- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജാതിക്കൊലകളുടെയും, ക്ഷേത്ര വിലക്കിന്റെയും നാട്; ചായക്കടകളിൽ ഇന്നും രണ്ടുഗ്ലാസ്; കാൽനൂറ്റാണ്ടിലധികം ഭരിച്ചിട്ടും ജാതി വിവേചനം മാറ്റാൻ കഴിയാത്ത സ്റ്റാലിനും കൂട്ടർക്കും പ്രശ്നം സനാതന ധർമ്മം; ഡിഎംകെ ഫയൽസ് എന്ന അഴിമതിയിൽ നിന്നും ശ്രദ്ധ മാറുന്നു; സനാതന വിവാദം കണ്ണിൽ പൊടിയിടാൻ; ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
കാശ്മീർ ഫയൽസ് എന്നത് ഇന്ത്യയൊട്ടൊകെ ചർച്ച ചെയ്ത വിവാദ സിനിമയാണെങ്കിൽ, ഡിഎംകെ ഫയൽസ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതിയാണ്. നമ്മൾ മലയാളികൾ മന്നാർഗുഡി മാഫിയയെ അനുസ്മരിപ്പിച്ച് പിണ്ണാർഗുഡി മാഫിയ എന്ന് പിണറായി കുടുംബത്തിന്റെ അഴിമതികളെ ട്രോളുമ്പോൾ, തമിഴകത്തും അതിനേക്കാൾ വലിയ അഴിമതിയാണ് ഇപ്പോഴും നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും ചേർന്ന് ഒരു ലക്ഷം കോടിയിലധികം രൂപ നേടിയെടുത്തു എന്ന ആരോപണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങളാണ് ഡിഎംകെ ഫയൽസ് എന്ന പേരിൽ ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്.
അന്ന് ഇന്ത്യൻ യുവാക്കളുടെ ആരാധനാ മൂർത്തിയും, തമിഴ്നാട് ധനമന്ത്രിയുമായ പഴനിവേൽ ത്യാഗരാജന്റെ ശബ്ദരേഖ ഉൾപ്പെടെയാണ് അഴിമതിക്ക് തെളിവായി അണ്ണാമലൈ സമർപ്പിച്ചത്. പക്ഷേ, സർക്കാർ ഒരു അന്വേഷണവും നടത്തിയില്ല. പക്ഷേ അണ്ണാമലൈ അടങ്ങിയില്ല. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഗവർണർക്ക് സമർപ്പിച്ച അദ്ദേഹം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. നേരത്തെ കത്തിനിന്ന ഗവർണർ- സർക്കാർ പോര്് ഇതോടെ കൂടുതൽ ശക്തമായി.
എന്തിനും ഏതിനും കമ്മീഷൻ കൊടുക്കേണ്ടിവരുന്ന പഴയ ജയലളിത- ശശികല ടീമിന്റെ ഭരണത്തിന് സമാനമായ മാഫിയയാണ്, ഇപ്പോൾ തമിഴ്നാട്ടിലെ കിരീടം വെക്കാത്ത രാജാവായി വാഴുന്ന എം കെ സ്റ്റാലിന്റെ ഭരണത്തിലും നടക്കുന്നത് എന്ന് അണ്ണാമലൈ തെളിവ് സഹിതം വ്യക്തമാക്കിയപ്പോൾ, തകർന്നുപോയത് ദേശീയ മാധ്യമങ്ങൾ അടക്കം ഏറെ പുകഴ്ത്തിയ ഡിഎംകെ ഭരണത്തിന്റെ ഇമേജ് ആയിരുന്നു. ഒരു വേള സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടാൻ 'ഇന്ത്യ' എന്ന പ്രതിപക്ഷ സഖ്യത്തിൽ ആലോചനകൾ നടക്കവേയാണ് ഇടിത്തീയായി ഡിഎംകെ ഫയസ് പൊട്ടിവീണത്.
അതിന് പിന്നാലെ പഴനിവേൽ ത്യാഗരാജന്റെ വകുപ്പുമാറ്റവും ഉണ്ടായി. ഡിഎംകെയുടെ കൊടിയ അഴിമതിയെക്കുറിച്ച് പറയുന്നത് പഴനിവേൽ ത്യാഗരാജൻ ആണെന്നാണ് ആരോപണം. ഇതിന് പിന്നാലെ മുൻ സ്പീക്കർ സെന്തിൽ ബാലാജിയുടെ ഇഡി അറസ്റ്റുമെല്ലാം വലിയതോതിൽ ഡിഎംകെയുടെ ഇമേജ് ഇടിച്ചുവെന്നത് വസ്തുതയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരത്തിൽ കൂടുതൽ അഴിമതി ആരോപണങ്ങൾ പുറത്തുവിടുമെന്നാണ് മൂൻ സിവിൽ സർവീസ് ഉദ്യോസ്ഥനും തീപ്പൊരി പ്രാസംഗികനമായ അണ്ണാമലൈ പറയുന്നത്. ഇപ്പോൾ തമിഴ്നാട്ടിൽ മറ്റെല്ലാ നേതാക്കളെയും, പിന്തള്ളിക്കൊണ്ട് ഏകാംഗ പ്രതിപക്ഷമായി അണ്ണാമലൈ മാറിക്കഴിഞ്ഞു.
ഇതോടെ ഡിഎംകെ ക്യാമ്പിലും അങ്കലാപ്പ് വരികയാണ്. പ്രമുഖ മാധ്യമമായ ദിനതന്തിയിൽ രാഷ്ട്രീയ നിരീക്ഷകൻ എസ് ആർ പരമേശ്വരൻ എഴുതുന്നത്, ഈ പ്രതിസന്ധിയിൽ നിന്നാണ്, സ്റ്റാലിന്റെ മകനും, അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതാന ധർമ്മ വിവാദം ഉണ്ടാവുന്നത് എന്നാണ്. മതത്തെ ജാതിയെവെച്ച് വെട്ടുക എന്ന ഡിഎംകെ എക്കാലവും പ്രായോഗിച്ച തന്ത്രം തന്നെയാണ് അവർ ഇവിടെയും പയറ്റുന്നത്. എന്തായാലും ഭാവിയുടെ തമിഴക രാഷ്ട്രീയം എന്നത് അണ്ണാമലൈ വേഴ്സസ് ഉദയനിധി സ്റ്റാലിൻ എന്ന രീതിയിൽ മാറുമെന്നതിൽ യാതൊരു സംശയവുമില്ല.
ജാതി ഭ്രാന്തന്മാരുടെ നാട്
തമിഴ്നാട്ടിൽ വോട്ട് വീഴുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, ജാതിയുടെ പേരിലാണ്. പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ പരസ്യമായി ഭഗവദ്ഗീത കത്തിച്ച നാടാണ് ഇത്. പുറമെ മതരഹിതർ എന്നും ദൈവരഹിതർ എന്നുമൊക്കെ ദ്രാവിഡ കക്ഷികൾ പറയുമെങ്കിലും, ജാതി വിട്ട് മറ്റൊരു കളിയും തമിഴ്നാട്ടിലില്ല. ഏറ്റവും രസകരം ഇത്രയേറെ യുക്തിവാദവും, മതനിരാസവും പറയുന്ന പാർട്ടികൾ ഭരിച്ചിട്ടും, ജാതിക്കൊലകളും, ജാതി അതിക്രമങ്ങളും ഏറ്റവും കൂടുതൽ ഉള്ളത് തമിഴകത്താണ്.
തമിഴ്നാട് പുതുക്കോട്ടെ അയ്യനാർ ക്ഷേത്രത്തിൽ ആറു മാസം മുമ്പ് വരെ ദളിതർക്ക് പ്രവേശനമില്ലായിരുന്നു. സാക്ഷാൽ സ്റ്റാലിൻ ഭരിക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. കളക്ടർ കവിതാ രാമു, എസ്പി വന്ദിത പാണ്ഡേ ഈ രണ്ട് വനിതാ ഉദ്യോഗസ്ഥർ നിശ്ചയദാർഢ്യത്തോട് നടപടി സ്വീകരിച്ചപ്പോഴാണ്, ആദ്യമായി ദളിതർക്ക് അമ്പലനടയിലേക്ക് കടന്നുചെല്ലാനും അവരുടെ ആരാധനാമൂർത്തിയെ വണങ്ങാനും കഴിഞ്ഞത്. ക്ഷേത്രത്തിലേക്ക് കടക്കാൻ ദളിതരെ അനുവദിക്കില്ലെന്ന് പറഞ്ഞുള്ള സമരത്തിന് നേതൃത്വം നല്കിയത് സ്ഥലത്തെ ഡിഎംകെ ഭാരവാഹിയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം!
പുതുക്കോട്ടെയിലെ ചായക്കടകളിൽ നിലവിലുള്ള രണ്ട് ഗ്ളാസ് സിസ്റ്റത്തിനെതിരെയും പട്ടികജാതി വിവേചന വിരുദ്ധ നിയമപ്രകാരം കളക്ടർ കേസെടുത്തു. 1967 മുതൽ ഡിഎംകെ തമിഴ്നാട്ടിൽ ഭരണത്തിലേറുന്നു. കരുണാനിധി അഞ്ച് തവണയായി ഇരുപത് വർഷം മുഖ്യമന്ത്രിയായി വാണു. പുകൾപെറ്റ യുക്തിവാദി രാമസ്വാമി നായക്കരുടെ സ്വന്തം നാട്ടിൽ സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ദളിതർക്ക് ചായകുടിക്കാൻ പ്രത്യേകം ഗ്ളാസ്, അമ്പലങ്ങളിൽ പ്രവേശനമില്ല. വണ്ണിയാർ, തേവർ തുടങ്ങിയ അതിശക്തമായ ഒബിസി ജാതികൾ ദളിതർക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്നു.
ഒരു നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതിഭീകരത തമിഴ്നാട്ടിൽ പലയിടത്തും പ്രത്യേകിച്ച് ഗ്രാമീണമേഖലകളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്നവെന്ന് വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ധർമ്മപുരി ജില്ലയിൽ വണ്ണിയാർ യുവതിയെ ദളിതനായ ഒരു ഇളവരശൻ വിവാഹം കഴിച്ചപ്പോൾ വലിയ കലാപമാണ് നടന്നത്. ഡിഎംകെ സഖ്യകക്ഷിയായ വണ്ണിയാർ സമുദായ പാർട്ടിയായ പട്ടാളി മക്കൾ കക്ഷിയാണ് അന്ന് വയലൻസിന് നേതൃത്വം നല്കിയത്. അവസാനം ഇളവരശന്റെ പ്രണയജീവിതം റെയിൽവേ പാളത്തിൽ ഒടുങ്ങി.
കാൽനൂറ്റാണ്ടിലധികം തമിഴ്നാട് ഭരിച്ചിട്ടും പച്ചയായ ജാതിവിവേചനവും അതിക്രമവും അവസാനിപ്പിക്കാൻ ഒന്നും ചെയ്യാൻ ഡിഎംകെക്ക് കഴിഞ്ഞിട്ടില്ല. ബ്രാഹ്മണവിരുദ്ധ വായ്ത്താരിയുമായി കളം നിറഞ്ഞ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങൾ ദളിതന്റെ ഉത്ഥാനത്തിനായി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന് തമിഴ് ഉൾഗ്രാമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതിശക്തരായ ഒബിസി ജാതിക്കാരുടെ വിളയാട്ടമാണ് ഇന്ന് ദ്രാവിഡദേശത്ത് നടക്കുന്നത്. ദളിതരെ ആക്രമിക്കുന്ന വണ്ണിയാർ പോലെയുള്ള സമുദായക്കാർക്ക് ഒത്താശ ചെയ്യുകയാണ് ഡിഎംകെ എന്ന പുരോഗമന പാർട്ടി രംഗത്ത് എത്തുന്നത്. ഈ സാഹചര്യത്തിൽനിന്നുവേണം ഉദനിധി സ്റ്റാലിന്റെ സനാതന ധർമ്മ പ്രസ്താവനെയെ കാണേണ്ടത്.
വോട്ടുകിട്ടാനുള്ള വിവാദം?
തമിഴ്നാട്ടിൽ ഒട്ടു പ്രബലമല്ലാത്ത ഒരു ജാതിക്കൊലയിലും പെടാത്ത സമുദായമാണ്, ബ്രാഹ്മണർ. പക്ഷേ അനുദിനം ബ്രാഹ്മണിസം എന്ന് പറഞ്ഞുകൊണ്ട്് കാസ്റ്റ് ടെറർ ആളിക്കത്തിക്കാൻ ഡിഎംകെക്ക് നന്നായി അറിയാം. ബ്രാഹ്മണ്യം, ഹിന്ദുത്വ, ചാതുർവർണ്ണ്യം എന്നിവയൊക്കെ പറഞ്ഞാൽ വോട്ടുപോരുമെന്ന് നേതാക്കൾക്കും അറിയാം. അതുകൊണ്ടുതന്നെ മതംവെച്ച് ജാതിയെ വെട്ടാനുള്ള കളിയാണ് ഇപ്പോഴത്തെ സനാതന വിവാദത്തിലും നടക്കുന്നത്.
സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു, തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നോക്കണം, സ്വന്തം നാട്ടിൽ രണ്ടുക്ലാസിൽ ചായ കുടിക്കുന്നത് അവസാനിപ്പിക്കാൻ കഴിയാത്ത ആളാണ്, നുറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്നു സനാതന ധർമ്മം ഇല്ലാതാക്കാൻ നോക്കുന്നത്. ഡിഎംകെ വിചാരിച്ച പോലെ പ്രസംഗം വിവാദമായി. സ്്റ്റാലിന്റെയും മറ്റും തുരുപ്പ് ചീട്ടായ ബ്രാഹ്മണിസവും, ഹൈന്ദവ ഭീകരതയും വീണ്ടും ചർച്ചയായി. അഴിമതി വിവാദങ്ങൾ എല്ലാം മറന്ന് തമിഴകം ഈ വിവാദത്തിന് പിറകെയായി.
അതിനിടെ ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ ജഗദ്ഗുരു പരംഹൻസ് ആചാര്യ രംഗത്ത് എത്തിയത് പ്രശ്നം സങ്കീർണ്ണമാക്കി. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് പത്ത് കോടി പാരിതോഷികവും പരംഹൻസ് ആചാര്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റാർക്കും ഇത് സാധിക്കാതെ വന്നാൽ താൻ തന്നെ മന്ത്രിയുടെ തലയറുക്കുമെന്നും പരംഹൻസ് പറയുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്റെയും ചിത്രം കത്തിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരംഹൻസ് നേരത്തേ ഷാറൂഖ് ഖാനെതിരെയും വധഭീഷണി മുഴക്കിയിരുന്നു. രാമചരിതമാനസിനെതിരെ നടത്തിയ പരാമർശത്തിൽ ബിഹാർ മന്ത്രിയുടെ നാവ് പിഴുതെടുക്കണമെന്നും ഇത് ചെയ്യുന്നവർക്ക് 10 കോടി നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇതൊന്നും നടപ്പായില്ലെന്നതും വെറും ഓലപ്പീപ്പിയാണെന്നും വ്യക്തമാണ്. പക്ഷേ എന്നിട്ടും തമിഴകം തിളച്ചു. ഡിഎംകെ ഹാപ്പിയായി.
പറഞ്ഞതിൽ ഉറച്ച് ഉദയനിധി
അതേസമയം സനാതന ധർമത്തെക്കുറിച്ചുള്ള തന്റെ പരാമർശം ബിജെപി വളച്ചൊടിക്കുകയാണെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. 'ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാൻ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലർ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനർത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ?'- ഉദയനിധി സ്റ്റാലിൻ ചോദിച്ചു. സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് എന്റെ അഭിപ്രായം' ഉദയനിധി പറഞ്ഞു.
'ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ' മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകനുമായ ഉദയനിധി പറഞ്ഞു. താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതും വേർതിരിക്കുന്നതുമാണു ചോദ്യം ചെയ്തതെന്നും ഉദയനിധി വിശദീകരിച്ചു. നിലപാടിൽനിന്നു പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച അദ്ദേഹം പ്രത്യാഘാതം നേരിടാൻ തയാറാണെന്നും ഭീഷണി കണ്ടു തളരില്ലെന്നും പറഞ്ഞു. ഉദയനിധിയുടെ വാക്കുകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അധികം ലൈം ലൈറ്റിൽ ഇല്ലാതിരുന്നു സ്റ്റാലിന്റെ മകൻ തന്റെ പാർട്ടിയിലെ പ്രധാന്യവും, രണ്ടാമനെന്ന പേരും നിലനിർത്തി.
പെരിയവർ ആയ ചിന്നവർ
ചിന്നവർ എന്നായിരുന്നു, 45കാരനായ ഉദയനിധി സ്റ്റാലിൻ പാർട്ടി അണികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. മക്കൾ രാഷ്ട്രീയം എന്ന ദുഷ്പേര് കേൾപ്പിക്കാതിരിക്കാൻ, ചലച്ചിത്ര നടനും നിർമ്മാതാവുമായ മകനെ സാവധാനത്തിലാണ് സ്റ്റാലിൻ ലോഞ്ച് ചെയ്യിപ്പിച്ചത്. 40 വർഷം പാർട്ടിയിൽ താഴെക്കിടയിൽനിന്ന് പണിയെടുത്താണ്, സ്റ്റാലിൻ ഉയർന്നുവന്നതെങ്കിൽ, മകൻ 2019 ലാണ് രാഷ്ട്രീയത്തിൽ വന്നത്. ഇതെല്ലാം കരുണാനിധി കുടുംബത്തിലും ഭിന്നതയുണ്ടാക്കിയിരുന്നു. പക്ഷേ സനാതന വിവാദത്തോടെ ചിന്നവർ പെരിയവർ ആയി.
ആദ്യകാലത്ത് രാഷ്ട്രീയത്തിൽ വലിയ താൽപ്പര്യമെന്നും ഉദയനിധിക്ക് ഉണ്ടായിരുന്നില്ല. ചെന്നൈയിലെ ഡോൺ ബോസ്കോ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ലൊയോള കോളേജിൽനിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. പിന്നെ സിനിമയായിരുന്നു തട്ടകം. 2008ൽ നിർമ്മാതാവായാണ് സിനിമാ ജീവിതം ആരംഭിച്ചത്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ 2008ൽ വിജയ് നായകനായ 'കുരുവി' നിർമ്മിച്ചു. സൂര്യ അവതരിപ്പിച്ച ആദവൻ എന്ന ചിത്രത്തിൽ ഉദയനിധി അതിഥി വേഷം ചെയ്തു. തുടർന്നിങ്ങോട്ട് നിർമ്മാതാവായും നടനായും തിളങ്ങി. 2002ൽ വിവാഹിതനായി. കൃതികയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്. ഒരു കൽ ഒരു കണ്ണാടി, ഇതു കതിർവേലൻ കാതൽ, മനിതൻ, നിമിർ, കണ്ണെ കലൈമാനെ, മാമന്നൻ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
തമിഴകത്തിന്റെ നെഞ്ചിടിപ്പായ രാഷ്ട്രീയ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, 2019 ജൂലൈയിൽ ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മൃദുഭാഷിയായിരുന്ന ഉദയനിധി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറിത്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ 'എയിംസ് ബ്രിക്ക്' പ്രചാരണത്തോടെയാണ്. 'എയിംസ്' എന്ന പേരിലുള്ള ഇഷ്ടികയും കൈയിൽ പിടിച്ച്, മധുരയ്ക്ക് പ്രഖ്യാപിച്ച എയിംസ് എന്തുകൊണ്ട് കടലാസിൽ മാത്രമായി അവശേഷിച്ചുവെന്ന് ഉദയനിധി ചോദിച്ചത് വൈറലായി. അദ്ദേഹത്തെ അടയാളപ്പെടുത്തിയതും ആ സമരമാണ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 69,355 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഡിഎംകെയ്ക്ക് ലഭിച്ചപ്പോൾ തന്നെ ഉദയനിധിയെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നതാണ്. എന്നാൽ, തുടക്കത്തിലേ കുടുംബാധിപത്യം എന്ന ദുഷ്പേര് മന്ത്രിസഭയ്ക്ക് ഉണ്ടാകാതിരിക്കാനായി സ്റ്റാലിൻ അത് വൈകിപ്പിച്ചു. 2022 ഡിസംബർ 18ആം തീയതി തമിഴ്നാട് കായിക-യുവജന കാര്യ മന്ത്രിയായി ഉദയനിധി അധികാരമേറ്റു. 1982 മുതൽ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിൻ വഹിച്ചിരുന്ന പദവി ആണ് കായിക-യുവജന കാര്യ മന്ത്രിസ്ഥാനം.
ഇതോടെ സിനിമയിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപവും അദ്ദേഹം നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ആണ് തന്റെ അവസാന ചിത്രമെന്ന് ഉദയനിധി വ്യക്തമാക്കിയിരുന്നു. മലയാളത്തിന്റെ ഫഹദ് ഫാസിൽ വില്ലനായി എത്തിയ, നടൻ വടിവേലു മുഖ്യ വേഷമിട്ട, ഉദയനിധി നായകനായ മാമന്നൻ സൂപ്പർ ഹിറ്റായി. പക്ഷേ ഒരു നടൻ എന്നുനോക്കുമ്പോൾ ശരാശരി മാത്രമാണ് ഉദയനിധി. ഫഹദ് ഫാസിലിന്റെയൊക്കെ മുന്നിൽ അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ ഇനി രാഷ്ട്രീയത്തിൽ അയാളെ പിടിച്ചാൽ കിട്ടില്ല എന്ന് ഉറപ്പാണ്.
പ്രതിരോധത്തിലായി 'ഇന്ത്യ'
ഉദയിനിധിയുടെ സനാതന ധർമ്മ വിരുദ്ധ പ്രസ്താവന തമിഴ്നാട്ടിൽ വോട്ട് കിട്ടത്തക്ക ഹിറ്റ് സാധനം ആണെങ്കിലും, അത് ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'ക്ക് വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയത്. പരാമർശത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ഓരോ മത വിഭാഗത്തിനും അവരുടെതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.'രാഷ്ട്രീയത്തിൽ ഉദയനിധി ജൂനിയറായതിനാൽ ഇക്കാര്യങ്ങളിൽ അറിവുണ്ടാകില്ല. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ട്. സനാതന ധർമ്മത്തെ താൻ ബഹുമാനിക്കുന്നു.' - മമത ബാനർജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേർത്തു.
ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു. ഉദയനിധി സ്റ്റാലിനെ പൂർണമായും തള്ളിക്കളയാതെയാണ് കോൺഗ്രസ് പ്രതികരിച്ചത്. എല്ലാ പാർട്ടികൾക്കും അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എല്ലാ മതങ്ങളെയും പിന്തുണയ്ക്കുന്നതായും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ''ഞങ്ങൾ എല്ലാവരുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ വളരെ വ്യക്തമാണ്. സർവധർമ സമഭാവമാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം.'' കെ.സി. വേണുഗോപാൽ പറഞ്ഞു.
മനുഷ്യത്വത്തെ അംഗീകരിക്കാത്ത ഒരു മതവും മതമായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെയുടെ പ്രതികരണം. തുല്യ അവകാശങ്ങൾ നൽകാത്ത മതങ്ങളെല്ലാം രോഗങ്ങളേക്കാൾ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ 'സനാതന ധർമ്മ'ത്തിനെതിരായ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) രംഗത്ത് വന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് ഇത്തരം അഭിപ്രായ പ്രകടനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടിഎംസി വ്യക്തമാക്കി. അതായത് തമിഴ്നാട് അല്ല നോർത്ത്. ഇവിടെ ചെലാവുന്ന ചരക്ക് അവിടെ ചെലവാകണം എന്നില്ല.
ഇനി അണ്ണാമലൈ വേഴ്സസ് ഉദയനിധി
വികസനവും അഴിമതിയും ചർച്ചയാക്കി തമിഴ്നാട് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. പ്രാദേശികവാദവും ജാതീയമായ വോട്ടുബാങ്കുകളും കൊടികുത്തിവാഴുന്ന തമിഴ്നാട്ടിൽ മതബോധത്തിന്റെ പേരിൽ ഒരിടം നേടിയെടുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവ് ഇന്ന് ബിജെപിക്കുമുണ്ട്. കെ. അണ്ണാമലൈ എന്ന മുൻ ഐപിഎസ് ഓഫിസർ 2021 ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി എത്തിയത് അങ്ങനെയാണ്.
മുപ്പത്തിയേഴാം വയസ്സിൽ ഈ ചുമതല ഏറ്റെടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. അതുവരെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം കേട്ടുശീലിച്ച തമിഴ്നാട്ടിലെ ബിജെപി അണികൾക്കിടയിലേക്ക് ഭരണപക്ഷത്തിനെതിരെ കൃത്യമായ ആരോപണങ്ങൾ ഉന്നയിക്കുന്ന, തുടർച്ചയായി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും ഏതിനും മറുപടി നൽകുന്ന ഒരു വീരപുരുഷനായാണ് അണ്ണാമലൈ അവതരിച്ചത്. മാത്രമല്ല, ഡൽഹിയിൽപോയി സംസാരിക്കുമ്പോൾപോലും ഹിന്ദി ഒഴിവാക്കിയാണ് അദ്ദേഹം സംസാരിക്കുക. തമിഴന്റെ ഭാഷാവികാരം അയാൾക്ക് നന്നായി അറിയാം. ഉത്തരേന്ത്യൻ ഗോസായി പാർട്ടി എന്ന ആരോപണത്തിൽനിന്ന് മാറ്റി തമിഴന്റെ പാർട്ടിയാക്കി ബിജെപിയെ വളർത്താനാണ് അണ്ണാമലൈ നോക്കുകന്നത്.
അടിമുടി രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ സിവിൽ സർവീസ് ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിത്തിരിച്ച യുവാവ് എന്ന പ്രതിച്ഛായയും ഒരു കർഷക കുടുംബത്തിൽനിന്ന് സ്വന്തം അധ്വാനത്താൽ ഉയർന്നുവന്ന വ്യക്തി എന്ന മേൽവിലാസവുമാണ് തുടക്കം മുതൽ അണ്ണാമലൈയ്ക്കു ലഭിച്ചത്. പദവി ഏറ്റെടുത്ത് രണ്ടു വർഷത്തിനുള്ളിൽ അണ്ണാഡിഎംകെയെ പോലും അപ്രസക്തമാക്കും വിധം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് അണ്ണാമലൈ വളർന്നുകഴിഞ്ഞു.
ഉദയനിധിയുടെ സനാതന പരാമർശത്തിനെതിരെയും അണ്ണാമലൈ രംഗത്തു വന്നിട്ടുണ്ട്. മുഗളന്മാർക്കും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ക്രിസ്ത്യൻ മിഷനറിമാർക്കും പോലും തൊടാൻ പറ്റാതിരുന്ന സനാതന ധർമത്തെ ഇല്ലാതാക്കാൻ ആരാണ് ഉദയനിധി എന്നു ചോദിച്ചായിരുന്നു അണ്ണാമലൈയുടെ മറുപടി. സ്വന്തം അമ്മയോട് അമ്പലത്തിലേക്ക് പോകരുതെന്നു പറയാനുള്ള ധൈര്യം ഉദയനിധിക്കുണ്ടോയെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ ആഞ്ഞടിച്ചു. ആധ്യാത്മികതയുടെ മണ്ണായാണ് തമിഴ്നാടിനെ അണ്ണാമലൈ വിശേഷിപ്പിച്ചതും.
എഐഎഡിഎംകെ, ബിജെപി പാർട്ടികൾക്കു മേൽക്കൈയുള്ള, കോയമ്പത്തൂർ ഉൾപ്പെടുന്ന കൊങ്കുനാട് പ്രദേശത്തെ കരൂരിലാണ് കെ. അണ്ണാമലൈ എന്ന കുപ്പുസ്വാമി അണ്ണാമലൈയുടെ ജനനം. ഈ മേഖലയിലെ മറ്റൊരു അതികായനാണ് സെന്തിൽ ബാലാജിയെന്ന് ഓർക്കണം. എൻജിനീയറിങ് ബിരുദധാരിയായ അണ്ണാമലൈ, ലക്നൗ ഐഐഎമ്മിൽനിന്ന് എംബിഎ പൂർത്തിയാക്കിയതിനു ശേഷമാണ് സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത്. 2011ൽ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി സർവീസിൽ പ്രവേശിച്ചു. ഉഡുപ്പി, ചിക്കമംഗളൂരു, ബെംഗളൂരു സൗത്ത് തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്ത ശേഷം 2019 ലാണ് സർവീസിൽനിന്ന് സ്വയം വിരമിച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുരുന്നത്.
തമിഴ്നാട്ടിൽ കോൺഗ്രസും, എഐഡിഎംകെയും അടക്കമുള്ള പാർട്ടികൾ ഏതാണ്ട് തീർന്നുകഴിഞ്ഞു. ഇനി ഡിഎംകെയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഫൈറ്റാണ് വരാനിരിക്കുന്നത്. സ്റ്റാലിന് എഴുപതുവയസ്സായി. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം ഏതാണ്ട് സമപ്രായക്കാരായ ഉദയനിധിയും, അണ്ണാമലൈയും തമ്മിലുള്ള പോരാട്ടത്തിനാവും തമിഴകം സാക്ഷ്യം വഹിക്കുകയെന്ന് മാധ്യമങ്ങൾ എഴുതുന്നുണ്ട്. അതിനായുള്ള ഉദയനിധിയുടെ ഡ്രസ് റിഹേഴ്സലായിരുന്നു ഈ സനാതന വിവാദം എന്ന് കരുതുന്നവരും ഉണ്ട്.
അണ്ണാമലൈ ആവട്ടെ പഴനിവേൽ ത്യാഗരാജനെ അടക്കം വലിയൊരു ഡിഎംകെ നിരയെ ബിജെപിയിലേക്ക് കൊണ്ടുവരും എന്നും കേൾക്കുന്നു. ഇനിയം കൂടുതൽ ഇഡി റെയ്ഡുകളും, സാമ്പത്തിക കൊള്ളയുടെ ഫയലുകളും പുറത്തുവരാനുമുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം. 'പാർക്കാലാം' എന്ന കാമരാജ് ഡയലോഗ് തമിഴകത്ത് ഇന്നും പ്രസക്തമാണ്
വാൽക്കഷ്ണം: ജാതിയില്ല മതമില്ല ദൈവമില്ല തുടങ്ങിയ ഡയലോഗുകൾ ഒക്കെ എടുത്തുവീശി അധികാരം പിടിച്ച്, ദളിതർ നേരിടുന്ന വിവേചനത്തിനും പീഡനത്തിനും എതിരെ സമഗ്രമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഡിഎംകെയുടെ തോവ് എം കെ സ്റ്റാലിനാണ്, നമ്മുടെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. കാലത്തിന്റെ കാവ്യനീതി അല്ലാതെ എന്ത് പറയാൻ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ