- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നരകാസുരനും ഭസ്മാസുരനും തമ്മിലുള്ള സഖ്യം! അമ്മാവനെവരെ കഷ്ണങ്ങളാക്കി മുതലക്ക് കൊടുത്ത കിം; എതിർക്കുന്നവരെ മുഴുവൻ കാലപുരിക്ക് അയക്കുന്ന പുടിൻ; ഇരു നേതാക്കളും തമ്മിലുള്ള അടുത്ത സൗഹൃദം ലോകത്തെ ഭയപ്പെടുത്തു; ഉത്തര കൊറിയയും റഷ്യയും കൈമാറുന്നത് ആയുധവും ഭക്ഷണവും മാത്രമാണോ?
ഇന്ന് ആധുനികലോകത്തെ ഏറ്റവും അപകടകാരികളായ രണ്ട് എകാധിപതികൾ ആരെന്ന് ചോദിച്ചാൽ, സ്‌കൂൾ കുട്ടികൾപോലും ഉത്തരം പറയുക, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയും, കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെയും ആയിരിക്കും. രണ്ടുപേരും അതാത് രാജ്യത്തെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനപോലും മാറ്റി എഴുതി പുടിൻ ആജീവനാന്ത റഷ്യൻ പ്രസിഡന്റാവുമ്പോൾ, സ്വന്തം ജനതക്ക് താൻ പറയുന്നതിൽ അപ്പുറം മുടിവെട്ടാനുള്ള സ്വതന്ത്ര്യം പോലും കൊടുക്കാത്ത കിം, കമ്യൂണിസ്റ്റ് ഇരുമ്പുമറയുടെ ശക്തിയിൽ വടക്കാൻ കൊറിയയുടെ ആജീവനാന്ത നേതാവാണ്. ഇരുവർക്കും ഉണ്ട് സ്വകാര്യ കൊലയാളി സംഘങ്ങൾ. പുടിനെതിരെ എന്ത് പറഞ്ഞാലും എഴുതിയാലും നിങ്ങൾ കൊല്ലപ്പെടും. രണ്ടു ഡസനിലേറെ മാധ്യമ പ്രവർത്തകരാണ്, പുടിനെതിരെ എഴൂതിയതിന്റെ പേരിൽ, കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്. ലോകത്ത് എവിടെപ്പോയും വിഷ സൂചിയായലും, കോടാലിയായും, വിഷവാതകമായും, ഡ്രോൺ ഉപയോഗിച്ചുമൊക്കെ എതിരാളികളെ കൊന്നൊടുക്കാൻ കഴിയുന്ന സ്വകാര്യ കൂലിപ്പടയുള്ള ആളാണ് റഷ്യൻ പ്രസിഡന്റ്.
കിമ്മും അതുപോലെ ഭീതി ജനിപ്പിക്കുന്ന നേതാവാണ്. സ്വന്തം അമ്മാവനെ വെട്ടി തുണ്ടം തുണ്ടമാക്കി മുതലകൾക്ക് ഇട്ടുകൊടുത്തുവെന്നും, അർധ സഹോദരനെ നാടുവിട്ട് ഓടിപ്പോയിട്ടും വിഷപ്രയോഗത്തിലൂടെ കൊന്നൊടുക്കിയെന്നും ആരോപണം കേട്ടയാളാണ്. ലോകത്തിന്റെ എവിടെപ്പോയും കൊല നടത്താൻ കഴിയുന്ന സംഘം കിമ്മിനുമുണ്ട്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ടവരായ ഈ രണ്ട് ഫാസിസ്റ്റ് നേതാക്കളും തമ്മിൽ ചർച്ച നടക്കുകയാണ്. നേരത്തെ സുഹൃത്തുക്കളായ ഇവർ തമ്മിൽ ഇതോടെ അഭേദ്യമായ അടുപ്പം വരികയാണ്. റഷ്യയും വടക്കൻ കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പടുന്നത്, ലോക സമാധാനത്തിന് കടുത്ത ഭീഷണിയാണ്. നരകാസുരനും, ഭസ്മാസുരനും തമ്മിൽ ഒരു സഖ്യമുണ്ടാക്കിയാൽ എങ്ങനെയിരിക്കും! അതുപോലെ ലോകത്തെ വിറപ്പിക്കുന്ന പുതിയ ഒരു സഖ്യമായി അത് മാറുമെന്നാണ് ആശങ്ക.
യുക്രൈൻ യുദ്ധത്തിൽ കിടന്ന് വെള്ളം കുടിക്കുന്ന റഷ്യക്ക് കൂടുതൽ ആയുധങ്ങൾ വേണം. കോവിഡനുശേഷം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറയിട്ടില്ലാത്ത ഉത്തര കൊറിയക്ക് ആവട്ടെ, കൂടതൽ ധാന്യങ്ങളും, ആണവ സാങ്കേതിക വിദ്യയും വേണം. അതിനാണ് ഇപ്പോൾ ഇരുരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ സന്ധിക്കുന്നത്. ഇത് ലോകത്ത് പുതിയ ആയുധപ്പന്തയത്തിനും ശീതസമരങ്ങൾക്കും വഴിവെക്കുമെന്ന് പാശ്ചാത്യരാജ്യങ്ങൾ ആശങ്കപ്പെടുന്നു. ഇതിനുപിന്നാലെ ഇരുവരുടെയും, കൊലയാളി സംഘങ്ങൾ തമ്മിൽ രഹസ്യമായ ധാരണയിൽ എത്തുമോ എന്ന ഭീതിയും വ്യാപകമായി നിലനിൽക്കുന്നുണ്ട്.
കിം എത്തിയത് ദുരൂഹ തീവണ്ടിയിൽ
ആയുധക്കരാർ ചർച്ചകൾക്കായി കിം ജോങ് ഉൻ, പരമ്പാരാഗതമായ പ്രത്യേക കവചിത തീവണ്ടിയിലാണ് റഷ്യയിലെത്തിയത്. ദുരൂഹതയുടെ തീവണ്ടി എന്നാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. വിദേശകാര്യമന്ത്രി ചോ സുൻ ഹുയ്, ഉന്നത സൈനികോദ്യോഗസ്ഥർ, രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ എന്നിവരും ഒപ്പമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സംഘം കൂടിക്കാഴ്ചനടത്തും. കോവിഡിനുശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശസന്ദർശനമാണിത്.
യുക്രൈൻ യുദ്ധത്തിൽ പ്രയോഗിക്കാനുള്ള പീരങ്കികൾ, ടാങ്ക്വേധ മിസൈലുകൾ തുടങ്ങിയ നിർണായക ആയുധങ്ങൾ റഷ്യക്ക് കൈമാറാനുള്ള ഉഭയകക്ഷിക്കരാർ ചർച്ചയിൽ യാഥാർഥ്യമാകുമെന്നാണ് സൂചന. പസഫിക് തീരനഗരമായ വ്ളാദിവൊസ്റ്റോക്കിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. ഈസ്റ്റേൺ ഇക്കണോമിക് ഫോറം ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പുടിനും ഇവിടെയുണ്ട്. ഇവിടെവച്ചാണ് 2019-ൽ ഇരുവരും ആദ്യകൂടിക്കാഴ്ച നടത്തിയത്. എന്നാൽ, കിമ്മിന്റെ തീവണ്ടി വടക്കോട്ടുനീങ്ങുന്നതിനാൽ കൂടിക്കാഴ്ച റഷ്യൻ ബഹിരാകാശനിലയമുള്ള വോസ്തോച്നിയിൽവച്ചാകാനും സാധ്യത കല്പിക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് ഉത്തരകൊറിയൻ തലസ്ഥാനമായ പയോങ്ങ്യാങ്ങിൽനിന്ന് തന്റെ സ്വകാര്യ ആഡംബരത്തീവണ്ടിയിൽ റഷ്യയിലെത്താൻ കിമ്മെടുത്തത് 20 മണിക്കൂർ. താണ്ടിയത് 1180 കിലോമീറ്റർ. പരമ്പരാഗതമായി ഉത്തരകൊറിയൻ ഭരണാധികാരികൾ വിദേശയാത്രകൾ നടത്തുന്നത് കവചിതതീവണ്ടിയിലാണ്. കിമ്മിന്റെ മുത്തച്ഛൻ കിം-11 സങ്ങിന്റെ കാലത്ത് തുടങ്ങിയതാണ് ഈ രീതി. മണിക്കൂറിൽ പരമാവധി 50 കിലോമീറ്ററായിരിക്കും വേഗം. കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഈ ദുരൂഹ തീവണ്ടിയിൽ ആരാണ് സഞ്ചരിക്കുന്നതെന്ന് പുറമേനിന്ന് കാണില്ല. 90 ബോഗികളാണുള്ളത്.
ഫ്രഞ്ച് വൈനും ലോബ്സ്റ്റർ, പോർക്ക് ബാർബിക്യൂകളും വിളമ്പുന്ന ആഡംബര റസ്റ്ററന്റും കിടപ്പുമുറികളും കോൺഫറൻസ് ഹാളുകളും ഒക്കെ തീവണ്ടിയിലുണ്ട്. 2001-ൽ കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമൻ ഈ തീവണ്ടിയിൽ 10 ദിവസമെടുത്താണ് പുതിനെ കാണാൻ റഷ്യയിലെത്തിയത്.
കിമ്മും പുടിനും കൈകോർക്കുമ്പോൾ
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും 2019 ലാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ച നടത്തിയത്. അന്ന് കിമ്മി ന്റെ കവചിത ട്രെയിനിൽ വ്ലാഡിവോസ്റ്റോക്കിലേക്ക് യാത്ര ചെയ്ത ഇരുവരും , അവിടെ രണ്ട് ദിവസം നാടോടി നൃത്തങ്ങൾ കണ്ടും, ബോർഷ്റ്റ്, റെയിൻഡിയർ ഡംപ്ലിങ്ങുകൾ എന്നിവ ആസ്വദിക്കുകയും, ചെയ്തു.
നാല് വർഷത്തിന് ശേഷം കിമ്മും പുടിനും വീണ്ടും കണ്ടുമുട്ടുന്നു.ഇത്തവണ ആയുധ വിൽപ്പനയും സാങ്കേതിക കൈമാറ്റവുമാണ് ലക്ഷ്യം. ''നമ്മൾ പ്രവേശിക്കുന്നത് പുതിയതും ഭയാനകവുമായ ഒരു ലോകത്തേക്കാണ്,'' ദക്ഷിണ കൊറിയൻ സൈന്യത്തിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറലും ഉത്തര കൊറിയയുടെ സൈന്യത്തിലും രാഷ്ട്രീയത്തിലും വിദഗ്ധനുമായ ഇൻ-ബം ചുൻ ഈ വിഷയം വിലയിരുത്തി, അൽ ജസീറയോട് പറഞ്ഞു.
2022 ഫെബ്രുവരിയിൽ മോസ്‌കോയുടെ യുക്രെയ്നിലെ പൂർണ്ണമായ അധിനിവേശമാണ് മാറ്റത്തിന് ഒരു വലിയ കാരണം. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് പുടിൻ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പോരാട്ടം 18 മാസത്തിലേറെ നീണ്ടു. റഷ്യ ഇപ്പോൾ ലോകത്തിനു മുന്നിൽ 2019 തിനേക്കാൾ കൂടുതൽ ഒറ്റപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, ഉപരോധത്തിലുമാണ്. റഷ്യ സഹായം പ്രതീക്ഷിച്ച ചൈന പോലും ഇപ്പോൾ പഴയതുപോലെ ഒപ്പമില്ല.
ലണ്ടൻ ആസ്ഥാനമായുള്ള സംഘടനയായ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2022 ൽ റഷ്യ യുക്രെയ്നിൽ ഏകദേശം 12 ദശലക്ഷം ഷെല്ലുകൾ വർഷിച്ചിട്ടുണ്ട്. ഈ വർഷം ഏകദേശം 7 ദശലക്ഷം ഷെല്ലുകൾ വേണ്ടിവരും. ഇത് റഷ്യയുടെ കൈയിൽ സ്റ്റോക്കില്ല. അതിനാണ് ഇപ്പോൾ വടക്കൻ കൊറിയയയെ കൂട്ട്പിടിക്കുന്നത്.
റഷ്യ എന്ന തലതൊട്ടപ്പൻ
ചരിത്രം നോക്കുകയാണെങ്കിൽ ശരിക്കും ഒരു ഗോഡ്ഫാദർ പദവിയാണ്, റഷ്യക്ക് ഉത്തരകൊറിയയുടെ മേലുള്ളത്. 1948 ഒക്ടോബർ 12-ന് പിറന്ന ഉത്തര കൊറിയയെ (ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, ഡിപിആർകെ) ആദ്യമായി അംഗീകരിച്ചത് സോവിയറ്റ് യൂണിയൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിനുശേഷം, കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ ഭാഗമായാണ് ഉത്തര കൊറിയ സ്ഥാപിതമായത്. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ പിന്തുണ ഇവർക്ക് ലഭിച്ചു. ഉത്തരകൊറിയയുടെ ഭരണകുടുംബാധിപത്യവും സ്റ്റാലിനിസത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടു. 1960 കളിലെ ചൈന-സോവിയറ്റ് ഭിന്നതയുടെ സമയത്ത് ഉത്തര കൊറിയ ഇരുരാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ ശ്രമിച്ചിരുന്നു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ഉത്തരകൊറിയയ്ക്ക് വലിയ പിന്തുണ നൽകിയിരുന്നു. പക്ഷേ മിഖായേൽ ഗോർബച്ചേവിന്റെ കീഴിലുള്ള മോസ്‌കോ ദക്ഷിണ കൊറിയയുമായി അടുത്തതോടെ, 1985 ന് ശേഷം ഉത്തര കൊറിയക്കായുള്ള സഹായം കുറയ്ക്കാൻ തുടങ്ങി . 1989-ൽ മിഗ്-29 വിമാനങ്ങളുടെ അവസാന ബാച്ച് വിതരണം ചെയ്തതാണ് അവസാനം ഉണ്ടായ ആയുധ കൈമാറ്റം. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനു ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടർന്നു. പക്ഷേ അത് വീണ്ടും ഊഷ്മളമായത് 2000ൽ വ്‌ളാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ്.
2000 ഏപ്രിലിൽ, പ്രസിഡന്റ് പുടിന്റെ പ്യോങ്യാങ്ങിൽ രഹസ്യസന്ദർശനം നടത്തി. 2009 മെയ് 25 ന് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തിന് ശേഷം ചൈനയുമായും റഷ്യയുമായും രാജ്യത്തിന്റെ ബന്ധം മാറി. ഉത്തരകൊറിയയുടെ ഈ നേട്ടം ഒരു ആണവയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് റഷ്യ ഭയന്നു. അതുകൊണ്ടുതന്നെ കൊറിയയുമായുള്ള ഉപരോധത്തിൽ അവരും ചേർന്നു. മാത്രമല്ല, ഉത്തരകൊറിയയുമായി അതിർത്തി പങ്കിടുന്ന റഷ്യയുടെ വിദൂര കിഴക്കൻ മേഖലകളുടെ സുരക്ഷയ്ക്ക് ആണവ പരീക്ഷണം ഭീഷണിയാകുമെന്ന് ഉറപ്പായിരുന്നു.
കിം പുടിൻ ഭായിഭായി
ഒരേ മനസ്സുള്ളവർ തമ്മിൽ എപ്പോഴും ഐക്യം ഉണ്ടാവുമല്ലോ. കിമ്മിനും അതുപോലൈ തന്നെ ചിന്തിക്കുന്ന പുടിനും നല്ല ചേർച്ചയാണ്. അതുകൊണ്ടുതന്നെ ആദ്യം അവർ തമ്മിലാണ് അടുത്തത്. അതോടെ കൊറിയക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി.
2012 സെപ്റ്റംബറിൽ, ഉത്തര കൊറിയയുടെ പുതിയ നേതാവുമായുള്ള അടുത്ത ഇടപഴകലിന്റെ അടയാളമായി, 11 ബില്യൺ ഡോളറിന്റെ ചരിത്രപരമായ കടത്തിന്റെ 90% എഴുതിത്ത്ത്തള്ളാൻ റഷ്യ സമ്മതിച്ചു. ഉത്തര കൊറിയ തിരിച്ചടയ്ക്കേണ്ട ഈ തുക, രാജ്യത്തെ മാനുഷിക, ഊർജ പദ്ധതികളിൽ റഷ്യൻ നിക്ഷേപത്തിന് ധനസഹായം നൽകാൻ ഉപയോഗിച്ചു. ഈ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് ധനസഹായം നൽകുന്നതിനെ തടസ്സപ്പെടുത്തുന്ന നിയമപരമായ തടസ്സങ്ങൾ നീക്കം ചെയ്തു. അപ്പോഴും ഉത്തര കൊറിയയുടെ ആണവപദ്ധതികളെ റഷ്യ ഭീതിയോടെയാണ് നോക്കിക്കണ്ടത്. 2013ൽ, മിസൈൽ, ആണവ പരീക്ഷണങ്ങൾക്കായി ഉത്തര കൊറിയയ്‌ക്കെതിരായ യുഎൻ സുരക്ഷാ സമിതിയുടെ രണ്ട് പ്രമേയങ്ങളെയും റഷ്യ പിന്തുണച്ചു
കിം ജോങ് ഉന്നും 2015-ന്റെ മധ്യത്തിൽ റഷ്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചു. അന്ന് നിരവധി കരാറുകൾ ഒപ്പിട്ടിരുന്നു. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. റഷ്യ യുക്രൈിനിൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങൾക്കും, മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കലർപ്പില്ലാതെ പിന്തുണ കൊടുക്കാൻ വേറെ ഒരു രാജ്യവും ഉണ്ടായിരുന്നില്ല.
2022-ൽ, യുക്രൈിനിൽനിന്ന് പരിഞ്ഞപോയ ഡൊനെറ്റ്സ്‌ക് , ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കുകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഉത്തര കൊറിയ മാറി. ഇതോടെ യൂക്രൈൻ ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. 2022 ഓഗസ്റ്റിൽ, ഡോൺബാസിനെ സഹായിക്കാൻ ഉത്തര കൊറിയ അവരുടെ ഒരുലക്ഷം സൈനികരെ സ്വമേധയാ നൽകി. 2022 സെപ്റ്റംബറിൽ, യുദ്ധആവശ്യത്തിലേക്കായി റഷ്യ ഉത്തര കൊറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് ഷെല്ലുകളും റോക്കറ്റുകളും വാങ്ങിയിരുന്നു. അതിന്റെ തുടർച്ചയായി കൂടുതൽ ആയുധം വാങ്ങുക എന്നതാണ് ഇപ്പോൾ റഷ്യ ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പ്യോങ്യാങ് സന്ദർശിച്ചിരുന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ റഷ്യൻ പ്രതിരോധ മന്ത്രിയാണ് പ്യോങ്യാങ്ങിൽ നടന്ന വിജയദിനാഘോഷത്തിലെ വിശിഷ്ടാതിഥിയായത്.കിം ഇൽ സുങ് സ്‌ക്വയറിലൂടെയുള്ള സൈനിക പരേഡ് കാണാൻ കിമ്മിന്റെ അരികിൽ ഷോയിഗു നിന്നു, നിരോധിത ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ഉത്തര കൊറിയയുടെ ഏറ്റവും പുതിയ ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രതിരോധ പ്രദർശനത്തിന് ചുറ്റും ഷോയിഗുവിനെ കാണിക്കുന്ന ചിത്രവും ഉത്തര കൊറിയൻ നേതാവിന്റെ ശേഖരത്തിലുണ്ട് .
കൊറിയൻ ഉപഭുഖണ്ഡത്തിലെ ജാപ്പനീസ് കൊളോണിയലിസത്തിന്റെ അന്ത്യം ത്തിന്റെ അനുസ്മരണ വേളയിൽ, കഴിഞ്ഞ ഓഗസ്റ്റിൽ പുടിന് കത്തെഴുതിയ കിം, റഷ്യയുടെയും ഉത്തരകൊറിയയുടെയും സൗഹൃദം ഊട്ടിയുറപ്പിച്ചതായി പറഞ്ഞു. -' സ്റ്റാൻഡിങ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ... പുതിയ യുഗത്തിന്റെ ഡിമാഡുകൾക്കൊപ്പം' എന്നാണ് അന്ന് കിം പറഞ്ഞത്. പക്ഷേ റഷ്യ പൂർണ്ണമായും ഉത്തരകൊറിയയെ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ അവർക്ക് ആയുധങ്ങൾ വൻ തോതിൽ ആവശ്യമുള്ളതിനാലും, അന്താരാഷ്ട്ര സമൂഹത്തിൽ മറ്റ് സഹായികൾ ഇല്ലെത്താതിനാലും ഉത്തരകൊറിയയെ ചേർത്ത് പിടിക്കയാണ്.
ഉത്തര കൊറിയ എന്ന ആയുധപ്പുര
സോവിയറ്റ് മാതൃകയിൽ നിർമ്മിച്ച കോടിക്കണക്കിന് പീരങ്കി ഷെല്ലുകൾ ഉത്തര കൊറിയയുടെ പക്കലുണ്ട്. ഈ ആയുധസഹായം, യുക്രൈൻ പ്രത്യാക്രമണം കടുപ്പിച്ചതോടെ പരുങ്ങലിലായ റഷ്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരകൊറിയൻ ഭരണത്തെക്കുറിച്ചും അതിന്റെ സൈനിക വ്യാപനത്തെക്കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച, യുഎസിലെ ആഞ്ചലോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് പ്രൊഫസറായ ബ്രൂസ് ബെക്ടോൾ, റഷ്യയ്ക്ക് 152 എംഎം പീരങ്കികളും വിവിധ തരത്തിലുള്ള റോക്കറ്റ് ലോഞ്ചറുകളും, ടൈപ്പ് 73 ലൈറ്റ് മെഷീൻ ഗൺ, എകെ 47 റൈഫിൾ, അത്തരം ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന വെടിമരുന്ന് പോലുള്ളവയും വാഗ്ദാനം ചെയ്യാൻ കിമ്മിന് കഴിയുമെന്ന് പറയുന്നു. 'സോവിയറ്റ് കാലത്തെ പഴയ രൂപകൽപ്പനയിലുള്ള സംവിധാനങ്ങൾ നിർമ്മിക്കുന്നതിലും അവ വേഗത്തിൽ മാറ്റുന്നതിലും ഉത്തര കൊറിയ വളരെ മികച്ചതാണ് എന്നതിൽ സംശയമില്ല'- ബെച്ചോൾ അൽ ജസീറയോട് പറഞ്ഞു.
കൊറിയ തങ്ങളുടെ പരമ്പരാഗത ആയുധങ്ങളുടെ മുഴുവൻ ശ്രേണിയും വാഗ്ദാനം ചെയ്യുന്നുണ്ട്, കൂടാതെ ഡ്രോണുകൾ, പോർട്ടബിൾ ഷോൾഡർ-ഫയർ മിസൈലുകൾ, 'റഷ്യൻ കോർനെറ്റിന് സമാനമായ ബുൾസെ എന്ന് വിളിക്കുന്ന വളരെ കഴിവുള്ള ടാങ്ക് വിരുദ്ധ സംവിധാനം എന്നിവയും ഓഫറിൽ ഉണ്ടെന്ന് ചുൻ സമ്മതിക്കുന്നു. യുക്രൈനിൽ സൈനികരെ അയക്കാൻ പോലും ഉത്തര കൊറിയയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരം വീറ്റോ-ഹോൾഡിങ് അംഗമായ റഷ്യ ആയുധങ്ങൾ വാങ്ങാൻ തയ്യാറാവുന്ന വിലയാണ് പലരുടെയും ചോദ്യം. കോവിഡ് 19 മഹാമാരി ഉത്തരകൊറിയൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്, പക്ഷേ പുടിനൊപ്പം ഇരിക്കുമ്പോൾ, കിമ്മിന്റെ ശ്രദ്ധ സൈന്യത്തിലും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വികസിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നിലവിലുള്ള പദ്ധതിയിലായിരിക്കും.
ആയുധങ്ങൾക്ക് പകരം ഭക്ഷണം
ഗോതമ്പിനേക്കാൾ കൂടുതൽ വെടിക്കോപ്പകളുള്ള രാജ്യമാണ് ഉത്തരകൊറിയ എന്നാണ് പൊതുവെ പറയുക. രാജ്യത്തിന്റെ സൈനിക ശക്തി വികസിപ്പിക്കുമ്പോൾ ജനം പട്ടിണികിടക്കയാണെന്നാണ് യുഎൻ അടക്കം ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയ, ആയുധങ്ങൾക്ക് പകരമായി ഭക്ഷണമോ ഊർജ്ജ സഹായമോ ആവശ്യപ്പെടും. ഇതോടൊപ്പം റഷ്യയുടെ ആണവ അന്തർവാഹിനികൾ ഉൾപ്പെടെയുള്ള പ്രധാന സൈനിക സാങ്കേതികവിദ്യ പങ്കിടാൻ കിം, പുടിനെ പ്രേരിപ്പിക്കുമെന്ന് പറഞ്ഞുകേൾക്കുന്നത്. അടുത്തിടെയുള്ള ഉത്തരകൊറിയൻ ആയുധങ്ങളിൽ സാങ്കേതിക സഹായത്തിലൂടെയോ റഷ്യൻ പങ്കാളിത്തം വ്യാപകമായി സംശയിക്കപ്പെടുന്നുണ്ട്. റഷ്യയുടെ ഇസ്‌കന്ദർ മിസൈലും ഹൈപ്പർസോണിക് മിസൈൽ പോലെയുള്ളവയുടെ സാങ്കേതിക സഹായമാണ് കൊറിയക്ക് വേണ്ടത്. സാമ്പത്തികപ്രതിസന്ധിയിലുള്ള ഉത്തരകൊറിയ റഷ്യയിൽനിന്ന് ഭക്ഷ്യധാന്യ-ഊർജ ഇറക്കുമതി, ആണവ അന്തർവാഹിനി നിർമ്മാണ-നൂതന ഉപഗ്രഹസാങ്കേതികവിദ്യ എന്നിവ തിരിച്ചും ആവശ്യപ്പെട്ടേക്കുമെന്നാണ് വാഷിങ്്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുച്ചത്.
ഈ സാങ്കേതികവിദ്യകൾ ലഭിക്കുന്നതുകൊറിയന്മേഖലയിൽ പുതിയ പ്രകോപനങ്ങൾ സൃഷ്ടിക്കാനും ചിരവൈരികളായ യു.എസ്. ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കെതിരേ നൂതന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണങ്ങൾ നടത്താനും ഉത്തരകൊറിയയെ സജ്ജമാക്കുമെന്നാണ് ആശങ്ക. ശരിക്കും ഒരു കിറുക്കൻ ഭരണാധികാരിയാണ് കിം. അയാൾക്ക് ആണവ അന്തർവാഹിനി നിർമ്മാണവും, നൂതന ഉപഗ്രഹസാങ്കേതികവിദ്യയുമൊക്കെ കിട്ടിയാൽ അത് ലോകത്തിന്റെ അശാന്തി വർധിപ്പിക്കും.
അതുകൊണ്ട് തന്നെ അമേരിക്ക ഈ ബന്ധത്തെ ശക്തമായി എതിർക്കുന്നുണ്ട്.
റഷ്യക്ക് ആയുധങ്ങൾ കൈമാറാനുള്ള തീരുമാനം ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായാൽ അത് യു.എൻ. രക്ഷാസമിതിയുടെ പ്രമേയത്തിന്റെ ലംഘനമായിരിക്കുമെന്ന് യു.എസ്. വിദേശകാര്യവക്താവ് മാത്യു മില്ലർ ചൂണ്ടിക്കാട്ടി. അതുണ്ടായാൽ പുതിയ ഉപരോധങ്ങളേർപ്പെടുത്താൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽക. പക്ഷേ ഈ മുന്നറിയിപ്പൊന്നും പരിണിക്കാതെ ഇരുരാജ്യങ്ങും മുന്നോട്ട് പോവുകയാണ്.
കിം പുടിന് പറ്റിയ സൈക്കോ!
സൈക്കോ എകാധിപതികൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നവരാണ് കിമ്മും പുടിനും. കിമ്മിന്റെ ഭരണത്തിൽ ശരിക്കും ഉത്തരകൊറിയ ഒരു ഭ്രാന്താലയം ആയിരിക്കയാണ്. ഇഷ്ടമുള്ള സിനിമകൾ കണ്ടു എന്ന കുറ്റത്തിന്റെ പേരിൽ ഫയറിങ്ങ് സ്‌ക്വാഡ് വെടിവെച്ചുകൊല്ലുന്ന രാജ്യം! സ്റ്റേറ്റ് പറയുന്ന രീതിയില്ലാതെ മുടിവെട്ടുകയോ, വസ്ത്രം ധരിക്കുകയോ ചെയ്താൽ പോലും ജയിലിൽ ആവുന്ന രാജ്യം. ഇന്റൻനെറ്റില്ല, ഫേസ്‌ബുക്കില്ല വാടസാപ്പില്ല. ചാനലുകൾ ഇല്ല. സർക്കാർ ടെലിവിഷനിലെ വാർത്തകൾ മാത്രം കേൾക്കണം. എവിടെയും ഭീതിയും ചാരക്കണ്ണകളും. സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞാൽ അന്നുരാത്രി കതകിൽ രണ്ടു മുട്ടുകേൾക്കാം. പട്ടാള ഉദ്യോഗ്സഥർ കൊണ്ടുപോകുന്ന നിങ്ങളെ കുറിച്ച് പിന്നെ ഒരു വിവരവും ഉണ്ടാവില്ല. ക്രിസ്മസ് ഇല്ല ഈസ്റ്ററില്ല, ബക്രീദും റമദാൻനോമ്പും ഒന്നുമില്ല. ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇവിടെ ആഘോഷിച്ചത് പ്രസിഡന്റിന്റെ മുത്തശ്ശിയുടെ ജന്മദിനമാണ്.അതാണ് വടക്കൻ കൊറിയ.
രാജ്യം പട്ടിണിയിൽ ആണെങ്കിലും പ്രസിഡന്റ് സുഖിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലായത് അമിതമായ തീറ്റയും കുടിയും ലൈംഗികയും തന്നെയെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നത്. സ്ത്രീലമ്പടൻ എന്ന നേരത്തെ തന്നെ ആരോപണം ഉയർന്ന കിം അടുത്തകാലത്തായി തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അൽപ്പം ആശങ്കാകുലനാണ്. പ്രസിൻന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹപരായ പ്രവർത്തനമാണെന്ന് പലരും കരുതിയിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയിലി എൻകെ മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു! ്ഉത്തരകൊറിയിൽനിന്ന് രക്ഷപ്പെട്ട പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പ്രസിഡന്റുമായി അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായണത്രേ ഇവിടുത്തെ പെൺകുട്ടികൾ കരുതുന്നത്. തിനക്ക ഇഷ്ടമുള്ളവരെ തട്ടിക്കൊണ്ടുപോയി കിം പീഡിപ്പിച്ച സംഭവങ്ങളും നിരവധിയാണ്.
ഇതിനാലാണ് കിം പരമ്പരാഗത ചൈനീസ് വൈദ്യത്തിലുള്ള സ്‌നേക്ക് വൈൻ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് അറിയുന്നത്. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. വിഷസർപ്പങ്ങൾക്കു പകരം ഇപ്പോൾ മൂർഖന്റെ വിഷം ചേർക്കുമെന്നാണ് പറയുന്നത്. ഈ വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്ലി എൻകെ പറയുന്നു. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. വിലയേറിയ വിദേശമദ്യം പല രാജ്യങ്ങളിൽ നിന്നും കിമ്മിനായി ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശമദ്യമായിരുന്നു ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത്.
റഷ്യൻ വോഡ്കയോടും വല്ലാത്ത ഭ്രമമായിരുന്നു കിമ്മിനെന്നും പറയപ്പെടുന്നു. നെതർലൻഡ്‌സിലെ റോട്ടർഡാം തുറമുഖത്തുനിന്ന് 90,000 കുപ്പി റഷ്യൻ വോഡ്ക 2019 ൽ അധികൃതർ പിടികൂടിയിരുന്നു. കിമ്മിനായി പ്രത്യേകം തയാറാക്കിയ മദ്യമാണ് അതെന്നും പ്യോങ്യാങ്ങിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതാണെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിമ്മിനുമുണ്ട് സ്വന്തമായി കൊലയാളി സംഘം. പ്രസിഡന്റിനെതിരെ പറയുന്നവരെ എവിടെവെച്ചും ഇവർ ഇല്ലാതാക്കും.
കൊലയായി സംഘങ്ങൾ ഒന്നിക്കുമോ?
ഒരപാട് സാമ്യതകൾ രണ്ടുപേർക്കുമുണ്ട്. കിമ്മിനെപ്പോലെ പുടിനും തികച്ച മദ്യപാനിയും സ്ത്രീലമ്പടനും സുഖലോലുപനുമാണ്. കിമ്മിനെപ്പോലെ തന്നെ പുടിനുമുണ്ട് സ്വന്തമായി കൊലയാളി സംഘം. അതിന്റെ പേരാണ് ഗ്രൂ. ജയലിൽവെച്ച് എന്തുചെയ്യാൻ മടിക്കാത്ത ക്രമിലനുകളെയാണ് ഈ സംഘത്തിലേക്ക് എടുക്കാറുള്ളത്.
1918-ൽ വിപ്ലവത്തിനുശേഷം ലെനിൻ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ നിലനിർത്തുകയായിരുന്നു.
രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.
എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഈ ഗ്രൂവാണ് പുടിനുവേണ്ടി പല കൊലകളും നടത്തുന്നത്. ഇപ്പോൾ റഷ്യയുടെ സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോഷിനെ കൊന്നതും ഈ ടീമാണെന്ന് സംശയമുണ്ട്. പുടിനെതിരെ തിരിഞ്ഞതാണ് പ്രിഗോഷിന് വിനയായത്.
ഈ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പടയുടെ നിയന്ത്രണവും ഇപ്പോൾ പുടിന്റെ കൈയിലാണ്.
അപ്പോൾ ഉയരുന്ന ചോദ്യം കിമ്മിന്റെ സ്വകാര്യ സേനയും, പുടിന്റെ ഗുണ്ടാ സംഘവും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാലോ! എങ്കിൽ ലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിപത്തായിരിക്കും അത്.
വാൽക്കഷ്ണം: കിം കഴിഞ്ഞാൽ പുടിന് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, മൂൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെയാണ്. ഇക്കഴിഞ്ഞ ദിവസവും പുടിൻ ട്രംപിനെ ന്യായീകരിച്ചു. ''ട്രംപിനെതിരേ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. അത്, യു.എസിലെ പൊതുജനങ്ങളും ഈ ലോകംമുഴുവനും കാണുന്നുണ്ട്. ഇതുമാത്രംമതി യു.എസിൽ നടക്കുന്ന അടിസ്ഥാനപരമായ അഴിമതിയെ തുറന്നുകാണിക്കാൻ. മറ്റുള്ളവരെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കാൻ അവർക്ക് അവകാശമില്ല'' -പുടിൻ പറഞ്ഞു. ഫാസിസ്റ്റുകൾ തമ്മിൽ എന്തൊരു മാനസിക ഐക്യം.