൽ മത്സരങ്ങളിൽ പങ്കെടുക്കുകയെന്നതും ഇദ്ദേഹത്തിന്റെ ഹോബിയാണ്.

ബലൂണിലും വിമാനത്തിലും റെക്കോർഡിട്ട പിതാവ്

റെയ്മണ്ട്സ്, ആ പേര് തന്നെ പുരുഷന്മാർക്ക് ഒരഭിമാനം ആയിരുന്നു. പുരുഷന്മാരുടെ വസ്ത്രനിർമ്മാണരംഗത്ത് ഇത്രത്തോളം പ്രശസ്തമായൊരു ബ്രാൻഡ് ഒരുകാലത്ത് വേറെയില്ലായിരുന്നു. ഇന്നും ആ പേരിനു കോട്ടംതട്ടിയിട്ടില്ല. പക്ഷെ ആ ബ്രാൻഡ് നമ്മുക്ക് സമ്മാനിച്ച ഉടമ ഇന്ന് ജീവിക്കുന്നത് യാതൊരു പേരും പ്രശസ്തിയും ഇല്ലാതെയാണ്.
ഇന്ത്യയിലെ സമ്പന്നന്മാരിലൊരാളും റെയ്മണ്ട് ലിമിറ്റഡിന്റെ സ്ഥാപകനുമായ ഡോ. വിജയ്പത് സിൻഹാനിയ ഇന്ന് ദാരിദ്ര്യത്തിന്റെ വക്കിലാണ്. സൗത്ത് മുംബൈയിലെ ചെറിയൊരു ഒരു വാടകവീട്ടിൽ ഏകാന്തജീവിതം നയിക്കുകയാണ് ഇന്ന് അദ്ദേഹം. തന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാരനാരെന്നു ചോദിച്ചാൽ അദ്ദേഹം വിരൽ ചൂണ്ടുന്നത് സ്വന്തം മകനുനേരെയാണ്. സ്വത്തുക്കൾ മുഴുവൻ മകന് നൽകിയതോടെയാണ് 78 കാരനായ വിജയ്പതിന്റെ ജീവിതം ഇങ്ങനെയായത്



ഗൗതം സിംഘാനിയ 1965 സെപ്റ്റംബർ 9 ന് ഒരു മാർവാടി ബിസിനസ്സ് കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വിജയ്പത് സിംഗാനിയക്ക് തന്റെ പിതാവിൽനിന്ന് കിട്ടിയതാണ് റെയ്മണ്ടിന്റെ ഫാബ്രിക്ക് ബിസിനസ്. വിജയ്പതിന്റെ പിതാവ് ലാലാ കൈലാഷ്പത് എന്ന എൽ.കെ. സിംഗാനിയയാണ് റെയ്മണ്ടിന്റെ സ്ഥാപകൻ. പിതാവിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ ബിസിനസ്സിലേക്ക് വന്നതെന്ന് വിജയ് പത് പറയുന്നുണ്ട്. സൂളിൽ ഗണിതവും സയൻസും തന്റെ ഏറ്റവും മികച്ച വിഷയങ്ങളായിരുന്നു. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും മോശം മാർക്കായിരുന്നു. അങ്ങനെ സയൻസ് ഉപരിപഠനം ആക്കണം എന്ന് വിചാരിച്ചപ്പോഴാണ് പിതാവ് ബിസിനസിലേക്ക് തിരിച്ചുവിട്ടത്.

റെയ്മണ്ടിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയത് വിജയ്പത് സിംഗാനിയായാണ്. ഗൗതം സിംഗാനിയപ്പോലെ പിതാവും, ലോകമെമ്പാടുമുള്ള സർക്യൂട്ടുകളിൽ അതിവേഗ കാറുകൾ ഓടിക്കുന്ന സാഹസിക പ്രകടനങ്ങൾക്ക് പേരുകേട്ട വ്യക്തിയായിരുന്നു. വാണിജ്യ വിമാനങ്ങൾ ടെസ്റ്റ് ഫ്ളൈ നടത്തിക്കുന്ന പ്രശസ്തനായ ഒരു വൈമാനികൻ കൂടിയായുന്നു വിജയ്പത്.

67-ാം വയസ്സിൽ ഹോട്ട് എയർ ബലൂണിൽ യാത്ര ചെയ്ത് ഏറ്റവും ഉയരത്തിലെത്തിയതിന്റെ ലോക റെക്കോർഡ് സിംഗാനിയ സീനിയറിന്റെതായി ഉണ്ട്. 1994-ൽ 24 ദിവസത്തെ ലോക എയർ റേസിൽ 34,000 കിലോമീറ്റർ പിന്നിട്ട ഒരേയൊരു ഇന്ത്യക്കാരനാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1988-ൽ യുകെയിൽ നിന്ന് മൈക്രോലൈറ്റ് വിമാനത്തിൽ ഇന്ത്യയിലേക്കുള്ള തന്റെ യാത്രയെ 'ആൻ എയ്ഞ്ചൽ ഇൻ ദ കോക്ക്പിറ്റ്' എന്ന പേരിൽ അദ്ദേഹം പുസ്തകമായി എഴുതിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്‌സിന്റെ ഓണററി എയർ കമ്മഡോർ പദവിയും അദ്ദേഹത്തിന് ലഭിച്ചു. 2006-ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ സ്വത്തുക്കൾ മകന് കൊടുത്തതോടെ അദ്ദേഹത്തിന് എല്ലാം പിഴച്ചു.

ശതകോടീശ്വരൻ ഇന്ന് വാടകവീട്ടിൽ

വിജയ്പത് തന്റെ കമ്പനിയുടെ അധികാരം 2015-ൽ മകൻ ഗൗതം സിംഗാനിയയ്ക്ക് കൈമാറി. അതോടെ എല്ലാം കൈവിട്ടു. അധികാരത്തിനുവേണ്ടി പിതാക്കന്മാരെ തടവിലുള്ള മുഗൾ രാജക്കാന്മാരുടെ പ്രതിരൂപമായി മകൻ. പിതാവ് എല്ലായിടത്തുനിന്നും പുറത്തായി.

കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും (ഏകദേശം 1000 കോടി മൂല്യം) അദ്ദേഹം മകൻ ഗൗതമിന് നൽകി. സ്വത്തുക്കൾ കിട്ടിയതോടെ ഗൗതം പിതാവിനെ പുറത്താക്കി. മകൻ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. വിജയ്പത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മലബാർ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്പത് മുംബെ ഹൈക്കോടതിയെ സമീപിച്ചു. 1960-ൽ ആണ് മലബാർ ഹില്ലിൽ ജെകെ ഹൗസ് എന്ന കെട്ടിടം വിജയ്പത് നിർമ്മിച്ചത്. അന്ന് 14 നിലകളാണ് ഇതിനുണ്ടായിരുന്നത്.

2007-ൽ ആണ് ഈ കെട്ടിടം പുതുക്കിപ്പണിതത്. ഈ കെട്ടിടത്തിൽ വിജയ്പത് സിംഗാനിയ, ഗൗതം, സിംഗാനിയയുടെ അന്തരിച്ച സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവർക്ക് അപ്പാർട്ട്മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാർ. നേരത്തെതന്നെ വീണാദേവിയും മക്കളും കരാർപ്രകാരമുള്ള അപ്പാർട്ട്മെന്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിംഗാനിയയും കോടതിയെ സമീപിച്ചത്.

ബിസിനസ് ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിജയ്പത് സിംഗാനിയ, 'കുട്ടികൾക്ക് എല്ലാം നൽകുന്നതിന് മുമ്പ് മാതാപിതാക്കൾ വളരെ ശ്രദ്ധാപൂർവ്വം ചിന്തിക്കണം എന്നും, തന്റെ മകന് എല്ലാം നൽകി താൻ ഒരു വലിയ അബദ്ധം ചെയ്തുവെന്നും' പറഞ്ഞത് വലിയ വാർത്തയായിരുന്നു. കമ്പനിയുടെ ചില ഭാഗങ്ങൾ നൽകാൻ ഗൗതം സമ്മതിച്ചെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നുവെന്ന് വിജയ്പത് സിംഗാനിയ പറഞ്ഞു. " എനിക്ക് ഇപ്പോൾ ഒന്നുമില്ല. ഞാൻ അവന് എല്ലാം കൊടുത്തു. അബദ്ധവശാൽ, എനിക്ക് കുറച്ച് പണം ബാക്കിയായി. അതിനാൽ ഇന്ന് ഞാൻ അതിജീവിക്കുന്നു. അല്ലായിരുന്നെങ്കിൽ ഞാൻ റോഡിലിറങ്ങുമായിരുന്നു"- വിജയ്പത് എന്ന വയോധികൻ ഇങ്ങനെ പറയുമ്പോൾ ഏവരും ഞെട്ടി.

സഹോദരന്റെ മക്കൾക്ക് അവകാശപ്പെട്ട സ്വത്തും ഗൗതം തട്ടിയെടുത്തതായി പരാതിയുണ്ട്. ഇത്തരം പ്രശ്നങ്ങൾ കോടതിയെ സമീപിക്കുന്നതിനു പകരം കുടുംബത്തിനുള്ളിൽ രമ്യമായി പരിഹരിക്കണമെന്ന് നേരത്തേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ആർക്കും ഒന്നും കൊടുക്കാൻ കഴിയില്ല എന്നാണ്, ഗൗതമിന്റെ നിലപാട്. കേസ് ഇപ്പോഴും തുടരുകയാണ്. ഇപ്പോൾ ഗൗതമിന്റെ വിവാഹമോചനക്കേസിലും പിതാവ് വിജയ്പതിന്റെ പ്രതികരണം ഇങ്ങനെ-'പിതാവിനെ ഇങ്ങനെ പുറത്താക്കാൻ കഴിയുമെങ്കിൽ ഭാര്യയെ പുറത്താക്കാനാണോ പ്രശ്നം'!

നികുതിവെട്ടിപ്പിന് പിഴ 328 കോടി

നേരത്തേയും നികുതിവെട്ടിപ്പ് അടക്കമുള്ള പല ആരോപണങ്ങളും ഗൗതം സിംഗാനിയ നേരിട്ടിട്ടുണ്ട്. രണ്ടുവർഷം മുമ്പ് 328 കോടി രൂപ അദ്ദേഹ പിഴ അടച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 142 കാറുകൾ തീരുവ വെട്ടിച്ച് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഈ 142 കാറുകളിൽ 138 എണ്ണം വിന്റേജ് കാറുകളും, നാലെണ്ണം ആർ & ഡി കാറുകളുമായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) സിംഗാനിയയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.2018-നും 2021-നും ഇടയിൽ വിവിധ ലേല സ്ഥാപനങ്ങളിൽ നിന്നാണ് സിംഗാനിയ കാറുകൾ വാങ്ങിയത്. ഇവ യുഎസിൽ നിന്നും യുകെയിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് അയച്ചതായി ഡിആർഐ പറയുന്നു. എന്നാൽ ഇന്ത്യൻ കസ്റ്റംസിന് സിംഗാനിയ സമർപ്പിച്ച ഇൻവോയ്‌സുകൾ ദുബായ്, യുഎസ്, ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുകളിൽ ഉള്ളവയായിരുന്നു.വിന്റേജ് കാറുകളുടെ ഇറക്കുമതിക്ക് ബാധകമായ 251.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കാനായിരുന്നു ഇത്.

അതുപോലെ ഓഹരിയുടമകളുടെ പണം എടുത്ത് ചൂതാടുന്നതടക്കമുള്ള നിരവധി ആരോപണങ്ങൾ ഗൗതം സിംഗാനിയക്കെതിരെ വന്നെങ്കിലും അവയൊന്നും കമ്പനിയെ ബാധിക്കുന്ന നിലയിലേക്ക് വന്നിട്ടില്ല. പക്ഷേ ഇപ്പോഴത്തെ വിവാഹമോചന വാർത്തയും, തുടർന്നുണ്ടായ ഭാര്യയുടെ വെളിപ്പെടുത്തലുമെല്ലാം, ഗൗതം സിംഗാനിയയെ തകർക്കുന്ന രീതിയിലേക്കാണ്് മാറുന്നത്. ഒരു പ്രശസ്ത അഭിഭാഷകന്റെ മകളായ നവാസ്, നിയമം പഠിച്ചിരുന്നുവെങ്കിലും ഫിറ്റ്നസ് ട്രെയിനർ എന്ന നിലക്കാണ് ശ്രദ്ധേയായത്. വിവാഹത്തിന് എട്ട് വർഷം മുമ്പ് അവൾ, സിംഗാനിയയുമായി ഡേറ്റിങ് നടത്തിയിരുന്നു. വേഗതയേറിയ കാറുകളെ ഇഷ്ടപ്പെടുന്നവരായിരുന്നു അവർ ഇരുവരും. 1999ലാണ് 29 വയസ്സുള്ള നവാസിനെ ഗൗതം വിവാഹം കഴിച്ചത്. അവർക്ക് രണ്ടുകുട്ടികളുണ്ട്.

ഗൗതം സിംഗാനിയ, എക്‌സിലാണ് 32 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിയുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. ഇത് മുൻകാലത്തെപ്പോലെ ദീപാവലിയല്ലെന്നും അദ്ദേഹം എഴുതി. ദീപാവലിക്ക് മുമ്പുള്ള ആഘോഷത്തിന് സിംഗാനിയ സംഘടിപ്പിച്ച പാർട്ടിയിൽ നവാസിനെ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. തന്റെ പോസ്റ്റിൽ, 'സമീപ കാലത്തെ നിർഭാഗ്യകരമായ സംഭവവികാസങ്ങളെ' കുറിച്ച് സിംഗാനിയ പരാമർശിച്ചു, "ഞാനും നവാസും ഇവിടെ നിന്ന് വ്യത്യസ്ത വഴികൾ പിന്തുടരുമെന്നാണ് എന്റെ വിശ്വാസം. രണ്ട് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മികച്ചത് ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്'-അദ്ദേഹം പറഞ്ഞു.

അതോടൊപ്പം റയ്മണ്ടിന്റെ പുതിയ മൂന്ന് പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അടക്കമുള്ളവയെക്കുറിച്ചും അദ്ദേഹം എഴുതി. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ 5,000 കോടിയിലധികം (678 ദശലക്ഷം യുഎസ് ഡോളർ) വരുമാന സാധ്യതയുള്ള മൂന്ന് പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നേടിയെടുത്തതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പക്ഷേ വിവാഹമോചന വാർത്ത വരികയയും വൻ തുകക്ക നവാസ് ഡിവോഴ്സ് നോട്ടീസ് അയക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു. മറ്റ് ഡയറ്ക്ടേഴ്സം ഭൂരിഭാഗം ഓഹരി ഉടമകളും ഗൗതമിന് എതിരാണ്. സ്വന്തം പിതാവിനെ വരെ ചതിച്ച കഥ പാട്ടായത് അയാളുടെ കംപ്ലീറ്റ് മാൻ ഇമേജ് ഇടിച്ചുകളഞ്ഞു. 'ദ കംപ്ലീറ്റ് നോട്ടോറിയസ് വില്ലൻ' എന്നാണ് ട്രോളുകൾ വരുന്നത്. ഇനി റയ്മണ്ടിൽ ഗൗതം ഉണ്ടാവുമോ എന്ന കാര്യംപോലും കണ്ടറിയേണ്ടതാണ്.

വാൽക്കഷ്ണം: തന്റെ ധൂർത്തിനും ഭ്രാന്തിനും വേണ്ടി കോടികൾ ചെലവഴിക്കുമ്പോഴും, സ്വന്തം പിതാവ് അടക്കമുള്ളവർക്ക് പത്തുപൈസ കൊടുക്കാത്ത പിശുക്കനായാണ് ഗൗതം സിംഗാനിയ അറിയപ്പെടുന്നത്. പക്ഷേ അദ്ദേഹം ഉദാരമായി ഒരു കാര്യത്തിന് പണം നൽകും. അതാണ് ക്ഷേത്ര നിർമ്മാണം. കഴിഞ്ഞ വർഷം നവിമുംബൈയിൽ, ആന്ധ്രയിലെ തിരുപ്പതി ബാലാജിക്ഷേത്രത്തിന് സമാനമായി ഉയരുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജക്ക്, ഗൗതം സിംഗാനിയയും ഉണ്ടായിരുന്നു. ലക്ഷങ്ങൾ അദ്ദേഹം ക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും കൊടുത്തു. സ്വന്തം പിതാവിനെ നോക്കിയില്ലെങ്കിലും, ദൈവത്തെ കൂടെ നിർത്താൻ ഗൗതം നന്നായി ശ്രമിക്കുന്നുണ്ട്!