മുപ്പതും മുപ്പത്തിയഞ്ചുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന, കൊലപാതകക്കേസുകളിലും ഭീകരാക്രമണങ്ങളിലുമൊക്കെ പുനരന്വേഷണം വരികയെന്നുവെച്ചാല്‍! അതാണ് ഇപ്പോള്‍ കശ്മീരില്‍ നടക്കുന്നത്. 90കളില്‍ കശ്മീര്‍ പണ്ഡിറ്റുകളെ, ഇസ്ലാമിക ഭീകരര്‍ കൊന്നൊടുക്കിയതിന്റെ പല കേസുകളും തേഞ്ഞ് മാഞ്ഞുപോയതാണ്. എന്നാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വരികയും, അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയും, 360-ാം വകുപ്പ് അടക്കം റദ്ദാക്കപ്പെടുകയും ചെയ്തതോടെ, കശ്മീരിന്റെ ഭരണ സാഹചര്യങ്ങളും ആകെ മാറുകയാണ്.

പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട ഭാഗ്യംകെട്ട ജനതയാണ് കശ്മീരിലെ പണ്ഡിറ്റുകള്‍. 90കളില്‍ ജമ്മുവില്‍ എന്ന് പലയായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളില്‍ ഏറെയും ഇന്നും അഭയാര്‍ഥി ക്യാമ്പിലാണ്. 1990 മുതല്‍ 4,00,000ലധികം കാശ്മീരി ഹിന്ദുക്കള്‍ പലായനം ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. നുറുകണക്കിനുപേര്‍ കൊല്ലപ്പെട്ടിട്ടും കൃത്യമായ അന്വേഷണം നടന്നില്ല.

അന്ന് പണ്ഡിറ്റുകളുടെ കൊലക്ക് നേതൃത്വം നല്‍കിയ പലരും ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായി വേഷം മാറി നടക്കുകയാണ്. പലരും രാഷ്ട്രീയ നേതാക്കളായി മാറി. തങ്ങളെ കൂട്ടക്കൊല ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് പണ്ഡിറ്റുകള്‍ വര്‍ഷങ്ങളായി പറയുന്നത്. പക്ഷേ ഇപ്പോള്‍ കശ്മീരി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദ്ദേശം നല്‍കിയിരുന്നു. പണ്ഡിറ്റുകളുടെ കൊലയില്‍, പ്രത്യേക അന്വേഷണ ഏജന്‍സി (എസ്‌ഐഎ) അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ്. അങ്ങനെയാണ് 35 വര്‍ഷം പഴക്കമുള്ള കേസൊക്കെ ഇപ്പോള്‍ പൊങ്ങി വരുന്നത്.



സരളയെ കൊന്നത് കൂട്ടബലാത്സംഗത്തിനുശേഷം

കാശ്മീരില്‍ സമാധാന ജീവിതം കഴിച്ചു വരുന്ന ശിവ ഭക്തരാണ് ഹിന്ദുക്കളിലെ ഉപവിഭാഗമായ പണ്ഡിറ്റുകള്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൂര്‍വികര്‍ വരെ ഉള്‍പ്പെടുന്ന ഒരു വംശീയ ന്യുനപക്ഷം. അവരോട് കാശ്മീര്‍ ഭീകരവാദികള്‍ക്കുള്ള പ്രശ്നം മതപരം കൂടിയാണ്. കശ്മീര്‍ തങ്ങളുടെ നാടാണെന്നും മറ്റൊരാളെയും അവിടെ അടുപ്പിക്കില്ലെന്നുമായിരുന്നു ഇസ്ലാമിക ഭീകരരുടെ ശാസന. 90കളില്‍ താഴ്വരയില്‍ ഭീകരവാദം ഗ്രസിച്ചപ്പോള്‍, പതുക്കെ പതുക്കെ പിറന്ന മണ്ണില്‍ കാശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ഥികളായി മാറി. 'ഇസ്ലാമിലേക്ക് മതം മാറുക, അല്ലെങ്കില്‍ പലായനം ചെയ്യുക', 'നിങ്ങളുടെ സ്ത്രീകളെ ഇവിടെ ഉപക്ഷേിച്ച് നാടുവിടുക', എന്ന അന്ത്യശാസനങ്ങള്‍ അവര്‍ക്ക് കിട്ടാന്‍ തുടങ്ങി. നിരവധി പണ്ഡിറ്റുകളെ ക്രൂരമായി കൊന്നൊടുക്കി. സര്‍ക്കാര്‍ ജോലിയുള്ളവര്‍ അത് ഉപക്ഷേിച്ച് നാടുവിടണം എന്നായിരുന്നു ഭീകരവാദികളുടെ തിട്ടൂരം.

പക്ഷേ വെറും 27 വയസ് മാത്രം പ്രായമുള്ള കശ്മീരി പണ്ഡിറ്റ് നഴ്‌സായിരുന്ന സരള ഭട്ട് അത് അനുസരിച്ചില്ല. അവര്‍ ജമ്മുകശ്മീരിലെ ശ്രീനഗറിലുള്ള ഷെര്‍ - ഇ - കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയസിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അനന്തനാഗില്‍ ജനിച്ച ഭട്ട്, 1990കളില്‍ കശ്മീരില്‍ ഭീകരവാദം ശക്തമായിരുന്ന സമയത്ത് പാക് ഭീകരവാദികളെ നേരിട്ട് എതിര്‍ക്കാന്‍ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു. 1990 ഏപ്രില്‍ 18ന് ആയുധധാരികളായ തീവ്രവാദികള്‍ സരളയെ ഹബ്ബാ ഖാത്തൂണ്‍ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കശ്മീര്‍ താഴ്വരയിലെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പണ്ഡിറ്റുകള്‍ ഒഴിഞ്ഞ് പോകണമെന്ന നിര്‍ദേശം പാലിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പിറ്റേദിവസം മല്ലാബാഗിലെ ഉമര്‍ കോളനിയില്‍ ഒന്നിലധികം വെടിയുണ്ടകള്‍ തുളച്ചുകയറി സര്‍ളയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഇന്‍ഫോര്‍മര്‍ ആണ് സരള എന്നെഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കൂട്ടാബലാത്സംഗത്തിനുശേഷമാണ് ഇവരെ കൊന്നത്.




പണ്ഡിറ്റുകളെ കശ്മീര്‍ താഴ്വരിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഈ കൊലപാതകം. സരളയുടെ കൊലപാതകത്തിന് ശേഷം അവരുടെ വീട്ടുകാര്‍ക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. സംസ്‌കാരത്തില്‍ പങ്കെടുക്കരുത് എന്നായിരുന്നു ഭീഷണി. 1990-ല്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തിന് കാരണമായ അതിക്രമങ്ങളുടെ ഏറ്റവും ഭയാനകമായ ഓര്‍മ്മപ്പെടുത്തലുകളില്‍ ഒന്നാണ് സര്‍ള ഭട്ടിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ എഴുതിയിരുന്നു. ലോക്കല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അന്വേഷണം കഴിഞ്ഞ വര്‍ഷം എസ്‌ഐഎ ഏറ്റെടുക്കയായിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സി (എസ്‌ഐഎ) അന്വേഷിക്കുന്ന കേസുകളില്‍ എറ്റവും പ്രധാനപ്പെട്ടതാണ്, സരള ഭട്ടിന്റെ കൊല. ഇതുമായി ബന്ധപ്പെട്ട് മുന്‍ ജെകെഎല്‍എഫ് നേതാവ് പീര്‍ നൂറുല്‍ ഹഖ് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കൊലപാതകം നടത്താനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഏജന്‍സി അവകാശപ്പെട്ടു.

ഈ കൊലയുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നു. മുന്‍ ജെകെഎല്‍എഫ് കമാന്‍ഡര്‍മാരുടെ ഒളിത്താവളങ്ങളിലും പരിശോധന നടന്നിട്ടുണ്ട്.




ജഡ്ജിയെ കൊന്നിട്ടും!

34 വര്‍ഷം മുമ്പ് നടന്ന ഒരു റിട്ടയേഡ് ജഡ്ജിയുടെ കൊലയും, ജമ്മു കശ്മീര്‍ സംസ്ഥാന അന്വേഷണ ഏജന്‍സി ഇപ്പോള്‍ വീണ്ടും അന്വേഷിക്കയാണ്. വിരമിച്ച ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ എസ്‌ഐഎ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടി. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായുള്ള നമ്പറുകളും ഇമെയില്‍ ഐഡികളും ഏജന്‍സി പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.




1966 നും 1968 നും ഇടയില്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) സഹസ്ഥാപകനായ മഖ്ബൂല്‍ ഭട്ടിന്റെ വിചാരണ നടത്തിയത് സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന ഗഞ്ചൂവായിരുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ അമര്‍ ചന്ദിനെ കൊലപ്പെടുത്തിയതിന് 1968 ഓഗസ്റ്റില്‍ അദ്ദേഹം മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ചു. 1982-ല്‍ സുപ്രീം കോടതി ആ വിധി ശരിവച്ചു. ബ്രിട്ടനിലെ ജെകെഎല്‍എഫ് ഭീകരര്‍, നയതന്ത്രജ്ഞന്‍ രവീന്ദ്ര മാത്രെയെ കൊലപ്പെടുത്തിയത് അടക്കമുള്ള കേസുകള്‍ പരിഗണിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, മഖ്ബൂല്‍ ഭട്ടിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത് 1989 നവംബര്‍ 4 ന്, ശ്രീനഗറിലെ ഹൈക്കോടതിക്ക് സമീപമുള്ള ഹരി സിംഗ് സ്ട്രീറ്റ് മാര്‍ക്കറ്റില്‍ വെച്ച്, ഭീകരര്‍ നീലകണ്ഠ് ഗഞ്ചുവിനെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു! വിരമിച്ച ജഡ്ജി ശ്രീനഗറിലെ ഹരി സിംഗ് സ്ട്രീറ്റ് മാര്‍ക്കറ്റിലുള്ള ബാങ്കിന്റെ ശാഖയിലേക്ക് പോവുകയായിരുന്നു. തീവ്രവാദികള്‍ വളരെ അടുത്ത് നിന്ന് നിരവധി തവണ വെടിയുതിര്‍ത്തു, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗഞ്ചു ഒരു കശ്മീരി പണ്ഡിറ്റ് ആയിരുന്നുവെന്നതായിരുന്നു ഭീകരര്‍ കെണ്ടത്തിയ കുറ്റം. ജഡ്ജി ഗഞ്ചുവിന്റെ മരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടന്നു. പ്രമുഖ കശ്മീരി പണ്ഡിറ്റിന്റെ രണ്ടാമത്തെ കൊലപാതകമായിരുന്നു. നേരത്തെ, സെപ്റ്റംബറില്‍ ബിജെപി നേതാവ് ടിക്ക ലാല്‍ തപ്ലു കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഭീതിമൂലം നിരവധി പണ്ഡിറ്റുകള്‍ താഴ്വര വിട്ടു.

ഈ കേസിലും കൃത്യമായ അന്വേഷണം നടന്നില്ലെന്നും, ആസുത്രകര്‍ രക്ഷപ്പെട്ടുവെന്നും പരാതിയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍, അമിത്ഷാ ടീം മൂന്‍കൈയെടുത്ത് ഈ കേസും വീണ്ടും അന്വേഷിക്കുന്നത്.

പുനരന്വേഷിക്കുന്ന വന്ധാമ കൂട്ടക്കൊല

പണ്ഡിറ്റുകളുടെ നേരെ നടന്ന കൂട്ടക്കൊലകളുടെ ചരിത്രത്തില്‍ ഏറ്റവം കറുത്ത അധ്യായമായിരുന്നു, വന്ധാമ കൂട്ടക്കൊല. 90കളുടെ തുടക്കത്തിലെ പലായനത്തിനുശേഷം, 1998-ല്‍ ചില കശ്മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്മീരില്‍ തിരിച്ചെത്തി. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗാണ്ടര്‍ബാല്‍ ജില്ലയിലെ വന്ധാമ ഗ്രാമത്തില്‍ താമസിച്ച അവരെ ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. സര്‍ക്കാറിന്റെ ഉറപ്പ് വിശ്വസിച്ച് പിറന്ന മണ്ണില്‍ തിരിച്ചുവന്നര്‍ അങ്ങനെ ദാരുണമായി മരിച്ചു.

അയല്‍വാസികളായ മുസ്്ലീങ്ങളുമായി ഇവര്‍ക്ക് യാതൊരു പ്രശ്നവുണ്ടായിരുന്നില്ല. മാത്രമല്ല, ഭീകരതയെ എതിര്‍ക്കുന്നതില്‍ പണ്ഡിറ്റുകള്‍ക്ക് ഒപ്പമുണ്ടായിരുന്നതും ഗ്രാമീണരായ മുസ്ലീങ്ങള്‍ തന്നെയായിരുന്നു. 1998 ജനുവരി 25 ന് ഏകദേശം 10 മണിയോടെ പണ്ഡിറ്റുകളുടെ വാതില്‍ക്കല്‍ സൈനിക വേഷം ധരിച്ച ഇരുപതോളം തോക്കുധാരികള്‍ പ്രത്യക്ഷപ്പെട്ടു.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് ഏറ്റവും പുണ്യകരമായ രാത്രിയായ ഷാബ്-ഇ-ഖദ്ര് ആയിരുന്നു അത്. ഗ്രാമീണരില്‍ ഭൂരിപക്ഷവും പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കയയായിരുന്നു-'പെട്ടെന്ന്, പുറത്ത് വെടിവയ്പ്പ് ആരംഭിച്ചപ്പോള്‍ ഞങ്ങളില്‍ എല്ലാവരും പള്ളിക്കുള്ളില്‍ നിശബ്ദരായി,''- അമ്പത് വയസ്സുള്ള ഒരു ഗ്രാമീണനായ അബ്ദുള്‍ റഹ്‌മാന്‍ ഓര്‍മ്മിക്കുന്നു. 'ഈദ് അടുത്തിരുന്നതിനാല്‍, ഞങ്ങളില്‍ ചിലര്‍ തുടക്കത്തില്‍ ആ വെടിക്കെട്ടുകളെ പടക്കം പൊട്ടിക്കലുകളുമായി ആശയക്കുഴപ്പത്തിലാക്കി.''- അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

എന്നാല്‍ തോക്കുകള്‍ നിശബ്ദമാകാന്‍ വിസമ്മതിച്ചപ്പോള്‍, റഹ്‌മാനും മറ്റ് പേടിച്ചരണ്ട ഗ്രാമീണര്‍ക്കും കാര്യം മനസ്സിലായി. ഒടുവില്‍ നിശബ്ദത പടര്‍ന്നപ്പോള്‍, ഗ്രാമത്തിലെ സ്ത്രീകള്‍ എത്തി, പള്ളിയുടെ വാതില്‍ക്കല്‍ നിന്ന് നിലവിളിച്ച് പുരുഷന്മാരെ വിളിച്ചു. അബ്ദുള്‍ റഹ്‌മാന്‍ പിന്നീട് പൊലീസിന് നല്‍കിയ മൊഴിയിങ്ങനെ-'ഗ്രാമത്തിന്റെ ഒരു അറ്റത്ത്, ഒരു ക്ഷേത്രത്തില്‍നിന്ന് തീ ഉയരുന്നത് അദ്ദേഹം കണ്ടു. ദൂരെ ഒരു കോണില്‍, ഒരു പ്രശസ്ത വൈദ്യശാസ്ത്രജ്ഞനായ മോത്തി ലാലിന്റെ വീടും ആളിക്കത്തുകയായിരുന്നു.''



നേരം പുലരുമ്പോള്‍, അവരില്‍ ചിലര്‍ പണ്ഡിറ്റ് വീടുകളിലേക്ക് നടന്നു നീങ്ങിയപ്പോള്‍, ഭയാനകമായ കാഴ്ചകള്‍ അവരെ സ്വാഗതം ചെയ്തു. മോത്തി ലാലിന്റെ കത്തിച്ച വീടിന് പിന്നില്‍, വെടിയേറ്റ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു കില്ലര്‍ ഹൗസ് ഉണ്ടായിരുന്നു. ഇത്കണ്ട പലരും നിലവിളിച്ച് ഓടി.

ഹോണ്‍ മുഴക്കുന്ന ജീപ്പുകളില്‍ പോലീസുകാര്‍ എത്തിയ ഉടന്‍ തന്നെ അവര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് അടുത്തുള്ള ഒരു മൈതാനത്ത് വെച്ചു. 'എല്ലായിടത്തും മനുഷ്യമാംസത്തിന്റെ കത്തുന്ന ഗന്ധം ഉണ്ടായിരുന്നു... ഒരു അമ്മ തന്റെ കുഞ്ഞിനെ മടിയില്‍ ഒളിപ്പിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷേ ഇരുവരും ഒരുമിച്ച് കൊല്ലപ്പെട്ടു. അവരെ വേര്‍പെടുത്താന്‍ ശ്രമിച്ച പോലീസുകാരന് കഴിഞ്ഞില്ല''- റഹ്‌മാന്‍ ഓര്‍ക്കുന്നു.

നാല് കുടുംബങ്ങളിലെ നാല് കുട്ടികളും ഒമ്പത് സ്ത്രീകളും 10 പുരുഷന്മാരും ഉള്‍പ്പെടെ 23 പണ്ഡിറ്റ് മൃതദേഹങ്ങള്‍ അവിടെയുണ്ടായിരുന്നു. മരിച്ചവരില്‍ അഞ്ച് പേര്‍ ജമ്മുവില്‍ നിന്നുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ അതിഥികളായിരുന്നു. 14 വയസ്സുള്ള വിനോദ് കുമാര്‍ അഥവാ ആശു എന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.'അവര്‍ ഞങ്ങളോടൊപ്പം ചായ കുടിച്ചു. ഒരു ചെറിയ സംഭാഷണത്തിനുശേഷം അവര്‍ വീടുകളിലെ എല്ലാ അംഗങ്ങളെയും വളഞ്ഞിട്ട് കലാഷ്നിക്കോവ് റൈഫിളുകള്‍ ഉപയോഗിച്ച് അവരെ വെടിവച്ചു.''- ആശു കൊടുത്ത മൊഴി ഇങ്ങനെയാണ്.

കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ പറഞ്ഞത്. പ്രതികളെ ഉടന്‍ പിടിക്കുമെന്ന് മുഖ്യമന്ത്രി ഫാറുഖ് അബുദുല്ലയും പറഞ്ഞു. പക്ഷേ ഈ കേസിലും ആസൂത്രകരെ പിടികിട്ടിയില്ല. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 2008 -ല്‍ കേസ് അവസാനിപ്പിച്ചു. പക്ഷേ അതും ഇപ്പോള്‍ പുനരേന്വഷിക്കയാണ്.

'ബോറടി മാറാന്‍ പണ്ഡിറ്റുകളെ കൊല്ലുന്നു'

താഴ്വരയില്‍ പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന അതിക്രമത്തിന്റെ ഏറ്റവും രക്തരൂക്തിതമായ അധ്യായമായിരുന്നു, ബിട്ട കരാട്ടെ എന്ന ഭീകരന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. വെറുതെയിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ എന്നോണം, കാശ്മീരി പണ്ഡിറ്റുകളെ താന്‍ വെടിവെച്ചുകൊന്നിരുന്നുവെന്ന് ബിട്ട കരാട്ടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് വന്‍ വിവാദമായിരുന്നു. 'മുഖം മറയ്ക്കാതെ, കയ്യില്‍ ഒരു റിവോള്‍വറും കൊണ്ട് താഴ്വരയില്‍ ചുറ്റിനടന്ന് ഞാന്‍ കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ചു കൊന്നു. അവരെ മണത്തു കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഒപ്പം ഉന്നം തെറ്റാതെ വെടിവെക്കാനുള്ള കഴിവില്‍ എനിക്ക് അഭിമാനമുണ്ട്. ബോറടി മാറ്റാന്‍ പോലും ഞാന്‍ അവരെ വെടിവെച്ച് ഇട്ടിട്ടുണ്ട്.''- താഴ്വരയിലെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അയാള്‍ പറഞ്ഞ ഈ വാക്കുകള്‍ ലോകം ഞെട്ടലോടെയായിരുന്നു കണ്ടത്. ബിട്ട കരാട്ടെയുടെ കഥാപാത്രത്തെ അതുപോലെ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ വിവേക് അഗ്നിഹോത്രി ചിത്രീകരിക്കുന്നുണ്ട്.

ഇപ്പോള്‍ പ്രത്യേക അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന പ്രധാന കേസുകളില്‍ ഒന്ന് ബിട്ട നടത്തിയ കൊലകളാണ്. സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു ബിട്ടയുടെ ഭാര്യയെ രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടുകഴിഞ്ഞു. 'ബിട്ട കരാട്ടെ' എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ഡാര്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ന്റെ മൂന്‍ ചെയര്‍മാനാണ്. ഒരിക്കല്‍ 'കശ്മീരിലെ കശാപ്പുകാരന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ബിട്ട ഇപ്പോള്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വീണ്ടും ജയിലില്‍ ആവുകയായിരുന്നു.



'ബിട്ട' എന്നത് ഫാറൂഖ് അഹമ്മദ് ഡാറിന്റെ വീട്ടിലെ വിളിപ്പേരായിരുന്നു. ചെറുപ്പം മുതല്‍ മാര്‍ഷ്യല്‍ ആര്‍ട്സില്‍ കമ്പമുണ്ടായിരുന്ന അവനെ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയതോടെ നാട്ടുകാര്‍ 'ബിട്ട കരാട്ടെ' എന്ന് വിളിച്ചുതുടങ്ങി. 1988 -ല്‍ അന്നത്തെ ജെകെഎല്‍എഫ് കമാന്‍ഡര്‍ ആയിരുന്ന അഷ്ഫാക്ക് മജീദ് വാണി ആണ് യൗവ്വനത്തിന്റെ പടിവാതിലെത്തി നിന്ന ബിട്ടയെ സ്വാധീനിച്ച് തനിക്കൊപ്പം പാക് അധീന കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കണ്ണും മൂടിക്കെട്ടി വാഹനത്തില്‍ കയറ്റി അങ്ങോട്ട് കൊണ്ടുപോയ ബിട്ട, അതേ പോലെ അവിടെ എത്തിപ്പെട്ട ഒരു സംഘം കശ്മീരി യുവാക്കള്‍ക്കൊപ്പം 32 ദിവസം നീണ്ട സായുധപരിശീലനത്തിന് വിധേയനാക്കപ്പെട്ടു. ഐഎസ്‌ഐയുടെ ആ തീവ്രവാദ പരിശീലന ക്യാമ്പില്‍ നിന്ന് ബിട്ട തിരികെ കശ്മീരിലേക്ക് എത്തിയത് എല്ലാം തികഞ്ഞ ഒരു ഭീകരവാദിയായിട്ടാണ്.

താഴ്വരയില്‍ ബിസിനസ്സുകാരനായ സതീഷ് കുമാര്‍ ടിക്കൂ എന്ന തന്റെ ആത്മമിത്രത്തെ തന്നെയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബിട്ട ആദ്യമായി വെടിവെച്ചു കൊന്നത്. ടിക്കുവിനെ അയാളുടെ വീടിന്റെ മുന്നില്‍ വെച്ചാണ് ബിട്ട പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നുകളഞ്ഞത്. ആരെയൊക്കെയാണ് കൊല്ലേണ്ടത് എന്നുള്ള കൃത്യമായ നിര്‍ദേശം അഷ്ഫാക്ക് മജീദ് വാണിയും മറ്റുള്ള ജെകെഎല്‍എഫ് കമാന്‍ഡര്‍മാരുമാണ് ബിട്ടയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്. കൃത്യമായ നിര്‍ദേശമില്ലാതെ ദിവസങ്ങള്‍ പിന്നിട്ടാല്‍ തന്റെ തോക്കും കയ്യിലേന്തി താഴ്വരയില്‍ കറങ്ങി മുന്നില്‍ വന്നുപെടുന്ന കശ്മീരി പണ്ഡിറ്റുകളില്‍ ആരെയെങ്കിലുമൊക്കെ അയാള്‍ വെടിവെച്ചു കൊല്ലുമായിരുന്നു. 'പണ്ഡിറ്റുകള്‍ക്കു നേരെ റിവോള്‍വറും, ഇന്ത്യന്‍ സൈന്യത്തിനെതിരെ എകെ 47 യന്ത്രത്തോക്കും' എന്നതായിരുന്നു ബിട്ടയുടെ നയം. കശ്മീരി പണ്ഡിറ്റുകളുടെ പലായനകാലത്ത് ചുരുങ്ങിയത് 20 പേരെയെങ്കിലും ഇങ്ങനെ കൊന്നിട്ടുണ്ട് ഇയാളെന്നാണ് പറയപ്പെടുന്നത്. അത് ഔദ്യോഗിക കണക്ക്. പാനൂന്‍ കശ്മീര്‍ എന്ന സംഘടനാ പറയുന്നത് ചുരുങ്ങിയത് 42 പേരെയെങ്കിലും ബിട്ട കൊന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ പിന്നീട്, സംഗതി കുഴയും നിയമനടപടി വരും എന്നൊക്കെ ആയപ്പോള്‍ ബിട്ട വീഡിയോയിലെ തന്റെ അവകാശവാദങ്ങള്‍ ഒക്കെ നിഷേധിച്ചു. ഒക്കെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പറഞ്ഞതാണെന്നും, താന്‍ ഒരു പണ്ഡിറ്റിനെപ്പോലും കൊന്നിട്ടില്ല എന്നും പിന്നീട് ബിട്ട പറഞ്ഞു.

1990 ജൂണ്‍ 20 -ന് ശ്രീനഗറില്‍ വെച്ച് ബിഎസ്എഫ് ആണ് ബിട്ടയെ ആദ്യമായി അറസ്റ്റുചെയ്യുന്നത്. അന്ന് അയാള്‍ക്കു മേല്‍ പൊതു സുരക്ഷാ നിയമം ചുമത്തപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട 19 കേസുകളുണ്ടായിരുന്നു അന്ന് ബിട്ടയുടെ തലയ്ക്കുമീതെ. ആ കേസുകളിന്മേല്‍ വിചാരണ തുടരവേ ബിട്ട അടുത്ത 16 കൊല്ലത്തോളം ജയിലില്‍ കഴിച്ചുകൂട്ടി.

ബിട്ടയുടെ ഭാര്യയെ പിരിച്ചുവിടുന്നു

എന്നാല്‍ 2006 -ല്‍ സ്‌പെഷ്യല്‍ ടാഡ കോടതി അനിശ്ചിതകാലത്തേക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബിട്ടയെ റിലീസ് ചെയ്തു. അന്ന് കശ്മീരിലെ പണ്ഡിറ്റുകളുടെ സംഘടനകളില്‍ പലതും ഈ റിലീസിനെ എതിര്‍ത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കാശ്മീരി പണ്ഡിറ്റുകളെ പട്ടാപ്പകല്‍, മുഖം പോലും മറക്കാതെ കൊന്നുതള്ളിയിട്ടും, അതേപ്പറ്റി ഇത്ര കൃത്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും 'ബിട്ട കരാട്ടെ' എന്ന ഫാറൂഖ് അഹമ്മദ് ഡാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടില്ല. വിചാരണക്കാലയളവിലെ പതിനാറുകൊല്ലത്തെ ജയില്‍വാസത്തിനു ശേഷം അയാള്‍ പുറത്തിറങ്ങി. ജയില്‍ മോചിതനായ ബിട്ടയെ കാത്തിരുന്നത് തന്റെ ഗ്രാമവാസികളില്‍ നിന്നുളള ഊഷ്മളമായ സ്വീകരണമാണ്. നൂറുകണക്കിന് റോസാപ്പൂച്ചെണ്ടുകളുമായാണ് പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം അവരയാളെ എതിരേറ്റത്.

തുടര്‍ന്ന് അയാള്‍ വിവാഹിതനായി. അയാള്‍ക്ക് കുട്ടികളുണ്ടായി. സുദീര്‍ഘമായ ജയില്‍ വാസത്തിനു ശേഷം തിരികെ താഴ്വരയിലെത്തിയ ഫാറൂഖ് അഹമ്മദ് ഡാര്‍ നേരെ പ്രവേശിച്ചത് ജെകെഎല്‍എഫിലേക്കാണ്. അപ്പോഴേക്കും രാഷ്ട്രീയപ്പാര്‍ട്ടി ആയിക്കഴിഞ്ഞിരുന്ന ഇതിലൂടെ അയാള്‍ വളരെ വേഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന് സ്വാഭാവിക ജീവിതം നയിച്ചുതുടങ്ങി. അവിടെ പെട്ടെന്നുപെട്ടെന്ന് സ്ഥാനക്കയറ്റങ്ങള്‍ നേടിയ ബിട്ട അധികം താമസിയാതെ ചെയര്‍മാന്‍ സ്ഥാനം വരെയെത്തി.

ഏറെക്കാലത്തിനു ശേഷം ഒടുവില്‍ 2019 മാര്‍ച്ചില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും ജെകെഎല്‍എഫിനെ നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് അതിനെ നിരോധിച്ചു. 2019 -ല്‍ തന്നെ എന്‍ഐഎ ബിട്ട എന്ന ഫാറൂഖ് അഹമ്മദ് ഡാറിനെ, 'ഭീകരവാദത്തിന് ഫണ്ടിങ് ചെയ്യുന്നു' എന്ന ആരോപണത്തിന്മേല്‍ വീണ്ടും അറസ്റ്റു ചെയ്തു. 'സര്‍ക്കാരിനെതിരെ കലാപത്തിന് കോപ്പുകൂട്ടുന്നു' എന്നതാണ് എഐഎയുടെ പ്രധാന ആരോപണം. എന്തായാലും ചെയ്ത കുറ്റങ്ങള്‍ക്കുള്ള വിചാരണ എങ്ങുമെത്തിയില്ലെങ്കിലും തല്‍ക്കാലം അയാള്‍ വീണ്ടും ഇരുമ്പഴിയ്ക്കുള്ളിലാണ്. ഇപ്പോള്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും മോദി സര്‍ക്കാറും ചേര്‍ന്ന് നടപടി ശക്തമാക്കിയപ്പോള്‍ ബിട്ട ശരിക്കും പെട്ടു. ബിട്ടയുടെ ഭാര്യ അസ്ബ അര്‍സൂമന്ദ് ഖാന്‍ (2011 ബാച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) അടക്കമുള്ളവരെ രണ്ടുവര്‍ഷംമുമ്പ് തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു.




ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് അബ്ദുല്‍ മുയീദ് (ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐടി മാനേജര്‍), മുഹീത് അഹമ്മദ് ഭട്ട് (കശ്മീര്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്‍), മജീദ് ഹുസൈന്‍ ഖാദ്രി (കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരും ബിട്ടയുടെ ഭാര്യക്കൊപ്പം പുറത്താക്കിയവരില്‍ പെടുന്നു. തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്നു സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അസ്ബ അര്‍സൂമന്ദ് ഖാനെ പിരിച്ചുവിട്ടത്. ഭര്‍ത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ് അസ്ബയുടെ ഭീകരബന്ധങ്ങള്‍ വെളിപ്പെട്ടത്.

2003-ല്‍ ഷെര്‍ ഇ കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയിലാണ് അസ്ബ ആദ്യമായി ജോലി ചെയ്തത്. പിന്‍വാതിലിലൂടെയായിരുന്നു നിയമനം. 2003നും 2007നും ഇടയില്‍ മാസങ്ങളോളം അസ്ബ ജോലിയില്‍നിന്ന് അവധി എടുത്തുവെന്നും, എന്നിട്ടും അവര്‍ക്കതിരെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഒടുവില്‍ 2007 ഓഗസ്റ്റിലാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അവധിയെടുത്ത സമയത്ത് ജര്‍മ്മനി, യു കെ, ഹെല്‍സിങ്കി, ശ്രീലങ്ക, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്ക് അസ്ബ പോയി. ജെകെഎല്‍എഫിന്റെ ദൂതയായും അസ്ബ ജോലി ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഭൂരിഭാഗം വിദേശ യാത്രകള്‍ക്കും ശേഷവും നേപ്പാള്‍ അല്ലെങ്കില്‍ ബംഗ്ലാദേശില്‍നിന്ന് റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിയത്. 2011-ല്‍ ജമ്മുകാശ്മീര്‍ അഡ്മിസ്ട്രേറ്റീവ് പാസായ അസ്ബ, മാസങ്ങള്‍ക്കുള്ളില്‍ ബിട്ട കാരട്ടെയെ വിവാഹം കഴിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരൊക്കെ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത് എങ്ങനെയെന്നും, ബിട്ട നടത്തിയ മറ്റ് കൊലകളും, 35 വര്‍ഷത്തിനുശേഷം വീണ്ടും അന്വേഷിക്കുന്നുണ്ട്.



അതായത് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും, പിഡിപിയുടെയുമൊക്കെ ഭരണത്തില്‍ കീഴില്‍ ഭീകരവാദികള്‍ സര്‍ക്കാര്‍ സര്‍വീസില്‍വരെ നുഴഞ്ഞു കയറുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന പുതിയ അന്വേഷണത്തിലൂടെ ഭീകരതയുടെ അവസാനത്തെ കണ്ണിയെയും മുറിക്കാനാണ് ശ്രമം നടക്കുന്നത്.

വാല്‍ക്കഷ്ണം: കശ്മീര്‍ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഭീകരതയിലും അന്വേഷണം നടക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് ഭീകരാക്രമണ കേസില്‍ ഹിസ്ബുള്‍ മേധാവിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ജമ്മു കശ്മീര്‍ സംസ്ഥാന അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച കഴിഞ്ഞു. അഫ്ഗാനില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഭീകരവാദത്തിനൊപ്പം, മയക്കുമരുന്നു എത്തിയ കാലത്തെ ആസുത്രണങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.