- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയ മിർസ വീണ്ടും ഞെട്ടിക്കുമ്പോൾ!
മുത്തലാഖും തലാഖുമൊക്കെയായി, പുരുഷൻ സ്ത്രീയെ വിവാഹമോചനം ചെയ്ത കഥകൾ മാത്രമാണ് നാം സാധാരണ കേൾക്കാറുള്ളത്. പക്ഷേ ഇവിടെയിതാ ഒരു സ്ത്രീ, പുരുഷനെ ഇസ്ലാമിക വിധിപ്രകാരം ഡിവോൾസ് ചെയ്തിരിക്കാണ്. ലോകം മൂഴുവൻ ആരാധകരുള്ള പ്രശ്സത ടെന്നീസ്താരം സാനിയ മിർസ വീണ്ടും ഞെട്ടിക്കയാണ്!
പാക് ക്രിക്കറ്റ് താരവും സാനിയ മിർസയുടെ ഭർത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യവും വെളിപ്പെട്ടത്. വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിർസയാണ് വെളിപ്പെടുത്തിയത്. മുസ്ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള 'ഖുൽഅ്' വഴിയാണ് സാനിയ വിവാഹ മോചനം നേടിയതെന്നും ഇമ്രാൻ പറഞ്ഞു.
ഇസ്ലാമിൽ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാർ വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്ലാമിക ശരീഅത്ത് പ്രകാരം തലാഖ് ചൊല്ലുമ്പോൾ ഇവിടെ ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ വിവാഹമോചനം ലഭിക്കുന്ന രീതിയാണ് ഖുൽഅ്്. ഇവിടെ സ്ത്രീയാണ് വിവാഹ മോചനത്തിന് മുൻകൈ എടുക്കുന്നത്. വരൻ നൽകിയ മഹർ (വിവാഹമൂല്യമായി നൽകുന്ന സ്വർണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്. പക്ഷേ ഇവിടെ കൊടുത്ത തിരച്ചുകൊടുത്ത മഹറിന്റെ വാർത്തയും ഞെട്ടിക്കുന്നതാണ്. 1,37,500 യുഎസ് ഡോളർ വിലയുള്ള സ്വർണ്ണമാണ് അന്ന് ഷൊയ്ബ് മഹറായി കൊടുത്തിരുന്നത്. അതായത് ഇന്നത്തെ മൂല്യംവെച്ച് ഒരു കോടിയിെേലറ രൂപയുടെ സ്വർണം തിരിച്ചുകൊടുത്താണ് ഇപ്പോൾ സാനിയ വിവാഹമോചനം നേടിയിരിക്കുന്നത്!
ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഇങ്ങനെ ഒരു ഓപ്ഷൻ ഇസ്്ലാമിൽ ഉണ്ടെന്നുപോലും പലർക്കും അറിയില്ലായിരുന്നു. അല്ലെങ്കിലും എന്ന് വ്യത്യസ്തായിരുന്നു സാനിയ. ഇന്ത്യയിൽ അധികം പ്രചാരംപോലുമില്ലാത്ത ടെന്നീസ് റാക്കറ്റ് കൈയിലെടുത്തപ്പോൾ തൊട്ട് വിവാദങ്ങൾ, ഈ സുന്ദരിയുടെ കുടെയുണ്ട്. ഫാഷനും ഗ്ലാമറിനും പേരുകേട്ട വനിതാ ടെന്നീസിൽ സാനിയയുടെ ഉദയം മുതൽ വിവാദവുമുണ്ടായിരുന്നു. സാനിയയുടെ വസ്ത്രധാരണം വരെ ചർച്ചയായി. ആദ്യം ഇസ്ലാമിക മതമൗലികവാദികളാണ് സാനിയക്കെതിരെ തിരിഞ്ഞത്. എന്നാൽ പാക്കിസ്ഥാനിയായ ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ ഹിന്ദുത്വവാദികളാണ് ഹേറ്റ് കാമ്പയിൽ നടത്തിയത്. പക്ഷേ സാനിയ എല്ലാം സധൈര്യം നേരിട്ടു. എന്റെ ജീവിതം, എന്റെ കരിയർ, എന്റെ വസ്ത്രം, എന്റെ ഇണയെ എല്ലാം ഞാൻ തീരുമാനിക്കും എന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം സാനിയയുടെ ജീവിതത്തിൽ ഉടനീളം കാണാമായിരുന്നു. വിവാഹശേഷവും എന്തിന് കുട്ടിയുണ്ടായതിനുശേഷവും തന്റെ കരിയർ കളയാൻ അവർ കൂട്ടാക്കിയില്ല. ഒരിക്കലും ഫെമിനിസ്റ്റാണെന്ന് പറയാത്ത സാനിയ, ഇപ്പോൾ വിവാഹമോചനത്തിലും അവർ ആ വ്യക്തിസ്വാതന്ത്ര്യവാദം ഉയർത്തിപ്പടിക്കുന്നു.
ആറാം വയസ്സിൽ കൈയിലേന്തിയ റാക്കറ്റ്
ഇന്ത്യയിൽ ടെന്നീസ് എന്ന കായികമേഖലയുടെ കുതിപ്പുണ്ടായതും സാനിയ തരംഗം വന്നതോടെയാണ്. കളിയിൽ ഒരു താൽപ്പര്യമില്ലാത്തവർ പോലും അവളുടെ കത്തുന്ന സൗന്ദര്യം ആസ്വദിക്കാനായി ടെന്നീസ് കണ്ടു എന്നായിരുന്നു അക്കാലത്തെ തമാശ വർത്തമാനം. ശരിക്കും ഒരുതരം സാനിയ മാനിയ! പക്ഷേ സൗന്ദര്യമായിരുന്നില്ല, കളിക്കളത്തിലെ മികവിൽ തന്നെയായിരുന്ന സാനിയ വിലയിരുത്തേണ്ടത്. ഇന്ത്യയിൽ ഒരു താരത്തിനും ഇതുപോലെ ഒരു ട്രാക്ക് റെക്കോർഡ് ഇല്ല.
മൂന്ന് മിക്‌സഡ് ഡബിൾസ് കിരീടങ്ങളും മൂന്ന് ഡബിൾസ് കിരീടങ്ങളുമായി ആറ് ഗ്രാൻഡ് സ്ലാമുകൾ. രണ്ട് കോമൺവെൽത്ത് മെഡലുകളും എട്ട് ഏഷ്യൻ ഗെയിംസ് മെഡലുകളും. 43 ഡബ്‌ള്യു ടി എ ഡബിൾസ് കിരീടങ്ങൾ. 2007-ൽ വനിതാ ടെന്നീസിലെ സിംഗിൾസ് ലോകറാങ്കിങ്ങിൽ സാനിയ 27-ാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിലോ വനിതാ വിഭാഗത്തിലോ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന റാങ്കാണിത്. 2015-ൽ സാനിയ ഡബിൾസിൽ ലോക ഒന്നാം റാങ്കായി. 2017-ൽ റാങ്കിങ്ങിൽ പതനമുണ്ടാകുന്നത് വരെ 21 മാസമാണ് ഇന്ത്യൻ ഇതിഹാസം അജയ്യയായി തുടർന്നത്.
2004ൽ അർജുന അവാർഡ്, 2006-ൽ പത്മശ്രീ, 2015-ൽ രാജീവ് ഗാന്ധി ഖേൽരത്‌ന, 2016-ൽ പത്മ ഭൂഷൺ... രാജ്യം സാനിയയുടെ കേളീ മികവിനെ ആദരപൂർവം നെഞ്ചേറ്റി. 2005-ൽ വിമൻസ് ടെന്നീസ് അസോസിയേഷന്റെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരം നേടിയത് സാനിയയെ ആഗോള തലത്തിൽ പ്രശസ്തയാക്കി. ലോകത്തെ ഏറ്റവും ശക്തരായ 100 പേരുടെ പട്ടികയിൽ 2016-ൽ ടൈംസ് മാഗസിൻ സാനിയയെ ഉൾപ്പെടുത്തിയിരുന്നു.
സാനിയ മിർസ എന്ന പേര് ലോക കായികഭൂപടത്തിൽ തിളങ്ങുന്നുണ്ടെങ്കിൽ അത് ഇമ്രാൻ മിർസ എന്ന പിതാവിന്റെ ദീർഘദർശനത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണ്. സ്പോർട്സ് ജേണലിസ്റ്റായ ഇമ്രാനാണ് ചെറുപ്രായത്തിലേ മകളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനെ വളർത്തിയെടുത്തത്. മിർസ കുടുംബത്തിൽ എല്ലാവർക്കും പ്രിയം ക്രിക്കറ്റായിരുന്നു. കോളേജ് കാലഘട്ടത്തിൽ ടെന്നീസ് കളിച്ച ഇമ്രാൻ പോലും ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. മറ്റു കുട്ടികൾ ബാറ്റുമായി വഴിവക്കിൽ ക്രിക്കറ്റ് കളിച്ചു നടന്നപ്പോൾ സാനിയ റാക്കറ്റുമായി കൂട്ടുകൂടി. മകളുടെ ടെന്നീസ് കമ്പം ശ്രദ്ധിച്ച ഇമ്രാൻ അവളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ആറാം വയസ്സ് മുതൽ സാനിയയുടെ ടെന്നീസ് കോച്ചിങ് ആരംഭിക്കുകയായി. ആദ്യ കോച്ച് കെ.സി ഭൂപതി, മഹേഷ് ഭൂപതിയുടെ പിതാവ്. പിൽക്കാലത്ത് ഇമ്രാൻ തന്നെ മകളുടെ കോച്ചായി. ടെന്നീസ് അക്കാദമിയുടെ ഉയർന്ന ഫീസ് താങ്ങാനാകാതെ കുടുംബം വല്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിലാണ് അവളുടെ പ്രതിഭ തിരിച്ചറിഞ്ഞ് ചില സ്പോൺസർമാർ എത്തുന്നത്. അവർ സാനിയയെ പരിശീലനത്തിനായി അമേരിക്കയിലെ വിഖ്യാതമായ ഏസ് ടെന്നീസ് അക്കാദമിയിലേക്ക് അയച്ചു.
2002-ൽ തന്റെ പതിനഞ്ചാം വയസ്സിൽ, ലിയാണ്ടർ പേസിനൊപ്പം സാനിയ ഏഷ്യൻ ഗെയിംസിന്റെ മിക്സഡ് ഡബിൾസിൽ വെങ്കലം നേടി. യു.എസ് ഓപ്പണിന്റെ ഗേൾസ് ഡബിൾസിന്റെ ക്വാർട്ടർ കടമ്പ കടന്നു. 2003 വിംബിൾഡൺ ഗേൾസ് ഡബിൾസ് ചാമ്പ്യൻഷിപ് ജയിച്ച സാനിയ, അതേ വർഷം യു.എസ് ഓപ്പൺ ഗേൾസ് ഡബിൾസിൽ സെമി എത്തി. 2003-ൽ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ജന്മനാടായ ഹൈദരാബാദിൽ വെച്ച് നാല് സ്വർണമെഡലുകൾ വാരിക്കൂട്ടിയ സാനിയ അടുത്ത വർഷം കരിയറിലെ കന്നി ഡബ്ള്യു.ടി.എ. ഡബിൾസ് കിരീടം ചൂടി. 2005-ൽ ഹൈദരാബാദ് ഓപ്പൺ വിജയിച്ച് ഡബ്ള്യു.ടി.എ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഇന്നോളം മറ്റൊരു ഇന്ത്യൻ വനിതാ താരത്തിനും പിന്തുടർച്ച അവകാശപ്പെടാനായിട്ടില്ല. 2007-ൽ നാല് ഡബിൾസ് കിരീടനേട്ടവുമായി 27-ാം റാങ്കിലേക്കുയർന്ന സാനിയ ആദ്യ മുപ്പതിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.
സാനിയ- ഹിൻഗിസ് സഖ്യം
ഒരു ഇന്ത്യക്കാരി എപ്പോഴേങ്കിലും ഒരു ഗ്ലാൻസ്ലാം കിരീടം നേടുമെന്ന് ആരും സങ്കൽപ്പിച്ചുണ്ടാവില്ല. പക്ഷേ സാനിയ എപ്പോഴും സങ്കൽപ്പങ്ങൾക്ക് അപ്പുറത്തായിരുന്നു.2015-ൽ മാർട്ടിന ഹിൻഗിസ് എന്ന സ്വിസ് പ്രതിഭയുമായി സാനിയ കൈകോർത്തു. ടെന്നീസ് ആരാധകർ സാന്റിന എന്ന് ഓമനപ്പേര് ചാർത്തിയ സഖ്യം കിരീടങ്ങൾ വാരിക്കൂട്ടി. സാനിയ ഡബിൾസിൽ ലോക ഒന്നാംനമ്പറായി. മൂന്നു സ്ലാമുകൾ നേടിയ ഈ സഖ്യം പിന്നീട് 2016ൽ വേർപിരിഞ്ഞു. ഇതും ശരിക്കും ഇന്ത്യൻ ടെന്നീസിന്റെ വലിയ നഷ്ടമായി.
2005 ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസിൽ മൂന്നാം റൗണ്ട് വരെയെത്തിയ സാനിയയെ പരാജയപ്പെടുത്തിയത് സാക്ഷാൽ സെറീന വില്യംസ്. അതേ വർഷം യു.എസ് ഓപ്പണിന്റെ നാലാം റൗണ്ടിലെത്തിയ സാനിയക്ക് മരിയ ഷറപ്പോവയോട് അടിയറവു പറയേണ്ടി വന്നു. 2008-ലും സാനിയ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് വിഭാഗത്തിൽ മൂന്നാം റൗണ്ട് വരെ മുന്നേറി. ഇത്തവണ വഴിമുടക്കിയത് വീനസ് വില്യംസ്. ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാനിയ. ഒരിക്കലല്ല, രണ്ടു തവണ സാനിയ ഈ നേട്ടം ആവർത്തിച്ചു. 2008 ഓസ്ട്രേലിയൻ ഓപ്പണിൽ മഹേഷ് ഭൂപതിയോടൊപ്പം മിക്‌സഡ് ഡബിൾസിന്റെ ഫൈനലിലെത്തിയ സാനിയയ്ക്ക് അവിടെയും തോൽവി. തോൽവിയുടെ മുറിവിനു മരുന്നായി സാനിയ-ഭൂപതി സഖ്യം അടുത്ത സീസണിൽ ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാക്കളായി. സാനിയയുടെ കന്നി സ്ലാം. 2011 ഫ്രഞ്ച് ഓപ്പണിന്റെ ഡബിൾസ് ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2012 ഫ്രഞ്ച് ഓപ്പണിൽ ജയം സാനിയ-ഭൂപതി സഖ്യത്തിന്. രണ്ടു വർഷത്തിന് ശേഷം 2014 യു.എസ് ഓപ്പണിലും സാനിയയ്ക്ക് മിക്‌സഡ് ഡബിൾസിൽ സ്ലാം നേട്ടം. ഇത്തവണ പങ്കാളി ബ്രസീലിയൻ താരം ബ്രൂണോ സൊരസ്.
മൂന്നു മിക്‌സഡ് ഡബിൾസ് സ്ലാമുകൾക്ക് ശേഷം സാനിയ നേടിയത് മാർട്ടിന ഹിൻഗിസിനൊപ്പം തുടരെ മൂന്ന് ഡബിൾസ് സ്ലാമുകൾ. 2015ൽ വിംബിൾഡണും യു. എസ് ഓപ്പണും നേടിയ കൂട്ടുകെട്ട് 2016-ൽ ഓസ്ട്രേലിയൻ ഓപ്പണിലും വിജയികളായി.2018-ൽ പരിക്ക് സാനിയയെ കളിക്കളത്തിൽ നിന്നകറ്റി. അതേ വർഷമായിരുന്നു മകന്റെ ജനനവും. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 2020-ൽ മാസ്മരിക തിരിച്ചുവരവ്. ഹൊബാർട്ട് ഇന്റർനാഷണലിൽ ഡബിൾസിൽ ജയിച്ച് മടങ്ങിവരവിലെ ആദ്യ ഡബ്‌ള്യു.ടി. എ കിരീടം. ഫെഡ് കപ്പ് ടീമിൽ ഇന്ത്യയെ ആദ്യമായി പ്ലേ ഓഫ് വരെയെത്തിച്ചത് സാനിയ പിടിച്ചെടുത്ത നിർണായക ജയങ്ങളാണ്. 2022 വിംബിൾഡണിൽ സാനിയയുടെ കുതിപ്പ് മിക്‌സഡ് ഡബിൾസ് സെമി ഫൈനൽ വരെ നീണ്ടു. ശരീരത്തിന്റെ കായിക ശേഷി നഷ്ടപ്പെടുകയാണെന്നും പഴയ ഊർജത്തോടെ കളിക്കാനാവുന്നില്ലെന്നും തുറന്നുപറഞ്ഞ സാനിയ 2023 ഓസ്ട്രേലിയൻ ഓപ്പണോടെ സ്ലാമുകളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 2023 ദുബായ് ഓപ്പണോട് കൂടി എല്ലാ ഫോർ്മാറ്റുകളിൽ നിന്നും സാനിയ വിരമിച്ചു.
തന്റെ അവസാന സ്ലാം കളിക്കാൻ സാനിയ എത്തിയത് മിക്‌സഡ് ഡബിൾസിൽ കരിയറിലെ ആദ്യ പങ്കാളിയായ രോഹൻ ബൊപ്പണ്ണയുമൊത്ത്. ഉജ്ജ്വല ഫോമിൽ കളിച്ച സഖ്യം ഫൈനൽ കയറി. പക്ഷേ, അപൂർണതയുടെ അനല്പ സൗന്ദര്യത്തോടെ വിട വാങ്ങേണ്ടി വന്നു, സാനിയക്ക്. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സാനിയയുടെ നാല് വയസ്സുകാരൻ മകൻ സമീപകാല കായികലോകത്തെ മനോഹരമായ കാഴ്ചകളിൽ ഒന്നായി. വിടവാങ്ങൽ പ്രസംഗത്തിൽ വിതുമ്പിപ്പോയ സാനിയ, അവസാന സ്ലാമിൽ മകന്റെ മുന്നിൽ ഫൈനൽ കളിക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. പതിനാലാം വയസ്സ് മുതൽ ഒരുമിച്ച് കളിക്കുന്ന, അടുത്ത സുഹൃത്ത് ബൊപ്പണ്ണയ്‌ക്കൊപ്പം അവസാന മത്സരം കളിക്കാനായത് ഭാഗ്യമായി കാണുന്നെന്ന് സാനിയ കൂട്ടിച്ചേർത്തു. ദുബായ് ഓപ്പണിൽ അമേരിക്കയുടെ മാഡിസൺ കീയുമായി കളിക്കാനിറങ്ങിയ സാനിയയ്ക്ക് ആദ്യ റൗണ്ടിൽ തോൽവി. സമ്മോഹനമായ ടെന്നീസ് കരിയറിന് തോൽവിയോടെ തിരശീല വീണു.
'കളി വേറെ മതം വേറെ'
വസ്ത്രധാരണത്തിന്റെ പേരിൽ ഇസ്ലാമിക പണ്ഡിതർ അവർക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ടെന്നീസ് മത്സരങ്ങളിൽ ഷോട്ട് സ്‌കേർട്ട്‌സ് ധരിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പാണ് സാനിയയ്ക്ക് എതിരെ ഫത്വ് പുറപ്പെടുവിച്ചത്. സെക്‌സിസ്റ്റ് കമന്റുകളും പലരും തൊടുത്തുവിട്ടു. ഒരു മുതിർന്ന ഇസ്ലാം മത പണ്ഡിതൻ പറഞ്ഞു:' ടെന്നീസ് കോർട്ടുകളിൽ അവർ ധരിക്കുന്ന വസ്ത്രം മോശം സ്വാധീനം ചെലുത്തും'. എന്നാൽ, തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സാനിയ തിരിച്ചടിച്ചു. പിന്നീട് 2017 ൽ സാനിയയ്്ക്ക് നേരെ വിമർശനവുമായി മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് രംഗത്ത് എത്തി. സാനിയ മിർസ വസ്ത്രം ധരിക്കുന്നത് അനിസ്ലാമികമാണെന്നും, ഇസ്ലാമിക രീതിയനുസരിച്ച് കളിക്കാൻ കഴിയില്ലെങ്കിൽ സാനിയ കളി നിർത്തണമെന്നുമാണ് സാജിദ് പറഞ്ഞത്.
സാനിയയുടെ വസ്ത്രധാരണം പുരുഷന്മാരിൽ ലൈംഗികത ഉണർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഇസ്ലാമിക വിരുദ്ധവുമാണ്. ഇത് നിയമപരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'ഫതഹ് കാ ഫത്വ എന്ന ടെലിവിഷൻ പരിപാടിയിൽ, 'എല്ലാ മുസ്ലിം സ്ത്രീകളും ബുർഖ ധരിക്കണോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇമാമിന്റെ വിവാദ പരാമർശം. സാനിയ ബുർഖ ധരിക്കാൻ തയ്യാറാകണമെന്നും ബുർഖ ഒഴിവാക്കിയാൽ മാത്രമേ കളിക്കാൻ കഴിയൂ എന്നാണെങ്കിൽ അത്തരം കളികളിൽ നിന്നും സ്ത്രീകൾ വിട്ടു നിൽക്കണമെന്നും ഇമാം വ്യക്തമാക്കി. ലെഹങ്ക ധരിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴും സാനിയയ്ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.
നേരത്തെ തനിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ അതേ നിലയിലാണ് സാനിയ പ്രതികരിച്ചത്. എന്റെ കിടപ്പുമുറിയിൽ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ലന്നാണ് ബിബിസിയോട് ഒരിക്കൽ സാനിയ തുറന്നടിച്ചത്. 'മിനി സ്‌കർട്ട് ഇട്ട് കളിക്കുന്നതിൽ മതപരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ' എന്ന് ചോദ്യത്തിന് 'കളി വേറെ മതം വേറെ' എന്നാണ് ഉത്തരം. താൻ മുസ്ലിമാണ്. അതേ സമയം താൻ ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ വ്യക്തിപരമായിട്ടുള്ള കാര്യമാണ് എന്നായിരുന്നു സാനിയയുടെ മറുപടി.
ദേശീയപതാക വിവാദം തൊട്ട്
എന്നും നിരവധി വിവാദങ്ങളിലെ നായികയാണ് സാനിയ. 2006-ൽ ഇസ്രയേലി കളിക്കാരി ഷഹാർ പിയറുമായി സഖ്യം ചേരുന്നതിൽ നിന്ന് സാനിയ പിന്മാറിയിരുന്നു. ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സാനിയ എന്ന് വാർത്തകൾ വന്നു. സാനിയയുടെ നടപടി അത്‌ലറ്റിക്‌സിന് ചേർന്നതല്ലെന്നും ചിലർ പറഞ്ഞു. ഏതായാലും 2007-ൽ സാനിയ പിയറുമായി ചേർന്ന് ടൂർണമെന്റുകളുടെ ഭാഗമായി. 2008-ൽ സാനിയ വാർത്തകളിൽ നിറഞ്ഞു നിന്നു. സാനിയ ദേശീയ പതാകയെ അവഹേളിച്ചെന്ന് ആരോപണങ്ങൾ പൊങ്ങി. പതാക വെച്ചിരുന്ന മേശയിൽ കാൽ കയറ്റി വെച്ചിരിക്കുന്ന ഫോട്ടോ മുൻനിത്തിയായിരുന്നു പ്രചരണം. ബെയ്ജിങ് ഒളിമ്പി്ക്‌സിലെ പരേഡിൽ പതാക പൊക്കിപ്പിടിച്ചില്ലെന്നും ആരോപണമുണ്ടായി. സാനിയ തളർന്നില്ല.
സാനിയയുടെ ടെന്നീസിനെ സഖ്യങ്ങളും വിവാദമായിരുന്നു. മഹേഷ് ഭൂപതിയുമായി നല്ല രീതിയിൽ സഖ്യമായി നീങ്ങവെ ലിയാണ്ടർ പെയസിനൊപ്പം കളിക്കാൻ അസോസിഷേയൻ പറഞ്ഞതും വിവാദമായി. 2012 ഒളിമ്പിക്സിൽ പേസിനൊപ്പം കളിക്കാനില്ലെന്ന് ഭൂപതിയും ബൊപ്പണ്ണയും നിലപാടെടുത്തു. തുടർന്ന് സാനിയ-പേസ് സഖ്യം മിക്‌സഡ് ഡബിൾസിൽ മത്സരിക്കാൻ ധാരണയായി. സഖ്യം ക്വാർട്ടർ വരെയെത്തുകയും ചെയ്തു. പക്ഷേ അവിടെ തോറ്റു. ആ സമത്തുണ്ടായ വിവാദം തന്നെ ബാധിച്ചുവെന്ന സാനിയ തുറന്ന് പറഞ്ഞിരുന്നു. കളിക്കാർക്കിടയിലെ സംഘർഷങ്ങളിലേക്ക് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ തന്നെ വലിച്ചിടുകയായിരുന്നു എന്ന് സാനിയ പിന്നീട് ആരോപിച്ചിരുന്നു.
'പ്രണയമത്സരത്തിലെ' ഗോസിപ്പുതാരം
ടെന്നീസ് കളിക്കളത്തിലെന്നപോലെ ഗോസിപ്പുകളുടെ കാര്യത്തിലും സാനിയ എന്നും ഉച്ചപത്രങ്ങളുടെ തലക്കെട്ടുകളിൽ ഉണ്ടായിരുന്നു. സാനിയയുടെ ബാല്യകാല സുഹൃത്തായിരുന്ന, ഹൈദരബാദിലെ അറിയപ്പെടുന്ന ബിസിനസുകാരൻ കുടിയായ സൊഹ്‌റാബ് മിർസയാണ് ആദ്യ നായകൻ. കുടുംബ സുഹൃത്തുക്കൾ കൂടിയായ ഇരുവരും തമ്മിൽ വെറും ഒരു വയസ്സന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. 2009 -ൽ സൊഹ്‌റാബ് മിർസയുമായി ഹൈദരാബാദിൽ വച്ച് സാനിയയുടെ വിവാഹനിശ്ചയം നടന്നു. എന്നാൽ, ആറ് മാസത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിച്ചു.- "ഒരു പതിറ്റാണ്ടിന്റെ പകുതിയോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം ഞങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. സൊഹ്‌റാബിന് ഞാൻ നല്ലത് നേരുന്നു' -സാനിയ അന്ന് പറഞ്ഞു. വിവാഹത്തെ തുടർന്ന് സാനിയ ടെന്നീസ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നിൽ കരിയർ പ്രശ്‌നങ്ങൾ ഇല്ലെന്ന് പിതാവ് ഇമ്രാൻ മിശ്ര പിന്നീട് വ്യക്തമാക്കി.
ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് സാനിയ മിർസയ്ക്ക് ബോളിവുഡ് നടൻ ഷാഹിദ് കപൂറുമായി പ്രണയമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പ്രശസ്ത സംവിധായകൻ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ടോക്ക് ഷോയിൽ പങ്കെടുത്തതിന് പിന്നാലെ സാനിയയും ഷാഹിദും ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷേ സാനിയ ഇത് നിഷേധിച്ചു. കരൺ ജോഹർ തന്റെ ഷോയിൽ, പതിവുപോലെ കൊല്ലാനും വിവാഹം കഴിക്കാനും രണ്ടുപേരുടെ പേര് നിർദ്ദേശിക്കുന്നുണ്ട്. അപ്പോൾ സാനിയ രൺബീറിനെ വിവാഹം കഴിക്കാനും, ഷാഹിദിനെ കൊല്ലാനുമാണ് തെരഞ്ഞെടുത്ത്.
പിന്നെ തെന്നിന്ത്യൻ നടനായ നവ്ദീപ് പള്ളപോളുവുമായും സാനിയയുടെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നും പതിവായി ചുറ്റിക്കറങ്ങുകയും ജിമ്മിൽ പോകുകയും ചെയ്യാറുണ്ടെന്നും നവദീപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പക്ഷേ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതും വിവാദമായി. നവദീപ് ഒരു 'നല്ല സുഹൃത്ത്' മാത്രമാണെന്നും സാനിയയുടെയും വിശദീകരണം. പക്ഷേ ഇതെല്ലാം മാധ്യമങ്ങൾക്ക് ചൂടൻ വാർത്തയായെന്നത് വേറെ കാര്യം.
ഷൊയ്ബുമായി വിവാഹവും മോചനവും
2008 ജൂണിൽ ഐസിസി ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ, ഷാഹിദ് അഫ്രീദിക്ക് പിന്നിൽ രണ്ടാം സ്ഥാനതെത്തിയ താരമായിരുന്നു പാക്ക് താരം ഷൊയ്ബ് മാലിക്ക്. അങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്താണ് സാനിയയുമായി ഇദ്ദേഹം പ്രണയത്തിലാവുന്നത്. എന്നാലും അത് പുർണ്ണമായും പ്രണയവിവാഹം ആയിരുന്നോ എന്ന് ഇരുവരും ഇനിയും തറപ്പിച്ച് പറഞ്ഞിട്ടില്ല. സ്പോർട്സിനെ അതിയായി സ്നേഹിക്കുന്ന ഒരേ കാഴ്ചപ്പാടുള്ള രണ്ടു വ്യക്തികൾ എന്നായിരുന്നു സാനിയ ഇതേക്കുറിച്ച് പറഞ്ഞത്. ദുബൈയിൽ ഒരുപരിപാടിക്കിടെ കണ്ടപ്പോഴുള്ള അവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
2010 ഏപ്രിൽ 12-ന്, ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ വെച്ച് പരമ്പരാഗത മുസ്ലിം വിവാഹ ചടങ്ങിൽ ഷൊയ്ബ് മാലിക്കിനെ സാനിയ വിവാഹം കഴിച്ചു. അവരുടെ വാലിമ ചടങ്ങ് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ ആർഭാടമായാണ് നടന്നത്. പാക്താരത്തെ വിവാഹം കഴിഞ്ഞതോടെ സാനിയക്ക് നേരിടേണ്ടി വന്നത് വെറുപ്പിന്റെ വാക്കുകളാണ്. അവളുടെ രാജ്യസ്‌നേഹവും കൂറും ചോദ്യം ചെയ്യപ്പെട്ടു. ശത്രുരാജ്യത്തിന്റെ മരുമകളെന്ന് അവർ ആക്ഷേപിക്കപ്പെട്ടു. പക്ഷേ സാനിയ അതിനൊന്നും പ്രതികരിക്കാൻ പോയില്ല.
ദമ്പതികൾ 23 ഏപ്രിൽ 2018 ന് സോഷ്യൽ മീഡിയയിലുടെ ആദ്യ ഗർഭം അറിയിച്ചു. 2018 ഒക്ടോബറിൽ, സാനിയ മിർസ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായും, ഇസാൻ മിർസ മാലിക് എന്ന് പേരിട്ടതായും മാലിക് ട്വിറ്ററിൽ അറിയിച്ചു. പക്ഷേ പ്രസവശേഷവും എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് സാനിയ ടെന്നീസ് കോർട്ടിൽ തിരിച്ചെത്തി. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ അവർ തയ്യാറായിരുന്നില്ല. എല്ലാ അർത്ഥത്തിലും സ്വയം നിർണ്ണയിക്കാൻ കഴിയുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. വിവാഹശേഷം കരിയർ നിർത്തണമെന്ന ഷൊയ്ബിന്റെ ആവശ്യമാണ് ആ ബന്ധം വഷളാക്കിയത് എന്നും വാർത്തകൾ ഉണ്ടായിരുന്നു.
ഈയിടെ പലതവണ സാനിയയും ഷൊയ്ബും പരിയുകയാണെന്ന വാർത്തക ൾ ഉണ്ടായിരുന്നു. അതിന് ഒടുവിലാണ്, ഷൊയ്ബ് മാലിക് 2024 ജനുവരി 20 ന് താൻ പാക്കിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചതായി വാർത്ത വന്നത്. പാക്കിസ്ഥാൻ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് സന. 2012ൽ ഷെഹർ-ഇ-സാത് എന്ന സീരിയലിലൂടെയാണ് അരങ്ങേറ്റം. 'ഖാനി' എന്ന റൊമാന്റിക് സീരിയലിലൂടെ സന കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നു. 2020ലായിരുന്നു സനയുടെ ആദ്യ വിവാഹം. ഗായകൻ ഉമർ ജസ്വലുമായിട്ടുള്ള വിവാഹം കറാച്ചിയിലാണ് നടന്നത്. പിന്നീട് ദമ്പതികളെ പാക്കിസ്ഥാൻ ആഘോഷിക്കുകയായിരുന്നു. വലിയ സ്വീകാര്യതയാണ് ഇരുവർക്കും ലഭിച്ചത്. എന്നാൽ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായി. ഒരുമിച്ചുള്ള താമസവും അവസാനിച്ചിപ്പിച്ചു. പിന്നീട് ഇരുവരും പേർപിരിഞ്ഞെന്ന വാർത്തകളാണ് പുറത്തുവന്നത്.
ഇതിനിടെ മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ മാലിക്ക് പിറന്നാൾ ആശംസകൾ നേർന്നത് സംശയങ്ങൾ വർധിപ്പിച്ചു. ഈ ഗോസിപ്പുകൾക്ക് ഒടുവിലാണ് വിവാഹ വാർത്ത എത്തുന്നത്. പക്ഷേ അവിടെയും സാനിയ ഒരുപാടി മുന്നിൽ നിന്നു. ഭർത്താവ് തന്നെ ഉപേക്ഷിക്കുന്നതിന് മുമ്പേ തന്നെ അവൾ അയാളെ വലിച്ചെറിഞ്ഞു.
2016 ൽ പുറത്തിറങ്ങിയ ആത്മകഥയ്ക്ക് സാനിയ പേരിട്ടത് 'എയ്‌സ് എഗൻസ്റ്റ് ഓഡ്‌സ്' എന്നാണ്. ആത്മകഥയുമായി ബന്ധപ്പെട്ട് നടന്ന ആ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് കൊടുത്ത കിടിലൻ മറുപടി വൈറലായിരുന്നു. 'കളിയൊക്കെ നിർത്തി സെറ്റിലാകുന്നില്ലേ' എന്നായിരുന്നു രാജ്ദീപിന്റെ ആ ചോദ്യം. അമ്മയാകണ്ടേ എന്നൊക്കെയാണ് അത് അർത്ഥമാക്കിയത്. എന്നാൽ ഈ ചോദ്യത്തിന് 'ഞാൻ സെറ്റിലാകാത്തതിൽ വലിയ നിരാശയാണല്ലോ' എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. 'അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പർ വണ്ണായിരിക്കുന്നതാണോ നല്ലത്' എന്ന മറുചോദ്യം കൂടി സാനിയ ചോദിക്കുകയുണ്ടായി. ആദ്യം വിവാഹം കഴിക്കുക. പിന്നെ പ്രസവിക്കുക സ്ത്രീകൾ സെറ്റിലാകുക എന്ന് വച്ചാൽ ഇതൊക്കെയാണ് അർത്ഥമാക്കുന്നത്. എത്ര വിംബിൾഡൺ ജയിച്ചാലും ലോകത്തെ നമ്പർ വൺ ആയാലും ഇത് രണ്ടും ചെയ്തില്ലെങ്കിൽ പിന്നെ സെറ്റിലായതായി കണക്കാക്കില്ല. സ്ത്രീകളുടെ ദുര്യോഗമാണതെന്നും സാനിയ പറയുകയുണ്ടായി. ഇതാണ് സാനിയയുടെ ജീവിത വീക്ഷണം. ഒരു സ്ത്രീയെന്ന നിലയിൽ തലയുയർത്തി തന്നെ അവർ മുന്നോട്ട് പോവുകയാണ്.
വാൽക്കഷ്ണം: ടെന്നീസിൽനിന്ന് വിരമിച്ചും സാനിയ റാക്കറ്റ് ഉപേക്ഷിച്ചില്ല. രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ കെൽപ്പുള്ള കുട്ടികളെ വാർത്തെടുക്കുന്ന കോച്ചിങ്ങ് ക്ലാസുകൾ അവർ തുടങ്ങി. അതോടൊപ്പം ഫ്രഞ്ച് ഓപ്പൺ അടക്കം രാജ്യാന്തര മത്സരങ്ങളിൽ കമന്റേറ്ററായും അരങ്ങേറി. നിങ്ങൾക്ക് എന്നെ വെറുതെ വീട്ടിലിരുത്താനാവില്ലെന്ന് അവർ ആവർത്തിച്ച് പുരുഷാധിപത്യ സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു.