ലോക നിലവാരമുള്ള ഒരു മലയാളി! എന്തെങ്കിലും ഒരു മേഖലയിൽ ഒരു മലയാളി, എന്തിന് ഇന്ത്യാക്കാരൻ, ലോക നിലവാരത്തിലെത്തുക എന്നത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെല്ലോ. നമുക്ക് ലോക പ്രതിഭകളുടെ ഇന്ത്യൻ പതിപ്പ് ഉണ്ടാക്കാനാണ് താൽപ്പര്യം. മറാഡോണയുടെ പതിനായിരത്തിലൊന്ന് പ്രതിഭയില്ലാത്തവനെ ഇന്ത്യൻ മറഡോണയെന്നും, മൈക്കിൾ ജാക്സന്റെ ഏഴയലത്ത് എത്താൻ കഴിയാത്തവനെ ഇന്ത്യൻ മൈക്കിൾ ജാക്സനെന്നും, സ്പിൽബർഗിനെപ്പോലെ ഒരു ഷോട്ടുപോലും എടുക്കാൻ കഴിയാത്ത സംവിധായകനെ ഇന്ത്യൻ സ്പിൽബർഗ് എന്നുമൊക്കെ വിളിച്ച് നാം ആശ്വാസം കൊള്ളും! പക്ഷേ സിനിമോട്ടോഗ്രാഫിയിൽ നമുക്ക് ലോക നിലവാരത്തിലുള്ള ഒരാളുണ്ട്. അതാണ് സന്തോഷ് ശിവനെന്ന, ക്യാമറാനും, സംവിധായകനും, നടനും, നിർമ്മാതാവുമൊക്കെയായ തിരുവനന്തപുരത്തുകാരൻ.

ക്യാമറകൊണ്ട് ഇന്ദ്രജാലം കാണിക്കാനറിയുന്ന ഈ മനുഷ്യന്റെ മിടുക്ക് പെരുന്തൻ, ദളപതി, റോജ, യോദ്ധ, ദിൽസേ, ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങി അനേകം ചിത്രങ്ങളിലൂടെ നാം കണ്ടാതാണ്. മലയാളത്തിൽ തുടങ്ങി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ എത്രയോ ചിത്രങ്ങൾ. അനന്ദഭദ്രം, അശോക, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

ഇതുവരെ 55 ഫീച്ചർ ഫിലിമുകളും 50 ഡോക്യുമെന്ററികളുമായി സെഞ്ച്വറി അടിച്ചിട്ടും അദ്ദേഹം തന്റെ ക്യാമറാ ജീവിതം ആഘോഷിക്കയാണ്. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സ് അംഗത്വത്തിൽ ചേരുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യത്തെ ഛായാഗ്രാഹകൻ സന്തോഷ്. ഇന്ത്യൻ സിനിമയ്ക്ക് സംഭാവനകളുടെ അടിസ്ഥാനത്തിൽ രാജ്യം അദ്ദേഹത്തെ പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.

12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളുമായി, ഏറെ ആദരിക്കപ്പെട്ടുണ്ട് സന്തോഷ്. ഇപ്പോഴിതാ അപുർവമായ ഒരു വിദേശ അംഗീകാരവും അദ്ദേഹത്തെ തേടി എത്തിയിരിക്കയാണ്. ലോക പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിലെ 2024-ലെ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സന്തോഷ് ശിവന് ലഭിച്ചിരക്കയാണ്. രാജ്യാന്തര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്‌കാരമാണിത്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.അസാധാരണമായ മികവും അതിശയകരമായ കരിയറും പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. മെയ് 24ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഫിലിപ്പ് റൂസ്ലോ, വിൽമോസ് സിഗ്മോണ്ട്, റോജർ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫർ ഡോയൽ, എഡ്വേർഡ് ലാച്ച്മാൻ, ബ്രൂണോ ഡെൽബോണൽ, ആഗ്‌നസ് ഗൊദാർദ്, ഡാരിയസ് ഖോൻജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകർക്കാണ് നേരത്തെ ഈ അംഗീകാരം ലഭിച്ചത്. അതായത് ശരിക്കും വേൾഡ് ക്ലാസിലേക്ക് തന്നെയാണ് ഈ മലയാളി കയറിയിരിക്കുന്നത്. സന്തോഷ് ശിവൻ എന്ന 60 കാരന്റെ ജീവിതവും, അസാധാരണം തന്നെയാണ്.

അച്ഛന്റെ സ്റ്റുഡിയോവിൽ തുടങ്ങി

1964, ഫെബ്രുവരി 8, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ആണ് സന്തോഷ് ശിവന്റെ ജനനം. മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറെന്ന പ്രശസ്തിയുള്ള ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ ആണ് പിതാവ്. വളരെ ചെറുപ്പത്തിലേ തന്നെ സന്തോഷിന്റെ ജീവിതം പിതാവിന്റെ സ്റ്റുഡിയോയിലും ഡാർക്ക് റൂമിലുമൊക്കൊയിരുന്നു. പിതാവ് ശിവന്റെ ജീവിതത്തിലുടെ കടന്നുപോവാതെ മകന്റെ ജീവിതവും പൂർണ്ണമാവില്ല.

15ാം വയസുമുതൽ ഫോട്ടോഗ്രഫിയോടുള്ള കമ്പം മൂലം സംഗീത പഠനം ഉപേക്ഷിച്ച് ക്യാമറക്കൊപ്പം കൂടിയ വ്യക്തിയാണ് ശിവൻ. പിൽക്കാലത്ത് സന്തോഷ് പിതാവിനെകുറിച്ച് എടുത്ത ഡോക്യുമെന്റിയിലും ഇക്കാര്യം പറയുന്നുണ്ട്. ഐക്യകേരളം രൂപീകരിക്കുന്നതിനു മുൻപു തന്നെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം ശിവൻ പകർത്തിയ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിരുന്നു. നാഷണൽ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ, ന്യൂസ് വീക്ക് തുടങ്ങി പല വിദേശപ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. ചെമ്മീൻ എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു.

1959 സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരം സെക്രട്ടറിയറ്റിന് സമീപം പുളിമൂടിൽ ശിവൻസ് സ്റ്റുഡിയോ സ്ഥാപിച്ചു. കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ കൂടിയാണ് പിന്നീട് ശിവൻസ് സ്റ്റുഡിയോ മാറിയത്. മുഖ്യമന്ത്രിമാരായിരിക്കെ ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.കരുണാകരൻ തുടങ്ങിയവരൊക്കെ സ്റ്റുഡിയോയിൽ നേരിട്ടെത്തിയാണ് ഫോട്ടോയെടുത്തത്. ാജ് കപൂർ, വി.ശാന്തറാം, മൃണാൾസെൻ, ചലപതി റാവു തുടങ്ങി മലയാളത്തിലെ സാഹിത്യനായകരായ ബെഷീർ, തകഴി, തോപ്പിൽ ഭാസി, കേശവദേവ്, മാധവിക്കുട്ടി, എൻ.വി. കൃഷ്ണവാര്യർ, മലയാറ്റൂർ രാമകൃഷ്ണൻ, സംവിധായകൻ രാമു കാര്യാട്ട്, നടന്മാരായ സത്യൻ, പ്രേംനസീർ, മധു, ഇവരെല്ലാം സ്റ്റുഡിയോയിലെ സന്ദർശകരായിരുന്നു.

ജവഹർലാൽ നെഹ്‌റു , ഡോക്ടർ രാജേന്ദ്ര പ്രസാദ് , ജയപ്രകാശ് നാരായൺ , ലാൽ ബഹുദൂർ ശാസ്ത്രി , സക്കീർ ഹുസൈൻ , ഇന്ദിര ഗാന്ധി എന്നിവർക്കൊപ്പം ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രധാന യാത്രകളിൽ അനുഗമിക്കാൻ ശിവന് ക്ഷണം ലഭിച്ചിരുന്നു. പിന്നീട് ശിവൻ കലാ സംവിധാകനാനും, സംവിധായകനായും അരങ്ങേറി. അതെല്ലാം വിഖ്യാതമായ ശിവൻ സ്റ്റുഡിയോയടെ ബാനറിൽ ആയിരുന്നു.

ഇവിടെയാണ് സന്തോഷിന്റെയും ജീവിതം തുടങ്ങിയത്. പിതാവ് തന്നെയാണ് ആദ്യ ഗുരവും. കറുപ്പിലും വെളുപ്പിലുമുള്ള അക്കാലത്തെ ഫോട്ടോഗ്രാഫി പാഠങ്ങൾ അദ്ദേഹം അവിടെനിന്നാണ് പഠിച്ചത്. ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സന്തോഷിന്റെ ജേഷ്ഠനാണ്. സംവിധായകൻ സഞ്ജീവ് ശിവൻ അനിയനും. സംഗീത് ശിവനും സന്തോഷ് ശിവനും ചലച്ചിത്ര രംഗത്ത് എത്തുന്നതും ശിവന്റെ കൈപിടിച്ചാണ്.

പെരുന്തച്ചനിലുടെ പെരുമ

ചെറുപ്പത്തിലെ തന്നെ ക്യാമറയും സിനിമയും തന്നെയായിരുന്ന സന്തോഷിന്റെ മനസ്സിലും. അങ്ങനെയാണ് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽപോയി പഠിക്കുന്നത്. ഇപ്പോൾ അതേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും നിരവധി വിദേശ സർവകലാശാലകളിലും സന്തോഷ് പഠിപ്പിക്കുന്നു. 1988-ൽ നിധിയുടെ കഥ എന്ന മലയാള ചിത്രത്തിലുടെ ക്യാമറാനായി അരങ്ങേറുമ്പോൾ, സന്തോഷിന് പ്രായം, വെറും 24 വയസ്സായിരുന്നു. ഈ ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ അതേ വർഷം തന്നെ ഇറങ്ങിയ വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ്മാസപ്പുലരിയിൽ' എന്ന ചിത്രം അക്കാദമിക്ക് സർക്കിളിൽ ശ്രദ്ധേയമായി.

88-ൽ 'ദ സ്റ്റോറി ഓഫ് തിബ്ലു' എന്ന സന്തോഷ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പിന്നീടങ്ങോട്ടുള്ള പുരസ്‌ക്കാരപ്പെരുമയുടെ തുടക്കം ഇവിടെനിന്നാണ്. 90കളുടെ അവസാം ആവുമ്പോഴേക്കും, മിഥ്യ, ഇന്ദ്രജാലം, ഡോ പശുപതി, നമ്പർ ട്വന്റി മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളിലുടെ അദ്ദേഹം തിരക്കേറിയ ക്യാമറാനായി മാറി. ഇതിൽ നമ്പർ ട്വന്റി മദ്രാസ് മെയിലിലെ തീവണ്ടി രംഗങ്ങൾ കണ്ടവർ ഒരിക്കലും മറക്കാനിടയില്ല ആ മാജിക്ക്. ഇന്നും ഹിറ്റായ 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' എന്ന പാട്ടിലൊക്കെ ആ പെർഫെക്ഷൻ കാണാം. ഏറെ കഷ്ടപ്പെട്ടാണ് മദ്രാസ് മെയിലുവേണ്ടി അദ്ദേഹം വർക്ക് ചെയ്തത്. മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ടെക്ക്നീഷ്യനായിരുന്നു അദ്ദേഹം. ഇവർ ഒന്നിച്ച് ചെയ്ത മിക്ക ചിത്രങ്ങളും ഹിറ്റായി.

എന്നാൽ സന്തോഷ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ഛായാഗ്രാഹകരുടെ ലിസ്റ്റിലേക്ക് ഉയർന്നത് 91ൽ എം ടിയുടെ രചനയിൽ, തോപ്പിൽ ഭാസിയുടെ മകൻ അജയൻ എടുത്ത പെരുന്തച്ചന്റെ ഫോട്ടോഗ്രാഫിയിലുടെയാണ്. തിലകൻ പെരുന്തച്ചനായി കത്തിക്കയറിയ ചിത്രം, വലിയ കോമേർഷ്യൽ ഹിറ്റുമായി. ഇതിലൂടെ അദ്ദേഹത്തിന് മികച്ച ക്യാമറാനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. പിന്നീട് സന്തോഷ് ശിവന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ദളപതിയും റോജയും

91-ൽ ഇറങ്ങിയ രജനി- മണിരത്നം ചിത്രം ദളപതി സന്തോഷിന്റെ കരിയറിലും വഴിത്തിരുവായി. 1989-ൽ ഇറങ്ങിയ 'രാഗ്' കണ്ടിട്ടാണ് മണിരത്നം ദളപതിയിലേക്ക് സമീപിക്കുന്നത്. ''ഒരുപാട് രസകരമായ സംഭവങ്ങൾ ആ സെറ്റിൽ ഉണ്ടായിട്ടുണ്ട്. മണിരത്നത്തിന് രജനിയെ അതുവരെ കാണാത്തൊരു രീതിയിൽ അവതരിപ്പിക്കണമായിരുന്നു. ദളപതിയി ലാണ് ഞാൻ ആദ്യമായി ഏഴു പാട്ടുകൾ ഷൂട്ട് ചെയ്യുന്നത്. അതുവരെ ഒരു ചിത്രത്തിലും അത്രയും പാട്ടുകൾ ഒന്നിച്ച് ചെയ്തിരുന്നില്ല'- സന്തോഷ് ശിവൻ പറയുന്നു. മമ്മൂട്ടിയുടെ നൃത്ത രംഗം കൊണ്ട് ശ്രദ്ധേയമായ 'കാട്ടുക്കുയില് മനസുക്കുള്ള', 'സുന്ദരി കണ്ണാൽ ഒരു സേതി', 'ചിന്നത്തായവൾ', 'രാക്കമ്മാ കൈയത്തട്ട്' എന്ന് തുടങ്ങി ചിത്രത്തിലെ ഇളയരാജ സംഗീതം പകർന്ന ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

അതേവർഷം തന്നെ മണിരത്നത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ റോജയിലുടെ ക്യാമറയുടെ പുതിയ ഒരു ലോകം തന്നെയാണ് സന്തോഷ് പരിചയപ്പെടുത്തിയത്. ചിത്രം ഹിറ്റായതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഛായാഗ്രാഹകനായി അദ്ദേഹം മാറി. റോജ എന്ന സിനിമയ്ക്കു വേണ്ടി 15 പാട്ടുകളാണ് മണിരത്നം തയാറാക്കിയത്. അതിൽ നിന്ന് ആറു പാട്ടാക്കി കുറയ്ക്കേണ്ട ചുമതല ഛായാഗ്രാഹകനായ സന്തോഷ് ശിവനായിരുന്നു. 15 പാട്ടുകളുമായി മണിരത്നവും സന്തോഷും ഒരു യാത്രയ്ക്കിറങ്ങി. റോജയ്ക്കുപറ്റിയ ലൊക്കേഷൻ തേടിയുള്ള ആ യാത്രയിൽ പാട്ടുകൾ വീണ്ടും വീണ്ടും കേട്ടു. ഒടുവിൽ ഒമ്പതെണ്ണത്തെ വഴിയിൽ ഇറക്കിവിട്ട് ബാക്കി ആറെണ്ണത്തിനു പറ്റിയ ദൃശ്യങ്ങളും മനസ്സിൽ ഉറപ്പിച്ചാണ് സന്തോഷ് ശിവൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. അവ പിന്നെ ചിന്ന ചിന്ന ആശൈയും പുതുവെള്ളൈ മഴൈയുമായി.

മണിരത്വുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സന്തോഷ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '-ഞാൻ 6 സിനിമകൾ മണിരത്നവുമായി ചെയ്തിട്ടുണ്ട്. എനിക്കു കേരളത്തിനു പുറത്ത് ഒരു പേരുണ്ടാക്കിത്തന്ന സംവിധായകൻ മണിയാണ്. മണിയുടെ ചിത്രങ്ങൾ ഏറ്റെടുത്താൽ നമ്മൾ ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം കുറയും. അതായത് ദീർഘമായ കാലം ആ ചിത്രത്തിനൊപ്പമായിരിക്കും. എന്നാൽ നല്ല പ്രതിഫലം കിട്ടും. കൃത്യമായ പ്ലാനിങ് ആണു മണിക്ക്. റോജ ചെയ്യുമ്പോൾ ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു. നായിക മധുബാല കശ്മീരിലെത്തി മഞ്ഞുമലകൾ കാണുമ്പോൾ മാത്രമായിരിക്കണം പ്രേക്ഷകരും മഞ്ഞുകാണുകയെന്ന്. മധുവിന്റെ ആ എക്സൈറ്റ്മെന്റ് പ്രേക്ഷകരിലേക്കുമെത്തണം. അതായിരുന്നു തീരുമാനം. അതു കൃത്യം വർക്കൗട്ടായി'.

ഇരുവറിന്റെ പെർഫക്ഷൻ

പക്ഷേ, തനിക്ക്, ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം മോഹൻലാൽ നായകനായ മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' ആണെന്നാണ് സന്തോഷ് ശിവൻ ഒരു അഭിമുഖത്തിൽ പറയുന്നത്. ''ഇതു വരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് 'ഇരുവർ' ആണ്. പ്രകാശ് രാജും തബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമോട്ടോഗ്രാഫർ എന്ന രീതിയിൽ സൗന്ദര്യാത്മാകതമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്''-ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറയുന്നു.

സാങ്കേതിക അത്രയോന്നും വികസിച്ചിട്ട ആ കാലത്ത് ടോപ്പ് ആംഗിൾ ഷോട്ട് എടുത്തത് ഏറെ ബുദ്ധിമുദ്ധിമുട്ടിയാണ്. കൊടും ചൂടിൽ താൻ ക്രയിനിൽനിന്ന് ഷോട്ട് എടുക്കുമ്പോൾ, വിയർപ്പ് തുള്ളികൾ വീണത് നടി താബുവിന്റെ ദേഹത്തേക്ക് ആണെന്നും, പെർഫക്ഷനുവേണ്ടി അതെല്ലാം നടിയും സഹിച്ചെന്നും സന്തോഷ് ശിവൻ പിന്നീട് പറയുന്നുണ്ട്.

തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്പദമായൊരുക്കിയ 'ഇരുവർ', മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രമായിരുന്നു. മണിരത്നവുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ''ദിൽ സെ', 'രാവൺ', 'ചെക്ക ചിവന്ത വാനം' എന്നീ ചിത്രങ്ങളും സന്തോഷ് ശിവന് ഏറെ പ്രശംസ നേടി കൊടുത്തവയാണ്.

അശോകയും അനന്ദഭദ്രവും

പിന്നീടുള്ള സന്തോഷ് ശിവന്റ ജീവിതം സിനിമാപ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. സംവിധായകനായും നിർമ്മാതാവായുമൊക്കെ അദ്ദേഹം തിളങ്ങി. ഷാറൂഖ് ഖാനെ നായകനാക്കി എടുത്ത അശോക, മലയാളത്തിലെ വ്യത്യസ്തമായ ഹൊറർ മൂവിയായ അനന്ദഭദ്രം, പ്രഥീരാജ്- പ്രഭുദേവ കോമ്പോയിൽ ഇറങ്ങിയ ഉറുമി തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

താൻ പഠിച്ച തിരുവനന്തപുരം ലയോള സ്‌കൂളിലെ ഹിസ്റ്ററി അദ്ധ്യാപകൻ ജോർജ് സാറിന്റെ ക്ലാസിൽ നിന്നാണ് ഷാറൂഖ്ഖാനെയും കരീനകപൂറിനെയും വച്ച് ' അശോക ' എന്ന ബിഗ് ബജറ്റ് ചിത്രമെടുക്കാൻ സന്തോഷ് ശിവനു ധൈര്യം കിട്ടുന്നത്.-'ഉച്ചയ്ക്കു കളിച്ചു തിമർത്ത ശേഷം വരുന്ന ആദ്യ പീരീഡാണ് പലപ്പോഴും ഹിസ്റ്ററി. നല്ല ഉറക്കം വരുന്ന സമയം. ജോർജ് സാർ ക്ലാസിൽ അഭിനയിച്ചു പഠിപ്പിക്കുന്ന രീതിയാണ്. അശോകചക്രവർത്തിയെക്കുറിച്ച് ക്ലാസെടുത്തപ്പോൾ കുട്ടികൾക്ക് ഒരു ഉന്മേഷമില്ലായ്മ. എന്താണ് അശോകനെ നിങ്ങൾക്കിഷ്ടമായില്ലേ എന്നായി സാർ. യുദ്ധമൊക്കെ നിർത്തിയ രാജാവിന്റെ ജീവിതം എന്തൊരു ബോറാണ് സാർ?, എന്നായി ഞങ്ങൾ. അപ്പോൾ സാർ ചോദിച്ചു 'നിങ്ങളിലെത്ര പേർ പട്ടിയെ കാണുമ്പോൾ കല്ലെറിയും?' പലരും കയ്യുയർത്തി. അപ്പോൾ ജോർജ് സാർ പറഞ്ഞു 'ഒരു ദിവസം നിങ്ങൾ ഈ കല്ലേറു നിർത്തും. അന്നു നിങ്ങൾ അശോകനെ ഓർക്കും'. ആ ഓർമയിൽ നിന്നാണ് അശോക എന്ന സിനിമ ചെയ്യുന്നത്.

ഞാൻ അശോക ചെയ്യുമ്പോൾ ചരിത്ര സിനിമകൾ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ടെലിവിഷൻ പരമ്പര ഹാങ് ഓവറിലാണ്. വലിയ സ്വർണക്കിരീടങ്ങളും കൊട്ടാരക്കെട്ടുകളും കണ്ടു ശീലിച്ച പ്രേക്ഷകർക്ക് എന്റെ സിംപിൾ അശോകനെ അത്ര എളുപ്പം ഉൾക്കൊള്ളാനായിക്കാണില്ല. ഇപ്പോഴും കാലത്തിനു മുൻപേ വന്ന ചിത്രമാണ് അശോകയെന്ന് പലരും പറയാറുണ്ട്. അതുകേൾക്കുമ്പോൾ സന്തോഷം''- സന്തോഷ് പറയുന്നു. അതുപോലെ അനന്തഭദ്രം ചെയ്യുമ്പോൾ മറ്റൊരു സ്വപ്നവും സന്തോഷ് പങ്കുവെച്ചിരുന്നു. ''ഹാരിപോർട്ടർ കഥകൾവരെ ഇവിടെ നന്നായി മാർക്കറ്റ്ചെയ്യപ്പെടുന്നു. പക്ഷേ മാന്ത്രിക കഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. നമ്മുടെ മാടനെയും, മറുതയെയും, യക്ഷിയെയുമൊക്കെ നമുക്ക് എന്തുകൊണ്ട് വിദേശത്തും മാർക്കറ്റ് ചെയ്തുകൂടാ. അതിനുള്ള ശ്രമമാണ് അനന്ദഭദ്രം.''

രാജാരവിവർമ്മയായി തിളങ്ങി

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മകരമഞ്ഞി'ലായിരുന്നു സന്തോഷ് ശിവൻ അഭിനേതാവിന്റെ മേലങ്കി അണിഞ്ഞത്. മകരമഞ്ഞിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഓഫർ വന്നെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

'ഞാൻ കുറച്ച് പെയ്ന്റ് ഒക്കെ ചെയ്യും. അതൊക്കെ ലെനിൻ രാജേന്ദ്രന് അറിയാമായിരുന്നു. പിന്നെ അദ്ദേഹത്തിന് ഇങ്ങനെയൊരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അഭിനയിച്ച് വലിയ പരിചയമൊന്നുമില്ല. ഞാൻ ഒരു കുട്ടികളുടെ സിനിമ ചെയ്തിട്ടുണ്ട്. അതിൽ അവരെ അഭിനയിച്ച് കാണിച്ചുള്ള പരിചയമേ ഉള്ളൂ. അതിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു. അങ്ങനെ ആ പടത്തിൽ അഭിനയിച്ചു. പിന്നെ എന്റെ അമ്മൂമ്മ പാരീസിൽ പഠിപ്പിച്ചതാണ്. എന്റെ ചെറുപ്പത്തിൽ രാജാ രവി വർമയുടെ പടങ്ങളൊക്കെ കൊണ്ടു തന്ന് കഥകളൊക്കെ പറഞ്ഞ് വിഷ്വൽ എജുക്കേഷൻ തരുമായിരുന്നു. പെരുന്തച്ചനിലെ ഒരുപാട് ലൈറ്റിങ് പാറ്റേൺസ് രാജാ രവി വർമ പെയ്ന്റിങ്‌സിൽ നിന്നെടുത്തതാണ്. അതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. അതിന് ശേഷം ഒരുപാട് പേർ അഭിനയിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല. ബറോസിലും അഭിനയിക്കണമെന്ന് ലാൽ സാർ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു ഇല്ലെന്ന്''- സന്തോഷ് ആ അനുഭവം പറയുന്നു.

പക്ഷേ സന്തോഷിന്റെ അഭിനയത്തിന് പ്രേക്ഷകരിൽനിന്നും വലിയ പിന്തുണ കിട്ടിയില്ല. ഒരു നടൻ എന്ന നിലയില്ല, ടെക്ക്നീഷ്യൻ എന്ന നിലയിൽ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതിഭയുള്ളത്.

മോഹൻലാൽ, രജനി, ഷാരൂഖ്...

തന്റെ ഇത്രയും കാലത്തെ അനുഭവത്തിനിടയിൽ നടന്മാരെ വിലയിരുത്തി സന്തോഷ് നടത്തിയ കമന്റും വാർത്തയായിരുന്നു. മോഹൻലാൽ എന്തും പെട്ടന്ന് പഠിക്കും. ആമിർഖാൻ പക്ഷേ സമയം എടുത്തേ പഠിക്കു. ഷാരൂഖ് ഖാൻ ആവട്ടെ, ചാർലിചാപ്ലിനെപ്പോലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ടാണ് അഭിനയിക്കുകയെന്നും ഒരിക്കൽ സന്തോഷ് പറഞ്ഞിരുന്നു. മോഹൻലാലുമായാണ് സന്തോഷ് എറ്റവും നല്ല കോമ്പോ സൃഷടിച്ചത്. ഇപ്പോൾ ലാൽ സംവിധായകനാവുന്നു, ബറോസിന്റെയും ഛായാഗ്രഹകനാണ് സന്തോഷ് ശിവൻ.

താൻ പ്രവർത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ എന്നാണ് ബറോസിന്റെ അനുഭവംവെച്ച് സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തത്. ''നെഗറ്റീവ് എന്തെന്നാൽ അദ്ദേഹത്തിന് ടെക്നിക്കലായി വലിയ അറിവില്ലാത്തതിനാൽ കോംപ്ലിക്കേറ്റഡ് ഷോട്ടിൽ എന്ത് വേണമെങ്കിലും പറയും. അത് നല്ലതാണ്. മണിരത്നവും പറഞ്ഞിട്ടുണ്ട്. എനിക്കിതൊന്നും അറിയേണ്ട എനിക്കിത് ഇങ്ങനെ തന്നെ കിട്ടിയാൽ മതിയെന്നാണ് ലാൽ പറയുക. പക്ഷെ നമ്മൾ വിചാരിക്കും ഇതെന്താണ് നമ്മളെ ഒരു വഴി ആക്കിയല്ലോ എന്ന്. ഇടക്ക് ലാലുമായി വഴക്കുമുണ്ടാവും. പക്ഷേ അത് അപ്പോൾതന്നെ തീരും''- സന്തോഷ് പറയുന്നു.

അതുപോലെ രജനീകാന്തമായി വളരെ അടുത്ത ബന്ധമാണ് സന്തോഷിന്. ''ദളപതി' ചെയ്യുന്ന സമയത്ത് രജനികാന്ത് ഇത്രയധികം ജനപ്രീതിയുള്ള നടനാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. മൈസൂരിലാണ് ഷൂട്ടിങ് ഏറിയ പങ്കും നടന്നത്. മൈസൂരിലും ചെന്നൈയിലും രജനി സാറിനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ടതിനു ശേഷമാണ് അദ്ദേഹം എത്ര വലിയ താരമാണെന്ന് എനിക്ക് മനസ്സിലായത്. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ തീതും സാധാരണക്കാരനും എല്ലായ്‌പ്പോഴും വളരെ വിനീതനും പ്രസന്നനുമാണ് അദ്ദേഹം. ക്യാമറയ്ക്ക് മുന്നിൽ അതിശയകരമായ സാന്നിധ്യമായി മാറുകയും ചെയ്യും. ദളപതി' ചിത്രീകരണസമയത്ത് ഞങ്ങൾ ഒരുമിച്ചു പുകവലിക്കും, ഇപ്പോൾ അദ്ദേഹം ഈ ശീലം ഉപേക്ഷിച്ചു.

അദ്ദേഹത്തിന്റെ നർമ്മബോധവും പ്രധാനമാണ്. ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു, 'നിങ്ങൾ സെറ്റിൽ ഒരിക്കലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. എങ്ങനെയാണ് ഇതു സാധിക്കുന്നത്?' ഇതിന് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് 'ക്യാമറയ്ക്ക് മുന്നിലും, വീട്ടിലും ദേഷ്യപ്പെടുന്നുണ്ടല്ലോ.' രജനി സറിന്റെ എനെർജി ലെവൽ അമ്പരപ്പിക്കുന്നതാണ്. 'ദളപതി'യുടെ സമയത്ത് അദ്ദേഹം ജിമ്മിൽ പോയിരുന്നില്ല, പക്ഷേ ഇപ്പോൾ 70- ാം വയസ്സിൽ ജിമ്മിൽ പോകുന്നു''- സന്തോഷ് ഒരു അഭിമുഖത്തിൽ ഇങ്ങനെയാണ് രജനിയെ അനുസ്മരിക്കുന്നത്.

കാജോളും, മഞ്ജുവും ഞെട്ടിക്കും

തന്റെ കൂടെ വർക്ക് ചെയ്ത നടിമാരെക്കുറിച്ച് സന്തോഷ് ഇങ്ങനെ വിലയിരുത്തുന്നു. -'ക്യാമറമാന് സൗന്ദര്യം ഫീൽ ചെയ്യുന്നത് അവരുടെ ഉള്ളിലെ റേഡിയൻസിൽ നിന്നാണ്. അല്ലാതെ കോസ്മെറ്റിക്സിന്റെ തിളക്കത്തിൽ നിന്നല്ല. 'കുഛ് കുഛ് ഹോത്താഹെ ' ചെയ്യുമ്പോൾ എന്നെ വിസ്മയിപ്പിച്ച നടിയാണ് കജോൾ. വലിയ മേക്കപ്പോ വേഷഭൂഷാദികളോ ഇല്ല. എന്നാൽ ആക്ഷൻ പറഞ്ഞാൽ കജോൾ ഞെട്ടിക്കും. മഞ്ജുവാര്യയും തബുവും അത്തരക്കാരാണ്. മഞ്ജുവിന്റെ സാധ്യതകൾ ഇനിയും ഏറെ ഉപയോഗിക്കാനുണ്ട്''.

ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് സ്‌കെച്ച് ഉണ്ടാക്കുന്ന രീതിയാണ് സന്തോഷിറെത്. ''വരയ്ക്കുമ്പോൾ വ്യക്തിയുടെ ആകർഷകമായ വശങ്ങൾ എന്താണെന്നും, നമുക്ക് ഒരു ഇഷ്ടപ്പെടുന്ന ഘടകങ്ങൾ എന്താണെന്നും ഒക്കെ കൂടുതൽ മനസ്സിലാവും. വരയ്ക്കുമ്പോഴാണ് നമ്മൾ അവരെക്കുറിച്ച് ശരിക്കും പഠിക്കുന്നത്. ഏതു ആംഗിളിലാണ് ഇവർ നന്നായിരിക്കുന്നത്, ഒഴിവാക്കേണ്ടത് എന്തൊക്കെ, അങ്ങനെ പലതും. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ നിരീക്ഷിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ ആഴത്തിൽ നമുക്ക് വരയ്ക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഇരുണ്ട നിറമുള്ള ചർമ്മം എനിക്ക് ഇഷ്ടമാണ്. ഇരുണ്ട നിറ ടോണുകളോട് പ്രത്യേക താൽപ്പര്യമുണ്ട്. മനോഹരമായ ആ ടോൺ നമ്മൾ ആഘോഷിക്കേണ്ടതുമാണ്. എല്ലാവർക്കും അപൂർണതകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പലപ്പോഴും, അപൂർണ്ണതയാണ് ഒരു വ്യക്തിയെ വ്യത്യസ്തവും 'യുനീക്കും' ആക്കുന്നത്. ക്യാമറയെ അഭിനേതാക്കളുടെ ചങ്ങാതിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.''- സന്തോഷ് പറയുന്നു.

''ഛായാഗ്രഹണം മാത്രമല്ല, ഇന്ന് എല്ലാം മാറുകയാണ്. ചെറുപ്പകാലത്ത് ഞാൻ വരയ്ക്കാൻ തുടങ്ങിയപ്പോൾ, എന്റെ മുത്തശ്ശി എന്നോട് പറയുമായിരുന്നു, പെയിന്റിങ് ആണ് ഒറിജിനൽ എന്ന്. പിന്നീട് ഞാൻ ഫോട്ടോഗ്രാഫി ചെയ്യാൻ ആരംഭിച്ചപ്പോൾ, അച്ഛൻ ശിവൻ പറഞ്ഞു നെഗറ്റീവ് ആണ് ഒറിജിനൽ എന്ന്. ഇപ്പോൾ ഡിജിറ്റൽ യുഗത്തിൽ, എല്ലാം എന്തിന്റെയെങ്കിലും പകർപ്പാണ്. പക്ഷേ, സെൻസിബിലിറ്റിയിൽ ശരിക്കും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സെൻസിബിലിറ്റികളോടും സാംസ്‌കാരിക സ്വാധീനത്തോടും നിങ്ങൾ എത്രത്തോളം പറ്റിനിൽക്കുന്നുവോ അത്രത്തോളം ആഗോളതലത്തിൽ നിങ്ങൾ അംഗീകരിക്കപ്പെടും. നമ്മുടെ സംസ്‌കാരത്തിലേക്ക് വേരൂന്നിയതും ഹോളിവുഡ് ശൈലി അനുകരിക്കാത്തതും കൊണ്ട് മാത്രമാണ് ഞാൻ അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫർമാരിൽ അംഗമായത്.''- സന്തോഷ് ചൂണ്ടിക്കാട്ടുന്നു.

ആറുമാസം ജോലി, ആറുമാസം അവധി

ഇപ്പോൾ അങ്ങേയറ്റം രസകരവും വിചിത്രവുമാണ് സന്തോഷ് ശിവന്റെ ജീവിത കലണ്ടർ. ആറുമാസം ജോലി, പിന്നെ ആറുമാസം അവധി. അവധിക്കാലം എഴുത്തിനും വായനയ്ക്കും യാത്രകൾക്കുമായി അദ്ദേഹം മാറ്റിവെക്കുകയാണ്. പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മുതൽ ആഫ്രിക്കയിൽ മീരാ നായരുടെ മയിഷ ഫിലിം സ്‌കൂളിൽ വരെ സന്തോഷ് ക്ളാസെടുക്കാൻ പോകുന്നത് ആറുമാസ അവധിക്കാലത്താണ്. ഒരിക്കൽ അരുണാചൽപ്രദേശിലെ കാട്ടിനുള്ളിലെ ഒരു ഇൻസ്റ്റിയൂട്ടിൽപോയി അദ്ദേഹം ക്ലാസെടുത്തു.

ഇതേക്കുറിച്ച് മലയാള മനോരമയിൽവന്ന വാർത്തയിൽ ഇങ്ങനെ പറയുന്നു. മറ്റൊരു അവധിക്കാലത്താണ് നെല്ലിനെക്കുറിച്ചൊരു ഡോക്യുമെന്ററി ചെയ്യാൻ ചമ്പക്കുളത്തു ചെന്ന് ബോട്ടിറങ്ങിയത്. കുട്ടനാട്ടിൽ നാലുമാസം താമസിച്ചു, കർഷകരോടും കർഷക ത്തൊഴിലാളികളോടും ഒപ്പം പാടത്തിറങ്ങി, നെല്ലിന്റെ ദൃശ്യങ്ങൾ പത്തായത്തിലാക്കി. ഷൂട്ടിങ് പായ്ക്കപ്പ് പറഞ്ഞ ദിവസം ഒരു കർഷകൻ അടുത്തു വന്നു... ഈ സിനിമായ്ക്ക് നിങ്ങൾക്ക് എങ്ങനെയാ ലാഭം? സന്തോഷ് പറഞ്ഞു... അങ്ങനെയൊന്നുമില്ല, മുടക്കുമുതൽ കിട്ടിയാൽ സന്തോഷം. സ്വർണ നിറമുള്ള കന്നി വെയിലാൽ ലൈറ്റപ്പ് ചെയ്ത പാടത്തെ വിളഞ്ഞ നെൽക്കതിരിൽ നിന്ന് ഒരു മണി ഉതിർത്തെടുത്ത് കടിച്ചു നോക്കിയിട്ട് ആ കർഷകൻ പറഞ്ഞു... ഞങ്ങൾ കർഷകരുടെ മോഹം നൂറു മേനിയാണ്. അതു പറയുമ്പോൾ അയാളുടെ മുഖത്തു വിളഞ്ഞ സംതൃപ്തി ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷ് പാടവരമ്പിൽ നിന്നു.

മനോരമയിലെ ലേഖനത്തിൽ ഇങ്ങനെയാണ് അവസാനിക്കുന്നത്.- '' മുംബൈയിലെ ഫ്ളാറ്റിൽ ഒരു പൂന്തോട്ടവും പോണ്ടിച്ചേരിയിൽ സ്വന്തമായി ഒരു കാടുമുണ്ട് സന്തോഷിന്. ഫ്ളാറ്റിലെ തോട്ടത്തിൽ ചിത്രശലഭങ്ങളെ ആകർഷണമന്ത്രം ചൊല്ലി വിളിച്ചു വരുത്തുന്ന ഒരു മഞ്ഞച്ചെടിയുണ്ട്. ചാലക്കുടിയിൽ നിന്നൊരു ചങ്ങാതി സമ്മാനം കൊടുത്തതാണ്. അതിനു ചുറ്റും ഏതുസമയവും ചിത്രശലഭങ്ങൾ പറന്നു നടക്കും. പോണ്ടിച്ചേരിയിൽ മൂന്നേക്കറിലെ കാട്ടിൽ മാനുകളും മയിലുകളും വരും. ഈ രണ്ടിടവും ക്യാമറയിൽ ഷൂട്ട് ചെയ്യാറില്ല സന്തോഷ്. ചില കാര്യങ്ങൾ ഷൂട്ട് ചെയ്യാതിരിക്കൽ കൂടിയാണ് ഒരു സിനിമറ്റോഗ്രഫറുടെ തീരുമാനം. ജീവിതത്തെ ഈ മട്ടിൽ ഒരു സെൻ കഥ പോലെ സമീപിക്കാനാണ് സന്തോഷ് ശിവന് ഇഷ്ടം. കാരണം ഓരോ സെൻകഥയിലും ഒരു ദൃശ്യം ഒളിച്ചിരിപ്പുണ്ട് !''. ഒന്ന് ഓർത്തുനോക്കുക, കേരളത്തിലെ ഏത് വ്യക്തിക്കുണ്ട് ഇതുപോലെ ഒരു ജീവിതം.

വാൽക്കഷ്ണം: പക്ഷേ അവസാനം സംവിധാനം ചെയ്ത 'ജാക്ക് ആൻഡ് ജിൽ' എന്ന സന്തോഷ് ശിവൻ ചിത്രം ശരിക്കും അരോചകം തന്നെയായിരുന്നെ് പറയാതെ വയ്യ. നല്ല സ്‌ക്രിപ്്റ്റില്ലാതെ സംവിധാനം അരുതെന്ന പാഠം ഇത് സന്തോഷ് ശിവനെയും ഓർമ്മിപ്പിക്കുന്നുണ്ട്.