- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ റേപ്പിസ്റ്റ് ലീഡർ ഷാജഹാൻ ഷെയ്ഖിന്റെ കഥ
"എന്റെ മകൾക്ക് 13 വയസ്സു മാത്രമേ പ്രായമുള്ളൂ. അവളെ നിങ്ങൾ ഒരുമിച്ച് ആക്രമിക്കാതെ ഓരോരുത്തരായി ചെയ്യൂ.. അല്ലെങ്കിൽ അവൾ മരിച്ചു പോകും'-മകളെ ബലാത്സംഗം ചെയ്യാനെത്തിയ ഗുണ്ടകളോട് താൻ ഇങ്ങനെ അഭ്യർത്ഥിച്ചതായും, എന്നിട്ടും അവർ കേട്ടില്ലെന്നും സന്ദേശ്ഖാലിയിലെ ആ അമ്മ സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളോട് പറയുമ്പോൾ, സകലുരുടെയും കണ്ണുകൾ നിറയുകയായിരുന്നു. അമ്മ ഭയന്നതുപോലെ സംഭവിച്ചു. ആ മുട്ടാളന്മാരുടെ കരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് ആ മകൾ മരിച്ചു. അതോടെയാണ് ഇന്നലെ വരെ ഇന്ത്യ അറിഞ്ഞിട്ടില്ലാത്ത, പശ്ചിമബംഗാളിലെ 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി എന്ന കുഗ്രാമവും, കുപ്രസിദ്ധമായി.
ഇന്ന് മമതയുടെ നന്ദിഗ്രാം എന്നാണ് സന്ദേശ്ഖാലി അറിയപ്പെടുന്നത്. ത്രിണമൂൽ നേതാക്കളുടെ അഴിമതിയും, അക്രമവും, തട്ടിപ്പും, വെട്ടിപ്പും മടുത്ത് ഇവിടെ സ്ത്രീകൾ തെരുവിലറങ്ങിയരിക്കയാണ്. അവരെ പിന്തുണച്ച് ബിജെപിയും എത്തിയതോടെ, ഒരുപാട് ചോര വീണ ഈ പ്രദേശം വീണ്ടും, ചോരകൊണ്ട് ചുവക്കുകയാണ്.
വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ദളിത്, ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളും ഇപ്പോൾ പറുത്തവരുന്ന്. അങ്ങനെയാണ് റേപ്പിസ്റ്റ് ലീഡേഴ്സ് എന്ന പേര് ഇവർക്ക് വീണത്. ഇതിനെല്ലാം നേതൃത്വം നൽകുന്നതാവട്ടെ ഷാജഹാൻ ഷെയ്ഖ് എന്ന 42കാരനായ ത്രിണമൂൽ ഗുണ്ടാ നേതാവാണ്. ഇപ്പോൾ പൊലീസിന്റെയും ഇഡിയുടെ പിടിയിയാണ് ഇയാൾ. ബംഗാളിൽ മമതാഭരണത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ്, ഒന്നുമില്ലായ്മയിൽനിന്ന് കോടീശ്വരനായ ഷാജഹാൻ ഷെയ്ഖിന്റെ ജീവിതം.
അടി പഠിപ്പിച്ചത് സിപിഎം
എല്ലാ അധോലോക നായകനും ഉണ്ടാവും അയാൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ഭൂതകാലം. നമ്മുടെ ഷാജഹാൻ ഷെയ്ഖിന്റെ കഥയും അങ്ങനെ തന്നെ. ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലി ബ്ലോക്കിലെ ഒരു ദാരിദ്ര്യ കുടുംബത്തിലാണ് ജനനം. ഷെയ്ഖ് എന്നത് വെറും കുടുംബപ്പേര് മാത്രമാണ്. നാല് സഹോദരങ്ങളിൽ മൂത്തയാളായ ഷാജഹാന് വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്. ഇഷ്ടിക ചൂളകളിലെ തൊഴിലാളിയായാണ് തുടങ്ങിയത്. അതുകൊണ്ട് ഒന്നുമാവാഞ്ഞതോടെ മത്സ്യബന്ധന തൊഴിലാളിയായി. സന്ദേശ്ഖാലിയിൽ നിന്ന് സർബീരിയയിലേക്കുള്ള യാത്രാ- വാഹന സർവീസുകളിൽ സഹായിയായി ജോലി നോക്കി. ഏതാനും വർഷങ്ങൾ ജോലി ചെയ്തതിന് ശേഷം മത്സ്യവ്യാപാരത്തിലേക്ക് കടന്നു. മത്സ്യകൃഷി ചെയ്തിരുന്ന മാതൃസഹോദരന്മാരിൽ ഒരാളുടെ സഹായിയായി തുടങ്ങിയ ഷാജഹാൻ, തൃണമുൽ നേതാവ് ആയതോടെ കാര്യങ്ങൾ മാറി. സ്വന്തമായി ചെമ്മീൻ ബിസിനസ് തുടങ്ങി. 200-ഓളം മത്സ്യബന്ധന യൂണിറ്റുകൾ, പ്രാദേശിക മൊത്ത മത്സ്യ മാർക്കറ്റുകൾ, ചെമ്മീൻ സംസ്‌കരണ കേന്ദ്രങ്ങൾ അങ്ങനെ ആ രംഗത്തും ആരും പ്രതീക്ഷിക്കാത്ത വളർച്ചയിലേക്ക് അയാൾ നൊടിയിടെ ഉയർന്നു.
അക്കാലത്ത് 24 പർഗാനാസ് എന്നാൽ നമ്മുടെ കണ്ണുർ ജില്ലയിലെ ഗ്രാമങ്ങൾ പോലെയാണ്. ശരിക്കും ഒരു പാർട്ടി ഗ്രാമം. സിപിഎം അല്ലാതെ മറ്റൊരു പാർട്ടിയുമില്ല. സ്വാഭവികമായും ഷാജഹാൻ ഷെയ്ഖും സിപിഎമ്മിലെത്തി. 2004ൽ ഇഷ്ടിക ചൂളയിലെ യൂണിയൻ നേതാവായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അന്ന് തൃണമൂലുകാരെ തല്ലിക്കൊണ്ട് ഷാജഹാന്റെ തുടക്കം. എന്തിനുംപോന്ന കരുത്തുള്ള ഒരു പാർട്ടി ഗുണ്ടയായി അയാൾ മാസങ്ങൾക്കുള്ളിൽ മാറി. പക്ഷേ കാര്യങ്ങൾ ക്രമേണേ മാറുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. 33 വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ട്, 2011-ൽ ബംഗാളിൽ മമതയുടെ നേതൃത്വത്തിലുള്ള തൃണമുൽ അധികാരമേറ്റു.
അതോടെ ഇനി കളിമാറും എന്ന് ഷാജഹാനും മനസ്സിലായി. ഷാജഹാന് മാത്രമല്ല, പാർട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും നിൽക്കുന്ന മൊത്തം ഗുണ്ടകളും മാറി. അവർ സിപിഎം പ്രവർത്തകരെ തല്ലിയോടിക്കാന തുടങ്ങി. തൃണമൂലിന് ആവട്ടെ ന്യൂനപക്ഷ വോട്ടുകൾ കിട്ടാൻ ഒരു മുസ്ലിം പ്രാദേശിക നേതാവിന്റെയും ആവശ്യമുണ്ടായിരുന്നു. തീക്ഷ്ണമായ പ്രസംഗങ്ങൾക്കും സംഘടനാ വൈദഗ്ധ്യത്തിനും പേരുകേട്ട ഷെയ്ഖ് 2012-ൽ ടിഎംസി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി മുകുൾ റോയിയുടെയും നോർത്ത് 24 പർഗാനാസ് ടിഎംസി ജില്ലാ പ്രസിഡന്റ് ജ്യോതിപ്രിയോ മുള്ളിക്കിന്റെയും ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുശേഷം, റോക്കറ്റിന് സമാനമായ രാഷ്ട്രീയ വളർച്ചയായിരുന്നു.
തൃണമൂലിൽ വെച്ചടി വളർച്ച
2018ൽ സർബെരിയ അഗർഹതി ഗ്രാമപഞ്ചായത്തിന്റെ ഉപമേധാവിയെന്ന നിലയിൽ ഷെയ്ഖ് പ്രാധാന്യം നേടി. നിലവിൽ സന്ദേശ്ഖാലി ടിഎംസി യൂണിറ്റിന്റെ പ്രസിഡന്റായ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാത കഴിഞ്ഞ വർഷം ജില്ലാ പരിഷത്ത് സീറ്റ് നേടിയതോടെ ഉന്നതിയിലെത്തി.നോർത്ത് 24 പർഗാനാസിന്റെ 'മത്സ കർമ്മദാക്ഷ്യ' (മത്സ്യബന്ധനത്തിന്റെ ചുമതലയുള്ള) എന്നാണ് ഷെയ്ഖ് അറിയപ്പെടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ടിഎംസിയുടെ വിജയത്തിലും ഷാജഹാൻ നിർണായക പങ്കുവഹിച്ചു.
പ്രദേശത്തെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും, കുടുംബ തർക്കങ്ങൾക്കും ഭൂമി തർക്കങ്ങൾക്കും മധ്യസ്ഥത വഹിക്കുന്നത് ഇപ്പോൾ ഷാജഹാൻ ഷെയ്ഖാണ്. ഇളയ സഹോദരങ്ങൾ ഭൂമി ഇടപാടുകൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ബിസിനസ്സ് നിയന്ത്രിക്കുന്ന സജീവമായ ടിഎംസി പ്രവർത്തകരാണ്. പ്രാദേശിക ടിഎംസിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾ പറയുന്നതനുസരിച്ച്, ഷെയ്ഖിന് ഈ മേഖലയിൽ ബഹുമാനവും ഭയവും ഉണ്ട്.
'ചിലർക്ക് അവൻ ഒരു മിശിഹായാണ്; എതിർക്കുന്നവർക്ക് അദ്ദേഹം ഒരു ഭീകരനാണ്. പ്രദേശത്ത് ഒരു റോബിൻ ഹുഡിന്റെ പ്രതിച്ഛായയുണ്ട്. അനുയായികൾ അദ്ദേഹത്തെ സ്നേഹപൂർവ്വം 'ഭായ്' എന്ന് വിളിക്കുന്നു,'- ഒരു പ്രാദേശിക ടിഎംസി നേതാവ് ടൈസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് ഇങ്ങനെയാണ്.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, കുട്ടികളെ കടത്തുന്നത് തടയുന്നതിൽ ഷെയ്ഖ് ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ എഴുതുന്നുണ്ട്. 2019 ൽ സർബീരിയ അഗർഹതി ഗ്രാമപഞ്ചായത്തിനെ ഒരു 'ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത്' ആക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചു. 2019 ജൂണിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സന്ദേശ്ഖാലിയിൽ ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ ഷെയ്ഖ് പേര് എഫ്ഐആറിൽ വന്നു. സിപിഎം തകർന്നതോടെ ഏറ്റുമട്ടൽ ബിജെപിയുമായിട്ടായി. തങ്ങളുടെ നിരവധി പ്രവർത്തകരെ കൊല്ലിച്ച കാലനാണെന്നാണ് ഇയാളെ ബിജെപി പ്രവർത്തർ വിശേഷിപ്പിക്കുന്നത്.
സിപിഎമ്മുകാർ ബിജെപിയിലേക്ക്
അതിനിടെ ലോക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത മറ്റൊരു നീക്കത്തിനും 24 പർഗാനാസ് ജില്ല സാക്ഷിയായി. ഷാജഹാൻ ഷെയ്ഖ് അടക്കമുള്ള തൃണമുൽ ഗുണ്ടകളുടെ അക്രമം താങ്ങാൻ കഴിയാതായതോടെ സിപിഎം പാർട്ടിഗ്രാമങ്ങൾ ഒന്നടക്കം ബിജെപിയിലെത്തി. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ അന്തൂർ മുൻസിപ്പാലിറ്റിയിലെയോ, കല്യാശ്ശേരി പഞ്ചായത്തിലെയോ, ഒരു പാർട്ടി ഓഫീസ് ഒന്നടങ്കം കാവി ചായമടിച്ച് കാവിക്കൊടിയുയർത്തി, ലോക്കൽ കമ്മറ്റി ഒന്നടങ്കം, ബിജെപിയിലേക്ക് പോയാൻ എങ്ങനെയുണ്ടാവും! അവിശ്വസനീയം എന്നേ പറയാൻ കഴിയു.
എന്നാൽ അതുപോലെയുള്ള ഒരു മാറ്റമാണ്, ഒരുകാലത്ത് കണ്ണൂരിനേക്കാൾ വലിയ സിപിഎം കോട്ടയായ, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് എന്ന ജില്ലയിൽ 2015-16 കാലഘട്ടത്തിൽ നടന്നത്. ഇവിടെ ചില നേതാക്കൾ ബിജെപിയിലേക്ക് മാറുകയായിരുന്നില്ല. മറിച്ച് പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് പോയി. പാർട്ടി ഓഫീസുകളിൽ ചുവപ്പുകൊടി മാറ്റി കാവിക്കൊടി ഉയർത്തി, സെക്രട്ടറിയും, അംഗങ്ങളും, ഭാര്യയും, മക്കളുമെല്ലാം കുട്ടത്തോടെ ബിജെപിയിൽ എത്തി. ലോക ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ രാഷ്ട്രീയമാറ്റം എന്നാണ് ഇവിടം സന്ദർശിച്ച, ഇന്ത്യൻ എക്സ്പ്രസിന്റെ അടക്കമുള്ള മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്!
ഇന്ന് ബംഗാളിൽ ഒരിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെ സംപുജ്യരാണ് സിപിഎം. തൃണമുൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടി ഇവിടെ ബിജെപിയാണ്. ബിജെപിയിലെ 90 ശതമാനം അംഗങ്ങളും പഴയ സിപിഎമ്മുകാരാണ്. ഇത് എന്തെങ്കിലുമൊരു പ്രത്യയശാസ്ത്രം വെച്ചുള്ള മാറ്റമായിരുന്നില്ല. മറിച്ച് തൃണമൂലിന്റെ അക്രമം താങ്ങാൻ കഴിയാതെ ആയതോടെ, അടിച്ചാൽ അൽപ്പമെങ്കിലും തിരിച്ചടിക്കാൻ ശേഷിയുള്ള പാർട്ടി എന്ന നിലയിലാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുത്തി ഒഴുകിയത്.
അതിനെല്ലാം ഇടയാക്കിയത് ത്രിണമൂലിന്റെ ബൈക്ക് ബ്രിഗേഡ് നടത്തിയ അക്രമങ്ങളാണ്. മോട്ടോർ ബൈക്കുകൾ എന്നും ഷാജഹാന് പ്രിയമായിരുന്നു. മറ്റ് വാഹനങ്ങളോടൊപ്പം ഏകദേശം 20 ഇരുചക്ര വാഹനങ്ങളാണ് സ്വന്തമായുള്ളത്. ഒരു പ്രദേശത്തേക്ക ഒന്നിച്ച് എത്തി സർവതും നശിപ്പിക്കുന്ന തൃണമൂൽ ബൈക്ക് ബ്രിഗേഡിന് ഈ പ്രദേശത്ത് നേതൃത്വം കൊടുത്തത് ഷാജഹാനാണ്. ഇതും തുടങ്ങിയത് സിപിഎമ്മാണ്. പാർട്ടിയുടെ ഏരിയാ ഡോമിനൻസ് എന്ന തിയറി നടപ്പാക്കിയത് സുഭാഷ് ചക്രവർത്തിയെന്ന സിപിഎം നേതാവ് തുടങ്ങിയ ബൈക്ക് ബ്രിഗേഡാണ്. ഇപ്പോൾ അത് എടുത്ത് തൃണമൂൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്നുവെന്ന് മാത്രം. ഹൈക്കോടതി നിരോധിച്ചിട്ടുപോലും ബൈക്ക് ബ്രിഗേഡ് പ്രവർത്തനം തുടരുകയാണ്.
അഴിമതിയിലൂടെ കോടികൾ നേടുന്നു
തൃണമൂൽ മുതിർന്ന നേതാക്കളുടെ അഴിമതിയുടെ ബിനാമിയാണ് ഇയാൾ. കേന്ദ്രസർക്കാർ ബംഗാളിലെ റേഷൻ കടകളിൽ നൽകിയ അരിയും വലിയ തോതിൽ ഷേഖ് ഷാജഹാൻ തിരിമറി നടത്തിയിരുന്നു. ബംഗാളിലെ ഭക്ഷ്യ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായി കൂടിയാണ് ഷേഖ് ഷാജഹാൻ. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിന്റെ പേരിൽ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മല്ലിക്കിന്റെ പെട്ടിയെടുത്തുകൊണ്ടാണ് ഷാജഹാൻ രാഷ്ട്രീയത്തിൽ പിച്ചവെച്ചത് തന്നെ. റേഷനരി വെട്ടിപ്പിൽ 1000 കോടി രൂപയുടെ അഴിമതിയാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 60 കോടിയോളം കള്ളപ്പണവും, നിരവധി ആയുധങ്ങളും ഷാജഹാന്റെ വീട്ടിൽ സൂക്ഷിച്ചതായി അന്വേഷണ ഏൻസികൾ കണ്ടെത്തിയിരുന്നു.
ഈ റേഷൻ കുംഭകോണത്തിൽ ഇഡിക്ക് പരാതി കിട്ടുന്നതോടൊയാണ് ഷാജഹാന്റെ പതനം തുടങ്ങുന്നത്. ഈ വർഷം ജനുവരി 5 വരെ, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയെക്കുറിച്ച് കുറച്ച് ആളുകൾ കേട്ടിരുന്നില്ല. അന്ന് ആയിരത്തോളം വരുന്ന ഒരു ജനക്കൂട്ടം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ മർദ്ദിച്ചുവെന്ന വാർത്തയിലുടെയാണ് ഷാജഹാൻ ഷെയ്ഖ് എന്ന പേര് ആദ്യമായി ഇന്ത്യ അറിയുന്നത്. ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ ഇഡി ഉദ്യോഗസ്ഥരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. പക്ഷേ അന്ന് തൊട്ട് കക്ഷി ഒളിലായി. പിന്നെ കഴിഞ്ഞ ആഴ്ച സന്ദേശ്ഖാലി ബാലത്സംഗക്കൊലയിൽ അറസ്്റ്റിൽ ആവുന്നതുവരെ ഒളിവിലായിരുന്നു.
ഇപ്പോൾ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്ത്. ബംഗാളിലെ മമത ബാനർജി സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി. ഷെയ്്ഖ് ഷാജഹാന്റെ ബാങ്ക് നിക്ഷേപങ്ങൾ, ഒരു അപാർട്മെന്റ്, കൃഷി ഭൂമി, മീൻവളർത്തുന്ന ഏക്കർകണക്കിന് ഭൂമി എന്നിവ ഇഡി പിടിച്ചെടുത്ത സ്വത്തുവകകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച രേഖകൾ പ്രകാരം 19.8 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള വ്യവസായിയാണ്. 1.9 കോടി രൂപ ബാങ്ക് നിക്ഷേപവും ഏകദേശം 70 ഏക്കറോളം ഭൂമിയുടേയും കൂറ്റൻ ബംഗ്ലാവിന്റെയും ഉടമ കൂടിയാണ്.
ഒരു റേപ്പിസ്റ്റ് ലീഡർ ജനിക്കുന്നു
ഒരു ഗ്രാമത്തിലെ പിന്നാക്ക ആദിവാസി സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ച തൃണമൂൽ നേതാക്കളുടെ ഞെട്ടിക്കുന്ന കഥകളാണ് ഇവിടുത്തെ സമരക്കാരായ സ്ത്രീകൾക്ക് പറയാനുള്ളത്. ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ ശരിക്കും ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.
സന്ദേശ്ഖാലിയിലെ വനിതകൾ അവർ വിധേയരാക്കപ്പെട്ട ക്രൂരാനുനുഭവൾ ബംഗ്ലാ ഭാഷയിൽ മാധ്യമങ്ങളോട് വ്യക്തമായി വിവരിച്ചു. "ത്രിണമുൽ കോൺഗ്രസ്സ് പ്രവർത്തകർ വീടുകളിലെത്തി അന്വേഷിക്കുമായിരുന്നു. ഏതു സ്ത്രീയാണ് സുന്ദരി, ആരൊക്കെ എത്ര ചെറുപ്പമാണെന്ന്! പേടിച്ചരണ്ട് സഹായത്തിനു വേണ്ടി കരയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരോട് ആ ഗുണ്ടകൾ പറയും. നിങ്ങൾക്ക് പേരിനുമാത്രം ഭർത്താവാണെന്നു പറയാം. പക്ഷേ നിങ്ങൾക്ക് അതിനപ്പുറം ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവർ ഞങ്ങളെ രാത്രികൾ തോറും ആവർത്തിച്ച് കൂട്ടിക്കൊണ്ടു പോകും. എന്നിട്ടു പറയും: ത്രിണമൂൽ പ്രവർത്തകർക്ക് തൃപ്തിയാകും വരെ നിങ്ങളെ രക്ഷപെടാൻ അനുവദിക്കുകയില്ല.'- ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ബിജെപി പ്രതിനിധിയായ സ്മൃതി ഇറാനിയുടെ കണ്ഠം ഇടറി.
അനുസരിക്കാൻ മടി കാണിച്ച ഇരകളോട് പറഞ്ഞത് തൃണമൂൽ ഗുണ്ടകൾ പറയുന്നത് കേട്ടില്ലെങ്കിൽ അവരുടെ ഭർത്താക്കന്മാരുടെ തലകളറുത്ത് കൈയിൽ കൊടുക്കുമെന്നായിരുന്നു. പാവപ്പെട്ട ഹിന്ദു പിന്നാക്ക വിഭാഗക്കാരുടെ വയലുകളുൾപ്പടെയുള്ള ഭൂമികൾ പിടിച്ചെടുത്ത് ഇവർ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ വീടുവെക്കും. കച്ചവട സ്ഥാപനങ്ങൾ പണിയും. വയലുകൾ മീൻ വളർത്തൽ കേന്ദ്രങ്ങളാക്കി മാറ്റും. അവിടെ സഹികെട്ട സ്ത്രീകൾ രണ്ടും നിശ്ചയിച്ച് പോരാട്ടത്തിനിറങ്ങിയിട്ട്. അത്തരത്തിൽ ഒരു സ്ഥലത്ത് സ്ഥാപിച്ച കോഴിഫാമിന് തീയിട്ടതും വാർത്തയായിട്ടുണ്ട്. ദ ടെലിഗ്രാഫ് അടക്കമുള്ള പത്രങ്ങൾ ഇക്കാര്യങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു ഗ്രാമത്തെ മുഴുവൻ തന്റെ മുഷ്‌ക്കുകൊണ്ടും, ഗുണ്ടായിസം കൊണ്ടും പേടിപ്പിച്ച് നിർത്തുകയായിരുന്നു ഷാജഹാന്റെ രീതി. ഒന്നും രണ്ടുമല്ല ആയിരത്തോളം പേരാണ് ഇയാളുടെ ഗുണ്ടാ ഗ്യാങിൽ ഉണ്ടായിരുന്നത്. എവിടെ എന്ത് പ്രശ്നം ഉണ്ടായാലും ഇവർ ഞൊടിയിടയിൽ ബൈക്കിൽ അവിടെ എത്തും. വടിവാൾ തൊട്ട് നാടൻ തോക്കുവരെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് പരാതിപ്പെടാൻ പോലും പേടിയായിരുന്നു. പണം പലിശക്ക് കൊടുക്കുന്ന ഇടപാടുമുണ്ട് ഷാജഹാൻ സംഘത്തിന്. അതുകൊണ്ടുതന്നെ പലരുടെയും വസ്തുവകകൾ ഇദ്ദേഹത്തിന്റെ കൈയിലാണ്. പിന്നെങ്ങനെയാണ് അവർ ഇയാൾക്കെതിരെ പ്രതികരിക്കുകുക.
കേസ് വന്നാൽ ബംഗ്ലാദേശിലേക്ക് മുങ്ങും
പിടിച്ചുപറി, അഴിമതി, ബലാത്സഗം, കൊലപാതകം തുടങ്ങി നിരവധി കേസുകൾ ഷെയ്ഖ് ഷാജഹാനെതിരെ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഒരു കേസിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പല കേസുകളിലും ഒളിവിൽ പോയി. പലപ്പോഴും അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ബംഗ്ലാദേശിലേക്ക് കടന്നു. ബംഗ്ലാദേശിലേക്കുള്ള കള്ളക്കടത്തിലുടെയും ഷാജഹാൻ കോടികൾ സമ്പാദിച്ചു. ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ രാജാക്കന്മാരാണ്. ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തു മുതൽ പല ബിസിനസുകളുടെയും പിന്നിൽ പഞ്ചായത്ത് ഭാരവാഹികളാണ്. ഇവരുടെ അനുമതിയില്ലാതെ ഒന്നും ബംഗാളിൽ സാധ്യമല്ല. സിപിഎം ഭരണകാലത്ത് അഴിമതി വെറുത്ത് മമതാ ബാനർജിക്ക് വോട്ടുകുത്തിയവരും ഇന്ന് കൂടുതൽ അനുഭവിക്കുകയാണ്. ബംഗാളിലെ സ്വാശ്രയ കോളജ് അഡ്‌മിഷനിൽ വരെ രാഷ്ട്രീയക്കാരുടെ ആശിർവാദത്തോടെ സിൻഡിക്കറ്റ് തഴച്ചു വളരുകയാണ്. അതിലെ ഒരു കണ്ണിയാണ് ഷാജഹാനും.
ഈ രീതിയിൽ പകരക്കാരനില്ലാതെ സന്ദേശ്ഖാലി അടക്കി വാഴുന്ന സമയത്താണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, പ്രദേശത്തെ ടിഎംസി-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രണ്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നത്. ഈ സംഭവത്തിൽ ഷാജഹാൻ ഷെയ്ഖിനെതിരെ കേസെടുത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു തുടങ്ങി. അതിന് പിന്നാലെയാണ് ഇ ഡിയെ ആക്രമിച്ച കേസ് ഉണ്ടായത്. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഭൂമി കയ്യേറുകയും കൂട്ടബലാത്സംഗം നടത്തുകയും ചെയ്തതിന് ഷാജഹാൻ ഷെയ്ഖിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചു തുടങ്ങിയത്. ഷാജഹാന്റേയും കൂട്ടാളികളായ ഷിബാ പ്രസാദ് ഹസ്ര, ഉത്തം സദാർ എന്നിവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ത്രീകൾ പ്രാദേശിക പൊലീസ് സ്റ്റേഷനുകൾ വളഞ്ഞു. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ സ്ത്രീകളുടെ മുന്നേറ്റത്തെ ഏറ്റെടുത്തു.
ഭരണകക്ഷിയായ തൃണമൂൽ ഭരണം ഷാജഹാനെയും കൂട്ടരെയും സംരക്ഷിക്കുകയാണെന്ന് ബിജെപിയും സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. അതേസമയം പ്രതിപക്ഷ പാർട്ടികൾ ഷാജഹാനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ടിഎംസി നേതാക്കൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്ത്രീകളുടെ ശക്തമായ സമരത്തിനിടയിൽ 55 ദിവസമാണ് ഷാജഹാൻ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ഫെബ്രുവരി 29ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖലി ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടിൽ നിന്നാണ് ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറയുന്നു.അറസ്റ്റിനെ തുടർന്ന് ടിഎംസി ഷാജഹാനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയിട്ടുണ്ട്. പക്ഷേ ഇത് വെറും കണ്ണിൽ പൊടിയിടാനുള്ള അടവാണെന്ന് ഏവർക്കും അറിയാം.
കാരണം മമതതുടെ മരുമകൻ അഭിഷേക് മുഖർജിയുടെ അടക്കം അറിവോടെയാണ് ഷാജഹാൻ ഈ കളികളെല്ലാം കളിക്കുന്നത്. അതുകൊണ്ടുതന്നെ, മമത ഭരിക്കുമ്പോൾ ഇക്കാര്യത്തിൽ നീതികിട്ടുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സിബിഐ വരണം എന്നാണ് ബംഗാളിലെ നിഷ്പക്ഷരായ ആളുകൾ ആവശ്യപ്പെടുന്നത്. സന്ദേശ്ഖാലി അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടെങ്കിലും ബംഗാൾ സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വാൽക്കഷ്ണം: എറ്റവും അപകടകരമായ കാര്യം ബംഗാളിലെ സംഘർഷങ്ങൾക്ക് വർഗീയ മാനം കൈവവുന്നു എന്നാണ്. ബംഗാളിൽ സിപിഎം തകർന്നപ്പോൾ, അവരുടെ മുസ്ലിം വോട്ടർമാർ തൃണമുലിലേക്കും, ഹിന്ദുവോട്ടർമാർ ബിജെപിയിലേക്കുമാണ് ചേക്കേറിയത്. ഇപ്പോൾ ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ളവരുടെ ചെയ്തികളും ഈ അതിദ്രുത വർഗീയവത്ക്കരണത്തിന് ആക്കം കൂട്ടുകയാണ്.