''ഹെയിറ്റേഴ്‌സില്ലാത്ത ഗായികയാണ് കെ.എസ്. ചിത്ര. പാട്ടിലും പ്രവൃത്തിയിലും വലിയ വിവാദങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. എങ്ങനെയാണ് ഇത്തരമൊരു ഇടപെടൽ സാധ്യമാകുന്നത്?''- 2022 ജൂലൈ 26ന് മാതൃഭൂമി ഓൺലൈനിൽ, ഗായിക ചിത്രയുടെ 60ാം പിറന്നാളിനോട് അനുബന്ധിച്ച് തയ്യാറാക്കിയ അഭിമുഖത്തിൽ, വന്ന ഒരു ചോദ്യമാണിത്. അതിന് മലയാളത്തിന്റെ വാനമ്പാടിയുടെ മറുപടി ഇങ്ങനെ.- ''മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവെ എനിക്കറിയില്ല. 'നോ' പറയേണ്ടിടത്ത് നോ പറയാൻപോലും പ്രയാസമാണ്. അതൊരു നെഗറ്റീവ് ക്വാളിറ്റിയായി പലരും പറയാറുണ്ട്. എന്നാലും, ചെറുപ്പംമുതലുള്ള ശീലമാണ്. മറ്റൊരാൾക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങൾ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാകണം ഇത്രയും കാലത്തിനിടെ വലിയതോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തത്.''

2022 ജൂലൈയിൽനിന്ന് വെറും ഒന്നരവർഷം കഴിഞ്ഞ് ഇപ്പോൾ, സോഷ്യൽ മീഡിയ ഒന്ന് തുറന്ന് നോക്കുക. സൈബർ സഖാക്കൾ തൊട്ട് ഒരു വിഭാഗം യുക്തിവാദികൾവരെ അവരെ സംഘിണിയാക്കിയും, ചാണകമാക്കിയും പ്രചാരണം കൊഴുപ്പിക്കുന്നു. ഇന്നലെവരെ മലയാളത്തിന്റെ വാനമ്പാടിയായിരുന്നു ചിത്ര ഒറ്റരാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും, വെറും മോദി ഭക്തനായ ചാണകമായി മാറി. ആരോടും ഒന്നിനും പോവതെ തന്റെ പണിമാത്രമെടുത്ത് ജീവിക്കുന്ന, ഈ ഗായികക്കെതിരെ അറപ്പുളവാക്കുന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ് ചിത്ര ചെയ്ത ഒരു വീഡിയോയെ തുടർന്നാണ് അവർക്കെതിരെ ഹേറ്റ് കാമ്പയിൽ തുടങ്ങിയത്. '' അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു''- എന്നാണ് ചിത്ര വീഡിയോയിൽ പറയുന്നത്. അയോധ്യയിൽ നിന്നുള്ള അക്ഷതം ചിത്ര കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് ചിത്രക്കെതിരെ സോഷ്യൽമീഡിയയിൽ ഉയർന്നത്.

വ്യക്തി ജീവിതത്തിൽ ചിത്ര ഒരു കൃഷ്ണഭക്തയായ സാധാരണ സ്ത്രീയാണ്. സംഘപരിവാറിന്റെ അജണ്ടയോ രാഷ്ട്രീയമോ ഒന്നും വെച്ചല്ല അവർ ആ വീഡിയോ ചെയ്തത്. ഒരു വിശ്വാസി എന്ന നിലയിൽ മാത്രമാണ്. നാളിതുവരെ ഒരു കക്ഷിരാഷ്്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെട്ട ആളല്ല ചിത്ര. സംഗീതമല്ലാതെ മറ്റൊരുലോകവും അവർക്കില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്ന പ്രസ്താവന പോലും അവരിൽനിന്ന് ഉണ്ടായിട്ടില്ല. റിയാലിറ്റിഷോകളിലും മറ്റുമുള്ള വരുടെ കമന്റുകൾ് നോക്കുക. സംഗീത പ്രേമികൾക്ക് അവർ പ്രിയപ്പെട്ട ചിത്രചേച്ചിയാവുന്നതും ഈ സ്വഭാവസൗകുമാര്യം കൊണ്ടാവാം. എന്നിട്ടും ഈ ഗായിക ഇതുപോലെ സൈബർ ആക്രമണം നേരിടുന്നുവെങ്കിൽ എത്രമാത്രം വികൃതമായ മാനസികാവസ്ഥയാണ് അത് പ്രകടിപ്പിക്കുന്നത്.

രണ്ടാം വയസ്സിൽ തുടങ്ങിയ സംഗീതലോകം

സാഹിത്യനിരൂപകൻ എം കൃഷ്ണൻ നായർ ഒരിക്കൽ എഴുതിയിരുന്നു. -''മലയാളിക്ക് കാക്കയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം കടന്നുപോകാൻ കഴിയില്ലല്ലോ. അതുപോലെയാണ് ചിത്രയുടെ ശബ്ദവും. പക്ഷേ ചിത്രയുടെത് കുയിൽ നാദമാണെന്ന് മാത്രം.''

മൊത്തം കണക്കെടുത്താൽ, 32,000ത്തോളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. ചിത്രയുടെ ഒരു പാട്ടിന്റെ രണ്ടുവരിയെങ്കിലും എവിടെ നിന്നെങ്കിലും നാം ഒരു ദിവസം കേട്ടിരിക്കും. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ). 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്‌കാരവും ലഭിച്ചു.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്താണ് ജനനം. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിമുഴക്കം കവിത മനോഹരമായി പാടുന്നതുകൊണ്ട്, പിതാവ് കരമന കൃഷ്ണൻനായർക്ക് മണിമുഴക്കം കൃഷ്ണൻ നായരെന്ന വിളിപ്പേരും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെയാണ്, നാട്ടിലെ ഉത്സവംകൂടി മടങ്ങുന്ന രണ്ടുപേർ സംഗീതശീലുകൾ നിറഞ്ഞ നായരുടെ വീട്ടിലേക്ക് കയറി. അതിഥികളായെത്തിയത് എം.ജി. രാധാകൃഷ്ണനും സഹോദരി ഡോ. ഓമനക്കുട്ടിടീച്ചറും. സൗഹൃദസംഭാഷണങ്ങൾക്കിടെ തൊട്ടിലിലേക്ക് ഇരുവരുടേയും നോട്ടം ചെന്നെത്തി. തൊട്ടിലിൽ കിടന്ന് കുഞ്ഞ് പാടുകയാണ്. കേവലം ചില ശബ്ദമോ മൂളലുകളോ അല്ല. 'പ്രിയതമാ... പ്രിയതമാ, പ്രണയലേഖനം എങ്ങനെ എഴുതണം'- എന്ന ഗാനം കഴിയാവുന്നത്ര താളത്തിൽ ഭംഗിയായി. പാട്ടുകേട്ട് അതിഥികൾ അദ്ഭുതപ്പെട്ടെന്ന് കഥ. പൊടിപ്പും തൊങ്ങലും ചേർന്ന് കഥ പിന്നെയും പലതരത്തിൽ കുടുംബത്തിനകത്തും പുറത്തും പ്രചരിപ്പിക്കപ്പെട്ടു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴും ചിരിയും വിനയുമാണ് ചിത്ര പ്രകടിപ്പിക്കാറുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ താൻ പാടാറുണ്ടായിരുന്നുവെന്നും, ബാക്കിയുള്ളതല്ലൊം തന്നെ സ്നേഹിക്കുന്നവരുടെ അതിശയോക്തിയായിരിക്കുമെന്നാണ് അവർ പറയുക.

പ്രഭാത കീർത്തനം കേട്ട് വളർന്ന ബാല്യം

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താൽപ്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു ആദ്യ ഗുരുവും.

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിത്ര ഇങ്ങനെ പറയുന്നു. -''കരമന പള്ളിത്താനം ക്ഷേത്രത്തിലെ പ്രഭാതകീർത്തനം കേട്ടുകൊണ്ടാണ് ഓരോദിവസവും പുലർന്നത്. സംഗീതത്തിനൊപ്പം ജീവിച്ച അച്ഛൻ, വീണവായനയിൽ ഏറെ കമ്പമുള്ള അദ്ധ്യാപികയായ അമ്മ, പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന ചേച്ചി, വാദ്യോപകരണങ്ങളിൽ വിരലോടിച്ച് സന്തോഷം കണ്ടെത്തിയ സഹോദരൻ.... കുട്ടിക്കാലത്തെ സാഹചര്യം സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. വീട്ടിലെ ചിട്ടകളാണ് എന്നെ ഗായികയാക്കിയത്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് നാമംജപിക്കുന്നതും, പഠിച്ച കീർത്തനങ്ങൾ തെറ്റുകൂടാതെ സ്ഫുടതയോടെ പാടിക്കേൾപ്പിക്കുന്നതുമെല്ലാം ദിനചര്യയുടെ ഭാഗമായിരുന്നു.''- നോക്കുക, ഒരു ശരാശരി ഹൈന്ദവ കുടുംബത്തിലെപ്പോലെ ചെറുപ്പത്തിലേ തന്നെ കീർത്തനവും, ക്ഷേത്രാർച്ചനുമായി ഒരു വിശ്വാസിയായാണ് അവർ വളർന്നുവന്നത്. അതിനെ അനുരണനങ്ങളാണ് രാമക്ഷേത്രത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ ചിത്ര കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പ് ലഭിച്ചു. തന്റെ സ്‌കൂൾ- കോളജ് കാലഘട്ടത്തെക്കുറിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിത്ര ഇങ്ങനെ പറയുന്നു. ''
''അദ്ധ്യാപക ദമ്പതിമാരുടെ മകളായതിനാൽ സ്‌കൂളിൽ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു ഞാൻ. പഠനത്തിൽ അത്രവലിയ കേമിയൊന്നുമായിരുന്നില്ല. പാട്ടിലെ കഴിവ് സ്‌കൂളിലുള്ളവർ തിരിച്ചറിഞ്ഞതോടെ തിരക്കായി. യുവജനോത്സവ സമയമായാൽ ക്ലാസിൽ കയറാൻ സമയംകിട്ടില്ല. വ്യക്തിഗതമത്സരങ്ങൾക്ക് പുറമെ ഒപ്പനയ്ക്കും സംഘനൃത്തത്തിനുമെല്ലാം പാടിക്കൊടുക്കേണ്ട ചുമതലയും വന്നു. ലളിതഗാന മത്സരത്തിൽ എം.ജി.രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയ ഓടക്കുഴലേ... ഓടക്കുഴലേ...എന്ന ഗാനം പാടിയായിരുന്നു ആദ്യവിജയം നേടിയത്. സംസ്ഥാന കലോത്സവത്തിൽ രണ്ടുതവണ ഒന്നാംസ്ഥാനം നേടി.

കോളജിൽ എത്തിയപ്പോൾ കേരള യൂണിവേഴ്‌സിറ്റിയിലെ മൂന്നാം റാങ്കുകാരിയായി. ഇന്ത്യൻ ഹിസ്റ്ററിയും വേൾഡ് ഹിസ്റ്ററിയും മ്യൂസിക്കുമായിരുന്നു വിഷയം. മ്യൂസിക്ക് ഉള്ളതുകൊണ്ടാണ് റാങ്ക് കിട്ടിയത്. അമ്മ ഹിസ്റ്ററി അദ്ധ്യാപികയായിരുന്നെങ്കിലും ചരിത്രപഠനത്തോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. പഠനത്തിൽ ശരാശരി മാത്രം. അമ്മയുടെ ഭാഷ കടമെടുത്താൽ കയ്യാലപ്പുറത്തെ തേങ്ങ. അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞുവീഴാവുന്ന അവസ്ഥയായിരുന്നു. സംഗീതം മുഖ്യവിഷയമായി എടുത്തതോടെ ഞാൻ മിടുക്കിയായി. പ്രാക്ടിക്കലിലെല്ലാം ഫുൾമാർക്കായിരുന്നു. പിന്നണിഗായിക എന്നനിലയിൽ അറിയപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും, കൂട്ടുകാരുമായി ചെലവിട്ട നല്ല കാമ്പസ് ഓർമകൾ ഇന്നും മനസിലുണ്ട്.''- ചിത്ര പറയുന്നു.

ഒരു ഗായിക ജനിക്കുന്നു

ചെറുപ്പതിലേ പരിചയമുള്ള ഡോ ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. അട്ടഹാസമെന്ന ചിത്രത്തിൽ 'ചെല്ലം ചെല്ലം' എന്ന ഗാനമാണ് ചിത്ര ആദ്യം ആലപിച്ചത്. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. റിലീസായ ചിത്രയുടെ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത 'നവംബറിന്റെ നഷ്ടം' ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം.

'ഞാൻ ഏകനാണ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രമായി ആദ്യഗാനം പാടാൻ ചിത്രയ്ക്ക് അവസരം ലഭിച്ചു.. ഇതേ ചിത്രത്തിലെ 'പ്രണയവസന്തം' എന്ന ഗാനം ശ്രദ്ധിക്കപ്പട്ടതോടെ ചിത്ര പാട്ടുകാരുടെ മുൻ നിരയിലേക്ക് കടന്നുവന്നു. ജെറി അമൽദേവിനായും രവീന്ദ്രൻ മാസ്റ്റർക്ക് വേണ്ടിയും ചിത്ര പാടി തുടങ്ങി.. 1985 ഓടെ തിരക്കേറിയ ഗായികയായി ചിത്ര മാറി...അക്കൊല്ലം മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന അവാർഡ് ചിത്രയ്ക്ക് ലഭിച്ചു... ഔസേപ്പച്ചൻ , ബോംബെ രവി, ജോൺസൺ, എം.കെ. അർജുനൻ ..ശ്യാം തുടങ്ങി പ്രതിഭാധനരായ സംഗീത സംവിധായകരുമായി ചേർന്ന് പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പെരുമഴ...ആ ഗാനങ്ങളൊക്കെയും കാലത്തെയും ദേശത്തേയും അതിജീവിച്ചു.

വി. ദക്ഷിണാമൂർത്തി, എം.ബി ശ്രീനിവാസൻ, എസ്‌പി. വെങ്കിടേഷ്, മോഹൻ സിത്താര, കെ.വി. മഹാദേവൻ, രഘുനാഥ് സേത്ത്, ഗംഗൈ അമരൻ, തുടങ്ങിയ സംഗീത സംവിധായകർക്കായി ചിത്ര ആലപിച്ച ഗാനങ്ങൾ ആരാധക ഹൃദയങ്ങളെ കീഴടക്കി. യേശുദാസ്, പി. ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, വേണുഗോപാൽ എന്നീ ഗായകർക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകൾ പിറന്നു...

യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച 'നീ താനേ അന്തക്കുയിൽ' എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ 'ഫീമൈൽ യേശുദാസ് ' എന്നും 'ഗന്ധർവ ഗായിക' എന്നും 'സംഗീത സരസ്വതി', ' ചിന്നക്കുയിൽ' , 'കന്നഡ കോകില','പിയ ബസന്തി ', ' ഇന്ത്യയുടെ കൊച്ചു വാനമ്പാടി', 'കേരളത്തിന്റെ വാനമ്പാടി' എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു.

കൈപടിച്ച് ഉയർത്തുന്ന സംഗീതം

ഏതാനും വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ഒരു സംഗീത പരിപാടിക്കിടെ ചിത്ര പാടുമ്പോഴുണ്ടായ ഒരു സംഭവം ഇങ്ങനെ. വേദിക്കരികിൽ ചിത്രയെ നോക്കി ഏങ്ങി കരഞ്ഞ് , ഒരു ചെറുപ്പക്കാരൻ നിൽക്കുന്നുണ്ടായിരുന്നു...പരിപാടി കഴിഞ്ഞ് വേദിയിൽ നിന്ന് ചിത്ര ഇറങ്ങുന്ന സമയം, ആ ചെറുപ്പക്കാരൻ അവരുടെ അരികിലേക്ക് വന്നു. കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞു.. ''അമ്മാ ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം നിങ്ങളാണ്. ആത്മഹത്യ ചെയ്യാനുറപ്പിച്ച സമയത്താണ് നിങ്ങളുടെ പാട്ട് കേട്ടത്. എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത് അതാണ്.''. ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച് കയറിനു മുന്നിൽ നിൽക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയിൽ നിന്ന് അയാൾ 'ഒവ്വൊരു പൂക്കളുമേൻ എന്ന ഗാനം കേട്ടത്. അതോടെ അയാളുടെ മനസ്സുമാറി. അത്രക്ക് ആസാദ്യകരമാണ് ചിത്രയുടെ സംഗീതം.

തമിഴലും തെലുങ്കിലും ചിത്രക്ക് ആരാധർ ഏറെയാണ്. മലയാളത്തേക്കാൾ ഏറെ പാടിയതും തെലുങ്കിലാണ്. ഇതേക്കുറിച്ചും ചിത്ര ഇങ്ങനെ പറയുന്നു. ''
തെലുങ്ക് സൗന്ദര്യമുള്ള ഭാഷയാണ്. അന്യഭാഷകളിൽ പാടുകയെന്നത് തുടക്കത്തിൽ പ്രയാസമുണ്ടാക്കിയിരുന്നെങ്കിലും ഇന്ന് ബുദ്ധിമുട്ടില്ല.തെലുങ്ക് വായിക്കാനും എഴുതാനും അത്യാവശ്യം സംസാരിക്കാനും അറിയാം. തമിഴിനോട് ചെറുപ്പംമുതലേ അടുപ്പമുണ്ടായിരുന്നു. പാടിത്തുടങ്ങുന്ന കാലത്ത് പിന്നണിഗായിക ലതികയാണ് തമിഴ് എഴുതിത്ത്ത്ത്തന്നത്. മുപ്പതുദിവസംകൊണ്ട് ഭാഷ പഠിക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. കന്നഡ വായിക്കാനറിയാം, ഹിന്ദിപ്പാട്ടുകൾ ഹിന്ദിയിൽത്തന്നെ എഴുതിയെടുത്താണ് പാടുന്നത്. മറ്റു ഭാഷകളുമായി ചേർത്തുവെച്ചുനോക്കുമ്പോൾ മലയാളത്തിൽ ഉച്ചാരണപ്രയാസമുള്ള വാക്കുകൾ ഏറെയാണ്. 'റ' എന്ന അക്ഷരമെല്ലാം നമുക്കുമാത്രമേയുള്ളൂ എന്നുതോന്നുന്നു. മലയാളത്തിലൊരു സിനിമയിൽ രണ്ടുപാട്ടുകളാണ് പാടുന്നതെങ്കിൽ തെലുങ്കിലെ ഒരു സിനിമയിൽ ഡ്യൂയറ്റടക്കം ഏഴും എട്ടും പാട്ടുകൾ പാ ടിയിട്ടുണ്ട്. അതുകൊണ്ടാണ് തെലുങ്ക് സിനിമാഗാനങ്ങൾ എണ്ണത്തിൽ മുന്നിൽനിൽക്കുന്നത്. രാജാസാറിനുവേണ്ടി തെലുങ്കിൽ ഒരുപാട് പാടി. സത്യംസാർ, കെ.വി. മഹാദേവൻസാർ, കീരവാണിസാർ തുടങ്ങി തെലുങ്കിൽ മികച്ച പാട്ടുകൾ സമ്മാനിച്ചവർ നിരവധിയാണ്.''

എല്ലാം തകർത്ത മകളുടെ മരണം

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകൾ നന്ദനയുടെ മരണം. വിജയ ശങ്കർ- കെ എസ് ചിത്ര ദമ്പതിമാർക്ക് ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് മകൾ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്തു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം. നന്ദനയുടെ ഓർമകൾ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ഇപ്പോഴുള്ള ജീവിതം. മകളുടെ മരണം അവരെ വലിയ ഡിപ്രഷനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു അടപ്പമുള്ളവർ ഭയന്നിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സ്നേഹപൂർവമുള്ള ഇടപെടൽ കാരണം അവർ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ചിത്ര ഒരു അഭിമുഖത്തിൽ പറയുന്നു. ''എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ.'.. എന്ന പാട്ട് കുറേനാൾ കേൾക്കുകയോ പാടുകയോ ചെയ്തില്ല. മകൾ നന്ദനയുടെ പാട്ടായിരുന്നു അത്. പാട്ടിലെ വാവെയെന്ന വരി അവളെ വിളിക്കുന്നതായാണ് അവൾ കരുതിയിരുന്നത്. രാത്രിയേറെ വൈകിയുള്ള സ്റ്റേജ് പരിപാടിയിലും നന്ദന ഈ പാട്ടുവരുന്നതുവരെ ഉണർന്നിരിക്കുമായിരുന്നു, പാട്ടിനുവേണ്ടി കണ്ണുമിഴിച്ചിരിക്കും. ആ പാട്ടുകഴിയുന്നതോടെ ഉറക്കത്തിലേക്ക് ചായും. അവൾ പോയപ്പോൾ ആ പാട്ടിനെ ജീവിതത്തിൽനിന്ന് കുറേക്കാലം മാറ്റിനിർത്തി.''

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സ്നേഹവീടി'ലെ 'ചെങ്കതിർ കയ്യുംവീശി...' എന്ന ഗാനത്തിന്റെ റിക്കോർഡിങ് സമയത്തും ചിത്ര വികാര വിവശയായിരുന്നു. അമ്മയും മകനും തമ്മിലും അച്ഛനും മകനും തമ്മിലുമൊക്കെയുള്ള ഗാഢബന്ധമാണ് സിനിമയിൽ. പാടാൻ ഇളയരാജ വിളിക്കുമ്പോൾ ചിത്രയുടെ മകൾ മരിച്ചിട്ട് അധികമായിട്ടില്ല. ആദ്യം ചിത്ര വരാൻതന്നെ മടിച്ചു. രാജായുടെ നിർബന്ധത്തിൽ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലെത്തി. റിക്കോർഡിങ് റൂമിന്റെ മുന്നിൽ വന്നുനിന്ന് ചിത്ര പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരഞ്ഞുതീരുംവരെ രാജ ആശ്വാസവാക്കുകളൊന്നും പറഞ്ഞില്ല. കയ്യും കെട്ടിയിരുന്നു. ചിത്രയുടെ പാട്ടിനെ തടയാൻ തോന്നാത്തതുപോലെ, ആ കരച്ചിലിനു ഭംഗം വരുത്താനും അദ്ദേഹത്തിനു തോന്നിക്കാണില്ല. ചിത്രയൊന്നു ശാന്തയായപ്പോൾ ഇളയരാജ പറഞ്ഞു: 'ചിത്ര, നിന്നെ ദൈവം സൃഷ്ടിച്ചത് പാടാനായാണ്. അതാണ് നിന്റെ ജീവിതം.'- അതാണ് ശരിയും പാടനാല്ലാതെ മറ്റൊന്നും ചിത്രക്ക് അറിയില്ല.

ചിത്രയെന്ന വിഗ്രഹം ഉടഞ്ഞോ?

ഇപ്പോൾ ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾകൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അതിനിടെ ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചർച്ചകൾ കടുത്തതോടെയാണ് ഗായകൻ ജി.വേണുഗോപാൽ ചിത്രയെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയത്. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ, ഭക്തി മാത്രമാണ് പ്രതിഫലിച്ചത് എന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. ഇത്രയും ഗാനങ്ങൾ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാൽ ചോദിക്കുന്നു.

ഒരു അഭിമുഖത്തിൽ ചിത്ര ഇങ്ങനെ പറയുന്നു. ''പ്രായം നമ്മളിലോരോരുത്തരിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. സമയമില്ല എന്നുകരുതി മാറ്റിവെച്ച പല കാര്യങ്ങൾക്കും ഇന്ന് സമയം കണ്ടെത്തുന്നു. ഭക്ഷണശീലത്തിൽ മാറ്റം വന്നു. ഇപ്പോൾ വെജിറ്റേറിയനാണ്. നാമം ജപവും വ്രതവുമെല്ലാം ജീവിതത്തിന്റെ ഭാഗംതന്നെ. കുട്ടിക്കാലത്ത് പിൻതുടർന്ന ശീലങ്ങളും ചിട്ടകളും മുറുകെ പിടിക്കാനാണ് ശ്രമിക്കുന്നത്. വിളക്കുവയ്ക്കുന്നതും സന്ധ്യാനാമം ചൊല്ലുന്നതുമായ ശീലങ്ങൾ പുതുതലമുറയിൽനിന്ന് നഷ്ടപ്പെടുന്നുവെന്നത് വിഷമമുള്ള കാര്യമാണ്. ഒഴിവുകഴിവുകൾ പറഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കരുത്. ദിവസം പത്തുമിനിറ്റെങ്കിലും അതിനെല്ലാം സമയം കണ്ടെത്തണം.''- ഇതാണ് ചിത്രയുടെ ജീവിത വീക്ഷണം.

അതായത് അവർ രാമക്ഷേത്രത്തെ പിന്തുണക്കുന്നത് അതിന്റെ പൊളിറ്റിക്സ് നോക്കിയില്ല. ഭക്തി എന്ന ഒരു വികാരം മുൻ നിർത്തിയാണ്. ഇനി അവർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ അതിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്ത്യൻ ഭരണഘടന അത് അനുവദിക്കുന്നുമുണ്ട്. ബിജെപിക്കാരിയായിപ്പോയതുകൊണ്ട് അവരുടെ ശബ്ദം മോശമാവില്ല. കമ്യൂണിസ്റ്റുകാർ ആയതുകൊണ്ട് വയലാറും ഒഎൻവിയും എഴുതിയ പാട്ടുകൾ മോശമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. ചിത്ര എന്ന ഗായികയുടെ സംഗീതത്തെയാണ് നാം വിലയിരുത്തേണ്ടത് എന്ന് പ്രബുദ്ധനെന്ന് അഭിമാനിക്കുന്ന മലയാളിക്ക് മറന്നുപോകുന്നവെന്ന് തോനുന്നു.

വാൽക്കഷ്ണം: നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത നടി ശോഭനയ്ക്കെതിരെ വിമർശനങ്ങളുയർന്നിരിന്നു. ഇടത് സൈബർ പ്രൊഫൈലുകൾ ഒന്നടങ്കം ശോഭനയ്ക്കെതിരെ രംഗത്ത് എത്തിയെങ്കിലും, ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ പ്രതികരണം. മിനിമം ഗോവിന്ദൻ മാഷിന്റെ ബുദ്ധിയെങ്കിലും ഈ വിഷയത്തിൽ സൈബർ സഖാക്കൾ കാണിക്കേണ്ടതായിരുന്നു.