രു തലമുറയുടെ കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളിൽ നിറമുള്ള കിനാക്കൾ നൽകി സംമ്പുഷ്ടമാക്കിയവൾ! അവളുടെ ഇറക്കിവെട്ടിയ ബ്ലൗസിന്റെയും, മാടിക്കുത്തിയ മുണ്ടിന്റെയും നിറമാർന്ന ചിത്രങ്ങൾ, അടഞ്ഞ സദാചാരബോധം പുലർത്തു മലയാളികളുടെ കാമനയെ ഉത്തേജിപ്പിച്ചു. 2000-ൽ 'കിന്നാരത്തുമ്പികൾ' എന്ന സിനിമ പുറത്തിറങ്ങുമ്പോൾ മലയാള സിനിമ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. കേരളത്തിലെ തീയേറ്റുകൾ കല്യാണമണ്ഡപങ്ങളാവുന്നകാലം. സൂപ്പർ സ്റ്റാറുകളുടെ സിനിമപോലും കാണാൻ ആളില്ല. അപ്പോഴാണ് ഒരു തരംഗം തീർത്തുകൊണ്ട് ഷക്കീലയെത്തുന്നത്. അസാധാരണമാവിധം തടിച്ച ശരീരമുള്ള ആ രൂപം മലയാളി പുരുഷന്റെ ലൈംഗിക കാമനകളെ വല്ലാതെ ഉദ്ദീപിപ്പിച്ചു. ഇതേക്കുറിച്ച് പിൽക്കാലത്ത് ഗൗരവമേറിയ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് തരംഗം വന്നിട്ടില്ലാത്ത, പോൺ വിപണി വ്യാപകമല്ലാത്ത ഒരു അടച്ചിട്ട ലൈംഗിക സമൂഹത്തിൽ ഷക്കീല യുവാക്കളുടെ ഹൃദയം കവർന്നു. മാത്രമല്ല മലയാള വാണിജ്യ സിനിമെയയും അത് സാമ്പത്തികമായി രക്ഷിച്ചു. അഞ്ചുലക്ഷം മുടക്കിയെടുത്ത് അഞ്ചുകോടി നേടിയ വിജയമാണ് പല ഷക്കീല ചിത്രങ്ങൾ നേടിയത്.

പക്ഷേ ഷക്കീല എന്ന നടിയുടെ ജീവിതമോ? 'ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു' എന്ന ഷക്കീലയുടെ ആത്മകഥയിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള തുറന്നെഴുത്തുകളും തുറന്നു പറച്ചിലുമാണ് ഷക്കീലയെ പുതുതലമുറയുടെ ശ്രദ്ധയാകർഷിച്ചത്. പുതിയ തലമുറ വെറുമൊരു ഉച്ചപ്പടം നായികയായല്ല അവരെ കാണുന്നത്. ശരിക്കു ഒരു സർവൈവർ ആയിട്ടാണ്. അതുകൊണ്ടുതന്നെ ഇന്ന് സിനിമയേക്കാളും, ടിവി ഷോകളും, ഉദ്ഘാടനങ്ങളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി ശരിക്കും ഒരു സെലിബ്രിറ്റി ഇമേജാണ് അവർക്ക് കിട്ടുന്നത്. പോൺസ്റ്റാറിൽനിന്ന് സൂപ്പർസ്റ്റാറിലേക്ക് സണ്ണി ലിയോൺ മാറിയതുപോലുള്ള ഒരു മാറ്റം. കേരളത്തിലെ ക്ഷേതോത്സവങ്ങളിൽവരെ ഷക്കീല അതിഥിയായി എത്തി.

ഇങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്താണ് ഷക്കീല വീണ്ടും വിവാദത്തിൽ പെടുന്നത്. വളർത്തുമകൾ മർദിച്ചെന്ന് അവർ പരാതിപ്പെട്ടതും, വളർത്തുമകൾ ശീതകൾ ഷക്കീലക്കെതിരെ പരാതിപ്പെട്ടതും വലിയ വാർത്തയായി. സിനിമയിൽനിന്ന് നേടിയതെല്ലാം, കുടുംബത്തിനുവേണ്ടി നഷ്ടപ്പെടുത്തി ആ ജീവിതം, ഇതോടെ വീണ്ടും ചർച്ചയാവുകയാണ്.


ശരീരം വിറ്റത് അമ്മയുടെ നിർബന്ധത്തിന്

പലരും കരുതുന്നതുപോലെ തമിഴ്‌നാട്ടുകാരിയല്ല ഷക്കീല. തെലുങ്കത്തിയാണ്. 1973 നവംബർ 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. പൂർണ്ണനാമം സി. ഷക്കീല ബീഗം. 1977-ൽ ഈ കുടുംബം മദ്രാസിലേക്ക് മാറുകായിരുന്നു. ഈയിടെ കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്റേച്ചേർ ഫെസ്റ്റിവലിന് എത്തിയ ഷക്കീല തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.

'' അക്കാലത്ത് ഞങ്ങൾക്ക് കടുത്ത ദാരിദ്രമായിരുന്നു. സ്‌കുൾ ഫീസ് അടക്കാൻ കഴിയാതെ പതിവായി പുറത്തുനിൽക്കുന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ. പക്ഷേ അതും ഞാൻ ഒരു അനുഗ്രഹമായാണ് കണ്ടത്. കാരണം പഠിക്കാൻ തീരേ മോശമായിരുന്നു. ക്ലാസിനകത്തിരുന്ന് അടിവാങ്ങിക്കുന്നതിനേക്കാൾ നല്ലത്, പുറത്തുനിൽക്കയാണെന്നാണ്് അക്കാലത്ത് തോന്നിയത്. അഭിനയത്തിലേക്ക് ഇറങ്ങാനുള്ള പ്രധാനകാരണവും ദാരിദ്ര്യം തന്നെയായിരുന്നു. വിമർശകർ എന്റെ കുടുംബത്തിന് ഭക്ഷണം കൊണ്ടത്തരുമോ?''- ഷക്കീല ചോദിക്കുന്നു.

സുന്ദരിയായപ്പോയി എന്ന കാരണത്താൽ അദ്ധ്യാപകർ വരെ കുട്ടിക്കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അവർ പലയിടത്തും വേദനയോടെ പറയുന്നു. പതിനാറാം വയസ്സിൽ, അമ്മയുടെ നിർബന്ധത്തിന് വഴങ്ങി, വീട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കുവാൻ ശരീരം വിറ്റ് തുടങ്ങിയ ജീവിതമാണ് ഷക്കീലയുടേത്. വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു എടിഎം മെഷീൻ മാത്രമായിരുന്നു യന്ത്രമായിരുന്നുവെന്ന് അവൾ പറയുന്നു.

''ഞാൻ പത്താം ക്ലാസിൽ തോറ്റതാണ്. കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് ഞാൻ സിനിമയിൽ പ്രവേശിച്ചത്. അച്ഛൻ എന്നെ ഒരുപാട് തല്ലുമായിരുന്നു. ഒരിക്കൽ ഒരു മേക്കപ്പ്മാനാണ് സിനിമയിൽ അവസരം വാങ്ങി താരം എന്ന് പറയുന്നത്. അങ്ങനെയിരിക്കെ ഒരു സിനിമയിൽ സിൽക്കിന്റെ അനിയത്തിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. ചില സിനിമകളിൽ അവിടെ എത്തിയ ശേഷം തുണി അഴിക്കാൻ പറയുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അത് ചെയ്യരുത് എന്ന് അവരോട് പറയൂ എന്ന് മാത്രമാണ് അച്ഛൻ പറഞ്ഞത്.''- ഷക്കീല തന്റെ അത്മകഥയിൽ എഴുതിയത് അങ്ങനെയാണ്.

സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് മലയാള സിനിമായ 'കിന്നാത്തുമ്പികളിലേക്ക്' എത്തുന്നത്. അത് മലയാളത്തിൽ ഒരു ട്രൻഡ് സെറ്റായി. ഷക്കീലത്തരംഗത്തിന് തുടക്കം കുറിച്ചതും ഈ ചിത്രമാണ്.

'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ'

'കിന്നാരത്തുമ്പികൾ' എന്ന സിനിമയിൽ ഷക്കീല അഭിനയിക്കുന്നതും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ്. ഇമേജ് ഒന്നും നോക്കേണ്ട എങ്ങനെയും പണം സമ്പാദിക്കണം എന്നായിരുന്നു അവരുടെ രീതി. ആർ ജെ പ്രസാദ് സംവിധാനം ചെയ്ത 'കിന്നാരത്തുമ്പികൾ' വൻ ഹിറ്റായി. ഇന്നായിരുന്നെങ്കിൽ ഈ ചിത്രം വിജയിക്കില്ലായിരുന്നു. അന്ന് സോഫ്റ്റ് പോൺ ചിത്രങ്ങൾ കാണാൻ അവസരമില്ലാത്ത, ഒരു തലമുറയാണ് ചിത്രം ഏറ്റെടുത്തത്. ഇന്നത്തെ സൈബർ യുഗത്തിൽ ഷക്കീലയൊക്കെ വെറും ശിശുമാത്രം.

ഷക്കീലയുടെ കഥാപാത്രവുമായി ശാരീരിക ബന്ധം പുലർത്തിയിരുന്ന ഗോപുവെന്ന കഥാപാത്രമായി ഹരികൃഷ്ണനാണ് അഭിനയിച്ചത്. മയാമി പ്രൊഡക്ഷന്റെ ബാനറിൽ എ. സലിം ആണ് ചിത്രം നിർമ്മിച്ചത്. 12 ലക്ഷം രൂപാ മുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം പ്രദർശനശാലകളിൽ നിന്നു നാലുകോടിയോളം രൂപ വരുമാനം നേടി ചരിത്രമായി. ആറ് ഇന്ത്യൻ ഭാഷകളിലേക്കു ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. ചിത്രത്തിലെ 'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ' എന്ന സംഭാഷണം ഇന്നും നവമാധ്യമങ്ങളിൽ തരംഗമാണ്.

പിന്നീടങ്ങോട്ട് ഇതേ മോഡൽ സിനിമകളുടെ കുത്തൊഴുക്കായിരുന്നു. 'ഡ്രൈവിങ് സ്‌കൂൾ, സിസ്റ്റർ മരിയ, മാമി, എണ്ണത്തോണി' തുടങ്ങിയ അസംഖ്യം സിനിമകളുടെ പരമ്പര. മലയാള സിനിമ നിങ്ങളെ വെറും വിൽപ്പന ചരക്കാക്കിയോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. '' ഞാൻ എന്നും മലയാള സിനിമയോട് നന്ദിയുള്ളവളാണ്. മലയാള സിനിമ മൂലമാണ് എനിക്ക് ഈ പ്രശസ്തിയൊക്കെ കിട്ടയത്. ഇപ്പോൾ ഞാൻ എവിടെപോയാലും ഒപ്പം പൊലീസും ആൾക്കൂട്ടവും ബഹളവുമാണ്. മലയാള സിനിമയെ തള്ളിപ്പറയാൻ എനിക്ക ഒരിക്കലും അവില്ല- ഷക്കീല പറയുന്നു.

ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന്, തീർച്ചയായും ഒരു അവസരം കിട്ടിയാൽ മലയാളം സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു മറുപടി.''ഞാൻ അഭിനയിച്ച സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. ഇന്ന് അവരെന്ന ഓർക്കുന്നില്ല. മലയാളം ഒട്ടും അറിയാതിരുന്നിട്ടും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല.''- ഷക്കീല പറയുന്നു.

പണം തള്ളുന്ന എടിഎം

ശരിക്കും ഒരു പണം കായ്ക്കുന്ന മരമായിരുന്നു അക്കാലത്ത് ഷക്കീല. കുറഞ്ഞ ബജറ്റിൽ ഇറക്കിയ അവരുടെ പല ചിത്രങ്ങളും അഞ്ചുകോടി മുതൽ എട്ടുകോടി വരെ പോയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് വെറും മൂന്നാലുവർഷത്തിനുള്ളിൽ ഷക്കീല അഭിനയിച്ചത്. പോസ്റ്ററിൽ അവരുടെ മുഖം മാത്രം മതി അക്കാലത്ത് സിനിമ വിജയം നേടാൻ.

കിന്നാരത്തുമ്പികൾ സിനിമയിൽ അഞ്ച് ദിവസത്തേക്ക് 25,000യാണ് ഷക്കീലക്ക് പ്രതിഫലം ലഭിച്ചത്. ഈ ചിത്രം ഹിറ്റായതിനു പിന്നാലെ പ്രതിഫലം ലക്ഷങ്ങളായി ഉയർന്നു. ''അന്നൊന്നും പൈസയുടെ വില എനിക്ക് അറിയില്ല. ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയിൽ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാൻ വെറുതെ ചോദിച്ചു, ഒരു ലക്ഷം നൽകാമോ? അവർ മറുത്തൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോൾത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നൽകി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവർ ഓർത്തിരുന്നത്.ഞാൻ ആ സിനിമയ്ക്ക് ആകെ ചോദിച്ച പൈസയായിരുന്നു ഒരു ലക്ഷം. മൂന്നു ദിവസം അഭിനയിച്ചതിന് എനിക്ക് കിട്ടിയത് മൂന്നു ലക്ഷം. അത്ര പൈസയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല. എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു 3 ലക്ഷം. അതിനു ശേഷം 3 മുതൽ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങി. ഒരു ദിവസം രണ്ട് കോൾഷീറ്റിൽ വരെ അഭിനയിച്ചിട്ടുണ്ട്.' - ഷക്കീല പറഞ്ഞു.

മലയാളം അറിയാത്ത ഷക്കീലയെ പലരും നന്നായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഒരു സിനിമ എന്നയുടെ ഷൂട്ട് എന്നപേരിൽ രണ്ടു സിനിമ എടുത്ത് കാശുണ്ടാക്കിയവരും ഉണ്ട്! ''മലയാളത്തിൽ അഭിനയിക്കുമ്പോൾ അവർ പറയുന്നതൊന്നും എനിക്ക് മനസിലാകില്ല, പറയുന്ന ഡയലോഗ് എന്തെന്ന് അറിയില്ല. ഇപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത്. ഒരു സംബന്ധവുമില്ലാത്ത സീൻ ചെയ്യാൻ പറയും, ഞാൻ ചെയ്യും. അവർ എന്നെ പറ്റിക്കുന്നുവെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഇവരോടൊക്കെ ചെന്നൈയിൽ വരാൻ പറഞ്ഞു. അറുപത്തിയഞ്ചോളം ചെക്കുകൾ ബൗൺസ് ആയിട്ടുണ്ട്. അതിനുശേഷം ഞാൻ പണമായാണ് വാങ്ങിയിരുന്നത്''- ഷക്കീല കൂട്ടിച്ചേർത്തു.

മാറ്റി നിർത്തപെട്ടകാലം

പക്ഷേ കുറേക്കഴിഞ്ഞപ്പോൾ ഈ അഭിനയം ഷക്കീലക്കും ജനത്തിനും ഒരുപോലെ മടുത്തു. അതോടെ അവർ സെക്സ് ചിത്രങ്ങളിലെ അഭിനയം നിർത്തി. ഇങ്ങനെ മാറി നിന്നശേഷമുള്ള അഞ്ചുവർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമെന്നും അവർ പറയുന്നു. '' ഒരു തരം ഡിപ്രഷിനിലുടെയാണ് അക്കാലത്ത് ഞാൻ കടന്നുപോയത്. മദ്യത്തിനും അടിമയായി. തമിഴിൽ ചില ക്യാരക്ടർ വേഷങ്ങൾക്ക് ശ്രമിച്ചുനോക്കി. പക്ഷേ ഒന്നും നടന്നില്ല. അക്കാലത്ത് നിരവധി ചിത്രങ്ങളിൽനിന്ന് എന്നെ ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്. ഷക്കീല ഒരു ചിത്രത്തിൽ വന്നാൽ പിന്നെ അതിന്റെ നിറം നീലയായിപ്പോവും എന്നാണ് അവർ പറഞ്ഞത്. ആ കാലം അൽപ്പം വിഷമിച്ചാണ് അതിജീവിച്ചത്''- നടി പറയുന്നു.

''ഒരു ഘട്ടത്തിൽ ചിലർ എന്റെ സിനിമകൾ ബാൻ ചെയ്യാൻ ശ്രമിച്ചു. എന്റെ സിനിമകൾക്ക് സെൻസർ അനുമതി ലഭിക്കാതെയായി. സാധാരണ സിനിമകളിലേക്കൊന്നും ആരും വിളിച്ചില്ല. ആ സമയത്താണ് സംവിധായകൻ തേജ സാർ ഒരു ദൈവത്തെ പോലെ വരുന്നത്. അദ്ദേഹം 'ജയം' എന്ന സിനിമയിൽ എനിക്ക് അവസരം തന്നു. തുടർന്നാണ് സാധാരണ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്', ഷക്കീല പറഞ്ഞു.

പിന്നീട് തമിഴിൽ ക്യാരക്ടർ റോളിലുടെ റീ എൻട്രിയായി. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

അപശകുനമെന്ന് വീട്ടുകാർ

തിരിഞ്ഞുനോക്കുമ്പോൾ ഷക്കീലക്കുള്ള ഏറ്റവും വലിയ വേദന ആർക്കുവേണ്ടിയാണോ താൻ ഈ പണിയെല്ലാം എടുത്തത് അവർ തന്നെ നിഷ്‌ക്കരുണം ഉപേക്ഷിച്ചുവെന്നതിലാണ്. ആത്മകഥയിൽ അവർ ഇങ്ങനെ എഴുതുന്നു. ''ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽ കവിഞ്ഞ് ഞാൻ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചു. അമ്മ പണം ചേച്ചിയെയും. അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നക്ഷേപിച്ചത്.ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഞാൻ അന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല.

കുടുംബത്തിലുള്ളവർക്കെല്ലാം ഞാൻ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകളെ താൻ സ്വന്തം മകളെപ്പോലെ കരുതി സ്‌നേഹിച്ചു. എന്നാൽ അവളുടെ കല്യാണംപോലും എന്നെ അറിയിക്കാതെയാണ് നടത്തിയത്. 'മംഗള കർമങ്ങളിൽ നിന്നെപ്പോലൊരു സെക്സ് നടി അപശകുനമാണെന്ന്' ചേച്ചി മുഖത്തുനോക്കി പറഞ്ഞു. കുടുംബത്തിലെ ആർക്കെങ്കിലും കുഞ്ഞുങ്ങൾ പിറന്നാൽ ഞാനോടി ചെല്ലാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവർ കാണിക്കാറില്ല. കുറച്ച് ഗ്ലാമർ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനപ്പോൾ കരയാറില്ല. ''- ഷക്കീലയുടെ ആത്മകഥയിലെ ഈ വരികൾ ശരിക്കും ഉള്ളുപൊള്ളിക്കുന്നതാണ്.

കഴിഞ്ഞമാസം കോഴിക്കോട് കെഎൽഎഫിന് വന്നപ്പോഴും അവർ നിറഞ്ഞ സദസ്സിനോട് ഇക്കാര്യം ആവർത്തിച്ചു. ''എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു. എന്നാൽ ഞാൻ ഒരു അനാഥയല്ല എന്നെ സ്നേഹിക്കാാൻ ആയിരത്തിൽ കൂടുതൽ ട്രാൻസ് പേഴ്സൺസ് ഉണ്ട്. അവർക്ക് ഞാൻ അമ്മയാണ് അമ്മൂമ്മയാണ്. ഒരു പാട് കുത്തുവാക്കുകൾ നേരിട്ടാണ് ഇവിടം വരെ എത്തിയത് എന്റെ പിന്നിൽ നിന്നു പറയുന്നവരെ ഞാൻ കാര്യമാക്കാറില്ല. കാരണം എന്റെ മുന്നിൽ വന്നു പറയാൻ അവർക്ക് ധൈര്യമുണ്ടാവില്ല'- ഷക്കീല വ്യക്തമാക്കി.

20ലേറെ പ്രണയങ്ങൾ പാളി

ഇരുപത് പേരെയെങ്കിലും പ്രണയിച്ചെങ്കിലും ഒന്നും പൂവണിയാതെപോയ ദുരന്തകഥ കൂടിയാണ് ഷക്കീലയുടേത്. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു താൻ ആ ബന്ധങ്ങൾ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും അവർ എഴുതുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു

രണ്ടുവർഷം മുമ്പ്, തന്റെ ഇപ്പോഴത്തെ കാമുകൻ തന്റെ സമ്മതത്തോടെ തന്നെ മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് ഷക്കീല ഒരു ചാനലിനോട് തുറന്ന് പറഞ്ഞത് ഞെട്ടിച്ചിരുന്നു. ''ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്‌നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്‌തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. പെട്ടെന്ന് വിവാഹം ചെയ്‌തോ എന്ന് ഞാനാണ് പറയുന്നത്. കാമുകന്റെ പേര് പറയാൻ താൽപര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്‌നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്‌നമാകും. കാമുകന് വിവാഹം ആയാൽ അയാൾ മുൻ കാമുകനായി മാറും.

രണ്ടാം ഭാര്യയാകാനോ ഡിവോഴ്‌സ് ആയവരുമായുള്ള വിവാഹമോ എനിക്ക് സെറ്റാകില്ല. മറ്റൊരാളുടെ ഭാര്യക്ക് ഞാൻ കാരണം ഒരു പ്രശ്‌നവും ഉണ്ടാകാൻ പാടില്ല. കല്യാണത്തെക്കുറിച്ച് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്. എനിക്കൊരു കോംപ്ലക്‌സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാൽ അവരുടെ അടിമയാകുമോ എന്നൊക്കെ. ഇപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാൽ ഭക്ഷണം വെക്കും, ഇല്ലെങ്കിൽ വെക്കില്ല. പക്ഷെ അങ്ങനെയൊരാൾ വന്നാൽ അവർക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല'- ഈ സ്വാതന്ത്ര്യമാണ് ഷക്കീലയുടെ ജീവിത വീക്ഷണം.

താൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ആരുമായിട്ടാണ് എന്ന് ചോദിച്ചാൽ ഇന്ന് ആരെങ്കിലും വെളിപ്പെടുത്തമോ. പക്ഷേ ഷക്കീല അതും വെളിപ്പെടുത്തി. ഒരു ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി, തന്റെ സുഹൃത്ത് പോൾ റിച്ചാർഡുമായാണ് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നായിരുന്നു ഷക്കീലയുടെ ഉത്തരം. തനിക്ക് ബുദ്ധി ഉറച്ചതിനുശേഷം ആർക്കും ലൈംഗികമായി ചൂഷണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും എന്റെ ശരീരം എന്റെ അവകാശമാണെന്നും അവർ ഉറച്ചു പറയുന്നു.

കാലം മാറിയപ്പോൾ താരം

ഇപ്പോൾ ഷക്കീല എവിടെപ്പോയാലും താരമാണ്. ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാനായാണ് കഴിഞ്ഞ വർഷം അവർ കേരളത്തിൽ എത്തിയപ്പോൾ ജന ബാഹുല്യംമൂലം പരിപാടി നടത്താൻ കഴിഞ്ഞില്ല. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ ഷക്കീല ഉണ്ടെന്ന കാരണത്താൽ മാൾ അധികൃതർ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായാണ് സംവിധായകൻ ഒമർ ലുലു ആരോപിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് തങ്ങൾ ഷക്കീലയുടെ സാന്നിധ്യത്തിന് എതിരഭിപ്രായം അറിയിച്ചതെന്നായിരുന്നു മാൾ അധികൃതരുടെ പ്രതികരണം.

ചെറിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നാണ് സംവിധായകൻ അറിയിച്ചത്. നടി ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് പോസ്റ്റർ ഷെയർ ചെയ്തപ്പോഴാണ് അറിഞ്ഞത്. അതിഥികളുണ്ടെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ അത് ചെയ്തില്ലെന്നും മാൾ അധികൃതർ പറഞ്ഞു.

അതിനുശേഷം എറണാകളും വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ഷക്കീലക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ''ഇവിടെ വരാൻ കഴിഞ്ഞത് നിയോഗമാണ്. അന്ന് ഞാൻ കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്നമായിരുന്നു. ഇപ്പോൾ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ മാളിൽ എന്നെ കാണാൻ ഇരുന്നൂറോ മുന്നൂറോ ആളുകൾ വരുമായിരിക്കും. പക്ഷേ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്. ഇത് ഭഗവാൻ ശിവൻ എനിക്ക് കരുതി വച്ചിരുന്നതാണ്.അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്.''-കൈയടികൾക്കിടെ ഷക്കീല പറഞ്ഞു.

അതുപോലെ ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എത്തിയപ്പോഴും അവരെ ജനം പൊതിയുകയായിരുന്നു. ഈ രീതിയിൽ ഇമേജ് മാറി മറിഞ്ഞ ഒരു സമയത്താണ്, ഷക്കീല വീണ്ടും വിവാദത്തിൽപെടുന്നത്.

വളർത്തുമകളുമായി എന്താണ് പ്രശ്നം?

ഇപ്പോൾ വളർത്തുമകൾ ഷക്കീലയെ മർദിച്ചതിന്റെ വാർത്തകൾകൊണ്ട് നിറയുകയാണ് തമിഴ് മാധ്യമങ്ങൾ. ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു വളർത്തുമകൾ ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും അതിനുശേഷം തന്നെ അടിക്കാറുണ്ടെന്നുമാണ് ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദ്ദേശം അനുസരിച്ച് പ്രശ്‌നം തീർത്തു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയിട്ടുണ്ടെന്ന് ശീതൾ പറഞ്ഞു.

പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി പരിശോധന നടത്തുന്നുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റെന്നും പരാതിയുണ്ട്. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതൽ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളർത്തുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മിൽ തർക്കമുണ്ടായത്.

പക്ഷേ ഇതിൽ ഷക്കീല പറയുന്നത് ഇങ്ങനെയാണ്-''ഇപ്പോൾ അവൾ രാത്രി വൈകിയാണ് വരുന്നത്. ഒരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം ചോദ്യം ചെയ്തപ്പോൾ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചു. അങ്ങനെയാണ് പ്രശ്‌നം തുടങ്ങിയത്. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി. ഇതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഇനിയൊരു ബന്ധവും ഇല്ലെന്ന് എഴുതി വാങ്ങാനാണ് അഭിഭാഷക വന്നത്. എനിക്ക് നടന്നത് നിങ്ങളുടെ വീട്ടിലും സംഭവിക്കാം. അത് ഇത്രയും വലിയ വാർത്തയാക്കി എന്നെ അടിച്ചെന്നൊക്കെ പറഞ്ഞു. ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഒരുപാട് കോളുകൾ എനിക്ക് വന്നു. വാർത്തകൾ തെറ്റാണ്.

ശീതളിന്റെ പേര് മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും നന്നായിരിക്കട്ടെ. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം പുറത്ത് സംസാരവിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വളർത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തിൽ തന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്''- ഷക്കീല മാധ്യമങ്ങളോട് പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വളർത്തുമകളോടും അവർ ക്ഷമിക്കയാണ്. 'എല്ലാവരാലും വഞ്ചിക്കപ്പെട്ട ജീവിതം ' എന്ന് ക്യാപഷൻ എഴുതിയാൽ ഷക്കീലയുടെ ആത്മകഥ പൂർത്തിയായി എന്ന് പറയാം.

വാൽക്കഷ്ണം: മലയാളികളുടെ ഹോബിയാണ് ഇടക്കിടെ ഷക്കീല മരിച്ചുവെന്ന വാർത്ത പ്രചരിപ്പിക്കുക. 2021 ജൂലൈയിൽ സോഷ്യൽ മീഡിയ ആദരാഞ്ജലിയിട്ടപ്പോൾ നല്ല അടിപൊളി ഇംഗ്ലീഷിൽ ഷക്കീല ലൈവിൽ വന്നു. 'ഐയാം യുവർ ഷക്കീല.... ഐ ഹേർഡ് സം ന്യൂസ്.. ദാറ്റ് ഐ ആം നോ മോർ.. അഫ്കോഴ്സ് നോട്ട്.. അയാം ഹിയർ.... വെരി ഹെൽത്തി വെരി ഹാപ്പി.... വിത്ത് ബിഗ് സൈമൈൽ' എന്ന് പറഞ്ഞ ഷക്കീല, തന്നെ 'കൊന്നവനും' ഒപ്പം മലയാൽയുടെ കരുതലിനും നന്ദി പറഞ്ഞിരുന്നു.