രണാനന്തരം ജീവിതമുണ്ടോ എന്ന ചോദ്യത്തിന്, ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു. "മനുഷ്യന്റെ ജീവിതം അവസാനിക്കുന്നത് കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്യുന്നതുപോലെയാണ്. സ്വർഗവും നരകവും ഒന്നുമില്ല. അതൊരു കെട്ടുകഥയാണ്. കഴിഞ്ഞ 49 വർഷമായി മരണം നേരത്തെ വരുമെന്നു കരുതി ജീവിച്ചയാളാണ് ഞാൻ. എനിക്കു മരിക്കാൻ യാതൊരു പേടിയുമില്ല. എന്നാൽ എനിക്കു മരിക്കാൻ ധൃതിയൊന്നുമില്ല. എനിക്കു ചെയ്തു തീർക്കാനുള്ള കാര്യങ്ങളുണ്ട്. തലച്ചോറിനെ ഒരു കമ്പ്യൂട്ടറായാണ് ഞാൻ കാണുന്നത്. ഘടകഭാഗങ്ങളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ അതിന്റെ പ്രവർത്തനം നിലയ്ക്കും. പ്രവർത്തനം നിലച്ച കമ്പ്യൂട്ടറുകൾക്ക് സ്വർഗവും മരണാനന്തര ജീവിതവും ഇല്ല. ഇരുളിനെ പേടിക്കുന്നവർക്കുള്ള ഒരു കെട്ടുകഥ മാത്രമാണിത്"- ഹോക്കിങ് ചൂണ്ടിക്കാട്ടി.

2018-ൽ അന്തരിക്കുന്നതുവരെ മരണാനന്തര ജീവിതം എന്ന ആശയത്തിനെതിരെയാണ് ഹോക്കിങ്് സംസാരിച്ചത്. ലോക പ്രശസ്ത പരിണാമ ശാസത്രഞ്ജനും നവനാസ്തികനുമായ, റിച്ചാർഡ് ഡോക്കിൻസ്തൊട്ടുള്ള ഒരുപാട് പേർ ഇതേ ആശയാക്കാരാണ്. ഇന്നു മരണാനന്തരം ജീവിതം, ഭൂതം, പ്രേതം, ആത്മാവ് തുടങ്ങിയതൊക്കെയും ശാസ്ത്രീയ വീക്ഷണമുള്ളവരുടെ കാഴ്ചപ്പാടിൽ വെറും കെട്ടുകഥകൾ മാത്രമാണ്. ക്ഷേ ഈ ലോകത്ത് ഭൂരിപക്ഷവും വിശ്വാസികളാണെല്ലോ. അവരെ സംബന്ധിച്ച് പണ്ടുകാലം മുതൽക്കേ അലട്ടുന്ന സമസ്യയാണ് മരണാനന്തര ജീവിതം. ഇക്കാര്യത്തിൽ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നിലും തെളിവ് കിട്ടിയിട്ടില്ല.

പക്ഷേ വിശ്വാസങ്ങൾക്കും മിത്തുകൾക്കും തെളിവുകൾ വേണമിന്നില്ലല്ലോ. അതുപ്രകാരം ലോകത്തിൽ പ്രചരിച്ചുകൊണ്ടിക്കുന്ന ഒരു കൾട്ടാണ്, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ. ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലെ അന്ധവിശ്വാസം എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ സാത്താൻ സേവക്കാരെയോ, ഇല്യൂമിനാറ്റി കൾട്ടുകളെപ്പേെോലായൊ, ഡാർക്ക് വെബ് ടീമുകളെപ്പോലെയോ, അല്ല ഇവർ. അടിമുടി മോഡേണാണ്. സാത്താൻ സേവകരെപ്പോലെ, രാത്രിയിലെ രക്ത-മാസം പാനത്തിന്റെയൊന്നും നിറം പിടിപ്പിച്ച കഥകൾ ഇവർക്കില്ല. പകരം, അവരുടെ പ്രവർത്തനം സൈബർ ലോകത്താണ്. രക്തം വാർന്ന് മരിച്ചാൽ ഏലിയൻസ് അഥവാ അന്യഗ്രഹജീവികളായി പുനർജ്ജനിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവർ വിശ്വസിക്കുന്നത്! ഇത് കേൾക്കുമ്പോഴാണ്, അരുണാചൽ പ്രദേശിൽ പോയി ആത്മഹത്യ ചെയ്ത മുന്ന് മലയാളികളുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.

ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41), ഇവരുടെ സുഹൃത്ത് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29) എന്നിവരുടെ ദുരൂഹമായ ആത്മഹത്യ പല വിധത്തിലുള്ള സംശയവും ഉയർത്തുകയാണ്. അതിൽ എറ്റവും പ്രധാന സംശയം, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ എന്ന ആധുനിക അന്ധവിശ്വാസം, കേരളത്തലും എത്തിയോ എന്നതാണ്!

അവർ എന്തിന് അരുണാചലിൽപോയി മരിച്ചു?

കേരളത്തെ ഞെട്ടിച്ച ആത്മഹത്യയിൽ ഉയരുന്ന പ്രധാന ചോദ്യം അവർ എന്തിനാണ്, ഇത്രും ദൂരം താണ്ടി അരുണാചലിൽ പോയി മരിച്ചത് എന്നാണ്. തണുപ്പിൽ ചോരവാർന്ന് മരിച്ചാൽ അന്യഗ്രഹ ജീവികളായി പുനർജ്ജനിക്കാമെന്ന വിചിത്രമായ അന്ധവിശ്വാസമായിരുന്നോ ഇതിന് പുറകിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ട്.

മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ നവീനിന്റെ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന് പിന്നിൽ മറ്റൊരുടെയെങ്കിലും സമ്മർദ്ദമോ പിന്തുണയോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. സാത്താൻ സേവ ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിന് ബ്ലാക് മാജിക്കുമായി ബന്ധമുണ്ടെന്ന് ദേവിയുടെ ബന്ധുവായ സൂര്യകൃഷ്ണമൂർത്തി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. കടബാധ്യതകളില്ലെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയിൽനിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പിൽ പറയുന്നത്. മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുകയാണ്. രക്തമാണ് ഇഹലോക ജീവിതത്തിന്റെ അടിസ്ഥാനമെന്നും രക്തം വാർത്ത് മരിച്ചാലേ ഏലിയൻ ആവുകയുള്ളൂ എന്നുമാണ് ഈ കൾട്ടിന്റെ സിദ്ധാന്തങ്ങളിൽ ഒന്ന്.

ആര്യ മകളാണെന്നു പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മൂവരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രണ്ടു യുവതികളിൽ ആര്യയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. . അതായത് ആര്യ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നിരുന്നു.നവീനും ദേവിയും ആര്യയും ആരുമായും ഇടപെടാത്ത പ്രകൃതമായിരുന്നു. എന്നാൽ ചില ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പുനർജ്ജനിയെന്നൊരു ഗ്രൂപ്പിലേക്ക് ചില സംശയങ്ങൾ ഉയരുന്നുണ്ട്. മരിച്ചവരുടെ ഫോൺ പരിശോധനയിൽ ഇത് തെളിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

എട്ടു കൊല്ലമായി ദേവിയും ആര്യയും സുഹൃത്തുക്കളാണ്. സ്‌കൂളിൽ അദ്ധ്യാപകരെന്ന നിലയിലാണ് പരിചയം തുടങ്ങിയത്. രണ്ടു പേരും അന്ന് വട്ടിയൂർക്കാവ് പ്രദേശത്താണ് താമസം. അതുകൊണ്ട് തന്നെ യാത്രകളും മറ്റും ഒരുമിച്ചായി. ഈ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നു. നവീന്റെ ഇത്തരം റീ ഇൻകാർനേഷൻ കൾട്ട് ചിന്തകകളെ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഏലിയൻസ് ആവാൻവേണ്ടി ആളുകൾ മരിച്ചുവെന്നത് നമുക്ക് അത്ഭുതമാവും പക്ഷേ, ലോകത്ത് അത് അപൂർവമല്ല. അങ്ങനെയും ഒരു ചെറിയ വിഭാഗം ലോകത്തുണ്ട്.


തുടക്കമിട്ടത് നാസ ശാസ്ത്രജ്ഞൻ

രണ്ടുവർഷം മുമ്പ് അമേരിക്കയിലെ മിയാമിയിൽ ഒരു റിട്ടയേഡ് പ്രൊഫസറും ഭാര്യയും ആത്മഹത്യചെയ്തത്, തങ്ങൾ ഉയർത്തെഴുനേൽക്കുമെന്ന വിശ്വാസംമൂലമായിരുന്നു. 'ഹാലോ കൾട്ട്' എന്ന ഈ വിഭാഗത്തെക്കുറിച്ച് ബിബിസി അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1993-ൽ നുറോളം പേരുടെ മരണത്തിനിടയാക്കിയ ഡേവിഡ് കൊറേഷിന്റെ കൾട്ടിനുശേഷവും ചെറുതും വലതുമായ നിരവധി കൾട്ടുകൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്്. സെവൻത് ഡേ അഡ്വെന്റിസ്റ്റുകളുടെ ഒരു മതവിഭാഗവും ശാഖയുമായ ഡേവിഡിയൻസ് ബ്രാഞ്ചിന്റെ തലവൻ എന്ന നിലയിൽ, കോറേഷ് അതിന്റെ അന്തിമ പ്രവാചകനാണെന്ന് അവകാശപ്പെട്ടാണ് അണികളെ മയക്കിയത്. ഒടുവിൽ ബാലപീഡനവും, മയക്കുമരുന്ന് ഉപയോഗവുമായി കേസുകളുടെ പരമ്പരയാണ് കൊറേഷിനെ കാത്തിരുന്നത്. ഇപ്പോഴും യൂറോപ്പിലും അമേരിക്കയിലുമെല്ലാം, ഒരു ചെറുവിഭാഗം ഇത്തരം ഗ്രൂപ്പുകളിലുണ്ട്.

പക്ഷേ ആധുനിക അന്ധവിശ്വാസമായി വരുന്ന പുനർജ്ജിനി കൾട്ടുകൾ ഇത്തരം ഡ്രഗ് കൾട്ടുകളിൽനിന്നും, സാത്താൻ സേവകരിൽനിന്നും തീർത്തും വ്യത്യസ്തരാണ്. സമാധാനപരമായി സൈബർ ലോകത്താണ് അവരുടെ പ്രചാരണം.
ഈ ആധുനിക അന്ധവിശ്വാസികൾക്ക് അടിത്തറ പാകിയതും നാസയിലെ ഒരു ശാസ്ത്രജ്ഞനാണ്. നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെൺഹെർ വോൺ ബ്രൗൺ താൻ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവെന്ന വാദവുന്നയിച്ചിരുന്നു. ബ്രൗണിന്റെ കരുത്തിലാണ് അമേരിക്ക അന്നത്തെ കാലത്ത് സോവിയറ്റ് യൂണിയന്റെ മേൽ ബഹിരാകാശ മേധാവിത്വം നേടിയത്. 'ദി തേഡ് ബുക്ക് ഓഫ് വേഡ്‌സ് ടു ലിവ് ബൈ' എന്ന തന്റെ പുസ്തകത്തിൽ റോക്കറ്റ് എൻജിനീയറായ ബ്രൗൺ പറയുന്നത് പ്രപഞ്ചത്തിന്റെ തത്വങ്ങൾ പ്രകാരം ദൈവവും മരണാനന്തര ജീവിതവും ഉണ്ടെന്ന് തെളിയിക്കുന്നു എന്നാണ്.

പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല. അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നതും അത് കൂടുതൽ സന്മാർഗികമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നമ്മുടെ പുതിയ ലോകത്ത് പല ആളുകളും കരുതുന്നത് ശാസ്ത്രം എങ്ങനെയോ മതപരമായ ആശയങ്ങളെ പൂർണ്ണമായും കാലഹരണപ്പെട്ടതാക്കിയിരിക്കുന്നു എന്നാണ്. എന്നാൽ, താൻ കരുതുന്നത് ശാസ്ത്രം അവിശ്വാസികൾക്ക് ഒരു സർപ്രൈസ് കരുതിവച്ചിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഉദാഹരണത്തിന് ശാസ്ത്രം പറയുന്നത് ലോകത്തുള്ള ഒന്നിനും ഒരു ചെറിയ കണികയ്ക്കുപോലും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്.

ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിയിൽ നാമാവശേഷമാകൽ ഇല്ല. രൂപാന്തരീകരണം മാത്രമെയുള്ളൂ. ദൈവം ഈ പ്രാഥമിക തത്വം തന്റെ ലോകത്തിന്റെ ഏറ്റവും അപ്രസക്തമായ ഭാഗത്തുപോലും നടപ്പിലാക്കുന്നെങ്കിൽ അതിന്റെ ഏറ്റവും ഉന്നത രൂപമായ മനുഷ്യന്റെ ആത്മാവിനെ എങ്ങിനെ ഒഴിവാക്കും? ശാസ്ത്രം തന്നെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ വച്ച് മരണത്തിനു ശേഷം ആത്മാവ് തുടർന്നും ജീവിക്കുമെന്ന വിശ്വാസം ബലപ്പെടുത്തുന്നു. ഒന്നിനും ഒരടയാളം പോലും ബാക്കിവയ്ക്കാതെ നശിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ബെർളിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ബിരുദമെടുത്ത ബ്രൗൺ നാസികളുടെ ജർമ്മനിക്കുവേണ്ടി വിനാശകാരിയായ വി2 റോക്കറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. യുദ്ധത്തിനു ശേഷം അമേരിക്കക്കാർ അദ്ദേഹത്തെ യുഎസ് ആർമി ബാലിസ്റ്റിക്-വെപൺപ്രോഗ്രാമിന്റെ ഡയറക്ടറാക്കുകയായിരുന്നു. അദ്ദഹം 1955ലാണ് അമേരിക്കൻ പൗരനാകുന്നത്. തുടർന്ന് രൂപീകരിച്ച നാസയിലേക്ക് ട്രാൻസ്ഫർ നൽകുകയായിരുന്നു. ഒരു അതീതശക്തിയിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഏക ശാസ്ത്രജ്ഞനല്ല ബ്രൗൺ. ഒരുപാട് പേർ അദ്ദേഹത്തെ പിന്തുടർന്ന് പുനർജ്ജനി കൾട്ടുകളിൽ എത്തി. പക്ഷേ വിദ്യാഭ്യാസവും പദവിയുമല്ല, അറിവിന്റെ അടിസ്ഥാനമെന്നും, നൂറുശതമാനവും അശാസ്ത്രീയമായ കാര്യങ്ങളാണ്, ഇദ്ദേഹം പറയുന്നത് എന്നും റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ള ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഊർജത്തിന്റെ രൂപാന്തരീകരണത്തനും ആത്്മാവുമായി ഒന്നും യാതൊരു ബന്ധവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

'ഏലിയൻസിൽനിന്ന് ഗർഭം ധരിച്ചു'

അന്യഗ്രഹജീവികളെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നെല്ലാമുള്ള വാർത്തകൾ നാം ഇടക്കിടെ കേൾക്കാറുണ്ട്. അങ്ങനെ പറക്കും തളികളെ 'കണ്ടവരുടെ' കൂട്ടായ്മകൾ പോലും അമേരിക്കയിൽ ഉണ്ടാവാറുണ്ട്. ഇക്കൂട്ടരാണ്, തലയിൽ ചില ഇലട്രോണിക്ക് ചിപ്പുകൾ ഘടിപ്പിച്ച് രക്തം വാർന്ന് മരിച്ചാൽ ഏലിയൻസ് ആവാമെന്ന് വിശ്വസിക്കുന്നത്.

അന്യഗ്രഹജീവികൾ ഭൂമിയിലെത്തി ആളുകളെ തട്ടിക്കൊണ്ടുപോകുന്നുവെന്നും സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നെന്നും അങ്ങനെ ഒരു സ്ത്രീ ഗർഭിണിയാണെന്നുപോലും കഴിഞ്ഞ വർഷം വാർത്തയുണ്ടായിരുന്നു. ബ്രിട്ടനിലെ വിഖ്യത പത്രമായ 'ദ സണ്ണിന്റെ' റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പ്രമുഖ മാധ്യമങ്ങളിൽ അന്യഗ്രഹ ജീവികളുടെ ശാരീരിക ബന്ധം വലിയ വാർത്തയായിരുന്നു. പറക്കുന്ന അജ്ഞാത വസ്തുക്കൾ (യുഎഫ്ഒ) മനുഷ്യർ കണ്ടതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ പെന്റഗൺ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാർത്ത. 2007 മുതൽ 2012 വരെയുള്ള യുഎഫ്ഒ സംഭവങ്ങളാണ് പെന്റഗൺ ശേഖരിച്ചത്. തീർത്തും രഹസ്യമായാണ് ഈ പദ്ധതി നടന്നത്. ഈ റിപ്പോർട്ടിന്റെ 1500 പേജുകൾ പുറം ലോകം കണ്ടതോടെയാണ് ഈ വാർത്തകൾ വരുന്നത്. ഗർഭധാരണം, റേഡിയേഷൻ പൊള്ളൽ, മസ്തിഷ്‌ക ക്ഷതം എന്നിങ്ങനെ യുഎഫ്ഒ ദർശനത്തിലൂടെ സംഭവിച്ച വിചിത്രമായ കഥകൾ പെന്റഗൺ സമാഹരിച്ചതായി 1,500ലധികം പേജുള്ള രേഖകളിൽ പറയുന്നുണ്ട്്.

അമേരിക്കയിലെ വിവരാവകാശ നിയമമായ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്റ്റ് പ്രകാരം, ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സൺ നൽകിയ അപേക്ഷയിലാണ് രേഖകൾ പുറത്തുവന്നത്. പക്ഷേ ഇവയൊന്നും വെറും പഠനങ്ങളല്ല അനുഭവസ്ഥരുടെ അവകാശവാദങ്ങൾ മാത്രമാണ് എന്ന് മറന്നുകൊണ്ടാണ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചമച്ചത്. ഈ അബദ്ധങ്ങൾ ഏറ്റുപിടിക്കാനും കേരളത്തിൽ പോലും അളുകൾ ഉണ്ട്. മലയാള മനോരമ ഓൺലൈൻ കൊടുത്ത തലക്കെട്ട്. 'അന്യഗ്രഹ ജീവികൾക്കു മനുഷ്യരുമായി ലൈംഗിക ബന്ധം; ഒരു സ്ത്രീ ഗർഭിണിയായെന്ന് റിപ്പോർട്ട്' എന്നാണ തലക്കെട്ട്.

വാർത്തയിൽ ഇങ്ങനെ പറയുന്നു-"യുഎഫ്ഒ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ മൂലമുള്ള പൊള്ളൽ, മസ്തിഷ്‌ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കുകയോ ചെയ്യും. റേഡിയേഷനിൽ നിന്നുള്ള ചൂടും പൊള്ളലും, തലച്ചോറിൽ ക്ഷതമുണ്ടാക്കുകയും, ഞരമ്പുകളെ തളർത്തുകയും ചെയ്യും. അതേസമയം, പെന്റഗണിന്റെ രഹസ്യ ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, അനോമലസ് ബിഹേവിയർ, പ്രേതങ്ങൾ, ആത്മാക്കൾ, മറ്റ് ഐതിഹാസിക വസ്തുതകൾ എന്നിങ്ങനെ തരംതിരിച്ചുള്ള റിപ്പോർട്ടുകളുണ്ടെന്നും പഠനം വ്യക്തമാക്കി.മനുഷ്യരും അന്യഗ്രഹജീവികളും തമ്മിലുള്ള ബന്ധം പെന്റഗൺ രേഖകളിൽ അക്കമിട്ട് നിരത്തുന്നു. സംഭവത്തിന്റെ പഠനറിപ്പോർട്ടും പുറത്തു വിട്ടിരിക്കുകയാണ് ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി. '- ഇങ്ങനെയാണ് മനോരമ വാർത്ത അവസാനിക്കുന്നത്. ഇവിടെ പെന്റഗൺ നടത്തിയത് അനുഭവങ്ങളുടെ റിപ്പോർട്ടിങ്ങ് മാത്രമാണ്. അന്യഗ്രഹജീവികളെ കണ്ടു എന്ന് പറയുന്നവരിൽ നടത്തിയ പഠനങ്ങളിൽ അത് നൂറുശതമാനവും പൊളിയുകയാണ് ചെയ്തത്.


പ്രശ്നം മാനസിക വിഭ്രാന്തി

യുഎഫ്ഒ അനുഭവം ഉണ്ടായി എന്ന് പറയുവരിൽ അറുപതു ശതമാനത്തിനും കൂടിയോ കുറഞ്ഞോ അളവിൽ മാനസിക വിഭ്രാന്തിയുണ്ടെന്നാണ്, മൂന്നുവർഷംമുമ്പ് ജെയിംസ് റാൻഡി ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ വ്യക്തമായത്. അമേരിക്കൻ ആസ്ട്രോണമേഴ്സ് അസോസിയേഷന്റെ പഠനത്തിൽ മനസ്സിലായത്, ഇങ്ങനെ പറയുന്നവരിൽ നല്ലൊവു ശതമാനം പേരും ചീപ്പ് പബ്ലിസ്റ്റി ലക്ഷ്യമിടുന്നുവെന്നാണ്. ഹോക്സ് വാർത്തകളിലുടെയുള്ള പ്രശ്സ്തയും യട്യൂബ് ചാനൽ വരുമാനവുമൊക്കെയാണ് അവർ ലക്ഷ്യമിടുന്നത്. മറ്റ് ചിലർ ആവട്ടെ ഉൽക്കകൾ അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളെ കണ്ട് തെറ്റിദ്ധരിച്ച് അത് അന്യഗ്രജീവികളാണെന്ന് പറയുന്നുവരുമാണ്.

എന്തായാലും നാസ അടക്കമുള്ള ലോകത്തിലെ എറ്റവും വലിയ ബഹിരാകാശ എജൻസി തൊട്ട് നമ്മുടെ ഐസ്ആർഒ വരെ അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷേ ഇതുവരെ പോസറ്റീവായ യാതൊരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ഒരു തെളിവ് ആരെങ്കിലും കൊണ്ടുവന്നാൽ അത് നൊബേൽ സമ്മാനത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. എന്നിട്ടും ഏലിയൻസ് കൾട്ടിന്റെ പിറകേ പോരാൻ ആളുകളുണ്ട്.

ഇനി അന്യഗ്രഹജീവികളിൽ നിന്ന് ഒരു സ്ത്രീ ഗർഭിണിയായെങ്കിൽ അത് ഒരു ലോകമാഹാത്ഭുദമല്ലേ. എവിടെയാണ് ആ സ്ത്രീ ജീവിച്ചിരിക്കുന്നത്. എന്താണ് അത് വെളിപ്പെടുത്തതാണ് എന്നാണ് ശാസ്ത്ര പ്രചാരകർ ചോദിക്കുന്നത്. മാത്രമല്ല ആ സ്ത്രീയുടെ ഗർഭം പരിശോധിച്ചാൽ അതിൽ അസാധാരണത്വം മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ചുമ്മാ എഴുതിവിടുകയല്ലാതെ ദ സൺ മറ്റ് ഡീറ്റേയിൽസ് വെളിപ്പെടുത്തുന്നില്ല. നേരത്തെ നടന്ന ഇത്തരം പരിശോധനകളിൽ പലതും വ്യാജമാണെന്നാണ് തെളിഞ്ഞത്.

പെന്റഗൺ ആവട്ടെ ഒരു പഠനം അല്ല യുഎഫ് അനുഭവം ഉണ്ടായവരുടെ വിവരശേഖരണമാണ് നടത്തുന്നത്. മുൻ പ്രോഗ്രാം ഡയറക്ടർ ലൂയിസ് എലിസോണ്ടോ 2017ൽ പെന്റഗണിൽ നിന്ന് രാജിവെച്ചതിന് ശേഷം ചില യുഎഫ്ഒ സംബന്ധിയായ വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് ഇത്തരം ഒരു പദ്ധതി പെന്റഗൺ നടത്തുന്നതായി പുറം ലോകം അറിഞ്ഞത്
അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയതായി വിശ്വസിക്കാവുന്ന ഒരു തെളിവും പുതിയ രേഖകളിലോ മുൻപോ ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം. ബഹിരാകാശത്ത് അന്യഗ്രഹ ജീവനെക്കുറിച്ച് സൂചന ലഭിക്കാനും, കൂടുതൽ പഠനത്തിനും വേണ്ടി നിരന്തരശ്രമം നടത്തുന്നുണ്ട്. ഈ സംഘടനകൾക്കൊക്കെ യുഎസിന്റെ ഫണ്ട് കിട്ടുന്നതിനായി ഇടക്കിടെ അന്യഗ്രഹജീവികളെ ലൈവാക്കി നിർത്തുകയാണെന്നാണ് ആക്ഷേപം.

സൈബർ ലോകത്തിലൂടെ പടരുന്നു

അന്യഗ്രഹജീവികളിൽനിന്ന് കുട്ടുകൾ ഉണ്ടാവും എന്ന് വിശ്വസിക്കുന്നവർ പോലുമുണ്ട് എന്ന് പറഞ്ഞാൽ നാം അമ്പരന്നുപോവും. നല്ല നിലാവുള്ള സമയത്ത് ഒറ്റക്ക് ആകാശത്തേക്ക് നോക്കിക്കിടക്കയാണത്രേ ഇതിന് വേണ്ടത്. ഇയർ പ്ലഗുകൾ വഴി തലയിലേക്ക് റേഡിയോ സിഗ്നൽ കയാറാനുള്ള ഒരു ആന്റിനയും ഇതോടൊപ്പം ഉണ്ടാവും. ആ സിഗ്നൽ കണ്ടാണ് ഏലിയൻസ് വരുന്നതെന്നാണ്, ഇവരുടെ സൈബർ കൂട്ടായ്മകളിൽ പ്രചാരണമെന്ന് ദ സൺ പത്രം പറയുന്നു!

ശാസ്ത്രജ്ഞർ എന്നു പറയുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടാക്കുന്ന കപടശാസ്ത്രമാണ്, സമൂഹത്തിന് ഏറ്റവും ഹാനികരമാന്നത്. അതിൽ ഒരാളാണ് യു.എസിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെഫ്രി ലോങ്. മരണാനന്തര ജീവിതം എന്നൊന്നുണ്ടെന്ന് തറപ്പിച്ചു പറയുകയാണ് അദ്ദേഹം. മരണാസന്നരായ 5,000ത്തിലേറെ പേരുടെ ജീവിതം പഠിച്ചതിനു ശേഷമാണ് അദ്ദേഹം ഈ 'നിഗമന'ത്തിലെത്തിയത്. ഇതുസംബന്ധിച്ച് ഒരു ലേഖനവും അദ്ദേഹം ഇൻസൈഡറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണാസന്നരായ രോഗികളിൽ 45 ശതമാനത്തിനും ശരീരമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വിവരിക്കുന്നു. അവരുടെ പ്രജ്ഞ ശരീരത്തിൽ നിന്ന് നഷ്ടമായിരിക്കും. അവരെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് വല്ലാത്ത ഒരു അനുഭവമാണ്.

"ഈയവസ്ഥയിൽ തങ്ങളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതായി ആളുകൾ പറയുന്നു. ചിലർ തുരങ്കത്തിലൂടെ കടന്നുപോകുന്നു. അതിനു ശേഷം അവർ വെളിച്ചത്തിലെത്തുന്നു. അവിടെ അവരുടെ വളർത്തുമൃഗങ്ങളടക്കമുള്ള പ്രിയപ്പെട്ടവർ സ്വീകരിക്കാനായി കാത്തിരിപ്പുണ്ടാകും. കൂടുതൽ ആളുകളും വല്ലാത്ത സമാധാനവും ശാന്തതയും അനുഭവിക്കുന്നതായാണ് പറഞ്ഞത്. മറ്റൊരു ലോകം എന്ന് പറയുന്നത് സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അനുഭവം പോലെ അവർക്ക് തോന്നുന്നു."-ഡോക്ടർ തന്റെ പുസ്‌കത്തിൽ വിവരിക്കുന്നു. എന്നാൽ ഈ അനുഭവത്തിന് ശാസ്ത്രീയമായ വിശദീകരണം നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയമിടിപ്പ് ഇല്ലാത്ത, കോമയിലോ ക്ലിനിക്കലി ഡെഡോ ആയ ഒരാൾ, അവർ കാണുകയും കേൾക്കുകയും വികാരങ്ങൾ അനുഭവിക്കുകയും മറ്റ് ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന ഒരു വ്യക്തമായ അനുഭവം. അതാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് എന്നാണ് ഡോക്ടറുടെ നിർവചനം. സൈബർ ലോകത്ത് മരണാനന്തര കൾട്ടുകാർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ഈ ഡോക്ടറുടെ എഴുത്താണ്. പക്ഷേ ഈ ഇതെല്ലാം ഒന്നാന്തരം കപട ശാസ്ത്രത്തിന് ഉദാഹരണമാണെന്ന് പ്രമുഖ ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണാസന്നനായി ഉപാചയ പ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെട്ട അവസ്ഥയിൽ മനുഷ്യർക്കുണ്ടാകുന്ന വിഭ്രാന്തികൾക്ക് താത്വികമാനം കൊടുക്കയാണ് ഡോ. ജെഫ്രി ലോങ് എന്ന് യു എസ് ശാസ്ത്രജ്ഞർ തന്നെ എഴുതിയിട്ടുണ്ട്.

പക്ഷേ നാസ ശാസ്ത്രജ്ഞൻ പറഞ്ഞുവെന്ന് പറയുന്നപോലെ, ഡോക്ടർ പറഞ്ഞുവെന്ന് പറയുന്നതിലും ഒരു ആധികാരികയുണ്ട്. അതാണ് ഏലിയസ് ക്ലബുകളിലും, പുനർജ്ജനി ഗ്രൂപ്പുകളിലും ആഘോഷിക്കപ്പെടുന്നത്. അതിന്റെ അനുരണനങ്ങൾ കേരളത്തിലും എത്തയോ എന്നാണ് അരുണാചൽ ആത്മഹത്യയിലുടെ അന്വേഷിക്കേണ്ടത്.

ആസ്ട്രൽ പ്രാജക്ഷനും സംശയത്തിൽ

ഇരകളെ 'അന്യഗ്രഹത്തിലേക്ക്' കൂടുവിട്ടു കൂടുമാറ്റുന്ന ആസ്ട്രൽ പ്രൊജക്ഷനാണോ അരുണാചലിലെ മരണത്തിൽ നടന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2017-ൽ തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന് പിന്നാലെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാക്ക് കേരളത്തിലും ചർച്ചയാവുന്നത്. സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി പരീക്ഷിച്ചതിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് വ്യക്തമായിരുന്നു.

2017 ഏപ്രിൽ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ ആ പൈശാചിക കൃത്യം നടന്നത്. വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ടപ്പോൾ വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാർ കരുതിയത്.വീടു പൊളിച്ചു അകത്തുകടന്ന പൊലീസ് ഞെട്ടി. കത്തിക്കരിഞ്ഞ അവസ്ഥയിൽ മൂന്നു മൃതദേഹങ്ങൾ. അതിനരികിൽ ടാർപ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയിൽ പുഴുവരിച്ച നിലയിൽ മറ്റൊരു മൃതദേഹം. അടുത്ത് പകുതി കത്തിയ നിലയിൽ ഒരു ഡമ്മി.പ്രൊഫസർ രാജാ തങ്കം, ഭാര്യ ഡോക്ടർ ജീൻപത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജാ തങ്കത്തിന്റെ മകൻ കേഡൽ ജിൻസൺ രാജയെ കാണാനില്ല. ഇത് പൊലീസിൽ സംശയം ജനിപ്പിച്ചു.

കേരളം അരിച്ചുപെറുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാംപക്കം കേഡൽ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടിയിലായി. ചെന്നൈയിലെ ഒളിവ് വാസത്തിന് ശേഷം നാട്ടിലേക്ക് വന്ന കേഡലിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് ആ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നത്. ആസ്ട്രൽ പ്രൊജക്ഷന്റെ ഞെട്ടിക്കുന്ന കഥകൾ കേട്ട് കേരളം തരിച്ചിരുന്നു. ആത്മാക്കൾ പരലോകത്തേക്ക് പറക്കുന്നത് കാണാൻ വേണ്ടിയായിരുന്നു സ്വന്തം കുടുംബത്തോട് ആരും ചെയ്യാൻ മടിക്കുന്ന തരത്തിലുള്ള ക്രൂരത ചെയ്തതെന്ന് കേഡൽ പൊലീസിനോട് വെളിപ്പടുത്തി.

വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളിൽ ആകൃഷ്ടനായ താൻ 15 വർഷത്തോളമായി ആസ്ട്രൽ പ്രൊജക്ഷൻ പരിശീലിക്കുകയായിരന്നു എന്നും വീട്ടുകാരെ കൊലപ്പെടുത്താനായി മഴു അടക്കമുള്ളവ ഓൺലൈൻ വഴി വാങ്ങിയെന്നും കേഡൽ വ്യക്തമാക്കി. കുടുംബത്തിലെ ഓരോരുത്തരേയും വീടിന്റെ മുകൾ നിലയിലേക്ക് കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിൽ ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന കേഡലിനെ, കടുത്ത മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വിചാരണക്ക് പറ്റിയ ശാരീരിക സ്ഥിതി അല്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ, വിചാരണ ആരംഭിക്കാൻ സാധിച്ചിട്ടില്ല.

ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രഫസർ ആയിരുന്നു. അമ്മ ഡോ.ജീൻപത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്നു സ്വയം വിരമിച്ചു. അതിനുശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തു. മകൾ കരോളിൻ ചൈനയിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനു മൂന്നു മാസം മുൻപാണ്.കേഡൽ ജിൻസൺ ഓസ്‌ട്രേലിയയിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ചയാളാണ്.

അരുണാചൽ പ്രദേശിൽ കൊല്ലപ്പെട്ട മൂന്നു മലയാളികളുടെ കാര്യത്തിലും ആദ്യ വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യത്തിലേക്കാണ്. എന്തായാലും കേരളവും ഒന്ന് സൂക്ഷിക്കണം. കാരണം വിദ്യാസമ്പന്നരായ അന്ധവിശ്വാസികൾ ഏറെയുള്ള നാടാണെല്ലോ ഇത്.

വാൽക്കഷ്ണം: ആസ്ട്രൽ പ്രൊജക്ഷൻ മുതൽ ക്രൂരമായ നരബലി വരെയുള്ള സംഭവങ്ങൾ തുടർച്ചയായി കേരളത്തെ ഞെട്ടിക്കുകയാണ്. ആസമയത്തും അന്ധവിശ്വാസ നിർമ്മാർജന ബിൽ പെട്ടിയിലാണ്. ഇലന്തൂർ നരബലിക്കേസിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കുമെന്നു പറഞ്ഞ് സർക്കാർ പൊടിതട്ടിയെടുത്ത ബില്ലിൽ തുടർ നടപടികളൊന്നുമില്ല. ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമ പരിഷ്‌കരണ കമ്മിഷൻ 2019 ൽ സർക്കാരിനു സമർപ്പിച്ച ബില്ലാണിത്. മഹാരാഷ്ട്രാ സർക്കാർപോലും ഇതുപോലെ ഒരു നിയമം നടപ്പാക്കിയിട്ടും കേരളം പുറം തിരിഞ്ഞ് നിൽക്കയാണ്. നിയമം കൊണ്ട് എല്ലാം പരിഹരിക്കാനാവില്ല എന്നറിയാം. പക്ഷേ വ്യക്തമായ നിയമുണ്ടെങ്കിൽ അൽപ്പം ആശ്വാസം എന്നേ പറയാൻ കഴിയൂ.