- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മാഞ്ചസ്റ്റർസിറ്റിയും പിഎസ്ജിയുമടക്കമുള്ള ടോപ് യൂറോപ്യൻ ക്ലബ്ബുകൾ അറേബ്യൻ ഉടമകളുടെ കൈയിൽ; ക്രിസ്റ്റിയാനോയും, ബെൻസേമയും, നെയ്മറുമടക്കമുള്ളവരെ റാഞ്ചിയത് മോഹവില കൊടുത്ത്; കോടികൾ മുടക്കി കോടികൾ വാരുന്നു; ഇസ്ലാമിക നിയമങ്ങളെ തള്ളി പൂർണ്ണമായും ക്യാപിറ്റലിസത്തിലേക്ക്; ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
മുമ്പൊക്കെ ലോകത്തിലെ ഏറ്റവും മികച്ച സോക്കർ ക്ലബുകൾ ഏതെന്ന് ചോദിച്ചാൽ, ബാഴ്സലോണ, റയൽമാഡ്രിഡ്, പിഎസ്ജി തുടങ്ങിയ യൂറോപ്യൻ ക്ലബുകൾ ആയിരുന്നു, ഒരു വർഷം മുമ്പുവരെ ഗൂഗിൾ സേർച്ചിൽപോലും വരിക. അൽ നസർ, അൽ ഹിലാൽ, അൽ എത്തിഹാദ് അൽ അഹ്ലി എന്നീ ക്ലബുകളെക്കുറിച്ച് ഖത്തർ ലോകകപ്പിന് മുമ്പ് എത്രപേർ കേട്ടിരിക്കും. എന്നാൽ ഈ സൗദി ക്ലബുകളാണ് ഇന്ന് ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്നത്. യൂറോപ്യൻ ലീഗില്ലല്ല, സൗദി ലീഗിലാണ് ക്രിസ്റ്റിയനോ റോണാൾഡോ തൊട്ട് നെയ്മർവരെയുള്ള ഒരുപടി സൂപ്പർ താരങ്ങൾ ഇപ്പോൾ കളിക്കുന്നത്.
ഫുട്ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തമാണ് സൗദിയിൽ വിരിഞ്ഞിരിക്കുന്നത്. 2022 ഖത്തർ ലോകകപ്പിന് ശേഷമാണ് അറേബ്യൻ രാജ്യങ്ങൾ ക്ലബ് ഫുട്ബോളിന്റെ സാധ്യതകൾ സമഗ്രമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. നീക്കം മുന്നിൽ നിന്ന് നയിച്ചതാകട്ടെ സൗദിയും. കോടികൾ മുടക്കി കൂടുതൽ ആരാധക പിന്തുണയുള്ള താരങ്ങളെ ക്ലബ്ബുകളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ ആദ്യ ദൗത്യം. ലോകം യൂറോപ്യൻ ഫുട്ബോൾ ലീഗുകൾ കാണുന്നത് പോലെത്തന്നെ സൗദി പ്രോ ലീഗും കാണണമെന്ന ദീർഘദൂര വീക്ഷണം കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുണ്ടായിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ, ഫുട്ബോൾ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. യുവേഫ ചാംപ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ബുണ്ടസ് ലീഗ്, ഇറ്റാലിയൻ സീരി എ തുടങ്ങി യൂറോപ്യൻ ഫുട്ബോൾ ലീഗുകൾക്ക് ലഭിച്ചിട്ടുള്ള ആരാധക പിന്തുണ ലോകത്തിലെ മറ്റേത് വൻകരയ്ക്കും വെറുമൊരു സ്വപ്നമായിരുന്നു. ഇടക്കാലത്ത് വമ്പൻ ഓഫറുകളുമായി ചൈന ഫുട്‌ബോൾ ലീഗ് തുടങ്ങിയെങ്കിലും അത്രയ്ക്കങ്ങ് ഹിറ്റായില്ല. സൂപ്പർ താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, മറൗൻ ഫെല്ലെയ്‌നി, പൗളീന്യോ, ഓസ്‌കാർ, ഹൾക്ക്, കാർലോസ് ടെവസ് തുടങ്ങിയവർ ചൈനയിൽ വിവിധ ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ലീഗ് ലോകശ്രദ്ധയാകർഷിച്ചില്ല.
ഏഷ്യൻ ഫുട്‌ബോളിന്റെ ഭാവി ഇതോടെ തകരുമെന്ന് പലരും കണക്കുകൂട്ടി. എന്നാൽ വർഷങ്ങൾക്ക് മുൻപ് യൂറോപ്യൻ ഫുട്‌ബോൾ നടത്തിയ അതേ അടവ് പുറത്തെടുത്ത് സൗദി അറേബ്യ വളരെ വേഗത്തിലാണ് ലോക ഫുട്‌ബോളിന്റെ ചർച്ചാകേന്ദ്രമായി വളർന്നത്. അതും ആരും സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത നീക്കവുമായി. അപ്രതീക്ഷിതമായി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്ന് സൗദി അറേബ്യ നയം വ്യക്തമാക്കി. സ്വപ്നതുല്യമായ ഈ നീക്കം കണ്ട് ഫുട്‌ബോൾ ലോകം അമ്പരന്നു.
ഫുട്ബോളിലെ വമ്പൻ താരങ്ങൾ യൂറോപ്പ് വിട്ട് സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത് ഇപ്പോൾ ഒരു ശീലമായി കഴിഞ്ഞിരുന്നു. കരീം ബെൻസെമ, എൻഗോളോ കാന്റെ , റിയാദ് മെഹ്റസ്, റൊബേർട്ടോ ഫിർമിനോ, സാദിയോ മാനെ അങ്ങനെ റൊണാൾഡോയ്ക്ക് പിന്നാലെ സൗദിയിലേക്ക് ചേക്കേറിയ വമ്പന്മാരുടെ ലിസ്റ്റിലെ ഏറ്റവും അവസാനത്തെ എൻട്രിയാണ് നെയ്മർ. സത്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ പണം കൊടുത്ത് വാങ്ങുമ്പോൾ ഒരു ഫിനാഷ്യൽ ഇൻവെസ്റ്റ്മെന്റ് വൈവിധ്യവത്ക്കരിക്കകൂടിയാണ് സൗദി ചെയുന്നത്. മുഹമ്മദ് ബിൽ സൽമാൻ എന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണമാണ് ഇവിടെയും വർക്കൗട്ടായത്. ഫോസിൽ എനർജിയെ മാത്രം ആശ്രയിച്ച് നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്ന. അതിന്റെ ഭാഗമായി എംബിഎസ് കൊണ്ടുവന്ന വിഷൻ 2030ലെ ഏറ്റവും പ്രധാനപ്പെട്ട ആശയം ആയിരുന്നു, സാമ്പത്തിക മേഖലയിലെ വൈവിധ്യവത്ക്കകരണം.
അതിന്റെ ഭാഗമായി ഇസ്ലാമിക നിയമങ്ങളെ തള്ളിക്കൊണ്ട് നിരവധി മാറ്റങ്ങൾ എംബിഎസ് കൊണ്ടുവന്നു. സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുത്തത് തൊട്ട്, ചാട്ടവാറാടി നിരോധിച്ചത് അടക്കമുള്ള എത്രയെത്ര മാറ്റങ്ങൾ. അതിന്റെ ഒരുപടികൂടി കടന്നാണ് ഇപ്പോൾ പക്കാ ക്യാപിറ്റലിസ്റ്റ് മോഡലിൽ ഫുട്ബോൾ എക്കേണോമി പ്രവർത്തിക്കുന്നത്. യൂറോപ്യൻ ക്ലബുകളിൽ കളിക്കാർക്ക് പണം ചെലവഴിക്കുന്നതിന് യവേഫയുടെ നിയന്ത്രണമുണ്ട്. പക്ഷേ സൗദി അനിനിയന്ത്രിതമായ ധന സമ്പാദനത്തിന്റെ ഒരു ക്യാപിറ്റലിസ്്റ്റ് സ്വർഗം തന്നെയാണ് കളിക്കാർക്ക് മുന്നിൽ വെക്കുന്നത്. ഇവിടെ യുവേഫയിലെപ്പോലെ വാർഷിക ശമ്പളത്തിന് നിയന്ത്രണമില്ല. ഇതാണ് പ്രമുഖതാരങ്ങൾ ഇങ്ങോട്ട് കുത്തിയൊഴുകുന്നതിന്റെ പ്രധാന കാരണം. കാൽപ്പന്തുകളിയുടെ വർച്ചക്കൊപ്പം, ടൂറിസം, ഐടി, ബ്രാൻഡിങ് അടക്കമുള്ള ഒരുപാട് അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും എംബിഎസ് ലക്ഷ്യമിടുന്നുണ്ട്.
സോഫ്റ്റ് പവർ ആയ ഖത്തർ
ഫുട്ബോളിലേക്ക് കോടികൾ ഒഴുക്കുന്ന പരിപാടി ആദ്യം തുടങ്ങിയത് ഖത്തർ ആണ്. 2011ൽ ഖത്തർ കമ്പനികൾ പാരീസിൽ പോയി വിഖ്യാതമായ പിഎഎസ്ജി ടേക്ക് ഓഫർ ചെയ്തപ്പോൾ ലോകം അമ്പരന്നിരുന്നു. പല ഖത്തർ കമ്പനികളും മാഞ്ചസ്റ്റർ യൂണൈറ്റഡ് അടക്കമുള്ള പല കമ്പനികളുടെയും ഷെയർ ഉടമകൾ ആയി. ഈ ഒരു ബന്ധം തന്നെയാണ്, 2022ലെ ലോകകപ്പിന് ആതിഥ്യമരുളുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഖത്തറിനെ എത്തിച്ചത്. നമ്മുടെ ആലപ്പുഴ ജില്ലയുടെ അത്രയും വലിപ്പമുള്ള ഒരു രാജ്യം ലോകകപ്പ് വേദി നേടിയെടുത്തപ്പോൾ, നെറ്റി ചുളിച്ചവർ ഏറെയായിരുന്നു. പണം വാരിയെറിഞ്ഞ് നടത്തിയ ശക്തമായ ലോബീയിങ്ങിലുടെയാണ് ഖത്തർ ഇത് നേടിയെടുത്തത് എന്നും ആരോപണം ഉണ്ടായിരുന്നു.
ഖത്തർ ലോകകപ്പ് സംബന്ധിച്ച് ആശങ്കകളുടെ പ്രവാഹമായിരുന്നു, യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യ കാലത്ത് ഉണ്ടായത്. സ്റ്റേഡിയത്തിൽ ബിയർ അടക്കം കൊണ്ടുവന്നാൽ അകത്താവുമെന്നും, അർധനഗ്നരായി വേഷമിട്ട് എത്തിയാൽ പൊലീസ് പിടിക്കുമെന്നൊക്കെ. എന്നാൽ ഇതെല്ലാം യാതൊരു പ്രശ്നവുമില്ലാതെ പരിഹരിക്കാൻ ഖത്തറിന് കഴിഞ്ഞു. ഈ ഇസ്ലാമിക രാജ്യത്ത് ഇതുപോലെ ഒരു ഉത്സവം നടന്നിട്ടും പാശ്ചാത്യലോകം ഭയന്നതുപോലെയുള്ള യാതൊരു സംഭവവും ഉണ്ടായില്ല. ഇത് ഖത്തറിന്റെ ജനപ്രീതിയും ആഗോള വ്യാപകമായി ഉയർത്തി.
ലോകകപ്പിനോട് അനുബന്ധിച്ച് കോടികളുടെ വ്യാപാരവും വ്യവസായവുമാണ് ആ രാജ്യത്ത് നടന്നത്. ഖത്തർ ടൂറിസവും അതിനുശേഷമാണ് വേൾഡ് ട്രെൻഡിങ്ങിൽ എത്തിയത്. ലോകകപ്പിനുശേഷവും നിരവധി കമ്പനികൾ ഖത്തറിൽ ഇൻവെസ്റ്റ് ചെയ്യാനെത്തി. മാത്രമല്ല, ഖത്തർ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. ഇതിനെയാണ് സോഫ്റ്റ് പവർ എന്ന് പൊളിറ്റിക്കൽ സയൻസിൽ വിളിക്കുന്നതാണ്. അതായത് വലിയ സൈനിക ശേഷിയുള്ള രാജ്യമൊന്നുമല്ല ഖത്തർ. എന്നിട്ടും ഈ കൊച്ചുരാജ്യത്തെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി പരിഗണിക്കുന്ന അവസ്ഥ വരുന്നു. അതുപോലെ ഒരു സോഫ്റ്റ് പവർ ആകാനാണ് ഫുട്ബോളിലൂടെ സൗദിയും ശ്രമിക്കുന്നത്.
അർജന്റീനയെ തോൽപ്പിച്ച സൗദി
ആദ്യം സൗദി ഗോൾഫിലും, ബോക്സിങ്ങിലുമൊക്കെ വൻ നിക്ഷേപം ഇറക്കിയിരുന്നെങ്കിലും അത് ക്ലിക്കായില്ല. പിന്നീടാണ് ഖത്തറിന്റെ മാതൃകയിൽ ഫുട്ബോളിലേക്ക് ഇറങ്ങുന്നത്. പക്ഷേ ഖത്തറിന് ഇല്ലാത്ത മറ്റൊരു ആനുകൂല്യം കൂടി സൗദിക്ക് ഉണ്ടായിരുന്നു. കാണികൾ ഒരുപാട് ഉണ്ടെങ്കിലും ഖത്തറിന് ഒരു നല്ല ദേശീയ ഫുട്ബോൾ ടീം ഇല്ല. പക്ഷേ സൗദിക്ക് അതുണ്ട്. നേരെത്ത, ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളുകളിൽ ഒന്ന് അടിച്ച സയീദ് അൽ ഒവൈറാൻ താരങ്ങളുടെ നാടാണ് സൗദി. 1994ലെ ബെൽജിയത്തിനെതിരായ ലോകകപ്പിലെ ഈ ഗോൾ, ഫിഫയുടെ ഗോൾ ഓഫ് ദ സെഞ്ച്വറി റാങ്കിംഗിൽ ആറാമത്തെ മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു.
പക്ഷേ ഇക്കഴിഞ്ഞ ലോകകപ്പിൽ സൗദി, സാക്ഷാൽ മെസ്സിയുടെ അർജന്റീനയെ തോൽപ്പിച്ചപ്പോഴാണ്, രാജ്യം വിജയലഹരിയിൽ ഇളകിമറിഞ്ഞത്.
വിശ്വസനീയം, അവർണനീയം, ആവേശോജ്വലം എന്നിങ്ങനെ തലക്കെട്ടിട്ടാണ് ലോക മാധ്യമങ്ങൾ ഈ വിജയം റിപ്പോർട്ട് ചെയ്തത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ഞെട്ടുന്ന തോൽവി. ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണൽ മെസ്സി പത്താം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ് ചെയ്ത ശേഷമാണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്.
ഓഫ്സൈഡ് കെണിയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളർന്ന അർജന്റീന ലീഡിനുവേണ്ടി വൃഥാ വിയർക്കുമ്പോൾ നാൽപത്തിയെട്ടാം മനിറ്റിൽ അൽ ഷെഹ്രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോൾ നേടിയത്. അഞ്ച് മിനിറ്റിനുള്ളിൽ ബോക്സിന്റെ വക്കിൽ നിന്ന് മുഴുവൻ ഡിഫൻഡർമാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അൽ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാർട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അർജന്റീനയുടെ ആരാധകർ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അർജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.
അർജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമായിരുന്നു ഇത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ൽ ബെൽജിയത്തെയും മൊറോക്കോയെയും 2018-ൽ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുൻപ് ലോകകപ്പിൽ തോൽപിച്ചത്. പിറ്റേന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഹ്ലാദ പ്രകടനത്തിനാണ് സൗദി സാക്ഷ്യം വഹിച്ചത്. ഈ മഹാവിജയം കൂടി ആയതോടെയാണ്, കാൽപ്പന്തുകളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഇതിനെ മില്യൺ ഡോളർ ബിസിനസ് ആക്കണമെന്നും, എംബിഎസ് തീരുമാനിച്ചത് എന്നാണ് വിഖ്യതമായ ഖലീജ് ടൈംസ് പത്രം എഴുതുന്നത്.
ആദ്യമെത്തിയത് റോണാൾഡോ
അൽ നസർ എന്ന ഫുട്ബോൾ ക്ലബിനെക്കുറിച്ച് കഴിഞ്ഞവർഷത്തിനുമുമ്പ് കേട്ടിട്ടുള്ളവർ തന്നെ വിരളം ആയിരിക്ം. പക്ഷേ ലോകത്തിൽ ഒരു ഫുട്‌ബോൾ താരത്തിന് അന്നുവരെ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലം നൽകി പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയെ അവർ റാഞ്ചിയപ്പോൾ ഫുട്ബോൾ ലോകത്ത് ആദ്യം അമ്പരപ്പാണ് ഉണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെ പ്രഗൽഭമായ ഒരു ക്ലബിൽനിന്ന് ഒരു ഏഷ്യൻ രാജ്യത്തേത്ത് ഒരു താരം കളിക്കാൻ വന്നത്, അന്ന് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ ട്രാൻസ്ഫർ ഫുട്‌ബോൾ ലോകത്തുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. വർഷങ്ങളായി ഫുട്‌ബോൾ ലോകത്ത് രാജാക്കന്മാരായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണുള്ളത്. ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളർമാരിലൊരാളായ പോർച്ചുഗീസ് ഇതിഹാസത്തെ സ്വന്തമാക്കിയതോടെ സൗദി ലോകത്തിന്റെ ചർച്ചാവിഷയമായി.
പലരും ക്രിസ്റ്റ്യാനോയെ തള്ളിപ്പറഞ്ഞു. വെറും കാശിനുവേണ്ടി മാത്രമായി കളിക്കുന്ന താരം എന്ന് അദ്ദേഹത്തെ പലരും വിമർശിച്ചു.പക്ഷേ ആദ്യ സീസണിൽ തന്നെ താരം വരവറിയിച്ചു. 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി റൊണാൾഡോ ആരാധകരുടെ മനം നിറച്ചു. റൊണാൾഡോ എന്ന ബ്രാൻഡിൽ മാത്രം പിടിച്ചുതൂങ്ങി സൗദി അറേബ്യൻ പ്രോ ലീഗിന്റെ കാഴ്‌ച്ചക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവുണ്ടായി. അൽ നസറിന്റെ കളി കണ്ടവരുടെ എണ്ണം സൗദിയിൽ സർവകാല റെക്കോഡായി മാറി. റൊണാൾഡോ എന്ന താരത്തെയല്ല മറിച്ച് റൊണാൾഡോ എന്ന ഫുട്‌ബോൾ ബ്രാൻഡിനെയാണ് സൗദി അറേബ്യ പണമെറിഞ്ഞ് കൊണ്ടുവന്നത്. അതിൽ അവർ 100 ശതമാനം വിജയിച്ചു.
റൊണാൾഡോ വന്നതോടെ അൽനസ്റ് ക്ലബിന്റെ വ്യൂവർഷിപ്പിൽ 400 ശതമാനമാണ് വർധനയുണ്ടായത്. സൗദി ലീഗിന്റെ ടെലിവിഷൻ ബ്രോഡ് കാസ്്റ്റ് റൈറ്റിനായി എത്തിയത്, 137 രാജ്യങ്ങളാണ്. റൊണാൾഡോക്ക് പിന്നാലെ കോടികളുടെ പരസ്യബ്രാൻഡുകളും, സൗദിയിലെത്തി. രാജ്യത്തിന്റെ ഗുഡ്വില്ലും ഉയർന്നു. പണമെറിഞ്ഞ് പണം വാരുക എന്ന സൗദി തന്ത്രം ശരിക്കും ക്ലിക്കായി.
ബെൻസേമയടക്കം പ്രമുഖർ വരുന്നു
റൊണാൾഡോക്കുശേഷം മെസ്സിയിലേക്കാണ് സൗദി വലവിരച്ചത്. പക്ഷേ അദ്ദേഹം വന്നില്ല. പക്ഷേ സൗദി ക്ലബ്ബുകൾ അടങ്ങിയിരുന്നില്ല. ലീഗിന്റെ ഖ്യാതി ഏവരിലുമെത്തിക്കാനായി അവർ അഹോരാത്രം പ്രയത്‌നിച്ചു. അടുത്ത സീസണിന് മുന്നോടിയായി ലോകോത്തര താരങ്ങളെ കൊണ്ടുവരാൻ സൗദി വലിയൊരു ചൂണ്ട തന്നെ പുറത്തിറക്കി. അതിൽ ആദ്യം കൊത്തിയത് ബാലൺദ്യോർ ജേതാവായ കരിം ബെൻസേമയായിരുന്നു, റയൽ മഡ്രിഡിന്റെ ഗോളടിയന്ത്രം! ബെൻസേമ റയൽ വിട്ട് സൗദിയിലേക്ക് ചേക്കേറുമെന്ന് ആരും നിനച്ചിരുന്നില്ല. റൊണാൾഡോയെ സ്വന്തമാക്കിയതുപോലെയൊരു സർജിക്കൽ സ്‌ട്രൈക്കിലൂടെ സൗദി ലോക ഫുട്‌ബോളിൽ വലിയൊരു വിള്ളലുണ്ടാക്കി. ബെൻസേമയെ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദാണ് സ്വന്തമാക്കിയത്. ഒരു സീസണിൽ ഏകദേശം 882 കോടി രൂപയാണ് ക്ലബ്ബ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 14 വർഷം റയലിനുവേണ്ടി പന്തുതട്ടിയശേഷമാണ് ബെൻസേമ സൗദിയിലേക്ക് പറന്നത്.
ഒരു കാലത്ത് റയലിന്റെ കുന്തമുനയായിരുന്ന ബെൻസേമയും റൊണാൾഡോയും സൗദി പ്രോ ലീഗിൽ പരസ്പരം ഏറ്റുമുട്ടുമെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതോടെ ലോക ഫുട്‌ബോളിൽ യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോയ്‌ക്കൊപ്പം സൗദി ട്രാൻസ്ഫർ വിൻഡോയും ചർച്ചാവിഷയമായി. 30 വയസ്സ് കഴിഞ്ഞ സൂപ്പർ താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ബെൻസേമയ്ക്ക് പിന്നാലെ സൗദിയിലേക്ക് ഇപ്പോൾ സൂപ്പർ താരങ്ങളുടെ ഒഴുക്കാണ്. ഫ്രാൻസിനായി ലോകകപ്പ് കിരീടം നേടിയ ചെൽസിയുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറായ എൻഗോളോ കാന്റെ അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ കളിക്കും. ഓരോ വർഷവും താരത്തിന് 100 മില്യൺ പൗണ്ടാണ് പ്രതിഫലം. ബെൻസേമയുടെ ക്ലബ്ബായ അൽ ഇത്തിഹാദിലേക്കാണ് കാന്റെയുടെയും വരവ്. 2025 വരെയാണ് താരവുമായുള്ള ടീമിന്റെ കരാർ. കാന്റെയ്ക്ക് പുറമേ ചെൽസിയിൽ നിന്ന് മൂന്ന് താരങ്ങൾ കൂടി സൗദിയിലേക്ക് എത്തുന്നുണ്ട്.
ഗോൾകീപ്പർ എഡ്വാർഡോ മെൻഡി, ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായ കലിദോ കൗലിബാലി, മുന്നേറ്റതാരം ഹക്കിം സിയെച്ച് എന്നിവരും സൗദിയിലേക്ക് വന്നു. മെൻഡിയെ അൽ അഹ്ലിയാണ് സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ കരാറിലാണ് സെനഗൽ താരം സൗദിയിലെത്തുന്നത്. ചെൽസിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കൗലിബാലി അൽ ഹിലാലിനുവേണ്ടി പന്തുതട്ടും. മുന്നേറ്റനിരയിലെ സൂപ്പർതാരമായ മൊറോക്കോയുടെ സിയെച്ച് ക്രിസ്റ്റിയാനൊ റൊണാൾഡോയ്‌ക്കൊപ്പം അൽ നസ്‌റിൽ കളിക്കുകയാണ്. 2026 വരെയാണ് സിയെച്ചുമായുള്ള കരാർ. ഇവർക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളിലൊരാളായ പോർച്ചുഗലിന്റെ റൂബൻ നെവസും സൗദിയിലേക്ക് എത്തിയിട്ടുണ്ട്. നെവസിനെ അൽ ഹിലാലാണ് സ്വന്തമാക്കിയത്. 2026 വരെയാണ് താരവുമായുള്ള കരാർ.
നെയ്മർ എത്തിയതോടെ ആവേശം
ഏറ്റവും ഒടുവിലായി പിഎസ്ജിയുടെസൂപ്പർ താരം നെയ്മറിനെയും സൗദി റാഞ്ചിയതോടെ, ഒറിജിനൽ മക്കയുള്ള നാടുതന്നെ ഇനി ഫുട്ബോളിന്റെയും മക്കയായി മാറുമെന്നാണ് ലോക മാധ്യമങ്ങൾ എഴുതുന്നത്. രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ എത്തുന്നത്. ആറ് വർഷത്തെ പിഎസ്ജി വാസം അവസാനിപ്പിച്ചാണ് സൂപ്പർ താരത്തിന്റെ വരവ്.
തന്റെ സൗദി പ്രവേശനത്തിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് നെയ്മർ പറഞ്ഞു. 'റൊണാൾഡോ സൗദിയിലേക്ക് പോയപ്പോൾ എല്ലാവരും ഭ്രാന്തൻ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് സൗദി ലീഗ് കൂടുതൽ വളരുന്നതായി കാണാം - നെയ്മർ പറഞ്ഞു. സൗദിയിൽ എത്തിയ ശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു താരം. ''കാര്യങ്ങളെല്ലാം ആവേശഭരിതമാണ്. മറ്റു ടീമുകളിലെ ഉയർന്ന നിലവാരമുള്ള കളിക്കാരെ കാണുമ്പോൾ നിങ്ങളെ കൂടുതൽ ആവേശഭരിതമാക്കുകയും നന്നായി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും, പ്രത്യേകിച്ചും റൊണാൾഡോ, ബെൻസീമ, റോബർട്ടോ ഫിർമിനോ എന്നിവരെ നേരിടുമ്പോൾ''- നെയ്മർ പറഞ്ഞു.
''സൗദി ലീഗ് വളരെയേറെ മത്സരാത്മകമായിരിക്കും. പ്രത്യേകിച്ച് സമ്മർ ട്രാൻസ്ഫറിന് ശേഷം. മത്സരക്ഷമത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഇവിടെ ഞാൻ ചേർന്നത്. വെല്ലുവിളികളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലീഗിന്റെ വളർച്ചയെ സഹായിക്കാൻ ഞാനും ഉണ്ടാകും. തീർച്ചയായും ധാരാളം ബ്രസീലുകാർ ലീഗിനെ വീക്ഷിക്കും. എല്ലാവരും അൽ ഹിലാലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്‌ബോൾ ആസ്വദിക്കാൻ പറ്റുന്നതെല്ലാം എന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് എനിക്ക് അവർക്ക് നൽകാനുള്ള സന്ദേശം, എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- നെയ്മർ കൂട്ടിച്ചേർത്തു.
നെയ്മർ ജൂനിയർ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലുമായി കരാറൊപ്പിട്ടത് വലിയ ഞെട്ടലൊന്നും കൂടാതെയാണ് ഫുട്ബോൾ ലോകം കേട്ടത്. എങ്കിലും ചില സോ കോൾഡ് പിഎസ്ജി ആരാധകർ നെയ്മറിന്റെ സൗദി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്പ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭയാണ് നെയ്മർ എന്നെല്ലാം വാഴ്‌ത്തിപ്പാടിയാണ് നെയ്മറുടെ ഇപ്പോഴത്തെ ആരാധകർ എത്തുന്നത്. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന നെയ്മറിന്റെ വീട്ടിലേക്ക് ജാഥ നടത്തി പ്രതിഷേധം നടത്തിയവരാണ് ഇതേ നെയ്മർ പാരിസ് വിടുന്നതിൽ അസ്വസ്ഥരാകുന്നതെന്നാണ് വിരോധാഭാസം.
പിഎസ്ജിയിലെ പടലപിണക്കങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും മെസ്സിയുടെ അഭാവവുമെല്ലാം നെയ്മറിന് വരാനിരിക്കുന്ന സീസണിൽ വലിയ തലവേദനയാകുമായിരുന്നെന്ന് കളിയെടുത്തകാർ ചൂണ്ടിക്കട്ടിയിരുന്നു. ബാഴ്സയിൽ നിന്ന് യൂറോപ്പിലേക്ക് ചേക്കേറാനുള്ള നെയ്മറിന്റെ തീരുമാനം മുതൽ പിഴവുകൾ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയത്. 2017ൽ 222 മില്ല്യൺ യൂറോയ്ക്കായിരുന്നു ആ കൂടുമാറ്റം.
പിഎസ്ജിയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല താരം പുറത്തെടുത്തിരുന്നത്. 2022-23 സീസണിൽ പരിക്കിന്റെ പിടിയിലായിരുന്നു നെയ്മർ. ഫെബ്രുവരി 19ന് ലീഗ് വണ്ണിൽ ലില്ലെക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന നെയ്മറിന് സീസണിലെ മറ്റ് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകളാണ് താരം പിഎസ്ജിക്ക് വേണ്ടി അടിച്ചുകൂട്ടിയത്. കണക്കുകളിൽ താരം പിന്നിലാണ്. അതോടൊപ്പം എംബാപെയുടെ നിഴലിലാവുമോയെന്ന ഭയവും താരത്തിനൊപ്പമുണ്ട്. ഈ പ്രശ്നങ്ങളിൽനിന്നെല്ലാമുള്ള ഒറ്റയടിക്കുള്ള മോചനമാണ് നെയ്മറിന് സൗദി ട്രാൻസ്ഫറിലുടെ ലഭിച്ചത്. ഒപ്പം, വൻ തുക കൈയിൽ വന്നു.
ഇനി പരിശോധിക്കേണ്ടതും അറിയേണ്ടതും അറേബ്യയിൽ കാൽപന്ത് വസന്തം തീർക്കാൻ സൂപ്പർ താരത്തിന് കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലാണ്. റോണാൾഡോയും, നെയ്മറും ഏറ്റുമുട്ടുന്ന, അൽ നസർ- ഹിലാൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
മെസ്സിയും വൈകാതെ എത്തും
താരങ്ങൾക്ക് മാത്രമല്ല, മികച്ച പരിശീലകരും സൗദി ട്രാൻസ്ഫറിലുണ്ട്. താരങ്ങളെ ചാക്കിടുന്നതുപോലെ തന്നെ അവർ പരിശീലകരെയും, മാനേജർമ്മാരെയും പണം കൊടുത്തുകൊണ്ടുവരുന്നു. മികച്ച കോച്ചുകളും മാനേജർമാരും മാറുന്നതും താരങ്ങളെ സമ്മർദത്തിലാക്കുന്നുണ്ട്. കരിയറിന്റെ അവസാന ഘട്ടങ്ങളിൽ യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് സമ്മർദ്ദം കുറഞ്ഞ ലീഗുകൾ തേടി സൂപ്പർ താരങ്ങൾ എത്തുന്നത് സ്വാഭാവികമാണ്. റൊണാൾഡോ ഓൾഡ് ട്രഫോർഡ് വിട്ട് അൽ നസറിലെത്തിയതും പിന്നീട് മെസ്സി ഇന്റർ മയാമി തിരഞ്ഞെടുത്തതും ഇതും ഒരുകാരണമാണ്. എന്നാൽ 31കാരനായ നെയ്മറിന് സമയമായിരുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ നെയ്മർ കുടി എത്തിയതോടെ സൗദി ഫുട്ബോൾ ആരെയും കൊതിപ്പിക്കുന്ന ലീഗായി മാറിയിരികകയാണ്.
റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയെയും സ്വന്തമാക്കാൻ സൗദി അറേബ്യ കിണഞ്ഞുശ്രമിച്ചിരുന്നു. റൊണാൾഡോയ്ക്ക് നൽകിയതിനേക്കാൾ ഇരട്ടിത്തുക പ്രതിഫലമായി നൽകാമെന്ന് വ്യക്തമാക്കി അൽ ഹിലാൽ ക്ലബ്ബ് മെസ്സിക്ക് വേണ്ടി വലവിരിച്ചു. എന്നാൽ സൗദിയെ മോഹിപ്പിച്ച് മെസ്സി, മിയാമി ലീഗ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കേറി. സത്യത്തിൽ അമേരിക്കയിൽ ഫുട്ബോൾ ലീഗ് ഉണ്ടെന്ന് അറിയുന്നതുതന്നെ മെസ്സി പോയശേഷമായിരുന്നു.
പക്ഷേ മെസ്സിക്ക് തന്റെ സുഹൃത്തുക്കളെയും, മാനേജർമ്മാരെയുമൊക്കെ വിട്ട് അധികകാലം മിയാമി ലീഗിൽ തുടരാൻ കഴിയില്ല എന്ന് പറയുന്നവരും ഉണ്ട്. അടുത്ത സീസണിൽ മെസ്സി സൗദിയിലെത്തുമെന്നാണ് പൊതുവെ കരുതുന്നത്. അതോടെ ആഗോള കാൽപ്പന്തുകളിയുടെ തലസ്ഥാനം, ഈ രാജ്യമാവുകയും ചെയ്യും. സൗദി പ്രോ ലീഗിന്റെ അടുത്ത സീസൺ വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതുവഴി ഏഷ്യൻ ഫുട്‌ബോളിന്റെ മുഖച്ഛായയും മാറും. അറേബ്യൻ ശതകോടീശ്വരന്മാർ ഫുട്‌ബോളിനായി രംഗത്തിറങ്ങുമ്പോൾ മറ്റ് ലീഗുകളും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാഞ്ചെസ്റ്റർ സിറ്റിയും പി.എസ്.ജിയും ന്യൂകാസിൽ യുണൈറ്റഡുമടക്കമുള്ള ടോപ് യൂറോപ്യൻ ക്ലബ്ബുകൾ അറേബ്യൻ ഉടമകളുടെ കൈയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തർ ശതകോടീശ്വരനായ ഷെയ്ഖ് ജാസിം രംഗത്തുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഒരു കാര്യമുറപ്പ്. ക്ലബ്ബ് ഫുട്‌ബോളിൽ ഇന് അറബികളുടെ കാലമാണ്...!
ലോക ക്ലബ് ഫുട്ബോൾ ക്രമം മാറുന്നു
ഏറ്റവും മികച്ച താരങ്ങൾ എല്ലാം ഒഴുകുന്നതിന്റെ പിന്നാലെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനും സൗദി ലീഗ് ഒരുങ്ങുകയാണ്. 2024-2025 സീസൺ മുതൽ സൗദി പ്രൊ ലീഗ് ജേതാക്കൾക്കും വൈൽഡ് കാർഡ് എൻട്രി വഴി ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകണമെന്നാണ് സൗദി അധികൃതർ യുവേഫയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമമായ കൊറൈറെ ഡെല്ലെ സ്പോർട്ടിനെ ഉദ്ധരിച്ച് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
യൂറോപ്യൻ ടീമുകൾ മാത്രം കളിച്ചിരുന്ന ചാമ്പ്യൻസ് ലീഗിലേക്ക് സൗദി ലീഗിന് ഒരു കടന്നുവരവിന് പറ്റിയാൽ അത് ചരിത്രമാകും. ഏഷ്യൻ ലീഗിൽ നിന്ന് പ്രതിനിധിയായി കളിക്കാനുള്ള എല്ലാ നിലവാരവും തങ്ങൾക്ക്ക് ഉണ്ടെന്നാണ് സൗദി പറയുന്നത്. ചാമ്പ്യൻസ് ലീഗിൽ 36 ടീമുകൾ പങ്കെടുക്കണം എന്നും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഒരു ടീം 8 മത്സരങ്ങൾ കളിക്കുന്ന രീതിയിലേക്ക് ലീഗിന്റെ മത്സരക്രമീകരണം മാറ്റണം എന്നും അതുവഴി കൂടുതൽ വരുമാനം നേടാൻ പറ്റുമെന്നും സൗദി പ്രൊ ലീഗ് യുവേഫയോട് പറഞ്ഞിരിക്കുന്നു.
യൂറോപ്പിലെ ടീമുകൾക്ക് വമ്പൻ ഭീക്ഷണിയാണ് സൗദി കാരണം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ എല്ലാം പണ്ടൊക്കെ യൂറോപ്പിൽ മാത്രമാണ് കളിച്ചിരുന്നത് എങ്കിൽ ഭാവിയിൽ അത് സൗദി ലീഗിൽ ആയിരിക്കും. റൊണാൾഡോ തുടക്കമിട്ട സൗദി വിപ്ലവം ഇപ്പോൾ നെയ്മറിലൂടെ തുടരുമ്പോൾ യൂറോപ്പ്യൻ ഫുടബോളിന് ചരമഗീതം പറയേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തും. എന്തായാലും റൊണാൾഡോ, നെയ്മർ, ബെൻസിമ, പോലെ ഉള്ള താരങ്ങളിൽ ആരെങ്കലിലുമൊക്കെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പന്ത് തട്ടുന്ന ദിവസങ്ങൾ വിദൂരമല്ല എന്നതാണ് ആരാധകരും പറയുന്നത്.
അതിനിടെ അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളും സൗദി തുടങ്ങിയതായി അറിയുന്നുണ്ട്. സൗദി ഈ രീതിയിൽ മാറുന്നതുകൊണ്ട് നമുക്കും ഗുണമുണ്ട്. മലയാളികൾ എറ്റവും കൂടുതൽ ജോലിചെയ്യുന്ന ഒരു രാജ്യം എന്ന നിലയിൽ മാത്രമല്ല അത്. സൗദിയിൽ ഒരു പ്രധാന കളി നടന്നാൽ അത് ഉറക്കമിളക്കാതെ ലോകത്ത് എല്ലായിടത്തും കാണാം. സൗദി ടൈം വെച്ച് ഏതാനും മണിക്കൂറുകളുടെ വ്യത്യാസമാണ് ഏഷ്യക്കും, യൂറോപ്പിനും ഉണ്ടാവുക. അമേരിക്കയലും ലാറ്റിനമേരിക്കയിലും ഉച്ചക്ക് കാണാൻ കഴിയും. ഖത്തർ ലോകകപ്പ് കാണാൻ ആർക്കും ഉറക്കമിളക്കേണ്ട സാഹചര്യം വന്നിട്ടില്ല. ഇതും ടെലിവിഷൻ വിൽപ്പനാവകാശം വർധിപ്പിക്കും. ലോകത്ത് ഫുട്ബോൾ കൂടുതൽ സ്വീകര്യമാവും.
പക്കാ ക്യാപിറ്റലിസ്റ്റ് ബിസിനസ് മോഡൽ
്പൂർണ്ണമായും സ്വകാര്യവത്ക്കരണത്തിലേക്കും ക്യാപിറ്റലിസ്റ്റ് ബിസിനസ് മോഡലിലേക്കും കടക്കുകയാണ് സൗദി ഇതിലൂടെ. അടുത്ത കാലം വരെ, ശരാശരി സൗദി ക്ലബ്ബിന്റെ ബിസിനസ് മോഡൽ അതിന്റെ കായിക മന്ത്രാലയത്തിന്റെ കീഴിലായിരുന്നു. സ്റ്റേറ്റിന്റെ സാമ്പത്തിക പിന്തുണയെ ആശ്രയിച്ചായിരുന്നു ഇവരുടെ വളർച്ച. അൽജസീറ ഓൺലൈൻ ഇങ്ങനെ പറയുന്നു. ഇപ്പോൾ സൗദി ഭരണകൂടം തങ്ങളുടെ വരുമാനം എണ്ണ വിപണിക്ക് പുറത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. അൽനസർ, അൽ ഹിലാൽ, അൽ ഇത്തിഹാദ്, അൽ അഹ്ലി എന്നീ നാല് ഫുട്‌ബോൾ ക്ലബ്ബുകൾ രാജ്യത്തിന്റെ പരമാധികാര ഫണ്ടിന് കീഴിൽ വരുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാല് ക്ലബ്ബുകൾക്കും ഒരേ ഉടമയാണെന്ന് വ്യക്തമാണെങ്കിലും, ഭാവിയിൽ ഈ ക്ലബ്ബുകളെ സ്വകാര്യവത്കരിക്കാനും, വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുന്ന സുസ്ഥിരമായി നടത്തുന്ന ഫുട്‌ബോൾ ബിസിനസുകളാക്കാനുമാണ് എംബിഎസിന്റെ നീക്കം.
നേരത്തെ കുതിരപ്പന്തയം ഇസ്ലാമികമാണോ അനിസ്ലാമികമാണോ എന്നൊക്കെ വലിയ ചർച്ച നടത്തിയ രാജ്യമായിരുന്നു സൗദി. എന്നാൽ ഇന്ന് ഇസ്ലാമിക് ബാങ്കിങ്് തുടങ്ങിയ കാര്യങ്ങൾക്കൊന്നും വലിയ പരിഗണന കൊടുക്കാതെ, പുർണ്ണമായും ആധുനിക സമ്പദ് വ്യവസ്ഥയാണ് അവർ പിന്തുടരാൻ ശ്രമിക്കുന്നത്. നേരെത്ത പലിശ ഹറാമണെന്ന ധാരണ വെച്ച് നിരവധി വിദേശ കമ്പനികളുമായുള്ള ബന്ധം വേണ്ടെന്നുവെച്ച മണ്ടത്തരങ്ങൾ പോലും ചെയ്ത രാജ്യമാണിത്. പക്ഷേ ഇപ്പോൾ എംബിഎസ് എന്ന ഭരണാധാകാരി അമേരിക്കയ്ക്ക് കിടപിടിക്കുന്ന ഒരു രാജ്യമായി ഈ നാടിനെ വളർത്താനുള്ള നീക്കമാണ് നടത്തുന്നത്. ഫുട്ബോളിന്റെ മക്കയായിക്കൂടി ഈ നാട് വളരുന്നയോടെ, കോടികളുടെ നിക്ഷേപമാണ് വരുന്നത്. പറുമെ നിന്ന് നോക്കുന്നപോലല്ല കാര്യങ്ങൾ. വെറും പ്രെടോഡോളറിൽ അധികാലം ഒന്നും ഈ രാജ്യം ഓടില്ല എന്ന് കണക്കാക്കി തന്നെയാണ് എംബിഎസിന്റെ ഫുട്ബോൾ വ്യവസായവും.
വാൽക്കഷ്ണം: ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്ന സൗദി ഈ രീതിയിൽ മാറുമ്പോഴാണ്, 'മെസ്സി പച്ച വ്യഭിചാരിയാണ്, നെയ്മർ നരകത്തിലാണ്, തുട കാണിച്ച് ഫുട്ബോൾ കളിക്കുന്നത് ഹറാമാണ്' എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്യുന്ന നമ്മുടെ നാട്ടിലെ മൗലവിമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുക! കഴിഞ്ഞ ലോകകപ്പ് കാലത്ത് കേരളത്തിലെ ചില ദാരിമിമാരും, മുജാഹിദുകളും, ഖാസിമിമാരും ഇറക്കിയ വീഡിയോകൾ നോക്കുക.